വിഭാഗം - 2

74:32
  • كَلَّا وَٱلْقَمَرِ ﴾٣٢﴿
  • അങ്ങനെ വേണ്ടാ! ചന്ദ്രന്‍ തന്നെയാണ (സത്യം)!
  • كَلَّا അങ്ങനെയല്ലാ (വേണ്ടാ) وَٱلْقَمَرِ ചന്ദ്രന്‍ തന്നെയാണ
74:33
  • وَٱلَّيْلِ إِذْ أَدْبَرَ ﴾٣٣﴿
  • രാത്രിയുമാണ - അതു പിന്നിട്ടു പോകുമ്പോള്‍ - (സത്യം)!
  • وَٱلَّيْلِ രാത്രിയും തന്നെയാണ إِذْ أَدْبَرَ അതു പിന്നിട്ടു പോകുമ്പോള്‍
74:34
  • وَٱلصُّبْحِ إِذَآ أَسْفَرَ ﴾٣٤﴿
  • പ്രഭാതവുമാണ - അതു പുലര്‍ന്നു (പ്രകാശിച്ചു) വന്നാല്‍ - (സത്യം)!-
  • وَٱلصُّبْحِ പ്രഭാതവും തന്നെയാണ إِذَآ أَسْفَرَ അതു പുലരുമ്പോള്‍, പ്രകാശപ്പെട്ടാല്‍
74:35
  • إِنَّهَا لَإِحْدَى ٱلْكُبَرِ ﴾٣٥﴿
  • നിശ്ചയമായും അതു (നരകം) വന്‍ കാര്യങ്ങളില്‍ ഒന്നു തന്നെ!-
  • إِنَّهَا നിശ്ചയമായും അതു لَإِحْدَى ഒന്നു (ഒരു കാര്യം) തന്നെ ٱلْكُبَرِ വലുതായ (വന്‍ കാര്യങ്ങളായ) തില്‍
74:36
  • نَذِيرًا لِّلْبَشَرِ ﴾٣٦﴿
  • മനുഷ്യനു ഒരു താക്കീത് എന്ന നിലക്കു:-
  • نَذِيرًا താക്കീത് നല്‍കുന്നതായിട്ട് لِّلْبَشَرِ മനുഷ്യനു

74:37
  • لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ ﴾٣٧﴿
  • അതായതു, നിങ്ങളില്‍ നിന്നു മുന്നോക്കം വരുവാനോ, പിന്നോക്കം പോകുവാനോ ഉദ്ദേശിച്ചവര്‍ക്ക്!
  • لِمَن شَآءَ ഉദ്ദേശിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്നു أَن يَتَقَدَّمَ മുന്നോട്ടു വരുവാന്‍, മുന്തുവാന്‍ أَوْ يَتَأَخَّرَ അല്ലെങ്കില്‍ പിന്നോട്ട് പോകുവാന്‍, പിന്താന്‍

സത്യ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കല്‍പ്പിച്ചു കൂട്ടി ധിക്കാരം കൈ കൊണ്ടവര്‍ക്ക് ‘സഖര്‍’ എന്ന നരക ശിക്ഷയാനുള്ളതെന്നു 26-ാം വചനത്തില്‍ അല്ലാഹു താക്കീത് നല്‍കി. തുടര്‍ന്നുള്ള വചനങ്ങളില്‍ അതിന്‍റെ ഉഗ്രതയും ഗൗരവവും ചൂണ്ടി കാട്ടി. പിന്നീട് വിഷയത്തിന്റെ ഗൗരവം ഒന്നു കൂടി ഊന്നി പറയുകയാണ്. ചന്ദ്രന്‍, രാത്രി, പ്രഭാതം എന്നിവയുടെ പേരില്‍ സത്യം ചെയ്തു കൊണ്ടുള്ള ആ പ്രസ്താവനയുടെ സാരം ഇങ്ങനെ സംഗ്രഹിക്കാം: അതു – ആ സഖറാകുന്ന നരകം – കേവലം അവഗണിച്ചു തള്ളാവുന്ന ഒരു കാര്യമല്ല, ഏറ്റവും വമ്പിച്ച ഒരു കാര്യമത്രേ അത്. ഇത് ഒരു വ്യക്തിക്കോ ചില വ്യക്തികള്‍ക്കോ മാത്രമുള്ള ഒരു താക്കീതല്ല. മനുഷ്യവര്‍ഗ്ഗത്തിനാകമാനമുള്ള താക്കീതാണിത്. അതെ, മുമ്പോട്ട്‌ വന്നു സത്യം സ്വീകരിക്കുവാന്‍ തയ്യാറാകുന്നവര്‍ക്കും, സത്യത്തില്‍ നിന്നും പിന്നോക്കം പോയി ദുര്‍മാര്‍ഗ്ഗത്തില്‍ പതിക്കുന്നവര്‍ക്കും താക്കീതാകുന്നു.

74:38
  • كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ ﴾٣٨﴿
  • എല്ലാ (ഓരോ) ദേഹവും (ആളും) അതു സമ്പാദിച്ചു വെച്ചതിനു പണയപ്പെട്ടതായിരിക്കും;
  • كُلُّ نَفْسٍۭ എല്ലാ ദേഹവും (ആത്മാവും, ആളും) بِمَا كَسَبَتْ അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينَةٌ പണയമാണ്, പണയപ്പെട്ടതായിരിക്കും
74:39
  • إِلَّآ أَصْحَٰبَ ٱلْيَمِينِ ﴾٣٩﴿
  • വലതു പക്ഷക്കാരൊഴികെ.
  • إِلَّآ أَصْحَٰبَ ആള്‍ക്കാരൊഴികെ, കൂട്ടരല്ലാതെ ٱلْيَمِينِ വലതു പക്ഷത്തിന്‍റെ
74:40
  • فِى جَنَّٰتٍ يَتَسَآءَلُونَ ﴾٤٠﴿
  • ചില സ്വര്‍ഗങ്ങളിലായിരിക്കും (അവര്‍). അവര്‍ ചോദ്യം ചെയ്യും,-
  • فِى جَنَّٰتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ يَتَسَآءَلُونَ അവര്‍ ചോദ്യം ചെയ്യും
74:41
  • عَنِ ٱلْمُجْرِمِينَ ﴾٤١﴿
  • കുറ്റവാളികളെ കുറിച്ചു;
  • عَنِ ٱلْمُجْرِمِينَ കുറ്റവാളികളെ പറ്റി
74:42
  • مَا سَلَكَكُمْ فِى سَقَرَ ﴾٤٢﴿
  • “നിങ്ങളെ 'സഖറി’ല്‍ പ്രവേശിപ്പിച്ചത് എന്താണ്?” എന്നു.
  • مَا سَلَكَكُمْ നിങ്ങളെ പ്രവേശിപ്പിച്ചത് (പ്രവേശിച്ച കാരണം) എന്താണ് فِى سَقَرَ സഖറില്‍ ‍(നരകത്തില്‍)

ഓരോ ആളും അവരവരുടെ കര്‍മ്മങ്ങളാകുന്ന സമ്പാദ്യങ്ങള്‍ക്ക്‌ പണയമായിരിക്കും. അഥവാ, സ്വന്തം ബാധ്യതകളും കടമകളും തീര്‍ത്തു കഴിഞ്ഞ സമ്പാദ്യങ്ങളാണുള്ളതെങ്കില്‍ രക്ഷയുണ്ട്. ഇല്ലാത്ത പക്ഷം രക്ഷ കിട്ടുവാന്‍ മാര്‍ഗ്ഗമില്ല. പക്ഷേ വലതു പക്ഷക്കാരാകുന്ന (*) സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ കടമകളും ബാധ്യതകളുമെല്ലാം ഇഹത്തില്‍ വെച്ചു നേരത്തെ നിറവേറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നത് കൊണ്ട് അവര്‍ കര്‍മ്മങ്ങള്‍ക്കു പണയപ്പെട്ടു കഷ്ടപ്പെടേണ്ടി വരുന്നതല്ല. അവര്‍ക്ക് സഖറിനെ ഭയപ്പെടേണ്ടതുമില്ല. സ്വര്‍ഗ്ഗമായിരിക്കും അവരുടെ സങ്കേതം. അവിടെ വെച്ചു ചിലപ്പോള്‍ അവര്‍ സഖറിന്റെ അവകാശികളായിത്തീര്‍ന്ന കുറ്റവാളികളെ കുറിച്ചു അന്വേഷണം നടത്തും. നിങ്ങള്‍ ഈ ശിക്ഷക്ക് വിധേയരാകുവാന്‍ കാരണമെന്താണെന്നു അവരോടു ചോദിക്കും. അതിനു നരകക്കാര്‍ നല്‍കുന്ന മറുപടി നോക്കുക:-


(*) വലതു പക്ഷക്കാരെ (أصحاب اليمين) പറ്റി സൂ:വാഖിഅ’യില്‍ (سورة الواقعة) വിവരിച്ചിട്ടുണ്ട്.


 

74:43
  • قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ ﴾٤٣﴿
  • അവര്‍ (മറുപടി) പറയും; "ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നില്ല":-
  • قَالُوا۟ അവര്‍ പറയും لَمْ نَكُ ഞങ്ങളായിരുന്നില്ല, ആയില്ലمِنَ ٱلْمُصَلِّينَ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍
74:44
  • وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ ﴾٤٤﴿
  • "ഞങ്ങള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നതുമില്ല":-
  • وَلَمْ نَكُ ഞങ്ങളായിരുന്നുമില്ല نُطْعِمُ ഭക്ഷണം കൊടുക്കുക ٱلْمِسْكِينَ പാവപ്പെട്ടവന്, സാധുവിന്
74:45
  • وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ ﴾٤٥﴿
  • "(തോന്നിയവാസത്തില്‍) മുഴുകിയിരുന്നവരോടൊപ്പം ഞങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു":-
  • وَكُنَّا نَخُوضُ ഞങ്ങള്‍ (തോന്നിയവാസത്തില്‍) മുഴുകുകയും ചെയ്തിരുന്നു مَعَ ٱلْخَآئِضِينَ മുഴുകുന്നവരോടൊപ്പം
74:46
  • وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ ﴾٤٦﴿
  • "പ്രതിഫല നടപടിയുടെ ദിവസത്തെ ഞങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരുന്നു":-
  • وَكُنَّا نُكَذِّبُ ഞങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരുന്നു بِيَوْمِ ٱلدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസത്തെ
74:47
  • حَتَّىٰٓ أَتَىٰنَا ٱلْيَقِينُ ﴾٤٧﴿
  • "അങ്ങനെ (മരണമാകുന്ന ആ) ഉറപ്പു ഞങ്ങള്‍ക്ക് വന്നെത്തി".
  • حَتَّىٰٓ أَتَىٰنَا ഞങ്ങള്‍ക്ക് വരുന്നത് വരെ, അങ്ങനെ ഞങ്ങള്‍ക്കു വന്നു ٱلْيَقِينُ (ആ) ഉറപ്പു, ദൃഢമായ കാര്യം (മരണം)

മരണം വരെയും ഇതായിരുന്നു ഞങ്ങളുടെ നില. അതു കൊണ്ടാണ് ഞങ്ങള്‍ നരകശിക്ഷക്കു വിധേയരായത് എന്നു സാരം. എല്ലാ സംശയങ്ങള്‍ക്കും വിരാമമിടുന്നതും ആര്‍ക്കും യാതൊരു സംശയമില്ലാത്തതുമായ കാര്യമാണല്ലോ മരണം. അതാണിവിടെ ഉറപ്പായ കാര്യം (اليقين) എന്നു മരണത്തെ ഉദ്ദേശിച്ചു പറഞ്ഞത്.

സത്യവിശ്വാസത്തിന്‍റെ അനിവാര്യ ഫലവും, സത്യവിശ്വാസികളുടെ സൽക്കര്‍മ്മങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ് നമസ്കാരം. അതിന്‍റെ അടുത്ത സ്ഥാനം സാധുക്കളുടെ വിശപ്പടക്കുന്നതിനുമാണ്. ഈ രണ്ടു കാര്യവും ഉപേക്ഷ വരുത്തുന്നവന്‍ യദാര്‍ത്ഥ വിശ്വാസിയായിരിക്കുകയില്ല. അതു കൊണ്ടാണ് ഇതു രണ്ടും ഇവിടെ മറ്റു പലേടത്തും എന്ന പോലെ – പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍റെ സന്ദേശങ്ങള്‍, പ്രവാചക പ്രഭുവിന്‍റെ അദ്ധ്യാപനങ്ങൾ ആദിയായവയുടെ നേരെ പുച്ഛഭാവവും അവഹേളന നയവും സ്വീകരിക്കുക, അവര്‍ക്കെതിരെ അപവാദങ്ങള്‍ പുറപ്പെടുവിക്കുക, പ്രകോപന നടപടികള്‍ കൈ കൊള്ളുക, ഇത്യാദി ദുസ്സമ്പ്രദായക്കാരോട് സഹകരിച്ചും പങ്കു ചേര്‍ന്നും കൊണ്ടിരിക്കുക, ഇതൊക്കെ സത്യ നിഷേധത്തിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളത്രെ. എല്ലാറ്റിനും അടിസ്ഥാനമായി നില കൊള്ളുന്നത്‌ മരണാനന്തര ജീവിതത്തിന്റെയും പരലോക രക്ഷാശിക്ഷകളുടെയും നിഷേധവുമാകുന്നു. മരണം വരെ ഈ നില തുടര്‍ന്നു പോന്നവര്‍ക്കുണ്ടോ പിന്നെ വല്ല രക്ഷാ മാര്‍ഗ്ഗവും?! അല്ലാഹു പറയുന്നു:-

74:48
  • فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ ﴾٤٨﴿
  • എനി, അവര്‍ക്കു ശുപാര്‍ശക്കാരുടെ ശുപാര്‍ശ പ്രയോജനപ്പെടുന്നതല്ല.
  • فَمَا تَنفَعُهُمْ എനി (ആകയാല്‍) അവര്‍ക്കു പ്രയോജന (ഉപകാര)പ്പെടുകയില്ല شَفَٰعَةُ ശുപാര്‍ശ ٱلشَّٰفِعِينَ ശുപാര്‍ശക്കാരുടെ

രക്ഷക്കുള്ള മാര്‍ഗ്ഗങ്ങളെല്ലാം അവര്‍ നഷ്ടപ്പെടുത്തിയിരിക്കകൊണ്ടു എനി അവര്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ആരുമില്ല. ഉണ്ടെന്നു സങ്കല്‍പിച്ചാല്‍ തന്നെ അതവിടെ സ്വീകാര്യവുമല്ല. അതിനു സാധ്യതയുമില്ല. ഇങ്ങനെയാണ് സത്യത്തെ ധിക്കരിക്കുന്നവരുടെ പര്യവസാനം.

74:49
  • فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ ﴾٤٩﴿
  • എന്നിരിക്കെ, എന്താണവര്‍ക്ക്, - ഈ ഉല്‍ബോധനത്തെ വിട്ടു (അവര്‍) തിരിഞ്ഞു കളയുന്നവരായി കൊണ്ടിരിക്കുന്നു?!
  • فَمَا لَهُمْ എന്നിരിക്കെ (അപ്പോള്‍) എന്താണ് അവര്‍ക്കു عَنِ ٱلتَّذْكِرَةِ ഉല്‍ബോധനം (ഉപദേശം,സ്മരണ) വിട്ടു مُعْرِضِينَ തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരിക്കുന്നു)
74:50
  • كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ ﴾٥٠﴿
  • വിറളിയെടുത്തോടുന്ന കഴുതകളെന്നോണമിരിക്കുന്നു അവര്‍,-
  • كَأَنَّهُمْ അവര്‍ ആകുന്നുവെന്ന പോലെ حُمُرٌ കഴുതകള്‍ مُّسْتَنفِرَةٌ വിറളി പിടിച്ചു പോകുന്ന, പേടിച്ചു ഓടുന്ന
74:51
  • فَرَّتْ مِن قَسْوَرَةٍۭ ﴾٥١﴿
  • (അതെ) വല്ല സിംഹത്തില്‍ നിന്നും ഓടിപ്പായുന്ന (കഴുതകളെ പോലെ).
  • فَرَّتْ ഓടിപ്പോകുന്ന مِن قَسْوَرَةٍۭ സിംഹത്തില്‍ (വേട്ടക്കാരില്‍ - അമ്പെയ്തുകാരില്‍) നിന്നു

ഉല്‍ബോധനങ്ങളും ഉപദേശങ്ങളും കേള്‍ക്കുമ്പോള്‍ അവരിലുണ്ടാകുന്ന പ്രതികരണങ്ങളും ചേഷ്ടകളും കാണുമ്പോള്‍, തങ്ങളെ വേട്ടയാടി പിടിക്കുവാന്‍ വന്ന സിംഹങ്ങളെ കണ്ടു നാല് പാടും വിറളിയെടുത്തോടുന്ന കാട്ടു കഴുത കൂട്ടങ്ങളാണ് അവരെന്ന് തോന്നിയേക്കും എന്നു സാരം. قَسْوَرَة (ഖസ്‌വറ) എന്ന വാക്കിനു അമ്പൈത്തുകാര്‍ എന്നും വേട്ടക്കാര്‍ എന്നും ചിലര്‍ അര്‍ത്ഥം കൽപിച്ചിട്ടുണ്ട്. ഉദ്ദേശ്യം അപ്പോഴും വ്യക്തം തന്നെ.

74:52
  • بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً ﴾٥٢﴿
  • (അത്രയുമല്ല) പക്ഷേ, അവരില്‍ നിന്നുള്ള എല്ലാ (ഓരോ) മനുഷ്യനും ഉദ്ദേശിക്കുന്നു, - (തുറന്നു) നിവര്‍ത്തി വെക്കപ്പെട്ട ഏടുകള്‍ തനിക്കു നൽകപ്പെടണമെന്ന്!
  • بَلْ يُرِيدُ പക്ഷേ (എങ്കിലും)ഉദ്ദേശിക്കുന്നു كُلُّ ٱمْرِئٍ എല്ലാ (ഓരോ) മനുഷ്യനും مِّنْهُمْ അവരില്‍പ്പെട്ട أَن يُؤْتَىٰ അവനു കൊടുക്കപ്പെടണമെന്ന് صُحُفًا ചില ഏടു (ഗ്രന്ഥം)കള്‍ مُّنَشَّرَةً വിരുത്ത (നൂര്‍ത്ത - തുറക്ക)പ്പെട്ടതായ
74:53
  • كَلَّا ۖ بَل لَّا يَخَافُونَ ٱلْءَاخِرَةَ ﴾٥٣﴿
  • അതു വേണ്ടാ! പക്ഷേ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
  • كَلَّا വേണ്ടാ, അങ്ങനെയല്ല بَل لَّا يَخَافُونَ പക്ഷേ അവര്‍ ഭയപ്പെടുന്നില്ല ٱلأخِرَةَ പരലോകത്തെ

അവരുടെ ധിക്കാരം കണ്ടാല്‍, പ്രവാചകന് ലഭിച്ച ഗ്രന്ഥമൊന്നും പോര, അവരില്‍ ഓരോരുത്തനും വെവ്വേറെ തന്നെ തുറന്ന വേദഗ്രന്ഥം അവതരിച്ചു കിട്ടണം എന്നാണവരുടെ നില. ഇത്രത്തോളം ധിക്കാരത്തിന് മുതിരാതിരിക്കുകയാണവര്‍ക്ക് നല്ലത് എന്നു അവര്‍ ഓര്‍ത്തു കൊള്ളട്ടെ. പരലോകത്തെ കുറിച്ചു ഭയമില്ലാത്തതാണ് ഇതിനെല്ലാം കാരണം എന്നു സാരം.

74:54
  • كَلَّآ إِنَّهُۥ تَذْكِرَةٌ ﴾٥٤﴿
  • അതു വേണ്ടാ! നിശ്ചയമായും ഇതൊരു ഉല്‍ബോധനമത്രേ!-
  • كَلَّآ വേണ്ടാ إِنَّهُ നിശ്ചയമായും അതു (ഇതു) تَذْكِرَةٌ ഒരു ഉല്‍ബോധനം (ഉപദേശം)ആകുന്നു
74:55
  • فَمَن شَآءَ ذَكَرَهُۥ ﴾٥٥﴿
  • ആകയാല്‍, ആര്‍ക്കുവേണമോ അവന്‍ അതു ഓര്‍മിച്ചു കൊള്ളട്ടെ.
  • فَمَن شَآءَ അതു കൊണ്ടു അപ്പോള്‍ ആര്‍ ഉദ്ദേശിച്ചുവോ, ആര്‍ക്കു വേണമോ ذَكَرَهُ അതവന്‍ ഓര്‍മ്മിക്കട്ടെ, സ്മരിക്കും
74:56
  • وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ ﴾٥٦﴿
  • അല്ലാഹു ഉദ്ധേശിക്കുന്നതായാലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല താനും. അവന്‍ ഭയ ഭക്തിക്കു അവകാശപ്പെട്ടവനും, പാപമോചനത്തിന് അവകാശപ്പെട്ടവനുമത്രേ.
  • وَمَا يَذْكُرُونَ അവര്‍ ഓര്‍ക്കുന്നതുമല്ല إِلَّآ أَن يَشَآءَ ഉദ്ദേശിക്കുന്നതായാലല്ലാതെ ٱللَّهُ അല്ലാഹു هُوَ أَهْلُ അവന്‍ അര്‍ഹനാണ്, തരപ്പെട്ട (അവകാശപ്പെട്ട) വനാണ് ٱلتَّقْوَىٰ സൂക്ഷ്മതക്ക്, ഭയഭക്തിക്ക് وَأَهْلُ അര്‍ഹനുമാകുന്നു ٱلْمَغْفِرَةِ പാപമോചനത്തിന് (പാപം പൊറുക്കുവാന്‍)

ഈ തിരുവചനം ഓതിക്കൊണ്ടു നബി(സ) ഇപ്രകാരം അരുളിയതായി ഹദീസില്‍ വന്നിരിക്കുന്നു. “നിങ്ങളുടെ റബ്ബ് പറയുന്നു: ഞാന്‍ സൂക്ഷിക്കപ്പെടുവാന്‍ – ഭയഭക്തി കാണിക്കപ്പെടുവാന്‍ –  അര്‍ഹനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം ഒരു ആരാധ്യനും സ്വീകരിക്കപെട്ടു കൂടാ. എന്നാല്‍, എന്നെ ആര്‍ സൂക്ഷിക്കുകയും അങ്ങനെ എന്നോടൊപ്പം ഒരു ആരാധ്യനെയും സ്വീകരിക്കാതിരിക്കുകയും ചെയ്തുവോ അവനു ഞാന്‍ പൊറുത്തു കൊടുക്കുവാന്‍ അവകാശപ്പെട്ടവനാകുന്നു.” (അ; തി; ജ: ന;)

ഖുര്‍ആന്‍ ആരെയും സത്യമാര്‍ഗത്തിലേക്ക് നിര്‍ബന്ധിച്ചു പിടിച്ചു വലിക്കുന്നില്ല. അതു സത്യങ്ങള്‍ വെട്ടി തുറന്നു കാട്ടിയും ഉപദേശിച്ചു കൊണ്ടും നേര്‍വഴിയിലേക്ക് മാടി വിളിക്കുന്നുവെന്നു മാത്രം. സത്യം സ്വീകരിക്കണം, നേര്‍മാര്‍ഗം പ്രാപിക്കണം എന്നൊക്കെ ഉദ്ദേശവും താല്‍പര്യവും ഉള്ളവര്‍ക്ക് അതു ഓര്‍മിക്കുകയും വിശ്വസിക്കുകയും ചെയ്യാം. അല്ലാത്തവര്‍ക്ക് വേണമെങ്കില്‍ നിരസിക്കുകയും ചെയ്യാം.

(فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ : الكهف:29)

പക്ഷേ, അല്ലാഹുവിന്‍റെ ഉദ്ദേശം കൂടി ഉണ്ടെങ്കിലേ അവര്‍ ഓര്‍മിക്കലും വിശ്വസിക്കലുമെല്ലാം ഉണ്ടാകൂ. (وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ) അവന്റെ മാര്‍ഗത്തില്‍ നിന്നു തെറ്റി പോകുന്നവര്‍ ആരൊക്കെയാണെന്നും, നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവര്‍ ആരൊക്കെയാണെന്നും അവനു നല്ല പോലെ അറിയാമല്ലോ.

(إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ : النحل :١٢٥)

അക്രമികളായ ആളുകളെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല താനും (إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ) ചുരുക്കി പറഞ്ഞാല്‍, സൂക്ഷിക്കപ്പെടുവാനും ഭയഭക്തി അര്‍പ്പിക്കപ്പെടുവാനുമുള്ള അര്‍ഹത അല്ലാഹുവിനു മാത്രമാണുള്ളത്. അവനെ ആര്‍ സൂക്ഷിച്ചു വരുന്നുവോ അവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു, അവനു അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യും. പൊറുത്തു കൊടുക്കുവാനുള്ള അവകാശവും അധികാരവുമാകട്ടെ, അതും അവന്നല്ലാതെ മറ്റാര്‍ക്കും ഇല്ല.

وَمَا يَذْكُرُونَ إِلَّا أَن يَشَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല) എന്ന വാക്യത്തില്‍ ഇസ്ലാമിലെ ഒരു മൗലിക വിശ്വാസ സിദ്ധാന്തം അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളടക്കമുള്ള സകല കാര്യങ്ങളും അല്ലാഹുവിന്‍റെ ഉദ്ദേശം അനുസരിച്ചേ ഉണ്ടാകുകയുള്ളൂ എന്ന തത്വമത്രേ അതു. അപ്പോള്‍, മനുഷ്യന്‍ ഉദ്ദേശിച്ചത് കൊണ്ട് മാത്രം അവനു ഒന്നും നടത്തുവാനോ, അവനില്‍ ഒന്നും നടക്കുവാനോ പോകുന്നില്ല. അതിനുള്ള കഴിവും വിചാരവും വികാരവുമെല്ലാം അല്ലാഹുവില്‍ നിന്ന് തന്നെ ലഭിക്കേണ്ടതുണ്ട്.

وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَبُّ الْعَالَمِينَ : التكوير

(ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ല.)

നബി (സ) തിരുമേനിക്ക് പോലും തിരുമേനി ഇഷ്ടപ്പെടുന്നവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ സാധ്യമല്ല.

(إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ – (القصص:٥٦

(നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നതല്ല. പക്ഷേ, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു. നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനുമാണ്‌.)

മനുഷ്യന്റെ കാര്യങ്ങളെല്ലാം അവന്‍റെ സ്വന്തം കഴിവില്‍ പെട്ടതാണെന്നും, അതില്‍ അല്ലാഹു അവന്നു നിരുപാധികമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും വാദിച്ചു കൊണ്ട് മനുഷ്യനു അതിരു കവിഞ്ഞ സ്ഥാനം കൽപിച്ചു കൊടുക്കുന്ന യുക്തിവാദക്കാര്‍ ഇതു പോലെയുള്ള ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക മാത്രമല്ല, അല്ലാഹുവിന്‍റെ അറിവിനെയും, കഴിവിനെയും, അധികാരത്തെയും അൽപമൊന്നു വെട്ടിച്ചുരുക്കുകയും, അവന്‍റെ അറിവിനും ഇഷ്ടത്തിനും എതിരായി ലോകത്തു കുറെ കാര്യങ്ങള്‍ നടമാടുമെന്നു വരുത്തിത്തീര്‍ക്കുകയും കൂടി ചെയ്യുന്നത് കാണാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യന്റെ അധികാരവൃത്തവും കഴിവും വലുതാക്കുവാനും, അല്ലാഹുവിന്‍റെ അധികാരവൃത്തവും കഴിവും ചെറുതാക്കുവാനും ശ്രമിക്കുകയാണ് ചെയ്യുന്നത്. അതോടു കൂടി അല്ലാഹുവിന്‍റെ സൃഷ്ടികളിലും ഭരണകാര്യങ്ങളിലും തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും ന്യായീകരിക്കുവാന്‍ കഴിയാത്ത രഹസ്യങ്ങളൊന്നും ഉണ്ടായിക്കൂടാ എന്നൊരു ധാരണയും അവരില്‍ നിന്ന് പ്രകടമാകുന്നു. الله أكبر അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം ഗ്രഹിക്കുവാനും, നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനും തൗഫീഖ് നല്‍കട്ടെ. നമ്മുടെ പാപങ്ങളും പാകപ്പിഴവുകളും അവന്‍ പൊറുത്തുതരട്ടെ. ആമീന്‍.

ولا حول ولا قوة إلا بالله وله الحمد والمنة