സൂറത്തു ശുഅറാഉ് : 70-104
വിഭാഗം - 5
- وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ ﴾٧٠﴿
- [നബിയേ] ഇബ്രാഹീമിന്‍റെ വൃത്താന്തവും അവരില്‍ ഓതിക്കേള്‍പ്പിക്കുക;-
- وَاتْلُ നീ ഓതി ക്കൊടുക്കുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ വൃത്താന്തം, വര്‍ത്തമാനം
- إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ ﴾٧١﴿
- അതായത്: അദ്ദേഹം തന്‍റെ പിതാവിനോടും, ജനങ്ങളോടും 'നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്' എന്ന് ചോദിച്ച സന്ദര്‍ഭം.
- إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു, ബാപ്പയോടു وَقَوْمِهِ തന്‍റെ ജനങ്ങളോടും مَا تَعْبُدُونَ നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്
- قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَٰكِفِينَ ﴾٧٢﴿
- അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു; അങ്ങനെ, ഞങ്ങള്‍ അവയ്ക്ക് ഭജനമിരിക്കുന്നവരായിക്കൊണ്ടിരിക്കയാണ്.'
- قَالُوا അവര്‍ പറഞ്ഞു نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു أَصْنَامًا ചില ബിംബങ്ങളെ فَنَظَلُّ അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു لَهَا അവയ്ക്കു, അവയുടെ അടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍
- قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ ﴾٧٣﴿
- അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുമ്പോള്‍ അവര്‍ നിങ്ങളെ (പ്രാര്‍ത്ഥിക്കുന്നതായി) കേള്‍ക്കുമോ? 'അല്ലെങ്കില്‍, അവര്‍ നിങ്ങള്‍ക്ക് (എന്തെങ്കിലും) ഉപകാരം ചെയ്യുകയോ, ഉപദ്രവം ചെയ്യുകയോ ചെയ്യുമോ?'
- قَالَ അദ്ദേഹം പറഞ്ഞു هَلْ يَسْمَعُونَكُمْ അവര്‍ നിങ്ങളെ കേള്‍ക്കുമോ إِذْ تَدْعُونَ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വിളിക്കുമ്പോള്‍ أَوْ يَنفَعُونَكُمْ അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കു ഉപകാരം ചെയ്യുമോ أَوْ يَضُرُّونَ അല്ലെങ്കില്‍ അവര്‍ ഉപദ്രവം ചെയ്യുമോ
- قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ ﴾٧٤﴿
- അവര്‍ പറഞ്ഞു: (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. (ഞങ്ങളവരെ അനുകരിച്ചുവെന്നുമാത്രം).
- قَالُوا അവര്‍ പറഞ്ഞു بَلْ وَجَدْنَا പക്ഷേ, ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ كَذَٰلِكَ അപ്രകാരം, അങ്ങിനെ يَفْعَلُونَ അവര്‍ ചെയ്യുന്നതായി
മൂസാ (عليه الصلاة والسلام) നബിയുടെ കഥയെത്തുടര്‍ന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ചില വൃത്താന്തങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്രഹങ്ങളെയാണെന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിക്കറിയാത്തതല്ല. അതിന്‍റെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ ഒരസ്ഥിവാരമിടുകയാണ് അദ്ദേഹം ഈ ചോദ്യം വഴി ചെയ്യുന്നത്. തങ്ങള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പില്‍ സ്ഥിരമായി നമിച്ചുകൊണ്ട് ഭജനമിരിക്കയും ചെയ്യാറുണ്ടെന്നും അവര്‍ അറിയിച്ചു. ആ ഉത്തരം തന്നെയാണ് അദ്ദേഹത്തിന് അവരില്‍നിന്ന് ലഭിക്കേണ്ടതും. ശരി, അത്രയെല്ലാം അവയ്ക്ക് നിങ്ങള്‍ സ്ഥാനം കൽപിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും അവര്‍ സാധിപ്പിച്ചു തരേണ്ടതാണല്ലോ. അവ അതൊക്കെ കേള്‍ക്കുമോ? അതില്ലെങ്കില്‍, അവ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരം ചെയ്യുമോ? അതുമില്ലെങ്കില്‍, എന്തെങ്കിലും ഉപദ്രവം ചെയ്‌വാനെങ്കിലും അവയ്ക്ക് കഴിയുമോ എന്നെല്ലാമാണ് അദ്ദേഹം തുടര്‍ന്നു ചോദിക്കുന്നത്. ‘ഇല്ല, ഇല്ല’ എന്നു മാത്രമാണവരുടെ ഉത്തരം. പക്ഷേ, ഈ ഉത്തരംകൊണ്ട് മതിയാക്കിയാല്‍ അവരുടെ മതം പൊളിഞ്ഞുപോകുമല്ലോ. അതുകൊണ്ട് അവര്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളെ ശരണം പ്രാപിക്കുകയാണ്. ഞങ്ങളുടെ പിതാക്കള്‍ അവയെ ആരാധിച്ചു വരുന്നത് കണ്ടു. ഞങ്ങളും അതനുകരിച്ചു വന്നു. ഒരു കാര്യവുമില്ലാതെ, അവരങ്ങനെ ചെയ്യുമോ? ഇതാണവരുടെ ന്യായീകരണം! ഇബ്രാഹീം (عليه الصلاة والسلام) നബി തുടര്‍ന്നു:
- قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ ﴾٧٥﴿
- അദ്ദേഹം പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയിട്ടുണ്ടോ) - നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ -
- قَالَ അദ്ദേഹം പറഞ്ഞു أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയോ - ഒന്നു പറയുവിന്‍) مَّا كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ
- أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ ﴾٧٦﴿
- '[അതെ] നിങ്ങളും, നിങ്ങളുടെ മുന്‍കഴിഞ്ഞ പിതാക്കളും (ആരാധിക്കുന്നതിനെ)ത്തന്നെ?!-
- أَنتُمْ നിങ്ങള്‍തന്നെ وَآبَاؤُكُمُ നിങ്ങളുടെ പിതാക്കളും الْأَقْدَمُونَ മുന്‍കഴിഞ്ഞവരായ, പൗരാണികരായ
- فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَٰلَمِينَ ﴾٧٧﴿
- 'അവര്‍ [ആ ആരാധ്യന്‍മാര്‍] എനിക്കു ശത്രുക്കളാണ് - ലോകരക്ഷിതാവൊഴികെ.'
- فَإِنَّهُمْ എന്നാല്‍ അവര്‍ عَدُوٌّ لِّي എനിക്കു ശത്രുവാണ് إِلَّا رَبَّ الْعَالَمِينَ ലോകരക്ഷിതാവൊഴികെ
ലക്ഷ്യമൊന്നും നോക്കാതെ, പൂര്‍വ്വികന്‍മാരെ അനുകരിക്കല്‍ (التقليد) മതത്തില്‍ അംഗീകൃതമല്ലെന്നുള്ളതിന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഈ വചനം മതിയായ തെളിവാണ്. അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചറിയുന്നതില്‍ വിരോധമില്ല. അതാവശ്യമാണു താനും. പക്ഷേ, ഏതെങ്കിലും ചിലര്‍ ചെയ്യുന്നതോ പറയുന്നതോ മാത്രം ആസ്പദമാക്കി അത് സ്വീകരിക്കുക, അതിന്‍റെ ന്യായവും ലക്ഷ്യവും നോക്കാതിരിക്കുക, എതിരായ ലക്ഷ്യം കണ്ടാല്‍പോലും അത് കൈവിടാതിരിക്കുക, ഇതാണ് ആക്ഷേപിക്കപ്പെട്ട അനുകരണം. ഒരു കാര്യം പുതിയതോ, പഴക്കമുള്ളതോ എന്നോ, അതിന്‍റെ അനുകൂലികള്‍ കുറവോ, അധികമോ എന്നോ ഉള്ളത് അക്കാര്യം ശരിയോ, തെറ്റോ ആണെന്നതിന് തെളിവല്ല. അത് ന്യായമാണോ, അംഗീകൃതമാണോ, ലക്ഷ്യമുള്ളതാണോ, ഇതൊക്കെയാണ് അതിന് മാനദണ്ഡമാക്കേണ്ടത്. ഈ വസ്തുതയത്രെ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മറുപടിയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.
താന്‍ ഏക ആരാധ്യനായി സ്വീകരിച്ച ലോകരക്ഷിതാവ് എങ്ങനെയുള്ളവനാണെന്നും, അവനെ മാത്രം സ്വീകരിക്കുവാനുള്ള കാരണങ്ങള്‍ എന്താണെന്നും ഇബ്രാഹീം (عليه الصلاة والسلام) നബി തുടര്‍ന്ന് വിവരിക്കുന്നു:-
- ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ ﴾٧٨﴿
- 'എന്നെ സൃഷ്ടിച്ചിട്ടുള്ളവനത്രെ [അവന്‍]. എന്നിട്ട് അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു;
- الَّذِي خَلَقَنِي എന്നെ സൃഷ്‌ടിച്ചവനാണ് فَهُوَ എന്നിട്ടു അവന്‍ يَهْدِينِ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാണിക്കുന്നു
- وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ ﴾٧٩﴿
- 'അവന്‍ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്ക് കുടിക്കുവാന്‍ (വെള്ളം) തരുകയും ചെയ്യുന്നു - അങ്ങിനെയുള്ളവനുമാകുന്നു;
- وَالَّذِي യാതൊരുവനുമാണ് هُوَ അവന്‍ يُطْعِمُنِي എനിക്കു ഭക്ഷണം നല്‍കുന്നു وَيَسْقِينِ എനിക്കു കുടിക്കുവാന്‍ തരുകയും ചെയ്യുന്നു
- وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴾٨٠﴿
- 'എനിക്ക് രോഗം ബാധിച്ചാല്‍, എന്നെ അവന്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു;
- وَإِذَا مَرِضْتُ എനിക്കു രോഗം പിടിച്ചാല്‍ فَهُوَ എന്നാലവന്‍ يَشْفِينِ എന്നെ സുഖപ്പെടുത്തുന്നു
- وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ ﴾٨١﴿
- 'എന്നെ മരണപ്പെടുത്തുകയും, പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ്;
- وَالَّذِي يُمِيتُنِي എന്നെ മരിപ്പിക്കുന്നവനുമാണ് ثُمَّ പിന്നെ يُحْيِينِ എന്നെ ജീവിപ്പിക്കുന്നു
- وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ ﴾٨٢﴿
- പ്രതിഫല നടപടിയുടെ ദിവസം [അന്ത്യനാളില്‍] എന്‍റെ തെറ്റ് എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നവനുമത്രെ [അവന്‍].'
- وَالَّذِي യാതൊരുവനുമാണ് أَطْمَعُ ഞാന്‍ ആശിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ അവന്‍ പൊറുത്തുതരുമെന്നു, പൊറുത്തുതരുവാന്‍ لِي എനിക്കു خَطِيئَتِي എന്‍റെ തെറ്റ്, പിഴവ്, അബദ്ധം يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം, നടപടി എടുക്കുന്ന ദിവസം
മനുഷ്യന്‍റെ സൃഷ്ടി മുതല്‍ പരലോകജീവിതംവരെയുള്ള എല്ലാ പ്രധാന വശങ്ങളെയും സ്പര്‍ശിക്കുന്ന ഒരു വിവരണമാണ് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഈ പ്രസ്താവനയിലുള്ളത്. ഇവ ഓരോന്നിലും മറ്റാര്‍ക്കും യഥാര്‍ത്ഥത്തില്‍ ഒരു പങ്കുമില്ലാത്ത സ്ഥിതിക്ക് മറ്റാരെയും ആരാധ്യനായി സ്വീകരിക്കുവാന്‍ യാതൊരു ന്യായവുമില്ല എന്നാണ് അദ്ദേഹം താല്‍പര്യമാക്കുന്നത്. അല്ലാഹുവിന്‍റെ ഈ മഹല്‍ഗുണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍, അതോടൊപ്പം തന്‍റെ ഇഹപരനന്‍മകള്‍ക്കുവേണ്ടി അവനോട് ദുആ (പ്രാര്‍ത്ഥന) ചെയ്യാതിരിക്കുവാന്‍ ഭക്തിനിര്‍ഭരമായ അദ്ദേഹത്തിന്‍റെ ഹൃദയത്തിന് സാധിക്കുന്നില്ല. അദ്ദേഹം ദുആ ചെയ്യുന്നു:-
- رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّٰلِحِينَ ﴾٨٣﴿
- 'രക്ഷിതാവേ, എനിക്ക് വിജ്ഞാനം പ്രദാനം ചെയ്യേണമേ! എന്നെ സജ്ജനങ്ങളോടു ചേര്‍ത്തുതരുകയും വേണമേ!'
- رَبِّ എന്‍റെ റബ്ബേ هَبْ لِي എനിക്ക് പ്രദാനം ചെയ്യണേ حُكْمًا വിജ്ഞാനം, വിധി وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും വേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്‌വൃത്തരോടു
- وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْءَاخِرِينَ ﴾٨٤﴿
- 'പില്‍ക്കാലക്കാരില്‍ എനിക്ക് സല്‍ക്കീര്‍ത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ!'
- وَاجْعَل لِّي എനിക്കു ഉണ്ടാക്കിത്തരുകയും വേണമേ لِسَانَ صِدْقٍ സല്‍കീര്‍ത്തി, സത്യത്തിന്‍റെ കീര്‍ത്തി فِي الْآخِرِينَ പിന്‍ഗാമികളില്‍, പിന്നീടുള്ളവരില്‍
- وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ﴾٨٥﴿
- 'എന്നെ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗാവകാശികളില്‍ ആക്കിത്തരുകയും വേണമേ!'
- وَاجْعَلْنِي എന്നെ ആക്കുകയും വേണമേ مِن وَرَثَةِ അനന്തരാവകാശികളില്‍ (പെട്ടവന്‍) جَنَّةِ النَّعِيمِ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗത്തിന്‍റെ
- وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ ﴾٨٦﴿
- 'എന്‍റെ പിതാവിന് പൊറുത്തുകൊടുക്കുകയും ചെയ്യേണമേ! നിശ്ചയമായും, അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തില്‍ ആയിരിക്കുകയാണ്!
- وَاغْفِرْ പൊറുത്തുകൊടുക്കുകയും ചെയ്യണേ لِأَبِي എന്‍റെ പിതാവിന് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരിക്കുന്നു مِنَ الضَّالِّينَ വഴി പിഴച്ചവരില്‍
- وَلَا تُخْزِنِى يَوْمَ يُبْعَثُونَ ﴾٨٧﴿
- 'അവര്‍ (മനുഷ്യര്‍) ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം, എന്നെ അപമാനത്തിലാക്കരുതേ!-
- وَلَا تُخْزِنِي എന്നെ അപമാനിക്കയും ചെയ്യരുതേ يَوْمَ يُبْعَثُونَ അവര്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം
- يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴾٨٨﴿
- 'അതായത്: സ്വത്താകട്ടെ, മക്കളാകട്ടെ ഉപകരിക്കാത്ത ദിവസം;-
- يَوْمَ لَا يَنفَعُ ഉപകാരം ചെയ്യാത്ത ദിവസം مَالٌ സ്വത്ത്, ഒരു മുതലും وَلَا بَنُونَ മക്കളും (ഉപകാരം ചെയ്യാത്ത)
- إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ﴾٨٩﴿
- 'നിര്‍ദ്ദോഷമായ (അന്യൂനമായ) ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ (മറ്റാര്‍ക്കും ഉപകരിക്കാത്ത ദിവസം).'
- إِلَّا ഒരുവന്നൊഴികെ مَنْ أَتَى اللَّـهَ അവന്‍ അല്ലാഹുവിങ്കല്‍ വന്നു, ചെന്നു بِقَلْبٍ ഹൃദയത്തോടുകൂടി, ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ
ഈ മഹത്തായ പ്രാര്‍ത്ഥനയില്‍ അഞ്ചാറ് കാര്യങ്ങളാണ് ഇബ്രാഹീം (عليه الصلاة والسلام) നബി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ പ്രാര്‍ത്ഥന നാമും സദാ ചെയ്യേണ്ടതാകുന്നുവെന്ന് പറയേണ്ടതില്ല. 1-ാമത്തേത് വിജ്ഞാനം ലഭിക്കുവാനുള്ള അപേക്ഷയാണല്ലോ. ഈ അപേക്ഷ സ്വീകരിച്ച് അല്ലാഹു അദ്ദേഹത്തിന് വിജ്ഞാനം കൊടുത്തിട്ടുണ്ടെന്ന് ഖുര്‍ആനില്‍നിന്നും മറ്റും ധാരാളം വ്യക്തമാണ്. 2-ാമതായി സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തുവാനുള്ള അപേക്ഷയാണ്. ഇത് സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആനില്‍ തന്നെ കാണാം. وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ – النحل: ١٢٢ …. (അദ്ദേഹം പരലോകത്ത് സജ്ജനങ്ങളില്‍ പെട്ടവനാകുന്നു) എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. 3-ാമത്തേത് പിന്‍ഗാമികളില്‍ സല്‍കീര്‍ത്തി നിലനിര്‍ത്തണമെന്നുള്ളതാകുന്നു. ഇതിനെക്കുറിച്ചും ഖുര്‍ആനില്‍ പലേടത്തും കാണുവാന്‍ കഴിയും. അദ്ദേഹത്തിനു മാത്രമല്ല, പുത്രനായ ഇസ്ഹാഖ് (عليه الصلاة والسلام) നബിയെയും പൗത്രന്‍ യഅ്ഖൂബ് (عليه الصلاة والسلام) നബിയെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഒരിടത്തു ഇങ്ങിനെ പറയന്നു:… وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا – مريم: ٥٠ (അവര്‍ക്ക് നാം ഉന്നതമായ സല്‍ക്കീര്‍ത്തി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു). ദൈവിക വേദക്കാരായ ഏതു മതസ്ഥരും ഇബ്രാഹീം (عليه الصلاة والسلام) നബിയെ ബഹുമാനിക്കാത്തവരായിട്ടില്ല. പരലോകത്തുവെച്ച് സാധിക്കേണ്ടതായുള്ള രണ്ടു പ്രാര്‍ത്ഥനകളും – സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുത്തുവാനും, പുനരുത്ഥാന ദിവസം അപമാനത്തിലാക്കാതിരിക്കുവാനുമുള്ള അപേക്ഷകളും – തന്നെ അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് മേലുദ്ധരിച്ച ഖുര്‍ആന്‍ വചനം സാക്ഷ്യം നല്‍കുന്നു. ‘അദ്ദേഹം പരലോകത്ത് സജ്ജനങ്ങളില്‍ പെട്ടവനാണ്’ എന്ന പ്രസ്താവനയില്‍ നിന്ന് ഇത് സ്പഷ്ടമാണല്ലോ.
പിതാവിന് പാപമോചനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് എനി ബാക്കിയുള്ളത്. പിതാവിനോട് അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദാനമനുസരിച്ചാണ് ഈ പ്രാര്‍ത്ഥന അദ്ദേഹം ചെയ്തിരുന്നതെന്നും, പിന്നീട് പിതാവ് അല്ലാഹുവിന്‍റെ ശത്രുതന്നെയാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുകളയുകയുണ്ടായെന്നും സൂ: തൗബഃ 114-ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അവിടെയും സൂ: മര്‍യമിലും നാം ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്.
നിര്‍ദ്ദോഷമായ – അഥവാ അവിശ്വാസത്തിന്‍റെ കറ ബാധിക്കാത്തതും, പാപപങ്കിലമല്ലാത്തതുമായ – സുരക്ഷിത ഹൃദയത്തോടുകൂടി അല്ലാഹുവിങ്കല്‍ വന്നവര്‍ക്കു മാത്രമേ സ്വത്തുക്കളും മക്കളും പരലോകത്തുവെച്ച് ഉപയോഗപ്പെടുകയുള്ളുവെന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രാര്‍ത്ഥനയില്‍ കൂടി അല്ലാഹു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെയുള്ളവര്‍, തങ്ങളുടെ സ്വത്തുക്കള്‍ നല്ല മാര്‍ഗ്ഗത്തില്‍ മാത്രം വിനിയോഗിക്കുന്നവരും, തങ്ങളുടെ മക്കളെ സല്‍പന്ഥാവില്‍ നയിക്കുവാന്‍ കഴിവതെല്ലാം ചെയ്യുന്നവരുമായിരിക്കുക സ്വാഭാവികമാണ്. മനുഷ്യന്‍റെ മരണശേഷവും അവശേഷിക്കുന്ന മൂന്നു സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ് സദ്-വൃത്തരായ മക്കളും നിലനിന്നുവരുന്ന ദാനധര്‍മ്മങ്ങളും എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുള്ള ഒരു ഹദീസില്‍ വന്നിട്ടുണ്ടല്ലോ. (ഹദീസിന്‍റെ പൂര്‍ണ്ണരൂപം സൂ: ഫൂര്‍ഖാന്‍ 74-ാം ആയത്തിന്‍റെ വിവരണത്തില്‍ കാണാം). നേരെമറിച്ച്, പാപികളും അക്രമികളുമായ ആളുകള്‍ക്ക് പരലോകത്തില്‍ അവ രണ്ടുകൊണ്ടും ഗുണം ലഭിക്കുവാനില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദോഷം വരുവാന്‍തന്നെ കാരണമായേക്കുകയും ചെയ്യും. സ്വത്തുക്കളും മക്കളും മാത്രമല്ല, ഭൂമിയിലുള്ളവരെ മുഴുവനുംതന്നെ ബലികൊടുത്തിട്ടെങ്കിലും രക്ഷകിട്ടിയാല്‍ കൊള്ളാമെന്നായിരിക്കും അന്ന് കുറ്റവാളികള്‍ കൊതിച്ചുപോകുക! (معاذ الله). ആ വമ്പിച്ച ദിവസത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ അല്ലാഹു തുടര്‍ന്ന് പ്രസ്താവിക്കുന്നു:-
- وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ ﴾٩٠﴿
- (ആ ദിവസം) ഭയഭക്തന്‍മാര്‍ക്ക് സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നതാണ്.
- وَأُزْلِفَتِ അടുപ്പിക്കപ്പെടും, സമീപിക്കപ്പെടും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക്, (അല്ലാഹുവിനെ) സൂക്ഷിക്കുന്നവര്‍ക്കു
- وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ ﴾٩١﴿
- ദുര്‍മ്മാര്‍ഗ്ഗികള്‍ക്ക് നരകം (മുന്നില്‍) വെളിവാക്കപ്പെടുകയും ചെയ്യും.
- وَبُرِّزَتِ വെളിവാക്കപ്പെടുകയും ചെയ്യും, പ്രത്യക്ഷമാക്കപ്പെടും الْجَحِيمُ നരകം, കത്തിജ്വലിക്കുന്ന അഗ്നി لِلْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികള്‍ക്കു, വഴികെട്ടവര്‍ക്കു
- وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ ﴾٩٢﴿
- അവരോട് [ദുര്‍മ്മാര്‍ഗ്ഗികളോട്] പറയപ്പെടും: 'നിങ്ങള്‍ ആരാധിച്ചുവന്നിരുന്നവര്‍ എവിടെ?
- وَقِيلَ لَهُمْ അവരോടു പറയപ്പെടും أَيْنَ എവിടെയാണ് مَا യാതൊന്നു് كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വന്നിരുന്ന
- مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ ﴾٩٣﴿
- 'അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നിരുന്നവര്‍)?! അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ, അല്ലെങ്കില്‍ അവര്‍ (സ്വയം) സഹായ നടപടി എടുക്കുന്നുണ്ടോ?!'
- مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ هَلْ يَنصُرُونَكُمْ അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ أَوْ يَنتَصِرُونَ അല്ലെങ്കില്‍ അവര്‍ക്കു സഹായം ലഭിക്കുന്നുണ്ടോ, സ്വയം സഹായ നടപടി എടുക്കുന്നുവോ
- فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ ﴾٩٤﴿
- അങ്ങനെ, അവരും [ആരാധ്യവസ്തുക്കളും] ദുര്‍മ്മാര്‍ഗ്ഗികളും അതില്‍ [നരകത്തില്‍] കമഴ്ത്തിത്തള്ളിയിടപ്പെടുന്നതാണ്; -
- فَكُبْكِبُوا അങ്ങനെ (അപ്പോള്‍) അവര്‍ കമഴ്ത്തി വീഴ്ത്തപ്പെടും, മറിച്ചിടപ്പെടും فِيهَا അതില്‍ هُمْ അവര്‍, അവരും തന്നെ وَالْغَاوُونَ ദുര്‍മാര്‍ഗ്ഗികളും, വഴികെട്ടവരും
- وَجُنُودُ إِبْلِيسَ أَجْمَعُونَ ﴾٩٥﴿
- 'ഇബ്ലീസി'ന്‍റെ സൈന്യങ്ങള്‍ മുഴുവനുംതന്നെ (തള്ളിയിടപ്പെടും).
- وَجُنُودُ إِبْلِيسَ ഇബ്ലീസിന്‍റെ സൈന്യങ്ങളും أَجْمَعُونَ മുഴുവനും, എല്ലാവരും
- قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ ﴾٩٦﴿
- അതില്‍വെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും: -
- قَالُوا അവര്‍ പറയും وَهُمْ അവരായിരിക്കെ فِيهَا അതില്‍ يَخْتَصِمُونَ തര്‍ക്കിച്ചുകൊണ്ടിരിക്കും, വഴക്കിട്ടുകൊണ്ടിരിക്കും
- تَٱللَّهِ إِن كُنَّا لَفِى ضَلَٰلٍ مُّبِينٍ ﴾٩٧﴿
- 'അല്ലാഹുവാണ (സത്യം)! നിശ്ചയമായും, ഞങ്ങള്‍ പ്രത്യക്ഷമായ വഴിപിഴവില്‍ തന്നെയായിരുന്നു;
- تَاللَّـهِ അല്ലാഹുവാണ (സത്യം) إِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ പ്രത്യക്ഷമായ, തനി
- إِذْ نُسَوِّيكُم بِرَبِّ ٱلْعَٰلَمِينَ ﴾٩٨﴿
- '- ലോകരക്ഷിതാവിനോട് നിങ്ങളെ ഞങ്ങള്‍ സമപ്പെടുത്തിയിരുന്നപ്പോള്‍!'
- إِذْ نُسَوِّيكُم ഞങ്ങള്‍ നിങ്ങളെ സമപ്പെടുത്തിയിരുന്നപ്പോള്‍ بِرَبِّ الْعَالَمِينَ ലോകരക്ഷിതാവിനോട്
[നിങ്ങളെ ലോകരക്ഷിതാവായ അല്ലാഹുവിനോട് സമമാക്കി സങ്കല്പിച്ചുകൊണ്ട് ഞങ്ങള്‍ ആരാധിച്ചുവന്നപ്പോള്‍, – അല്ലാഹുവാണ – നിശ്ചയമായും ഞങ്ങള്‍ തനി വഴിപിഴവില്‍ തന്നെയായിരുന്നു!]
- وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ ﴾٩٩﴿
- '(ആ) മഹാപാപികളല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല!'
- وَمَا أَضَلَّنَا ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല إِلَّا الْمُجْرِمُونَ മഹാപാപികളൊഴികെ, കുറ്റവാളികളല്ലാതെ
- فَمَا لَنَا مِن شَٰفِعِينَ ﴾١٠٠﴿
- 'ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ഷകന്‍മാരായി (ഒരാളും) ഇല്ല!'
- فَمَا لَنَا എനി (ഇപ്പോള്‍) ഞങ്ങള്‍ക്കില്ല مِن شَافِعِينَ ശുപാര്‍ശകന്മാരില്‍ നിന്ന് (ഒരാളും)
- وَلَا صَدِيقٍ حَمِيمٍ ﴾١٠١﴿
- 'അനുകമ്പയുള്ള ഒരു ചങ്ങാതിയുമില്ല!'
- وَلَا صَدِيقٍ ഒരു ചങ്ങാതിയും ഇല്ല, സ്നേഹിതനുമില്ല حَمِيمٍ ചൂടുള്ള (അനുകമ്പയുള്ള, അനുഭാവം കാണിക്കുന്ന)
- فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ ﴾١٠٢﴿
- 'ഇനി, ഞങ്ങള്‍ക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍! എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുമായിരുന്നേനെ!'
- فَلَوْ أَنَّ لَنَا എനി (അതുകൊണ്ട്) ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً ഒരു മടക്കം فَنَكُونَ എന്നാല്‍ ഞങ്ങളായിരുന്നേനെ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ (പെട്ടവര്‍)
- إِنَّ فِى ذَٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٠٣﴿
- നിശ്ചയമായും അതില്‍ (മേല്‍പറഞ്ഞതില്‍) ഒരു (വലുതായ) ദൃഷ്ടാന്തമുണ്ട്:
അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല. - إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും, മിക്ക ആളുകളും مُّؤْمِنِينَ സത്യവിശ്വാസികള്‍, വിശ്വസിക്കുന്നവര്‍
- وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٠٤﴿
- നിശ്ചയമായും, നിന്‍റെ രക്ഷിതാവ് തന്നെയാണ്, പ്രതാപശാലിയും കരുണാനിധിയും.
- وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി
ഇതാണ് അന്നത്തെ ദിവസം ഉണ്ടാവാനിരിക്കുന്ന ചില സ്ഥിതിഗതികള്‍. ഈ ദിവസം അപമാനത്തിലകപ്പെടാതെ രക്ഷ നല്‍കണേ എന്നത്രെ ഇബ്രാഹീം (عليه الصلاة والسلام) നബി ദുആ ചെയ്യുന്നത്. അന്ന് രക്ഷയും, മോക്ഷവും നല്‍കി അനുഗ്രഹിക്കപ്പെടുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
നൂഹ് (عليه الصلاة والسلام) നബിയുടെ വൃത്താന്തമാണ് അടുത്ത വചനങ്ങളില്‍ വരുന്നത്. തുടര്‍ന്നുകൊണ്ട് വേറെ ചില നബിമാരുടെ കഥകളും. അവയിലെല്ലാം ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ചില ഭാഗങ്ങള്‍ കാണാം. അതും, ഓരോ നബിമാരോടും അവരുടെ സമുദായങ്ങള്‍ പെരുമാറിവന്ന രീതിയും, അവര്‍ നടത്തിവന്ന കുതര്‍ക്കങ്ങളും പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. മതവിശ്വാസവും, ഭയഭക്തിയും കുറഞ്ഞു വരുന്ന ഇക്കാലത്ത് പലരില്‍നിന്നും പ്രകടമായിക്കാണാറുള്ള കടുത്ത മനോഭാവങ്ങളും, മതനിയമങ്ങള്‍ക്കെതിരില്‍ അവരാല്‍ ഉന്നയിക്കപ്പെടാറുള്ള യുക്തിവാദങ്ങളും കാണുമ്പോള്‍, ആ പൗരാണിക സമുദായങ്ങളുടെ തനി അനുകരണങ്ങളാണ് അവയെല്ലാം എന്ന് തോന്നിപ്പോകുന്നു!