സൂറത്തുല്‍ ഫത്ത്ഹ് : 18-29
വിഭാഗം - 3
ഹുദൈബിയായില്‍വെച്ചു ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌വാന്‍ പ്രതിജ്ഞയെടുത്ത സഹാബികളെ പ്രശംസിച്ചുകൊണ്ടും, അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു :-
- لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا ﴾١٨﴿
- (ആ) വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു നിന്നോടു പ്രതിജ്ഞ ['ബൈഅത്തു'] ചെയ്യുമ്പോള്‍ (ആ) സത്യവിശ്വാസികളെക്കുറിച്ച് തീര്‍ച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അപ്പോള്‍, അവരുടെ ഹൃദയങ്ങളിലുള്ളതു അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, അവരില്‍ അവന്‍ ശാന്തത ഇറക്കിക്കൊടുത്തു; ആസന്നമായ ഒരു വിജയം അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു.
- لَّقَدْ رَضِيَ തീര്‍ച്ചയായും തൃപ്തിപ്പെട്ടിട്ടുണ്ട് اللَّـهُ അല്ലാഹു عَنِ الْمُؤْمِنِينَ സത്യവിശ്വാസികളെക്കുറിച്ചു إِذْ يُبَايِعُونَكَ അവര്‍ നിന്നോടു ബൈഅത്തു ചെയ്യുമ്പോള്‍ تَحْتَ الشَّجَرَةِ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചു فَعَلِمَ അപ്പോള്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ളതു فَأَنزَلَ അതിനാല്‍ (എന്നിട്ടു) അവന്‍ ഇറക്കി السَّكِينَةَ ശാന്തത, അടക്കം, സമാധാനം عَلَيْهِمْ അവരില്‍ وَأَثَابَهُمْ അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു فَتْحًا قَرِيبًا ആസന്നമായ (അടുത്ത) ഒരു വിജയം
- وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ﴾١٩﴿
- (കൂടാതെ) അവര്‍ പിടിച്ചെടുക്കുന്ന വളരെ 'ഗനീമത്തു'കളും! അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
- وَمَغَانِمَ 'ഗനീമത്തു'കളെയും كَثِيرَةً വളരെ يَأْخُذُونَهَا അവര്‍ പിടിച്ചെടുക്കുന്ന, അവരതു എടുക്കും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞനായ
‘ആസന്നവിജയം’, ഖൈബര്‍ വിജയവും, ‘വളരെ ഗനീമത്തുകള്‍’ ഖൈബറിലെ യഹൂദികളില്‍നിന്നു ലഭിച്ച സ്വത്തുക്കളുമാകുന്നു. മുസ്‌ലിംകളില്‍ പതിനഞ്ചു പേര്‍ ‘ശഹീദാ’ (രക്തസാക്ഷിയാ) യെങ്കിലും, ശത്രുക്കളുടെ ഏറ്റവും വലിയ കോട്ടയും കേന്ദ്രവുമായിരുന്ന ആ രാജ്യം അവര്‍ ഉപേക്ഷിച്ചുപോകേണ്ടിവന്നു. വമ്പിച്ച കോട്ടകളും, വളരെ കൃഷിസ്ഥലങ്ങളും അടക്കം ധാരാളം സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയും ചെയ്തു. ഈ വിജയം മാത്രമല്ല, ഭാവിയില്‍ സത്യവിശ്വാസികള്‍ക്കു എനിയും പല വിജയങ്ങള്‍ ലഭിക്കുവാനുണ്ടെന്നുകൂടി അടുത്ത വചനത്തില്‍ അവരെ അല്ലാഹു അറിയിക്കുന്നു:
- وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا ﴾٢٠﴿
- നിങ്ങള്‍ (പിന്നീടു) പിടിച്ചെടുക്കുന്ന വളരെ 'ഗനീമത്തുകളെ' അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍, ഇതു അവന്‍ നിങ്ങള്‍ക്കു വേഗമാക്കിത്തന്നിരിക്കുകയാണ്.
ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്നു അവന്‍ തടുക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നിങ്ങളെ ചൊവ്വായ പാതയില്‍ നയിക്കുവാനും കൂടിയാകുന്നു (ഇതെല്ലാം). - وَعَدَكُمُ اللَّـهُ അല്ലാഹു നിങ്ങളോടു (നിങ്ങള്‍ക്കു) വാഗ്ദാനം ചെയ്തിരിക്കുന്നു مَغَانِمَ كَثِيرَةً വളരെ ഗനീമത്തുകള്‍ تَأْخُذُونَهَا നിങ്ങള്‍ പിടിച്ചെടുക്കുന്ന, നിങ്ങളതു എടുക്കും فَعَجَّلَ എന്നാല്‍ വേഗമാക്കി (ക്ഷണമാക്കി)ത്തന്നു لَكُمْ هَـٰذِهِ നിങ്ങള്‍ക്കു ഇതു وَكَفَّ അവന്‍ തടുക്കുക (തടയുക)യും ചെയ്തു أَيْدِيَ النَّاسِ ജനങ്ങളുടെ കൈകളെ عَنكُمْ നിങ്ങളില്‍ നിന്നു وَلِتَكُونَ അതു (ഇതു) ആകുവാനും آيَةً لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തം وَيَهْدِيَكُمْ നിങ്ങളെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا പാത, വഴി مُّسْتَقِيمًا ചൊവ്വായ, നേരായ
നിഷ്കളങ്കമായ ത്യാഗത്തിനും, സേവനത്തിനും തയ്യാറുള്ളപക്ഷം, എല്ലാ സത്യവിശ്വാസികള്‍ക്കും ഇതുപോലെയുള്ള ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരുമെന്നും, ഇതു അതിനൊരു ദൃഷ്ടാന്തമാണെന്നും അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു. ‘വളരെ ഗനീമത്തുകളെ വാഗ്ദാനം ചെയ്തിരിക്കുന്നു’വെന്നു പറഞ്ഞതു മുസ്‌ലിംകള്‍ക്കു ഭാവിയില്‍ കൈവരുവാനിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ‘ഇതു വേഗമാക്കിത്തന്നിരിക്കുകയാണു’ എന്നു പറഞ്ഞതു ഹുദൈബിയാ വിജയത്തെ ഉദ്ദേശിച്ചോ, ഖൈബര്‍ വിജയത്തെക്കുറിച്ചോ ആയിരിക്കാം. ഹുദൈബിയായില്‍ വെച്ചു മുശ്രിക്കുകള്‍ ഏറ്റുമുട്ടുവാനുള്ള സാഹചര്യം ഒഴിവാക്കിയത്, ഖൈബറിലേക്കു മുസ്‌ലിംകള്‍ പടയെടുത്തു പോയിരുന്നപ്പോള്‍ മദീനാ പരിസരങ്ങളിലുള്ള യഹൂദികള്‍ മദീനായെ ആക്രമിക്കുവാന്‍ മുതിരാതിരുന്നത്, വമ്പിച്ച ആയുധസജ്ജീകരണങ്ങളും വന്‍ കോട്ടകളുമെല്ലാം ഉണ്ടായിരുന്നിട്ടും ഒരു ഘോരസമരം നടത്തുവാന്‍ ഖൈബറിലെ യഹൂദര്‍ക്കു ധൈര്യമില്ലാതാക്കിയത്, ഇതെല്ലാം അല്ലാഹുവിന്റെ കാവല്‍ മാത്രമായിരുന്നു. وَكَفَّ أَيْدِيَ النَّاسِ عَنكُمْ (ജനങ്ങളുടെ കൈകളെ അവന്‍ നിങ്ങളില്‍നിന്നു തടുക്കുകയും ചെയ്തു.) എന്ന വാക്യത്തില്‍ ഇതൊക്കെ ഉള്‍പ്പെടുന്നു.
- وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا ﴾٢١﴿
- വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. [സൂക്ഷ്മമായി അറിയുന്നുണ്ട്.] അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
- وَأُخْرَىٰ വേറെയും (ചിലതു) لَمْ تَقْدِرُوا നിങ്ങള്‍ക്കു കഴിവുണ്ടായിട്ടില്ല عَلَيْهَا അതിനു, അവയ്ക്കു قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് اللَّـهُ അല്ലാഹു بِهَا അവയെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും , എല്ലാ വസ്തുവിന്റെ മേലും قَدِيرًا കഴിവുള്ളവന്‍
‘വേറെ ചിലതും’ (وَأُخْرَىٰ) എന്നു പറഞ്ഞത് ഏറെത്താമസിയാതെ മുസ്‌ലിംകള്‍ക്കു കൈവരുവാനിരിക്കുന്ന ചില നേട്ടങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍ അവര്‍ക്കു അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടില്ലെങ്കിലും
- وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴾٢٢﴿
- (ആ) അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍തന്നെ, അവര്‍ പിന്‍തിരിഞ്ഞുപോകുമായിരുന്നു. പിന്നീടു, ഒരു രക്ഷാധികാരിയെ (അഥവാ ബന്ധുവിനെ) യാകട്ടെ, ഒരു സഹായകനെയാകട്ടെ, അവര്‍ കണ്ടെത്തുന്നതല്ല.
- وَلَوْ قَاتَلَكُمُ നിങ്ങളോടു യുദ്ധം ചെയ്തിരുന്നെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوَلَّوُا അവര്‍ തിരിക്കും الْأَدْبَارَ പിന്‍പുറങ്ങള്‍ (പിന്‍തിരിഞ്ഞു പോകും) ثُمَّ لَا يَجِدُونَ പിന്നീടവര്‍ കണ്ടെത്തുകയില്ല (കിട്ടുകയില്ല) وَلِيًّا ഒരു രക്ഷാകര്‍ത്താവിനെ (ബന്ധുവെയും) وَلَا نَصِيرًا സഹായകനെയും ഇല്ല
- سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ﴾٢٣﴿
- (അതെ) മുമ്പുമുതല്‍ക്കേ (നടന്നു) കഴിഞ്ഞിട്ടുള്ള അല്ലാഹുവിന്റെ നടപടിക്രമം! അല്ലാഹുവിന്റെ നടപടിക്രമത്തിനു യാതൊരു മാറ്റത്തിരുത്തവും നീ കണ്ടെത്തുകയില്ല തന്നെ.
- سُنَّةَ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമം, ചട്ടം, വഴക്കം الَّتِي قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ളതായ مِن قَبْلُ മുമ്പേ, മുമ്പുമുതല്‍ وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമത്തിനു تَبْدِيلًا ഒരു മാറ്റത്തിരുത്തവും, മാറ്റലും
പ്രവാചകന്മാരുടെ ചേരിയും, ശത്രുക്കളുടെ ചേരിയും – സത്യവിശ്വാസികളും അവിശ്വാസികളും – തമ്മില്‍ നടക്കുന്ന ധര്‍മ്മസമരങ്ങളില്‍, പ്രവാചകന്മാരുടെയും സത്യവിശ്വാസികളുടെയും കക്ഷിക്കായിരിക്കും അന്ത്യവിജയമെന്നതു അല്ലാഹു മുമ്പേ നടപ്പിലാക്കിവന്നിട്ടുള്ള ഒരു നടപടിക്രമമാണ്. അതില്‍ മാറ്റം വരുന്നതല്ല. എന്നിരിക്കെ, ഹുദൈബിയായിലോ, ഖൈബറിലോ മറ്റോ അവര്‍ മുസ്‌ലിംകളുമായി നേരിട്ടു യുദ്ധം നടത്തിയിരുന്നാല്‍ തന്നെയും അവര്‍ ഒടുക്കം പിന്‍തിരിഞ്ഞു പരാജയപ്പെടാതിരിക്കയില്ല എന്നു സാരം.
- وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ﴾٢٤﴿
- മക്കായുടെ ഉള്ളില്‍വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും, നിങ്ങളുടെ കൈകളെ അവരില്‍നിന്നും (പരസ്പരം ഏറ്റുമുട്ടാതെ) തടുത്തുവെച്ചവനും അവനത്രെ; നിങ്ങള്‍ക്കു അവരുടെമേല്‍ ജയം നല്‍കിയതിനുശേഷം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- وَهُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് كَفَّ أَيْدِيَهُمْ അവരുടെ കൈകളെ തടുത്ത, തടഞ്ഞ عَنكُمْ നിങ്ങളില്‍നിന്നു وَأَيْدِيَكُمْ നിങ്ങളുടെ കൈകളെയും عَنْهُم അവരില്‍നിന്നു بِبَطْنِ مَكَّةَ മക്കായുടെ ഉള്ളില്‍വെച്ചു مِن بَعْدِ ശേഷം, പിന്നീടായി أَنْ أَظْفَرَكُمْ നിങ്ങളെ ജയിപ്പിച്ച (നിങ്ങള്‍ക്കു ജയം നല്‍കിയ) തിന്റെ عَلَيْهِمْ അവരോടു, അവരുടെമേല്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍
ഹുദൈബിയായിലെ സന്ധി പൂര്‍ത്തിയാകുന്നതിനുമുമ്പു അവിടെവെച്ചു ഒരു ഏറ്റുമുട്ടലിന്റെ വക്കോളം എത്തുന്ന ചില സംഭവങ്ങള്‍ നടക്കുകയുണ്ടായി. ആയുധധാരികളായ ഒരു സൈന്യസംഘം വന്നു മുസ്‌ലിംകളുടെ നേരെ അക്രമത്തിനു മുതിര്‍ന്നു. സഹാബികള്‍ക്കു അവരെ പിടിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ സാധിച്ചു. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്കു മാപ്പുനല്‍കി വിടുകയാണുണ്ടായത്. അങ്ങിനെ, മക്കായുടെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് ഒരു യുദ്ധം കൂടാതെ അല്ലാഹു കാത്തു. വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു ‘ബൈഅത്തു-രിള്വ്-വാന്‍’ (അല്ലാഹുവിന്റെ തൃപ്തി ലഭിച്ച ആ പ്രതിജ്ഞ) കഴിഞ്ഞശേഷം പൂര്‍വ്വാധികം ധീരതയും മനക്കരുത്തും കൈവന്ന സഹാബികളുടെ ഭാഗത്തുനിന്നും, കേവലം നിരായുധരായ ആ 1400 ആളുകളുടെ നേരെ സുശക്തമായ ഒരു ആക്രമണം നടത്തിനോക്കുവാന്‍ കെല്‍പുള്ള ഖുറൈശികളുടെ ഭാഗത്തുനിന്നും ഒരു യുദ്ധത്തിനു തുടക്കമുണ്ടാകുവാന്‍ സാധ്യതയുണ്ടായിരുന്നു. അതും സംഭവിച്ചില്ല. അങ്ങിനെ, പരിശുദ്ധ മക്കായില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുവാന്‍ ഹേതുവായില്ല. മക്കായില്‍നിന്നു അല്‍പമാത്രം നാഴിക അകലെയായി തൊട്ടുകിടക്കുന്ന സ്ഥലമാണ് ഹുദൈബിയാ. അതിന്റെ കുറെ ഭാഗം മക്കാ ഹറമില്‍ പെട്ടതാണെന്നും പറയപ്പെടുന്നു.
ഹുദൈബിയാ സന്ധിയാണല്ലോ മക്കാവിജയത്തിനു കളം ഒരുക്കിയത്. ഖുറൈശികളില്‍നിന്നു സന്ധി ലംഘനം ഉണ്ടായപ്പോള്‍ പതിനായിരം വരുന്ന സഹാബികളോടുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായില്‍ പ്രവേശിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ അവരെ വലയം ചെയ്തു. അതുവരെയുള്ള ചരിത്രം നോക്കിയാലും, അപ്പോഴത്തെ പരിതസ്ഥിതികള്‍ ആലോചിച്ചാലും അവിടെ ഒരു ഘോരയുദ്ധം നടക്കുവാനുള്ള കാരണങ്ങളുണ്ടായിരുന്നു. അതു സംഭവിക്കാതെ മക്കാ ജയിച്ചടക്കുവാന്‍ സാധ്യമായതിനെ ഉദ്ദേശിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നതു എന്നത്രെ ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. പക്ഷേ, ഈ അദ്ധ്യായം അവതരിച്ചതു മക്കാവിജയത്തിനു മുമ്പാണെന്ന വസ്തുത അതിനു അനുകൂലമല്ല.
- هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَـٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا ﴾٢٥﴿
- അവിശ്വസിക്കുകയും, 'മസ്ജിദുല്‍ഹറാമി'ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു നിങ്ങളെ തടയുകയും ചെയ്തവരത്രെ അവര്‍; ബലിമൃഗം അതിന്റെ നിശ്ചിതസ്ഥാനത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയില്‍ അതിനെയും (അവര്‍ തടഞ്ഞു). നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും, സത്യവിശ്വാസിനികളായ സ്ത്രീകളും ഇല്ലായിരുന്നുവെങ്കില്‍, അതായതു, നിങ്ങള്‍ അവരെ ചവിട്ടി [അപകടപ്പെടുത്തി]യേക്കുകയും, അങ്ങനെ, അറിയാത്ത വിധത്തില്‍ അവര്‍മൂലം നിങ്ങള്‍ക്കു വല്ല അനിഷ്ടവും [തെറ്റുകുറ്റവും] പിണയുകയും ചെയ്യുക(യില്ലായിരുന്നുവെങ്കില്‍). [എന്നാല്‍ ഇരുകൂട്ടരെയും അവന്‍ കൂട്ടിമുട്ടിക്കുമായിരുന്നു.] (അതെ) അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടിയാണ് (കൂട്ടിമുട്ടിക്കാതിരുന്നത്). അവര്‍ (വേറിട്ടു) നീങ്ങി നിന്നിരുന്നുവെങ്കില്‍, അവരില്‍ (ആ) അവിശ്വസിച്ചവരെ നാം ശിക്ഷ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു.
- هُمُ അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് وَصَدُّوكُمْ നിങ്ങളെ തടയുക (മുടക്കുക)യും ചെയ്ത عَنِ الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമില്‍നിന്നു وَالْهَدْيَ ബലിമൃഗത്തെയും مَعْكُوفًا മുടക്കപ്പെട്ട (തടസ്സം ചെയ്യപ്പെട്ട) നിലയില്‍ أَن يَبْلُغَ അതു എത്തിച്ചേരുന്നതു مَحِلَّهُ അതിന്റെ നിശ്ചിത സ്ഥലത്തു, എത്തേണ്ട സ്ഥാനത്തു وَلَوْلَا رِجَالٌ ചില പുരുഷന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ مُّؤْمِنُونَ സത്യവിശ്വാസികളായ وَنِسَاءٌ مُّؤْمِنَاتٌ വിശ്വാസിനികളായ സ്ത്രീകളും لَّمْ تَعْلَمُوهُمْ നിങ്ങളവരെ അറിഞ്ഞിട്ടില്ലാത്ത أَن تَطَئُوهُمْ അതായതു നിങ്ങളവരെ ചവിട്ടിയേക്കുന്നതു (നശിപ്പിക്കുന്നതു) فَتُصِيبَكُم അങ്ങനെ (അതിനാല്‍) നിങ്ങള്‍ക്കു ബാധിക്കുക (പിണയുക)യും مِّنْهُم അവര്‍ മൂലം, അവരാല്‍ مَّعَرَّةٌ വല്ല അനിഷ്ടവും (പാപവും, വിഷമവും, ബാധ്യതയും) بِغَيْرِ عِلْمٍ അറിയാതെ لِّيُدْخِلَ اللَّـهُ അല്ലാഹു പ്രവേശിപ്പിക്കുവാന്‍വേണ്ടി فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ لَوْ تَزَيَّلُوا അവര്‍ നീങ്ങി (വേറിട്ടു) നിന്നിരുന്നുവെങ്കില്‍ لَعَذَّبْنَا നാം ശിക്ഷിക്കുക തന്നെ ചെയ്തിരുന്നു الَّذِينَ كَفَرُوا مِنْهُمْ അവരില്‍ അവിശ്വസിച്ചവരെ عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
പരിശുദ്ധ കഅബായും അതിന്റെ പരിസരപ്രദേശങ്ങളുമാണു ‘മസ്ജിദുല്‍ ഹറാം’ (مَسْجِدُ الْحَرَامِ) കൊണ്ടുദ്ദേശ്യം. അനാദരിക്കുവാന്‍ പാടില്ലാത്ത അലംഘനീയമായ പള്ളി എന്നു വാക്കര്‍ത്ഥം. മക്കയിലേക്കു ബലികര്‍മ്മം നടത്തുവാന്‍ കൊണ്ടുപോകുന്ന മൃഗങ്ങള്‍ക്കാണു ‘ഹദ് യു’ (الْهَدْي) എന്നു പറയുന്നത്. ബലി നടത്തപ്പെടേണ്ടുന്ന സ്ഥലം മിനാ (منى)യാണ്. അതാണ് നിശ്ചിതസ്ഥാനം (مَحِلّ) എന്നു പറഞ്ഞത്. എഴുപതു ഒട്ടകങ്ങളെ ബലിക്കായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്ന് കൂടെ കൊണ്ടുപോയിട്ടുണ്ടായിരുന്നു. ആയത്തിന്റെ സാരം ഇതാണ്:
മുശ്രിക്കുകളുടെ നില നോക്കുകയാണെങ്കില്‍, നിശ്ചയമായും അവര്‍ മുസ്‌ലിംകളുടെ കരങ്ങളാല്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. കാരണം, അവര്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നില്ല; നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും മുസ്‌ലിംകളെയും പരിശുദ്ധ ഹറമിലേക്കു പ്രവേശിക്കുവാനോ, അവിടെവെച്ച് ചെയ്യേണ്ടുന്ന ബലികര്‍മ്മം നിര്‍വ്വഹിക്കുവാനോ സമ്മതിക്കുന്നുമില്ല. പക്ഷേ, മറ്റു ചില സംഗതികളുണ്ട്: ഹുദൈബിയാ സംഭവം നടക്കുന്ന അവസരത്തില്‍, സത്യവിശ്വാസം സ്വീകരിച്ച കൂറെ പുരുഷന്മാരും സ്ത്രീകളും മക്കായിലുണ്ട്. തങ്ങളുടെ വിശ്വാസം തുറന്നു പ്രഖ്യാപിക്കുവാനോ, നാടു വിട്ടു (ഹിജ്റ) പോകുവാനോ നിവൃത്തിയില്ലാതിരിക്കുകയാണവര്‍. അവര്‍ മുശ്രിക്കുകളുടെ മര്‍ദ്ദനം ഭയന്നുകൊണ്ടു അവര്‍ക്കിടയില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. ആരൊക്കെയാണതെന്നും മറ്റും മുസ്‌ലിംകള്‍ക്കു അറിഞ്ഞുകൂടാ. ഒരു പൊതുസംഘട്ടനം നടക്കുമ്പോള്‍ – മനപൂര്‍വ്വമല്ലെങ്കിലും – അതുമൂലം ആ പാവങ്ങള്‍ക്കും പലവിധ ആപത്തുകള്‍ നേരിടും. അതിനു മുസ്‌ലിംകള്‍ ഉത്തരവാദികളാകരുതല്ലോ. മാത്രമല്ല, അല്ലാഹുവിന്റെ കാരുണ്യത്തിനു വിധേയരാകുന്ന സജ്ജനങ്ങള്‍ എനിയും മക്കായില്‍ ഉണ്ടാകണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. ഇതെല്ലാം കാരണമായിട്ടാണു ഒരു യുദ്ധം കൂടാതെ അവന്‍ കലാശിപ്പിച്ചത്. നേരെമറിച്ച് ആ സത്യവിശ്വാസികള്‍ മുശ്രിക്കുകളില്‍ നിന്നു പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു കൊണ്ടായിരുന്നു ഉള്ളതെങ്കില്‍, അല്ലാഹു അവര്‍ക്കു അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമായിരുന്നു.
- إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا ﴾٢٦﴿
- (ആ) അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം! അപ്പോള്‍, അല്ലാഹു അവന്റെ റസൂലിന്റെമേലും, സത്യവിശ്വാസികളുടെ മേലും അവന്റെ (വക) ശാന്തത ഇറക്കിക്കൊടുത്തു. സൂക്ഷ്മതയുടെ വാക്യം (മുറുകെ പിടിക്കുവാന്‍) അവരെ അവന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. അവര്‍, അതിനു കൂടുതല്‍ അര്‍ഹതയുള്ളവരും, അതിന്റെ ആള്‍ക്കാരുമായിരുന്നുതാനും. അല്ലാഹു എല്ലാ വസ്തുവെപ്പറ്റിയും അറിവുള്ളവനാകുന്നു.
- إِذْ جَعَلَ ആക്കിയ (വെച്ചു കൊണ്ടിരുന്ന)പ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْحَمِيَّةَ ചൂടു (ദുരഭിമാനം, കോപത്തള്ളല്‍) حَمِيَّةَ الْجَاهِلِيَّةِ അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ചൂടു (ദുരഭിമാനം) فَأَنزَلَ اللَّـهُ അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ അവന്റെ (വക) ശാന്തത, സമാധാനം عَلَىٰ رَسُولِهِ തന്റെ റസൂലിന്റെ മേല്‍ وَعَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേലും وَأَلْزَمَهُمْ അവരെ നിര്‍ബ്ബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു كَلِمَةَ التَّقْوَىٰ സൂക്ഷ്മതയുടെ വാക്യം وَكَانُوا അവരായിരുന്നു (ആകുന്നു) താനും أَحَقَّ بِهَا അതിനു കൂടുതല്‍ അര്‍ഹര്‍, അവകാശപ്പെട്ടവര്‍ وَأَهْلَهَا അതിന്റെ ആള്‍ക്കാരും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ(കാര്യത്തെ) പ്പറ്റിയും عَلِيمًا അറിവുള്ളവന്‍
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ഉംറാ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ വേണ്ടിമാത്രം വന്നതാണെന്നു മനസ്സിലായിട്ടു പോലും ഖുറൈശി മുശ്രിക്കുകള്‍ അവരെ മക്കായില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ‘കണ്ണു കാണുന്ന ഒരാള്‍ ഞങ്ങളിലുള്ള കാലം ഞങ്ങളതിനു സമ്മതിക്കുകയില്ല’ എന്നായിരുന്നു അവരുടെ വാശി. അതുകാരണം അക്കൊല്ലം മടങ്ങിപ്പോയി അടുത്ത കൊല്ലം വന്നു ഉംറ നിര്‍വ്വഹിക്കേണ്ടി വന്നു. സന്ധിപത്രം എഴുതിയപ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ (بسم الله) എന്നു ആരംഭിക്കുവാന്‍പോലും അവര്‍ വിസമ്മതിച്ചു. ഇതെല്ലാം, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചൊടിയും വെമ്പലും ഉണ്ടാക്കുന്നതാണല്ലോ. എങ്കിലും, സത്യവിശ്വാസികള്‍ പതറിയില്ല. ഇത്തരം സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടുന്നവരും, തൌഹീദിന്റെ മുദ്രാവാക്യത്തില്‍ അടിയുറച്ച വിശ്വാസം കൊള്ളുന്നവരുമാണല്ലോ അവര്‍. അല്ലാഹു അവര്‍ക്കു മനസ്സമാധാനം നല്‍കി അവരെ ശാന്തരാക്കി.
വിഭാഗം - 4
- لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا ﴾٢٧﴿
- തീര്‍ച്ചയായും, അല്ലാഹു അവന്റെ റസൂലിനു സ്വപ്നം യഥാര്‍ത്ഥപ്രകാരം സത്യമാക്കിയിരിക്കുന്നു' (അതായതു:) അല്ലാഹു ഉദ്ദേശിച്ചാല്‍ നിശ്ചയമായും 'മസ്ജിദുല്‍ ഹറാമില്‍ [അലംഘനീയമായ പള്ളിയില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ - നിങ്ങളുടെ തലമുടി കളഞ്ഞവരും വെട്ടിയവരുമായിക്കൊണ്ടു- പ്രവേശിക്കുന്നതാണ്, നിങ്ങള്‍ പേടിക്കേണ്ടി വരികയില്ല. (ഇതാണ് സ്വപ്നം.) എന്നാല്‍, നിങ്ങള്‍ക്കറിയാത്ത (ചില)തു അവന്‍ [അല്ലാഹു] അറിഞ്ഞിരിക്കുന്നു. അങ്ങിനെ, അതിനുപുറമെ ഒരു സമീപമായ വിജയം അവന്‍ ഉണ്ടാക്കി.
- لَّقَدْ صَدَقَ തീര്‍ച്ചയായും സത്യമാക്കിയിരിക്കുന്നു اللَّـهُ അല്ലാഹു رَسُولَهُ തന്റെ റസൂലിനു, റസൂലിനോടു الرُّؤْيَا സ്വപ്നം بِالْحَقِّ യഥാര്‍ത്ഥപ്രകാരം (ന്യായമായവിധം) لَتَدْخُلُنَّ നിശ്ചയമായും നിങ്ങള്‍ പ്രവേശിക്കും (എന്നു) الْمَسْجِدَ الْحَرَامَ മസ്ജിദുല്‍ ഹറാമില്‍ إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ آمِنِينَ നിര്‍ഭയരായ നിലയില്‍ (സമാധാനപൂര്‍വ്വം) مُحَلِّقِينَ (മുടി) കളഞ്ഞ(വരണ്ടിയ)വരായി رُءُوسَكُمْ നിങ്ങളുടെ തല (മുടി)കളെ وَمُقَصِّرِينَ വെട്ടിയവരായും لَا تَخَافُونَ നിങ്ങള്‍ പേടിക്കാത്ത നിലയില്‍, പേടിക്കുക (പേടിക്കേണ്ടി വരിക)യില്ല فَعَلِمَ എന്നാല്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا യാതൊന്നു, ചില കാര്യം لَمْ تَعْلَمُوا നിങ്ങള്‍ക്കറിയാത്ത فَجَعَلَ അങ്ങിനെ അവന്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി مِن دُونِ ذَٰلِكَ അതിനുപുറമെ, അതുകൂടാതെ فَتْحًا ഒരു വിജയം قَرِيبًا അടുത്ത, ആസന്നമായ
ഹജ്ജിനും ഉംറാക്കും പ്രവേശിക്കുന്നതോടെ തലമുടി എടുക്കുവാന്‍ പാടില്ലാതായിത്തീരുന്നു. പിന്നീടു ആ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതോടുകൂടി തലമുടി വടിക്കുകയോ വെട്ടുകയോ ചെയ്യല്‍ നിര്‍ബ്ബന്ധവുമാകുന്നു. (തലമുടി മുഴുവന്‍ കളയുകയാണ് കൂടുതല്‍ നല്ലതെന്നു നബി വചനങ്ങളില്‍നിന്നും മനസ്സിലാക്കാം.) ഇങ്ങിനെ – പതിവുപ്രകാരം – ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട് സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ ‘മസ്ജിദുല്‍ ഹറാമി’ല്‍ പ്രവേശിക്കുന്നതായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വപ്നം കണ്ടത്.
പ്രസ്തുത സ്വപ്നം യഥാര്‍ത്ഥം തന്നെയാണെന്നും, അതു തികച്ചും സാക്ഷാല്‍കരിക്കപ്പെടുന്ന താണെന്നും അല്ലാഹു ഈ വചനത്തില്‍ അവര്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അക്കൊല്ലത്തില്‍ തന്നെ സ്വപ്നം സാക്ഷാല്‍കൃതമാകാത്തതില്‍ പലര്‍ക്കും സംശയം തോന്നുകയുണ്ടായെങ്കിലും – അബൂബക്കര്‍ (رضي الله عنه) ഉമര്‍ (رضي الله عنه) നെ ഓര്‍മ്മിപ്പിച്ചതു പോലെ – ആ വരവില്‍ തന്നെ സ്വപ്നം പുലരുമെന്നു അറിയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആ പ്രാവശ്യത്തെ വരവില്‍ ഉംറഃ നിര്‍വ്വഹിക്കുവാന്‍ സാധിക്കാതെ വന്നതില്‍നിന്നാണല്ലോ അപ്രതീക്ഷിതമായി ലഭിച്ച വിജയങ്ങളുടെ വിജയം (فتح الفتوح)- അതെ, ഹുദൈബിയ്യാ സന്ധി – ഉണ്ടായിത്തീര്‍ന്നത്. സ്വപ്നം മുഖേന അല്ലാഹു നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച – അല്ലാഹുവിനുമാത്രം അറിയാവുന്ന – ഒരു രഹസ്യമായിരുന്നു അതെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. സന്ധിയിലെ നിശ്ചയപ്രകാരം അടുത്ത കൊല്ലം അതു സമാധാനപൂര്‍വ്വം സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്തു. ഈ പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും മക്കായില്‍ പ്രവേശിച്ചപ്പോള്‍, ഖുറൈശി നേതാക്കള്‍ക്കു ആ കാഴ്ച കണ്ടു സഹിക്കുവാന്‍ കഴിയാതെ അവര്‍ സ്ഥലം വിട്ടു വെളിയില്‍ പോയിരുന്നു. സാധാരണക്കാരും, സ്ത്രീകളും, കുട്ടികളുമെല്ലാം തങ്ങളുടെ വീടുകളിലിരുന്നു അതു നോക്കിക്കാണുകയും ചെയ്തു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വപ്നം വിവരിച്ചപ്പോള്‍ ‘അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കും (لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّـهُ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ മാത്രമേ ഏതൊരു കാര്യവും സംഭവിക്കുകയുള്ളു അതുകൊണ്ടു വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ടു എന്നു ഇതു കാണിക്കുന്നു. ഈ വിഷയം സൂ: അല്‍കഹ്ഫ് 23, 24ല്‍ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിച്ചതാണ്. അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കുന്നതിനും, അവന്‍ ഉദ്ദേശിക്കുന്നതു പ്രവര്‍ത്തിക്കുന്നതിനും അവനു യാതൊരു തടസ്സവും നേരിടുവാനില്ലെന്ന്‍ തീര്‍ച്ചയാണ്. എന്നിട്ടു പോലും, ആ വാഗ്ദാനം വിവരിച്ചപ്പോള്‍ ‘അല്ലാഹു ഉദ്ദേശിച്ചെങ്കില്‍’ എന്നു പറഞ്ഞതില്‍നിന്ന്‍ മനുഷ്യ ഹൃദയങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തെക്കുറിച്ചുള്ള ബോധവും വിശ്വാസവും എത്രത്തോളം വേരൂന്നിയിരിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാവുന്നതാണ്. ആ വിശ്വാസവും, ബോധവും മനുഷ്യനു അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ക്കും കാരണമായിത്തീരുന്നതുമാകുന്നു. സംശയമില്ല.
- هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا ﴾٢٨﴿
- അവനത്രെ, സന്മാര്‍ഗ്ഗവും, യഥാര്‍ത്ഥമതവുമായി തന്റെ റസൂലിനെ അയച്ചവന്‍, എല്ലാ മതങ്ങളെക്കാളും അതിനെ (മേലേയാക്കി) പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയായിട്ട്!.
- هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَرْسَلَ അയച്ച رَسُولَهُ തന്റെ റസൂലിനെ بِالْهُدَىٰ സന്മാര്‍ഗ്ഗ (നേര്‍മാര്‍ഗ്ഗ)വുമായി وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ) മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍, മേലെയാക്കുവാന്‍ عَلَى الدِّينِ മതത്തെക്കാള്‍ كُلِّهِ എല്ലാ (മതത്തെക്കാളും) وَكَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്നതോടൊപ്പം തന്നെ, ഇതിനുമുമ്പ് വിവരിച്ചതു പോലെയുള്ള വമ്പിച്ച സഹായങ്ങളും വിജയങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിക്കുവാനുള്ള കാരണമെന്താണെന്നും ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കട്ടിയിരിക്കുന്നു. മാത്രമല്ല, മേലിലും വമ്പിച്ച സഹായങ്ങള്‍ ലഭിക്കുവാനിരിക്കുന്നുണ്ടെന്നും, ഇസ്ലാമാകുന്ന യഥാര്‍ത്ഥ മതത്തിനു ലോകത്തു പ്രചാരവും പ്രശസ്തിയും ലഭിക്കുമെന്നുമുള്ള വാഗ്ദാനവും ഇതില്‍ അടങ്ങിയിരിക്കുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സ്വയം ഒരു റസൂലായി ചമഞ്ഞിരിക്കുകയല്ല, അല്ലാഹു അവന്റെ സ്വന്തം ദൂതനായി നിയോഗിച്ചതാണ്. എന്നിരിക്കെ, അല്ലാഹുവിന്റെ സ്നേഹാദരവും സഹായവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഉണ്ടാവാതിരിക്കുകയില്ല. എന്നിങ്ങിനെയുള്ള ചില സൂചനകള്‍ هُوَ الَّذِي أَرْسَلَ رَسُولَهُ (അവനത്രെ അവന്റെ റസൂലിനെ അയച്ചവന്‍) എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ മുഖേനയും, മറ്റു തെളിവുകള്‍ മുഖാന്തരവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ഗ്ഗദര്‍ശനങ്ങളും, തത്വോപദേശങ്ങളും بِالْهُدَىٰ (സന്മാര്‍ഗ്ഗവുമായി) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. ഈ സന്മാര്‍ഗ്ഗമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പ്രായോഗിക നടപടി ക്രമങ്ങളാണ് – അഥവാ നിയമവ്യവസ്ഥയാണ് – وَدِينِ الْحَقِّ (സത്യമതവും) എന്ന വാക്കുകൊണ്ടുദ്ദേശ്യം.
لِيُظْهِرَهُ عَلَى الدِّينِ كُلِّهِ (എല്ലാ മതത്തെക്കാളും ആ മതത്തെ മേലേയാക്കി പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി) എന്ന ലക്ഷ്യം സാക്ഷാല്‍കൃതമാകുന്നതു പല മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കാം. 1). മൗലികതത്വങ്ങളും, സാന്മാര്‍ഗ്ഗിക മൂല്യങ്ങളും ഒന്നായതോടൊപ്പംതന്നെ, കാലദേശസാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്‍വേദങ്ങളില്‍ അംഗീകരിക്കപ്പെട്ടു വന്നിരുന്ന ശാഖാപരവും കാലികവുമായ നടപടിമാര്‍ഗ്ഗങ്ങളെ ദുര്‍ബ്ബലപ്പെടുത്തുക. പകരം സാര്‍വ്വത്രികവും, സാര്‍വ്വജനീനവുമായ ഒരു നിയമസംഹിത സുസ്ഥാപിതമാക്കുക. 2). ദൈവികമല്ലാത്ത മതാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അനാചാര ദുരാചാരങ്ങള്‍ ആദിയായവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സദാചാരമൂല്യങ്ങള്‍ ജനഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതിനും വ്യക്തവും പര്യാപ്തവുമായ തെളിവുകളും ദൃഷ്ടാന്തങ്ങളും പരിപൂര്‍ണ്ണമായിരിക്കുക. 3) പ്രമാണങ്ങള്‍ സുരക്ഷിതമായി അവശേഷിക്കുക. 4).സ്വൈര്യവിഹാരം കൊള്ളുവാനും, പ്രചാരണം സാധ്യമാകുവാനും വേണ്ടുന്ന ശക്തിയും, പ്രതാപവും സംസിദ്ധമാകുക ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഈ ഉപാധികളെല്ലാം അല്ലാഹു പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല.
ചിരകാലമായി, ഒടുവില്‍ പ്രസ്താവിച്ച വിഷയത്തില്‍ – പ്രതാപത്തിന്റെയും യശസ്സിന്റെയും കാര്യത്തില്‍ – മുസ്‌ലിംസമുദായം വളരെ ദയനീയാവസ്ഥയിലേക്കു അധഃപതിച്ചുപോയിരിക്കയാണെന്ന പരമാര്‍ത്ഥം നാം മറക്കുന്നില്ല. ഇതിനുത്തരവാദി അല്ലാഹുവല്ല, ഇസ്ലാമുമല്ല. ഇതു അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള ഒരു ന്യൂനതയുമല്ല. നേരെമറിച്ചു മുസ്‌ലിംസമുദായം തന്നെ ആദ്യത്തെ രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം, തങ്ങളുടെമേല്‍ വരുത്തിവെച്ചതും, പിന്നീടുള്ള തലമുറകള്‍ വ്യാസം വര്‍ദ്ധിപ്പിച്ചുകൊണ്ടേ വന്നതുമായ ഒരു മഹാവിനയാണത്. (സൂ: അമ്പിയാഉ് 105, സൂ: നൂര്‍ 55 മുതലായവയും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക. കൂടുതല്‍ വിവരം അവിടങ്ങളില്‍ കാണാം.) ഏതായാലും, ഒരു കാര്യം തീര്‍ത്തുപറയാം. മുസ്‌ലിംസമുദായത്തിന്റെ യശസ്സും പ്രതാപവും എത്രതന്നെ അധഃപതിച്ചിട്ടുണ്ടെങ്കിലും ശരി, പ്രമാണങ്ങളുടെയും ലക്ഷ്യങ്ങളുടെയും, വ്യക്തതയിലും, അവയുടെ പരിപൂര്‍ണ്ണതയിലും മറ്റേതു മതത്തെക്കാളും ഉന്നതസ്ഥാനം ഇസ്ലാമിനാണ് – അന്നും, ഇന്നും, എന്നും – ഉള്ളതെന്നു അതിന്റെ ശത്രുക്കള്‍പോലും സമ്മതിക്കുന്ന ഒരു പരമാര്‍ത്ഥമത്രെ. ഇത്രയും പറഞ്ഞതില്‍നിന്ന് അല്ലാഹു അവന്റെ വാഗ്ദാനം പൂര്‍ത്തിയാക്കാതിരുന്നിട്ടില്ലെന്നു സ്പഷ്ടമാണല്ലോ. ആ വാഗ്ദാനം പാലിക്കുമെന്നു പറഞ്ഞപ്പോള്‍, അതിനു ഏക സാക്ഷിയായി അല്ലാഹു തന്നെ മതി എന്നു അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. വാഗ്ദാനം അവന്‍ പാലിച്ചുകഴിഞ്ഞുവെന്നുള്ളതിനും അവന്‍ തന്നെ മതി സാക്ഷിയായിട്ട്. (وَكَفَىٰ بِاللَّـهِ شَهِيدًا)
ശരി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അല്ലാഹു അയച്ചതാണെന്നും, അവിടുന്നു അയക്കപ്പെട്ടിരിക്കുന്നതു നേര്‍മ്മാര്‍ഗ്ഗവും, യഥാര്‍ത്ഥ മതവും കൊണ്ടാണെന്നും, മറ്റെല്ലാ മതങ്ങളെക്കാളും അതിനെ വിജയിപ്പിക്കുവാന്‍ വേണ്ടിയാണ് അവിടത്തെ അല്ലാഹു അയച്ചിരിക്കുന്നതെന്നും പറയുമ്പോള്‍, അക്കാര്യം പരിപൂര്‍ണ്ണമായും പ്രായോഗികമാകുമെന്നും ഉറപ്പിച്ചുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്കു ആവേശപൂര്‍വ്വം മുന്നോട്ടു നീങ്ങാമല്ലോ. ഈ മഹത്തായ വാഗ്ദാനം അവരുടെ കൈക്കു നിറവേറ്റുകയെന്ന മഹാഭാഗ്യം ലഭിക്കുമാറ് അതിനാസ്പദമായ ചില സവിശേഷഗുണങ്ങള്‍ അവരില്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്നു വ്യക്തമാണ്. പ്രസ്തുത ഗുണങ്ങള്‍ തികഞ്ഞവര്‍ തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒന്നിച്ചുള്ള സഹാബികളും. അടുത്ത വചനത്തില്‍ അല്ലാഹു അവര്‍ക്കു നല്‍കുന്ന സാക്ഷ്യപത്രം നോക്കുക. സഹാബികളുടെ സവിശേഷതകളും, അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ള ബഹുമാനവും മനസ്സിലാക്കുവാന്‍ ഈ ഒരേ ഒരു സാക്ഷ്യപത്രം തന്നെ മതിയാകും :
- مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا ﴾٢٩﴿
- മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. [ദൂതനാണ്]. അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേല്‍ കഠിനന്മാരാണ്, തങ്ങള്‍ക്കിടയില്‍ ദയാലുക്കളാണ്. 'റുകൂഉം', 'സുജൂദും' ചെയ്തു [കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിര്‍വ്വഹിച്ചു] കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു. 'സുജൂദി'ന്റെ [സാഷ്ടാംഗ നമസ്കാരത്തിന്റെ] ഫലമായി അവരുടെ അടയാളം [പ്രത്യേകത] അവരുടെ മുഖങ്ങളിലുണ്ട്. 'തൌറാത്തി'ല്‍ (വര്‍ണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ 'ഇഞ്ചീലി'ലും ഉണ്ടു; (അതായതു) ഒരു വിളപോലെ: അതു അതിന്റെ കൂമ്പ് പുറപ്പെടുവിച്ചു [വിത്തില്‍നിന്നു സൂചിമുള പുറത്തുവന്നു]; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അതു (തടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്റെ തണ്ടുകളില്‍ അതു (സ്വയം) ശരിപ്പെട്ടുനിന്നു. അവിശ്വാസികള്‍ക്കു അവര്‍മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് (ഇങ്ങിനെ ഉപമിച്ചതു, അഥവാ ഇപ്രകാരം വളര്‍ത്തികൊണ്ടുവന്നത്). അവരില്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
- مُّحَمَّدٌ മുഹമ്മദു رَّسُولُ اللَّـهِ അല്ലാഹുവിന്റെ ദൂതനാണ് وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ أَشِدَّاءُ കഠിനന്മാരാണ്, ഊക്കന്മാരാണ് عَلَى الْكُفَّارِ അവിശ്വാസികളുടെമേല്‍ رُحَمَاءُ ദയാലുക്കളാണ്, കൃപയുള്ളവരാണ് بَيْنَهُمْ തങ്ങള്‍ക്കിടയില്‍, തമ്മില്‍ تَرَاهُمْ നിനക്കവരെ കാണാം, നീ അവരെ കാണും رُكَّعًا റുകൂഉ് ചെയ്യുന്നവരായി سُجَّدًا സുജൂദു ചെയ്യുന്നവരായി يَبْتَغُونَ അവര്‍ തേടിക്കൊണ്ടിരിക്കും, അന്വേഷിക്കുന്നു فَضْلًا അനുഗ്രഹം, ദയവു, ദാക്ഷിണ്യം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും سِيمَاهُمْ അവരുടെ അടയാളം, ലക്ഷണം, പ്രത്യേകത فِي وُجُوهِهِم അവരുടെ മുഖങ്ങളിലുണ്ടു مِّنْ أَثَرِ السُّجُودِ സുജൂദിന്റെ ഫലമായി, പാടുനിമിത്തം ذَٰلِكَ അതു مَثَلُهُمْ അവരുടെ ഉപമയാണ് فِي التَّوْرَاةِ തൌറാത്തില്‍ وَمَثَلُهُمْ അവരുടെ ഉപമ فِي الْإِنجِيلِ ഇഞ്ചീലിലുമുണ്ട് كَزَرْعٍ അതായതു ഒരു വിളപോലെ, വിളപോലെയാണ് أَخْرَجَ അതു പുറത്തുകാട്ടി, വെളിപ്പെടുത്തി شَطْأَهُ അതിന്റെ കൂമ്പു, സൂചിമുള فَآزَرَهُ എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, പോഷിപ്പിച്ചു فَاسْتَغْلَظَ എന്നിട്ടതു കട്ടികൂടി, തടിച്ചുവന്നു فَاسْتَوَىٰ എന്നിട്ടത് ശരിക്കു നിന്നു, ശരിയായി വന്നു عَلَىٰ سُوقِهِ അതിന്റെ തണ്ടുകളില്‍, തടിമരങ്ങളില്‍ يُعْجِبُ ആശ്ചര്യപ്പെടുത്തുമാറു, അതിശയിപ്പിച്ചുകൊണ്ടു الزُّرَّاعَ കൃഷിക്കാരെ لِيَغِيظَ കോപിപ്പിക്കുവാന്‍ വേണ്ടിയാണ്, ദ്വേഷ്യം പിടിപ്പിക്കുവാന്‍ بِهِمُ അവര്‍ മൂലം, അവരെകൊണ്ടു الْكُفَّارَ അവിശ്വാസികളെ وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത مِنْهُم അവരില്‍നിന്നു, അവരാകുന്നു مَّغْفِرَةً പാപമോചനം, പൊറുതി وَّأَجْرًا عَظِيمًا മഹത്തായ പ്രതിഫലവും, കൂലിയും
കഴിഞ്ഞ ആയത്തിലെ ആശയങ്ങളുടെ രത്നച്ചുരുക്കത്തോടുകൂടിയ ഒരാവര്‍ത്തനമാണ് ഈ വചനത്തിലെ ആദ്യവാക്യം. مُّحَمَّدٌ رَّسُولُ اللَّـهِ (മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു) അതെ, സത്യനിഷേധികള്‍ നിഷേധിച്ചാലും ശരി, അസൂയക്കാര്‍ വെറുത്താലും ശരി, മുഹമ്മദു അല്ലാഹുവിന്റെ റസൂലാണ്. സത്യാന്വേഷികള്‍ ചിന്തിക്കട്ടെ, സത്യവിശ്വാസികള്‍ ഉറപ്പിച്ചുകൊള്ളട്ടെ, മുഹമ്മദു അല്ലാഹുവിന്റെ റസൂലാണ്. റസൂലിനു വേണ്ടുന്ന ഗുണങ്ങളെല്ലാം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിനു വേണ്ടുന്ന സഹായങ്ങളും രക്ഷയും അല്ലാഹു നല്‍കുകയും ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ, ഈ മുശ്രിക്കുകള്‍ അതു സമ്മതിക്കേണ്ടതായും വരും, അതാ, ഹുദൈബിയ്യാ സന്ധിപത്രം എഴുതിയപ്പോള്‍. ‘അല്ലാഹുവിന്റെ റസൂലായ മുഹമ്മദും ഖുറൈശികളും തമ്മില്‍ നടന്ന സന്ധിവ്യവസ്ഥ ‘ എന്നെഴുതുവാന്‍ സമ്മതിക്കാതെ ശഠിച്ചു നില്‍ക്കുകയും, ‘അബ്ദുല്ലാ മകന്‍ മുഹമ്മദും….’ എന്നുതന്നെ ചേര്‍ക്കുവാന്‍ വാശിപിടിക്കുകയും ചെയ്ത അതേ മുശ്രിക്കുകള്‍ ഏറെത്താമസിയാതെ ആ വാക്യം തങ്ങളുടെ മുദ്രാവാക്യമായി അംഗീകരിച്ചു.
എനി, അദ്ദേഹത്തിന്റെ അനുയായികളുടെ സ്ഥിതിയോ? ഗുരുവിനൊത്ത ശിഷ്യന്മാരും, നേതാവിനൊത്ത നീതന്മാരും! സത്യനിഷേധികളെയും, സന്മാര്‍ഗ്ഗവിരോധികളെയും സംബന്ധിച്ചിടത്തോളം അവര്‍ കഠിനഹൃദയന്മാരാണ്. (أَشِدَّاءُ عَلَى الْكُفَّارِ) ശൂരന്മാരും, വീരന്മാരുമാണ്. തമ്മതമ്മിലോ? അങ്ങേയറ്റം കൃപയോടും കരുണയോടുംകൂടി പെരുമാറുന്ന ദയാശീലന്മാരുമത്രെ. (رُحَمَاءُ بَيْنَهُمْ) അതെ, മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞതുപോലെ, സത്യവിശ്വാസികളില്‍ എളിയവരും, അവിശ്വാസികളില്‍ ഗൗരവം നിറഞ്ഞവരും (أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ – سورة المائدة) അവിശ്വാസികളെ കാണുമ്പോഴേക്കും നീതികേടോ, കയ്യേറ്റമോ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ല. യുദ്ധവേളകളിലും, സന്ദര്‍ഭം ആവശ്യപ്പെടുമ്പോഴും ദൗര്‍ബ്ബല്യമോ, ഭീരുത്വമോ കൂടാതെ സധീരം സമര്‍ത്ഥമായി നേരിടും എന്നുദ്ദേശ്യം. അപ്രകാരംതന്നെ, സത്യവിശ്വാസികളായ ആളുകളില്‍ എന്തു അനീതികള്‍ കണ്ടാലും അവര്‍ക്കു അറപ്പോ വെറുപ്പോ ഉണ്ടായിരിക്കുകയില്ല എന്നും ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. നേരെമറിച്ചു അതിനെതിരില്‍ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ രണ്ടു വചനങ്ങള്‍ ഇവിടെ സ്മരിക്കുന്നതു സമയോചിതമാകുന്നു:
1. ‘സത്യവിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുകയും, ദയ കാണിക്കുകയും, അനുഭാവം കാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമ, ഒരു ശരീരംപോലെയായിരിക്കും – അഥവാ അങ്ങിനെ ആയിരിക്കണം. അതിന്റെ ഒരു അവയവത്തിനു അസുഖം നേരിട്ടാല്‍ ആ ശരീരത്തിന്റെ മറ്റെല്ലാ വശങ്ങളും ഉറക്കൊഴിച്ചും പനിപിടിച്ചും അതിനുവേണ്ടി മുറവിളി കൂടുന്നതാണ്.’ (ബു; മു).
2. ‘നിങ്ങളില്‍ ആരെങ്കിലും വെറുക്കപ്പെട്ട – നിഷിദ്ധമായ – ഒരു കാര്യം കണ്ടാല്‍, അവന്റെ കൈകൊണ്ടു അതു മാറ്റിക്കൊള്ളട്ടെ. അതിനു സാധിക്കാത്തപക്ഷം അവന്റെ നാവുകൊണ്ട്, അതിനും സാധിക്കാത്തപക്ഷം അവന്റെ ഹൃദയംകൊണ്ട് (വെറുത്തുകൊള്ളട്ടെ). ഇപ്പറഞ്ഞതു വിശ്വാസത്തില്‍വെച്ചു ഏറ്റവും ദുര്‍ബ്ബലമായതാകുന്നു.’ (മു.).
ജനങ്ങളോടു സഹാബികളുടെ പെരുമാറ്റരീതിയാണു മുകളില്‍ പറഞ്ഞത്. എന്നാല്‍, അല്ലാഹുവുമായി അവരുടെ നിലപാടു എന്താണ്? അല്ലാഹുവിനു ആരാധനാവണക്കങ്ങള്‍ ചെയ്യുന്നതില്‍ നിരതന്മാരാണവര്‍. വിശേഷിച്ചും നമസ്കാരകര്‍മ്മത്തില്‍. അതുകൊണ്ടു നമസ്കാരത്തിലെ പ്രധാന ഘടകങ്ങളായ ‘റുകൂഇ’ലും, ‘സുജൂദി’ലുമായി അവരെ കണ്ടുകൊണ്ടിരിക്കും. (تَرَاهُمْ رُكَّعًا سُجَّدًا) ഇതൊന്നും അവര്‍ ഐഹികമായ എന്തെങ്കിലും കാര്യലാഭങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്നതല്ല. നിഷ്കളങ്കരും, നിസ്വാര്‍ത്ഥരുമാണവര്‍. അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ ദയാദാക്ഷിണ്യവും, പൊരുത്തവുമാണ് അവരുടെ ആവശ്യം. (يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا) അതാണവരുടെ തേട്ടവും. അല്ലാഹുവിങ്കല്‍നിന്നുള്ള പൊരുത്തമാണല്ലോ എല്ലാ ലഭ്യങ്ങളിലും വെച്ചു ഏറ്റവും വലുത്. (وَرِضْوَانٌ مِنَ اللَّهِ أَكْبَرُ). ഇങ്ങിനെയുള്ള ഈ പുണ്യവാന്മാരെ തിരിച്ചറിയുവാന്‍ വളരെയൊന്നും അന്വേഷണം നടത്തേണ്ടതായിട്ടില്ല. അവരെ തിരിച്ചറിയുവാനുള്ള വിശിഷ്ട ലക്ഷണവും, പ്രത്യേക അടയാളവും അവരുടെ മുഖങ്ങളില്‍ തന്നെയുണ്ട്. (سِيمَاهُمْ فِي وُجُوهِهِم) അല്ലാഹുവിന്റെ മുമ്പില്‍ മുഖം കുത്തി സാഷ്ടാംഗ നമസ്കാരം നടത്തികൊണ്ടിരിക്കുന്നതിന്റെ ഫലമായി സിദ്ധിച്ചതത്രെ അത്. (مِّنْ أَثَرِ السُّجُودِ).
ഈ അടയാളംകൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു – ‘നിസ്കാരത്തഴമ്പ്’ എന്ന പേരില്‍ – ചിലരുടെ നെറ്റിയില്‍ കാണപ്പെടാറുള്ള അടയാളമെന്നാണ് ചിലരൊക്കെ ധരിച്ചുവശായിട്ടുള്ളത്. ഈ ധാരണ ശരിയല്ലെന്നു മാത്രമല്ല, പാമര ജനങ്ങള്‍ക്കിടയില്‍ പല അന്ധവിശ്വാസങ്ങള്‍ക്കും ആ ധാരണ കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. ഈ അടയാളം കൊണ്ടുള്ള വിവക്ഷയെപ്പറ്റി പല മഹാന്മാരുടെയും അഭിപ്രായങ്ങള്‍ ഇമാം ഇബ്നു കഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍നിന്നു പലതും മനസ്സിലാക്കുവാനുള്ളതുകൊണ്ടു അതിവിടെ ചുരുക്കി ഉദ്ധരിക്കാം:
1) ഇബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: ‘നല്ല രീതിയാണത്. അഥവാ ആകര്‍ഷിക്കത്തക്ക മുഖഭാവം എന്നര്‍ത്ഥം.
2) മുജാഹിദും (رحمه الله) മറ്റു പലരും പറയുന്നു: അതു ഭക്തിയും വിനയവുമാണ്.
3) മുജാഹിദു (رحمه الله) നോടു ഒരാള്‍ ഇങ്ങിനെ പറഞ്ഞു: ‘ മുഖത്തുണ്ടാകുന്ന ഈ അടയാളം – നിസ്കാരത്തഴമ്പ്:- തന്നെയാണ് അതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു’ അദ്ദേഹം പറഞ്ഞു: ‘ഒരുപക്ഷേ, ഫിര്‍ഔനേക്കാള്‍ ഹൃദയം കടുത്തവനായ ഒരാളുടെ കണ്ണുകള്‍ക്കിടയിലും അതു -നിസ്കാരത്തഴമ്പ്- ഉണ്ടായെന്നു വരാം.’
4) സുദ്ദീ (رحمه الله) പറയുന്നതു, നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്.
5) ചില മഹാന്മാര്‍ പറയുന്നു: രാത്രിയില്‍ ഒരാള്‍ അധികമായി നമസ്കരിച്ചാല്‍ പകലില്‍ അവന്റെ മുഖം സുന്ദരമാകുമെന്ന്.
6) വേറെ ചില മഹാന്മാര്‍ പറയുന്നു: പുണ്യകര്‍മ്മം നിമിത്തം ഹൃദയത്തില്‍ പ്രകാശവും, മുഖത്തു ശോഭയും ഉപജീവനമാര്‍ഗ്ഗത്തില്‍ വിശാലതയും, ജനഹൃദയങ്ങളില്‍ സ്നേഹവും ഉണ്ടാകുന്നു.
7). ഉസ്മാന്‍ (رضي الله عنه) പറയുന്നു: ‘ഏതൊരാളും തന്നെ, ഒരു സ്വകാര്യസമ്പ്രദായം മറച്ചുവെച്ചാല്‍, അവന്റെ മുഖത്തും, സംസാരത്തിലും അല്ലാഹു അതു വെളിവാക്കാതിരിക്കയില്ല.’ മനുഷ്യഹൃദയത്തില്‍ മറഞ്ഞുകിടപ്പുള്ള രഹസ്യങ്ങളും, അവന്റെ സ്വഭാവവിശേഷതകളും അവന്റെ മുഖത്തിലൂടെ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. ഒരു സത്യവിശ്വാസിയുടെ സ്വകാര്യജീവിതം നല്ലതാണെങ്കില്‍, അവന്റെ ബാഹ്യനിലയും അല്ലാഹു നന്നാക്കിത്തീര്‍ക്കുന്നതാണ്. (مختصرا من ابن كثير).
രാത്രി നമസ്കരിക്കുന്നവരുടെ മുഖത്തു അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന ഭംഗിയാണ് ഇവിടെ ‘അടയാളം’ കൊണ്ടുദ്ദേശ്യമെന്ന അഭിപ്രായം ഉദ്ധരിച്ചുകൊണ്ടു ഇമാംറാസീ (رحمه الله) പറയുന്നു: ‘ഇതു ബുദ്ധിമാന്മാര്‍ക്കു അറിയാവുന്ന ഒരു യഥാര്‍ത്ഥമാണ്. രണ്ടു മനുഷ്യന്മാര്‍ രാത്രി ഉറക്കൊഴിക്കുന്നു: ഒരാള്‍ കുടിയിലും കളിയിലും ഏര്‍പ്പെടുന്നു; മറ്റേവന്‍, നമസ്കാരം, ഖുര്‍ആന്‍പാരായണം, വിദ്യാസമ്പാദനം എന്നിവയിലും ഏര്‍പ്പെടുന്നു. പിറ്റേ ദിവസം രണ്ടുപേരുടെയും ഇടക്കുള്ള വ്യത്യാസം കാണാവുന്നതാണ്.’ (الرازى). ‘സുജൂദിന്റെ ഫലമായുണ്ടായ അടയാളം’ എന്താണെന്നു ഇതില്‍നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാം. ഒരാള്‍ നമസ്കാരം അധികരിപ്പിക്കുന്നതിന്റെ ഫലമായി അയാള്‍ക്കു നമസ്കാരത്തഴമ്പുണ്ടായെന്നു വരാം. പക്ഷേ – മുജാഹിദ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ – അതുകൊണ്ടു അയാള്‍ നല്ലവനെന്നോ അല്ലെന്നോ വേര്‍തിരിക്കുവാന്‍ നിവൃത്തിയില്ല. ഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്റെ നാമമാത്രനമസ്കാരം കൊണ്ടും, ജനമദ്ധ്യെ പേരും പൗരോഹിത്യവും നേടുവാനുള്ള നമസ്കാരം കൊണ്ടും ഉണ്ടാകാമല്ലോ അത്.
സഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകള്‍ വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല അല്ലാഹു വിവരിച്ചിട്ടുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും, സന്തോഷവാര്‍ത്തകളും മുന്‍വേദഗ്രന്ഥങ്ങളിലും പലതും ഉണ്ടായിരുന്നുവല്ലോ. അക്കൂട്ടത്തില്‍, അവിടുത്തെ അനുയായികളുടെ സ്വഭാവവും, ഗുണഗണങ്ങളും അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍വിവരിച്ചതു തൌറാത്തില്‍ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. (ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ). തൌറാത്തില്‍ മാത്രമല്ല, ഇഞ്ചീലിലും അവരുടെ ഉപമയുണ്ട്. (وَمَثَلُهُمْ فِي الْإِنجِيلِ). എന്നാല്‍, ഇഞ്ചീലില്‍ അവരെ ഒരു വിളയോടു ഉപമിച്ചിരിക്കുകയാണ്. (كَزَرْعٍ) മുളയില്‍തന്നെ കരുത്തോടെ കൂമ്പിട്ടു മുളക്കുകയും, ചിനച്ച് തടിച്ചു വളര്‍ന്നു തഴച്ച് മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന – കൃഷിക്കാര്‍ക്കു ആശ്ചര്യവും കൗതുകവും ജനിപ്പിക്കുന്ന – കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. (أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ) ഇതാണ് ഇഞ്ചീലിലെ ഉപമ. ഇസ്‌ലാമാകുന്ന വിള നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയും തറ്റയുമായ സഹാബികളായിരുന്നു. പിന്നീടു അതു മുളച്ചു ചിനച്ചു വളര്‍ന്നു വന്നു. അങ്ങിനെ സമൃദ്ധമായ വിളവു നല്‍കുകയും ചെയ്തു.
സാക്ഷാല്‍ തൌറാത്തോ ഇഞ്ചീലിലോ ആകട്ടെ, അവയുടെ യഥാര്‍ത്ഥ പരിഭാഷയാകട്ടെ, എവിടെയും നിലവിലില്ല. പഴയ നിയമമെന്നും പുതിയ നിയമമെന്നും പറയപ്പെടുന്ന നിലവിലുള്ള തൌറാത്തു ഇഞ്ചീലുകളില്‍ വളരെയധികം കൃത്രിമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേകിച്ചു മാറ്റത്തിരുത്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പരക്കെ അറിയപ്പെട്ടതാണ്. എന്നിരിക്കെ, സഹാബികളെ സംബന്ധിച്ച ഈ വിവരണവും ഉപമയും അവയില്‍ കാണപ്പെടാതിരിക്കുക സ്വാഭാവികം മാത്രമാകുന്നു. എന്നിരുന്നാലും, പഴയ നിയമത്തിലും, പുതിയ നിയമത്തിലും അതിന്റെ ചില സൂചനകള്‍ ഇന്നും അവശേഷിക്കുന്നുണ്ടുതാനും. വേദക്കാര്‍ അവയെ അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിപ്പെടുകയാണ് ഇപ്പോള്‍.
പഴയ നിയമത്തില്‍ ഇങ്ങിനെ കാണാം : ‘ദൈവപുരുഷനായ മോശെ (മൂസാനബി) തന്റെ മരണത്തിനുമുമ്പെ യിസ്രായേല്‍മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്: അവന്‍ പറഞ്ഞതെന്തെന്നാല്‍ : യഹോവ (ദൈവം) സീനായില്‍നിന്നു വന്നു, അവര്‍ക്കു സേയീരില്‍നിന്നു ഉദിച്ചു. പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി, ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍നിന്നു വന്നു. അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കയ്യില്‍ ഉണ്ടായിരുന്നു…..’ (ആവര്‍ത്തന പുസ്തകം: 33ല്‍ 1 -3). യഹോവ സീനായില്‍നിന്നു വന്നുവെന്നു പറഞ്ഞതു സീനായില്‍വെച്ചു മൂസാ (عليه السلام) നബിക്കു തൌറാത്തു നല്‍കപ്പെട്ടതിനെയും, സെയീറില്‍ നിന്നു ഉദിച്ചുവെന്നു പറഞ്ഞതു ഈസാ (عليه السلام) നബിക്കു ഇഞ്ചീല്‍ ലഭിച്ചതിനെയും സൂചിപ്പിക്കുന്നു. സേയീര്‍ ഫലസ്തീനില്‍ സ്ഥിതി ചെയ്യുന്ന മലകളാണ്. പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഖുര്‍ആന്‍ ലഭിച്ചതിനെ സൂചിപ്പിക്കുന്നു. ഹിജാസിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന പര്‍വ്വതനിരകളാണ് പാറാന്‍ ലക്ഷോപലക്ഷം വിശുദ്ധന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അനുയായികളുമാകുന്നു. പുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ‘പിന്നെ അവന്‍ (യേശു) പറഞ്ഞത്: ദൈവരാജ്യം, ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, അവന്‍ അറിയാതെ വിത്തു മുളച്ചു വരുന്നതുപോലെയാകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും, പിന്നെ കതിരും, പിന്നെ കതിരില്‍ നിറഞ്ഞ മണിയും, ഇങ്ങിനെ വിളയുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു. പിന്നെ അവന്‍ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയില്‍ അതിനെ വര്‍ണ്ണിക്കേണ്ടു? അത് കടുകുമണിയോട് സദൃശം. അതിനെ മണ്ണില്‍ വിതക്കുമ്പോള്‍ ഭൂമിയിലെ എല്ലാത്തിലും ചെറുത്. എങ്കിലും വിതച്ചശേഷം വളര്‍ന്നു സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്നു. ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മാര്‍ക്കോസ് 4:26 – 32).
ഖുലഫാഉര്‍-റാഷിദീന്റെ കാലത്തു നടന്ന ചരിത്രപ്രസിദ്ധമായ ശാം വിജയങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഹാബികളെപ്പറ്റി അവിടെയുള്ള ക്രിസ്ത്യാനികള്‍ ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മാലിക് (رحمه الله) നിവേദനം ചെയ്യുന്നു: ‘അല്ലാഹുതന്നെ സത്യം! നമ്മുടെ അറിവില്‍ പെട്ടിടത്തോളം ഇക്കൂട്ടര്‍ ‘ഹവാരിയ്യു’ (الحواريون)കളെക്കാള്‍ ഉത്തമന്മാരാകുന്നു.’ (ഈസാ (عليه السلام) നബിയുടെ അനുയായികളില്‍ പ്രധാനികളായ ആളുകള്‍ (അപ്പോസ്തലന്മാര്‍)ക്കാണു ‘ഹവാരിയ്യുകള്‍’ എന്നു പറയപ്പെടുന്നത്.).
സഹാബികള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയ സ്ഥാനം ഇതില്‍നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാമല്ലോ. എന്തിനുവേണ്ടിയാണ് മുന്‍വേദഗ്രന്ഥങ്ങളില്‍ പോലും ഇവരെപ്പറ്റി ഇത്ര പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നത്? ഇത്രയും വിശുദ്ധന്മാരായ നിലയില്‍ ഇവരെ വളര്‍ത്തി വികസിപ്പിച്ചുകൊണ്ടു വന്നതിന്റെ ഉദ്ദേശ്യമെന്താണ്? അല്ലാഹു തന്നെ അതിവിടെ വിവരിക്കുന്നു : അതെ, അല്ലാഹുവിലും, അവന്റെ തൌഹീദിലും വിശ്വസിക്കാത്തവരെ അരിശം കൊള്ളിക്കുവാനും, കുപിതരാക്കുവാനും തന്നെ. (لِيَغِيظَ بِهِمُ الْكُفَّارَ) വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സഖാക്കളെ പഴിക്കുകയും ആക്ഷേപിച്ചു പറയുകയും ചെയ്യുന്ന ‘റാഫിള്വീ’ (الرافضة) കക്ഷിക്കാര്‍ അതുമൂലം ഇസ്‌ലാമില്‍നിന്നു പുറത്തുപോകുമെന്ന്പോലും ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചില മഹാന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. ‘പുരോഗമനാശയത്തി’ന്റെ പേരില്‍, പല ഇസ്ലാമിക പാരമ്പര്യങ്ങളെയും നിഷേധിച്ചും പരിഹസിച്ചും വരുന്ന ചില ആധുനിക ‘മുസ്‌ലിം പരിഷ്കാരി’കളും സഹാബികളെ തരം താഴ്ത്തി പുച്ഛസ്വരത്തില്‍ സംസാരിക്കുന്നതു കാണാം. അല്ലാഹുവിന്റെ ഈ വാക്യം അവരും ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ എന്റെ സഹാബികളെ പഴിക്കരുത്. എന്റെ ആത്മാവു യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളിലൊരാള്‍ ഉഹ്ദു മലയാളം സ്വര്‍ണ്ണം ചിലവഴിച്ചാലും, അവരിലൊരാള്‍ ഒരു ‘മുദ്ദോ’ (കൈകൊണ്ടു ഒരു വാരല്‍) അതിന്റെ പകുതിയോ ചിലവഴിക്കുന്നതിന് അതു കിടയൊക്കുകയില്ല.’ (മു.). മറ്റൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ജനങ്ങളില്‍ വെച്ചു ഉത്തമന്മാര്‍, എന്റെ കാലക്കാരാണ്. പിന്നീടു അവരെ തുടര്‍ന്നുള്ളവരും, പിന്നീടവരെ തുടര്‍ന്നുള്ളവരും. പിന്നീടു ഒരു ജനതവരും: അവരിലൊരാളുടെ സാക്ഷ്യം അവന്റെ സത്യത്തെ മുന്‍കടക്കുകയും, അവന്റെ സത്യം അവന്റെ സാക്ഷ്യത്തെ മുന്‍കടക്കുകയും ചെയ്യും.’ (ബു.). സത്യദീക്ഷയില്ലാതെ സത്യം ചെയ്യുവാനും, സാക്ഷ്യം നിര്‍വ്വഹിക്കുവാനും മടിക്കുകയില്ല എന്നു സാരം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടൊപ്പം ഇടപഴകി സഹവസിക്കുകയും, വിവിധരംഗങ്ങളില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു പങ്കെടുക്കുകയും, അവിടുത്തെ ശിക്ഷണങ്ങളും ഉപദേശങ്ങളും നേരില്‍ ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത മഹാനുഭാവന്മാരെക്കാള്‍ ഭാഗ്യവാന്മാര്‍ മറ്റാരാണ്?! ഇവരില്‍, ആദ്യമാദ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും, ഇസ്ലാമിനു ശക്തിയും സ്വാധീനവും വര്‍ദ്ധിച്ചു വരുന്നതിനു മുമ്പ് അതിനുവേണ്ടി ത്യാഗവും സേവനവുമനുഷ്ഠിക്കുകയും ചെയ്തവരും, അല്ലാത്തവരും തമ്മില്‍ പദവിയില്‍ വ്യത്യാസമുണ്ടായിരിക്കും. അല്ലാഹു പറയുന്നു; لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَـٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ -سورة الحديد – 10 (സാരം: നിങ്ങളില്‍നിന്നു വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ – മറ്റുള്ളവരുമായി – സമമാവുകയില്ല. അതിനുശേഷം, ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരേക്കാള്‍ വമ്പിച്ച പദവിയുള്ളവരാണവര്‍. എല്ലാവര്‍ക്കുംതന്നെ, അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. (സൂ: ഹദീദ് : 10).
സഹാബികളുടെ ഉത്തമഗുണങ്ങളും മാതൃകാഗുണങ്ങളും വിവരിച്ചശേഷം, അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും നല്‍കുമെന്നു അല്ലാഹു വാഗ്ദാനവും ചെയ്തിരിക്കുന്നു. (وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا) മേല്‍ വിവരിച്ച വിശിഷ്ട ഗുണങ്ങളോടു കൂടിയവര്‍ സത്യവിശ്വാസികളും സല്കര്മ്മികളുമായിരിക്കുമെന്
സഹാബികളെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിച്ചു പറഞ്ഞിരിക്കെ, ഓരോരുവരും എല്ലാ വിധ പാപങ്ങളില്‍ നിന്നും പരിശുദ്ധരായിരിക്കുമെന്നു വിധികല്‍പിക്കുവാന്‍ നിവൃത്തിയില്ല. എല്ലാ പാപങ്ങളില്‍ നിന്നും പരിശുദ്ധരായവര്‍ പ്രവാചകന്മാര്‍ മാത്രമാകുന്നു. മനുഷ്യസഹജമായ ചില തെറ്റുകുറ്റങ്ങളും, പാകപ്പിഴവുകളും അവരിലും ഉണ്ടാകാം. ചിലരില്‍നിന്നു ചിലതെല്ലാം സംഭവിച്ചിട്ടുമുണ്ട്. പക്ഷേ, അഭിപ്രായങ്ങളിലോ, വ്യാഖ്യാനങ്ങളിലോ വന്ന വ്യത്യസ്ത വീക്ഷണഗതികളായിരുന്നു അവയ്ക്കു മിക്കവാറും കാരണമെന്നു പരിശോധിച്ചാല്‍ കാണുവാന്‍ കഴിയും. അഥവാ തന്നിഷ്ടം, ഭൗതികനേട്ടം, വിശ്വാസക്കുറവു ആദിയായവയില്‍ നിന്നു ഉടലെടുത്ത പാപകൃത്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സഹവസിച്ചു പോന്ന സഹാബികളില്‍ കാണപ്പെടുവാന്‍ പ്രയാസമാണ്. അതേസമയത്തു, ഏതൊരു അബദ്ധത്തിലകപ്പെട്ടാലും ശരി, അതു തെറ്റാണെന്നു ബോധ്യം വന്നാല്‍ – അല്ലെങ്കില്‍ അതു തെറ്റാണെന്നു കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനമോ, നബിചര്യയോ ശ്രദ്ധയില്‍പെട്ടാല്‍ – പിന്നീടവിടെ തര്‍ക്കത്തിനും ന്യായവാദത്തിനും അവര്‍ ഒരുമ്പെടുകയില്ല. തല്‍ക്ഷണം അതില്‍നിന്നു ഒഴിഞ്ഞുമാറി പശ്ചാത്തപിക്കുക തന്നെ ചെയ്യും. ഇതു സഹാബികളില്‍ പൊതുവെ കാണപ്പെടുന്ന ഒരു അത്യുത്തമ മാതൃകയാകുന്നു.
رضي الله عنهم وصدق الله وصدق رسوله وبلغ ونحن على ذلك من الشاهدين اللهم لك الحمد و لك المنة والفضل