വിഭാഗം - 4

20:77
  • وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقًا فِى ٱلْبَحْرِ يَبَسًا لَّا تَخَٰفُ دَرَكًا وَلَا تَخْشَىٰ ﴾٧٧﴿
  • മൂസാക്കു നാം വഹ്‌യു [ബോധനം] നല്‍കുകയുണ്ടായി: "നീ എന്റെ അടിയാന്‍മാരെ [ഇസ്രാഈല്യരെ]യും കൊണ്ടു രാത്രി പോകുക; എന്നിട്ടു, എത്തിപ്പിടിക്കുന്നതിനെ ഭയപ്പെടാതെയും, പേടിക്കാതെയും ഉണങ്ങിയതായ ഒരു വഴി സമുദ്രത്തില്‍ അവര്‍ക്കു നീ ഏര്‍പ്പെടുത്തികൊടുക്കുക."
  • وَلَقَدْ أَوْحَيْنَا തീര്‍ച്ചയായും നാം വഹ്‌യു അറിയിച്ചു, ബോധനം നല്‍കി إِلَىٰ مُوسَىٰ മൂസാക്കു أَنْ أَسْرِ രാത്രി പോകണമെന്നു بِعِبَادِي എന്റെ അടിയാന്‍മാരെയും കൊണ്ടു فَاضْرِبْ എന്നിട്ടു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) ക്കൊടുക്കുക لَهُمْ അവര്‍ക്കു طَرِيقًا ഒരു വഴി, മാര്‍ഗ്ഗം فِي الْبَحْرِ സമുദ്രത്തില്‍ يَبَسًا ഉണങ്ങിയ لَّا تَخَافُ നീ ഭയപ്പെടാതെ, ഭയപ്പെടാത്ത دَرَكًا എത്തിപ്പിടിക്കുന്നത്, പിടികൂടുന്നത് وَلَا تَخْشَىٰ പേടിക്കാതെയും, പേടിക്കാത്തതുമായ

ശത്രുക്കള്‍ പിന്നാലെവന്നു നിങ്ങളെ പിടികൂടുമെന്ന ഭയവും, വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന പേടിയും കൂടാതെ കടന്നുപോയിക്കൊള്ളുക എന്നു സാരം. കല്‍പനപ്രകാരം, മൂസാ (عليه السلام) നബിയും ഇസ്രാഈല്യരും രാത്രി യാത്ര പുറപ്പെട്ടു ചെങ്കടല്‍ കടന്നുപോയി.

20:78
  • فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلْيَمِّ مَا غَشِيَهُمْ ﴾٧٨﴿
  • അങ്ങനെ, ഫിര്‍ഔന്‍ തന്റെ സൈന്യങ്ങളോടു കൂടി അവരെ പിന്തുടര്‍ന്നു [പിന്നാലെ ചെന്നു]. അപ്പോള്‍, സമുദ്രത്തില്‍നിന്നു അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു!
  • فَأَتْبَعَهُمْ അങ്ങനെ അവരെ പിന്‍തുടര്‍ന്നു فِرْعَوْنُ ഫിര്‍ഔന്‍ بِجُنُودِهِ അവന്റെ സൈന്യങ്ങളുമായി فَغَشِيَهُم അപ്പോള്‍ അവരെ മൂടി (ബാധിച്ചു) مِّنَ الْيَمِّ കടലില്‍നിന്നു مَا غَشِيَهُمْ അവരെ മൂടിയതു, ബാധിച്ചതു
20:79
  • وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ ﴾٧٩﴿
  • ഫിര്‍ഔന്‍ തന്റെ ജനതയെ വഴിപിഴപ്പിച്ചു - നേര്‍മാര്‍ഗ്ഗത്തിലാക്കുകയുണ്ടായതുമില്ല.
  • وَأَضَلَّ വഴിപിഴപ്പിച്ചു فِرْعَوْنُ ഫിര്‍ഔന്‍ قَوْمَهُ തന്റെ ജനതയെ وَمَا هَدَىٰ അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയില്ല, മാര്‍ഗ്ഗദര്‍ശനം ചെയ്തതുമില്ല

അല്ലാഹു കല്‍പിച്ചപ്രകാരം, മൂസാ (عليه السلام) നബി സമുദ്രത്തില്‍ വടിക്കൊണ്ടു അടിച്ചു. സമുദ്രം പിളര്‍ന്ന് ഇരുപക്ഷങ്ങളിലും പര്‍വ്വതസമാനം ഉയര്‍ന്നുനില്‍ക്കുന്ന ജലഭിത്തികള്‍ക്കിടയില്‍, വിശാലമായ മാര്‍ഗ്ഗം തുറക്കപ്പെട്ടു. അതില്‍കൂടി മൂസാ (عليه السلام) നബിയും ഇസ്രാഈല്യരും സുഖമായി മറുകരപറ്റി രക്ഷപ്പെട്ടു. അവരുടെ പുറപ്പാടറിഞ്ഞ ഫിര്‍ഔനും സൈന്യവും അവരെ പിടികൂടുവാന്‍വേണ്ടി പിന്‍തുടര്‍ന്നുവന്നു ആ വഴിയില്‍കൂടി സമുദ്രമദ്ധ്യെ എത്തിയപ്പോള്‍, ജലഭിത്തികള്‍ തമ്മില്‍ കൂടിച്ചേര്‍ന്നു. അവര്‍ ആകമാനം മുങ്ങി നാശമടയുകയും ചെയ്തു. അങ്ങനെ, അവര്‍ക്കു ബാധിക്കേണ്ട ആപത്തുകളെല്ലാം ബാധിച്ചു. അതു പ്രത്യേകം വിസ്തരിച്ചു പറയേണ്ടതില്ല. ഈ സംഭവത്തെപ്പറ്റി അടുത്ത ചില സൂറത്തുകളില്‍ കൂടുതല്‍ വിവരം കാണാവുന്നതാണ്. കഴിഞ്ഞ സൂറത്തുകളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. ഈ സംഭവം വിവരിക്കുന്നതില്‍, ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തിയ ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചും മറ്റും ഈ സൂറത്തിന്റെ അവസാനം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പു പ്രത്യേകം വായിക്കുക.

ഇസ്രാഈല്യരെ സംബോധന ചെയ്തുകൊണ്ട്, അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത മഹത്തായ അനുഗ്രഹങ്ങളില്‍ ചിലതു അടുത്ത വചനങ്ങളില്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു:-

20:80
  • يَٰبَنِىٓ إِسْرَٰٓءِيلَ قَدْ أَنجَيْنَٰكُم مِّنْ عَدُوِّكُمْ وَوَٰعَدْنَٰكُمْ جَانِبَ ٱلطُّورِ ٱلْأَيْمَنَ وَنَزَّلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ﴾٨٠﴿
  • ഇസ്രാഈല്‍ സന്തതികളേ! നിങ്ങളുടെ ശത്രുവില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തി; 'ത്വൂറി'ന്റെ [സീനാപര്‍വ്വതത്തിന്റെ] വലതുഭാഗം നാം നിങ്ങളുമായി നിശ്ചയിക്കുകയും, നിങ്ങള്‍ക്കു 'മന്നാ'യും 'സല്‍വാ'യും ഇറക്കിത്തരുകയും ചെയ്തു.
  • يَا بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളേ قَدْ أَنجَيْنَاكُم തീര്‍ച്ചയായും നാം നിങ്ങളെ രക്ഷപ്പെടുത്തി مِّنْ عَدُوِّكُمْ നിങ്ങളുടെ ശത്രുവില്‍ നിന്നു وَوَاعَدْنَاكُمْ നിങ്ങളോടു നാം നിശ്ചയം (കരാര്‍) ചെയ്കയും ചെയ്തു جَانِبَ الطُّورِ ത്വൂറിന്റെ ഭാഗം الْأَيْمَنَ വലത്തെ وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളില്‍ الْمَنَّ മന്നായെ (ഒരുതരം തേന്‍) وَالسَّلْوَىٰ സല്‍വാ (കാടപ്പക്ഷി)യും
20:81
  • كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ ﴾٨١﴿
  • (നാം നിങ്ങളോടു ഇങ്ങിനെ പറഞ്ഞു:) 'നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള പരിശുദ്ധ സാധനങ്ങളില്‍നിന്നു നിങ്ങള്‍ തിന്നുകൊള്ളുക; അതില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌: എന്നാല്‍ (അതിക്രമം ചെയ്‌താല്‍), നിങ്ങളുടെമേല്‍ എന്റെ കോപം ഇറങ്ങിയേക്കും. എന്റെ കോപം ആരുടെമേല്‍ ഇറങ്ങുന്നുവോ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു.
  • كُلُوا നിങ്ങള്‍ തിന്നുകൊള്ളുക مِن طَيِّبَاتِ പരിശുദ്ധവസ്തുക്കളില്‍ നിന്നു, നല്ല സാധനങ്ങളില്‍ നിന്നു مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള وَلَا تَطْغَوْا നിങ്ങള്‍ അതിരുകവിയരുത്, അതിക്രമിക്കരുത് فِيهِ അതില്‍ فَيَحِلَّ എന്നാല്‍ ഇറങ്ങും عَلَيْكُمْ നിങ്ങളില്‍ غَضَبِي എന്റെ കോപം وَمَن യാതൊരുവന്‍ يَحْلِلْ عَلَيْهِ അവന്റെ മേല്‍ ഇറങ്ങുന്നതായാല്‍ غَضَبِي എന്റെ കോപം فَقَدْ هَوَىٰ എന്നാല്‍ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു (വീണു)

20:82
  • وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا ثُمَّ ٱهْتَدَىٰ ﴾٨٢﴿
  • നിശ്ചയമായും, പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തവര്‍ക്കു ഞാന്‍ ധാരാളം പൊറുത്തുകൊടുക്കുന്നവനുമത്രെ.'
  • وَإِنِّي നിശ്ചയമായും ഞാന്‍ لَغَفَّارٌ വളരെ പൊറുക്കുന്നവന്‍തന്നെ لِّمَن യാതൊരുവനു تَابَ അവന്‍ പശ്ചാത്തപിച്ചു (ഖേദിച്ചു മടങ്ങി) وَآمَنَ വിശ്വസിക്കുകയും ചെയ്തു وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം ثُمَّ പിന്നെ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തു

ഫിര്‍ഔനില്‍ നിന്നു രക്ഷപ്പെട്ടശേഷം ഇസ്രാഈല്യര്‍ക്ക് അവരുടെ മാര്‍ഗ്ഗ നടപടി ക്രമങ്ങള്‍ അടങ്ങുന്ന വേദഗ്രന്ഥം (തൗറാത്ത്) സീനാപര്‍വ്വതത്തില്‍വെച്ചു നല്‍കാമെന്നും, അതിനായി നാല്‍പതുദിവസത്തോളം ഭജനം (إعتكاف) ഇരിക്കണമെന്നും അല്ലാഹു മൂസാ (عليه السلام) നബിക്കു ഉത്തരവു നല്‍കിയിരുന്നു. വേദഗ്രന്ഥം ലഭിക്കുകയെന്നതു സമുദായത്തിനു ആകമാനം വമ്പിച്ച ഒരനുഗ്രഹമാണല്ലോ. പൂര്‍വ്വവേദഗ്രന്ഥങ്ങളില്‍ അതിപ്രധാനമായ ഒന്നത്രെ തൗറാത്ത്. ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടതിനുശേഷം അവര്‍ നാല്‍പതു സംവല്‍സരങ്ങളോളം സീനാ താഴ്വരയാകുന്ന തീഹു (*) മരുഭൂമിയില്‍ കഴിച്ചുകൂട്ടിയിരുന്നു. അക്കാലത്ത് പല സംഭവങ്ങളും അവിടെവെച്ചു നടന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ്, അവര്‍ക്കവിടെ സുഭിക്ഷമായി കഴിഞ്ഞുകൂടത്തക്കവണ്ണം, ആഹാരത്തിനായി ‘മന്നാ’യും ‘സല്‍വാ’യും നല്‍കപ്പെട്ടത്‌. സസ്യങ്ങളില്‍ പ്രത്യക്ഷമായിരുന്ന ഒരു തരം കട്ടിത്തേനാണ് ‘മന്ന’ (الْمَنَّ) കാടപ്പക്ഷിയാണ് ‘സല്‍വാ’ (َالسَّلْوَىٰ) ‘ഒരേ ഭക്ഷണം മാത്രം കഴിച്ചുകൊണ്ടു ക്ഷമിച്ചിരിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയുന്നതല്ല’ എന്നു പറഞ്ഞു – മറ്റു പല വിഷയങ്ങളിലും അവര്‍ ചെയ്തതുപോലെ ഇതിലും – നന്ദികേടു കാണിക്കുകയാണ് അവര്‍ ചെയ്തത്. ഈ സംഗതികളെപ്പറ്റിയാണ്‌ മേല്‍ വചനങ്ങളില്‍ ഓര്‍മ്മിപ്പിച്ചത്.


(*). തീഹു മരുഭൂമി (برية التيه) പടം 4ല്‍ കാണാം. തീഹു വനാന്തരം എന്നും അതിനു പറയാറുണ്ടു.


തീഹുവനാന്തരത്തിലെത്തിയ ശേഷം, അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് ഭജനമിരിക്കുവാനും, തൗറാത്ത് സ്വീകരിക്കുവാനും വേണ്ടി മൂസാ (عليه السلام) നബി സീനായിലേക്ക് പോയി. പോകുമ്പോള്‍, ജനതയുടെ നേതൃത്വം സഹോദരന്‍ ഹാറൂന്‍ (عليه السلام) നബിയെ ഏല്‍പിച്ചിരുന്നു. അടുത്ത വചനം ഈ സംഭവത്തെ ചൂണ്ടിക്കാട്ടുകയും, അന്നേരം മൂസാ (عليه السلام) നബിയുമായി നടന്ന സംഭാഷണങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. സീനായില്‍വെച്ചു മൂസാ (عليه السلام) നബിയോട് അല്ലാഹു ചോദിക്കുകയാണ്.

20:83
  • ۞ وَمَآ أَعْجَلَكَ عَن قَوْمِكَ يَٰمُوسَىٰ ﴾٨٣﴿
  • 'നിന്റെ ജനതയെ വിട്ടേച്ച്‌ (വരുവാന്‍) നിന്നെ ഇത്രയും ധൃതിപ്പെടുത്തിയതെന്താണ് - മൂസാ!?
  • وَمَا أَعْجَلَكَ നിന്നെ (ഇത്ര) ധൃതിപ്പെടുത്തിയതെന്താണ് عَن قَوْمِكَ നിന്റെ ജനങ്ങളെ വിട്ടു (പോരുവാന്‍) يَا مُوسَىٰ ഹേ മൂസാ
20:84
  • قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ ﴾٨٤﴿
  • അദ്ദേഹം പറഞ്ഞു: 'അവരിതാ, എന്റെ പിന്നില്‍ തന്നെയുണ്ട്‌;
    രക്ഷിതാവേ! നീ തൃപ്തിപ്പെടുവാനായി ഞാന്‍ നിങ്കലേക്കു ധൃതിപ്പെട്ടു വന്നിരിക്കുകയാണ്.'
  • قَالَ അദ്ദേഹം പറഞ്ഞു هُمْ أُولَاءِ അവരിതാ عَلَىٰ أَثَرِي എന്റെ പിന്നില്‍ (അടുത്തു) ഉണ്ട് وَعَجِلْتُ ഞാന്‍ ധൃതിപ്പെട്ടു വന്നിരിക്കുകയാണു إِلَيْكَ നിങ്കലേക്കു, നിന്റെ അടുക്കലേക്കു رَبِّ എന്റെ രക്ഷിതാവേ لِتَرْضَىٰ നീ തൃപ്തിപ്പെടുവാന്‍ വേണ്ടി

20:85
  • قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ ﴾٨٥﴿
  • അവന്‍ (അല്ലാഹു) പറഞ്ഞു: 'എന്നാല്‍, നിന്റെ ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്; 'സാമിരീ' അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു.'
  • قَالَ അവന്‍ പറഞ്ഞു فَإِنَّا എന്നാല്‍ നാം قَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിരിക്കുന്നു قَوْمَكَ നിന്റെ ജനതയെ مِن بَعْدِكَ നിന്റെ (നീ പോന്നതിന്റെ) ശേഷംوَأَضَلَّهُمُ അവരെ വഴിപിഴപ്പിക്കയും ചെയ്തിരിക്കുന്നു السَّامِرِيُّ സാമിരി

മൂസാ (عليه السلام) നബി സീനായിലേക്ക് പോയിരുന്ന അവസരത്തില്‍, ‘സാമിരീ’ എന്നു പറയപ്പെടുന്ന ഒരുവന്‍ ഇസ്രാഈല്യരെ വഴിപിഴപ്പിച്ചു. താഴെ പറയുന്ന പ്രകാരം ഒരു പശുക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുവാന്‍ അവന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ഈ സംഭവം മൂസാ (عليه السلام) അറിഞ്ഞിരുന്നില്ല. അദ്ദേഹം സഹോദരന്റെ നേതൃത്വത്തില്‍ ജനങ്ങളെ പിന്നില്‍ വിട്ടേച്ച്‌ മനസ്സമാധാനത്തോടെ ധൃതിപ്പെട്ടു വന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു മേല്‍കണ്ടപ്രകാരം ചോദിക്കുന്നത്.

മൂസാ (عليه السلام) തന്റെ ജനതയെ വിട്ടുപോന്നിട്ട് അല്‍പദിവസമേ ആയിട്ടുള്ളു, സഹോദരനെ പ്രതിനിധിയായി ഏല്‍പിച്ചിട്ടുമുണ്ട്, താന്‍ പോന്നിട്ടുള്ളതുതന്നെ തന്റെ ജനതക്കു വേദഗ്രന്ഥം ലഭിക്കുവാനും അല്ലാഹുവിന്റെ സന്ദേശം കേള്‍ക്കുവാനും വേണ്ടിയാണുതാനും. അതും അല്ലാഹുവിന്റെ കല്‍പനപ്രകാരവുമാണ്. ഈ വസ്തുതകളെല്ലാം ആ ജനങ്ങള്‍ക്കു നല്ലപോലെ അറിയാവുന്നതാണല്ലോ. എന്നിരിക്കെ, ഈ വിവരം – തന്റെ ജനത വഴിപിഴപ്പിക്കപ്പെട്ട വര്‍ത്തമാനം – അറിയുമ്പോള്‍ മൂസാ (عليه السلام) നബിക്കുണ്ടാകുന്ന വ്യസനത്തിനും, കോപത്തിനും അതിരുണ്ടാകുമോ?!

20:86
  • فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَٰنَ أَسِفًا ۚ قَالَ يَٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى ﴾٨٦﴿
  • അങ്ങനെ, കുപിതനും വ്യാകുലചിത്തനുമായിക്കൊണ്ട് മൂസാ തന്റെ ജനങ്ങളുടെ അടുക്കലേക്കു മടങ്ങിവന്നു; അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ! നിങ്ങളുടെ റബ്ബ് നല്ലതായ ഒരു വാഗ്ദാനം നിങ്ങളോട് ചെയ്തിട്ടില്ലേ?! [വേദഗ്രന്ഥം നല്‍കുമെന്നു വാഗ്ദാനം ചെയ്തിട്ടില്ലേ?!]. എന്നിട്ടു, നിങ്ങള്‍ക്കു കാലം ദീര്‍ഘിച്ചു പോയോ? അഥവാ നിങ്ങളുടെ റബ്ബിന്റെ പക്കല്‍ നിന്നുവല്ല കോപവും നിങ്ങളില്‍ ഇറങ്ങണമെന്നു നിങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നുവോ? അങ്ങനെ, എന്റെ നിശ്ചയം നിങ്ങള്‍ ലംഘിച്ചിരിക്കുകയാണോ?!'
  • فَرَجَعَ مُوسَىٰ അങ്ങനെ മൂസാ മടങ്ങി إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ غَضْبَانَ കുപിതനായി أَسِفًا വ്യാകുലചിത്തനായി قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ أَلَمْ يَعِدْكُمْ നിങ്ങളോടു വാഗ്ദാനം ചെയ്തിട്ടില്ലേ رَبُّكُمْ നിങ്ങളുടെ റബ്ബ് وَعْدًا حَسَنًا നല്ല ഒരു വാഗ്ദാനം أَفَطَالَ എന്നിട്ടു ദീര്‍ഘിച്ചു പോയോ عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളില്‍ الْعَهْدُ കാലം أَمْ أَرَدتُّمْ അഥവാ (അല്ലെങ്കില്‍) നിങ്ങള്‍ ഉദ്ദേശിച്ചുവോ أَن يَحِلَّ ഇറങ്ങണമെന്നു, വരണമെന്നു عَلَيْكُمْ നിങ്ങളില്‍ غَضَبٌ കോപം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിന്റെ പക്കല്‍നിന്നു فَأَخْلَفْتُم അങ്ങനെ നിങ്ങള്‍ ലംഘിച്ചിരിക്കുകയാണോ, വ്യത്യാസം ചെയ്തതാണോ مَّوْعِدِي എന്റെ നിശ്ചയത്തെ

ഇബ്രാഹീം (عليه السلام), യഅ്ഖൂബ് (عليه السلام) എന്നീ പ്രവാചകവര്യന്‍മാരുടെ സന്താനപരമ്പരയാണല്ലോ ഇസ്രാഈല്‍ വര്‍ഗ്ഗം. എങ്കിലും അവരുടെ പഴയസ്ഥിതികളെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍, ഈജിപ്തുകാരില്‍ നിന്നു വിഗ്രഹാരാധനയും, പശുപൂജയും പഠിച്ചു ദീര്‍ഘകാലം അതില്‍ പരിചയിച്ചു വന്നിരിക്കുകയാണ്. ഈജിപ്തില്‍നിന്നു രക്ഷപ്പെട്ടു പോരുന്ന വഴിക്ക് ബിംബങ്ങളെ വെച്ചു പൂജിച്ചുവരുന്ന ഒരു ജനതയെ കണ്ടപ്പോള്‍, അവര്‍ മൂസാ (عليه السلام) നബിയോടു പറഞ്ഞ വാക്കില്‍നിന്നു, വിഗ്രഹാരാധനയില്‍ അവര്‍ക്കുള്ള താല്‍പര്യം എത്രമാത്രമായിരുന്നുവെന്നു മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

قَالُوا يَا مُوسَى اجْعَل لَّنَا إِلَـٰهًا كَمَا لَهُمْ آلِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ ﴿١٣٨﴾ إِنَّ هَـٰؤُلَاءِ مُتَبَّرٌ مَّا هُمْ فِيهِ وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٣٩ …. (7:138,139)

(സാരം: അവര്‍ പറഞ്ഞു: ‘മൂസാ! ഇവര്‍ക്കു പല ആരാധ്യവസ്തുക്കളും – ഇലാഹുകളും – ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യവസ്തുവെ നിശ്ചയിച്ചുതാ.’ അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും, വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന ഒരു ജനതയാണ് നിങ്ങള്‍. ഈ ജനതയാകട്ടെ, ഇവര്‍ നിലകൊള്ളുന്ന മാര്‍ഗ്ഗം നാശമടഞ്ഞതാണ്. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തി നിഷ്ഫലവുമാണ്. (7:138,139). ഇതുപോലെ, ബാലിശമായ ചോദ്യങ്ങളും, കൊള്ളരുതാത്ത സ്വഭാവങ്ങളും ഇസ്രാഈല്യരില്‍ സാധാരണമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍: മൂസാ (عليه السلام) നബി മടങ്ങിവരുന്നതുവരെ കാത്തിരിക്കുവാനുള്ള ക്ഷമയാകട്ടെ, അദ്ദേഹത്തിന്റെ ഉപദേശങ്ങളും, ഹാറൂന്‍ (عليه السلام) നബിയുടെ താക്കീതുകളും ശ്രവിക്കുവാനുള്ള മനഃസ്ഥിതിയാകട്ടെ, അവര്‍ക്കുണ്ടായില്ല.

20:87
  • قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَٰكِنَّا حُمِّلْنَآ أَوْزَارًا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ ﴾٨٧﴿
  • അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ഞങ്ങളുടെ ഹിതപ്രകാരം താങ്കളുടെ നിശ്ചയം ലംഘിച്ചിരിക്കുകയല്ല; എങ്കിലും, (ആ) ജനങ്ങളുടെ [ഖിബ്ത്തികളുടെ] അലങ്കാര വസ്തുക്കളില്‍പെട്ട കുറേ ഭാരങ്ങള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു; അങ്ങനെ, ഞങ്ങളതു എറിഞ്ഞുകളഞ്ഞു; അപ്രകാരം സാമിരീ (അതു തീയില്‍) എടുത്തിട്ടു.'
  • قَالُوا അവര്‍ പറഞ്ഞു مَا أَخْلَفْنَا ഞങ്ങള്‍ ലംഘിച്ചതല്ല, വ്യത്യാസം ചെയ്തിട്ടില്ല مَوْعِدَكَ താങ്കളുടെ നിശ്ചയത്തെ بِمَلْكِنَا ഞങ്ങളുടെ ഹിതപ്രകാരം (ഇഷ്ടം അനുസരിച്ചു) وَلَـٰكِنَّا എങ്കിലും ഞങ്ങള്‍ حُمِّلْنَا ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു (ഞങ്ങള്‍ പേറേണ്ടിവന്നു) أَوْزَارًا കുറെ ഭാരങ്ങള്‍ مِّن زِينَةِ الْقَوْمِ (ആ) ജനങ്ങളുടെ അലങ്കാരവസ്തുക്കളില്‍ (ആഭരണങ്ങളില്‍) നിന്നു فَقَذَفْنَاهَا എന്നിട്ടു ഞങ്ങളതു എറിഞ്ഞു فَكَذَٰلِكَ എന്നിട്ടു അപ്രകാരം أَلْقَى السَّامِرِيُّ സാമിരി എടുത്തിട്ടു, ഇട്ടു
20:88
  • فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُۥ خُوَارٌ فَقَالُوا۟ هَٰذَآ إِلَٰهُكُمْ وَإِلَٰهُ مُوسَىٰ فَنَسِىَ ﴾٨٨﴿
  • എന്നിട്ടു, അവന്‍ അവര്‍ക്കൊരു പശുക്കിടാവിനെ - മുക്കുറ ശബ്ദമുള്ള ഒരു ദേഹത്തെ - പുറപ്പെടുവിച്ചു കൊടുത്തു. അപ്പോള്‍ അവര്‍ (തമ്മില്‍) പറഞ്ഞു: 'നിങ്ങളുടേയും, മൂസായുടേയും ഇലാഹു [ആരാധ്യന്‍] ഇതാ! അദ്ദേഹം [മൂസാ] മറന്നുപോയിരിക്കുകയാണ്.'
  • فَأَخْرَجَ എന്നിട്ടു അവന്‍ പുറപ്പെടുവിച്ചു, പ്രത്യക്ഷപ്പെടുത്തി لَهُمْ അവര്‍ക്കു عِجْلًا ഒരു പശുക്കിടാവിനെ, മൂരിക്കുട്ടിയെ جَسَدًا ഒരു ശരീരത്തെ, ഒരു ദേഹം لَّهُ خُوَارٌ അതിനു മുക്കുറശബ്ദമുണ്ട് فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു هَـٰذَا إِلَـٰهُكُمْ ഇതാ നിങ്ങളുടെ ഇലാഹു وَإِلَـٰهُ مُوسَىٰ മൂസായുടെ ഇലാഹും فَنَسِيَ എന്നിട്ടു അവന്‍ മറന്നുപോയിരിക്കുകയാണ്

20:89
  • أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا ﴾٨٩﴿
  • എന്നാല്‍, അവര്‍ കാണുന്നില്ലേ: അവരോട് അതു യാതൊരു വാക്കും മറുപടി പറയുന്നില്ല; അവര്‍ക്കു ഒരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ അതിനു സാധിക്കുന്നുമില്ല എന്ന്!?
  • أَفَلَا يَرَوْنَ എന്നാലവര്‍ കാണുന്നില്ലേ أَلَّا يَرْجِعُ അതു മടക്കുന്നില്ല (മറുപടി പറയുന്നില്ല) എന്നു إِلَيْهِمْ അവരോടു, അവരിലേക്കു قَوْلًا വാക്കു, ഒരുവാക്കും وَلَا يَمْلِكُ അതു സ്വാധീനമാകുന്നുമില്ല, അതിനു സാധിക്കുന്നുമില്ല لَهُمْ അവര്‍ക്കു ضَرًّا ഒരു ഉപദ്രവത്തിനും وَلَا نَفْعًا ഒരു ഉപകാരത്തിനും തന്നെ (സാധിക്കുന്നില്ല)

87-ാം വചനത്തിന്റെ അവസാനത്തോടുകൂടി ഇസ്രാഈല്യരുടെ വാക്കുകള്‍ അവസാനിക്കുന്നതായും, 88-ാം വചനം മുതല്‍ക്കുള്ളതു ഖുര്‍ആന്റെ പ്രസ്താവനയായുമാണ് മനസ്സിലാകുന്നത്. അതായതു: ഇസ്രാഈല്യരുടെ പക്കല്‍, ഈജിപ്തുകാരുടെ ധാരാളം സ്വര്‍ണ്ണാഭരണങ്ങളുണ്ടായിരുന്നു. അതും വഹിച്ചും കൊണ്ടാണ് അവര്‍ പോന്നിരുന്നത്. അവ ഉരുക്കി അതുകൊണ്ടാണ്, സാമിരി പശുക്കിടാവിനെ ഉണ്ടാക്കിയത്. മൂസാ (عليه السلام) നബി അവരോടു കോപിച്ചപ്പോള്‍ അവര്‍ ഒഴികഴിവു പറയുവാന്‍ ശ്രമിച്ചു. ‘ആ ജനങ്ങളുടെ കുറേ ആഭരണച്ചുമടുകള്‍ ഞങ്ങളുടെ വശമുണ്ടായിരുന്നതു ഞങ്ങള്‍ വലിച്ചെറിഞ്ഞു; വേറെയൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല; സാമിരി അതെടുത്തു തീയില്‍ ഇട്ടു ഉരുക്കി ഒരു അത്ഭുത പശുക്കുട്ടിയെ ഉണ്ടാക്കിയതാണ്’ എന്നത്രെ അവര്‍ പറയുന്നതിന്റെ താല്‍പര്യം. ഈജിപ്തില്‍വെച്ചു ഒരു ഉത്സവത്തിന്റെയോ മറ്റോ കാരണം പറഞ്ഞു ഖിബ്ത്തികളില്‍ നിന്നു ഇസ്രാഈല്യര്‍ കുറെ ആഭരണങ്ങള്‍ വാങ്ങിയിരുന്നുവെന്നും, അതു മടക്കിക്കൊടുത്തിട്ടുണ്ടായിരുന്നില്ലെന്നും പല മുഫസ്സിറുകളും പറഞ്ഞുകാണുന്നു. തൗറാത്തിലും ഇതു പ്രസ്താവിച്ചിട്ടുണ്ട്. (പുറപ്പാട് 11ല്‍ 2; 12ല്‍ 36). അല്ലാഹുവിനറിയാം.

عِجْل എന്ന വാക്കിന്നു് ‘പശുക്കിടാവ്‌, പശുക്കുട്ടി, മൂരിക്കുട്ടി, കാളക്കുട്ടി’ എന്നൊക്കെ അര്‍ത്ഥം വരാവുന്നതാണ്. തൗറാത്തിന്റെ മലയാളപ്പതിപ്പില്‍ ‘കാളക്കുട്ടി’ എന്നാണ് പറയുന്നത്. ഏതോ ചില സൂത്രപ്പണികള്‍ മൂലം, കന്നുകാലികളുടെ മുക്കുറ (മൂക്കുകൊണ്ടു മുരളുന്ന ഒരു തരം ശബ്ദം) പോലെ ശബ്ദം പുറപ്പെടുവിച്ചിരുന്നതു കൊണ്ട് അതൊരു അത്ഭുത വസ്തുവായി ഇസ്രാഈല്യര്‍ കരുതി. കേവലം ജീവനില്ലാത്തതും, യാതൊന്നിനും കഴിവില്ലാത്തതുമാണ് അതെന്നു അവര്‍ ഗൗനിച്ചില്ല. മാത്രമോ? അതുതന്നെയാണ് മൂസാ (عليه السلام) നബി തേടിപ്പോയ ദൈവം, അദ്ദേഹം മറന്നുപോയതാണ്‌, എന്നുപോലും അവര്‍ പറഞ്ഞുണ്ടാക്കി.

വിഭാഗം - 5

20:90
  • وَلَقَدْ قَالَ لَهُمْ هَٰرُونُ مِن قَبْلُ يَٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى ﴾٩٠﴿
  • മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ട്: 'എന്റെ ജനങ്ങളെ! ഇതു (പശുക്കിടാവു) മൂലം നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുകതന്നെയാണ്; നിശ്ചയമായും, നിങ്ങളുടെ രക്ഷിതാവു പരമകാരുണികനത്രെ. അതുകൊണ്ടു, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍.' എന്റെ കല്‍പ്പന അനുസരിക്കുകയും ചെയ്യുവിന്‍.'

  • وَلَقَدْ قَالَ തീര്‍ച്ചയായും പറഞ്ഞിട്ടുണ്ട് لَهُمْ അവരോട്‌ هَارُونُ ഹാറൂന്‍ مِن قَبْلُ മുമ്പു, മുമ്പുതന്നെ يَا قَوْمِ എന്റെ ജനങ്ങളെ إِنَّمَا فُتِنتُم നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുകതന്നെയാണ് بِهِ ഇതുകൊണ്ടു, ഇതുമൂലം وَإِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബ് الرَّحْمَـٰنُ റഹ്മാനാണ്, പരമകാരുണികനാണ് فَاتَّبِعُونِي അതുകൊണ്ടു എന്നെ പിന്‍പറ്റുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ أَمْرِي എന്റെ കല്‍പന
20:91
  • قَالُوا۟ لَن نَّبْرَحَ عَلَيْهِ عَٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ ﴾٩١﴿
  • അവര്‍ പറഞ്ഞു : 'മൂസാ ഞങ്ങളുടെ അടുക്കലേക്കു മടങ്ങിവരുവോളം, ഞങ്ങള്‍ ഇതിന്റെ അടുക്കല്‍ ഭജനം നടത്തുന്നവരായിത്തന്നെയിരിക്കും.
  • قَالُوا അവര്‍ പറഞ്ഞു لَن نَّبْرَحَ ഞങ്ങള്‍ ആയിക്കൊണ്ടു തന്നെയിരിക്കും (വിടുകയില്ല) عَلَيْهِ അതിനടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍ حَتَّىٰ يَرْجِعَ മടങ്ങിവരുന്നതുവരെ إِلَيْنَا ഞങ്ങളുടെ അടുക്കലേക്കു مُوسَىٰ മൂസാ

ഇസ്രാഈല്യര്‍ പശുക്കുട്ടിയെ പൂജിച്ച് വഴിപിഴക്കുന്നതില്‍ നിന്നു തടയുവാന്‍ ഹാറൂന്‍ (عليه السلام) നബി വളരെ പരിശ്രമിച്ചിട്ടുണ്ടെന്നു ഇതില്‍നിന്നും മറ്റും വ്യക്തമാകുന്നു. പക്ഷെ, ജനങ്ങള്‍ അദ്ദേഹത്തിന്റെ കല്‍പ്പനയും ഉപദേശവും വിലവെച്ചില്ല, സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറഞ്ഞതുപോലെ, അവരുടെ അവിശ്വാസംമൂലം ആ പശുക്കിടാവിനോടുള്ള സ്നേഹം അവരുടെ ഹൃദയങ്ങളില്‍ കുടിപ്പിക്കപ്പെട്ടുപോയി! – (وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ : البقرة:٩٣) മൂസാ (عليه السلام) നബി മടങ്ങിവന്നപ്പോള്‍, ഇസ്രാഈല്യര്‍ പശുക്കിടാവിനു ചുറ്റും ഒരുമിച്ചുകൂടി നൃത്തം വെക്കുന്നതും, സംഗീതങ്ങള്‍ ആലപിച്ച് ശബ്ദകോലാഹലങ്ങളുണ്ടാക്കുന്നതുമാണ് കണ്ടെതെന്നു ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ബൈബ്ലിലും കാണാവുന്നതാണ്.

ഇമാം അബൂബക്കര്‍ ത്വര്‍ശൂശീ (ابوبكر الطرشوشي – رحمه الله)യുടെ ഒരു ഫത്ത്‌വാ സംക്ഷേപം ഇവിടെ ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും. ഇമാം ഖുര്‍ത്ത്വുബീ (رحمه الله) നിവേദനം ചെയ്യുന്ന ആ ഫത്ത്‌വായും, അതിന്റെ ചോദ്യവും പല പ്രധാന ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്:-

ചോദ്യം: ‘ കുറെ ആളുകള്‍ ചേര്‍ന്നു ‘ദിക്‌ർ’ നടത്തുന്നു. ചെണ്ട കൊട്ടുക, നൃത്തം ചെയ്യുക മുതലായ പല കുചേഷ്ടകളും കാണിക്കുക, ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുക എന്നിങ്ങനെ പലതും ഇതിന്നിടയില്‍ നടത്തപ്പെടുന്നു. ഇവരുടെ കൂട്ടത്തില്‍ പങ്കെടുക്കുവാന്‍ പാടുണ്ടോ, ഇല്ലേ?’ ഇതാണ് ചോദ്യത്തിന്റെ ചുരുക്കം.

മറുപടിയുടെ ചുരുക്കം ഇപ്രകാരമാകുന്നു: ‘സൂഫിയാക്കളുടെ ഇത്തരം നടപടി, തനി തോന്ന്യാസവും, വിഡ്ഢിത്തവും പിഴച്ചതുമത്രെ. ‘ഇസ്ലാം’ എന്നാല്‍ കിതാബും സുന്നത്തും (ഖുര്‍ആനും നബിചര്യയും) അല്ലാതെ മറ്റൊന്നുമല്ല. ഈ നൃത്തപ്രകടനങ്ങളെല്ലാം ആദ്യമായി നിര്‍മ്മിച്ചതു സാമിരിയാകുന്നു. അവന്‍ പശുക്കിടാവിനെ ഉണ്ടാക്കിയപ്പോള്‍, ഇസ്രാഈല്യര്‍ അതിന്റെ ചുറ്റും കൂടി ചെയ്തു പോന്ന സമ്പ്രദായമാണിത്. അതു അവിശ്വാസികളുടെയും, ഗോപൂജ (പശു ആരാധ)കന്മാരുടെയും മതമാകുന്നു. ചെണ്ടയാകട്ടെ, മുസ്‌ലിംകളെ വഴി തെറ്റിക്കുവാനായി നിര്‍മ്മതവാദികള്‍ (الزنادقة) നടപ്പില്‍ വരുത്തിയതുമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സഹാബികളുടെയും സദസ്സുകള്‍ അച്ചടക്കത്തോടുകൂടിയതായിരുന്നു. ഇത്തരക്കാര്‍ പള്ളിയിലും മറ്റും പ്രവേശിക്കുന്നതു മുടക്കം ചെയ്യേണ്ടത് അധികാരപ്പെട്ടവരുടെ കടമയാണ്. അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അതില്‍ പങ്കെടുക്കാനോ, അതില്‍ സഹായിക്കുവാനോ പാടില്ല. നാലു ഇമാമുകളുടെയും, അല്ലാത്തവരുടെയും മദ്ഹബും ഇതുതന്നെയാകുന്നു.’

മൂസാ (عليه السلام) ജനങ്ങളെ ആക്ഷേപിച്ചശേഷം സഹോദരന്‍ ഹാറൂന്‍ (عليه السلام) നബിയുടെ നേരെ തിരിഞ്ഞു:

20:92
  • قَالَ يَٰهَٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟ ﴾٩٢﴿
  • അദ്ദേഹം പറഞ്ഞു: 'ഹാറൂന്‍! ഇവര്‍ വഴിപിഴച്ചതായി നീ കണ്ടപ്പോള്‍, നിനക്കു എന്ത് തടസ്സമാണുണ്ടായത്,-
  • قَالَ അദ്ദേഹം പറഞ്ഞു يَا هَارُونُ ഹാറൂനെ مَا مَنَعَكَ നിനക്കു എന്തു തടസ്സമുണ്ടായി, നിന്നെ മുടക്കിയതെന്താണ് إِذْ رَأَيْتَهُمْ നീ അവരെ കണ്ടപ്പോള്‍ ضَلُّوا അവര്‍ വഴിപിഴച്ചതായി
20:93
  • أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى ﴾٩٣﴿
  • 'എന്നെ പിന്‍തുടരാതിരിക്കുവാന്‍?! അപ്പോള്‍, നീ എന്റെ കല്‍പനക്കു എതിരു പ്രവര്‍ത്തിച്ചുവോ?!'
  • أَلَّا تَتَّبِعَنِ എന്നെ പിന്തുടരാതിരിക്കുവാന്‍ أَفَعَصَيْتَ അപ്പോള്‍ നീ എതിരു പ്രവര്‍ത്തിച്ചുവോ أَمْرِي എന്റെ കല്‍പനക്കു
20:94
  • قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى ﴾٩٤﴿
  • അദ്ദേഹം പറഞ്ഞു: 'എന്റെ മാതൃപുത്രാ! എന്റെ താടിയും തലയും പിടിക്കരുത്!-
    ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കു നീ ഗൗനിച്ചതുമില്ല' എന്നു (എന്നെപ്പറ്റി) നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.'
  • قَالَ അദ്ദേഹം പറഞ്ഞു يَا ابْنَ أُمَّ എന്റെ മാതൃപുത്രാ (ഉമ്മയുടെ മകനേ) لَا تَأْخُذْ നീ പിടിക്കേണ്ട بِلِحْيَتِي എന്റെ താടിക്ക് وَلَا بِرَأْسِي എന്റെ തലക്കും, തലയും (വേണ്ടാ) إِنِّي നിശ്ചയമായും ഞാന്‍ خَشِيتُ ഞാന്‍ ഭയപ്പെട്ടു أَن تَقُولَ നീ പറയുമെന്ന് فَرَّقْتَ നീ ഭിന്നിപ്പുണ്ടാക്കി بَيْنَ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ وَلَمْ تَرْقُبْ നീ വീക്ഷിച്ചതുമില്ല, ഗൗനിച്ചതുമില്ല قَوْلِي എന്റെ വാക്കു, ഞാന്‍ പറഞ്ഞതു

‘പ്രിയപ്പെട്ട സഹോദരാ’ എന്ന അര്‍ത്ഥത്തിലുള്ള ഒരു പ്രയോഗമാണ് ‘എന്റെ മാതൃപുത്രാ’ (يَا ابْنَ أُمَّ) എന്നു പറഞ്ഞത്. മൂസാ (عليه السلام) സീനാപര്‍വ്വതത്തിലേക്കു പോകുമ്പോള്‍ സഹോദരനോടു ഇങ്ങിനെ പറഞ്ഞിരുന്നു:

اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ : الأعراف:١٤٢

സാരം: നീ എന്റെ ജനതയില്‍ എനിക്കു പ്രതിനിധിയായിരിക്കണം; നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യണം: കുഴപ്പമുണ്ടാക്കുന്നവരുടെ മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്യരുത്. (അഅ്റാഫ്). എന്നിരിക്കെ, അദ്ദേഹം തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കാമല്ലോ. കോപം നിമിത്തം അദ്ദേഹം സഹോദരന്റെ തലപിടിച്ചു വലിച്ചതിനുപുറമെ, തൗറാത്തിന്റെ പലകകള്‍ നിലത്തിടുകയും ചെയ്തിരുന്നു. കാര്യം മനസ്സിലായപ്പോള്‍, അദ്ദേഹം സഹോദരനുവേണ്ടി ദുആ ചെയ്കയും പലകകള്‍ എടുക്കുകയും ചെയ്തു. (സൂ: അഅ്റാഫ്: 150-154).

‘എന്നെ പിന്‍തുടരാതിരിക്കുവാന്‍ നിനക്കു എന്തു തടസ്സമാണുണ്ടായതു’ എന്നു പറഞ്ഞതിന്റെ സാരം രണ്ടുപ്രകാരത്തില്‍ ആയിരിക്കാവുന്നതാണ്: (1) ഇതെല്ലാം കണ്ടപ്പോള്‍, അവരെ വിട്ടേച്ച്‌ എന്റെ പിന്നാലെ വന്നുകൂടായിരുന്നുവോ? എന്നും, (2) ഞാന്‍ പോയപ്പോള്‍ ചെയ്ത ഉപദേശം പിന്‍പറ്റാമായിരുന്നില്ലേ? എന്നും ഏതായാലും ആ കുഴപ്പത്തില്‍ അവരെ വിട്ടുപോകുന്നതും, ബലം പ്രയോഗിച്ച് അവരെ അടക്കുവാന്‍ ശ്രമിക്കുന്നതും കൂടുതല്‍ കുഴപ്പത്തിനും ഇടയാകുമെന്ന് ഹാറൂന്‍ (عليه السلام) കരുതി. അനന്തരം മൂസാ (عليه السلام) നബി സാമിരിയുടെ നേരെ തിരിഞ്ഞു:

20:95
  • قَالَ فَمَا خَطْبُكَ يَٰسَٰمِرِىُّ ﴾٩٥﴿
  • അദ്ദേഹം ചോദിച്ചു: 'എന്നാല്‍, നിന്റെ കാര്യം എന്താണ് - 'സാമിരീ'!
  • قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാലെന്താണ് خَطْبُكَ നിന്റെ കാര്യം يَـٰسَـٰمِرِىُّ ഹേ സാമിരീ
20:96
  • قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةً مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى ﴾٩٦﴿
  • അവന്‍ പറഞ്ഞു: 'അവര്‍ [ജനങ്ങള്‍] കണ്ടിട്ടില്ലാത്തതു ഞാന്‍ കണ്ടു; അങ്ങനെ, ദൂതന്റെ [റസൂലിന്റെ] കാല്‍പാടില്‍നിന്നും ഒരു പിടി [അല്‍പം] ഞാന്‍ പിടിച്ചു; എന്നിട്ടു അതു ഞാന്‍ ഇട്ടുകളയുകയും ചെയ്തു. അങ്ങനെയാണ് എന്റെ മനസ്സു എനിക്കു പ്രേരണ നല്‍കിയത്.
  • قَالَ അവന്‍ പറഞ്ഞു بَصُرْتُ ഞാന്‍ കണ്ടു بِمَا യാതൊന്നു لَمْ يَبْصُرُوا بِهِ അവര്‍ അതു കണ്ടിട്ടില്ല فَقَبَضْتُ അങ്ങിനെ ഞാന്‍ പിടിച്ചു, എടുത്തു قَبْضَةً ഒരു പിടി (അല്‍പം) مِّنْ أَثَرِ الرَّسُولِ റസൂലിന്റെ കാല്‍പാടില്‍ നിന്നു فَنَبَذْتُهَا എന്നിട്ടു ഞാനതു ഇട്ടുകളഞ്ഞു وَكَذَٰلِكَ അപ്രകാരം سَوَّلَتْ പ്രേരിപ്പിച്ചു, ഭംഗിയായി കാണിച്ചു لِي എനിക്ക് نَفْسِي എന്റെ മനസ്സ്

അതായതു: ജനങ്ങള്‍ക്കു കണ്ടു മനസ്സിലാക്കുവാന്‍ കഴിയാത്ത ചില സൂത്രങ്ങള്‍ ഞാന്‍ കണ്ടുപിടിച്ചു. റസൂലിന്റെ (താങ്കളുടെ) ഉപദേശങ്ങളും, അദ്ധ്യാപനങ്ങളും ഞാന്‍ പേരിനു മാത്രമേ സ്വീകരിച്ചിരുന്നുള്ളു; അതു ഞാന്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്റെ സ്വന്തം മനസ്സിന്റെ പ്രേരണയനുസരിച്ചാണ് ഞാന്‍ അങ്ങനെ ചെയ്തതു എന്നു സാരം. ഈ വ്യാഖ്യാനമാണ്, ഇവിടെ ഇമാം റാസീ, ഇമാം നീസാബൂരീ (الرازي زالنيسابوري-رحمهما الله) മുതലായവര്‍ ബലപ്പെടുത്തുന്നത്. ഈ വ്യാഖ്യാനമനുസരിച്ച് ‘റസൂല്‍’ എന്നു പറഞ്ഞത് മൂസാ (عليه السلام) നബിയും, ‘കാല്‍പാട്’ എന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ഉപദേശനിര്‍ദ്ദേശങ്ങളുമായിരിക്കും.

പല മുഫസ്സിറുകളുടെയും വ്യാഖ്യാനം മറ്റൊന്നാകുന്നു: ‘റസൂല്‍’ എന്നു പറഞ്ഞതു ജിബ്രീല്‍ (عليه السلام) എന്ന മലക്കിനെ ഉദ്ദേശിച്ചാണെന്നാണ് അവര്‍ പറയുന്നത്. ‘കാല്‍പാടില്‍ നിന്നു ഒരു പിടി എടുത്തു’ എന്നു പറഞ്ഞതിനു ജിബ്രീലിന്റെ കുതിരയുടെ കാലടിയില്‍ നിന്നൊരു പിടി മണ്ണെടുത്തു എന്നും സാരമാക്കുന്നു. എപ്പോഴാണ്, എങ്ങിനെയാണ്, സാമിരിക്കു അതു കിട്ടിയതു? ഇതിനെക്കുറിച്ചു പല നീണ്ട കഥകളും ഉദ്ധരിക്കപ്പെടുന്നുണ്ട്. ആ മണ്ണില്‍ എന്തോ ഒരു വിശേഷത സാമിരി കണ്ടു, മറ്റാരും അതു കണ്ടിരുന്നില്ല, അവന്‍ അതു അല്‍പം എടുത്തു സൂക്ഷിച്ചുവെച്ചിരുന്നു, അതു കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പശുക്കുട്ടിയെ നിര്‍മ്മിച്ചതു എന്നൊക്കെയാണ് കഥകളുടെ താല്‍പര്യം. ഈ കഥകളുടെ സാധുതയും, നിവേദനമാര്‍ഗ്ഗങ്ങളും പല നിലക്കും വിമര്‍ശനാര്‍ഹങ്ങളാകുന്നു.

ഒരു സമുദായത്തെ മിക്കവാറും വഴിപിഴപ്പിച്ചുകളഞ്ഞ ഈ കടുംകൃത്യം, താന്‍ കല്‍പിച്ചുകൂട്ടി ചെയ്തതാണെന്നു സാമിരീ സമ്മതിച്ചു. ഈ വമ്പിച്ച ധിക്കാരത്തിനു ഇഹത്തില്‍ വെച്ചും, പരത്തില്‍വെച്ചും അവന്‍ അനുഭവിക്കേണ്ടിയിരിക്കുന്ന ശിക്ഷയെക്കുറിച്ച് മൂസാ (عليه السلام) നബി അറിയിക്കുന്നു:

20:97
  • قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا ﴾٩٧﴿
  • അദ്ദേഹം പറഞ്ഞു: 'എന്നാല്‍ നീ പോ! നിശ്ചയമായും, (ഈ) ജീവിതത്തില്‍, 'തൊട്ടുകൂടാ' എന്നു പറയല്‍ നിനക്കുണ്ടായിരിക്കട്ടെ! നിശ്ചയമായും നിനക്കൊരു നിശ്ചിത സമയമുണ്ട്, അതൊരിക്കലും നിനക്കു ലംഘിക്കപ്പെടുകയില്ല, നീ ഭജിച്ചുകൊണ്ടിരിക്കുന്ന നിന്റെ (ഈ) ആരാധ്യവസ്തുവെ നോക്കുക: നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യുന്നതാണ്; പിന്നെ, നിശ്ചയമായും നാം അതിനെ പൊടിപാറ്റി കടലില്‍ വിതറികളയുന്നതുമാണ്.
  • قَالَ അദ്ദേഹം പറഞ്ഞു فَاذْهَبْ എന്നാല്‍ നീ പോ فَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ടു (ഉണ്ടാവട്ടെ) فِي الْحَيَاةِ ജീവിതത്തില്‍ أَن تَقُولَ നീ പറയല്‍ لَا مِسَاسَ തൊട്ടുകൂടാ, സ്പര്‍ശനമില്ല (എന്നു) وَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ട്‌ مَوْعِدًا ഒരു നിശ്ചിത സമയം لَّن تُخْلَفَهُ അതു നിന്നോടു ലംഘിക്കപ്പെടുന്നതേ അല്ല وَانظُرْ നോക്കുക إِلَىٰ إِلَـٰهِكَ നിന്റെ (ഈ) ദൈവത്തിങ്കലേക്കു, ആരാധ്യ വസ്തുവിലേക്കു الَّذِي ظَلْتَ നീ ആയിക്കൊണ്ടിരുന്ന عَلَيْهِ അതിനടുക്കല്‍, അതില്‍ عَاكِفًا ഭജനമിരിക്കുന്നവന്‍ لَّنُحَرِّقَنَّهُ നാമതിനെ ചുട്ടെരിക്കുകതന്നെ ചെയ്യും ثُمَّ لَنَنسِفَنَّهُ പിന്നെ നാം അതിനെ പാറ്റിക്കളയുക തന്നെ ചെയ്യും فِي الْيَمِّ സമുദ്രത്തില്‍, ജലാശയത്തില്‍ نَسْفًا ഒരു പാറ്റല്‍, പൊടിയായി
20:98
  • إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَىْءٍ عِلْمًا ﴾٩٨﴿
  • നിശ്ചയമായും, നിങ്ങളുടെ ആരാധ്യന്‍ താനല്ലാതെ മറ്റൊരു ആരാധ്യനുമില്ലാത്ത അല്ലാഹു തന്നെയാകുന്നു; എല്ലാ വസ്തുവെക്കുറിച്ചും, (അവന്റെ) അറിവ് വിശാലമായിരിക്കുന്നു.'
  • إِنَّمَا إِلَـٰهُكُمُ നിശ്ചയമായും നിങ്ങളുടെ ആരാധ്യന്‍ اللَّـهُ الَّذِي യാതൊരു അല്ലാഹുവാണു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ (താനല്ലാതെ) وَسِعَ അവന്‍ വിശാലമായിരിക്കുന്നു (ഉള്‍പ്പെടുത്തിയിരിക്കുന്നു) كُلَّ شَيْءٍ എല്ലാ വസ്തുവിനും, എല്ലാറ്റിനേയും عِلْمًا (അവന്റെ) അറിവു, അറിവാല്‍, അറിവുകൊണ്ടു

സാമിരി ബഹിഷ്ക്കരിക്കപ്പെട്ടു. അവന്‍ ജനങ്ങളുമായോ, ജനങ്ങള്‍ അവനുമായോ തൊടുവാനും, സഹവസിക്കുവാനും പാടില്ലെന്നും നിശ്ചയിക്കപ്പെട്ടു. അങ്ങനെ, അവന്‍ കാട്ടിൽ മൃഗങ്ങളുടെകൂടെ അലഞ്ഞുനടന്നു ജീവിക്കേണ്ടതായി വന്നു. അവനുമായി ആരെങ്കിലും തൊടുന്നപക്ഷം, എന്തോ സുഖക്കേട് അവന് അനുഭവപ്പെട്ടിരുന്നതായും പറയപ്പെടുന്നു. الله أعلم പശുക്കിടാവിനെ എരിച്ചുപൊടിച്ച് വെള്ളത്തില്‍ വിതറുകയും ചെയ്തു. ഈ വിവരം തൗറാത്തിലും കാണാം. പക്ഷെ, ‘ചുട്ടു ഭസ്മമാക്കി അരച്ചു പര്‍വ്വതത്തില്‍ നിന്നൊഴുകുന്ന തോട്ടില്‍ ഇട്ടുക്കളഞ്ഞു’ എന്നു ആവര്‍ത്തനപുസ്തകം (9:21)ല്‍ പറയുമ്പോള്‍, പുറപ്പാടു പുസ്തകം (32:20ല്‍) പറയുന്നതു: ‘ചുട്ടരച്ചു ഭസ്മം വെള്ളത്തില്‍ വിതറി ഇസ്രാഈല്യരെ കുടിപ്പിച്ച് എന്നാകുന്നു. മൂസാ (عليه السلام) നബിയുടെ കഥാവിവരണം ഇവിടെ അവസാനിച്ചു. അല്ലാഹു പറയുന്നു:

20:99
  • كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ ۚ وَقَدْ ءَاتَيْنَٰكَ مِن لَّدُنَّا ذِكْرًا ﴾٩٩﴿
  • (നബിയേ) ഇപ്രകാരം, മുന്‍കഴിഞ്ഞ സംഭവവൃത്താന്തങ്ങളില്‍നിന്നു (ചിലതു) നിനക്കു നാം വിവരിച്ചുതരുന്നു; നമ്മുടെ അടുക്കല്‍നിന്നുള്ള ബോധനം നാം നിനക്കു നല്‍കിയിട്ടുമുണ്ട്.
  • كَذَٰلِكَ ഇപ്രകാരം, അപ്രകാരം نَقُصُّ നാം വിവരിച്ചുതരുന്നു, കഥ പറഞ്ഞുതരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്തങ്ങളില്‍നിന്നു (ചിലതു) مَا قَدْ سَبَقَ മുന്‍ കഴിഞ്ഞുപോയിട്ടുള്ളതു وَقَدْ آتَيْنَاكَ നിനക്കു നാം നല്‍കിയിട്ടുമുണ്ട് مِن لَّدُنَّا നമ്മുടെ പക്കല്‍നിന്നു ذِكْرًا ബോധനം, സ്മരണ

20:100
  • مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَٰمَةِ وِزْرًا ﴾١٠٠﴿
  • ആരെങ്കിലും അതിനെവിട്ടു തിരിഞ്ഞുകളഞ്ഞാല്‍, തീര്‍ച്ചയായും അവന്‍ ഖിയാമത്തുനാളില്‍ കുറ്റഭാരം വഹിക്കുന്നതാണ്;-
  • مَّنْ أَعْرَضَ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍ عَنْهُ അതിനെവിട്ടു, അതില്‍നിന്നു فَإِنَّهُ എന്നാലവന്‍ يَحْمِلُ വഹിക്കുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وِزْرًا കുറ്റം, ഭാരം (കുറ്റഭാരം)
20:101
  • خَٰلِدِينَ فِيهِ ۖ وَسَآءَ لَهُمْ يَوْمَ ٱلْقِيَٰمَةِ حِمْلًا ﴾١٠١﴿
  • അതില്‍ (അവര്‍) ശാശ്വതന്‍മാരായിരിക്കും. അവര്‍ക്കു ഖിയാമത്തുനാളില്‍, അത് എത്ര ചീത്തയായ ഭാരമാണ്!-
  • خَالِدِينَ ശാശ്വതന്‍മാരായി, സ്ഥിരവാസികളായി فِيهِ അതില്‍ وَسَاءَ എത്ര ചീത്ത: വളരെമോശം لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ حِمْلًا ചുമടു, ഭാരം
20:102
  • يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا ﴾١٠٢﴿
  • കാഹളത്തില്‍ ഊതപ്പെടുന്നദിവസം. അന്നേദിവസം കുറ്റവാളികളെ നീലവര്‍ണ്ണമുള്ളവരായി നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും -
  • يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍ وَنَحْشُرُ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും الْمُجْرِمِينَ കുറ്റവാളികളെ يَوْمَئِذٍ അന്നു, അന്നേദിവസം زُرْقًا നീലവര്‍ണ്ണമുള്ളവരായി, നീലക്കണ്ണന്‍മാരായി
20:103
  • يَتَخَٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا ﴾١٠٣﴿
  • അവര്‍ തമ്മില്‍ അന്യോന്യം പതുക്കെപറയും: 'പത്തു (ദിവസം) അല്ലാതെ നിങ്ങള്‍ (ഭൂമിയില്‍) പാര്‍ക്കുകയുണ്ടായിട്ടില്ല' എന്നു!
  • يَتَخَافَتُونَ അവര്‍ അന്യോന്യം പതുക്കെ പറയും, ഒളിച്ചുപറയും بَيْنَهُمْ അവര്‍ തമ്മില്‍ إِن لَّبِثْتُمْ നിങ്ങള്‍ പാര്‍ത്തിട്ടില്ല, താമസിച്ചിട്ടില്ല إِلَّا عَشْرًا പത്തു (ദിവസം) അല്ലാതെ
20:104
  • نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا ﴾١٠٤﴿
  • അവര്‍ പറയുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നതാണ്; അപ്പോള്‍, അവരില്‍ ഏറ്റവും നല്ല മാര്‍ഗ്ഗമുള്ളവന്‍ പറഞ്ഞുപോകുന്നു: 'ഒരു ദിവസമല്ലാതെ നിങ്ങള്‍ പാര്‍ത്തിട്ടില്ല' എന്നു!
  • نَّحْنُ നാം, നമ്മള്‍ أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ്, ഏറ്റവും അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി إِذْ يَقُولُ അപ്പോള്‍ പറയും, പറയുമ്പോള്‍ أَمْثَلُهُمْ അവരില്‍വെച്ചു ഉത്തമന്‍, മിതമായവന്, മര്യാദക്കാരന്‍ طَرِيقَةً മാര്‍ഗ്ഗം, മാര്‍ഗ്ഗത്തില്‍ إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا يَوْمًا ഒരു ദിവസമല്ലാതെ

زُرْقًا (സുര്‍ഖന്‍) എന്ന വാക്കിനാണ് നീലവര്‍ണ്ണമുള്ളവര്‍ എന്നു അര്‍ത്ഥം പറഞ്ഞത്. പാപികളായ ആളുകള്‍ അനുഭവിക്കേണ്ടിവരുന്ന ഭയങ്കര ശിക്ഷകള്‍ കാണുമ്പോള്‍, പരിഭ്രമം നിമിത്തം അവരുടെ നിറം നീലവര്‍ണ്ണമായി മാറുന്നു എന്നു താല്‍പര്യം. ഈ വാക്കിനു ‘നീലക്കണ്ണന്‍മാര്‍, കണ്ണുതുറിച്ചവര്‍, കാഴ്ചനഷ്ടപ്പെട്ടവര്‍’ എന്നീ അര്‍ത്ഥങ്ങളും വരാവുന്നതാകുന്നു. ഏതായാലും മേല്‍ സൂചിപ്പിച്ച അസഹ്യതയുടെ കാഠിന്യത്തെയാണ്‌ അതു കാണിക്കുന്നത്.

പരലോകജീവിതത്തിന്റെ ദൈര്‍ഘ്യവും, അവിടത്തെ കാഴ്ചകളും കാണുമ്പോള്‍, തങ്ങള്‍ അതേവരെ ഈ ഭൂമിയില്‍ കഴിച്ചുകൂട്ടിയകാലം നന്നേ കുറച്ചു മാത്രമായിരുന്നുവെന്ന് അവര്‍ താനേ പറഞ്ഞുപോകുന്നു. പത്തു ദിവസമെന്നു ഒരാള്‍ പറയുമ്പോള്‍, കുറെക്കൂടി നല്ല ഒരു തീരുമാനമെന്ന നിലക്ക് മറ്റൊരാള്‍ പറഞ്ഞേക്കും: ‘ഇല്ലാ – ഒരേ ഒരു ദിവസം – എന്നേ പറയാവൂ’ എന്നു. ഭയവും സങ്കോചവും നിമിത്തം വളരെ സ്വകാര്യമായിട്ടാണ് അവര്‍ ഈ സംഭാഷണം നടത്തുക. ചുരുക്കിപ്പറഞ്ഞാല്‍, ഇഹപരജീവിതങ്ങള്‍ തമ്മിലുള്ള താരതമ്യം, പാപികള്‍ക്കു അപ്പോഴേ ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു.

പാപികളായ ആളുകള്‍ക്കു ഖബ്റുകളില്‍വെച്ച് ചില ശിക്ഷകള്‍ അനുഭവപ്പെടുന്നതാണെന്ന് ഖുര്‍ആനിലും, ഹദീസിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിനെ നിഷേധിക്കുന്ന ചിലര്‍, 103-ാം വചനംപോലെയുള്ള ആയത്തുകള്‍ അവര്‍ക്കു രേഖയായി ഉദ്ധരിക്കാറുണ്ട്. ഖബ്റില്‍ അവര്‍ കേവലം ഉറങ്ങിക്കിടക്കുകയാണ് ചെയ്യുന്നതെന്നും, അതുകൊണ്ടാണു അവര്‍ ഇങ്ങിനെ പറയുന്നതെന്നുമാണ് ഇവരുടെ വാദം. ഇതു ശരിയല്ലെന്നു സൂറത്തുല്‍ മുഅ്മിനൂന്‍ 112ന്റെ വിവരണത്തിലും, ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും കാണാം. إن شاء الله