വിഭാഗം - 6

23:93
 • قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ ﴾٩٣﴿
 • (നബിയേ,) പറയുക: 'റബ്ബേ! ഇവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ [ശിക്ഷയെ] വല്ലപ്പോഴും നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,-
 • قُل പറയുക رَّبِّ എന്റെ റബ്ബേ إِمَّا تُرِيَنِّي നീ എനിക്കു (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കില്‍ مَا يُوعَدُونَ അവരോടു താക്കീതു ചെയ്യപ്പെടുന്നതു
23:94
 • رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٩٤﴿
 • എന്റെ റബ്ബേ - അപ്പോള്‍ എന്നെ (ഈ) അക്രമികളായ ജനങ്ങളില്‍ നീ പെടുത്തരുതേ!'
 • رَبِّ എന്റെ റബ്ബേ, രക്ഷിതാവേ فَلَا تَجْعَلْنِي അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ) فِي الْقَوْمِ ജനങ്ങളില്‍ الظَّالِمِينَ അക്രമികളായ
23:95
 • وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَـٰدِرُونَ ﴾٩٥﴿
 • നിശ്ചയമായും നാമാകട്ടെ; അവരോട് നാം താക്കീത് ചെയ്യുന്നതിനെ നിനക്ക് കാട്ടിത്തരുവാന്‍ കഴിവുള്ളവര്‍ തന്നെയാകുന്നു.
 • وَإِنَّا നിശ്ചയമായും നാമാകട്ടെ عَلَىٰ أَن نُّرِيَكَ നിനക്കു കാണിച്ചുതരുവാന്‍ مَا نَعِدُهُمْ നാം അവരോടു താക്കീതു ചെയ്യുന്നതിനെ لَقَادِرُونَ കഴിവുള്ളവര്‍ തന്നെയാണ്

പരലോകനിഷേധം, അല്ലാഹുവിന് സമന്മാരേയും മക്കളെയും സങ്കല്‍പിക്കല്‍, ആദിയായ ഓരോന്നും, അവരെ താക്കീതുചെയ്തുവരുന്ന ശിക്ഷ ഉടനെത്തന്നെ നടപ്പില്‍വരുത്തുവാന്‍ തികച്ചും മതിയായ കാരണങ്ങളത്രെ. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണെത്തന്നെ – അവിടുന്ന് ജീവിച്ചുകൊണ്ടിരിക്കെത്തന്നെ – അത് സംഭവിക്കുകയാണെങ്കില്‍ അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ രക്ഷിച്ചു തരേണമെന്ന് പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉപദേശിക്കുകയാണ്. ശിക്ഷ തല്‍ക്ഷണം തന്നെ നടപ്പില്‍ വരുത്തുവാന്‍ അല്ലാഹുവിന് ധാരാളം കഴിവുണ്ട്. പക്ഷേ, അവന്‍ തന്റെ അതിയായ അനുഗ്രഹം നിമിത്തം അത് നടപ്പാക്കാതിരിക്കുകയും, ഒരു നിശ്ചിത അവധിവരേക്ക് നീട്ടിവെക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് സാരം. ഇവരെപ്പോലെയുള്ള കടുത്ത ജനങ്ങളുമായി ഇടപെടുമ്പോള്‍, അവരുടെ ദുഷ്ചെയ്തികളാകുന്ന രോഗങ്ങള്‍ ബാധിക്കാതെ രക്ഷപ്രാപിക്കുന്നതിന് അടുത്ത വചനങ്ങളില്‍ രണ്ട് പ്രധാന ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു:-

23:96
 • ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴾٩٦﴿
 • ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവര്‍ വര്‍ണ്ണിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
 • ادْفَعْ നീ തടുക്കുക, തടയുക بِالَّتِي യാതൊരു കാര്യംകൊണ്ടു هِيَ أَحْسَنُ അതു ഏറ്റവും നല്ലതാണു السَّيِّئَةَ തിന്‍മയെ نَحْنُ നാം أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِمَا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതിനെപ്പറ്റി
23:97
 • وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَـٰطِينِ ﴾٩٧﴿
 • (ഇങ്ങിനെ) പറയുകയും ചെയ്യുക: 'എന്റെ റബ്ബേ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോടു രക്ഷതേടുന്നു;
 • وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَعُوذُ ഞാന്‍ രക്ഷ തേടുന്നു, ശരണം തേടുന്നു بِكَ നിന്നോടു, നിന്നില്‍ مِنْ هَمَزَاتِ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന്, ദുര്‍ബോധനങ്ങളില്‍ നിന്ന് الشَّيَاطِينِ പിശാചുക്കളുടെ
23:98
 • وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴾٩٨﴿
 • 'അവര്‍, എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍ നിന്നും - റബ്ബേ - ഞാന്‍ നിന്നോട് രക്ഷതേടുന്നു.'
 • وَأَعُوذُ ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു بِكَ നിന്നോട് رَبِّ എന്റെ റബ്ബേ أَن يَحْضُرُونِ അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്ന (ഹാജറാകുന്ന)തില്‍ നിന്ന്

ഒന്നാമത്തെ ഉപദേശം, തിന്‍മകളെ ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെ തടുത്തുകൊള്ളണമെന്നാണ്. ക്ഷമ, സഹനം, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, ഇങ്ങോട്ട് തിന്‍മ ചെയ്തവനോട്‌ അങ്ങോട്ട്‌ നന്മചെയ്യുക മുതലായവയാണ് ‘ഏറ്റവും നല്ല കാര്യം’ കൊണ്ട് ഉദ്ദേശ്യം. ഇതേ ഉപദേശം നല്‍കിക്കൊണ്ടുള്ള മറ്റൊരു ആയത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:-

ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ – حم السجدة

സാരം: (ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്ത് കൊള്ളുക. എന്നാല്‍, നീയുമായി ശത്രുതയുള്ളവന്‍ ഒരു ഉറ്റബന്ധുവെപ്പോലെ ആയിത്തീരുന്നതാണ്. 41:34.) ഹാ! എത്ര ഫലപ്രദമായ ഔഷധമാണിത്! ഈ ആയത്തിന്റെ സാരത്തില്‍ അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരാള്‍ തന്റെ സഹോദരനെക്കുറിച്ച് അവനില്‍ ഇല്ലാത്ത (കുറ്റം) വല്ലതും പറയുന്നതായാല്‍ അവന്‍ അവനോട് ഇങ്ങിനെ പറയണം: നീ കളവ് പറയുകയാണെങ്കില്‍ നിനക്ക് പൊറുത്ത് തരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു. നീ നേര് പറയുകയാണെങ്കില്‍ എനിക്ക് പൊറുത്തുതരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു.’

(إن كنتَ كاذبا فإني أسأل الله أن يغفر لك، وإن كنت صادقا فإني أسأل الله أن يغفر لي)

രണ്ടാമത്തെ ഉപദേശം: പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സമീപനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്നാകുന്നു. ആദ്യത്തേത് പുറമേ ഉപയോഗിക്കുവാനുള്ള ഔഷധമാണെങ്കില്‍ ഇത്, അകത്തേക്ക് ഉപയോഗിക്കുവാനുള്ളതാണെന്ന് പറയാം. പിശാചില്‍ നിന്നുണ്ടാകുന്ന ദുഷ്പ്രേരണകളും, അത് നിമിത്തം മറ്റുള്ളവരില്‍ നിന്ന് ഉളവാകുന്ന തിന്‍മകളുമെല്ലാം ‘ദുര്‍ബ്ബോധനങ്ങള്‍’ (هَمَزَات) എന്ന് പറഞ്ഞതില്‍ അടങ്ങുന്നു. പിശാചുക്കള്‍ അടുത്ത് വരുവാന്‍പോലും ഇടയാകാതെ രക്ഷിക്കേണമേ, എന്നാണ് പ്രാര്‍ത്ഥനയിലെ രണ്ടാം വാക്യം കുറിക്കുന്നത്. ദുര്‍ബ്ബോധനങ്ങളും, ദുര്‍മ്മന്ത്രങ്ങളും നടത്തുന്ന മനുഷ്യപ്പിശാചുക്കളും, ജിന്‍പിശാചുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

ഉറങ്ങുവാന്‍ പോകുമ്പോള്‍ താഴെ കാണുന്ന ‘ദുആ’ ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികള്‍ക്ക് പഠിപ്പിച്ചിരുന്നുവെന്നും, ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് അത് പഠിപ്പിച്ചിരുന്നുവെന്നും ഇമാം അഹ്മദ് (رحمه الله) മുതലായ പലരും രിവായത്ത് ചെയ്യുന്നു:-

بِسْمِ اللهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ : رواه أحمد وابوداود والتومذي والبيهقي رحمهم الله

സാരം: (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന, അവന്റെ കോപത്തില്‍നിന്നും, അവന്റെ ശിക്ഷാനടപടിയില്‍നിന്നും, അവന്റെ അടിയാന്‍മാരില്‍നിന്നുണ്ടാകുന്ന ദോഷത്തില്‍ നിന്നും, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്നും, അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍നിന്നുമെല്ലാം ഞാന്‍ രക്ഷതേടുന്നു.)

അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയവരും, അവിശ്വാസികളും മരണത്തിന് മുമ്പായി അവരുടെ നിലപാടില്‍ മാറ്റം വരുത്താതിരിക്കുന്നപക്ഷം, മരണവേളയില്‍ അവരുടെ അന്ത്യാവസ്ഥ എങ്ങിനെയിരിക്കുമെന്ന് അടുത്ത ആയത്തില്‍ പ്രസ്താവിക്കുന്നു:-

23:99
 • حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ ﴾٩٩﴿
 • അങ്ങനെ, (ഒടുക്കം) അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: 'റബ്ബേ! എന്നെ മടക്കിത്തരുവിന്‍,-
 • حَتَّىٰ അങ്ങനെ (ഇതുവരെക്കും) إِذَا جَاءَ വന്നാല്‍, വരുമ്പോള്‍ أَحَدَهُمُ അവരില്‍ ഒരാള്‍ക്ക് الْمَوْتُ മരണം قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ ارْجِعُونِ എന്നെ മടക്കിത്തരുവിന്‍
23:100
 • لَعَلِّىٓ أَعْمَلُ صَـٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴾١٠٠﴿
 • ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചേക്കാം!' എന്നു. ഒരിക്കലുമില്ല! അതൊരുവാക്യം - അവനത് പറഞ്ഞുകൊണ്ടിരിക്കുന്നു ( - അത്രമാത്രം). അവരുടെ അപ്പുറം, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു (തരം) വേലിമറയുമുണ്ട്. [അതവരെ മടങ്ങിപ്പോകുവാന്‍ വിടുന്നതല്ല.]
 • لَعَلِّي أَعْمَلُ ഞാന്‍ പ്രവര്‍ത്തിച്ചേക്കാം صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فِيمَا تَرَكْتُ ഞാന്‍ ഉപേക്ഷ വരുത്തിയതില്‍, വിട്ടുകളഞ്ഞതില്‍ كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ إِنَّهَا നിശ്ചയമായും അതു كَلِمَةٌ ഒരു വാക്യം, വാക്കു هُوَ അവന്‍ قَائِلُهَا അതു പറയുന്നവനാണ് (അതുപറയുന്നു) وَمِن وَرَائِهِم അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട് بَرْزَخٌ ഒരുമറ, വേലിമറ, തടവ് إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന

മരണസമയം എത്തുകയും, അനന്തരം അനുഭവിക്കുവാനിരിക്കുന്ന കഠിനശിക്ഷകള്‍ കാണുമാറാകുകയും ചെയ്യുമ്പോള്‍, തങ്ങളെ ഭൂമിയിലേക്ക്‌ ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവര്‍ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തരുന്നതായാല്‍, മുമ്പ് തങ്ങള്‍ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് സങ്കടപ്പെട്ട് പറയും. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഉത്തരമാകട്ടെ, كَلَّا (അതൊരിക്കലുമില്ല) എന്നുമാത്രം! അല്ലാഹു പറയുന്നു: അത് കേവലം ഒരു വാക്യമെന്നുമാത്രം – അവരത് വ്യഥാ ഉരുവിടുന്നുവെന്നല്ലാതെ ഒരു പ്രയോജനവും ആ വാക്ക് മൂലം ലഭിക്കുവാനില്ല. വല്ലവിധേനയും ചാടിപ്പോകുവാനാണെങ്കില്‍ അതിനും സാധ്യമല്ല. കാരണം, ഖിയാമാത്തുനാളില്‍ എല്ലാവരും ‘ഖബ്റു’കളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നതുവരെ പുറത്തുപോകുവാന്‍ നിവൃത്തിയില്ലാത്തവിധം അവര്‍ ബന്ധനത്തിലുമായിരിക്കും. പിന്നത്തെ സ്ഥിതിയാണെങ്കില്‍ അതിലേറെ ആപല്‍ക്കരവും!

മരണവേളയില്‍ മാത്രമല്ല, ഖബ്റുകളില്‍നിന്ന് പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോഴും, അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോഴും, നരകം കാണിക്കപ്പെടുമ്പോഴും, നരകത്തില്‍വെച്ചും എല്ലാം തന്നെ അവിശ്വാസികള്‍, തങ്ങളെ ഒന്നുകൂടി മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുന്നതാണെന്ന് ഖുര്‍ആന്റെ പല പ്രസ്താവനകളില്‍ നിന്നുമായി മനസ്സിലാക്കാം. ഈ അപേക്ഷ തീര്‍ച്ചയായും സ്വീകരിക്കപ്പെടുകയില്ലെന്ന് അവര്‍ക്കറിയാമെങ്കിലും, ശിക്ഷയുടെ കാഠിന്യം മൂലം അവരത് പറഞ്ഞുപോകുകയാണ്! معاذ الله (അല്ലാഹു കാക്കട്ടെ!).

23:101
 • فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ ﴾١٠١﴿
 • എനി, കാഹളത്തില്‍ ഊതപ്പെട്ടാല്‍ പിന്നെ - അന്ന് - അവര്‍ക്കിടയില്‍ യാതൊരു കുടുംബബന്ധങ്ങളും ഉണ്ടായിരിക്കയില്ല; അവരന്യോന്യം ചോദിക്കയുമില്ല.
 • فَإِذَا نُفِخَ എനി ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَلَا أَنسَابَ അപ്പോള്‍ കുടുംബബന്ധങ്ങളില്ല بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَئِذٍ അന്നത്തെ ദിവസം وَلَا يَتَسَاءَلُونَ അവരന്യോന്യം ചോദിക്കുന്നതുമല്ല

ഖിയാമത്തുനാളില്‍ എല്ലാവരെയും ഖബ്റുകളില്‍നിന്ന് എഴുന്നേല്‍പ്പിക്കുവാനുള്ള ഊത്താണ് ‘കാഹളത്തില്‍ ഊതപ്പെട്ടാല്‍’ എന്നതുകൊണ്ടുദ്ദേശ്യം. ആത്മാക്കളും ജഡങ്ങളും തമ്മില്‍ കൂടിച്ചേര്‍ന്നു രണ്ടാമത്തെ ജീവിതത്തില്‍ പ്രവേശിക്കുവാനുള്ള ക്ഷണത്തിന്റെ കാഹളമത്രെ അത്. ‘ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം’ എന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞ ആ ദിവസമാണിത്. അത് വന്നെത്തിയാല്‍ പിന്നെ, ഓരോരുത്തനും അവനവന്റെ കാര്യത്തില്‍ മാത്രം ചിന്താകുലനായിരിക്കും. ബന്ധുമിത്രാദികളെപ്പറ്റിയോ മറ്റൊ യാതൊരു അന്വേഷണമാകട്ടെ, വിചാരമാകട്ടെ ഉണ്ടാവുകയില്ല. അതെ, ‘തന്റെ സഹോദരന്‍, തന്റെ മാതാവ്, തന്റെ പിതാവ്, തന്റെ സഹധര്‍മ്മിണി, തന്റെ മക്കള്‍ എന്നിവരില്‍ നിന്നെല്ലാം മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം! അന്നത്തെ ദിവസം അവരില്‍ ഓരോ മനുഷ്യന്നും അവനെ മതിയാക്കുന്ന – മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാന്‍ ഒഴിവില്ലാത്ത – ഓരോ കാര്യം ഉണ്ടായിരിക്കും!’.

(يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧:عبس)

23:102
 • فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٠٢﴿
 • അപ്പോള്‍ ആരുടെ (സല്ക്കര്‍മ്മത്തിന്റെ) തൂക്കങ്ങള്‍ ഘനമുള്ളതായോ ആ കൂട്ടര്‍ തന്നെയാണ് വിജയികള്‍!
 • فَمَن അപ്പോള്‍ ആര്‍, ഏതൊരുവന്‍ ثَقُلَتْ ഘനമുള്ളതായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവര്‍ തന്നെ വിജയികള്‍

23:103
 • وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ ﴾١٠٣﴿
 • ആരുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ്, തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ - (അതായത്:) നരകത്തില്‍ സ്ഥിരവാസികള്‍!
 • وَمَنْ ആര്‍, ഏതൊരുവര്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ തങ്ങളുടെ ദേഹങ്ങളെ فِي جَهَنَّمَ നരകത്തില്‍ خَالِدُونَ സ്ഥിരവാസികളാണ്
23:104
 • تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ ﴾١٠٤﴿
 • നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും; അവരതില്‍ മുഖം ചുളിച്ച് (പല്ലിളിച്ചു) കൊണ്ടിരിക്കുന്നവരുമായിരിക്കും.
 • تَلْفَحُ എരിക്കും, കരിക്കും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം وَهُمْ അവരാകട്ടെ فِيهَا അതില്‍ كَالِحُونَ മുഖം ചുളിക്കുന്നവരായിരിക്കും, പല്ലിളിക്കുന്നവരായിരിക്കും

അഗ്നിയുടെ കാഠിന്യം നിമിത്തം അവരുടെ അധരങ്ങള്‍ രണ്ടും പിളര്‍ന്നും, പല്ലുകള്‍ ഇളിഞ്ഞും, മുഖം ചുളിഞ്ഞുംകൊണ്ടിരിക്കും. അവരോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും:-

23:105
 • أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ ﴾١٠٥﴿
 • 'എന്റെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ വ്യാജമാക്കിക്കളയുകയായിരുന്നുവല്ലോ!'
 • أَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ ഓതിത്തരപ്പെട്ടിരുന്നു (ഇല്ലേ) عَلَيْكُمْ നിങ്ങള്‍ക്ക് فَكُنتُم بِهَا അപ്പോള്‍ നിങ്ങളായിരുന്നു تُكَذِّبُونَ അവയെ വ്യാജമാക്കിയിരുന്നു
23:106
 • قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ ﴾١٠٦﴿
 • അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളില്‍ കവിഞ്ഞുപോയി! ഞങ്ങള്‍ വഴിപിഴച്ച ജനതയുമായിരുന്നു!
 • قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ غَلَبَتْ കവിഞ്ഞുപോയി, ജയിച്ചടക്കി عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ شِقْوَتُنَا ഞങ്ങളുടെ ദൗര്‍ഭാഗ്യം وَكُنَّا ഞങ്ങളായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത ضَالِّينَ പിഴച്ചവരായ, വഴിതെറ്റിയ
23:107
 • رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ ﴾١٠٧﴿
 • 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഇതില്‍ നിന്ന് പുറത്താക്കിത്തരേണമേ! എനി, ഞങ്ങള്‍ (ഈ നില) ആവര്‍ത്തിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ നിശ്ചയമായും, അക്രമികളായിരിക്കും! (ഇക്കുറി മാപ്പ് നല്‍കേണമേ!)'.
 • رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ مِنْهَا ഇതില്‍നിന്നു فَإِنْ عُدْنَا എനി ഞങ്ങള്‍ മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَإِنَّا എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ ظَالِمُونَ അക്രമികളാണ്

മരണവേളയില്‍ അവര്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, ഇപ്പോള്‍ വീണ്ടും തങ്ങളെ ഭൂമിയിലേക്ക് മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടും ഞങ്ങളുടെ പക്കല്‍ ഒരിക്കല്‍ അബദ്ധം വന്നുപോയി, മേലില്‍ ഒരിക്കലും ഞങ്ങള്‍ ആ നില ആവര്‍ത്തിക്കുകയില്ല, ആ നിലതന്നെ ഞങ്ങള്‍ തുടര്‍ന്നേക്കുന്ന പക്ഷം ഞങ്ങളെ അക്രമികളായിക്കരുതാം, എന്നാണവര്‍ അപേക്ഷിക്കുന്നത്. അല്ലാഹുവിന്റെ മറുപടി:-

23:108
 • قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ ﴾١٠٨﴿
 • അവന്‍ [അല്ലാഹു] പറയും: 'നിങ്ങള്‍ അതില്‍ നിന്ദ്യമായിക്കഴിയുവിന്‍! എന്നോട് നിങ്ങള്‍ സംസാരിക്കുകയും അരുത്!'
 • قَالَ അവന്‍ പറയും اخْسَئُوا നിങ്ങള്‍ നിന്ദ്യമായിക്കഴിയുവിന്‍ فِيهَا അതില്‍ وَلَا تُكَلِّمُونِ നിങ്ങള്‍ എന്നോടു സംസാരിക്കയും ചെയ്യരുത്
23:109
 • إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾١٠٩﴿
 • 'നിശ്ചയമായും, എന്റെ അടിയാന്മാരില്‍നിന്നു ഒരു കക്ഷി പറഞ്ഞു വന്നിരുന്നു: ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും, ഞങ്ങള്‍ക്ക് കരുണചെയ്യുകയും വേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!
 • إِنَّهُ നിശ്ചയമായും കാര്യം كَانَ ഉണ്ടായിരുന്നു, ആയിരുന്നു فَرِيقٌ ഒരു സംഘം, ഒരു കക്ഷി, ഒരു വിഭാഗം مِّنْ عِبَادِي എന്റെ അടിയാന്‍മാരില്‍നിന്നു يَقُولُونَ പറഞ്ഞുവന്നിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ وَارْحَمْنَا ഞങ്ങള്‍ക്ക് കരുണയും ചെയ്യേണമേ وَأَنتَ നീ, നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ് (അല്ലോ)
23:110
 • فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ ﴾١١٠﴿
 • 'അപ്പോള്‍, നിങ്ങള്‍ അവരെ പരിഹാസ്യമാക്കിത്തീര്‍ക്കുകയുണ്ടായി; അങ്ങനെ, അവര്‍ [അവരെ പരിഹസിക്കുന്നജോലി] എന്റെ ഓര്‍മ്മയെ, നിങ്ങളെ മറപ്പിച്ചുകളഞ്ഞു. നിങ്ങള്‍ അവരെ സംബന്ധിച്ച് (പുച്ഛമായി) ചിരിച്ചു കൊണ്ടിരിക്കുകയുമായിരുന്നു.
 • فَاتَّخَذْتُمُوهُمْ അപ്പോള്‍ നിങ്ങള്‍ അവരെ ആക്കിത്തീര്‍ത്തു سِخْرِيًّا പരിഹാസ്യം حَتَّىٰ أَنسَوْكُمْ അങ്ങനെ അവര്‍ നിങ്ങളെ മറപ്പിച്ചു (നിങ്ങള്‍ മറക്കുവാന്‍ കാരണമായി) ذِكْرِي എന്റെ സ്മരണയെ, ഓര്‍മ്മയെ وَكُنتُم നിങ്ങള്‍ ആകുകയും ചെയ്തിരുന്നു مِّنْهُمْ അവരെപ്പറ്റി تَضْحَكُونَ ചിരിച്ചുകൊണ്ടിരിക്കുക
23:111
 • إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ ﴾١١١﴿
 • നിശ്ചയമായും, അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ട് ഇന്ന് ഞാന്‍ അവര്‍ക്ക് - 'അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍ എന്ന് - പ്രതിഫലം നല്‍കിയിരിക്കുന്നു.'
 • إِنِّي നിശ്ചയമായും ഞാന്‍ جَزَيْتُهُمُ അവര്‍ക്കു പ്രതിഫലം നല്‍കി الْيَوْمَ ഇന്നു بِمَا صَبَرُوا അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ടു, സഹിച്ചതുകൊണ്ടു أَنَّهُمْ അവര്‍ ആണെന്നു هُمُ الْفَائِزُونَ ഭാഗ്യവാന്മാര്‍ (വിജയികള്‍) അവര്‍തന്നെ (എന്നു)

എന്റെ സത്യവിശ്വാസികളായ അടിയാന്മാര്‍ തങ്ങളുടെ റബ്ബിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനോട് മാപ്പിനും കരുണക്കും അപേക്ഷിക്കുകയും ചെയ്തിരുന്നത് നിമിത്തം, നിങ്ങള്‍ അവരെ പരിഹസിക്കുകയും, പുച്ഛിക്കുകയും പതിവായിരുന്നു. അതേ ജോലിയില്‍ നിങ്ങള്‍ മുഴുകിയിരിക്കയായിരുന്നു. അങ്ങനെ, നിങ്ങള്‍ എന്നെപ്പറ്റി ഒട്ടും ഓര്‍മ്മിക്കാത്തവരായിത്തീര്‍ന്നു. നിങ്ങളുടെ പരിഹാസമര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് സത്യവിശ്വാസം മുറുകെപ്പിടിച്ചുപോന്നത് നിമിത്തം ഇന്നു് അവര്‍ക്ക് ഞാന്‍ ശാശ്വതവിജയം പ്രതിഫലമായി കൊടുത്തിരിക്കുന്നു. എന്നു സാരം.

99-ാം വചനം മുതല്‍ക്കുള്ള ആയത്തുകള്‍ മുശ്രിക്കുകളെയോ, അവിശ്വാസികളെയോ മാത്രം ബാധിക്കുന്നതാണെന്നു് ധരിക്കാവതല്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലവെക്കാത്ത മഹാപാപികളായ വിശ്വാസികളെയും ബാധിക്കുന്നവയാണ് അവയെന്നു് അതിലെ ഉള്ളടക്കങ്ങളെ പരിശോധിച്ചാല്‍ കാണാവുന്നതാകുന്നു. അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാന്‍മാരില്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

23:112
 • قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ ﴾١١٢﴿
 • അവന്‍ (അല്ലാഹു) പറയും: 'നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ താമസിക്കുകയുണ്ടായി?'
 • قَالَ അവന്‍ പറയും كَمْ لَبِثْتُمْ നിങ്ങള്‍ എത്ര താമസിച്ചു فِي الْأَرْضِ ഭൂമിയില്‍ عَدَدَ سِنِينَ എണ്ണം, കൊല്ലങ്ങള്‍, കൊല്ലങ്ങളുടെ എണ്ണം
23:113
 • قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ ﴾١١٣﴿
 • അവര്‍ പറയും: 'ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ (അല്‍പ) ഭാഗമോ താമസിച്ചിട്ടുണ്ടാവും; എണ്ണം കണക്കാക്കിയവരോട് ചോദിച്ചുനോക്കുക. (ഞങ്ങള്‍ക്കറിവില്ല.)'
 • قَالُوا അവര്‍ പറയും لَبِثْنَا ഞങ്ങള്‍ താമസിച്ചു, പാര്‍ത്തു يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം فَاسْأَلِ എന്നാല്‍ ചോദിച്ചുകൊള്ളുക الْعَادِّينَ എണ്ണിയവരോട്, എണ്ണം കണക്കാക്കിയവരോട്
23:114
 • قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ﴾١١٤﴿
 • അവന്‍ പറയും: 'നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല; നിങ്ങള്‍ക്ക് അറിയാമായിരുന്നുവെങ്കില്‍! (എന്നാല്‍ ഈ ദുരവസ്ഥയില്‍ നിങ്ങള്‍ അകപ്പെടുമായിരുന്നില്ല.)
 • قَالَ അവന്‍ പറയും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا قَلِيلًا അല്‍പമല്ലാതെ لَّوْ أَنَّكُمْ നിങ്ങള്‍ ആയിരുന്നുവെങ്കില്‍ كُنتُمْ تَعْلَمُونَ നിങ്ങള്‍ക്ക് അറിയുമായിരുന്നു (എങ്കില്‍)

ഇഹലോകത്തെജീവിതത്തെ സര്‍വ്വപ്രധാനമായി ഗണിച്ചുകൊണ്ട് പരലോകത്തെ നിഷേധിക്കുകയും, അവഗണിക്കുകയും ചെയ്ത അവിശ്വാസികളോട് നരകത്തില്‍വെച്ച് അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില ചോദ്യങ്ങളും, അടക്കവയ്യാത്ത സങ്കടത്തോടുകൂടി അതിന് അവര്‍ നല്‍കുന്ന മറുപടിയുമാണിത്. ഭൂമിയില്‍ നിങ്ങള്‍ എത്രവര്‍ഷം താമസിച്ചിട്ടുണ്ടെന്ന ചോദ്യത്തിന്, ഒരു ദിവസമോ അതിന്റെ അംശമോ താമസിച്ചിരിക്കുമെന്നാണ് അവരുടെ മറുപടി. പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത കാലദൈര്‍ഘ്യവും, അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ കാഠിന്യങ്ങളും കണ്ടപ്പോള്‍ – ഐഹിക ജീവിതത്തെ അതുമായി താരതമ്യപ്പെടുത്തുന്ന പക്ഷം – അത് കേവലം അങ്ങേഅറ്റം പരിമിതമായിരുന്നുവെന്നു് അവര്‍ സമ്മതിക്കുന്നു. മനുഷ്യരുടെ നന്മതിന്‍മകളെല്ലാം എഴുതി രേഖപ്പെടുത്തിയിരുന്ന മലക്കുകള്‍ക്കോ മറ്റോ അല്ലാതെ, ഞങ്ങള്‍ക്കത് ശരിക്ക് അറിഞ്ഞുകൂടാ എന്നും അവര്‍ പറയുന്നു. അല്ലാഹുവിന്റെ പ്രത്യുത്തരം ഇതാണ്: ‘ശരി, അവിടെ കുറഞ്ഞകാലം മാത്രമേ നിങ്ങള്‍ വസിച്ചിട്ടുള്ളുവെന്നത് നേരാണ്. ആ ജീവിതം ഇത്രയും നിസ്സാരമാണെന്നു് നിങ്ങള്‍ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കില്‍, ഈ ശാശ്വതമായ കഠിനശിക്ഷക്ക് നിങ്ങള്‍ വിധേയരാകുമായിരുന്നില്ല. ആ അല്‍പകാലജീവിതം നിങ്ങള്‍ പാഴാക്കിക്കളഞ്ഞതുകൊണ്ട് നിങ്ങളുടെ ഈ കാലാകാലജീവിതമത്രയും നിങ്ങള്‍ അപകടത്തിലാക്കിയിരിക്കയാണ്.’

ഖബറുകളില്‍ വെച്ചുണ്ടാകുന്ന ശിക്ഷയെ നിഷേധിക്കുന്ന ചിലര്‍ ഈ ആയത്തുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനെ സംബന്ധിച്ച് സൂറത്തിന് ശേഷം കൊടുത്തിട്ടുള്ള പ്രത്യേക വ്യാഖ്യാനക്കുറിപ്പില്‍ വിവരിക്കുന്നതാണ്. إن شاء الله

23:115
 • أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴾١١٥﴿
 • അപ്പോള്‍, നിങ്ങളെ നാം വൃഥാ സൃഷ്‌ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?!
 • أَفَحَسِبْتُمْ അപ്പോള്‍ നിങ്ങള്‍ കണക്കാക്കിയോ, വിചാരിച്ചിരിക്കുകയാണോ أَنَّمَا خَلَقْنَاكُمْ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കയാണെന്നു عَبَثًا വൃഥാ, വെറുതെ وَأَنَّكُمْ നിങ്ങള്‍ ആണെന്നും إِلَيْنَا നമ്മുടെ അടുക്കലേക്കു لَا تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുകയില്ല (എന്നും)
23:116
 • فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ ﴾١١٦﴿
 • എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള രാജാവായ അല്ലാഹു അത്യുന്നതനാകുന്നു; - അവനല്ലാതെ ആരാധ്യനേ ഇല്ല; ബഹുമാനപ്പെട്ട 'അര്‍ശി'ന്റെ [സിംഹാസനത്തിന്റെ] നാഥനാണ് (അവന്‍).
 • فَتَعَالَى എന്നാല്‍ അത്യുന്നതനാകുന്നു اللَّـهُ അല്ലാഹു الْمَلِكُ രാജാവായ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവനായ, സ്ഥിരമായുള്ളവനായ لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്റെ നാഥനാണ് الْكَرِيمِ ബഹുമാനപ്പെട്ട
23:117
 • وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ ﴾١١٧﴿
 • ആരെങ്കിലും അല്ലാഹുവിനോടൊപ്പം വേറെ ഒരു ആരാധ്യനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതായാല്‍ - അവന്ന് അതിന്ന് യാതൊരു രേഖയുമില്ല - അവന്റെ വിചാരണ അവന്റെ റബ്ബിന്റെ അടുക്കല്‍വെച്ചു തന്നെയായിരിക്കും. നിശ്ചയമായും കാര്യം: അവിശ്വാസികള്‍ വിജയിക്കുകയില്ല.
 • وَمَن يَدْعُ ആരെങ്കിലും വിളിച്ചാല്‍, പ്രാര്‍ത്ഥിച്ചാല്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം إِلَـٰهًا آخَرَ വേറെ ഇലാഹിനെ لَا بُرْهَانَ രേഖയില്ല, തെളിവില്ല لَهُ അവന് بِهِ അതിന് فَإِنَّمَا حِسَابُهُ എന്നാല്‍ അവന്റെ വിചാരണ عِندَ رَبِّهِ അവന്റെ റബ്ബിന്റെ അടുക്കല്‍ തന്നെയായിരിക്കും إِنَّهُ നിശ്ചയമായും അത് (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الْكَافِرُونَ അവിശ്വാസികള്‍
23:118
 • وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾١١٨﴿
 • (നബിയേ!) പറയുക: 'എന്റെ റബ്ബേ! പൊറുത്തുത്തരുകയും, കാരുണ്യം നല്‍കുകയും ചെയ്യേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!
 • وَقُل പറയുക رَّبِّ റബ്ബേ, രക്ഷിതാവേ اغْفِرْ പൊറുത്തുതരേണമേ وَارْحَمْ കരുണയും ചെയ്യേണമേ وَأَنتَ നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ്

അവിശ്വാസികളുടെ സ്ഥിതിഗതികള്‍ പലതും കഴിഞ്ഞ ആയത്തുകളില്‍ പ്രസ്താവിച്ചുവല്ലോ. കാര്യം അപ്രകാരമായിരിക്കെ, ഭൂമിയില്‍ നിങ്ങളെ വ്യഥാ സൃഷ്ടിച്ചുവിട്ടിരിക്കയാണെന്നും, അതില്‍ യാതൊരു ഉദ്ദേശ്യവും യുക്തിയും അടങ്ങിയിട്ടില്ലെന്നും, നിങ്ങള്‍ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അഥവാ, ആ അല്‍പകാലജീവിതം, കേവലം പ്രവര്‍ത്തനത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണെന്നും, സാക്ഷാല്‍ ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്ന ജീവിതം പരലോക ജീവിതമാണെന്നും നിങ്ങളെ ലക്ഷ്യസഹിതം ഉല്‍ബോധിപ്പിച്ചിട്ടും നിങ്ങള്‍ അത് വിലവെക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കണം: അനശ്വരവും യഥാര്‍ത്ഥവുമായ അസ്തിത്വമുള്ളവനും, സര്‍വ്വാധിരാജനും, ഏക ഇലാഹുമായുള്ളവന്‍ അല്ലാഹു മാത്രമാണ്; അഖിലാണ്ഡത്തിന്റെ സിംഹാസനാധിപതിയും അവന്‍തന്നെ. എന്നിരിക്കെ മറ്റൊരു ആരാധ്യനെ – ഇലാഹിനെ – സ്വീകരിക്കുന്ന പക്ഷം അത് തികച്ചും നിരര്‍ത്ഥവും, അന്യായവുമായിരിക്കും. ആര്‍തന്നെ അത് പ്രവര്‍ത്തിച്ചാലും, അവന്‍ തക്ക ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ യാഥാര്‍ത്ഥ്യത്തെ ലംഘിക്കുന്ന അവിശ്വാസികള്‍ ഒരിക്കലും വിജയിക്കുകയില്ല.

ഈ സൂറത്തിന്റെ ആരംഭം, തീര്‍ച്ചയായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (قَدْ أَفْلَحَ الْمُؤْمِنُونَ) എന്നാണല്ലോ. അത് അവസാനിപ്പിക്കുന്നതോ ‘നിശ്ചയമായും അവിശ്വാസികള്‍ വിജയിക്കുകയില്ല (إِنَّهُ لَا يُفْلِحُ الْكَافِرُونَ) എന്നുമാണ്. എടുപ്പും വെപ്പും തമ്മിലുള്ള പൊരുത്തം നോക്കുക! ഏറ്റവും അവസാനമായി, അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പാപമോചനത്തിനും, കാരുണ്യത്തിനും അപേക്ഷിച്ചുകൊണ്ട്‌ അവനിലേക്കുമാത്രം പ്രാര്‍ത്ഥന അര്‍പ്പിക്കുവാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് ഉപദേശിക്കുകയാണ്. ഏതൊരു പ്രാര്‍ത്ഥന നിമിത്തം അവിശ്വാസികള്‍ സത്യവിശ്വാസികളെ പരിഹാസപാത്രമാക്കിയിരുന്നുവെന്നു് 109, 110 വചനങ്ങളില്‍ പ്രസ്താവിച്ചുവോ അതേ പ്രാര്‍ത്ഥന (ദുആ) തന്നെ നടത്തികൊള്ളുവാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. നാമും ദുആ ചെയ്യുക: رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ (രക്ഷിതാവേ! പൊറുത്തുതരുകയും കരുണചെയ്യുകയും വേണമേ! നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണചെയ്യുന്നവനാണേ!) آمين