വിഭാഗം - 2

76:23
  • إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًا ﴾٢٣﴿
  • നിശ്ചയമായും നാം തന്നെയാണ് നിന്റെമേല്‍ ക്വുര്‍ആന്‍ ഒരു (ക്രമേണയായുള്ള) അവതരിപ്പിക്കല്‍ അവതരിപ്പിച്ചിരിക്കുന്നത്.
  • إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا അവതരിപ്പിച്ചു, ഇറക്കി عَلَيْكَ നിന്റെമേല്‍ ٱلْقُرْءَانَ ക്വുര്‍ആനെ تَنزِيلًا ഒരു അവതരിപ്പിക്കല്‍
76:24
  • فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًا ﴾٢٤﴿
  • അതിനാല്‍ നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുക; അവരില്‍ നിന്നു യാതൊരു പാപിയെയോ, അവിശ്വാസിയായുള്ളവനെയോ നീ അനുസരിക്കയും ചെയ്യരുത്.
  • فَاصْبِرْ അതിനാല്‍ ക്ഷമിക്കുക, സഹിക്കുക لِحُكْمِ വിധിക്കു رَبِّكَ നിന്റെ റബ്ബിന്റെ وَلَا تُطِعْ അനുസരിക്കയും അരുത് مِنْهُمْ അവരില്‍ നിന്നു ءَاثِمًا ഒരു പാപിയെയും أَوْ അല്ലെങ്കില്‍ كَفُورًا അവിശ്വാസിയായുള്ളവനെ, നന്ദികെട്ടവനെ
76:25
  • وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا ﴾٢٥﴿
  • രാവിലെയും, വൈകുന്നേരവും, നിന്റെ റബ്ബിന്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.
  • وَاذْكُرِ സ്മരിക്കുക (ഓര്‍ക്കുക - കീര്‍ത്തനം ചെയ്യുക) യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം بُكْرَةً കാലത്തു, രാവിലെ وَأَصِيلًا വൈകുന്നേരവും, വൈകിട്ടും
76:26
  • وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا ﴾٢٦﴿
  • രാത്രിയില്‍ നിന്നും തന്നെ (അല്‍പനേരം) നീ അവനു സുജൂദ് [സാഷ്ടാംഗ നമസ്കാരം] ചെയ്യണം; ഒരു നീണ്ട (സമയം) രാത്രി അവനു 'തസ്ബീഹും' [പ്രകീര്‍ത്തനവും] നടത്തണം.
  • وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും തന്നെ فَاسْجُدْ لَهُ അവനു നീ സുജൂദ് ചെയ്യുക وَسَبِّحْهُ അവനെ പ്രകീര്‍ത്തനവും ചെയ്യുക, വാഴ്ത്തുകയും വേണം لَيْلًا രാത്രി طَوِيلًا നീണ്ട, ദീര്‍ഘിച്ച (സമയം)

ക്വുര്‍ആനെ ഒന്നായി അവതരിപ്പികാതെ സന്ദര്‍ഭമനുസരിച്ചു ഗഡുക്കളായും, സാവകാശമായും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റിയാണ് 23-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതു അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും, അത് തൃപ്തിപ്പെട്ടുകൊള്ളണമെന്നും, സഹനത്തോടും ക്ഷമയോടും കൂടി കൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ചുകൊണ്ടിരിക്കണമെന്നും, അതിനെതിരില്‍ വിലങ്ങടിക്കുന്ന ഏതു പാപികളെയും നിഷേധികളെയും അനുസരിക്കുകയോ അവര്‍ക്കു വഴങ്ങിക്കൊടുക്കുകയോ ചെയ്യരുതെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. ഇങ്ങിനെയുള്ള കല്‍പനകള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു കൂടുതല്‍ മനോധൈര്യവും ദൃഢമനസ്കതയും ഉളവാക്കുന്നതാണെന്നു പറയേണ്ടതില്ല. മാനസികശക്തിയും ആത്മീയപരിശുദ്ധിയും വളര്‍ത്തുന്നതാണ് നമസ്കാരം, തസ്ബീഹു, ദിക്ര്‍ മുതലായ കര്‍മ്മങ്ങള്‍. അതുകൊണ്ടു അവയെപ്പറ്റിയും പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുന്നു. وَاسْتَعِينُوا بِالصَّبْرِ وَالصَّلاةِ : البقرة (നിങ്ങള്‍ ക്ഷമകൊണ്ടും, നമസ്കാരം കൊണ്ടും സഹായം തേടിക്കൊള്ളുക.)

രാവിലെയും വൈകുന്നേരവും റബ്ബിന്റെ നാമം സ്മരിക്കുക എന്നു പറഞ്ഞതില്‍ സുബ്ഹ്, ദുഹ്ര്‍, അസ്വര്‍ എന്നീ നമസ്കാരങ്ങള്‍ മുഖേനയുള്ള സ്മരണയും, രാത്രി കുറച്ചു സമയം സുജൂദു ചെയ്യണമെന്നു പറഞ്ഞതില്‍ മഗ്‌രിബും, ഇശാഉം ഉള്‍പ്പെടുന്നതാണ്. രാത്രി ദീര്‍ഘ നേരം തസ്ബീഹു – സ്തോത്രകീര്‍ത്തനം – നടത്തണമെന്നു പറഞ്ഞതില്‍ രാത്രിയിലെ ‘തഹജ്ജുദ്’ നമസ്കാരം തുടങ്ങിയ ദിക്റുകളും ഉള്‍പ്പെടുന്നു. അഥവാ ഇതു പോലെയുള്ള കല്‍പനകളുടെ പ്രായോഗിക രൂപങ്ങളായിക്കൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതെല്ലാം സമുദായത്തിനു കാണിച്ചു തന്നിരിക്കുന്നത്. ‘ദിക്ര്‍ – തസ്ബീഹു – സുജൂദു’ എന്നിവയെപ്പറ്റിയും, മേപ്പടി സമയങ്ങളെപ്പറ്റിയും സൂ: അങ്കബൂത്ത് 45; സൂ: റൂം: 17, 18 മുതലായ സ്ഥലങ്ങളില്‍ മുമ്പ് വിവരിച്ചതു ഓര്‍ക്കുക.

76:27
  • إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا ﴾٢٧﴿
  • നിശ്ചയമായും, ഇക്കൂട്ടര്‍ ക്ഷണികമായതിനെ [ഐഹികജീവിതത്തെ] ഇഷ്ടപ്പെടുന്നു; ഭാരമേറിയ ഒരു ദിവസത്തെ അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.
  • إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു الْعَاجِلَةَ ക്ഷണികമായ (വേഗം കഴിയുന്ന) തിനെ وَيَذَرُونَ അവര്‍ വിടുക (ഉപേക്ഷിക്കുക) യും ചെയ്യുന്നു وَرَاءَهُمْ അവരുടെ പിന്നില്‍, പുറകില്‍ يَوْمًا ثَقِيلًا ഭാരമേറിയ ഒരു ദിവസം
76:28
  • نَّحْنُ خَلَقْنَٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَٰلَهُمْ تَبْدِيلًا ﴾٢٨﴿
  • നാമത്രെ അവരെ സൃഷ്ടിച്ചതും, അവരുടെ (ശരീര) ഘടനയെ ബലപ്പെടുത്തിയതും. നാം ഉദ്ദേശിച്ചാല്‍, അവര്‍ക്കു തുല്യമായവരെ നാം (അവര്‍ക്കു) പകരമാക്കിക്കൊണ്ടുവരുന്നതുമാണ്.
  • نَّحْنُ നാം, നാമത്രെ خَلَقْنَاهُمْ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതും وَشَدَدْنَا നാം ബലപ്പെടുത്തുകയും ചെയ്തു, ഉറപ്പിച്ചതും أَسْرَهُمْ അവരുടെ (ശരീര) ഘടന, സന്ധുക്കളുടെ കെട്ടുറപ്പ് وَإِذَا شِئْنَا നാം ഉദ്ദേശിച്ചാല്‍, ഉദ്ദേശിക്കുമ്പോള്‍ بَدَّلْنَا നാം പകരമാക്കും أَمْثَالَهُمْ അവര്‍ക്കു തുല്യമായവരെ, അവരെപ്പോലുള്ളവരെ تَبْدِيلًا ഒരു പകരമാക്കല്‍

കഴിഞ്ഞ സൂറത്തിലെ 20, 21 വചനങ്ങളിലെ ആശയം തന്നെയാണ് 27-ാം വചനത്തിലും കാണുന്നത്. അവിടെ ‘പരലോകം (الْأَخِرَة)’ എന്നതിന്റെ സ്ഥാനത്തു ഇവിടെ ‘ഭാരമേറിയ ഒരു ദിവസം (يَوْمًا ثَقِيلًا)’ എന്നാണുള്ളത്. ഇത് ക്വിയാമത്തുനാളാണെന്നു വ്യക്തമാണ്. തങ്ങളുടെ മുമ്പില്‍ കാണുന്ന ക്ഷണികമായ ഐഹികജീവിതത്തില്‍ മാത്രമാണ് അവര്‍ക്കു പ്രതിപത്തിയുള്ളത്. അവരുടെ പിന്നാലെ അടുത്തടുത്ത് വന്നുകൊണ്ടിരിക്കുന്ന ആ ഭാരമേറിയ ദിവസത്തെ അവര്‍ തീരെ അവഗണിച്ചുകളയുന്നു. അതുകൊണ്ടാണ് അവര്‍ സന്മാര്‍ഗത്തില്‍ പ്രവേശിക്കാത്തതു എന്നു താല്‍പര്യം.

28-ാം വചനത്തിന്റെ അവസാനഭാഗം രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: (1) നാം ഉദ്ദേശിക്കുമ്പോള്‍, അഥവാ പുനരുത്ഥാനദിവസം അവരെ പുതിയൊരു സൃഷ്ടിയാക്കി മാറ്റിക്കൊണ്ട് എഴുന്നേല്‍പിക്കും. (2) നാം ഉദ്ദേശിക്കുകയാണെങ്കില്‍, അവരെ മാറ്റി അവരെപ്പോലെയുള്ള വേറൊരു കൂട്ടരെ – അഥവാ രൂപത്തില്‍ തുല്യരാണെങ്കിലും സ്വഭാവത്തിലും മറ്റും വ്യത്യസ്തരായ ഒരു കൂട്ടരെ – ഇവിടെ പകരം കൊണ്ടുവരും. സൂ: ഫാത്വിര്‍ 16 മുതലായ ചില ആയത്തുകളിലെ ആശയം അനുസരിച്ചുള്ളതാണ് ഈ വ്യാഖ്യാനം. മൂന്നാമതായി വേറൊരഭിപ്രായം കൂടി കാണാം. നാമാണു അവരെ സൃഷ്ടിച്ചതും, അവരുടെ ശരീരഘടന ബാലപ്പെടുത്തിയിരിക്കുന്നതും. എന്നിരിക്കെ, നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ ഈ ശരീരഘടനയല്ലാത്ത മറ്റൊരു ശരീരഘടനയുള്ളവരെ ഈ ഭൂമിയില്‍ത്തന്നെ നാം അവര്‍ക്കു പകരമായി കൊണ്ടുവരും എന്നത്രെ ആ അഭിപ്രായം. ഒന്നാമത്തേതിനു ഭാഷാപരമായ ചില ന്യായീകരണങ്ങളും (*) രണ്ടാമത്തെ അഭിപ്രായത്തിനു ക്വുര്‍ആന്‍ വാക്യങ്ങളുടെ പിന്‍ബലവും ചൂണ്ടിക്കാട്ടപ്പെടുന്നു. والله أعلم


(*). يعنى : لان “ان” بالكسر لا تستعمل غاليا فيما هو معلوم الوقوع بخلاف “اذا” فاستعمالها يكون فيما تحقق وقوعه


76:29
  • إِنَّ هَٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ﴾٢٩﴿
  • നിശ്ചയമായും ഇതൊരു (മഹത്തായ) ഉപദേശം (അഥവാ സ്മരണ) ആകുന്നു. ആകയാല്‍ ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവന്‍, തന്റെ റബ്ബിങ്കലേക്കു (വേണ്ടുന്ന) മാര്‍ഗം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.
  • إِنَّ هَـٰذِهِ നിശ്ചയമായും ഇതു تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ് ആകയാല്‍ فَمَن شَاءَ ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തി (ഉണ്ടാക്കി) ക്കൊള്ളട്ടെ, സ്വീകരിക്കാം إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا മാര്‍ഗം, നേര്‍വഴി

76:30
  • وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴾٣٠﴿
  • അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല. നിശ്ചയമായും, അല്ലാഹു സര്‍വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ അവനാകുന്നു عَلِيمًا സര്‍വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍, യുക്തിമാനായ
76:31
  • يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا ﴾٣١﴿
  • അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അക്രമികള്‍ക്കാകട്ടെ, അവര്‍ക്കു വേദനയേറിയ ശിക്ഷ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു.
  • يُدْخِلُ അവന്‍ പ്രവേശിപ്പിക്കും مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ وَالظَّالِمِينَ അക്രമികള്‍ക്കോ أَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കിയിരിക്കുന്നു عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ

29-ാം വചനം പോലെ സൂ: മുസ്സമ്മില്‍ 19ലും കഴിഞ്ഞു പോയിട്ടുണ്ട്. അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയും. ഈ സൂറത്തില്‍ ഇതേ വരെയായി പുണ്യവാന്‍മാരായ സജ്ജങ്ങളുടെയും, അവരുടെ എതിര്‍പക്ഷക്കാരായ ദുര്‍ജ്ജനങ്ങളുടെയും സ്ഥിതിഗതികള്‍ പലതും വിവരിച്ചു. സന്തോഷ വാര്‍ത്തകളും, ഭയവാര്‍ത്തകളും പലതും കഴിഞ്ഞു. അനന്തരം മഹത്തായ ഒരു ഉപദേശമാണിതെന്നും, വേണമെന്നുള്ളവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ എന്നും താക്കീതും നല്‍കി. തുടര്‍ന്നു കൊണ്ടു അതിപ്രധാനമായ ഒരു യാഥാര്‍ത്ഥ്യം അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യനു ഏതൊരു കാര്യവും ഉദ്ദേശിക്കുവാനും അതു പ്രായോഗികമാക്കുവാനും സാധിക്കണമെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. മനുഷ്യന്‍ സന്മാര്‍ഗം സ്വീകരിക്കുന്നതു പോലും അല്ലാഹു ഉദ്ദേശിക്കുമ്പോഴേ ഉണ്ടാവുകയുള്ളു. എന്നാല്‍, ആരൊക്കെയാണ് സന്മാര്‍ഗം പ്രാപിക്കുവാന്‍ അര്‍ഹതയുള്ളവര്‍, ആരൊക്കെയാണ് അതിനു അര്‍ഹരല്ലാത്തവര്‍, എപ്പോഴാണതിന്റെ സന്ദര്‍ഭം എന്നൊക്കെയുള്ള കാര്യങ്ങള്‍ അല്ലാഹുവിനു ശരിക്കും അറിയാം. അതെ, അവന്‍ മാത്രമാണ് അതൊക്കെ അറിയുന്നവന്‍. ഓരോ കാര്യവും യഥായോഗ്യം യുക്തമായ നിലയില്‍ മാത്രം അവന്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍ എല്ലാം അറിയുന്ന സര്‍വ്വജ്ഞനാണ്. യുക്തിമാനും അഗാധജ്ഞനുമാണ്. (إِنَّ اللَّـهَ كَانَ عَلِيمًا حَكِيمًا). ഈ വിഷയകമായി 20-ാം വ്യാഖ്യാനക്കുറിപ്പില്‍ വിസ്തരിച്ചു വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക.

അവസാനമായി, ഇതേവരെ സംസാരിച്ച വിഷയങ്ങളുടെ രത്നച്ചുരുക്കമെന്നോണം, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുമെന്നും, അക്രമികള്‍ക്കു വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഒന്നുകൂടി അനുസ്മരിപ്പിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിനു പാത്രമായിത്തീരുന്നവര്‍ – അഥവാ സജ്ജനങ്ങളായ ഭാഗ്യവാന്‍മാര്‍ – ആരായിരിക്കുമെന്നു മനസ്സിലാക്കാവുന്നതാണ്. അതെ, അക്രമികളും തോന്നിയവാസികളും അല്ലാത്തവര്‍ തന്നെ. അല്ലാഹു അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുന്നതല്ല (وَاللهُ لَا يَهْدِى الْقَوْمَ الْظَّالمين – الصف). തോന്നിയവാസികളായ ജനങ്ങളെയും അവന്‍ സന്മാര്‍ഗത്തിലാക്കയില്ല (وَاللهُ لَا يَهْدِى الْقَوْمَ الْفَاسِقِين – الصف). അപ്പോള്‍, അല്ലാഹുവിനു അവന്റെ വിധി നിര്‍ണ്ണയത്തില്‍ തികച്ചും ന്യായമുണ്ടെന്നു വ്യക്തമായല്ലോ. (قُلْ فَلِلَّهِ الْحٌجَّةُ الْبَالِغَةُ – الأنعام)

[والحمد لله أولا وأخرا وله الحمد والمنة]