അലഖ് (ഭ്രൂണം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 19

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സൂറത്ത്. തിരുമേനിക്ക് പ്രവാചകത്വം സിദ്ധിച്ചതും അതോട് കൂടിയാണ്. ഇമാം അഹ്‌മദ്, ബുഖാരി, മുസ്‌ലിം (رَحِمَهُمُ الله) മുതലായവര്‍ ആയിശ (رَضِيَ اللهُ عَنْها) യില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ള ആ സംഭത്തിന്റെ സംഗ്രഹം ഇപ്രകാരമാകുന്നു:-

‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് ആദ്യം ഉണ്ടായത് യഥാര്‍ത്ഥമായിപ്പുലരുന്ന സ്വപ്നങ്ങള്‍ കാണലായിരുന്നു. പിന്നീട് ജനങ്ങളില്‍ നിന്നും ഒഴിവായിരിക്കുവാന്‍ ആഗ്രഹം തോന്നി. അങ്ങനെ, അവിടെ നിന്ന് ഹിറാമലയിലെ ഗുഹയില്‍ ചെന്ന് കുറെ ദിവസങ്ങളോളം വീട്ടിലേക്ക് വരാതെ അവിടെ ആരാധന നടത്തികൊണ്ടിരിക്കുമായിരുന്നു. കൊണ്ടുപോയ ഭക്ഷണ സാധനങ്ങള്‍ തീരുമ്പോള്‍ വീണ്ടും ഖദീജ (رَضِيَ اللهُ عَنْها) യുടെ അടുക്കല്‍വന്ന് അത്ര നാളത്തേക്കുള്ള ഭക്ഷണം കൊണ്ടുപോകും. ഇങ്ങനെ, ഒരുദിവസം പെട്ടന്ന് ഗുഹയില്‍വെച്ച് ആ യഥാര്‍ത്ഥം സംഭവിച്ചു. മലക്ക് വന്ന് ഞാന്‍ ജിബ്രീലാണെന്നും, താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിന്റെ റസൂലാണെന്നും സന്തോഷവാര്‍ത്ത അറിയിച്ചു. അനന്തരം മലക്ക്  ‘ഓതുക (اقرأ)’ എന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: ‘ഞാന്‍ ഓതുന്നവനല്ല (مَا أَنَا بِقَارِئٍ)’. തിരുമേനി പറയുകയാണ്‌: ‘അപ്പോള്‍, എനിക്ക് വിഷമം അനുഭവപ്പെടുമാറ് മലക്ക് എന്നെ കൂട്ടിപ്പിടിച്ചു. പിന്നീട്‌ എന്നെ വിട്ടുകൊണ്ട് ഓതുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ ഓതുന്നവനല്ല (എനിക്ക് ഓതാന്‍ അറിഞ്ഞുകൂടാ) എന്ന് ഞാനും പറഞ്ഞു. രണ്ടാമതും മൂന്നാമതും അദ്ദേഹം അങ്ങിനെ എന്നെ കൂട്ടിപ്പിടിച്ചു വിടുകയുണ്ടായി. എന്നിട്ട്  ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ ….عَلَّم ٱلۡإِنسَـٰنَ مَا لَمۡ يَعۡلَمۡ എന്നീ (1 മുതല്‍ 5 കൂടി) വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുതന്നു’.

അനന്തരം തിരുമേനി വിറച്ച് കൊണ്ട് വീട്ടില്‍ ചെന്ന്. ‘എനിക്ക് വസ്ത്രമിട്ട് പുതച്ചു തരുവിന്‍, പുതച്ചു തരുവിന്‍ (زملوني زملوني)’ എന്ന് പറഞ്ഞു. പരിഭ്രമം നീങ്ങിയപ്പോള്‍ ഖദീജ: (رضي الله عنها) യോട് വിവരം പറഞ്ഞു. അവര്‍ ഇങ്ങനെ സമാധാനിപ്പിച്ചു: ‘പേടിക്കേണ്ട! സന്തോഷപ്പെട്ടുകൊള്ളുക. അല്ലാഹു അങ്ങയെ ഒരിക്കലും അപമാനപെടുത്തുകയില്ല. അവിടുന്ന് കുടുംബബന്ധം പാലിക്കുകയും, അന്യരുടെ ഞെരുക്കം ഏറ്റെടുക്കുകയും, ഇല്ലാത്തവന് സഹായം നല്‍കുകയും, അതിഥികളെ സല്‍കരിക്കുകയും, വേണ്ടപ്പെട്ട കാര്യങ്ങളില്‍ സഹായസഹകരണം ചെയ്യുകയും ചെയ്യുന്ന ആളാണല്ലോ.’ പിന്നീട് ഖദീജ (رضي الله عنها) തിരുമേനിയെയും കൊണ്ട് തന്റെ പ്രിതൃവ്യപുത്രനും വയോധികനുമായ വറഖത്തുബ്നു നൗഫലിന്റെ അടുക്കല്‍ പോയി. അദ്ധേഹം നസ്രാനി (ക്രിസ്തു മതം സ്വീകരിച്ചവന്‍) ആയിട്ടുണ്ടായിരുന്നു. അദ്ദേഹം അറബി എഴുതുകയും, ഇഞ്ചീലില്‍ നിന്ന് ചില ഭാഗങ്ങള്‍ അറബി ഭാഷയില്‍ എഴുതി എടുക്കുകയും ചെയ്യുമായിരുന്നു. തിരുമേനി കണ്ട വര്‍ത്തമാനം അദ്ദേഹത്തെ അറിയിച്ചു. അത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അത് മൂസ (عليه السلام) നബിയുടെ അടുക്കല്‍ വരാറുണ്ടായിരുന്ന ആ മഹാദൂതനത്രേ. താങ്കളെ താങ്കളുടെ ജനത പുറത്താക്കുന്ന അവസരത്തില്‍ ഞാന്‍ ജീവനോടിരിക്കുന്നുണ്ടെങ്കില്‍ നന്നായിരുന്നു!’ തിരുമേനി ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമോ! അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള കാര്യവുമായി വരുന്ന ആരും തന്നെ ഉപദ്രവിക്കപ്പെടാതിരിക്കയില്ല. ഞാന്‍ അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ശക്തിമത്തായ സഹായം ചെയ്യുമായിരുന്നു’. അധികം താമസിയാതെ വറഖത്തു മരണമടയുകയാണ് ഉണ്ടായത്…..’ (അ; ബു; മു.)

ഈ സൂറത്തിലെ ആദ്യത്തെ അഞ്ചു വചനങ്ങളാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങളെന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ. പിന്നീട്, പ്രബോധനം ആരംഭിക്കുകയും, ഖുറൈശികളുടെ നിഷേധം മുഴുത്തുവരികയും ചെയ്തപ്പോഴാണ് ബാക്കിഭാഗം അവതരിച്ചതെന്നാണ് മനസ്സിലാകുന്നത്. ആദ്യവചനങ്ങളുടെയും പിന്നീടുള്ള വചനങ്ങളുടേയും ഉള്ളടക്കംകൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. والله اعلم

96:1
 • ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴾١﴿
 • സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക.
 • ٱقْرَأْ ഓതുക, വായിക്കുക بِٱسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ ٱلَّذِى خَلَقَ സൃഷ്ടിച്ചവനായ
96:2
 • خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ ﴾٢﴿
 • മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
 • خَلَقَ അവന്‍ സൃഷ്ടിച്ചു ٱلْإِنسَٰنَ മനുഷ്യനെ مِنْ عَلَقٍ രക്തപിണ്ഡത്തില്‍ നിന്ന്
96:3
 • ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴾٣﴿
 • ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു.
 • ٱقْرَأْ ഓതുക, വായിക്കുക وَرَبُّكَ നിന്റെ റബ്ബ് ٱلْأَكْرَمُഏറ്റവും ഉദാരനാണ്, അതിമാന്യനാണ്
96:4
 • ٱلَّذِى عَلَّمَ بِٱلْقَلَمِ ﴾٤﴿
 • പേന കൊണ്ട് പഠിപ്പിച്ചവനാണ്.
 • ٱلَّذِى عَلَّمَ പഠിപ്പിച്ചവന്‍ بِٱلْقَلَمِ പേനകൊണ്ട്
96:5
 • عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ ﴾٥﴿
 • (അതെ) മനുഷ്യന് അവന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
 • عَلَّمَ ٱلْإِنسَانَ മനുഷ്യന് അവന്‍ പഠിപ്പിച്ചു مَا لَمْ يَعْلَمْ അവന്‍ അറിയാത്തത്

വിശുദ്ധ ഖുര്‍ആനാകുന്ന വേദഗ്രന്ഥം ഓതിത്തുടങ്ങുവാനുള്ള കല്‍പനയാണിത്. ഓത്ത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും കല്‍പ്പിക്കുന്നു. എല്ലാ സൃഷ്ടികളേയും സൃഷ്ടിച്ചതിനെക്കുറിച്ച് ആദ്യം പൊതുവില്‍ പ്രസ്താവിച്ചശേഷം മനുഷ്യനെ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചതിനെ പ്രത്യേകം എടുത്ത് പറഞ്ഞ് അവന്റെ ഉല്‍ഭവത്തെപറ്റി ചിന്തിപ്പിക്കുന്നു. അങ്ങിനെ, അവനെ സൃഷ്ടിച്ചുണ്ടാക്കിയ അതേ റബ്ബ് തന്നെയാണ് ഈ വേദഗ്രന്ഥം അവതരിപ്പിക്കുവാന്‍ പോകുന്നതെന്നും, അതിനാല്‍ അവന്റെ സൃഷ്ടിയും അവന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ നിലകൊള്ളുന്നവനുമായ മനുഷ്യന്‍ അതിനെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു. അനന്തരം, വേദഗ്രന്ഥം പാരായണം ചെയ്യാന്‍ ഒന്ന് കൂടി കല്‍പിച്ചുകൊണ്ട് ആ രക്ഷിതാവ് ഏറ്റവും ഉദാരനായ അതിമാന്യനാണെന്ന് ഓര്‍മിപ്പിക്കുന്നു. അതെ, അവന്റെ ഔദാര്യവും മാന്യതയും നിമിത്തമാണ് ഈ വേദഗ്രന്ഥം നല്‍കുന്നതും, പേന കൊണ്ട് മനുഷ്യര്‍ക്ക് പഠിക്കുമാറാക്കിയതും, അവര്‍ക്കറിഞ്ഞുകൂടാത്ത എത്രയോ കാര്യങ്ങള്‍ അവര്‍ക്ക് പഠിപ്പിച്ചതും.

മനുഷ്യന് അറിവ് സമ്പാദിക്കുവാന്‍ മാര്‍ഗങ്ങള്‍ പലതും അല്ലാഹു നിശ്ചയിച്ചുകൊടുത്തിട്ടുണ്ടെങ്കിലും അവയില്‍ മുഖ്യമായ ഒന്നത്രേ എഴുത്തും വായനയും ശീലിക്കുവാനുള്ള ഉപകരണമാകുന്ന പേന. വേദഗ്രന്ഥത്തില്‍ ഒന്നാമതായി അവതരിച്ച ദിവ്യസന്ദേശത്തില്‍ വേദഗ്രന്ഥം വായിക്കുവാന്‍ കല്‍പിക്കുന്നതോടൊപ്പം തന്നെ പേനയുടെ കാര്യം എടുത്തുപറഞ്ഞിരിക്കുന്നതോര്‍ക്കുമ്പോള്‍, എഴുത്തിനും വായനക്കും സത്യവിശ്വാസികള്‍ എത്രമാത്രം വില കല്‍പിക്കേണ്ടതുണ്ടെന്നു അനുമാനിക്കാമല്ലോ. ഖത്താദഃ (رضي الله عنه)യില്‍ നിന്ന് നിവേദനം ചെയ്യപെട്ട ഒരു ചെറുവാക്യത്തില്‍ പേനയുടെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘പേന അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹമാണ്. അതില്ലായിരുന്നു എങ്കില്‍ ഒരു മതവും നിലനില്‍ക്കയില്ല; ഒരു ജീവിതവും നന്നായിത്തീരുകയുമില്ല.’ മതദൃഷ്ട്യാ നോക്കുമ്പോള്‍, എഴുത്തും വായനയും അഭ്യസിക്കുന്നതിന് ഇസ്ലാമിനോളം സ്ഥാനം കല്‍പിക്കുന്ന മറ്റൊരു മതം ഇല്ലെന്ന് തീര്‍ച്ചയാണ്.

സന്ദര്‍ഭവശാല്‍ ഒരു വസ്തുത ഇവിടെ ഉണര്‍ത്തിക്കൊള്ളട്ടെ. ‘എഴുത്തും വായനയും’ എന്ന് പറയുമ്പോള്‍ ഇന്ന് മുസ്ലിംകളില്‍തന്നെ മിക്കവരുടെയും ഹൃദയത്തില്‍ ഖുര്‍ആനെക്കുറിച്ചോ അതിന്റെ ഭാഷയായ അറബിയെക്കുറിച്ചോ ഓര്‍മ്മ വരാറില്ല. പ്രാദേശിക ഭാഷകളോ, മാതൃഭാഷയോ, അല്ലെങ്കിൽ പൊതുരംഗത്ത് പ്രചാരത്തില്‍ ഇരിക്കുന്ന ചില ഭാഷകളും കൂടിയോ മാത്രമേ അവരുടെ ആലോചനക്ക് വിഷയമാകുന്നുള്ളൂ. ഇതേ ഖുര്‍ആന്‍ വാക്യങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ടുതന്നെ അങ്ങിനെയുള്ളവര്‍ അക്ഷരജ്ഞാനത്തെക്കുറിച്ച് പ്രസംഗങ്ങളും മറ്റും നടത്തിയേക്കുകയും ചെയ്യും. വാസ്തവത്തില്‍ മാതൃഭാഷയിലും ജീവിതത്തില്‍ അതത് കാലത്ത് അത്യാവശ്യമായി തീരുന്ന ഇതരഭാഷകളിലും അക്ഷരജ്ഞാനം കരസ്ഥമാക്കുന്നതിന്റെ ആവശ്യകത വിസ്മരിച്ചുകൂടാ. അതേസമയത്തു മുസ്ലിംകളെന്ന നിലക്ക് മുസ്ലിംകള്‍ അതിനെക്കാളേറെ പരിഗണന നല്‍കേണ്ടത് ഖുര്‍ആനിനും  അതിന്റെ ഭാഷക്കുമാണ്. ഖുര്‍ആനിന്റെ അക്ഷരങ്ങള്‍ നോക്കിവായിക്കുവാന്‍ മാത്രം പഠിച്ച് തൃപ്തി അടയുകയും, അതിന്റെ അര്‍ത്ഥത്തെയും ഭാഷയെയും സംബന്ധിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗം മുസ്ലിംകളും എന്നത് വളരെ ഖേദകരമത്രേ. അറബി ഭാഷയുടെ പ്രചാരകന്മാരായി ഇക്കാലത്ത് രംഗപ്രവേശനം ചെയ്തിട്ടുള്ളവരില്‍ പോലും അതൊരു ലോകഭാഷയെന്നോ, സാഹിത്യഭാഷയെന്നോ ഉള്ള നിലക്കല്ലാതെ, ഖുര്‍ആനിന്റെയും ഇസ്ലാമിന്റെയും ഭാഷയെന്ന  നിലക്ക് അതര്‍ഹിക്കുന്ന സ്ഥാനം നല്‍കാത്തവരുണ്ടെന്നുള്ളതും ഇക്കാലത്ത് ദുഃഖകരമായ ഒരു പരമാര്‍ത്ഥമാകുന്നു.

96:6
 • كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ ﴾٦﴿
 • വേണ്ട! നിശ്ചയമായും, മനുഷ്യന്‍ അതിരുവിട്ടുകളയുന്നു,-
 • كَلَّآ വേണ്ട إِنَّ ٱلْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَيَطْغَىٰٓ അതിരുവിടുക (ധിക്കരിക്കുക) തന്നെ ചെയ്യുന്നു
96:7
 • أَن رَّءَاهُ ٱسْتَغْنَىٰٓ ﴾٧﴿
 • അവന്‍ അവനെ (സ്വയം) ധന്യനായിരിക്കുന്നുവെന്ന് കണ്ടതിനാല്‍!
 • أَن رَّءَاهُ അവന്‍ തന്നെ കണ്ടതിനാല്‍ ٱسْتَغْنَىٰٓതാന്‍ ധന്യനായി (ഐശ്വര്യപ്പെട്ടു - അനാശ്രയിയായി) എന്ന്
96:8
 • إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ ﴾٨﴿
 • (മനുഷ്യാ) നിശ്ചയമായും, നിന്റെ റബ്ബിങ്കലേക്കത്രെ മടക്കം.
 • إِنَّ إِلَىٰ رَبِّكَ നിശ്ചയമായും നിന്റെ റബ്ബിങ്കലേക്കാണ് ٱلرُّجْعَىٰٓ മടക്കം

പ്രഥമദൃഷ്ടിയില്‍ മനുഷ്യന്‍ ഈ ലോകത്ത് സ്വതന്ത്രനായി വിടപ്പെട്ടിരിക്കുകയായതുകൊണ്ട് തന്റെ കാര്യത്തിന് താന്‍ തന്നെ മതി. മറ്റാരുടെയും ആശ്രയം തനിക്ക് വേണ്ടതില്ല, ആരോടും തനിക്ക് ഉത്തരവാദവുമില്ല എന്നിങ്ങനെയുള്ള നാട്യത്തിലാണവന്‍ . ഈ തെറ്റായ ധാരണനിമിത്തം അവന്‍ നേരും നെറിയും തെറ്റി, സൃഷ്ടാവിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ബോധമില്ലാതെ, ധിക്കാരം കാട്ടികൊണ്ടിരിക്കുകയാണ് . ആ നാട്യവും ധാരണയും അവന്‍ വിട്ടേക്കട്ടെ. അവന്റെ രക്ഷിതാവായ അല്ലാഹുവിങ്കലേക്ക് എല്ലാവരും മടങ്ങിവരാതിരിക്കയില്ല, അവന്റെ മുമ്പില്‍ അവന്‍ കൈകെട്ടി ഉത്തരം പറയേണ്ടതായി വരും. ആകയാല്‍, ഓരോരുത്തരും അതിര് കവിയാതെ, താന്‍ എങ്ങിനെ ചരിക്കേണമെന്ന് ആലോചിച്ചുകൊണ്ട്‌ മുറപ്രകാരം നടന്നുകൊള്ളട്ടെ എന്ന് സാരം.

അബൂ ഹുറൈറ: (رضي الله عنه)യില്‍ നിന്ന് ഒരു സംഭവം മുസ്‌ലിം (رحمه الله) മുതലായവര്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ‘അബൂജഹല്‍ ചോദിച്ചു: ‘നിങ്ങളുടെ ഇടയില്‍ വെച്ച് മുഹമ്മദ്‌ അവന്റെ മുഖം മണ്ണില്‍ വെക്കാറുണ്ടോ?’   ‘ഉണ്ട്’ എന്ന് പറയപെട്ടപ്പോള്‍ അവന്‍ പറഞ്ഞു: ‘ലാത്തയും ഉസ്സയും തന്നെയാണ സത്യം! അവനത് ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ നിശ്ചയമായും അവന്റെ പിരടിക്ക് ഞാന്‍ ചവിട്ടും; അവന്റെ മുഖം ഞാന്‍ മണ്ണില്‍ പുരളിക്കുകയും ചെയ്യും’. അങ്ങിനെ, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കരിക്കുമ്പോള്‍ അവന്‍ പിരടിക്ക് ചവിട്ടുവാനായി ചെന്നു. അപ്പോഴേക്കും അവന്‍ അതേ ചെന്നകാലില്‍തന്നെ പെട്ടന്ന് മടങ്ങുകയും, കൈകൊണ്ട് തടുക്കുകയും ചെയ്തു. തനിക്കെന്തുപറ്റിയെന്ന് ചോദിക്കപെട്ടു. അവന്‍ പറഞ്ഞു: ‘എനിക്കും അവന്നുമിടയില്‍ ഒരു അഗ്നിയുടെ കിടങ്ങും, കുറെ ഭയാനക വസ്തുക്കളും, ചിറകുകളും!’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവന്‍ എന്നോട് അടുത്തുവന്നിരുന്നെങ്കില്‍ മലക്കുകള്‍ അവനെ ഓരോരോ അവയവമായി റാഞ്ചിയെടുക്കുമായിരുന്നു’. ഇത് പോലെ വേറെയും നിവേദനങ്ങള്‍ ഈ വിഷയത്തില്‍ കാണാം. ഈ അടിസ്ഥാനത്തില്‍, അടുത്ത വചനങ്ങളില്‍ സൂചിപ്പിക്കുന്നത് അബൂജഹലിനെയും പ്രസ്തുത സംഭവത്തെയുമാണെന്ന് പല മുഫസ്സിറുകളും പറയുന്നു.

96:9
 • أَرَءَيْتَ ٱلَّذِى يَنْهَىٰ ﴾٩﴿
 • നീ കണ്ടുവോ, വിരോധിക്കുന്നവനെ?-
 • أَرَءَيْتَ നീ കണ്ടുവോ ٱلَّذِى يَنْهَىٰവിരോധി (നിരോധി)ക്കുന്നവനെ
96:10
 • عَبْدًا إِذَا صَلَّىٰٓ ﴾١٠﴿
 • അതെ, ഒരു അടിയാനെ (വിരോധിക്കുന്നവനെ)- അദ്ദേഹം നമസ്കരിക്കുമ്പോള്‍!
 • عَبْدًا ഒരു അടിയാനെ, അടിമയെ إِذَا صَلَّىٰٓ അദ്ദേഹം നമസ്കരിച്ചാല്‍, നമസ്കരിക്കുമ്പോള്‍

[ഒരു അടിയാന്‍ നമസ്കരിക്കുമ്പോള്‍ അദ്ദേഹത്തെ വിരോധിക്കുന്ന ആളെ നീ കണ്ടുവോ – എന്താണവന്റെ നില?!]

96:11
 • أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ ﴾١١﴿
 • നീ കണ്ടുവോ, അദ്ദേഹം [ആ അടിയാന്‍] സന്മാര്‍ഗത്തിലാണെങ്കില്‍?!-
 • أَرَءَيْتَ നീ കണ്ടുവോ إِن كَانَഅദ്ദേഹമാണെങ്കില്‍ عَلَى ٱلْهُدَىٰٓ സന്മാര്‍ഗത്തില്‍
96:12
 • أَوْ أَمَرَ بِٱلتَّقْوَىٰٓ ﴾١٢﴿
 • അല്ലെങ്കില്‍, അദ്ദേഹം സൂക്ഷ്മത [ഭയഭക്തി]യെപ്പറ്റി കല്‍പിക്കുകയാണെങ്കില്‍?!
 • أَوْ أَمَرَ അല്ലെങ്കില്‍ കല്‍പിച്ചു (ഉപദേശിക്കുകയാണ്) എങ്കില്‍ بِٱلتَّقْوَىٰٓ സൂക്ഷ്മത (ഭയഭക്തി)യെപ്പറ്റി

[അപ്പോള്‍ ആ വിരോധത്തിന്റെ നില എന്തായിരിക്കും? ആലോചിച്ചു നോക്കുക!]

96:13
 • أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ ﴾١٣﴿
 • നീ കണ്ടുവോ, അവന്‍ [വിരോധിക്കുന്നവന്‍] വ്യാജമാക്കുകയും തിരിഞ്ഞ് കളയുകയുമാണെങ്കില്‍ (എന്തായിരിക്കും അവസ്ഥ)?!
 • أَرَءَيْتَ നീ കണ്ടുവോ إِن كَذَّبَ അവന്‍ കളവാക്കിയെങ്കില്‍ وَتَوَلَّىٰٓ തിരിഞ്ഞുകളയുകയും
96:14
 • أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ ﴾١٤﴿
 • അവന്‍ അറിഞ്ഞിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?!
 • أَلَمْ يَعْلَم അവന്‍ അറിഞ്ഞിട്ടില്ലേ بِأَنَّ ٱللَّهَ അല്ലാഹു (ആകുന്നു) എന്ന് يَرَىٰ കാണുന്നു (എന്ന്)

സാരം: ഒരു അടിയാന്‍ നമസ്കരിക്കുമ്പോള്‍ അദേഹത്തെ ഒരുവന്‍ വിലക്കുന്നു. എന്താണവന്റെ നില? ആലോചിച്ച് നോക്കുക! ആ നമസ്കരിക്കുന്ന, അടിയാന്‍ സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നവനോ, അല്ലാഹുവിനെ സൂക്ഷിച്ച് ഭയഭക്തിയോടെ ജീവിക്കുവാന്‍ ജനങ്ങളോട് കല്‍പിക്കുന്ന ആളോ ആയിരിക്കും. അങ്ങിനെയാണെങ്കില്‍ -അങ്ങിനെതന്നെയാണ് വാസ്തവത്തിലുള്ളതും- ആ വിലക്ക് എത്ര കടുത്തതും ശോചനീയവുമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ! അതേസമയത്ത് ആ വിലക്ക് ചെയ്യുന്ന ആള്‍ സത്യത്തെ കളവാക്കുകയും, അതില്‍ നിന്ന് തിരിഞ്ഞ് മാറിപ്പോകുകയും ചെയ്യുന്നവനും ആണെങ്കിലോ? അത് കൂടുതല്‍ കടുത്തതും ആപല്‍ക്കരവുമായിരിക്കുകയും ചെയ്യും. അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്; അവന്‍ ഇത്തരം ചെയ്തികളെക്കുറിച്ച് നടപടി എടുക്കാതിരിക്കുകയില്ല എന്നവന് അറിഞ്ഞുകൂടെ?!

മുകളില്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്ന്  ‘നമസ്കരിക്കുന്ന അടിയാന്‍’ എന്ന് പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാണെന്നും, നമസ്ക്കാരത്തിന് തടസ്സം ചെയ്തവന്‍ അബൂജഹലാണെന്നും വ്യക്തമാണ്. ഈ വചനങ്ങള്‍ ആ പ്രത്യേക സംഭവത്തെത്തുടര്‍ന്ന് അവതരിച്ചതായിരുന്നാലും അല്ലെങ്കിലും ശരി, നേര്‍മാര്‍ഗത്തിലും സത്യത്തിലും നിലകൊള്ളുന്ന ഒരാള്‍ നമസ്കാരം തുടങ്ങിയ കര്‍മങ്ങളും കടമകളും നിര്‍വഹിക്കുമ്പോള്‍ അതിന് ഭംഗമുണ്ടാക്കുന്നത്‌ മുഴുത്ത ധിക്കാരവും തനി അക്രമവുമാണെന്ന് പൊതുവില്‍ എല്ലാവരെയും ഈ വചനങ്ങള്‍ താക്കീത് ചെയ്യുന്നു. അങ്ങിനെയെയുള്ളവരെപറ്റി ഗൗരവപ്പെട്ട ഭാഷയില്‍ അല്ലാഹു തുടര്‍ന്ന് പറയുന്നത് നോക്കുക:-

96:15
 • كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ ﴾١٥﴿
 • വേണ്ട! അവന്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും നാം (ആ) കുടുമ പിടിച്ചുവലിക്കുക തന്നെ ചെയ്യും;-
 • كَلَّاവേണ്ട لَئِن لَّمْ يَنتَهِ അവന്‍ വിരമിച്ചില്ലെങ്കില്‍ لَنَسْفَعًۢاനിശ്ചയമായും നാം പിടിച്ചുവലിക്കും, ഊക്കോടെ പിടിക്കും بِٱلنَّاصِيَةِ (ആ) കുടുമയെ, നെറുകന്തലക്കു
96:16
 • نَاصِيَةٍ كَـٰذِبَةٍ خَاطِئَةٍ ﴾١٦﴿
 • (അതെ) കള്ളവാദിയായ, അബദ്ധക്കാരിയായ കുടുമ!
 • نَاصِيَةٍ അതായത് ഒരു കുടുമ كَاذِبَةٍ വ്യാജവാദിയായ (കള്ളമായ) خَاطِئَةٍ പിഴച്ച, അബദ്ധക്കാരി
96:17
 • فَلْيَدْعُ نَادِيَهُۥ ﴾١٧﴿
 • എന്നിട്ട്, അവന്‍ അവന്റെ സഭയെ വിളിച്ചുകൊള്ളട്ടെ!-
 • فَلْيَدْعُ എന്നാലവന്‍ വിളിക്കട്ടെ نَادِيَهُ തന്റെ സഭയെ, (സഭക്കാരെ)
96:18
 • سَنَدْعُ ٱلزَّبَانِيَةَ ﴾١٨﴿
 • നാം ‘സബാനിയത്തി’നെ [നരകത്തിലെ ഊക്കന്മാരായ മലക്കുകളെ] വിളിച്ചുകൊള്ളാം!
 • سَنَدْعُ നാം (വഴിയെ) വിളിക്കാം ٱلزَّبَانِيَةَ സബാനിയത്തിനെ (നരകത്തിന്റെ മലക്കുകളെ)
96:19
 • كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩ ﴾١٩﴿
 • വേണ്ട, (നബിയെ) നീ അവനെ അനുസരിക്കരുത്‌. നീ 'സുജൂദ്' [സാഷ്ടാംഗ നമസ്കാരം] ചെയ്യുകയും, (അല്ലാഹുവിങ്കലേക്ക്) സാമീപ്യം തേടുകയും ചെയ്തുകൊള്ളുക.
 • كَلَّا വേണ്ട لَا تُطِعْهُ നീ അവനെ അനുസരിക്കരുത്‌ وَٱسْجُدْ നീ സുജൂദ് ചെയ്യുകയും ചെയ്യുക وَٱقْتَرِب സാമീപ്യം (അടുപ്പം) നേടുകയും ചെയ്യുക, അടുത്ത് കൂടുക

ഈ സൂറത്തിന്റെ അവസാനത്തില്‍ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ ചെയ്തതായി ഹദീസില്‍ വന്നിരിക്കുന്നു (മാലിക്; മു; ന.)

ആ ദുഷ്ടനായ മനുഷ്യനെക്കുറിച്ച് അല്ലാഹുവിനുള്ള അതികഠിനമായ വെറുപ്പും കോപവുമാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. അത്തരം ധിക്കാരം അവന്‍ നിറുത്തല്‍ ചെയ്യാത്തപക്ഷം അവന്റെ ആ പിഴച്ച കള്ളത്തലയിലെ കുടുമ പിടിച്ച് നാമവനെ നരകത്തിലേക്ക് വലിച്ചിടും. അവന് ചില കിങ്കരന്മാരും കൂട്ടുകാരുമെല്ലാം ഉണ്ടല്ലോ. അവരെയെല്ലാം അവന്‍ സഹായത്തിന് വിളിച്ചേക്കട്ടെ. അങ്ങനെ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് അവന്‍ നോക്കിക്കൊള്ളട്ടെ. അവനെ പിടിച്ച് ശിക്ഷിക്കുവാന്‍ നരകത്തിലെ ഉദ്യോഗസ്ഥന്മാരും അതിമല്ലന്മാരുമായ ആ മലക്കുകളെ നാമും വിളിക്കുന്നതാണ്. അവന്റെ ധിക്കാരം അപ്പോള്‍ കാണാമല്ലോ! എന്നിങ്ങനെ അല്ലാഹു അവന് കഠോരമായ താക്കീത് നല്‍കുകയാണ് .

ناصية (‘നാസ്വിയത്ത്’) എന്ന വാക്ക് തലയുടെ മുന്‍വശത്തുമുള്ള മുടി – അഥവാ കുടുമ – എന്ന അര്‍ത്ഥത്തിലും, പ്രസ്തുത മുടിനില്‍കുന്ന ഭാഗം – അഥവാ നെറുകുംതല – എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടും. ഇവിടെ ആദ്യത്തെ അര്‍ത്ഥത്തിനാണ് കൂടുതൽ യോജിപ്പുള്ളത്. വ്യാജവാദി എന്നും  പിഴച്ച അബദ്ധക്കാരി എന്നും അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് അവനോടുള്ള കഠിനമായ വെറുപ്പ്‌ പ്രകടിപ്പിച്ചതാകുന്നു. സാക്ഷാല്‍ കള്ളവാദിയും പിഴച്ചവനും അവന്‍ തന്നെ. زبانية (സബാനിയ്യത്ത്) എന്ന വാക്കിന് ‘മല്ലന്മാര്‍, ഊക്കന്മാര്‍, കാവല്‍ക്കാര്‍, പോലീസ്’ എന്നൊക്കെയാണ് അര്‍ത്ഥം. കഠിനന്മാരും ഊക്കന്മാരും ആയ നരകത്തിലെ ഉദ്യോഗസ്ഥന്മാരാകുന്ന മലക്കുകളാണ് വിവക്ഷ.

ഇബ്നു അബാസ് (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : ‘അവന്‍ അവന്റെ സഭക്കാരെ വിളിച്ചിരുന്നുവെങ്കില്‍ അതേ നാഴികയില്‍ തന്നെ ശിക്ഷയുടെ മലക്കുകള്‍ അവനെ പിടി കൂടുമായിരുന്നു’ (തി; ന). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട്  ‘നിന്നെക്കാള്‍ ജനസ്വാധീനം എനിക്കുണ്ട്’ എന്ന് അഹങ്കരിച്ച് പറഞ്ഞിരുന്ന അബൂജഹല്‍ ഈ വചനങ്ങള്‍ കേട്ടിട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനെങ്കിലും അവന്റെ ആള്‍ക്കാരെ ഒന്ന് വിളിക്കുവാന്‍ ധൈര്യപ്പെടുകയുണ്ടായില്ല.

അവസാനമായി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു: ആ ദുഷ്ടന്മാര്‍ എന്തോ ചെയ്തുകൊള്ളട്ടെ, അത് വകവെക്കേണ്ടതില്ല; അതിന് ഒരിക്കലും വഴങ്ങിപ്പോകരുത്. നമസ്കാരം നിര്‍ഭയം നടത്തിക്കൊള്ളുക . സല്‍കര്‍മ്മങ്ങളും ആരാധനാകര്‍മ്മങ്ങളും നടത്തി അല്ലാഹുവിന്റെ സാമീപ്യം നേടിക്കൊള്ളുകയും ചെയ്യുക. അതില്‍ ആരെയും പേടിക്കുകയോ ഭയപെടുകയോ വേണ്ട എന്നൊക്കെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഒരു അടിയാന്‍ തന്റെ റബ്ബിനോട് ഏറ്റവും അടുത്തായിരിക്കുന്നത് അവന്‍ സുജൂദ് ചെയ്യുന്ന അവസരത്തിലാകുന്നു. അത് കൊണ്ട് (സുജൂദില്‍) നിങ്ങള്‍ ദുആ വര്‍ദ്ധിപ്പിച്ചുകൊള്ളുവിന്‍.’ (മു.) സുജൂദിലായിക്കൊണ്ട്‌ ചെയ്യുന്ന ദുആക്ക് പ്രത്യേകം ഉത്തരം കിട്ടുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

[اللهم لك الحمد ولك المنة والفضل]