സൂറത്തുല്‍ ഹദീദ് : 011-019
വിഭാഗം - 2
- مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ ﴾١١﴿
- ആരുണ്ട്, അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവന്‍?! എന്നാല്‍, അവന്‍ അതിനെ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്; അവന് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
- مَّن ذَا ആരുണ്ട് (ആരാണ്) ഇങ്ങനെയുള്ളവന്‍ الَّذِي يُقْرِضُ കടം കൊടുക്കുന്നവന്‍ اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം فَيُضَاعِفَهُ എന്നാലത് അവന്‍ ഇരട്ടിപ്പിച്ചുകൊടുക്കും لَهُ അവന്ന്‍ وَلَهُ അവന്ന്‍ ഉണ്ടായിരിക്കുന്നതുമാണ് أَجْرٌ كَرِيمٌ മാന്യമായ (ഉദാരമായ) പ്രതിഫലം, കൂലി.
സല്‍ക്കാര്യങ്ങളില്‍ ധനം ചിലവഴിക്കുവാന്‍ സത്യവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലധികം എന്ത് വാചകമാണ് പറയുവാനുള്ളത്? ആരുണ്ട് അല്ലാഹുവിന് കൊടുക്കുവാന്‍ തയ്യാറുള്ളവര്‍? അതും ധര്‍മ്മമായിട്ടല്ല, കടമായിട്ടുമാത്രം. പക്ഷേ, നല്ല നിലക്കുള്ള കടമായിരിക്കണം. അത് തക്കസമയത്ത് തിരിച്ചു കിട്ടുമെന്ന് മാത്രമല്ല, മറ്റാരില്‍നിന്നും ലഭിക്കാത്ത തോതില്‍ വര്‍ദ്ധനവോടെയായിരിക്കും ലഭിക്കുക. ഇരട്ടിക്കണക്കില്‍ – വേറെ ആയത്തുകളില്‍ പറഞ്ഞതുപോലെ, പത്തുമുതല്‍ എഴുന്നൂറുവരെയും, ചിലപ്പോള്‍ അതിലധികവും ഇരട്ടികളായി – അല്ലാഹു വര്‍ദ്ധിപ്പിച്ചുകൊടുക്കും. മാത്രമോ? ഉദാരവും മാന്യവുമായ പ്രതിഫലം അതിനുപുറമെയും!. വിശ്വാസത്തോടും, സദുദ്ദേശ്യത്തോടുംകൂടി, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉന്നംവെച്ചുകൊണ്ടുള്ളത് എന്നത്രെ നല്ലതായ കടം (قَرْضًا حَسَنًا) എന്ന് പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹുവില്‍ വിശ്വസിക്കാത്തവന്റെയും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമല്ലാത്ത മറ്റുവല്ലതിനെയും ഉദ്ദേശിക്കുന്നവന്റെയും കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനയില്ല എന്ന് ക്വുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു ഹദീഥില്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍ നിന്ന് ഒരു കാരക്കക്ക് സമാനമായതിനെ ധര്‍മ്മം ചെയ്‌താല്‍ – പരിശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയുമില്ല – അത് തന്റെ വലങ്കൈകൊണ്ട് (സന്തോഷപൂര്‍വ്വം) അല്ലാഹു സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങളൊരാള്‍ തന്റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളര്‍ത്തുന്നതുപോലെ അവന്‍ അതിന്റെ ആള്‍ക്കുവേണ്ടി അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും, അങ്ങനെ, അത് മലപോലെ ആയിത്തീരും.’ (ബു; മു). അല്ലാഹു വാങ്ങുന്ന കടം മടക്കിക്കിട്ടുന്ന സന്ദര്‍ഭം ഏതാണെന്ന് അടുത്ത ആയത്തില്‍ വെളിവാക്കുന്നു:-
- يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾١٢﴿
- സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പ്രകാശം, അവരുടെ മുമ്പിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കുന്നതായി നീ കാണുന്ന ദിവസം! (അവരോട് പറയപ്പെടും:) 'ഇന്ന് നിങ്ങള്‍ക്ക് അനുമോദനം (അഥവാ സന്തോഷ വാര്‍ത്ത), അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായ നിലയില്‍.' അതുതന്നെയാണ്, വമ്പിച്ച ഭാഗ്യം.
- يَوْمَ تَرَى നീ കാണുന്ന ദിവസം الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ വിശ്വാസിനികളെയും يَسْعَىٰ പായുന്ന (സഞ്ചരിക്കുന്ന)തായിട്ട് نُورُهُم അവരുടെ പ്രകാശം, വെളിച്ചം, ശോഭ بَيْنَ أَيْدِيهِمْ അവരുടെ മുന്നിലൂടെ وَبِأَيْمَانِهِم അവരുടെ വലതു ഭാഗങ്ങളിലും بُشْرَاكُمُ നിങ്ങളുടെ അനുമോദനം, സന്തോഷവാര്‍ത്ത الْيَوْمَ ഇന്ന് جَنَّاتٌ ചില സ്വര്‍ഗ്ഗങ്ങളാണ്, തോപ്പുകളാണ് تَجْرِي സഞ്ചരിക്കുന്ന, ഒഴുകും مِن تَحْتِهَا അതിന്റെ അടിയില്‍കൂടി الْأَنْهَارُ അരുവി (നദി)കള്‍ خَالِدِينَ فِيهَا അതില്‍ നിത്യ (ശാശ്വത) വാസികളായ നിലക്ക് ذَٰلِكَ هُوَ അത് തന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ
- يَوْمَ يَقُولُ ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَـٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ ﴾١٣﴿
- (അതായത്) കപടവിശ്വാസികളും, കപടവിശ്വാസിനികളും വിശ്വസിച്ചവരോട് പറയുന്ന ദിവസം: ‘ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് (അല്‍പം) പകര്‍ത്തിയെടുക്കട്ടെ!’ എന്ന്. (അവരോട്) പറയപ്പെടും: ‘നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിന്‍, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍!’ അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു വാതില്‍ ഉള്ളതായ അതിര്‍ത്തിമറ (അഥവാ മതില്‍) ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, അതിലാണ് കാരുണ്യം [സ്വര്‍ഗ്ഗം]; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ [നരകം].
- يَوْمَ يَقُولُ പറയുന്ന ദിവസം الْمُنَافِقُونَ കപടവിശ്വാസികള്‍ وَالْمُنَافِقَاتُ കപടവിശ്വാസിനികളും لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് انظُرُونَا ഞങ്ങളെ നോക്കണേ, കാക്കണം نَقْتَبِسْ ഞങ്ങള്‍ പകര്‍ത്തിയെടുക്കട്ടെ (എടുത്തുപയോഗിക്കട്ടെ) مِن نُّورِكُمْ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് قِيلَ പറയപ്പെടും ارْجِعُوا നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَرَاءَكُمْ നിങ്ങളുടെ പിന്നോട്ട്, പുറകിലേക്ക് فَالْتَمِسُوا എന്നിട്ടന്വേഷിക്കുവിന്‍, തേടുക نُورًا വല്ല പ്രകാശവും فَضُرِبَ അപ്പോള്‍ ഏര്‍പ്പെടുത്ത (സ്ഥാപിക്ക - ആക്ക)പ്പെടും بَيْنَهُم അവര്‍ക്കിടയില്‍ بِسُورٍ ഒരു മതിലിനെ, മറയെ, അതിര്‍ത്തിയെ لَّهُ അതിനുണ്ട് بَابٌ ഒരു വാതില്‍ بَاطِنُهُ അതിന്റെ ഉള്ള് فِيهِ അതിലുണ്ട്, അതിലാണ് الرَّحْمَةُ കാരുണ്യം, ദയവ് وَظَاهِرُهُ അതിന്റെ പുറം, വെളിഭാഗം مِن قِبَلِهِ അതിന്റെ നേരില്‍ (ഭാഗത്തില്‍) കൂടിയാണ് الْعَذَابُ ശിക്ഷ
- يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ ﴾١٤﴿
- അവര്‍ അവരെ [സത്യവിശ്വാസികളെ] വിളിച്ചു പറയും: 'ഞങ്ങള്‍ (ഇഹത്തില്‍) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ!' അവര്‍ പറയും: 'അതെ, പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി; നിങ്ങള്‍ (സത്യവിശ്വാസികള്‍ക്ക് ആപത്ത്) പ്രതീക്ഷിച്ചു കൊണ്ടിരിക്കയും, (മതത്തില്‍) സന്ദേഹപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു; അല്ലാഹുവിന്റെ കല്‍പന [മരണം] വന്നെത്തുന്നതുവരെയും വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു.
- يُنَادُونَهُمْ അവര്‍ അവരെ വിളിച്ചു പറയും أَلَمْ نَكُن ഞങ്ങള്‍ ആയിരുന്നില്ലേ مَّعَكُمْ നിങ്ങളുടെ കൂടെ قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതേ, അതെ, ശരി وَلَـٰكِنَّكُمْ എങ്കിലും നിങ്ങള്‍ فَتَنتُمْ നിങ്ങള്‍ കുഴപ്പത്തിലാക്കി أَنفُسَكُمْ നിങ്ങളുടെ ദേഹങ്ങളെ (നിങ്ങളെത്തന്നെ) وَتَرَبَّصْتُمْ നിങ്ങള്‍ പ്രതീക്ഷിക്കുക (കാത്തിരിക്കുക)യും ചെയ്തു وَارْتَبْتُمْ നിങ്ങള്‍ സന്ദേഹം വെക്കുക (സംശയപ്പെടുക) യും ചെയ്തു وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു الْأَمَانِيُّ വ്യാ (ദുര്‍) മോഹങ്ങള്‍, കൊതികള്‍ حَتَّىٰ جَاءَ വരുവോളം, അങ്ങിനെ വന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പന وَغَرَّكُم നിങ്ങളെ വഞ്ചിക്കുകയും ചെയ്തു بِاللَّـهِ അല്ലാഹുവിനെപ്പറ്റി الْغَرُورُ (ആ) മഹാ വഞ്ചകന്‍
- فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ ﴾١٥﴿
- 'എനി, ഇന്ന് നിങ്ങളില്‍ നിന്നാകട്ടെ, അവിശ്വസിച്ചവരില്‍നിന്നാകട്ടെ, യാതൊരു തെണ്ടവും [പ്രായശ്ചിത്തവും] സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ സങ്കേത സ്ഥാനം നരകമാകുന്നു; അതത്രെ നിങ്ങള്‍ക്ക് (ഏറ്റവും യോജിച്ച) ബന്ധു!' (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്തതന്നെ!
- فَالْيَوْمَ എനി (ആകയാല്‍) ഇന്ന് لَا يُؤْخَذُ مِنكُمْ നിങ്ങളില്‍നിന്ന്‍ സ്വീകരിക്കപ്പെടുകയില്ല فِدْيَةٌ ഒരു തെണ്ടവും, മോചനമൂല്യവും, പ്രായശ്ചിത്തവും وَلَا مِنَ الَّذِينَ യാതൊരുത്തരില്‍നിന്നും ഇല്ല كَفَرُوا അവിശ്വസിച്ച مَأْوَاكُمُ നിങ്ങളുടെ സങ്കേത (വാസ - വിശ്രമ - പ്രാപ്യ) സ്ഥാനം النَّارُ നരകമാകുന്നു هِيَ അത് مَوْلَاكُمْ നിങ്ങളുടെ ബന്ധു (യോജിച്ചത് - രക്ഷാധികാരി - യജമാനന്‍) ആകുന്നു وَبِئْسَ വളരെ ചീത്ത, മോശം الْمَصِيرُ (ആ) തിരിച്ചു (മടങ്ങി) ചെല്ലുന്ന സ്ഥാനം, തിരിച്ചെത്തല്‍
പരലോകത്തുവെച്ചു സത്യവിശ്വാസികളുടെ മുമ്പിലും വലതുഭാഗത്തും ഉണ്ടാകുന്ന ആ പ്രകാശം എങ്ങനെയുള്ളതാണെന്നു തീര്‍ത്തു പറയുവാന്‍ നമുക്കു സാധ്യമല്ല. സത്യവിശ്വാസികളുടെ മുഖങ്ങള്‍ അന്നു വെളുത്തും തെളിഞ്ഞും പ്രസന്നമായും ഇരിക്കുമെന്നും, അവിശ്വാസികളുടെ മുഖങ്ങള്‍ അന്നു കറുത്തിരുണ്ടും മ്ലാനവുമായിരിക്കുമെന്നും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട് (80: 38-40; 3:106). സജ്ജനങ്ങളുടെ നന്മതിന്മകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവരുടെ മുമ്പില്‍കൂടി വലതു കയ്യിലും, ദുര്‍ജ്ജനങ്ങളുടേതു അവരുടെ പിമ്പില്‍കൂടി ഇടതുകയ്യിലും ആയിരിക്കും നല്‍കപ്പെടുക എന്ന് ക്വുര്‍ആനിലും ഹദീഥിലും പ്രസ്താവിക്കാറുള്ളതാണ് (69:19, 25; 84:7,10). ‘വുദ്വൂ’വിന്റെ അടയാളങ്ങള്‍ നിമിത്തം എന്റെ സമുദായത്തെ ക്വിയാമത്തുനാളില്‍ കൈകാലുകള്‍ വെളുത്തവര്‍ (ശോഭിക്കുന്നവര്‍) എന്ന് വിളിക്കപ്പെടും; ആകയാല്‍ നിങ്ങളില്‍നിന്നു മുഖം നീട്ടികഴുകുവാന്‍ സാധിക്കുന്നവര്‍ ചെയ്തുകൊള്ളട്ടെ’ എന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അരുളിച്ചെയ്തിരിക്കുന്നു (ബു; മു). ‘ജനങ്ങള്‍ക്ക് അവരുടെ കര്‍മ്മങ്ങളുടെ തോതനുസരിച്ച് – ചിലര്‍ക്ക് അതിവിശാലമായും, ചിലര്‍ക്ക് അതിനു താഴെയും, മറ്റു ചിലര്‍ക്ക് വളരെ കുറഞ്ഞ നിലയിലും – പ്രകാശം ലഭിക്കുമെന്നും, അതിന്റെ സഹായത്തോടെ അവര്‍ ‘സ്വിറാത്വ് (الصراط) കടന്നുപോകുമെന്നും* ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നും, ക്വത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍നിന്നുമുള്ള ചില ‘രിവായത്തു’ കളിലും വന്നിരിക്കുന്നു. അല്ലാഹുവിന്റെ സ്മരണവിട്ട് അന്ധരായി ജീവിക്കുന്നവരെ ഖിaയാമത്തുനാളില്‍ അന്ധന്‍മാരായി ഒരുമിച്ചുകൂട്ടുമെന്ന് സൂ: ത്വാഹാ 124ലും കാണാം. ‘അക്രമം ക്വിയാമത്തുനാളില്‍ അന്ധകാരങ്ങളായിരിക്കും’ (ബു; മു) എന്ന നബി വചനവും സ്മരണീയമാകുന്നു. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന സജ്ജനങ്ങള്‍ക്ക് അവരുടേതായ പ്രതിഫലവും പ്രകാശവും ഉണ്ടായിരിക്കുമെന്ന് താഴെ 19-ാം വചനത്തിലും കാണാം.
(*). സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുവാനുള്ളതും, നരകത്തിനു മീതെയായി നീണ്ടുകിടക്കുന്നതുമായ ഒരു പാലമായിട്ടാണ് ‘സ്വിറാത്വ്’ (الصراط) എന്ന വാക്ക് ഹദീഥുകളില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ‘പാത, വഴി’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. സജ്ജനങ്ങള്‍ അതുവഴി അവരവരുടെ യോഗ്യതയനുസരിച്ച് വേഗതയില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും, ദുര്‍ജ്ജനങ്ങള്‍ അതു കടക്കുവാന്‍ കഴിയാതെ നരകത്തില്‍ വീഴ്ത്തപ്പെടുമെന്നും ഹദീഥുകളില്‍ വന്നിരിക്കുന്നു.
സത്യവിശ്വാസികളുടെ പ്രകാശത്തെപ്പറ്റി ഏറെക്കുറെ മനസ്സിലാക്കുവാന്‍ ഇതെല്ലാം സഹായകമായിരിക്കും. നേരെമറിച്ച് അവിശ്വാസികള്‍ക്കും, കപടവിശ്വാസികള്‍ക്കും അനുഭവപ്പെടുന്ന ഇരുട്ടിനെക്കുറിച്ചും ഇതില്‍നിന്നെല്ലാം ഊഹിക്കാവുന്നതാണ്. വെളിച്ചവും മാര്‍ഗ്ഗദര്‍ശനവുമില്ലാതെ മഹ്ശറില്‍വെച്ചു അന്ധാളിച്ച് നട്ടം തിരിയുന്ന കപടവിശ്വാസികള്‍ സത്യവിശ്വാസികളുടെ പ്രകാശം കാണുമ്പോള്‍ അവരോട് സഹായം തേടുന്നതും, അതിനു ലഭിക്കുന്ന മറുപടിയുമാണ് അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നത്. ‘നിങ്ങള്‍ പിന്നോട്ട് മടങ്ങുവിന്‍, എന്നിട്ട് വല്ലപ്രകാശവും, അന്വേഷിച്ചു കൊള്ളുവിന്‍’ (ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا) എന്ന് പറഞ്ഞതിന്റെ താല്‍പര്യം, നിങ്ങള്‍ ഇഹലോകത്തേക്ക് മടങ്ങിനോക്കിന്‍, അവിടെനിന്നാണ് പ്രകാശത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സമ്പാദിക്കേണ്ടിയിരിക്കുന്നത്, അതു നിങ്ങള്‍ നഷ്ടപ്പെടുത്തി. എനി ഒന്നുകൂടി മടങ്ങിപ്പോയി അതു സമ്പാദിക്കുവാന്‍ നോക്കുക എന്നിങ്ങിനെയായിരിക്കാം. അല്ലെങ്കില്‍, നിങ്ങള്‍ വന്നവഴിക്കുതന്നെ പിമ്പോട്ടൊന്നു മടങ്ങിപ്പോയി അന്വേഷിച്ചു നോക്കിന്‍ എന്നുമായിരിക്കാം. ഏതായാലും, നിങ്ങള്‍ക്ക് ഇവിടെവെച്ച് പ്രകാശം ലഭിക്കുവാനില്ല എന്നാണ് മറുപടിയുടെ സാരം എന്ന് വ്യക്തമാണ്. ഇരുഭാഗക്കാര്‍ക്കും ഇടയില്‍ സ്ഥാപിക്കപ്പെടുന്ന മതില്‍ – അതിര്‍ത്തിമറ – എങ്ങനെയുള്ളതാണെന്നും നമുക്കറിഞ്ഞുകൂടാ. ഏതായാലും അതിന്റെ വാതില്‍ കടന്നു ഉള്ളോട്ട് പോയാല്‍ അവിടെ സത്യവിശ്വാസികളും അവര്‍ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന സ്വര്‍ഗ്ഗാനുഗ്രഹങ്ങളും, അതിന്റെ പിന്‍പുറത്ത് കപടവിശ്വാസികളും അവിശ്വാസികളും അവര്‍ക്ക് ലഭിക്കുന്ന നരകശിക്ഷകളും ആയിരിക്കും ഉണ്ടാവുക. രണ്ടിനുമിടയിലുള്ള ഒരതിര്‍ത്തിയായിരിക്കും അത്.
‘ഞങ്ങള്‍ നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ?’ (أَلَمْ نَكُن مَّعَكُمْ) എന്നു പറഞ്ഞത് ഇഹത്തില്‍വെച്ച് കപടവിശ്വാസികള്‍ മുസ്‌ലിംവേഷമണിഞ്ഞ് ബാഹ്യത്തില്‍ അവരോട് സമ്പര്‍ക്കം പുലര്‍ത്തികൊണ്ടിരുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ്. പക്ഷേ, അവരുടെ യഥാര്‍ത്ഥനില ഇന്നിന്നപ്രകാരമായിരുന്നുവെന്നും, അതുകൊണ്ട് ഇവിടെവെച്ച് നമുക്ക് സഹകരിക്കുവാന്‍ നിവൃത്തിയില്ലെന്നും സത്യവിശ്വാസികള്‍ ഉത്തരം പറയുന്നു. ‘നിങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു’ (تَرَبَّصْتُمْ) എന്ന് പറഞ്ഞതിന്റെ സാരം, മുസ്ലിംകള്‍ക്ക് ഏതെങ്കിലും വിധേന അപകടം പിണയുകയും, അങ്ങനെ തങ്ങള്‍ക്ക് അവരില്‍നിന്ന് രക്ഷനേടുകയും ചെയ്യാമെന്ന് കപടവിശ്വാസികള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നുവെന്നത്രെ’. അല്ലെങ്കില്‍, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളെല്ലാം പാഴാക്കി പിന്നീടാക്കാമെന്ന് കാത്തിരുന്നു എന്നും ആയിരിക്കാം. الله أعلم ‘അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മരണം വരെ എന്നും ‘മഹാവഞ്ചകന്‍’ എന്നതിന്റെ ഉദ്ദേശ്യം പിശാച് എന്നുമാകുന്നു. കപടവിശ്വാസികളുടെ പര്യവസാനത്തെക്കുറിച്ച് പലതും പ്രസ്താവിച്ചശേഷം, സത്യവിശ്വാസികള്‍ എപ്പോഴും വളരെ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അവരുടെ ഭാവി വിനാശത്തിലേക്ക് നീങ്ങുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു:-
- أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ ﴾١٦﴿
- വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാര്‍ത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ (ഒതുങ്ങി) വിനയപ്പെട്ടുവരുവാന്‍ സമയമായില്ലേ?! മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ അവര്‍ ആകാതിരിക്കുവാനും (സമയമായില്ലേ)?! എന്നിട്ട് അവരില്‍ [വേദക്കാരില്‍] കാലം ദീര്‍ഘിച്ചു; അങ്ങനെ, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി; അവരില്‍ അധികമാളുകളും ദുര്‍ന്നടപ്പുകാരുമാകുന്നു. (എന്നതുപോലെ).
- أَلَمْ يَأْنِ സമയം (നേരം) ആയിട്ടില്ലേ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു أَن تَخْشَعَ വിനയ (ഭക്തി)പ്പെടുവാന്‍, ഒതുങ്ങുവാന്‍ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ لِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്കു (ഉപദേശത്തിലേക്കു, ഉല്‍ബോധനത്തിനു) وَمَا نَزَلَ ഇറങ്ങിയ (അവതരിച്ച)തിലേക്കും مِنَ الْحَقِّ യഥാര്‍ത്ഥ (സത്യ) ത്തില്‍ നിന്നു وَلَا يَكُونُوا അവര്‍ ആകാതിരിക്കുവാനും كَالَّذِينَ യാതൊരുവരെപ്പോലെ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلُ മുമ്പ് فَطَالَ എന്നിട്ടു ദീര്‍ഘിച്ചു, നീണ്ടു عَلَيْهِمُ അവരില്‍ الْأَمَدُ കാലം فَقَسَتْ എന്നിട്ടു കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَكَثِيرٌ അധികമാൾ, പലരും مِّنْهُمْ അവരില്‍ നിന്നു فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്
വളരെ ഗൗരവപൂര്‍വ്വം മുസ്ലിംകള്‍ സദാ മനസ്സിരുത്തേണ്ടുന്ന ഒരു താക്കീതാണിത്. ക്വുര്‍ആന്‍ അവതരിച്ചു കൊണ്ടിരിക്കുന്നു, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി സത്യവിശ്വാസികള്‍ക്കിടയില്‍ ജീവിച്ചുവരുന്നു. അങ്ങനെയുള്ള അക്കാലത്തു – മുസ്ലിം സമുദായത്തിന്റെ ഏറ്റവും ഉത്തമകാലത്ത് – സത്യവിശ്വാസികളില്‍ ചിലരില്‍ നിന്നെങ്കിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയ അനാസ്ഥയെക്കുറിച്ചാണല്ലോ ഈ വചനം ഇത്രയും ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നത്! എന്നിരിക്കെ, ഇന്നത്തെ മുസ്ലിംകളുടെ നിലയെക്കുറിച്ച് ഒരു താക്കീതു വരികയാണെങ്കില്‍ അതു എത്രമേല്‍ കഠോരമായിരിക്കും? ആലോചിച്ചു നോക്കുക!
ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ക്വത്താദഃ (رحمه الله) വഴി ഇബ്നു അബീഹാതിം (رحمه الله) നിവേദനം ചെയ്തിരിക്കുന്നു: “സത്യവിശ്വാസികളുടെ ഹൃയങ്ങള്‍ക്ക് ഒരു മാന്ദ്യത ബാധിച്ചതായി അല്ലാഹു കണ്ടു. അതിനാല്‍, ക്വുര്‍ആന്‍ അവതരിച്ചു തുടങ്ങിയത് മുതല്‍ പതിമൂന്നു കൊല്ലക്കാലത്തിന്റെ തലക്കല്‍വെച്ചു അവരെ ആക്ഷേപിക്കുകയായി. അവന്‍ പറഞ്ഞു: أَلَمْ يَأْنِ لِلَّذِينَ آمَنُوا الخ (സത്യവിശ്വാസികള്‍ക്ക് സമയമായില്ലേ…..?!)’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം (رحمه الله) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘സത്യവിശ്വാസികള്‍ക്കു സമയമായില്ലേ’ എന്നു തുടങ്ങുന്ന ഈ വചനം മുഖേന ഞങ്ങളെ ആക്ഷേപിച്ചതിനും, ഞങ്ങള്‍ ഇസ്ലാമിനെ അംഗീകരിച്ചതിനുമിടയില്‍ നാലു സംവത്സരമല്ലാതെ ഉണ്ടായിട്ടില്ല.’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) തന്നെ പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള വേറൊരു രിവായത്തിന്റെ സാരം ഇതാണ്: ‘നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) സ്വഹാബികള്‍ മദീനായില്‍ വന്നപ്പോള്‍ അവര്‍ക്കു ജീവിതത്തില്‍ കുറച്ചൊക്കെ സൗഖ്യം ലഭ്യമായി. അവര്‍ മുമ്പ് വലിയ വിഷമാവസ്ഥയിലായിരുന്നുവല്ലോ. അങ്ങനെ, അവരുടെ മുമ്പത്തെ നിലപാടില്‍ അല്‍പമൊരു അയവ് വന്നുവെന്നു തോന്നുന്നു. അതിനാല്‍ അവര്‍ ഈ ആയത്തു മൂലം ആക്ഷേപിക്കപ്പെട്ടിരിക്കുകയാണ്.’ ഈ വചനം അവതരിക്കുവാനുള്ള സാഹചര്യം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാമല്ലോ.
വളരെ അര്‍ത്ഥവത്തായ രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇതില്‍ സത്യവിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
(1) അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും നിലനിറുത്തുന്നതിലും, ക്വുര്‍ആന്റെ ഉല്‍ബോധനങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതിലും ഒട്ടും അയവു വരാത്തവിധം സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ വിനയവും ഭക്തിയും നിറഞ്ഞതായിരിക്കുക.
(2) യഹൂദികളും കൃസ്ത്യാനികളുമാകുന്ന പൂര്‍വ്വ വേദക്കാര്‍ അവരുടെ ആദ്യകാലങ്ങളില്‍ നേര്‍മാര്‍ഗ്ഗത്തില്‍ ചരിച്ചുവെങ്കിലും, കാലക്രമേണ അവരുടെ ഹൃദയം ദുഷിച്ചുമരവിക്കുകയും തോന്നിയവാസത്തില്‍ മുഴുകുകയും ചെയ്തതുപോലെ സത്യവിശ്വാസികളും ആയിത്തീരാതിരിക്കുവാന്‍ ശ്രമിക്കുക. രണ്ടുകാര്യങ്ങളും പരസ്പരം അഭേദ്യബന്ധമുള്ളതാണെന്നു കാണാം. അഥവാ അല്ലാഹുവിനെക്കുറിച്ചും, വേദഗ്രന്ഥത്തെക്കുറിച്ചുള്ള മതിപ്പും ഭക്തിയും കുറയും തോറും വേദക്കാരുടെ അതേ നിലപാട് മുസ്ലിംകളില്‍ കടന്നുകൂടുക സ്വാഭാവികമായിരിക്കും. വേദക്കാര്‍ ചെയ്തതെന്താണ്? അവര്‍ വേദഗ്രന്ഥങ്ങള്‍ മാറ്റി മറിച്ചു. സ്വാര്‍ത്ഥത്തിനും ഐഹികതാല്‍പര്യത്തിനും അനുസരിച്ചു നിയമങ്ങള്‍ ഭേദഗതി ചെയ്തു. അതാതു കാലത്തെ ജനവികാരത്തിനനുസരിച്ച് മതമൂല്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു; കള്ളകഥകളും പുത്തന്‍സിദ്ധാന്തങ്ങളും കെട്ടിച്ചമച്ചു; പുരോഹിതന്‍മാരെയും പണ്ഡിതന്‍മാരെയും റബ്ബുകളാക്കി; ഇച്ഛക്കൊത്തവണ്ണം ഗ്രന്ഥങ്ങള്‍ രചിക്കുകയും അവ ദൈവിക ഗ്രന്ഥങ്ങളായി ചിത്രീകരിക്കുകയും ചെയ്തു. ജീവിതത്തിന്റെ പല വശങ്ങളെയും മതത്തിന്റെ പരിധിയില്‍നിന്നു ഒഴിവാക്കി; അങ്ങനെ പലതും പലതും!
ആയിരത്തിനാന്നൂറു കൊല്ലംമുമ്പു – ഇസ്ലാമിന്റെ ആദ്യസംവത്സരങ്ങളില്‍ തന്നെ – അല്ലാഹു നല്‍കിയ ഈ താക്കീതും, അല്ലാഹുവിന്റെ റസൂല്‍ നല്‍കിയ താക്കീതുകളും വിലവെക്കാത്തതിനു ഫലമായി ഇന്നു മുസ്ലിം സമുദായം എവിടെ എത്തിയെന്ന് ആലോചിച്ചു നോക്കുക! അതെ, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ പ്രവചനം അക്ഷരം പ്രതി അവരില്‍ പുലര്‍ന്നുകഴിഞ്ഞു! തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ പ്രവചനം ഇതാണ്: ‘ഇസ്രാഈല്യരില്‍ സംഭവിച്ചത് ചെരുപ്പിന് ചെരുപ്പെന്നോണം നിശ്ചയമായും എന്റെ സമുദായത്തിലും സംഭവിക്കും. എത്രത്തോളമെന്നുവെച്ചാല്‍, അവരില്‍ വല്ലവരും തന്റെ മാതാവിന്റെ അടുക്കല്‍ പരസ്യമായി (വ്യഭിചാരത്തിനു) ചെന്നിട്ടുണ്ടെങ്കില്‍, എന്റെ സമുദായത്തിലും അങ്ങനെ പ്രവര്‍ത്തിക്കുന്നവരുണ്ടാകും. ഇസ്രാഈല്യര്‍ എഴുപത്തിരണ്ടു കക്ഷികളായി ഭിന്നിച്ചിരിക്കുന്നു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിച്ചേക്കും. അവരില്‍ ഒന്നൊഴിച്ച് ബാക്കി എല്ലാവരും നരകത്തിലായിരിക്കും.’ സ്വഹാബികള്‍ ചോദിച്ചു: ‘റസൂലേ, ആ കക്ഷി ആരാണ്?’ തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറഞ്ഞു: “ഞാനും എന്റെ സ്വഹാബികളും നിലക്കൊള്ളുന്ന പ്രകാരത്തിലുള്ളതാണ്” (തി). മറ്റൊരു ഹദീഥില്‍, കക്ഷികളെക്കുറിച്ച് പറഞ്ഞശേഷം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ സമുദായത്തില്‍ ചില ജനങ്ങള്‍ വഴിയെ പ്രത്യക്ഷപ്പെടും. പേപ്പട്ടിവിഷം തീണ്ടിയവനില്‍ അതു പടര്‍ന്നുപിടിക്കുന്നതുപോലെ ആ തന്നിഷ്ടങ്ങള്‍ അവരില്‍ പടര്‍ന്നുപിടിക്കും. അവന്റെ ഒരു അവയവും ഒരു സന്ധിയും അതു പ്രവേശിക്കാതെ ബാക്കിയാവുകയില്ലല്ലോ.” (അ; ദാ). യാഥാസ്ഥിതിക ചേരിയില്‍ നിന്നും, പുരോഗമന ചേരിയില്‍നിന്നും, പൊതുജനങ്ങളില്‍നിന്നും സ്ഥാപിതതാല്‍പര്യക്കാരായ പണ്ഡിതന്‍മാരില്‍ നിന്നുമെല്ലാം തന്നെ, ഇന്നു മുസ്‌ലിം സമുദായത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ചെയ്തികളെപ്പറ്റി അല്‍പമൊന്ന് ആലോചിക്കുന്നവര്‍ക്കെല്ലാം ഈ ഹദീഥുകളിലെ പ്രവചനവും, അതിനപ്പുറവും ഇന്നു പുലര്‍ന്നു കഴിഞ്ഞതായി മനസ്സിലാകും. അല്ലാഹുവില്‍ ശരണം!.
- ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ ﴾١٧﴿
- നിങ്ങള്‍ അറിഞ്ഞുകൊള്ളുക: ഭൂമി നിര്‍ജ്ജീവമായതിനുശേഷം അല്ലാഹു അതിനെ ജീവിപ്പിക്കുന്നു എന്ന്. തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു, നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍വേണ്ടി.
- اعْلَمُوا നിങ്ങള്‍ അറിഞ്ഞുകൊള്ളുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു يُحْيِي ജീവിപ്പിക്കുന്നു (എന്ന്) الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവാവസ്ഥക്കു) ശേഷം قَدْ بَيَّنَّا നാം വിവരിച്ചിട്ടുണ്ട് لَكُمُ നിങ്ങള്‍ക്കു الْآيَاتِ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധി (ചിന്ത) കൊടുക്കുവാന്‍ വേണ്ടി
വേദക്കാരില്‍ പടര്‍ന്നുപിടിച്ച പേപ്പട്ടിവിഷം പോലെയുള്ള തന്നിഷ്ടങ്ങള്‍ മുസ്ലിംകളെ തീണ്ടാതിരിക്കണമെങ്കില്‍ അല്ലാഹുവിന്റെ സ്മരണയും, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥവും കൈവിടാതിരിക്കണമെന്നു മേല്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാം. ഒരു ഉപമയില്‍കൂടി ആ വസ്തുത ഈ വചനത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നു. നിര്‍ജ്ജീവമായി ചൈതന്യമില്ലാതെ ഉണങ്ങിക്കിടക്കുന്ന ഭൂമിയില്‍ മഴവര്‍ഷിച്ചാല്‍ അതു പച്ചപിടിച്ചു ജീവസ്സുള്ളതായി രൂപാന്തരപ്പെടുന്നു. അതുപോലെയാണ് ഹൃദയത്തിന്റെ നിലയും. കടുത്തുചത്ത ഹൃദയങ്ങളില്‍ അല്ലാഹുവിന്റെ സ്മരണയും ക്വുര്‍ആനുമാകുന്ന മഴ വര്‍ഷിച്ചുതുടങ്ങിയാല്‍ അവര്‍ക്കു ജീവചൈതന്യം ഉണ്ടാകുന്നതും അവ നന്മകളെ ഉല്‍പാദിപ്പിക്കുന്നതുമായിരിക്കും. والله الموفق والمعين
- إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَـٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ ﴾١٨﴿
- നിശ്ചയമായും, ദാനധര്‍മ്മം ചെയ്യുകയും, അല്ലാഹുവിന് നല്ലതായ കടംകൊടുക്കുകയും ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും (ആരോ) അവര്‍ക്ക് ഇരട്ടിച്ചു കൊടുക്കപ്പെടുന്നതാണ്; അവര്‍ക്ക് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
- إِنَّ الْمُصَّدِّقِينَ നിശ്ചയമായും ദാനധര്‍മ്മം നല്‍കുന്ന പുരുഷന്‍മാര്‍ وَالْمُصَّدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَأَقْرَضُوا കടം കൊടുക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം يُضَاعَفُ لَهُمْ അവര്‍ക്ക് ഇരട്ടിയായി കൊടുക്കപ്പെടും وَلَهُمْ അവര്‍ക്കുണ്ട് താനും أَجْرٌ كَرِيمٌ മാന്യമായ പ്രതിഫലം, കൂലി
- وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَـٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ ﴾١٩﴿
- യാതൊരുവർ അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചുവോ, അക്കൂട്ടര്‍ തന്നെയാണ്, തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ 'സ്വീദ്ദീഖു'കളും, 'ശഹീദു'കളും [സത്യസന്ധന്‍മാരും, രക്തസാക്ഷികളും]. അവര്‍ക്ക് അവരുടേതായ പ്രതിഫലവും, അവരുടേതായ പ്രകാശവും ഉണ്ടായിരിക്കും. യാതൊരുവന്‍ അവിശ്വസിക്കുകയും, നമ്മുടെ ആയത്തു (ലക്‌ഷ്യം)കളെ വ്യാജമാക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു.
- وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ بِاللَّـهِ അല്ലാഹുവിലും وَرُسُلِهِ അവന്റെ റസൂലിലും, ദൂതന്‍മാരിലും أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെയാണ് الصِّدِّيقُونَ സ്വിദ്ദീഖുകള്‍, സത്യസന്ധന്‍മാര്‍ وَالشُّهَدَاءُ ശഹീദ് (രക്തസാക്ഷി)കളും عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ لَهُمْ അവര്‍ക്കുണ്ട് أَجْرُهُمْ അവരുടെ പ്രതിഫലം وَنُورُهُمْ അവരുടെ പ്രകാശവും وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്ത് (ലക്ഷ്യ ദൃഷ്ടാന്തം)കളെ أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു
സത്യവിശ്വാസത്തിലും, സത്യനിഷ്ഠയിലും അടിയുറച്ച സത്യസന്ധന്‍മാര്‍ക്കാന് ‘സ്വിദ്ദീഖു’കള്‍ എന്ന് പറയുന്നത്. സത്യമതത്തിനു വേണ്ടി ജീവനെ ബലിയര്‍പ്പിച്ച രക്തസാക്ഷി – അഥവാ സത്യസാക്ഷി-കള്‍ക്കാണ് ‘ശഹീദു’കള്‍ എന്ന് പറയുന്നത്. സ്വിദ്ദീഖിന്റെ സ്ഥാനം വിശ്വാസത്തിന്റെ ശക്തിയില്‍നിന്നും, ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയില്‍നിന്നും ഉടലെടുക്കുന്നു. പ്രവാചകന്‍മാരുടെ പദവി കഴിച്ചാല്‍ മനുഷ്യന് എത്തിച്ചേരുവാന്‍ കഴിയുന്ന ഉന്നത പദവികളത്രെ അവ. പ്രവാചകപദവി മനുഷ്യന്റെ കര്‍മഫലമായോ മറ്റോ ലഭിക്കുന്നതല്ല. അത് അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്റെ കാരുണ്യംകൊണ്ട് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. സ്വിദ്ദീഖിന്റെയും ശഹീദിന്റെയും സ്ഥാനമാകട്ടെ, വിശ്വാസകര്‍മ്മങ്ങളുടെ ഫലമായി സത്യവിശ്വാസികള്‍ക്കെല്ലാം ലഭിച്ചേക്കാവുന്നതുമാകുന്നു. ‘അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ തന്നെയാണ് സ്വിദ്ദീക്വുകളും, ശഹീദുകളും,’(وَالَّذِينَ آمَنُوا بِاللَّـهِ وَرُسُلِهِ الخ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. പക്ഷേ, വിശ്വസിച്ചവരെല്ലാം സ്വിദ്ദീഖു൦, ശഹീദും ആകുമെന്നോ, പ്രവര്‍ത്തനം കൂടാതെ വിശ്വാസം കൊണ്ടുമാത്രം ആ സ്ഥാനം നേടാമെന്നോ ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന് ദൃഢതയും പൂര്‍ണതയും ഉണ്ടെങ്കിലും തദടിസ്ഥാനത്തിലുള്ള ജീവിതക്രമവും അതിന്റെ സഹജഗുണമായിരിക്കുന്നതാണ്. സത്യവിശ്വാസം കൂടാതെയുള്ള ഏത് ജീവിതക്രമത്തിനും – അത് എത്രമേല്‍ നല്ലതോ പ്രശംസനീയമോ ആയിരുന്നാല്‍ പോലും – അല്ലാഹുവിങ്കല്‍ പരിഗണനയില്ല താനും. ‘അവിശ്വസിക്കുകയും നമ്മുടെ ആയത്തുകളെ വ്യാജമാക്കുകയും ചെയ്തവര്‍ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാണ്’ (وَالَّذِينَ كَفَرُوا وَكَذَّبُوا الخ) എന്ന് പറഞ്ഞതില്‍നിന്ന് തന്നെ ഇത് മനസ്സിലാക്കാം.