സൂറത്തുല്‍ ഇന്സാന് : 01-22
ഇൻസാൻ (മനുഷ്യൻ)
[ഈ അദ്ധ്യായത്തിനു സൂറത്തു – ദ്ദഹ്ര്‍ എന്നും പേരുണ്ട്]
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 31 – വിഭാഗം (റുകുഅ്) 2
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
വെള്ളിയാഴ്ച സുബ്ഹ് നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: സജദഃയും ഈ സൂറത്തും ഓതിയിരുന്നതായി ഹദീഥില്‍ വന്നിരിക്കുന്നു. ഹദീഥു നാം സൂ: സജദഃയുടെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
- هَلْ أَتَىٰ عَلَى ٱلْإِنسَٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا ﴾١﴿
- മനുഷ്യന് പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ (കഴിഞ്ഞു) പോയിട്ടുണ്ടോ?!
- هَلْ أَتَىٰ വന്നിരിക്കുന്നുവോ, കഴിഞ്ഞുപോയോ عَلَى الْإِنسَانِ മനുഷ്യന്റെമേല്‍ حِينٌ ഒരു അവസരം, ഘട്ടം, സമയം مِّنَ الدَّهْرِ കാലത്തില്‍ നിന്നുള്ള لَمْ يَكُن അവന് ആയിരുന്നില്ലാത്ത شَيْئًا ഒരു വസ്തുവും مَّذْكُورًا പറയത്തക്ക, പ്രസ്താവിക്കപ്പെടുന്ന
‘ഉണ്ട്, നിശ്ചയമായും കഴിഞ്ഞുപോയിട്ടുണ്ട്’ എന്നല്ലാതെ ഈ ചോദ്യത്തിനു ഉത്തരം പറയുവാനില്ല. ‘മനുഷ്യന്’ എന്ന അവസ്ഥ പോയിട്ട് ഏതെങ്കിലും രൂപത്തിലുള്ള ഒരു ‘വസ്തു’ എന്നു പോലും പറയപ്പെടാനില്ലാത്ത ഒരു കാലം – എന്നു വെച്ചാല്‍ ശുദ്ധ ശൂന്യമായിരുന്ന എത്രയോ നീണ്ടനീണ്ട ഒരു കാലഘട്ടം – അവനു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട്. ആകാശ ഭൂമികള്‍ക്കു മുമ്പ്, അവയുടെ സൃഷ്ടിക്കു ശേഷം ഈ ഭൂമിയില്‍ ജീവികള്‍ നിലവില്‍ വരുന്നതിനു മുമ്പു, അതിനു ശേഷം മനുഷ്യപിതാവായ ആദം (عليه الصلاة والسلام) സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്, പിന്നീടു ഓരോരുവനും മനുഷ്യ സൃഷ്ടിയായി വെളിക്കു വരുന്നതിനു മുമ്പ് എന്നിങ്ങനെയുള്ള ഓരോ ഘട്ടത്തെക്കുറിച്ചും ഒന്നു ആലോചിച്ചു നോക്കുക! ലോകത്തു മനുഷ്യ വര്‍ഗ്ഗം ജന്മം കൊള്ളുന്നതിനു മുമ്പ് അവനില്‍ കഴിഞ്ഞു പോയ ഈ അതിദീര്‍ഘകാലത്തെ ശൂന്യാവസ്ഥക്കു വിരാമമിട്ടുകൊണ്ട് അവനു അസ്തിത്വം നല്കിയ ഒരു സൃഷ്ടികര്‍ത്താവില്ലാതെ, ഏതെങ്കിലും ഒരു ശുഭമുഹൂര്‍ത്തത്തില്‍ പെട്ടന്നങ്ങു സ്വയം അസ്തിത്വം പൂണ്ടവനാണ് മനുഷ്യന് എന്നു പറയുവാന്‍ ഒരു നിഷ്പക്ഷ ബുദ്ധിക്കു കഴിയുമോ? ഇല്ല, ഭൗതിക ലഹരിയില്‍ മയങ്ങിയതോ, കല്ലു പോലെ മരവിച്ചതോ അല്ലാത്ത ഒരു ബുദ്ധിക്കും കഴിയുകയില്ല തന്നെ.
- إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعًۢا بَصِيرًا ﴾٢﴿
- (പലതിനാലും) മിശ്രമായ ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു - അവനെ നാം പരീക്ഷണം ചെയ്വാനായിട്ട്. അങ്ങനെ, നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.
- إِنَّا خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ مِن نُّطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയാല്‍, ബിന്ദുവില്നിന്നു أَمْشَاجٍ മിശ്രമായ, കലര്‍പ്പുകളായ نَّبْتَلِيهِ നാം അവനെ പരീക്ഷണം ചെയ്തു കൊണ്ടു (ചെയ്വാന്) فَجَعَلْنَاهُ അങ്ങനെ (അതിനാല്‍) നാമവനെ ആക്കി سَمِيعًا കേള്ക്കുന്നവന് بَصِيرًا കാണുന്നവന്
- إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ﴾٣﴿
- ഒന്നുകില്‍ (അവന്) നന്ദിയുള്ളവനായിക്കൊണ്ട്, അല്ലാത്തപക്ഷം നന്ദികെട്ടവനായിക്കൊണ്ട് അവനു നാം മാര്‍ഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു.
- إِنَّا هَدَيْنَاهُ നാം അവനു കാട്ടിക്കൊടുത്തു السَّبِيلَ മാര്‍ഗ്ഗം إِمَّا شَاكِرًا ഒന്നുകില്‍ നന്ദിയുള്ളവനായിക്കൊണ്ട് وَإِمَّا كَفُورًا ഒന്നുകില്‍ (അതല്ലെങ്കില്‍) നന്ദികെട്ടവനായിക്കൊണ്ട്
കേവലം നിസ്സാരമായ ഇന്ദ്രിയ ബിന്ദുവില്‍ നിന്നാണല്ലോ മനുഷ്യന്റെ ഉത്ഭവം. അതേ സമയത്തു വിവിധ വസ്തുക്കളാല്‍ മിശ്രമായതത്രെ ആ ബിന്ദു. പിതാവില്‍ നിന്നും മാതാവില്‍ നിന്നുമുള്ള ബീജാംശങ്ങള്‍ കലര്‍ന്നതെന്ന നിലക്കും, പുരുഷന്റേതു കട്ടികൂടിയതും വെള്ള നിറവും സ്ത്രീയുടേതു നേര്‍ത്തതും മഞ്ഞ നിറവും എന്ന നിലക്കും, ശീതോഷ്ണം, വാത പിത്ത കഫം ആദിയായ പല പ്രകൃതി വിശേഷതകളോടു കൂടിയതെന്ന നിലക്കും, വര്‍ണരൂപ സ്വഭാവാദികളില് പരസ്പരം വ്യത്യാസങ്ങളെന്ന നിലക്കും – എന്നുവേണ്ട, മറ്റു പല നിലക്കും – നോക്കുമ്പോള്‍ ആ ചെറു ബീജം എത്രയോ വസ്തുക്കളുടെയും ഗുണങ്ങളുടെയും മിശ്രമാണെന്നു കാണാം. ബഹു ഗുണങ്ങളടങ്ങിയ പ്രസ്തുത ബീജത്തില്‍ നിന്നു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതു അവന് നന്ദിയുള്ളവനായിരിക്കുമോ, അതല്ല നന്ദികെട്ടവനായിരിക്കുമോ എന്ന ഒരു പരീക്ഷണമായിട്ടത്രെ. ഈ പരീക്ഷണങ്ങളില്‍ വിജയം നേടുവാന്‍ വേണ്ടുന്ന ഉപാധികളും അല്ലാഹു അവനു സജ്ജമാക്കിക്കൊടുത്തിരിക്കുന്നു. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള വിവേചന ശക്തി അവനു നല്‍കിയിട്ടുണ്ട്. മാത്രമല്ല, അവന് ചരിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ യഥാര്‍ത്ഥ മാര്‍ഗം ഇന്നതാണെന്നു ശരിക്കും അവനു കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, ആ മാര്‍ഗം വിട്ടു വ്യതിചലിച്ചവര്‍ കഠിന ശിക്ഷ അര്ഹിക്കുന്നുവെന്നതു തികച്ചും നീതിയുക്തമാണല്ലോ. അതേ സമയത്തു മാര്‍ഗം മുറുകെ പിടിച്ചവര്‍ക്കാകട്ടെ, അവന് വമ്പിച്ച പ്രതിഫലം നല്കുമെന്നു വാഗ്ദാനവും ചെയ്തിരിക്കുന്നു.
- إِنَّآ أَعْتَدْنَا لِلْكَٰفِرِينَ سَلَٰسِلَا۟ وَأَغْلَٰلًا وَسَعِيرًا ﴾٤﴿
- നിശ്ചയമായും നാം, അവിശ്വാസികള്‍ക്കു ചില ചങ്ങലകളും, വിലങ്ങുകളും കത്തിജ്വലിക്കുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.
- إِنَّا أَعْتَدْنَا നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക് سَلَـٰسِلَا۟ ചങ്ങലകള്‍ وَأَغْلَالًا വിലങ്ങു (ആമം) കളും وَسَعِيرًا ജ്വലിക്കുന്ന അഗ്നിയും
- إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا ﴾٥﴿
- നിശ്ചയമായും, പുണ്യവാന്മാര് (മദ്യം നിറച്ച) ഒരു തരം പാനപാത്രത്തില്‍ നിന്നു കുടിക്കുന്നതാണ്;- അതിലെ കൂട്ട് [ചേരുവ] കര്‍പ്പൂരമായിരിക്കും.
- إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്, സജ്ജനങ്ങള്‍ يَشْرَبُونَ അവര്‍ കുടിക്കും مِن كَأْسٍ (മദ്യം നിറച്ച) കോപ്പയില്‍ (പാനപാത്രത്തില്‍) നിന്നു كَانَ مِزَاجُهَا അതിന്റെ ചേരുവ (കലര്‍പ്പു - കൂട്ട്) ആകുന്നു كَافُورًا കര്‍പ്പൂരം
- عَيْنًا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًا ﴾٦﴿
- അതായതു, അല്ലാഹുവിന്റെ അടിയാന്മാര് കുടിക്കുന്നതായ ഒരു ഉറവു (ജലം)! അവരതു (ഇഷ്ടമനുസരിച്ച്) ഒഴുക്കി നടത്തിക്കൊണ്ടിരിക്കും.
- عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതിനെ കുടിക്കും عِبَادُ اللَّـهِ അല്ലാഹുവിന്റെ അടിയാന്മാര് يُفَجِّرُونَهَا അവര്‍ അതിനെ ഒഴുക്കും, പൊട്ടി ഒലിപ്പിക്കും (നടത്തിക്കൊണ്ടു പോകും) تَفْجِيرًا ഒരു ഒഴുക്കല്‍
കുളിര്‍മക്കും, ആനന്ദത്തിനും സുഗന്ധത്തിനും വിശേഷപ്പെട്ട ചേരുവയാണ് കര്‍പ്പൂരം. എന്നാല്‍, സ്വര്‍ഗ്ഗത്തിലെ കര്‍പ്പൂരവും മദ്യവും – മറ്റെല്ലാ സ്വര്‍ഗ്ഗീയ വിഭവങ്ങളുമെന്ന പോലെത്തന്നെ – നമ്മുടെ ഭൗതിക വസ്തുക്കളുമായി നാമമാത്രബന്ധമേ ഉണ്ടായിരിക്കയുള്ളു. ‘അല്ലാഹുവിന്റെ അടിയാന്മാര്’ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ തൃപ്തി ലഭിച്ച സജ്ജനങ്ങള്‍ എന്നാകുന്നു. അവര്‍ ഉദ്ദേശിക്കുമ്പോഴും, ഉദ്ദേശിക്കുന്ന സ്ഥലത്തും, യഥേഷ്ടം ലഭിക്കുമാറ് ഒഴുക്കിക്കൊണ്ടു പോകാവുന്ന വിധത്തിലുള്ള ഒരു നീരുറവയത്രെ പ്രസ്തുത മദ്യം. ഈ അടിയാന്മാരുടെ ഗുണവിശേഷങ്ങളെന്താണെന്നോ?-
- يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا ﴾٧﴿
- അവര്‍ നേര്‍ച്ചയെ നിറവേറ്റുകയും, തിന്മ പാറിപ്പരക്കുന്ന (അഥവാ ആപത്തുകള്‍ വ്യാപിക്കുന്ന)തായ ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുന്നു.
- يُوفُونَ അവര്‍ നിറവേറ്റും, വീട്ടും بِالنَّذْرِ നേര്‍ച്ചയെ, പ്രതിജ്ഞയെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു يَوْمًا ഒരു ദിവസത്തെ كَانَ شَرُّهُ അതിന്റെ തിന്മ (കെടുതി, ദോഷം) ആകുന്നു مُسْتَطِيرًا പാറിപ്പരക്കുന്ന (പടര്‍ന്നു പിടിക്കുന്ന)
- وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا ﴾٨﴿
- ഭക്ഷണത്തിനു പ്രേമമുള്ളതോടെ (ത്തന്നെ) സാധുവിനും, അനാഥക്കും, ബന്ധനസ്ഥനും അവര്‍ ഭക്ഷണം നല്‍കുകയും ചെയ്യുന്നു.
- وَيُطْعِمُونَ അവര്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യും الطَّعَامَ ഭക്ഷണസാധനം عَلَىٰ حُبِّهِ അതിനോട് സ്നേഹമുള്ളതോടെ, പ്രേമത്തോടെ مِسْكِينًا സാധുവിനു, പാവപ്പെട്ടവനു وَيَتِيمًا അനാഥക്കുട്ടിക്കും وَأَسِيرًا ബന്ധനസ്ഥനും, ചിറയില്‍പെട്ടവന്നും
- إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا ﴾٩﴿
- (അവര്‍ പറയും:) 'നിശ്ചയമായും' അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രം ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്കുന്നു; ഞങ്ങള്‍ നിങ്ങളില്‍ നിന്നു ഒരു പ്രതിഫലമാകട്ടെ, നന്ദിയാകട്ടെ ഉദ്ദേശിക്കുന്നില്ല.
- إِنَّمَا نُطْعِمُكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്കുന്നു لِوَجْهِ اللَّـهِ അല്ലാഹുവിന്റെ തിരുമുഖത്തിനു (പ്രീതിക്കു) വേണ്ടി (മാത്രം) لَا نُرِيدُ ഞങ്ങള്‍ (നാം) ഉദ്ദേശിക്കുന്നില്ല مِنكُمْ നിങ്ങളില്‍ നിന്നു جَزَاءً ഒരു പ്രതിഫലവും وَلَا شُكُورًا ഒരു നന്ദിയും, കൃതജ്ഞതയും ഇല്ല
- إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا ﴾١٠﴿
- (വിഷാദപ്പെട്ട്) മുഖം ചുളിച്ചുപോകുന്ന അതിദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നും ഞങ്ങള്‍ ഭയപ്പെടുന്നു.
- إِنَّا نَخَافُ നാം (ഞങ്ങള്‍) ഭയപ്പെടുന്നു مِن رَّبِّنَا ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നു يَوْمًا ഒരു ദിവസത്തെ عَبُوسًا മുഖം ചുളിക്കുന്ന (കഠിനമായ) قَمْطَرِيرًا അതിദുസ്സഹമായ (കഠോരമായ - കഠിനമായി ചുളിക്കുന്ന)
ആ പുണ്യവാന്മാര് അത്രയും അനുഗ്രഹീതരായിത്തീരുമാറ് അവരിലുണ്ടായിരുന്ന ഗുണങ്ങള്‍ എന്തായിരുന്നുവെന്നു അല്ലാഹു ചൂണ്ടിക്കാണിക്കുകയാണ്.
തങ്ങളുടെമേല്‍ നിര്‍ബ്ബന്ധമായി കല്പിക്കപ്പെട്ടിട്ടുള്ള എല്ലാ കടമകളും, തങ്ങള്‍ ചെയ്തു കൊള്ളാമെന്നു സ്വയം പ്രതിജ്ഞ ചെയ്തതുമൂലം തങ്ങളുടെമേല്‍ നിര്‍ബന്ധമായിത്തീര്‍ന്ന മറ്റു കടമകളും ശരിക്കും നിറവേറ്റുക, ആപത്തു നിറഞ്ഞതായ ക്വിയാമത്തു നാളിനെക്കുറിച്ചു സദാ ഭയമുള്ളവരായിരിക്കുക, സാധുക്കള്‍ക്കും അനാഥകള്‍ക്കും ബന്ധനസ്ഥരായ ആളുകള്‍ക്കും അന്നദാനം ചെയ്യുക മുതലായവയത്രെ പ്രസ്തുത ഗുണങ്ങള്‍. ചുരുക്കത്തില്‍, അല്ലാഹുവിനോടുള്ള കടപ്പാടുകളും, സഹജീവികളോടുള്ള കടപ്പാടുകളും അവര്‍ നിര്‍വ്വഹിച്ചിരുന്നു വെന്നു പറയാം. ബന്ധനസ്ഥരായ ആളുകള്‍ക്കു അന്നദാനം ചെയ്യുന്നതില്‍ മുസ്ലിംകളെന്നോ അമുസ്ലിംകളെന്നോ വ്യത്യാസമില്ലാത്തതാണ്. ജയിലിലടക്കപ്പെട്ടവരും, മറ്റുതരത്തില്‍ ബന്ധിക്കപ്പെട്ടവരും അതില്‍ ഉള്‍പ്പെടുകയും ചെയ്യും. ഇബ്നു അബ്ബാസ് (رضي الله تعالى عنه) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടതുപോലെ, ക്വുര്‍ആന്‍ അവതരിച്ച കാലത്തുണ്ടായിരുന്ന ബന്ധനസ്ഥര്‍ മിക്കവാറും മുശ്രിക്കുകളായിരുന്നുവെന്നു വ്യക്തമാണല്ലോ. ബദ്ര് യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരോടു പോലും നല്ല നിലക്കു പെരുമാറുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്പിച്ചിരുന്നതും, സഹാബികള്‍ അവരോടു അതിഥികളെന്ന പോലെ പെരുമാറിയിരുന്നതും, അവര്‍ക്കു ഭക്ഷണം നല്‍കിയതിനു ശേഷമല്ലാതെ തങ്ങള്‍ ഭക്ഷണം കഴിക്കാതിരുന്നതും സ്മരണീയമാകുന്നു.
ധനത്തിനു ആവശ്യവും അതിനോടു പ്രേമവും ഉള്ളപ്പോള്‍ അതു ദാനധര്മ്മങ്ങളില് വിനിയോഗിക്കുന്നതു ഉടമസ്ഥന്റെ ത്യാഗമനസ്ഥിതിയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തില്‍ അയാള്‍ക്കുള്ള ആഗ്രഹവുമാണ് കാണിക്കുന്നത്. അതു ഭക്ഷണസാധനം കൂടിയാകുമ്പോള്‍ വിശേഷിച്ചും. അതുകൊണ്ടാണ് ഭക്ഷണസാധനത്തോടു പ്രേമമുള്ളതോടെത്തന്നെ അവര്‍ ഭക്ഷണം നല്‍കും (وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ) എന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതും. പുണ്യകര്മ്മങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِ (ധനത്തോടു പ്രേമമുള്ളതോടെ അതു നല്‍കുകയും) എന്നു സൂറത്തുല്‍ ബഖറഃ 177ലും പ്രസ്താവിച്ചുകാണാം. സൂ: ആലു ഇംറാന്‍ 92ല്‍, ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നു ചിലവഴിക്കാതെ നിങ്ങള്‍ക്കു പുണ്യം ലഭിക്കുന്നതേയല്ല’ (لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ) എന്നും പ്രസ്താവിച്ചിരിക്കുന്നു. ബുഖാരീ (رحمه الله) ഉദ്ധരിച്ച ഒരു നബിവചനം ഇപ്രകാരമാകുന്നു: ‘ധര്‍മ്മത്തില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായതു ധനത്തിനു മോഹിച്ചും, ദാരിദ്ര്യത്തെ ഭയന്നും കൊണ്ട് നീ ആരോഗ്യവാനും അത്യാര്ത്തിയുള്ളവനുമായിരിക്കെ ചെയ്യുന്ന ധര്‍മ്മമാകുന്നു.’
കീര്‍ത്തിക്കും പേരിനും വേണ്ടിയോ, ആക്ഷേപങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ വേണ്ടിയോ അല്ലെങ്കില്‍ നിര്‍ബന്ധത്തിനു വഴങ്ങിയോ, അല്ലെങ്കില്‍ ധര്‍മ്മം വാങ്ങുന്നവരില്‍ നിന്നു എന്തെങ്കിലും പ്രതിഫലമോ നന്ദി പ്രകടനമോ പ്രതീക്ഷിച്ചു കൊണ്ടോ, മറ്റേതെങ്കിലും താല്പര്യത്തെ മുന്‍നിറുത്തിയോ മനുഷ്യര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. പക്ഷേ, സജ്ജനങ്ങള്‍ ചെയ്യുന്ന ദാനധര്‍മ്മങ്ങളുടെ ലക്ഷ്യം അതൊന്നും ആയിരിക്കയില്ല. അവരുടെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി ലഭിക്കലും, ക്വിയാമത്തുനാളിലെ ഭീകര വിപത്തുകളില്‍ നിന്നു രക്ഷപ്പെടലും മാത്രമായിരിക്കും. തങ്ങളുടെ പക്കല്‍ നിന്നു ധര്‍മ്മം സ്വീകരിക്കുന്നവരില്‍ നിന്ന് ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു പ്രതിഫലം തങ്ങള്‍ക്കു കിട്ടിയാല്‍ കൊള്ളാമെന്നോ, അവര്‍ തങ്ങളോടു നന്ദിയുള്ളവരായിരിക്കണമെന്നോ അവര്‍ക്കു ഉദ്ദേശ്യമുണ്ടായിരിക്കുകയില്ല. ഇതാണ് 9, 10 വചനങ്ങളില്‍ അവരുടെ വാക്കുകളിലൂടെത്തന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്പോള്‍, പാവങ്ങളുടെ നേരെയുള്ള അനുകമ്പയോ, പൊതുവിഷയങ്ങളിലുള്ള ഔല്‍സുക്യമോ കാരണമായി നല്ല വിഷയങ്ങളില്‍ ധനം ചിലവഴിക്കുന്നതായാല്‍ തന്നെയും അല്ലാഹുവിങ്കല്‍ ശരിയായ പുണ്യകര്മ്മമായിത്തീരണമെങ്കില് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആയിരിക്കണം അതിന്റെ ലക്ഷ്യം എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. إِنَّمَا لِكُلِّ امْرِئٍ مَا نَوَى (ഓരോ മനുഷ്യനും അവന് എന്തു ഉദ്ദേശിച്ചോ അതാണു ഉണ്ടാകുക) എന്നാണല്ലോ നബിവചനം.
ഉപകാരം ചെയ്തവരോടു നന്ദികാണിക്കല്‍ മനുഷ്യന്റെ കടമയത്രെ. لَا يَشْكُرُ اللَّهَ مَنْ لَا يَشْكُرُ النَّاسَ – ابو داود والترمذي (ജനങ്ങളോടു നന്ദികാണിക്കാത്തവന്‍ അല്ലാഹുവിനോടും നന്ദികാണിക്കുകയില്ല). (ദാ; തി). പക്ഷേ, ഉപകാരം ചെയ്യുന്നവന് അതു ഉന്നം വെച്ചുകൂടാ എന്നേയുള്ളു. അതുപോലെത്തന്നെ, ചെയ്ത ഉപകാരം എടുത്തു പറയുവാനും പാടില്ലാത്തതാകുന്നു.
لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ : ٢٦٤
(ചെയ്ത ഉപകാരം എടുത്തുപറഞ്ഞും ഉപദ്രവം ചെയ്തും നിങ്ങളുടെ ധര്‍മ്മങ്ങളെ നിങ്ങള്‍ വ്യര്ത്ഥമാക്കിക്കളയരുത്.: അല്‍ബഖറ 264). തങ്ങളുടെ പക്കല്‍ നിന്നു അന്നദാനങ്ങള്‍ സ്വീകരിക്കുന്നവരെ അഭിമുഖീകരിച്ചുകൊണ്ടു സജ്ജനങ്ങള്‍ പറയുന്ന വാക്കുകളാണ് 9, 10 വചനങ്ങളില്‍ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ അതുമൂലം അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലമല്ലാതെ, അവ വാങ്ങുന്നവരില്‍ നിന്നു യാതൊന്നും തന്നെ പകരം ലഭിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നു അവരോടു വ്യക്തമാക്കുന്നതു നല്ലതാണെന്നു കൂടി ഇതില്‍ നിന്നു മനസ്സിലാകുന്നു. والله أعلم
- فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةً وَسُرُورًا ﴾١١﴿
- അതിനാല്‍, ആ ദിവസത്തിന്റെ തിന്മയെ [ആപത്തിനെ] അല്ലാഹു അവര്‍ക്കു കാത്തുകൊടുക്കുന്നതാണ്. അവര്‍ക്കു പ്രസന്നതയും, സന്തോഷവും അവന് ഇട്ടുകൊടുക്കുകയും ചെയ്യും.
- فَوَقَاهُمُ അതിനാല്‍ അവര്‍ക്കു കാത്തു കൊടുക്കും, അവരെ രക്ഷിക്കുന്നതാണ് اللَّـهُ അല്ലാഹു شَرَّ തിന്മയെ (ആപത്തിനെ), തിന്മയില് നിന്നു ذَٰلِكَ الْيَوْمِ ആ ദിവസത്തിന്റെ وَلَقَّاهُمْ അവര്‍ക്കവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും نَضْرَةً പ്രസന്നത, തിളക്കം, ഭംഗി وَسُرُورًا സന്തോഷവും
- وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةً وَحَرِيرًا ﴾١٢﴿
- അവര്‍ ക്ഷമിച്ചതു നിമിത്തം അവര്‍ക്കു (സ്വര്‍ഗീയ) തോട്ടവും, പട്ടും അവന് പ്രതിഫലം കൊടുക്കുന്നതുമാണ്;-
- وَجَزَاهُم അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും بِمَا صَبَرُوا അവര്‍ ക്ഷമിച്ച (സഹിച്ച)തു കൊണ്ട് جَنَّةً സ്വര്‍ഗം, തോട്ടം وَحَرِيرًا പട്ടും
- مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ﴾١٣﴿
- അതില്‍ സോഫ (അഥവാ അലങ്കൃത കട്ടിലു) കളില്‍ ചാരിയിരുന്നുകൊണ്ടു (അവര്‍ സുഖിക്കും). വെയിലാകട്ടെ, കടുംതണുപ്പാകട്ടെ, അതിലവര്‍ കാണുകയില്ല.
- مُّتَّكِئِينَ ചാരിയിരുന്നുകൊണ്ടു فِيهَا അതില്‍ عَلَى الْأَرَائِكِ അലങ്കൃത കട്ടിലുകളില്‍, സോഫമേല്‍ لَا يَرَوْنَ അവര്‍ കാണുകയില്ല فِيهَا അതില്‍ شَمْسًا സൂര്യനെ, വെയില് (ചൂട്) وَلَا زَمْهَرِيرًا അതിശൈത്യവും (കാണുക) ഇല്ല
- وَدَانِيَةً عَلَيْهِمْ ظِلَٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ﴾١٤﴿
- അതിലെ തണലുകള്‍ [മരക്കൊമ്പുകള്‍] അവര്‍ക്കു മീതെ അടുത്തതായിക്കൊണ്ടുമായിരിക്കും. അതിലെ പഴക്കുലകള്‍ നിഷ്പ്രയാസമാക്കി സൗകര്യപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നതാണ്.
- وَدَانِيَةً അടുത്തതായിക്കൊണ്ടും عَلَيْهِمْ അവരുടെ മേല്‍ ظِلَالُهَا അതിലെ തണലുകള്‍ وَذُلِّلَتْ എളുപ്പമാക്കി (നിഷ്പ്രയാസമാക്ക - സൗകര്യപ്പെടുത്ത) പ്പെടുകയും ചെയ്തിരിക്കുന്നു قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ تَذْلِيلًا ഒരു എളുപ്പമാക്കല്‍
- وَيُطَافُ عَلَيْهِم بِـَٔانِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا۠ ﴾١٥﴿
- വെള്ളി കൊണ്ടുള്ള പാത്രങ്ങളും, സ്ഫടികങ്ങളായ കൂജകളുമായി അവരിലൂടെ ചുറ്റിനടക്കപ്പെടുകയും ചെയ്യും.
- وَيُطَافُ ചുറ്റിനടക്കപ്പെടും عَلَيْهِم അവരില്‍ بِـَٔانِيَةٍ പാത്രങ്ങളുമായി مِّن فِضَّةٍ വെള്ളിയാലുള്ള وَأَكْوَابٍ കോപ്പ (കൂജ) കളുമായും كَانَتْ അവയായിരിക്കുന്നു قَوَارِيرَا പളുങ്കു (പാത്രം) കള്‍, സ്ഫടികങ്ങള്‍
- قَوَارِيرَا۟ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا ﴾١٦﴿
- അതായതു, വെള്ളികൊണ്ടുള്ള സ്ഫടിക (മയമായ) പാത്രങ്ങള്‍! അവര്‍ അവയ്ക്കു ഒരു തോതു നിര്‍ണ്ണയപ്പെടുത്തുന്നതാണ്.
- قَوَارِيرَا۟ അതായതു പളുങ്കുകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള قَدَّرُوهَا അതിനെ അവര്‍ കണക്കാക്കി (നിര്‍ണ്ണയം ചെയ്തി) രിക്കുന്നു تَقْدِيرًا ഒരു കണക്കാക്കല്‍
തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതിലും സ്വന്തം ആവശ്യങ്ങള്‍ അവഗണിച്ചു ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലുമെല്ലാം അവര്‍ അതിയായ ക്ഷമയും സഹനവും കൈക്കൊള്ളേണ്ടി വന്നിട്ടുണ്ടല്ലോ. അതുനിമിത്തം അല്ലാഹു അവര്‍ക്കു കൊടുത്തിരുന്ന കണക്കറ്റ അനുഗ്രഹങ്ങളുടെ ചില ഉദാഹരണങ്ങളാണ് ഈ വചനങ്ങളിലും അടുത്ത വചനങ്ങളിലും കാണുന്നത്. അതെ, അവര്‍ ഇച്ഛിച്ചിരുന്നതുപോലെ ക്വിയാമത്തുനാളിലെ ഭയങ്കരതകളില്‍ നിന്നെല്ലാം അല്ലാഹു അവരെ കാത്തു രക്ഷിക്കുകയും, അതിനു പുറമെ അവര്‍ണ്ണനീയമായ സ്വര്‍ഗീയ സുഖസൗകര്യങ്ങള്‍കൊണ്ടു അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങിനെ, പരിപൂര്‍ണ്ണ സംതൃപ്തിയും അതിരറ്റ സന്തോഷവും കാലാകാലം അവരെ ആശ്ലേഷിച്ചുകൊണ്ടിരിക്കും.
പഴങ്ങള്‍ക്കു ആവശ്യം തോന്നുമ്പോള്‍ ഇരുന്നോ, നിന്നോ, കിടന്നോ നിഷ്പ്രയാസം പറിച്ചെടുക്കുവാന്‍ സാധിക്കുമാറു പ്രത്യേക സൗകര്യങ്ങളോടുകൂടിയാണ് സ്വര്‍ഗത്തിലെ ഫലവൃക്ഷങ്ങള്‍ സ്ഥിതിചെയ്യുന്നതു എന്നത്രെ ذُلِّلَتْ قُطُوفُهَا تَذْلِيلًا (അതിലെ പഴക്കുലകള്‍ നിഷ്പ്രയാസം സൗകര്യപ്പെടുത്തപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞതിന്റെ താല്പര്യം قُطُوفُهَا دَانِيَةٌ – الحاقة (അതിലെ പഴക്കുലകള്‍ അടുത്തു വരുന്നവയാണ്).
‘പറിക്കാറായ ഫലങ്ങള്‍, പറിച്ചെടുത്ത ഫലങ്ങള്‍, പഴക്കുലകള്‍’ എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന വാക്കാണ് قُطُوف (ക്വുത്വൂഫ്). പാനപാത്രങ്ങളുമായി ചുറ്റിനടക്കുന്ന പരിചാരകന്മാര് ആരായിരിക്കുമെന്നു 19-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. പാത്രങ്ങള്‍ വെള്ളികൊണ്ടുള്ളവയാണെങ്കിലും അവ നമ്മുടെ വെള്ളിപാത്രങ്ങള്‍ പോലെയല്ല, സ്ഫടികസമാനമായിരിക്കും. ഓരോരുത്തന്റെയും ഹിതത്തിനും ആവശ്യത്തിനും അനുസരിച്ചു കണക്കാക്കിയായിരിക്കും പരിചാരകന്മാരായ ബാലന്മാര് അതു കൊണ്ടുവന്നു കൊടുക്കുന്നത്.
- وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا ﴾١٧﴿
- അതില്‍ അവര്‍ക്കു (മദ്യം നിറച്ച) ഒരു തരം പാനപാത്രവും കുടിക്കുവാന്‍ കൊടുക്കപ്പെടും; അതിന്റെ ചേരുവ [കൂട്ട്] ഇഞ്ചിയായിരിക്കുന്നതാണ്.
- وَيُسْقَوْنَ അവര്‍ക്കു കുടിക്കുവാന്‍ കൊടുക്കും (കുടിപ്പിക്കപ്പെടും) فِيهَا അതില്‍വെച്ചു كَأْسًا ഒരു (മദ്യം നിറച്ച) പാനപാത്രം كَانَ مِزَاجُهَا അതിന്റെ ചേരുവ ആയിരിക്കും زَنجَبِيلًا ഇഞ്ചി
- عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا ﴾١٨﴿
- അതായതു, 'സല്സബീല്' എന്നു പേരുപറയപ്പെടുന്ന അതിലെ ഒരു ഉറവു (ജലം)!
- عَيْنًا അതായതു ഒരു ഉറവു فِيهَا അതിലുള്ള تُسَمَّىٰ അതിനു പേരു പറയപ്പെടും سَلْسَبِيلًا സല്സബീല് എന്നു
- ۞ وَيَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا ﴾١٩﴿
- ശാശ്വത(മായ നവത്വ) ജീവിതം നല്‍കപ്പെട്ടവരായ ചില കുട്ടികള്‍ അവരിലൂടെ ചുറ്റിനടന്നുകൊണ്ടുമിരിക്കും; അവരെ നീ കണ്ടാല്‍, വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്നു നീ വിചാരിക്കുന്നതാണ്!
- وَيَطُوفُ عَلَيْهِمْ അവരില്‍ ചുറ്റിനടക്കും وِلْدَانٌ ചില കുട്ടികള്‍ مُّخَلَّدُونَ ശാശ്വതത്വം നല്‍കപ്പെട്ടവരായ إِذَا رَأَيْتَهُمْ നീ അവരെ കണ്ടാല്‍ حَسِبْتَهُمْ നീ അവരെ ഗണിക്കും, വിചാരിക്കും لُؤْلُؤًا മുത്താണെന്ന് مَّنثُورًا വിതറപ്പെട്ട
- وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا ﴾٢٠﴿
- അവിടം നീ കണ്ടാല്‍, ഒരു (മഹത്തായ) സുഖാനുഗ്രഹവും വലുതായ ഒരു രാജകീയതയും (അഥവാ സാമ്രാജ്യവും) നിനക്കു കാണാവുന്നതുമായിരിക്കും.
- وَإِذَا رَأَيْتَ നീ കണ്ടുവെങ്കിലോ ثَمَّ അവിടം رَأَيْتَ നീ കാണും, നിനക്കു കാണാം نَعِيمًا ഒരു സൗഖ്യം, അനുഗ്രഹീത സുഖം وَمُلْكًا ഒരു രാജകീയതയും, രാജത്വവും, സാമ്രാജ്യവും كَبِيرًا വലുതായ, വമ്പിച്ച
- عَٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍ وَسَقَىٰهُمْ رَبُّهُمْ شَرَابًا طَهُورًا ﴾٢١﴿
- അവരുടെ മേലില്‍ പച്ച വര്‍ണമായ നേര്‍മ്മപ്പട്ടിന്റെ വസ്ത്രങ്ങളും, കട്ടിപ്പട്ടും (അഥവാ കസവു വസ്ത്രവും) ഉണ്ടായിരിക്കും; വെള്ളികൊണ്ടുള്ള വളകളും അവര്‍ക്കു അണിയിക്കപ്പെടും. അവരുടെ റബ്ബ് അവര്‍ക്കു വളരെ ശുദ്ധമായ ഒരു (തരം) പാനീയം കുടിക്കുവാന്‍ കൊടുക്കുന്നതുമാണ്.
- عَالِيَهُمْ അവരുടെ മേലുണ്ടായിരിക്കും ثِيَابُ വസ്ത്രങ്ങള്‍ سُندُسٍ നേര്‍മ്മ (മിനുസ്സ) പ്പട്ടിന്റെ خُضْرٌ പച്ചയായ وَإِسْتَبْرَقٌ കട്ടി (കസവു) പട്ടും وَحُلُّوا അവര്‍ക്കു അണിയിക്കപ്പെടുകയും ചെയ്യും, ആഭരണം ഇഷ്ടപ്പെടും أَسَاوِرَ ചില വളകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള وَسَقَاهُمْ അവര്‍ക്കു കുടിക്കാന്‍ കൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് شَرَابًا ഒരു പാനീയം طَهُورًا വളരെ ശുദ്ധമായ
- إِنَّ هَٰذَا كَانَ لَكُمْ جَزَآءً وَكَانَ سَعْيُكُم مَّشْكُورًا ﴾٢٢﴿
- '(ഹേ, പുണ്യവാന്മാരേ) നിശ്ചയമായും ഇതു (ഒക്കെയും) നിങ്ങള്‍ക്കു പ്രതിഫലമായിരിക്കുന്നതാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടതുമാകുന്നു' (എന്നു പറയപ്പെടും).
- إِنَّ هَـٰذَا كَانَ നിശ്ചയമായും ഇതു ആകുന്നു, ആയിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു جَزَاءً പ്രതിഫലം وَكَانَ سَعْيُكُم നിങ്ങളുടെ പരിശ്രമം (അദ്ധ്വാനം) ആകുന്നു, ആയിരിക്കുന്നു مَّشْكُورًا നന്ദിചെയ്യ (നന്ദിപൂര്‍വ്വം സ്വീകരിക്ക) പ്പെട്ടത്
കര്പ്പൂരക്കലര്പ്പുള്ള ഒരു തരം ഉറവുമദ്യത്തെപ്പറ്റി മുമ്പുപറഞ്ഞുവല്ലോ. അതുപോലെ ഇഞ്ചിക്കലര്‍പ്പുള്ള മറ്റൊരു ഉറവുമദ്യത്തെക്കുറിച്ചാണ് ഇവിടെ രണ്ടാമതു പറഞ്ഞിരിക്കുന്നത്. ഹൃദ്യവും ആസ്വാദ്യകരവുമായ ചുവയോടു കൂടിയതാണല്ലോ ഇഞ്ചിയും. അറബികള്‍ ഇഞ്ചിരസത്തെപ്പറ്റി വളരെ പുകഴ്ത്തിപ്പറയാറുള്ളതുമാണ്. ‘സല്സബീല്’ (سَلْسَبِيل) എന്നു അല്ലാഹു ഉറവു ജലത്തിനു നാമകരണം ചെയ്തിരിക്കുന്നുവെന്നല്ലാതെ, ആ വാക്കിന്റെ അര്‍ത്ഥം എന്താണെന്നു തിട്ടമായി നമുക്കറിഞ്ഞുകൂട. അറബി ഭാഷയില്‍ സാധാരണ കാണപ്പെടാറില്ലാത്ത ഒരു പദമാണത്. ക്വുര്ആനിലല്ലാതെ ആ വാക്കു കണ്ടിട്ടില്ലെന്നു പോലും ചില മഹാന്മാര് പ്രസ്താവിച്ചിരിക്കുന്നു. സ്വര്‍ഗസ്ഥരായ ആളുകള്‍ക്കു പാനീയങ്ങളുമായി ഉപചാരസേവനം നടത്തുന്ന ബാലന്‍മാരെപ്പറ്റി مُّخَلَّدُونَ (ശാശ്വതജീവിതം നല്കപ്പെട്ടവര്) എന്നു വിശേഷിപ്പിച്ചതില്‍ നിന്ന് അവരുടെ കൗമാരനവത്വത്തിനു ഒരു കാലത്തും കോട്ടം തട്ടുകയില്ലെന്നു മനസ്സിലാക്കാം. മുത്തുവിതറിയപ്പോലെ എന്ന ഉപമ അവരുടെ കൗതുകവും, ഭംഗിയും, വടിവും ഉദാഹരിക്കുന്നു. കൂടാതെ, അവരുടെ എണ്ണത്തിന്റെ ആധിക്യവും അതു സൂചിപ്പിക്കുന്നുണ്ട്. ചില പ്രത്യേക പാനീയങ്ങളെപ്പറ്റി പ്രസ്താവിച്ച ശേഷം 21-ാം വചനത്തില്‍ റബ്ബു അവര്‍ക്കു വളരെ ശുദ്ധമായ ഒരു പാനീയം നല്കുമെന്നു വീണ്ടും ഉണര്‍ത്തിയതു ശ്രദ്ധേയമാണ്. അതു അവരുടെ മനസ്സിനും, ശരീരത്തിനും, സ്വഭാവങ്ങള്ക്കുമെല്ലാം തന്നെ കൂടുതല്‍ പരിശുദ്ധി നല്കുന്ന മറ്റൊരു അനുഗ്രഹീത പാനീയമായിരിക്കാമെന്നു ചില മഹാന്മാര് പറഞ്ഞു കാണുന്നു. الله أعلم
സന്ദര്‍ഭമനുസരിച്ചു ചിലപ്പോഴെല്ലാം ഇതിനുമുമ്പു നാം ചൂണ്ടിക്കാട്ടിയിട്ടുള്ള ചില സംഗതികള്‍ ഇവിടെ വീണ്ടും അനുസ്മരിക്കുന്നതു ആസ്ഥാനത്തായിരിക്കയില്ല. സ്വര്‍ഗീയ ജീവിതത്തെയും അതിലെ വിഭവങ്ങളെയും കുറിച്ചു ക്വുര്‍ആനിലോ ഹദീഥിലോ വല്ലതും പറയുമ്പോള്‍ – നരകത്തെ സംബന്ധിച്ചും അതുപോലെത്തന്നെ – ഉപയോഗിച്ച പദങ്ങളെയും, ആ പദങ്ങളുടെ ഭാഷാര്ത്ഥത്തെയും മാത്രം നോക്കി അവയെപ്പറ്റി അനുമാനം നടത്തിക്കൂടാത്തതാകുന്നു. കാരണം: ഒന്നാമതായി, പരലോക സംബന്ധമായ കാര്യങ്ങള്‍ എല്ലാംതന്നെ നമ്മുടെ അറിവിനും അനുമാനത്തിനും അതീതമായവയും നമുക്കു അപരിചിതങ്ങളുമായിരിക്കും. മരണശേഷം അനുഭവത്തില്‍ കാണുമ്പോഴല്ലാതെ അവയുടെ സാക്ഷാല്‍ രൂപത്തില്‍ അവയെ മനസ്സിലാക്കുവാന്‍ നമുക്കു ഒരിക്കലും കഴിവില്ല. രണ്ടാമതായി, നമുക്കു സുപരിചിതമായ ഭാഷയിലൂടെയും പ്രയോഗങ്ങളിലൂടെയുമല്ലാതെ ഏതുകാര്യവും നമുക്കു വിവരിച്ചുതരുവാന്‍ നിവൃത്തിയില്ല. അഥവാ അവയുടെ യഥാര്‍ത്ഥരൂപത്തില്‍ അവയെപ്പറ്റി വ്യവഹരിക്കുന്ന മറ്റുവല്ല അപരിചിതവാക്കുകള് മുഖേനയും നമ്മോടു സംസാരിച്ചിട്ടു കാര്യമില്ല. ആകയാല്‍ നമുക്കറിയാവുന്ന വാക്കുകളില്‍ നമ്മെ പരിചയപ്പെടുത്തുവാനേ നിവൃത്തിയുള്ളു. അതുകൊണ്ട് സ്വര്‍ഗത്തിലെ പഴം, കള്ള്, വെള്ളി, പട്ട്, വള തുടങ്ങിയ ഓരോന്നിനും അതേ പേരുകളില്‍ നമുക്കറിയാവുന്ന അതതുവസ്തുക്കളുടെ തോതുവെച്ച് രൂപം കല്പിച്ചുകൂടാത്തതാകുന്നു. 20-ാം വചനത്തില്‍ നിന്നു തന്നെ ഈ യാഥാര്‍ത്ഥ്യം ഏറെക്കുറെ മനസ്സിലാക്കാം. സ്വര്‍ഗത്തിലെ വസ്തുക്കളെപ്പറ്റി ‘ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു ചെവിയും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായിരിക്കും അവ’ എന്നു ഹദീഥില്‍ വന്നിട്ടുള്ളതു ഈ യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്. (ഹദീഥ് സൂ: സജദഃ 17ന്റെ വ്യാഖ്യാനത്തില്‍ കൊടുത്തിട്ടുള്ളതു നോക്കുക). അല്ലാഹു നമ്മെയെല്ലാം അവന്റെ പുണ്യവാന്മാരായ അടിയാന്മാരില് ഉള്‍പ്പെടുത്തിത്തരട്ടെ. ആമീന്‍.