സൂറത്തുല്‍ ഹദീദ് : 020-029
വിഭാഗം - 3
- ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَٰمًا ۖ وَفِى ٱلْءَاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ ﴾٢٠﴿
- നിങ്ങള്‍ അറിഞ്ഞിരിക്കണം: ഐഹിക ജീവിതമെന്നത്, കളിയും, വിനോദവും, അലങ്കാരവും, നിങ്ങള്‍ തമ്മില്‍ ദുരഭിമാനം നടിക്കലും, സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നുവെന്ന്. (അതെ, കേവലം) ഒരു മഴയുടെ മാതിരി, അതിലെ [അതില്‍ മുളച്ച] ചെടി കര്‍ഷകരെ ആശ്ചര്യപ്പെടുത്തി; പിന്നീടത് വാടിപ്പോകുന്നു, എന്നിട്ടതിനെ മഞ്ഞനിറം പൂണ്ടതായി നീ കാണുന്നു, പിന്നെ അത് (ഉണങ്ങി) തുരുമ്പായിത്തീരുന്നു (എന്നപോലെ.) പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും, അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും, പ്രീതിയും! ഇഹലോകജീവിതം, വഞ്ചനയുടെ (അഥവാ കൃത്രിമത്തിന്റെ) വിഭവമല്ലാതെ (മറ്റൊന്നും) അല്ല.
- اعْلَمُوا അറിയുവിന്‍, നിങ്ങള്‍ അറിയണം أَنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം (ആകുന്നു) എന്ന് لَعِبٌ കളിയാണ് (എന്ന്) وَلَهْوٌ വിനോദവും وَزِينَةٌ അലങ്കാരവും, ഭംഗിയും وَتَفَاخُرٌ ദുരഭിമാനം (പെരുമ - പത്രാസ്) നടിക്കലും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍, തമ്മില്‍ وَتَكَاثُرٌ പെരുപ്പം (ആധിക്യം) നടിക്കലും فِي الْأَمْوَالِ സ്വത്തുക്കളിലും وَالْأَوْلَادِ സന്താനങ്ങളിലും كَمَثَلِ غَيْثٍ ഒരു മഴയുടെ മാതിരി أَعْجَبَ الْكُفَّارَ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി نَبَاتُهُ അതിന്റെ ചെടി, സസ്യം, മുള ثُمَّ يَهِيجُ പിന്നെ അതുവാടി (ഉണങ്ങി, ഇളക്കംപറ്റി) പ്പോകുന്നു فَتَرَاهُ എന്നിട്ട് നീ അതിനെ കാണുന്നു, കാണാം مُصْفَرًّا മഞ്ഞവര്‍ണ്ണമുള്ളതായി ثُمَّ يَكُونُ പിന്നെ അതാകുന്നു حُطَامًا തുരുമ്പ്, നുറുങ്ങ്, ചവറ് وَفِي الْآخِرَةِ പരലോകത്തിലാകട്ടെ عَذَابٌ شَدِيدٌ കഠിനശിക്ഷയാണ് وَمَغْفِرَةٌ പാപമോചനവും مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു وَرِضْوَانٌ പ്രീതിയും, പൊരുത്തവും وَمَا الْحَيَاةُ الدُّنْيَا ഐഹികജീവിതമല്ല إِلَّا مَتَاعُ വിഭവം (ചരക്ക്, ഉപകരണം) അല്ലാതെ الْغُرُورِ വഞ്ചന (ചതി) യുടെ, കൃത്രിമത്തിന്റെ.
ഐഹികജീവിതത്തിന്റെ ആകെത്തുകയും, അതിന്റെ യഥാര്‍ത്ഥ നിലപാടും അല്ലാഹു ഈ വചനത്തില്‍ വിവരിച്ചിരിക്കുന്നു. യാതൊരു വിശദീകരണവും ആവശ്യമില്ലാത്തവിധം അത് സ്പഷ്ടവുമാകുന്നു. തുടര്‍ന്നുകൊണ്ട് പരലോകത്ത് ലഭിക്കുവാനുള്ളത് എന്തെല്ലാമാണെന്നും ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ ഭൗതിക വാദംവെച്ച് പുലര്‍ത്തുന്നവര്‍ ഇരിക്കട്ടെ, കേവലം ഭൗതികവാദികളല്ലാത്ത ചില ആളുകള്‍പോലും അവരുടെ ചില പ്രസ്താവനകളില്‍ ഐഹിക ജീവിതത്തെയും, പാരത്രിക ജീവിതത്തെയും ഒരേ അളവുകോലു കൊണ്ട് അളന്നും, ഒരേ കട്ടികൊണ്ട് തൂക്കിയും വിലയിരുത്തുന്നതു കാണാം. മറ്റു ചിലരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍, അല്ലാഹുവും റസൂലും മനുഷ്യന്റെ വിജയമായി കണക്കാക്കുന്നത് ഐഹിക ജീവിതത്തിന്റെ വിജയം മാത്രമാണെന്നും തോന്നിപ്പോകും. ഇങ്ങനെയുള്ളവരെല്ലാം ഈ ക്വുര്‍ആന്‍ വചനവും, ഇതുപോലെയുള്ള മറ്റു പല ക്വുര്‍ആന്‍ വചനങ്ങളും തുറന്ന മനസ്സോടെ ശ്രദ്ധിക്കേണ്ടതാകുന്നു. അതുപോലെത്തന്നെ കലയുടെയോ, കായികാഭ്യാസത്തിന്റെയോ, സൗന്ദര്യാസ്വാദനത്തിന്റെയോ മറ്റോ പേരുകളില്‍ ഇന്ന് പ്രചുരപ്രചാരത്തിലിരിക്കുന്ന കളിവിനോദങ്ങള്‍ക്കും, കാലത്തിനൊത്ത് ജീവിതനിലവാരം ഉയര്‍ത്തേണ്ടതാണെന്നും മറ്റുമുള്ള ന്യായീകരണങ്ങളോടെ സര്‍വ്വത്ര കാണപ്പെടുന്ന ആഢംബര തല്‍പരതക്കും ഇസ്ലാമിന്റെ അംഗീകാരംകൂടി വാങ്ങിക്കൊടുക്കുവാന്‍ വെമ്പല്‍കൊള്ളുന്ന പുരോഗമനവാദികളും ഇത്തരം വചനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഐഹിക സുഖങ്ങളെല്ലാം വര്‍ജ്ജിക്കണമെന്നോ, പാടില്ലാത്തതാണെന്നോ ഇപ്പറഞ്ഞതിന് അര്‍ത്ഥമാക്കേണ്ടതില്ല. അത്യാവശ്യമായ അളവില്‍ മാത്രം വിനിയോഗിക്കുക, ഉപയോഗിക്കുന്നതെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും, പാരത്രിക നന്മക്ക് ഉതകുന്ന വിധത്തിലും ആയിരിക്കുക, ഇതാണ് വേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരലോകത്തേക്ക് സമ്പാദിക്കുവാനുള്ള വിളനിലമായിട്ടാണ് ഐഹികജീവിതത്തെ കണക്കാക്കേണ്ടത്.
ഭൗതിക ജീവിതത്തിന്റെ പ്രാധാന്യം ബാഹ്യദൃഷ്ടിയില്‍ എന്തുതന്നെ ആയിരുന്നാലും ശരി – ഉപമാരൂപത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ – യഥാര്‍ത്ഥത്തില്‍ അതു നശ്വരവും ക്ഷണികവുമാണല്ലോ. പിന്നീടുള്ളത് ശാശ്വതമായ പരലോകജീവിതമാണ്. അവിടെയാണെങ്കില്‍, ഒന്നുകില്‍ കഠിനശിക്ഷ; അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനം പ്രീതിയും. അഥവാ ഐഹിക ജീവിതത്തില്‍ വഞ്ചിതരായവര്‍ക്ക് കഠിനശിക്ഷയും, അതില്‍ വഞ്ചിതരാകാതെ രക്ഷപ്പെട്ടവര്‍ക്ക് പാപമോചനവും പ്രീതിയുമായിരിക്കും. ഇതില്‍ ഏതു വേണമെന്ന് ഓരോരുത്തനും സ്വയം തീരുമാനിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാകുന്നു എന്ന് സാരം. ആര്‍ക്കും അമളി പിണയാതിരിക്കുവാന്‍ വേണ്ടി ‘ഐഹിക ജീവിതം വഞ്ചനയുടെ വിഭവം – അഥവാ കള്ളച്ചരക്ക് – മാത്രമാണ്.’ (وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ) എന്നൊരു താക്കീതും അല്ലാഹു നല്‍കിയിരിക്കുന്നു. പോരാ, പാപമോചനവും പ്രീതിയും അനുഭവിക്കുവാന്‍ മുന്നോട്ട് വരണമെന്ന് വാത്സല്യപൂര്‍വ്വം തുടര്‍ന്നുള്ള വചനത്തില്‍ ക്ഷണിക്കുകയും ചെയ്യുന്നു:-
- سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٢١﴿
- നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ഒരു സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടന്നുവരുവിന്‍! അതിന്റെ [ആ സ്വര്‍ഗ്ഗത്തിന്റെ] വിസ്താരം ആകാശത്തിന്റെയും, ഭൂമിയുടെയും വിസ്താരം പോലെയാകുന്നു. അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്റെ ദയവത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ കൊടുക്കുന്നു. അല്ലാഹുവാകട്ടെ, മഹത്തായ ദയവുള്ളവനുമാകുന്നു.
- سَابِقُوا മുന്‍ കടക്കുവിന്‍, മുമ്പോട്ട് വരിന്‍, മത്സരിച്ചു വരുവിന്‍ إِلَىٰ مَغْفِرَةٍ പാപമോചനത്തിലേക്ക് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള وَجَنَّةٍ ഒരു സ്വര്‍ഗ്ഗത്തിലേക്കും عَرْضُهَا അതിന്റെ വിസ്താരം, വിശാലത, വീതി كَعَرْضِ السَّمَاءِ ആകാശത്തിന്റെ വിസ്താരം പോലെയാണ് وَالْأَرْضِ ഭൂമിയുടെയും أُعِدَّتْ അത് ഒരുക്ക (തയ്യാറാക്ക) പ്പെട്ടിരിക്കുന്നു لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് بِاللَّـهِ അല്ലാഹുവില്‍ وَرُسُلِهِ അവന്റെ റസൂലുകളിലും ذَٰلِكَ അത് فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ് (അനുഗ്രഹം) ആകുന്നു يُؤْتِيهِ അവനത് കൊടുക്കുന്നു, നല്‍കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّـهُ അല്ലാഹു ذُو الْفَضْلِ ദയവുള്ളവനാണ് الْعَظِيمِ മഹത്തായ
സ്വര്‍ഗ്ഗം എന്ന് പറയുന്നത് കേവലം ഒരു വമ്പിച്ച കെട്ടിടമോ വലിയ തോട്ടമോ അല്ല. അത് ആകാശഭൂമികളോളം വിസ്തൃതിയുള്ള അതിവിശാലമായ ഒരു മഹാലോകമാകുന്നു. പ്രസ്തുത സ്വര്‍ഗീയ ജീവിതം ലഭിക്കുവാനും, അതില്‍ പ്രവേശനം ലഭിക്കേണ്ടതിന് അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനം വഴി അര്‍ഹത നേടുവാനും ഓരോരുത്തരും ഞാന്‍ മുമ്പിലാവണമെന്ന ആവേശത്തോടെ മുമ്പോട്ടുവരണം എന്ന് അല്ലാഹു ഉപദേശിക്കുന്നു. അഥവാ അതിനായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ദുഷ്ക്കര്‍മങ്ങള്‍ വെടിയുകയും ചെയ്യുന്നതില്‍ അമാന്തം വരുത്താതെ സദാ ഉത്സുകരായിരിക്കണം എന്ന് താല്‍പര്യം. സൂ: ആലുഇംറാനില്‍ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:
.(وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ ﴿١٣١﴾ وَأَطِيعُوا اللَّـهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴿١٣٢﴾ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣
(….അവിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിട്ടുള്ള നരകത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെടുവാന്‍ വേണ്ടി അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, സ്വര്‍ഗ്ഗത്തിലേക്കും ധൃതിപ്പെട്ടുവരുകയും ചെയ്യുവിന്‍. അതിന്റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയത്ര) ആകുന്നു. അതു ഭയഭക്തന്മാര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. (ആലുഇംറാന്‍: 131-133). തുടര്‍ന്നുകൊണ്ട് ഭയഭക്തന്മാരുടെ സ്വഭാവഗുണങ്ങള്‍ അവിടെ എടുത്തുപറയുകയും ചെയ്തിരിക്കുന്നു.
അല്ലാമാ സയ്യിദ് ക്വുത്വുബ് ചൂണ്ടിക്കാട്ടിയതുപോലെ, സ്വര്‍ഗ്ഗത്തിന്റെ വിശാലതയെക്കുറിച്ചു ക്വുര്‍ആനിലും ഹദീസിലും കാണുന്ന ഇതുപോലെയുള്ള പ്രസ്താവനകളെ മുന്‍കാലത്ത് – ശാസ്ത്രം ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്തതുകൊണ്ട് – കേവലം ചില അലങ്കാരപ്രയോഗങ്ങളായി ചില ആളുകള്‍ ഗണിച്ചുവന്നിരുന്നു. എന്നാല്‍, ഉപരിയാകാശമണ്ഡലത്തിന്റെ അനന്തവിദൂരത ബോധ്യപ്പെട്ടുകഴിഞ്ഞിട്ടുള്ള ഇക്കാലത്ത് ഇങ്ങനെയുള്ള പ്രസ്താവനകളെ നേര്‍ക്കുനേരെത്തന്നെ വിലയിരുത്തുവാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കുപോലും വൈമനസ്യം ആവശ്യമില്ലാതെയാണിരിക്കുന്നത്.
അല്ലാഹുവിലും റസൂലുകളിലും വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയാണ് സ്വര്‍ഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് ഈ ആയത്തിലും, ഭയഭക്തന്മാര്‍ക്കു വേണ്ടിയാണെന്ന് ആലുഇംറാനിലെ ആയത്തിലും അല്ലാഹു പ്രസ്താവിച്ചു. നരകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് അവിശ്വാസികള്‍ക്കു വേണ്ടിയാണെന്ന് ആലുഇംറാനിലെ ആയത്തിലും, അല്‍ബക്വറഃ 24ലും പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, സത്യവിശ്വാസികളില്‍തന്നെ ശിക്ഷാര്‍ഹമായ പാപങ്ങള്‍ ചെയ്തവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ചോദിക്കപ്പെട്ടേക്കാം. ആ പാപങ്ങള്‍ക്ക് ശിക്ഷ അവര്‍ നരകത്തില്‍ വെച്ച് അനുഭവിക്കേണ്ടിവരികയും, അതവസാനിച്ചശേഷം അവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ ജീവിതം നല്‍കപ്പെടുകയും ചെയ്യുന്നതാണെന്ന് പല നബിവചനങ്ങളില്‍നിന്നും വ്യക്തമായി അറിയപ്പെട്ടതാകുന്നു. ആലുഇംറാനിലെ ആയത്തില്‍ ‘ഭയഭക്തന്‍മാര്‍ക്കുവേണ്ടി’ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും, ഇവിടെ ‘അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കുവേണ്ടി’ എന്നാണല്ലോ പറഞ്ഞിട്ടുള്ളതും. അപ്പോള്‍ സ്വര്‍ഗ്ഗം ലഭിക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡം സത്യവിശ്വാസമാണെന്നും, സത്യവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് – അവര്‍ പാപികളാണെങ്കിലും – തങ്ങളുടെ ശിക്ഷാവധിക്കു ശേഷം സ്വര്‍ഗം ലഭിക്കാതിരിക്കുകയില്ലെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. സത്യവിശ്വാസം (الْإِيمَان) എന്നത് വിശ്വാസവും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ചേര്‍ന്നതിനു മാത്രമുള്ള പേരാണെന്നും സത്യവിശ്വാസം സ്വീകരിച്ചശേഷം കര്‍മ്മപരമായി മഹാപാപം ചെയ്തവരെല്ലാം അവിശ്വാസികളായിരിക്കുമെന്നും വാദിക്കുന്ന ‘മുഅ്തസിലഃ’ മുതലായ ചില തല്‍പരകക്ഷികള്‍ക്ക് മാത്രമേ ഇതില്‍ ഭിന്നഭിപ്രായമുള്ളൂ. എന്നാല്‍, (الْإِمَانُ بِاللّهِ) (അല്ലാഹുവില്‍ വിശ്വസിക്കുക എന്ന് അര്‍ത്ഥം വരുമാറ് بِ എന്ന അവ്യയം ചേര്‍ത്ത് ‘അല്‍ഈമാനുബില്ലാഹി’) എന്ന് പറയുമ്പോള്‍ അത് മനസ്സുകൊണ്ടുള്ള വിശ്വാസത്തെയല്ലാതെ കുറിക്കുകയില്ലെന്നും, ഇതു മുഅ്തസിലീകളും സമ്മതിക്കുന്ന വസ്തുതയാണെന്നും ഇമാംറാസീ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ ആയത്തിലും അങ്ങനെ (بِاللَّـهِ وَرُسُلِهِ) എന്ന് തന്നെയാണല്ലോ ഉള്ളതും. (സൂ: സുമര്‍ 53ന്റെയും, സൂ: ഹുജുറാത്ത് 14ന്റെയും വിവരണങ്ങളും നോക്കുക.)
മറ്റൊരു സംഗതിയും ഈ വചനത്തില്‍നിന്നും മറ്റു ചില വചനങ്ങളില്‍നിന്നുമായി മനസ്സിലാക്കാം. സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗം നല്‍കുന്നത് അല്ലാഹുവിന്റെ മേല്‍ നിര്‍ബന്ധമുള്ളതോ, അവനോട് ഹേമിച്ചുവാങ്ങുവാന്‍ അവകാശപ്പെട്ടതോ അല്ല. അതെ, ‘അത് അല്ലാഹുവിന്റെ ദയവാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ കൊടുക്കുന്നു. അല്ലാഹു മഹത്തായ ദയവുകാരനാകുന്നു’. (ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ) നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറയുന്നു: “നിങ്ങളില്‍ ഒരാളെയും – എന്നെയും തന്നെ – തന്റെ കര്‍മ്മം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല, അവനെ നരകത്തില്‍നിന്നു രക്ഷിക്കുകയുമില്ല, അല്ലാഹുവിന്റെ കാരുണ്യംകൊണ്ടല്ലാതെ.” (മു). ഇതുപോലെ ബുഖാരിയുടെ ഹദീഥിലും കാണാം. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കുമെന്നും, ശിക്ഷയില്‍നിന്നു രക്ഷകിട്ടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത് ശരിയാണ്. അതവന്‍ തികച്ചും നിറവേറ്റുകയും ചെയ്യും. അത് തന്റെ ബാധ്യതയാണെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. അതില്‍ സംശയമേ ഇല്ല. എന്നാല്‍, മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ നമുക്ക് അറിയാവുന്നതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഒരു പക്ഷേ, സ്വീകാര്യമായില്ലെന്നു വരാം. അതുകൊണ്ടാണ് “ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളില്‍ നിന്നു സ്വീകരിക്കേണമേ” (رَبَّنَا تَقَبَّلْ مِنَّا) എന്നതുപോലുള്ള പ്രാര്‍ത്ഥനകള്‍ നാം ചെയ്യുന്നതും, ചെയ്യേണ്ടിവന്നതും, മാത്രമല്ല, ലോകസൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് ജീവിക്കുകയെന്നത് നമ്മുടെമേല്‍ നിര്‍ബന്ധമായ ഒരു കടമയുമാണല്ലോ. എനി, ഒരാള്‍ എത്രതന്നെ പരിശുദ്ധമായ ജീവിതം നയിച്ചാലും അതു കേവലം ഒരു പരിമിതമായ അളവിലും കാലത്തിലുമായിരിക്കുവാനേ നിവൃത്തിയുള്ളൂ. സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളാകട്ടെ, ഐഹികജീവിതത്തെ അതുമായി താരതമ്യം ചെയ്യാന്‍ പോലും സാധ്യമല്ല. അത്രയും വമ്പിച്ചതും കാലാകാലം നിലനില്‍ക്കുന്നതുമാണ്. “സ്വര്‍ഗ്ഗത്തില്‍ ഒരു ചമ്മട്ടിയുടെ സ്ഥലം ഇഹലോകത്തെയും അതിലുള്ളവയെയുംകാള്‍ ഉത്തമമായതാണ്” (ബു) എന്നത്രെ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, സജ്ജനങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുകയും, അവരെ നരകത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യും.’ എന്നാലത്, അവന്റെ വാഗ്ദാനമെന്ന നിലക്കും, അവന്റെ ഔദാര്യവും, ദയവും, അനുഗ്രഹവും എന്ന നിലക്കുമാണ്. അവന്റെ മേലുള്ള നിര്‍ബന്ധകടമ എന്ന നിലക്കല്ല. അവനോട് അവകാശം പറഞ്ഞോ നിര്‍ബന്ധപൂര്‍വ്വമോ അതു വാങ്ങുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവും, കഴിവും ഇല്ല.
- مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٢٢﴿
- ഭൂമിയിലാകട്ടെ, നിങ്ങളില്‍ [നിങ്ങളുടെ ദേഹങ്ങളില്‍] തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും) - നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രന്ഥത്തി ഇല്ലാതെ - ബാധിക്കുകയില്ല. നിശ്ചയമായും അത് [ആ രേഖപ്പെടുത്തല്‍] അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു.
- مَا أَصَابَ ബാധിക്കുകയില്ല مِن مُّصِيبَةٍ ഒരു ബാധയും, ആപത്തും (തന്നെ) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي أَنفُسِكُمْ നിങ്ങളുടെ ദേഹങ്ങളിലും (നിങ്ങളില്‍ തന്നെയും) ഇല്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مِّن قَبْلِ മുമ്പായി أَن نَّبْرَأَهَا അതിനെ നാം സൃഷ്ടിക്കുന്നത്തിന്റെ إِنَّ ذَٰلِكَ നിശ്ചയമായും അത് عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമാണ്
- لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴾٢٣﴿
- നിങ്ങള്‍ക്ക് (ലഭിക്കാതെ) പാഴായിപ്പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടിയത്രെ (അങ്ങനെ ചെയ്തത്). ദുരഭിമാനിയായ, പൊങ്ങച്ചക്കാരനായ എല്ലാവരെയും [ഒരാളെയും] അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
- لِّكَيْلَا تَأْسَوْا നിങ്ങള്‍ സങ്കട (വ്യസന) പ്പെടാതിരിക്കുവാന്‍ വേണ്ടി عَلَىٰ مَا യാതൊന്നിന്റെ പേരില്‍ فَاتَكُمْ നിങ്ങള്‍ക്ക് പാഴായി (ഒഴിവായി)പ്പോയ وَلَا تَفْرَحُوا നിങ്ങള്‍ ആഹ്ളാദം (സന്തോഷം) കൊള്ളാതെയും بِمَا آتَاكُمْ അവന്‍ നിങ്ങള്‍ക്കു നല്‍കിയതില്‍, തന്നതുകൊണ്ടു وَاللَّـهُ അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നില്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) പൊങ്ങച്ചക്കാരനെ (അഹങ്കാരിയെ - പത്രാസു കാട്ടുന്നവനെ)യും فَخُورٍ ദുരഭിമാനിയായ, പെരുമനടിക്കുന്നവനും
- ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٢٤﴿
- അതായത്, പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കുവാന്‍ മനുഷ്യരോട് കല്‍പിക്കുകയും ചെയ്യുന്നവരെ. ആരെങ്കിലും പിന്‍തിരിഞ്ഞു പോകുന്നപക്ഷം, നിശ്ചയമായും അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമത്രെ.
- الَّذِينَ يَبْخَلُونَ അതായത് പിശുക്ക് കാണിക്കുന്നവര്‍ وَيَأْمُرُونَ കല്‍പിക്കുക (ഉപദേശിക്കുക) യും ചെയ്യുന്ന النَّاسَ മനുഷ്യരോടു, മനുഷ്യരെ بِالْبُخْلِ പിശുക്ക് (ലുബ്ധ) കാണിക്കുന്നതിനു وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞുപോയാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ അവന്‍ الْغَنِيُّ ധന്യന്‍ അനാശ്രയനാകുന്നു الْحَمِيدُ സ്തുത്യര്‍ഹനായ, സ്തുതിക്കപ്പെടുന്നവനാണ്
ഭൂമിയിലോ മനുഷ്യരിലോ ബാധിക്കുന്ന രോഗം, ക്ഷാമം തുടങ്ങിയ ഏതൊരു ബാധയും അതു രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഒരു രേഖാഗ്രന്ഥത്തില്‍ അല്ലാഹു രേഖപ്പെടുത്തി വെക്കാത്തതായിട്ടില്ല എന്ന് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ‘ഏതൊരു ബാധയും’ (مِن مُّصِيبَةٍ) എന്ന വാക്കില്‍ ചെറുതോ, വലുതോ, പൊതുവായതോ, പ്രത്യേകമായതോ ആയ എല്ലാ തരം ബാധകളും ഉള്‍പ്പെടുന്നു. എല്ലാം അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വരുമ്പോള്‍, ഓരോന്നും സംഭവിക്കുന്നതിനു മുമ്പുതന്നെ – അതു ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്നു – അല്ലാഹു ശരിക്കും അറിഞ്ഞിരിക്കുമെന്നും നിര്‍ണയിച്ചിരിക്കുമെന്നും വ്യക്തമാണ്. ഇസ്ലാമിലെ മൗലികപ്രധാനമായ വിശ്വാസസിദ്ധാന്തങ്ങളില്‍ ഒന്നത്രെ ഇത്. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്റെ ‘ക്വദ്വാ-ക്വദ്റി’ലുള്ള (വിധിവ്യവസ്ഥയിലുള്ള) വിശ്വാസം എന്ന് പറയുന്നത്.
مِّن قَبْلِ أَن نَّبْرَأَهَا (നാം അതിനെ സൃഷ്ടിച്ചുണ്ടാക്കുന്നതിനുമുമ്പ്) എന്ന വാക്കില്‍ ‘അതിനെ’ (هَا) എന്ന സര്‍വ്വനാമം (ضَمِير) കൊണ്ടുദ്ദേശ്യം അതിനുമുമ്പ് പറയപ്പെട്ട ‘ബാധ’ (مُّصِيبَة) ആയിരിക്കുവാനാണ് കൂടുതല്‍ സാധ്യത. എങ്കിലും, അത് ‘ഭൂമി’ (الْأَرْضِ) യെ ഉദ്ദേശിച്ചോ, അല്ലെങ്കില്‍ ‘നിങ്ങളുടെ ദേഹങ്ങളെ’ (أَنفُسِكُمْ) ഉദ്ദേശിച്ചോ ആയിരിക്കുന്നതിനും വിരോധമില്ല. ഈ മൂന്നില്‍ ഏതൊന്നായിരുന്നാലും വിഷയത്തില്‍ മാറ്റം നേരിടുവാനില്ല. കാരണം, അതത് ബാധകള്‍ രൂപം കൊള്ളുന്നതിനു മുമ്പായാലും, ഭൂമിയെ സൃഷ്ടിക്കുന്നതിനു മുമ്പായാലും, മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പായാലും – ഏതായാലും ശരി – നേരത്തെ ഒരു ഗ്രന്ഥത്തില്‍ അവയെ രേഖപ്പെടുത്തിക്കഴിഞ്ഞതിന്റെ ശേഷമേ ഓരോ ബാധയും ഇവിടെ ബാധിക്കുന്നുള്ളൂ എന്ന് സ്പഷ്ടമാണല്ലോ. എല്ലാ കാര്യവും അല്ലാഹു മുന്‍കൂട്ടി അറിയുമെന്നും, ഓരോന്നും ഇന്നിന്നപ്രകാരം സംഭവിക്കുമെന്ന് അവന്‍ മുന്‍കൂട്ടി നിര്‍ണയിച്ചിരിക്കുമെന്നും പറയുമ്പോള്‍, അതു യുക്തിവാദക്കാരായ ആളുകള്‍ക്കും, അല്ലാഹുവിലുള്ള വിശ്വാസം പൂര്‍ണമായിട്ടില്ലാത്തവര്‍ക്കും മാത്രമേ ദഹിക്കാതിരിക്കുകയുള്ളൂ. പക്ഷേ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രയാസപ്പെട്ടതോ ഗൗരവപ്പെട്ടതോ അല്ല. നിസ്സാരം മാത്രമാകുന്നു. إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ
ഇങ്ങനെ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനുവേണ്ടിയാണ്? അല്ലെങ്കില്‍ ഈ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനുവേണ്ടിയാണ്? അതിനുള്ള മറുപടിയാണ് അല്ലാഹു തുടര്‍ന്നു പറഞ്ഞത്: لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ (നിങ്ങള്‍ക്ക് പാഴായി – കിട്ടാതെ – പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടി). അതെ, എല്ലാം അല്ലാഹു കണക്കാക്കിയതാണെന്നറിഞ്ഞാല്‍, നഷ്ടം ബാധിക്കുന്നതിന്റെ പേരില്‍ സങ്കടത്തിനും നിരാശക്കും അവകാശമില്ല. അതുപോലെത്തന്നെ, നേട്ടം ലഭിക്കുന്നതിന്റെ പേരില്‍ ആഹ്ളാദത്തിനും അഹങ്കാരത്തിനും അവകാശമില്ല. നഷ്ടത്തില്‍ ക്ഷമയും, സമാധാനവും, നേട്ടത്തില്‍ നന്ദിയും സന്തോഷവും സ്വീകരിക്കാമല്ലോ, എന്നാല്‍, തിന്മ ബാധിക്കുമ്പോള്‍ നിരാശയും, നന്മബാധിക്കുമ്പോള്‍ അഹങ്കാരവും മനുഷ്യന്റെ ഒരു സ്വഭാവമാണ്. ക്വുര്‍ആന്‍ ഇതിനെപ്പറ്റി പലപ്പോഴും പ്രസ്ഥാവിക്കാറുമുണ്ട്. അല്ലാഹുവിന്റെ വിധി വ്യവസ്ഥയിലുള്ള ദൃഢവിശ്വാസം കൊണ്ടേ ഈ സ്വഭാവത്തില്‍നിന്ന് മനുഷ്യന് രക്ഷപ്പെടുവാന്‍ കഴിയുകയുള്ളൂ. ഇക്രിമ (റ) പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസ്താവ്യമാകുന്നു: “സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യാത്ത ഒരാളുമില്ല. പക്ഷേ, നിങ്ങള്‍ സന്തോഷം നന്ദിയും, വ്യസനം ക്ഷമയും ആക്കിക്കൊള്ളുക.”
വല്ല നന്മയോ നേട്ടമോ സിദ്ധിക്കുമ്പോള്‍ അത് തന്റെ യോഗ്യത കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ ലഭിക്കുന്നതാണെന്നും, താനതിനു അവകാശപ്പെട്ടവനാണെന്നും മറ്റുമുള്ള ധാരണകളില്‍നിന്നാണ് ദുരഭിമാനവും അഹങ്കാരവും ഉണ്ടായിത്തീരുന്നത്. എല്ലാം അല്ലാഹുവില്‍നിന്നും, അവന്റെ നിശ്ചയപ്രകാരവുമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത്, താന്‍ വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് കേവലം ബാഹ്യമായ ഒരു കാരണം മാത്രമാണ്, ആ പ്രവര്‍ത്തനത്തിനുള്ള സാദ്ധ്യത ലഭിച്ചതും അല്ലാഹുവില്‍നിന്നു തന്നെയാണ് എന്നിങ്ങനെയുള്ള വിശ്വാസത്തില്‍ നിന്നാണ് നന്ദിയും കൂറും ഉണ്ടായിത്തീരുക. അപ്പോള്‍, അല്ലാഹു തങ്ങള്‍ക്കു ധനം നല്‍കിയതില്‍ അഹങ്കാരം കൊള്ളുകയും അതു വേണ്ടവിഷയത്തില്‍ ചിലവാക്കാന്‍ കൂട്ടാക്കാതെ പിശുക്ക് പിടിക്കുകയും ചെയ്യുന്നവര്‍ മേല്‍പറഞ്ഞ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരായിരിക്കും. ഒരാളില്‍ ഒരു ചീത്ത സ്വഭാവം ഉണ്ടാകുമ്പോള്‍ ആ സ്വഭാവം മറ്റുള്ളവരിലും ഉണ്ടായിക്കാണാന്‍ അവനു ആഗ്രഹാമുണ്ടായിരിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍, മറ്റുള്ളവരും തന്നെപ്പോലെ പിശുക്കന്‍മാരായിത്തീരുവാന്‍ അവന്‍ ശ്രമം നടത്തും. അങ്ങനെ വരുമ്പോള്‍, പിശുക്കന്‍മാരുടെ തെറ്റുകള്‍ പലതായിക്കാണാം. ദുരഭിമാനിയായ – പൊങ്ങച്ചക്കാരനായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല وَاللَّـهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ എന്ന് മൊത്തത്തില്‍ പ്രസ്താവിച്ചശേഷം, പിശുക്കുകാണിക്കുകയും ജനങ്ങളോടു പിശുക്കു കാണിക്കുവാന്‍ ഉപദേശിക്കുകയും ചെയ്യുന്നവര്‍ (الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ) എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളതില്‍ നിന്ന് മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്നു കൊണ്ട് അഹങ്കാരികളുടെ അഹങ്കാരം നിമിത്തമോ പിശുക്കന്‍മാരുടെ പിശുക്ക് നിമിത്തമോ അവര്‍ക്കല്ലാതെ അല്ലാഹുവിന് യാതൊരു നഷ്ടവും പറ്റാനില്ലെന്ന് അല്ലാഹു അവര്‍ക്കു നല്ലൊരു താക്കീതും നല്‍കിയിരിക്കുന്നു.
ഈ സൂറത്തു അവസാനിച്ച ഉടനെ ‘ക്വദ്വാ- ക്വദറി’നെ സംബന്ധിച്ച് വിശദമായ ഒരു വ്യാഖ്യാനക്കുറിപ്പ് ചേര്‍ക്കുന്നതുകൊണ്ടും ഈ (22, 23) ആയത്തുകളിലെ ആശയങ്ങളെക്കുറിച്ച് അതില്‍ വിസ്തരിച്ച് പറയുന്നതുകൊണ്ടും ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. വിഷയത്തിന്റെ നാനാവശങ്ങളും തല്‍പരകക്ഷികളുടെ ന്യായവാദങ്ങള്‍ക്കു മറുപടികളും വേണ്ടത്ര തെളിവുകളോടുകൂടി അതില്‍ പ്രതിപാദിക്കുന്നതാണ്. إن شاء الله . ആ കുറിപ്പ് എല്ലാവരും മനസ്സിരുത്തി പഠിക്കണമെന്ന് പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.
- لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ ﴾٢٥﴿
- തീര്‍ച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പും നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്.
- لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് رُسُلَنَا നമ്മുടെ റസൂലുകളെ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി وَأَنزَلْنَا مَعَهُمُ അവരോടൊപ്പം നാം ഇറക്കുകയും ചെയ്തു الْكِتَابَ ഗ്രന്ഥം وَالْمِيزَانَ തുലാസ്സും لِيَقُومَ നിലകൊള്ളുവാന്‍ വേണ്ടി النَّاسُ മനുഷ്യര്‍ بِالْقِسْطِ നീതിമുറ അനുസരിച്ച് وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു الْحَدِيدَ ഇരുമ്പ് فِيهِ അതിലുണ്ടു بَأْسٌ (യുദ്ധ) ശക്തി (ആയോധനശക്തി), ശൂരത شَدِيدٌ കഠിനമായ, ശക്തമായ وَمَنَافِعُ ഉപയോഗങ്ങളും لِلنَّاسِ മനുഷ്യര്‍ക്ക് وَلِيَعْلَمَ اللَّـهُ അല്ലാഹു അറിയുവാനും مَن يَنصُرُهُ അവനെ സഹായിക്കുന്നവരെ, സഹായിക്കുന്നതാരാണെന്ന് وَرُسُلَهُ അവന്റെ റസൂലുകളെയും بِالْغَيْبِ അദൃശ്യമായ നിലയില്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു عَزِيزٌ പ്രതാപശാലിയാണ്
മനുഷ്യസമുദായം നീതിയും നെറിയും അനുസരിച്ചു നിലകൊള്ളുന്നതിനാവശ്യമായ തെളിവുകളും ലക്ഷ്യങ്ങളും ഉപദേശനിര്‍ദ്ദേശങ്ങളും സഹിതം വേദഗ്രന്ഥങ്ങളും, നീതിയുടെ മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളുമാകുന്ന തുലാസ്സുകളും കൊണ്ടാണ് ഓരോ കാലത്തും അല്ലാഹു അവന്റെ ദൂതന്‍മാരെ അയച്ചിരിക്കുന്നത്. എന്നിട്ട് പിന്നെയും കുഴപ്പത്തിനും അക്രമത്തിനും മുതിരുന്നവരെ ബലംപ്രയോഗിച്ചു ഒതുക്കിനിറുത്തേണ്ടതിന് വേണ്ടുന്ന ഉപാധികളും അവന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതത്രെ, ഇരുമ്പ്. ആയോധനവേളയില്‍ ഇരുമ്പിന്റെ ഉപയോഗം പറയേണ്ടതില്ലലോ. യുദ്ധത്തിലും, പ്രതിരോധത്തിലും മാത്രമല്ല, മനുഷ്യന്റെ നിത്യാവശ്യങ്ങളിലും ഇരുമ്പിന്റെ ഉപയോഗം ധാരാളമാണ്. ഇതിനെല്ലാം കൂടിത്തന്നെയാണ് അല്ലാഹു ഭൂമിയില്‍ ഇരുമ്പ് നിക്ഷേപിച്ചിരിക്കുന്നതും. മറ്റൊരു ഉദ്ദേശ്യം കൂടി അതിലുണ്ട്. അല്ലാഹുവും അവന്റെ റസൂലുകളും നിര്‍ദ്ദേശിക്കുന്ന നീതിമാര്‍ഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ദുശ്ശക്തികള്‍ക്കുനേരെ അതിനെ ഉപയോഗപ്പെടുത്തി അവരെ പരാജയപ്പെടുത്തുകയും, അങ്ങനെ, അല്ലാഹുവിന്റെയും റസൂലുകളുടെയും പക്ഷത്തെ സഹായിക്കുകയും ചെയ്യുന്നവരെ മറ്റുള്ളവരില്‍നിന്ന് പ്രത്യക്ഷത്തില്‍തന്നെ വേര്‍തിരിച്ചു കാണുക, ഇതാണത്.
الْمِيزَان (മീസാന്‍) എന്നാല്‍ തൂക്കിക്കണക്കാക്കുന്നത് – അഥവാ തുലാസ്സ് – എന്ന് വാക്കര്‍ത്ഥം. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും തൂക്കിക്കണക്കാക്കുന്ന മാനദണ്ഡം എന്നത്രെ ഇവിടെ വിവക്ഷ. സാധനങ്ങള്‍ തൂക്കികണക്കാക്കുവാനുള്ള സാധാരണ തുലാസ്സും ആ ഇനത്തില്‍ ഉള്‍പ്പെടുന്ന ഒന്നുതന്നെ. بَأْسٌ (ബഅ്സ്) എന്നാല്‍ ‘ശക്തി, സമരശക്തി, ധീരത, ഭയം’ എന്നൊക്കെയാണര്‍ത്ഥം. യുദ്ധവേളയില്‍ പ്രകടമാകുന്ന ശക്തിയും ധീരതയുമാണിവിടെ ഉദ്ദേശ്യം. അദൃശ്യമായ നിലയില്‍ സഹായിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിനെ നേരില്‍ കാണാതെത്തന്നെ അവനെ – അവന്റെ മാര്‍ഗ്ഗത്തെ – സഹായിക്കുക എന്നായിരിക്കാം. അല്ലെങ്കില്‍, അല്ലാഹുവിനെയും റസൂലുകളെയും സഹായിക്കുക എന്ന ഉദ്ദേശ്യം മനസ്സില്‍വെച്ചുകൊണ്ട് സഹായിക്കുക എന്നും ആവാം. മനസ്സിലെ ഉദ്ദേശ്യം പുറമെ ദൃശ്യമാകുകയില്ലല്ലോ. ഈ രണ്ടു പ്രകാരത്തിലും ഇവിടെ വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം. الله أعلم
മനുഷ്യസമുദായം നീതിമുറതെറ്റാതെ നിലകൊള്ളുവാന്‍ ഉപദേശങ്ങളും തെളിവുകളും മാത്രം മതിയായേക്കുകയില്ലെന്നും, അതിനുവേണ്ടി ചിലപ്പോള്‍ ബലവും പ്രയോഗിക്കേണ്ടിവന്നേക്കുമെന്നും, അതിനുള്ള സജ്ജീകരണങ്ങള്‍ കരുതിവെക്കുക കൂടി വേണ്ടതുണ്ടെന്നും ഈ വചനത്തില്‍ സൂചനയുണ്ട്. റസൂലുകളെ നിയോഗിച്ചതിന്റെ ലക്‌ഷ്യം വിവരിച്ച ശേഷം, അവരില്‍ ചിലരെപ്പറ്റിയും,അവരുടെ ദൗത്യഫലങ്ങളെപ്പറ്റിയും അടുത്തവചനത്തില്‍ പ്രസ്താവിക്കുന്നു:-
വിഭാഗം - 4
- وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَٰهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَٰبَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ ﴾٢٦﴿
- നൂഹിനെയും, ഇബ്രാഹീമിനെയും നാം അയക്കുകയുണ്ടായി. രണ്ടുപേരുടെയും സന്തതികളില്‍ പ്രവാചകത്വവും, വേദഗ്രന്ഥവും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരില്‍ സന്മാര്‍ഗം പ്രാപിച്ചവരുണ്ട്; അവരില്‍ വളരെപ്പേര്‍ ദുര്‍ന്നടപ്പുകാരുമാകുന്നു.
- وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ وَإِبْرَاهِيمَ ഇബ്രാഹീമിനെയും وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തു)കയും ചെയ്തു فِي ذُرِّيَّتِهِمَا അവര്‍ രണ്ടാളുടെയും സന്തതികളില്‍ النُّبُوَّةَ പ്രവാചകത്വം, നബിപ്പട്ടം وَالْكِتَابَ ഗ്രന്ഥവും فَمِنْهُم എന്നിട്ട് അവരിലുണ്ട് مُّهْتَدٍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ (ര്‍) وَكَثِيرٌ مِّنْهُمْ അവരില്‍നിന്ന് അധികം, വളരെ فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്
- ثُمَّ قَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ ﴾٢٧﴿
- പിന്നീട് അവരുടെ പിറകിലായി നമ്മുടെ ദൂതന്‍മാരെ നാം തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും തുടര്‍ന്നയച്ചു; അദ്ദേഹത്തിന് നാം 'ഇന്‍ജീലും', [സുവിശേഷഗ്രന്ഥവും] നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും, കരുണയും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു (തരം) സന്യാസജീവിതം അവര്‍ നൂതനമായുണ്ടാക്കി. അല്ലാഹുവിന്റെ പ്രീതിയെ തേടേണ്ടതിന് (അവരത് ചെയ്തു) എന്നല്ലാതെ, അവരുടെമേല്‍ നാമത് നിയമിച്ചിട്ടില്ല. എന്നാല്‍, അത് പാലിക്കേണ്ട മുറപ്രകാരം അതവര്‍ പാലിച്ചില്ല. അപ്പോള്‍, അവരില്‍ നിന്നു വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ വളരെ ആളും ദുര്‍ന്നടപ്പുകാരാകുന്നു.
- ثُمَّ قَفَّيْنَا പിന്നെ നാം തുടര്‍ത്തി, (തുടര്‍ന്നയച്ചു) عَلَىٰ آثَارِهِم അവരുടെ പിറകിലായി, കാല്‍പാടില്‍ക്കൂടി بِرُسُلِنَا നമ്മുടെ റസൂലുകളെ وَقَفَّيْنَا നാം തുടര്‍ന്നയക്കുകയും ചെയ്തു بِعِيسَى ഈസായെ ابْنِ مَرْيَمَ മര്‍യമിന്റെ പുത്രന്‍ وَآتَيْنَاهُ അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ ഇന്‍ജീല്‍ (സുവിശേഷം) وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും (ഉണ്ടാക്കു)കയും ചെയ്തു فِي قُلُوبِ الَّذِينَ യാതൊരുവരുടെ ഹൃദയങ്ങളില്‍ اتَّبَعُوهُ അദ്ദേഹത്തെ പിന്‍പറ്റിയ رَأْفَةً കൃപ, ദയ وَرَحْمَةً കരുണയും وَرَهْبَانِيَّةً ഒരു സന്യാസത്തെ, പൗരോഹിത്യത്തെ ابْتَدَعُوهَا അവരത് നവീനമായുണ്ടാക്കി, പുത്തനായി നിര്‍മ്മിച്ചു مَا كَتَبْنَاهَا അതിനെ നാം നിയമിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല عَلَيْهِمْ അവരുടെമേല്‍ إِلَّا ابْتِغَاءَ തേടുന്നതിനല്ലാതെ, അന്വേഷിക്കലല്ലാതെ رِضْوَانِ اللَّـهِ അല്ലാഹുവിന്റെ പ്രീതി, പൊരുത്തം فَمَا رَعَوْهَا എന്നാലതിനെ അവര്‍ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല حَقَّ رِعَايَتِهَا അതിനെ പാലിക്കേണ്ട മുറപ്രകാരം فَآتَيْنَا അപ്പോള്‍ (എന്നാല്‍) നാം കൊടുത്തു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് مِنْهُمْ അവരില്‍നിന്ന് أَجْرَهُمْ തങ്ങളുടെ പ്രതിഫലം وَكَثِيرٌ مِّنْهُمْ അവരില്‍ അധികവും, വളരെ فَاسِقُونَ തോന്നിയവാസികളാണ്, ദുര്‍ന്നടപ്പുകാരാണ്
പൂര്‍വ്വ പ്രവാചകന്‍മാരില്‍ പ്രധാനികളായ രണ്ടു പ്രവാചകവര്യന്‍മാരാണ് നൂഹ് നബി (عليه الصلاة والسلام) യും, ഇബ്രാഹീം നബി (عليه الصلاة والسلام) യും. പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും പാരമ്പര്യം നിലനിന്നുപോന്നത് അവരുടെ സന്തതികള്‍ വഴിയാണ്. നൂഹ് (عليه الصلاة والسلام) ന്റെ ജനത മുങ്ങി നശിക്കുകയും, അദ്ദേഹവും സത്യവിശ്വാസികളും രക്ഷപ്പെടുകയും ചെയ്ത സംഭവം വിവരിച്ചശേഷം അല്ലാഹു ഇങ്ങനെ പറയുന്നു: ﴾وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴿٧٧ (അദ്ദേഹത്തിന്റെ സന്തതിയെത്തന്നെ നാം അവശേഷിക്കുന്നവരാക്കി. സ്വാഫ്ഫാത്ത്:77). അപ്പോള്‍, പിന്നീട് ഇബ്രാഹീം നബി (عليه الصلاة والسلام) യുടെ കാലംവരെയുള്ള പ്രവാചകന്മാര്‍ അദ്ദേഹത്തിന്റെ സന്തതികളില്‍പെട്ടവരായിരിക്കുമല്ലോ. ഇബ്രാഹീം നബി (عليه الصلاة والسلام) ക്കു ശേഷം അറിയപ്പെട്ടിട്ടുള്ള പ്രവാചകന്മാരെല്ലാം അദ്ദേഹത്തിന്റെ സന്തതികളില്‍പെട്ടവരുമാണ്. നമുക്ക് അറിയപ്പെടാത്ത പ്രവാചകന്‍മാരും അങ്ങനെത്തന്നെ ആയിരിക്കുമെന്നാണ് ഈ വചനത്തില്‍നിന്നും മനസ്സിലാകുന്നത്. അല്ലാഹുവിന്നറിയാം. ഇവിടെ രണ്ടു പ്രവാചകവര്യന്‍മാരെയും ചേര്‍ത്തുകൊണ്ട് ‘അവരുടെ രണ്ടാളുടെയും സന്തതികള്‍’ (ذُرِّيَّتِهِمَا) എന്നത്രെ പറഞ്ഞിരിക്കുന്നത്. സൂ: അന്‍കബൂത്ത് 27ല്‍ ഇബ്രാഹീം നബി (عليه الصلاة والسلام) യെ മാത്രം ചൂണ്ടിക്കൊണ്ട് ‘അദ്ദേഹത്തിന്റെ സന്തതിയില്‍ നാം പ്രവാചകത്വം ഏര്‍പ്പെടുത്തി’ (وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ) എന്നും പറഞ്ഞിരിക്കുന്നു.
ഈ രണ്ട് പ്രവാചക പിതാക്കള്‍ക്ക് ശേഷം അവരില്‍ തുടരെത്തുടരെ പ്രവാചകന്മാര്‍ ഉണ്ടായിക്കൊണ്ടിരുന്നു. എന്നിട്ടും അവരുടെ സന്തതികളെല്ലാം അവര്‍ പ്രബോധനം ചെയ്ത നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരായിരുന്നില്ല. കുറെ ഭാഗം നേര്‍മ്മാര്‍ഗ്ഗം അവലംബിച്ചുവെങ്കിലും അധികമാളുകള്‍ ദുര്‍മാര്‍ഗ്ഗികള്‍ തന്നെയായിരുന്നു. ഇതായിരുന്നു പൂര്‍വസമുദായങ്ങളുടെ പൊതുനില. പൂര്‍വനബിമാരില്‍ അവസാനത്തെ ആള്‍ ഈസാ നബി (عليه الصلاة والسلام) യാണല്ലോ. നിലവിലുള്ള മതസമുദായങ്ങളില്‍ ഏറ്റവും വലിയ ജനത ഇന്നും പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന്റെ സമുദായമായ ക്രിസ്ത്യാനികള്‍ തന്നെ. ക്രിസ്തീയ സമുദായത്തിന്റെ ആദ്യഘട്ടത്തില്‍ അവര്‍ തങ്ങളുടെ പ്രവാചകന്റെ കാലടികളെ പിന്‍പറ്റിപോന്നുവെങ്കിലും 16-ാം വചനത്തില്‍ കണ്ടതുപോലെ – കാലക്രമത്തില്‍ അവരും ദുഷിച്ചുപോകുകയും, സത്യത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയും ചെയ്തു. ഈ സമുദായത്തെ സംബന്ധിച്ച് ചില നിരൂപണങ്ങളാണ് 27-ാം വചനത്തില്‍ കാണുന്നത്.
(1). ‘ഈസാ നബി (عليه الصلاة والسلام) യെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ അല്ലാഹു കൃപയും കരുണയും ഏര്‍പ്പെടുത്തി (وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً). അതെ, സൂ: ‘ഫത്ഹി’ല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ സ്വഹാബികളെപ്പറ്റി رُحَمَاءُ بَيْنَهُمْ (അവര്‍ തമ്മില്‍ കരുണയുള്ളവരാകുന്നു) എന്ന് പറഞ്ഞതുപോലെ, അവരും പരസ്പരം സ്നേഹത്തിലും, ദയയോടുകൂടിയും കഴിഞ്ഞുകൂടി. സാധുദയ, ദീനശുശ്രൂഷ, പരസ്പരസഹായം ആദിയായ വിഷയങ്ങളില്‍ ഈസാ (عليه الصلاة والسلام) അവരെ ശക്തിയായി ഉപദേശിച്ചുകൊണ്ടിരുന്നുവെന്നത് ചരിത്ര പ്രസിദ്ധമാണ്. ഈ ഗുണങ്ങള്‍ കുറെയൊക്കെ ഇന്നും ക്രിസ്ത്യാനികളില്‍ അവശേഷിക്കുന്നത് കാണാം. ഈസാ (عليه الصلاة والسلام) ന്റെ പ്രത്യേക ശിഷ്യഗണങ്ങളായ അപ്പോസ്തലന്‍മാര്‍ (الْحَوَارِيُّون) തുടങ്ങി ഇന്നോളമുള്ള ക്രിസ്തീയ മിഷ്യനറിമാരും – മറ്റുവിധത്തിലുള്ള കൊള്ളരുതായ്മ പലതും അവരില്‍ ഉണ്ടെങ്കിലും – ഈ പാരമ്പര്യം താരതമ്യേന നിലനിറുത്തിവരുന്നു. ഒരു സമുദായത്തിന്റെ നിലനില്‍പ്പിനും, അഭിവൃദ്ധിക്കും ഇതെത്രമാത്രം ആവശ്യമാണെന്ന് ബുദ്ധിയുള്ള ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇന്നത്തെ മുസ്ലിം സമുദായം ഈ വിഷയത്തില്‍ അങ്ങേഅറ്റം വ്യസനകരമായ ഒരവസ്ഥയിലാണുള്ളത്. അവരുടെ അധപതനത്തിനുള്ള ഒരു പ്രധാന കാരണം അതാണുതാനും. وإلى الله المشتكي
(2). ഒരു സന്യാസജീവിതം അവര്‍ പുതുതായി നിര്‍മ്മിച്ചു (وَرَهْبَانِيَّةً ابْتَدَعُوهَا). ക്രിസ്ത്യാനികളില്‍ നിലവിലുള്ള പല ദുരാചാരങ്ങളുടെയും ഉത്ഭവസ്ഥാനം ഇതാകുന്നു. ഭൗതികസുഖങ്ങളെ ഉപേക്ഷിച്ച് ധ്യാനത്തിലും ആരാധനയിലും മുഴുകിയിരിക്കുക എന്നതായിരുന്നു അതിന്റെ ആരംഭം. വിവാഹം കഴിക്കാതിരിക്കുക, കുടുംബ ജീവിതം ഉപേക്ഷിക്കുക, ഭക്ഷണപാനീയങ്ങള്‍ വര്‍ജ്ജിക്കുക, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതിരിക്കുക, ചില പ്രത്യേക വേഷം സ്വീകരിക്കുക, വിജനപ്രദേശത്ത് കഴിഞ്ഞുകൂടുക, ചെറിയ ചെറ്റകുടിലുകളില്‍ ജീവപര്യന്തം തപസ്സിരിക്കുക, മൗനവ്രതം സ്വീകരിക്കുക മുതലായവയെല്ലാം പിന്നീട് അതിന്റെ ഘടകാംശങ്ങളായി പരിണമിച്ചതാകുന്നു. ഈ കുടുസ്സായ ജീവിത സമ്പ്രദായം സ്വീകരിക്കുവാന്‍ ചില ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരാവുകയാണുണ്ടായതെന്ന് പറയാം. ജൂതന്‍മാരില്‍ നിന്നും ബഹുദൈവവിശ്വാസികളില്‍ നിന്നും ഇടക്കാലത്ത് അവര്‍ പല യാതനകളും അനുഭവിക്കേണ്ടിവന്നത് നിമിത്തം തങ്ങളുടെ മതസിദ്ധാന്തമനുസരിച്ച് ജീവിക്കുവാന്‍ അവര്‍ക്ക് പ്രയാസം നേരിട്ടു. അപ്പോള്‍ അവര്‍ തങ്ങളുടെ മതവിശ്വാസത്തെ സംരക്ഷിക്കുവാനായി കാടുകയറി മരണംവരെ ഭജനമിരിക്കുവാന്‍ മിനക്കെടുകയായി. ക്രമേണ മുമ്പില്ലാത്ത പല ഉപാധികളും അതോടുകൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ വസ്തുത ക്രിസ്ത്യാനികള്‍ പൊതുവില്‍ സമ്മതിക്കുവാന്‍ കൂട്ടാക്കുകയില്ലെങ്കിലും ചില ക്രിസ്തീയപണ്ഡിതന്‍മാര്‍ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. (*).
(*). ക്രിസ്താബ്ദം 1883 ല്‍ ഈജിപ്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന الخريدة النفيسة في تاريخ الكنيسة (ചര്‍ച്ചിന്റെ ചരിത്രത്തില്‍ വിലയേറിയ ഒരു മുത്ത്) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പില്‍ ഇത് തുറന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇതിന്റെ കര്‍ത്താവ് സയ്യിദാബര്‍മൂസിലെ ക്രിസ്തീയമഠത്തിലെ പാതിരിയാണ്. ക്രിസ്ത്വാബ്ദം 3-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സഞ്ചാരിയായ പൗലൂസ് (بولس السائح) എന്ന ആളാണ് രാജമര്‍ദ്ദനം ഭയന്ന് സന്യാസജീവിതം നടപ്പില്‍ വരുത്തിയതെന്ന് അദ്ദേഹം അതില്‍ പ്രസ്താവിച്ചിരിക്കുന്നു. تفسير الجواهر للشيخ الطنطاوي
ചില ഹദീഥുകളില്‍ നിന്നുതന്നെ ഇതു മനസ്സിലാക്കുവാന്‍ കഴിയും. ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു നബിവചനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. ‘ഇസ്രാഈല്‍ സന്തതികള്‍ എഴുപത്തിരണ്ടു സംഘമായി പിരിഞ്ഞു. അതില്‍ മൂന്നുകൂട്ടര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. ഈസാ നബി (عليه الصلاة والسلام) ക്കുശേഷം ഒരു വിഭാഗം ആളുകള്‍ രാജാക്കളുടെയും, സ്വേച്ഛാധിപതികളുടെയും മുമ്പില്‍ ചെന്ന് മതത്തിലേക്കു ക്ഷണിച്ചു. അവരുമായി യുദ്ധം നടന്നു. അതില്‍ അവര്‍ കൊല്ലപ്പെടുകയും ക്ഷമ കൈകൊള്ളുകയും ചെയ്തു. അങ്ങനെ (അല്ലാഹുവിങ്കല്‍) അവര്‍ രക്ഷപ്പെട്ടു. മറ്റൊരു കൂട്ടര്‍ക്ക് യുദ്ധത്തിന് കഴിവുണ്ടായിരുന്നില്ല. അവരും മതത്തിലേക്കു ക്ഷണിച്ചു. അതിനാല്‍ അവര്‍ കൊല്ലപ്പെടുകയും, ഉളിവാള്‍കൊണ്ട് പൊളിക്കപ്പെടുകയും തീ കൊണ്ട് കരിക്കപ്പെടുകയും ചെയ്തു. അവരും രക്ഷപ്പെട്ടു. വേറൊരുവിഭാഗത്തിന് യുദ്ധത്തിനാകട്ടെ, നീതിയനുസരിച്ച് നിലകൊള്ളുവാനാകട്ടെ കഴിവുണ്ടായിരുന്നില്ല. അവര്‍ മലകളില്‍പോയി ആരാധനയിലും സന്യാസത്തിലും ഏര്‍പ്പെട്ടു. ഇവരെപ്പറ്റിയാണ് ‘അവര്‍ ഒരു സന്യാസജീവിതം പുതുതായി നിര്‍മ്മിച്ചുണ്ടാക്കി’ എന്ന് അല്ലാഹു പ്രസ്താവിച്ചത്’. (ابن أبي حاتم وابن جرير – رحمهما الله)
ഒരു സമുദായത്തിൽനിന്നും, പരിതഃസ്ഥിതികളുടെ സമ്മർദ്ദത്തിൽ നിന്നുമാണ് സന്യാസജീവിതത്തിന്റെ തുടക്കമെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം. പക്ഷേ, അത് അല്ലാഹു കൽപിച്ചതോ നിയമിച്ചതോ അല്ല. അവർ സ്വയം നിർമ്മിച്ചുണ്ടാക്കിയതാണ്. (ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ) ഇതാണ് ഇവരിൽ വന്ന ഒന്നാമത്തെ അബദ്ധം. തുടർന്നുള്ള വാക്യമായ إِلَّا ابْتِغَاءَ رِضْوَانِ اللَّـهِ (അല്ലാഹുവിന്റെ പ്രീതി തേടുന്നതിന്നല്ലാതെ) എന്ന വാക്യത്തിന് രണ്ട് പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെടാറുണ്ട്.
(1) അല്ലാഹുവിന്റെ പ്രീതിയെ തേടിക്കൊണ്ട് മാത്രമാണവർ അത് നിർമ്മിച്ചുണ്ടാക്കിയത്. മറ്റൊരു ഉദ്ദേശ്യത്തിലുമായിരുന്നില്ല എന്നും,
(2) അല്ലാഹുവിന്റെ പ്രീതിയെ (കഴിവനുസരിച്ച്) തേടണമെന്നല്ലാതെ, ഒരു സന്യാസജീവിതം കൈകൊള്ളണമെന്ന് അല്ലാഹു നിയമിച്ചിട്ടില്ല എന്നും. രണ്ടായിരുന്നാലും ശരി , ഇത് മുഖേന മതത്തിൽ ഇല്ലാത്ത ഒരു കർശനനടപടി സ്വയം നിർബ്ബന്ധമാക്കിത്തീർക്കുകയും, അങ്ങനെ, മതത്തിൽ അതിരുകവിയുകയുമാണ് അവർ ചെയ്തത്. ഈസാ (عليه الصلاة والسلام) യെ സംബന്ധിച്ചുപോലും ഈ അതിരു കവിച്ചിൽ ആണ് ക്രിസ്ത്യാനികളിൽ സംഭവിച്ചത്. ക്രിസ്ത്യാനികൾ അവരുടെ നബിയെ – മറ്റ് ചില സമുദായങ്ങളും മുസ്ലിം സമുദായത്തിലെ പിഴച്ച ചില ആളുകളും ചെയ്യുന്നത് പോലെ – ഒരിക്കലും ഇടിച്ച് താഴ്‌ത്തിയിട്ടില്ല. എന്നാൽ അതിനേക്കാൾ വമ്പിച്ച അപരാധമാണ് അവർ ചെയ്തത്. അവർ അദ്ദേഹത്തെ ദൈവമോ ദൈവപുത്രനോ ആക്കിത്തീർത്തു. ഇതെല്ലാം കാരണമായിട്ടാണ് يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ (വേദക്കാരേ, നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിരുകവിയേണ്ട) എന്ന് അല്ലാഹു പറയുന്നതും 4:171; 5:80.
(3) ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും അല്ലാഹു നിയമിക്കാത്ത ഒരു സമ്പ്രദായം മതത്തിൽ അവർ കെട്ടിയുണ്ടാക്കി. എന്നാൽ അവർ സ്വയം ഏറ്റെടുത്ത ആ കൃത്യം പാലിക്കേണ്ട പ്രകാരം അവർ പാലിച്ചുവോ? ഇല്ല. فَمَا رَعَوْهَا حَقَّ رِعَايَتِهَا ഇതാണ് രണ്ടാമത്തെ തെറ്റും വളരെ ഭയങ്കരമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കിയതും. എന്തെല്ലാം വിനകളാണ് ഈ സന്യാസം കൊണ്ട് പിൽക്കാലത്ത് സംഭവിച്ചതും, ഇന്നും നിലനിൽക്കുന്നതും എന്നതിന് കയ്യും കണക്കുമില്ല. എത്രയോ മനുഷ്യായുസ്സുകൾ സന്യാസിമഠമാകുന്ന കാരാഗൃഹത്തിന്നുള്ളിൽ ചെലവഴിക്കപ്പെട്ടു. എത്രയോ സ്ത്രീ പുരുഷന്മാർ രഹസ്യവും പരസ്യവുമായി വമ്പിച്ച ദുഷ്കൃത്യങ്ങൾക്ക് വശംവദരായി. ഏത് പാപങ്ങളും ഏത് അക്രമങ്ങളും ചെയ്യാം, പള്ളിയിലെ അച്ഛന്മാർ പൊറുത്തുകൊടുക്കുകയേ വേണ്ടൂ എന്നായി. പാതിരിമാർ കൽപ്പിക്കുന്ന ഏത് നിയമവും മതനിയമമായിത്തീർന്നു. അങ്ങനെ പലതും. പക്ഷേ, ഇത്തരം കാര്യങ്ങളെല്ലാം വിസ്തരിച്ച് പറയാതെ , വളരെ മാന്യമായ നിലയിൽ ഒരൊറ്റ വാചകത്തിൽ അതെല്ലാം ഒതുക്കിക്കൊണ്ടാണ് അല്ലാഹു പറഞ്ഞത് فَمَا رَعَوْهَا حَقَّ رِعَايَتِهَا (അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചില്ല) എന്ന്. തങ്ങളുടെ മറ പൊളിക്കാതെ കാര്യം തുറന്ന് കാണിച്ച ഈ തിരുവാക്യത്തിന്റെ പേരിൽ ക്രിസ്ത്യൻ സമുദായം വാസ്തവത്തിൽ ക്വുർആനോട് കടപ്പെട്ടിരിക്കുകയാണ്.
സന്യാസം, തപസ്സ്, പൗരോഹിത്യം എന്നിത്യാദിയെ സംബന്ധിച്ച് ഇസ്ലാമിന്റെ നില എന്താണെന്ന് കാണിക്കുന്ന ഹദീഥുകളിൽ ചുരുക്കം ചിലത് ഇവിടെ ഓർമ്മിക്കുന്നത് നന്നായിരിക്കും.
(1) അനസ് (رَضِيَ اللهُ تَعَالَى عَنْهُ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിന്റെ സാരം: മൂന്ന് സഹാബികൾ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ പത്നിമാരുടെ അടുക്കൽ ചെന്ന് അവിടുത്തെ ആരാധനകളെപ്പറ്റി അന്വേഷിച്ച് വിവരമറിഞ്ഞപ്പോൾ അത് കേവലം കുറഞ്ഞ തോതിലാണെന്ന് അവർക്ക് തോന്നി. നാമും നബിയും തമ്മിൽ എത്രയോ ദൂരമുണ്ട്! അവിടുത്തെ മുൻകഴിഞ്ഞ പാപങ്ങളും പിന്നീടുണ്ടാകുന്ന പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നുവല്ലോ എന്ന് അവർ പറഞ്ഞു. അവരിൽ ഒരാൾ ഇങ്ങനെ നിശ്ചയിച്ചു: എന്നാൽ ഞാൻ, ദിവസേന രാത്രി മുഴുവൻ നമസ്കരിക്കും, ഉറങ്ങുകയില്ല. മറ്റെയാൾ, ഞാൻ എല്ലാ ദിവസവും നോമ്പുപിടിക്കും, മുറിക്കയില്ല. മൂന്നാമൻ: ഞാൻ സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കും, വിവാഹം കഴിക്കയില്ല. ഈ വിവരം അറിഞ്ഞു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളാണോ ഇന്നിന്ന പ്രകാരം പറഞ്ഞവർ? അറിഞ്ഞേക്കൂ: അല്ലാഹുവിനെ തന്നെയാണ്! നിങ്ങളെക്കാളും അല്ലാഹുവിനെ പേടിക്കുന്നവനും നിങ്ങളെക്കാളും അവനോട് ഭക്തിയുള്ളവനുമാണ് ഞാൻ. പക്ഷേ, ഞാൻ (ഐച്ഛികമായ) നോമ്പുപിടിക്കുകയും മുറിക്കുകയും ചെയ്യുന്നു. (ഐച്ഛികമായ) നമസ്കാരം നിർവ്വഹിക്കുകയും ഉറങ്ങുകയും ചെയ്യുന്നു.ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ ആരെങ്കിലും എന്റെ ചര്യവിട്ട് (മറ്റ് വല്ലതും) ആഗ്രഹിക്കുന്നപക്ഷം അവൻ എന്നിൽ പെട്ടവനല്ല. (ബു: മു:)
(2) ഒരാൾ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ അടുക്കൽ വന്ന് തനിക്ക് വസ്വിയ്യത്ത് നൽകണം (വേണ്ടപ്പെട്ട ഉപദേശം നൽകണം) എന്നാവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ലാഹുവിനോട് ഭയഭക്തി കാണിക്കണമെന്ന് ഞാൻ നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു. അത് എല്ലാറ്റിന്റെയും തലയാണ്! (പ്രധാനവശമാണ്). നീ ‘ജിഹാദും’ (സമരം) മുറുകെ പിടിക്കുക. അത് ഇസ്ലാമിലെ സന്യാസമാകുന്നു. അല്ലാഹുവിന്റെ ദിക്‌റും ക്വുർആൻ പാരായണവും സ്വീകരിക്കുക. അത് ആകാശത്തിൽ നിനക്ക് ജീവസ്സും, ഭൂമിയിൽ നിനക്ക് കീർത്തിയുമാകുന്നു”. (അ.)
സമുദായമദ്ധ്യേ അക്രമമർദ്ദനങ്ങളും അനീതിയും സർവ്വത്ര നടമാടുകയും, അതിനിടയിൽ മതപരമായ നിർബ്ബന്ധകടമകൾ പോലും നിർവ്വഹിക്കുവാൻ നിവൃത്തിയില്ലാത്ത വിധം സ്ഥിതിഗതികൾ കഠിനമാവുകയും ചെയ്യുന്ന ചുറ്റുപാട് വരുമ്പോൾ, തന്റെ മതപരമായ നിത്യകടമകൾ നിർവ്വഹിക്കുവാൻ സാധിക്കുമാറ് സമൂഹത്തിൽനിന്ന് കഴിവതും അകന്നു നിൽക്കേണ്ടതായി വന്നേക്കും. പക്ഷേ, അത് ഒരു സന്യാസരൂപത്തിലോ ബ്രഹ്മചാരിയായിക്കൊണ്ടോ അല്ല. കേവലം ഒരു ഹിജ്‌റയായിരിക്കും അത്. അതാണ് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു ഹദീഥിൽ ഇങ്ങനെ പ്രസ്താവിച്ചത്. “മുസ്ലിമിന്റെ സ്വത്തിൽ വെച്ച് ഏറ്റവും ഉത്തമമായത്, കുഴപ്പങ്ങളിൽനിന്ന് തന്റെ മതവുമായി ഓടിരക്ഷപ്പെടുവാൻ വേണ്ടി പർവ്വതങ്ങളുടെ ഉച്ചിയും മഴപെയ്യുന്ന സ്ഥലങ്ങളും അന്വേഷിച്ചു പോകാവുന്ന ആട്ടിൻപറ്റമായിത്തീരുന്ന കാലം ആസന്നമായേക്കാവുന്നതാണ്. (ബു.) മരണവേളയിൽ കുറ്റവാളികളായ ആളുകൾ പറയുന്ന ഒഴികഴിവുകൾക്ക് മറുപടിയായി أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا (അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ, നിങ്ങൾക്ക് അതിൽ ഹിജ് റ പോകാമായിരുന്നില്ലേ?) എന്ന് പറയപ്പെടുമെന്ന് സൂ: നിസാഉ് 97ൽ അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ പ്രസ്താവ്യമാകുന്നു.
ഒരു വസ്തുത കൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത് സന്ദർഭോചിതമായിരിക്കും. ‘പുരോഗമനാശയക്കാ’രെന്ന മൂടുപടം അണിഞ്ഞുകൊണ്ട് ഇസ്ലാമിലെ ധാർമ്മിക മൂല്യങ്ങളെ നിഷ്‌കാസനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ – അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരിൽ ശബ്ദമുയർത്തുന്ന ചില ആളുകൾ തന്നെയും – വിരോധിക്കപ്പെട്ട സന്യാസവൃത്തതിൽ ഉൾപ്പെടാത്ത പലതിനെയും അതിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നത് ഇക്കാലത്ത് കാണാറുണ്ട്. സുന്നത്ത് നമസ്കാരങ്ങൾ, ദിക്‌ർ, ദുആ, സ്വലാത്ത്, ക്വുർആൻ പാരായണം, സുന്നത്തുനോമ്പ് ആദിയായ ആരധനാകർമ്മങ്ങൾ ആചരിക്കുന്നതുപോലും വിരോധിക്കപ്പെട്ട സന്യാസത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് അവയെ പരിഹാസ്യമാക്കിത്തള്ളുകയും, അത്തരം കർമ്മങ്ങൾ നിർവ്വഹിക്കുന്നവരെ പഴഞ്ചന്മാരും സന്യാസികളുമായി ചിത്രീകരിക്കുകയും ചെയ്യുക അവരുടെ ഒരു പതിവാണ്. ഇതെല്ലാം സന്യാസമാണെങ്കിൽ, ഇസ്ലാമിലെ സന്യാസത്തിന്റെ ഒന്നാമത്തെ മാതൃകാ നേതാവ് മുഹമ്മദ് മുസ്തഫാ തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും തുടർന്ന് അവിടുത്തെ സ്വഹാബികൾ തുടങ്ങിയ മുൻഗാമികളുമാണെന്ന് അവർ – അവർക്ക് ഇസ്ലാമിന്റെ മനസ്സാക്ഷിയോ സത്യവിശ്വാസമോ ഉണ്ടെങ്കിൽ – അറിഞ്ഞിരിക്കട്ടെ. സന്യാസത്തിന്റെ അനുയായികൾ ഇസ്ലാമിന്റെ പേരിൽ വെച്ചുകെട്ടിയ അനീതികൾ കുറച്ചൊന്നുമല്ല. എന്നാൽ ഇന്നത്തെ അത്തരം മതപരിഷ്കർത്താക്കൾ ഇസ്ലാമിൽനിന്നു വെട്ടിക്കുറച്ചുകളയുന്നതിന്റെ കെടുതികൾ അതിലേറെ ആപൽക്കരവും കഠിനതരവുമാകുന്നു. വേദക്കാരിൽ, അതിരുകവിഞ്ഞുപോകാതെയും തങ്ങളുടെ പ്രവാചകന്മാർ പഠിപ്പിച്ച മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കാതെയും നിലകൊള്ളുന്ന സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٨﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; (എന്നാൽ) അവന്റെ കാരുണ്യത്തിൽ നിന്നു രണ്ടു ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്. നിങ്ങൾക്കു കൊണ്ടുനടക്കുവാനുള്ള ഒരു പ്രകാശം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുകയും, നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനാണ്; കരുണാനിധിയാണ്.
- يَا اَيُّهَا الَّذِينَ ءَامَنُوا ഹേ,വിശ്വസിച്ചവരേ اتَّقُوا اللهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ وَءَامِنُوا വിശ്വസിക്കയും ചെയ്യുവിൻ بِرُسُلِهِ അവന്റെ റസൂലിൽ يُؤۡتِكُمۡ അവൻ നിങ്ങൾക്ക് നൽകും كِفۡلَيۡنِ രണ്ട് ഓഹരി (പങ്ക്,ഇരട്ടി) مِنۡ رَحۡمَتِهِ അവന്റെ കാരുണ്യത്തിൽ നിന്ന് وَيَجۡعَلَ لَكُمۡ നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും نُورًا ഒരു പ്രകാശം,വെളിച്ചം تَمۡشُونَ നിങ്ങൾ(ക്കു) നടക്കാവുന്ന بِهِ അതുമായി, അതുകൊണ്ട് وَيَغۡفِرۡ لَكُمۡ നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും َﷲُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَحِيمۡ കരുണാനിധിയാണ്
വേദക്കാർ തങ്ങളുടെ മുൻപ്രവാചകന്മാരിൽ വിശ്വസിച്ചിരിക്കുകയും, പിന്നീട് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയിലും വിശ്വസിക്കുകയും ചെയ്യുന്നപക്ഷം, അവർക്ക് അല്ലാഹുവിങ്കൽ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നും, തങ്ങളുടെ യഥാർത്ഥ മതസിദ്ധാന്തങ്ങളിൽ നിന്നു അകന്നുകൊണ്ട് അന്ധകാരത്തിൽ മുഴുകികിടക്കുകയായിരുന്ന അവർക്ക് മേലില്‍ സൻമാർഗം കണ്ടെത്തുവാനുള്ള വെളിച്ചം – അഥവാ മാർഗദർശനം – സിദ്ധിക്കുമെന്നും, പാപങ്ങൾക്ക് മോചനം ലഭിക്കുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ‘പ്രകാശം’ കൊണ്ടുള്ള ഉദ്ദേശം ഇപ്പറഞ്ഞതിൽ നിന്ന് വ്യക്തമായല്ലോ. മുമ്പ് 12-ാം വചനത്തിൽ പ്രസ്താവിക്കപ്പെട്ടതും പരലോകത്തുവെച്ച് സത്യവിശ്വാസികൾക്ക് ലഭിക്കുന്നതുമായ ആ പ്രകാശമാണ് ഇവിടെയും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും അഭിപ്രായമുണ്ട്. ആദ്യം പറഞ്ഞതിനാണ് കൂടുതൽ ന്യായം കാണുന്നത്. الله أعلم
നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: ‘മൂന്നു കൂട്ടർക്ക് അവരുടെ പ്രതിഫലം രണ്ടുപ്രാവശ്യം നൽകപ്പെടും. വേദക്കാരിൽപെട്ട മനുഷ്യൻ: അവൻ തന്റെ നബിയിൽ വിശ്വസിച്ചു; എന്നിലും വിശ്വസിച്ചു. അതിനാൽ അവന് രണ്ട് പ്രതിഫലമുണ്ട്. (അന്യന്റെ) ഉടമസ്ഥതയിലുള്ള അടിമയും; അവൻ അല്ലാഹുവിനോടുള്ള കടമയും, അവന്റെ യജമാനൻമാരോടുള്ള കടമയും നിർവ്വഹിച്ചു. അതിനാല്‍ അവനും രണ്ട് പ്രതിഫലമുണ്ട്. ഒരു മനുഷ്യനും: അവൻ തന്റെ അടിമസ്ത്രീക്ക് ശിക്ഷണം നൽകുക (മര്യാദ ശീലിപ്പിക്കുക)യും അത് നന്നായി ചെയ്യുകയും ചെയ്തു;പിന്നീട് അവൻ അവളെ വിവാഹം കഴിച്ചു. അതിനാൽ അവനും രണ്ട് പ്രതിഫലമുണ്ട് (ബു; മു).
- لِّئَلَّا يَعْلَمَ أَهْلُ ٱلْكِتَٰبِ أَلَّا يَقْدِرُونَ عَلَىٰ شَىْءٍ مِّن فَضْلِ ٱللَّهِ ۙ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٢٩﴿
- തങ്ങൾക്കു അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്നു യാതൊന്നിനും കഴിയുന്നതല്ലെന്ന് വേദക്കാർ അറിയേണ്ടതിനു വേണ്ടിയത്രെ (അത്); അനുഗ്രഹം അല്ലാഹുവിന്റെ കയ്യിലാണ് - അവൻ ഉദ്ദേശിക്കുന്നവർക്കു അതവൻ നൽകും - എന്നും (അറിയുവാൻ വേണ്ടി). അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
- لِئَلَّا يَعۡلَمَ അറിയേണ്ടതിനു വേണ്ടി اَهۡلُ الۡكِتَٰبِ വേദക്കാർ اَلَّا يَقۡدِرُونَ അവർക്കു കഴിയുകയില്ലെന്ന് عَلَی شَيۡئٍ യാതൊന്നിനും مِنۡ فَضۡلِ ﷲِ അല്ലാഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന് وَاَنَّ الۡفَضۡلَ ദയവ് (അനുഗ്രഹം) ആകുന്നു എന്നും بِيَدِ اﷲِ അല്ലാഹുവിന്റെ കയ്യിൽ يُؤۡتِيهِ അതവൻ നൽകും مَنۡ يَشَآء അവൻ ഉദ്ദേശിക്കുന്നവർക്ക് وَاﷲُ അല്ലാഹു ذُوالۡفَضۡلِ ദയവ് (അനുഗ്രഹം) ഉള്ളവനാണ് الۡعَظِيمِ മഹത്തായ, വമ്പിച്ച
തങ്ങൾ ഏതൊരു പ്രവാചകന്റെ അനുയായികളാണോ ആ പ്രവാചകൻ മാത്രമേ സത്യപ്രവാചകനായുള്ളൂ. തങ്ങൾ സ്വീകരിച്ച മാർഗം മാത്രമേ അല്ലാഹുവിങ്കൽ സ്വീകാര്യമായുള്ളൂ. സ്വർഗ്ഗം തങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നൊക്കെയായിരുന്നു വേദക്കാരുടെ വാദങ്ങൾ . പ്രസ്തുത വാദങ്ങളുടെ ഖണ്ഡനം അടങ്ങുന്നതാണ് ഈ വചനം. മുഹമ്മദ് (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയിൽ വിശ്വസിക്കുന്നവർക്ക് മേൽവിവരിച്ചത് പോലെയുള്ള അനുഗ്രഹങ്ങൾ ലഭിക്കുമെന്നും, അദ്ദേഹത്തിൽ വിശ്വസിക്കാത്തവർ – അവർ മുൻപ്രവാചകന്മാരിൽ വിശ്വസിച്ചിട്ടുണ്ടെങ്കിലും ശരി – അവിശ്വാസികൾ ആയിരിക്കുമെന്നും നിശ്ചയിച്ചതിൽ അടങ്ങിയ തത്വം വേദക്കാരെ അത് മനസ്സിലാക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക എന്നത് ഒരു കൂട്ടർക്കുള്ള കുത്തകയൊന്നുമല്ല. അത് അല്ലാഹുവിന്റെ സ്വയം അധികാരത്തിൽപെട്ടതാണ്; അവൻ ഉദ്ദേശിച്ചവർക്ക് അവനത് നൽകും; പ്രവാചകത്വം നൽകേണ്ടത് ആർക്കെല്ലാമാണെന്നും, അനുഗ്രഹം നൽകേണ്ടത് ആർക്കെല്ലാമാണെന്നുമുള്ള കാര്യം അവൻ കണക്കാക്കുന്നതാണ്. അവനാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാകുന്നു . ഇതാണ് ആ തത്വം. ഇതവർ അറിഞ്ഞിരിക്കുവാനാണ് ഇത് (28-ാം വചനത്തിലെ ഉള്ളടക്കം) അവരെ അറിയിക്കുന്നത് എന്ന് സാരം.
(ലി – അൽ-ലാ – യഅ് ലമ) لِّئَلَّا يَعْلَمَ എന്ന വാക്കിനാണ് ‘അറിയേണ്ടതിനുവേണ്ടി’ എന്ന് നാം അർത്ഥം കൽപ്പിച്ചിരിക്കുന്നത്. لا (ലാ) എന്ന നിഷേധത്തിന്റെ അവ്യയത്തിന് കഴിഞ്ഞ് അദ്ധ്യായം 75-ാം വചനത്തിൽ കണ്ടതുപോലെ – പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ഒരു വാചകത്തിലെ ആശയത്തിൽ അസ്പഷ്ടമായ വല്ല നിഷേധവും അടങ്ങിയിരിക്കുമ്പോൾ, ആ വാചകത്തിൽ ഇങ്ങനെ ഒരു ‘ലാ’ കൊണ്ടുവരപ്പെടുന്ന സമ്പ്രദായം അറബികളിൽ പതിവുണ്ട്. ഇതിനു ഖുർആനിൽ വേറെയും ഉദാഹരണങ്ങളുണ്ട്. അവയിൽ ഒന്നാണ് (7:12 ൽ) مَا مَنَعَكَ أَلَّا تَسْجُدَ എന്ന വാക്യം. ‘സുജൂദ് ചെയ്യാതിരിക്കുന്നതിന് നിനക്ക് മുടക്കുണ്ടാക്കിയത് എന്താണ് എന്നായിരിക്കും ഇതിന് വാക്കർത്ഥം വരുക. പക്ഷേ, ഉദ്ദേശ്യം അതല്ല. ‘സുജൂദ് ചെയ്യുന്നതിനു നിനക്ക് മുടക്കുണ്ടാക്കിയത് എന്താണ്’ എന്നാകുന്നു. അതുപോലെത്തന്നെയാണ് ഇവിടെയും. ‘ലാ’ കൂടാതെയും (‘എന്ന് لِيَعْلَمَ) ഇവിടെ വായിക്കപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു. ചുരുക്കം ചില വ്യാഖ്യാതാക്കൾ ‘ലാ’ യുടെ നിഷേധാർത്ഥം പരിഗണിച്ചു കൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വ്യാഖ്യാനിച്ചൊപ്പിക്കുവാൻ സാഹസപ്പെട്ട് കാണാറുണ്ട്. പക്ഷേ, ഭാഷാസാഹിത്യത്തിൽ സ്വീകരിക്കപ്പെടാറുള്ള ഒരു ശൈലിയാണിത്, എന്നിരിക്കെ, ആ സാഹസത്തിന് പിന്നെ ബുദ്ധിമുട്ടേണ്ടുന്ന ആവശ്യമില്ലല്ലോ. والله أعلم
ولله الحمد وله المنة والفضل