സൂറത്തുല്‍ ലൈല്‍ : 01-21
ലൈല്‍ (രാത്രി)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 21
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- وَٱلَّيْلِ إِذَا يَغْشَىٰ ﴾١﴿
- രാത്രിതന്നെയാണ (സത്യം) - അതു മൂടിക്കൊണ്ടിരിക്കുമ്പോള്‍!
- وَاللَّيْلِ രാത്രി തന്നെയാണ إِذَا يَغْشَىٰ അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍
- وَٱلنَّهَارِ إِذَا تَجَلَّىٰ ﴾٢﴿
- പകല്‍തന്നെയാണ (സത്യം) - അതു പ്രത്യക്ഷപ്പെടുമ്പോള്‍!
- وَالنَّهَارِ പകല്‍തന്നെയാണ إِذَا تَجَلَّىٰ അതു പ്രത്യക്ഷപ്പെടുമ്പോള്‍
- وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ ﴾٣﴿
- ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളതു [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
- وَمَا خَلَقَ സൃഷ്ടിച്ചതും തന്നെയാണ الذَّكَرَ ആണിനെ وَالْأُنثَىٰ പെണ്ണിനെയും
- إِنَّ سَعْيَكُمْ لَشَتَّىٰ ﴾٤﴿
- നിശ്ചയമായും, നിങ്ങളുടെ പരിശ്രമം വിഭിന്നങ്ങളത്രെ.
- إِنَّ سَعْيَكُمْ നിശ്ചയമായും നിങ്ങളുടെ പരിശ്രമം, യത്നം, പ്രവൃത്തി لَشَتَّىٰ വിഭിന്നങ്ങള്‍ തന്നെ (വ്യത്യസ്തങ്ങളാണ്)
കഴിഞ്ഞ അദ്ധ്യായത്തിലെ 3, 4 വചനങ്ങളില്‍ കണ്ടതുപോലെയുള്ള ആശയം തന്നെയാണ് ഏതാണ്ട് ഈ അദ്ധ്യായത്തിലെ 1ഉം 2ഉം വചനങ്ങളിലും ഉള്ളതെന്നു പറയാം. അവിടെ 5-7 വചനങ്ങളില്‍ സൂചിപ്പിച്ച അതേ മഹാശക്തിയെ – അല്ലാഹുവിനെ-ക്കുറിച്ചു തന്നെയാണ് ഇവിടെ 3- ാം വചനത്തിലും സൂചിപ്പിക്കുന്നത്. ആണ് എന്നും പെണ്ണ് എന്നും പറഞ്ഞതു പൊതുവില്‍ ആ രണ്ടു വര്‍ഗത്തെയും ഉദ്ദേശിച്ചും, അല്ലെങ്കില്‍ – ഇബ്നു അബ്ബാസ് (رضي الله عنه), ഹസന്‍ (رحمه الله), കല്‍ബീ (رحمه الله) എന്നിവരില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതുപോലെ – മനുഷ്യപിതാവായ ആദം (عليه السلام), മനുഷ്യ മാതാവായ ഹവ്വാഉ് (عليها السلام) എന്നിവരെ ഉദ്ദേശിച്ചും ആകാവുന്നതാണ്.
മനുഷ്യരുടെ – ജിന്നുകളുടെയും തന്നെ – പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരേ രൂപത്തിലുള്ളവയല്ല, വിഭിന്ന നിലയിലുള്ളതാണ് എന്നത്രെ അല്ലാഹു സത്യം ചെയ്തു പറയുന്നത്. അതെ, രാത്രിയും പകലുമെന്ന പോലെയും, ആണും പെണ്ണുമെന്നപോലെയും മനുഷ്യകര്‍മ്മങ്ങള്‍ നല്ലതു, ചീത്ത, ഗുണകരം, ദോഷകരം, രക്ഷാമാര്‍ഗം, ശിക്ഷാമാര്‍ഗം എന്നിങ്ങനെ വ്യത്യസ്തങ്ങളാണ് എന്നു താല്‍പര്യം.
അടുത്ത വചനങ്ങളില്‍ ഈ യാഥാര്‍ത്ഥ്യം ഉദാഹരണസഹിതം അല്ലാഹു വിവരിക്കുന്നു:-
- فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ﴾٥﴿
- അപ്പോള്‍, യാതൊരുവന്‍ (ധനം) കൊടുക്കുകയും (അല്ലാഹുവിനെ) സൂക്ഷിക്കുകയും.-
- فَأَمَّا എന്നാലപ്പോള്‍ مَنْ أَعْطَىٰ ആര്‍ കൊടുത്തു وَاتَّقَىٰ സൂക്ഷിക്കുകയും ചെയ്തു
- وَصَدَّقَ بِٱلْحُسْنَىٰ ﴾٦﴿
- ഏറ്റവും നന്നായുള്ളതിനെ സത്യമാക്കുകയും ചെയ്തുവോ.-
- وَصَدَّقَ സത്യമാക്കുകയും ചെയ്തു بِالْحُسْنَىٰ ഏറ്റവും നല്ലതിനെ
- فَسَنُيَسِّرُهُۥ لِلْيُسْرَىٰ ﴾٧﴿
- അവനു നാം ഏറ്റവും സൗകര്യമായുള്ളതിലേക്ക് സൗകര്യം ചെയ്തു കൊടുത്തേക്കും.
- فَسَنُيَسِّرُهُ എന്നാലവനു നാം സൗകര്യം നല്‍കും, എളുപ്പമാക്കും لِلْيُسْرَىٰ ഏറ്റവും സൗകര്യ (എളുപ്പ)മായതിലേക്ക്
- وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ﴾٨﴿
- എന്നാല്‍, യാതൊരുവന്‍ ലുബ്ധത കാണിക്കുകയും, ധന്യത നടിക്കുകയും.-
- وَأَمَّا مَن എന്നാല്‍ ഒരുവനോ بَخِلَ അവന്‍ ലുബ്ധത (പിശുക്കു)കാട്ടി وَاسْتَغْنَىٰ ധന്യത (ഐശ്വര്യം - അനാശ്രയത) നടിക്കയും ചെയ്തു
- وَكَذَّبَ بِٱلْحُسْنَىٰ ﴾٩﴿
- ഏറ്റവും നന്നായുള്ളതിനെ വ്യാജമാക്കുകയും ചെയ്തുവോ.-
- وَكَذَّبَ വ്യാജമാക്കുകയും ചെയ്തു بِالْحُسْنَىٰ ഏറ്റവും നല്ലതിനെ
- فَسَنُيَسِّرُهُۥ لِلْعُسْرَىٰ ﴾١٠﴿
- അവനു നാം ഏറ്റവും ഞെരുക്കമായുള്ളതിലേക്കു സൗകര്യപ്പെടുത്തിക്കൊടുത്തേക്കുകയും ചെയ്യും.
- فَسَنُيَسِّرُهُ അപ്പോളവനു നാം സൗകര്യം ചെയ്യും لِلْعُسْرَىٰ ഏറ്റം ഞെരുക്കമായതിലേക്കു, പ്രയാസപ്പെട്ടതിലേക്കു
- وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ ﴾١١﴿
- അവന്‍ മറിഞ്ഞുവീണാല്‍ അവന്റെ ധനം അവനു പ്രയോജനപ്പെടുന്നതുമല്ല.
- وَمَا يُغْنِي ധന്യ (ഐശ്വര്യ) മാക്കുകയില്ല (പ്രയോജനപ്പെടുകയില്ല) عَنْهُ അവനു مَالُهُ അവന്‍റെ ധനം, സ്വത്ത് إِذَا تَرَدَّىٰ അവന്‍ മറിഞ്ഞുവീണാല്‍, നാശമടഞ്ഞാല്‍
الْحُسْنَىٰ (ഏറ്റവും നല്ലതു) എന്നതിനു പലവിധത്തില്‍ വിവക്ഷ നല്‍കപ്പെട്ടുകാണാം. തൗഹീദിന്റെ മുദ്രാവാക്യം, ഇസ്ലാമിന്റെ മാര്‍ഗം, സല്‍കര്‍മ്മങ്ങള്‍, സ്വര്‍ഗം, നല്ല പ്രതിഫലം, യഥാര്‍ത്ഥതത്വങ്ങള്‍ എന്നൊക്കെ. اليسرى (ഏറ്റവും സൗകര്യമായത് – അഥവാ എളുപ്പമായത്) എന്നതിന് നല്ലകാര്യം, കൂടുതല്‍ ലഘുവായത്, നല്ല പ്രതിഫലം എന്നിങ്ങനെയും, الْعُسْرَىٰ (ഏറ്റവും ഞെരുക്കമായതു) എന്നതിനു ഞെരുക്കപ്പെട്ട കാര്യം, നരകശിക്ഷ, ദുഷിച്ച മാര്‍ഗം എന്നിങ്ങിനെയും വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. അല്‍പം ആലോചിച്ചു നോക്കുന്നപക്ഷം, ഈ അഭിപ്രാങ്ങളൊന്നും പരസ്പരവിരുദ്ധമല്ലെന്നും ആ വാക്കുകളുടെ അര്‍ത്ഥ വ്യാപ്തിയില്‍ ഒതുങ്ങുന്ന ഉദാഹരണങ്ങള്‍ മാത്രമാണെന്നും മനസ്സിലാക്കാം.
ലുബ്ധത കൂടാതെ സല്‍കാര്യങ്ങളില്‍ ധനം ചിലവഴിക്കുക, അല്ലാഹുവിന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടു അവനെ സൂക്ഷിക്കുക, സത്യവിശ്വാസം, സല്‍കര്‍മ്മം, സദാചാരം ആദിയായ ഗുണങ്ങളോടുകൂടിയവരായിരിക്കും മനുഷ്യരില്‍ ഒരു വിഭാഗം ആളുകള്‍. ഇവര്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുവാനും, നല്ല നില കൈവരുവാനും, നല്ല പ്രതിഫലം ആസ്വദിക്കുവാനും അല്ലാഹു സഹായിക്കുന്നു. ഇവരുടെ പര്യവസാനം ശാശ്വതസൗഖ്യവും സ്വര്‍ഗവുമായിരിക്കും. നേരെമറിച്ചു മറ്റൊരു വിഭാഗക്കാരുണ്ട്: ധനം ചിലവഴിക്കാന്‍ അവരുടെ പിശുക്ക് അവരെ അനുവദിക്കയില്ല; തങ്ങള്‍ക്കു മറ്റാരുടെയും ആശ്രയമില്ല – തങ്ങള്‍ക്കു തങ്ങള്‍ തന്നെമതി – എന്നായിരിക്കും അവരുടെ നിലപാട്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പ്രതിഫലത്തില്‍ അവര്‍ക്കു താല്‍പര്യമില്ല; അവന്റെ നിയമനിര്‍ദ്ദേശങ്ങളെ അവര്‍ മാനിക്കുകയുമില്ല: നല്ല കാര്യങ്ങളും യഥാര്‍ത്ഥവഴിയും ഉപദേശിക്കപ്പെട്ടാല്‍ ചെവിക്കൊള്ളാതെ നിഷേധിച്ചു തള്ളിക്കളയും. ഇങ്ങിനെയുള്ളവര്‍ക്കു കൂടുതല്‍ പ്രയാസകരമായതിലേക്കായിരിക്കും സൗകര്യം ലഭിക്കുന്നത്. അഥവാ പ്രയാസങ്ങളില്‍വെച്ച് ഏറ്റവും പ്രയാസകരങ്ങളായ പ്രതിഫലവും നരകശിക്ഷയുമായിരിക്കും അവര്‍ക്കു ലഭിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, നേര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കു അല്ലാഹുവില്‍നിന്ന് അതിനു കൂടുതല്‍ സഹായം കൈവന്നുകൊണ്ടിരിക്കും. വമ്പിച്ച പ്രതിഫലവും ലഭിക്കും. ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഒരുമ്പെടുന്നവരെ അവരുടെ പാട്ടിനു അവന്‍ അയച്ചുവിടുകയും, അങ്ങനെ അവര്‍ കൂടുതല്‍ ദുര്‍മാര്‍ഗികളും ശിക്ഷാര്‍ഹരുമാവുകയും ചെയ്യും. അല്ലാഹു പറയുന്നു:- ‘സന്മാര്‍ഗം സ്വീകരിച്ചവര്‍ക്കു അവന്‍ – അല്ലാഹു – സന്മാര്‍ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവര്‍ക്കു അവരുടേതായ സൂക്ഷ്മത നല്‍കുകയും ചെയ്യും.’ (സൂ : മുഹമ്മദ് 17). ‘അവിശ്വസിക്കുകയും അക്രമം ചെയ്യുകയും ചെയ്തവര്‍ക്കു പൊറുത്തുകൊടുക്കുവനാകട്ടെ, നരകത്തിന്റെ മാര്‍ഗമല്ലാത്ത ഒരു മാര്‍ഗത്തിലേക്ക് നയിക്കുവാനാകട്ടെ, അല്ലാഹു തയ്യാറില്ല.’ (സൂ: നിസാഉ് : 168, 169)
- إِنَّ عَلَيْنَا لَلْهُدَىٰ ﴾١٢﴿
- നിശ്ചയമായും മാര്‍ഗദര്‍ശനം നല്‍കല്‍ നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത്.
- إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെമേലുണ്ടു (നമ്മുടെ ബാദ്ധ്യതയാണ്) لَلْـهُدَىٰ സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍
- وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ ﴾١٣﴿
- നമ്മുക്കുള്ളതുതന്നെയാണ്, പരലോകവും ആദ്യലോകവും.
- وَإِنَّ لَنَا നമുക്കുതന്നെയാണുതാനും لَلْآخِرَةَ പരലോകം وَالْأُولَىٰ ആദ്യലോകവും (ഇഹവും)
- فَأَنذَرْتُكُمْ نَارًا تَلَظَّىٰ ﴾١٤﴿
- അതിനാല്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു താക്കീതു നല്‍കിയിരിക്കുന്നു.
- فَأَنذَرْتُكُمْ അതിനാല്‍ (എന്നാല്‍) നാം നിങ്ങളെ താക്കീതു ചെയ്തിരിക്കുന്നു نَارًا تَلَظَّىٰ ആളിക്കത്തുന്ന തീ
- لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى ﴾١٥﴿
- വളരെ ദുര്‍ഭാഗ്യവാനായുള്ളവനല്ലാതെ അതില്‍ കടന്നെരിയുകയില്ല.
- لَا يَصْلَاهَا അതില്‍ കടക്കുകയില്ല, എരിയുകയില്ല إِلَّا الْأَشْقَى ഏറ്റം (വളരെ) ദുര്‍ഭാഗ്യവാനല്ലാതെ
- ٱلَّذِى كَذَّبَ وَتَوَلَّىٰ ﴾١٦﴿
- അതായതു, വ്യാജമാക്കുകയും തിരിഞ്ഞുകളയുകയും ചെയ്തവന്‍ (അല്ലാതെ)
- الَّذِي كَذَّبَ വ്യാജമാക്കിയവനായ وَتَوَلَّىٰ തിരിഞ്ഞു കളയുകയും ചെയ്ത
- وَسَيُجَنَّبُهَا ٱلْأَتْقَى ﴾١٧﴿
- വളരെ സൂക്ഷ്മത [ഭയഭക്തി]യുള്ളവന്‍ അതില്‍നിന്നു അകറ്റി നിറുത്തപ്പെട്ടേക്കുകയും ചെയ്യും.
- وَسَيُجَنَّبُهَا അതില്‍നിന്നു അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും الْأَتْقَى വളരെ സൂക്ഷമത (ഭയഭക്തി)യുള്ളവന്‍
- ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ ﴾١٨﴿
- അതായതു, താന്‍ പരിശുദ്ധി നേടുവാനായി തന്റെ ധനം കൊടുക്കുന്നവന്‍.
- الَّذِي يُؤْتِي കൊടുക്കുന്നവനായ مَالَهُ തന്റെ ധനം يَتَزَكَّىٰ പരിശുദ്ധി (ആത്മഗുണം) നേടുവാന്‍
- وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ ﴾١٩﴿
- പ്രത്യുപകാരം നല്‍കപ്പെടേണ്ടുന്നതായ ഒരനുഗ്രഹവും [ഉപകാരവും] അവന്റെ പക്കല്‍ ഒരാള്‍ക്കുംതന്നെ ഇല്ലതാനും;-
- وَمَا لِأَحَدٍ ഒരാള്‍ക്കും ഇല്ലതാനും عِندَهُ അവന്റെ പക്കല്‍ مِن نِّعْمَةٍ ഒരു അനുഗ്രഹവും (ഗുണവും, ഉപകാരവും) تُجْزَىٰ പ്രതിഫലം (പ്രത്യുപകാരം) നല്‍കപ്പെടേണ്ടതായ
- إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ ﴾٢٠﴿
- തന്റെ അത്യുന്നതനായ റബ്ബിന്റെ പ്രീതിയെ നേടുക എന്നതല്ലാതെ.
- إِلَّا ابْتِغَاءَ തേടല്‍ (ആവശ്യപ്പെടല്‍) അല്ലാതെ وَجْهِ رَبِّهِ തന്റെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ) الْأَعْلَىٰ അത്യുന്നതനായ
ആര്‍ക്കു എന്തു നന്മ ചെയ്തുകൊടുത്താലും അതില്‍ അല്ലാഹുവിന്റെ പ്രീതി ലഭിക്കണമെന്ന ഏക ഉദ്ദേശമല്ലാതെ, ജനങ്ങളില്‍നിന്നു അതുമൂലം എന്തെങ്കിലും ഒരു പ്രതിഫലം ലഭിക്കണമെന്ന വിചാരമില്ലാതെ നല്ല വിഷയങ്ങളില്‍ ധനം ചിലവഴിക്കുന്നവനാണ് ആത്മ പരിശുദ്ധിക്കുവേണ്ടി ധനം ചിലവഴിക്കുന്നവന്‍ എന്നു സാരം.
- وَلَسَوْفَ يَرْضَىٰ ﴾٢١﴿
- വഴിയെ അവര്‍ തീര്‍ച്ചയായും തൃപ്തി അടയുകയും ചെയ്യും.
- وَلَسَوْفَ തീര്‍ച്ചയായും വഴിയെ يَرْضَىٰ അവന്‍ തൃപ്തിപ്പെടും
അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തരും, ആത്മശുദ്ധി നേടിയവരുമായ ആളുകള്‍ക്ക് നരകശിക്ഷ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല. മതി, മതി എന്നു തൃപ്തിവരുവോളം ഉന്നതമായ പ്രതിഫലം അല്ലാഹു അവര്‍ക്കു കൊടുക്കുകയും ചെയ്യുന്നതാണ്. ومن الله التوفيق
اللهم لك الحمد والمنة