സൂറത്തുല്‍ മുഅ്മിനൂന് : 01-32
:
മുഅ്മിനൂൻ (സത്യവിശ്വാസികൾ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 118 – വിഭാഗം (റുകുഅ്) 6
[75,76,77 എന്നീ ആയത്തുകള്‍ മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്]
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
ജുസ്ഉ് - 18
വിഭാഗം - 1
- قَدْ أَفْلَحَ ٱلْمُؤْمِنُونَ ﴾١﴿
- തീര്‍ച്ചയായും, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു;-
- قَدْ أَفْلَحَ തീര്‍ച്ചയായും വിജയിച്ചു الْمُؤْمِنُونَ സത്യവിശ്വാസികള്‍.
- ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ﴾٢﴿
- അതായത്: തങ്ങളുടെ നമസ്കാരത്തില്‍ ഭക്തി കാണിക്കുന്നവര്‍;
- الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ فِي صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ خَاشِعُونَ ഭക്തി കാണിക്കുന്നവരാണ് (അങ്ങിനെയുള്ളവര്‍).
- وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ﴾٣﴿
- വ്യര്‍ത്ഥമായ കാര്യത്തില്‍ നിന്നു തിരിഞ്ഞു കളയുന്നവരും;
- وَالَّذِينَ യാതൊരുകൂട്ടരും هُمْ അവര്‍ عَنِ اللَّغْوِ വ്യര്‍ത്ഥമായതില്‍ നിന്ന്, അനാവശ്യത്തില്‍നിന്ന് مُعْرِضُونَ തിരിഞ്ഞു കളയുന്നവരാണ്, അശ്രദ്ധരാണ്.
- وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ ﴾٤﴿
- 'സകാത്ത്' (വിശുദ്ധധര്‍മ്മം) ചെയ്യുന്നവരും;
- وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِلزَّكَاةِ സകാത്തിനെ فَاعِلُونَ ചെയ്യുന്നവരാണ്, നിര്‍വ്വഹിക്കുന്നവരാണ്.
- وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴾٥﴿
- തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചു വരുന്നവരും;
- وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِفُرُوجِهِمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ സൂക്ഷിച്ചുവരുന്നവരാണ്, കാക്കുന്നവരാണ്.
- إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴾٦﴿
- തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരെയോ സംബന്ധിച്ച് ഒഴികെ. കാരണം, നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു;-
- إِلَّا عَلَىٰ أَزْوَاجِهِمْ അവരുടെ ഭാര്യമാരെ സംബന്ധിച്ചു ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരെ أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) നിശ്ചയമായും അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെട്ടു കൂടാത്തവരാണ്, ആക്ഷേപാര്‍ഹരല്ലാത്തവരാണ്, കുറ്റപ്പെടുത്തപ്പെടാത്തവരാണ്.
- فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴾٧﴿
- എന്നാല്‍ അതിനപ്പുറം ആരെങ്കിലും തേടുന്നതായാല്‍, അക്കൂട്ടര്‍ തന്നെയാണ് അതിരു വിട്ടവര്‍;
- فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ഉദ്ദേശിച്ചാല്‍ وَرَاءَ ذَٰلِكَ അതിനപ്പുറം فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْعَادُونَ അവര്‍ തന്നെയാണ് അതിരു വിട്ടവര്‍.
- وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ﴾٨﴿
- തങ്ങളുടെ 'അമാനത്ത്' (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചു വരുന്നവരും;
- وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്തുകളെ, വിശ്വസ്തതകളെ وَعَهْدِهِمْ തങ്ങളുടെ കരാറിനെയും, ഉടമ്പടിയെയും رَاعُونَ പാലിക്കുന്നവരാണ്, ഗൗനിക്കുന്നവരാണ്.
- وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ ﴾٩﴿
- തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചുപോരുന്നവരും. (ഇങ്ങിനെയുള്ള സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.).
- وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ عَلَىٰ صَلَوَاتِهِمْ തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി يُحَافِظُونَ സൂക്ഷിച്ചു പോരുന്നതാണ് (അങ്ങിനെയുള്ളവരും).
- أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ﴾١٠﴿
- അക്കൂട്ടര്‍ തന്നെയാണ്, അനന്തരാവകാശികള്‍;-
- أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْوَارِثُونَ അനന്തരാവകാശികള്‍.
- ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ﴾١١﴿
- അതായത്; 'ഫിര്‍ ദൗസി'നെ (ഉന്നത സ്വര്‍ഗ്ഗത്തെ) അനന്തരാവകാശമെടുക്കുന്നവര്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കുന്നതാണ്.
- الَّذِينَ يَرِثُونَ അതായത് അനന്തരാവകാശമെടുക്കുന്നവര്‍ الْفِرْدَوْسَ ഫിര്‍ദൗസിനെ, ഉന്നത സ്വര്‍ഗ്ഗത്തെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരായിരിക്കും.
കഴിഞ്ഞ സൂറത്തിന്റെ അവസാനത്തില്‍, സത്യവിശ്വാസികള്‍ക്ക് വിജയം സിദ്ധിക്കുവാനുള്ള ചില ഉപദേശ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു നല്‍കി. ആ ഉപദേശങ്ങള്‍ അനുസരിച്ചു പോരുന്നവരുടെ ലക്ഷണങ്ങളും, അവരില്‍ ആവശ്യം ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും ഈ സൂറത്തിന്റെ ആദ്യത്തില്‍ വിവരിക്കുന്നു. പ്രസ്തുത ഗുണങ്ങളുള്ള സത്യവിശ്വാസികളുടെ വിജയം തീര്‍ച്ചപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നു് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ പ്രസ്താവനയുടെ അവസാനത്തില്‍ (10ഉം 11ഉം വചനങ്ങളില്‍) ആ വിജയം എന്താണെന്നു് വ്യക്തമാക്കുകയും ചെയ്യുന്നു. ഈ മഹാഭാഗ്യത്തിനു അര്‍ഹരായിത്തീരുന്ന സത്യവിശ്വാസികളുടെ ഏഴ് സവിശേഷതകളാണ് ഇതില്‍ എടുത്തുപറഞ്ഞിരിക്കുന്നതു്:-
1. നമസ്കാരത്തില്‍ ഭക്തികാണിക്കുക. കഴിഞ്ഞ സൂറത്തിന്റെ അവസാനത്തില്‍ നമസ്കാരത്തിന് കല്‍പിക്കപ്പെട്ട പ്രാധാന്യം നാം കണ്ടുവല്ലോ. അതേ നമസ്കാരത്തെപ്പറ്റിത്തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ സൂറത്തിലെ 77-ാം വചനത്തില്‍ നമസ്കാരം നിര്‍വ്വഹിക്കുവാനും, 78-ല്‍ അതിനെ നിലനിറുത്തിപ്പോരുവാനുമായിരുന്നു ഉണര്‍ത്തിയത്. ഇവിടെ ആദ്യമായി – 2-ാം വചനത്തില്‍ – നമസ്കാരം നടത്തുന്നത് ഭക്തിയോടുകൂടി ആയിരിക്കണമെന്നു് ഉണര്‍ത്തുന്നു. പിന്നീട് – 9-ാം വചനത്തില്‍ – അതിനെപ്പറ്റി സൂക്ഷിച്ചുപോരണമെന്നും ഓര്‍മ്മിപ്പിക്കുന്നു. സത്യവിശ്വാസികളുടെ സവിശേഷതകളില്‍ ഒന്നാമത്തേതായി ഇവിടെ പ്രസ്താവിച്ചതും നമസ്കാരത്തിന്റെ കാര്യംതന്നെ. നമസ്കാരം എത്രമാത്രം പ്രധാനപ്പെട്ട ഒരു കടമയും പുണ്യകര്‍മ്മവുമാണെന്നും, ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനം എത്ര മഹത്തായതാണെന്നും ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം.
സര്‍വ്വജ്ഞനും, സര്‍വ്വാധികാരിയുമായ അല്ലാഹുവിന്റെ മുമ്പിലാണ്, അവന്റെ എളിയ അടിയാനായ താന്‍ നില്‍ക്കുന്നതെന്ന ബോധത്തോടെ, താഴ്മയും വിനയവും അര്‍പ്പിച്ചുകൊണ്ട്, ഭയഭക്തനായ നിലയില്‍ നമസ്കാരം നിര്‍വ്വഹിക്കുക, ഇതാണ് നമസ്കാരത്തിലെ ഭക്തി (خشوع). ഖിബ്‌ലഃയുടെ നേര്‍ക്കും, കീഴപോട്ട് സുജൂദിന്റെ സ്ഥാനത്തേക്കും നോക്കുക, മേല്‍പോട്ടും, ഇതര ഭാഗങ്ങളിലേക്കും, ശ്രദ്ധയെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കുക, ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെയും ചൊല്ലുന്ന ദിക്റുകളുടെയും അര്‍ത്ഥം ഓര്‍ത്തുകൊണ്ടും, ഉറ്റാലോചിച്ചുകൊണ്ടുമിരിക്കുക, അല്ലാഹുവിനെയും, അവന്റെ ശക്തിമഹാത്മ്യങ്ങളെയും ഓര്‍ക്കുക, അടിയന്തരമായി നേരിട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് ഹൃദയം സ്വസ്ഥമാക്കിയശേഷം നമസ്ക്കാരത്തില്‍ പ്രവേശിക്കുക, കണ്ണിനും, കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളില്‍ നമസ്കരിക്കുവാന്‍ നില്‍ക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ ഇതിനു സഹായകമായിത്തീരുന്നു. അതുകൊണ്ടാണ്, ഇത്തരം കാര്യങ്ങളെപ്പറ്റി നബിവചനങ്ങളിലും, മഹാന്‍മാരുടെ വാക്കുകളിലും പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടു കാണുന്നതും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യകാലത്തു നമസ്കാരത്തില്‍ ആകാശത്തേക്കു നോക്കാറുണ്ടായിരുന്നുവെന്നും, ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചതോടെ അതു നിറുത്തല്‍ചെയ്തു സുജൂദിന്റെ (തല നിലത്തുവെക്കുന്ന) സ്ഥാനത്തേക്കു നോക്കി വന്നിരുന്നുവെന്നും ഹാകിം (رحمه الله) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. മുസ്‌ലിം (رحمه الله) നിവേദനം ചെയ്യുന്ന വേറെ ഒരു ഹദീസില്‍, നമസ്കാരത്തില്‍ മേല്‍പോട്ടു നോക്കുന്നതിനെ കര്‍ശനമായി വിരോധിച്ചിട്ടുമുണ്ട്. നമസ്കാരത്തില്‍ അങ്ങുമിങ്ങും തിരിഞ്ഞുനോക്കുകയെന്നതു നമസ്കാരത്തില്‍ നിന്നും പിശാച് തട്ടിയെടുത്തുകൊണ്ട് പോകലാണെന്നു ബുഖാരി (رحمه الله) യും, മുസ്‌ലിമും (رحمه الله) ഉദ്ധരിക്കുന്ന ഒരു ഹദീസിലും കാണാം. ഇതുപോലെ, ശ്രദ്ധയെ തിരിച്ചുകളയുന്ന പലതിനെപ്പറ്റിയും ഹദീസുകളില്‍ വിരോധിച്ചിട്ടുണ്ട്.
صلاة بلا خشوع جسد بلا روح (ഭക്തി കൂടാതെയുള്ള നമസ്കാരം ആത്മാവില്ലാത്ത ശരീരമാണ്) എന്നുപോലും ചില മഹാന്‍മാര്‍ പറയുന്നു. ഒരടിയായി വേഗത്തിലങ്ങു നിര്‍വ്വഹിച്ചേക്കുവാന്‍ സാധിക്കുന്ന ഒരു കാര്യമല്ല, ഭക്തിപൂര്‍വ്വം നമസ്കരിക്കുകയെന്നുള്ളത്. കഴിയുന്നതും ഭക്തി പ്രകടമാക്കണമെന്ന ദൃഢനിശ്ചയത്തോടുകൂടിയും, അതിനായി അല്ലാഹുവോടു സഹായമര്‍ത്ഥിച്ചുകൊണ്ടും നമസ്കരിക്കുമ്പോള്‍, ഏറെക്കുറെ അതു സാധ്യമാകാതിരിക്കയില്ല. നമസ്കാരത്തിന്റെ കടമ നിര്‍വ്വഹിച്ചുവെന്നും, നിര്‍ബ്ബന്ധം നിറവേറ്റി എന്നും വരുവാന്‍ ഈ ഭക്തമനഃസ്ഥിതി (خشوع) ഒരു നിബന്ധനയായി ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ എണ്ണി വരുന്നില്ല. പക്ഷേ, അല്ലാഹുവിന്റെ പ്രീതിയും, നമസ്കാരത്തിന്റെ മഹത്തായ ഫലങ്ങളും ലഭിക്കുവാന്‍ അതു അനിവാര്യമാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസവുമില്ല. നമസ്കാരത്തിന്റെ ആവശ്യംതന്നെ അല്ലാഹു പറഞ്ഞിട്ടുള്ളത്. وَأَقِمِ الصَّلَاةَ لِذِكْرِي (എന്നെ സ്മരിക്കുവാന്‍വേണ്ടി നമസ്കാരം നിലനിറുത്തുക) എന്നാണ്.
2-ാമത്തെ ഗുണമായി അല്ലാഹു പറഞ്ഞതു: വ്യര്‍ത്ഥമായ (لَغْو) കാര്യങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നാണ്. കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും – വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ – ഇതില്‍ ഉള്‍പ്പെടുന്നു. അതായതു: വിജയികളായ സത്യവിശ്വാസികള്‍, നമസ്കാരത്തില്‍ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും, നമസ്കാരത്തിനു പുറത്ത് വ്യര്‍ത്ഥമായ എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിട്ടവരായിരിക്കും. നമസ്കാരം ശരിക്കു നിര്‍വ്വഹിക്കുവാനുള്ള കഴിവും, പരിചയവും എത്രമാത്രമുണ്ടോ അതനുസരിച്ച് ഈ രണ്ടാമത്തെ ഗുണവും ലഭിക്കുന്നതാകുന്നു. ‘ഒരു മനുഷ്യന്‍, അവന് ആവശ്യമായി ഭവിക്കാത്ത കാര്യത്തെ ഉപേക്ഷിക്കുന്നതു അവന്റെ ഇസ്ലാം നന്നാകുന്നതിന്റെ ലക്ഷണമാണ്’ എന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ പറയുന്നത്. (مِنْ حُسْنِ إِسْلاَمِ الْمَرْءِ تَرْكُهُ مَا لاَ يَعْنِيهِ : أحمد ومالك وغير هما).
കാര്യങ്ങള്‍ കളിയായും, കളികള്‍ കാര്യങ്ങളായും, അനാവശ്യങ്ങള്‍ അത്യാവശ്യങ്ങളായും, വിനോദങ്ങള്‍ കലകളായും മാറി രൂപാന്തരപ്പെട്ടിട്ടുള്ള ഇക്കാലത്ത് വ്യര്‍ത്ഥം, വിനോദം (اللَّغْو وَاللَّـهْو) എന്നിങ്ങിനെയുള്ളതിന് നിര്‍വ്വചനവും, ഉദാഹരണവും കാണിക്കുവാന്‍ വളരെ വിഷമമായിത്തീര്‍ന്നിരിക്കുകയാണ്. സത്യവിശ്വാസികളും, സല്‍ക്കര്‍മ്മികളുമായുള്ളവര്‍ക്കു അവയുടെ വൃത്തം വളരെ വിശാലമായും, അല്ലാത്തവര്‍ക്കു – അവരവരുടെ തോതനുസരിച്ചു – അതിന്റെ വൃത്തം വളരെ കുടുസ്സായും ഇരിക്കുമെന്നു തീര്‍ച്ചയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍വന്നു് പുണ്യത്തെയും പാപത്തെയും (البر والاثم) കുറിച്ചു ചോദിച്ച ഒരു സഹാബിയോടു അവിടുന്നു പറഞ്ഞ മറുപടി ഇവിടെ സ്മരണീയമാകുന്നു: اسْتَفْتِ قَلْبك، وَإنْ أفْتاكَ النَّاسُ وَأفْتَوْكَ – ثلاثا(സാരം: ജനങ്ങള്‍ നിനക്കു എന്തു വിധി തന്നാലും ശരി – നീ നിന്റെ ഹൃദയത്തോടുതന്നെ വിധി ചോദിക്കുക!) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വാക്യം മൂന്നുവട്ടം ആവര്‍ത്തിച്ചു പറഞ്ഞു.
3-ാമത്തേതായി പറഞ്ഞതു: അവര്‍ സകാത്ത് എന്ന വിശുദ്ധധര്‍മ്മം ചെയ്യുന്നവരായിരിക്കുമെന്നാണ്. സകാത്തിനെപ്പറ്റി അധികമൊന്നും പ്രസ്താവിക്കേണ്ടതില്ല. ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനവും, അതുകൊണ്ടു സമുദായത്തിനുള്ള ഗുണവും പരക്കെ അറിയപ്പെട്ടതാണ്. زَكَوٰةً (സകാത്ത്) എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ‘പരിശുദ്ധി, ആത്മശുദ്ധി, വളര്‍ച്ച’ എന്നൊക്കെയാണ്. ധാര്‍മ്മികമായ വളര്‍ച്ചയും, ആത്മീയമായ പരിശുദ്ധിയും അതുമൂലം ലഭിക്കുന്നു. ‘ആത്മാവിനെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചു’ (قَدْ أَفْلَحَ مَن زَكَّاهَا) എന്നും, ‘ആത്മപരിശുദ്ധി ലഭിച്ചവന്‍ വിജയിച്ചു’ (قَدْ أَفْلَحَ مَن تَزَكَّىٰ) എന്നും ഖുര്‍ആനില്‍ പറയുന്നു. ധര്‍മ്മം മൂലമുണ്ടാകുന്ന പരിശുദ്ധിയാണ് ഇവിടങ്ങളില്‍ ഉദ്ദേശ്യമെന്നു ചില മഹാന്‍മാര്‍ വ്യാഖ്യാനിക്കുന്നതു ഇതുകൊണ്ടാകുന്നു. ‘സകാത്ത്’ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥത്തെ മുന്‍നിറുത്തിക്കൊണ്ട്, ആത്മപരിശുദ്ധിക്കു നിദാനമായ എല്ലാ കാര്യവും പ്രവര്‍ത്തിക്കുന്നതു 4-ാം വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. الله أعلم
4-ാമത്തേതു: ഗുഹ്യസ്ഥാനം സൂക്ഷിക്കലാണ്. സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം അടിമകളില്‍നിന്നു ധര്‍മ്മിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും അവര്‍ ചെയ്കയില്ലെന്നര്‍ത്ഥം. അനുവദിക്കപ്പെട്ട ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍നിന്നും അകന്നുനിന്നു കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്‌ലാമില്‍ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അതുകൊണ്ടാണ്, ഈ രണ്ടു കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്. നാലു ഭാര്യമാരെയും, അതിനുപുറമെ അടിമ ധര്‍മ്മിണികളെയും – ആവശ്യംവന്നാല്‍ സ്വീകരിച്ചുകൊള്ളുവാന്‍ – ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധമായ വിശദനിയമങ്ങളും, നിബന്ധകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളിലും ഫിഖ്ഹിന്റെ (കര്‍മ്മശാസ്ത്രത്തിന്റെ) ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ബഹുഭാര്യത്വം പഴഞ്ചനും, അപരിഷ്കൃതവഴക്കവുമാണെന്നു ഘോഷിച്ചുകൊണ്ടോ, അല്ലെങ്കില്‍ നാട്ടാചാരമോ മതാചാരമോ അനുവദിക്കായ്ക നിമിത്തമോ അനഭിലഷണീയമായ പ്രേമബന്ധങ്ങളെയും, വ്യഭിചാര ശാലകളെയും അഭയം പ്രാപിക്കുവാന്‍ നിര്‍ബ്ബന്ധിമാകുന്ന ഇന്നത്തെ ആധുനിക ലോക സമ്പ്രദായം, ഇസ്‌ലാമിക നിയമത്തെ കൂടുതല്‍ യുക്ത്മാക്കിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്.
مَا مَلَكَتْ أَيْمَانُهُمْ എന്ന വാക്കിനാണ് ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു തര്‍ജ്ജമ കൊടുത്തത്. അവര്‍ ഉടമപ്പെടുത്തി എന്ന ഉദ്ദേശ്യത്തിലുള്ള ഒരു അലങ്കാര പ്രയോഗം (مجاز) ആണിത്. യുദ്ധത്തില്‍ പിടിക്കപ്പെട്ടശേഷം, അടിമകളാക്കി അധീനത്തില്‍ വെക്കപ്പെട്ടവര്‍ക്കു – സ്ത്രീയായാലും പുരുഷനായാലും – ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു പറയപ്പെടും. ഇതു ഖുര്‍ആനിലും, മറ്റു പലേടത്തും സാധാരണ കാണപ്പെടുന്ന ഒരു പ്രയോഗ ശൈലിയാകുന്നു. അവരുടെ ഉടമസ്ഥാവകാശമെന്ന അര്‍ത്ഥത്തില്‍ ملك اليمين (വലങ്കൈയിന്റെ ഉടമസ്ഥത) എന്നും അറബിയില്‍ പറയപ്പെടുന്നതാണ്. കൂടുതല്‍ വിവരം ഈ സൂറയുടെ അവസാനം ചേര്‍ത്ത 1-ാം വ്യാഖ്യാനക്കുറിപ്പില്‍ കാണാം.
5ഉം 6ഉം ഗുണങ്ങളായി പ്രസ്താവിച്ചതു: വിശ്വസ്തതകളെയും, കരാറുകളെയും അവര്‍ പാലിക്കുമെന്നുള്ളതാണ്. മറ്റുള്ളവര്‍ ഏല്‍പിച്ചതോ, സ്വയം ഏറ്റെടുത്തതോ, സ്വയം ചെയ്യുമെന്നു മറ്റുള്ളവരാല്‍ വിശ്വസിക്കപ്പെടുന്നതോ ആയ കാര്യങ്ങളെല്ലാം أَمَانَات (വിശ്വസ്തതകള്‍) എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. അതുപോലെത്തന്നെ, മനുഷ്യര്‍ തമ്മിലുള്ളതും, അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ളതുമായ വിശ്വസ്തതകളും ഇതില്‍ അടങ്ങുന്നു. മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങളും, കരാറുകളുമെല്ലാം عَهْد (ഉടമ്പടി) എന്ന വാക്കിലും ഉള്‍പ്പെടും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-
آيَةُ الْمُنَافِقِ ثَلاثٌ : إِذَا حَدَّثَ كَذَبَ ، وَإِذَا وَعَدَ أَخْلَفَ ، وَإِذَا ائْتُمِنَ خَانَ : البجاري وغيره
(കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്: അവന്‍ സംസാരിക്കുമ്പോള്‍ കളവു പറയും, വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കും, വിശ്വസിക്കപ്പെട്ടാല്‍ ചതിക്കും). ഇവ മൂന്നും പരസ്പരബന്ധമുള്ള കാര്യങ്ങാണല്ലോ.
7-ാമത്തെ ഗുണമായി നമസ്കാരത്തിന്റെ കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. അഥവാ അവര്‍ നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചു വരുന്നവരാണെന്നു്. നമസ്കാരത്തില്‍ ആചരിക്കേണ്ടുന്ന കാര്യങ്ങള്‍ സൂക്ഷ്മമായും, കൃത്യമായും പാലിക്കുക, അതില്‍ അനുഷ്ഠിക്കേണ്ടുന്ന മര്യാദകള്‍ ഗൗനിക്കുക, കൃത്യസമയത്തും ചിട്ടയോടുകൂടിയും അനുഷ്ഠിക്കുക – ചുരുക്കത്തില്‍ നമസ്കാരം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമയും കര്‍മ്മവുമാണെന്ന ബോധത്തോടുകൂടി പ്രവര്‍ത്തിക്കുക – ഇതെല്ലാമാണ് നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക എന്നതിന്റെ സാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു:-
اعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلاةُ , وَلا يُحَافِظُ عَلَى الْوُضُوءِ إِلا مُؤْمِنٌ : مالك وأحمد
(നിങ്ങള്‍ കര്‍മ്മം ചെയ്യുവിന്‍. നിങ്ങളുടെ കര്‍മ്മങ്ങളില്‍ ഉത്തമമായതു നമസ്കാരമാകുന്നു. സത്യവിശ്വാസിയല്ലാതെ ‘വുള്വു’വിന്റെ കാര്യത്തില്‍ സൂക്ഷിച്ചു പോരുകയില്ല). ‘വുള്വു’ ചെയ്യുകയെന്നതു നമസ്കാരത്തിന് ഒഴിച്ചുകൂടാത്തതാണല്ലോ. അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറയുന്നു:
سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فقُلْتُ : يا رسولُ الله أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ الصَّلَاةُ عَلَى وَقْتِهَا قُلْتُ : ثُمَّ أَيٌّ قَالَ بِرُّ الْوَالِدَيْنِ قُلْتُ : ثُمَّ أَيٌّ قَالَ الْجِهَادُ فِي سَبِيلِ اللَّهِ – رواه الشيخان
(ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ഇങ്ങിനെ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിങ്കല്‍ അധികം ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?’ അവിടുന്നു പറഞ്ഞു: ‘നമസ്കാരം അതിന്റെ സമയത്തു ചെയ്യലാണ്. ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്നു പറഞ്ഞു: ‘മാതാപിതാക്കള്‍ക്കു ഗുണം ചെയ്യലാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.’)
മേല്‍ കണ്ട ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികളുടെ വിജയസിദ്ധിയെപ്പറ്റി ‘അക്കൂട്ടരാണ് അനന്തരാവകാശികള്‍’ എന്നത്രെ അല്ലാഹു പറയുന്നത്. അതെ, സ്വര്‍ഗ്ഗലോകത്തുവെച്ച് ഏറ്റവും ഉന്നതമായ ‘ഫിര്‍ദൗസ്’ (പറുദീസാ) എന്ന സ്വര്‍ഗ്ഗത്തിന് അര്‍ഹരായവര്‍. അവരതില്‍ നിത്യവാസികളാണ്, ആ മഹാ വിജയം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതിനു വിരാമമില്ല. സ്വര്‍ഗ്ഗം നശിക്കുകയാകട്ടെ, അവര്‍ മരണപ്പെടുകയാകട്ടെ – ഒന്നുംതന്നെ – സംഭവിക്കുകയില്ല. ഇങ്ങിനെയുള്ള വിജയികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! ആമീന്‍.
- وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ﴾١٢﴿
- തീര്‍ച്ചയായും, മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്തുകൊണ്ടു സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു;
- وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചുണ്ടാക്കി الْإِنسَانَ മനുഷ്യനെ مِن سُلَالَةٍ സത്തില്‍നിന്നു مِّن طِينٍ കളിമണ്ണില്‍നിന്നുള്ള.
- ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴾١٣﴿
- പിന്നീടു, നാം അവനെ ഭദ്രമായ ഒരു ഭവനത്തില്‍ (ഗര്‍ഭാശയത്തില്‍) ശുക്ലബിന്ദുവാക്കി വെച്ചു;
- ثُمَّ جَعَلْنَاهُ പിന്നെ നാം അവനെ ആക്കി نُطْفَةً ശുക്ലബിന്ദു, ഇന്ദ്രിയത്തുള്ളി فِي قَرَارٍ ഒരു ഭവനത്തില്‍, താവളത്തില്‍ مَّكِينٍ ഭദ്രമായ, ഉറപ്പുള്ള.
- ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ﴾١٤﴿
- പിന്നെ, ശുക്ലബിന്ദുവെ രക്തപിണ്ഡമാക്കി സൃഷ്ടിച്ചു; പിന്നീടു രക്തപിണ്ഡത്തെ മാംസ്പിണ്ഡമായും സൃഷ്ടിച്ചു; പിന്നെ, മാംസപിണ്ഡത്തെ നാം എല്ലുകളാക്കി (അസ്ഥികൂടമായി) സൃഷ്ടിച്ചു; അനന്തരം എല്ലുകള്‍ക്കു നാം മാംസം ധരിപ്പിച്ചു; പിന്നീടു, നാം അതിനെ മറ്റൊരു സൃഷ്ടിയായി ഉത്ഭവിപ്പിച്ചു. അപ്പോള്‍, ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു.
- ثُمَّ خَلَقْنَا പിന്നെ നാം സൃഷ്ടിച്ചു النُّطْفَةَ ശുക്ലബിന്ദുവെ, ഇന്ദ്രിയത്തുള്ളിയെ عَلَقَةً രക്തപിണ്ഡമായി, രക്തക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْعَلَقَةَ രക്തപിണ്ഡത്തെ مُضْغَةً മാംസപിണ്ഡമായി, മാംസക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْمُضْغَةَ മാംസപിണ്ഡത്തെ عِظَامًا എല്ലുകളായി فَكَسَوْنَا എന്നിട്ടു നാം ധരിപ്പിച്ചു الْعِظَامَ എല്ലുകള്‍ക്കു لَحْمًا മാംസം, ഇറച്ചി ثُمَّ أَنشَأْنَاهُ പിന്നെ അവനെ നാം ഉത്ഭവിപ്പിച്ചു, ഉണ്ടാക്കി خَلْقًا آخَرَ മറ്റൊരു സൃഷ്ടിയായി فَتَبَارَكَ അപ്പോള്‍ അനുഗ്രഹ സമ്പൂര്‍ണ്ണനായി, നന്മയേറിയവനായി, മേന്മയേറിയവനായി اللَّـهُ അല്ലാഹു أَحْسَنُ الْخَالِقِينَ സൃഷ്ടാക്കളില്‍ ഏറ്റവും നല്ലവനായ (ഏറ്റവും നല്ല സൃഷ്ടാവായ).
- ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ﴾١٥﴿
- പിന്നീടു, നിശ്ചയമായും നിങ്ങള്‍, അതിനുശേഷം മൃതദേഹങ്ങളാകുന്നു.
- ثُمَّ إِنَّكُم പിന്നെ നിശ്ചയമായും നിങ്ങള്‍ بَعْدَ ذَٰلِكَ അതിനുശേഷം لَمَيِّتُونَ മൃതദേഹങ്ങളാകുന്നു, മരണപ്പെട്ടു പോകുന്നവര്‍ തന്നെയാണ്.
- ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ ﴾١٦﴿
- പിന്നെയും ഖിയാമത്തുനാളില്‍, നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്.
- ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ تُبْعَثُونَ നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നു, പുനര്‍ജീവിപ്പിക്കപ്പെടുന്നു.
സൂറത്തുല്‍ ഹജ്ജ് 5-ാം വചനത്തില്‍ കണ്ടതുപോലെ, മനുഷ്യസൃഷ്ടിയെ സംബന്ധിച്ചുള്ള ഒരു വിവരണമാണ് ഇവിടെയുമുള്ളത്. അതിന്റെ വിശദീകരണം അവിടെ കഴിഞ്ഞുപോയിട്ടുണ്ട്. മനുഷ്യസൃഷ്ടിയുടെ തുടക്കത്തെപ്പറ്റി അവിടെ ‘മണ്ണില്‍നിന്നു’ ( مِّن تُرَابٍ) എന്നാണ് പറഞ്ഞത്. ഇവിടെ ‘കളിമണ്ണിന്റെ സത്തില്‍നിന്ന്’ (مِن سُلَالَةٍ مِّن طِينٍ) എന്നു പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആദ്യപിതാവായ ആദം (عليه الصلاة والسلام) നബിയെ മണ്ണില്‍ നിന്നുതന്നെ സൃഷ്ടിച്ചതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. കുഴഞ്ഞമാവുപോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരു തരം സത്തില്‍ നിന്ന് ആദം (عليه الصلاة والسلام) സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം. പിന്നീട് ഇന്ദ്രിയ ബീജം വഴിയുള്ള മനുഷ്യോല്‍പാദനം രൂപംകൊള്ളുകയും, ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളില്‍ നിന്നുള്ള ശുക്ലബീജം മാതാക്കളുടെ ഗര്‍ഭാശയത്തില്‍ സ്ഥലം പിടിക്കുന്നതിനെയാണ് ‘ഭദ്രമായ താവളത്തില്‍വെച്ചു’ എന്നു പറഞ്ഞത്. മാംസപിണ്ഡത്തില്‍ ക്രമേണ അസ്ഥിക്കൂടം രൂപപ്പെടുത്തുകയും, അസ്ഥികളില്‍ മാംസം ധരിപ്പിച്ച് ഒരു പുതിയ സൃഷ്ടിയായി – അംഗങ്ങളും, ഇന്ദ്രിയശക്തികളും തികഞ്ഞ ഒരു പൂര്‍ണ്ണമനുഷ്യനായി – പുറത്തുകൊണ്ടുവരികയും ചെയ്തതിനെപ്പറ്റി സൂ: ഹജ്ജില്‍ പ്രസ്താവിച്ചത് ثُمَّ نُخْرِجُكُمْ طِفْلًا (പിന്നെ നാം, നിങ്ങളെ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു) എന്നായിരുന്നു. ഏതായാലും മുന്‍കാലങ്ങളില്‍ മിക്കവാറും അജ്ഞാതമായിരുന്നതും, ക്രിസ്താബ്ദം 19-ാം നൂറ്റാണ്ടിലെ ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയതുമായ ഗര്‍ഭശാസ്ത്രവിജ്ഞാനങ്ങള്‍, ഖുര്‍ആന്‍ മുമ്പേ പ്രസ്താവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ പ്രസ്താവനയില്‍ വല്ല വ്യത്യാസവും ഉള്ളതായി ശാസ്ത്രത്തിനു കണ്ടുപിടിക്കുവാനോ തെളിയിക്കുവാനോ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.
അനേകം സ്ഥിതിമാറ്റങ്ങള്‍ക്ക് വിധേയമായ മനുഷ്യോല്‍ഭവചരിത്രം വിവരിച്ചതില്‍നിന്ന് അവന്റെ മരണാനന്തരജീവിതത്തിലേക്കു അവനു പാഠം ലഭിക്കേണ്ടതുണ്ടെന്ന് അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു. വീണ്ടും അവന്റെ സൃഷ്ടിമാഹാത്മ്യങ്ങള്‍ക്കുള്ള പല ദൃഷ്ടാന്തങ്ങളും എടുത്തുകാണിക്കുകയും ചെയ്യുന്നു:-
- وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَٰفِلِينَ ﴾١٧﴿
- തീര്‍ച്ചയായും, നിങ്ങള്‍ക്കുമീതെ നാം ഏഴു മാര്‍ഗ്ഗങ്ങള്‍ (വാനങ്ങള്‍) സൃഷ്ടിച്ചിട്ടുണ്ട്; സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല.
- وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു فَوْقَكُمْ നിങ്ങളുടെ മീതെ سَبْعَ طَرَائِقَ ഏഴു മാര്‍ഗ്ഗങ്ങളെ وَمَا كُنَّا നാം ആയിരുന്നില്ല, നാം അല്ല عَنِ الْخَلْقِ സൃഷ്ടിയെപ്പറ്റി, സൃഷ്ടികളെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
طَرَائِق എന്ന പദത്തിനാണ് ‘മാര്‍ഗ്ഗങ്ങള്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഖുര്‍ആനില്‍ ആകാശങ്ങളുടെ സൃഷ്ടിയെപ്പറ്റി സൂറത്തുല്‍ മുല്‍ക് 3ലും, സൂറത്ത് നൂഹ് 15ലും سَبْعَ سَمَاوَاتٍ طِبَاقًا (അടുക്കായി – അല്ലെങ്കില്‍ തട്ടുതട്ടായി – ഏഴാകാശങ്ങള്‍) എന്നു പറയുന്നു. 65:12; 41:12 മുതലായ പല സ്ഥലങ്ങളിലും سَبْعَ سَمَاوَات (ഏഴു ആകാശങ്ങള്‍) എന്നു പറഞ്ഞുകാണാം. ‘ഏഴു ഗ്രഹമാര്‍ഗ്ഗങ്ങളായിരുന്നു (*) മുന്‍കാലത്തുള്ളവര്‍ക്കു അറിയപ്പെട്ടിരുന്നത്, അതനുസരിച്ചാണ് ‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പ്രസ്താവിച്ചത്, ഇപ്പോള്‍ കൂടുതല്‍ ഗ്രഹമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ – അഥവാ ആകാശങ്ങള്‍ – ഉണ്ടെന്നു വന്നിരിക്കുന്നു.’ എന്നിങ്ങിനെയാണ് ചിലര്‍ പറയുന്നത്. ഇതൊരു സ്വീകാര്യമായ വ്യാഖ്യാനമായി എടുക്കുവാന്‍ തരമില്ല തന്നെ. ഈ ആയത്തില്‍ ‘മാര്‍ഗ്ഗങ്ങള്‍’ (طَرَائِق) എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഇവിടെ ഒരുപക്ഷെ അങ്ങനെ ഒരു വ്യാഖ്യാനം കൊടുക്കാമെന്നു സമ്മതിച്ചേക്കുക, എന്നാല്‍:-
(*).ഇതിനെപ്പറ്റി സൂറ: അമ്പിയാഇല്‍ വിവരിച്ചിട്ടുണ്ട്.
‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പലപ്രാവശ്യം പ്രസ്താവിക്കുകയും, ചിലേടത്തു ‘അടുക്കുകളായ നിലയില്‍ ഏഴു ആകാശങ്ങള്‍’ എന്നു വ്യക്തമായിപ്പറയുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവയില്‍ ഒന്നിനെപ്പറ്റി السَّمَاءَ الدُّنْيَا (ഏറ്റവും അടുത്ത ആകാശം) എന്നും (67:5; 37:6) പറയുന്നു. ആകാശം ഒരു കെട്ടിടം (بِنَاء) പോലെയാണെന്നും (40:64; 2:22) അതു പറയുന്നു. ഇതെല്ലാം മുമ്പില്‍വെച്ചുകൊണ്ടു മേല്‍പറഞ്ഞതുപോലെയുള്ള ഒരു വ്യാഖ്യാനം ഈ ആയത്തുകള്‍ക്കെല്ലാം നല്‍കുന്നത് കേവലം കണ്ണടച്ചു ഇരുട്ടാക്കുന്നതിനു സമമാണ്. ശാസ്ത്രത്തിനു അതതു കാലത്തു ലഭിക്കുന്ന അറിവിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ തുനിയുന്നതു പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. അതുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ച ഏഴാകാശം കൊണ്ടുള്ള ഉദ്ദേശ്യം ശാസ്ത്രദൃഷ്ട്യാ ഇതുവരെ നമുക്കു മനസ്സിലായിട്ടില്ല. അതിന്റെ യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം എന്നു പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഇത്തരം കാര്യങ്ങളെല്ലാം കേവലം അലങ്കാരപ്രയോഗമോ സാമാന്യവിവരണമോ മാത്രമാണെന്ന് ഊഹിച്ചു തൃപ്തിയടയുന്നതു തനി ബാലിശമാകുന്നു. ഖുര്‍ആന്‍ പ്രഖ്യാപിച്ച എത്രയോ കാര്യങ്ങള്‍, ആദ്യകാലങ്ങളില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നതിനുശേഷം, പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി അവ സൂക്ഷ്മവും വാസ്തവവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ട്. എല്ലാം അറിയുന്ന സൃഷ്ടാവിന്റെ വചനങ്ങള്‍ അങ്ങിനെയല്ലാതെ വരുമോ?! ശാസ്ത്രനിരീക്ഷണങ്ങളും, അതിന്റെ നേട്ടങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നല്ലാതെ, ഇതേവരെ സൃഷ്ടിരഹസ്യങ്ങള്‍ മുഴുവനും അതു കണ്ടുപിടിച്ചു കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ചയാണല്ലോ. ലോകാവസാന കാലത്തോളം അതു അവസാനിക്കയുമില്ല. ആകയാല്‍;-
ശാസ്ത്രത്തിന്റെ കാഴ്ച എത്തിച്ചേര്‍ന്നിട്ടില്ലാത്ത, അല്ലെങ്കില്‍ അതിന്റെ ദൃഷ്ടിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവണ്ണം, കൃത്യമായിത്തന്നെ ഏഴു ആകാശങ്ങള്‍. ഒന്നിനു മീതെ ഒന്നായിക്കൊണ്ട് – സ്ഥിതി ചെയ്യുന്നുണ്ടായിരിക്കുമെന്നുതന്നെ നമുക്ക് ഉറപ്പിക്കാം. ‘ഏറ്റവും (ഭൂമിയോട്) അടുത്ത ആകാശത്തെ നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിട്ടുള്ള’തായി ഖുര്‍ആന്‍ (67:5; 37:6) പ്രസ്താവിക്കുന്നു. ഇതില്‍നിന്നു, നക്ഷത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്ന ആകാശത്തിനപ്പുറത്തായി – അതിനും ഉപരിയിലായി – വേറെയും ആകാശങ്ങളുണ്ടെന്നു വരുന്നുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നുവരെയും അവയില്‍ ഒരു ആകാശത്തിന്റെ അവസാന അതിര്‍ത്തിവരെ മനുഷ്യന്റെ അറിവ് എത്തിക്കഴിഞ്ഞിട്ടില്ല എന്നതാണ് വസതുത. എന്നിരിക്കെ, അതിനപ്പുറമുള്ള അവസ്ഥയെപ്പറ്റി വിധി പറയുവാന്‍ മനുഷ്യന് എങ്ങിനെ കഴിയും?! ഏതു ശാസ്ത്രജ്ഞനും ഉപരിയായി അതിമഹാനായ ഒരു ശാസ്ത്രജ്ഞന്‍ നിലകൊള്ളുന്നുണ്ട് – അല്ലാഹു! വാസ്തവം അവന്നറിയാം. (وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ) ഈ ആയത്തിന്റെ അന്ത്യത്തില്‍തന്നെ ഇപ്പറഞ്ഞതിലേക്കുള്ള സൂചന കാണാം. ആകാശങ്ങള്‍, അവയിലുള്ള വസ്തുക്കള്‍ തുടങ്ങിയ സകല സൃഷ്ടികളുടെയും കാര്യങ്ങള്‍ ഗൗനിച്ചും, അറിഞ്ഞുംകൊണ്ടും തന്നെയാണ്, അവ സൃഷ്ടിച്ചിട്ടുള്ളത് എന്നത്രെ, وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ (സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല) എന്ന വാക്യം കുറിക്കുന്നത്.
- وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَٰدِرُونَ ﴾١٨﴿
- ഒരു (നിശ്ചിത) അളവില്‍ നാം ആകാശത്തുനിന്നു വെള്ളം (മഴ) ഇറക്കി അതിനെ ഭൂമിയില്‍ തങ്ങിനിറുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, അതു കൊണ്ടുപോകുവാന്‍ (വറ്റിച്ചു കളയുവാന്‍) നാം കഴിവുള്ളവരുമാകുന്നു.
- وَأَنزَلْنَا നാം ഇറക്കുകയും ചെയ്തിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്ന് مَاءً വെള്ളം (മഴ) بِقَدَرٍ ഒരു അളവു (തോതു, കണക്കു) അനുസരിച്ചു فَأَسْكَنَّاهُ എന്നിട്ടു നാം അതിനെ തങ്ങിനിറുത്തി, അടക്കി നിറുത്തി فِي الْأَرْضِ ഭൂമിയില്‍ وَإِنَّا നിശ്ചയമായും നാം عَلَىٰ ذَهَابٍ بِهِ അതിനെ കൊണ്ടുപോകുവാന്‍, പോക്കിക്കളയുവാന്‍ لَقَادِرُونَ കഴിവുള്ളവര്‍ തന്നെ.
- فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴾١٩﴿
- അങ്ങനെ, അതുകൊണ്ടു നാം നിങ്ങള്‍ക്കു ഈത്തപ്പനയുടെയും,മുന്തിരികളുടെയും തോട്ടങ്ങള്‍ ഉത്ഭവിപ്പിച്ചുതന്നു; അവയില്‍ നിങ്ങള്‍ക്കു ധാരാളം കായ്കനികളുണ്ട്; അവയില്‍നിന്നു നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു;-
- فَأَنشَأْنَا അങ്ങനെ നാം ഉണ്ടാക്കി لَكُم നിങ്ങള്‍ക്കു بِهِ അതുകൊണ്ടു, അതിനാല്‍ جَنَّاتٍ തോട്ടങ്ങള്‍ مِّن نَّخِيلٍ ഈത്തപ്പനയുടെ, ഈത്തപ്പനയാലുള്ള وَأَعْنَابٍ മുന്തിരികളുടെയും لَّكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അതില്‍ فَوَاكِهُ കായ്കനികള്‍, പഴവര്‍ഗ്ഗങ്ങള്‍ كَثِيرَةٌ ധാരാളം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു.
- وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْءَاكِلِينَ ﴾٢٠﴿
- സീനാപര്‍വ്വതത്തില്‍ നിന്നു ഉണ്ടാകുന്ന ഒരു (തരം) വൃക്ഷവും (ഉത്ഭവിപ്പിച്ചു); - അത് എണ്ണയും, തിന്നുന്നവര്‍ക്ക് കറിയുമായി ഉല്പാദിപ്പിക്കുന്നു.
- وَشَجَرَةً ഒരു വൃക്ഷവും تَخْرُجُ അതു ഉണ്ടാകും, പുറത്തുവരും مِن طُورِ سَيْنَاءَ സീനാപര്‍വ്വതത്തില്‍നിന്നു تَنبُتُ അതു ഉല്‍പാദിപ്പിക്കുന്നു بِالدُّهْنِ എണ്ണയുമായി وَصِبْغٍ കറിയും (കൂട്ടാനും), ചായവും لِّلْآكِلِينَ തിന്നുന്നവര്‍ക്കു, ഭക്ഷിക്കുന്നവര്‍ക്കു.
ഒലിവു (‘സൈത്തൂന്‍’) മരമാണ് ഈ വൃക്ഷം കൊണ്ടുദ്ദേശ്യം. അതിന്റെ പ്രധാന വിളവുസ്ഥലം സീനാപ്രദേശമാകുന്നു. ‘സൈത്തെണ്ണ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒലിവെണ്ണ നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ (തേങ്ങായെണ്ണ)യെപ്പോലെ ആ നാട്ടുകാര്‍ വിവിധ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. മരുന്നായും, ലേപനമായും, ഭക്ഷണത്തിനു കറിയായും, (കൂട്ടാനായും), വിളക്കെണ്ണയായും അത് ഉപയോഗിക്കുന്നു.
- وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴾٢١﴿
- നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്കു ചിന്താപാഠമുണ്ട്; അവയുടെ ഉദരങ്ങളില്‍നിന്നു നിങ്ങള്‍ക്കു നാം (പാല്‍) കുടിക്കുവാന്‍ തരുന്നു; നിങ്ങള്‍ക്കു അവയില്‍ വളരെ ഉപയോഗങ്ങളുണ്ട്; നിങ്ങള്‍ അവയില്‍ നിന്നു (ഭക്ഷണം) തിന്നുകയും ചെയ്യുന്നു;-
- وَإِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട് فِي الْأَنْعَامِ കന്നുകാലികളില്‍ لَعِبْرَةً ചിന്താപാഠം, ഉറ്റാലോചിക്കുവാനുള്ള വിഷയം نُّسْقِيكُم നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുന്നു, കുടിപ്പിക്കുന്നു مِّمَّا യാതൊന്നില്‍നിന്നു فِي بُطُونِهَا അവയുടെ ഉദരങ്ങളില്‍ (വയറുകളില്‍) ഉള്ള وَلَكُمْ നിങ്ങള്‍ക്കുണ്ടു فِيهَا അവയില്‍ مَنَافِعُ ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍ كَثِيرَةٌ വളരെ, അധികം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.
- وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ﴾٢٢﴿
- അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങള്‍ (യാത്രയില്‍) വഹിക്കപ്പെടുകയും ചെയ്യുന്നു.
- وَعَلَيْهَا അവയുടെ മേലും وَعَلَى الْفُلْكِ കപ്പലുകളിലും تُحْمَلُونَ നിങ്ങള്‍ വഹിക്കപ്പെടുന്നു (നിങ്ങളെ ചുമന്നുകൊണ്ടു പോകുന്നു).
അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങള്‍, ഈ ലോകവ്യവസ്ഥയിലടങ്ങിയ യുക്തിരഹസ്യങ്ങള്‍, പരലോക ജീവിതം ആദിയായവയ്ക്കുള്ള തെളിവുകള്‍ മൂന്നു മാര്‍ഗ്ഗങ്ങളില്‍കൂടി മനുഷ്യനെ വലയം ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. മനുഷ്യന്റെ ആദ്യന്തമുള്ള അസ്തിത്വത്തിന്റെ ചരിത്രം, അഥവാ ശരീരലോകം (عالم الانفس) തന്നെ അതിനു തെളിവാകുന്നു. അവന് പുറമെയുള്ള മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ബഹിര്‍ലോകവും (عالم الافاق) ആ സത്യങ്ങളുടെ സാക്ഷികളത്രെ. ബഹിര്‍ലോക സാക്ഷ്യങ്ങളില്‍ പ്രപഞ്ചവസ്തുക്കളുടെയും, അവയിലടങ്ങിയ പ്രകൃതിയുടെയും ലക്ഷ്യങ്ങളാകുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങളാ(الآيات الكافية)ണ് മറ്റൊന്നു്. ഇതാണ് രണ്ടാമത്തേത്. കഴിഞ്ഞുപോയ ജനതകളുടെ സ്ഥിതിഗതികളും, അനുഭവങ്ങളും അടങ്ങുന്ന ചരിത്രലക്ഷ്യങ്ങളത്രെ മൂന്നാമത്തേത്. ഇതിനെക്കുറിച്ച് أَيَّام اللَّـهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍ – അഥവാ പ്രവര്‍ത്തനങ്ങള്‍) എന്നു البراهين العملية (പ്രാവര്‍ത്തിക ലക്ഷ്യങ്ങള്‍) എന്നും പറയാറുണ്ട്. ഈ മൂന്നുവിധത്തിലുള്ള തെളിവുകളും ഖുര്‍ആനില്‍ മാറിമാറി വിവരിക്കപ്പെടുന്നതു കാണാം. 12 മുതല്‍ 16 വരെയുള്ള വചനങ്ങള്‍ മനുഷ്യന്റെ സ്വന്തം സൃഷ്ടികാര്യത്തെക്കുറിച്ചു ചിന്തിക്കുവാനും, 17 മുതല്‍ 22വരെ വചനങ്ങള്‍ പ്രപഞ്ചലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കുവാനും ഉല്‍ബോധിപ്പിക്കുന്നു. 23 തുടങ്ങി 50 വരെയും ചരിത്രസംഭവങ്ങളെയാണ് വിവരിക്കുന്നത്. ഇങ്ങിനെ, ആവര്‍ത്തിച്ചാവര്‍ത്തിച്ചും, മാറ്റിമാറ്റിയുംകൊണ്ടു ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുന്നതു നമ്മുടെ ബുദ്ധിയെയും, ചിന്തയെയും തട്ടിയുണര്‍ത്തുവാനല്ലാതെ മറ്റൊന്നിനുമല്ല.
വിഭാഗം - 2
- وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٢٣﴿
- നൂഹിനെ, നാം അദ്ദേഹത്തിന്റെ ജനതയുടെ അടുക്കലേക്കു് അയക്കുകയുണ്ടായി; എന്നിട്ട്, അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] ഇല്ല; അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ!?'
- وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്കു فَقَالَ എന്നിട്ടു അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا تَتَّقُونَ അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
- فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَٰٓئِكَةً مَّا سَمِعْنَا بِهَٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٢٤﴿
- അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു് അവിശ്വസിച്ചവരായ പ്രമുഖസംഘം പറഞ്ഞു: '(ജനങ്ങളേ!) ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെന്നല്ലാതെ (മറ്റൊന്നും) അല്ല; തനിക്കു നിങ്ങളുടെമേല്‍ ശ്രേഷ്ഠത ലഭിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ മലക്കുകളെ(ത്തന്നെ) ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വ്വികന്മാരായ പിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടില്ല.
- فَقَالَ الْمَلَأُ അപ്പോള്‍ പ്രമുഖസംഘം (പ്രധാനികളായവര്‍) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ തന്റെ ജനതയില്‍നിന്നു مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَتَفَضَّلَ അവനു ശ്രേഷ്ഠത ലഭിക്കുവാന്‍, അവന്‍ ശ്രേഷ്ഠനാകുവാന്‍ عَلَيْكُمْ നിങ്ങളുടെമേല്‍ وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَأَنزَلَ അവന്‍ ഇറക്കുക തന്നെ ചെയ്തിരുന്നു مَلَائِكَةً മലക്കുകളെ مَّا سَمِعْنَا നാം കേട്ടിട്ടില്ല بِهَـٰذَا ഇതിനെപ്പറ്റി فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്മാരായ.
- إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ ﴾٢٥﴿
- 'ഇവന്‍, ഭ്രാന്തുള്ള ഒരു പുരുഷന്‍ എന്നല്ലാതെ (ഒന്നും) അല്ല. ആകയാല്‍, അവനെ സംബന്ധിച്ചു കുറച്ചുകാലംവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍!'
- إِنْ هُوَ ഇവനല്ല, അവനല്ല إِلَّا رَجُلٌ ഒരു പുരുഷനല്ലാതെ بِهِ جِنَّةٌ അവനില്‍ ഭ്രാന്തുണ്ട് (അങ്ങിനെയുള്ള) فَتَرَبَّصُوا അതുകൊണ്ടു നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിച്ചുകൊള്ളുവിന്‍ بِهِ അവനെസംബന്ധിച്ചു حَتَّىٰ حِينٍ കുറച്ചു കാലംവരെ.
കുറെ കഴിയുമ്പോള്‍ അവന്‍ ഈ പുതിയ സംരംഭത്തില്‍നിന്ന് മടങ്ങിക്കൊള്ളും, അല്ലെങ്കില്‍ മരണപ്പെട്ടു പോകയോ മറ്റോ ചെയ്യും. അപ്പോള്‍ അവനെക്കൊണ്ടുള്ള ശല്യം നമുക്കു നീങ്ങിക്കിട്ടും, അതുവരെ ക്ഷമിക്കുക എന്നര്‍ത്ഥം. മേല്‍കണ്ട സംഭാഷണങ്ങള്‍ പെട്ടെന്ന് ഒരിക്കല്‍ നടന്ന സംഭവമല്ല. 950 കൊല്ലത്തോളം നൂഹ് നബി (عليه السلام) അദ്ദേഹത്തിന്റെ ജനതയെ സത്യദീനിലേക്ക് – തൗഹീദിലേക്ക് – ക്ഷണിച്ചുകൊണ്ടിരുന്നിട്ട് അവരില്‍നിന്നുണ്ടായ മറുപടിയുടെ രത്നച്ചുരുക്കമാണത്. അങ്ങനെ, അവരില്‍നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കുവാനില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം അല്ലാഹുവിന്റെ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി:-
- قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٢٦﴿
- അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ!'
- قَالَ അദ്ദേഹം പറഞ്ഞു رَبِّ انصُرْنِي എന്റെ റബ്ബേ എന്നെ സഹായിക്കേണമേ, രക്ഷിക്കേണമേ بِمَا كَذَّبُونِ അവര്‍ എന്നെ വ്യാജമാക്കി (കളവാക്കി)യതുകൊണ്ടു.
- فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ ﴾٢٧﴿
- അപ്പോള്‍, അദ്ദേഹത്തിന്നു നാം (ഇങ്ങിനെ) വഹ്-യു നല്‍കി: 'നമ്മുടെ നോട്ടത്തിലും, നമ്മുടെ ബോധനമനുസരിച്ചും നീ കപ്പല്‍ പണിയുക; എന്നിട്ടു, നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവുപൊട്ടി) ഒഴുകുകയും ചെയ്‌താല്‍. അപ്പോള്‍, എല്ലാ വസ്തുവില്‍നിന്നും ഈരണ്ട് ഇണകളെയും, നിന്റെ ആള്‍ക്കാരെയും അതില്‍ പ്രവേശിപ്പിച്ചു കൊള്ളുക - അവരില്‍ യാതൊരു കൂട്ടരുടെമേല്‍ മുമ്പ് (ശിക്ഷയുടെ) വാക്കു കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ - (അവരെ പ്രവേശിപ്പിക്കരുത്). അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍, നീ എന്നെ അഭിമുഖീകരിക്കരുത്; നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു.'
- فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു നല്‍കി إِلَيْهِ അദ്ദേഹത്തിന് أَنِ اصْنَعِ പണിയുക (ഉണ്ടാക്കുക) എന്നു الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ നോട്ടത്തില്‍, ദൃഷ്ടിയില്‍ وَوَحْيِنَا നമ്മുടെ വഹ്-യനുസരിച്ചും فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَمْرُنَا നമ്മുടെ കല്‍പന وَفَارَ ഒഴുകുകയും (പൊട്ടി ഒഴുകുകയും) ചെയ്‌താല്‍ التَّنُّورُ അടുപ്പ് فَاسْلُكْ അപ്പോള്‍ പ്രവേശിപ്പിക്കുക فِيهَا അതില്‍ مِن كُلٍّ എല്ലാ വസ്തുവില്‍ നിന്നും زَوْجَيْنِ اثْنَيْنِ ഈരണ്ടു ഇണകളെ وَأَهْلَكَ നിന്റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും إِلَّا مَن ഒരു കൂട്ടരൊഴികെ سَبَقَ മുമ്പ് കഴിഞ്ഞിരിക്കുന്നു عَلَيْهِ അവരുടെമേല്‍, അവരെ സംബന്ധിച്ചു الْقَوْلُ വാക്ക് مِنْهُمْ അവരില്‍നിന്ന് وَلَا تُخَاطِبْنِي നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോടു പറയരുതു) فِي الَّذِينَ യാതൊരു കൂട്ടരില്‍ (അവരുടെ കാര്യത്തില്‍) ظَلَمُوا അക്രമം പ്രവര്‍ത്തിച്ചിട്ടുള്ള إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ്.
- فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴾٢٨﴿
- അങ്ങനെ, നീയും, നിന്റെ കൂടെയുള്ളവരും കപ്പലില്‍കയറി ശരിപ്പെട്ടാല്‍, നീ പറയുക: 'അക്രമകാരികളായ ജനങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സര്‍വ്വസ്തുതിയും!'
- فَإِذَا اسْتَوَيْتَ അങ്ങനെ നീ ശരിപ്പെട്ടു കഴിഞ്ഞാല്‍ أَنتَ നീ وَمَن مَّعَكَ നിന്റെ കൂടെയുള്ളവരും عَلَى الْفُلْكِ കപ്പലില്‍ (കയറി) فَقُلِ അപ്പോള്‍ നീ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് الَّذِي نَجَّانَا നമ്മെ രക്ഷപ്പെടുത്തിയവനായ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ.
- وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ ﴾٢٩﴿
- 'എന്റെ റബ്ബേ! അനുഗ്രഹീതമായ ഒരു താവളത്തില്‍, എന്നെ നീ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!' എന്നും പറയുക.
- وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَنزِلْنِي നീ എന്നെ ഇറക്കിത്തരേണമേ مُنزَلًا ഒരു താവളത്ത്, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരല്‍ مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട وَأَنتَ നീയാകട്ടെ, നീ خَيْرُ الْمُنزِلِينَ ഇറക്കിത്തരുന്നവരില്‍ ഉത്തമനുമാണ്.
- إِنَّ فِى ذَٰلِكَ لَءَايَٰتٍ وَإِن كُنَّا لَمُبْتَلِينَ ﴾٣٠﴿
- നിശ്ചയമായും അതില്‍ (ആ സംഭവത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്; നിശ്ചയമായും, നാം പരീക്ഷിക്കുന്നവരാകുന്നു.
- إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ وَإِن كُنَّا നിശ്ചയമായും നാം ആകുന്നു لَمُبْتَلِينَ പരീക്ഷിക്കുന്നവര്‍.
കപ്പല്‍ നിര്‍മ്മിക്കേണ്ടുന്നവിധം എങ്ങിനെയാണെന്ന് അല്ലാഹു നൂഹ് (عليه السلام) നബിക്ക് അറിയിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിനു അത് മുമ്പ് പരിചയമില്ലല്ലോ. കപ്പല്‍ പണിതു കൊണ്ടിരിക്കുമ്പോള്‍, അവിശ്വാസികള്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നതായി സൂറത്ത് ഹൂദില്‍ (38ല്‍) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദ്ദേശത്തോടും, പ്രത്യേക കാവലോടുംകൂടി ഉണ്ടാക്കുക എന്നാണ് ‘നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പല്‍ പണിയുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ‘അടുപ്പു ഒഴുകി’ എന്ന അര്‍ത്ഥം കൊടുത്തത് فَارَ التَّنُّورُ എന്ന വാക്യത്തിനാണ്. فَارَ എന്ന ക്രിയക്ക് കവിഞ്ഞൊഴുകി, കിളറി, വമിച്ചു, പൊട്ടിഒഴുകി എന്നൊക്കെ അര്‍ത്ഥം വരാം. تَنُّور എന്നാല്‍ ചൂള, അടുപ്പ്, അപ്പക്കൂട് (അപ്പച്ചൂള) എന്നും അര്‍ത്ഥം. ഈ വാക്യത്തിനു ഒന്നിലധികം സാരം കല്‍പിക്കപ്പെട്ടു കാണാം. ‘അടുപ്പില്‍ കൂടി ഉറവുപൊട്ടി ഒഴുകിയാല്‍’ എന്ന സാരമാണ് അധിക വ്യാഖ്യാതാക്കളും നല്‍കുന്നത്. ‘ഭൂമുഖം ഉറവു പൊട്ടി ഒഴുകിയാല്‍’ എന്നും ചിലര്‍ സാരം കല്‍പിക്കുന്നു. ‘യുദ്ധം മൂര്‍ദ്ധന്യത്തിലെത്തി’ എന്ന ഉദ്ദേശ്യത്തില്‍ حي الوطيس (അടുപ്പ് പതച്ചു) എന്നു പറയാറുണ്ട്. ഇതുപോലെ, ‘കാര്യം ഗൗരവത്തിലെത്തിയാല്‍’ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചതാണ് ആ വാക്യമെന്ന് വേറെ ചില വ്യാഖ്യാതാക്കളും പറയുന്നു. വാസ്തവത്തില്‍ ഈ മൂന്ന് അഭിപ്രായവും താല്‍പര്യത്തില്‍ വ്യത്യസ്തങ്ങളല്ല കാരണം: ജലപ്രളയത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ അപ്പോള്‍ കപ്പലില്‍ കയറിക്കൊള്ളണമെന്നാണ് ഈ മൂന്നു വ്യാഖ്യാനവും കാണിക്കുന്നത്. ഭൂമിയില്‍ ഒന്നായി ഉറവുപൊടിയുകയോ, ആകാശത്തുനിന്നു അതിവര്‍ഷമുണ്ടാകുകയോ ചെയ്യുമ്പോള്‍, ഭൂമുഖവും അടുപ്പം വെള്ളം വമിക്കുകയും, കാര്യം ഗൗരവത്തിലെത്തുകയും ചെയ്യുമെന്ന് വ്യക്തമാണല്ലോ. കപ്പലില്‍ കയറേണ്ടുന്ന സമയത്തിന് ഒരു പ്രത്യേക അടയാളമായി നിശ്ചയിക്കപ്പെട്ടിരുന്നതാണ് അടുപ്പില്‍നിന്നും ഉറവുപൊടിയല്‍ എന്നും ചിലര്‍ പറഞ്ഞുകാണുന്നു. الله أعلم
എല്ലാ ജീവികളില്‍നിന്നും ഈരണ്ട് ഇണകള്‍ ഓരോ ആണും പെണ്ണും – വീതവും, തന്റെ ആള്‍ക്കാരായ സത്യവിശ്വാസികളെയും കപ്പലില്‍ കയറ്റിക്കൊള്ളുവാന്‍ നൂഹ് നബി (عليه السلام) യോട് അല്ലാഹു കല്‍പിച്ചു. അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ വളരെ കുറച്ചാളുകള്‍ മാത്രമായിരുന്നുവെന്നും, തന്റെ ഒരു മകനും ഭാര്യയും അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷക്ക് പാത്രങ്ങളാണെന്നു മുമ്പേ നിശ്ചയിക്കപ്പെട്ട അവിശ്വാസികളെപ്പറ്റിയാണ് إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ (മുമ്പ് വാക്ക് കഴിഞ്ഞുപോയവരൊഴികെ) എന്ന് പ്രസ്താവിച്ചത്, ‘അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കരുത്’ എന്നു പറഞ്ഞതും അവരെപ്പറ്റിത്തന്നെ. അവര്‍ക്കു രക്ഷ നല്‍കുവാന്‍ അപേക്ഷിക്കരുതെന്നു സാരം. കപ്പലില്‍, അദ്ദേഹത്തിന്റെ മക്കളായ, സാം, ഹാം, യാഫേഥ് (سام, حام, يافث) എന്നിവരും, അവരുടെ ഭാര്യമാരും, തന്റെ ഒരു ഭാര്യയും അടക്കം ആകെ 80 പേരാണുണ്ടായിരുന്നതെന്നും, പിന്നീടുള്ള മനുഷ്യരെല്ലാം ഇവരുടെ സന്തതികളായി പിറന്നവരാണെന്നും ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: الله أعلم
ജലപ്രളയം അവസാനിക്കുകയും, അവിശ്വാസികള്‍ നശിക്കുകയും ചെയ്തശേഷം, കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യുവാനും അല്ലാഹു അദ്ദേഹത്തെ ഉപദേശിക്കുന്നതാണ് 28ഉം 29ഉം വചനങ്ങളില്‍ കാണുന്നത്. കപ്പല്‍ ചെന്നണഞത് ജൂദീമല (الجودي)യിലാണെന്നും സൂ: ഹൂദ് 44ല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇത് പേര്‍ഷ്യന്‍ ഇറാഖിനും, തുര്‍ക്കിക്കും ഇടയില്‍ അറാറാത്ത് പ്രദേശങ്ങളിലാകുന്നു. (*). അവസാനമായി, ഈ ചരിത്രസംഭവത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ 30-ാം വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
(*). അറാറാത്ത് പ്രദേശം പടം 6ല്‍ കാണാം. ഇപ്പോള്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ചില ഗവേഷണങ്ങളാല്‍ നൂഹ് (عليه السلام) നബിയുടെ കപ്പലിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഈയിടെ ലഭിക്കുകയുണ്ടായിട്ടുണ്ടെന്ന് ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രസംക്ഷേപത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.
- ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ ﴾٣١﴿
- പിന്നീട്, അവരുടെ ശേഷം, നാം വേറെ ഒരു തലമുറയെ ഉല്‍ഭവിപ്പിച്ചു;-
- ثُمَّ أَنشَأْنَا പിന്നെ നാം ഉല്‍ഭവിപ്പിച്ചു, ഉണ്ടാക്കി مِن بَعْدِهِمْ അവരുടെശേഷം قَرْنًا ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ) آخَرِينَ വേറെ, വേറെ ആളുകളായ.
- فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٣٢﴿
- എന്നിട്ട്, അവരില്‍നിന്നുതന്നെ ഒരു റസൂലിനെ അവരില്‍ നാം അയച്ചു: 'നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍, നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!' എന്നു (അദ്ദേഹം പറഞ്ഞു).
- فَأَرْسَلْنَا എന്നിട്ടു നാം അയച്ചു فِيهِمْ അവരില്‍ رَسُولًا مِّنْهُمْ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ, ദൂതനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ, അവനല്ലാത്ത أَفَلَا تَتَّقُونَ എന്നാല്‍ (അതിനാല്‍) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
നൂഹ് നബി (عليه السلام)യുടെ കാലത്തുണ്ടായ ജലപ്രളയം ലോകത്തെ മുഴുവന്‍ ബാധിച്ചിരുന്നുവോ? അദ്ദേഹത്തിന്റെ ജനതയല്ലാതെ വേറെ ജനത ഭൂമുഖത്തുണ്ടായിരുന്നുവോ? ഇതിനെപ്പറ്റി ഖണ്ഡിതമായ തീരുമാനമെടുക്കുവാന്‍ ലക്ഷ്യങ്ങളില്ല. നൂഹ് (عليه السلام) നബിയുടെ ജനത അധിവസിച്ചിരുന്നത് പ്രാചീന ഇറാഖിലെ ബാബിലോണ്യ (*) യിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആകയാല്‍ ജലപ്രളയം അവിടെമാത്രം ബാധിച്ചിരിക്കുവാനാണ് കൂടുതല്‍ ഹിതമുള്ളത്. ഖുര്‍ആന്റെ (37:77; 10:73 എന്നീ) പ്രസ്താവനകളില്‍ നിന്നു് അദ്ദേഹത്തിന്റെ ഒന്നിച്ചു കപ്പലില്‍ രക്ഷപ്പെട്ടവരില്‍നിന്നാണ് പിന്നീട് ജനസമുദായങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു് അനുമാനിക്കുവാനിടയുണ്ട്. ഇവിടെ 31-ാം വചനത്തിന്റെ സാരവും അതായിക്കൂടെന്നില്ല. അല്ലാഹുവിനറിയാം. ബാബിലോണ്യാ പ്രദേശങ്ങളിലാണ് ആദ്യം ജനവാസമുണ്ടായിട്ടുള്ളതെന്നു ചരിത്രകാരന്‍മാരില്‍ ചിലര്‍ക്ക് അഭിപ്രായമുള്ളതും ഇവിടെ സ്മരണീയമാണ്. ഏതായാലും ഒരു സമുദായമെന്ന നിലക്ക് നൂഹ് (عليه السلام) നബിയുടെ മുമ്പ് ഒരു ജനത ഉണ്ടായിരുന്നതായി ഖുര്‍ആനില്‍ നിന്നു് മനസ്സിലാവുന്നില്ല. പൂര്‍വ്വകാലനബിമാരുടെയും, സമുദായങ്ങളുടെയും ചരിത്രങ്ങള്‍ വിവരിക്കുമ്പോള്‍ അധികസ്ഥലത്തും, നൂഹ് (عليه السلام)ന്റെ ചരിത്രംകൊണ്ട് തുടങ്ങി ഈസാ (عليه السلام) യുടെ ചരിത്രം കൊണ്ടവസാനിക്കുക ഖുര്‍ആന്റെ പതിവാണ്. ഈ സൂറത്തിലും അങ്ങിനെയാണുള്ളത്.
(*). പടം 6 നോക്കുക.
قَرْن എന്ന വാക്കിനാണ് ‘തലമുറ’ എന്നു് അര്‍ത്ഥം കല്‍പിച്ചത്. ‘നൂറ്റാണ്ട്, ദീര്‍ഘകാലം’ എന്നും മറ്റും അതിന് അര്‍ത്ഥങ്ങളുണ്ട്. എങ്കിലും, ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍, ഒരു പ്രത്യേക സംസ്കാരവും സ്വഭാവവുമുള്ള സമുദായം എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചു കാണുന്നത്. നൂഹ് നബി (عليه السلام) യുടെ ശേഷം ഉല്‍ഭവിച്ചതായി ഈ വചനത്തില്‍ പ്രസ്താവിച്ച തലമുറ – അല്ലെങ്കില്‍ സമുദായം – ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. സൂ: അഅ്റാഫ് 69-ല്‍, ‘ആദു’ ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ പ്രവാചകനായ ഹൂദ് നബി (عليه السلام) ഇങ്ങിനെ പറയുന്നു: ‘നിങ്ങളെ അല്ലാഹു, നൂഹിന്റെ ജനതക്കുശേഷം പിന്‍ഗാമികളാക്കിയിട്ടുള്ളത് ഓര്‍ക്കുവിന്‍’ ( وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ). അതുകൊണ്ട്, ഇവിടെയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആദ് സമുദായവും ഹൂദ് (عليه السلام) നബിയും ആണെന്നു മനസ്സിലാക്കാം. ഇവരുടെ വാസസ്ഥലം യമന്‍ പ്രദേശങ്ങളില്‍ (*) അഹ്ഖാഫ് (الاحقاف) എന്ന പേരില്‍ അറിയപ്പെടുന്നു. പരലോകജീവിതത്തില്‍ വിശ്വാസമില്ലാത്തവരും, ബഹുദൈവാരാധകന്‍മാരുമായിരുന്നു ആ ജനത. അവരും തങ്ങളുടെ പൂര്‍വ്വികന്‍മാരുടെ നിലതന്നെ കൈകൊണ്ടു:-
(*). പടം 8 നോക്കുക.