സൂറത്തുല്‍ ഇന്ഫിത്വാർ : 01-19
ഇൻഫിത്വാർ (പൊട്ടിക്കീറൽ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 19
بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- إِذَا ٱلسَّمَآءُ ٱنفَطَرَتْ ﴾١﴿
- ആകാശം പൊട്ടിപ്പിളരുമ്പോള്‍! -
- إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ انفَطَرَتْ അതു പൊട്ടിപ്പിളരുമ്പോള്‍
- وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ ﴾٢﴿
- (നക്ഷത്ര) ഗ്രഹങ്ങള്‍ കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോള്‍! -
- وَإِذَا الْكَوَاكِبُ നക്ഷത്രങ്ങള്‍ (ഗ്രഹങ്ങള്‍) ആകുമ്പോള്‍ انتَثَرَتْ അവ കൊഴിഞ്ഞു (ചിതറി) വീഴു(മ്പോള്‍)
- وَإِذَا ٱلْبِحَارُ فُجِّرَتْ ﴾٣﴿
- സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോള്‍! -
- وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ فُجِّرَتْ അവ പൊട്ടി ഒഴുക്കപ്പെടു(മ്പോള്‍)
- وَإِذَا ٱلْقُبُورُ بُعْثِرَتْ ﴾٤﴿
- 'ഖബ്‌റു'കള്‍ (അടിയോടെ) മറിച്ചിടപ്പെടുകയും ചെയ്യുമ്പോള്‍! -
- وَإِذَا الْقُبُورُ ഖബ്‌റു (ശ്മശാനം)കള്‍ ആകുമ്പോള്‍ بُعْثِرَتْ അവ മറിച്ചിട (ഇളക്കി മറിക്ക)പ്പെടുമ്പോള്‍
- عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ ﴾٥﴿
- (അപ്പോള്‍) ഓരോ ആളും താന്‍ മുന്‍ചെയ്തു വെച്ചതും, (ചെയ്യാതെ) പിന്നേക്കുവെച്ചതും എന്താണെന്നു അറിയുന്നതാണ്.
- عَلِمَتْ അറിയുന്നതാണ് نَفْسٌ ഓരോ ദേഹവും, ആത്മാവും, ആളും مَّا قَدَّمَتْ അത് മുന്തിച്ചതു (മുന്‍ചെയ്തുവെച്ചതു) وَأَخَّرَتْ അതു പിന്തിക്കുക (പിന്നോക്കം വെക്കുക)യും
കഴിഞ്ഞ സൂറത്തില്‍ കണ്ടതുപോലെ, ഖിയാമത്തുനാളിലെ ചില സംഭവവികാസങ്ങള്‍ തന്നെയാണ് ഇവിടെയും കാണുന്നത്. ആദ്യത്തെ മൂന്ന് വചനങ്ങളുടെ സാരം അവിടെ വിവരിച്ചതില്‍ നിന്നു മനസ്സിലാക്കാം. 4-ാം വചനത്തില്‍ ഖബ്‌റുകള്‍ അടിയോടെ മറിക്കപ്പെടും എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം മരണപ്പെട്ടുകിടക്കുന്നവരെ ഖബ്‌റുകളില്‍ നിന്നു രണ്ടാമതു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്നാകുന്നു. കഴിഞ്ഞ സൂറത്തിലെ 14-ാം വചനത്തിലെ അതേ ആശയം തന്നെയാണ് 5-ാം വചനത്തിലും അടങ്ങിയിരിക്കുന്നത്. ഇഹത്തില്‍ വെച്ച് ചെയ്തിട്ടുള്ള കര്‍മങ്ങളാണ് مَّا قَدَّمَتْ (മുന്‍ചെയ്തു വെച്ചതു) എന്നതുകൊണ്ടു വിവക്ഷ. مَا أَخَّرْتُ (പിന്നോട്ടു വെച്ചതു) എന്നു പറഞ്ഞതു പ്രവര്‍ത്തിക്കാതെ വിട്ടുകളഞ്ഞ കാര്യങ്ങളുമാകുന്നു. അഥവാ ഓരോരുത്തനും താന്‍ ചെയ്തതും ചെയ്തുതീര്‍ക്കാതെ വിട്ടുകളഞ്ഞതുമായ എല്ലാ കര്‍മങ്ങളും അന്നു അറിയുമെന്നു സാരം. മരണപ്പെടുമ്പോള്‍ വിട്ടേച്ചുപോകുന്ന സ്വത്തുക്കള്‍, മരണശേഷം തുടര്‍ന്നു നടന്നുകൊണ്ടിരിക്കുന്ന നല്ലതോ ചീത്തയോ ആയ ഏര്‍പ്പാടുകള്‍ എന്നിങ്ങിനെയുള്ളവയാണ് مَا أَخَّرْتُ (പിന്നേക്ക് വെച്ചതു) കൊണ്ടു വിവക്ഷ എന്നും ചില വാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏതായാലും തത്വത്തില്‍ എല്ലാം ഒന്നുതന്നെ. وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ (അവര്‍ മുന്‍ചെയ്തുവെച്ചതും അവരുടെ അവശിഷ്ടങ്ങളും – അഥവാ പ്രവര്‍ത്തന ഫലങ്ങളും – നാം എഴുതി രേഖപ്പെടുത്തും) എന്നു സൂ: യാസീനില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
- يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ ﴾٦﴿
- ഹേ, മനുഷ്യാ, ഉദാരനായ (അഥവാ മാന്യനായ) നിന്റെ റബ്ബിനെക്കുറിച്ചു നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? (ആശ്ചര്യം)!
- يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ مَا غَرَّكَ നിന്നെ വഞ്ചിച്ചതെന്താണ് بِرَبِّكَ നിന്റെ റബ്ബിനെക്കുറിച്ച് الْكَرِيمِ മാന്യനായ, ഉദാരനായ, ആദരണീയനായ
- ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ﴾٧﴿
- (അതെ) നിന്നെ സൃഷ്ടിച്ചുണ്ടാക്കി ശരിപ്പെടുത്തി പാകപ്പെടുത്തിയവന്‍; -
- الَّذِي യാതൊരുവന്‍ خَلَقَكَ അവന്‍ നിന്നെ സൃഷ്ടിച്ചു فَسَوَّاكَ എന്നിട്ടു നിന്നെ ശരിപ്പെടുത്തി فَعَدَلَكَ എന്നിട്ടു നിന്നെ പാകപ്പെടുത്തി, ഒപ്പിച്ചു (ശരിയാക്കി)
- فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ ﴾٨﴿
- അവന്‍ ഉദ്ദേശിച്ചതായ ഏതോ ഒരു രൂപത്തില്‍ നിന്നെ അവന്‍ സംഘടിപ്പിച്ചുണ്ടാക്കിയിരിക്കുന്നു.
- فِي أَيِّ صُورَةٍ ഏതോ ഒരു രൂപത്തില്‍ مَّا شَاءَ അവന്‍ ഉദ്ദേശിച്ച رَكَّبَكَ നിന്നെ അവന്‍ സംഘടിപ്പിച്ചു, കൂട്ടിച്ചേര്‍ത്തു
മനുഷ്യാ, നീ നിന്നെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ! അല്ലാഹു നിന്നെ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കി; നിനക്കാവശ്യമായ അവയവങ്ങളും അംഗങ്ങളുമെല്ലാം നല്‍കി ശരിപ്പെടുത്തി; ഓരോന്നും അതതിന്റെ തോതും യോജിപ്പുമനുസരിച്ചു യഥാക്രമം പാകപ്പെടുത്തി: നീയോ മറ്റാരെങ്കിലുമോ ഉദ്ദേശിച്ചിട്ടില്ലാത്ത – അതെ, അവന്‍ മാത്രം ഉദ്ദേശിച്ച – ഒരു രൂപത്തില്‍ നിനക്ക് അവന്‍ രൂപം നല്‍കുകയും ചെയ്തു. ഇങ്ങനെ നിനക്കു സൃഷ്ടിയും രൂപവും നല്‍കി നിന്നെ സംരക്ഷിച്ചുവരുന്ന അത്യുദാരനും അതി മാന്യനുമായ നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കാതെയും, അവന്റെ ശാപകോപങ്ങളെക്കുറിച്ചു ഭയപ്പെടാതെയും നീ കഴിഞ്ഞുകൂടുന്നതു വളരെ ആശ്ചര്യം തന്നെ! അവന്റെ കാര്യത്തില്‍ നീ ഇത്രയും വഞ്ചിതനായിപ്പോയല്ലോ! എന്തൊരത്ഭുതമാണിത്?! എന്നിങ്ങനെ അല്ലാഹു അവിശ്വാസികളെ അഭിമുഖീകരിച്ചു പറയുകയാണ്.
വെളുത്ത മാതാപിതാക്കള്‍ക്കു കറുത്ത സന്താനം ജനിക്കുന്നു; അംഗഭംഗമുള്ളവരില്‍ നിന്നു അംഗങ്ങള്‍ക്കു യാതൊരു ഭംഗവുമില്ലാത്ത കുട്ടികള്‍ ഉണ്ടാകുന്നു; ചിലര്‍ക്കു മാതാവിന്റെയോ പിതാവിന്റെയോ മറ്റോ മുഖച്ഛായ കാണപ്പെടുന്നു; മറ്റു ചിലര്‍ക്കാകട്ടെ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ രൂപമായിരിക്കും; ജ്യേഷ്ഠന്നു ആണ്‍കുട്ടികള്‍ മാത്രം ജനിക്കുമ്പോള്‍ അനുജനു പെണ്‍മക്കള്‍ മാത്രം ഉണ്ടാകുന്നു; ചിലരുടെ രൂപം സുന്ദരവും ആകര്‍ഷകവുമായിരിക്കുമെങ്കില്‍ മറ്റു ചിലരുടേത് വികൃതവും വിരൂപവുമായിത്തീരുന്നു. അങ്ങിനെ പലതും പലതും. ഇതിലെല്ലാം അല്ലാഹുവിന്റെ ഉദ്ദേശത്തിനല്ലാതെ, മറ്റാരുടെയും ഉദ്ദേശത്തിനു പങ്കില്ലെന്നു വ്യക്തമാണല്ലോ.
- كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ ﴾٩﴿
- അങ്ങിനെ വേണ്ട! പക്ഷെ, നിങ്ങള്‍ പ്രതിഫല നടപടിയെ വ്യാജമാക്കിക്കൊണ്ടിരിക്കുന്നു.
- كَلَّا അങ്ങിനെ വേണ്ടാ, അതല്ല بَلْ പക്ഷെ, എങ്കിലും تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നു بِالدِّينِ പ്രതിഫല നടപടിയെ, മതത്തെ
- وَإِنَّ عَلَيْكُمْ لَحَـٰفِظِينَ ﴾١٠﴿
- നിശ്ചയമായും, നിങ്ങളുടെമേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ചിലരുണ്ടുതാനും; -
- وَإِنَّ عَلَيْكُمْ നിശ്ചയമായും നിങ്ങളുടെ മേലുണ്ടുതാനും لَحَافِظِينَ സൂക്ഷിച്ചു (കാത്തു - വീക്ഷിച്ചു) വരുന്നവര്‍
- كِرَامًا كَـٰتِبِينَ ﴾١١﴿
- അതായത്, എഴുതി രേഖപ്പെടുത്തുന്ന ചില മാന്യന്മാര്‍.
- كِرَامًا അതായതു ചില മാന്യന്മാര്‍ كَاتِبِينَ എഴുതുന്നവരായ, എഴുത്തുകാരായ
- يَعْلَمُونَ مَا تَفْعَلُونَ ﴾١٢﴿
- നിങ്ങള്‍ ചെയ്യുന്നതു (എല്ലാം) അവര്‍ അറിയുന്നു.
- يَعْلَمُونَ അവര്‍ അറിയുന്നു مَا تَفْعَلُونَ നിങ്ങള്‍ ചെയ്യുന്നതു
നിങ്ങളുടെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനെക്കുറിച്ചു നിങ്ങള്‍ വഞ്ചിതരായിരിക്കുകയാണ്. അത്രയുമല്ല, നിങ്ങളുടെ ചെയ്തികളെപ്പറ്റി നിങ്ങളെ വിചാരണ ചെയ്തു നടപടി എടുക്കുന്നതിനെപ്പോലും നിങ്ങള്‍ വ്യാജമാക്കി നിഷേധിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോര്‍ക്കണം, നിങ്ങള്‍ ചെയ്യുന്നതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് അവ മുഴുവനും എഴുതിരേഖപ്പെടുത്തുവാന്‍ അല്ലാഹു മാന്യരായ ചില ആളുകളെ – മലക്കുകളെ – നിശ്ചയിച്ചിട്ടുണ്ടെന്നും, നിങ്ങള്‍ ചെയ്യുന്നതെന്തും അവര്‍ അറിയാതെ പോകുന്നതല്ലെന്നും. ആ രേഖയനുസരിച്ചു നിങ്ങളുടെ മേല്‍ ശരിക്കും നടപടി എടുത്തു പ്രതിഫലം നല്‍കാതെ നിങ്ങളെ വിട്ടേക്കുന്നതല്ല എന്നു സാരം. എഴുത്തുകാരായ മലക്കുകളെക്കുറിച്ചു സൂ: ഖ്വാഫ് 16 – 18ല്‍ പ്രസ്താവിച്ചതു ഓര്‍ക്കുക. പ്രതിഫല നടപടി എടുക്കുമ്പോഴുണ്ടാകുന്ന അന്ത്യതീരുമാനം ചുരുക്കത്തില്‍ ഇപ്രകാരമായിരിക്കും: –
- إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ﴾١٣﴿
- നിശ്ചയമായും, പുണ്യവാന്മാര്‍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും.
- إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍, സജ്ജനങ്ങള്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
- وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ ﴾١٤﴿
- (ദുര്‍മാര്‍ഗികളായ) തോന്നിയവാസികള്‍ ജ്വലിക്കുന്ന അഗ്നിയിലും തന്നെയായിരിക്കും.
- وَإِنَّ الْفُجَّارَ തോന്നിയവാസികളാകട്ടെ, ദുര്‍ജനങ്ങള്‍ لَفِي جَحِيمٍ ജ്വലിക്കുന്ന അഗ്നിയിലുമായിരിക്കും
- يَصْلَوْنَهَا يَوْمَ ٱلدِّينِ ﴾١٥﴿
- പ്രതിഫലനടപടിയുടെ ദിവസം അവര്‍ അതില്‍ കടന്നു കരിയുന്നതാണ്.
- يَصْلَوْنَهَا അവരതില്‍ കടക്കും, കരിയും, ചൂടേല്‍ക്കും يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം
- وَمَا هُمْ عَنْهَا بِغَآئِبِينَ ﴾١٦﴿
- അവര്‍ അതു വിട്ട് മറഞ്ഞ് [ഒഴിവായി] പോകുന്നവരുമല്ല.
- وَمَا هُمْ അവരല്ലതാനും عَنْهَا അതുവിട്ടു, അതില്‍നിന്ന് بِغَائِبِينَ മറഞ്ഞു (ഒഴിഞ്ഞു) പോകുന്നവര്‍
- وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ﴾١٧﴿
- പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്നു നിനക്കു എന്തറിയാം?!
- وَمَا أَدْرَاكَ നിനക്കു അറിവു തന്നതെന്തു (എന്തറിയാം) مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിവസമെന്താണെന്ന്
- ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ﴾١٨﴿
- പിന്നെയും [വീണ്ടും], പ്രതിഫലനടപടിയുടെ ദിവസമെന്നാലെന്താണെന്ന് നിനക്കു എന്തറിയാം?!!
- ثُمَّ പിന്നെയും (വീണ്ടും) مَا أَدْرَاكَ നിനക്ക് അറിവുതന്നതെന്തു مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിനം എന്നാലെന്തെന്നു
- يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ ﴾١٩﴿
- (അതെ) ഒരാളും (വേറെ) ഒരാള്‍ക്കു യാതൊന്നും അധീനമാക്കാത്ത (അഥവാ ചെയ്‌വാന്‍ കഴിയാത്ത) ദിവസം! അന്നത്തെ ദിവസം കാര്യം (അഥവാ കല്‍പനാധികാരം) അല്ലാഹുവിനുമായിരിക്കും.
- يَوْمَ لَا تَمْلِكُ അധീനമാക്കാത്ത (ഉടമയാക്കാത്ത - സാധ്യമാകാത്ത) ദിവസം نَفْسٌ ഒരാളും (ആത്മാവും - ദേഹവും) لِّنَفْسٍ ഒരാള്‍ക്കും شَيْئًا യാതൊന്നും, ഒരു കാര്യത്തിനും وَالْأَمْرُ കാര്യം, കല്‍പന, അധികാരം يَوْمَئِذٍ ആ ദിവസം لِّلَّـهِ അല്ലാഹുവിന്നായിരിക്കും
പ്രസ്തുത ദിനത്തിന്റെ ഗൗരവത്തിലേക്കും ഭയങ്കരതയിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ് 17ഉം 18ഉം വചനങ്ങള്‍ ചെയ്യുന്നത്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണവും, കല്‍പനാധികാരവും എക്കാലത്തും അല്ലാഹുവിനു തന്നെ. എങ്കിലും ഐഹിക ജീവിതത്തില്‍ വെച്ചു മനുഷ്യനു കുറെയെല്ലാം ഇച്ഛാസ്വാതന്ത്ര്യവും, കഴിവും അല്ലാഹു നല്‍കിയിട്ടുണ്ട്. അന്നത്തെ ദിവസത്തില്‍ അതെല്ലാം മനുഷ്യനു നിശ്ശേഷം നഷ്ടപ്പെട്ടിരിക്കും. സ്വന്തം കാര്യത്തിലാകട്ടെ, മറ്റൊരാളുടെ കാര്യത്തിലാകട്ടെ എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ഒരാള്‍ക്കും സാധ്യമല്ല. എല്ലാ കാര്യവും, എല്ലാ അധികാരവും, എല്ലാ കല്‍പനയും അന്നു അല്ലാഹുവിനു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും യാതൊരുവിധ പങ്കും ഉണ്ടായിരിക്കയില്ല. അന്നത്തെ ദിവസം പുണ്യവാന്മാരായ സജ്ജനങ്ങളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പെടുത്തട്ടെ. ആമീന്‍.
اللهم لك الحمد والمنة