ഫത്ത്ഹ് (വിജയം)

മദനീ അദ്ധ്യായം – വചനങ്ങള്‍ 29 – വിഭാഗം (റുകൂഅ്) 4

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

1. ഹിജ്റ 6-ാം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സഹാബികളൊന്നിച്ച് ഹുദൈബിയാ സന്ധി കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യേ വെച്ചാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. മദീനാ ഹിജ്റക്കു ശേഷം അവതരിച്ചതാകകൊണ്ട് ഇതും മദനീ അദ്ധ്യായങ്ങളില്‍ ഉള്‍പ്പെടുന്നു.

2. അഹ്മദ്, ബുഖാരി, തിര്‍മുദി (َحِمَهُمُ الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഉമര്‍ (رضي الله عنها) പറയുകയാണു : ‘ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ചു ഒരു യാത്രയിലായിരുന്നു. ഞാന്‍ തിരുമേനിയോടു ഒരു കാര്യം ചോദിക്കുകയുണ്ടായി. മൂന്നു പ്രാവശ്യം ചോദിച്ചിട്ടും അവിടുന്നു മറുപടി പറഞ്ഞില്ല. ‘മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും നിനക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു മറുപടി കിട്ടിയില്ലല്ലോ! നീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിഷമിപ്പിച്ചുവല്ലോ ! എന്നു ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. എന്റെ കാര്യത്തില്‍ വല്ല വഹ്‌യും വന്നേക്കുമോ എന്നും എനിക്കു ഭയം തോന്നി. അങ്ങിനെയിരിക്കെ, അതാ ഒരു വിളി ! ഞാന്‍ വീണ്ടും ഭയപ്പെട്ടുകൊണ്ട് മടങ്ങിച്ചെന്നു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘കഴിഞ്ഞ രാത്രി എനിക്കൊരു സൂറത്തു അവതരിച്ചിട്ടുണ്ട്. ഈ ലോകത്തെക്കാളും, അതിലുള്ള വസ്തുക്കളെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതാണത്. അതായതു: إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (എന്ന ഈ അദ്ധ്യായം).’

3. മുആവിയത്തുബ്നു ഖുര്‍-റ (معاوية بن قرة رضي) പറയുന്നു : മക്കാ വിജയത്തിന്റെ അന്ന് യാത്രയില്‍ വാഹനപ്പുറത്തുവെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂറത്തുല്‍ ഫത്ത്ഹ് നീട്ടി നീട്ടി ഓതുകയുണ്ടായി, ആളുകള്‍ നമ്മുടെ അടുക്കല്‍ തടിച്ചുകൂടുമെന്ന ഭയമില്ലായിരുന്നുവെങ്കില്‍, തിരുമേനിയുടെ ആ ഓത്തിന്റെ മാതിരി ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരുമായിരുന്നു. (അ; ബു; മു.)

4. ഹുദൈബിയാ സന്ധി :- ഈ അദ്ധ്യായത്തില്‍ ഹുദൈബിയാ സംഭവത്തിന്റെ പല വശങ്ങളെക്കുറിച്ചും പ്രസ്ഥാവിക്കുന്നതുകൊണ്ടു ആ സംഭവത്തിന്റെ ചുരുക്കം അറിയുന്നതു നന്നായിരിക്കും. അതു ഇപ്രകാരമാണ് :

സഹാബികളോന്നിച്ച് ‘മസ്ജിദുല്‍ ഹറാമില്‍’ (മക്കായിലെ പള്ളിയില്‍) പ്രവേശിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വപ്നം കണ്ടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സ്വപ്നം യഥാര്‍ത്ഥമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറഃ (عمرة) കര്‍മ്മം ചെയ്‌വാനായി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറപ്പെട്ടു. ആയിരത്തി നാനൂറില്‍പരം സഹാബികളും ഒന്നിച്ചുണ്ടായിരുന്നു. ഖുറൈശികളില്‍ നിന്നു വല്ല തടസ്സവും നേരിട്ടുവെങ്കിലോ എന്നു കരുതി ഉള്‍നാട്ടുകാരായ അറബി (അഅ്റാബി)കളെയും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ഷണിച്ചു.പക്ഷെ അവര്‍ ഖുറൈശികളെ ഭയന്ന് പിന്നോക്കം നില്‍ക്കുകയാണ് ചെയ്തത്. സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിര്‍ദേശപ്രകാരം, സാധാരണ അവര്‍ ഉപയോഗിക്കാറുള്ള ഉറയിലിട്ട വാളുകളല്ലാതെ യുദ്ധായുധങ്ങള്‍ കൊണ്ടുപോയിരുന്നില്ല.

അസ്ഫാന്‍ (عسفان) എന്ന സ്ഥലത്തെത്തിയപ്പോള്‍, ഖുറൈശികള്‍ തങ്ങളെ തടയുവാന്‍ വട്ടം കൂട്ടുന്നതായും, ഒരു മുന്നോടി സൈന്യം പുറപ്പെട്ടിരിക്കുന്നതായും വിവരം കിട്ടി. അതിനാല്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറ്റൊരു വഴിയായി യാത്ര തുടര്‍ന്നു. വഴിക്കുവെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒട്ടകം മുന്നോട്ടു നടക്കാതെ മുട്ടുകുത്തി. ‘ഖസ്വ്വാഉ് (*) നടക്കാതായി’ (خَلَأَتْ الْقَصْوَاءُ) എന്നു ആളുകള്‍ പറയാന്‍ തുടങ്ങി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘അതു അതിനു സമ്പ്രദായമില്ലാത്തതാണ്. ആനയെ തടഞ്ഞുവെച്ചവന്‍ അതിനെ തടഞ്ഞുവെച്ചതാണ്. (**) . അല്ലാഹു ബഹുമാനിച്ച വസ്തുക്കളെ ബഹുമാനിച്ചുകൊണ്ടുള്ള ഏതു കാര്യത്തിലേക്കും ഖുറൈശികള്‍ എന്നെ ക്ഷണിച്ചാല്‍ ഞാനതു സമ്മതിക്കാതിരിക്കയില്ല.’


(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒട്ടകത്തിന്റെ പേരാണു ‘ഖസ്വ്വാഉ്.

(**) മുമ്പ്‌ കഅ്ബഃയെ നശിപ്പിക്കുവാന്‍ അബീസീനിയക്കാര്‍ കൊണ്ടുവന്ന ആനപ്പട്ടാളത്തെ തടഞ്ഞുവെച്ച അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌ ഇതും എന്ന് സാരം.


മക്കായില്‍ നിന്നും അല്‍പം നാഴിക അകലെ ഹുദൈബിയ്യഃ (حديبية) എന്ന കിണറ്റിന്നരികെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇറങ്ങി. ഖുറൈശികള്‍ ആളയച്ച് അവരുടെ വരവിന്റെ ഉദ്ദേശ്യം എന്താണെന്നു അന്വേഷിച്ചു. ഉംറഃ കര്‍മ്മം മാത്രമാണെന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയിച്ചു. പക്ഷെ, ഖുറൈശികള്‍ പറഞ്ഞതു ഇതായിരുന്നു: “മുഹമ്മദ്‌ അവന്റെ സൈന്യത്തോടു കൂടി നമ്മുടെ ഇടയില്‍ വന്ന് ഉംറഃക്ക് പ്രവേശിക്കുകയോ? നാം അവനുമായി സമരത്തിലായിരിക്കെ, അവന്‍ ഇങ്ങിനെ ബലമായി പ്രവേശിച്ചതു അറബികള്‍ കേള്‍ക്കുമല്ലോ. അതുകൊണ്ട് നാമുള്ള കാലം അതു സംഭവിക്കാന്‍ പോകുന്നില്ല. തുടര്‍ന്നുകൊണ്ട് അന്യോന്യം പല സംസാരങ്ങളും ദൗത്യങ്ങളും നടന്നു. ഇതിനിടെ ഉസ്മാന്‍ (رضي الله عنها) നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായിലേക്കു അയച്ചിട്ടുണ്ടായിരുന്നു. മക്കായില്‍ അവശേഷിച്ചിരുന്ന ദുര്‍ബ്ബലരായ ചില സത്യവിശ്വാസികള്‍ക്കു മനസ്സമാധാനം നല്കുവാനായിരുന്നു അത്. തന്റെ കുടുംബത്തില്‍പെട്ട ഒരാള്‍ അഭയം നല്‍കിയതനുസരിച്ചായിരുന്നു അദ്ദേഹം പോയതും. അദ്ദേഹത്തെ ‘ത്വവാഫ്’ (കഅ്ബ പ്രദക്ഷിണം) ചെയ്‌വാന്‍ അവര്‍ അനുവദിച്ചുവെങ്കിലും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അതു അനുവദിക്കപ്പെടാത്ത സ്ഥിതിക്ക് അദ്ദേഹം ‘ത്വവാഫ്’ കര്‍മ്മം ചെയ്കയുണ്ടായില്ല.

ഉസ്മാന്‍ (رضي الله عنها) നെ ഖുറൈശികള്‍ അവിടെ തടഞ്ഞുവെച്ചു. അദ്ദേഹം കൊല്ലപ്പെട്ടതായി ഒരു വാര്‍ത്ത മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ (***) ചുവട്ടില്‍ വെച്ച് ഒരു പ്രതിജ്ഞ (بيعة) നടന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യൊന്നിച്ചു മരണംവരെ തങ്ങള്‍ യുദ്ധം ചെയ്തുകൊള്ളാമെന്നായിരുന്നു പ്രതിജ്ഞ. വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചായതു കൊണ്ടു ഇതിന്നു بيعة الشجرة (വൃക്ഷത്തിങ്കല്‍ വെച്ചുണ്ടായ പ്രതിജ്ഞ) എന്നും, താഴെ (18-ആം വചനത്തില്‍) കാണുന്ന സന്തോഷവാര്‍ത്തയനുസരിച്ച് بيعة الرضروان (അല്ലാഹുവിന്റെ പ്രീതി ലഭിച്ച പ്രതിജ്ഞ എന്നും) പറയപ്പെടുന്നു. ഈ ‘ബൈഅത്തി’നെ (പ്രതിജ്ഞയെ) പ്പറ്റി അറിഞ്ഞപ്പോള്‍ ഖുറൈശികള്‍ക്കു ഭയമായി. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി ഒരു സന്ധിക്കു മുമ്പോട്ടു വന്നു.


(***) ഉമര്‍ (رضي الله عنها) ന്റെ ഖിലാഫത്തുകാലത്തു ജനങ്ങള്‍ അതിനെ ഒരു പുണ്യവൃക്ഷമായി ഗണിച്ചുവരുന്നുണ്ടെന്നു അദ്ദേഹം അറിഞ്ഞു. അതിനാല്‍ അതു വെട്ടിക്കളയുവാന്‍ അദ്ദേഹം കല്‍പിക്കുകയുണ്ടായി.


ഖുറൈശികളുടെ നിര്‍ബന്ധപ്രകാരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങേഅറ്റത്തെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവരുമായി സന്ധിവ്യവസ്ഥ രേഖപ്പെടുത്തി. അതിന്റെ ചുരുക്കം ഇതാണു : 1) ഇരുകൂട്ടര്‍ക്കുമിടയില്‍ നാലു കൊല്ലം യുദ്ധം നിറുത്തിവെക്കുക. 2) ഖുറൈശികളില്‍ നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്കു വരുന്നവരെ അങ്ങോട്ടു തിരിച്ചയക്കുക, മുസ്ലിംകളില്‍ നിന്നു ഖുറൈശികളുടെ പക്ഷത്തേക്കു വരുന്നവരെ തിരിച്ചയക്കാതിരിക്കുകയും ചെയ്യുക. 3) അടുത്ത കൊല്ലം തിരുമേനിയും സഹാബികളും നിരായുധരായി വന്ന് ഉംറഃ കര്‍മ്മം നിര്‍വഹിക്കുക മൂന്നു ദിവസം താമസിക്കുകയും ചെയ്യാം. 4) ഇരുകക്ഷികളും അവരവരുടെ ഇഷ്ടംപോലെ ആരുമായും സഖ്യം നടത്തുന്നതിനു വിരോധമില്ല.

ഇത്രയും വിട്ടുവീഴ്ചകള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവദിച്ചതു സഹാബികള്‍ക്കു പൊതുവില്‍ ഇഷ്ടമായിരുന്നില്ല. പലരും പലതും പറയുകയുണ്ടായി. നമ്മുടെ അടുക്കല്‍ മുസ്‌ലിമായി വരുന്നവരെ നാമെങ്ങിനെ അവര്‍ക്കു തിരിച്ചുകൊടുക്കും? ഇതായിരുന്നു അവര്‍ക്കു തീരെ സഹിക്കാന്‍ കഴിയാഞ്ഞത്. അല്ലാഹു അവര്‍ക്കു രക്ഷാമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മറുപടി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വപ്നത്തെക്കുറിച്ചായിരുന്നു മറ്റൊരു സംശയം. ഈ സംശയത്തിനു മറുപടിയായി ഉമര്‍ (رضي الله عنه) നോടു അബൂബക്കര്‍ (رضي الله عنه) ഇപ്രകാരം ചോദിക്കുകയുണ്ടായി: ‘ഇക്കൊല്ലം തന്നെയാണ് അതെന്ന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിട്ടുണ്ടോ? ഇതില്‍നിന്നു ഉമര്‍ (رضي الله عنه)നു കാര്യം മനസ്സിലായി. സന്ധിക്കുശേഷം, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും തല്‍കാലം തിരിച്ചുപോരുകയും, അടുത്ത കൊല്ലം പോയി ഉംറഃ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ഈ ഉംറഃക്കാണ് عُمْرَةُ الْقَضَاءِ (ഉംറത്തുല്‍ -ഖള്വാഉ്) എന്നു പറയുന്നത്. ഹിജ്റ ആറാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തിലാണ് പ്രസ്തുത സന്ധി നടന്നത്.

സന്ധിവ്യവസ്ഥകള്‍ക്കെതിരായി ഖുറൈശികളില്‍നിന്നു ചില സംഭവങ്ങള്‍ ഉണ്ടായി. അതിനെത്തുടര്‍ന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമീപിച്ച് സന്ധി പുതുക്കുവാനും, കാലം ദീര്‍ഘിപ്പിക്കുവാനും ഉപായത്തില്‍ ശ്രമം നടത്തി നോക്കി. പക്ഷേ, ഫലപ്പെടുകയുണ്ടായില്ല. ഇരുകൂട്ടരും സമാധാനത്തില്‍ കഴിഞ്ഞ കാലത്ത് ഇസ്ലാമിന്റെ പ്രബോധനം അയല്‍പ്രദേശങ്ങളിലേക്കു വ്യാപിപിക്കുവാനും, കിസ്രാ, ഖൈസര്‍ തുടങ്ങിയ പല നാടുവാഴികളെയും ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു എഴുത്തുകുത്തുകള്‍ നടത്തുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അവസരം കിട്ടി. ഖുറൈശികളുടെ ഭാഗത്തുനിന്നു സന്ധിലംഘനം ഉണ്ടായപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പതിനായിരം വരുന്ന സഹാബികളും വേണ്ടുന്ന ഒരുക്കത്തോടുകൂടി മക്കായിലേക്കു നീങ്ങുകയും, വലിയ സംഘട്ടനങ്ങളൊന്നും കൂടാതെ തന്നെ ചരിത്രപ്രസിദ്ധമായ മക്കാവിജയസംഭവം ഉണ്ടാകുകയും ചെയ്തു. അതോടുകൂടി ഖുറൈശികള്‍ മുഴുവനും, അറബികള്‍ പൊതുവിലും ഇസ്‌ലാമിനു കീഴൊതുങ്ങി. ഇതിനെല്ലാം വഴി തെളിയിച്ചതു ഹുദൈബിയ്യാ സന്ധിയായിരുന്നു. എനി, നമുക്ക് ‘വിജയ’ത്തിന്റെ അദ്ധ്യായം വായിക്കാം:-

48:1
  • إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴾١﴿
  • (നബിയേ) നിശ്ചയമായും നാം നിനക്കു പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു; -
  • إِنَّا فَتَحْنَا നിശ്ചയമായും നാം തുറന്നുതന്നു (വിജയം നല്‍കി) لَكَ നിനക്കു فَتْحًا مُّبِينًا സ്പഷ്ടമായ ഒരു തുറവി (വിജയം)
48:2
  • لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا ﴾٢﴿
  • നിന്റെ പാപത്തില്‍നിന്ന് മുന്‍കഴിഞ്ഞതും പിന്നീടുണ്ടാകുന്നതും അല്ലാഹു നിനക്കു പൊറുത്തുതരുവാന്‍ വേണ്ടിയും, അവന്റെ അനുഗ്രഹം നിനക്കവന് പരിപൂര്‍ണ്ണമാക്കുവാനും, (നേരെ) ചൊവ്വായ മാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുവാനും,-
  • لِّيَغْفِرَ لَكَ നിനക്കു പൊറുത്തുതരുവാന്‍ വേണ്ടി اللَّـهُ അല്ലാഹു مَا تَقَدَّمَ മുമ്പുണ്ടായതു, മുന്‍കഴിഞ്ഞതു مِن ذَنبِكَ നിന്റെ പാപത്തില്‍ നിന്നു وَمَا تَأَخَّرَ പിന്നീടുണ്ടാകുന്നതും, പിന്തിയതും وَيُتِمَّ അവന്‍ പരിപൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكَ നിന്റെമേല്‍, നിനക്കു وَيَهْدِيَكَ നിന്നെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا مُّسْتَقِيمًا ചൊവ്വായ വഴി, നേരായപാത
48:3
  • وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا ﴾٣﴿
  • അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിന്നെ സഹായിക്കുവാനും (വേണ്ടിയും).
  • وَيَنصُرَكَ اللَّـهُ അല്ലാഹു നിന്നെ സഹായിക്കുവാനും نَصْرًا ഒരു സഹായം عَزِيزًا വീര്യപ്പെട്ട (അന്തസ്സാര്‍ന്ന), പ്രതാപകരമായ

ഈ അദ്ധ്യായത്തിന് الفتح (വിജയം) എന്നു പേര്‍ പറയപ്പെടുവാനുള്ള കാരണം ഒന്നാമത്തെ വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഈ വചനത്തില്‍ പ്രസ്താവിച്ച ‘വിജയം’ കൊണ്ടുദ്ദേശ്യം ഹുദൈബിയാ സന്ധിയത്രെ. മക്കാവിജയത്തിനു വഴിതെളിയിച്ച ഈ സംഭവം നിമിത്തം വമ്പിച്ച നേട്ടങ്ങള്‍ ഇസ്ലാമിനുണ്ടായിട്ടുണ്ട്. സുഹ്‌രീ (رحمه الله) പ്രസ്താവിച്ചതുപോലെ, എത്രയോ അധികം ജനങ്ങള്‍ ഇസ്ലാമിനെ ആശ്ലേഷിക്കുവാനും, മുസ്ലിംകളും മുശ്രിക്കുകളും കുറേകാലം ഇടകലര്‍ന്നു സമാധാനപൂര്‍വ്വം പെരുമാറുവാനും, ഇസ്ലാമിനെപ്പറ്റി ജനങ്ങള്‍ക്കു പരിചയപ്പെടുവാനും, അങ്ങിനെ ഇസ്ലാമിനു കൂടുതല്‍ അനുകൂലമായ അന്തരീക്ഷം കൈവരുവാനും കാരണമായിരുന്നു ഹുദൈബിയാ സന്ധി. ഈ സന്ധിക്കും മക്കാവിജയ സംഭവത്തിനും ഇടയ്ക്കുള്ള രണ്ടുകൊല്ലക്കാലം കൊണ്ടു മുസ്ലിംകളുടെ എണ്ണം അതിനുമുമ്പുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആയി വര്‍ദ്ധിക്കുകയുണ്ടായി. ഹുദൈബിയാ സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു ആയിരത്തി നാനൂറു പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, മക്കാവിജയസംഭവത്തില്‍ പങ്കെടുത്ത സഹാബികളുടെ എണ്ണം ഏറെക്കുറെ പതിനായിരമായിരുന്നു. ഈ ഇടക്കാലത്താണ് പ്രസിദ്ധമായ ഖൈബര്‍ വിജയവും മുസ്ലിംകള്‍ക്കു കൈവന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ സന്ധിയാണ് അറേബ്യ മുഴുവനും ഇസ്ലാമിന്റെ രാജ്യമായിത്തീരുവാന്‍ വഴിവെച്ചത്. അതുകൊണ്ടു തന്നെയാണ് ഇതിനു فتح الفتوح (വിജയങ്ങളുടെ വിജയം – അഥവാ വിജയങ്ങളുടെ ഉദ്ഘാടനം) എന്നു പറയപ്പെടുന്നതും.

ബറാഉ് (رحمه الله) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു. ‘നിങ്ങളൊക്കെ മക്കാവിജയത്തെയാണ് ‘വിജയ’ (الفتح)മായി എണ്ണിവരുന്നത്. മക്കാവിജയം ഒരു വിജയം തന്നെ. പക്ഷേ, ഞങ്ങള്‍ ‘വിജയമായി എണ്ണിവരുന്നതു ഹുദൈബിയാ സന്ധിയെയാകുന്നു……’ ഇതു പോലെ ഇബ്നുമസ്ഊദ് (رضي الله عنه) മുതലായ ചില സഹാബികളില്‍ നിന്നും നിവേദനങ്ങള്‍ കാണാം. ഈ അദ്ധ്യായം അവതരിച്ചതു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹുദൈബിയാ സന്ധികഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യെ വെച്ചാണെന്നുള്ളതും സ്മരണീയമാണ്. എന്നാല്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലരുടെ അഭിപ്രായം മക്കാവിജയമാണ് ഇവിടെ ഉദ്ദേശ്യമെന്നാകുന്നു. ‘നാം നിനക്കു വിജയംനല്‍കി’ (إِنَّا فَتَحْنَا لَكَ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, ആ സന്ധിനിമിത്തം പിന്നീടു കൈവരുവാനിരിക്കുന്ന വിജയത്തെക്കുറിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വാഗ്ദാനവും, സന്തോഷവാര്‍ത്തയും നല്‍കലാണെന്നും അവര്‍ പറയുന്നു. ഖുര്‍ആന്റെ വാചകങ്ങളും, മേല്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളും നോക്കുമ്പോള്‍ ‘വിജയം’ കൊണ്ടുദ്ദേശ്യം ഹുദൈബിയാ സംഭവമാണെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ പ്രസക്തിയുള്ളത്.

ഈ വിജയം മുഖേനയുള്ള നേട്ടങ്ങളാണ് 2ഉം 3ഉം വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മുന്‍കഴിഞ്ഞതും, വരാനിരിക്കുന്നതുമായ പാപങ്ങള്‍ അതുമൂലം അല്ലാഹു പൊറുത്തുകൊടുക്കുമെന്നുള്ളതാണ് ഒന്നാമത്തേത്. നബിമാരുടെ പാപങ്ങള്‍ കൊണ്ടു വിവക്ഷ, കേവലം കുറ്റകരമോ ശിക്ഷാര്‍ഹമോ ആയ ദുഷ്കര്‍മ്മങ്ങളല്ല. കാരണം, അത്തരം പാപങ്ങളില്‍ നിന്നെല്ലാം പരിശുദ്ധരാണ് പ്രവാചകന്മാര്‍. അവരുടെ ഉന്നതപദവിയെ കണക്കിലെടുക്കുമ്പോള്‍ അതിനു അനുയോജ്യമല്ലാത്തതായി ഗണിക്കപ്പെടുന്ന മര്യാദക്കുറവുകളോ, അവര്‍ക്ക് പിണഞ്ഞേക്കാവുന്ന നിസ്സാര അബദ്ധങ്ങളോ ആയിരിക്കും അവരുടെ പാപങ്ങള്‍, ഇതിനെപ്പറ്റി കഴിഞ്ഞ അദ്ധ്യായം 19-ാം വചനത്തിന്റെ വിവരണത്തിലും, സൂ: സ്വാദ് 34 – 38 ന്റെ വിവരണത്തിലും നാം വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മേല്‍ അല്ലാഹു അവന്റെ അനുഗ്രഹം പരിപൂര്‍ണ്ണമാക്കിക്കൊടുക്കുക, ചൊവ്വായ വഴിക്കു നയിക്കുക, പ്രബലവും അന്തസ്സോടുകൂടിയതുമായ സഹായം നല്‍കുക ഇവയാണ് മറ്റു നേട്ടങ്ങള്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനോദ്ദേശ്യം ഇസ്‌ലാമിക പ്രബോധനവും, പ്രചരണവുമാണല്ലോ. ഇതിനുവേണ്ടുന്ന സാഹചര്യങ്ങളും മാര്‍ഗ്ഗങ്ങളും അവന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സജ്ജമാക്കിക്കൊടുത്തു. അതിന്നെതിരില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്ന എല്ലാ തടസ്സങ്ങളെയും അത്ഭുതകരമാംവണ്ണം തട്ടിനീക്കി. അറേബ്യാ മുഴുവനും ഇസ്ലാമിനെ അംഗീകരിക്കുകയും, നൂറ്റാണ്ടുകളായി അവിടെ തേര്‍വാഴ്ച്ച നടത്തിപ്പോന്ന ശിര്‍ക്കിന്റെ ആധിപത്യം നിശ്ശേഷം അവസാനിക്കുകയും, തല്‍സ്ഥാനത്തു ഇസ്ലാമിന്റെ ഏക നേതൃത്വം സ്ഥാപിതമാകുകയും ചെയ്തു. ചുരുക്കത്തില്‍, അറേബ്യായുടെ ചരിത്രം, മിന്നല്‍വേഗം പാടുമാറി. ലോകചരിത്രം തന്നെ മാറ്റി എഴുതപ്പെടുവാനുള്ള അവസരവും അതോടെ സംജാതമായി. ഇതെല്ലാം ഈ വിജയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. ഇഹത്തില്‍വെച്ചു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു നല്‍കിയ അനുഗ്രഹങ്ങളാണിവ, പരലോകത്തു അവന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു പറയേണ്ടതുമില്ല.

കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടതായി അല്ലാഹുവില്‍നിന്നു ലഭിച്ച ആ സന്തോഷവാര്‍ത്ത – അതിനെക്കാള്‍ വലുതായ സന്തോഷവാര്‍ത്ത മറ്റെന്താണ്?- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ ഉളവാക്കിയ പ്രതികരണം എന്തായിരുന്നുവെന്നു ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിച്ചിരിക്കേണ്ടതാണ്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അഹങ്കരിച്ചില്ല. എനി ഒന്നും ഭയപ്പെടാനില്ല എന്നു വെച്ചു വെറുതെ ഇരുന്നതുമില്ല. മുഗീറഃ (الْمُغِيرَة بْن شُعْبَةَ – رض) പറയുന്നതു നോക്കുക: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അവിടുത്തെ കാലുകളില്‍ നീരുകെട്ടുമാറ് (രാത്രി അധികനേരം) നിന്നു നമസ്കാരം നടത്താറുണ്ടായിരുന്നു. തിരുമേനിയോടു ചോദിക്കപ്പെട്ടു: ‘അല്ലാഹു അങ്ങയുടെ മുന്‍ചെയ്ത പാപങ്ങളും പിന്നീടുള്ള പാപങ്ങളും അങ്ങേക്കു പൊറുത്തുതന്നിട്ടുണ്ടല്ലോ. (പിന്നെ, എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്)?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ ഉത്തരം പറഞ്ഞു : أَفَلاَ أَكُونُ عَبْدًا شَكُورًا (അപ്പോള്‍, ഞാനൊരു നന്ദിയുള്ള അടിമയായിരിക്കേണ്ടതല്ലേ?! (അ; ബു; മു; തി; ന; ജ.)

48:4
  • هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴾٤﴿
  • അവനത്രെ, സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തത ഇറക്കിക്കൊടുത്തവന്‍; അവരുടെ വിശ്വാസത്തില്‍ കൂടി (വീണ്ടും) അവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാന്‍വേണ്ടി. അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنزَلَ ഇറക്കിയ السَّكِينَةَ ശാന്തത, സമാധാനം, അടക്കം فِي قُلُوبِ ഹൃദയങ്ങളില്‍ الْمُؤْمِنِينَ സത്യവിശ്വാസികളുടെ لِيَزْدَادُوا അവര്‍ (അവര്‍ക്കു) വര്‍ദ്ധിപ്പിക്കുവാന്‍ إِيمَانًا വിശ്വാസം, വിശ്വാസത്തില്‍ مَّعَ إِيمَانِهِمْ അവരുടെ വിശ്വാസത്തോടു കൂടി وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
48:5
  • لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا ﴾٥﴿
  • സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകി കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അവരതില്‍ നിത്യവാസികളായ നിലക്ക് - അവന്‍ പ്രവേശിപ്പിക്കുവാനും; അവര്‍ക്കു അവരുടെ തിന്മകളെ (മാപ്പ് ചെയ്ത്) മൂടിവെച്ച് കൊടുക്കുവാനും വേണ്ടി (യാണ് അത്) അതു അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ ഭാഗ്യമാകുന്നു.
  • لِّيُدْخِلَ അവന്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടി الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദികള്‍) خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിട്ടു وَيُكَفِّرَ عَنْهُمْ അവര്‍ക്കു മാപ്പ് ചെയ്‌വാനും, മൂടിവെക്കുവാനും سَيِّئَاتِهِمْ അവരുടെ തിന്മകള്‍ وَكَانَ ذَٰلِكَ അതാകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَوْزًا عَظِيمًا മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഹുദൈബിയാ വിജയംമൂലം സിദ്ധിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞശേഷം, സത്യവിശ്വാസികളായ അല്ലാഹുവിന്റെ സൈന്യങ്ങള്‍ക്കു അതുമൂലം സിദ്ധിച്ചതും, സിദ്ധിക്കുവാനിരിക്കുന്നതുമായ അനുഗ്രഹങ്ങളെ ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇഹത്തില്‍വെച്ച് അവര്‍ക്കു മനസ്സമാധാനവും, വിശ്വാസവര്‍ദ്ധനവും അവയെത്തുടര്‍ന്നുള്ള മറ്റു കാര്യങ്ങളും ലഭിക്കുന്നുവെങ്കില്‍, പരലോകത്തു സര്‍വ്വഗുണസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗീയജീവിതമാണ് അവര്‍ക്കുള്ളത്. അല്‍പജ്ഞാനികളും, അവിശ്വാസികളും തങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമായിക്കണക്കാക്കുന്നതു ഐഹികജീവിതത്തിന്റെ സുഖസൗകര്യങ്ങളാണല്ലോ. അല്ലാഹുവിന്റെ അടുക്കല്‍ അതല്ല മനുഷ്യന്റെ ഭാഗ്യം. ഇഹത്തില്‍ മനസ്സമാധാനം, സത്യവിശ്വാസം മുതലായവയും, പരലോകത്തു പാപമോചനം, സ്വര്‍ഗ്ഗീയജീവിതം ആദിയായവയുമാകുന്നു.

അല്ലാഹുവിനു ഭൂമിയില്‍ മാത്രമല്ല, ആകാശത്തും കണക്കറ്റ സൈന്യങ്ങളുണ്ട്. (وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ) അവന്റെ സൈന്യങ്ങളെക്കുറിച്ച് അവന്നല്ലാതെ മറ്റാര്‍ക്കും അറിയുന്നതുമല്ല. (وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ- المدثر )ആകാശത്തുള്ള ഒരു മലക്കു മാത്രം മതി, ഈ ഭൂമിയില്‍ അല്ലാഹുവിന്റെ ശത്രുക്കളെ മുഴുവനും നശിപ്പിക്കുവാന്‍. പക്ഷേ, മഹത്തായ ചില ലക്ഷ്യങ്ങളെ മുന്‍നിറുത്തിക്കൊണ്ട് സത്യവിശ്വാസികളാകുന്ന സൈന്യത്തെയാണ് അവന്‍ ധര്‍മ്മസമരത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്.

48:6
  • وَيُعَذِّبَ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًا ﴾٦﴿
  • അല്ലാഹുവിനെക്കുറിച്ച് ദുഷിച്ചധാരണ ധരിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളെയും, കപടവിശ്വാസിനികളെയും, ബഹുദൈവവിശ്വാസികളെയും, ബഹുദൈവ വിശ്വാസിനികളെയും അവന്‍ ശിക്ഷിക്കുവാനും (കൂടിയാകുന്നു അത്.) അവരുടെമേല്‍ തിന്മയുടേതായ വലയം ഉണ്ട്; അല്ലാഹു അവരുടെമേല്‍ കോപിക്കുകയും, അവരെ ശപിക്കുകയും, അവര്‍ക്ക് 'ജഹന്നം' [നരകം] ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
    അതു വളരെ മോശമായ പര്യവസാന സ്ഥലം!
  • وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവവിശ്വാസിനികളെയും الظَّانِّينَ ധരിക്കുന്ന (ഊഹിക്കുന്ന - വിചാരിക്കുന്ന)വരായ بِاللَّـهِ അല്ലാഹുവിനെപ്പറ്റി ظَنَّ السَّوْءِ ദുഷിച്ച ധാരണ, ചീത്തവിചാരം عَلَيْهِمْ അവരുടെമേല്‍ ഉണ്ട് دَائِرَةُവൃത്തം, വലയം السَّوْءِ തിന്മയുടെ, ദൂഷ്യത്തിന്റെ وَغَضِبَ കോപിക്കുകയും ചെയ്തിരിക്കുന്നു اللَّـهُ അല്ലാഹു عَلَيْهِمْ അവരുടെമേല്‍ وَلَعَنَهُمْ അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നം وَسَاءَتْ അതു വളരെ മോശപ്പെട്ടതാണ് مَصِيرًا പര്യവസാനസ്ഥലം, പര്യവസാനം, മടക്കം, മടക്കസ്ഥാനം
48:7
  • وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ﴾٧﴿
  • അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
  • وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞന്‍

ഹുദൈബിയാ വിജയത്തിന്റെ നേട്ടങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ലഭിച്ചതായ നാലു നന്മകളെ 2-ഉം 3-ഉം ആയത്തുകളില്‍ അല്ലാഹു ചൂണ്ടിക്കാട്ടി:

1) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുക. 2) അനുഗ്രഹം പൂര്‍ണ്ണമാക്കിക്കൊടുക്കുക. 3) ചൊവ്വായ മാര്‍ഗ്ഗത്തില്‍ നയിക്കുക. 4) അന്തസ്സുറ്റ സഹായം നല്‍കുക, ഇവയാണത്. 4ഉം 5ഉം വചനങ്ങളില്‍ സത്യവിശ്വാസികള്‍ക്കു ലഭിച്ച നാലു നന്മകളെയും ചൂണ്ടിക്കാട്ടി: 1) മനശ്ശാന്തി, 2) സത്യവിശ്വാസത്തില്‍ വര്‍ദ്ധനവ്. 3) സ്വര്‍ഗ്ഗപ്രവേശനം. 4) പാപമോചനം. അതേസമയത്തു അല്ലാഹുവിന്റെ ശത്രുക്കളും, അവനെപ്പറ്റി തെറ്റായ ധാരണയും, ദുഷ്ടവിചാരങ്ങളും വെച്ചു പുലര്‍ത്തിവരുന്ന കപടവിശ്വാസികളോ, ബഹുദൈവ വിശ്വാസികളോ ആയ സ്ത്രീപുരുഷന്മാര്‍ക്കു അതുമൂലം ലഭിക്കുന്നതെന്താണെന്നത്രെ 6-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്: 1) ശിക്ഷ, ശിര്‍ക്കിന്റെയും നിഫാഖിന്റെയും (ബഹുദൈവ വിശ്വാസത്തിന്റെയും കപടവിശ്വാസത്തിന്റെ)യും നാരായവേരറ്റു പോയതു ഹുദൈബിയ്യാ സന്ധി മുതല്‍ക്കാണല്ലോ. 2) അല്ലാഹുവിന്റെ കോപം. 3) അവന്റെ ശാപം. 4) അവസാനം നരകവും! ഓരോ വിഭാഗക്കാരുടെയും നേട്ടങ്ങള്‍ തമ്മിലുള്ള അന്തരം നോക്കുക!

പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും മേല്‍കണ്ട ഗുണദോഷഫലങ്ങളില്‍ പങ്കുകാരാണെന്നു അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളതും, അവനു ആകാശങ്ങളിലും ഭൂമിയിലും സൈന്യങ്ങളുണ്ടെന്നു ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞതും ശ്രദ്ധേയമാകുന്നു. അവന്‍ സര്‍വ്വജ്ഞനാണ്, യുക്തിമത്തായ നിലയില്‍ കാര്യങ്ങള്‍ നടത്തുന്ന അഗാധജ്ഞനാണ്, ആര്‍ക്കും വെല്ലുവാന്‍ കഴിയാത്ത പ്രതാപശാലിയാണു എന്നൊക്കെ ഉണര്‍ത്തിയതും, സഗൗരവം മനസ്സിരുത്തേണ്ടതുണ്ട്.

48:8
  • إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا ﴾٨﴿
  • (നബിയേ) നിശ്ചയമായും നിന്നെ ഒരു സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി നാം (നിയോഗിച്ച്) അയച്ചിരിക്കുകയാണ്.
  • إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായിട്ടു وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതുകാരനായും

സൂ: അഹ്സാബ് 45-ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക.

48:9
  • لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ﴾٩﴿
  • നിങ്ങള്‍ അല്ലാഹുവിലും, അവന്റെ 'റസൂലി'ലും വിശ്വസിക്കുകയും, അവനെ (ബഹുമാനിച്ച്) സഹായിക്കുകയും, വന്ദിക്കുകയും ചെയ്‌വാനും, കാലത്തും, വൈകുന്നേരവും നിങ്ങള്‍ അവന് 'തസ്ബീഹു' (സ്തോത്രകീര്‍ത്തനം) ചെയ്‌വാനും (വേണ്ടിയാണത്).
  • لِّتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍വേണ്ടി وَرَسُولِهِ بِاللَّـهِ അല്ലാഹുവിലും അവന്റെ റസൂലിലും وَتُعَزِّرُوهُ അവനെ സഹായിക്കുവാനും, ബഹുമാനിക്കുവാനും وَتُوَقِّرُوهُ അവനെ വന്ദിക്കുവാനും وَتُسَبِّحُوهُ അവന് തസ്ബീഹു ചെയ്യുവാനും بُكْرَةً രാവിലെ, നേരത്തെ وَأَصِيلًا വൈകുന്നേരവും, വൈകിയിട്ടും

സാക്ഷി, സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍, താക്കീതു നല്‍കുന്നവന്‍ എന്നീ മൂന്നു സ്ഥാനവിശേഷതകളോടുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ നിയോഗിച്ചതിന്റെ ലക്ഷ്യം എന്തൊക്കെയാണെന്നാണ് ഈ വചനത്തില്‍ സംക്ഷിപ്തമായി ചൂണ്ടിക്കാട്ടുന്നത്. ഒരു സത്യവിശ്വാസി അവന്റെ ജീവിതത്തില്‍ സ്വീകരിക്കുകയും, അനുഷ്ഠിക്കുകയും ചെയ്യേണ്ടതുള്ള എല്ലാ കാര്യങ്ങളും ഈ വചനത്തില്‍ പ്രസ്താവിച്ച നാലു കാര്യങ്ങളുടെ പൂര്‍ത്തീകരണവും വിശദാംശങ്ങളുമാണെന്നു പറയാം. تُعَزِّرُ എന്ന വാക്കിനു ‘ശക്തിപ്പെടുത്തുക, ബഹുമാനിക്കുക, സഹായിക്കുക’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ബഹുമാനാര്‍ത്ഥം സഹായിക്കുക എന്നത്രെ ഇവിടെ ഉദ്ദേശ്യം. (مفرادة الراغب). അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം, അവന്റെ മതത്തെ സഹായിക്കുക എന്നാകുന്നു.

48:10
  • إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا ﴾١٠﴿
  • നിശ്ചയമായും, നിന്നോടു (സത്യ) പ്രതിജ്ഞ ചെയ്യുന്നവര്‍, അല്ലാഹുവിനോടുതന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍, ആരെങ്കിലും (പ്രതിജ്ഞ) ലംഘിച്ചാല്‍ അവന്‍, തനിക്കെതിരായിത്തന്നെയാണ് (അതു) ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആര്‍ നിറവേറ്റിയോ അവനു മഹത്തായ പ്രതിഫലം അവന്‍ കൊടുത്തേക്കുന്നതാണ്.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُبَايِعُونَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) ചെയ്യുന്നവര്‍ إِنَّمَا يُبَايِعُونَ അവര്‍ ബൈഅത്തു ചെയ്യുക തന്നെയാണ് (മാത്രമാണ്) اللَّـهَ അല്ലാഹുവിനോടു يَدُ اللَّـهِ അല്ലാഹുവിന്റെ കൈ فَوْقَ أَيْدِيهِمْ അവരുടെ കൈകള്‍ക്കു മീതെയുണ്ട് فَمَن نَّكَثَ അതിനാല്‍ ആരെങ്കിലും ലംഘിച്ചാല്‍ فَإِنَّمَا يَنكُثُ എന്നാലവന്‍ ലംഘിക്കുകതന്നെ (മാത്രം) ചെയ്യുന്നു عَلَىٰ نَفْسِهِ തന്റെ മേല്‍ (തനിക്കെതിരെ) وَمَنْ أَوْفَىٰ ആരെങ്കിലും നിറവേറ്റിയാല്‍, ആര്‍ നിറവേറ്റിയോ بِمَا യാതൊന്നിനെ عَاهَدَ عَلَيْهُ അതിന്റെ പേരില്‍ അവന്‍ ഉടമ്പടി (കരാര്‍) ചെയ്തു اللَّـهَ അല്ലാഹുവിനോടു فَسَيُؤْتِيهِ എന്നാല്‍ (വഴിയെ) അവനു അവന്‍ കൊടുക്കും أَجْرًا عَظِيمًا വമ്പിച്ച (മഹത്തായ) പ്രതിഫലം

ഹുദൈബിയായില്‍വെച്ചു മുശ്രിക്കുകളുമായി സന്ധി നടക്കുന്നതിനുമുമ്പു, മരണംവരെ യുദ്ധം ചെയ്തു കൊള്ളാമെന്നു ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഒരു പ്രതിജ്ഞ (بيعة) ചെയ്യുകയുണ്ടായല്ലോ. അതാണിവിടെ ഉദ്ദേശ്യം. പ്രത്യക്ഷത്തില്‍ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി നടന്ന പ്രതിജ്ഞയാണെങ്കിലും വാസ്തവത്തില്‍ അല്ലാഹുവുമായി നടന്ന പ്രതിജ്ഞയാണത്. പ്രതിജ്ഞാവേളയില്‍ കൈകൊടുത്തതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യാണെങ്കിലും അല്ലാഹു നേരില്‍ കൈകൊടുത്തതിനു സമവുമാണു എന്നു സാരം. (ഒരാള്‍ മറ്റൊരാളുമായി ‘ബൈഅത്തു’ ചെയ്യുമ്പോള്‍ അന്യോന്യം കൈകൊടുക്കുക പതിവാണ്.)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഉംറഃകര്‍മ്മം (العمرة) നിര്‍വ്വഹിക്കുവാന്‍ മക്കായിലേക്കു പോയതാണല്ലോ സന്ധിക്കും മറ്റും കാരണമായത്. ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ക്ഷണിക്കുകയുണ്ടായി. ജുഹൈനഃ, മുസൈന, ഗിഫാര്‍, അശ്ജഅ്, ദീല്‍, അസ്‌ലം (جُهَيْنَةَ ، مُزَيْنَةَ ، غِفَارُ ، أَشْجَعِ ، دِّيلِّ ، أَسْلَمُ) എന്നീ ഗോത്രക്കാര്‍ ക്ഷണം സ്വീകരിച്ചില്ല. എന്നീ ഗോത്രക്കാര്‍ ക്ഷണം സ്വീകരിച്ചില്ല. സത്യവിശ്വാസം ഹൃദയത്തില്‍ അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്ത ഉള്‍നാട്ടുകാരാ (الاعراب) യിരുന്നു ഇവര്‍. യാത്ര ഒരു യുദ്ധത്തെ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ലെന്നു പ്രത്യക്ഷത്തില്‍ മനസ്സിലാക്കാമായിരുന്നു. ബലിമൃഗങ്ങളും കൊണ്ടാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറപ്പെട്ടിരുന്നത്. മാത്രമല്ല, സഹാബികള്‍ യുദ്ധസമാഗ്രികളും കൂടെ കരുതിയിരുന്നില്ല. എങ്കിലും ഖുറൈശികളുമായി ഏറ്റുമുട്ടിയേക്കുമെന്ന ഭയം നിമിത്തം ഒഴിഞ്ഞുമാറുകയാണവര്‍ ചെയ്തത്. ഇങ്ങിനെ പിന്നോക്കം നിന്നവരെ പറ്റിയാണ് അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനായില്‍ തിരിച്ചുവരുമ്പോള്‍ അവരുടെ നില എന്തായിരിക്കുമെന്നു അല്ലാഹു മുന്‍കൂട്ടി അറിവു കൊടുക്കുന്നു:-

വിഭാഗം - 2

48:11
  • سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا ﴾١١﴿
  • 'അഅ്റാബി' [മരുഭൂവാസികളായ (ഗ്രാമീണ) അറബി]കളില്‍നിന്നു പിന്നോക്കം നിന്നവര്‍ നിന്നോടു പറഞ്ഞേക്കും: 'ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കി. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടണം'. തങ്ങളുടെ ഹൃദയത്തില്‍ ഇല്ലാത്തതു അവര്‍ തങ്ങളുടെ നാവുകൊണ്ടു പറയുന്നതാണ്. പറയുക: 'എന്നാല്‍, അല്ലാഹു നിങ്ങളില്‍ വല്ല ഉപദ്രവവും [തിന്മയും] ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളില്‍ വല്ല ഉപകാരവും [നന്മയും] ഉദ്ദേശിക്കുകയോ ചെയ്തുവെങ്കില്‍ അവനില്‍നിന്നു നിങ്ങള്‍ക്കു വല്ല ഒരു കാര്യത്തിനും സാധിക്കുന്നവര്‍ ആരാണുള്ളത്?! പക്ഷേ, (അതിനും പുറമെ) നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു.
  • سَيَقُولُ لَكَ നിന്നോടു (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്തിക്കപ്പെട്ടവര്‍ (പിന്നോക്കം നിന്നവര്‍) مِنَ الْأَعْرَابِ അഅ്റാബി (മരുഭൂവാസികളായ - ഗ്രാമീണ - അറബി)കളില്‍ നിന്നു شَغَلَتْنَا ഞങ്ങളെ ജോലിത്തിരക്കിലാക്കി (ഒഴിവില്ലാതാക്കി) أَمْوَالُنَا ഞങ്ങളുടെ സ്വത്തുക്കള്‍ وَأَهْلُونَا ഞങ്ങളുടെ കുടുംബങ്ങളും فَاسْتَغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്കു പാപമോചനം തേടണം يَقُولُونَ അവര്‍ പറയുന്നു, പറയും بِأَلْسِنَتِهِم അവരുടെ നാവുകളാല്‍ مَّا لَيْسَ ഇല്ലാത്തതു فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, മനസ്സില്‍ قُلْ പറയുക فَمَن يَمْلِكُ എന്നാല്‍ ആര്‍ക്കു സാധിക്കും, ആര്‍ സ്വാധീനമാക്കും لَكُم നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു شَيْئًا ഒരു കാര്യത്തിനു, വല്ലതിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍ بِكُمْ നിങ്ങളില്‍ ضَرًّا ഒരു ഉപദ്രവം (തിന്മ) أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിച്ചു بِكُمْ نَفْعًا നിങ്ങളില്‍ വല്ല ഉപകാരവും بَلْ പക്ഷേ, എങ്കിലും كَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മമായറിയുന്നവന്‍

48:12
  • بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا ﴾١٢﴿
  • 'പക്ഷെ, നിങ്ങള്‍ ധരിച്ചു, 'റസൂലും' സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്കു ഒരിക്കലും തിരിച്ചെത്തുകയില്ലെന്നു. അതു നിങ്ങളുടെ ഹൃദയങ്ങളില്‍ ഭംഗിയാ(യി തോന്നിപ്പി)ക്ക പ്പെടുകയും, നിങ്ങള്‍ ദുഷിച്ചധാരണ ധരിക്കുകയും ചെയ്തു. നിങ്ങള്‍ നാശോന്മുഖരായ ഒരു ജനതയു മാകുന്നു.'
  • بَلْ ظَنَنتُمْ പക്ഷെ നിങ്ങള്‍ ധരിച്ചു, കരുതി أَن لَّن يَنقَلِبَ തിരിച്ചെത്തുന്നതേയല്ലെന്നു الرَّسُولُ റസൂല്‍ وَالْمُؤْمِنُونَ സത്യവിശ്വാസികളും إِلَىٰ أَهْلِيهِمْ അവരുടെ കുടുംബങ്ങളി (സ്വന്തക്കാരി) ലേക്കു أَبَدًا ഒരിക്കലും, എന്നും وَزُيِّنَ ذَٰلِكَ അതു ഭംഗിയാക്കപ്പെടുകയും ചെയ്തു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍, മനസ്സില്‍ وَظَنَنتُمْ നിങ്ങള്‍ ധരിക്കുകയും ചെയ്തു ظَنَّ السَّوْءِ ദുഷിച്ച ധാരണ, ദുര്‍വിചാരം وَكُنتُمْ നിങ്ങളാണു താനും , ആകുകയും ചെയ്തു قَوْمًا بُورًا നശിച്ച (നാശോന്മുഖരായ) ഒരു ജനത
48:13
  • وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًا ﴾١٣﴿
  • അല്ലാഹുവിലും, അവന്റെ 'റസൂലി'ലും ആര്‍ വിശ്വസിക്കുന്നില്ലയോ, എന്നാല്‍, (ആ) അവിശ്വാസികള്‍ക്കു നിശ്ചയമായും നാം ജ്വലിക്കുന്ന അഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
  • وَمَن لَّمْ يُؤْمِن ആര്‍ വിശ്വസിച്ചില്ലയോ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِنَّا أَعْتَدْنَا എന്നാല്‍ നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു سَعِيرًا ജ്വലിക്കുന്ന അഗ്നി
48:14
  • وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾١٤﴿
  • അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം وَالْأَرْضِ ഭൂമിയുടെയും يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

ഹിജ്റ 6-ാം കൊല്ലാവസാനത്തില്‍ ഹുദൈബിയ്യാ സംഭവം നടന്നു. ഏഴാം കൊല്ലം ആദ്യത്തില്‍ തന്നെ, ഖൈബറില്‍വെച്ച് വഞ്ചനാവര്‍ഗ്ഗമായ യഹൂദികളുമായി നേരിടേണ്ടി വന്നു. ഹുദൈബിയാ സന്ധി നിമിത്തം ഖുറൈശികളും അവരുമായി സഖ്യബന്ധമുള്ളവരും അടങ്ങിയിരിക്കുകയായതുകൊണ്ട് ഈ സംഘട്ടനം വിജയത്തില്‍ കലാശിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ വകയുണ്ടായിരുന്നു. മാത്രമല്ല, കുറെ ‘ഗനീമത്തു’ (യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്നു പിടിച്ചെടുക്കുന്ന സ്വത്തു) ലഭിച്ചേക്കുവാനും ഇടയുണ്ടായിരുന്നു. അതുകൊണ്ടു കഴിഞ്ഞ പ്രാവശ്യം ഒഴികഴിവു പറഞ്ഞു പിന്തിനിന്നവര്‍ ഇപ്രാവശ്യം സ്വയം മുന്നോട്ടു വരുകയുണ്ടായി. പക്ഷേ, ഹുദൈബിയ്യായില്‍ പങ്കെടുത്ത സഹാബികള്‍ മാത്രം ഇതില്‍ പങ്കെടുത്താല്‍ മതിയെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അല്ലാഹുവില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെപ്പറ്റിയാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്:

48:15
  • سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا ﴾١٥﴿
  • നിങ്ങള്‍ വല്ല 'ഗനീമത്തു' [യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന] സ്വത്തുക്കളിലേക്കും - അവ എടുക്കുവാന്‍വേണ്ടി - പോകുന്നതായാല്‍ (ആ) പിന്നോക്കം നിന്നവര്‍ പറഞ്ഞേക്കും : 'ഞങ്ങളെ വിട്ടേക്കണം [അനുവദിക്കണം] ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ.' അവര്‍ അല്ലാഹുവിന്റെ വാക്യത്തെ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ്. (നബിയേ) പറയുക : 'നിങ്ങള്‍ ഞങ്ങളെ അനുഗമിച്ചു വരികയില്ല (അഥവാ വരാവതല്ല) തന്നെ. അല്ലാഹു മുമ്പേ അങ്ങിനെ പറഞ്ഞിരിക്കുന്നു.' അപ്പോള്‍ അവര്‍ പറഞ്ഞേക്കും : '(അല്ല) പക്ഷെ, നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ്.' (അല്ല) പക്ഷേ, അവര്‍ അല്പമാത്രമല്ലാതെ (കാര്യം) ഗ്രഹിക്കാതിരിക്കുകയാണ്.
  • سَيَقُولُ (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്നോക്കം നിന്നവര്‍ إِذَا انطَلَقْتُمْ നിങ്ങള്‍ പോയാല്‍, പോകുമ്പോള്‍ إِلَىٰ مَغَانِمَ 'ഗനീമത്തു'കളിലേക്കു لِتَأْخُذُوهَا നിങ്ങള്‍ അതു എടുക്കുവാന്‍വേണ്ടി ذَرُونَا ഞങ്ങളെ വിട്ടേക്കുവിന്‍ (അനുവദിക്കണം) نَتَّبِعْكُمْ ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ, പിന്‍തുടരട്ടെ يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يُبَدِّلُوا മാറ്റിമറിക്കുവാന്‍ كَلَامَ اللَّـهِ അല്ലാഹുവിന്റെ വാക്യം قُل പറയുക لَّن تَتَّبِعُونَا നിങ്ങള്‍ ഞങ്ങളെ അനുഗമിക്കുന്നതേയല്ല كَذَٰلِكُمْ അപ്രകാരം قَالَ اللَّـهُ അല്ലാഹു പറഞ്ഞിരിക്കുന്നു مِن قَبْلُ മുമ്പ്, മുമ്പേ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ പറഞ്ഞേക്കും بَلْ تَحْسُدُونَنَا പക്ഷേ നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ് بَلْ كَانُوا പക്ഷേ അവരാകുന്നു, ആയിരിക്കുന്നു لَا يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നില്ല إِلَّا قَلِيلًا അൽപമല്ലാതെ

‘ഗനീമത്തു’ (الغنيمة) കരസ്ഥമാക്കുവാന്‍ പോകുക എന്നു പറഞ്ഞതു ഖൈബറിലേക്കുള്ള പടയെടുപ്പും, അല്ലാഹുവിന്റെ വാക്യം (كَلَامَ اللَّـهِ) എന്നു പറഞ്ഞതു, ഖൈബറില്‍നിന്നു ലഭിക്കുന്ന ഗനീമത്തുകള്‍ ഹുദൈബിയ്യാ സംഭവത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രമുള്ളതാണെന്ന വാഗ്ദാനവുമാകുന്നു. ഒരു സംഘട്ടനത്തിനുള്ള യാതൊരു മുന്‍കരുതലുമില്ലാത്ത ഒരവസരത്തില്‍, തങ്ങളെക്കാള്‍ എത്രയോ വമ്പിച്ച ഒരു ശത്രുവെ ഓര്‍ക്കാപ്പുറത്തു നേരിടേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോള്‍ യാതൊരു വൈമനസ്യവും കാണിക്കാതെ, ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവരാണ് ആ ധീര മുജാഹിദുകളായ സഹാബികള്‍. അവര്‍ക്കു പ്രത്യേകമായി അല്ലാഹു നിശ്ചയിച്ചു കൊടുത്തതായിരുന്നു ഖൈബറിലെ ഗനീമത്തുകള്‍. അതുകൊണ്ട് ഗനീമത്തില്‍നിന്നു യാതൊരു പങ്കും ആവശ്യപ്പെടാതെ, യുദ്ധത്തെ മാത്രം ഉദ്ദേശിച്ചു പോരുന്നവര്‍ക്കല്ലാതെ ഖൈബറിലേക്കു പുറപ്പെടുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവാദം കൊടുത്തിരുന്നില്ല.

48:16
  • قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا ﴾١٦﴿
  • 'അഅ്റാബി' [മരുഭൂവാസികളായ അറബി]കളില്‍ പിന്നോക്കം നിന്നവരോടു പറയുക: 'ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെട്ടേക്കും; നിങ്ങളവരോടു യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം അവര്‍ കീഴൊതുങ്ങണം. (അഥവാ ഇസ്ലാമിനെ അംഗീകരിക്കണം). അപ്പോള്‍, നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്കു നല്ലതായ പ്രതിഫലം നല്‍കും; നിങ്ങള്‍ മുമ്പ് പിന്‍തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കിലോ, അവന്‍ നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
  • قُل لِّلْمُخَلَّفِينَ പിന്നോക്കം നിന്നവരോടു പറയുക مِنَ الْأَعْرَابِ അഅ്റാബികളില്‍നിന്നു سَتُدْعَوْنَ നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെടും إِلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കലേക്കു أُولِي بَأْسٍ സമരശേഷി (ശക്തി, ധീരത)യുള്ളവരായ شَدِيدٍ കഠിനമായ, ശക്തമായ تُقَاتِلُونَهُمْ നിങ്ങളവരോടു യുദ്ധം ചെയ്യണം أَوْ يُسْلِمُونَ അല്ലെങ്കില്‍ അവര്‍ കീഴൊതുങ്ങണം (മുസ്ലിമാവണം) فَإِن تُطِيعُوا അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം يُؤْتِكُمُ اللَّـهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കും أَجْرًا حَسَنًا നല്ലകൂലി, പ്രതിഫലം وَإِن تَتَوَلَّوْا നിങ്ങള്‍ പിന്‍തിരിയുന്ന പക്ഷം كَمَا تَوَلَّيْتُم നിങ്ങള്‍ പിന്‍തിരിഞ്ഞതുപോലെ مِّن قَبْلُ മുമ്പ് يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയറിയ ശിക്ഷ

യുദ്ധം ചെയ്തു – പുണ്യം നേടുവാനും, മതത്തെ സഹായിക്കുവാനുമുള്ള അവസരം കഴിഞ്ഞുപോയിട്ടില്ല, എനിയും, പലരുമായും ഏറ്റുമുട്ടേണ്ടിവരും, അവരാണെങ്കില്‍ വലിയ ധീരപരാക്രമികളുമായിരുന്നേക്കും, അവര്‍ ഇസ്ലാമിനെ അംഗീകരിച്ചു കീഴൊതുങ്ങുന്ന കാലംവരെ യുദ്ധത്തിന്റെ ആവശ്യം നിലനിന്നേക്കും, അപ്പോഴൊക്കെ നിങ്ങള്‍ യുദ്ധത്തിനായി വീണ്ടും ക്ഷണിക്കപ്പെടും, ആ ക്ഷണം നിങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്കു വമ്പിച്ച പ്രതിഫലവും ലഭിക്കും, മുമ്പു ചെയ്തപോലെ അപ്പോഴും നിങ്ങള്‍ പിന്നോക്കം നിന്നാല്‍ നിങ്ങള്‍ക്കു കടുത്ത ശിക്ഷയും അനുഭവപ്പെടും. എന്നൊക്കെ അവരെ അറിയിക്കുകയാണ്.

സമരശേഷിയുള്ള ജനങ്ങളിലേക്കു നിങ്ങള്‍ ക്ഷണിക്കപ്പെടും (سَتُدْعَوْنَ إِلَىٰ قَوْمٍ الخ) എന്നു പറഞ്ഞതു, മുസ്‌ലിംകള്‍ക്കു പിന്നീടു നേരിടേണ്ടി വന്ന ചില പ്രത്യേക സൈന്യങ്ങളെയും, യുദ്ധങ്ങളെയും ഉദ്ദേശിച്ചാണെന്നു ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ വ്യക്തമാക്കിയതുപോലെ, ഒരു പ്രത്യേക യുദ്ധത്തെയോ ജനതയെയോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല – ഭാവിയെപ്പറ്റി പൊതുവില്‍ പ്രസ്താവിച്ചതാണു – എന്നുള്ളതാണു ശരിയായ അഭിപ്രായം. അറബി മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, മക്കാവിജയത്തിനുശേഷം ഒന്നുകില്‍ ഇസ്‌ലാമിനെ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധം (الإِسْلاَم أَوْ الْقِتَال) എന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സൂറത്തു ത്തൗബഃയില്‍ ഇതിനെപ്പറ്റി വിശദീകരിച്ചു പറഞ്ഞിരിക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അവര്‍ ഇസ്‌ലാമിനെ അംഗീകരിക്കുകയോ, സ്വീകാര്യമായ സന്ധിവ്യവസ്ഥകളനുസരിച്ചു കീഴൊതുങ്ങുകയോ ചെയ്യുന്നതുവരേക്കു മാത്രമേ അവരുമായി യുദ്ധത്തിനു സ്ഥാനമുള്ളു. أَوْ يُسْلِمُونَ (അല്ലെങ്കില്‍ കീഴൊതുങ്ങണം) എന്നു പറഞ്ഞതിന്റെ താല്‍പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അടുത്ത വചനത്തില്‍, യുദ്ധത്തിന്റെ നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാക്കപ്പെട്ടവരെപ്പറ്റി പ്രസ്താവിക്കുന്നു:-

48:17
  • لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا ﴾١٧﴿
  • അന്ധന്റെ മേല്‍ വിഷമം [കുറ്റം] ഇല്ല; മുടന്തന്റെ മേലും വിഷമം ഇല്ല; രോഗിയുടെമേലും വിഷമം ഇല്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവനെ, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. ആര്‍ പിന്തിരിയുന്നുവോ അവനെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
  • لَّيْسَ عَلَى الْأَعْمَىٰ അന്ധന്‍റെ മേല്‍ ഇല്ല حَرَجٌ ഒരു വിഷമവും (കുറ്റം, തെറ്റു) وَلَا عَلَى ٱلْأَعْرَجِ മുടന്തന്റെ മേലും ഇല്ല حَرَجٌ വിഷമം وَلَا عَلَى ٱلْمَرِيضِ രോഗിയുടെ മേലും ഇല്ല حَرَجٌ വിഷമം وَمَن يُطِعِ ആര്‍ അനുസരിക്കുന്നു (വഴിപ്പെടുന്നു)വോ اللَّـهَ അല്ലാഹുവിനു وَرَسُولَهُ അവന്‍റെ റസൂലിനും يُدْخِلْهُ എന്നാലവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي സഞ്ചരിക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദി)കള്‍ وَمَن يَتَوَلَّ ആര്‍ പിന്തിരിഞ്ഞുവോ يُعَذِّبْهُ അവനെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ