വിഭാഗം - 6

അറബി മുശ്രിക്കുകള്‍ വിഗ്രഹാരാധകന്‍മാരാണ്. അവരുടെ കേന്ദ്രമാകട്ടെ, കഅ്ബയും മക്കാഹറമുമാകുന്നു. തങ്ങള്‍ ഇബ്രാഹീം (عليه السلام) നബിയുടെ സന്താന പരമ്പരയില്‍പെട്ടവരും അദ്ദേഹത്തിന്റെ മതമാര്‍ഗ്ഗങ്ങളെ പിന്‍പറ്റുന്നവരാണെന്നു വാദിക്കുന്നവരുമാണവര്‍. എന്നാല്‍, അവരുടെ പൂര്‍വ്വ പിതാവെന്നു അവര്‍ അഭിമാനം കൊള്ളുന്ന ദേഹവും, കഅ്ബയുടെയും ഹറമിന്റെയും സ്ഥാപകനുമായ ഇബ്രാഹീം (عليه السلام) നബിയാകട്ടെ, ഉറച്ച ഏകദൈവ വിശ്വാസിയായിരുന്നു. അതിന്റെ സ്ഥാപനത്തിനും പ്രചരണത്തിനുമുള്ള കേന്ദ്രമായിക്കൊണ്ടാണ് അദ്ദേഹം അല്ലാഹുവിന്റെ കല്‍പനപ്രകാരം കഅ്ബയും ഹറമും സ്ഥാപിച്ചതും, അവിടെ ജനവാസത്തിനു തുടക്കമിട്ടതും. അദ്ദേഹത്തിന്റെ സന്തതികള്‍ വിഗ്രഹാരാധനയില്‍ നിന്നു വിമുക്തരായിരിക്കുവാന്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്നൊക്കെ തുടര്‍ന്നുള്ള വചനങ്ങളില്‍ അല്ലാഹു അവരെ ഓര്‍മിപ്പിക്കുന്നു:-

14:35
  • وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ ﴾٣٥﴿
  • ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'എന്റെ റബ്ബേ, ഈ രാജ്യത്തെ നീ നിര്‍ഭയമായതാക്കേണമേ! എന്നെയും, എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നു അകറ്റുകയും ചെയ്യേണമേ!'
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം رَبِّ എന്റെ റബ്ബേ اجْعَلْ നീ ആക്കേണമേ هَـٰذَا الْبَلَدَ ഈ രാജ്യത്തെ آمِنًا നിര്‍ഭയമായതു, സമാധാനപരമായതു وَّاجْنُبْنِي എന്നെ നീ അകറ്റുക (വിട്ടുനിറുത്തുക)യും വേണമേ وَبَنِيَّ എന്റെ മക്കളെയും أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതിനെ (ആരാധിക്കുന്നതില്‍ നിന്നു) الْأَصْنَامَ വിഗ്രഹങ്ങളെ, ബിംബങ്ങളെ
14:36
  • رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ ﴾٣٦﴿
  • 'എന്റെ റബ്ബേ, നിശ്ചയമായും അവ മനുഷ്യരില്‍ നിന്നു വളരെ ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍, എന്നെ ആര്‍ പിന്‍തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു; ആരെങ്കിലും എന്നോടു അനുസരണക്കേടു കാണിക്കുന്ന പക്ഷം, നീ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണ്‌.'
  • رَبِّ എന്റെ റബ്ബേ إِنَّهُنَّ നിശ്ചയമായും അവ أَضْلَلْنَ അവ വഴിപിഴപ്പിച്ചിരിക്കുന്നു كَثِيرًا വളരെ (ആളുകളെ) مِّنَ النَّاسِ മനുഷ്യരില്‍ നിന്നു فَمَن എന്നാല്‍ (ആകയാല്‍ - അതിനാല്‍) ആര്‍ تَبِعَنِي എന്നെ പിന്തുടര്‍ന്നു(വോ), അനുഗമിച്ചു فَإِنَّهُ എന്നാലവന്‍ مِنِّي എന്നില്‍ (എന്റെ കൂട്ടത്തില്‍) പെട്ട(വനാണു) وَمَنْ ആര്‍, ആരെങ്കിലും عَصَانِي എനിക്കെതിരു (എന്നോടു അനുസരണക്കേടു) ചെയ്‌താല്‍ فَإِنَّكَ എന്നാല്‍ നീ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്‌

അതായത് എന്നെ അനുസരിക്കാതെ വിഗ്രഹാരാധന നടത്തി വഴിപിഴപ്പിക്കുന്നവരെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. നിന്റെ ഉദ്ദേശമനുസരിച്ചു ഏതു നടപടിയും അവരുടെ നേരെ സ്വീകരിക്കുവാന്‍ നിനക്കധികാരമുണ്ട്. നീ വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമായിരിക്കെ, വേണമെങ്കില്‍ നീ പൊറുത്തുകൊടുക്കുകയും ചെയ്തേക്കാം എന്നു താല്‍പര്യം. എന്നല്ലാതെ, അവര്‍ വിഗ്രഹാരാധന നടത്തിവന്നാലും നീ അതു പൊറുത്ത് കൊടുക്കും എന്നല്ല ഉദ്ദേശ്യം. ശിര്‍ക്കു പൊറുത്തു കൊടുക്കുകയില്ലെന്നു അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. ‘ഈ രാജ്യം’ (هَـٰذَا الْبَلَدَ) എന്നു പറഞ്ഞതു മക്കാ രാജ്യത്തെപ്പറ്റിയാകുന്നു. ഇസ്മാഈല്‍ (عليه السلام) നെയും, മാതാവു ഹാജര്‍ (عليها السلام) യെയും അദ്ദേഹം മക്കായില്‍ കൊണ്ടുവന്നു താമസിപ്പിച്ചത്, അതിനെ നിര്‍ഭയമായ രാജ്യമാക്കുവാന്‍വേണ്ടി അദ്ദേഹം പ്രാര്‍ത്ഥന ചെയ്തത്, അതു പ്രകാരം മക്കാ ഹറം മുഴുവനും ആദരണീയ സ്ഥാനമായി അല്ലാഹു നിയമിച്ചത് ആദിയായ വിഷയങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സൂറത്തുല്‍ ബഖറഃ 125 -129 വചനങ്ങളിലും, അവയുടെ വ്യാഖ്യാനത്തിലും മുമ്പു വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടെ കൂടുതലൊന്നും വിവരിക്കുന്നില്ല.

ഇബ്രാഹീം عليه السلام നബി അദ്ദേഹത്തിന്റെ സ്വന്തം നാടായ ഇറാഖില്‍ നിന്നു ഹിജ്ര പോന്നതുതന്നെ, വിഗ്രഹാരാധകരുമായി ചരിത്രത്തില്‍ ഇണ കാണാത്ത വിധം പട പൊരുതേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു. ഇറാഖില്‍ മാത്രമല്ല, നാട്ടിലാകമാനം വിഗ്രഹാരാധന കൊടികുത്തിവാണിരുന്ന കാലവുമായിരുന്നു അത്. ഈ അനുഭവങ്ങള്‍ വെച്ചുകൊണ്ടാണു അദ്ദേഹം ‘ഈ വിഗ്രഹങ്ങള്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു’വെന്നും ‘എന്നെയും എന്റെ സന്തതികളെയും അതില്‍ നിന്നു അകറ്റി നിറുത്തേണമേ’ എന്നുമൊക്കെ മനംനൊന്തു പ്രാര്‍ത്ഥിക്കുന്നത്.

സൂറത്തുല്‍ ബഖറഃ 126ല്‍ ഇബ്രാഹീം عليه السلام നബിയുടെ പ്രാര്‍ത്ഥന ഉദ്ധരിച്ചതില്‍ اجْعَلْ هَـٰذَا بَلَدًا آمِنًا (ഇതൊരു നിര്‍ഭയമായ രാജ്യമാക്കേണമേ) എന്നും, ഇവിടെ اجْعَلْ هَـٰذَا الْبَلَدَ آمِنًا (ഈ രാജ്യത്തെ നിര്‍ഭയമായതാക്കേണമേ) എന്നുമാണു പറഞ്ഞിരിക്കുന്നത്. ഇബ്നു കഥീര്‍ (رحمة الله عليه) ചൂണ്ടിക്കാട്ടിയതുപോലെ അല്‍ബഖറയിലെ പ്രാര്‍ത്ഥന അദ്ദേഹം ഇസ്മാഈല്‍ (عليه السلام)നെയും മാതാവിനെയും അവിടെ കൊണ്ടുവന്നാക്കിയ അവസരത്തില്‍ പ്രാര്‍ത്ഥിച്ചതും, ഈ വചനത്തിലെ  പ്രാര്‍ത്ഥന ഇസ്മാഈല്‍ (عليه السلام) നബി വളര്‍ന്നു വലുതായശേഷം രണ്ടുപേരും കൂടി കഅ്ബയെ കെട്ടി ഉയര്‍ത്തിയ ശേഷം പ്രാര്‍ത്ഥിച്ചതും ആയിരിക്കുമെന്നാണു മനസ്സിലാകുന്നത്. പ്രാര്‍ത്ഥനയുടെ തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്നും അതാണു മനസ്സിലാകുന്നതും. والله أعلم .ഇബ്രാഹീം عليه السلام പ്രാര്‍ത്ഥന തുടരുന്നു:-

14:37
  • رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةً مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ ﴾٣٧﴿
  • 'ഞങ്ങളുടെ റബ്ബേ! എന്റെ സന്തതികളില്‍ നിന്നും (ചിലരെ) കൃഷിയുള്ളതല്ലാത്ത ഒരു താഴ്വരയില്‍ ഞാന്‍ (ഇതാ) താമസിപ്പിച്ചിരിക്കുന്നു; (അതെ) നിന്റെ പവിത്രമായ വീട്ടിന്‍റെ അടുക്കല്‍. ഞങ്ങളുടെ റബ്ബേ! അവര്‍ നമസ്കാരം നിലനിറുത്തുവാന്‍ വേണ്ടി(യാണത്). ആകയാല്‍, മനുഷ്യരില്‍നിന്നുള്ള ചില ഹൃദയങ്ങളെ അവരുടെ നേരെ ചായുന്നതാക്കേണമേ! അവര്‍ക്കു ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും നീ ആഹാരം നല്‍കുകയും ചെയ്യേണമേ! അവര്‍ നന്ദി കാണിച്ചേക്കാമല്ലോ.'
  • رَّبَّنَا ഞങ്ങളുടെ റബ്ബേ إِنِّي أَسْكَنتُ ഞാന്‍ താമസി(പാര്‍)പ്പിച്ചിരിക്കുന്നു مِن ذُرِّيَّتِي എന്റെ സന്തതികളില്‍ നിന്നും بِوَادٍ ഒരു താഴ്വരയില്‍ غَيْرِ അല്ലാത്തതായ ذِي زَرْعٍ വിള (കൃഷി) യുള്ളതു عِندَ بَيْتِكَ നിന്റെ വീട്ടിങ്കല്‍ الْمُحَرَّمِ പവിത്രമായ رَبَّنَا ഞങ്ങളുടെ റബ്ബേ لِيُقِيمُوا അവര്‍ നിലനിറുത്തുവാന്‍ വേണ്ടി الصَّلَاةَ നമസ്കാരം فَاجْعَلْ അതിനാല്‍ ആക്കേണമേ أَفْئِدَةً ചില ഹൃദയങ്ങളെ مِّنَ النَّاسِ മനുഷ്യരില്‍ നിന്നു تَهْوِي കനിയുന്ന (ചായുന്ന) തായി (ഇഷ്ടപ്പെടുന്ന) إِلَيْهِمْ അവരിലേക്കു, അവരുടെ നേരെ وَارْزُقْهُمْ അവര്‍ക്കു നീ ആഹാരം (ഉപജീവനം) നല്‍കുകയും വേണമേ مِّنَ الثَّمَرَاتِ ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَشْكُرُونَ അവര്‍ നന്ദിചെയ്യും

‘കൃഷിയില്ലാത്ത രാജ്യം’ കൊണ്ടു വിവക്ഷ മക്കാരാജ്യം തന്നെ, ചുറ്റുപാടും മലകളാല്‍ പൊതിയപ്പെട്ട ഒരു താഴ്വരയാണ് മക്കാരാജ്യം. അന്നും, ഇന്നും അതു കൃഷിരഹിതം തന്നെയാകുന്നു. ‘നിന്റെ വീട്’ എന്നുപറഞ്ഞത് കഅ്ബഃയെ ഉദ്ദേശിച്ചുമാകുന്നു. ‘പവിത്രം’ എന്നു അതിനെ വിശേഷിപ്പിച്ചതിന്റെ അര്‍ത്ഥം ഒന്നിലധികം പ്രാവശ്യം മുമ്പു വിവരിച്ചു കഴിഞ്ഞതാണ്. ‘നിന്റെ വീട്ടിനടുത്തു താമസിപ്പിച്ചു’വെന്ന വാക്കില്‍നിന്നു ഈ പ്രാര്‍ത്ഥന അദ്ദേഹം ചെയ്തത് കഅ്ബഃ സ്ഥാപിച്ചു കഴിഞ്ഞശേഷമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. الله أعلم .

‘അവര്‍ നമസ്കാരം നിലനിറുത്തുവാന്‍ വേണ്ടി അവരെ ഇവിടെ താമസിപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞതുകൊണ്ട്  ഹജ്ജ് മുതലായ കഅ്‍ബയുടെ അടുക്കല്‍ വെച്ച് ചെയ്യപ്പെടേണ്ടുന്ന മറ്റു കര്‍മ്മങ്ങള്‍ അപ്രധാനങ്ങളാണെന്നു കരുതേണ്ടതില്ല. അവയെപ്പറ്റി ഒന്നിലധികം സ്ഥലത്ത് – ഇബ്രാഹിം(عليه السلام) നബിയുടെ വാക്കുകളിലായും അല്ലാതെയും – വ്യക്തമായി ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാകുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി ഒന്നാമതായി സ്ഥാപിക്കപ്പെട്ട പള്ളി കൂടിയാണ് കഅ്‍ബഃ മന്ദിരം. ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ, നമസ്കാരകര്‍മ്മവുമാകുന്നു. ആ നിലക്ക് നമസ്കാരത്തെപ്പറ്റി അദ്ദേഹം ഈ പ്രാര്‍ത്ഥനയില്‍ പ്രത്യേകം എടുത്തു പറഞ്ഞതായിരിക്കണം. الله أعلم  ‘മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക്‌ അവരുടെ നേര്‍ക്ക് ചായ്‍വ് നല്‍കേണമെന്നും, ‘ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും അവര്‍ക്കു ഉപജീവനം നല്‍കേണ’മെന്നുമുള്ള അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്നുള്ളതിനു അനുഭവം തെളിവാകുന്നു. ജാഹിലിയ്യത്തിലും ഇസ്ലാമിലും തന്നെ മനുഷ്യഹൃദയങ്ങള്‍ മക്കയിലേക്കു ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും, നാനാ രാജ്യങ്ങളില്‍ നിന്നുമായി എക്കാലത്തും വിവിധ ഫലവര്‍ഗ്ഗങ്ങള്‍ അവിടെ സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്നതും പരക്കെ അറിയാവുന്നതാണല്ലോ. ഇബ്രാഹീം (عليه السلام) പ്രാര്‍ത്ഥന തുടരുന്നു:-

14:38
  • رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَىْءٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ﴾٣٨﴿
  • 'ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, ഞങ്ങള്‍ മറച്ചുവെക്കുന്നതിനെയും, ഞങ്ങള്‍ പരസ്യമാക്കുന്നതിനെയും, നീ അറിയുന്നു. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ യാതൊന്നും അല്ലാഹുവിങ്കല്‍ മറഞ്ഞുപോകുകയില്ലതാനും.
  • رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ تَعْلَمُ നീ അറിയും مَا نُخْفِي ഞങ്ങള്‍ മറച്ചുവെക്കുന്നതു وَمَا نُعْلِنُ ഞങ്ങള്‍ പരസ്യമാക്കുന്നതും وَمَا يَخْفَىٰ മറഞ്ഞു പോകുകയുമില്ല عَلَى اللَّـهِ അല്ലാഹുവിങ്കല്‍, അല്ലാഹുവിന്നു مِن شَيْءٍ ഒരു വസ്തുവും (യാതൊന്നും) തന്നെ فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലും ഇല്ല
14:39
  • ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَـٰعِيلَ وَإِسْحَـٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ ﴾٣٩﴿
  • 'വാര്‍ദ്ധക്യ (കാല) ത്തില്‍ എനിക്കു ഇസ്മാഈലിനെയും, ഇസ്ഹാഖിനെയും പ്രദാനം ചെയ്തവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, എന്റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന]വന്‍ തന്നെയാകുന്നു.'
  • الْحَمْدُ സ്തുതി (സര്‍വ്വസ്തുതി) لِلَّـهِ അല്ലാഹുവിനാണു الَّذِي وَهَبَ പ്രദാനം ചെയ്തവനായ لِي എനിക്കു عَلَى الْكِبَرِ വാര്‍ദ്ധക്യത്തില്‍ إِسْمَاعِيلَ ഇസ്മാഈലിനെ وَإِسْحَاقَ ഇസ്ഹാഖിനെയും إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് لَسَمِيعُ കേള്‍ക്കുന്നവന്‍തന്നെ الدُّعَاءِ പ്രാര്‍ത്ഥന

ഇസ്മാഈല്‍ (عليه السلام) നബിയാണു അദ്ദേഹത്തിന്റെ ആദ്യ പുത്രന്‍. ഇസ്മാഈലിനു പതിമൂന്നു വയസ്സായപ്പോഴാണു ഇസ്ഹാഖ്‌ (عليه السلام) ജനിച്ചതെന്ന് പറയപ്പെടുന്നു. ഇതു ശരിയാണെങ്കില്‍, ഈ പ്രാര്‍ത്ഥന – മുമ്പു ചൂണ്ടിക്കാട്ടിയപോലെ – കഅ്ബഃയുടെ നിര്‍മ്മാണത്തിനു ശേഷം ഉണ്ടായതാണെന്നുള്ളതിനു ഇതും ഒരു തെളിവായിരിക്കും. ഇബ്രാഹീം (عليه السلام) നബിയുടെ പ്രാര്‍ത്ഥനയുടെ അവസാനഭാഗം ശ്രദ്ധിക്കുക:-

14:40
  • رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ ﴾٤٠﴿
  • 'എന്റെ റബ്ബേ, എന്നെ നീ നമസ്കാരം നിലനിറുത്തുന്നവനാക്കേണമേ! എന്റെ സന്തതികളില്‍ നിന്നും (നമസ്കാരം നിലനിറുത്തുന്നവരെ ഏര്‍പ്പെടുത്തേണമേ! ഞങ്ങളുടെ റബ്ബേ! എന്റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും വേണമേ!'
  • رَبِّ എന്റെ റബ്ബേ اجْعَلْنِي എന്നെ ആക്കേണമേ مُقِيمَ നിലനിറുത്തുന്നവന്‍ ٱلصَّلَوٰةِ നമസ്കാരത്തെ وَمِن ذُرِّيَّتِي എന്റെ സന്തതികളില്‍നിന്നും رَبَّنَا ഞങ്ങളുടെ റബ്ബേ وَتَقَبَّلْ സ്വീകരിക്കുകയും വേണമേ دُعَاءِ എന്റെ പ്രാര്‍ത്ഥന
14:41
  • رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ ﴾٤١﴿
  • 'ഞങ്ങളുടെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്‍ക്കും, സത്യവിശ്വാസികള്‍ക്കും വിചാരണ നിലവില്‍ വരുന്ന ദിവസം നീ പൊറുത്തു തരേണമേ!'
  • رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لِي എനിക്കു പൊറുത്തുതരണേ وَلِوَالِدَيَّ എന്റെ മാതാപിതാക്കള്‍ക്കും وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കും يَوْمَ يَقُومُ നിലകൊള്ളുന്ന ദിവസം الْحِسَابُ വിചാരണ

ഇബ്രാഹീം (عليه السلام) നബിയുടെ മാതാവിനെപ്പറ്റി നമുക്കൊന്നും അറിഞ്ഞുകൂടാ. എന്നാല്‍, അദ്ദേഹത്തിന്റെ പിതാവ് ഒരു വിഗ്രഹാരാധകനും, തൗഹീദില്‍ വിശ്വസിക്കാത്തവനുമായിരുന്നുവെന്നുള്ളതു പ്രസിദ്ധമാകുന്നു. ആ സ്ഥിതിക്കു അദ്ദേഹം മുശ്രിക്കായ പിതാവിനു വേണ്ടി പാപമോചനം തേടിയതിനുള്ള കാരണം സൂറഃ തൗബഃ 114ല്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പിതാവിനോടു ചെയ്തിരുന്ന ഒരു വാഗ്ദത്തമനുസരിച്ചായിരുന്നു അതെന്നും, പിതാവ് അല്ലാഹുവിന്റെ ശത്രുവാണെന്നു ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹം അയാളില്‍നിന്നു ഒഴിഞ്ഞുമാറിയെന്നുമാണതിന്റെ ചുരുക്കം. അതുകൊണ്ടു മുശ്രിക്കുകള്‍ക്കുവേണ്ടി പാപമോചനം തേടുന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കേണ്ടതില്ലെന്നു സൂറഃ മുംതഹനഃ 4ലും അല്ലാഹു അറിയിച്ചിരിക്കുന്നു. അല്ലാഹു തന്റെ ചങ്ങാതിയായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നു അല്ലാഹു തന്നെ പുകഴ്ത്തി പറഞ്ഞിട്ടുള്ള മഹാനാണു ഇബ്രാഹീം (عليه السلام) നബി. (4:125). അദ്ദേഹത്തിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങള്‍ക്കു നല്ല മാതൃകയുണ്ട് എന്നും അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു (60: 4,6). അദ്ദേഹത്തിന്റെ മാര്‍ഗ്ഗം പിന്‍പറ്റണമെന്നും നമ്മോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. (3:95). ഇതെല്ലാം മുമ്പില്‍ വെച്ചുകൊണ്ട് ഇബ്രാഹീം (عليه السلام) നബിയുടെ ഈ ദീര്‍ഘമായ പ്രാര്‍ത്ഥനയിലടങ്ങിയ മാതൃകകള്‍ ഓരോ സത്യവിശ്വാസിയും സ്വീകരിക്കേണ്ടതാകുന്നു. ഈ പ്രാര്‍ത്ഥനയില്‍ നിന്നും നാം മനസ്സിരുത്തേണ്ടുന്ന ചില സംഗതികള്‍ ചൂണ്ടിക്കാട്ടാം:-

(1). പ്രാര്‍ത്ഥനകളില്‍ ആദ്യം സ്വന്തം ദേഹത്തിന്റെയും, പിന്നീടു അവനുമായി കൂടുതല്‍ ബന്ധപ്പെട്ടവരുടെയും, അതിനുശേഷം പൊതുവില്‍ മറ്റുള്ളവരുടേയും കാര്യം എടുത്തു പറയുന്നതാണ് മര്യാദ. 35-ാം വചനത്തില്‍ ‘എന്നെയും എന്റെ മക്കളെയും’ എന്നും, 40ല്‍ ‘എന്നെയും എന്റെ സന്തതികളില്‍നിന്നും’ എന്നും, 41ല്‍ ‘എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും’ എന്നും അദ്ദേഹം പറഞ്ഞതില്‍നിന്നു ഇതു മനസ്സിലാക്കാം. പ്രാര്‍ത്ഥനയില്‍ മറ്റൊരാളുടെ കാര്യംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യം സ്വന്തം ദേഹം കൊണ്ടാണ് തുടങ്ങുകയെന്നു തിര്‍മദീ (رحمه الله) ഉദ്ധരിച്ച ഒരു ഹദീസിലും വന്നിട്ടുണ്ട്.

(2) സ്വന്തം നന്മക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുക പതിവാക്കരുത്. കുടുംബത്തിന്റെ നന്മക്കും, പൊതുവെ സത്യവിശ്വാസികളുടെ നന്മക്കും പ്രാര്‍ത്ഥിക്കേണ്ടതാകുന്നു. ‘നിങ്ങളുടെ സ്വന്തങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങള്‍ അഗ്നിയില്‍ (നരകത്തില്‍) നിന്നു സൂക്ഷിക്കണ’മെന്നു (66:6ല്‍) അല്ലാഹു കല്‍പിച്ചിരിക്കുന്നു. സൂക്ഷിക്കുന്ന പല മാര്‍ഗ്ഗങ്ങളില്‍ ഒന്നത്രെ അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും. ഒരാളുടെ അഭാവത്തില്‍ അയാള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനക്കു പ്രത്യേകം ഉത്തരം ലഭിക്കുന്നതാണെന്നു നബിവചനങ്ങളില്‍ വന്നിട്ടുള്ളതും പ്രസ്താവ്യമാകുന്നു.

(3) പ്രാര്‍ത്ഥനയില്‍ മുന്‍ഗണന നല്‍കേണ്ടത് ശിര്‍ക്ക്, കുഫ്ര്‍ മുതലായ മഹാപാപങ്ങളില്‍ നിന്നുള്ള രക്ഷക്കുവേണ്ടിയും, നമസ്കാരം പോലെയുള്ള പ്രധാന കടമകള്‍ പാലിക്കുവാനുള്ള തൗഫീഖിനു വേണ്ടിയുമായിരിക്കണം. അതോടൊപ്പം തന്നെ, അതിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമെന്ന നിലക്കു ഐഹികമായ നന്മകള്‍ക്കും പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. തന്റെ സന്തതികളുടെ നേരെ ജനഹൃദയങ്ങള്‍ക്കു ചായ്‌വു നല്‍കുവാനും, അവര്‍ക്കു ഫലവര്‍ഗ്ഗങ്ങളാല്‍ ആഹാരം നല്‍കുവാനും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചതായി 37-ാം വചനത്തില്‍ കണ്ടുവല്ലോ. അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘നിങ്ങളൊരാള്‍ തന്റെ ആവശ്യങ്ങള്‍ മുഴുവനും അല്ലാഹുവിനോടു ചോദിച്ചു കൊള്ളട്ടെ. അവന്റെ ചെരുപ്പിന്റെ വാറ് (പട്ട) മുറിഞ്ഞാല്‍ അതിനും കൂടി ചോദിക്കാം’. (തി). വേണ്ടുന്ന സാധനങ്ങളെല്ലാം പ്രാര്‍ത്ഥിച്ചാല്‍ ആകാശത്തുനിന്നു വീണുകിട്ടുമെന്നല്ല ഇതിന്റെ അര്‍ത്ഥം. ഏതു നിസ്സാരകാര്യം പോലും സാധിച്ചു കിട്ടുവാന്‍ അല്ലാഹുവിന്റെ സഹായം കൂടാതെ കഴിയാത്തതുകൊണ്ടു അതിനുള്ള സാഹചര്യലഭ്യത്തിന്നുവേണ്ടി അവനോടു പ്രാര്‍ത്ഥിക്കേണ്ടതുണ്ട് എന്നാണു താല്‍പര്യം. തിര്‍മദീ (رحمه الله) തന്നെ ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) വില്‍ നിന്നു ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങിനെയും വന്നിരിക്കുന്നു: ‘നിങ്ങളില്‍ ഏതൊരാള്‍ക്കു പ്രാര്‍ത്ഥനയുടെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നുവോ (പ്രാര്‍ത്ഥന അവന്റെ പതിവായിത്തീര്‍ന്നുവോ) അവനു അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. ആപത്തുകളില്‍ നിന്നുള്ള രക്ഷ ചോദിക്കുന്നതിനെക്കാള്‍ അല്ലാഹുവിനു ഇഷ്ടപ്പെട്ടതായി മറ്റൊന്നുമില്ല.’

(4). അല്ലാഹുവിന്റെ വിധിവ്യവസ്ഥകള്‍ക്കും, നിയമ നടപടികള്‍ക്കും എതിരായ ആവശ്യങ്ങളൊന്നും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തരുത്. മനുഷ്യവര്‍ഗ്ഗം മുഴുവനും സന്‍മാര്‍ഗ്ഗത്തില്‍ ഉറച്ചു നില്‍ക്കുകയില്ലെന്നും, അവരില്‍ സന്മാര്‍ഗ്ഗികളും, ദുര്‍മ്മാര്‍ഗ്ഗികളും ഉണ്ടായിരിക്കുമെന്നുള്ളതു അല്ലാഹുവിന്റെ അറിവിലും മുന്‍ നിശ്ചയങ്ങളിലും പെട്ടതാകുന്നു. നേരെമറിച്ചു ആഹാരം പോലെയുള്ള ജീവിതാവശ്യങ്ങളാകട്ടെ -സന്മാര്‍ഗ്ഗദുര്‍മ്മാര്‍ഗ്ഗ വ്യത്യാസമില്ലാതെ – പൊതുവില്‍ എല്ലാവര്‍ക്കും നല്‍കുമെന്നും അവന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ആഹാരകാര്യത്തെക്കുറിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍, ‘അവര്‍ക്കു ആഹാരം നല്‍കണേ’ എന്നു പൊതുവായി പറഞ്ഞതുപോലെ, നമസ്കാരത്തെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ‘എന്റെ സന്തതികളെയും’ എന്നു പറയാതെ ‘എന്റെ സന്തതികളില്‍ നിന്നും നമസ്കാരം നിലനിര്‍ത്തുന്നവരെ ഏര്‍പ്പെടുത്തേണമേ!’ എന്നുമാത്രം പറഞ്ഞത്.  അതുപോലെത്തന്നെ, കൃഷിക്കനുകൂലമായ പ്രകൃതമല്ലാത്ത ആ നാട്ടുകാര്‍ക്ക് കൃഷിമൂലം ആഹാരം നല്‍കേണമേ എന്നു പ്രാര്‍ത്ഥിക്കാതെ, ഫലവര്‍ഗ്ഗങ്ങളാല്‍ ആഹാരം നല്‍കേണമേ എന്നുമാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചതും. ഈ തത്വം ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ചൂണ്ടിക്കാട്ടിയിരിക്കുന്നു: ‘കുറ്റകരമോ, ചാര്‍ച്ചാബന്ധം മുറിക്കുന്നതോ ആയ കാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്തപ്പോള്‍, അടിയാന്റെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കുന്നതാണ് – അവന്‍ ധൃതി കാണിക്കാത്ത പക്ഷം’. ഇതു കേട്ടപ്പോള്‍ ‘എന്താണു ധൃതികാണിക്കല്‍?’ എന്നു സഹാബികള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഞാന്‍ പ്രാര്‍ത്ഥിച്ചു, എനിക്കുത്തരം കിട്ടുന്നില്ല’ എന്നിങ്ങിനെ പറഞ്ഞ് മനസ്സ് മടുക്കുകയും, പ്രാര്‍ത്ഥന ഉപേക്ഷിക്കുകയും ചെയ്യലാകുന്നു.’ (മു).

(5) പ്രാര്‍ത്ഥിക്കുന്നവന് അല്ലാഹു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു പ്രാര്‍ത്ഥനാവേളയില്‍ നന്ദി പ്രകടമാക്കുന്നതും, അവന്റെ ഔദാര്യഗുണങ്ങളില്‍ അവനെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്ന വാക്യങ്ങള്‍ സന്ദര്‍ഭോചിതം ഉണ്ടായിരിക്കേണ്ടതുണ്ട്. ഇബ്രാഹീം (عليه السلام) നബിയുടെ ഈ പ്രാര്‍ഥനാ വാക്യങ്ങളില്‍ മാത്രമല്ല, ഖുര്‍ആനില്‍ കാണുന്ന പല പ്രാര്‍ത്ഥനാവാക്യങ്ങളില്‍ നിന്നും, നബി ( صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രാര്‍ത്ഥനകളില്‍ നിന്നുമെല്ലാം തന്നെ മനസ്സിലാക്കാവുന്നതാണിത്.

വിഭാഗം - 7

14:42
  • وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰرُ ﴾٤٢﴿
  • അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്നു നീ വിചാരിക്കരുത്. ഒരു ദിവസത്തേക്കു അവരെ (നീട്ടിവെച്ച്‌) പിന്തിക്കുക മാത്രമാണവന്‍ ചെയ്യുന്നത്: അന്ന് ദൃഷ്ടികള്‍ (മേല്പോട്ടു) തുറിച്ചുനോക്കുന്നതാണ്;
  • وَلَا تَحْسَبَنَّ തീര്‍ച്ചയായും നീ വിചാരിക്ക(ഗൗനിക്ക)രുതു اللَّـهَ അല്ലാഹുവിനെ غَافِلًا അശ്രദ്ധനാണെന്നു عَمَّا يَعْمَلُ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി الظَّالِمُونَ അക്രമികള്‍ إِنَّمَا يُؤَخِّرُهُمْ അവന്‍ അവരെ പിന്തിക്കുക മാത്രം ചെയ്യുന്നു لِيَوْمٍ ഒരു ദിവസത്തേക്കു تَشْخَصُ ഉയരും (തുറിച്ചു നോക്കും) فِيهِ അതില്‍ (അന്ന്) الْأَبْصَارُ ദൃഷ്ടി (കണ്ണു)കള്‍

14:43
  • مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌ ﴾٤٣﴿
  • തങ്ങളുടെ തലകളെ, ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ധൃതിപ്പെട്ടു വരുന്നവരായിട്ടു - അവരുടെ (കണ്‍) മിഴി അവരിലേക്കു തിരിച്ചുവരികയില്ല. [അവര്‍ പൂര്‍ണ്ണമായും പരിഭ്രാന്തരായിരിക്കും] അവരുടെ ഹൃദയങ്ങളാകട്ടെ (ബോധമില്ലാതെ) ഒഴിഞ്ഞതുമായിരിക്കും.
  • مُهْطِعِينَ ധൃതിപ്പെട്ടു വരുന്നവരായി مُقْنِعِي ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു رُءُوسِهِمْ അവരുടെ തലകളെ لَا يَرْتَدُّ തിരിച്ചു (മടങ്ങി) വരുകയില്ല إِلَيْهِمْ അവരിലേക്കു طَرْفُهُمْ അവരുടെ മിഴി, കണ്‍മിഴി وَأَفْئِدَتُهُمْ അവരുടെ ഹൃദയങ്ങളാകാട്ടെ هَوَاءٌ അന്തരീക്ഷമാണു, വായുവായിരിക്കും (ഒഴിഞ്ഞതായിരിക്കും)

മുശ്രിക്കുകളടക്കമുള്ള എല്ലാ അക്രമികളുടെയും -അവര്‍ ഏതു കാലത്തും ദേശത്തുമുള്ളവരായാലും ശരി – നേരെ ശിക്ഷാ നടപടികളൊന്നും എടുക്കാതെ വിട്ടിരിക്കുന്നതു അവരെപ്പറ്റി അല്ലാഹു അശ്രദ്ധനായതു കൊണ്ടൊന്നുമല്ല. ഖിയാമത്തു നാളിലേക്കു നീട്ടിവെച്ചിരിക്കുക മാത്രമാണ്. അന്ന് അവരുടെ മേല്‍ കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്നു അല്ലാഹു അവരെ താക്കീതു ചെയ്യുകയാണ്. പുനരുത്ഥാനത്തിലുള്ള കാഹള വിളിയുണ്ടാകുമ്പോള്‍ എല്ലാവരും താന്താങ്ങളുടെ ഖബ്റുകളില്‍ (മരണശേഷം മറക്കപ്പെട്ട സ്ഥാനങ്ങളില്‍)നിന്നു വിചാരണാനിലയിലേക്കു പരിഭ്രാന്തരായിക്കൊണ്ടു എഴുന്നേറ്റു വരുമ്പോഴുണ്ടാകുന്ന അവരുടെ ദാരുണമായ സ്ഥിതിഗതികളാണ് തുടര്‍ന്നുള്ള വാക്യങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

14:44
  • وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوا۟ رَبَّنَآ أَخِّرْنَآ إِلَىٰٓ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ ۗ أَوَلَمْ تَكُونُوٓا۟ أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ ﴾٤٤﴿
  • മനുഷ്യര്‍ക്കു ശിക്ഷ വരുന്ന (ആ) ദിവസത്തെപ്പറ്റി അവര്‍ക്കു മുന്നറിയിപ്പു നല്‍കുക.
    അപ്പോള്‍ അക്രമം ചെയ്തവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ! അടുത്തതായ ഒരവധിവരേക്കു് ഞങ്ങളെ (ഒഴിവാക്കി) പിന്തിച്ചു തരേണമേ! ഞങ്ങള്‍ നിന്റെ വിളിക്കു ഉത്തരം ചെയ്യുകയും, റസൂലുകളെ പിന്‍പറ്റുകയും ചെയ്തുകൊള്ളാം!' (അവരോടു പറയപ്പെടും:) 'നിങ്ങള്‍ മുമ്പ് സത്യം ചെയ്തിരുന്നില്ലേ, നിങ്ങള്‍ക്കു (ഐഹിക ജീവിതം വിട്ടു) യാതൊരു നീക്കവും ഇല്ലെന്നു്?!'
  • وَأَنذِرِ നീ മുന്നറിയിപ്പു (താക്കീതു) നല്‍കുക النَّاسَ മനുഷ്യര്‍ക്കു يَوْمَ ദിവസത്തെപ്പറ്റി يَأْتِيهِمُ അവര്‍ക്കു വരുന്ന الْعَذَابُ ശിക്ഷ فَيَقُولُ അപ്പോള്‍ പറയും الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ رَبَّنَا ഞങ്ങളുടെ റബ്ബേ أَخِّرْنَا ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുക إِلَىٰ أَجَلٍ ഒരവധിവരെ قَرِيبٍ അടുത്തതായ نُّجِبْ ഞങ്ങള്‍ ഉത്തരം ചെയ്യാം دَعْوَتَكَ നിന്റെ വിളിക്ക്, ക്ഷണത്തിനു وَنَتَّبِعِ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം الرُّسُلَ റസൂലുകളെ أَوَلَمْ تَكُونُوا നിങ്ങളായിരുന്നില്ലേ أَقْسَمْتُم നിങ്ങള്‍ സത്യം ചെയ്തു مِّن قَبْلُ മുമ്പ് مَا لَكُم നിങ്ങള്‍ക്കില്ല എന്നു مِّن زَوَالٍ ഒരു നീക്കവും (മാറ്റവും)

14:45
  • وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوٓا۟ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلْأَمْثَالَ ﴾٤٥﴿
  • തങ്ങളുടെ സ്വന്തങ്ങളോടു അക്രമം പ്രവര്‍ത്തിച്ചവരുടെ വാസസ്ഥലങ്ങളില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്തു: അവരെക്കൊണ്ടു നാം എങ്ങിനെ ചെയ്തുവെന്നു നിങ്ങള്‍ക്കു വ്യക്തമാ(യി മനസ്സിലാ)കുകയും ചെയ്തു; നിങ്ങള്‍ക്കു നാം ഉപമകള്‍ വിവരിച്ചു തരുകയും ചെയ്തു. [എന്നിട്ടൊന്നും നിങ്ങള്‍ അന്നു വിശ്വസിച്ചില്ല]'
  • وَسَكَنتُمْ നിങ്ങള്‍ വസിക്കുക (താമസിക്കുക)യും ചെയ്തു فِي مَسَاكِنِ വാസസ്ഥല (പാര്‍പ്പിട)ങ്ങളില്‍ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരുടെ أَنفُسَهُمْ തങ്ങളോടു തന്നെ, തങ്ങളുടെ സ്വന്തത്തോടു وَتَبَيَّنَ വ്യക്തമായിത്തീരുകയും ചെയ്തു لَكُمْ നിങ്ങള്‍ക്കു كَيْفَ എങ്ങിനെയെന്നു فَعَلْنَا നാം ചെയ്തതു بِهِمْ അവരെക്കൊണ്ടു, അവരില്‍ وَضَرَبْنَا നാം ആക്കുക (വിവരിക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു الْأَمْثَالَ ഉപമകളെ

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവര്‍ ഖിയാമത്തു നാളിലെ ശിക്ഷാനുഭവങ്ങള്‍ കാണുമ്പോള്‍, തങ്ങളെ കുറച്ചു കാലത്തേക്കെങ്കിലും ഒന്നുകൂടി ഇഹലോകത്തേക്കു മടക്കിത്തന്നെങ്കില്‍, തങ്ങള്‍ സത്യമാര്‍ഗ്ഗവും സത്യവിശ്വാസവും സ്വീകരിച്ചു നന്നായിക്കൊള്ളാമെന്നു കേണപേക്ഷിക്കും. അതുകൊണ്ടു ഒരു ഫലവും അവര്‍ക്കു കിട്ടുവാന്‍ പോകുന്നില്ല. അതിനു ഇടവരുത്താതെ നേരത്തെത്തന്നെ സൂക്ഷിക്കണമെന്നു അവരെ താക്കീതു ചെയ്യാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുകയാണ്.

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവര്‍, ഈ ലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ലെന്നു തീര്‍ത്തു പറയും. അതെ, وَأَقْسَمُوا بِاللَّـهِ جَهْدَ أَيْمَانِهِمْ ۙ لَا يَبْعَثُ اللَّـهُ مَن يَمُوتُ ۚ (മരണപ്പെടുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുകയില്ലെന്നു അവര്‍ തങ്ങളാല്‍ കഴിയുന്നത്ര ശക്തിയായി സത്യം ചെയ്യും. (16: 38). ഇതേ വാക്കല്ലെങ്കില്‍, ഈ അര്‍ത്ഥത്തിലുള്ള വാക്കുകളില്‍ എല്ലാ കാലത്തെ നിഷേധികളും അതു ഉറപ്പിച്ചും തറപ്പിച്ചും പറയാറുള്ളതാകുന്നു. ഇത്രയും ശക്തമായ ഭാഷയില്‍ നിങ്ങള്‍ നിഷേധിച്ചുവന്നിരുന്ന ആ ജീവിതം ഇപ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ അനുഭവപ്പെട്ടു?! നിങ്ങളുടെ ആ സത്യങ്ങളൊക്കെ എവിടെപ്പോയി?! എന്നൊക്കെയുള്ള പരിഹാസവും, ആക്ഷേപവുമാണ് …أَوَلَمْ تَكُونُوا (നിങ്ങള്‍ സത്യം ചെയ്തിരുന്നില്ലേ….) എന്നു തുടങ്ങിയ വാക്യത്തില്‍ കാണുന്നത്. നിങ്ങളെപ്പോലെ നിഷേധികളായിരുന്ന പല അക്രമികളും മുമ്പു കഴിഞ്ഞുപോകുകയും, അവരുടെ മേല്‍ അല്ലാഹു ചില ശിക്ഷാ നടപടികള്‍ എടുക്കുകയും ഉണ്ടായിട്ടുണ്ട്. അവരുടെശേഷം അവര്‍ വസിച്ചിരുന്ന നാടുകളില്‍ കഴിഞ്ഞുകൂടുന്ന നിങ്ങള്‍ക്കു അതെല്ലാം ശരിക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുമുണ്ട്. പോരാത്തതു, പ്രവാചകനും, വേദഗ്രന്ഥവും മുഖേന അവരുടെ ഉദാഹരണങ്ങളും, അവരും നിങ്ങളുമായുള്ള സാമ്യങ്ങളും നിങ്ങള്‍ക്കു വിവരിച്ചു തരപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിട്ടൊന്നും നിങ്ങള്‍ പാഠം പഠിച്ചില്ല. നിങ്ങളുടെ നിഷേധത്തില്‍നിന്നു നിങ്ങള്‍ പിന്‍മാറിയതുമില്ല. അതുകൊണ്ടാണു ഈ ഗതികേടു നിങ്ങള്‍ക്കു അനുഭവിക്കേണ്ടിവന്നത് എന്നൊക്കെയാണ് പിന്നീട് പറഞ്ഞതിന്റെ സാരം. തുടര്‍ന്നുകൊണ്ടു അല്ലാഹു പറയുന്നു:-

14:46
  • وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ ﴾٤٦﴿
  • അവര്‍ അവരുടെ തന്ത്രം പ്രയോഗിക്കുകയുണ്ടായി. അവരുടെ തന്ത്രം അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും. [അതവന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്]. അവരുടെ തന്ത്രം - അതു നിമിത്തം പര്‍വ്വതങ്ങള്‍ (തല്‍സ്ഥാനത്തുനിന്നു) നീങ്ങിപ്പോകുവാന്‍ (തക്കതൊന്നും) ആയിട്ടില്ല.
  • وَقَدْ مَكَرُوا അവര്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് مَكْرَهُمْ അവരുടെ തന്ത്രം وَعِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും مَكْرُهُمْ അവരുടെ തന്ത്രം وَإِن كَانَ ആയിട്ടില്ല (ഇല്ല), നിശ്ചയമായും ആകുന്നു مَكْرُهُمْ അവരുടെ തന്ത്രം لِتَزُولَ നീങ്ങിപ്പോകുവാന്‍ (തക്കവണ്ണം) مِنْهُ അതുനിമിത്തം الْجِبَالُ മലകള്‍, പര്‍വ്വതങ്ങള്‍

അവര്‍ തങ്ങള്‍ക്കു കഴിയുമാറുള്ള എല്ലാ തന്ത്രങ്ങളും അക്രമങ്ങളും പ്രയോഗിച്ചുകൊണ്ടിരുന്നു. ഒന്നും അല്ലാഹു അറിയാതെ പോയിട്ടില്ല. എല്ലാം അവന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിന്റെ ഫലം അവര്‍ക്ക് വഴിയെ അറിയുകയും ചെയ്യാം. അവര്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ എത്ര വമ്പിച്ചതായിരുന്നാലും പര്‍വ്വതങ്ങളെ സ്ഥാനം വിട്ടു നീക്കിക്കളയുമാറ് അത്ര വമ്പിച്ചതൊന്നുമായിരുന്നില്ല അവ എന്നു സാരം.

അവസാന വാക്യത്തിലെ (وَإِن كَانَ) എന്ന വാക്കിനു ‘ആയിട്ടില്ല’ എന്നു നിഷേധ രൂപത്തിലും, ‘നിശ്ചയമായും ആയിരിക്കുന്നു’ എന്നു സ്ഥാപനരൂപത്തിലും അര്‍ത്ഥം കല്‍പിക്കുവാന്‍ സാധ്യതയുണ്ട്. (*). രണ്ടു പ്രകാരത്തിലും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കല്‍പിച്ചിട്ടുമുണ്ട്. ഒന്നാമത്തെ അര്‍ത്ഥപ്രകാരം, അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകുവാനായിട്ടില്ല – അഥവാ അതു അത്ര വമ്പിച്ചതായിരുന്നില്ല – എന്നു പരിഹാസരൂപത്തില്‍ പറഞ്ഞതായിരിക്കും ആ വാക്യം. ഈ അര്‍ത്ഥമാണ് പരിഭാഷയില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയിലൂടെ അഹങ്കരിച്ചു നടക്കുന്നവരോടു….. إِنَّكَ لَن تَخْرِقَ الْأَرْضَ وَلَن تَبْلُغَ الْجِبَالَ طُولًا (നീ ഭൂമിയെ കീറിപ്പൊളിക്കുകയില്ല, നീളത്തില്‍ പര്‍വ്വതങ്ങളോളം നീ എത്തുകയുമില്ല. (17:37)) എന്ന് പറഞ്ഞതുപോലെയുള്ള ഒരു പ്രയോഗമായിരിക്കും അപ്പോള്‍ അത്. രണ്ടാമത്തെ അര്‍ത്ഥപ്രകാരം, അവരുടെ കുതന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകുമാറായിരിക്കുന്നു – അഥവാ അവ വളരെ വമ്പിച്ചതായിരുന്നുവെന്നു പരിഹാസരൂപത്തില്‍ പറഞ്ഞു നിന്ദിക്കലായിരിക്കും ഉദ്ദേശ്യം. അപ്പോള്‍, അല്ലാഹുവിനു മക്കളുണ്ടെന്നു പറയുന്നവരുടെ വാദത്തെപ്പറ്റി …..تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ (ആകാശങ്ങള്‍ അതുമൂലം പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടു കീറുകയും, മലകള്‍ തകര്‍ന്നു വീഴുകയും ചെയ്യുമാറാകുന്നു! (19:90) എന്ന് പറഞ്ഞതുപോലെയുള്ള ഒരു പ്രയോഗവുമായിരിക്കും. രണ്ടില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും ശരി, അവരുടെ തന്ത്രം എത്ര തന്നെ കടുത്തതായിരുന്നാലും അല്ലാഹുവിന്റെ അടുക്കല്‍ അതു കേവലം നിസ്സാരമാണെന്നായിരിക്കും ആ വാക്യത്തിന്റെ താല്‍പര്യം.


(*).يعنى يحتمل ان تكون ,ان, نافية او مؤكدة لها بعدها

14:47
  • فَلَا تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِۦ رُسُلَهُۥٓ ۗ إِنَّ ٱللَّهَ عَزِيزٌ ذُو ٱنتِقَامٍ ﴾٤٧﴿
  • ആകയാല്‍, അല്ലാഹുവിനെക്കുറിച്ച് അവന്റെ റസൂലുകളോടുള്ള വാഗ്ദത്തം (അവന്‍) ലംഘിക്കുന്നവനാണെന്നു തീര്‍ച്ചയായും നീ വിചാരിച്ചു പോകരുത്. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, ശിക്ഷാനടപടി എടുക്കുന്നവനുമാണ്.
  • فَلَا تَحْسَبَنَّ ആകയാല്‍, തീര്‍ച്ചയായും നീ കരുതേണ്ട ഗണിക്കരുത് اللَّـهَ അല്ലാഹുവിനെ مُخْلِفَ വ്യത്യാസം ചെയ്യുന്ന (ലംഘിക്കുന്ന)വനെന്നു وَعْدِهِ അവന്റെ വാഗ്ദത്തത്തെ رُسُلَهُ അവന്റെ റസൂലുകളോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ്, വീര്യപ്പെട്ടവനാണ് ذُو انتِقَامٍ ശിക്ഷാ നടപടിയുള്ളവനാണ്
14:48
  • يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ ﴾٤٨﴿
  • (അതെ) ഭൂമി (ഈ) ഭൂമിയല്ലാത്തതായും, ആകാശങ്ങളും (ഈ ആകാശങ്ങളല്ലാത്തതായും) മാറ്റപ്പെടുന്ന ദിവസം! അവര്‍ (എല്ലാം) ഏകനായ, സര്‍വ്വാധികാരിയായ അല്ലാഹുവിങ്കലേക്കു (ഖബറുകളില്‍നിന്നു) പ്രത്യക്ഷപ്പെട്ടു വരുകയും ചെയ്യും.
  • يَوْمَ تُبَدَّلُ മാറ്റ (പകരമാക്ക)പ്പെടുന്ന ദിവസം الْأَرْضُ ഭൂമി غَيْرَ الْأَرْضِ ഭൂമിയല്ലാത്തതായി (മറ്റൊരു ഭൂമിയായി) وَالسَّمَاوَاتُ ആകാശങ്ങളും وَبَرَزُوا അവര്‍ പ്രത്യക്ഷപ്പെടുക [വെളിക്കു വരുക - വെളിവാകുക]യും ചെയ്യും لِلَّـهِ الْوَاحِدِ ഏകനായ അല്ലാഹുവിങ്കലേക്കു الْقَهَّارِ സര്‍വ്വാധികാരിയായ

ഈ ഭൂമി മറ്റൊരു ഭൂമിയായും, ആകാശങ്ങള്‍ വേറെ ആകാശങ്ങളായും മാറ്റപ്പെടുന്ന ദിവസം എന്നു പറഞ്ഞതു ഖിയാമത്തുനാളാണെന്നു സ്പഷ്ടമാകുന്നു. എന്നാല്‍, ഈ മാറ്റം എപ്രകാരമായിരിക്കുമെന്നു തീര്‍ത്തുപറയുവാന്‍ നമുക്കു കഴിയുകയില്ല. അല്ലാഹുവിനേ അതറിയുകയുള്ളു. ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന പല സംഭവവികാസങ്ങളെയും മാറ്റങ്ങളെയും കുറിച്ചു ഖുര്‍ആന്‍ പലേടങ്ങളിലായി വളരെയധികം കാര്യങ്ങള്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അവയില്‍നിന്ന് ആകാശഭൂമികളുടെ നിലവിലുള്ള പ്രകൃതിയിലും സ്വഭാവത്തിലും വമ്പിച്ച മാറ്റം സംഭവിക്കുവാനിരിക്കുന്നുവെന്നു മൊത്തത്തില്‍ മനസ്സിലാക്കാം. താഴെ സൂറത്തുകളിലാണു ഇതു സംബന്ധിച്ചു കൂടുതല്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ഉദാഹാരണാര്‍ത്ഥം ചിലതു ചൂണ്ടിക്കാട്ടാം:-

1. ആകാശം ശക്തമായി പ്രകമ്പനം കൊള്ളും, മലകള്‍ ശക്തിയായ സഞ്ചാരം സഞ്ചരിക്കും. (52 :9,10).

2. ‘നക്ഷത്രങ്ങള്‍ തുടച്ചു മായിക്കപ്പെടും, ആകാശം തുറന്നു വിടര്‍ത്തപ്പെടും. (77 :8,9).

3.ആകാശം തുറക്കപ്പെടും, എന്നിട്ട് അതു പല കവാടങ്ങളുള്ളതായിത്തീരും, മലകള്‍ (സ്ഥാനം വിട്ടു) നടത്തപ്പെടും, അതു കാനല്‍ സമാനമായിത്തീരും. (78 :19,20).

4.സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടും, നക്ഷത്രങ്ങള്‍ ഉതിര്‍ന്ന്‍ വീഴും… കാട്ടുജീവികള്‍ ഒരുമിച്ചു കൂട്ടപ്പെടും, സമുദ്രങ്ങള്‍ തിളച്ചുമറിക്കപ്പെടും’. (81: 1 – 6)

5. ആകാശം പൊട്ടിപ്പിളരും, നക്ഷത്രങ്ങള്‍ കൊഴിഞ്ഞുവീഴും, സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടും, ഖബ്റുകള്‍ (അടിമേല്‍) മറിച്ചിടപ്പെടും. (82 :1-4).

6.മലകളെ പൊടിച്ചു പാറ്റുകയും, എന്നിട്ടു സമനിരപ്പാക്കുകയും ചെയ്യും. അതില്‍ ഉയര്‍ച്ചയോ താഴ്ച്ചയോ കാണുകയില്ല. (20 :105-107).

ഇതുപോലെ വേറെയും പലതും കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി സഹ്‍ലുബ്‍നു സഅ്ദു (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു:  ‘(തരിച്ചെടുത്ത) ശുദ്ധമായ മാവുകൊണ്ടുണ്ടാക്കിയ അപ്പം കണക്കെ, തനി വെള്ളയായ ഒരു ഭൂമിയില്‍ ഖിയാമത്തുനാളില്‍ മനുഷ്യര്‍ ഒരുമിച്ചുകൂട്ടപ്പെടും. അവിടെ ഒരാള്‍ക്കും (സ്ഥാനനിര്‍ണ്ണയം ചെയ്യത്തക്ക) ഒരടയാളവും ഉണ്ടായിരിക്കയില്ല.’ (ബു; മു).

ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ ഊഹങ്ങള്‍ക്കെല്ലാം അതീതമായ അനേക മാറ്റങ്ങള്‍ അന്നു ലോകത്തു സംഭവിക്കും. സൂക്ഷ്മമായ അറിവു അല്ലാഹുവിനു മാത്രം. ശുദ്ധ ശൂന്യതയില്‍ നിന്നു അറ്റമില്ലാത്ത ഈ അഖിലാണ്ഡത്തെ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന സൃഷ്ടാവിനു അതില്‍ ഏതു തരത്തിലുള്ള മാറ്റവും വരുത്തുവാനും, മറ്റൊരു ലോകവ്യവസ്ഥ നിലവില്‍ കൊണ്ടുവരാനും യാതൊരു പ്രയാസവും ഇല്ലതന്നെ. ലോകാവസാനം വരെ മരണമടഞ്ഞു പോയ ജനകോടികളെല്ലാം അവരവരുടെ ഖബ്ര്‍സ്ഥാനങ്ങളില്‍ നിന്നു – ഓരോരുത്തനും എങ്ങിനെ, എവിടെ മറമാടപ്പെട്ടിരുന്നുവോ അവിടങ്ങളില്‍ നിന്നു – അല്ലാഹുവിന്റെ മുമ്പാകെ വിചാരണാനിലയത്തിലേക്കു വെളിക്കു വരുന്നതാണ്. അന്നത്തെ സര്‍വ്വാധികാരം ഏകനായ അല്ലാഹുവിനു മാത്രമായിരിക്കും. നാമമാത്രമായ അധികാരമെങ്കിലും ആര്‍ക്കുമാര്‍ക്കും ഉണ്ടായിരിക്കയില്ല. لِّمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ (അന്നു ആര്‍ക്കാണു രാജാധികാരം? സര്‍വ്വാധികാരിയായ ഏകനായ അല്ലാഹുവിനു തന്നെ). ആ അവസരത്തില്‍ ദുര്‍മ്മാര്‍ഗ്ഗികളായ കുറ്റവാളികളുടെ സ്ഥിതികളെന്തായിരിക്കുമെന്നു അല്ലാഹു വിവരിക്കുന്നു:-

14:49
  • وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ ﴾٤٩﴿
  • അന്നത്തെ ദിവസം, കുറ്റവാളികളെ ചങ്ങലകളില്‍ കൂട്ടി ബന്ധിക്കപ്പെട്ടവരായി നിനക്കു കാണാവുന്നതുമാണ്.
  • وَتَرَى നീ കാണുകയും ചെയ്യും, നിനക്കു കാണാം الْمُجْرِمِينَ കുറ്റവാളികളെ يَوْمَئِذٍ അന്നു, ആ ദിവസം مُّقَرَّنِينَ കൂട്ടിച്ചേര്‍ക്ക(ബന്ധിക്ക)പ്പെട്ടവരായി فِي الْأَصْفَادِ കുടുക്കു (ചങ്ങല - കെട്ടുകയറ് - ആമം)കളില്‍
14:50
  • سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ ﴾٥٠﴿
  • അവരുടെ കുപ്പായങ്ങള്‍ പന്തം കൊണ്ടായിരിക്കും; അവരുടെ മുഖങ്ങളെ അഗ്നി മൂടുകയും ചെയ്യും.
  • سَرَابِيلُهُم അവരുടെ കുപ്പായങ്ങള്‍, ആടകള്‍ مِّن قَطِرَانٍ പന്തത്തിനാലായിരിക്കും, താര്‍ കൊണ്ടായിരിക്കും وَتَغْشَىٰ മൂടുക (പൊതിയുക)യും ചെയ്യും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം, തീ
14:51
  • لِيَجْزِىَ ٱللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ ﴾٥١﴿
  • എല്ലാ (ഓരോ) വ്യക്തിക്കും അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതിനു അല്ലാഹു പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ (അതു). നിശ്ചയമായും അല്ലാഹു, വിചാരണ വേഗം ചെയ്യുന്നവനാകുന്നു.
  • لِيَجْزِيَ പ്രതിഫലം നല്‍കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു كُلَّ نَفْسٍ എല്ലാ വ്യക്തിക്കും (ദേഹത്തിന്നും, ആത്മാവിന്നും) مَّا كَسَبَتْ അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗതയുള്ളവനാണ് الْحِسَابِ വിചാരണ

‘ചങ്ങലകളില്‍ കൂട്ടിബന്ധിക്കപ്പെട്ടവരായിരിക്കു’മെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവര്‍ പരസ്പരം ചങ്ങല കൊണ്ടു കൂട്ടിബന്ധിക്കപ്പെടുമെന്നും, അവരുടെ അവയവങ്ങള്‍ തമ്മില്‍ കൂട്ടിബന്ധിക്കപ്പെടുമെന്നും ആകാവുന്നതാണ്. قَطِرَان (ഖത്വിറാന്‍) എന്ന വാക്കിനാണു ‘പന്തം’ എന്നു അര്‍ത്ഥം കല്‍പിച്ചത്‌. ‘കീല്‍’ അഥവാ ‘താര്‍’ എന്നും മറ്റും അതിനു അര്‍ത്ഥം പറയപ്പെട്ടുകാണാം. വേഗം തീ പിടിച്ചു ആളിക്കത്തുന്നതും, ഉഷ്ണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതുമായ പദാര്‍ത്ഥമായിരിക്കും അവരുടെ കുപ്പായമെന്നു താല്‍പര്യം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍. ഈ സൂറത്തു അല്ലാഹു ഇങ്ങിനെ അവസാനിപ്പിക്കുന്നു:-

14:52
  • هَـٰذَا بَلَـٰغٌ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَـٰهٌ وَٰحِدٌ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ ﴾٥٢﴿
  • ഇതു [ഖുര്‍ആന്‍] മനുഷ്യര്‍ക്കു (എത്തിക്കാനുള്ള) ഒരു സന്ദേശമാകുന്നു. ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് (അഥവാ താക്കീത്) നല്‍കപ്പെടുവാന്‍ വേണ്ടിയും, അവന്‍ [അല്ലാഹു] ഒരേ ഒരു ആരാധ്യന്‍ മാത്രമാണെന്നു അവര്‍ അറിയുവാന്‍വേണ്ടിയും, ബുദ്ധിമാന്‍മാര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടിയും ആകുന്നു.
  • هَـٰذَا ഇതു بَلَاغٌ ഒരു സന്ദേശമാണ് (എത്തിക്കാനുള്ളതാണ്) لِّلنَّاسِ മനുഷ്യര്‍ക്കു وَلِيُنذَرُوا അവര്‍ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെടുവാനും بِهِ അതുകൊണ്ടു, ഇതുമൂലം وَلِيَعْلَمُوا അവര്‍ അറിയുവാനും أَنَّمَا هُوَ അവന്‍ മാത്രം എന്നു إِلَـٰهٌ وَاحِدٌ ഏകനായ ആരാധ്യന്‍ (എന്നു) وَلِيَذَّكَّرَ ഉറ്റാലോചിക്കുവാനും أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍

ഉറ്റാലോചിച്ചു കാര്യം ഗ്രഹിക്കുന്ന ബുദ്ധിമാന്‍മാരില്‍ നമ്മെയെല്ലാം അല്ലാഹു ഉള്‍പ്പെടുത്തട്ടെ, ഖിയാമത്തുനാളിലെ ഭയങ്കരതകളില്‍ നിന്നു അവന്‍ നമുക്കെല്ലാം രക്ഷ നല്‍കുകയും ചെയ്യട്ടെ. ആമീന്‍.

اللهم لك الحمد ولك المنة والفضل

انتهى التسويد ليلة السبت ٢٨ رجب ١٣٩٧ ه-٧٧/٧/١٥ م والتبيض ليلة السبت ٢٥ ربيع الآخر ١٣٩٩ ه-٧٩/٣/٢٣ م ه م نى