ലുഖ്‌മാൻ

മക്കായില്‍ അവതരിച്ചത്‌ – വചനങ്ങള്‍ 34 – വിഭാഗം (റുകൂഉ്‌) 4

(27 മുതല്‍ മൂന്നു വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും പക്ഷമുണ്ട്‌)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

31:1
  • الٓمٓ ﴾١﴿
  • ‘അലിഫ്-ലാം-മീം’. (*)
  • الٓمٓ - അലിഫ്‌-ലാം-മീം
31:2
  • تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ ﴾٢﴿
  • വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണിവ
  • تِلْكَ അവ, ഇവ, അതാ ءَايَـٰتُ ٱلْكِتَـٰبِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്‌, ലക്ഷ്യങ്ങളാണ്‌ ٱلْحَكِيمِ വിജ്ഞാനപ്രദമായ, യുക്തിപൂര്‍ണമായ
31:3
  • هُدًى وَرَحْمَةً لِّلْمُحْسِنِينَ ﴾٣﴿
  • നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിട്ടത്രെ (അതു സ്ഥിതിചെയ്യുന്നത്‌)
  • هُدًى മാര്‍ഗ്ഗദര്‍ശനമായിട്ട്‌ وَرَحْمَةً കാരുണ്യമായിട്ടും لِّلْمُحْسِنِينَ നന്മ ചെയ്യുന്നവര്‍ക്ക്‌, സല്‍ഗുണവാന്മാര്‍ക്ക്‌
31:4
  • ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْءَاخِرَةِ هُمْ يُوقِنُونَ ﴾٤﴿
  • അതായത്‌: നമസ്‌കാരം നിലനിറുത്തുകയും സകാത്തു കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്‌. അവരാകട്ടെ, പരലോകത്തില്‍ വിശ്വാസമുറപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവര്‍ക്ക്‌).
  • ٱلَّذِينَ അതായതു യാതൊരു കൂട്ടര്‍ يُقِيمُونَ ٱلصَّلَوٰةَ നമസ്‌കാരം നിലനിറുത്തുന്നു وَيُؤْتُونَ ٱلزَّكَوٰةَ സകാത്തു കൊടുക്കുകയും ചെയ്യുന്നു وَهُم അവരാകട്ടെ بِٱلْـَٔاخِرَةِ പരലോകത്തെക്കുറിച്ച്‌ ‌ هُمْ يُوقِنُونَ അവര്‍ വിശ്വാസമുറപ്പിക്കുന്നു, ഉറച്ചു വിശ്വസിക്കുന്നു
31:5
  • أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥﴿
  • അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള നേര്‍മാര്‍ഗ്ഗത്തിലായിരിക്കും. അക്കൂട്ടര്‍തന്നെയാണ്‌ വിജയികളും.
  • أُو۟لَـٰٓئِكَ അക്കൂട്ടര്‍ عَلَىٰ هُدًى നേര്‍മാര്‍ഗ്ഗത്തിലാണ്‌, മാര്‍ഗ്ഗദര്‍ശനമനുസരിച്ചാണ്‌ مِّن رَّبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള وَأُو۟لَـٰٓئِكَ هُمُ അക്കൂട്ടര്‍ അവര്‍ തന്നെയാണ്‌ ٱلْمُفْلِحُونَ വിജയികള്‍

(*). ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്.


വിശുദ്ധ ക്വുര്‍ആനില്‍ നിരവധി വിജ്ഞാനങ്ങളും, യുക്തിതത്വങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ്‌ അതിന്‌ الْكِتَابِ الْحَكِيمِ (വിജ്ഞാനപ്രദമായ ഗ്രന്ഥം) എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ ക്വുര്‍ആനിന്‌ ഈ വിശേഷണം നല്‍കിയത്‌ ഈ അധ്യായത്തില്‍ ചില പ്രത്യേക വിജ്ഞാനതത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു സൂചിപ്പിക്കുന്നു. മനുഷ്യര്‍ക്കു ആകമാനം മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ വേണ്ടിയാണ്‌ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും, അവരില്‍ നന്മ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധതയുള്ള സല്‍ഗുണവാന്‍മാര്‍ക്ക്‌ മാത്രമേ അതിന്റെ മാര്‍ഗ്ഗദര്‍ശനം പ്രായോഗികഫലം ചെയ്യുകയുള്ളൂവെന്നത്‌ സ്വാഭാവികമാണ്‌. നേരെമറിച്ച്‌ ഹൃദയം കടുത്തവരും, പ്രവര്‍ത്തനം ദുഷിച്ചവരുമായ ആളുകള്‍ക്ക്‌ ക്വുര്‍ആന്‍ മുഖേന യാതൊരു നേട്ടവും ലഭിക്കുവാനില്ല. ഈ വസ്‌തുതയാണ്‌ രണ്ടാമത്തെ വചനം ചൂണ്ടിക്കാട്ടുന്നത്‌. പ്രസ്‌തുത സല്‍ഗുണവാന്മാരുടെ പ്രധാന ലക്ഷണങ്ങള്‍ മൂന്നാം വചനത്തില്‍ വിവരിക്കുന്നു. അഞ്ചാമത്തെ വചനം അവരുടെ നേട്ടങ്ങളുടെ രത്‌നച്ചുരുക്കം വിവരിക്കുകയാണ്‌. എന്നാല്‍, ക്വുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനം ലഭിക്കുവാനുള്ള ഭാഗ്യം ലഭിക്കാത്തവര്‍ ആരായിരിക്കും? ഇത്‌ അടുത്ത വചനങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌:-

31:6
  • وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ﴾٦﴿
  • മനുഷ്യരിലുണ്ട് ചില ആളുകൾ: യാതൊരറിവും കൂടാതെ, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്‌വാനായി അവർ വിനോദവാർത്ത (കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്കു നിന്ദ്യകരമായ ശിക്ഷയുമുണ്ട്.
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَشْتَرِي വാങ്ങുന്ന ചിലർ لَهْوَ الْحَدِيثِ വിനോദവാർത്തയെ, അനാവശ്യവർത്തമാനം, لِيُضِلَّ അവൻ പിഴപ്പിക്കുവാൻവേണ്ടി عَن سَبِيلِ اللَّـهِ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്നു بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَيَتَّخِذَهَا അതിനെ ആക്കുവാനും هُزُوًا പരിഹാസം, പരിഹാസ്യം أُولَـٰئِكَ അക്കൂട്ടർ لَهُمْ അവർക്കുണ്ട് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന
31:7
  • وَإِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴾٧﴿
  • (അങ്ങിനെയുള്ള അവന് നമ്മുടെ 'ആയാത്തുകൾ' ഓതികേൾപ്പിക്കപ്പെടുന്നതായാൽ, അവൻ ഗർവ്വ് നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതുമാണ്; അവനതു കേട്ടിട്ടില്ലാത്തതുപോലെ - (അഥവാ) അവന്റെ ഇരുകാതുകളിലും ഒരു (തരം) കട്ടിയുള്ളതുപോലെ! എന്നാൽ, (നബിയേ) വേദനയേറിയ ശിക്ഷയെപ്പറ്റി അവന് സന്തോഷവാർത്ത അറിയിക്കുക!
  • وَإِذَا تُتْلَىٰ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ عَلَيْهِ അവനു آيَاتُنَا നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ) وَلَّىٰ അവൻ തിരിഞ്ഞുപോകും مُسْتَكْبِرًا ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട് كَأَن لَّمْ يَسْمَعْهَا അവനതു കേൾക്കാത്തതുപോലെ كَأَنَّ فِي أُذُنَيْهِ അവൻറെ രണ്ടു കാതുകളിലുള്ള പ്രകാരം وَقْرًا ഒരു കട്ടി, ഭാരം فَبَشِّرْهُ എന്നാൽ അവനു സന്തോഷമറിയിക്കുക بِعَذَابٍ ശിക്ഷയെക്കുറിച്ചു أَلِيمٍ വേദനയേറിയ

لًهُو (ലഹ്‌വ്) എന്ന പദത്തിനാണ് ഇവിടെ ‘വിനോദം’ എന്ന് വിവർത്തനം നൽകിയിരിക്കുന്നത്. അത്യാവശ്യമായ കാര്യങ്ങളിൽനിന്ന് ശ്രദ്ധയെ തിരിച്ചുവിടുന്നതോ, കേവലം രസത്തിനും ആനന്ദത്തിനും വേണ്ടി നടത്തപ്പെടുന്നതോ ആയ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്ന വാക്കാണ് ‘ലഹ്-വ്’. (*) രാക്കഥകൾ, നോവലുകൾ, പ്രേമസാഹിത്യങ്ങൾ, ചിരിക്കോപ്പുകൾ, വീണവാദ്യങ്ങൾ, സംഗീതാലാപങ്ങൾ, നൃത്തങ്ങൾ മുതലായവയും, നാടകങ്ങൾ, കഥകളികൾ, ഇന്നത്തെ ചലിച്ചിത്രപ്രദർശനങ്ങൾ ആദിയായവയുമെല്ലാം ‘വിനോദവാർത്ത’ (لَهْوَ ٱلْحَدِيثِ) കളിൽ ഉൾപ്പെടുന്നു. ഇബ്നു മസ്ഊദ് (رضي الله عنه), ഇബ്നു അബ്ബാസ് (رضي الله عنه), ജാബിർ (رضي الله عنه), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈർ (رحمه الله), മുജാഹിദ് (رحمه الله), മക്ഹൂൽ (رحمه الله), അംറുബ്നു ശുഅയ്ബ് (رحمه الله), ഹസൻ (رحمه الله) തുടങ്ങിയ ‘സ്വഹാബി’കളിലും ‘താബിഉ’കളിലും ഉൾപ്പെട്ട പല മഹാന്മാരുടെയും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ വാസ്തവം അറിയാവുന്നതാണ്. വേണ്ട, നാം ഇപ്പോൾ വായിച്ച ഇതേ ഖുർആൻ വചനങ്ങൾ ഒന്നു മനസ്സിരുത്തി വായിക്കുന്ന ഏതൊരു നിഷ്പക്ഷഹൃദയനും അതു ബോധ്യപ്പെടുന്നതാണ്. പക്ഷേ, ഈ ഉദാഹരണങ്ങളിൽ ചിലതു ചിലതിനെക്കാൾ ഗൗരവം കൂടിയതോ കുറഞ്ഞതോ ആയിരിക്കുമെന്നു മാത്രം.


(*). (اللهو: ما يشغل الإنسان عما يعنيه. (مفردات الراغب). ما لَعِبْتَ به وشغَلك، من هَوًى وطرب ونحوهما. هو الشيء الذي يتلذَّذ به الإنسان فيُلهيه (المنجد


‘വിനോദവാർത്തയെ വാങ്ങുന്നവർ’ (مَن يَشْتَرِى لَهْوَ ٱلْحَدِيثِ) എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടു അതു വിലക്കു മേടിക്കുന്നവരോ, അതിനായി മുതൽ മുടക്കുന്നവരോ മാത്രമാണ് ഉദ്ദേശ്യമെന്ന് കരുതേണ്ടതില്ല. ക്വത്താദഃ (رحمه الله) ചൂണ്ടിക്കാട്ടുന്നതുപോലെ, വിനോദത്തിൽ ഏർപ്പെടുന്നവർ എന്നേ അതിനർത്ഥമുള്ളൂ. ചില മുടക്കലുംകൂടി ഉണ്ടാകുന്നപക്ഷം അതു കൂടുതൽ ആക്ഷേപാർഹമായിരിക്കുകയും ചെയ്യും. ഏതായാലും, വിനോദങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നവർ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിൽനിന്നു ക്രമേണ അകന്നുപോകുകയും, അതിനെ പുച്ഛവും പരിഹാസവുമാക്കിത്തീർക്കുകയും ചെയ്യുമെന്നത് സ്വാഭാവികം മാത്രമാണ്. അങ്ങിനെ സ്വയം ദുർമാര്‍ഗ്ഗത്തിൽ ആപതിക്കുകയും, അചിരേണ മറ്റുള്ളവരെകൂടി വഴിപിഴപ്പിക്കുകയും ചെയ്യും. ഇതു കേവലം സങ്കൽപ്പമല്ല. അനുഭവങ്ങൾ സാക്ഷീകരിക്കുന്ന യാഥാർത്ഥ്യം മാത്രമാകുന്നു. ഇങ്ങിനെയുള്ളവരെപ്പറ്റി 7-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ച സംഗതികൾ നോക്കുക! അതെ, അല്ലാഹുവിന്റെ വിധിവിലക്കുകളും, നിയമനിർദ്ദേശങ്ങളും നോക്കുവാനോ, അതനുസരിക്കുവാനോ അവർ തയ്യാറാകുന്നതല്ല. അത് കേൾക്കുന്നതുതന്നെ അവർക്കു അറപ്പും വെറുപ്പുമായിരിക്കും. അതിന്റെനേരെ പരിഹാസവും പ്രതിഷേധവും പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അല്ലാഹുവിന്റെ ഭാഗത്തുനിന്ന് അവർക്കു സന്തോഷവാർത്തയായി ലഭിക്കുവാൻ വലതുമുണ്ടെങ്കിൽ അതു ഒരേ ഒരു കാര്യം മാത്രമാണ്. അതത്രെ നിന്ദ്യകരവും, വേദനയേറിയതുമായ ശിക്ഷ! അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീൻ.

ഈ വചനങ്ങളുടെ അവതരണഹേതുവായി പല മുഫസ്സിറുകളും ഉദ്ധരിക്കാറുള്ള ഒരു സംഭവത്തിന്റെ ചുരുക്കം ഇതാണ് : നള്വ്-റുബ്നുൽ ഹർഥ് (النضر بن الحرث) കച്ചവടാർത്ഥം പേർഷ്യായിൽ പോകാറുണ്ടായിരുന്നു. അയാൾ അവിടെനിന്ന് പല കഥാകൃതികളും വാങ്ങിക്കൊണ്ടുവരും. മുഹമ്മദ് നിങ്ങൾക്ക് ‘ആദ്-ഥമൂദ്’ മുതലായവരുടെ കഥകൾ പറഞ്ഞു തരുന്നുവല്ലോ. എന്നാൽ, ഞാൻ നിങ്ങൾക്കു കൊസ്റൂമാരുടെയും, റുസ്തം, ഇസ്ഫൻദിയാർ മുതലായ രാജാക്കളുടെയും കഥകൾ കേള്‍പ്പിക്കാം’ എന്നും മറ്റും പ്രസ്താവിച്ചുകൊണ്ട് ക്വുറൈശികളുടെ സദസ്സിൽ അവ വായിപ്പിച്ചുകേൾപ്പിക്കും. വിശുദ്ധ ഖുർആൻ കേൾക്കുന്നതിൽനിന്ന് അവരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു നള്വ്-റിന്റെ ഉദ്ദേശ്യം. യഥാർത്ഥത്തിൽ അവതരണഹേതു എന്തുതന്നെ ആയികൊള്ളട്ടെ, ആയത്തുകളുടെ വ്യക്തമായ അർത്ഥവ്യാപ്തിയിൽ ഉൾക്കൊള്ളുന്ന എല്ലാവിധ വിനോദങ്ങളും അതിൽ ഉൾപ്പെടുമെന്നതിൽ തർക്കമില്ല. കല, സൗന്ദര്യം, വിനോദം, സാഹിത്യം ആദിയായവയുടെ പേര് പറഞ്ഞുംകൊണ്ട് ഇന്ന് നമ്മുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന മിക്ക വിഷയങ്ങളും – അവയുടെ കർത്താക്കളും, ആരാധകൻമാരും, അനുഭാവികളും അവയ്ക്ക് എന്ത് ന്യായീകരണങ്ങൾ അവതരിപ്പിച്ചാലും ശരി – മനുഷ്യന്റെ ധാർമ്മിക ബോധവും, സ്വഭാവഗുണങ്ങളും നശിപ്പിച്ച് അവനെ മൃഗപ്രായമാക്കുന്നവയത്രെ. പക്ഷേ, അല്ലാഹുവിനെക്കുറിച്ചും, സനാതന തത്വങ്ങളെക്കുറിച്ചും ബോധവും, ബഹുമാനവുമുള്ളവർക്കേ ഈ നാശത്തിന്റെ ആഴം കണ്ടെത്തുവാൻ കഴിയുകയുള്ളൂ.

ഇന്നത്തെ കലാവിനോദങ്ങളിൽ കൂടുതൽ ആകർഷകങ്ങളായി ഗണിക്കപ്പെടുന്നതു അവയിലെ നാട്യം, അഭിനയം, നൃത്തം, കൃത്രിമവേഷം, നഗ്നവേഷം, സംഗീതം ആദിയായവയാണല്ലോ. ഇവയെ സംബന്ധിച്ച് വന്നിട്ടുള്ള ചില പ്രമാണങ്ങൾ ഇവിടെ ഓർക്കുന്നതു സന്ദർഭോചിതമായിരിക്കും;-

١) عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ‏.‏‏ – (البخاري

(٢) عَنْ أَبِي هُرَيْرَةَ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ‏. – (أبو داود

(٣) عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا ‏”‏ ‏.‏ …..- (مسلم

സാരം: 1) ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ‘സ്ത്രീകളോടു സാദൃശ്യം വഹിക്കുന്ന -സ്ത്രീവേഷം ധരിക്കുന്ന- പുരുഷന്മാരെയും, പുരുഷന്മാരോടു സാദൃശ്യം വഹിക്കുന്ന -പുരുഷവേഷം സ്വീകരിക്കുന്ന- സ്ത്രീകളെയും റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ശപിച്ചിരിക്കുന്നു.’ -ബുഖാരി,

2) അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘സ്ത്രീകൾ ധധരിക്കുന്നപ്രകാരം വസ്ത്രധാരണം ചെയ്യുന്ന പുരുഷനെയും, പുരുഷൻ ധരിക്കുന്നപ്രകാരം വസ്ത്രധാരണം ചെയ്യുന്ന സ്ത്രീയെയും റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നു.’ -അബൂദാവൂദ്.

3) റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂഹുറയ്റഃ (رضي الله عنه) ഉദ്ധരിക്കുന്നു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടുതരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ വാലുപോലെയുള്ള (തലപ്പത്തു ഒരുതരം പൊടുപ്പുവെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ടു ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥൻമാരാണ്) ഒന്ന്. വസ്ത്രംധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്നവരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃതവേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾപോലെയായിരിക്കും. ഇവർ സ്വര്‍ഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്കു ലഭിക്കുകയുമില്ല… (മുസ്‌ലിം).

കൃത്രിമമുടി കൂട്ടിച്ചേർക്കുകയോ, ചേർത്തുകൊടുക്കുവാനാവശ്യപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെയും, പച്ചകുത്തുക, ഭംഗിക്കുവേണ്ടി പല്ലുകൾ രാവി വിടവുണ്ടാക്കുക മുതലായ പ്രവൃത്തികൾ മുഖേന അല്ലാഹു നൽകിയ പ്രകൃതിരൂപത്തിനു വ്യത്യാസം വരുത്തുന്ന സ്ത്രീകളെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിട്ടിട്ടുള്ളതായി അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما), അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) എന്നീ സ്വഹാബികളുടെ പ്രസ്താവന ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുണ്ട്. ‘വെള്ളം കൃഷിയെ ഉൽപാദിപ്പിക്കുന്ന പ്രകാരം സംഗീതം ഹൃദയത്തിൽ കപടവിശ്വാസത്തെ ഉൽപാദിപ്പിക്കുന്നതാണ്’ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ജാബിർ (رضي الله عنه) പറഞ്ഞുവെന്നു ഇമാം ബൈഹക്വി شُعب الاٍيمان ൽ ഉദ്ധരിച്ചിരിക്കുന്നു. ഇമാം അഹ്മദ് (رحمه الله) ഉദ്ധരിക്കുന്ന ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി കാണാം: ‘എന്നെ ലോകർക്കു കാരുണ്യമായും, ലോകർക്കു മാര്‍ഗ്ഗദർശനമായും അല്ലാഹു നിയോഗിച്ചിരിക്കുന്നു. കൊട്ടുമേളങ്ങളെയും, കുഴൽവാദ്യങ്ങളെയും, വിഗ്രഹങ്ങളെയും, കുരിശുകളെയും തുടച്ചുനീക്കുവാനും എന്നോടു കൽപിച്ചിരിക്കുന്നു….’ ഈ ആയത്തിൽ പ്രസ്താവിച്ച ‘വിനോദവാർത്ത (لَهْوَ ٱلْحَدِيثِ) യെക്കുറിച്ച് ചോദിക്കപെട്ടപ്പോൾ ഇബ്നു മസ്ഊദ് (رضي الله عنه) സത്യം ചെയ്തുകൊണ്ട് പറഞ്ഞ മറുപടി الغناء (അതു സംഗീതമാണ്.) എന്നായിരുന്നു. (رواه ابن جرير) അതിലെ പ്രധാന ഇനം അതാണെന്നു സാരം.

സംഗീതത്തെക്കുറിച്ച് യസീദ്ബ്നുല്‍ വലീദ് (يزيد بن الوليد الناقص)ന്റെ ഒരു പ്രസ്താവന എത്ര വാസ്തവം! അദ്ദേഹം തന്റെ ഗോത്രക്കാരോടായി പറയുകയാണ് : ഉമയ്യാ ഗോത്രമേ, സംഗീതത്തെ സൂക്ഷിച്ചുകൊള്ളുക! അതു ലജ്ജയെ ക്ഷയിപ്പിക്കുന്നു, ദേഹേച്ഛയെ വർധിപ്പിക്കുന്നു, മനുഷ്യത്വം നശിപ്പിക്കുന്നു, മദ്യത്തെ പ്രതിനിധീകരിക്കുന്നു, മത്തൻമാരെപ്പോലെ പ്രവർത്തിപ്പിക്കുന്നു! കൂടാതെ കഴിയാത്തപക്ഷം, സ്ത്രീകളെയെങ്കിലും അതിൽ സംബന്ധിക്കാനനുവദിക്കരുത്. (رواه البيهقي وابن ابي الدنيا) സ്ത്രീപുരുഷ സമ്പർക്കത്തോടു കൂടിയതും, കാമവികാരങ്ങളെ ഇളക്കിത്തീർക്കുന്നതും, മനുഷ്യന്റെ മാനവും, ഉൽകൃഷ്ടവുമായ സ്വഭാവഗുണങ്ങളെ ഹനിച്ചുകളയുന്നതുമായ വിഷയങ്ങളെ ആക്ഷേപിക്കുന്ന മഹദ്വാക്യങ്ങളും, ഉദ്ധരണികളും പലതും കാണാം. ദൈർഖ്യം ഭയന്നു മതിയാക്കുകയാണ്. വിവാഹം, പെരുന്നാൾ, മുതലായ സന്ദർഭങ്ങളിൽ പരിമിതമായ അളവിൽ വിനോദങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നതു വാസ്തവമത്രെ. ഇതൊഴിവാക്കിയാൽ, വിനോദങ്ങളെ പൊതുവിൽ നിരുൽസാഹപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളതു എന്നു കാണാം. അവയിൽ കൂടുതൽ ദോഷകരമായതിനെ തീരെ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നതു നോക്കുക:

وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ – سورة الأنعام ٣٢

(ഐഹികജീവിതമെന്നതു വിളയാട്ടും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. സൂക്ഷിക്കുന്ന ആളുകൾക്കു പരലോകമത്രെ ഉത്തമമായത്. അപ്പോൾ നിങ്ങൾ ബുദ്ധി കൊടുക്കുന്നില്ലേ?!) വിനോദങ്ങളിലൊന്നും ലയിക്കാതെ സൽക്കർമ്മങ്ങള്‍ സമ്പാദിച്ചുവെക്കുന്നവർക്കു ആനന്ദത്തിന്റെ അനുഗ്രഹീത സ്വർഗ്ഗം അല്ലാഹു വാഗ്ദത്തം ചെയ്യുന്നു.

31:8
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتُ ٱلنَّعِيمِ ﴾٨﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്കു സുഖാനുഭൂതിയുടെ സ്വര്‍ഗ്ഗങ്ങളുണ്ട് :-
  • إِنَّ ٱلَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ ءَامَنُوا۟ വിശ്വസിച്ചു وَعَمِلُوا۟ പ്രവർത്തിക്കുകയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കര്‍മ്മങ്ങൾ لَهُمْ അവർക്കുണ്ടു جَنَّـٰتُ ٱلنَّعِيمِ സുഖാനുഭൂതിയുടെ (അനുഗ്രഹവർഷത്തിന്റെ) സ്വര്‍ഗ്ഗങ്ങൾ
31:9
  • خَٰلِدِينَ فِيهَا ۖ وَعْدَ ٱللَّهِ حَقًّا ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٩﴿
  • അവരതിൽ നിത്യവാസികളായിക്കൊണ്ട് (ജീവിക്കും). അല്ലാഹുവിന്റെ യഥാര്‍ത്ഥമായ വാഗ്ദാനം! അവനത്രെ പ്രതാപശാലിയും, അഗാധജ്ഞാനിയുമായുള്ളവൻ.
  • خَـٰلِدِينَ فِيهَا അതിൽ നിത്യവാസികളായ നിലയിൽ وَعْدَ ٱللَّـهِ അല്ലാഹുവിന്റെ വാഗ്ദാനം حَقًّا യഥാർത്ഥമായ, സത്യമായും وَهُوَ അവൻ ٱلْعَزِيزُ പ്രതാപശാലിയത്രെ ٱلْحَكِيمُ അഗാധജ്ഞനായ, തത്വജ്ഞാനിയായ
31:10
  • خَلَقَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴾١٠﴿
  • നിങ്ങൾക്കു കാണാവുന്ന തൂണുകളൊന്നും കൂടാതെ അവൻ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയുംകൊണ്ടു ചരിഞ്ഞു പോകുമെന്നതിനാൽ, ഉറച്ച മലകളെ അതിൽ അവൻ സ്ഥാപിക്കയും ചെയ്തിരിക്കുന്നു. അതിൽ എല്ലാ (തരം) ജീവജന്തുക്കളെയും വിതരണം ചെയ്കയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്നു നാം [അല്ലാഹു] വെള്ളം ഇറക്കി; എന്നിട്ടു മാന്യമായ [വിശിഷ്ടമായ] എല്ലാ ഇണകളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു.
  • خَلَقَ ٱلسَّمَـٰوَٰتِ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു بِغَيْرِ عَمَدٍ തൂണുകളൊന്നും കൂടാതെ تَرَوْنَهَا നിങ്ങൾ കാണുന്ന وَأَلْقَىٰ അവൻ ഇടുക (സ്ഥാപിക്കുക) യും ചെയ്‌തു فِى ٱلْأَرْضِ ഭൂമിയിൽ رَوَٰسِىَ ഉറച്ച മലകളെ, ആണികളെ أَن تَمِيدَ അതു ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോകാതിരിക്കുന്നതിനു) بِكُمْ നിങ്ങളെയും കൊണ്ടു وَبَثَّ فِيهَا അതിൽ പരത്തുക (വിതരണം ചെയ്യുക) യും ചെയ്തു مِن كُلِّ دَآبَّةٍ എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽനിന്നും وَأَنزَلْنَا നാം ഇറക്കുകയും ചെയ്‌തു مِنَ ٱلسَّمَآءِ ആകാശത്തുനിന്നു مَآءً വെള്ളം, ജലം فَأَنۢبَتْنَا എന്നിട്ടു നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു فِيهَا അതിൽ مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളിൽനിന്നും كَرِيمٍ മാന്യമായ, വിശേഷപ്പെട്ട
31:11
  • هَٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّٰلِمُونَ فِى ضَلَٰلٍ مُّبِينٍ ﴾١١﴿
  • ഇതു (ഒക്കെയും) അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ, അവനു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളതെന്താണെന്നു നിങ്ങളെനിക്കു കാണിച്ചുതരിക! പക്ഷേ, അക്രമകാരികൾ വ്യക്തമായ ദുർമ്മാര്‍ഗ്ഗത്തിലാകുന്നു.
  • هَـٰذَا ഇതു خَلْقُ ٱللَّـهِ അല്ലാഹുവിന്റെ സൃഷ്ടിയാണ് فَأَرُونِى എന്നാൽ നിങ്ങളെനിക്കു കാട്ടിത്തരുക مَاذَا خَلَقَ എന്തു സൃഷ്ടിച്ചുവെന്നു ٱلَّذِينَ യാതൊരു കൂട്ടർ مِن دُونِهِ അവനു പുറമെയുള്ള ۚ بَلِ പക്ഷേ, എങ്കിലും ٱلظَّـٰلِمُونَ അക്രമകാരികൾ فِى ضَلَـٰلٍ ദുർമാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ

നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ (بِغَيْرِ عَمَدٍ تَرَوْنَهَا) എന്നു പറയുമ്പോൾ കാണപ്പെടാത്ത ഏതോ തൂണുണ്ടാവാമെന്നു വരുന്നു. അതെ, അല്ലാഹുവിന്റെ ശക്തി (القدرة) യാകുന്ന തൂണിന്മേലത്രെ അഖിലാണ്ഡം സ്ഥിതി ചെയ്യുന്നത്. ഓരോ ആകാശവും, ഓരോ ഗോളവും അല്ലാഹു അതതിനു നിശ്ചയിച്ചിട്ടുള്ള വെപ്പും നിലയും തെറ്റാതെ നിലകൊള്ളുന്നു. ശാസ്ത്രജ്ഞന്മാർ ഈ തൂണിന് ആകർഷണശക്തി എന്ന് പറഞ്ഞു തൃപ്തിയടയുന്നു. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം പ്രസ്തുത തൂൺ നഷ്ടപ്പെടുകയും, അവയുടെ നില അവതാളത്തിലാകുകയും ചെയ്യും. ഭൂമിക്കു ചരിവും, മറിവും ബാധികാത്തിരിക്കുവാനായിട്ടത്രെ അല്ലാഹു അതിൽ വമ്പിച്ച പർവ്വതങ്ങളെ സ്ഥാപിച്ചു തൂക്കം ശരിപ്പെടുത്തിവെച്ചിരിക്കുന്നത്. ഇത് ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്ന ഒരു തത്വമാണ്.

ജീവിതത്തിനു അത്യന്താപേക്ഷിതവും, മനുഷ്യൻ സദാ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ വളരെ പ്രധാനവുമാണല്ലോ മഴവർഷവും സസ്യോൽപാദനവും. ഈ അനുഗ്രഹങ്ങളെക്കുറിച്ച് പ്രസ്താവിക്കുമ്പോഴൊക്കെ – വാചകഘടന പ്രഥമപുരുഷ (غائب) രൂപത്തിലാകുമ്പോഴും – ‘നാം ഇറക്കി’, ‘നാം മുളപ്പിച്ചു’ (فَأَنۢبَتْنَا) എന്നിങ്ങിനെ ഉത്തമ (متكلم) രൂപത്തിലാണ് ഖുർആൻ അതു പ്രസ്താവിക്കാറുള്ളത്. പ്രസ്തുത അനുഗ്രഹത്തെക്കുറിച്ചു മനുഷ്യനു നന്ദിയും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കണമത്രെ ആ പ്രയോഗം സൂചിപ്പിക്കുന്നത്.

വിഭാഗം - 2

31:12
  • وَلَقَدْ ءَاتَيْنَا لُقْمَٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌ ﴾١٢﴿
  • ലുഖ്മാന്നു നാം വിജ്ഞാനം നൽകുകയുണ്ടായിട്ടുണ്ട് - 'അല്ലാഹുവിന്ന് നീ നന്ദി ചെയ്യണം'. എന്ന്. ആർ (അല്ലാഹുവിന്) നന്ദി കാണിക്കുന്നുവോ അവൻ തനിക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുന്നതായാലോ, എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, സ്തുത്യർഹനാണ്.
  • وَلَقَدْ ءَاتَيْنَا തീർച്ചയായും നാം കൊടുക്കുകയുണ്ടായി لُقْمَـٰنَ ലുഖ്മാന്നു ٱلْحِكْمَةَ വിജ്ഞാനം, തത്വജ്ഞാനം أَنِ ٱشْكُرْ നീ നന്ദിചെയ്യണമെന്നു لِلَّـهِ അല്ലാഹുവിനു وَمَن يَشْكُرْ ആരെങ്കിലും നന്ദി ചെയ്യുന്നതായാൽ فَإِنَّمَا يَشْكُرُ എന്നാൽ അവൻ നിശ്ചയമായും നന്ദിചെയ്യുന്നു لِنَفْسِهِۦ തനിക്കുവേണ്ടിത്തന്നെ وَمَن كَفَرَ ആരെങ്കിലും നന്ദികേടുചെയ്‌താൽ, അവിശ്വസിച്ചാൽ فَإِنَّ ٱللَّـهَ എന്നാൽ നിശ്ചയമായും അല്ലാഹു غَنِىٌّ ധന്യനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്

‘ലുക്വ് മാനുൽ ഹകീം’ (لقمان الحكيم) അഥവാ വിജ്ഞാനിയായ ലുക്വ് മാൻ എന്ന പേർ പരക്കെ ഇന്നും പ്രചാരത്തിലുണ്ട്. ഖുർആൻ അവതരിച്ച കാലത്തും ആ നാമം പ്രചാരത്തിലുണ്ടായിരുന്നു. അദ്ദേഹം വിജ്ഞാനമൊഴി (*) കളായി പല നീതിവാക്യങ്ങളും ഗ്രന്ഥങ്ങളിൽ സ്ഥലംപിടിച്ചുകാണാം. ഇദ്ദേഹം ഏതു കാലക്കാരനും ദേശക്കാരനുമായിരുന്നുവെന്നുള്ളതിൽ പല അഭിപ്രായങ്ങൾ കാണാം. പക്ഷേ ഒന്നിനും മതിയായ തെളിവുകളില്ല. ഏതായാലും ബുദ്ധിയും, വിവേകവും, ജ്ഞാനവും തികഞ്ഞ ഒരു മഹാനായിരുന്നു അദ്ദേഹമെന്നതിൽ സംശയമില്ല.

അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിനും സ്വീകാര്യമായ തെളിവുകൾ ഒന്നും കാണുന്നില്ല. പ്രവാചകനായിരുന്നില്ല – മഹാ വിജ്ഞാനിയായിരുന്ന ഒരു മഹാനായിരുന്നു – എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ലുക്വ്-മാന്നു നാം വിജ്ഞാനം നൽകിയിട്ടുണ്ടെന്നു അല്ലാഹു നൽകിയ കീർത്തിപത്രവും തുടർന്നുള്ള ആയത്തുകളിൽ അദ്ദേഹത്തെക്കുറിച്ചു ചെയ്ത പ്രസ്താവനകളും അദ്ദേഹത്തിന്റെ മഹത്വത്തിനു ധാരാളം മതിയായ ലക്ഷ്യങ്ങളാണ്. സൂറത്തുൽ ബക്വറഃയിൽ അല്ലാഹു പറയുന്നു :


(*) ‘മൗനം ഒരു വിജ്ഞാനമാണ്. അതു പ്രവർത്തനത്തിൽ വരുത്തുന്നവർ കുറവാണ്’ (الصَّمْتُ حِكَمٌ, وَقَلِيلٌ فَاعِلُهُ) എന്നും, ‘മകനേ, നീ മധുരമായിരിക്കരുത് – നിന്നെ വിഴുങ്ങിയേക്കും, നീ കയ്പുമായിരിക്കരുത് – നിന്നെ തുപ്പിക്കളഞ്ഞേക്കും’ (يا بني، لا تكن حلواً فتبلع ولا تكن مرا فتلفظ) എന്നും മറ്റും അദ്ദേഹത്തിന്റെ മൊഴികളായി രേഖപ്പെടുത്തപ്പെടുന്നു.


يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ – سورة البقرة : 269

(അവൻ – അല്ലാഹു ഉദ്ദേശിക്കുന്നവർക്കു അവൻ വിജ്ഞാനം നൽകുന്നു. ആർക്ക് വിജ്ഞാനം നൽകപ്പെടുന്നുവോ അവന് അധികരിച്ച നന്മ നൽകപ്പെട്ടുപോയി!)

ലുക്വ് മാൻ (رضي الله عنه) ന്നു ലഭിച്ച വിജ്ഞാനവും തത്വചിന്തയും – ഇന്നറിയപ്പെടുന്ന പല തത്വശാസ്ത്ര നിപുണന്മാരെപ്പോലെ – അദ്ദേഹത്തെ എത്തിച്ചത് ദൈവനിഷേധത്തിലേക്കോ, ആദ്ധ്യാത്മിക ചിന്താനിരാകരണത്തിലേക്കോ ആയിരുന്നില്ല. നേരെമറിച്ച് അദ്ദേഹത്തിന്റെ വിജ്ഞാനം രത്നചുരുക്കം – അഥവാ ആകെത്തുക – അല്ലാഹുവിനു നന്ദിചെയ്യണം (أنِ اشْكُرْ لِلهِ) എന്നുള്ളതായിരുന്നു. കൂടുതലുള്ളതെല്ലാം ഈ മൂലവിജ്ഞാനത്തിന്റെ വിശദാംശങ്ങളാകുന്നു. ലോകസൃഷ്ടാവിന്റെ നിഷേധത്തിൽ അധിഷ്ഠിതമായ ആധുനിക സാങ്കേതിക തത്വശാസ്ത്രക്കാരുടെ നന്ദികെട്ട വിജ്ഞാനവും, ലുഖ്‌മാന്റെ നന്ദിയുടെ നന്ദിയാകുന്ന വിജ്ഞാനവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ആയത്തിലെ തുടർന്നുള്ള രണ്ടു കനത്ത വാക്യങ്ങളിൽ അല്ലാഹു ചൂണ്ടികാട്ടിയതു നോക്കുക! ലുക്വ് മാൻ (رضي الله عنه) തന്റെ മകനു നൽകിയ ഏതാനും സാരോപദേശങ്ങൾ അടുത്ത ചില വചനങ്ങളിൽ അല്ലാഹു ഉദ്ധരിക്കുന്നു.

31:13
  • وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ ﴾١٣﴿
  • ലുക്വ് മാൻ, തന്റെ മകനോടു അദ്ദേഹം അവന് സദുപദേശം നൽകിക്കൊണ്ടിരിക്കവെ പറഞ്ഞ സന്ദർഭം (ഓർക്കുക) : 'എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോടു പങ്കുചേർക്കരുത്. നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ വമ്പിച്ച അക്രമമത്രെ.'
  • وَإِذْ قَالَ പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ لُقْمَـٰنُ ലുക്വ് മാൻ لِٱبْنِهِۦ തന്റെ മകനോടു وَهُوَ അദ്ദേഹം يَعِظُهُۥ അവനു സദുപദേശം നൽകിക്കൊണ്ടിരിക്കെ يَـٰبُنَىَّ എന്റെ കുഞ്ഞു (ഓമന) മകനേ لَا تُشْرِكْ നീ പങ്കുചേർക്കരുതു, ശിർക്ക് ചെയ്യരുതു بِٱللَّـهِ അല്ലാഹുവിൽ إِنَّ ٱلشِّرْكَ നിശ്ചയമായും ശിർക്കു لَظُلْمٌ അക്രമം തന്നെ عَظِيمٌ വമ്പിച്ച

ഉപദേശങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപെട്ടതു ശിർക്കിൽ അകപ്പെടാതിരിക്കുവാനും, തൗഹീദിൽ ചരിക്കുവാനുമുള്ള ഉപദേശമാകുന്നു. തൗഹീദിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഏതു നന്മയും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതുകൊണ്ടാണ് ലുക്വ് മാൻ (رضي الله عنه) തന്റെ മകനോടു ഒന്നാമതായി ഈ ഉപദേശം നൽകുന്നത്. മാതാപിതാക്കൾ തങ്ങളുടെ സന്താനങ്ങൾക്കു സദുപദേശങ്ങൾ വഴി മതശിക്ഷണം നൽകിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ ആദ്ധ്യാത്മിക നില നന്നാക്കുന്നതിൽ മാതാപിതാക്കൾക്കുള്ള കടമ, ഉപദേശങ്ങളിൽ മുൻഗണന നൽകേണ്ടുന്ന കാര്യങ്ങൾ, ഉപദേശവേളയിൽ അനുവർത്തിക്കേണ്ടുന്ന നയവും സൗമ്യതയും എന്നിങ്ങനെ പലതും അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ നിന്ന് നമുക്കു മനസ്സിലാക്കാം. ഓരോ വിഷയവും അദ്ദേഹം മകന്റെ മുമ്പിൽ വെക്കുന്നത്, ‘എന്റെ കുഞ്ഞുമകനേ’ (يَٰبُنَىَّ) എന്ന സംബോധനയോടുകൂടിയാണ്. ഓരോന്നും അവതരിപ്പിക്കുന്നത്, ഹൃദ്യമായ ഭാഷയിലും, ഓരോന്നിന്റെയും സമാപനമാകട്ടെ, യുക്തിപൂർവം കാര്യകാരണത്തോടുകൂടിയും ! (13, 16, 17, 18, 19 വചനങ്ങൾ നോക്കുക.) ഹാ, എത്ര ആകർഷണീയം! എന്തൊരു മാതൃക !

മാതാപിതാക്കൾ മക്കളുടെ ജനയിതാക്കളും രക്ഷിതാക്കളുമാണ്. അവർക്കു പ്രകൃത്യാ മക്കളോടു അളവറ്റ വാത്സല്യവും കൃപയും ഉണ്ടായിരിക്കും. ആകയാൽ, അവർ മറ്റാരെക്കാളും അവരുടെ ഗുണകാംക്ഷികളായിരിക്കുമെന്നതും സ്വാഭാവികമാണ്. പക്ഷേ, മാതാപിതാക്കളുടെ സ്ഥിതിഗതികൾക്കനുസരിച്ച് അതിന്റെ നിർവ്വഹണത്തിലും, പ്രയോഗത്തിലും വ്യത്യാസം ഉണ്ടായിരിക്കുമെന്നുമാത്രം. എന്നാൽ, മാതാപിതാക്കളിൽ പ്രകൃത്യാ നൽകപ്പെട്ടിരിക്കുന്ന ആ പ്രേരണകൊണ്ടു ഇസ്‌ലാം മതിയാക്കുന്നില്ല. മക്കൾക്ക് വേണ്ടുന്ന ശിക്ഷണങ്ങളും, മാർഗ്ഗദർശനങ്ങളും നൽകുന്നതും, അവരെ സൽപന്ഥാവിൽ വളർത്തതുന്നതും മതദൃഷ്ട്യാ രക്ഷിതാക്കളുടെ ഒഴിച്ചു കൂടാത്ത കടമകൂടിയാകുന്നു. ഈ വസ്തുത പല ഖുർആൻ വാക്യങ്ങളിൽ നിന്നും, നബി വാക്യങ്ങളിൽ നിന്നും പരക്കെ അറിയപ്പെട്ടിട്ടുള്ളതാണല്ലോ.

ഇതിനു ഒരു മറുവശമുണ്ട്. മക്കളുടെ പേരിൽ മാതാപിതാക്കൾക്കുള്ള വാത്സല്യത്തിന്റെയും, ഗുണകാംക്ഷയുടെയും ആഴമാകട്ടെ, തങ്ങൾക്കുവേണ്ടി അവർ അനുഭവിക്കേണ്ടി വന്നിട്ടുള്ള യാതനകളുടെ അളവുകളാകട്ടെ ശരിക്കു മനസ്സിലാക്കുവാൻ മക്കൾക്കു സാധിക്കുന്നതല്ല. സാധിച്ചാൽ തന്നെയും അതിനു തികച്ചും അനുയോജ്യമായ പ്രതിഫലം നൽകി ആ കടപ്പാടു തീർക്കുവാൻ അവർക്കു അസാധ്യമാവുന്നു. മാതാപിതാക്കളെ വല്ലവരുടെയും അടിമകളായി കണ്ടെത്തുകയും, അപ്പോൾ അവരെ വിലകൊടുത്തുവാങ്ങി സ്വതന്ത്രരാക്കി വിടുകയും ചെയ്യുന്നതായാലല്ലാതെ, മാതാപിതാക്കൾക്കു പ്രതിഫലം കൊടുക്കുവാൻ മക്കൾക്കു സാധ്യമല്ല’ എന്ന നബിവചനം (لاَ يَجْزِي وَلَدٌ وَالِدًا إِلاَّ أَنْ يَجِدَهُ مَمْلُوكًا فَيَشْتَرِيَهُ فَيُعْتِقَهُ‏ – رواه مسلم) ഇവിടെ സ്മരണീയമാകുന്നു.

ചുരുക്കിപ്പറഞ്ഞാൽ മാതാപിതാക്കളുടെ പേരിലുള്ള കടപ്പാടിനേക്കാൾ എത്രയോ വമ്പിച്ചതാണ് മക്കൾക്കു അവരുടെ നേരെയുള്ള കടപ്പാട്. അതുകൊണ്ടാണ് ഈ വശത്തെക്കുറിച്ച്‌ ഖുർആനും, നബിവചനങ്ങളും കൂടുതൽ ശക്തമായ ഭാഷയിൽ ആവർത്തിച്ചാവർത്തിച്ച് ഉൽബോധനം നൽകുന്നതും. പലപ്പോഴും ശിർക്കിനെക്കുറിച്ചു താക്കീതു ചെയ്തതിന്റെ തൊട്ടടുത്ത വാചകം ഖുർആനിൽ മാതാപിതാക്കളെ സംബന്ധിച്ച ഉപദേശമായിരിക്കും. മാത്രമല്ല, ചിലപ്പോൾ അല്ലാഹുവിന്റെ ഒരു പ്രത്യേക ആജ്ഞാനിർദേശം (വസ്വിയ്യത്ത്) കൂടിയാണതെന്ന മുഖവുരയും അതൊന്നിച്ചു കാണാം. (അടുത്ത ആയത്തും, സൂഃ ഇസ്രാഉ് 23, സൂ: അങ്കബൂത്ത് : 8, സൂ: അഹ്ക്വാഫ് 15 എന്നിവയും ഇതിന് ഉദാഹരണമാണ്.) ലുക്വ് മാൻ (رضي الله عنه) ചെയ്ത ഒന്നാമത്തെ ഉപദേശം ഉദ്ധരിച്ചശേഷം – അടുത്ത ഉപദേശം ഉദ്ധരിക്കുന്നതിനുമുമ്പായി – അല്ലാഹു മനുഷ്യരോടാകമാനം ചെയ്യുന്ന വസ്വിയ്യത്തിൽ മാതാപിതാക്കൾക്കു കൽപിക്കുന്ന സ്ഥാനം എന്തുമാത്രമാണെന്നു പരിശോധിച്ചു നോക്കുക!-

31:14
  • وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ ﴾١٤﴿
  • മനുഷ്യനോട് അവന്റെ മാതാപിതാക്കളെപ്പറ്റി നാം 'വസ്വിയ്യത്ത്' [ആജ്ഞാ നിർദേശം] നൽകിയിരിക്കുന്നു: അവന്റെ മാതാവ് ക്ഷീണത്തിനുമേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു; അവന്റെ (മുലകുടി അവസാനിപ്പിച്ചുള്ള) വേർപാടാകട്ടെ, രണ്ടുവർഷം കൊണ്ടുമാണ്; 'എനിക്കും, നിന്റെ മാതാപിതാക്കൾക്കും നീ നന്ദിചെയ്യണം. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ്.
  • وَوَصَّيْنَا നാം വസ്വിയ്യത്ത് (ആജ്ഞാ നിർദേശം) നൽകി ٱلْإِنسَـٰنَ മനുഷ്യനു بِوَٰلِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حَمَلَتْهُ അവനെ (ഗർഭം) ചുമന്നു أُمُّهُ അവന്റെ മാതാവ് وَهْنًا ക്ഷീണത്തോടെ, ബലഹീനമായി عَلَىٰ وَهْنٍ ക്ഷീണത്തിനുമേൽ وَفِصَـٰلُهُ അവന്റെ വേർപാടു (മുലകുടിമാറ്റൽ) فِى عَامَيْنِ രണ്ടു വർഷത്തിനകമായിരിക്കും, രണ്ടു കൊല്ലം കൊണ്ടായിരിക്കും, أَنِ ٱشْكُرْ നീ നന്ദി ചെയ്യണമെന്നു لِى എനിക്കു وَلِوَٰلِدَيْكَ നിന്റെ മാതാപിതാക്കൾക്കും إِلَىَّ എന്റെ അടുക്കലേക്കാണ് ٱلْمَصِيرُ തിരിച്ചുവരവ്
31:15
  • وَإِن جَٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾١٥﴿
  • 'നിനക്കു (യഥാർഥത്തിൽ) യാതൊരു അറിവുമില്ലാത്ത ഏതെങ്കിലുമൊന്നിനെ എന്നോടു നീ പങ്കുചേർക്കുവാൻ അവർ നിന്നെ ബുദ്ധിമുട്ടിക്കുന്നപക്ഷം, അപ്പോൾ നീ അവരെ അനുസരിക്കരുത്. ഇഹത്തിൽ നീ അവരോട് സദാചാരമനുസരിച്ച്‌ (നല്ല നിലക്കു) സഹവസിക്കുകയും ചെയ്യണം; എന്റെ അടുക്കലേക്കു (ഖേദിച്ചു) മടങ്ങിയവരുടെ മാർഗ്ഗം പിൻപറ്റുകയും ചെയ്യുക. പിന്നീട് പിന്നീട്, നിങ്ങളുടെ (എല്ലാവരുടെയും) മടക്കം എന്റെ അടുക്കലേക്കുതന്നെ. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
  • وَإِن جَـٰهَدَاكَ അവർ രണ്ടാളും നിന്നെ ബുദ്ധിമുട്ടിച്ചാൽ, നിർബ്ബന്ധിച്ചാൽ عَلَىٰٓ أَن تُشْرِكَ നീ പങ്കുചേർക്കുവാൻ بِى എന്നോട്, എന്നിൽ مَا لَيْسَ ഇല്ലാത്ത യാതൊന്നിനെ لَكَ നിനക്കു بِهِۦ അതിനെപ്പറ്റി عِلْمٌ ഒരറിവും فَلَا تُطِعْهُمَا അപ്പോൾ നീ അവരെ അനുസരിക്കരുത് وَصَاحِبْهُمَا നീ അവരോട് സഹവസിക്കയും ചെയ്യണം فِى ٱلدُّنْيَا ഇഹത്തിൽ مَعْرُوفًا സദാചാരപ്രകാരം (നല്ല നിലയിൽ) وَٱتَّبِعْ നീ പിൻപറ്റുകയും ചെയ്യുക سَبِيلَ مَنْ യാതൊരുവരുടെ മാർഗം أَنَابَ إِلَىَّ എന്നിലേക്ക് മടങ്ങിയ, ഖേദിച്ചുവന്ന ثُمَّ إِلَىَّ പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടങ്ങിവരവ് فَأُنَبِّئُكُم അപ്പോൾ ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തും, അറിയിച്ചുതരും بِمَا യാതൊന്നിനെപ്പറ്റി كُنتُمْ تَعْمَلُونَ നിങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന

മാതാപിതാക്കളോടുള്ള കടമകൾക്ക് ഇസ്‌ലാം കൽപിക്കുന്ന ഗൗരവവും, മറ്റു പല കാര്യങ്ങളും ഈ വചനങ്ങളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും :

1) പിതാവിനെ അപേക്ഷിച്ച് മാതാവിനോടുള്ള കടമയാണ് കൂടുതൽ ശക്തമായത്. കാരണം വ്യക്തമാണ്. ഏതാണ്ട് പത്ത് മാസത്തോളം അവൾ ഗർഭം ചുമന്ന് ബുദ്ധിമുട്ടി. അനന്തരം പ്രസവവേദനയും സഹിക്കേണ്ടിവന്നു. പ്രസവശേഷം കുറേ മാസങ്ങളോളം ഊണിനും ഉറക്കിനുപോലും സമയം കിട്ടാത്തവിധം ശിശുവിന് മുലകൊടുത്തതും ശുശ്രൂഷിച്ചും അവൾ കഴിച്ചുകൂട്ടേണ്ടിവന്നു. ഇതുകൊണ്ടും അവസാനിച്ചില്ല. മുലകുടി മാറ്റിയശേഷം പിന്നെയും കുറേകാലം അവൾ കുഞ്ഞിനുവേണ്ടി കഷ്ടപ്പെടേണ്ടതുണ്ട്. പിതാവാകട്ടെ, രക്ഷിതാവെന്ന നിലയിൽ മക്കളെ സംബന്ധിച്ച് അവനുള്ള ബാധ്യതകളും വിഷമതകളും വളരെ വമ്പിച്ചതു തന്നെ. എങ്കിലും മാതാവിന്റെ ത്യാഗങ്ങൾ അതിനെക്കാൾ എത്രയോ വമ്പിച്ചതു . അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് : ‘ഞാൻ നന്നായി സഹവസിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവർ ആരാണോ എന്നു ഒരാൾ ചോദിച്ചപ്പോൾ അവിടുന്ന് أُمَّكَ (നിന്റെ ഉമ്മയാണ്) എന്നു ഉത്തരം പറഞ്ഞത്. ‘പിന്നെ ആരാണ്?’ എന്ന് ചോദ്യകർത്താവ് വീണ്ടും ചോദിച്ചു. അപ്പോഴും അതേ ഉത്തരം തന്നെ അവിടുന്നു പറഞ്ഞു. മൂന്നാമതു ചോദിച്ചപ്പോഴും അതേ ഉത്തരം തന്നെ നൽകി. നാലാമത്തെ പ്രാവശ്യത്തിൽ തിരുമേനി പറഞ്ഞു: أَبُوكَ ثُمَّ أَدْنَاكَ أَدْنَاكَ നിന്റെ ബാപ്പയാണ്. പിന്നെ നിന്നോടു കൂടുതൽ അടുത്തുവരും, പിന്നെ കൂടുതൽ അടുത്തവരുമായിരിക്കും. (ബു. മു.)

2) ശിശുക്കളുടെ മുലകുടികാലം രണ്ടു കൊല്ലമാണ്. പക്ഷേ, സംഗതിവശാൽ അതിൽ ഏറ്റക്കുറവ് വരുത്തേണ്ടിവരുകയോ, മാതാവല്ലാത്തവരെക്കൊണ്ട് അതു നടത്തേണ്ടിവരികയോ ചെയ്യുന്നപക്ഷം മാതാപിതാക്കൾ അന്യോന്യം ആലോചിച്ച് വേണ്ടതുപോലെ ചെയ്യാമെന്നും മറ്റുമുള്ള വിശദവിവരം സൂറത്തുൽ ബക്വറഃ 233-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്.

3) മാതാപിതാക്കളോടു മക്കൾ എപ്പോഴും നന്ദിയും കൂറും ഉള്ളവരായിരിക്കണം. ‘എനിക്കും നിന്റെ മാതാപിതാക്കൾക്കും നന്ദി ചെയ്യുക’

(أَنِ اشْكُرْ لِي وَلِوَالِدَيْكَ) എന്ന് – അല്ലാഹുവിനോടൊപ്പം മാതാപിതാക്കളെയും ചേർത്തുകൊണ്ടു – പറഞ്ഞ വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. എന്നാൽ, അല്ലാഹുവിനോടുള്ള കൂറും ഭക്തിയും മറ്റാരോടുള്ളതിനെക്കാളും പ്രാധാന്യമർഹിക്കുന്നുവെന്നത് വിസ്മരിച്ചുകൂടാ.

4) മാതാപിതാക്കളെ അനുസരിക്കലും, അവർക്കു നന്ദി ചെയ്യലും വമ്പിച്ച കടമയാണെന്നുവെച്ച് അവർ കൽപിക്കുന്നതെന്തും അനുസരിക്കാമെന്നു വിചാരിക്കാവതല്ല. തൗഹീദിനെതിരായി ശിർക്കുപരമായ വിശ്വാസമോ പ്രവൃത്തിയോ സ്വീകരിക്കുവാൻ അവർ നിർബ്ബന്ധിക്കുന്നപക്ഷം അതനുസരിക്കുവാൻ പാടില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الخَالِقِ – شرح السنة സൃഷ്ടാവിന്റെ കൽപനക്കു വിപരീതമായി ഒരു സൃഷ്ടിയെയും അനുസരിച്ചുകൂടാ എന്നു സാരം.

5) മാതാപിതാക്കൾ ആദർശത്തിൽ യോജിക്കാത്തവരോ, അമുസ്‌ലിംകളോ ആയിരുന്നാലും – ശിർക്ക് ചെയ്‍വാൻ നിർബന്ധിക്കുന്നവരായിരുന്നാൽ പോലും – അവരുടെ മരണം വരെ അവരോടു നന്നായി പെരുമാറേണ്ടതാകുന്നു. എന്നിരിക്കെ, സ്വഭാവദോഷത്തിന്റെയോ, അറിവില്ലായ്മയുടെയോ, വാർദ്ധക്യസഹജമായുണ്ടാകുന്ന സ്വഭാവവൈകല്യങ്ങളുടെയോ പേരിൽ മാതാപിതാക്കളെ വെറുക്കുന്നതും അവരോടു അപമര്യാദയായി വർത്തിക്കുന്നതും എത്രമാത്രം അക്രമമായിരിക്കും ?! അവരോടു പരുഷമായി സംസാരിക്കരുതെന്നും, മാന്യമായ വാക്കുകൾ പറയണമെന്നും, താഴ്മയോടെ പെരുമാറണമെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും സൂഃ ഇസ്രാഉ്: 23, 24 വചനങ്ങളിൽ അല്ലാഹു വ്യകതമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്.

‘നിനക്കു യാതൊരു അറിവും ഇല്ലാത്തതിനെ എന്നോടു പങ്കുചേർക്കുവാൻ…’ എന്നു പറഞ്ഞതിന്റെ താൽപര്യവും, ഈ ആയത്തുമായി ബന്ധപ്പെട്ട മറ്റു ചില സംഗതികളും സൂഃ അൻകബൂത്ത് 8-ാം വചനത്തിന്റെ വിവരണത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അതിവിടെ ഓർമ്മിക്കാം. മക്കൾക്കുവേണ്ടി മാതാക്കൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ ഏറിയകൂറും അവരുടെ ശൈശവത്തിലായിരിക്കുമല്ലോ. അതുകൊണ്ട് മക്കൾക്കു മിക്കവാറും അതിനെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കുവാൻ അവസരം കിട്ടുകയില്ല. പിതാക്കൾ മക്കൾക്കുവേണ്ടി അനുഭവിക്കുന്ന വിഷമങ്ങൾ ഏറെക്കുറെ മനസ്സിലാക്കുവാൻ മക്കൾക്കു അവസരം ലഭിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടായിരിക്കാം, പിതാവിന്റെ ത്യാഗത്തെക്കുറിച്ച് വിശേഷിച്ചൊന്നും ഇവിടെ എടുത്തുപറഞ്ഞു കാണാത്തത്. الله ٲعلم അടുത്ത വചനങ്ങളിൽലുക്വ് മാൻ (رضي الله عنه)ന്റെ സദുപദേശം തുടരുന്നു:-

31:16
  • يَٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ ﴾١٦﴿
  • (ലുക്വ് മാൻ പറഞ്ഞു :) 'എന്റെ കുഞ്ഞുമകനേ, നിശ്ചയമായും (ഒരു) കാര്യം - അതൊരു കടുകിന്റെ മണിയുടെ തൂക്കമായിരുന്നാലും, എന്നിട്ടതു ഒരു പാറകല്ലി (ന്റെ ഉള്ളി)ലോ, ആകാശങ്ങളിലോ, ഭൂമിയിലോ (എവിടെയെങ്കിലും) ആയിരിക്കുകയും ചെയ്താലും, അല്ലാഹു അതു (രംഗത്തു) കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
  • يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ إِنَّهَآ നിശ്ചയമായും അതു (ഒരു കാര്യം) إِن تَكُ അതായിരുന്നാൽ مِثْقَالَ حَبَّةٍ ഒരു (ധാന്യ) മണിയുടെ തൂക്കം مِّنْ خَرْدَلٍ കടുകിൽ നിന്നുള്ള فَتَكُن എന്നിട്ടു അതായിരിക്കുകയും (ചെയ്‌താൽ) فِى صَخْرَةٍ ഒരു പാറകല്ലിൽ أَوْ فِى ٱلسَّمَـٰوَٰتِ അല്ലെങ്കിൽ ആകാശങ്ങളിൽ أَوْ فِى ٱلْأَرْضِ അല്ലെങ്കിൽ ഭൂമിയിൽ يَأْتِ بِهَا അതിനെ കൊണ്ടുവരും ٱللَّـهُ അല്ലാഹു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَطِيفٌ നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ് خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

31:17
  • يَٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ ﴾١٧﴿
  • 'എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം നിലനിറുത്തണം; സദാചാരംകൊണ്ടു കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യണം; നിനക്കു ബാധിക്കുന്നതിൽ [ആപത്തുകളിൽ] നീ ക്ഷമ കൈകൊള്ളുകയും വേണം. നിശ്ചയമായും അത് (എല്ലാം തന്നെ) ഖണ്ഡിതമായ [ഒഴിച്ചുകൂടാത്ത] കാര്യങ്ങളിൽപെട്ടതാകുന്നു.
  • يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ أَقِمِ ٱلصَّلَوٰةَ നീ നമസ്കാരം നിലനിറുത്തുക وَأْمُرْ നീ കൽപിക്കുകയും ചെയ്യുക بِٱلْمَعْرُوفِ സദാചാരം കൊണ്ടു, നല്ല കാര്യത്തെക്കുറിച്ചു وَٱنْهَ വിരോധിക്കുകയും ചെയ്യുക عَنِ ٱلْمُنكَرِ ദുരാചാരത്തെ (വെറുക്കപ്പെട്ടതിനെ)ക്കുറിച്ചു وَٱصْبِرْ ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَآ أَصَابَكَ നിനക്കു ബാധിച്ചതിൽ, ആപത്തു വന്നതിൽ إِنَّ ذَٰلِكَ നിശ്ചയമായും അതു مِنْ عَزْمِ ٱلْأُمُورِ ഖണ്ഡിതമായ (ഒഴിച്ചുകൂടാത്ത, ദൃഢതരമായ) കാര്യങ്ങളിൽപെട്ടതാണു
31:18
  • وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴾١٨﴿
  • നീ മനുഷ്യരോടു നിന്റെ കവിൾ കോട്ടരുത് [മുഖം തിരിക്കരുത്;] അഹന്ത കാട്ടി ഭൂമിയിൽകൂടി നടക്കുകയും അരുത്. നിശ്ചയമായും ദുരഭിമാനിയായ എല്ലാ (ഓരോ) അഹങ്കാരിയെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
  • وَلَا تُصَعِّرْ നീ കോട്ടുക (ചരിക്കുക, തിരിക്കുക, ചുളിക്കുക)യും അരുതു خَدَّكَ നിന്റെ കവിൾ (മുഖം) لِلنَّاسِ മനുഷ്യരോടു وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِى ٱلْأَرْضِ ഭൂമിയിൽ مَرَحًا അഹങ്കരിച്ചുകൊണ്ടു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) അഹങ്കാരിയെയും, പത്രാസു നടിക്കുന്നവനെയും فَخُورٍ ദുരഭിമാനിയായ, യോഗ്യത നടിക്കുന്ന, അന്തസ്സു കാണിക്കുന്ന
31:19
  • وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ ﴾١٩﴿
  • 'നിന്റെ നടത്തത്തിൽ കരുതിക്കൊള്ളുക [മിതത്വം പാലിക്കുക]യും, നിന്റെ ശബ്ദത്തിൽനിന്നു (അൽപമൊന്ന്) താഴ്ത്തുകയും ചെയ്യുക. നിശ്ചയമായും ശബ്ദങ്ങളിൽവെച്ചു ഏറ്റവും വെറുപ്പായതു കഴുതകളുടെ ശബ്ദമത്രെ.’
  • وَٱقْصِدْ നീ കരുതുക (മിതത്വം പാലിക്കുക)യും ചെയ്യണം فِى مَشْيِكَ നിന്റെ നടത്തത്തിൽ وَٱغْضُضْ നീ താഴ്ത്തുക (കുറക്കുകയും) ചെയ്യുക مِن صَوْتِكَ നിന്റെ ശബ്ദത്തിൽ നിന്ന് (അൽപം) إِنَّ أَنكَرَ നിശ്ചയമായും കൂടുതൽ വെറുപ്പായതു ٱلْأَصْوَٰتِ ശബ്ദങ്ങളിൽ لَصَوْتُ ശബ്ദംതന്നെ ٱلْحَمِيرِ കഴുതകളുടെ

അഹംഭാവം മൂലം ജനങ്ങളുടെ നേരെ മുഖം ചുളിക്കുകയോ, അവഗണന നിമിത്തം അവരിൽ നിന്നു മുഖം തിരിക്കുകയോ ചെയ്യാതെ, പ്രസന്നമുഖത്തോടും വിനയത്തോടും കൂടി പെരുമാറണമെന്നാണ് وَلَا تُصَعِّرْ خَدَّكَ لِلنَّاسِ (മനുഷ്യരോടു കവിൾ കോട്ടരുതു) എന്നു പറഞ്ഞതിന്റെ സാരം. ഉറക്കെ ശബ്ദമുണ്ടാക്കിയും, അനാവശ്യമായി സംസാരിച്ചും മറ്റുള്ളവരെ ശല്യപെടുത്തുന്ന വായാടികൾക്കു വമ്പിച്ചൊരു താക്കീതാണ് അവരുടെ ശബ്ദത്തെ കഴുതയുടെ ശബ്ദത്തോടു ഉപമിച്ചതിൽ അടങ്ങിയിരിക്കുന്നത്. ശ്രോതാവിന്റെ ഹിതം നോക്കാതെ ഉച്ചത്തിൽ ശബ്ദമിടുന്നതു ഒരു യോഗ്യതയാണെങ്കിൽ, ആ യോഗ്യത കഴുതക്കാണല്ലോ കൂടുതൽ അവകാശപ്പെടാവുന്നത്.

ലുക്വ് മാൻ (رضي الله عنه)ന്റെ ഉപദേശങ്ങൾ ഇതോടെ അവസാനിച്ചു. ഓരോന്നിന്റെയും താല്‍പര്യം യാതൊരു വ്യാഖ്യാനമോ, വിവരണമോ കൂടാതെത്തന്നെ വ്യക്തമാണ്. ചുരുക്കത്തിൽ, മനുഷ്യൻ അല്ലാഹുവുമായി ഇടപെടേണ്ടതെങ്ങിനെയെന്നും, ജനങ്ങളുമായുള്ള പെരുമാറ്റം എങ്ങിനെയായിരിക്കണമെന്നും അദ്ദേഹം ഇതിൽ മകനെ ഓർമ്മിപ്പിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശ്വാസപരമായും, കർമ്മപരമായും, സ്വഭാവസംബന്ധമായുമുള്ള പല തത്വോപദേശങ്ങളുടെയും സമാഹാരമത്രെ അവ. ഓരോ വ്യക്തിയും നിത്യം ഓർമ്മിച്ചിരിക്കേണ്ടുന്ന ഉപദേശങ്ങളായതു കൊണ്ടുത്തന്നെയാണ് അല്ലാഹു ഖുർആനിൽ അവയെ ഉദ്ധരിച്ചതും. അവയെ മാതൃകയാക്കി ജീവിക്കുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.