ബയ്യിനഃ (വ്യക്തമായ തെളിവ്)
[മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 8]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

98:1
 • لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ ﴾١﴿
 • വേദക്കാരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും അവിശ്വസിച്ചവര്‍, തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്) വേറിട്ട് പോരുന്നവരായിട്ടില്ല.
 • لَمْ يَكُنِ ആയിട്ടില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് وَالْمُشْرِكِينَ പങ്കുചേര്‍ക്കുന്നവരില്‍ (ബഹുദൈവവിശ്വാസികളില്‍) നിന്നും مُنفَكِّينَ വേറിട്ടു (നീങ്ങി-വിട്ടു)പോരുന്നവര്‍ حَتَّىٰ تَأْتِيَهُمُ അവര്‍ക്ക് വരുന്നത് വരെ الْبَيِّنَةُ വ്യക്തമായ തെളിവ്
98:2
 • رَسُولٌ مِّنَ ٱللَّهِ يَتْلُوا۟ صُحُفًا مُّطَهَّرَةً ﴾٢﴿
 • അതായത്, ശുദ്ധമാക്കപ്പെട്ട ഏടുകള്‍ ഓതിക്കൊടുക്കുന്ന ഒരു റസൂല്‍ (വന്നെത്തുന്നത് വരെ)
 • رَسُولٌ (അതായത്) ഒരു റസൂല്‍ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്ന് يَتْلُو ഓതിക്കൊടുക്കുന്ന صُحُفًا ചില ഏടുകളെ مُّطَهَّرَةً ശുദ്ധിയാക്കപ്പെട്ട (പരിശുദ്ധമായ)
98:3
 • فِيهَا كُتُبٌ قَيِّمَةٌ ﴾٣﴿
 • (വക്രതയില്ലാതെ) ചൊവ്വായുള്ള പല (ലിഖിത) രേഖകള്‍ അവ ഉള്‍ക്കൊള്ളുന്നു
 • فِيهَا അവയിലുണ്ട് (അവ ഉള്‍ക്കൊള്ളുന്നു) كُتُبٌ രേഖ (ലിഖിതം)കള്‍ قَيِّمَةٌ ചൊവ്വെയുള്ളതായ, ശരിയായുള്ള, ബലവത്തായ

‘ശുദ്ധമാക്കപ്പെട്ട ഏടുകള്‍’ കൊണ്ടുദ്ദേശ്യം ഖുര്‍ആനാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി എഴുത്തും വായനയും അറിയാത്ത ആളായത് കൊണ്ട് അവിടുന്നു ഏട് നോക്കി വായിച്ച് കൊടുക്കാറില്ല. അപ്പപ്പോള്‍ വരുന്ന വഹ്‌യ് അപ്പപ്പോള്‍ തിരുമേനിക്കു ഹൃദിസ്ഥമാകുകയും അത് ജനങ്ങള്‍ക്ക് ഓതികേള്‍പ്പിക്കുകയും ചെയ്യും. അതോട് കൂടി അവ അതതവസരങ്ങളില്‍ തന്നെ എഴുത്തുകാര്‍ മുഖേന ഏടുകളില്‍ എഴുതി സൂക്ഷിക്കലും പതിവായിരുന്നു. ഇത് കൊണ്ടാണ്  ‘ഏടുകള്‍ ഓതിക്കൊടുക്കുന്നു’ എന്ന് പറഞ്ഞത്. അവയില്‍ അടങ്ങിയ നിയമങ്ങളും, തത്വോപദേശങ്ങളുമാണ് ‘ചൊവ്വായ ലിഖിതരേഖകള്‍’ കൊണ്ടുദ്ദേശ്യം.

ഈ ആയത്തുകളുടെ സാരം ചുരുക്കത്തില്‍ ഇപ്രകാരമാകുന്നു: യാതൊരു തരത്തിലുള്ള വക്രതയോ കോട്ടമോ ഇല്ലാത്തതും, ശരിക്ക് ചൊവ്വിനുള്ളതുമായ നിയമങ്ങളും തത്വങ്ങളും ഉള്‍ക്കൊള്ളുന്ന പരിശുദ്ധമായ ചില ഏടുകളിലായി രേഖപ്പെടുത്തി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഖുര്‍ആന്‍ വചനങ്ങള്‍ ഓതികേള്‍പ്പിക്കുന്ന ഒരു റസൂല്‍ – അഥവാ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി – സുവ്യക്തമായ തെളിവുകള്‍ സഹിതം വന്നെത്തുന്നത് വരെയും വേദക്കാരും മുശ്‌രിക്കുകളുമാകുന്ന അവിശ്വാസികള്‍ അവരുടെ ദുര്‍മാര്‍ഗ്ഗത്തില്‍ ചിരകാലമായി ഉറച്ച് നിന്ന് വരികയായിരുന്നു. റസൂല്‍ വന്ന് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അതില്‍ നിന്ന് ചിലര്‍ വേറിട്ട്പോന്ന് രക്ഷപ്പെടുവാന്‍ തുടങ്ങിയത്. മറ്റുള്ളവരാകട്ടെ, ഭിന്നിപ്പിലും നിഷേധത്തിലും മുഴുകുകയും ചെയ്തു. അല്ലാഹു തുടര്‍ന്നു പറയുന്നു:-

98:4
 • وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ ﴾٤﴿
 • വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നതിന് ശേഷമായിട്ടല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
 • وَمَا تَفَرَّقَ ഭിന്നിച്ചിട്ടില്ല, കക്ഷി പിരിഞ്ഞിട്ടില്ല الَّذِينَ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ إِلَّا مِن بَعْدِ ശേഷമായിട്ടല്ലാതെ مَا جَاءَتْهُمُ അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَةُ വ്യക്തമായ തെളിവ്
98:5
 • وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ ﴾٥﴿
 • മതത്തെ (അഥവാ കീഴ്‌വണക്കത്തെ) അല്ലാഹുവിന് നിഷ്‌കളങ്കരാക്കിക്കൊണ്ട് - ഋജുമനസ്‌കരായ നിലയില്‍ - അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും, സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതത്രെ ചൊവ്വായ മാര്‍ഗ്ഗത്തിന്‍റെ മതം (അഥവാ നടപടി).
 • وَمَا أُمِرُوا അവരോട് കല്‍പിക്കപ്പെട്ടിട്ടുമില്ല إِلَّا لِيَعْبُدُوا അവര്‍ ആരാധിക്കുവാനല്ലാതെ اللَّـهَ അല്ലാഹുവിനെ مُخْلِصِينَ لَهُ അവന് നിഷ്‌കളങ്കരാക്കിക്കൊണ്ട് الدِّينَ മതത്തെ, മതനടപടിയെ, കീഴ്‌വണക്കത്തെ حُنَفَاءَ ഋജുമാനസരായ നിലയില്‍ (സത്യത്തിലേക്ക് തിരിഞ്ഞും കൊണ്ട്) وَيُقِيمُوا അവര്‍ നിലനിര്‍ത്തുവാനും الصَّلَاةَ നമസ്‌കാരം وَيُؤْتُوا അവര്‍ കൊടുക്കുവാനും الزَّكَاةَ ۚ സകാത്ത് وَذَٰلِكَ അത്, അതത്രെ دِينُ മതം, നടപടി الْقَيِّمَةِ ചൊവ്വായതിന്‍റെ (ചൊവ്വായ മാര്‍ഗത്തിന്‍റെ)

മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം മുമ്പ് അവര്‍ക്ക് വേദഗ്രന്ഥങ്ങളെപ്പറ്റി പരിചയമില്ലാത്തവരാകകൊണ്ട് അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും ഖുര്‍ആനെയും നിഷേധിച്ചതില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ വേദക്കാരുടെ നില അതല്ല. അവര്‍ വേദഗ്രന്ഥങ്ങളുമായി പരിചയമുള്ളവരാണ്.അവയുടെ അദ്ധ്യാപനങ്ങളില്‍ നിന്ന് അവര്‍ പിഴച്ച് ദുര്‍മാര്‍ഗത്തില്‍ പതിച്ച് കൊണ്ടിരിക്കെയാണ് വ്യക്തമായ തെളിവുകളും കൊണ്ട് റസൂലും ഖുര്‍ആനും അവര്‍ക്ക് വരുന്നത്. അതേ സമയത്ത് അറേബ്യയില്‍ വെളിപ്പെടുവാനിരിക്കുന്ന ഒരു റസൂലിന്‍റെ വരവ് അവര്‍ ചിരകാലമായി കാത്തുകൊണ്ടിരിക്കുകയുമാണ്. അവരുടെ കൈവശമുള്ള വേദഗ്രന്ഥവും ഇപ്പോള്‍ റസൂല്‍ കൊണ്ടുവന്ന വേദഗ്രന്ഥവും തമ്മില്‍ വല്ല പൊരുത്തക്കേടുമുണ്ടോ? അതുമില്ല.ശിര്‍ക്കിന്‍റെ കലര്‍പ്പില്ലാത്ത നിഷ്‌കളങ്കമായ തൗഹീദ്, നമസ്‌കാരം, സകാത്ത് മുതലായ കാര്യങ്ങളായിരുന്നു മുന്‍ ഗ്രന്ഥങ്ങള്‍ അവരോട് ശാസിച്ചിരുന്നത്. അത് തന്നെയാണ് ഖുര്‍ആനും ശാസിക്കുന്നത്. എന്നിട്ട് പോലും വേദക്കാര്‍ ഖുര്‍ആനിലും റസൂലിലും വിശ്വസിക്കുവാന്‍ തയ്യാറായില്ല. മാത്രമല്ല, അസൂയയും പകയും വെച്ച് കൊണ്ട് തങ്ങളുടെ വേദഗ്രന്ഥത്തിന്‍റെ ശാസനകള്‍ക്കും, വര്‍ഗ പിതാവായ ഇബ്രാഹീം (عليه السلام) നബിയുടെ പാരമ്പര്യ നടപടികള്‍ക്കും വിരുദ്ധമായി ഇസ്‌ലാമിന്‍റെ ശത്രുക്കളായി ഭിന്നിക്കുകയാണ് അവര്‍ ചെയ്തത്.

എല്ലാ ദുര്‍മാര്‍ഗങ്ങളും വിട്ട് ഋജുവായ സത്യമാര്‍ഗത്തിലേക്ക് തിരിഞ്ഞവര്‍ എന്നാണ് حُنَفَاءَ (ഹുനഫാഉ്) എന്ന വാക്കുകൊണ്ടു വിവക്ഷ. ഇബ്രാഹിം (عليه السلام) നബിയുടെ മതപാരമ്പര്യം സ്വീകരിച്ചവരുടെ വിശേഷണമായും ആ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. വേദക്കാര്‍ തങ്ങളെപ്പററി തങ്ങള്‍ ‘ഹുനഫാഉ്’ ആണെന്ന് അവകാശപ്പെട്ടിരുന്നു. അപ്പോള്‍, അതേ, പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആനെയും റസൂലിനെയും അവര്‍ നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലാത്തതാണ്. വേദക്കാരായിരുന്നാലും മുശ്രിക്കുകളായിരുന്നാലും ശരി, നിഷേധത്തിന്‍റെ ഫലം നരകം തന്നെ. അല്ലാഹു പറയുന്നു:

98:6
 • إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ ﴾٦﴿
 • നിശ്ചയമായും, വേദക്കാരില്‍ നിന്നും, ബഹുദൈവവിശ്വാസികളില്‍ നിന്നും അവിശ്വസിച്ചവര്‍ 'ജഹന്നമി' (നരകത്തി)ന്‍റെ അഗ്നിയിലായിരിക്കും - അതില്‍ നിത്യവാസികളായിക്കൊണ്ട്. അക്കൂട്ടര്‍ തന്നെയാണ്, സൃഷ്ടികളില്‍ വെച്ച് മോശമായവര്‍.
 • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളില്‍ നിന്നും فِي نَارِ جَهَنَّمَ ജഹന്നമിന്‍റെ അഗ്നിയിലായിരിക്കും خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ട് أُولَـٰئِكَ هُمْ അക്കൂട്ടര്‍ തന്നെയാണ് شَرُّ الْبَرِيَّةِ സൃഷ്ടി(പടപ്പു)കളില്‍ മോശപ്പെട്ടവര്‍
98:7
 • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ ﴾٧﴿
 • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍. അക്കൂട്ടരത്രെ, സൃഷ്ടികളില്‍ വെച്ച് ഉത്തമരായവര്‍.
 • إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത أُولَـٰئِكَ هُمْ അക്കൂട്ടര്‍ തന്നെയാണ് خَيْرُ الْبَرِيَّةِ സൃഷ്ടികളില്‍ ഉത്തമരായവര്‍
98:8
 • جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ ﴾٨﴿
 • അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലം, അടിഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളാകുന്നു. അതില്‍ എന്നെന്നും (അവര്‍) നിത്യവാസികളായിക്കൊണ്ട്. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെടുന്നതാണ്.അവര്‍ അവനെ കുറിച്ചും തൃപ്തിപ്പെടുന്നതാണ്. അത്, ഏതൊരുവന്‍ തന്‍റെ റബ്ബിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു.
 • جَزَاؤُهُمْ അവരുടെ പ്രതിഫലം عِندَ رَبِّهِمْ അവരുടെ റബ്ബിങ്കല്‍ جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളാണ് تَجْرِي مِن تَحْتِهَا അവയുടെ അടിയില്‍ കൂടി നടക്കും, (ഒഴുകും) الْأَنْهَارُ അരുവികള്‍, പുഴകള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികള്‍ ആയിക്കൊണ്ട് أَبَدًا എന്നും, എക്കാലവും رَّضِيَ اللَّـهُ അല്ലാഹു തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു عَنْهُ ۚ അവനെപ്പറ്റി ذَٰلِكَ അത് لِمَنْ خَشِيَ ഭയപ്പെട്ടവനാണ് رَبَّهُ തന്‍റെ റബ്ബിനെ

അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കുകയും അവനെ പറ്റി തൃപ്തിവരുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍