സൂറത്തുല്‍ മുത്വഫ് ഫിഫീന്‍ : 01-36
മുത്വഫ്ഫിഫീൻ (അളവിൽ കുറക്കുന്നവർ)
വചനങ്ങള്‍ 36
بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
ഈ അദ്ധ്യായം മക്കയില്‍ അവതരിച്ചതോ, മദീനയില്‍ അവതരിച്ചതോ എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. മക്കീസൂറത്തുകളില്‍ അവസാനത്തേതാണെന്നും മദനീ സൂറത്തുകളില്‍ ആദ്യത്തേതാണെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം വന്നിരിക്കുന്നു; ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയില്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ അളത്തത്തില്‍ ഏറ്റവും അധികം മോശം വരുത്തുന്നവരായിരുന്നു. അപ്പോള്‍ അല്ലാഹു സൂറത്തുല്‍ മുത്വഫ്-ഫിഫീന്‍ അവതരിപ്പിച്ചു. അപ്പോള്‍ അവര്‍ അളത്തം നന്നാക്കി.’ (ന; ജ; ബ). ഈ ഹദീസില്‍ നിന്നു മനസ്സിലാകുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയില്‍ ചെന്ന ഉടനെയാണ് ഇത് അവതരിച്ചതെന്നാകുന്നു. അല്ലാഹുവിന്നറിയാം.
- وَيْلٌ لِّلْمُطَفِّفِينَ ﴾١﴿
- (അളവില്‍) കുറക്കുന്നവര്‍ക്കു മഹാനാശം! -
- وَيْلٌ കഷ്ടം, മഹാനാശം لِّلْمُطَفِّفِينَ (അളവു) കുറക്കുന്ന (കബളിപ്പിച്ചെടുക്കുന്ന)വര്‍ക്കാണ്
- ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ ﴾٢﴿
- അതായതു, യാതൊരു കൂട്ടര്‍ക്ക്; അവര്‍ ജനങ്ങളോട് അളന്നു വാങ്ങുന്നതായാല്‍ അവര്‍ (അളവു) പൂര്‍ത്തിയാക്കി എടുക്കും;
- الَّذِينَ യാതൊരു കൂട്ടര്‍ إِذَا اكْتَالُوا അവര്‍ അളന്നുവാങ്ങിയാല്‍ عَلَى النَّاسِ ജനങ്ങളോട്, മനുഷ്യരോട് يَسْتَوْفُونَ അവര്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) എടുക്കും
- وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴾٣﴿
- അവര്‍ക്കു (അങ്ങോട്ടു) അളന്നുകൊടുക്കുകയോ, അല്ലെങ്കില്‍ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാല്‍ അവര്‍ (ജനങ്ങള്‍ക്കു) നഷ്ടം വരുത്തുകയും ചെയ്യും.
- وَإِذَا كَالُوهُمْ അവര്‍ അവര്‍ക്കു അളന്നു കൊടുത്താല്‍ أَو وَّزَنُوهُمْ അല്ലെങ്കിലവര്‍ക്കു തൂക്കിക്കൊടുത്താല്‍ يُخْسِرُونَ അവര്‍ നഷ്ടം വരുത്തും
- أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ ﴾٤﴿
- അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ (മരണാനന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്നു?-
- أَلَا يَظُنُّ വിചാരി (ധരി)ക്കുന്നില്ലേ أُولَـئِكَ അക്കൂട്ടര്‍ أَنَّهُم مَّبْعُوثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്നു
- لِيَوْمٍ عَظِيمٍ ﴾٥﴿
- വമ്പിച്ച ഒരു ദിവസത്തിലേക്കു!
- لِيَوْمٍ عَظِيمٍ ഒരു വമ്പിച്ച ദിവസത്തേക്ക്, ദിവസത്തില്‍
- يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ ﴾٦﴿
- (അതെ) ലോകരക്ഷിതാവിങ്കലേക്കു ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.
- يَوْمَ يَقُومُ എഴുന്നേറ്റു വരുന്ന ദിവസം النَّاسُ മനുഷ്യര്‍ لِرَبِّ الْعَالَمِينَ ലോകരുടെ റബ്ബിങ്കലേക്ക്, ലോകരക്ഷിതാവിങ്കലേക്ക്
ജാതിമതഭേദമന്യെ എല്ലാവരും സമ്മതിക്കുന്ന ഒരു വിധിയാണ് അളത്തത്തിലും തൂക്കത്തിലും അന്യരെ കബളിപ്പിക്കുന്നതു തെറ്റാണെന്ന്. പക്ഷേ, അതേസമയത്തു ഈ അക്രമം ജനമധ്യെ സര്‍വത്ര നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചില ആളുകള്‍ ഇങ്ങോട്ടു വാങ്ങുന്നതിനും, അങ്ങോട്ടു കൊടുക്കുന്നതിനും വെവ്വേറെ അളവുതാപ്പുകളും, തൂക്കക്കട്ടികളും ഉപയോഗിക്കലും പതിവാണ്. ഈ സ്വഭാവത്തെ അല്ലാഹു എത്രമാത്രം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നു നോക്കുക. ഒന്നാമതായി, അവര്‍ക്കു വമ്പിച്ച നാശമാണുള്ളതെന്നു താക്കീതു ചെയ്തു. പിന്നീട്, ഖിയാമത്തുനാളില്‍ അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ കൈകെട്ടിനിന്നു അതിനുത്തരം പറയേണ്ടിവരുമെന്നും ശക്തിയായ ഭാഷയില്‍ താക്കീതു ചെയ്തു. ഇത്തരം തോന്നിയവാസങ്ങളും അക്രമങ്ങളും ചെയ്യുന്നവര്‍ക്കുണ്ടാകുന്ന ശിക്ഷാനുഭവങ്ങളെക്കുറിച്ചു തുടര്‍ന്നുള്ള വചനങ്ങളില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. അപ്പോള്‍, അല്ലാഹുവില്‍ വിശ്വാസമുള്ള ഒരു വ്യക്തിയില്‍നിന്നു ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ഒരു മഹാപാതകമാണിതെന്നു പറയേണ്ടതില്ല. എന്നാല്‍, മറ്റേതു സമുദായത്തെക്കാളും ഈ പാപകൃത്യത്തില്‍നിന്നു ഒഴിവായിരിക്കേണ്ടുന്ന മുസ്‌ലിംകളുടെ ഇന്നത്തെ നില വളരെ പരിതാപകരമാകുന്നു. പലരും അതൊരു കച്ചവട സാമര്‍ത്ഥ്യമായിട്ടുപോലും കരുതി വരുന്നു! അങ്ങിനെയുള്ളവര്‍ – അവര്‍ യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികളാണെങ്കില്‍ – ഈ (4 – 6 വചനങ്ങളിലെ) ഗൗരവപ്പെട്ട ചോദ്യത്തിനുള്ള മറുപടി എന്തു പറയുമെന്നു സ്വയം ആലോചിക്കേണ്ടതാണ്.
അളത്തത്തിലും തൂക്കത്തിലും കബളിപ്പിക്കുന്നതിനെപ്പറ്റി ഇവിടെ മാത്രമല്ല. ഒന്നിലധികം സ്ഥലങ്ങളില്‍ വേറെയും അല്ലാഹു കര്‍ശനമായി നിരോധിച്ചിട്ടുള്ളതു കാണാം. സൂ: റഹ്മാന്‍: 7-9; ശുഅറാഉ്: 181 – 183; അന്‍ആം: 152; ഇസ്രാഉ്: 35 മുതലായവ നോക്കുക. ശുഐബ് നബി (عليه السلا) അദ്ദേഹത്തിന്റെ ജനങ്ങളോടു പ്രബോധനം ചെയ്ത ഒരു പ്രധാനവിഷയംതന്നെ അതായിരുന്നുവെന്നു സൂ: ശുഅറാഇലെ വചനങ്ങളില്‍ കാണാവുന്നതാണ്. അതു അനുസരിക്കാതിരുന്ന ആ ജനത അനുഭവിച്ച ശിക്ഷയും പ്രസിദ്ധമാണ്. അളത്തത്തിലും തൂക്കത്തിലും മര്യാദ പാലിക്കുവാന്‍ കല്‍പിച്ചതിനെത്തുടര്‍ന്നു സൂറത്തുല്‍ ഇസ്രാഇലെ ആയത്തില്‍, അതു വളരെ ഗുണകരമായതും, കൂടുതല്‍ നല്ല പരിണാമം ഉണ്ടാകുന്നതുമാണ്. (ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا) എന്നു അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ കൃത്യം പാലിക്കാതിരുന്നാല്‍ ഉണ്ടായേക്കുന്ന ഐഹികമായ കെടുതിയെപറ്റി ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീതു ചെയ്യുന്നതും വളരെ ശ്രദ്ധേയമാകുന്നു. ഹദീസ് ഇതാണ്:-
‘അഞ്ചു കാര്യങ്ങള്‍ക്കുപകരം അഞ്ചുകാര്യം’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. അപ്പോള്‍ ആരോ ചോദിച്ചു: ‘എന്താണു അഞ്ചു കാര്യത്തിനു അഞ്ചുകാര്യം എന്നു പറഞ്ഞത്?’ തിരുമേനി പറഞ്ഞു: ‘ഏതൊരു ജനതയും വാഗ്ദത്തം ലംഘിക്കുന്നതായാല്‍ അല്ലാഹു അവരില്‍ അവരുടെ ശത്രുവിനു അധികാരം നല്‍കാതിരിക്കയില്ല: അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമപ്രകാരം അവര്‍ വിധി നടത്തുന്നതായാല്‍ അവരില്‍ ദാരിദ്ര്യം പരക്കാതിരിക്കയില്ല; അവരില്‍ നീചവൃത്തി പരസ്യമായിത്തീര്‍ന്നാല്‍ അവരില്‍ മരണം പരക്കാതിരിക്കയില്ല; അവര്‍ അളവു കുറക്കുന്നതായാല്‍ അവര്‍ക്കു ഉല്‍പ്പാദനം (വിളവു) തടയപ്പെടുകയും, ക്ഷാമം പിടിപെടുകയും ചെയ്യാതിരിക്കയില്ല. അവർ സക്കാത്ത് മുടക്കുന്നപക്ഷം അവർക്കു മഴ തടസ്സം ചെയ്യപ്പെടാതിരിക്കയില്ല’ (ഹാ; ത്വ.) അല്‍പം തുറന്ന മനസ്സോടെ ചിന്തിച്ചുനോക്കുന്ന ഏവര്‍ക്കും ഈ നബിവചനത്തിന്റെ പുലര്‍ച്ച കണ്ടറിയുവാന്‍ പ്രയാസമില്ലതന്നെ.
- كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍ ﴾٧﴿
- വേണ്ട! നിശ്ചയമായും തോന്നിയവാസികളുടെ ഗ്രന്ഥം 'സിജ്ജീനില്‍' തന്നെയായിരിക്കും.
- كَلَّا വേണ്ട, അങ്ങിനെയല്ല إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْفُجَّارِ തോന്നിയവാസികളുടെ (ദുര്‍ജനങ്ങളുടെ) لَفِي سِجِّينٍ സിജ്ജീനില്‍തന്നെ
- وَمَآ أَدْرَىٰكَ مَا سِجِّينٌ ﴾٨﴿
- 'സിജ്ജീന്‍' എന്നാലെന്താണെന്നു നിനക്കു എന്തറിവാണുള്ളത്?!
- وَمَا أَدْرَاكَ നിനക്കു അറിയിച്ചതെന്താണ് (എന്തറിവാണുള്ളത്) مَا سِجِّينٌ സിജ്ജീന്‍ എന്തെന്നു
- كِتَـٰبٌ مَّرْقُومٌ ﴾٩﴿
- ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്).
- كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം ചെയ്യപ്പെട്ട, എഴുതപ്പെട്ട
‘സിജ്ജീന്‍’ എന്നതുകൊണ്ടു വിവക്ഷ എന്താണെന്നു സൂക്ഷ്മമായി പറയുവാന്‍ നമുക്കു അറിഞ്ഞുകൂട. ദുര്‍മാര്‍ഗികളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഏടുകളെല്ലാം ഉള്‍കൊള്ളുന്ന ഒരു കേന്ദ്രമാണെന്നും, നരകം തന്നെയാണെന്നും മറ്റും പറയപ്പെട്ടിരിക്കുന്നു. അല്ലാഹുവിനറിയാം. അതു എന്താണെന്നു നിനക്കു എന്തറിവാണുള്ളതു എന്ന ചോദ്യം അതിന്റെ ഭയങ്കരതയും ഗൗരവവും ചൂണ്ടിക്കാട്ടുകയാണു. 9-ാം വചനം ‘സിജ്ജീനി’ന്റെ ഒരു നിര്‍വ്വചനമായിട്ടല്ല, ആ ഗ്രന്ഥത്തിന്റെ ഒരു വിവരണമായിട്ടാണുള്ളത്. എല്ലാം ലിഖിതം ചെയ്തു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണതു എന്നു സാരം.
- وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾١٠﴿
- വ്യാജമാക്കുന്നവര്‍ക്കു അന്നത്തെ ദിവസം മഹാനാശം!
- وَيْلٌ يَوْمَئِذٍ അന്നു മഹാനാശം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
- ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ ﴾١١﴿
- അതായതു, പ്രതിഫലനടപടിയുടെ ദിവസത്തെ വ്യാജമാക്കുന്നവര്‍ക്കു.
- الَّذِينَ يُكَذِّبُونَ അതായതു വ്യാജമാക്കുന്നവര്‍ക്ക് بِيَوْمِ الدِّينِ പ്രതിഫല നടപടിയുടെ ദിവസത്തെ
- وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ ﴾١٢﴿
- മഹാപാപിയായ എല്ലാ അതിരുവിട്ടവനുമല്ലാതെ അതിനെ വ്യാജമാക്കുകയില്ലതാനും.
- وَمَا يُكَذِّبُ بِهِ അതിനെ വ്യാജമാക്കയില്ലതാനും إِلَّا كُلُّ مُعْتَدٍ എല്ലാ അതിരുവിട്ടവനു (അതിക്രമിയു)മല്ലാതെ أَثِيمٍ (മഹാ) പാപിയായ
- إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ ﴾١٣﴿
- അവനു നമ്മുടെ 'ആയത്തു' [ലക്ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവന്‍ പറയും: 'പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങളാണ് (ഇതൊക്കെ)’ എന്ന്.
- إِذَا تُتْلَى عَلَيْهِ അവനു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالَ അവന്‍ പറയും أَسَاطِيرُ ഐതിഹ്യം - പുരാണം (പഴങ്കഥ)കളാണു الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, ആദ്യത്തെവരുടെ
എല്ലാ കാലത്തും – ഈ കാലത്തു കൂടുതലും – അനുഭവത്തില്‍ കണ്ടുവരുന്ന ഒരു സമ്പ്രദായമാണിത്. അല്ലാഹു നിശ്ചയിച്ച നിയമാതിര്‍ത്തികളും, ധാര്‍മിക നിയമങ്ങളും അതിലംഘിച്ചുകൊണ്ടു പാപകരവും കുറ്റകരവുമായ ദുര്‍വൃത്തികളില്‍ മുഴുകിയവര്‍ വേദവാക്യങ്ങളും മതലക്ഷ്യങ്ങളും കേള്‍ക്കുമ്പോള്‍, ‘അതു പഴഞ്ചനാണ്, ഐതിഹ്യമാണ്, പിന്തിരിപ്പനാണ്’ എന്നിത്യാദി വാക്കുകള്‍ പറഞ്ഞു പരിഹസിച്ചു തൃപ്തി അടയുക. ഇതിനുള്ള കാരണം അടുത്ത വചനത്തില്‍ നിന്നു മനസ്സിലാക്കാം:-
- كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ ﴾١٤﴿
- അങ്ങിനെയല്ല; പക്ഷേ, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചു കൊണ്ടിരിക്കുന്നതു അവരുടെ ഹൃദയങ്ങളില്‍ കറപിടിച്ചിരിക്കുന്നു.
- كَلَّا അങ്ങിനെയല്ല, വേണ്ട بَلْ رَانَ പക്ഷേ (എങ്കിലും) കറപിടിച്ചിരിക്കുന്നു عَلَى قُلُوبِهِم അവരുടെ ഹൃദയങ്ങളില്‍ مَّا كَانُوا അവരായിരുന്നതു يَكْسِبُونَ സമ്പാദിക്കും, പ്രവര്‍ത്തിച്ചുണ്ടാക്കും
- كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴾١٥﴿
- വേണ്ട! നിശ്ചയമായും, അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍നിന്നും മറയിടപ്പെടുന്നവരത്രെ.
- كَلَّا വേണ്ട, അതല്ല إِنَّهُمْ നിശ്ചയമായും അവര്‍ عَن رَّبِّهِمْ തങ്ങളുടെ റബ്ബില്‍നിന്നു يَوْمَئِذٍ അന്നത്തെ ദിവസം لَّمَحْجُوبُونَ മറയിട (മറക്ക)പ്പെട്ടവര്‍തന്നെ
- ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ ﴾١٦﴿
- പിന്നെ, നിശ്ചയമായും, അവര്‍ ജ്വലിക്കുന്ന അഗ്നിയില്‍ കടന്നു കരിയുന്നവര്‍തന്നെ.
- ثُمَّ إِنَّهُمْ പിന്നെ നിശ്ചയമായും അവര്‍ لَصَالُوا۟ കടക്കുന്ന (കരിയുന്ന)വര്‍തന്നെ الْجَحِيمِ ജ്വലിക്കുന്ന അഗ്നിയില്‍
- ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ ﴾١٧﴿
- പിന്നെ, (അവരോടു) പറയപ്പെടും: 'ഇതത്രെ, നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്നത്'.
- ثُمَّ يُقَالُ പിന്നെ പറയപ്പെടും هَـذَا الَّذِي ഇതത്രെ, യാതൊന്നു كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
അബൂഹുറൈറ (رضي الله عنه) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഒരു അടിയാന്‍ ഒരു പാപം ചെയ്‌താല്‍ അതു അവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിയായിത്തീരും. അതില്‍നിന്നു അവന്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ അതു അവന്റെ ഹൃദയം തുടച്ചു നന്നാക്കുകയും ചെയ്യും. പാപം വര്‍ദ്ധിച്ചാല്‍ അതും (കറുപ്പും) വര്‍ദ്ധിക്കും. അതാണ് അല്ലാഹു ഇങ്ങിനെ പ്രസ്താവിക്കുന്നതെന്നു പറഞ്ഞുംകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പതിനാലാം വചനം ഓതുകയുണ്ടായി.’ (ജ; തി; ന). പാപങ്ങള്‍ വര്‍ദ്ധിക്കും തോറും ഹൃദയം കറപിടിക്കുകയും, അങ്ങനെ അതിലേക്കു നല്ലതൊന്നും പ്രവേശിക്കാതാവുകയും ചെയ്യുന്നു. പശ്ചാത്താപമാണ് ഈ കറ നീക്കുവാനുള്ള ഏക ഔഷധം എന്നത്രെ ഹദീസിന്റെ സാരം.
അന്ന് ദുര്‍ജനങ്ങള്‍ തങ്ങളുടെ റബ്ബില്‍നിന്നും മറയിടപ്പെട്ടവരായിരിക്കുമെന്നു 15-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ഇതില്‍നിന്നു സജ്ജനങ്ങള്‍ക്കു അല്ലാഹുവിനെ ദര്‍ശിക്കുവാന്‍ കഴിയുമെന്നു വ്യക്തമാകുന്നു. ദുര്‍ജനങ്ങളോടു അല്ലാഹുവിനുള്ള വെറുപ്പും കോപവുമാണ് ആ മഹാഭാഗ്യം അവര്‍ക്കു സിദ്ധിക്കാതിരിക്കുവാന്‍ കാരണം. സജ്ജനങ്ങള്‍ അല്ലാഹുവിനെ ദര്‍ശിക്കുന്നതിനെപ്പറ്റി സൂ: ഖിയാമ: 22ഉം, 23ഉം വചനങ്ങളില്‍ വായിച്ചതു ഓര്‍ക്കുക. അടുത്ത വചനങ്ങളില്‍ സജ്ജനങ്ങളുടെ ഗ്രന്ഥത്തെക്കുറിച്ചു പ്രസ്താവിക്കുന്നു:-
- كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ ﴾١٨﴿
- വേണ്ട! നിശ്ചയമായും പുണ്യവാന്മാരുടെ ഗ്രന്ഥം 'ഇല്ലിയ്യീനി'ല്‍ തന്നെയായിരിക്കും.
- كَلَّا വേണ്ടാ إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْأَبْرَارِ പുണ്യവാന്മാരുടെ, സജ്ജനങ്ങളുടെ لَفِي عِلِّيِّينَ ഇല്ലിയ്യീനില്‍തന്നെ
- وَمَآ أَدْرَىٰكَ مَا عِلِّيُّونَ ﴾١٩﴿
- 'ഇല്ലിയ്യൂന്‍' എന്നാല്‍ എന്താണെന്നു നിനക്കു എന്തറിവാണുള്ളത്?!
- وَمَا أَدْرَاكَ നിനക്കു എന്തറിവാണുള്ളത് مَا عِلِّيُّونَ 'ഇല്ലിയ്യൂന്‍' എന്തെന്നു
- كِتَـٰبٌ مَّرْقُومٌ ﴾٢٠﴿
- ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്).
- كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം (ചെയ്യ)പ്പെട്ട
- يَشْهَدُهُ ٱلْمُقَرَّبُونَ ﴾٢١﴿
- അതിന്റെ അടുക്കല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ സന്നിഹിതരാകുന്നതാണ്.
- يَشْهَدُهُ അതിങ്കല്‍ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട
‘സിജ്ജീനിനെ’ക്കുറിച്ചു മുമ്പു പറഞ്ഞതുപോലെത്തന്നെ ‘ഇല്ലിയ്യീനെ’ക്കുറിച്ചും സൂക്ഷ്മമായി നമുക്കൊന്നും അറിഞ്ഞുകൂട. സ്വര്‍ഗമാണെന്നും, വളരെ ഉന്നതവും ശ്രേഷ്ഠവുമായ ഒരു പ്രത്യേകസ്ഥാനമാണെന്നും മറ്റും പറയപ്പെടുന്നു. അതിന്റെ അടുക്കല്‍ അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ചവര്‍ – അഥവാ സ്ഥാനികളായ മലക്കുകള്‍ – സന്നിഹിതരായിരിക്കുമെന്നു പറഞ്ഞതു സജ്ജനങ്ങളുടെ ഗ്രന്ഥങ്ങള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയസ്ഥാനമാണ് ചൂണ്ടിക്കാട്ടുന്നത്.
- إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ﴾٢٢﴿
- നിശ്ചയമായും പുണ്യവാന്മാര്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും.
- إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
- عَلَى ٱلْأَرَآئِكِ يَنظُرُونَ ﴾٢٣﴿
- സോഫ [അലംകൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
- عَلَى الْأَرَائِكِ അലങ്കൃതകട്ടിലു (സോഫ) കളിലായി يَنظُرُونَ അവര്‍ നോക്കും
- تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ ﴾٢٤﴿
- അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്റെ ഓജസ്സു നിനക്കു (കണ്ട്) അറിയാവുന്നതാണ്.
- تَعْرِفُ നീ അറിയും, നിനക്കു മനസ്സിലാകും فِي وُجُوهِهِمْ അവരുടെ മുഖങ്ങളില്‍ نَضْرَةَ ശോഭ (പ്രസന്നത), അഴകു, ഓജസ്സു النَّعِيمِ സുഖാനുഗ്രഹത്തിന്റെ
- يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴾٢٥﴿
- മുദ്രവെക്കപ്പെട്ട ശുദ്ധമായ കള്ളില്‍നിന്നു അവര്‍ക്കു കുടിപ്പാന്‍ നല്‍കപ്പെടും.
- يُسْقَوْنَ അവര്‍ക്കു കുടിപ്പിക്കപ്പെടും مِن رَّحِيقٍ തനി(ശുദ്ധ) പാനീയത്തില്‍ (കള്ളില്‍) നിന്നു مَّخْتُومٍ മുദ്രവെക്കപ്പെട്ട
- خِتَـٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ ﴾٢٦﴿
- അതിന്റെ മുദ്രണം കസ്തൂരിയായിരിക്കും. കിടമത്സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തട്ടെ!
- خِتَامُهُ അതിന്റെ മുദ്രണം مِسْكٌ കസ്തൂരിയായിരിക്കും وَفِي ذَلِكَ അതില്‍ فَلْيَتَنَافَسِ കിടമത്സരം (അസൂയ) നടത്തിക്കൊള്ളട്ടെ الْمُتَنَافِسُونَ കിടമത്സരം നടത്തുന്നവര്‍
- وَمِزَاجُهُۥ مِن تَسْنِيمٍ ﴾٢٧﴿
- അതിന്റെ ചേരുവ 'തസ്നീം' കൊണ്ടായിരിക്കും.
- وَمِزَاجُهُ അതിന്റെ കലര്‍പ്പ് (ചേരുവ) مِن تَسْنِيمٍ തസ്നീം കൊണ്ടായിരിക്കും
- عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ ﴾٢٨﴿
- എന്നുവെച്ചാല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ കുടി(ച്ചാസ്വദി)ക്കുന്ന ഒരു ഉറവു ജലം!
- عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതു കുടിക്കും الْمُقَرَّبُونَ സാമീപ്യം സിദ്ധിച്ചവര്‍
ഉയര്‍ന്നതരം പാനീയങ്ങള്‍ കുപ്പികളിലോ മറ്റോ ആക്കിയശേഷം വല്ലതും പുറത്തുപോകുകയോ, ഉള്ളില്‍ പ്രവേശിക്കുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി അതു അരക്കിട്ടു മുദ്രവെച്ചു ഭദ്രമാക്കാറുണ്ടല്ലോ. അതുപോലെ സ്വര്‍ഗത്തില്‍വെച്ചു അവര്‍ക്കു നല്‍കപ്പെടുന്ന പാനീയങ്ങളും മുദ്രവെക്കപ്പെട്ടിരിക്കും. പക്ഷേ, സ്വര്‍ഗത്തിലെ കസ്തൂരികൊണ്ടായിരിക്കും അവ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ആ പാനീയത്തില്‍ ‘തസ്നീമാ’കുന്ന ചേരുവ കലര്‍ത്തപ്പെട്ടുമിരിക്കും. അല്ലാഹുവിങ്കല്‍ പ്രത്യേക സാമീപ്യസ്ഥാനം സിദ്ധിച്ചവര്‍ക്കു കുടിച്ച് ആസ്വദിക്കുവാനുള്ള ഒരു ഉയര്‍ന്നതരം ഉറവുജലമത്രെ തസ്നീം. മേല്‍ പ്രസ്താവിച്ചതുപോലെയുള്ള അത്യുന്നത സുഖസൗകര്യങ്ങളോടു കൂടിയ ശാശ്വത സ്വര്‍ഗ്ഗീയജീവിതം ലഭിക്കുവാനല്ലേ, മനുഷ്യര്‍ കിടമല്‍സരവും, അശ്രാന്തപരിശ്രമവും നടത്തേണ്ടതു?! അതിനാഗ്രഹിക്കുന്നവര്‍ അതിനു മുമ്പോട്ടുവരട്ടെ. എന്നിങ്ങിനെ ജനങ്ങളെ ആവേശഭരിതരാക്കുന്നതാണ് ഈ വചനങ്ങള്‍.
- إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ ﴾٢٩﴿
- നിശ്ചയമായും കുറ്റം പ്രവര്‍ത്തിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു ചിരിച്ചുകൊണ്ടിരിക്കുമായിരുന്നു.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ أَجْرَمُوا കുറ്റം (തെറ്റു) ചെയ്ത كَانُوا അവരായിരുന്നു مِنَ الَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ചു يَضْحَكُونَ ചിരിക്കും
- وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ ﴾٣٠﴿
- അവര്‍ അവരുടെ അരികെ നടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.
- وَإِذَا مَرُّوا അവര്‍ നടന്നാല്‍ بِهِمْ അവരില്‍കൂടി, അരികെ يَتَغَامَزُونَ അവര്‍ കണ്ണിട്ടു (ആംഗ്യം - ഗോഷ്ടി) കാണിക്കും
- وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ ﴾٣١﴿
- തങ്ങളുടെ സ്വന്തക്കാരുടെ അടുക്കലേക്കു തിരിച്ചു ചെല്ലുമ്പോള്‍ അവര്‍ രസിച്ചു (സംതൃപ്തരായി) ക്കൊണ്ടു തിരിച്ചുചെല്ലുകയും ചെയ്തിരുന്നു.
- وَإِذَا انقَلَبُوا അവര്‍ തിരിച്ചു (മടങ്ങി) ചെന്നാല്‍ إِلَى أَهْلِهِمُ അവരുടെ സ്വന്ത(കൂട്ട)ക്കാരിലേക്ക് انقَلَبُوا അവര്‍ തിരിച്ചു ചെല്ലും فَكِهِينَ രസിക്കുന്നവരായിട്ടു
- وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ ﴾٣٢﴿
- അവര്‍ അവരെ കാണുമ്പോള്‍ പറയുകയും ചെയ്യും: ‘നിശ്ചയമായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ’ എന്ന്.
- وَإِذَا رَأَوْهُمْ അവര്‍ അവരെ കണ്ടാല്‍ قَالُوا അവര്‍ പറയും إِنَّ هَـؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَضَالُّونَ വഴിപിഴച്ചവര്‍തന്നെ
- وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ ﴾٣٣﴿
- അവരുടെ [സത്യവിശ്വാസികളുടെ] മേല്‍ (നോട്ടം ചെയ്യുന്ന) സൂക്ഷിപ്പുകാരായി അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ലതാനും.
- وَمَا أُرْسِلُوا അവര്‍ അയക്ക (നിയോഗിക്ക)പ്പെട്ടിട്ടുമില്ല عَلَيْهِمْ അവരുടെ മേല്‍ (നോട്ടത്തിനു) حَافِظِينَ സൂക്ഷിപ്പുകാരായി, കാക്കുന്നവരായിട്ടു
ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്ന കാലത്തെ മുശ്‌രിക്കുകള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ അനുവര്‍ത്തിച്ചു വന്നിരുന്നതും, ഇസ്ലാമിന്റെ എതിരാളികളില്‍ പലപ്പോഴും കാണപ്പെടുന്നതുമായ ചില സ്വഭാവങ്ങളാണ് ഇവിടെ അല്ലാഹു എടുത്തു പറയുന്നത്. മുസ്‌ലിംകളെക്കുറിച്ചു പുച്ഛിച്ചു ചിരിക്കുക, കണ്ണുകൊണ്ടും മറ്റും ഗോഷ്ടിയും ആംഗ്യവും കാട്ടി പരിഹസിക്കുക, സ്വന്തം ആള്‍ക്കാരുടെ അടുക്കല്‍ ചെല്ലുമ്പോള്‍ അതില്‍ ദുരഭിമാനം കൊള്ളുകയും ചെയ്യുക, പിഴച്ചവരെന്നും കൊള്ളരുതാത്തവരെന്നും അവരെപ്പറ്റി വിധികല്‍പ്പിച്ചു സ്വയം തൃപ്തരാകുക മുതലായവ അമുസ്‌ലിംകളില്‍ മാത്രമല്ല, ഉല്‍ബുദ്ധരെന്നും പുരോഗമനവാദികളെന്നും ആധുനികവാദികളെന്നുമൊക്കെ സ്വയം അഭിമാനിച്ചുകൊണ്ട് മതമൂല്യങ്ങളെയും ഇസ്‌ലാമിക സംസ്കാരങ്ങളെയും പുച്ഛമാക്കിത്തള്ളുന്ന മുസ്‌ലിം നാമധാരികളിലും ഇത്തരം സ്വഭാവം വിരളമല്ല. അൽപം ഇസ്‌ലാമികബോധവും മതനിഷ്ഠയുമുള്ളവരോടായിരിക്കും ഇവരുടെ വെറുപ്പും പരിഹാസവും കൂടുതല്‍ പ്രകടമാകുക.
ഇതെല്ലാം കാണുമ്പോള്‍, സത്യവിശ്വാസികളുടെ കാര്യങ്ങള്‍ പരിശോധിക്കുവാനും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മേലന്വേഷണം നടത്തുവാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് അവരെന്ന് തോന്നിയേക്കും. അതില്ലെന്നു തീര്‍ച്ച തന്നെ. ആ സ്ഥിതിക്കു പിന്നെ എന്തിനാണ് സത്യവിശ്വാസികളെ ഗുണദോഷിക്കുവാനും പരിഹസിക്കുവാനും അവര്‍ മിനക്കെടുന്നത്? എന്നൊക്കെയാണ് 33-ാം വചനത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. ഈ ജീവിതത്തില്‍ തങ്ങളുടെ വൈരികളില്‍നിന്നു സത്യവിശ്വാസികള്‍ ഇങ്ങിനെയുള്ള അനുഭവങ്ങള്‍ പലതും സഹിക്കേണ്ടി വന്നേക്കാമെങ്കിലും പരലോകത്തുവെച്ചുള്ള അനുഭവം മറിച്ചായിരിക്കുമെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
- فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ ﴾٣٤﴿
- എന്നാല്‍ അന്നു [ഖിയാമത്തുനാളില്‍] വിശ്വസിച്ചിട്ടുള്ളവര്‍ അവിശ്വാസികളെക്കുറിച്ചു ചിരിക്കുന്നതാണ്.
- فَالْيَوْمَ എന്നാല്‍ അന്നു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ مِنَ الْكُفَّارِ അവിശ്വാസികളെപ്പറ്റി يَضْحَكُونَ ചിരിക്കുന്നതാണ്
- عَلَى ٱلْأَرَآئِكِ يَنظُرُونَ ﴾٣٥﴿
- സോഫ [അലങ്കൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
- عَلَى الْأَرَائِكِ അലങ്കൃതകട്ടിലുകളിലായി يَنظُرُونَ അവര്‍ നോക്കും
- هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ ﴾٣٦﴿
- അവിശ്വാസികള്‍ക്കു അവര്‍ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നല്‍കപ്പെട്ടുവോ?!
- هَلْ ثُوِّبَ പ്രതിഫലം നല്‍കപ്പെട്ടുവോ الْكُفَّارُ അവിശ്വാസികള്‍ക്ക് مَا كَانُوا അവരായിരുന്നതിനു يَفْعَلُونَ ചെയ്യും
അതെ, അവര്‍ക്കു ലഭിക്കുന്ന പ്രതിഫലങ്ങള്‍ മേല്‍വിവരിച്ച പ്രകാരമായിരിക്കെ, ആ പ്രതിഫലം ലഭിക്കുന്നതോടുകൂടി യഥാര്‍ത്ഥത്തില്‍ അവര്‍ അര്‍ഹിക്കുന്നതും അവര്‍ക്കു അനുയോജ്യവുമായ പ്രതിഫലം അവര്‍ക്കു കിട്ടിക്കഴിഞ്ഞുവെന്നതില്‍ ഒട്ടും സംശയമില്ല.
جعلنا الله من عباده الصالحين الابرار وله الحمد والمنة