സൂറത്തുൽ മുജാദലഃ : 001-006
മുജാദിലഃ (തർക്കിക്കുന്നവൾ)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 22 – വിഭാഗം (റുകൂഅ്) 3
بِسْمِ ٱللَّـهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
ജുസ്ഉ് - 28
വിഭാഗം - 1
ഇസ്ലാമിനുമുമ്പ് ‘ജാഹിലിയ്യാ’ അറബികൾക്കിടയിൽ ഭാര്യമാരെ വിവാഹമോചനം ചെയുന്നതിനു ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമായിരുന്നു ‘ളിഹാർ’. أَنْتِ عَلَىَّ كَظَهْرِ أُمِّي (നീ എന്റെ മേൽ എന്റെ മാതാവിന്റെ മുതുകുപോലെയാകുന്നു) എന്നു അവർ പറയും. മാതാവുമായി ഭാര്യാഭർത്യബന്ധം പാടില്ലാത്തതുപോലെ നാം തമ്മിലും പാടില്ല എന്നു സാരം. ഒരാൾ തന്റെ ഭാര്യയോടു ഇങ്ങിനെ പറഞ്ഞു കഴിഞ്ഞാൽ പിന്നീടു അവൾ അവനു നിഷിദ്ധമാണെന്നാണ് അവരുടെ വെപ്പ്. ഇസ്ലാമിൽ ഇങ്ങിനെ ഒരു സംഭവം ഉണ്ടായ സന്ദർഭത്തിലായിരുന്നു ഈ സൂറത്തിലെ ആദ്യത്തെ ചില വചനങ്ങൾ അവതരിച്ചത്. ഈ സംഭവത്തെക്കുറിച്ച് ഹദീസു ഗ്രന്ഥങ്ങളിൽ പല രിവായത്തുകൾ കാണാവുന്നതാണ്. അവയിൽ പ്രസക്തമായ ഭാഗം ഇപ്രകാരമാകുന്നു:-
ഔസ്ബ്നു സ്വാമിത്ത് (اوس بن الصامت) ഒരു വൃദ്ധനായിരുന്നു. വാർദ്ധക്യം വന്നപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ സംസാരം തനിക്കു പിടിച്ചില്ല. അദ്ദേഹം ഭാര്യയെ ‘ളിഹാർ’ ചെയ്തു. ഭാര്യയുടെ പേർ ഖൌലഃ (خولة بنت ثعلبة – رض) എന്നാണ്. താമസിയാതെത്തന്നെ ഈ അവിവേകത്തിൽ അദ്ദേഹത്തിനു ഖേദമായി. പറഞ്ഞുപോയ വാക്കു മടക്കിയെടുത്തു എന്ന നിലക്കു അദ്ദേഹം ഭാര്യയെ സമീപിച്ചു. ഭാര്യ കൂട്ടാക്കിയില്ല. ളിഹാർ നടന്നുകഴിഞ്ഞ സ്ഥിതിക്കു അതിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിധി എന്താണെന്നറിയണം എന്നായി. അവർ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽചെന്നു ഇങ്ങിനെ പറഞ്ഞു: “റസൂലേ, ഔസ് എന്നെ വിവാഹം ചെയ്യുമ്പോൾ ഞാനൊരു യുവതിയായിരുന്നു. ഇപ്പോൾ എനിക്കു വയസ്സായി. മക്കളും അധികമുണ്ട്. എന്നിട്ട് ഇപ്പോഴിതാ അദ്ദേഹം എന്നെ ളിഹാർ ചെയ്തിരിക്കുന്നു! അതുകൊണ്ടു എന്നെ സംബന്ധിച്ചു വല്ല ഒഴികഴിവും ഉണ്ടെങ്കിൽ, അതു എനിക്കും അദ്ദേഹത്തിനും ആശ്വാസകരമായിരുന്നു…”
തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: “നിങ്ങളുടെ കാര്യത്തിൽ (ഒരു തീരുമാനം നിശ്ചയിക്കുമാറ്) ഇതുവരെ ഒരു കല്പനയും വന്നു കിട്ടിയിട്ടില്ല. നിങ്ങൾ അദ്ദേഹത്തിനു ഹറാമാ (നിഷിദ്ധമാ)ണെന്നല്ലാതെ ഞാൻ കാണുന്നില്ല.” ‘അദ്ദേഹം എന്നെ വിവാഹമോചനം (തലാഖു) ചെയ്തിട്ടില്ലല്ലോ എന്നും മറ്റും പറഞ്ഞ് അവർ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു തർക്കിച്ചു. പിന്നീടു ഇങ്ങിനെ പരാതി പറയുവാൻ തുടങ്ങി: “അല്ലാഹുവേ, ഞാൻ ഒറ്റപ്പെടുന്നതിലുള്ള കഷ്ടപ്പാടും, ഞാൻ പിരിഞ്ഞുപോകുന്നതിലുള്ള വിഷമതയും നിന്നോടു സങ്കടപെടുന്നു. എനിക്കു കുറെ ചെറുകുട്ടികളുണ്ടു. അവരെ അദ്ദേഹത്തിന്റെ ഒന്നിച്ചു ചേർത്താൽ അവർ പാഴായിത്തിരും. എന്റെ കൂടെ ചേർത്താൽ വിശക്കേണ്ടി വരികയും ചെയ്യും! (ആകാശത്തേക്കു നോക്കിക്കൊണ്ട്) അല്ലാഹുവേ, ഞാൻ നിന്നോടു സങ്കടം ബോധിപ്പിക്കുന്നു. അല്ലാഹുവെ നിന്റെ പ്രവാചകന് എന്നെപ്പറ്റി (വഹ്യു) അവതരിപ്പിച്ചു കൊടുക്കേണമേ!”. അധികം താമസിച്ചില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ഖുർആൻ വാക്യങ്ങൾ അവതരിച്ചു. “ഖൌലാ, സന്തോഷിച്ചുകൊള്ളുക!” എന്നു പറഞ്ഞുകൊണ്ട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തിലെ ആദ്യ വചനങ്ങൾ ഓതിക്കേൾപ്പിച്ചു. ഈ വനിതാസഹാബിയാണ് ആദ്യത്തെ വചനത്തിൽ കാണുന്ന തർക്കിക്കുന്ന സ്ത്രീ.
- قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴾١﴿
- (നബിയേ,) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും, അല്ലാഹുവിങ്കലേക്കു സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്കു അല്ലാഹു കേട്ടിട്ടുണ്ട് [സ്വീകരിച്ചിരിക്കുന്നു]. നിങ്ങള്‍ രണ്ടുപേര്‍ സംഭാഷണം നടത്തുന്നതു അല്ലാഹു കേള്‍ക്കുന്നുമുണ്ടായിരുന്നു. നിശ്ചയമായും അല്ലാഹു കേള്‍ക്കുന്നവനാണ്, കാണുന്നവനാണ്.
- قَدْ سَمِعَ കേട്ടിട്ടുണ്ടു, തീര്‍ച്ചയായും കേട്ടു اللَّـهُ അല്ലാഹു قَوْلَ വാക്കു الَّتِي تُجَادِلُكَ നിന്നോടു തര്‍ക്കിക്കുന്നവളുടെ فِي زَوْجِهَا അവളുടെ ഇണയുടെ (ഭര്‍ത്താവിന്റെ) കാര്യത്തില്‍ وَتَشْتَكِي പരാതി (സങ്കടം) ബോധിപ്പിക്കയും ചെയ്യുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു وَاللَّـهُ يَسْمَعُ അല്ലാഹു കേള്‍ക്കും, കേട്ടിരുന്നു تَحَاوُرَكُمَا നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്
“തർക്കിക്കുന്നവൾ” എന്നു പറഞ്ഞതു ഖൌല (رَضِيَ اللهُ تَعَالَى عَنْها) യെക്കുറിച്ചാണെന്നും, തർക്കവിഷയം ‘ളിഹാറാ’ ണെന്നും പ്രാരംഭത്തിലെ പ്രസ്താവനയിൽ നിന്നു വ്യക്തമാണല്ലോ. ആയിഷ (رَضِيَ اللهُ تَعَالَى عَنْها) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:- ‘എല്ലാ ശബ്ദങ്ങളും കേൾക്കുമാറ് വിശാല കേൾവിയുള്ളവനായ അല്ലാഹുവിനു സ്തുതി! ആ തർക്കം നടത്തിയ സ്‌ത്രീ റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കൽ വന്നു സംസാരിക്കുമ്പോൾ, ഞാൻ വീടിന്റെ ഒരു ഭാഗത്തുണ്ടായിരുന്നു. അവൾ പറയുന്നതെന്താണെന്നു ഞാൻ (വ്യക്തമായി) കേൾക്കുമായിരുന്നില്ല. അങ്ങിനെ അല്ലാഹു
قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ ﴿١
എന്ന (ഈ) വചനം ഇറക്കി.” (رواية البخاري تعليقا). ഒരവസരത്തിൽ ഒരു കിഴവി ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) നെ വിളിച്ചു വളരെനേരം സംസാരിച്ചു. ഇതു കണ്ട ചിലർ അതിനെപ്പറ്റി ചോദിച്ചപ്പോൾ ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) ഇങ്ങിനെ പറയുകയുണ്ടായി: “ച്ഛെ! ഈ സ്‌ത്രീ ആരാണെന്നറിയാമോ? ഏഴാകശങ്ങൾക്കുമീതെ നിന്ന അല്ലാഹു പരാതികേട്ട് ഉത്തരം നൽകിയ ആ സ്‌ത്രീ ഇതാണ്. അതെ, ഥഅ്-ലബത്തിന്റെ മകൾ ഖൌലത്ത്.” (البيحقى والبخارى في تاريخة). അടുത്ത വചനങ്ങളിൽ ‘ളിഹാറി’ന്റെ വിധി പ്രസ്താവിക്കുന്നു:-
- ٱلَّذِينَ يُظَـٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَـٰتِهِمْ ۖ إِنْ أُمَّهَـٰتُهُمْ إِلَّا ٱلَّـٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ ٱلْقَوْلِ وَزُورًا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ ﴾٢﴿
- നിങ്ങളില്‍നിന്നു തങ്ങളുടെ സ്ത്രീകളോടു [ഭാര്യമാരോട്] 'ളിഹാര്‍' ചെയ്യുന്നവര്‍....! [അവര്‍ അബദ്ധമാണ് പ്രവര്‍ത്തിക്കുന്നത്.] അവര്‍ അവരുടെ മാതാക്കളല്ല; അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ (മറ്റാരും) അല്ല. നിശ്ചയമായും, ആക്ഷേപകരമായ (അഥവാ ദുരാചാരമായ) ഒരു വാക്കും കള്ളവും തന്നെയാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനും തന്നെ.
- الَّذِينَ يُظَاهِرُونَ ളിഹാര്‍ ചെയ്യുന്നവര്‍ مِنكُم നിങ്ങളില്‍നിന്നു مِّن نِّسَائِهِم അവരുടെ സ്‌ത്രീ (ഭാര്യ) കളോടു, സ്ത്രീകളെ مَّا هُنَّ അവരല്ല أُمَّهَاتِهِمْ അവരുടെ ഉമ്മമാര്‍, മാതാക്കള്‍ إِنْ أُمَّهَاتُهُمْ അവരുടെ ഉമ്മമാരല്ല إِلَّا اللَّائِي യാതൊരു സ്ത്രീകളല്ലാതെ وَلَدْنَهُمْ അവരെ പ്രസവിച്ച وَإِنَّهُمْ لَيَقُولُونَ നിശ്ചയമായും അവര്‍ പറയുകയാണ് مُنكَرًا ആക്ഷേപകരമായതു, ദുരാചാരം, നിഷിദ്ധം, വെറുക്കപ്പെട്ടതു مِّنَ الْقَوْلِ വാക്കില്‍നിന്നു وَزُورًا കള്ള (കൃത്രിമ - വ്യാജ)വും وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَفُوٌّ മാപ്പു ചെയ്യുന്നവന്‍ തന്നെ غَفُورٌ വളരെ പൊറുക്കുന്നവനും
- وَٱلَّذِينَ يُظَـٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾٣﴿
- തങ്ങളുടെ സ്ത്രീകളെ [ഭാര്യമാരെ] 'ളിഹാര്‍' ചെയ്യുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ രണ്ടു പേരും അനോന്യം സ്പര്‍ശിക്കുന്നതിനുമുമ്പായി ഒരു അടിമയെ സ്വതന്ത്രമാക്കുകയാണ് (വേണ്ടത്). ഇപ്പറഞ്ഞതു മുഖേന നിങ്ങള്‍ക്കു സദുപദേശം നല്‍കപ്പെടുകയാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
- وَالَّذِينَ يُظَاهِرُونَ ളിഹാര്‍ ചെയ്യുന്നവര്‍ مِن نِّسَائِهِمْ തങ്ങളുടെ സ്ത്രീകളോടു ثُمَّ يَعُودُونَ പിന്നെ മടങ്ങുന്ന, മടക്കിയെടുക്കുന്ന لِمَا قَالُوا തങ്ങള്‍ പറഞ്ഞതില്‍, പറഞ്ഞതിനെ فَتَحْرِيرُ എന്നാല്‍ സ്വതന്ത്രമാക്കുക رَقَبَةٍ ഒരു പിരടിയെ (അടിമയെ) مِّن قَبْلِ മുമ്പായി أَن يَتَمَاسَّا രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുന്നതിന്റെ ذَٰلِكُمْ അതു (ഇപ്പറഞ്ഞതു) تُوعَظُونَ بِهِ അതു മുഖേന നിങ്ങള്‍ക്കു സദുപദേശം ചെയ്യപ്പെടുന്നു وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
- فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ ﴾٤﴿
- എനി, ആർക്കെങ്കിലും (അത്) എത്തപ്പെടാത്ത [സാധ്യമാവാത്ത] പക്ഷം, അവർ അന്യോന്യം സ്പർശിക്കുന്നതിന് മുമ്പായി തുടർച്ചയായ രണ്ട് മാസത്തെ നോമ്പ് (പിടിക്കുക). എനി, ആർക്കെങ്കിലും (അതിനും) സാധിക്കാതെ വരുന്നപക്ഷം, അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകുക. അത്, അല്ലാഹുവിലും, അവന്‍റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടിയത്രെ. അവ (യൊക്കെ) അല്ലാഹുവിന്‍റെ (നിയമപരമായ) അതിർത്തികളാകുന്നു. അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
- فَمَن لَّمْ يَجِدْ എനി (എന്നാല്‍) ആര്‍ക്കു എത്തപ്പെട്ടില്ല, കിട്ടിയില്ലയോ فَصِيَامُ എന്നാല്‍ നോമ്പുകള്‍ (പിടിക്കുക) شَهْرَيْنِ രണ്ടു മാസത്തെ مُتَتَابِعَيْنِ തുടര്‍ച്ചയായ രണ്ടു مِن قَبْلِ أَن يَتَمَاسَّا രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുംമുമ്പ് فَمَن لَّمْ يَسْتَطِعْ എനി ആര്‍ക്കു സാധിച്ചില്ലയോ فَإِطْعَامُ എന്നാല്‍ ഭക്ഷണം കൊടുക്കലാണ് سِتِّينَ അറുപതു مِسْكِينًا സാധുവിനു ذَٰلِكَ അതു لِتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടിയാണ് بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَتِلْكَ അവ, അവയാകട്ടെ حُدُودُ اللَّـهِ അല്ലാഹുവിന്റെ അതിരു (നിയമാതിര്‍ത്തി) കളാണ് وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
ആയത്തുകളുടെ സാരം: ളിഹാർ – നീ എന്റെ മാതാവിനെപ്പോലെയാണ് – എന്നു പറയുമ്പോഴെക്കു ഭാര്യമാർ മാതാക്കളാകുന്നില്ല. ആ വാക്കു കേവലം പൊള്ളയും ദുരാചാരവുമായ ഒരു തെറ്റു വാക്കാകുന്നു. മുൻകാലത്തു അങ്ങിനെ ചെയ്തുപോയതിനെക്കുറിച്ചു അല്ലാഹു പൊറുത്തേക്കും. ളിഹാർ ചെയ്തശേഷം അതിൽനിന്നു വല്ലവരും മടങ്ങാൻ ഉദ്ദേശിക്കുന്നപക്ഷം, ഭാര്യയുമായി സ്പർശനം ഉണ്ടാക്കുന്നതിനുമുമ്പുതന്നെ പ്രായശ്ചിത്തം (اَلْكَفَّارَة) ചെയേണ്ടതുണ്ട്. അതിനുശേഷമേ അവളുമായി സ്പർശനം പാടുള്ളു. പ്രായശ്ചിത്തം ഇതാണ്: ഒരു അടിമയെ മോചിപ്പിക്കുക. അതു കിട്ടാത്തവർ രണ്ടുമാസം തുടർച്ചയായി നോമ്പു പിടിക്കുക, അതിനും കഴിയാത്തപക്ഷം അറുപതു സാധുക്കൾക്കു ഭക്ഷണം നൽകുക.
ഈ വചനങ്ങളുടെ വിശദ വ്യാഖ്യാനങ്ങളും, ളിഹാറിനെ സംബന്ധിച്ച വിശദവിവരങ്ങളും പല ക്വുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളിലും, ഫിഖ്‌ഹു ഗ്രന്ഥങ്ങളിലും കാണാം. മുൻകാലത്തു അറബികളിൽ നടപ്പുണ്ടായിരുന്ന ആ സമ്പ്രദായം ഇന്നു നിലവിലില്ലാത്തതുകൊണ്ടു ഇവിടെ കൂടുതൽ വിവരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. ഏതായാലും, ളിഹാർ ചെയ്യൽ തെറ്റായ കാര്യമാണെന്നും, അതു ചെയ്‌താൽ പിന്നീടു ഭാര്യയിലേക്കു മടങ്ങുവാൻ ഉദ്ദേശിക്കുന്ന പക്ഷം, മേൽപറഞ്ഞ പ്രായശ്ചിത്തം ചെയ്യൽ കർശനമായ നിർബന്ധമാണെന്നുമാണ് ഇസ്ലാമിന്റെ വിധി. അല്ലാഹുവിലും, റസൂലിലും വിശ്വസിക്കുന്നവർ ഈ നിയമത്തെ ലംഘിക്കുവാൻ പാടില്ലെന്നും, അതു വമ്പിച്ച തെറ്റാണെന്നും ഈ വചനത്തിൽ നിന്നു മനസ്സിലാക്കാം.
- إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَـٰتٍۭ بَيِّنَـٰتٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ ﴾٥﴿
- നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും കിടമത്സരം നടത്തുന്നവര്‍, അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരപ്പിച്ചിട്ടുണ്ടുതാനും. അവിശ്വാസികള്‍ക്കു നിന്ദ്യമായ ശിക്ഷയുമുണ്ട്.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُحَادُّونَ അതിര്‍ത്തിലംഘിച്ചു കടക്കുന്ന, കിടമത്സരം നടത്തുന്ന, കക്ഷിത്തം കാണിക്കുന്ന, എതിര്‍ക്കുന്ന اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും كُبِتُوا അവര്‍ വഷളാക്കപ്പെടും, നിന്ദിക്കപ്പെടും, അപമാനിക്കപ്പെടും كَمَا كُبِتَ الَّذِينَ യാതൊരുകൂട്ടര്‍ വഷളാക്കപ്പെട്ടപോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള وَقَدْ أَنزَلْنَا നാം അവതരിപ്പിച്ചിട്ടുമുണ്ട്, ഇറക്കുകയും ചെയ്തിരിക്കുന്നു آيَاتٍ പല ലക്ഷ്യങ്ങളെ بَيِّنَاتٍ സുവ്യക്തങ്ങളായ, തെളിവുകളായ وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ مُّهِينٌ നിന്ദിക്കുന്ന, നിന്ദ്യമായ
- يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾٦﴿
- അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന ദിവസം, അപ്പോള്‍, തങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കു അവന്‍ വിവരമറിയിച്ചുകൊടുക്കുന്നതാണ്. അല്ലാഹു അതു കണക്കാക്കി [ക്ലിപ്തപ്പെടുത്തി] വെച്ചിരിക്കുന്നു; അവരതു മറന്നുകളയുകയും ചെയ്തിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും (ദൃക്കു) സാക്ഷിയാകുന്നു.
- يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന (പുനര്‍ജീവിപ്പിക്കുന്ന) ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരുമായി فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി أَحْصَاهُ اللَّـهُ അല്ലാഹു അതിനെ ക്ലിപ്തപ്പെടുത്തി (കണക്കാക്കിയിരിക്കുന്നു) وَنَسُوهُ അവരതിനെ മറക്കുകയും ചെയ്തിരിക്കുന്നു وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്റെ മേലും, കാര്യത്തിനും شَهِيدٌ ദൃക്ക്സാക്ഷിയാണ്, ഹാജറുള്ളവനാണ്
അല്ലാഹുവും അവന്റെ റസൂലും നിശ്ചയിച്ചുകൊടുത്തിട്ടുള്ള നിയമാതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ട് കിടമത്സരം നടത്തുന്നവരെ അല്ലാഹു കഠിനമായി താക്കീതു ചെയ്യുകയാണ്. അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിച്ച് പകരം മറ്റു നിയമങ്ങള്‍ ഉണ്ടാക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന നേതാക്കളും, പരിഷ്കരണവാദികളും ഈ താക്കീതു പ്രത്യേകം ശ്രദ്ധിച്ചിരിക്കട്ടെ.