സൂറത്തുൽ മുജാദലഃ : 014-022
വിഭാഗം - 3
- ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ ﴾١٤﴿
- (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു.
- أَلَمْ تَرَ നീ കണ്ടില്ലേ (നോക്കുന്നില്ലേ) إِلَى الَّذِينَ تَوَلَّوْا യാതൊരു കൂട്ടരിലേക്കു മൈത്രീബന്ധം സ്ഥാപിച്ചവരിലേക്ക് قَوْمًا ഒരു ജനതയോടു, ജനതയെ غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِم അവരോടു, അവരുടെ മേല്‍ مَّا هُم അവരല്ല مِّنكُمْ നിങ്ങളില്‍ പെട്ട(വര്‍) وَلَا مِنْهُمْ അവരില്‍പെട്ടവരുമല്ല وَيَحْلِفُونَ അവര്‍ ശപഥം (സത്യം) ചെയ്യുന്നു عَلَى الْكَذِبِ വ്യാജത്തി(അസത്യത്തി)ന്റെ മേല്‍ وَهُمْ അവര്‍, അവരോ يَعْلَمُونَ അറിഞ്ഞുകൊണ്ട്, അറിയുന്നു (താനും)
- أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴾١٥﴿
- അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്.
- أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ إِنَّهُمْ നിശ്ചയമായും അവര്‍ سَاءَ വളരെ (എത്രയോ) ദുഷിച്ചതു (ചീത്ത, മോശം) مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ പ്രവര്‍ത്തിക്കും
- ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ ﴾١٦﴿
- തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
- اتَّخَذُوا അവര്‍ ആക്കി, ആക്കിത്തീര്‍ത്തു أَيْمَانَهُمْ അവരുടെ സത്യങ്ങളെ, ആണകളെ جُنَّةً ഒരു മറവു (തടവു - പരിച) فَصَدُّوا അങ്ങനെ അവര്‍ തടഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു فَلَهُمْ അതിനാല്‍ അവര്‍ക്കുണ്ടു عَذَابٌ مُّهِينٌ അപമാനകരമായ (നിന്ദിക്കുന്ന) ശിക്ഷ
കപടവിശ്വാസികളെ -മുനാഫിഖുകളെ- ക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. അല്ലാഹുവിന്റെ ശാപകോപത്തിനു പാത്രമായ യഹൂദരുമായി അവർ കൂട്ടുകെട്ടും, സ്നേഹബന്ധവും പുലർത്തിപ്പോരുകയും, മുസ്ലിംകൾക്കെതിരായ ഗൂഢാലോചനകളിൽ അവരെ സഹായിക്കയും ചെയ്യും. മുസ്‌ലിംകളോടുള്ള വിദ്വേഷമല്ലാതെ ഇരുകൂട്ടരെയും തമ്മിൽ യോജിപ്പിക്കുന്ന മറ്റു ബന്ധങ്ങളൊന്നുമില്ല. അവർ യഹൂദികളുടെ കൂട്ടത്തിൽപെട്ടവരാണോ? അല്ല. എന്നാൽ മുസ്‌ലിംകളാണോ? അതുമല്ല. ചുരുക്കത്തിൽ, അല്ലാഹു മറ്റൊരു സ്ഥലത്തു പറഞ്ഞതുപോലെ, അങ്ങോട്ടുമിങ്ങോട്ടുമല്ലാതെ ആടിക്കളിച്ചു കൊണ്ടിരിക്കുകയാണവർ. (مُّذَبْذَبِينَ بَيْنَ ذَٰلِكَ لَا إِلَىٰ هَـٰؤُلَاءِ وَلَا إِلَىٰ هَـٰؤُلَاءِ) തങ്ങൾ സത്യവിശ്വാസം സ്വീകരിച്ചവരാണെന്നും, ഇസ്‌ലാമിന്റെ ഗുണകാംക്ഷികളാണെന്നും അവർ ആവർത്തിച്ചു ശപഥം ചെയ്തുകൊണ്ടിരിക്കും. തങ്ങളുടെ യാഥാർത്ഥനില വെളിച്ചത്താകാതിരിക്കുന്നതിനുള്ള ഒരു മറവായി അവർ ആ കള്ളസത്യങ്ങളെ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല, വാസ്തവമറിയാത്ത ശുദ്ധാത്മാക്കളായ മുസ്‌ലിംകൾ അതുകേട്ടു വഞ്ചിതരാവുകയും ചെയ്യും. ഈ കപടന്മാർക്കു കനത്ത ശിക്ഷയെകുറിച്ചു അല്ലാഹു ശക്തിയായി താക്കീതു ചെയ്തിരിക്കുന്നു. അല്ലാഹു തുടരുന്നു:-
- لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴾١٧﴿
- അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും.
- لَّن تُغْنِيَ ധന്യമാക്കുക (പരിഹരിക്കുക - ഉപകരിക്കുക - തടയുക - ഐശ്വര്യമാക്കുക) ഇല്ലതന്നെ عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا ഒട്ടും, ഒന്നിനെയും, യാതൊന്നും أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരാണ്
- يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَٰذِبُونَ ﴾١٨﴿
- അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍.
- يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരെയും فَيَحْلِفُونَ അപ്പോള്‍ അവര്‍ ശപഥം (സത്യം) ചെയ്യും لَهُ അവനോടു كَمَا يَحْلِفُونَ അവര്‍ ശപഥം ചെയ്യുന്നപോലെ لَكُمْ നിങ്ങളോട് وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്കുക)യും ചെയ്യും أَنَّهُمْ നിശ്ചയമായും അവര്‍ (ആകുന്നു) എന്നു عَلَىٰ شَيْءٍ ഒരു കാര്യത്തില്‍, ഏതെങ്കിലും ഒന്നില്‍ أَلَا അല്ലാ (അറിയുക) إِنَّهُمْ هُمُ നിശ്ചയമായും അവര്‍ തന്നെ الْكَاذِبُونَ വ്യാജം പറയുന്നവര്‍, അസത്യവാദികള്‍
തങ്ങൾ സത്യവിശ്വാസികളാണെന്നും മറ്റും ഇഹത്തിൽവെച്ചു അവർ കള്ളസത്യം ചെയ്തു പറഞ്ഞിരുന്നതു പോലെ, പരലോകത്തു അല്ലാഹുവിന്റെ മുമ്പിലും അവർ കള്ളസത്യം ചെയ്‌തേക്കും. പരലോകത്തുവെച്ച് മുശ്‌രിക്കുകളും അങ്ങിനെ കള്ളസത്യം ചെയ്യുമെന്ന് (6:23 ൽ) അല്ലാഹു പ്രസ്താവിച്ചു കാണാം. ഇഹത്തിൽവെച്ചു തങ്ങളുടെ കള്ളസത്യം മുഖേന ചില കാര്യങ്ങളെല്ലാം സാധിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നതുപോലെ, അവിടെ വെച്ചും ആ സത്യം അവർക്കു വല്ല കാര്യവും നേടിക്കൊടുക്കുമെന്നായിരിക്കും അവരുടെ വിചാരം. പക്ഷെ, അതുണ്ടോ സാധിക്കുന്നു?! അവർ തനിവ്യാജവാദികളാണെന്ന വസ്തുത സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കയാണല്ലോ.
- ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ ﴾١٩﴿
- പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍.
- اسْتَحْوَذَ عَلَيْهِمُ അവരില്‍ അധികാരം നടത്തി, ജയിച്ചടക്കിവെച്ചു الشَّيْطَانُ പിശാചു فَأَنسَاهُمْ എന്നിട്ടവന്‍ അവരെ മറപ്പിച്ചു, വിസ്മരിപ്പിച്ചു ذِكْرَ اللَّـهِ അല്ലാഹുവിന്റെ ഓര്‍മ്മ, സ്മരണ أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ الشَّيْطَانِ പിശാചിന്റെ കക്ഷിയാണ്, സംഘമാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ حِزْبَ الشَّيْطَانِ നിശ്ചയമായും പിശാചിന്റെ കക്ഷി هُمُ الْخَاسِرُونَ അവർ തന്നെയാണ് നഷ്ടപ്പെട്ടവര്‍
- إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ ﴾٢٠﴿
- നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يُحَادُّونَ اللَّـهَ അല്ലാഹുവിനോടു (കക്ഷി) മത്സരം നടത്തുന്ന وَرَسُولَهُ അവന്റെ റസൂലിനോടും أُولَـٰئِكَ അക്കൂട്ടര്‍ فِي الْأَذَلِّينَ ഏറ്റം നിസ്സാര (നിന്ദ്യ) മായവരിലായിരിക്കും
- كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ ﴾٢١﴿
- അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു.
- كَتَبَ اللَّـهُ അല്ലാഹു എഴുതി (രേഖപ്പെടുത്തി) വെച്ചിരിക്കുന്നു لَأَغْلِبَنَّ നിശ്ചയമായും ഞാന്‍ ജയിക്കും أَنَا ഞാന്‍ തന്നെ وَرُسُلِي എന്റെ റസൂലുകളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാണ്, ഊക്കനാണ് عَزِيزٌ പ്രതാപശാലിയാണ്
ഞാനും എന്റെ റസൂലുകളും തന്നെയാണ് വിജയിക്കുക എന്ന കാര്യം അല്ലാഹു മുമ്പേ നിശ്ചയിച്ചു രേഖപ്പെടുത്തി വെച്ചതാണ്, അതിൽ മാറ്റമില്ല എന്നു സാരം. സൂ : സ്വാഫ് -ഫാത് 171-173 ഉം വിവരണവും നോക്കുക. പിശാചിന്റെ കക്ഷിയെക്കുറിച്ചു പ്രസ്താവിച്ചശേഷം, അല്ലാഹുവിന്റെ കക്ഷിയുടെ സ്വഭാവവും, നേട്ടങ്ങളും വിവരിക്കുന്നു:-
- لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ﴾٢٢﴿
- അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അതില്‍ നിത്യവാസികളായ നിലയില്‍ - അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (-അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍.
- لَّا تَجِدُ നീ കണ്ടെത്തുകയില്ല قَوْمًا ഒരു ജനതയെ يُؤْمِنُونَ വിശ്വസിക്കുന്ന بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യനാളിലും يُوَادُّونَ അവര്‍ സ്നേഹബന്ധം (താല്‍പര്യം) പുലര്‍ത്തുന്ന (കാണിക്കുന്ന) തായി مَنْ حَادَّ മല്‍സരം കാണിക്കുന്നവരുമായി اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും وَلَوْ كَانُوا അവര്‍ ആയിരുന്നാലും آبَاءَهُمْ തങ്ങളുടെ പിതാക്കള്‍ أَوْ أَبْنَاءَهُمْ അല്ലെങ്കില്‍ തങ്ങളുടെ പുത്രന്‍മാര്‍ أَوْ إِخْوَانَهُمْ അല്ലെങ്കില്‍ തങ്ങളുടെ സഹോദരന്‍മാര്‍ أَوْ عَشِيرَتَهُمْ അല്ലെങ്കില്‍ തങ്ങളുടെ ബന്ധു (കുടുംബം) أُولَـٰئِكَ അക്കൂട്ടര്‍ كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْإِيمَانَ സത്യവിശ്വാസം وَأَيَّدَهُم അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു بِرُوحٍ ഒരു ആത്മാവ് (ജീവന്‍) കൊണ്ടു مِّنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُدْخِلُهُمْ അവന്‍ അവരെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായ നിലയില്‍ رَضِيَ اللَّـهُ അല്ലാഹു തൃപ്തി (പൊരുത്ത) പ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെട്ടു عَنْهُ അവനെപ്പറ്റി أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ اللَّـهِ അല്ലാഹുവിന്റെ കക്ഷിയാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ നിശ്ചയമായും حِزْبَ اللَّـهِ അല്ലാഹുവിന്റെ കക്ഷി هُمُ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
അല്ലാഹുവിന്റെയും റസൂലിന്റെയും എതിർകക്ഷികളും, ശത്രുക്കളുമായി നിലകൊള്ളുന്നവരോടു – അവർ എത്ര അടുത്ത ബന്ധുക്കളായിരുന്നാലും ശരി – സ്നേഹബന്ധം പുലർത്തുവാൻ യഥാർത്ഥ സത്യവിശ്വാസികളായ ആളുകൾക്കു സാധ്യമല്ല. ഇങ്ങിനെയുള്ള വിശ്വാസികളുടെ വിശ്വാസമായിരിക്കും ഹൃദയത്തിൽ വേരുറച്ച അചഞ്ചലമായ വിശ്വാസം. അവർക്കു അല്ലാഹുവിങ്കൽനിന്നു ഒരു പ്രത്യേക ചൈതന്യവും ആത്മീയശക്‌തിയും ലഭിക്കുന്നതുമാകുന്നു. കപടവിശ്വാസികളെപ്പോലെ ഇവരുടെ വിശ്വാസം ഒരിക്കലും ആടിക്കളിക്കുകയോ, അന്യർക്കു വഴങ്ങിക്കൊടുക്കുകയോ ചെയ്യുന്നതല്ല. പരീക്ഷണഘട്ടങ്ങളിൽ അതു പതറിപോകുന്നതുമല്ല. അല്ലാഹുവിന്റെ കക്ഷിയുടെയും, പിശാചിന്റെ കക്ഷിയുടെയും വിശ്വാസങ്ങൾ തമ്മിലുള്ള വ്യത്യാസമാണത്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെക്കുറിച്ചു പഴിവാക്കുകൾ പറയുന്നതുകേട്ട് സഹിക്കവയ്യാതെ ഒരിക്കൽ അബൂബക്കർ (رَضِيَ اللهُ تَعَالَى عَنْهُ) തന്റെ പിതാവായ അബൂഖുഹാഫഃ (رَضِيَ اللهُ تَعَالَى عَنْهُ) യെ തട്ടിത്തള്ളുകയും അദ്ദേഹം മറിഞ്ഞുവീഴുകയും ഉണ്ടായി. അന്നു അബൂഖുഹാഫഃ (رَضِيَ اللهُ تَعَالَى عَنْهُ) വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. ബദ്ര്‍ യുദ്ധത്തിൽ താനുമായി ഏറ്റുമുട്ടിയ സ്വപിതാവിനെ അബു ഉബൈദഃ (رَضِيَ اللهُ تَعَالَى عَنْهُ) കൊലപ്പെടുത്തുകയുണ്ടായി. ഇതെല്ലാം അവരുടെ ഹൃദയത്തിൽ കൂടിക്കൊണ്ടിരുന്ന വിശ്വാസശക്തിയുടെ ബഹിർഗമനമത്രെ. ബദ്ര്‍യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരിൽ എന്തു നടപടിയാണ് എടുക്കേണ്ടതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികളുമായി ആലോചന നടത്തിയപ്പോൾ, അവരെ നിർദ്ദയം കൊല്ലണമെന്നായിരുന്നു ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) അഭിപ്രായപ്പെട്ടത്. ഇതും അദ്ദേഹത്തിന്റെ അടിയുറച്ച സത്യവിശ്വാസത്തിന്റെ വികാരമായിരുന്നു. മാതാപിതാക്കൾ അവിശ്വാസികളായിരുന്നാൽപോലും അവരോടു നല്ലനിലക്കു സഹവസിക്കണമെന്നും, ശത്രുപക്ഷത്തുള്ളവരോടു നല്ല നിലയിൽ വർത്തിക്കണമെന്നും അല്ലാഹുവും റസൂലും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇതും മേൽകണ്ടതുപോലുള്ള സംഭവങ്ങളും പരസ്പര വിരുദ്ധമല്ല. രണ്ടിന്റെയും സ്ഥാനം വ്യത്യസ്തമാണെന്നു മാത്രം. അടുത്ത രണ്ടാമത്തെ അദ്ധ്യായമായ സൂ : മുംതഹനഃയിൽ ഇതു സംബന്ധിച്ചു കൂടുതൽ വിവരം കാണാവുന്നതാണ്. إن شاء الله
“അല്ലാഹു അവരെക്കുറിച്ചും, അവർ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞതിന്റെ താല്‍പര്യം ഇതാണ്: നിഷ്കളങ്കവും, അജയ്യവുമായ അവരുടെ വിശ്വാസശക്തിയും, തദടിസ്ഥാനത്തിലുള്ള അവരുടെ ജീവിതക്രമവും അല്ലാഹുവിന്റെ തൃപ്തിക്കു അവരെ പാത്രമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ വിധി വിലക്കുകളുടെ കാര്യത്തിലും, അവർക്കു അല്ലാഹുവിൽനിന്ന് ലഭിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളിലും അവരും തികച്ചും സംതൃപ്തരായിരിക്കും. والله أعلم