സൂറത്തു ലുഖ്മാന് : 20-30
വിഭാഗം - 3
- أَلَمْ تَرَوْا۟ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُۥ ظَـٰهِرَةً وَبَاطِنَةً ۗ وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَـٰبٍ مُّنِيرٍ ﴾٢٠﴿
- ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നത് നീ കാണുന്നില്ലേ ?! അവന്റെ അനുഗ്രഹങ്ങൾ പ്രത്യക്ഷമായും, പരോക്ഷമായും നിങ്ങൾക്ക് അവൻ വിശാലപ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു! അല്ലാഹുവിന്റെ കാര്യത്തിൽ - യാതൊരു അറിവാകട്ടെ, മാർഗ്ഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന ഗ്രന്ഥമാകട്ടെ (ഒന്നും തന്നെ) ഇല്ലാതെ - തർക്കം നടത്തുന്ന ചിലർ മനുഷ്യരിലുണ്ട്.
- أَلَمْ تَرَوْا۟ നീ കണ്ടില്ലേ, നീ കാണുന്നില്ലേ أَنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു سَخَّرَ അധീനമാക്കി, വിധേയമാക്കി (എന്ന്) لَكُم നിങ്ങൾക്ക് مَّا فِى ٱلسَّمَـٰوَٰتِ ആകാശങ്ങളിലുള്ളത് وَمَا فِى ٱلْأَرْضِ ഭൂമിയിലുള്ളതും وَأَسْبَغَ അവൻ വിശാലപ്പെടുത്തുകയും ചെയ്തു عَلَيْكُمْ നിങ്ങളിൽ, നിങ്ങൾക്ക് نِعَمَهُۥ അവന്റെ അനുഗ്രഹങ്ങളെ ظَـٰهِرَةً പ്രത്യക്ഷമായിട്ട്, വ്യക്തമായ നിലയിൽ وَبَاطِنَةً പരോക്ഷമായിട്ടും, മറഞ്ഞ നിലയിലും وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يُجَـٰدِلُ തർക്കം നടത്തുന്നവർ فِى ٱللَّـهِ അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَلَا هُدًى ഒരു മാർഗ്ഗദർശനവുമില്ലാതെ وَلَا كِتَـٰبٍ ഒരു ഗ്രന്ഥവുമില്ലാതെ مُّنِيرٍ പ്രകാശം (വെളിച്ചം) നൽകുന്ന
- وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَـٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ ﴾٢١﴿
- 'അല്ലാഹു ഇറക്കിയിട്ടുള്ളതിനെ നിങ്ങൾ പിന്പറ്റുവിൻ' എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും; '(ഇല്ല-) എങ്കിലും ഞങ്ങളുടെ പിതാക്കളെ ഏതൊരു പ്രകാരത്തിൽ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നുവോ അതിനെ ഞങ്ങൾ പിൻപറ്റുന്നതാണ്.' പിശാച് അവരെ ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് ക്ഷണിക്കുകയായിരുന്നുവെങ്കിലുമോ (-എന്നാലും അവരെത്തന്നെയാണോ പിൻപറ്റുക)?!
- وَإِذَا قِيلَ പറയപ്പെട്ടാൽ لَهُمُ അവരോട് ٱتَّبِعُوا۟ നിങ്ങൾ പിന്പറ്റുവിൻ (എന്ന്) مَآ أَنزَلَ ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ ٱللَّـهُ അല്ലാഹു قَالُوا۟ അവർ പറയും بَلْ എങ്കിലും, എന്നാൽ نَتَّبِعُ ഞങ്ങൾ പിന്‍പറ്റും, പിൻപറ്റുന്നു مَا യാതൊന്നിനെ وَجَدْنَا ഞങ്ങൾ കണ്ടെത്തി عَلَيْهِ അതു പ്രകാരം, അതിന്മേൽ ءَابَآءَنَآ ഞങ്ങളുടെ പിതാക്കളെ أَوَلَوْ كَانَ ആയിരുന്നാലുമോ ٱلشَّيْطَـٰنُ പിശാച് يَدْعُوهُمْ അവരെ ക്ഷണിക്കുക, വിളിക്കുക إِلَىٰ عَذَابِ ശിക്ഷയിലേക്ക് ٱلسَّعِيرِ ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
ആകാശത്ത് സ്ഥിതിചെയ്യുന്ന സൂര്യ ചന്ദ്രനക്ഷത്രാദി ഗോളങ്ങളെയും, മേഘം, മഴ, മഞ്ഞ്, വായു മുതലായവയെയും, ഭൂമിയിലെ ജീവികൾ, സസ്യലതാദികൾ, പർവ്വതങ്ങൾ, നദികൾ ഖനനവസ്തുക്കൾ തുടങ്ങിയ നിരവധി വസ്തുക്കളെയും മനുഷ്യന് ഓരോ തരത്തിൽ അല്ലാഹു ഉപയോഗപ്പെടുത്തിക്കൊടുത്തിരിക്കുന്നു. വിശപ്പിന് ഭക്ഷണം, ദാഹത്തിന് വെള്ളം, താമസത്തിന് സ്ഥലസൗകര്യം, കാഴ്ച, കേൾവി, സംസാരം എന്നിങ്ങനെയുള്ള എണ്ണമറ്റ അനുഗ്രഹങ്ങൾ പ്രത്യക്ഷത്തിൽ അറിയപ്പെടാവുന്നവയാണ്. വിശേഷബുദ്ധി, ജ്ഞാനം സമ്പാദിക്കുവാനുള്ള മാർഗ്ഗങ്ങൾ, വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും മുഖേനയുള്ള മാർഗ്ഗദർശനങ്ങൾ, പ്രാര്‍ത്ഥനക്ക് ഉത്തരം നൽകൽ എന്നിങ്ങനെ പ്രത്യക്ഷത്തിൽ കാണപ്പെടാത്ത എത്രയോ അനുഗ്രഹങ്ങളും അവൻ മനുഷ്യനു ചെയ്തുകൊടുത്തിട്ടുണ്ട്. നിത്യം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. അങ്ങിനെ, ഓരോ വിനാഴികയിലും അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ചും, കണ്ടറിഞ്ഞും കൊണ്ടിരിക്കുകയുമാണ് മനുഷ്യവർഗ്ഗം. എന്നിട്ടും അവരിൽ ഒരു വിഭാഗം അല്ലാഹുവിലും, അവന്റെ തൗഹീദിലും വിശ്വസിക്കുന്നില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല. നേരെമറിച്ച് തർക്കത്തിനും, നിഷേധത്തിനും ഒരുമ്പെടുകയാണ് അവർ ചെയ്യുന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നവരും, അവന്റെ ഏകത്വത്തെയും ഉൽകൃഷ്ടഗുണങ്ങളെയും നിഷേധിക്കുന്നവരും, അവന്റെ നിയമനിര്‍ദ്ദേശങ്ങളെ വിമർശിക്കുന്നവരും – ഇങ്ങിനെ പല തരക്കാരും – ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ആകാശഭൂമികളെ സൃഷ്ടിച്ചതും, മഴവർഷിപ്പിച്ചതും കായ്കനികളെ ഉൽപാദിപ്പിച്ചതും സമുദ്രവും നദികളും ഉപയോഗപ്പെടുത്തിയതും, സൂര്യചന്ദ്രന്മാരെയും രാപ്പകലുകളെയും ഉപയോഗപ്പെടുത്തിയതും ഓര്‍മ്മിപ്പിച്ചശേഷം സൂറത്തു ഇബ്‌റാഹീമിൽ അല്ലാഹു പറയുന്നു :
وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّـهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌ كَفَّارٌ – سورة ابراهيم : 34
സാരം : നിങ്ങൾ അവനോട് – അല്ലാഹുവിനോടു – ആവശ്യപ്പെടുന്നതിൽ നിന്നെല്ലാം തന്നെ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണിയാൽ തീരുന്നതല്ല. നിശ്ചയമായും മനുഷ്യൻ അക്രമകാരിയും നന്ദികെട്ടവനും തന്നെ. (സൂഃ ഇബ്രാഹീം 34.) ഈ ആശയം തന്നെയാണ് അല്ലാഹു ഈ വചനങ്ങളിലും ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, അല്ലാഹുവിന്റെ കാര്യത്തിൽ – അവന്റെ തൗഹീദിന്റെയും, മാർഗ്ഗദർശനങ്ങളുടെയും, നിയമനിര്‍ദ്ദേശങ്ങളുടെയും കാര്യങ്ങളിൽ – തർക്കം നടത്തുന്നവർക്ക് അല്ലാഹുവിന്റെ സന്ദേശങ്ങൾക്കും നിര്‍ദ്ദേശങ്ങൾക്കും എതിരിൽ, തങ്ങളുടെ വാദങ്ങളെ സ്ഥാപിക്കുവാൻ എന്തെങ്കിലും തെളിവുകൾ ഹാജരാക്കുവാനുണ്ടോ? ഇല്ലതന്നെ. കാരണം ആ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ വാസ്തവവിരുദ്ധമല്ലാത്ത ഏതെങ്കിലും അറിവിന്റെ ശകലമോ, ദൈവികമാർഗ ദർശനമോ വേദഗ്രന്ഥങ്ങളുടെ സാക്ഷ്യമോ ഒന്നും അവർക്ക് സമർപ്പിക്കുവാനില്ല. ഉണ്ടായിരിക്കുവാൻ അവകാശവുമില്ലല്ലോ. അവരുടെ ഏകാവലംബം തങ്ങളുടെ പൂർവ്വികൻമാരുടെ പാരമ്പര്യവും, അവരോടുള്ള അന്ധമായ അനുകരണവും മാത്രമായിരിക്കും. ആ പൂര്‍വ്വികന്മാരുടെ നിലയോ? വാസ്തവത്തിൽ അവർ പിശാചിന്റെ കാലടികളെ പിൻപറ്റി വഴിപിഴച്ചു പോയിരിക്കയാണ്. പിശാച് അവരെ നയിച്ചിരുന്നത് നരകശിക്ഷയിലേക്ക് മാത്രമാണ്. ഇതേ അനുഭവം തന്നെ തങ്ങൾക്കും വേണമെന്നാണോ ഇക്കൂട്ടരും വിചാരിക്കുന്നത്?! ഇതാണ് അല്ലാഹു അവരോട് ഗൗരവപൂർവ്വം ചോദിക്കുന്നത്. തുടർന്നുകൊണ്ട് ഇരുകൂട്ടരുടെയും – അല്ലാഹുവിനെക്കുറിച്ചു നന്ദിയും വിശ്വാസവും ഉള്ളവരുടെയും, ഇല്ലാത്തവരുടെയും – അവസ്ഥ വിവരിക്കുന്നു :-
- وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَـٰقِبَةُ ٱلْأُمُورِ ﴾٢٢﴿
- ആരെങ്കിലും - അവൻ സൽഗുണവാനായിക്കൊണ്ട് - തന്റെ മുഖത്തെ അല്ലാഹുവിങ്കലേക്ക് വിട്ടുകൊടുക്കുന്ന [കീഴ്പെടുത്തുന്ന] തായാൽ, തീർച്ചയായും അവൻ ഏറ്റവും ബലവത്തായ കൈപിടിയെ മുറുകെ പിടിച്ചിരിക്കുകയാണ്. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം.
- وَمَن يُسْلِمْ ആരെങ്കിലും വിട്ടുകൊടുത്താൽ, കീഴ്പ്പെടുത്തിയാൽ وَجْهَهُ തന്റെ മുഖത്തെ إِلَى ٱللَّـهِ അല്ലാഹുവിങ്കലേക്ക് وَهُوَ അവൻ ആയിക്കൊണ്ട് مُحْسِنٌ സൽഗുണവാൻ, നന്മ പ്രവർത്തിക്കുന്നവൻ فَقَدِ ٱسْتَمْسَكَ എന്നാൽ തീർച്ചയായും അവൻ മുറുകെ പിടിച്ചു بِٱلْعُرْوَةِ കൈപിടിയെ, പിടിക്കയറ് ٱلْوُثْقَىٰ ഏറ്റവും ബലവത്തായ وَإِلَى ٱللَّـهِ അല്ലാഹുവിങ്കലേക്കാണ് عَـٰقِبَةُ ٱلْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം
- وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُۥٓ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوٓا۟ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٢٣﴿
- ആരെങ്കിലും അവിശ്വസിച്ചുവെങ്കിലോ, അവന്റെ അവിശ്വാസം (നബിയേ) നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ:- (കാരണം) നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിയെത്തൽ. അപ്പോൾ, അവർ പ്രവർത്തിച്ചതിനെക്കുറിച്ച് നാം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കും. നിശ്ചമായും അല്ലാഹു നെഞ്ഞുകളിൽ [ഹൃദയങ്ങളിൽ] ഉള്ളവയെക്കുറിച്ച് അറിയുന്നവനാകുന്നു.
- وَمَن كَفَرَ ആരെങ്കിലും അവിശ്വസിച്ചെങ്കിൽ فَلَا يَحْزُنكَ എന്നാൽ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ كُفْرُهُۥٓ അവന്റെ അവിശ്വാസം إِلَيْنَا നമ്മുടെ അടുക്കലേക്കാണ് مَرْجِعُهُمْ അവരുടെ മടക്കം فَنُنَبِّئُهُم അപ്പോൾ നാം അവരെ ബോധ്യപ്പെടുത്തും بِمَا عَمِلُوٓا۟ അവർ പ്രവർത്തിച്ചതിനെപ്പറ്റി إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌۢ അറിയുന്നവനാണ് بِذَاتِ ٱلصُّدُورِ നെഞ്ഞുകളി (ഹൃദയങ്ങളി) ലുള്ളതിനെപ്പറ്റി
- نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ ﴾٢٤﴿
- നാം അവർക്ക് അൽപം സുഖം അനുഭവിപ്പിക്കുന്നു; പിന്നീട് കഠോരമായ ശിക്ഷയിലേക്ക് നാം അവരെ നിർബന്ധിച്ചു കൊണ്ടുവരുന്നതുമാകുന്നു.
- نُمَتِّعُهُمْ നാം അവർക്ക് സുഖമനുഭവിപ്പിക്കും, സുഖജീവിതം നൽകും قَلِيلًا കുറച്ച്, അൽപം ثُمَّ പിന്നീട് نَضْطَرُّهُمْ നാം അവരെ നിർബന്ധിച്ചുകൊണ്ടുവരും, നിർബന്ധിതരാക്കും إِلَىٰ عَذَابٍ ഒരു ശിക്ഷയിലേക്ക് غَلِيظٍ കഠോരമായ, കനത്ത
നിഷ്കളങ്കമായ നിലയിൽ അല്ലാഹുവിന് കീഴ്പ്പെടുകയും അവന്റെ വിധി വിലക്കുകൾ അനുസരിക്കുകയും ചെയ്യുന്നവന് ശിക്ഷയെ ഭയപ്പെടേണ്ടതില്ലെന്നും അവന് രക്ഷാമാർഗ്ഗം ലഭിച്ചിരിക്കുന്നുവെന്നുമാണ് ആദ്യത്തെ വചനത്തിന്റെ താൽപര്യം. ‘നന്മ ചെയ്യുക, പുണ്യം ചെയ്യുക’ എന്നും മറ്റും അർത്ഥമുള്ള ‘ഇഹ്സാൻ’ (إحسان) എന്ന ധാതുവിന്റെ കരുത്തൃരൂപമാണ് ‘മുഹ്‌സിൻ’ (محسن) എന്ന വാക്ക്. ഇമാം മുസ്‌ലിം (റ) ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഒരു ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്
الاِحسان أن تعبد الله كأنك تراه فاِن لم تكن تراه فاِنه يراك – مسلم
(‘ഇഹ്സാൻ’ എന്നാൽ, അല്ലാഹുവിനെ നീ കാണുന്നുണ്ടെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവൻ നിന്നെ കാണുന്നുണ്ട്.) യഥാർത്ഥ ‘മുഹ്സിൻ’ ആരാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അവിശ്വാസികൾക്കുള്ള കനത്ത താക്കീതാണ് ഒടുവിലത്തെ രണ്ടു വചനങ്ങളുടെ ഉള്ളടക്കം. ‘അവർക്ക് നാം അൽപം സുഖം അനുഭവിപ്പിക്കും’ എന്നു പറഞ്ഞത് അവരുടെ ഇഹലോക ജീവിതത്തെ ഉദ്ദേശിച്ചാകുന്നു. സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും സാക്ഷാൽ ഫലം അനുഭവിക്കുക പരലോകത്തുവെച്ചാണല്ലോ. കഠോരമായ ശിക്ഷയിലേക്ക് അവരെ നിർബന്ധിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞത് അതിനെ ഉദ്ദേശിച്ചാകുന്നു.
- وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٢٥﴿
- ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവര്‍ പറയും: 'അല്ലാഹു' എന്ന്. പറയുക: അല്ലാഹുവിനാണ് സ്തുതി!' എങ്കിലും അവരിൽ അധികമാളും അറിയുന്നില്ല.
- وَلَئِن سَأَلْتَهُم നീ അവരോട് ചോദിച്ചുവെങ്കിൽ مَّنْ خَلَقَ ആർ സൃഷ്ടിച്ചു എന്ന് ٱلسَّمَـٰوَٰتِ ആകാശങ്ങൾ وَٱلْأَرْضَ ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവർ പറയും ٱللَّـهُ അല്ലാഹു എന്ന് قُلِ പറയുക ٱلْحَمْدُ സ്തുതി, സ്തോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ എങ്കിലും, പക്ഷേ أَكْثَرُهُمْ അവരിൽ അധികമാളുകളും لَا يَعْلَمُونَ അറിയുന്നില്ല
- لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٢٦﴿
- അല്ലാഹുവിന്റെതാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത് (മുഴുവനും). നിശ്ചയമായും അല്ലാഹു തന്നെയാണ് ധന്യനും (അഥവാ അനാശ്രയനും) സ്തുത്യർഹനുമായുള്ളവൻ.
- لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ് مَا فِى ٱلسَّمَـٰوَٰتِ ആകാശങ്ങളിലുള്ളത് وَٱلْأَرْضِ ഭൂമിയിലും إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു هُوَ അവൻ തന്നെ ٱلْغَنِىُّ ധന്യൻ, അനാശ്രയൻ ٱلْحَمِيدُ സ്തുത്യർഹൻ
അല്ലാഹു അല്ലാതെയുള്ളവരെ ആരാധിക്കുന്നത് അബദ്ധവും, അന്യായവുമാണെന്നുള്ളതിന് ഏറ്റവും അടിസ്ഥാനപരമായ കാരണം ലോകസൃഷ്ടാവ് അല്ലാഹുവാണെന്നുള്ളതാണല്ലോ. ഈ യാഥാർത്ഥ്യം ബഹുദൈവ വിശ്വാസികളും സമ്മതിക്കുന്നു. അങ്ങനെ, അവർക്കെതിരിൽ അവർതന്നെ ന്യായം സ്ഥാപിച്ചു കഴിഞ്ഞിരിക്കയാണ്. അതുകൊണ്ടാണ് അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുവാൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കൽപിക്കുന്നത്. എന്നാൽ, അവരിൽ അധികമാളുകളും – ചിന്തയുടെയും കാര്യബോധത്തിന്റെയും അഭാവം നിമിത്തം – ഈ പരമാർത്ഥം മനസ്സിലാക്കുന്നില്ല. ആകയാൽ, പൂർവ്വിക പാരമ്പര്യത്തെ അനുകരിച്ചു തൃപ്തി അടയുകയാണവർ ചെയ്യുന്നത്.
- وَلَوْ أَنَّمَا فِى ٱلْأَرْضِ مِن شَجَرَةٍ أَقْلَـٰمٌ وَٱلْبَحْرُ يَمُدُّهُۥ مِنۢ بَعْدِهِۦ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَـٰتُ ٱللَّهِ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٢٧﴿
- ഭൂമിയില്‍ വൃക്ഷമായിട്ടുള്ളത് (മുഴുവനും) പേനകളായിരുന്നാലും, (നിലവിലുള്ള) സമുദ്രം - അതിന് പുറമെ ഏഴു സമുദ്രങ്ങളും - അതിന് പോഷണം നൽകി (മഷിയായി)കൊണ്ടിരിക്കയും ചെയ്താലും, അല്ലാഹുവിന്റെ വചനങ്ങൾ (എഴുതി) തീരുന്നതല്ല. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
- وَلَوْ أَنَّ ആയിരുന്നാലും مَا فِى ٱلْأَرْض ഭൂമിയിലുള്ളത് مِن شَجَرَةٍ വൃക്ഷമായിട്ട്, മരത്തിൽ നിന്ന് أَقْلَـٰمٌ പേനകൾ وَٱلْبَحْرُ സമുദ്രവും (ഉണ്ടായിരുന്നാലും) يَمُدُّهُۥ അതിന് പോഷണം നൽകിക്കൊണ്ട് مِنۢ بَعْدِهِۦ അതിന് ശേഷം (പുറമെ) سَبْعَةُ أَبْحُرٍ ഏഴ് സമുദ്രങ്ങൾ مَّا نَفِدَتْ തീരുന്നതല്ല, കഴിയുന്നതല്ല كَلِمَـٰتُ ٱللَّـهِ അല്ലാഹുവിന്റെ വചനങ്ങൾ, വാക്കുകൾ إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് حَكِيمٌ അഗാധജ്ഞനാണ്, ജ്ഞാനയുക്തനാണ്
ഭൂമിയിലെ വൃക്ഷങ്ങളെല്ലാം പേനകളായും, നിലവിലുള്ള സമുദ്രവും, അതിന് പുറമെ ഒരേഴു സമുദ്രങ്ങളും മഷിയായും ഉപയോഗപ്പെടുത്തിയാലും അല്ലാഹുവിന്റെ ജ്ഞാനവാർത്തകളെയും, അവന്റെ ഉൽകൃഷ്ടഗുണങ്ങളെയും എഴുതി അവസാനിപ്പിക്കുക സാധ്യമല്ല. അഥവാ അവയ്ക്കു കണക്കും ഒടുക്കവുമില്ലാത്തതാണ് എന്ന് സാരം. ‘ഏഴു സമുദ്രങ്ങൾ’ (سبعة ابحر) എന്നു പറഞ്ഞത് കുറെ അധികം എന്ന ഉദ്ദേശ്യത്തിൽ പറഞ്ഞതാകുന്നു. എട്ടോ അതിലധികമോ സമുദ്രങ്ങളുണ്ടായാൽ അവസാനിപ്പിക്കാമെന്ന അർത്ഥത്തിലല്ല. അധികത്തെ ഉദ്ദേശിച്ചുകൊണ്ട് മലയാളക്കാർ പത്തും നൂറുമെല്ലാം എന്ന് പറയാറുള്ളതുപോലെ, അറബികൾ ഏഴും എഴുപതും എഴുന്നൂറും എന്ന് ഉപയോഗിക്കുക പതിവുണ്ട്. സൂറത്തുൽ കഹ്ഫ് 109-ാം ആയത്തിന്റെ വിവരണത്തിൽ നാം വായിച്ചതെല്ലാം ഇവിടെയും ഓര്‍മ്മിക്കാവുന്നതാണ്.
- مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَٰحِدَةٍ ۗ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴾٢٨﴿
- നിങ്ങളെ (മുഴുവനും) സൃഷ്ടിക്കുന്നതും, നിങ്ങളെ പുനർജ്ജീവിപ്പിക്കുന്നതും ഒരേ ദേഹത്തിന്റേതു പോലെയല്ലാതെ (കൂടുതൽ പ്രയാസമൊന്നും) അല്ല. നിശ്ചയമായും അല്ലാഹു (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
- مَّا خَلْقُكُمْ നിങ്ങളെ സൃഷ്ടിക്കുന്നതല്ല وَلَا بَعْثُكُمْ നിങ്ങളെ പുനർജ്ജീവിപ്പിക്കലും അല്ല إِلَّا كَنَفْسٍ ഒരു ദേഹത്തിന്റെ (ആളുടെ) തു പോലെയല്ലാതെ وَٰحِدَةٍ ഒരേ ഒരു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌۢ കേൾക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്
അഥവാ ഒരാളുടെ കാര്യവും കൂടുതൽ ആളുടെ കാര്യവും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരുപോലെ നിസ്സാരമാണ്. കാരണം, ഏതൊരു കാര്യവും ഉണ്ടാവണമെന്നു അവൻ ഉദ്ദേശിച്ചാൽ അതിനെക്കുറിച്ച് ‘ഉണ്ടാവുക’ എന്ന് അവൻ പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്. (إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ – يس) എന്നിരിക്കെ എണ്ണവണ്ണങ്ങളുടെ ഏറ്റക്കുറവ് അവന്റെ അടുക്കൽ ഒരു പ്രശ്നമേ അല്ല.
- أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِىٓ إِلَىٰٓ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ ﴾٢٩﴿
- നീ കാണുന്നില്ലേ, അല്ലാഹു രാത്രിയെ പകലിൽ കടത്തുകയും, പകലിനെ രാത്രിയിൽ കടത്തുകയും ചെയ്തു വരുന്നത് ?! സൂര്യനെയും ചന്ദ്രനെയും അവൻ അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷമമായി അറിയുന്നവനാണെന്നും (കണ്ടറിയുന്നില്ലേ) ?!
- أَلَمْ تَرَ നീ കാണുന്നില്ലേ, കണ്ടില്ലേ أَنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يُولِجُ കടത്തുന്നു ٱلَّيْلَ രാത്രിയെ فِى ٱلنَّهَارِ പകലിൽ وَيُولِجُ ٱلنَّهَارَ പകലിനെ കടത്തുന്നു എന്നും فِى ٱلَّيْلِ രാത്രിയിൽ وَسَخَّرَ അവൻ അധീനമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തിരിക്കുന്നു ٱلشَّمْسَ وَٱلْقَمَرَ സൂര്യനെയും, ചന്ദ്രനെയും كُلٌّ എല്ലാം (ഓരോന്നും) يَجْرِىٓ സഞ്ചരിക്കുന്നു إِلَىٰٓ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَأَنَّ ٱللَّـهَ അല്ലാഹു ആണെന്നും بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവൻ
പകൽ സമയത്തിൽ വരുന്ന കുറവിനെ രാത്രിയിലും, രാത്രി സമയത്തിൽ വരുന്ന കുറവിനെ പകലിലും അവൻ വർധിപ്പിക്കുന്നു. രാത്രി വരുമ്പോൾ പകലിനെ അതിലും, പകൽ വരുമ്പോൾ രാത്രിയെ അതിലും ലയിപ്പിക്കുന്നു. ദിവസക്കണക്കിലും, മാസക്കണക്കിലും, വർഷക്കണക്കിലും സൂര്യചന്ദ്രന്മാർക്ക് നിര്‍ണ്ണയിക്കപ്പെട്ട ചലനമാർഗങ്ങൾ തെറ്റാതെ ഖിയാമത്ത് നാൾ വരെ അവ ചലിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്റെ ശക്തിമാഹാത്മ്യത്തെയും, സൃഷ്ടിവൈഭവത്തെയും, ജ്ഞാനവിശാലതയെയും വിളിച്ചോതുന്നു. ഇതിന് കാരണമെന്താണെന്നോ? –
- ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ ﴾٣٠﴿
- അല്ലാഹു തന്നെയാണ് സ്ഥിരമായി നിലകൊള്ളുന്നവൻ എന്നുള്ളത് കൊണ്ടാണത്; അവന് പുറമെ അവർ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നവ വ്യർത്ഥമാണെന്നും, അല്ലാഹു തന്നെയാകുന്നു വലിയ (മഹാനായ) ഉന്നതനെന്നും (ഉള്ളതുകൊണ്ടാണ്).
- ذَٰلِكَ അത് بِأَنَّ ٱللَّـهَ അല്ലാഹുവാണെന്നതുകൊണ്ടാണ് هُوَ അവൻ തന്നെ ٱلْحَقُّ സ്ഥിരമായുള്ളവൻ, യഥാര്‍ത്ഥമായുള്ളവന്‍ وَأَنَّ مَا يَدْعُونَ അവർ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നവയാണെന്നും مِن دُونِهِ അവന്ന് പുറമെ ٱلْبَـٰطِلُ വ്യര്‍ത്ഥമായത്, അയഥാർത്ഥമായത് وَأَنَّ ٱللَّـهَ അല്ലാഹുവാണെന്നതും هُوَ അവൻ തന്നെ ٱلْعَلِىُّ ഉന്നതൻ, ഉയർന്നവൻ ٱلْكَبِيرُ വലിയ, മഹാൻ