സൂറത്തുത്താരിഖ് : 01-17
ത്വാരിഖ് (രാത്രിയിൽ വരുന്നത്)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 17
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- وَٱلسَّمَآءِ وَٱلطَّارِقِ ﴾١﴿
- ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സത്യം)!
- وَالسَّمَاءِ ആകാശം തന്നെയാണ وَالطَّارِقِ (രാത്രി) വന്നുമുട്ടുന്ന (കടന്നുവരുന്ന)തും
- وَمَآ أَدْرَىٰكَ مَا ٱلطَّارِقُ ﴾٢﴿
- രാത്രി കടന്നുവരുന്നത് എന്നാല്‍ എന്താണെന്നു നിനക്കു എന്തറിയാം?!
- وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا الطَّارِقُ രാത്രി കടന്നുവരുന്നത് എന്താണെന്ന്
- ٱلنَّجْمُ ٱلثَّاقِبُ ﴾٣﴿
- തുളച്ചുചെല്ലുന്ന നക്ഷത്രമത്രെ (അത്)
- النَّجْمُ നക്ഷത്രമാണ് الثَّاقِبُ തുളച്ചുചെല്ലുന്ന (ശോഭയേറിയ)
- إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ﴾٤﴿
- എല്ലാ ഓരോ ദേഹവും [ആളും] തന്നെ, അതിന്‍റെ മേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ഒരാള്‍ ഇല്ലാത്തതായിട്ടില്ല.
- إِن كُلُّ نَفْسٍ എല്ലാ ഓരോ ദേഹവും (ആളും - ആത്മാവും) ഇല്ല لَّمَّا عَلَيْهَا അതിന്‍റെമേല്‍ ഇല്ലാതെ حَافِظٌ ഒരു സൂക്ഷിക്കുന്നവന്‍, പാറാവുകാരന്‍, കാക്കുന്നവന്‍
ആകാശത്തെയും നക്ഷത്രത്തെയും കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് രാത്രിയാകകൊണ്ട് രാത്രി കടന്നുവരുന്നത് (الطارق) എന്നും, പ്രകാശിക്കുന്ന ശോഭയോട് കൂടിയതാകകൊണ്ട് തുളച്ചു ചെല്ലുന്നത് (الثاقب) എന്നും അതിനെ വിശേഷിപ്പിച്ചിരിക്കുന്നു. ‘നക്ഷത്രം’ കൊണ്ടുള്ള വിവക്ഷ, പൊതുവില്‍ എല്ലാ നക്ഷത്രങ്ങളുമോ, ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണുന്നതുപോലെ ഏതെങ്കിലും പ്രത്യേക നക്ഷത്രമോ ആകാവുന്നതാണ്. ഓരോ ആളെപ്പറ്റിയും സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരിക്കുന്ന പാറാവുകാരന്‍ ഉണ്ടെന്നും, ആരും ആതില്‍ നിന്നും ഒഴിവില്ല എന്നുമാണ് അല്ലാഹു സത്യം ചെയ്തു പറയുന്നത്.
മനുഷ്യന്റെ കര്‍മങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്ന ചില മലക്കുകള്‍ എല്ലാവരുടെയും കൂടെ ഉണ്ടെന്നു സൂ: ഇന്‍ഫിത്വാര്‍ 10ല്‍ കണ്ടുവല്ലോ. മനുഷ്യന്റെ മുമ്പിലൂടെയും പിമ്പിലൂടെയും അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ടെന്ന്‍ സൂ: റഅ്ദ് 11ലും പ്രസ്താവിച്ചിരിക്കുന്നു. സൂക്ഷിച്ചുകൊണ്ടിരിക്കുന്ന പാറാവുകാരന്‍ (حافظ) എന്ന് ഇവിടെ പറഞ്ഞത് ഈ രണ്ടില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ഉദ്ദേശിച്ചാവാം. അല്ലാഹുവിനെത്തന്നെ ഉദ്ദേശിച്ചും ആവാം. ഏറ്റവും നല്ല പാറാവുകാരന്‍ അവന്‍ തന്നെയാണല്ലോ. (فالله خير حافظا) ഏതായാലും മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചലനങ്ങളും ഒന്നൊഴിയാതെ വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് അവനെ അല്ലാഹു ഉണര്‍ത്തുകയാണ്.
- فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ ﴾٥﴿
- എന്നാല്‍, മനുഷ്യന്‍ (ചിന്തിച്ചു) നോക്കട്ടെ, അവന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്!
- فَلْيَنظُرِ എന്നാല്‍ നോക്കട്ടെ الْإِنسَانُ മനുഷ്യന്‍ مِمَّ خُلِقَ അവന്‍ എന്തിനാല്‍ (ഏതില്‍ നിന്ന്) സൃഷ്ടിക്കപ്പെട്ടു എന്ന്
- خُلِقَ مِن مَّآءٍ دَافِقٍ ﴾٦﴿
- തെറിച്ചുവരുന്ന ഒരു വെള്ളത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്!
- خُلِقَ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു مِن مَّاءٍ ഒരു വെള്ളത്തിനാല്‍ دَافِقٍ തെറിച്ചു വരുന്ന
- يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ﴾٧﴿
- അത് മുതുകെല്ലിന്നും, നെഞ്ചെല്ലുകള്‍ക്കും ഇടയില്‍ നിന്ന് പുറത്തുവരുന്നു.
- يَخْرُجُ അത് പുറത്തുവരുന്നു مِن بَيْنِ الصُّلْبِ മുതുകെല്ലിന്റെ ഇടയില്‍ നിന്ന് وَالتَّرَائِبِ നെഞ്ചെല്ലുകളുടെയും
ഭക്ഷ്യസത്തുക്കളില്‍ നിന്ന് ഉല്‍ഭൂതമാകുന്നതും, ശരീരാംശങ്ങളില്‍ നിന്നെല്ലാം ഒഴുകിവരുന്നതുമാണ് പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും. അതിന്റെ പ്രധാനകേന്ദ്രം പുരുഷന്റെ നട്ടെല്ലുകളും സ്ത്രീയുടെ മേലേ നെഞ്ചെല്ലുകളുമാകുന്നു. അവിടങ്ങളില്‍ നിന്നാണതു വെളിക്കുവരുന്നത്. അതു കൊണ്ടാണ് മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറപ്പെടുന്നുവെന്നു പറഞ്ഞിരിക്കുന്നത്. മാതാപിതാക്കളുടെ ശരീരത്തില്‍ നിന്നു വാര്‍ന്നു തെറിച്ചുവീഴുന്ന ഒരു നിസ്സാരജലത്തിന്റെ ഏറ്റവും ചെറിയ ഒരു ബിന്ദുവില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കപ്പെട്ടവനല്ലേ മനുഷ്യന്‍?! അവനു രണ്ടാമതൊരു ജീവിതം കൂടി നല്‍കുവാന്‍ അല്ലാഹുവിനു കഴിവില്ലെന്നോ?!-
- إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ ﴾٨﴿
- നിശ്ചയമായും, അവന്‍ [അല്ലാഹു] അവനെ മട(ക്കി സൃഷ്ടി)ക്കുന്നതിനു കഴിവുള്ളവന്‍ തന്നെ,-
- إِنَّهُ നിശ്ചയമായും അവന്‍ عَلَى رَجْعِهِ അവനെ മടക്കുവാന്‍, ആവര്‍ത്തിക്കുന്നതിന് لَقَادِرٌ കഴിവുള്ളവന്‍ തന്നെ
- يَوْمَ تُبْلَى ٱلسَّرَآئِرُ ﴾٩﴿
- രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.
- يَوْمَ تُبْلَى പരിശോധിക്ക (പരീക്ഷിക്ക)പ്പെടുന്ന ദിവസം السَّرَائِرُ രഹസ്യങ്ങള്‍, സ്വകാര്യ ചെയ്തികള്‍
- فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ ﴾١٠﴿
- അപ്പോള്‍ അവന് യാതൊരു ശക്തിയാകട്ടെ, സഹായകനാകട്ടെ (ഉണ്ടായിരിക്കുക) ഇല്ല.
- فَمَا لَهُ അപ്പോള്‍ അവന്നില്ല مِن قُوَّةٍ ഒരു ശക്തിയും وَلَا نَاصِرٍ ഒരു സഹായകനുമില്ല
സ്വകാര്യജീവിതത്തില്‍ അവന്‍ നടത്തുന്ന എല്ലാ ഗൂഢപ്രവര്‍ത്തനങ്ങളും, അവന്റെ വിചാരം, വികാരം, ഉദ്ദേശ്യം, വിശ്വാസം മുതലായവയുമെല്ലാം ഖിയാമത്തുനാളില്‍ പരിശോധനാവിഷയമാകുന്നതും, അതനുസരിച്ച് നടപടി എടുക്കപ്പെടുന്നതുമാണ്. ഇന്ന് ഈ കാണുന്ന കഴിവും സ്വാധീനവും ഒന്നും തന്നെ അവന് അന്നുണ്ടായിരിക്കയില്ല. ആരും അവനെ രക്ഷിക്കുവാനും ഉണ്ടാകുന്നതല്ല.
- وَٱلسَّمَآءِ ذَاتِ ٱلرَّجْعِ ﴾١١﴿
- ആവര്‍ത്തി (ച്ചു മഴചൊരി)ക്കുന്ന ആകാശം തന്നെയാണ (സത്യം)!
- وَالسَّمَاءِ ആകാശം തന്നെയാണ ذَاتِ الرَّجْعِ മടക്കം (ആവര്‍ത്തനം) ഉള്ളതായ
- وَٱلْأَرْضِ ذَاتِ ٱلصَّدْعِ ﴾١٢﴿
- (സസ്യലതാദികള്‍ മുളച്ചു) പിളര്‍ന്ന ഭൂമിയും തന്നെയാണ (സത്യം)!
- وَالْأَرْضِ ഭൂമിയുമാണ ذَاتِ الصَّدْعِ പിളരല്‍ ഉള്ള (പിളരുന്ന)തായ
- إِنَّهُۥ لَقَوْلٌ فَصْلٌ ﴾١٣﴿
- നിശ്ചയമായും, ഇത് ഒരു (ഖണ്ഡിതമായ) തീരുമാന വചനം തന്നെയാകുന്നു.
- إِنَّهُ നിശ്ചയമായും ഇത്, അത് لَقَوْلٌ ഒരു വാക്ക് (വചനം) തന്നെ فَصْلٌ തീരുമാനമായ (ഖണ്ഡിതമായ)
മടക്കം അഥവാ ആവര്‍ത്തനം ഉള്ളത് (ذات الرجع) എന്ന് ആകാശത്തെ വിശേഷിപ്പിച്ചതിന് മഴ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നും, ഗോളങ്ങളുടെ ചലനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നും വിവക്ഷ നല്‍കപ്പെടാറുണ്ട്. ആദ്യത്തെ അഭിപ്രായത്തിനാണ് മുന്‍ഗണന കാണുന്നത്. പിളരുന്നത് (ذات الصدع) എന്ന് ഭൂമിയെ വിശേഷിപ്പിച്ചത് മഴ നിമിത്തം സസ്യലതാദികള്‍ മുളച്ചു പൊന്തുമാറ് ചീര്‍ത്തു പിളരുന്നത് എന്ന ഉദ്ദേശ്യത്തിലാകുന്നു. മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചും അവന്റെ പുനരെഴുന്നേല്‍പിനെക്കുറിച്ചും അവന്റെ ചിന്ത തിരിക്കുവാന്‍ പോരുന്നതാണ് ഈ സത്യവാചകങ്ങള്‍. മനുഷ്യനു മരണശേഷം വീണ്ടും ഒരു ജീവിതമുണ്ടെന്നും, അവന്റെ കർമ്മങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും പറയുന്നത് കേവലം തമാശയോ വിനോദമോ ഒന്നുമല്ല. യാതൊരു നീക്കുപോക്കുമില്ലാത്ത വിധം ഖണ്ഡിതവും അവസാനത്തേതുമായ വാക്കാണത് എന്നത്രെ അല്ലാഹു സത്യം ചെയ്തു പറയുന്നത്.
- إِنَّهُمْ يَكِيدُونَ كَيْدًا ﴾١٥﴿
- നിശ്ചയമായും, അവര്‍ [അവിശ്വാസികള്‍] ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു;
- إِنَّهُمْ നിശ്ചയമായും അവര്‍ يَكِيدُونَ തന്ത്രം (ഉപായം) പ്രവര്‍ത്തിക്കുന്നു كَيْدًا ഒരു തന്ത്രം, ഉപായം
- وَأَكِيدُ كَيْدًا ﴾١٦﴿
- ഞാനും ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിക്കുന്നതാണ്.
- وَأَكِيدُ ഞാനും തന്ത്രം പ്രയോഗിക്കുന്നു كَيْدًا ഒരു തന്ത്രം
- فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا ﴾١٧﴿
- ആകയാല്‍, (നബിയേ) അവിശ്വാസികള്‍ക്കു നീ (കാല) താമസം നല്‍കുക; അവര്‍ക്കു നീ അല്‍പമൊന്നു താമസം ചെയ്തു കൊടുക്കുക.
- فَمَهِّلِ ആകയാല്‍ താമസം (ഒഴിവ് - ഇട - സാവകാശം) നല്‍കുക الْكَافِرِينَ അവിശ്വാസികള്‍ക്ക് أَمْهِلْهُمْ അവര്‍ക്ക് താമസം ചെയ്തു കൊടുക്കുക رُوَيْدًا അല്‍പം, കുറച്ച്
സത്യപ്രബോധനത്തെയും, പ്രവാചകനെയും നിഷ്കാസനം ചെയ്യാനായി അവര്‍ ഗൂഢതന്ത്രങ്ങള്‍ പലതും നടത്തികൊണ്ടിരിക്കുകയാണ്. അവരെ പരാജയപ്പെടുത്തുവാനും മുട്ടുകുത്തിക്കുവാനുമുള്ള തന്ത്രങ്ങള്‍ ഞാനും നടത്തുന്നുണ്ട്. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ധൃതിപ്പെടേണ്ടതില്ല. അല്‍പമൊന്നു ക്ഷമിച്ചേക്കുക. താമസിയാതെ അവരെ ഞാന്‍ പരാജയപ്പെടുത്തുകയും പിടികൂടുകയും ചെയ്യാതിരിക്കയില്ല എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമാധാനിപ്പിക്കുകയാണ്. അല്ലാഹുവിന്റെ തന്ത്രം കുറിക്കു കൊള്ളുമെന്നു പറയേണ്ടതില്ല. അതു സംഭവിച്ചു കഴിയുകയും ചെയ്തുവല്ലോ.
اللهم لك الحمد والمنة