സൂറത്തുൽ മുജാദലഃ : 007-013
വിഭാഗം - 2
- أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٧﴿
- നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു?! ഒരു മൂന്നാളുടെ രഹസ്യഭാഷണവും അവന് അവരില്‍ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവന് അവരില്‍ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാള്‍ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവന് അവരോടൊപ്പമില്ലാതില്ല - അവര്‍ എവിടെയായിരുന്നാലും ശരി. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ക്വിയാമത്തു നാളില്‍ അവന് അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
- أَلَمْ تَرَ നീ കണ്ടില്ലേ, നിനക്കു കണ്ടുകൂടേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും (എന്നു) مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مَا يَكُونُ ഉണ്ടാകുകയില്ല مِن نَّجْوَىٰ ഒരു രഹസ്യ സംഭാഷണ (ഗൂഢസംസാര)വും, സ്വകാര്യാലോചനയും ثَلَاثَةٍ മൂന്നാളുടെ إِلَّا هُوَ അവനായിട്ടില്ലാതെ رَابِعُهُمْ അവരില്‍ നാലാമന് وَلَا خَمْسَةٍ അഞ്ചാളുടേതുമില്ല إِلَّا هُوَ അവന് ഇല്ലാതെ سَادِسُهُمْ അവരില്‍ ആറാമന്‍ وَلَا أَدْنَىٰ താണതും (കുറഞ്ഞതും) ഇല്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْثَرَ അധികമായതുമില്ല إِلَّا هُوَ അവന് ഇല്ലാതെ مَعَهُمْ അവരോടൊപ്പം أَيْنَ مَا كَانُوا അവര്‍ എവിടെയായിരുന്നാലും ثُمَّ يُنَبِّئُهُم പിന്നെ അവന് അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ إِنَّ ٱللَّهَ നിശ്ചയമായും അല്ലാഹു بِكُلِّ شَىْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്
ഏതു രഹസ്യസംസാരവും – ആർ, എവിടെ, എങ്ങിനെ നടത്തപ്പെട്ടാലും ശരി – അല്ലാഹു അതെല്ലാം കണ്ടും കേട്ടും അറിയുന്നതാണ്. ക്വിയാമത്തുനാളിൽ അതു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും എന്നു സാരം. ആകാശത്തിലാകട്ടെ, ഭൂമിയിലാകട്ടെ ഒരു അണു അളവിലുള്ള കാര്യവും അല്ലാഹുവിനു അറിയാതെ പോകുന്നതല്ല. (لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ الخ)
- أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ ﴾٨﴿
- രഹസ്യസംസാരത്തെപ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നേയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതിലേക്കു അവര്‍ മടങ്ങുന്നു [വീണ്ടും അതാവര്‍ത്തിക്കുന്നു:] പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ചു അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു! അവര്‍ നിന്റെ അടുക്കല്‍ വന്നാലോ, അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ടു അവര്‍ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവര്‍ തങ്ങളില്‍ (തമ്മതമ്മില്‍) പറയുകയും ചെയ്യും: 'നാം (ഈ) പറയുന്നതിനു അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്' എന്നു. അവര്‍ക്കു 'ജഹന്നം' [നരകം] മതി; അതിലവര്‍ കടന്നെരിയും! അപ്പോള്‍ (ആ) പര്യവസാന സ്ഥലം എത്ര ചീത്ത!!
- أَلَمْ تَرَ നീ കണ്ടില്ലേ, കണ്ടു മനസ്സിലാക്കുന്നില്ലേ إِلَى الَّذِينَ യാതൊരുകൂട്ടരെ نُهُوا അവര്‍ വിരോധിക്കപ്പെട്ടു عَنِ النَّجْوَىٰ രഹസ്യസംസാരത്തെക്കുറിച്ചു ثُمَّ يَعُودُونَ പിന്നെ അവര്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) لِمَا نُهُوا അവര്‍ വിലക്കപ്പെട്ടതിലേക്കു عَنْهُ അതിനെപ്പറ്റി وَيَتَنَاجَوْنَ അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു بِالْإِثْمِ പാപംകൊണ്ടു, കുറ്റമായതിനെപ്പറ്റി وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَإِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ حَيَّوْكَ അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു بِمَا യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു) لَمْ يُحَيِّكَ بِهِ അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല اللَّـهُ അല്ലാഹു وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു فِي أَنفُسِهِمْ അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍ لَوْلَا يُعَذِّبُنَا നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ اللَّـهُ അല്ലാഹു بِمَا نَقُولُ നാം പറയുന്നതുകൊണ്ടു حَسْبُهُمْ അവര്‍ക്കു മതി جَهَنَّمُ ജഹന്നം (നരകം) يَصْلَوْنَهَا അതിലവര്‍ കടക്കും, ഏരിയും فَبِئْسَ വളരെ ചീത്ത الْمَصِيرُ (ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിൽ ചെന്നശേഷം യഹൂദികളുമായി സമാധാന സന്ധിയിൽ ഏർപ്പെട്ടിരുന്നുവല്ലോ. എന്നാൽ മുസ്ലിംകൾ അവരുടെ ഇടയിൽകൂടി നടക്കുമ്പോൾ അവർ തമ്മതമ്മിൽ ചില രഹസ്യ സംസാരങ്ങൾ നടത്തുക പതിവുണ്ടായിരുന്നു. തങ്ങൾ മുസ്ലിംകൾക്കെതിരിൽ വല്ല ഗൂഢസംസാരവും നടത്തുകയാണെന്നു മുസ്ലിംകൾക്കു തോന്നിപ്പിക്കുകയും, അവരെ പരിഹസിക്കുകയുമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതു മുസ്ലിംകൾക്കു സംശയവും ശങ്കയും ജനിപ്പിക്കുമല്ലോ. അതിനാൽ, അത്തരം ഗൂഢസംസാരങ്ങൾ നടത്തരുതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു വിരോധിച്ചിരുന്നു. പക്ഷേ, അവർ വീണ്ടും അതാവർത്തിച്ചു വന്നു. ഇതിൽ കപടവിശ്വാസികളായ മുസ്ലിം വേഷധാരികളും അവരുടെ പങ്കുവഹിക്കാതിരുന്നില്ല. യഹൂദികളുടെയും കപടവിശ്വാസികളുടെയും, ഗൂഢസംസാരവിഷയം പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടുമായിരിക്കുമെന്നു പറയേണ്ടതില്ല. ഇതിനെപ്പറ്റിയാണ് ഈ വചനത്തിന്റെ ആദ്യഭാഗം പ്രസ്താവിക്കുന്നത്.
യഹൂദികളുടെ മറ്റൊരു തോന്നിവാസത്തെക്കുറിച്ചാണ് അവസാനഭാഗം ചൂണ്ടിക്കാട്ടുന്നത്. അവർ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ വരുമ്പോൾ, പ്രത്യക്ഷത്തിൽ اَلسَّلاَمُ عَلَيْكُمْ (അസ്സലാമു അലൈക്കും) എന്നുള്ള ഇസ്ലാമിന്റെ ഉപചാരവാക്യമാണെന്നു തോന്നത്തക്കവിധം അക്ഷരവ്യത്യാസം ശരിക്കു സ്പഷ്ടമാക്കാതെ السام عليكم (അസ്സാമു അലൈക്കും) എന്നു സലാം പറയും. ഒന്നാമത്തേതിന്റെ അര്‍ത്ഥം ‘നിങ്ങൾക്കു സമാധാനശാന്തി ഉണ്ടാവട്ടെ’ എന്നാണല്ലോ. രണ്ടാമത്തേതിനാകട്ടെ ‘നിങ്ങൾക്കു മരണം ഉണ്ടാകട്ടെ’ എന്നാണർത്ഥം. ഇതാണ് ‘അല്ലാഹു ഉപചാരം ചെയ്തിട്ടില്ലാത്ത ഉപചാരം’ കൊണ്ട് വിവക്ഷ. ആയിശ (رَضِيَ اللهُ تَعَالَى عَنْها) പറഞ്ഞിരിക്കുന്നു: ‘ഒരിക്കൽ കുറെ യഹൂദികൾ വന്നു നബിക്കു ‘അസ്സാമു അലൈക’ എന്നു സലാം പറയുന്നതു ഞാൻ കേട്ടു മനസ്സിലാക്കി. ഞാൻ ഇങ്ങിനെ പറഞ്ഞു: وعليكم السام واللعنة (നിങ്ങൾക്കു മരണവും ശാപവും ഭവിക്കട്ടെ). തിരുമേനി എന്നോടു പറഞ്ഞു: ‘ആയിഷാ, ക്ഷമിക്കൂ! എല്ലാ കാര്യത്തിലും മയം പ്രവർത്തിക്കുന്നതു അല്ലാഹു ഇഷ്ട്ടപെടുന്നു.’ ആയിശ (رَضِيَ اللهُ تَعَالَى عَنْها) പറഞ്ഞു: ‘അവർ പറഞ്ഞതു അങ്ങുന്നു കേട്ടില്ലേ?’. തിരുമേനി പറഞ്ഞു: ‘ഞാൻ عليكم (അലൈകും) എന്നു പറഞ്ഞുവല്ലോ’. (ബു; മു). ‘അലൈകും’ എന്നാൽ ‘നിങ്ങൾക്കുണ്ടാകട്ടെ ‘ എന്നര്‍ത്ഥമാകുന്നു. അതായതു എനിക്കല്ല – നിങ്ങൾക്കുണ്ടാവട്ടെ മരണം – എന്നു സാരം. ‘മുഹമ്മദു പ്രവാചകനാണെങ്കിൽ ഇങ്ങിനെ സലാം പറയുന്നതു നിമിത്തം നമുക്കു വല്ല ശിക്ഷയും അല്ലാഹുവിൽനിന്നുണ്ടായിക്കാണേണ്ടതല്ലേ? ഒന്നും, സംഭവിച്ചു കാണാത്തതെന്താണ്?! എന്നു യഹൂദികൾ സ്വയം ഭുരഭിമാനം നടിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിനുള്ള മറുപടിയാണ് അവസാനത്തെ രണ്ടു വാക്യങ്ങൾ. അതെ, അവർക്കു ജഹന്നം തന്നെ മതി ശിക്ഷക്ക്! അതിലേറെ ദുഷിച്ച പര്യവസാനം മറ്റെന്താണുള്ളത്?!
അല്ലാഹു അഭിവാദ്യമാക്കിയിട്ടില്ലാത്തതുകൊണ്ടു അവർ അഭിവാദ്യം ചെയ്യും (حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّـهُ) എന്ന വാക്യം പരിശോധിച്ചാൽ, ഒരു കാര്യം അതിൽനിന്നു നമുക്കു മനസ്സിലാക്കുവാൻ കഴിയും. അതായതു, മുസ്ലിംകൾ തമ്മിൽ സലാം പറയുമ്പോൾ അതു ഇസ്ലാമിക സലാംതന്നെ ആയിരിക്കേണ്ടതും, മുസ്ലിംകൾ അനിസ്ലാമികമായ അഭിവാദ്യവാക്യങ്ങൾ സ്വീകരിക്കാതിരിക്കേണ്ടതുമാകുന്നു. അടുത്ത വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു ഉപദേശിക്കുന്നു:-
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَٰجَيْتُمْ فَلَا تَتَنَٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴾٩﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ പരസപരം രഹസ്യസംസാരം നടത്തുന്നതായാല്‍, പാപവും, അതിക്രമവും, റസൂലിനോടു അനുസരണക്കേടും സംബന്ധിച്ചു രഹസ്യ സംസാരം നടത്തരുതു; പുണ്യവും, ഭയഭക്തിയും സംബന്ധിച്ചു രഹസ്യസംസാരം നടത്തുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനിലേക്കു ഒരുമിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا تَنَاجَيْتُمْ നിങ്ങള്‍ രഹസ്യ സംസാരം നടത്തുന്നതായാല്‍ فَلَا تَتَنَاجَوْا എന്നാല്‍ നിങ്ങള്‍ രഹസ്യ സംസാരം ചെയ്യരുത് بِالْإِثْمِ പാപം സംബന്ധിച്ചു وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَتَنَاجَوْا നിങ്ങള്‍ രഹസ്യ സംസാരം ചെയ്തു കൊള്ളുവിന്‍ بِالْبِرِّ പുണ്യം (സല്‍കാര്യം) സംബന്ധിച്ചു وَالتَّقْوَىٰ സൂക്ഷ്മത (ഭയഭക്തി)യും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ إِلَيْهِ تُحْشَرُونَ അവനിലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും
- إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٠﴿
- നിശ്ചയമായും (ആ) രഹസ്യസംസാരം പിശാചില്‍ നിന്നു തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാന്‍ വേണ്ടി. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ, അവര്‍ക്കതു ഒട്ടും ഉപദ്രവം ചെയ്യുന്നതല്ലതാനും. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
- إِنَّمَا النَّجْوَىٰ നിശ്ചയമായും രഹസ്യഭാഷണം, ഗൂഢാലോചന مِنَ الشَّيْطَانِ പിശാചില്‍ നിന്നുതന്നെ (മാത്രം) ആകുന്നു لِيَحْزُنَ അതു വ്യസനിപ്പിക്കുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيْسَ അതല്ലതാനും بِضَارِّهِمْ അവര്‍ക്കു ഉപദ്രവമുണ്ടാകുന്നതു, ദോഷം ചെയ്യുന്നതു شَيْئًا യാതൊന്നും, ഒട്ടും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിയില്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ എന്നാല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍
രഹസ്യമായോ ഗൂഢമായോ സംസാരിക്കുകയും, കൂടിയാലോചന നടത്തുകയും ചെയ്യുന്നതിനു വിരോധമില്ല. പക്ഷേ, അതു നല്ല കാര്യത്തിലും, വേണ്ടപ്പെട്ട വിഷയത്തിലുമായിരിക്കണം. യഹൂദികളും, കപടവിശ്വാസികളും ചെയ്യുന്നതുപോലെ ചീത്തകാര്യങ്ങളിലും, ദുരുദ്ദേശ്യത്തോടുകൂടിയും ആകരുത്. എല്ലാം അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ടായിരിക്കണം. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. അവരുടെ ഗൂഢാലോചനകൊണ്ടു വല്ല ആപത്തും വന്നേക്കുമെന്നു സത്യവിശ്വാസികൾ ഭയപ്പെടേണ്ടതില്ലെന്നും ഉണർത്തുന്നു.
‘സത്യവിശ്വാസികളെ വ്യസനിപ്പിക്കുവാൻ വേണ്ടി’ (لِيَحْزُنَ الَّذِينَ آمَنُوا) എന്ന വാക്യം ശ്രദ്ധേയമാകുന്നു. സത്യവിശ്വാസികൾ തമ്മതമ്മിലായിരുന്നാലും ഒരു കൂട്ടരുടെ രഹസ്യസംസാരം മുഖേന മറ്റൊരു കൂട്ടർക്കു അനിഷ്ടംവരാതെ സൂക്ഷിക്കേണ്ടതുണ്ടെന്നു ഇതിൽനിന്നു ഗ്രഹിക്കാവുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു നോക്കുക: ‘നിങ്ങൾ മൂന്നുപേരായിരുന്നാൽ, രണ്ടുപേർ തങ്ങളുടെ സ്നേഹിതനെക്കൂടാതെ തമ്മിൽ രഹസ്യസംസാരം നടത്തരുത്. കാരണം അതവനെ വ്യസനിപ്പിക്കുന്നതാണ്. (അ; ബു; മു.)
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾١١﴿
- ഹേ, വിശ്വസിച്ചവരേ, 'ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍' എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്കുവിന്, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു 'എഴുന്നേല്ക്കുവിന്' എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരെ إِذَا قِيلَ لَكُمْ നിങ്ങളോട് പറയപ്പെട്ടാല്‍ تَفَسَّحُوا വിശാലത (സൗകര്യം - ഒഴിവ്) ചെയ്യുവിന്‍ എന്നു فِي الْمَجَالِسِ ഇരിപ്പിടങ്ങളില്‍, സദസ്സുകളില്‍ فَافْسَحُوا എന്നാല്‍ നിങ്ങള്‍ വിശാലത നല്കുവിന് يَفْسَحِ اللَّـهُ അല്ലാഹു വിശാലത നല്‍കും لَكُمْ നിങ്ങള്‍ക്കു وَإِذَا قِيلَ പറയപ്പെട്ടാല്‍ انشُزُوا നിങ്ങള്‍ എഴുന്നേല്ക്കുവിന് എന്നു فَانشُزُوا എന്നാല്‍ നിങ്ങള്‍ എഴുന്നേല്ക്കുവിന് يَرْفَعِ اللَّـهُ അല്ലാഹു ഉയര്‍ത്തും الَّذِينَ آمَنُواവിശ്വസിച്ചവരെ مِنكُمْ നിങ്ങളില്‍നിന്ന് وَالَّذِينَ أُوتُوا നല്‍കപ്പെട്ടവരെയും الْعِلْمَ അറിവ്, ജ്ഞാനം دَرَجَاتٍ പല പടികള്‍, പദവികള്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
ജനങ്ങൾ സമ്മേളിക്കുന്ന സദസ്സുകളിൽ അനുവർത്തിക്കപ്പെടേണ്ടുന്ന ചില മര്യാദകളും കടമകളുമാണ് ഈ വചനത്തിൽ കാണുന്നത്. മറ്റുള്ളവർക്കു വന്നിരിക്കുവാൻ ഇടം പോരാതെ വരികയും, അവർക്കു സ്ഥലത്തിനാവശ്യം നേരിടുകയും ചെയ്താൽ സ്ഥലസൗകര്യം കൊടുക്കണമെന്നും ഒരു കൂട്ടർ ഇരുന്നു കഴിഞ്ഞ സ്ഥലത്തുനിന്നു എഴുന്നേൽക്കേണ്ടുന്ന ആവശ്യം വന്നാൽ എഴുന്നേറ്റു കൊടുക്കേണ്ടതാണെന്നും അല്ലാഹു കല്പിക്കുന്നു. ഇക്കാലത്തു എന്നത്തെക്കാളും ജനങ്ങൾ ഈ കൽപന ഓർമ്മിക്കേണ്ടതായിട്ടാണിരിക്കുന്നത്. വാഹനങ്ങളിലും, പൊതുസ്ഥലങ്ങളിലുമെല്ലാംതന്നെ, ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ സൗകര്യം ഗൗനിക്കുകയോ, മറ്റൊരാൾക്കു സ്ഥലസൗകര്യം മുതലായ സഹായസഹകരണം ചെയ്തുകൊടുക്കുകയോ ചെയ്യുന്നതു ഇന്നു വിരളമാകുന്നു. അല്പമൊന്നു ഞെരുങ്ങിയിട്ടെങ്കിലും അന്യന്നുകൂടി സൗകര്യമുണ്ടാക്കികൊടുക്കുന്നതിനുപകരം നാലഞ്ചുപേർക്കിരിക്കാവുന്ന സ്ഥലം അത്രയും മുടക്കിക്കൊണ്ടു കാലുനീട്ടി സുഖംകൊള്ളുന്നവരെയും, നിൽക്കുവാൻപോലും വയ്യാത്ത രോഗികളും വയോധികന്മാരും നിന്നു വിഷമിക്കുന്നതു കാണുമ്പോൾ കാലൊന്നു ചുരുക്കുവാൻപോലും സന്മനസ്സു കാണിക്കാത്തവരെയും ഇന്നു ധാരാളം കാണുകയും ചെയ്യാം. മറ്റുള്ളവർ കഷ്ടപ്പെട്ടു കാണുന്നതിൽ ഇവർക്കു സന്തോഷമാണെന്നുപോലും തോന്നിപ്പോകും! അന്യരുടെ ആവശ്യം കണ്ടറിഞ്ഞ് അവർ ആവശ്യപ്പെടുന്നതിനു മുമ്പായിത്തന്നെ കഴിയുന്ന സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ആവശ്യപ്പെടുകകൂടി ചെയ്താൽ ആ കടമ വർദ്ധിക്കുന്നു. ആവശ്യപെടുന്നതു ഉത്തരവാദപ്പെട്ടവർ കൂടിയാകുമ്പോൾ, അതു കൂടുതൽ നിർബന്ധവുമായിത്തീരുന്നു.
സദസ്സിൽ ആദ്യമാദ്യം വരുന്നവർ സ്ഥലം പിടിക്കുമല്ലോ. ഒരവസരത്തിൽ പ്രധാനികളായ ചില സഹാബികൾ വന്നെത്തിയപ്പോയേക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സദസ്സിൽ അടുത്ത സ്ഥലങ്ങളിലെല്ലാം ആൾ നിറഞ്ഞിരുന്നു. അവരാണെങ്കിൽ പല നിലക്കും തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുത്തുതന്നെ ഉണ്ടായിരിക്കേണ്ടതുമുണ്ടായിരുന്നു. അടുത്തിരിക്കുന്നവർ സ്വയം സംഗതി മനസ്സിലാക്കി അവർക്കു വന്നിരിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമില്ല. ഈ അവസരത്തിൽ, ഒരിക്കൽ അടുത്തിരിക്കുന്ന ചിലരോടു ആ പ്രധാനികൾക്കുവേണ്ടി സ്ഥലസൗകര്യം ചെയ്തുകൊടുക്കുവാൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആവശ്യപ്പെടുകയുണ്ടായി. കപടവിശ്വാസികൾ ഈ സന്ദർഭം ചൂഷണം ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നീതി പാലിക്കുന്നില്ലെന്നും, പക്ഷം കാണിക്കുകയാണെന്നും അവർ പ്രചരിപ്പിക്കുവാൻ ശ്രമിച്ചു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചതെന്നു മുഫസ്സിറുകൾ പറഞ്ഞു കാണുന്നു. അപ്പോൾ, ഇങ്ങിനെയുള്ള പൊതുസദസ്സുകളിൽ മുൻപന്തിയിൽ ഉണ്ടായിരിക്കൽ ആവശ്യമായ ആളുകൾക്കുവേണ്ടി മറ്റുള്ളവർ സ്ഥലം ഒഴിവാക്കിക്കൊടുക്കേണ്ടതുണ്ടെന്നും, ഉത്തരവാദപ്പെട്ടവർ അതിനാവശ്യപെടുമ്പോൾ അതു അനുസരിച്ചുകൊടുക്കൽ കടമയാണെന്നും ഇതിൽനിന്നു മനസിലാക്കാം. സദസ്സിലെ നടപടികളെക്കുറിച്ചും മറ്റും കാര്യാലോചനകൾ നടത്തുക മുതലായ പലതിനും ഇങ്ങിനെ സദസ്യരോടു ആവശ്യപ്പെടേണ്ടതായി വന്നേക്കുമല്ലോ.
فَافْسَحُوا يَفْسَحِ اللَّـهُ لَكُمْ (നിങ്ങൾ വിശാലത ചെയ്യുവിൻ, അല്ലാഹു നിങ്ങൾക്കു വിശാലത ചെയ്യും) എന്ന വാക്യം ശ്രദ്ധേയമാകുന്നു. മനുഷ്യൻ ചെയ്യുന്ന പുണ്യകർമങ്ങൾക്കു അതേ തരത്തിൽപെട്ട – എന്നാൽ അതിനേക്കാൾ ഉന്നതവും വർദ്ധിച്ചതുമായ – വിധത്തിലായിരിക്കും അല്ലാഹു പ്രതിഫലം നൽകുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഇഹത്തിലെ ദുഃഖങ്ങളിൽപെട്ട ഒരു ദുഃഖം ഒരു സത്യവിശ്വാസിക്കു ആരെങ്കിലും ആശ്വാസമാക്കിക്കൊടുത്താൽ, ക്വിയാമത്തുനാളിലെ ദുഃഖങ്ങളിൽനിന്നു ഒരു ദുഃഖം അല്ലാഹു അവനു ആശ്വാസമാക്കിക്കൊടുക്കുന്നതാണ്. ഞെരുക്കക്കാരനായ ഒരാൾക്കു (വല്ല കാര്യവും) ആരെങ്കിലും എളുപ്പമാക്കിക്കൊടുത്താൽ, അല്ലാഹു അവനു ഇഹത്തിലും പരത്തിലും എളുപ്പമാക്കിക്കൊടുക്കുന്നതാണ്. ഒരു മുസ്ലിമിനെ (അവന്റെ പോരായ്മ വെളിക്കുവരാതെ) ഒരാൾ മറച്ചുപിടിച്ചാൽ, അല്ലാഹു അവനെ ഇഹത്തിലും പരത്തിലും (അതുപോലെ) മറച്ചുകൊടുക്കുന്നതാണ്. ഒരടിയാൻ തന്റെ സഹോദരനു സഹായത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവന്റെ സഹായത്തിലുമായിരിക്കും….'(മു.)
يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ
(നിങ്ങളിൽ വിശ്വസിച്ചവരെയും, അറിവു നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തും) എന്ന വാക്യത്തിൽനിന്നു ചിലതെല്ലാം മനസ്സിലാക്കുവാനുണ്ട്. ഉദാഹരണമായി:
(1) സത്യവിശ്വാസികളും, അറിവുള്ളവരുമാണ് ഇത്തരം മര്യാദ പ്രത്യേകം പാലിക്കേണ്ടതു എന്നു പറയേണ്ടതില്ല. എന്നാൽ അന്യർക്കുവേണ്ടി വിട്ടുവീഴ്ച ചെയുന്നതു അവർക്കു ഒരിക്കലും താഴ്ചയല്ല, അതവർക്കു അല്ലാഹുവിങ്കൽ ഉയർച്ചയാണു ഉണ്ടാക്കുക. മുസ്ലിം (رحمة الله عليه) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു ധർമ്മവും ധനത്തിൽ ചുരുക്കം വരുത്തുന്നതല്ല. ഒരടിയാനും മാപ്പു ചെയ്യുന്നതുകൊണ്ടു അവനു വീര്യം -പ്രതാപം- അല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയുമില്ല. ഏതൊരുവനും അല്ലാഹുവിനുവേണ്ടി താഴ്മ -വിനയം- കാണിക്കുന്നതായാൽ അല്ലാഹു അവനെ ഉയർത്താതെയും ഇരിക്കുകയില്ല.’
(2). വിശ്വാസവും അറിവുമുള്ളവർ മറ്റുള്ളവരോടു ഔന്നത്യം കാണിച്ചുകൂട. എങ്കിലും, മറ്റുള്ളവർ അവരുടെ സ്ഥാനം പരിഗണിക്കേണ്ടതാകുന്നു. അവർക്കു മുൻഗണന നൽകേണ്ടുന്ന സ്ഥാനത്തു അതു നൽകുകയും വേണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളിൽ ബുദ്ധിയും വിവേകവുമുള്ളവർ എന്റെ അടുത്തു വരട്ടെ പിന്നീടു അവരോടു അടുത്തുനിൽക്കുന്നവർ. (ഈ വാക്കു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൂന്നുവട്ടം പറഞ്ഞു). നിങ്ങൾ അങ്ങാടിത്തിരക്കുകൾ -അങ്ങാടിയിലെപോലെ അച്ചടക്കമില്ലായ്മ- വർജ്ജിക്കണം.’ (മു). മറ്റൊരു നബി വചനം: ‘നമ്മളിലുള്ള ചെറിയവനോടു കരുണകാണിക്കുകയും നമ്മിലുള്ള വലിയവന്റെ യോഗ്യത മനസ്സിലാക്കുകയും ചെയ്യാത്തവർ നമ്മിൽ പെട്ടവരല്ല’. (ദാ: തി.).
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കൽ സാധാരണയായി സഹാബികൾ ഇരുന്നിരുന്നതു അവരുടെ സ്ഥാനങ്ങൾക്കനുസരിച്ചായിരുന്നു. അബൂബക്കർ (رَضِيَ اللهُ تَعَالَى عَنْه) തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വല ഭാഗത്തും ഉമർ (رَضِيَ اللهُ تَعَالَى عَنْه) ഇടഭാഗത്തുമായിരുന്നു ഇരിക്കുക പതിവ്. ഉസ്മാൻ (رَضِيَ اللهُ تَعَالَى عَنْه), അലി (رَضِيَ اللهُ تَعَالَى عَنْه), എന്നിവർ മിക്കവാറും മുമ്പിലുമായിരിക്കും. കാരണം അവർ രണ്ടു പേരും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ എഴുത്തുകാരായിരുന്നു. ഇമാം മുസ്ലിം തുടങ്ങിയ ഹദീസുപണ്ഡിതന്മാർ ഇതു രേഖപ്പെടുത്തിക്കാണാം. രണ്ടുപേർ ചേർന്നു ഇരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ അവരുടെ ഇടയിൽ ചെന്നിരിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുന്നു. (ദാ; തി). ഒരാൾ ഇരിക്കുന്ന ഇടത്തിൽനിന്നു അയാളെ എഴുന്നേല്പിച്ച് ആ സ്ഥാനത്തു ഇരിക്കരുതെന്നും, വിശാലതയും സൗകര്യവും ചെയ്തു കൊടുക്കണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിയിരിക്കുന്നു. (ബു:മു) ഒരാൾ ഒരു ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റുപോയിട്ടു പിന്നീടു അതിലേക്കുതന്നെ മടങ്ങിവന്നാൽ അവൻ അതിനു കൂടുതൽ അർഹനാണ് എന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു. (മു). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരു സദസ്സിൽ വരുമ്പോൾ മുമ്പ് എത്തിയവർ ഇരുന്നു കഴിഞ്ഞു ബാക്കിയുള്ള സ്ഥലത്തായിരുന്നു അവിടുന്നു ഇരുന്നിരുന്നതു എന്നും നബി ചര്യകളിൽ അറിയപ്പെട്ടിട്ടുള്ളതാണ്. ഇത്തരം ആചാരമര്യാദകളെപ്പറ്റി ഗൗനിക്കുന്നവർ ഇക്കാലത്തു തുലോം കുറവാണെന്നതു ഖേദകരമത്രെ. ജനങ്ങൾ തമ്മിൽ സ്നേഹവും ഇണക്കവുമില്ലാതായിത്തീരുന്നതിനു ഇതൊക്കെത്തന്നെയാണ് കാരണവും.
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٢﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്പ്പിക്കുവിന്. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا نَاجَيْتُمُ നിങ്ങള്‍ സ്വകാര്യ സംസാരം നടത്തുന്നതായാല്‍ الرَّسُولَ റസൂലുമായി فَقَدِّمُوا എന്നാല്‍ മുന്തിക്കുവിന്‍, സമര്പ്പിക്കുവിന് بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യ ഭാഷണത്തിനു മുമ്പില്‍ صَدَقَةً ഒരു ദാനധര്‍മ്മം ذَٰلِكَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമം (ഗുണം) ആകുന്നു وَأَطْهَرُ കൂടുതല്‍ ശുദ്ധമായതും فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ക്കുകിട്ടിയില്ലെങ്കില്‍ فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ ചെന്ന് പലരും പലതും ചോദിച്ചും അന്വേഷിച്ചും കൊണ്ടിരിക്കും. കൂട്ടത്തിൽ വളരെ നിസ്സാരാവശ്യങ്ങൾക്കുവേണ്ടി സമയം മിനക്കെടുത്തുന്നവരും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിലയേറിയ സമയം നഷ്ടപെടുത്തുവാൻ കൽപിച്ചു കൂടി ചെല്ലുന്ന കപടവിശ്വാസികളും ഉണ്ടായിരിക്കും. ഇതിൽ ഒരു നിയന്ത്രണം ഉണ്ടാകുവാൻ വേണ്ടി, നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ സ്വകാര്യ സംസാരത്തിനു ചെല്ലുന്നവർ ധർമ്മവിഷയത്തിൽ വിനിയോഗിക്കുവാൻ എന്തെങ്കിലും സമർപ്പിക്കണമെന്നാണ് ഈ വചനത്തിൽ പറയുന്നത്. സംഖ്യ ഇത്രയെന്നു നിർണയിക്കപ്പെട്ടിട്ടില്ല. സത്യവിശ്വാസികളും, അല്ലാത്തവരും, നിഷ്കളങ്കന്മാരും അല്ലാത്തവരും തമ്മിൽ വേർതിരിച്ചറിയുവാനും, അതേ സമയത്തു ദരിദ്രൻമാരായ ആളുകൾക്കു പ്രയോജനപ്പെടുവാനും, സംസാരത്തിനു ചെല്ലുന്നവരുടെ ഉദ്ദേശ്യശുദ്ധി പ്രകടമാകുവാനും, അവർക്കു പുണ്യം ലഭിക്കുവാനുമെല്ലാം ഇതു ഉതകുമല്ലോ. സാധിക്കാത്തവർ ചെയേണ്ടതില്ലെന്നുകൂടി പ്രസ്താവിച്ചിരിക്കുന്നതു കൊണ്ടു ഇതൊരു കർശനമായ നിർബന്ധമല്ലെന്നും മനസ്സിലാക്കാം. صَدَقَة (എന്തെങ്കിലും ദാനധർമ്മം) എന്നു പറഞ്ഞതിൽനിന്നു ഇതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വേണ്ടിയല്ല, സാധുക്കൾക്കു വേണ്ടിയാണതെന്നും മനസ്സിലാക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദാനധർമ്മം സ്വീകരിക്കുയില്ലെന്നും ഇനാമു (هَدْيَة) കൾ മാത്രമെ സ്വീകരിക്കുകയുള്ളുവെന്നും പ്രസിദ്ധമാണല്ലോ. ഈ കൽപന മുഖേന നിവൃത്തിയാകേണ്ടുന്ന കാര്യങ്ങൾ താമസംവിനാ നിവൃത്തിയായിട്ടുണ്ടെന്നും, അതുകൊണ്ടു ഈ കല്പനയിൽ താമസിയാതെ അയവുവരുത്തുകയുണ്ടായെന്നും അടുത്ത വചനത്തിൽനിന്നു വ്യക്തമാകും.
- ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٣﴿
- നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, 'സകാത്തു' കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
- أَأَشْفَقْتُمْ നിങ്ങള്‍ ഭയപ്പെട്ടുവോ, നിങ്ങള്‍ക്കു ഭയമായോ أَن تُقَدِّمُوا നിങ്ങള്‍ മുന്തിക്കു (സമര്‍പ്പിക്കു) വാന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യഭാഷണത്തിനു മുമ്പില്‍ صَدَقَاتٍ വല്ല ദാനധര്‍മ്മങ്ങളും فَإِذْ لَمْ تَفْعَلُوا എന്നാല്‍ നിങ്ങള്‍ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാല്‍ وَتَابَ اللَّـهُ അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ) عَلَيْكُمْ നിങ്ങളോടു فَأَقِيمُوا الصَّلَاةَ എനി നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍ وَآتُوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും وَاللَّـهُ അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ദാനധർമ്മം സമർപ്പിക്കുവാൻ കഴിവില്ലാത്തവർക്കു മുൻ ആയത്തിൽതന്നെ അല്ലാഹു ഒഴിവു നൽകിയിട്ടുണ്ട്. കഴിവുള്ളവരെ സംബന്ധിച്ചിടത്തോളം അവർക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി സ്വകാര്യ സംസാരം നടത്തേണ്ടുന്ന ആവശ്യം നേരിടുമ്പോൾ മാത്രമേ ഈ പ്രത്യേക ദാനധർമ്മത്തിന്റെ പ്രശ്നം ഉൽഭവിക്കുന്നുമുള്ളൂ. ഒരു പക്ഷേ, ചിലർ അതു തങ്ങൾക്കു വിഷമകരമായതാണെന്നോ മറ്റോ ഭയപ്പെട്ട് അതിനു മുതിരാതെയും ഇരുന്നിരിക്കാം. الله أعلم. ഏതായാലും ഇങ്ങിനെ ഒരു ദാനധർമ്മം സമർപ്പിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ സ്വകാര്യസംഭാഷണത്തിനു ആരും തയ്യാറായി വരികയുണ്ടായില്ല. അങ്ങിനെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ ആധിക്യം നിലച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സ്വൈരം കിട്ടി. അതിനാൽ അല്ലാഹു ഈ കല്പനയിൽ നിന്നു സത്യവിശ്വാസികൾക്കു ഈ വചനം മുഖേന ഒഴിവു നൽകുകയാണ് ചെയ്തത്. നമസ്കാരം, സക്കാത്തു മുതലായ നിർബന്ധകടമകൾ നിറവേറ്റുവാനും, അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തു. അലി (رَضِيَ اللهُ تَعَالَى عَنْهُ) മാത്രം ഈ കൽപ്പന പിൻവലിക്കുന്നതിനു മുമ്പ് ഒരിക്കൽ ഒരു സംഖ്യ ധർമ്മമായി സമർപ്പിച്ചുകൊണ്ടു സ്വകാര്യ സംഭാഷണം നടക്കുകയുണ്ടായിട്ടുണ്ടെന്നും ചില നിവേദനങ്ങളിൽ കാണുന്നുണ്ട്. അല്ലാഹുവിന്നറിയാം.