ശംസ് (സൂര്യന്‍)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 15

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

91:1
 • وَٱلشَّمْسِ وَضُحَىٰهَا ﴾١﴿
 • സൂര്യനും, അതിന്റെ (പൂര്‍വാഹ്ന) പ്രഭയും തന്നെയാണ (സത്യം)!
 • وَالشَّمْسِ സൂര്യന്‍ തന്നെയാണ, وَضُحَاهَا അതിന്റെ ശോഭയും, പൂര്‍വ്വാഹ്നവും
91:2
 • وَٱلْقَمَرِ إِذَا تَلَىٰهَا ﴾٢﴿
 • ചന്ദ്രന്‍തന്നെയാണ (സത്യം) - അതു അതിനെ തുടര്‍ന്നുവരുമ്പോള്‍!
 • وَالْقَمَرِ ചന്ദ്രന്‍ തന്നെയാണ إِذَا تَلَاهَا അതതിനോടു തുടര്‍ന്നാല്‍, അടുത്താല്‍
91:3
 • وَٱلنَّهَارِ إِذَا جَلَّىٰهَا ﴾٣﴿
 • പകല്‍ തന്നെയാണ (സത്യം) - അതു അതിനെ പ്രത്യക്ഷപ്പെടുത്തുമ്പോള്‍!
 • وَالنَّهَارِ പകല്‍ തന്നെയാണ إِذَا جَلَّاهَا അതതിനെ പ്രത്യക്ഷപ്പെടുത്തിയാല്‍, വെളിവാക്കിയാല്‍
91:4
 • وَٱلَّيْلِ إِذَا يَغْشَىٰهَا ﴾٤﴿
 • രാത്രി തന്നെയാണ (സത്യം) - അതു അതിനെ മൂടിക്കൊണ്ടിരിമ്പോള്‍!
 • وَاللَّيْلِ രാത്രിതന്നെയാണ إِذَا يَغْشَاهَا അതതിനെ മൂടിക്കൊണ്ടിരിക്കുമ്പോള്‍
91:5
 • وَٱلسَّمَآءِ وَمَا بَنَىٰهَا ﴾٥﴿
 • ആകാശവും, അതിനെ സ്ഥാപിച്ചതും [ആ മഹാ ശക്തിയും] തന്നെയാണ (സത്യം)!
 • وَالسَّمَاءِ ആകാശം തന്നെയാണ وَمَا بَنَاهَا അതിനെ സ്ഥാപിച്ചതും (സ്ഥാപിച്ച ശക്തിയും സ്ഥാപിച്ചവനും)

91:6
 • وَٱلْأَرْضِ وَمَا طَحَىٰهَا ﴾٦﴿
 • ഭൂമിയും, അതിനെ പരത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!
 • وَالْأَرْضِ ഭൂമിതന്നെയാണ وَمَا طَحَاهَا അതിനെ പരത്തിയതും (പരത്തിയ ശക്തിയും, പരത്തിയവനും)
91:7
 • وَنَفْسٍ وَمَا سَوَّىٰهَا ﴾٧﴿
 • ആത്മാവും, അതിനെ (ഘടന ഒപ്പിച്ച) ശരിപ്പെടുത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!
 • وَنَفْسٍ ആത്മാവ് (ആള്‍) തന്നെയാണ, وَمَا سَوَّاهَا അതിനെ ശരിപ്പെടുത്തിയതും (ആ ശക്തിയും) ശരി (സമ) പ്പെടുത്തിയവനും
91:8
 • فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ﴾٨﴿
 • എന്നിട്ട്, അതിന് അതിന്റെ ദുഷ്ടതയും, അതിന്റെ സൂക്ഷ്മതയും അവന്‍ [ആ മഹാശക്തി] തോന്നിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.
 • فَأَلْهَمَهَا എന്നിട്ടു അവന്‍ അതിനു തോന്നിപ്പിച്ചു കൊടുത്തു فُجُورَهَا അതിന്റെ ദുഷ്ടത, തോന്നിയവാസം, ദുര്‍ന്നടപ്പ് وَتَقْوَاهَا അതിന്റെ സൂക്ഷ്മത (ഭയഭക്തി)യും

സൂര്യാസ്തമനത്തോടുകൂടി ചന്ദ്രന്‍ പ്രകാശിച്ചു തുടങ്ങുന്നു. അതുകൊണ്ടാണ്, അതു അതിനെ തുടര്‍ന്നു വരുമ്പോള്‍ എന്നു പറഞ്ഞത്. സൂര്യപ്രകാശം മുഴുവനും വെളിപ്പെടുന്നതു പകലിലാണല്ലോ. രാത്രി അതിനെ മൂടി മറക്കുകയും ചെയ്യുന്നു. ഈ അവസ്ഥകളാണ് 3ഉം 4ഉം വചനങ്ങളില്‍ കാണുന്നത്. ആകാശത്തെ ഉയര്‍ത്തി സ്ഥാപിച്ചതു, ഭൂമിയെ നിവാസയോഗ്യമാംവണ്ണം പരത്തിയുണ്ടാകിയതു, ആവശ്യമായ അവയവങ്ങളും അനുയോജ്യമായ ആകൃതിയും പ്രകൃതിയും നല്‍കി ആത്മാക്കളെ – അഥവാ ദേഹികളെ – ശരിപ്പെടുത്തിയതു എന്നീ ഓരോന്നിന്റെയും കര്‍ത്താവായ ആ മഹാശക്തിയെ കൊണ്ടാണ്  5, 6, 7 എന്നീ വചനങ്ങളിലെ സത്യങ്ങള്‍. ആ മഹാശക്തി അല്ലാഹു അല്ലാതെ മറ്റാരുമല്ലെന്നു സ്പഷ്ടമാണല്ലോ. മനുഷ്യനെ സൃഷ്ടിച്ചു ശരിപ്പെടുത്തുക മാത്രമല്ല, അവന്റെ നന്മയും തിന്മയും അവനു വേര്‍തിരിച്ചു മനസ്സിലാക്കികൊടുക്കുകയും, നല്ലതും ചീത്തയും ചെയ്‌വാനുള്ള  കഴിവു നല്‍കുകയും ചെയ്തിരിക്കുന്നു. ഇതാണ് 8- ാം വചനത്തില്‍ കാണുന്നത്. ഹൃദയംകൊടുത്തു ചിന്തിക്കുന്നപക്ഷം, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെയും അധികാരാവകാശങ്ങളിലുള്ള ഏകത്വത്തെയും വിളിച്ചോതിത്തരുന്ന വമ്പിച്ച ചില ദൃഷ്ടാന്തങ്ങളാണ് ഈ സത്യവാചകങ്ങളിലൂടെ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.

91:9
 • قَدْ أَفْلَحَ مَن زَكَّىٰهَا ﴾٩﴿
 • തീര്‍ച്ചയായും, അതിനെ [ആത്മാവിനെ] പരിശുദ്ധമാക്കിയവന്‍ ഭാഗ്യം പ്രാപിച്ചു.
 • قَدْ أَفْلَحَ തീര്‍ച്ചയായും വിജയിച്ചു, ഭാഗ്യം പ്രാപിച്ചു مَن زَكَّاهَا അതിനെ പരിശുദ്ധമാക്കിയ (സംസ്കരിച്ച)വന്‍
91:10
 • وَقَدْ خَابَ مَن دَسَّىٰهَا ﴾١٠﴿
 • അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
 • وَقَدْ خَابَ നിര്‍ഭാഗ്യമടയുക (പരാജയപ്പെടുക)യും ചെയ്തു مَن دَسَّاهَا അതിനെ കളങ്കപ്പെടുത്തിയവന്‍

മേല്‍കണ്ട സത്യങ്ങളെത്തുടര്‍ന്നു ഈ വചനങ്ങളില്‍ അല്ലാഹു രണ്ടു മൗലിക യാഥാര്‍ത്ഥ്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആത്മപരിശുദ്ധി വരുത്തിയവന്‍ ഭാഗ്യവാനും വിജയിയുമാണ്. ആത്മകളങ്കം ചെയ്തവന്‍ ദുര്‍ഭാഗ്യവാനും പരാജിതനുമാണ് എന്നത്രെ അത്. സത്യവിശ്വാസം, സല്‍കര്‍മ്മം, സല്‍സ്വഭാവം ആദിയായവ മൂലമാണ് ആത്മപരിശുദ്ധിയുണ്ടാകുന്നത്. നിഷേധം, ദുര്‍വൃത്തി, ദുഃസ്വഭാവം ആദിയായവ ആത്മാവിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു.

91:11
 • كَذَّبَتْ ثَمُودُ بِطَغْوَىٰهَآ ﴾١١﴿
 • 'ഥമൂദ്' (ഗോത്രം) അതിന്റെ ധിക്കാരം മൂലം വ്യാജമാക്കുകയുണ്ടായി.
 • كَذَّبَتْ വ്യാജമാക്കി ثَمُودُ ഥമൂദു ഗോത്രം بِطَغْوَاهَا അതിന്റെ അതിക്രമം (ധിക്കാരം) നിമിത്തം
91:12
 • إِذِ ٱنۢبَعَثَ أَشْقَىٰهَا ﴾١٢﴿
 • അതിലെ ഏറ്റവും ദുര്‍ഭാഗ്യവാനായവന്‍ (നിയുക്തനായി) എഴുന്നേറ്റ സന്ദര്‍ഭം.
 • إِذِ انبَعَثَ നിയുക്തനായ (ഒരുമ്പെട്ട, എഴുന്നേറ്റ) സന്ദര്‍ഭം أَشْقَاهَا അതിലെ ഏറ്റം ദുര്‍ഭാഗ്യവാന്‍ (ദുഷ്ടന്‍)
91:13
 • فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا ﴾١٣﴿
 • അപ്പോള്‍, അവരോടു അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ഒട്ടകവും അതിന്റെ വെള്ളം കൂടിയും (സൂക്ഷിക്കുക)!’ [അതിന്നു ഭംഗം വരുത്തരുത്.]
 • فَقَالَ لَهُمْ അപ്പോള്‍ അവരോടു പറഞ്ഞു رَسُولُ اللَّهِ അല്ലാഹുവിന്റെ ദൂതന്‍ (റസൂല്‍) نَاقَةَ اللَّهِ അല്ലാഹുവിന്റെ ഒട്ടകം وَسُقْيَاهَا അതിന്റെ വെള്ളം കുടിയും
91:14
 • فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا ﴾١٤﴿
 • എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി അതിനെ കുത്തിയറുത്തു (കൊന്നു). അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ റബ്ബ് അവരില്‍ (ശിക്ഷ) ആകെ മൂടിക്കളഞ്ഞു; എന്നിട്ട് അതു (എല്ലാവര്‍ക്കും) സമപ്പെടുത്തി. [ഒരാളും ഒഴിവായില്ല.]
 • فَكَذَّبُوهُ എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَعَقَرُوهَا അങ്ങനെ അവരതിനെ കുത്തിഅറുത്തു (കൊന്നു) فَدَمْدَمَ അപ്പോള്‍ ഉന്മൂലനാശം വരുത്തി, ആകെ മൂടി (ശിക്ഷ) عَلَيْهِمْ അവരില്‍ رَبُّهُم അവരുടെ റബ്ബ് بِذَنبِهِمْ അവരുടെ പാപം (തെറ്റു) കൊണ്ട് فَسَوَّاهَا എന്നിട്ട് അതു (അതിനെ) സമമാക്കി, നിരത്തി
91:15
 • وَلَا يَخَافُ عُقْبَـٰهَا ﴾١٥﴿
 • അവന്‍ [റബ്ബ്] അതിന്റെ അനന്തരഫലത്തെ ഭയപ്പെട്ടിരുന്നതുമില്ല.
 • وَلَا يَخَافُ അവന്‍ ഭയപ്പെട്ടിരുന്നുമില്ല عُقْبَاهَا അതിന്റെ അനന്തരഫലം, പര്യവസാനം

ഒരാള്‍ പോലും ബാക്കിയാകാത്തവിധം അത്ര വ്യാപകവും കടുത്തതുമായ ശിക്ഷ അവര്‍ക്കു നല്‍കിയതു നിമിത്തം എന്തെങ്കിലും ഭവിഷ്യത്തു സംഭവിച്ചേക്കുമോ എന്നുള്ള യാതൊരു ഭയവും അല്ലാഹുവിനു ഇല്ലായിരുന്നു എന്നു സാരം. ഇതു അവരെ പരിഹസിച്ചുകൊണ്ടു പറഞ്ഞതാണ്.

സാലിഹു (عليه السلام) നബിയുടെ ജനതയായ ഥമൂദു ഗോത്രത്തെ സംബന്ധിച്ചു ശുഅറാഉ്, നംല് എന്നീ സൂറത്തുകളില്‍ വിശദമായി വിവരിച്ചിട്ടുണ്ടല്ലോ. സംഭവത്തിന്റെ ഏറ്റവും സംക്ഷിപ്തരൂപമാണ് ഇവിടെ കാണുന്നത്. അവര്‍ സാലിഹു (عليه السلام) നബിയെ നിഷേധിക്കയും ധിക്കാരം പ്രവര്‍ത്തിക്കയും ചെയ്തു. അവര്‍ക്കു ദൃഷ്ടാന്തമായി ഒരു ഒട്ടകത്തെ അല്ലാഹു നിശ്ചയിച്ചിരുന്നു. അവരുടെ ജലാശയത്തിലെ വെള്ളം അവര്‍ക്കും ആ ഒട്ടകത്തിനുമിടയില്‍ പങ്കിടപ്പെട്ടിരുന്നു. ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാല്‍, അവരില്‍ പൊതുശിക്ഷ ഇറങ്ങുമെന്നും അവര്‍ക്കു മുന്നറിയിപ്പും നല്‍കപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ധിക്കാരം മുഴുത്ത് ഒട്ടകത്തെ അറുത്തു കൊല്ലുവാന്‍തന്നെ അവര്‍ തീരുമാനിച്ചു. അവരില്‍വെച്ച് ഏറ്റവും കടുത്ത ഒരു ധിക്കാരി – അതെ, ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍ – അതിനു മുമ്പോട്ടുവന്നു. താമസിയാതെ അല്ലാഹു ഒരു ഭൂകമ്പവും ഒരു ഉഗ്രശബ്ദവും അവരില്‍ നിയോഗിച്ചു. അതവരെ ഒന്നടങ്കം നശിപ്പിക്കയും ചെയ്തു. ഇതാണ് ഈ സംഭവത്തിന്റെ ചുരുക്കം. ആ സമുദായത്തില്‍ വലിയ നാശകാരികളായ ഒമ്പതു പേരുണ്ടായിരുന്നുവെന്നു സൂറത്തു നംല് : 48ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അവരില്‍വെച്ചു ഏറ്റവും വലിയ പോക്കിരിയായിരിക്കാം ഈ ദുഷ്ടന്‍. മുന്‍കൈയ്യെടുത്തതു അവനാണെങ്കിലും ആ കൃത്യം നിര്‍വ്വഹിച്ചതു ജനതയുടെ ആവശ്യമനുസരിച്ചും അവരെ പ്രതിനിധീകരിച്ചും കൊണ്ടായിരുന്നതിനാല്‍ കുറ്റത്തില്‍ എല്ലാവരും പങ്കാളികളാണല്ലോ. ആകയാല്‍ അവരുടെ പൊതുനാശത്തിനു ഇടയാകുകയും ചെയ്തു.

وللّه الحمد والمنة