സൂറത്തുല്‍ ഇന്‍ശിഖ്വാഖ്വ് : 01-25
ഇൻഷിഖാഖ് (പൊട്ടിപ്പിളരൽ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 25
بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- إِذَا ٱلسَّمَآءُ ٱنشَقَّتْ ﴾١﴿
- ആകാശം പിളരുമ്പോള്‍.
- إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ (ആയാല്‍) انشَقَّتْ അതു പിളരുക, പൊട്ടിക്കീറുക
- وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴾٢﴿
- അതു അതിന്റെ റബ്ബിനു ചെവി കൊടുക്കുക [കൽപനക്കു കീഴൊതുങ്ങുക]യും (ചെയ്യുമ്പോള്‍)! അതു (അതിനു) കടമപ്പെട്ടിരിക്കുന്നുതാനും.
- وَأَذِنَتْ അതു ചെവികൊടുക്കുക (കീഴ്പ്പെടുക - അനുസരിക്കുക)യും لِرَبِّهَا അതിന്റെ റബ്ബിന് وَحُقَّتْ അതു കടമപ്പെടുക (അവകാശപ്പെടുക)യും ചെയ്തിരിക്കുന്നു
- وَإِذَا ٱلْأَرْضُ مُدَّتْ ﴾٣﴿
- ഭൂമി (പരത്തി) നീട്ടപ്പെടുകയും ചെയ്യുമ്പോള്‍!
- وَإِذَا الْأَرْضُ ഭൂമി ആകുമ്പോള്‍ (ആയാല്‍) مُدَّتْ അതു നീട്ട(പരത്തി വിശാലമാക്ക)പ്പെടുക
- وَأَلْقَتْ مَا فِيهَا وَتَخَلَّتْ ﴾٤﴿
- അതിലുള്ളതിനെ അത് (വെളിക്ക്) ഇടുകയും, അതു ഒഴിവായിത്തീരുകയും (ചെയ്യുമ്പോള്‍)!
- وَأَلْقَتْ അത് ഇടുകയും مَا فِيهَا അതിലുള്ളത് وَتَخَلَّتْ അത് ഒഴിവാക്കുക (കാലിയാകുക)യും
- وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴾٥﴿
- അതു അതിന്റെ റബ്ബിനു ചെവികൊടുക്കുക [കൽപനക്കു കീഴൊതുങ്ങുക]യും (ചെയ്യുമ്പോള്‍)! അതു (അതിനു) കടമപ്പെട്ടിരിക്കുന്നുതാനും.
- وَأَذِنَتْ അത് ചെവികൊടുക്കുകയും لِرَبِّهَا അതിന്റെ റബ്ബിന് وَحُقَّتْ അത് കടമപ്പെടുകയും ചെയ്തിരിക്കുന്നു
അതെ, ഇതെല്ലാം സംഭവിക്കുന്ന ആ അതിഗൗരവ ഘട്ടത്തിലാണ് പുനരുത്ഥാനവും, തുടര്‍ന്നുള്ള രക്ഷാശിക്ഷാ നടപടി മുതലായവയും സംഭവിക്കുന്നത് എന്നു താല്‍പര്യം. ആകാശം പൊട്ടിപ്പിളരുക, ഭൂമി നിരത്തി പരപ്പാക്കുക, ലോകാരംഭം മുതല്‍ക്കുള്ള മനുഷ്യരടക്കം ഭൂമി ഉള്‍ക്കൊള്ളുന്ന വസ്തുക്കളെയെല്ലാം വെളിക്കു കൊണ്ടുവരിക മുതലായവ അന്നത്തെ സംഭവവികാസങ്ങളാണെന്നു ഇതിനുമുമ്പുള്ള സൂറത്തുകളില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടതാണ്. ആകാശവും ഭൂമിയും എത്രയോ വന്‍സൃഷ്ടികളാണെങ്കിലും അല്ലാഹുവിന്റെ കല്‍പന വരുമ്പോള്‍ അവ ആ കല്‍പനക്കു പൂര്‍ണമായും വിധേയമാകുന്നു. കല്‍പന അവയില്‍ നടപ്പാകുവാന്‍ യാതൊരു തടസ്സവും ഉണ്ടായിരിക്കയില്ല. ഉണ്ടാകുവാന്‍ അവകാശവുമില്ല. എല്ലാം അവന്റെ സൃഷ്ടിയും, അവന്റെ ഉദ്ദേശമനുസരിച്ചു മാത്രം നിലനിന്നു വരുന്നതുമാണല്ലോ.
- يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ ﴾٦﴿
- ഹേ, മനുഷ്യാ, നിശ്ചയമായും നീ, നിന്റെ റബ്ബിങ്കലേക്കു (തീവ്രമായ) അദ്ധ്വാനം അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്നതാണ്; അങ്ങനെ, (നീ) അവനുമായി കണ്ടുമുട്ടുന്നവനാകുന്നു.
- يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ إِنَّكَ كَادِحٌ നിശ്ചയമായും നീ അദ്ധ്വാനപ്പെട്ടു (ബുദ്ധിമുട്ടി) ക്കൊണ്ടിരിക്കുന്നവനാണ് إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്ക് كَدْحًا ഒരു അദ്ധ്വാനം فَمُلَاقِيهِ അങ്ങനെ അവനെ കണ്ടുമുട്ടുന്നവനാണ്
മനുഷ്യാ നിന്റെ ജീവിതകാലമത്രയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അദ്ധ്വാനിച്ചും ക്ലേശപ്പെട്ടും കൊണ്ടേ ഇരിക്കേണ്ടതുണ്ട്. നന്മയിലാകട്ടെ, തിന്മയിലാകട്ടെ, നിനക്കത് സഹജമാണ്. അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ നീ മരണമടയുകയും നിന്റെ റബ്ബുമായി കണ്ടുമുട്ടേണ്ടിവരികയും ചെയ്യും. അവന്റെ മുമ്പില്‍ നിന്റെ കഴിഞ്ഞ കാല ചെയ്തികളെക്കുറിച്ചു കണക്ക് ബോധിപ്പിക്കേണ്ടിയും വരും. അതുകൊണ്ട് നിന്റെ ആ അദ്ധ്വാനം നിനക്കു തന്നെ ഗുണകരമായി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചുകൊള്ളുക എന്നു സാരം. ഇമാം മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുള്ള ഒരു നബി വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഓരോ മനുഷ്യനും കാലത്തു പുറപ്പെടുന്നു; എന്നിട്ട് അവന്‍ സ്വന്തം ദേഹത്തെ വിറ്റുകൊണ്ടിരിക്കുന്നു. അങ്ങനെ, (ഒന്നുകില്‍) അതിനെ രക്ഷപ്പെടുത്തുന്നവനോ, അല്ലെങ്കില്‍ അതിനെ നാശപ്പെടുത്തുന്നവനോ ആയിരിക്കും അവന്‍.’
(كلُّ النَّاس يغدو، فبائع نَفْسَهُ فمعتقُها، أو مُوبِقها – مسلم)
- فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ ﴾٧﴿
- എന്നാല്‍ അപ്പോള്‍, ഏതൊരുവനു അവന്‍റെ ഗ്രന്ഥം അവന്‍റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ,-
- فَأَمَّا مَنْ എന്നാലപ്പോള്‍ യാതൊരുവന്‍ أُوتِيَ അവന് നല്‍കപ്പെട്ടു كِتَابَهُ അവന്‍റെ ഗ്രന്ഥം بِيَمِينِهِ അവന്‍റെ വലങ്കയ്യില്‍
- فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴾٨﴿
- എന്നാലവന്‍ വഴിയെ ലഘുവായ ഒരു വിചാരണ ചെയ്യപ്പെടുന്നതാണ്.
- فَسَوْفَ എന്നാല്‍ വഴിയെ, പിറകെ يُحَاسَبُ അവന്‍ വിചാരണ ചെയ്യപ്പെടും حِسَابًا ഒരു വിചാരണ يَسِيرًا ലഘുവായ, അല്പമായ
- وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا ﴾٩﴿
- അവന്‍ തന്‍റെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യും.
- وَيَنقَلِبُ അവന്‍ തിരിച്ചു പോകുകയും إِلَى أَهْلِهِ തന്‍റെ സ്വന്തക്കാരി (ആള്‍ക്കാരി)ലേക്ക് مَسْرُورًا സന്തുഷ്ടനായി
റബ്ബുമായി കണ്ടുമുട്ടുമ്പോള്‍ മനുഷ്യന്‍ ഒന്നുകില്‍ സജ്ജനങ്ങളില്‍ പെട്ടവനായിരിക്കും, അല്ലെങ്കില്‍ ദുര്‍ജനങ്ങളില്‍ പെട്ടവനും. ആദ്യത്തെ വിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവനു തന്റെ കര്‍മരേഖയാകുന്ന ഗ്രന്ഥം വലങ്കയ്യില്‍ നല്‍കപ്പെടും. വലതുഭാഗം ശുഭലക്ഷണവും, വിജയ സൂചനയുമാകുന്നു. അവനു നാമമാത്രമായ ഒരു ലഘു വിചാരണ മാത്രമേ നേരിടേണ്ടി വരികയുള്ളു. അതിന്റെ പര്യവസാനം ഗുണമായിരിക്കുകയും ചെയ്യും. അങ്ങനെ അത് കഴിയുമ്പോള്‍ അവന്‍ തന്റെ ആള്‍ക്കാരുടെ അടുക്കലേക്ക് വളരെ സന്തോഷത്തോടും ആഹ്ലാദത്തോടും കൂടി മടങ്ങിച്ചെല്ലുകയും ചെയ്യും. ‘അവന്റെ സ്വന്തക്കാര്‍ – അഥവാ ആള്‍ക്കാര്‍’ (اهله) എന്നു പറഞ്ഞതിന്റെ വിവക്ഷ, സദ്‌വൃത്തരായ അവന്റെ കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍ മുതലായവരോ, സ്വര്‍ഗത്തില്‍ അവന് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വന്തക്കാരോ ആകാവുന്നതാണ്. ആയിശ (رضي الله عنها) പ്രസ്താവിക്കുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ആര്‍ക്കെങ്കിലും വിചാരണ കര്‍ശനമാക്കപ്പെടുന്ന പക്ഷം അവന്‍ ശിക്ഷിക്കപ്പെടും’. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘വലതുകയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവര്‍ ലഘുവായ വിചാരണ ചെയ്യപ്പെടും. (فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘അതു ഒരു (കാര്യമായ) വിചാരണയല്ല; ഒരു പ്രദര്‍ശനം (കര്‍മ്മരേഖ കാട്ടിക്കൊടുക്കല്‍) മാത്രമാകുന്നു. ഖിയാമത്തുനാളില്‍ ആരൊരാളുടെ വിചാരണ കര്‍ശനമായി നടത്തപ്പെട്ടുവോ അവന്‍ ശിക്ഷക്ക് വിധേയനാകുന്നതാണ്’ (ബു: മു.)
- وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ ﴾١٠﴿
- ഏതൊരുവനു അവന്‍റെ ഗ്രന്ഥം അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ-
- وَأَمَّا مَنْ എന്നാല്‍ യാതൊരുവന്‍ أُوتِيَ അവനു നല്‍കപ്പെട്ടു كِتَابَهُ തന്‍റെ ഗ്രന്ഥം وَرَاءَ പിന്നിലൂടെ ظَهْرِهِ അവന്‍റെ മുതുകിന്‍റെ
- فَسَوْفَ يَدْعُوا۟ ثُبُورًا ﴾١١﴿
- അവന്‍ വഴിയെ നാശത്തെ വിളി(ച്ചു നിലവിളി)ക്കുന്നതാണ്.
- فَسَوْفَ എന്നാല്‍ വഴിയെ يَدْعُوا۟ അവന്‍ വിളിക്കും ثُبُورًا നാശം, കഷ്ടപ്പാട്
- وَيَصْلَىٰ سَعِيرًا ﴾١٢﴿
- ആളിക്കത്തുന്ന അഗ്നിയില്‍ അവന്‍ കടന്നെരിയുകയും ചെയ്യും.
- وَيَصْلَى അവന്‍ കടക്കുക(എരിയുക)യും ചെയ്യും سَعِيرًا കത്തിജ്വലിക്കുന്ന അഗ്നിയില്‍, നരകത്തില്‍
ദുര്‍ജനങ്ങളായ ആളുകള്‍ക്ക് അവരുടെ കര്‍മരേഖ അവരുടെ പിന്‍ഭാഗത്തുനിന്ന് ഇടതു കയ്യിലായിരിക്കും നല്‍കപ്പെടുക. ഇതു അശുഭലക്ഷണവും പരാജയ സൂചനയും തന്നെ. അവരുടെ വിചാരണ വളരെ കര്‍ശനവുമായിരിക്കും. ഗ്രന്ഥം കയ്യില്‍ കിട്ടുമ്പോഴേക്കും അവരുടെ കുറ്റങ്ങളും പര്യവസാനവും അവര്‍ക്ക് വ്യക്തമായി തെളിഞ്ഞുകാണും. അയ്യോ! കഷ്ടമേ! എന്നു നിലവിളി കൂട്ടുകയും ചെയ്യും. പക്ഷേ, ഫലമെന്ത്?! നരകം തന്നെ അവര്‍ക്കാധാരം! ദുര്‍ജനങ്ങളുടെ ഏട് അവരുടെ പിന്നില്‍ കൂടി കൊടുക്കുമെന്നു ഇവിടെയും ഇടങ്കയ്യില്‍ കൊടുക്കുമെന്നു 69: 25ലും പറഞ്ഞതില്‍ നിന്ന് സജ്ജനങ്ങളുടെ ഗ്രന്ഥം അവരുടെ മുമ്പില്‍ കൂടിയായിരിക്കും വലങ്കയ്യില്‍ നല്‍കുന്നതെന്നു മനസ്സിലാക്കാവുന്നതാണ്.
- إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا ﴾١٣﴿
- (കാരണം) അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ വെച്ച് സന്തുഷ്ടനായിരുന്നു.
- إِنَّهُ كَانَ കാരണം അവനായിരുന്നു فِي أَهْلِهِ തന്‍റെ സ്വന്ത (ആള്‍)ക്കാരില്‍ مَسْرُورًا സന്തുഷ്ടന്‍
- إِنَّهُۥ ظَنَّ أَن لَّن يَحُورَ ﴾١٤﴿
- അവന്‍ ധരിച്ചു, അവന്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിവരുന്നതേയല്ല എന്ന്.
- إِنَّهُ ظَنَّ നിശ്ചയമായും അവന്‍ ധരിച്ചു أَن لَّن يَحُورَ അവന്‍ മടങ്ങിവരുന്നതേ അല്ല എന്ന്
- بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا ﴾١٥﴿
- ഇല്ലാതേ! [മടങ്ങാതിരിക്കയില്ല] നിശ്ചയമായും അവന്‍റെ റബ്ബ് അവനെപ്പറ്റി കണ്ടറിയുന്നവനായിരുന്നു.
- بَلَى ഇല്ലാതേ, അല്ലാതേ إِنَّ رَبَّهُ നിശ്ചയമായും അവന്‍റെ റബ്ബ് كَانَ بِهِ അവനെക്കുറിച്ച് ആയിരിക്കുന്നു, ആകുന്നു بَصِيرًا കണ്ടറിയുന്നവന്‍
സ്വന്തം ഭാവിയെക്കുറിച്ചുള്ള ചിന്തയോ, അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഇല്ലാതെ, തന്റെ സ്വന്തക്കാരുടെയും ആള്‍ക്കാരുടെയും കൂട്ടത്തില്‍, തികച്ചും സംതൃപ്തനും സന്തുഷ്ടനുമായിക്കൊണ്ടു അവന്‍ അവന്റെ ഐഹിക ജീവിതം കഴിച്ചുകൂട്ടി. അല്ലാഹുവിങ്കലേക്കു തിരിച്ചുചെല്ലേണ്ടി വരികയില്ലെന്നാണ് അവര്‍ ധരിച്ചു വെച്ചത്. ഇതാണ് ഈ ദുര്‍ഗതിക്കു കാരണം. പക്ഷേ, അല്ലാഹുവിങ്കലേക്കു തിരിച്ചുവരാതെയും, അവന്റെ പിടുത്തത്തില്‍ അകപ്പെടാതെയും ഇരിക്കുക സാധ്യമല്ലതന്നെ. അവനെ സൃഷ്ടിച്ചു വളര്‍ത്തിവരുന്ന അവന്റെ രക്ഷിതാവ് സദാ അവനെ കണ്ടും വീക്ഷിച്ചും കൊണ്ടിരിക്കുകയാണല്ലോ.
- فَلَآ أُقْسِمُ بِٱلشَّفَقِ ﴾١٦﴿
- എന്നാല്‍ അസ്തമയ ശോഭകൊണ്ടു ഞാന്‍ സത്യം ചെയ്തു പറയുന്നു;
- فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِالشَّفَقِ അസ്തമയ ശോഭകൊണ്ട്
- وَٱلَّيْلِ وَمَا وَسَقَ ﴾١٧﴿
- രാത്രിയും, അതുള്‍ക്കൊള്ളുന്നവയും കൊണ്ടും-
- وَاللَّيْلِ രാത്രികൊണ്ടും وَمَا وَسَقَ അത് അടക്കിവെച്ച (ഉള്‍ക്കൊള്ളുന്ന)വ കൊണ്ടും
- وَٱلْقَمَرِ إِذَا ٱتَّسَقَ ﴾١٨﴿
- ചന്ദ്രന്‍ നികന്നു (പൂര്‍ണതപ്രാപിച്ചു) വരുമ്പോള്‍ അതു കൊണ്ടും (സത്യം ചെയ്തു പറയുന്നു):-
- وَالْقَمَرِ ചന്ദ്രനെ കൊണ്ടും إِذَا اتَّسَقَ (അതു ചേര്‍ന്നു) പൂര്‍ണ്ണമായി - നികന്നു വരുമ്പോള്‍
- لَتَرْكَبُنَّ طَبَقًا عَن طَبَقٍ ﴾١٩﴿
- തീര്‍ച്ചയായും നിങ്ങള്‍ (ഓരോ) ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്.
- لَتَرْكَبُنَّ നിശ്ചയമായും നിങ്ങള്‍ കയറും (തരണം ചെയ്യും) طَبَقًا ഒരു ഘട്ടം (അടുക്കു, അവസ്ഥ, പടി) ആയിക്കൊണ്ട് عَن طَبَقٍ ഒരു ഘട്ടത്തില്‍ നിന്നു طَبَقًاعَن طَبَقٍ [ഘട്ടം ഘട്ടമായി ഓരോ പടിയായി അടുക്കടുക്കായി]
- فَمَا لَهُمْ لَا يُؤْمِنُونَ ﴾٢٠﴿
- എന്നിരിക്കെ, എന്താണ് ഇവര്‍ക്ക് - ഇവര്‍ വിശ്വസിക്കുന്നില്ല?!-
- فَمَا لَهُمْ എന്നിരിക്കെ, അവ (ഇവ)ര്‍ക്കെന്താണ് لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല (വിശ്വസിക്കാതെ)
- وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩ ﴾٢١﴿
- അവര്‍ക്കു ഖുര്‍ആന്‍ ഓതിക്കൊടുക്കപ്പെട്ടാല്‍ അവര്‍ 'സുജൂദ്' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നുമില്ല?!
- وَإِذَا قُرِئَ ഓതപ്പെട്ടാല്‍ عَلَيْهِمُ അവരില്‍, അവര്‍ക്കു ٱلْقُرْءَانُ ഖുര്‍ആന്‍ لَا يَسْجُدُونَ അവര്‍ സുജൂദ് ചെയ്യുന്നുമില്ല
ഈ ആയത്തു ഓതിക്കഴിഞ്ഞാല്‍ ഓത്തിന്റെ ഒരു സുജൂദ് ചെയ്യേണ്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സുറത്തു ഓതുമ്പോള്‍ സുജൂദ് ചെയ്തതായി ഇമാം മാലിക്, മുസ്‌ലിം (رحمهما الله) മുതലായവര്‍ നിവേദനം ചെയ്തിട്ടുണ്ട്.
അസ്തമയസമയത്തെ ശോഭ, രാത്രി, രാത്രി ഉള്‍കൊള്ളുന്നവ – അഥവാ അതിന്റെ ഇരുട്ടില്‍പെട്ട് മറഞ്ഞു പോകുന്ന വസ്തുക്കള്‍ – പൂര്‍ണദശ പ്രാപിച്ച ചന്ദ്രന്‍ എന്നിങ്ങനെയുള്ള ചില പ്രകൃതി ദൃഷ്ടാന്തങ്ങളെക്കൊണ്ടു അല്ലാഹു സത്യം ചെയ്തു പറയുന്നു : തീര്‍ച്ചയായും നിങ്ങള്‍ ഒന്നിനുശേഷം മറ്റൊന്നായി ഓരോ ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടിരിക്കുമെന്ന് – മരണത്തിനു മുമ്പ് ശൈശവം, കൗമാരം, യുവത്വം, വാര്‍ദ്ധക്യം, രോഗം, ആരോഗ്യം, സുഖം, ദുഃഖം ആദിയായ വിവിധ ഘട്ടങ്ങള്‍ മനുഷ്യര്‍ തരണം ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും ഒരു നല്ല കാര്യമോ ചീത്ത കാര്യമോ സാധിക്കേണമെങ്കില്‍ പോലും അതിനായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. പിന്നീടാണെങ്കില്‍, മരണം, ഖബ്റിലെ ജീവിതം, ഉയര്‍ത്തെഴുന്നേല്‍പ്, മഹ്ശറിലേക്ക് സമ്മേളിക്കല്‍, വിചാരണ, രക്ഷാശിക്ഷകള്‍ ആദിയായ ഘട്ടങ്ങളെയും ഒന്നിനു പിന്നാലെ ഒന്നായി മനുഷ്യന്‍ തരണം ചെയ്യേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, കേവലം നിശ്ചലമോ സുസ്ഥിരമോ ആയ ഒരവസ്ഥയല്ല മനുഷ്യന്നുള്ളത്. വ്യക്തികളില്‍ മാത്രമല്ല, സമൂഹങ്ങളിലും കാണാവുന്ന അവസ്ഥയാണിത്. ഇതെല്ലാം മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതും, അവന്റെ ശാശ്വതമായ ഭാവിയെപ്പറ്റി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ അവനു പ്രേരകമാകേണ്ടതുമാകുന്നു. പക്ഷേ, എന്നിട്ടും സത്യവിശ്വാസം സ്വീകരിക്കുവാനോ, ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ചെവിക്കൊണ്ടു മനസ്സിലാക്കുവാനോ, അല്ലാഹുവിന്റെ മുമ്പില്‍ തലകുനിക്കുവാനോ അവന്‍ തയ്യാറാകുന്നില്ല. അത്ഭുതം തന്നെ. 16 മുതല്‍ 21 കൂടിയ വചനങ്ങളുടെ വ്യാഖ്യാനമായി പ്രാമാണ്യരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും പ്രസ്താവിച്ചിട്ടുള്ളതിന്റെ സാരമാണ് മുകളില്‍ പറഞ്ഞത്. ഈ ആശയത്തെ പിന്‍താങ്ങുമാറുള്ള പല ഖുര്‍ആന്‍ വചനങ്ങളും കാണാവുന്നതുമാകുന്നു.
ഈ സൂറത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബുഖാരീ (رحمه الله) 19ാം വചനത്തിനു പ്രത്യേകമായി ഒരു ശീര്‍ഷകം കൊടുത്തിട്ടുണ്ട്. അതില്‍ طبقا عن طبق എന്ന വാക്കിന് ഇബ്നു അബ്ബാസ് (رضي الله عنه)ല്‍ നിന്നുള്ള ഒരു ഹദീസ് രേഖപ്പെടുത്തിക്കൊണ്ട് حالا بعد حال (ഒരവസ്ഥക്കു ശേഷം മറ്റൊരവസ്ഥ) എന്നാണദ്ദേഹം അര്‍ത്ഥം സ്വീകരിച്ചിരിക്കുന്നത്. മറ്റു പല മഹാന്മാരില്‍ നിന്നും ഇതുപോലെ നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതായി ഇബ്നുകഥീര്‍ (رحمه الله) മുതലായവരും പ്രസ്താവിച്ചിരിക്കുന്നു. ഏതാണ്ട് ഇതേ അര്‍ത്ഥത്തിലുള്ള വേറെ ചില നിവേദനങ്ങളും കാണാം. ചിലതില്‍ شدة بعد شدة (ഒരു കാഠിന്യത്തിനു ശേഷം മറ്റൊരു കാഠിന്യം) എന്നാണുള്ളത്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മേല്‍കണ്ട വ്യാഖ്യാനം ആ വചനത്തിനു നാമും സ്വീകരിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, ഓരോന്നോരോന്നായി വിവിധ ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ് മനുഷ്യന്‍ എന്നു സാരം. അല്‍പം വിഷമത്തോടുകൂടി തരണം ചെയ്യപ്പെടേണ്ടുന്ന അവസ്ഥകളാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നത്രെ لتركبن (തീര്‍ച്ചയായും നിങ്ങള്‍ കയറും) എന്ന പ്രയോഗത്തില്‍ നിന്നു മനസ്സിലാകുന്നത്. അതുകൊണ്ടാണ് വിഷമാവസ്ഥകള്‍ ഓരോന്നായി തരണം ചെയ്തുകൊണ്ടിരിക്കും എന്നു ചില മഹാന്മാര്‍ ഇവിടെ അര്‍ത്ഥം കല്‍പിച്ചതും. ഏതായാലും ‘നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടേയിരിക്കും’ എന്ന് ഈ വചനത്തിനു ചില ‘പുരോഗമനവാദി’കള്‍ കല്‍പിച്ചു കാണുന്ന അര്‍ത്ഥവ്യാഖ്യാനം സ്വീകരിക്കുവാന്‍ ന്യായം കാണുന്നില്ല. കാര്യപ്പെട്ട ഒരു മുഫസ്സിറും അതു പറഞ്ഞു കാണുന്നുമില്ല.
لتركبن (ലതര്‍കബുന്ന) എന്നതില്‍ ب (ബാഉ്) എന്ന അക്ഷരത്തിനു അകാരം (فتح) കൊടുത്തും (ല-തര്‍കബന്ന’ എന്നും) വായനയുണ്ട്. അപ്പോള്‍ അത് ‘നീ കയറും’ എന്ന് അര്‍ത്ഥം വരുന്ന ഏകവചനവും , നേര്‍ക്കുനേരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിക്കുന്നതുമായിരിക്കും. വായനാവ്യത്യാസങ്ങളും, വ്യത്യസ്ത വ്യാഖ്യാനങ്ങളും ഉദ്ധരിച്ചശേഷം പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നുജരീര്‍ (رحمه الله) ഇപ്രകാരം പറയുന്നു: ‘മുഹമ്മദു നബിയേ, ഒരവസ്ഥക്കുശേഷം മറ്റൊരവസ്ഥയും, വിഷമകരമായ ഒരു കാര്യത്തിനു ശേഷം മറ്റൊരു കാര്യവുമായി നീ കയറി (തരണം ചെയ്തു) കൊണ്ടിരിക്കുമെന്നു വ്യാഖ്യാനം നല്‍കിയവരുടെ അഭിപ്രായമാണ് ശരിയായിട്ടുള്ളത്’. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചുകൊണ്ടാണു വാചകമെങ്കിലും എല്ലാ മനുഷ്യരെയും ഉദ്ദേശിച്ചു പറഞ്ഞതാണ് അതെന്നും, ഖിയാമത്തുനാളിലെ വിഷമങ്ങളും ഭീകരതകളും അവര്‍ കണ്ടുമുട്ടേണ്ടിവരുമെന്നാണതിന്‍റെ താല്‍പര്യമെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു.
- بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ ﴾٢٢﴿
- (അത്രയുമല്ല) പക്ഷേ, അവിശ്വസിച്ചവര്‍ വ്യാജമാക്കിക്കൊണ്ടിരിക്കയാണ്.
- بَل പക്ഷേ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يُكَذِّبُونَ വ്യാജമാക്കുന്നു
- وَٱللَّهُ أَعْلَمُ بِمَا يُوعُونَ ﴾٢٣﴿
- അവര്‍ (മനസ്സില്‍) സൂക്ഷിച്ചുവെക്കുന്നതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനുമാകുന്നു.
- وَاللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا يُوعُونَ അവര്‍ സൂക്ഷിച്ചു (ഉള്ളില്‍ വെച്ചു) വരുന്നതിനെപ്പറ്റി
- فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴾٢٤﴿
- ആകയാല്‍, (നബിയേ) അവര്‍ക്കു വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
- فَبَشِّرْهُم ആകയാല്‍ അവര്‍ക്കു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെപ്പറ്റി
- إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ ﴾٢٥﴿
- വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ, അവര്‍ക്കു മുറിഞ്ഞു (നഷ്ടപെട്ടു) പോകാത്ത പ്രതിഫലം ഉണ്ട്.
- إِلَّا الَّذِينَ യാതൊരുവര്‍ക്കൊഴികെ آمَنُوا വിശ്വസിച്ചوَعَمِلُوا الصَّالِحَاتِ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَهُمْ അവര്‍ക്കുണ്ട് أَجْرٌ പ്രതിഫലം, കൂലി غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത (മുറിയാത്ത, നഷ്ടം പറ്റാത്ത)
അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നില്ലെന്നും, ഖുര്‍ആന്‍ സ്വീകരിച്ച് അല്ലാഹുവിനു സാഷ്ടാംഗനമസ്കാരം ചെയ്യുന്നില്ലെന്നും മാത്രമല്ല, ഖുര്‍ആനെയും മറ്റും വ്യാജമാക്കി നിഷേധിക്കുകകൂടി ചെയ്യുന്നു. അതുകൊണ്ട് അവര്‍ക്ക് വല്ല സന്തോഷവാര്‍ത്തയും അറിയിക്കാനുണ്ടെങ്കില്‍ അതു കഠിനമായ ശിക്ഷയെക്കുറിച്ചാണുള്ളത്. നേരെമറിച്ചു സത്യവിശ്വാസവും സല്‍കര്‍മങ്ങളും സ്വീകരിച്ചവര്‍ക്കാകട്ടെ ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത ശാശ്വതമായ പ്രതിഫലവും ഉണ്ടായിരിക്കും. അവര്‍ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നത് (مايوعون) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, അസൂയ, വെറുപ്പ്, വിദ്വേഷം, നിഷേധം മുതലായവയാണ്. الله اعلم
ولله الحمد والمنة