സൂറത്തു ത്വാഹാ : 105-135
വിഭാഗം - 6
- وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا ﴾١٠٥﴿
- (നബിയേ) പര്‍വ്വതങ്ങളെ സംബന്ധിച്ചു അവര്‍ [ജനങ്ങള്‍] നിന്നോടു ചോദിക്കുന്നു; പറയുക: 'എന്റെ രക്ഷിതാവ് അതിനെ പൊടിച്ചു പാറ്റിക്കളയുന്നതാണ്.
- وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ الْجِبَالِ പര്‍വ്വതങ്ങളെപ്പറ്റി فَقُلْ എന്നാല്‍ നീ പറയുക يَنسِفُهَا അവയെ പാറ്റിക്കളയും رَبِّي എന്റെ രക്ഷിതാവ് نَسْفًا ഒരു പാറ്റല്‍, പൊടിച്ച്
- فَيَذَرُهَا قَاعًا صَفْصَفًا ﴾١٠٦﴿
- എന്നിട്ട്, അവന്‍ സമനിരപ്പായ മൈതാനമായി അതിനെ വിട്ടേക്കുന്നതാണ്:-
- فَيَذَرُهَا എന്നിട്ടു അതിനെ വിടും (ആക്കും) قَاعًا മൈതാനം, നിരന്നതായി صَفْصَفًا സമനിരപ്പായ, നിരനിരപ്പായ
- لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا ﴾١٠٧﴿
- യാതൊരു താഴ്ച്ചയാകട്ടെ, ഉയര്‍ച്ചയാകട്ടെ, നീ അവിടെ കാണുകയില്ല.
- لَّا تَرَىٰ നീ കാണുന്നതല്ല فِيهَا അതില്‍, അവയില്‍ عِوَجًا ഒരു വളവും, താഴ്ചയും وَلَا أَمْتًا ഉയര്‍ച്ചയും, മേടും (കാണുക) ഇല്ല
- يَوْمَئِذٍ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ ۖ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَٰنِ فَلَا تَسْمَعُ إِلَّا هَمْسًا ﴾١٠٨﴿
- അന്നത്തെ ദിവസം, വിളിക്കുന്നവനെ അവര്‍ പിന്തുടര്‍ന്നുകൊള്ളും; അവനോട് യാതൊരു വക്രതയും ഉണ്ടാകുകയില്ല [കാണിക്കുകയില്ല.] ശബ്ദങ്ങള്‍ (എല്ലാം) പരമകാരുണികനായുള്ളവനു കീഴടങ്ങുന്നതുമാണ്. അതിനാല്‍, നേരിയ മുഴക്കമല്ലാതെ നീ കേള്‍ക്കുകയില്ല.
- يَوْمَئِذٍ അന്നു, അന്നേദിവസം يَتَّبِعُونَ അവര്‍ പിന്‍പറ്റും, തുടര്‍ന്നുപോകും الدَّاعِيَ വിളിക്കുന്നവനെ, ക്ഷണിക്കുന്നവനെ لَا عِوَجَ യാതൊരു വക്രതയും, (വളവും) ഇല്ലാതെ لَهُ അവനോടു وَخَشَعَتِ കീഴൊതുങ്ങുകയും ചെയ്യും, താഴ്മപ്പെടുകയും ചെയ്യും الْأَصْوَاتُ ശബ്ദങ്ങള്‍ لِلرَّحْمَـٰنِ പരമകാരുണികനു فَلَا تَسْمَعُ അതിനാല്‍ നീ കേള്‍ക്കുകയില്ല إِلَّا هَمْسًا നേരിയ ശബ്ദം (മുഴക്കം) അല്ലാതെ
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉത്തരം മുട്ടിക്കുവാനും, പരിഹസിക്കുവാനും വേണ്ടി, അവിശ്വാസികള്‍ പല ചോദ്യങ്ങളും ചോദിക്കാറുണ്ടായിരുന്ന കൂട്ടത്തില്‍ ഒന്നാണ്: ഖിയാമത്തുനാളില്‍ ഈ പര്‍വ്വതങ്ങളെല്ലാം എന്തായിപ്പോകുമെന്നുള്ള ചോദ്യം. മറുപടിയുടെ സാരം ഇതാണ്; അവര്‍ വിചാരിക്കുന്നതുപോലെ അസംഭവ്യമോ, നിസ്സാരമോ ആയ ഒരു കാര്യമല്ല ഖിയാമത്തുനാള്‍ എന്നു പറയുന്നതു. പര്‍വ്വതങ്ങളെല്ലാം അന്നു പൊടിപൊടിയായി പാറ്റപ്പെടുന്നു, യാതൊരു കുന്നും കുഴിയുമില്ലാതെ ഭൂമി സമനിരപ്പാക്കപ്പെടുന്നു. അങ്ങിനെ, അതിന്റെ സ്ഥിതിതന്നെ മറ്റൊന്നായി മാറുന്നു.
(يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ (سورة ابراهيم – 48
(ഭൂമി ഇതല്ലാത്ത മറ്റൊരു ഭൂമിയായി മാറ്റപ്പെടുന്ന ദിവസം).
ഇത്രയും വമ്പിച്ച ആ ദിവസത്തെക്കുറിച്ച് അവര്‍ മനസ്സിരുത്തേണ്ടുന്ന കാര്യങ്ങള്‍ വേറെ ചിലതാകുന്നു: രാജാധിരാജനായ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണക്കു ഹാജരാകുവാനായി ക്ഷണിക്കുന്ന ഒരു വിളി അന്ന് അവരെ അഭിമുഖീകരിക്കുന്നതാണ്. യാതൊരു വിധത്തിലും അതു നിരസിക്കുവാനോ, ക്ഷണിക്കുന്നവന്റെ ഒന്നിച്ചു നേര്‍ക്കുനേരെ പോകാതിരിക്കുവാനോ ആര്‍ക്കും തന്നെ സാദ്ധ്യമാകയില്ല. അല്ലാഹുവിന്റെ സന്നിധിയില്‍ വരുമ്പോള്‍, ഏതു മഹാരഥന്‍മാരും പേടിച്ചു വിറച്ചു പോകും. ഉച്ചത്തില്‍ മിണ്ടുവാന്‍പോലും അവര്‍ക്കു കഴിയുകയില്ല, അധരങ്ങള്‍ അനക്കിയാല്‍ തന്നെയും വ്യക്തമായി സംസാരിക്കാന്‍ സാധിക്കുകയില്ല. അത്രയും ഗൗരവമേറിയ ഒരു ദിവസമാണത്. ഇതാണ് അവര്‍ മനസ്സിരുത്തേണ്ടത്.
- يَوْمَئِذٍ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَرَضِىَ لَهُۥ قَوْلًا ﴾١٠٩﴿
- അന്നേ ദിവസം, പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുവാദം നല്‍കുകയും, അവനുവേണ്ടി (വല്ലതും) പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ, അങ്ങിനെയുള്ളവന്നല്ലാതെ ശുപാര്‍ശ ഫലം ചെയ്യുകയില്ല.
- يَوْمَئِذٍ അന്നേ ദിവസം لَّا تَنفَعُ ഫലം ചെയ്കയില്ല الشَّفَاعَةُ ശുപാര്‍ശ إِلَّا مَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവന്നു അനുവാദം നല്‍കിയിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَرَضِيَ തൃപ്തിപ്പെടുകയും ചെയ്തു لَهُ അവനുവേണ്ടി, അവന്റെ قَوْلًا പറയുവാന്‍, വാക്ക്
- يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًا ﴾١١٠﴿
- അവരുടെ മുമ്പിലുള്ളതും, പിമ്പിലുള്ളതും (എല്ലാം) അവന്‍ അറിയുന്നു; അതിനെക്കുറിച്ച് അവര്‍ പരിപൂര്‍ണ്ണമായി അറിയുന്നില്ല.
- يَعْلَمُ അവന്‍ അറിയുന്നു مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളതു وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതു وَلَا يُحِيطُونَ അവര്‍ വലയം ചെയ്കയില്ല, പൂര്‍ണ്ണമായി അറിയുകയില്ല بِهِ അതിനെപ്പറ്റി, അവനെപ്പറ്റി عِلْمًا അറിവു, അറിവുകൊണ്ടു
- ۞ وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا ﴾١١١﴿
- ജീവത്തും, സര്‍വ്വനിയന്താവുമായുള്ളവന് മുഖങ്ങള്‍ (എല്ലാം) കീഴൊതുങ്ങിയിരിക്കുകയാണ്; ആര്‍ അക്രമംവഹിച്ചു വന്നിരിക്കുന്നുവോ അവന്‍, തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടിരിക്കുന്നു!
- وَعَنَتِ കീഴൊതുങ്ങി, കീഴൊതുങ്ങുന്നതാണ് الْوُجُوهُ മുഖങ്ങള്‍ لِلْحَيِّ ജീവത്തായുള്ളവനു, സജീവമായുള്ളവനു الْقَيُّومِ സര്‍വ്വനിയന്താവായ وَقَدْ خَابَ തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടു مَنْ حَمَلَ വഹിച്ചവന്‍ ظُلْمًا അക്രമത്തെ
- وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا ﴾١١٢﴿
- ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് വല്ല സല്ക്കര്‍മ്മങ്ങളും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍, അക്രമത്തെയാകട്ടെ, അനീതിയെയാകട്ടെ ഭയപ്പെടേണ്ടിവരികയില്ല;
- وَمَن يَعْمَلْ ആര്‍ പ്രവര്‍ത്തിക്കുന്നുവോ مِنَ الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നു (വല്ലതും) وَهُوَ مُؤْمِنٌ അവന്‍ സത്യവിശ്വാസിയായിക്കൊണ്ടു فَلَا يَخَافُ എന്നാലവന്‍ പേടിക്കുകയില്ല, പേടിക്കേണ്ടതില്ല ظُلْمًا ഒരു അക്രമവും وَلَا هَضْمًا അനീതിയെയും (ഇല്ല)
ഈ ലോകത്തു നടപ്പുള്ള പ്രകാരം ഇഷ്ടംപോലെ ശുപാര്‍ശ നടത്തുവാനോ, സ്വാധീനം ചെലുത്തുവാനോ, മുന്‍കൂട്ടി സമ്മതം കിട്ടാതെ ശുപാര്‍ശചെയ്‌വാനോ, അവിടെ ആര്‍ക്കും ഒരിക്കലും സാദ്ധ്യമല്ല. അവിടത്തെ വിധികര്‍ത്താവ് സൃഷ്ടികളുടെ ഭൂതവര്‍ത്തമാന ഭാവികാലങ്ങളെ സംബന്ധിച്ചെല്ലാം സൂക്ഷ്‌മമായും, പരിപൂര്‍ണ്ണമായും അറിയുന്നവനാകുന്നു.
അവസാനമില്ലാതെ എന്നെന്നും ജീവിച്ചിരിക്കുന്ന ‘ജീവത്ത്’ അല്ലെങ്കില്‍ ‘സജീവമായുള്ളവന്‍’ എന്നത്രെ ‘അല്‍ഹയ്യ്’ (اَلْحَيّ) എന്ന നാമംകൊണ്ടുദ്ദേശ്യം. അന്യാശ്രയം കൂടാതെ സ്വയംഭൂവായി നിലകൊള്ളുകയും, സര്‍വ്വത്തെയും നിയന്ത്രിച്ചുപോരുകയും ചെയ്യുന്ന ‘നിയന്താവ്’ എന്നു ‘അല്‍ഖയ്യൂം’ (الْقَيُّوم) എന്ന നാമംകൊണ്ടും ഉദ്ദേശിക്കപ്പെടുന്നു. അല്ലാഹുവിന്റെ ഉല്‍കൃഷ്ടനാമങ്ങളുടെ പൂര്‍ണ്ണമായ ആശയങ്ങളെ ദ്യോതിപ്പിക്കുന്ന മലയാളപദങ്ങള്‍ വിരളമത്രെ. ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചോ, കുറ്റത്തിന്റെ തോതില്‍ കവിഞ്ഞ ശിക്ഷ നല്‍കിയോ അല്ലാഹു ആരെയും അക്രമം ചെയ്കയില്ല. ചെയ്ത നന്മക്കു പ്രതിഫലം നല്‍കാതെയോ, പ്രതിഫലത്തില്‍ കുറവു വരുത്തിയോ, ആരോടും അനീതി പ്രവര്‍ത്തിക്കുകയുമില്ല. ഇതാണ് അക്രമവും അനീതിയും ഭയപ്പെടേണ്ടതില്ല എന്നു പറഞ്ഞതിന്റെ സാരം.
- وَكَذَٰلِكَ أَنزَلْنَٰهُ قُرْءَانًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا ﴾١١٣﴿
- അപ്രകാരം, അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനായി നാം അതു അവതരിപ്പിച്ചിരിക്കുകയാണ്. അതില്‍, താക്കീതുകളെ വിവിധ തരത്തില്‍ നാം വിവരിച്ചിരിക്കുന്നു;- അവര്‍ സൂക്ഷിക്കുകയോ, അല്ലെങ്കില്‍ അതവര്‍ക്ക് ഒരു ബോധം ഉളവാക്കുകയോ ചെയ്തേക്കാം.
- وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ നാം അതു അവതരിപ്പിച്ചിരിക്കുന്നു قُرْآنًا ഖുര്‍ആനായി (വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി) عَرَبِيًّا അറബിഭാഷയിലുള്ള وَصَرَّفْنَا നാം വിവിധരൂപത്തില്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു فِيهِ അതില്‍ مِنَ الْوَعِيدِ താക്കീതുകളെ لَعَلَّهُمْ يَتَّقُونَ അവര്‍ സൂക്ഷിച്ചേക്കാം أَوْ يُحْدِثُ അല്ലെങ്കില്‍ അതു ഉളവാക്കി (ഉണ്ടാക്കി) യേക്കാം لَهُمْ അവര്‍ക്കു ذِكْرًا ഒരു ബോധം, സ്മരണ, ഓര്‍മ്മ
- فَتَعَٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًا ﴾١١٤﴿
- യഥാര്‍ത്ഥ രാജാവായ അല്ലാഹു സര്‍വ്വോന്നതനത്രെ! ഖുര്‍ആന്‍ - അതിന്റെ ബോധനം നിനക്കു പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പായി - നീ ധൃതിയില്‍ ഓതരുതു. പറയുക: 'രക്ഷിതാവേ! നീ എനിക്കു അറിവു വര്‍ദ്ധിപ്പിച്ചു തരേണമേ!'
- فَتَعَالَى അപ്പോള്‍ സര്‍വ്വോന്നതനാകുന്നു, അതിപരിശുദ്ധനാകുന്നു اللَّـهُ الْمَلِكُ രാജാവായ അല്ലാഹു الْحَقُّ സാക്ഷാലുള്ള, യഥാര്‍ത്ഥമായ وَلَا تَعْجَلْ നീ ധൃതിപ്പെടരുത് (ധൃതിപ്പെട്ടു ഓതരുത്) بِالْقُرْآنِ ഖുര്‍ആനിനെ مِن قَبْلِ മുമ്പായി أَن يُقْضَىٰ പൂര്‍ത്തിയായി നിര്‍വ്വഹിക്കപ്പെടുന്നതിനു إِلَيْكَ നിനക്കു وَحْيُهُ അതിന്റെ വഹ്യു, ബോധനം وَقُل നീ പറയുക رَّبِّ എന്റെ റബ്ബേ زِدْنِي എനിക്കു വര്‍ദ്ധിപ്പിച്ചു തരേണമേ عِلْمًا അറിവു
ഖുര്‍ആന്റെ വിവിധരൂപത്തിലുള്ള വിവരണ രീതിയെപ്പറ്റി സൂ: അല്‍കഹ്ഫ് 54-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം ചൂണ്ടിക്കാണിച്ചിട്ടുള്ള സംഗതികള്‍ ഇവിടെ സ്മരിക്കുക.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അറബിയായിരുന്നതുകൊണ്ടും, അവിടുന്ന് ആദ്യമായി അഭിമുഖീകരിക്കുന്നതു അറബികളെയായതുകൊണ്ടും ഖുര്‍ആന്‍ അറബിഭാഷയിലായിത്തീര്‍ന്നു. അറബിയില്‍ അല്ലാതിരിക്കുകയോ, സുഗ്രാഹ്യമല്ലാത്ത ഒരു ശൈലിയില്‍ ആയിരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍, അതിന്റെ പ്രബോധനം നിര്‍വ്വഹിക്കുക വിഷമമായിരിക്കുമല്ലോ. ആ നിലക്ക് ഇസ്ലാമിന്റെ മതഭാഷയും, സാംസ്കാരികഭാഷയും ആയിരിക്കുവാന്‍ അറബി ഭാഷയേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള മറ്റൊന്നും ഇല്ലതന്നെ. സാഹിത്യവശത്തു നോക്കിയാലും, ആ ഭാഷ പ്രാധാന്യമര്‍ഹിക്കുന്നു. ഖുര്‍ആന്റെ സന്ദേശം ലോകത്തിനു ആകമാനമായതുകൊണ്ട് അതു മറ്റൊരു ഭാഷയിലായിരിക്കണമെന്നുവെക്കുന്നപക്ഷം, ആ ഭാഷ ഏതായിരിക്കണം: ഈ പ്രശ്നത്തിനു പരിഹാരം കാണുക സാദ്ധ്യമല്ല. അതേ സമയത്തു ഖുര്‍ആന്റെ സന്ദേശങ്ങള്‍ക്കു പ്രചാരം സിദ്ധിച്ച നാടുകളിലെല്ലാം അറബിഭാഷക്കു പ്രചാരമുണ്ടായിത്തീരുകയും ചെയ്തിട്ടുണ്ട്. അത്രയുമല്ല, എത്രയോ നാടുകള്‍ അവയുടെ സ്വന്തം ഭാഷ തന്നെ വിസ്മരിച്ച് അറബിഭാഷ മാതൃഭാഷയായി സ്വീകരിക്കുക കൂടി ചെയ്ത ചരിത്രങ്ങള്‍ പ്രസിദ്ധമാണ്.
ഖുര്‍ആന്‍ അറബിഭാഷയിലാണെങ്കിലും, അതിന്റെ സ്വഭാവം മറ്റുള്ള അറബിഗ്രന്ഥങ്ങളെപ്പോലെയല്ല. അതിന്റെ ശൈലിയും, വിവരണരീതിയും ഒന്നു വേറെത്തന്നെയാണ്. മനുഷ്യഹൃദയത്തെ തട്ടിയുണര്‍ത്തുവാനുള്ള അതിന്റെ കഴിവ് അനിതരസാധാരണമത്രെ. അതിന്റെ ഭാഷയും, അതിന്റെ സാഹിത്യവും പരിചയമുള്ളവര്‍ക്കേ അതിന്റെ സവിശേഷത ആസ്വദിക്കുവാന്‍ കഴിയൂ. അതു പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുകവഴി രണ്ടിലൊരു ഗുണം കൈവരാതിരിക്കുകയില്ല; ചുരുങ്ങിയപക്ഷം, പാപങ്ങളും അക്രമങ്ങളും വിട്ടൊഴിഞ്ഞു സൂക്ഷിച്ചു നടക്കുവാനുള്ള മനഃസ്ഥിതി ഉളവാകുക, അല്ലെങ്കില്‍ കുറേകൂടി മുന്നോട്ടുപോയി തന്റെ കടമകള്‍ നിര്‍വ്വഹിക്കുവാനും, സല്‍ക്കര്‍മ്മനിരതരായിരിക്കുവാനുമുള്ള ബോധവും തന്റേടവും ഉണ്ടായിത്തീരുക. 113-ാം വചനത്തിന്റെ അന്ത്യഭാഗം ഈ യാഥാര്‍ത്ഥ്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ഖുര്‍ആന്റെ വഹ്യുമായി ജിബ്രീല്‍ (عليه الصلاة والسلام) വന്ന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, വഹ്യ് അവസാനിപ്പിക്കുന്നതിനു മുമ്പുതന്നെ ധൃതിപ്പെട്ട് ഓതുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശ്രമിച്ചിരുന്നു. മറന്നുപോയേക്കുമോ എന്ന ആശങ്ക നിമിത്തം മലക്ക് സ്ഥലം വിടുംമുമ്പായി മനഃപാഠമാക്കണമെന്ന ഉദ്ദേശ്യമായിരുന്നു അതിനു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പ്രേരിപ്പിച്ചിരുന്നത്. ഇങ്ങിനെ ചെയ്യേണ്ടതില്ലെന്നും, അറിവു വര്‍ദ്ധിപ്പിച്ചുതരുവാനായി അല്ലാഹുവോടു പ്രാര്‍ത്ഥിക്കണമെന്നും അല്ലാഹു ഉപദേശിക്കുന്നു. സൂ : അല്‍ഖിയാമഃ 16-19ല്‍ ഇതിനെപ്പറ്റി കൂടുതല്‍ വിവരം കാണാം. إن شاء الله
ഇതില്‍ നിന്നു രണ്ടുകാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതായുണ്ട്:
(1) ഒരാളില്‍നിന്നു വല്ലതും പഠിക്കുമ്പോള്‍, അയാള്‍ പറയുന്നതു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും, സാവധാനത്തില്‍ പഠിക്കുകയും ചെയ്യേണ്ടതാണ്.
(2) അറിവ് മനുഷ്യനു തികയുന്ന ഒന്നല്ല. അറിയുംതോറും കൂടുതല്‍ അറിയുവാന്‍ ജിജ്ഞാസയുണ്ടായിരിക്കുകയും, കൂടുതല്‍ അറിവു ലഭിക്കുവാനായി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും വേണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീസില്‍ വന്നിട്ടുണ്ട്:-
اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي , وَعَلِّمْنِي مَا يَنْفَعُنِي , وَزِدْنِي عِلْمًا , وَالْحَمْدُ لِلَّهِ عَلَى كُلِّ حَالٍ – رواه الترمذي
(സാരം: അല്ലാഹുവേ! നീ എനിക്കു പഠിപ്പിച്ചു തന്നിട്ടുള്ളതുകൊണ്ടു പ്രയോജനം നല്‍കേണമേ! എനിക്കു ഉപകാരമുളളതു പഠിപ്പിച്ചുതരികയും ചെയ്യേണമേ! എനിക്കു അറിവ് വര്‍ദ്ധിപ്പിച്ചു തരികയും വേണമേ! എല്ലാ അവസ്ഥയിലും അല്ലാഹുവിനു സ്തോത്രം! (തി)). ഉപകാരമില്ലാത്ത അറിവു നല്‍കരുതേ എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദുആ ചെയ്തിരുന്നതായി ഹദീസുകളില്‍ കാണാം. അജ്ഞാനത്തെക്കാളധികം ദോഷം ചെയ്യുന്നതു, പലപ്പോഴും ഉപകാരമില്ലാത്ത അറിവാണെന്നു നാം ഓര്‍ക്കേണ്ടതാകുന്നു.
- وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا ﴾١١٥﴿
- മുമ്പ് നാം ആദമിനു നിര്‍ദ്ദേശം നല്‍കുകയുണ്ടായി; എന്നിട്ട് അദ്ദേഹം വിസ്മരിച്ചു പോയി; ദൃഢനിശ്ചയം അദ്ദേഹത്തിന് നാം കണ്ടതുമില്ല.
- وَلَقَدْ عَهِدْنَا തീര്‍ച്ചയായും നാം നിര്‍ദ്ദേശം കൊടുത്തു, കല്‍പന കൊടുത്തു إِلَىٰ آدَمَ ആദമിനു مِن قَبْلُ മുമ്പു فَنَسِيَ എന്നിട്ടു അദ്ദേഹം മറന്നു, വിസ്മരിച്ചു وَلَمْ نَجِدْ നാം കണ്ടില്ല, കണ്ടെത്തിയില്ല لَهُ അദ്ദേഹത്തിനു عَزْمًا സ്ഥിരചിത്തത, ദൃഢനിശ്ചയം
മനുഷ്യനു സൂക്ഷ്മതയും, ബോധവും ഉണ്ടാകുവാനാണ് ഖുര്‍ആനില്‍ വിവിധ രൂപത്തിലുള്ള താക്കീതുകള്‍ വിവരിച്ചിട്ടുള്ളതെന്നു കഴിഞ്ഞ വചനങ്ങളില്‍ പറഞ്ഞു. അശ്രദ്ധയും, സ്ഥിരചിത്തതയില്ലായ്മയും മനുഷ്യസഹജമായ ചില സ്വഭാവങ്ങളാകുന്നു. അതിനാല്‍, മനുഷ്യപിതാവായ ആദം (عليه الصلاة والسلام) നബിയുടെ കഥ ഉദ്ധരിച്ചുകൊണ്ട് മനുഷ്യന്‍ സദാശ്രദ്ധയും സ്ഥിരചിത്തതയും ഉള്ളവനായിരിക്കുവാന്‍ അല്ലാഹു നമ്മെ ഉല്‍ബോധിപ്പിക്കുന്നു. ഓരോ കാര്യത്തിലും അല്ലാഹു നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കഴിയുന്നിടത്തോളം പാലിക്കണമെന്ന ദൃഢനിശ്ചയം മനുഷ്യന് ഉണ്ടായിരിക്കേണ്ടതാണ്, അതില്ലാതിരുന്നാല്‍ അവനു തീരാനഷ്ടത്തിനു ഇടയായിത്തീരുന്നതാണ് എന്നു പ്രസ്തുത ചരിത്രത്തില്‍നിന്നു നാം പഠിക്കേണ്ടതുണ്ട്. ഇതിനായിട്ടത്രെ, ആദം (عليه الصلاة والسلام) നബിയുടെ കഥ പലേടത്തും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത്. സംഭവം തുടര്‍ന്നു വിവരിക്കുന്നു:-
വിഭാഗം - 7
- وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ ﴾١١٦﴿
- ആദമിനു 'സുജൂദു' ചെയ്‍വിന്‍ (തലകുനിക്കുവിന്‍) എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക); അവര്‍ (എല്ലാവരും) സുജൂദ് ചെയ്തു - ഇബ്ലീസ് ഒഴികെ - അവന്‍ വിസമ്മതിച്ചുകളഞ്ഞു.
- وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദുചെയ്‍വിന്‍, തലകുനിക്കുവിന്‍ لِآدَمَ ആദമിനു فَسَجَدُوا അപ്പോള്‍ അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസ് ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു, കൂട്ടാക്കാതിരുന്നു
- فَقُلْنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ ﴾١١٧﴿
- അപ്പോള്‍ നാം പറഞ്ഞു: 'ആദമേ! നിശ്ചയമായും ഇവന്‍ നിനക്കും നിന്റെ ഭാര്യക്കും ശത്രുവാകുന്നു; അതിനാല്‍, (ഈ) സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ; അപ്പോള്‍ നീ വിഷമിക്കേണ്ടതായി വരും.
- فَقُلْنَا അപ്പോള്‍ നാം പറഞ്ഞു يَا آدَمُ ആദമേ إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ عَدُوٌّ لَّكَ നിനക്കു ശത്രുവാണ് وَلِزَوْجِكَ നിന്റെ ഭാര്യക്കും فَلَا يُخْرِجَنَّكُمَا അതിനാല്‍ നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ مِنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു فَتَشْقَىٰ അപ്പോള്‍ നീ വിഷമിക്കേണ്ടിവരും
- إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ ﴾١١٨﴿
- 'നിശ്ചയമായും, നിനക്ക് അവിടെ വിശക്കാതിരിക്കുകയും, നഗ്നമാകാതിരിക്കുകയും ചെയ്യാം;
- إِنَّ لَكَ നിശ്ചയമായും നിനക്കുണ്ടു أَلَّا تَجُوعَ നിനക്കു വിശക്കാതിരിക്കല്‍ فِيهَا അതില്‍, അവിടെ وَلَا تَعْرَىٰ നീ നഗ്നമാകാതിരിക്കലും
- وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ ﴾١١٩﴿
- 'നിനക്ക് അവിടെ ദാഹിക്കാതിരിക്കുകയും, വെയില്‍ കൊള്ളാതിരിക്കുകയും ചെയ്യാം.'
- وَأَنَّكَ لَا تَظْمَؤُا۟ നിനക്കു ദാഹിക്കാതിരിക്കലും, ദാഹിക്കുകയില്ലെന്നും فِيهَا അതില്‍, അവിടെ وَلَا تَضْحَىٰ നിനക്കു വെയില്‍ (ചൂടു) കൊള്ളുകയില്ലെന്നും
ആദം (عليه الصلاة والسلام) നബിയെ സൃഷ്‌ടിച്ചശേഷം അദ്ദേഹത്തിനു തല കുനിച്ചു സുജൂദ്ചെയ്‌വാന്‍ കല്‍പ്പിച്ചപ്പോള്‍ മലക്കുകളെല്ലാം സുജൂദ് ചെയ്തു, ഇബ്ലീസുമാത്രം വിസമ്മതിച്ചു. ‘അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനു തലകുനിക്കുകയോ?! എന്നു പറഞ്ഞ് കല്‍പ്പന ധിക്കരിക്കുകയാണ് അവന്‍ ചെയ്തത്. അങ്ങനെ, ഇബ്ലീസ് മനുഷ്യപിതാവായ ആദമിനും, മനുഷ്യമാതാവും ആദമിന്റെ ഭാര്യയുമായ ഹവ്വാഇനും – അഥവാ മനുഷ്യവര്‍ഗ്ഗത്തിനു തന്നെ – ശത്രുവായിത്തീര്‍ന്നു. ഈ ജന്‍മശത്രുവിനെ സദാ സൂക്ഷിച്ചുകൊള്ളണമെന്നും, അവന്‍ നിങ്ങളെ ഈ സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളില്‍നിന്നു പുറത്താക്കുവാന്‍ കാരണമുണ്ടാക്കുന്നതു കാത്തുകൊള്ളണമെന്നും അല്ലാഹു ആദം (عليه الصلاة والسلام) നബിക്കു താക്കീതു നല്‍കി. പക്ഷേ, ആ സൂക്ഷ്മത പാലിക്കുന്നതില്‍ ആദം (عليه الصلاة والسلام) ദൃഢചിത്തത്ത കൈകൊള്ളുകയുണ്ടായില്ല.
- فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ ﴾١٢٠﴿
- അങ്ങനെ, പിശാച് (ഇബ്ലീസു) അദ്ദേഹത്തിനു ദുര്‍ബ്ബോധനം നല്‍കി: അവന്‍ പറഞ്ഞു: 'ആദമേ! നിത്യവാസത്തിനുള്ള വൃക്ഷത്തെയും, നശിച്ചു പോകാത്ത രാജത്വത്തെയും ഞാന്‍ നിനക്കു അറിയിച്ചുതരട്ടെയോ!?'
- فَوَسْوَسَ അങ്ങനെ ദുര്‍ബോധനം നടത്തി إِلَيْهِ അദ്ദേഹത്തോടു الشَّيْطَانُ പിശാചു, ചെകുത്താന്‍ قَالَ അവന്‍ പറഞ്ഞു يَا آدَمُ ആദമേ هَلْ أَدُلُّكَ നിനക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ شَجَرَةِ الْخُلْدِ നിത്യവാസത്തിന്റെ വൃക്ഷത്തെപ്പറ്റി وَمُلْكٍ ഒരു രാജത്വത്തെയും لَّا يَبْلَىٰ നശിച്ചുപോകാത്ത
- فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ﴾١٢١﴿
- എന്നിട്ട്, അവര്‍ രണ്ടുപേരും അതില്‍ (വൃക്ഷത്തില്‍) നിന്ന് തിന്നു; ഉടനെ, അവര്‍ക്കു തങ്ങളുടെ നഗ്നത വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തിലെ ഇലകളില്‍ നിന്നും (എടുത്ത്) അവര്‍ തങ്ങളുടെ മേല്‍ പറ്റിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്റെ രക്ഷിതാവിനോടു അനുസരണക്കേടു കാണിച്ചു, അങ്ങിനെ വഴിപിഴച്ചു.
- فَأَكَلَا അങ്ങനെ അവര്‍ തിന്നു مِنْهَا അതില്‍നിന്നു فَبَدَتْ ഉടനെ വെളിപ്പെട്ടു لَهُمَا അവര്‍ക്ക് രണ്ടാള്‍ക്കും سَوْآتُهُمَا അവരുടെ നഗ്നത وَطَفِقَا രണ്ടാളും തുടങ്ങി, ശ്രമിച്ചു يَخْصِفَانِ പറ്റിക്കുവാന്‍, ഒട്ടിക്കുവാന്‍ عَلَيْهِمَا അവരുടെമേല്‍ مِن وَرَقِ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ഇലകളില്‍നിന്നു وَعَصَىٰ آدَمُ ആദം അനുസരണക്കേടു പ്രവര്‍ത്തിച്ചു, എതിരു കാണിച്ചു رَبَّهُ തന്റെ രക്ഷിതാവിനു فَغَوَىٰ അങ്ങനെ അദ്ദേഹം വഴിപിഴച്ചു
- ثُمَّ ٱجْتَبَٰهُ رَبُّهُۥ فَتَابَ عَلَيْهِ وَهَدَىٰ ﴾١٢٢﴿
- പിന്നീട്, അദ്ദേഹത്തെ തന്റെ രക്ഷിതാവു നന്നാക്കിയെടുത്തു; അങ്ങനെ, അദ്ദേഹത്തിന്റെമേല്‍ പാശ്ചാത്താപം സ്വീകരിച്ചു; മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു.
- ثُمَّ പിന്നീടു اجْتَبَاهُ അദ്ദേഹത്തെ നന്നാക്കിയെടുത്തു, തിരഞ്ഞെടുത്തു رَبُّهُ അദ്ദേഹത്തിന്റെ രക്ഷിതാവു فَتَابَ എന്നിട്ടു പശ്ചാത്താപം (ഖേദം) സ്വീകരിച്ചു عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ وَهَدَىٰ മാര്‍ഗദര്‍ശനം ചെയ്കയും ചെയ്തു, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു
വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നുവെന്നു പറയത്തക്ക തെളിവുകളൊന്നും നമുക്കു കിട്ടിയിട്ടില്ല. ഏതോ ഒരു വൃക്ഷത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടു: ‘ഈ വൃക്ഷത്തോടു നിങ്ങള്‍ സമീപിക്കരുത്’ – (وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ : البقرة: ٣٥) എന്നു അല്ലാഹു അവരോടു വിരോധിച്ചിരുന്നു. ആ വൃക്ഷത്തില്‍നിന്നും ഭുജിക്കുകവഴി അവരുടെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍, മേല്‍കണ്ടപ്രകാരം പിശാച് അവരോട് ദുര്‍മ്മന്ത്രണം നടത്തി. അവര്‍ അതില്‍ വഞ്ചിതരാവുകയും ചെയ്തു. ഉടനെത്തന്നെ അതിന്റെ ഭവിഷ്യത്തുകള്‍ അവര്‍ കണ്ടുതുടങ്ങി. അതെ, വിരോധിക്കപ്പെട്ട വൃക്ഷത്തില്‍നിന്നും ഫലം ഭുജിച്ചതോടെ അവര്‍ക്കു തങ്ങളുടെ നഗ്നതവെളിപ്പെട്ടു. അതേവരേ അവര്‍ക്കു സ്വര്‍ഗ്ഗീയവസ്ത്രം ഉണ്ടായിരുന്നു. അതു നീങ്ങിപ്പോയി. സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു:
(يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا: الأعراف:٢٧)
(അവര്‍ക്കു രണ്ടുപേര്‍ക്കും തങ്ങളുടെ അപമാനസ്ഥാനങ്ങള്‍ (നഗ്നത) കാണിക്കുവാനായി അവന്‍ (പിശാചു) അവരില്‍നിന്നു അവരുടെ വസ്ത്രം നീക്കിക്കളഞ്ഞിരുന്നു……) പാപംമൂലം, ഈ വസ്ത്രം അവര്‍ക്കു നഷ്ടപ്പെടുകയും, മാനംമറക്കുവാന്‍ ഇലകളെ അവലംബമാക്കേണ്ടിവരികയും ചെയ്തു.
ആദം (عليه الصلاة والسلام) നബിയും ഭാര്യ ഹവ്വാഉം തങ്ങളുടെ പക്കല്‍നിന്നു വന്നുപോയ ഈ അബദ്ധത്തെപ്പറ്റി അങ്ങേഅറ്റം ഖേദിച്ചു. അല്‍ബഖറഃ 37ല്‍ അല്ലാഹു പറഞ്ഞതുപോലെ, പശ്ചാത്തപിച്ച് പ്രാര്‍ത്ഥിക്കുവാനുള്ള ചില വാക്യങ്ങള്‍ അല്ലാഹുവില്‍ നിന്നുതന്നെ അവര്‍ക്കു ലഭിച്ചു. അവര്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു:
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ: الأعراف:٢٣
(ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കുകയാണ്. നീ ഞങ്ങള്‍ക്കു പൊറുത്തുതരുകയും, ഞങ്ങള്‍ക്കു കരുണ ചെയ്യുകയും ചെയ്യാതിരുന്നാല്‍, തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകുന്നതാണ്. (സൂ: അഅ്റാഫ് : 23). ഈ പ്രാര്‍ത്ഥന അവരുടെ സന്തതികളായ നമുക്കും മാതൃകയാകുന്നു. പിന്നീടു ജനിക്കുവാനിരിക്കുന്ന ആളും, ആദമിന്റെ സന്തതികളില്‍വെച്ചു ശ്രേഷ്ഠനുമായ മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയുടെ മഹത്വം മുന്‍നിറുത്തി പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതെന്നു ചില ആളുകള്‍ ജല്പിക്കാറുണ്ട്. ഇതു അടിസ്ഥാനരഹിതവും ഖുര്‍ആന്‍ പ്രസ്താവിച്ചതിനു എതിരുമാണ്.
മാനുഷിക ജീവിതത്തിന്റെ സ്വഭാവത്തെപ്പറ്റി പരിചയിക്കുവാന്‍ ഇടവന്നിട്ടില്ലാത്ത വ്യക്തിയായിരുന്നുവല്ലോ ആദം (عليه الصلاة والسلام). അല്ലാഹു ഈ ലോകത്തു നടപ്പിലാക്കുവാന്‍ പോകുന്ന ഒരു പുതിയ ചരിത്രത്തിന്റെ ഉല്‍ഘാടനം കുറിക്കുന്നതായിരുന്നു ഈ സംഭവം. ആ പുതിയ ജീവിതപ്രകൃതിയാണെങ്കില്‍, സുഖദുഃഖ സംമിശ്രവും, അദ്ധ്വാനത്തിനും കര്‍മ്മത്തിനും അനുസരിച്ചു ഫലം നല്‍കപ്പെടുന്ന ഒരു പരീക്ഷണവും ആകുന്നു. അല്ലാഹു ആദം (عليه الصلاة والسلام) നബിയുടെ പാപം പൊറുത്തു പരിശുദ്ധമാക്കുകയും, ആ പുതിയ ജീവിതത്തിലേക്കാവശ്യമായ ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു.
- قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ ﴾١٢٣﴿
- അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ (സ്വര്‍ഗ്ഗത്തില്‍) നിന്നു ഇറങ്ങിപ്പോകുവിന്‍! നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു ശത്രുവാകുന്നു. എന്നാല്‍, എന്റെ പക്കല്‍നിന്നു വല്ല മാര്‍ഗ്ഗദര്‍ശനവും നിങ്ങള്‍ക്കു വന്നുകിട്ടുന്നതായാല്‍, അപ്പോള്‍ എന്റെ മാര്‍ഗ്ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല, വിഷമിക്കേണ്ടിവരികയുമില്ല.
- قَالَ അവന്‍ പറഞ്ഞു اهْبِطَا നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا ഇതില്‍നിന്നു جَمِيعًا എല്ലാവരും, മുഴുവനും بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക് عَدُوٌّ ശത്രുവാണ് فَإِمَّا يَأْتِيَنَّكُم എന്നാല്‍ (വല്ലപ്പോഴും) നിങ്ങള്‍ക്കുവന്നു കിട്ടിയാല്‍ مِّنِّي എന്റെ പക്കല്‍നിന്നു هُدًى വല്ല മാര്‍ഗ്ഗദര്‍ശനവും فَمَنِ اتَّبَعَ അപ്പോള്‍ ആര്‍ പിന്‍പറ്റിയോ هُدَايَ എന്റെ മാര്‍ഗ്ഗദര്‍ശനം فَلَا يَضِلُّ അവന്‍ വഴിപിഴക്കുകയില്ല وَلَا يَشْقَىٰ അവന്‍ വിഷമിക്കുകയുമില്ല
ആദംനബിയോടും, ഹവ്വായോടും (عليهما السلام) പ്രഥമമായും, ലോകാവസാനംവരെയുള്ള അവരുടെ സന്താനങ്ങളോടു പൊതുവായും നല്‍കുന്ന ഒരു ഉല്‍ബോധാനമാണിത്. മനുഷ്യന്റെ ജന്മശത്രുവായ പിശാചിന്റെ പ്രേരണകള്‍ക്കു വശംവദനാകുന്നപക്ഷം, മനുഷ്യന്‍ ഇഹത്തിലും പരത്തിലും അറ്റമില്ലാത്ത കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന ശക്തിയായ താക്കീതാണ് അതില്‍ അടങ്ങുന്നത്.
ആദം (عليه السلام) നബിയുടെ കഥയെസംബന്ധിച്ച പല വിവരങ്ങളും, ചിലര്‍ ആ കഥയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഇറക്കുമതിചെയ്ത പ്രസ്താവനകളും അവയുടെ നിരൂപണവും സൂ: അല്‍ബഖറ ആയത്തിന് ശേഷം കൊടുത്ത വ്യാഖ്യാനക്കുറിപ്പില്‍ കാണാം.
- وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ﴾١٢٤﴿
- ആരെങ്കിലും, എന്റെ ഉല്‍ബോധനത്തെവിട്ടു തിരിഞ്ഞുകളഞ്ഞാല്‍, നിശ്ചയമായും അവനു ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്; ഖിയാമത്തുനാളില്‍, അവനെ നാം അന്ധനായ നിലയില്‍ (എഴുന്നേല്‍പ്പിച്ച്) ഒരുമിച്ചുകൂട്ടുന്നതുമാണ്.
- وَمَنْ أَعْرَضَ ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ عَن ذِكْرِي എന്റെ ഉല്‍ബോധനത്തെവിട്ടു, സ്മരണവിട്ടു فَإِنَّ لَهُ എന്നാല്‍ നിശ്ചയമായും അവന്നുണ്ട് مَعِيشَةً ഒരു ജീവിതം ضَنكًا ഇടുങ്ങിയ, കുടുസ്സായ وَنَحْشُرُهُ നാം അവനെ ഒരുമിച്ചു കൂട്ടുകയും ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ أَعْمَىٰ അന്ധനായി, കണ്ണുകാണാത്തവനായി
- قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴾١٢٥﴿
- അവന്‍ പറയും: 'റബ്ബേ! എന്തിനാണ് നീ എന്നെ അന്ധനായ നിലയില്‍ (എഴുന്നേല്‍പിച്ച്) ഒരുമിച്ചുകൂട്ടിയതു - ഞാന്‍ (മുമ്പ്) കാഴ്ചയുള്ളവനായിരുന്നുവല്ലോ?!'
- قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ لِمَ حَشَرْتَنِي എന്തിനാണ് നീ എന്നെ ഒരുമിച്ചുകൂട്ടിയതു أَعْمَىٰ അന്ധനായ നിലയില്‍ وَقَدْ كُنتُ ഞാന്‍ ആയിരുന്നുവല്ലോ بَصِيرًا കാഴ്ചയുള്ളവന്‍
- قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ ﴾١٢٦﴿
- അവന്‍ [അല്ലാഹു] പറയും: 'അങ്ങിനെത്തന്നെയാണ്; നിനക്കു നമ്മുടെ ലക്ഷ്യങ്ങള്‍ വന്നു, അപ്പോള്‍ നീ അതു മറന്നുകളഞ്ഞു: അപ്രകാരം ഇന്നു നീയും വിസ്മരിക്കപ്പെടുന്നു.'
- قَالَ അവന്‍ പറയും كَذَٰلِكَ അങ്ങിനെത്തന്നെ أَتَتْكَ നിനക്കു വന്നു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ فَنَسِيتَهَا അപ്പോള്‍ നീ അതു മറന്നുകളഞ്ഞു وَكَذَٰلِكَ അതുപോലെ الْيَوْمَ ഇന്നു تُنسَىٰ നീ(യും) വിസ്മരിക്കപ്പെടും (നിന്നെയും മറക്കും)
- وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْءَاخِرَةِ أَشَدُّ وَأَبْقَىٰٓ ﴾١٢٧﴿
- അങ്ങിനെത്തന്നെയാണ്, അതിരുകവിയുകയും, തന്റെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന് നാം പ്രതിഫലം കൊടുക്കുക; പരലോകശിക്ഷയാകട്ടെ, ഏറ്റവും കഠിനവും, കൂടുതല്‍ ശേഷിക്കുന്നതും തന്നെയാണ്.
- وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം നല്‍കുന്നതു مَنْ യതൊരുവനു أَسْرَفَ അവന്‍ അതിരു കവിഞ്ഞിരിക്കുന്നു وَلَمْ يُؤْمِن വിശ്വസിച്ചതുമില്ല بِآيَاتِ ലക്ഷ്യങ്ങളില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ وَلَعَذَابُ الْآخِرَةِ തീര്‍ച്ചയായും പരലോകശിക്ഷ أَشَدُّ ഏറ്റവും കഠിനമായതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ്, നില നില്‍ക്കുന്നതുമാണ്
അല്ലാഹുവില്‍ ശരിയായി വിശ്വസിക്കുകയും, അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവനു അവന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന എല്ലാ സുഖദുഃഖങ്ങളിലും ശാന്തിയും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ഭാവിയെക്കുറിച്ചുള്ള ഭയമോ, ഭൂതകാലത്തെച്ചൊല്ലിയുള്ള വ്യസനമോ അവനുണ്ടായിരിക്കുകയില്ല. അവന്‍ സന്തോഷത്തില്‍ കൃതജ്ഞനും, സന്താപത്തില്‍ ക്ഷമാലുവുമായിരിക്കും. അതിനാല്‍, ഒരു പരിതസ്ഥിതിയിലും അവന്‍ വഴിതെറ്റിപ്പോകുവാനും, വിഷമിച്ചു വലയുവാനും ഇടവരികയില്ല. നേരെമറിച്ച് അവിശ്വസിക്കുകയും, അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നവന്റെ സ്ഥിതിയാകട്ടെ, ഇതിനു നേരെ വിപരീതവുമായിരിക്കും. അവന്‍ സുഖസന്തോഷങ്ങളില്‍ കൃതഘ്നനും സന്താപങ്ങളില്‍ അക്ഷമനുമായിരിക്കും. അതിനാല്‍ അവനു ഇപ്പോഴും മനശ്ശാന്തിയും, സമാധാനവുമില്ലാത്ത ഇടുങ്ങിയ ജീവിതമാണുണ്ടാവുക.
അല്ലാഹുവില്‍ നിന്നുള്ള ബോധനങ്ങളും ലക്ഷ്യങ്ങളും കണ്ണടച്ചു നിഷേധിക്കുകയും, അവയെ അവഗണിച്ചു തോന്നിയപോലെ ജീവിക്കുകയും ചെയ്തവര്‍ക്ക് അനുയോജ്യമായ പ്രതിഫലമാണ് പരലോകത്തുവെച്ചു അല്ലാഹു നല്‍കുന്നത്. അതെ, ഖിയാമത്തുനാളില്‍ ‘മഹ്ശര്‍’ (المحشر) മഹാസഭയിലേക്കു അവരെ അന്ധന്മാരായിട്ടായിരിക്കും കൊണ്ടുവരിക. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളേയും ലക്ഷ്യങ്ങളേയും സംബന്ധിച്ച് അന്ധനായിക്കൊണ്ട് ഈ ലോകത്തു കഴിഞ്ഞുകൂടിയവന്‍ പരലോകത്തും അന്ധനായിത്തന്നെയിരിക്കും. അത്രയുമല്ല, അതിനേക്കാള്‍ മാര്‍ഗ്ഗം പിഴച്ചവനുമായിരിക്കും.
(وَمَن كَانَ فِي هَـٰذِهِ أَعْمَىٰ فَهُوَ فِي الْآخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا : بنو اسرائيل: ٧٢)
- أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَٰكِنِهِمْ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّأُو۟لِى ٱلنُّهَىٰ ﴾١٢٨﴿
- എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് - അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു - എന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ?! നിശ്ചയമായും അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- أَفَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍ക്കുന്നില്ലേ, വ്യക്തമാകുന്നില്ലേ لَهُمْ അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) قَبْلَهُم ഇവരുടെ മുമ്പ് مِّنَ الْقُرُونِ തലമുറകളെ يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളിലൂടെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي النُّهَىٰ ബുദ്ധിമാന്‍മാര്‍ക്ക്
വിഭാഗം - 8
- وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًا وَأَجَلٌ مُّسَمًّى ﴾١٢٩﴿
- നിന്റെ റബ്ബിന്റെ പക്കല്‍നിന്നു മുമ്പു നടന്ന ഒരു വാക്കും, നിശ്ചിതമായ ഒരു അവധിയും ഇല്ലായിരുന്നുവെങ്കില്‍, അതു [ശിക്ഷാനടപടി] അനിവാര്യമാകുമായിരുന്നു.
- وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ كَلِمَةٌ ഒരു വാക്കു سَبَقَتْ മുമ്പു നടന്നിട്ടുളള മുന്‍കഴിഞ്ഞ مِن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നു لَكَانَ അതു ആകുമായിരുന്നു لِزَامًا അനിവാര്യമായതു وَأَجَلٌ ഒരു അവധിയും (ഇല്ലായിരുന്നുവെങ്കില്‍) مُّسَمًّى നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട
- فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ ﴾١٣٠﴿
- അതുകൊണ്ട്, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക; സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നീ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് സ്തോത്ര കീര്‍ത്തനവും ചെയ്യുക. രാത്രി സമയങ്ങളിലും, പകലിന്റെ ഭാഗങ്ങളിലും നീ പ്രകീര്‍ത്തനം ചെയ്യുക. എന്നാല്‍ നിനക്കു സംതൃപ്തിയുണ്ടായേക്കാം.
- فَاصْبِرْ അതുകൊണ്ടു ക്ഷമിക്കുക عَلَىٰ مَا യാതൊന്നിനെപ്പറ്റി يَقُولُونَ അവര്‍ പറയുന്ന وَسَبِّحْ തസ്ബീഹ് (സ്തോത്ര കീര്‍ത്തനം) നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തോത്രം ചെയ്തുകൊണ്ടും قَبْلَ طُلُوعِ الشَّمْسِ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പു وَقَبْلَ غُرُوبِهَا അതിന്റെ അസ്തമനത്തിനു മുമ്പും وَمِنْ آنَاءِ اللَّيْلِ രാത്രി സമയങ്ങളിലും فَسَبِّحْ നീ തസ്ബീഹ് (കീര്‍ത്തനം) നടത്തുക وَأَطْرَافَ النَّهَارِ പകലിന്റെ ഭാഗങ്ങളിലും لَعَلَّكَ تَرْضَىٰ നിനക്കു സംതൃപ്തിയുണ്ടായേക്കാം, നീ തൃപ്തിപ്പെടുവാന്‍വേണ്ടി
അവിശ്വാസവും, ദുര്‍മ്മാര്‍ഗ്ഗവും കാരണമായി – മുമ്പ് ചില സമുദായങ്ങളെ കൂട്ടത്തോടെ നശിപ്പിച്ചതു പോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായത്തെ ഉന്‍മൂലനാശം ചെയ്യുന്നതല്ലെന്നു അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. ഇതാണ് ‘മുമ്പ് നടന്ന ഒരു വാക്കു’ കൊണ്ടുള്ള ഉദ്ദേശ്യം. ‘നിശ്ചിതമായ ഒരു അവധി’ എന്നു പറഞ്ഞതു ലോകാവസാന ദിവസവുമാകുന്നു. (بَلِ السَّاعَةُ مَوْعِدُهُمْ..: القمر…. പക്ഷെ, അന്ത്യസമയമാണ് അവരുടെ നിശ്ചിത സമയം) എന്നു അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. നമസ്കാരം, ദിക്ര്‍, ദുആ മുതലായ ദൈവകീര്‍ത്തനങ്ങള്‍ നടത്തേണ്ടുന്ന ചില പ്രത്യേക അവസരങ്ങളാണ് ഈ ആയത്തില്‍ പറഞ്ഞ നാലു അവസരങ്ങളും. ഈ സമയങ്ങള്‍ പ്രത്യേകം നിശ്ചയിച്ചതിനെക്കുറിച്ചും മറ്റും സൂ:റൂം 17-18ല്‍ കൂടുതല്‍ വിവരിക്കുന്നതാണ്. إن شاء الله
- وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ ﴾١٣١﴿
- ഐഹികജീവിതത്തിന്റെ മോടിയായി, അവരില്‍ നിന്നു പല വിഭാങ്ങള്‍ക്ക് ഏതൊന്നുകൊണ്ട് - അതില്‍ അവരെ പരീക്ഷിക്കുവാനായി നാം സുഖഭോഗം നല്‍കിയിരിക്കുന്നുവോ, അതിലേക്കു നീ നിന്റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുതു (കണ്ണുവെക്കരുതു) നിന്റെ റബ്ബു നല്‍കുന്ന ഉപജീവനം ഉത്തമവും, അധികം ശേഷിക്കുന്നതുമാകുന്നു.
- وَلَا تَمُدَّنَّ َ നിശ്ചയമായും നീ നീട്ടരുതു عَيْنَيْك നിന്റെ ദൃഷ്ടികളെ (നീ കണ്ണുവെക്കരുത്) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖഭോഗം നല്‍കിയിരിക്കുന്നു أَزْوَاجًا പല വിഭാഗങ്ങള്‍ക്കു, പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍നിന്നു زَهْرَةَ الْحَيَاةِ ജീവിതത്തിന്റെ മോടിയായി, അലങ്കാരമായി الدُّنْيَا ഇഹലോകത്തിന്റെ ഐഹികമായ لِنَفْتِنَهُمْ നാം അവരെ പരീക്ഷിക്കുവാന്‍വേണ്ടി فِيهِ അതില്‍ وَرِزْقُ رَبِّكَ നിന്റെ റബ്ബിന്റെ ഉപജീവനം, ആഹാരം خَيْرٌ ഉത്തമമായതാണ് وَأَبْقَىٰ കൂടുതല്‍ ശേഷിക്കുന്നതുമാണ്, നിലനില്‍ക്കുന്നതുമാണ്
- وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ ﴾١٣٢﴿
- നിന്റെ സ്വന്തക്കാരോടു നമസ്കരിക്കുവാന്‍ കല്‍പിക്കുകയും അതിനായി നീ സഹനമവലംബിക്കുകയും ചെയ്തു കൊള്ളുക. നിന്നോടു ഉപജീവനം നല്‍കുവാന്‍ നാം ആവശ്യപ്പെടുന്നില്ല; നിനക്കു നാം ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്; ശുഭപര്യവസാനം ഭയഭക്തിക്കാകുന്നു.
- وَأْمُرْ നീ കല്‍പിക്കുക أَهْلَكَ നിന്റെ വീട്ടുകാരോടു, സ്വന്തക്കാരോടു, കുടുംബത്തോടു, ആള്‍ക്കാരോടു بِالصَّلَاةِ നമസ്കാരത്തിനു, നമസ്കാരത്തെപ്പറ്റി وَاصْطَبِرْ നീ ക്ഷമ (സഹനം) കൈക്കൊള്ളുകയും ചെയ്യുക عَلَيْهَا അതിന്നായി, അതിന്റെ പേരില്‍ لَا نَسْأَلُكَ നാം നിന്നോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല رِزْقًا ആഹാരം, ഉപജീവനം نَّحْنُ നാംതന്നെ, നാമാണു نَرْزُقُكَ നിനക്കു ഉപജീവനം നല്‍കുന്നു وَالْعَاقِبَةُ (ശുഭകരമായ) പര്യവസാനം, അവസാന ഫലം, കലാശം لِلتَّقْوَىٰ ഭയഭകതിക്കാണ്, സൂക്ഷ്മതക്കാകുന്നു
തനിക്കും തന്റെ വീട്ടുകാര്‍ക്കും ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതില്ല എന്നല്ല ഈ വചനത്തിന്റെ താല്‍പര്യം, മനുഷ്യന്നും ഇതരജീവികള്‍ക്കും ഉപജീവനം നല്‍കുന്നതു വാസ്തവത്തില്‍ അല്ലാഹുവാണ്. അതിലേക്കുള്ള ചില പ്രത്യക്ഷമാര്‍ഗ്ഗങ്ങളാണ് മനുഷ്യന്‍ ചെയ്യുന്ന പരിശ്രമങ്ങള്‍. ശാരീരികമായ ആഹാരത്തേക്കാള്‍ വില കല്‍പിക്കപ്പെടേണ്ടതാണ് ആത്മീയമായ ആഹാരം. ആത്മീയമായ ആരോഗ്യത്തിനുവേണ്ടുന്ന ഭക്ഷണം സല്ക്കര്‍മ്മങ്ങളും, അവയില്‍ പ്രധാനമായതു നമസ്കാരവുമാകുന്നു. അതുകൊണ്ട് നമസ്കാരവിഷയത്തില്‍ മനുഷ്യന്‍ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി കൂടുതല്‍ പരിശ്രമവും സഹനവും നടത്തേണ്ടതുണ്ട്. എന്തുബുദ്ധിമുട്ടും സഹിച്ചു നമസ്കാരം അതിന്റെ ക്രമവും, സമയവും തെറ്റാതെ അനുഷ്ഠിച്ചു പോരുവാന്‍ ഖുര്‍ആനും, ഹദീസും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതു അതുകൊണ്ടാകുന്നു. ഓരോരുത്തന്റെയും നേതൃത്വത്തിന്‍ കീഴിലുള്ള കുടുംബാംഗങ്ങളുടെ ഉത്തരവാദിത്വവും അവരവര്‍ വഹിക്കേണ്ടതുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം സ്മരണീയമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ فَالْإِمَامُ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ فِي أَهْلِهِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ فِي مَالِ سَيِّدِهِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ: متفق عليه
‘നിങ്ങളോരോരുത്തരും ഓരോ ഭരണകര്‍ത്താവും അവരവരാല്‍ ഭരിക്കപ്പെടുന്നവരെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നവരുമാകുന്നു. നേതാവ് ഒരു ഭരണകര്‍ത്താവാണ്. അവന്‍ അവന്റെ ഭരണീയരെ (അവന്റെ ഭരണത്തിന്‍കീഴിലുള്ളവരെ)പ്പറ്റി ചോദിക്കപ്പെടുന്നതാകുന്നു. ഒരു പുരുഷന്‍ അവന്റെ വീട്ടുകാരില്‍ ഭരണകര്‍ത്താവും, തന്റെ ഭരണീയരെപ്പറ്റി ചോദിക്കപ്പെടുന്നവനുമാകുന്നു. ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ഭരണം നടത്തുന്നവളും, അവള്‍ ഭരിക്കുന്നവയെപ്പറ്റി ചോദിക്കപ്പെടുന്നവളുമാകുന്നു. ഒരു ഭൃത്യന്‍ അവന്റെ യജമാനന്റെ സ്വത്തില്‍ ഭരണം നടത്തുന്നവനും അവന്‍ ഭരിക്കുന്നതിനെപ്പറ്റി ചോദിക്കപ്പെടുന്നവനുമാണ്. നിങ്ങളെല്ലാവരുംതന്നെ ഭരണകര്‍ത്താക്കളും ഭരണീയരെക്കുറിച്ചു ചോദിക്കപ്പെടുന്നവരുമാകുന്നു.’
مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِى الْمَضَاجِعِ : أبو داود ونحو منه للترمذي
‘നിങ്ങള്‍, നിങ്ങളുടെ മക്കള്‍ക്കു ഏഴുവയസ്സു പ്രായമാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ കല്‍പിക്കണം; അവര്‍ക്കു പത്തു വയസ്സാകുമ്പോള്‍ (വേണ്ടിവന്നാല്‍) അതിന്നായി അടിക്കുകയും ചെയ്യണം. കിടപ്പുസ്ഥാനങ്ങളില്‍ അവരെ വേര്‍പ്പെടുത്തുകയും വേണം.’
- وَقَالُوا۟ لَوْلَا يَأْتِينَا بِـَٔايَةٍ مِّن رَّبِّهِۦٓ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِى ٱلصُّحُفِ ٱلْأُولَىٰ ﴾١٣٣﴿
- അവര്‍ (അവിശ്വാസികള്‍) പറയുന്നു: 'അവന്‍ (നബി) തന്റെ റബ്ബിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്കു ഒരു ദൃഷ്ടാന്തവും കൊണ്ടുവരാത്തതെന്ത്?!' പൂര്‍വ്വ ഗ്രന്ഥങ്ങളിലുള്ളതിന്റെ തെളിവു അവര്‍ക്കു വന്നിട്ടില്ലേ!?
- وَقَالُوا അവര്‍ പറയുന്നു لَوْلَا يَأْتِينَا അവന്‍ ഞങ്ങള്‍ക്കു (നമുക്കു) കൊണ്ടുവരാത്തതെന്താണ് بِآيَةٍ ഒരു ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബിന്റെ പക്കല്‍നിന്ന് أَوَلَمْ تَأْتِهِم അവര്‍ക്കു വന്നെത്തിയിട്ടില്ലയോ بَيِّنَةُ مَا യാതൊന്നിന്റെ തെളിവു فِي الصُّحُفِ ഗ്രന്ഥങ്ങളിലുള്ള, ഏടുകളിലുള്ള الْأُولَىٰ പൂര്‍വ്വ, മുമ്പുള്ളതായ
- وَلَوْ أَنَّآ أَهْلَكْنَٰهُم بِعَذَابٍ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ ﴾١٣٤﴿
- ഇതിനുമുമ്പായി വല്ല ശിക്ഷകൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍, അവര്‍ (ഇങ്ങിനെ) പറയുമായിരുന്നു: 'ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളുടെ അടുക്കലേക്കു ഒരു റസൂലിനെ [ദൂതനെ] എന്തുകൊണ്ട് അയച്ചുതന്നില്ല? എന്നാല്‍, ഞങ്ങള്‍ നിന്ദ്യരും അപമാനിതരുമായി ഭവിക്കുന്നതിനുമുമ്പ് തന്നെ നിന്റെ ലക്ഷ്യങ്ങളെ ഞങ്ങള്‍ പിന്‍തുടരുമായിരുന്നല്ലോ!'
- وَلَوْ أَنَّا നാം ആയിരുന്നുവെങ്കില്‍ أَهْلَكْنَاهُم അവരെ നശിപ്പിച്ചിരുന്നു (എങ്കില്‍) بِعَذَابٍ വല്ല ശിക്ഷകൊണ്ടും مِّن قَبْلِهِ ഇതിനു മുമ്പു لَقَالُوا അവര്‍ പറയുമായിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ لَوْلَا أَرْسَلْتَ നീ അയക്കാഞ്ഞതെന്താണു, നീ അയച്ചു കൂടായിരുന്നോ إِلَيْنَا ഞങ്ങള്‍ക്കു رَسُولًا ഒരു റസൂലിനെ, ദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു آيَاتِكَ നിന്റെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مِن قَبْلِ മുമ്പായി أَن نَّذِلَّ ഞങ്ങള്‍ നിന്ദ്യരാകുന്നതിനു, ഞങ്ങള്‍ക്കു നിന്ദ്യതയുണ്ടാകുന്നതിനു وَنَخْزَىٰ ഞങ്ങള്‍ അപമാനിതരാവുകയും, മാനംകെട്ടുപോകുകയും
- قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا۟ ۖ فَسَتَعْلَمُونَ مَنْ أَصْحَٰبُ ٱلصِّرَٰطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ ﴾١٣٥﴿
- (നബിയേ) പറയുക: '(നാം) എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകതന്നെയാണ്; എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക; അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും: നേരായ മാര്‍ഗ്ഗത്തിലുള്ളവര്‍ ആരാണെന്നും, ആരാണ് സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ളതെന്നും!'
- قُلْ പറയുക كُلٌّ എല്ലാവരും مُّتَرَبِّصٌ പ്രതീക്ഷിക്കുന്നവരാണ്, കാത്തിരിക്കുന്നവരാണ് فَتَرَبَّصُوا അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുവിന്‍ فَسَتَعْلَمُونَ അപ്പോള്‍ നിങ്ങള്‍ക്കു അറിയാറാകും مَنْ ആരാണ് എന്നു أَصْحَابُ الصِّرَاطِ മാര്‍ഗ്ഗക്കാര്‍, മാര്‍ഗ്ഗത്തിലുള്ളവര്‍ السَّوِيِّ നേരായ, ശരിയായ وَمَنِ ആരാണ് എന്നും اهْتَدَىٰ സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ള(തു)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തെ നിഷേധിക്കുന്നതിനെ ന്യായീകരിക്കുവാന്‍വേണ്ടി, മുശ്രിക്കുകള്‍ പല കുതര്‍ക്കങ്ങളും, ദുര്‍ന്യായങ്ങളും, പറയാറുണ്ട്. അതിലൊന്നാണ്: ‘മുമ്പുള്ള പ്രവാചകന്മാര്‍ കൊണ്ടുവന്നതു പോലെയുള്ള ഒരു ദൃഷ്ടാന്തം മുഹമ്മദ് കൊണ്ടുവരാത്തതെന്താണ് എന്ന ആക്ഷേപവും. വാസ്തവത്തില്‍, ആത്മാര്‍ത്ഥതയോടു കൂടിയുള്ള ഒരു ആക്ഷേപമായിരുന്നില്ല ഇതു. സത്യാന്വേഷണവും, നിഷ്പക്ഷ ഹൃദയവുമുള്ള ഏതൊരുവനും വിശ്വസിക്കത്തക്കവണ്ണം, തെളിവുകളും, ദൃഷ്ടാന്തങ്ങളും അവര്‍ക്കു വന്നു കഴിഞ്ഞിട്ടുണ്ട്. ഏതു കണ്ടാലും, അതെല്ലാം ആഭിചാരമാണ്, ജാലവിദ്യയാണ് എന്നും മറ്റും പറഞ്ഞുതള്ളുക അവരുടെ പതിവത്രെ. അല്ലാഹു പറയുന്നു:’
اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ﴿١﴾ وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ ﴿٢﴾ وَكَذَّبُوا وَاتَّبَعُوا أَهْوَاءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ﴿٣﴾ وَلَقَدْ جَاءَهُم مِّنَ الْأَنبَاءِ مَا فِيهِ مُزْدَجَرٌ ﴿٤
സാരം: ‘അന്ത്യസമയം അടുത്തുവന്നു: ചന്ദ്രന്‍ പിളരുകയും ചെയ്തു. അവര്‍ വല്ല ദൃഷ്ടാന്തവും കണ്ടാല്‍ തിരിഞ്ഞുകളയുകയും, (മുമ്പേ) നടന്നുവന്നിരുന്ന ജാലമാണെന്നു പറയുകയും ചെയ്യും; വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്യും. (യഥാര്‍ത്ഥത്തില്‍) എല്ലാ കാര്യവും സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പിന്‍വാങ്ങുവാന്‍ മതിയായത്ര വൃത്താന്തങ്ങള്‍ അവര്‍ക്കു വന്നുകഴിഞ്ഞിട്ടുണ്ട്. (സൂ: അല്‍ഖമര്‍). കൂടുതല്‍ വിവരം സൂ: ഖമറില്‍ കാണാം. إن شاء الله
മുന്‍കഴിഞ്ഞു പോയവരുടെ വൃത്താന്തങ്ങള്‍, പൂര്‍വ്വപ്രവാചകന്‍മാരുടെ പ്രബോധന ചരിത്രങ്ങള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സംബന്ധിച്ച പ്രവചനങ്ങള്‍ ആദിയായി സാക്ഷാല്‍ പൂര്‍വ്വ വേദഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിന്റെ തെളിവായും, സാക്ഷ്യമായുംകൊണ്ട് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍, ഇതാ അവരുടെ മുമ്പിലുണ്ട്! അവര്‍ക്കു സദുദ്ദേശമുണ്ടെങ്കില്‍, വേറെ ദൃഷ്ടാന്തങ്ങള്‍ക്കൊന്നും ആവശ്യമില്ലതന്നെ. ഈ സംഗതി സൂ: അന്‍കബൂത്തില്‍ കുറേക്കൂടി വിശദമായി അല്ലാഹു ഇപ്രകാരം പറയുന്നു:-
وَقَالُوا لَوْلَا أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِ ۖ قُلْ إِنَّمَا الْآيَاتُ عِندَ اللَّـهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ ﴿٥٠﴾ أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ ﴿٥١﴾
(സാരം: അവര്‍ പറയുന്നു: എന്താണ് അവനു അവന്റെ റബ്ബിന്റെ പക്കല്‍നിന്നു ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കാത്തത്?! പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കല്‍ മാത്രമാണുള്ളത്. ഞാന്‍ ഒരു സ്പഷ്ടമായ താക്കീതുകാരന്‍ മാത്രമാകുന്നു. (നബിയേ,) നിനക്കു നാം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു, അവര്‍ക്കതു ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഇതവര്‍ക്കു മതിയാകുന്നില്ലേ?! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതില്‍ അനുഗ്രഹവും, ഉപദേശവുമുണ്ട്.) നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഇപ്രകാരം പറഞ്ഞിരിക്കുന്നു:-
((مَا مِنْ الْأَنْبِيَاءِ مِنْ نَبِيٍّ, إِلَّا قَدْ أُعْطِيَ مِنْ الْآيَاتِ مَا مِثْلُهُ, آمَنَ عَلَيْهِ الْبَشَرُ, وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَى اللَّهُ إِلَيَّ, فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ الْقِيَامَةِ)) – متفق عليه
സാരം: ‘മനുഷ്യര്‍ക്ക് വിശ്വസിക്കുവാന്‍ മതിയാകുന്നത്ര ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും (നബിയും) ഉണ്ടായിട്ടില്ല. എന്നാല്‍, എനിക്കു നല്‍കപ്പെട്ടിട്ടുള്ളത്, അല്ലാഹു എനിക്കു നല്‍കിയ ‘വഹ്യു’ (ബോധനം) തന്നെയാണ്. അതിനാല്‍ ഞാന്‍ ഖിയാമത്തുനാളില്‍, അവരെക്കാളെല്ലാം കൂടുതല്‍ അനുഗാമികള്‍ ഉള്ളവനായിരിക്കുമെന്നു ഞാനാശിക്കുന്നു.’ (ബു; മു).
സത്യനിഷേധികള്‍ക്കു വമ്പിച്ചൊരു താക്കീതോടുകൂടിയാണ് ഈ സൂറത്തു ഉപസംഹരിക്കുന്നത്: ഞങ്ങള്‍ക്കു ഒരു വേദപ്രമാണമോ, ദൈവദൂതനോ, (കിത്താബോ, റസൂലോ) വന്നു കിട്ടാത്തതുകൊണ്ടാണല്ലോ ഞങ്ങള്‍ പിഴച്ചുപോകുവാന്‍ ഇടവന്നതെന്നു പറയാതിരിക്കുവാനായി, മറ്റെല്ലാ പ്രവാചകന്‍മാരിലും വെച്ചു ശ്രേഷ്ഠനായ ഒരു റസൂലിനേയും, മറ്റെല്ലാവേദഗ്രന്ഥങ്ങളെക്കാളും ഉന്നതമായ ഒരു വേദഗ്രന്ഥത്തെയും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നിട്ടും, അവര്‍ സത്യം സ്വീകരിക്കുവാന്‍ തയ്യാറില്ലെങ്കില്‍, അതിന്റെ ഫലം താമസിയാതെ അവര്‍ക്കറിയാറാകും – അവര്‍ കാത്തിരുന്നുകൊള്ളട്ടെ! എന്നു സാരം.
അല്ലാഹു നമ്മെ സത്യബോധവും, സന്മാര്‍ഗ്ഗവും പ്രദാനം ചെയ്യപ്പെട്ട സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ! أمين
ولله الحمد والمنة