സൂറത്തുല്‍ അഅ് ലാ : 01-19
അഅ്‌ലാ (അത്യുന്നതൻ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 19
بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
രണ്ടു പെരുന്നാള്‍ നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തും അടുത്ത സൂറത്തും ഓതാറുണ്ടായിരുന്നുവെന്നും, പെരുന്നാളും ജുമുഅഃയും ഒരു ദിവസത്തില്‍ (വെള്ളിയാഴ്ച) ഒരുമിച്ചു വന്നപ്പോഴും തിരുമേനി അവ രണ്ടും ഓതുകയുണ്ടായെന്നും ഹദീസില്‍ വന്നിട്ടുണ്ട്. (അ; മു; ദാ; തി; ന.) ‘വിത്ര്‍’ നമസ്കാരത്തില്‍ ഈ സൂറത്തും, സൂറത്തുല്‍ കാഫിറൂനും, സൂറത്തുല്‍ ഇഖ്‌ലാസും തിരുമേനി ഓതി വന്നിരുന്നുവെന്നും ഒന്നിലധികം സഹാബികളില്‍ നിന്നു ഇമാം അഹ്മദും (رحمه الله) ഉദ്ധരിച്ചിരിക്കുന്നു.
- سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى ﴾١﴿
- നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം ചെയ്യുക.
- سَبِّحِ തസ്ബീഹ് (സ്തോത്രകീര്‍ത്തനം - പ്രകീര്‍ത്തനം) ചെയ്യുക اسْمَ رَبِّكَ നിന്റെ രക്ഷിതാവിന്റെ നാമം الْأَعْلَى അത്യുന്നതനായ, ഏറ്റവും മേലായ
- ٱلَّذِى خَلَقَ فَسَوَّىٰ ﴾٢﴿
- അതായത്, സൃഷ്ടിച്ച് ശരിപ്പെടുത്തിയവന്‍:-
- الَّذِي خَلَقَ സൃഷ്ടിച്ചവന്‍ فَسَوَّى എന്നിട്ടു ശരിപ്പെടുത്തിയ
- وَٱلَّذِى قَدَّرَ فَهَدَىٰ ﴾٣﴿
- (വ്യവസ്ഥ) നിര്‍ണ്ണയിച്ച് മാര്‍ഗദര്‍ശനം നൽകിയവനും;
- وَالَّذِي قَدَّرَ നിര്‍ണയിച്ച (വ്യവസ്ഥ ചെയ്ത - കണക്കാക്കിയ)വനും فَهَدَى എന്നിട്ട് മാര്‍ഗദര്‍ശനം ചെയ്ത, വഴി കാട്ടിയ
- وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ ﴾٤﴿
- മേച്ചില്‍ സ്ഥാനം (അഥവാ സസ്യാദികളെ) ഉല്പാദിപ്പിച്ചവനും;-
- وَالَّذِي أَخْرَجَ പുറപ്പെടുവിച്ച (ഉല്പാദിപ്പിച്ച)വനും الْمَرْعَى മേച്ചില്‍സ്ഥാനം (സസ്യാദികളെ)
- فَجَعَلَهُۥ غُثَآءً أَحْوَىٰ ﴾٥﴿
- എന്നിട്ട് അതിനെ അവന്‍ (ഇരുണ്ട) ചാമ്പല്‍ വര്‍ണമുള്ളതായ ചവറാക്കിത്തീര്‍ക്കുകയും ചെയ്തു. [അങ്ങനെയുള്ളവന്റെ നാമം]
- فَجَعَلَهُ എന്നിട്ട് അതിനെ ആക്കി غُثَاءً ചവറ്, ഉണക്കല്‍ أَحْوَى ഇരുണ്ടത്, ചാമ്പല്‍ വർണ്ണമായത്
രണ്ടും മൂന്നും വചനങ്ങളിലെ ആശയത്തെക്കുറിച്ച് സൂ: ഇന്ഫിത്വാര്‍ 7, 8; സൂ: അബസ 19, 20; സൂ: ത്വാഹ 50 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചതു ഓര്‍ക്കുക. ഓരോ വസ്തുവിനും അതതിന്റെ രൂപം, പ്രകൃതി, സ്വഭാവം ആദിയായ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കുകയും, അതതിന്നാവശ്യവും അനുയോജ്യവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുകയും, കന്നുകാലികള്‍ മുതലായ ജന്തുജീവികള്‍ക്കെല്ലാം മേഞ്ഞുതിന്നുവാനുതകുന്ന സസ്യാദികളെ ഉല്‍പ്പാദിപ്പിക്കുകയും, പിന്നീട് അവ പച്ചവര്‍ണമായിരുന്നതിനു ശേഷം അവയെ ഉണങ്ങി ചാമ്പല്‍ വര്‍ണത്തിലും കരിമ്പിൻ വര്‍ണത്തിലുമുള്ള ചണ്ടിയും ചവറുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നവന്‍ ആരോ അവന്റെ – അതെ, അത്യുന്നതനായ ആ ഏക രക്ഷിതാവിന്റെ – നാമം പ്രകീര്‍ത്തനം ചെയ്യുവാനും, അവനെ വാഴ്ത്തുവാനും അല്ലാഹു കല്‍പ്പിക്കുന്നു.
(فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ) (നിന്റെ മഹാനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്ന് (സൂ: വാഖിഅഃയില്‍) അവതരിച്ചപ്പോള്‍, അതു നിങ്ങള്‍ നിങ്ങളുടെ ‘റുകൂഇ’ല്‍ ആക്കിക്കൊള്ളുവിന്‍ എന്നും, سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്നു (ഈ സൂറത്തില്‍) അവതരിച്ചപ്പോള്‍, അത് നിങ്ങളുടെ ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഉഖ്ബത്തുബ്നു ആമിറി (رضي الله عنه)ല്‍ നിന്നു നിവേദനം വന്നിരിക്കുന്നു. (അ; ദാ; ജ) ഇതനുസരിച്ചാണ് നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ «سُبْحَانَ رَبِّيَ الْعَظِيمِ»(എന്റെ മഹാനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ‘സുജൂദി’ല്‍ «سُبْحَانَ رَبِّيَ الأعْلَى» (അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും നാം ചൊല്ലി വരുന്നത്.
- سَنُقْرِئُكَ فَلَا تَنسَىٰٓ ﴾٦﴿
- നിനക്കു നാം ഓതിത്തരാം; അതിനാല്‍ നീ മറന്നു പോകുന്നതല്ല;
- سَنُقْرِئُكَ നിനക്കു നാം ഓതിത്തരാം, നിന്നെ ഓതിക്കാം فَلَا تَنسَى അതിനാല്‍ (അപ്പോള്‍) നീ മറക്കുകയില്ല
- إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ ﴾٧﴿
- -അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, അവന്‍ പരസ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു.
- إِلَّا ഒഴികെ مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചത് إِنَّهُ يَعْلَمُ നിശ്ചമായും അവന്‍ അറിയും الْجَهْرَ പരസ്യം, ഉറക്കെയുള്ളത് وَمَا യാതൊന്നും يَخْفَى അവ്യക്തമാകുന്ന (മറഞ്ഞു പോകുന്ന)
- وَنُيَسِّرُكَ لِلْيُسْرَىٰ ﴾٨﴿
- കൂടുതല്‍ സുഗമമായതിലേക്ക് നിനക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതുമാണ്.
- وَنُيَسِّرُكَ നിനക്ക് നാം എളുപ്പമാക്കു (സൗകര്യപ്പെടുത്തു)കയും ചെയ്യും لِلْيُسْرَى കൂടുതല്‍ (ഏറ്റവും) എളുപ്പ(സുഗമ)മായതിലേക്ക്
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിക്കുന്ന വഹ്‍യുകളൊന്നും തന്നെ – അതു ഖുര്‍ആനാകട്ടെ, അല്ലാത്തതാകട്ടെ – മറന്നു പോകാതിരിക്കത്തക്കവണ്ണം മലക്കു മുഖേന അല്ലാഹു തിരുമേനിക്ക് ഓതികൊടുത്ത് മനസ്സില്‍ ഉറപ്പിച്ചു കൊടുക്കുമെന്നും, പിന്നേക്ക് ഓര്‍മ്മവെച്ചിരിക്കേണ്ടുന്ന ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വല്ലതും അതില്‍ ഉണ്ടെങ്കില്‍ ആ ഭാഗം അല്ലാഹു മറപ്പിച്ചുകൂടായ്‌കയില്ലെന്നും. അതു നിമിത്തം ദോഷമൊന്നും സംഭവിക്കാനില്ലെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുന്നു. അല്ലാഹു എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്നവനാണ്. അതിനാല്‍ ഒരു കാര്യവും അവന്റെ ശ്രദ്ധയില്‍ നിന്നു വിട്ടുപോകുന്നതല്ല എന്നു സമാധാനിപ്പിക്കുകയും ചെയ്യുന്നു. റമസാന്‍ മാസത്തില്‍ എല്ലാ രാത്രിയും ജിബ്രീല്‍ (عليه السلام) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സന്ദര്‍ശിക്കലും ഖുര്‍ആന്‍ പാഠം നോക്കലും പതിവായിരുന്നുവെന്നത് ഇവിടെ പ്രസ്താവ്യമാണ്. മതസംബന്ധമായും പ്രബോധനസംബന്ധമായും കൂടുതല്‍ എളുപ്പവും സുഗമവുമായ മാര്‍ഗങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു തുറന്നു കിട്ടുവാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുമെന്നുകൂടി ഇതോടൊപ്പം അല്ലാഹു വാഗ്ദാനവും നല്‍കുന്നു.
- فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ ﴾٩﴿
- ആകയാല്‍, നീ ഉപദേശിച്ചുകൊള്ളുക, ഉപദേശം ഫലപ്പെടുന്നുവെങ്കില്‍.
- فَذَكِّرْ ആകയാല്‍ നീ ഉപദേശിക്കുക, ഓര്‍മ്മിപ്പിക്കുക إِن نَّفَعَتِ ഉപകാരപ്പെട്ടെങ്കില്‍, ഫലം ചെയ്യുമെങ്കില്‍ الذِّكْرَى ഉപദേശം, സ്മരണ
- سَيَذَّكَّرُ مَن يَخْشَىٰ ﴾١٠﴿
- (അല്ലാഹുവിനെ) ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
- سَيَذَّكَّرُ ഉപദേശം സ്വീകരിച്ചു (ഓര്‍മ്മിച്ചു)കൊള്ളും مَن يَخْشَى ഭയപ്പെടുന്നവന്‍
ഉപദേശം ഫലപ്പെട്ടേക്കുമെന്നു തോന്നുന്നിടത്ത് ഉപദേശം നല്‍കണമെന്നും, ഫലപ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അതു വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മത്സരബുദ്ധിയും, ദുര്‍വാശിയും ഉള്ളവരെയും, എന്തു തന്നെ കേട്ടാലും തങ്ങള്‍ സ്വീകരിച്ചു വരുന്നതിന് വ്യത്യസ്തമായ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ. ഇബ്നു കഥീര്‍ (رحمه الله) ഉണര്‍ത്തിയതു പോലെ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. അതെ, ആശക്കു വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിനു മുതിരാതിരിക്കുക. അലി (رضي الله عنه) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: ‘ജനങ്ങളോടു അവര്‍ക്കു മനസ്സിലാകുന്നതിനെ കുറിച്ച് വര്‍ത്തമാനം പറയുക. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വ്യാജമാക്കുന്നതു നിങ്ങള്‍ ഇഷ്ടപ്പെടുമോ?!” അഥവാ, ജനങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തത് പറഞ്ഞു കൊടുത്താല്‍ അതു സത്യനിഷേധത്തിനും, കുഴപ്പത്തിനും കാരണമാവുകയാണുണ്ടാവുക എന്നു സാരം. സദുപദേശം ഫലപ്പെടുന്നത് ആര്‍ക്കായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും ഭയപ്പാടുള്ളവര്‍ക്കു മാത്രമേ അത് ഉപയോഗപ്പെടുകയുള്ളു. ഈ രണ്ട് തുറയിലും ചിന്തിക്കാതെ ഹൃദയം മരവിച്ചവന് ഏതു ഉപദേശവും പ്രയോജനപ്പെടുന്നതല്ല. ഉപദേശം കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്റെ സ്ഥിതി എന്തായിരിക്കുമെന്ന് തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു:-
- وَيَتَجَنَّبُهَا ٱلْأَشْقَى ﴾١١﴿
- ഏറ്റവും ഭാഗ്യം കെട്ടവന്‍ അതിനെ [ഉപദേശത്തെ] വിട്ടകന്നുപോകുന്നതാണ്
- وَيَتَجَنَّبُهَا അതിനെ വിട്ടകന്നു (വെടിഞ്ഞു) നിൽക്കും الْأَشْقَى ഏറ്റവും ഭാഗ്യം കെട്ടവന്‍
- ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ ﴾١٢﴿
- (അതെ) ഏറ്റവും വലിയ അഗ്നിയില്‍ കടന്നെരിയുന്നവന്‍.
- الَّذِي يَصْلَى അതായത് കടന്നു കരിയുന്നവന്‍ النَّارَ الْكُبْرَى ഏറ്റവും വലിയ (വമ്പിച്ച) അഗ്നിയില്‍
- ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ﴾١٣﴿
- പിന്നീട് അതില്‍ വെച്ച് അവന്‍ മരണമടയുകയില്ല, ജീവിക്കുകയുമില്ല.
- ثُمَّ لَا يَمُوتُ പിന്നെ അവന്‍ മരണപ്പെടുകയില്ല فِيهَا അതില്‍ وَلَا يَحْيَى ജീവിക്കുകയുമില്ല.
സ്വന്തം രക്ഷക്കും ശാശ്വത വിജയത്തിനും ആവശ്യമായതും, യാതൊരു പ്രതിഫലവും കൂടാതെ ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ഉപദേശങ്ങള്‍ കല്‍പ്പിച്ചുകൂട്ടി തിരസ്കരിക്കുകയും അങ്ങനെ അഗ്നികളില്‍ വെച്ച് ഏറ്റവും വമ്പിച്ച അഗ്നിക്കു ഇരയാകേണ്ടിവരികയും ചെയ്തവനേക്കാള്‍ ഭാഗ്യംകെട്ടവന്‍ മറ്റാരുണ്ട്?! ആ അഗ്നിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, പിന്നെ അതിന്റെ കാഠിന്യം കൊണ്ടെങ്കിലും ഒരിക്കല്‍ അവനു മരണം സംഭവിക്കുമായിരുന്നുവെങ്കിൽ, അതോടെ ശിക്ഷ അവസാനിക്കുമെന്നു കരുതാമായിരുന്നു. പക്ഷേ, അതില്‍ മരണം സംഭവിക്കുന്നതേയല്ല. എന്നാല്‍ പിന്നെ, അതില്‍ അവന്‍ ജീവിച്ചിരിക്കുകയാണോ ചെയ്യുക? അതും പറഞ്ഞുകൂടാ. കാരണം, അല്‍പമെങ്കിലും ആശ്വാസമോ വിശ്രമമോ ലഭിക്കാതെ കാലാകാലം – ഒഴിവില്ലാതെ – ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കും. അതെ, അവരില്‍ ‘മരണം വിധിക്കപ്പെടുകയില്ല. എന്നാലവര്‍ക്കു മരണപ്പെട്ടുപോകാമായിരുന്നു. അതിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്കു ലഘൂകരണം നല്‍കപ്പെടുന്നതുമല്ല.’ (സൂഃ ഫാത്വിര്‍ 36) അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.
- قَدْ أَفْلَحَ مَن تَزَكَّىٰ ﴾١٤﴿
- തീര്‍ച്ചയായും, (ആത്മ) പരിശുദ്ധി നേടിയവന്‍ ഭാഗ്യം പ്രാപിച്ചു.
- قَدْ أَفْلَحَ തീര്‍ച്ചയായും ഭാഗ്യം പ്രാപിച്ചു, വിജയിച്ചു مَن تَزَكَّى പരിശുദ്ധമായവന്‍, അഭിവൃദ്ധിയടഞ്ഞവന്‍
- وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ ﴾١٥﴿
- തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്ത(വന്‍).
- وَذَكَرَ ഓര്‍ക്കുക (സ്മരിക്കുക - കീര്‍ത്തനം ചെയ്ക)യും ചെയ്ത اسْمَ رَبِّهِ തന്റെ റബ്ബിന്റെ നാമം فَصَلَّى എന്നിട്ട് നമസ്കരിക്കുകയും ചെയ്ത
അവിശ്വാസവും കാപട്യവും കൂടാതെ ഹൃദയം സംശുദ്ധമാക്കുകയും അല്ലാഹുവിനെക്കുറിച്ച് ബോധവും വിചാരവും ഉണ്ടായിരിക്കുകയും, ആ അടിസ്ഥാനത്തില്‍ അല്ലാഹുവിനെ ആരാധിക്കുകയും -വിശിഷ്യാ നമസ്കാര കര്‍മ്മം നിര്‍വഹിക്കുകയും- ചെയ്തവരാരോ അവരത്രെ ഭാഗ്യവാന്മാരും വിജയികളും. അല്ലാത്തവരോ? ദുര്‍ഭാഗ്യവാന്മാരും പരാജിതരും.
تزكى (തസക്കാ) എന്ന വാക്കിനു ‘അഭിവൃദ്ധിപ്പെട്ടു, വളര്‍ന്നു, പരിശുദ്ധമായി’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. സത്യവിശ്വാസം, സല്‍സ്വഭാവം, പരലോകചിന്ത, സക്കാത്ത് തുടങ്ങിയ ദാനധര്‍മ്മങ്ങള്‍, ധ്യാനങ്ങള്‍, ആരാധനാകര്‍മ്മങ്ങള്‍ ആദിയായവ മൂലം ഉളവായിത്തീരുന്ന ആന്തരികമായ ശുദ്ധിയും ആത്മീയാഭിവൃദ്ധിയുമാണ് ഉദ്ദേശ്യം.
- بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا ﴾١٦﴿
- പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുന്നു.
- بَلْ പക്ഷേ, എങ്കിലും, എന്നാല്‍ تُؤْثِرُونَ നിങ്ങള്‍ പ്രാധാന്യം നല്‍കുന്നു, തിരഞ്ഞെടുക്കുകയാണ് الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തിന്, ഇഹലോക ജീവിതത്തെ
- وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ ﴾١٧﴿
- പരലോകമാകട്ടെ, ഏറ്റവും ഉത്തമവും, കൂടുതല്‍ ശേഷിക്കുന്നതുമാണ്.
- وَالْآخِرَةُ പരലോകമാകട്ടെ خَيْرٌ ഉത്തമമാണ് وَأَبْقَى ഏറ്റവും ശേഷിക്കുന്ന (ബാക്കിയാകുന്ന)തുമാണ്
ഇതാണ് നിങ്ങള്‍ക്കു പിണഞ്ഞ ആപത്ത്. നിങ്ങളുടെ സകല നാശത്തിന്റെയും സാക്ഷാല്‍ ഹേതു നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരവും ഏറ്റവും ശേഷിക്കുന്നതുമായ പരലോകത്തെ അവഗണിച്ചതും, പകരം നശ്വരവും ക്ഷണികവുമായ ഐഹിക ജീവിതത്തെ സര്‍വപ്രധാനമാക്കിയതുമാണ്.
- إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ ﴾١٨﴿
- നിശ്ചയമായും, ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്;-
- إِنَّ هَـذَا നിശ്ചയമായും ഇത് لَفِي الصُّحُفِ ഏടുകളില്‍ (തന്നെ) ഉണ്ട് الْأُولَى ആദ്യത്തെ, പൂര്‍വ്വ
- صُحُفِ إِبْرَٰهِيمَ وَمُوسَىٰ ﴾١٩﴿
- അതായത്, ഇബ്രാഹീമിന്റെയും, മൂസായുടെയും ഏടുകളില്‍.
- صُحُفِ إِبْرَاهِيمَ അതായത് ഇബ്രാഹീമിന്റെ ഏടുകള്‍ وَمُوسَى മൂസായുടെയും
മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പ്രബോധനം ചെയ്യുന്നതും ഉപദേശിക്കുന്നതുമായ ഈ തത്വസിദ്ധാന്തങ്ങള്‍ അദ്ദേഹം പുത്തനായി കൊണ്ടുവന്നതല്ല. ഇബ്രാഹീം നബി (عليه السلام), മൂസാ നബി (عليه السلام) മുതലായവര്‍ കൊണ്ടു വന്ന മുന്‍വേദഗ്രന്ഥങ്ങളില്‍ ഉള്ളതുതന്നെ എന്നു സാരം.
اللهم لك الحمد ولك المنة والفضل