മുദ്ദഥിർ (പുതച്ച് മൂടിയവൻ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 56 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്ക് ഹിറാമല ഗുഹയില്‍ വെച്ച് ഒന്നാമതായി ലഭിച്ച വഹ്യ്‍ സൂറത്തുല്‍ ‘അലഖി’ (اقْرَأْ بِاسْمِ رَبِّكَ) ലെ ആദ്യ വചനങ്ങള്‍ ആയിരുന്നു. അതിനു ശേഷം കുറച്ചു കാലത്തേക്ക് വഹ്യ്‍ ലഭിക്കാതിരിക്കുകയുണ്ടായി. അത് നിമിത്തം നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വളരെ പരിഭ്രമത്തിലും വ്യസനത്തിലുമായി. പിന്നീടു ആദ്യമായി അവതരിച്ച അദ്ധ്യായം ഈ (يَا أَيُّهَا الْمُدَّثِّرُ) അദ്ധ്യായമായിരുന്നു എന്നാണ് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്ഥിരപെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) അബൂ സലമഃ (رَضِيَ اللهُ تَعَالَى عَنْهُ)യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍, ഒന്നാമത്തെ വഹ്‍യിന് ശേഷം പിന്നീട് വഹ്യ്‍ വരാന്‍ താമസിച്ച സംഭവം തിരുമേനി പറഞ്ഞു കേട്ടതായി ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന് വിവരിച്ചു കൊടുത്തിരിക്കുന്നു. അതില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത് കാണാം: ‘അങ്ങനെ ഞാന്‍ നടന്നുകൊണ്ടിരിക്കെ, ആകാശത്ത് നിന്നൊരു ശബ്ദം കേട്ടു. ഞാന്‍ ആകാശത്തിന്റെ നേര്‍ക്ക്‌ കണ്ണ് പൊക്കി. അപ്പോഴതാ, ഹിറാ മലയില്‍ വെച്ച് എന്‍റെ അടുക്കല്‍ വന്നിരുന്ന ആ മലക്ക് ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു പീഠത്തിൻമേല്‍ ഇരിക്കുന്നു! ഞാന്‍ അത് നിമിത്തം പേടിച്ചു വിറച്ചു നിലത്തേക്ക് വീഴാറായി. അങ്ങനെ, വീട്ടുകാരുടെ അടുക്കല്‍ വന്ന് ‘വസ്ത്രമിട്ടു മൂടിത്തരുവിന്‍, പുതച്ചു തരുവിന്‍ (زَمِّلُونِي ‏ دَثَّرُونِي)’ എന്നു പറഞ്ഞു. അവര്‍ എനിക്ക് പുതച്ചു തന്നു. ആ അവസരത്തിൽ ‍يَا أَيُّهَا الْمُدَّثِّرُ മുതല്‍ فَاهْجُرْ വരെയുള്ള വചനങ്ങള്‍ അവതരിച്ചു. പിന്നീടു വഹ്യ്‍ ചൂട് പിടിക്കയും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്തു.’ (متفق عليه)

‘ഹിറായില്‍ വെച്ചു എന്‍റെ അടുക്കല്‍ വന്ന മലക്ക് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. ഒന്നാമത്തെ വഹ്‍യും കൊണ്ട് ജിബ്രീല്‍ (عليه السلام) വന്നതും സൂ: അലഖിലെ ആദ്യവചനങ്ങള്‍ അവതരിച്ചതും അവിടെ വെച്ചാണല്ലോ. ഈ സംഭവത്തെ വിശദമായി വിവരിച്ചു കൊണ്ട് ആയിശ (رَضِيَ اللهُ تَعَالَى عَنْها) യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഹദീസ് സൂറത്തുല്‍ അലഖില്‍ നമുക്ക് ഉദ്ധരിക്കാം. إن شاء الله എന്നാല്‍ ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) തന്നെ പ്രസ്താവിച്ചതായി വന്നിട്ടുള്ള വേറെ ഹദീസില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ ഈ സൂറത്താണെന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. വഹ്യ്‍ വരാന്‍ താമസിച്ചതിനു ശേഷം പിന്നീട് ആദ്യമായി അവതരിച്ച ഖുര്‍ആന്‍ ഇതായിരുന്നുവെന്നത്രെ ആ പ്രസ്താവനക്ക് ഹദീസ്പണ്ഡിതന്മാർ അര്‍ഥം കൽപിക്കുന്നത്. ആകയാല്‍ രണ്ടു ഹദീസുകളും തമ്മില്‍ വൈരുധ്യമില്ലെന്നു മനസ്സിലാക്കാമല്ലോ. സൂ: അലഖിലെ ആദ്യവചനങ്ങള്‍ നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم)യോട് വായിക്കാന്‍ കൽപിക്കുന്നവയാണ്. അതിന്റെ അവതരണത്തോടു കൂടി തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു ‘നുബുവ്വത്ത്’ (പ്രവാചകത്വം) സിദ്ധിച്ചു. ഈ സൂറത്തിലെ ആദ്യ വചനങ്ങളാകട്ടെ, തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم ) യോട് എഴുന്നേറ്റ് ചെന്നു ജനങ്ങള്‍ക്ക്‌ താക്കീത് നല്‍കുവാനാണ് കൽപിക്കുന്നത്. അഥവാ പ്രബോധനം ആരംഭിക്കുവാനുള്ള കൽപനയാണത്. ഇതോട് കൂടി തിരുമേനിക്കു ‘രിസാലത്തും’ (ദിവ്യദൗത്യവും) ലഭിക്കുന്നു. ഈ സൂറത്തിന്റെയും സൂ: മുസമ്മിലിന്റെ അവതരണ സന്ദര്‍ഭത്തെയും, രണ്ടിന്റെയും ആരംഭത്തില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യെ സംബോധന ചെയ്ത വാക്കുകളെയും (المدثر എന്നും المزمل എന്നും) പരിഗണിക്കുമ്പോള്‍ രണ്ടും പരസ്പരം യോജിപ്പുള്ളതായി കാണാം. രണ്ടില്‍ ഏതാണ് ആദ്യം അവതരിച്ചതെന്നു തീര്‍ത്തുപറഞ്ഞുകൂടാ. എങ്കിലും ഉള്ളടക്കങ്ങളും മറ്റു ചില വസ്തുതകളും വെച്ചു നോക്കുമ്പോള്‍ – ഇമാം അസ്ഖലാനി (رحمة الله عليه) പ്രസ്താവിച്ചതു പോലെ – ഈ സൂറത്ത് അവതരിച്ച ശേഷമായിരിക്കും സൂ: മുസമ്മില്‍ അവതരിച്ചതു എന്നാണ് മനസ്സിലാകുന്നത്. الله أعلم

74:1
  • يَـٰٓأَيُّهَا ٱلْمُدَّثِّرُ ﴾١﴿
  • ഹേ, പുതച്ചു മൂടിയവനെ!
  • يَـٰٓأَيُّهَا ഹേ ٱلْمُدَّثِّرُ പുതച്ചു മൂടിയവന്‍
74:2
  • قُمْ فَأَنذِرْ ﴾٢﴿
  • എഴുന്നേല്‍ക്കുക, എന്നിട്ടു (ജനങ്ങളെ) താക്കീത് ചെയ്യുക
  • قُمْ എഴുന്നേല്‍ക്കുക فَأَنذِرْ എന്നിട്ട് താക്കീത് ചെയ്യുക, മുന്നറിയിപ്പ് നല്‍കുക
74:3
  • وَرَبَّكَ فَكَبِّرْ ﴾٣﴿
  • നിന്റെ റബ്ബിനെ നീ മഹത്വപ്പെടുത്തുക.
  • وَرَبَّكَ നിന്‍റെ റബ്ബിനെ فَكَبِّرْ മഹത്വപ്പെടുത്തുക, തക്ബീര്‍ നടത്തുക
74:4
  • وَثِيَابَكَ فَطَهِّرْ ﴾٤﴿
  • നിന്റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക.
  • وَثِيَابَكَ നിന്റെ വസ്ത്രങ്ങളെ فَطَهِّرْ ശുദ്ധമാക്കുക
74:5
  • وَٱلرُّجْزَ فَٱهْجُرْ ﴾٥﴿
  • ശിക്ഷ [ക്കു കാരണമായി തീരുന്നവ]യെ നീ വിട്ടു നില്‍ക്കുക
  • وَٱلرُّجْزَ ശിക്ഷയെ (പാപങ്ങളെ), മ്ലേച്ഛതയെ (വിഗ്രഹങ്ങളെ) فَٱهْجُرْ നീ വെടിയുക, പുറം തള്ളുക

المدثر (പുതച്ചു മൂടിയവന്‍) എന്നു സംബോധന ചെയ്തത് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യെ തന്നെ. ഇതിനുള്ള കാരണം മുകളില്‍ ഉദ്ധരിച്ച ഹദീസില്‍ നിന്നും മനസ്സിലായല്ലോ. എന്നാല്‍, കഴിഞ്ഞ സൂറത്തിന്റെ ആരംഭത്തില്‍ ചൂണ്ടിക്കാട്ടിയതു പോലെയുള്ള ചില അഭിപ്രായങ്ങള്‍ ഇവിടെയും ഇല്ലാതില്ല. അതായതു ഖുറൈശികളുടെ ഉപദ്രവം അതിരു കവിഞ്ഞപ്പോള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വീട്ടില്‍ വന്നു പുതച്ചു കിടന്നുവെന്നും, ആ അവസരത്തിലാണ് ഇതു അവതരിച്ചതെന്നും, ഉറങ്ങി കിടക്കുമ്പോഴാണ് അവതരിച്ചതെന്നും. പക്ഷെ മേലുദ്ധരിച്ച ഹദീസ് ഈ അഭിപ്രായങ്ങളെ ബലഹീനമാക്കുന്നു. മൂടി പുതക്കുവാന്‍ കാരണം എന്ത് തന്നെ ആയിരുന്നാലും ശരി, വീട്ടില്‍ മൂടി പുതച്ചുകൊണ്ടിരുന്നാല്‍ പോരാ എന്നും, പുറത്തിറങ്ങി ജനങ്ങളെ താക്കീത് ചെയ്യുകയും, ദിവ്യദൗത്യത്തിന്റെ ഭാരം ഏറ്റെടുക്കുകയും വേണ്ടതുണ്ടെന്നും ഇതില്‍ സൂചന കാണാം.

നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയെ വിളിച്ചു പ്രബോധനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു കൊള്ളണമെന്ന് അല്ലാഹു കൽപിക്കുകയാണല്ലോ. പ്രബോധന കൃത്യത്തിന്റെ രണ്ടു പ്രധാന വശങ്ങളത്രേ സന്തോഷവാര്‍ത്ത അറിയിക്കലും താക്കീത് ചെയ്യലും (التبشيروالأنذار). അഥവാ സത്യവിശ്വാസവും സൽകർമ്മങ്ങളും സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലങ്ങളെ കുറിച്ച് സന്തോഷ വാര്‍ത്തകളും, അത് രണ്ടും സ്വീകരിക്കാത്തവര്‍ക്ക് അവന്റെ ശിക്ഷാനടപടികളെ കുറിച്ചു ഭയവാര്‍ത്തകളും അറിയിക്കല്‍. ഈ രണ്ടില്‍ താരതമ്യേന ഖുര്‍ആന്‍ മുന്‍ഗണന നല്‍കി കാണുന്നത് താക്കീത് (الأنذار)ന്‍റെ വശത്തിനാകുന്നു. ജനങ്ങള്‍ അന്ധവിശ്വാസത്തിലും അനാചാര ദുരാചാരങ്ങളിലും മുഴുകി കൊണ്ടിരിക്കുന്ന വേളയില്‍ – അപ്പോഴാണല്ലോ പ്രവാചകന്മാരുടെ പ്രബോധന സംരംഭം രംഗപ്രവേശം ചെയ്യുന്നത് – അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനായിരിക്കും സ്വാഭാവികമായും കൂടുതല്‍ സ്ഥാനമുള്ളത്. (ഇതിനെ പറ്റി സൂ: അല്‍കഹ്ഫിന്റെ ആദ്യത്തില്‍ വെച്ചും മറ്റും നാം മുന്‍പ് സംസാരിച്ചിട്ടുള്ളത് ഓര്‍ക്കുക). അതുകൊണ്ട് പ്രബോധന കൃത്യം ആരംഭിക്കുന്നതിനുള്ള ആദ്യത്തെ ഈ കൽപനയിലും താക്കീതിന്റെ വശത്തിനു അല്ലാഹു മുന്‍ഗണന നല്‍കിയിരിക്കുന്നു. തുടര്‍ന്ന് കൊണ്ടു അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തനം ചെയ്യുവാനുള്ള കൽപനയാണുള്ളത്. ലോക രക്ഷിതാവായ അല്ലാഹുവിന്‍റെ മഹത്വത്തിന് പകരം അവന്റെ ചില നിസ്സാര സൃഷ്ടികളുടെ മഹത്വങ്ങളെ പ്രകീര്‍ത്തനം ചെയ്തു കൊണ്ടും, അല്ലാഹുവിന്‍റെ സ്ഥാനം ഇതര വസ്തുക്കള്‍ക്ക് കൽപിച്ചു കൊണ്ടും കഴിഞ്ഞു കൂടുന്ന ഒരു ജനതയെയാണല്ലോ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) താക്കീത് ചെയ്യാന്‍ പോകുന്നത്. അപ്പോള്‍ ഇവിടെ ഇക്കാര്യം നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم)യെ പ്രത്യേകം ഉണര്‍ത്തിയത് വളരെ സന്ദര്‍ഭോചിതമാണെന്നു പറയേണ്ടതില്ല.

ഇതു പോലെ തന്നെ ‘വസ്ത്രം ശുദ്ധിയാക്കുക (وثيابك فطهر)’ എന്ന കല്‍പനയും ശ്രദ്ധേയമത്രേ. ശുദ്ധിക്കും വെടിപ്പിനും ഇസ്ലാം നല്‍കുന്ന പ്രാധാന്യം ഇതില്‍ നിന്നും ഊഹിക്കാം. ഒരു മുസ്ലിം സദായ്പോഴും മാലിന്യങ്ങളില്‍ നിന്നും അശുദ്ധങ്ങളില്‍ നിന്നും മുക്തനായിരിക്കേണ്ടതാണ്. നമസ്കാരാദി കര്‍മവേളകളില്‍ വിശേഷിച്ചും. വെളിക്കിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും തങ്ങളുടെ വേഷ വസ്ത്രാദികളില്‍ ശുചിയുടെ കാര്യം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അവരുടെ ഇണക്കവും സ്വീകരണവും ലഭിക്കുന്നതിനു അതത്യാവശ്യമാണ്. അത് കൊണ്ട് തന്നെയായിരിക്കും പ്രബോധനം ചെയ്യാനുള്ള കല്‍പനയോടൊന്നിച്ചു ഇക്കാര്യവും അല്ലാഹു ഉണര്‍ത്തിയത്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ ചര്യ പരിശോധിക്കുന്ന പക്ഷം, ശരീരം, വസ്ത്രം, വേഷം, താടി, മുടി ആദിയായവയെല്ലാം തന്നെ വൃത്തിയിലും വെടുപ്പിലും വെക്കുന്നതില്‍ തിരുമേനിക്ക് വളരെ നിഷ്കര്‍ഷയുണ്ടായിരുന്നെന്നു കാണാം. ഈ വാക്യത്തിനു ചില വ്യംഗ്യാര്‍ത്ഥങ്ങളും ചില വ്യാഖ്യാതാക്കള്‍ കല്‍പിക്കാറുണ്ട്. അതാണിവിടെ ഉദ്ധേശ്യമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പാപങ്ങളില്‍ നിന്നും ശുദ്ധമായിരിക്കുക, മനസ്സും ശരീരവും പരിശുദ്ധമായിരിക്കുക, ഉപയോഗിക്കുന്ന വസ്ത്രം കുറ്റകരമായ വഴിക്ക് സമ്പാദിച്ചതല്ലാതിരിക്കുക, തെറ്റായ വിഷയങ്ങളില്‍ വസ്ത്രങ്ങളെ ഉപയോഗപ്പെടുത്താതിരിക്കുക എന്നിങ്ങനെയുള്ള ചില സാരങ്ങളാണവ. മൊത്തത്തില്‍ എല്ലാം സ്വീകാര്യവും, തത്വത്തില്‍ ഏറെക്കുറെ യോജിപ്പുള്ളതും തന്നെ.

الرُّجْزَ എന്ന വാക്ക് ‘റുജ്സ്’ എന്നും ‘രിജ്സു’ എന്നും (بالكسر والضم) വായനയുണ്ട്. രണ്ടായാലും ആ വാക്കിന് ‘ശിക്ഷ, വിഗ്രഹാരാധന,പാപം, മാലിന്യം, ബഹുദൈവാരാധന,കിടിലം കൊള്ളല്‍’ എന്നിങ്ങനെ പല അര്‍ത്ഥങ്ങളും വരുന്നതാകുന്നു. (*) ഇവയില്‍ ഒന്നാമത്തെയും രണ്ടാമത്തെയും അര്‍ത്ഥമാണ് വ്യാഖ്യാതാക്കള്‍ പൊതുവില്‍ സ്വീകരിച്ചിരിക്കുന്നത്. അതായത് ശിക്ഷയെ അകന്നു നില്‍ക്കുക എന്നും വിഗ്രഹങ്ങളെ അകന്നു നില്‍ക്കുക എന്നും. ശിക്ഷ കൊണ്ടുദേശ്യം ശിക്ഷാര്‍ഹമായ എല്ലാ പാപങ്ങളുമാകുന്നു.


 راجع القاموس ومفردات الراغب والمنجد وغيرها (*)


74:6
  • وَلَا تَمْنُن تَسْتَكْثِرُ ﴾٦﴿
  • അധികം (ലഭിക്കുവാന്‍) മോഹിച്ചുകൊണ്ടു നീ ഉപകാരം (അഥവാ ദാക്ഷിണ്യം) ചെയ്യരുത്
  • وَلَا تَمْنُن നീ ഉപകാരം (ദാക്ഷിണ്യം,നന്മ) ചെയ്യരുത് تَسْتَكْثِرُ അധികം മോഹിച്ചു കൊണ്ടും, അധികം നടിച്ചു കൊണ്ടു
74:7
  • وَلِرَبِّكَ فَٱصْبِرْ ﴾٧﴿
  • നിന്റെ റബ്ബിനു വേണ്ടി നീ ക്ഷമിച്ചും കൊള്ളുക
  • وَلِرَبِّكَ നിന്‍റെ റബ്ബിനു വേണ്ടി فَٱصْبِرْ നീ ക്ഷമിക്കുക

ജനങ്ങളില്‍ നിന്നും കൂടുതല്‍ ലഭ്യമുണ്ടാകും, അല്ലെങ്കില്‍ ഉണ്ടാവണം എന്ന ഉദ്ധേശ്യത്തോടെ വല്ല ഉപകാരമോ ദാക്ഷിണ്യമോ ചെയ്യരുത്; അല്ലാഹുവിന്‍റെ പ്രീതിയും പൊരുത്തവും മാത്രം ഉദേശിച്ചു കൊണ്ടായിരിക്കണം അത്; അല്ലാഹുവിന്‍റെ പ്രീതി ലഭിക്കാനായി അവന്റെ മാര്‍ഗത്തില്‍ ക്ഷമയും സഹനവും കൈക്കൊള്ളണം എന്നു സാരം. സല്‍ക്കാര്യങ്ങള്‍ വല്ലതും ചെയ്യുമ്പോള്‍ അത് കുറെ അധികമായിട്ടുണ്ടെന്ന നാട്യം ഉണ്ടായിരിക്കാതെ, എപ്പോഴും പോരാ പോരാ എന്ന വിചാരത്തോട് കൂടെയായിരിക്കണം ചെയ്യുന്നത് എന്നും, 6-ാം വചനത്തിനു വ്യാഖ്യാനം നല്‍കപെട്ടിരിക്കുന്നു. الله أعلم

74:8
  • فَإِذَا نُقِرَ فِى ٱلنَّاقُورِ ﴾٨﴿
  • എന്നാല്‍, കാഹളത്തില്‍ മുഴക്കപെട്ടാല്‍ [ഊതപെട്ടാല്‍],-
  • فَإِذَا نُقِرَ എന്നാല്‍ മുഴക്ക (ഊത)പ്പെട്ടാല്‍ فِى ٱلنَّاقُورِ കാഹളത്തില്‍
74:9
  • فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ ﴾٩﴿
  • അപ്പോഴതു - അന്നത്തെ ദിവസം - പ്രയാസകരമായ ഒരു ദിവസമായിരിക്കും!-
  • فَذَ‌ٰلِكَ എന്നാലത് يَوْمَئِذٍ അന്നത്തെ ദിവസം يَوْمٌ عَسِيرٌ ഞെരുങ്ങിയ (പ്രയാസകരമായ) ഒരു ദിവസമാണ്
74:10
  • عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍ ﴾١٠﴿
  • അവിശ്വാസികളുടെ മേല്‍ നിസ്സാരമല്ലാത്ത (ദിവസം)!
  • عَلَى ٱلْكَـٰفِرِينَ അവിശ്വാസികളുടെ മേല്‍ غَيْرُ يَسِيرٍ നിസ്സാരം (എളുപ്പം - ലഘു) അല്ലാത്ത

ഖിയാമത്തുനാളിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തം. ഇമാം അഹ്‌മദും (رحمة الله عليه), ഇബ്നു ജരീറും(رحمة الله عليه) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറയുകയുണ്ടായി: ‘കൊമ്പിന്റെ ആള്‍ – കാഹളത്തില്‍ ഊതുവാന്‍ നിയോഗിക്കപെട്ട മലക്ക് – തന്നോട് എപ്പോഴാണ് ഊതുവാന്‍ കല്‍പിക്കപ്പെടുന്നതെങ്കില്‍ അപ്പോള്‍ ഊതുവാന്‍ വേണ്ടി കാത്തിരുന്നു കൊണ്ട് കൊമ്പ് വായില്‍ വെക്കുകയും, നെറ്റി ചുളിക്കുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് ഞാന്‍ എങ്ങനെ സുഖജീവിതം കൊള്ളും!?’ സഹാബികള്‍ ചോദിച്ചു: “ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് അവിടുന്നു ഞങ്ങളോട് കൽപിക്കുന്നത്?” തിരുമേനി പറഞ്ഞു: ‘ഞങ്ങള്‍ക്കു അല്ലാഹു മതി. അവന്‍ ഭരമേല്പിക്കപ്പെടുവാന്‍ എത്രയോ നല്ലവന്‍ തന്നെ. ഞങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്പിച്ചിരിക്കുന്നു (حَسْبُنَا اللَّهُ وَنِعْمَ الوَكِيلُ ، عَلَى اللهِ تَوَكَّلْنَا) എന്നു പറഞ്ഞു കൊള്ളുവിന്‍.’

തുടര്‍ന്നുള്ള (11 മുതല്‍ 30 വരെ) വചനങ്ങള്‍ വലീദ് ബ്നു മുഗീറ (وليد بن مغيرة) യുടെ വിഷയത്തില്‍ അവതരിച്ചതാണെന്ന് കാണിക്കുന്ന ചെറുതും വലുതുമായ പല രിവായത്തുകളും കാണാം. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ അത് അംഗീകരിച്ചിട്ടുമുണ്ട്. ഇതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നിപ്പില്ലെന്നു ഇമാം റാസി (رحمة الله) പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പ്രസ്തുത രിവായത്തുകളില്‍ ഇബ്നു ജരീര്‍ (رحمة الله) ഉദ്ധരിച്ച ഒരു രിവായത്തിന്റെ സാരം ഇപ്രകാരമാകുന്നു: ‘വലീദ് ബ്നു മുഗീറ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ അടുക്കല്‍ വരുകയുണ്ടായി. തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവനു ഖുര്‍ആന്‍ ഓതികേള്‍പ്പിച്ചു. അതു കേട്ടു അവന്‍റെ ഹൃദയത്തിനു അലിവുണ്ടായത് പോലെ തോന്നി. ഈ വിവരം അബുജഹലിനു കിട്ടി. അവന്‍ വലീദിന്റെ അടുക്കല്‍ ചെന്നു, (പരിഹാസേന) ഇങ്ങനെ പറഞ്ഞു : ‘ഓ, പിതൃവ്യാ, നിങ്ങളുടെ ജനങ്ങള്‍ നിങ്ങള്‍ക്ക് കുറച്ചു ധനം ശേഖരിച്ചു തരാന്‍ ഉദ്ദേശിക്കുന്നു’. വലീദ് പറഞ്ഞു: ‘എന്തിനാണത്?’ അബൂജഹല്‍ : ‘നിങ്ങള്‍ക്ക് തരാന്‍ തന്നെ. കാരണം, നിങ്ങള്‍ മുഹമ്മദിന്റെ പക്കലുള്ളത്‌ ലഭിക്കുവാന്‍ വേണ്ടി അവന്റെ അടുക്കല്‍ ചെന്നിരുന്നുവല്ലോ!’ വലീദ് : ‘ഞാന്‍ ഖുറൈശികളില്‍ വെച്ചു ധാരാളം ധനമുള്ളവനാണെന്ന് അവര്‍ക്കറിയാമല്ലോ’. അബൂജഹല്‍ : ‘എന്നാല്‍, താങ്കള്‍ അവന്‍ പറയുന്നതിനോട് പ്രതിഷേധവും വെറുപ്പുമുള്ള ആളാണെന്ന് അവര്‍ക്ക് അറിയുവാനായി മുഹമ്മദിനെപ്പറ്റി വല്ല അഭിപ്രായവും പറയണം.’ വലീദ് : ‘ഞാന്‍ അവനെക്കുറിച്ചു എന്തു പറയാനാണ്? അല്ലാഹു തന്നെയാണ! നിങ്ങളിലൊരാളും തന്നെ എന്നേക്കാള്‍ കവിത അറിയുന്നവരും, പദ്യമോ പാട്ടോ അറിയുന്നവരും അല്ല. ജിന്നുകളുടെ കവിത അറിയുന്നവരുമല്ല. അല്ലാഹുവാണ! അവന്‍ പറയുന്നതിനു ഇവയില്‍ ഒന്നിനോടും സാമ്യമില്ല തന്നെ. അല്ലാഹുവാണ! അവന്‍ പറയുന്ന വാക്കിനു ഒരു മാധുര്യമുണ്ട്. അതിന്റെ താഴെയുള്ളതെല്ലാം അതു ചവിട്ടിത്താഴ്ത്തുക തന്നെ ചെയ്യും. അതു ഉന്നതമാവുകയും ചെയ്യും. അതിനുപരിയായി ഒന്നും നിലകൊള്ളുകയില്ല.’ അബൂജഹല്‍ : ‘എന്നാല്‍ അല്ലാഹുവാണ! നിങ്ങള്‍ അവനെപറ്റി വല്ലതും പറയാതെ നിങ്ങളുടെ ജനത തൃപ്തിപ്പെടുന്നതല്ല.’ വലീദ് : ‘ശരി, എന്നെ വിട്ടേക്കുക. ഞാന്‍ ആലോചിക്കട്ടെ.’ അങ്ങനെ അവന്‍ കുറെ ആലോചിച്ചിട്ട് പറഞ്ഞു: ‘അതു മറ്റു ചിലരില്‍ നിന്നു പ്രമാണിക്കപെടുന്ന ‘സിഹ്ര്‍’ (മാരണം) അല്ലാതെ മറ്റൊന്നുമല്ല. (إِنْ هَـٰذَا إِلَّا سِحْرٌ يُؤْثَرُ عَنْ غَيْرِهِ)’ ഈ സന്ദര്‍ഭത്തില്‍ ذَرْنِي وَمَنْ خَلَقْتُ وَحِيدًا മുതല്‍ عَلَيْهَا تِسْعَةَ عَشَرَ വരെ (11-30 വചനങ്ങള്‍) അവതരിച്ചു.’

വലീദും മതം മാറി പോയി, ഇനി ഖുറൈശികളെല്ലാം മതം മാറിയേക്കുമല്ലോ എന്നു ജനസംസാരമുണ്ടായപ്പോഴാണ് അബൂജഹല്‍ വലീദിനെ സമീപിച്ചതെന്നും, വളരെ ആലോചിച്ച ശേഷമാണു വലീദ് മേല്‍കണ്ടത് പോലെ മറുപടി പറഞ്ഞതെന്നും വേറൊരു രിവായത്തില്‍ വന്നിരിക്കുന്നു. മറ്റൊരു രിവായത്തിന്റെ ചുരുക്കം ഇതാണ് : നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യില്‍ നിന്നു വലീദ് കേട്ടത് ‘ഹാ മീം സജദഃ’ എന്ന അദ്ധ്യായമായിരുന്നു. അവന്‍ അതില്‍ ആകൃഷ്ടനാകുകയും ഖുര്‍ആനെ പ്രശംസിച്ചുകൊണ്ട് പ്രസ്താവന ചെയ്യുകയും ചെയ്തു. ഇതു കേട്ടപ്പോള്‍ അവന്‍ മുസ്ലിമായിട്ടുണ്ടെന്നു കരുതി ഖുറൈശികള്‍ക്കു പരിഭ്രമമായി. പലപ്രകാരത്തിലും അവര്‍ അവനെ ഇളക്കിവിടുവാന്‍ തുടങ്ങി. അപ്പോള്‍ വലീദ് തന്റെ അടവ് മാറ്റി. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെപ്പറ്റി ഭ്രാന്തനെന്നും ജോല്‍സ്യനെന്നും കവിയെന്നും ആരോപിക്കപ്പെടാറുള്ളതിനെ അവന്‍ ഓരോ ന്യായം പറഞ്ഞു ഖണ്ഡിച്ചു സംസാരിച്ചു. അനന്തരം, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു മാരണക്കാരന്‍ (‘സാഹിര്‍’) ആണെന്നു സമര്‍ത്ഥിച്ചു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യില്‍ വിശ്വസിച്ചു കഴിഞ്ഞ ആളുകളും, അവരുടെ കുടുംബങ്ങളും തമ്മില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഭിന്നിപ്പുകളെ അവന്‍ അതിനു തെളിവായി എടുത്തുകാട്ടുകയും ചെയ്തു.

ഖുറൈശ് ഗോത്രത്തില്‍ ബനൂ മഖ്‌സൂം (بنو مخزوم) ശാഖയിലെ വമ്പിച്ച ധനാഢ്യനും നേതാവുമായിരുന്നു വലീദ്. വളരെ കച്ചവടങ്ങളും കൃഷിനിലങ്ങളും അവന്നുണ്ടായിരുന്നു. മക്കയുടെയും, ത്വാഇഫിന്റെയും ഇടയില്‍ പല സ്ഥലത്തും ആടുമാടൊട്ടകങ്ങള്‍, കുതിരകള്‍, അടിമകള്‍ ആദിയായ വമ്പിച്ച സമ്പത്തുകള്‍ വേറെയും. പ്രാപ്തരും ശക്തരുമായ എട്ടുപത്തു ആണ്മക്കളും ഉണ്ടായിരുന്നു. അവരില്‍ ഖാലിദ്‌, ഹിശാം, ഉമാറത് (خالد، هشام، عمارة – رضي الله عنهم أجمعين) എന്നീ മൂന്നു പേര്‍ ഇസ്ലാം സ്വീകരിച്ചവരാണ്. സുഖസമ്പൂര്‍ണവും ഉന്നത നിലവാരത്തിലുള്ളതുമായിരുന്നു വലീദിന്റെ ദീര്‍ഘകാല ജീവിതം. തന്റെ പേരും പ്രശസ്തിയും നിമിത്തം ‘ഖുറൈശികളുടെ വാസനച്ചെടി’ (ريحانة قريش) എന്നൊരു കീര്‍ത്തിനാമം പോലും വലീദ് സമ്പാദിച്ചിരുന്നു. അതേ സമയത്ത് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെയും ഇസ്ലാമിന്റെയും അതികഠിന ശത്രുവായിരുന്നു വലീദ്. അല്ലാഹുവിനു അവനോടുള്ള വെറുപ്പിന്റെ കാഠിന്യം താഴെ വചനങ്ങളില്‍ കാണാവുന്നതാണ്. അല്ലാഹു പറയുന്നു:-

74:11
  • ذَرْنِى وَمَنْ خَلَقْتُ وَحِيدًا ﴾١١﴿
  • എന്നെയും, ഞാന്‍ ഏകനായി (സ്വന്തം) സൃഷ്ടിച്ചുണ്ടാക്കിയ ഒരുവനെയും (അങ്ങു) വിട്ടേക്കുക. (അവന്റെ കാര്യം ഞാന്‍ ഏറ്റു കൊള്ളാം)! -
  • ذَرْنِي എന്നെ വിട്ടേക്കുക وَمَنْ خَلَقْتُ ഞാന്‍ സൃഷ്ടിച്ചുട്ടുള്ള ഒരുവനെയും وَحِيدًا ഏകനായി കൊണ്ട്
74:12
  • وَجَعَلْتُ لَهُۥ مَالًا مَّمْدُودًا ﴾١٢﴿
  • അവനു (ധാരാളമായി) അയച്ചിട്ട് കൊടുക്കപ്പെട്ട ധനവും ഞാന്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നു;-
  • وَجَعَلْتُ ഞാന്‍ ആക്കി (ഉണ്ടാക്കി) കൊടുക്കുകയും ചെയ്തു لَهُ അവനു مَالًا ധനം, സ്വത്ത്‌ مَّمْدُودًا അയച്ചു (നീട്ടിയിട്ടു) കൊടുക്കപ്പെട്ടതായ
74:13
  • وَبَنِينَ شُهُودًا ﴾١٣﴿
  • സന്നദ്ധരായ (കുറേ) പുത്രന്മാരെയും (കൊടുത്തിരിക്കുന്നു);-
  • وَبَنِينَ പുത്രന്മാരെയും شُهُودًا സന്നദ്ധരായ, തയ്യാറുള്ള (യോഗ്യരായ)
74:14
  • وَمَهَّدتُّ لَهُۥ تَمْهِيدًا ﴾١٤﴿
  • ഞാന്‍ അവനു ഒരു (നല്ല) സൗകര്യം സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
  • وَمَهَّدتُّ ഞാന്‍ സൗകര്യപ്പെടുത്തി, ശരിപ്പെടുത്തി لَهُ അവനു تَمْهِيدًا ഒരു സൗകര്യപ്പെടുത്തല്‍
74:15
  • ثُمَّ يَطْمَعُ أَنْ أَزِيدَ ﴾١٥﴿
  • പിന്നെയും ഞാന്‍ വര്‍ദ്ധിപ്പിച്ചു കൊടുക്കുവാന്‍ അവന്‍ മോഹിച്ചു കൊണ്ടുമിരിക്കുന്നു!
  • ثُمَّ يَطْمَعُ പിന്നെയും അവന്‍ മോഹിക്കുന്നു أَنْ أَزِيدَ ഞാന്‍ വര്‍ദ്ധിപ്പിച്ചു കൊടുക്കുവാന്‍, കൊടുക്കുമെന്ന്
74:16
  • كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًا ﴾١٦﴿
  • വേണ്ടാ! അവന്‍ നമ്മുടെ 'ആയത്തു' [ലക്ഷ്യം]കളോട് ധിക്കാരക്കാരനായിരിക്കുന്നു!
  • كَلَّآ വേണ്ടാ, അങ്ങനെയല്ല إِنَّهُ كَانَ നിശ്ചയം അവനായിരിക്കുന്നു لِأَيَاتِنَا നമ്മുടെ ആയത്തുകളോട് عَنِيدًا ധിക്കാരി, മത്സരക്കാരന്‍
74:17
  • سَأُرْهِقُهُۥ صَعُودًا ﴾١٧﴿
  • ഞാന്‍ അവനെ കയറ്റം കയറുവാന്‍ [ഞെരുക്കം അനുഭവിക്കുവാന്‍] വഴിയെ നിര്‍ബന്ധിക്കുന്നതാണ്.
  • سَأُرْهِقُهُ വഴിയെ ഞാന്‍ അവനെ നിര്‍ബന്ധിക്കും, പ്രേരിപ്പിക്കും صَعُودًا കയറ്റം (ചുരം) കേറാന്‍, ഞെരുക്കത്തിനു

മറ്റാരുടെയും പങ്കോ സഹായമോ കൂടാതെ ഞാന്‍ ഒറ്റയ്ക്ക് തന്നെ അവനെ സൃഷ്ടിച്ചുണ്ടാക്കി; ധാരാളക്കണക്കിനു സമ്പല്‍സമൃദ്ധിയും നല്‍കി; എന്തിനും സന്നദ്ധരും യോഗ്യരുമായ കുറെ പുത്രന്മാരെയും നല്‍കി; എന്നുവേണ്ടാ, വിവിധ തരത്തിലുള്ള ക്ഷേമൈശ്വര്യങ്ങളും സ്ഥാനമാനങ്ങളും കൈവരുമാറുള്ള സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു; ഇതെല്ലാമുണ്ടായിട്ടു പിന്നെയും അവന്‍ എന്നില്‍നിന്നു കൂടുതല്‍ വര്‍ദ്ധമാനം മോഹിച്ചും പ്രതീക്ഷിച്ചും കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊക്കെയായിട്ടും അവന്‍ അതിനു നന്ദിയും കൂറും കാണിക്കുന്നില്ലെന്ന് മാത്രമല്ല, നമ്മുടെ ലക്ഷ്യദൃഷ്ടാന്തങ്ങളുടെ നേരെ ധിക്കാരവും മാത്സര്യവുമാണ് സ്വീകരിക്കുന്നത്. വേണ്ടാ! അതവനു നല്ലതിനല്ല, ആ വ്യാമോഹങ്ങളൊക്കെ അങ്ങു വിട്ടേക്കട്ടെ, അവനെ നാം വെറുതെ വിടുമെന്നു അവന്‍ കരുതേണ്ട. അധികം താമസിയാതെ അസഹ്യമായ ശിക്ഷയാകുന്ന വന്‍ചുരത്തില്‍ അവനെ നാം നിര്‍ബന്ധിച്ചു കയറ്റുക തന്നെ ചെയ്യും എന്നു സാരം.

ഈ വചനങ്ങള്‍ അവതരിച്ചത് വലീദുബ്നു മുഗീറയുടെ വിഷയത്തിലാണെന്ന് മുകളില്‍ നാം കണ്ടുവല്ലോ. എന്നാല്‍ ഇവയിലടങ്ങിയ ആക്ഷേപങ്ങളും താക്കീതുകളും അവനു മാത്രം ബാധകമാകുന്നതല്ല. ഏതെങ്കിലും വചനങ്ങളുടെ അവതരണഹേതു ഒരു പ്രത്യേക വ്യക്തിയോ, പ്രത്യേക സംഭവമോ ആയിക്കൊള്ളട്ടെ, അതിലെ ആശയവും വിധിയും പൊതുവില്‍ ബാധകമായിരിക്കും എന്നതില്‍ ഒട്ടും സംശയമില്ല. അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങളും അനുഗ്രഹങ്ങളും ആസ്വദിച്ചു കൊണ്ടിരിക്കുകയും, അതിനു നന്ദി കാണിക്കുന്നതിന് പകരം അവനെയും അവന്റെ സന്ദേശങ്ങളെയും ധിക്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഏതു വമ്പന്മാര്‍ക്കും ബാധകമത്രേ ഈ വചനങ്ങളിലെ താക്കീത്. ഈ വചനങ്ങള്‍ അവതരിച്ചതിന് ശേഷം, വലീദിന്റെ ധനത്തിലും മക്കളിലും അധഃപതനം നേരിട്ടു കൊണ്ടാണ് അവന്‍ മൃതിയടഞ്ഞതെന്നു മുഖാത്തില്‍ (رَضِيَ اللهُ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് – ജനാനുകൂല്യവും നേതൃസ്ഥാനവും നിലനിറുത്തുവാന്‍ വേണ്ടി – അവന്‍ ചെയ്ത കൃത്രിമമായ അഭിനയങ്ങളെ താഴെ വചനങ്ങളില്‍ അല്ലാഹു വമ്പിച്ച അമര്‍ഷത്തോട് കൂടി തുറന്നുകാട്ടുന്നു:-

74:18
  • إِنَّهُۥ فَكَّرَ وَقَدَّرَ ﴾١٨﴿
  • കാരണം, അവന്‍ ചിന്തിച്ചു; (ഒരു രൂപം) കണക്കാക്കുകയും ചെയ്തു.
  • إِنَّهُ നിശ്ചയമായും (കാരണം) അവന്‍ فَكَّرَ ചിന്തിച്ചു وَقَدَّرَ കണക്കാക്കി, (സങ്കല്‍പ്പിക്കുക - അനുമാനിക്കുകയും ചെയ്തു)
74:19
  • فَقُتِلَ كَيْفَ قَدَّرَ ﴾١٩﴿
  • അതിനാല്‍, അവന്‍ കൊല്ലപ്പെടട്ടെ [നശിക്കട്ടെ]! എങ്ങനെയാണവന്‍ കണക്കാക്കിയത്?!
  • فَقُتِلَ അതിനാല്‍ അവന്‍ കൊല്ലപ്പെടട്ടെ (നശിക്കട്ടെ, ശപിക്കപ്പെടട്ടെ, തുലയട്ടെ) كَيْفَ എങ്ങനെയാണു قَدَّرَ അവന്‍ കണക്കാക്കി, അനുമാനിച്ചു, സങ്കല്‍പ്പിച്ചു
74:20
  • ثُمَّ قُتِلَ كَيْفَ قَدَّرَ ﴾٢٠﴿
  • പിന്നെയും [വീണ്ടും] അവന്‍ കൊല്ലപ്പെടട്ടെ [നശിക്കട്ടെ]! എങ്ങനെയാണവന്‍ കണക്കാക്കിയത്?!
  • ثُمَّ قُتِلَ പിന്നെ (വീണ്ടും) അവന്‍ കൊല്ലപ്പെടട്ടെ كَيْفَ قَدَّرَ അവന്‍ എങ്ങനെയാണു കണക്കാക്കിയത്
74:21
  • ثُمَّ نَظَرَ ﴾٢١﴿
  • പിന്നീടവന്‍ (ഒന്നു) നോക്കി;
  • ثُمَّ نَظَرَ പിന്നെ അവന്‍ നോക്കി
74:22
  • ثُمَّ عَبَسَ وَبَسَرَ ﴾٢٢﴿
  • പിന്നെ, അവന്‍ (മുഖം) ചുളിക്കുകയും ഇറുകിച്ചുളുങ്ങുകയും ചെയ്തു.
  • ثُمَّ عَبَسَ പിന്നെ അവന്‍ മുഖം ചുളിച്ചു وَبَسَرَ ചുക്കി ചുളുങ്ങുക (ഇറുക്കുക - കൂടുതല്‍ ചുളിക്കുക)യും ചെയ്തു
74:23
  • ثُمَّ أَدْبَرَ وَٱسْتَكْبَرَ ﴾٢٣﴿
  • പിന്നെ, അവന്‍ പിന്നോട്ട് മാറുകയും, അഹംഭാവം നടിക്കുകയും ചെയ്തു.
  • ثُمَّ أَدْبَرَ പിന്നീടവന്‍ പിന്നോക്കം തിരിഞ്ഞു, പിന്നോട്ട് മാറി وَٱسْتَكْبَرَ അഹംഭാവം (അഹങ്കാരം) നടിക്കുകയും ചെയ്തു

74:24
  • فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌ يُؤْثَرُ ﴾٢٤﴿
  • എന്നിട്ട് പറഞ്ഞു: "ഇതു പ്രമാണിച്ച് പറയപ്പെടുന്ന 'സിഹ്ര്‍' അല്ലാതെ (മറ്റൊന്നും) അല്ല.’ [മറ്റാരില്‍ നിന്നോ കേട്ടു ഉദ്ധരിക്കപ്പെടുന്ന മാരണം മാത്രമാണ് ഈ ഖുര്‍ആന്‍]
  • فَقَالَ എന്നിട്ടു പറഞ്ഞു إِنْ هَٰذَآ ഇതല്ല إِلَّا سِحْرٌ സിഹ്ര്‍ (ആഭിചാരം - മാരണം - ജാലവിദ്യ) അല്ലാതെ يُؤْثَرُ പ്രമാണിക്കപ്പെടുന്ന, ഉദ്ധരിച്ചു പറയപ്പെടുന്ന
74:25
  • إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ ﴾٢٥﴿
  • 'ഇതു മനുഷ്യന്റെ വാക്കല്ലാതെ (വേറൊന്നും) അല്ല.'
  • إِنْ هَٰذَآ ഇതല്ല إِلَّا قَوْلُ വാക്കു (വചനം) അല്ലാതെ ٱلْبَشَرِ മനുഷ്യന്‍റെ

നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യില്‍ നിന്ന് ഖുര്‍ആന്‍ കേട്ടപ്പോള്‍ അതു ദിവ്യ വചനം ആണെന്നു അവന്നു ആദ്യം ബോധ്യമായിരുന്നു. അനന്തരം കൂട്ടുകാരെ തൃപ്തിപ്പെടുത്താനും ജനങ്ങൾക്കിടയില്‍ സല്‍പേരും കീര്‍ത്തിയും നില നിര്‍ത്തുവാനും വേണ്ടി മനസ്സാക്ഷി പണയപ്പെടുത്തി കളവു കെട്ടി പറയുവാന്‍ ധൈര്യപ്പെട്ടിരിക്കുകയാണ്. അല്‍പ്പം മുമ്പ് പുറപ്പെടുവിച്ചിരുന്ന ആ അഭിപ്രായം – അതു മനുഷ്യന്റെയോ ജിന്നിന്റെയോ വാക്യങ്ങളല്ല എന്ന അഭിപ്രായം – ഇപ്പോള്‍ മാറ്റി പറയേണ്ടി വന്നിരിക്കയാണ്‌. അങ്ങനെ അവന്റെ ഹൃദയം അവനെ അലട്ടി,കുറെ ചിന്തിച്ചു.ഇന്നിന്ന പ്രകാരമങ്ങു പറഞ്ഞു കളയാമെന്നു മനസ്സ് കൊണ്ട് സ്വരൂപിച്ചു കണക്കാക്കി. മനസ്സാക്ഷി അവനെ അലട്ടി കൊണ്ടിരുന്നു. ആദ്യത്തെ പ്രസ്താവനകള്‍ മാറ്റി പറയണമല്ലോ. അങ്ങനെ വിഷമത്തില്‍ പെട്ട് വീണ്ടും ആലോചിക്കുകായി. കുറെ മുഖം ചുളിക്കും, നെറ്റി ചുളുങ്ങും, മുഖം കറുക്കും, ചുക്കിച്ചുളുങ്ങും. ഒടുക്കം സത്യത്തില്‍ നിന്ന് പിന്മാറുവാന്‍ തന്നെ ഉറച്ചു. ഉത്തരം കിട്ടിപ്പോയി എന്ന അഹങ്കാരത്തോടെ ഞെളിഞ്ഞു നിന്ന് വിധി പുറപ്പെടുവിച്ചു : ‘മുഹമ്മദിന്റെ പക്കല്‍ നിന്നും കേള്‍ക്കുന്ന ഈ വാക്യങ്ങള്‍ സിഹ്ര്‍ അല്ലാതെ – മാരണമല്ലാതെ – മറ്റൊന്നുമല്ല. (അതു കൊണ്ടാണ് ആദ്യം ഞാന്‍ അതിലൊന്ന് മയങ്ങി പോയത്). ഏതോ ചില മാരണക്കാരില്‍ നിന്ന് പ്രമാണിച്ചുദ്ധരിക്കപ്പെടുന്നതാണ് ഇത്. ഇതു മനുഷ്യ നിര്‍മ്മിതം തന്നെ. അതല്ലാതെ ദിവ്യ വചനമൊന്നും അല്ല.’

‘ശാപമടയട്ടെ, നശിക്കട്ടെ, തുലഞ്ഞു പോകട്ടെ’ എന്നിങ്ങനെയുള്ള അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്ന ഒരു വാക്കാണ്‌ قُتِل َ(‘ഖുതില’ = കൊല്ലപ്പെടട്ടെ) എന്ന വാക്കു. വെറുപ്പിലും വിദ്വേഷത്തിലുമൊക്കെയാണത് ഉപയോഗിക്കാറുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ സന്തോഷ സൂചകമായും അതേ വാക്കു അറബികള്‍ ഉപയോഗിക്കാറുണ്ട്. ഇവിടെ അങ്ങേ അറ്റം അമര്‍ഷത്തോടും കോപത്തോടും കൂടിയാണ് അതു ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്‌. അതുകൊണ്ടാണ് അല്ലാഹു ആ വാക്കു ആവര്‍ത്തിച്ചിരിക്കുന്നതും. വാളെടുത്തു നേരില്‍ യുദ്ധം ചെയ്യുകയും, മുഖാമുഖമായി പല തരം അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്ത എത്രയോ ശത്രുക്കള്‍ മുശ്‌രിക്കുകളിലുണ്ട്. പക്ഷേ, മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഇത്രയും പരസ്യമായി സത്യത്തെ മൂടിവെച്ച ധിക്കാരികളായ നേതാക്കള്‍ ഇവനെ പോലെ അധികം പേര്‍ ഉണ്ടായിരിക്കയില്ല. അതു കൊണ്ടു തന്നെയാണ് ശിര്‍ക്കിന്റെ ഇതര നേതാക്കളെ കുറിച്ചൊന്നും കാണാത്തത്ര ശക്തമായ ഭാഷയില്‍ അവനെക്കുറിച്ചു അല്ലാഹു ആക്ഷേപിച്ചിരിക്കുന്നതും. (نعوذ بالله من غضبه)

سِحْرٌ (‘സിഹ്ര്‍’) എന്ന വാക്കു ‘ജാലം, ചെപ്പടി വിദ്യ, മാരണം, വശീകരണം, ആഭിചാരം’ എന്നിങ്ങനെ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. യാഥാര്‍ത്ഥ്യം മനസ്സിലാവാത്ത ഉപായ തന്ത്രങ്ങള്‍ക്കെല്ലാം മൊത്തത്തില്‍ ഉപയോഗിക്കാറുള്ള വാക്കാണത്. സന്ദര്‍ഭം നോക്കി ഉദ്ദേശ്യം മനസ്സിലാക്കാവുന്നതാണ്. ഖുര്‍ആന്‍ സിഹ്‌റാണ് എന്നുള്ള വാദത്തിനു മേലുദ്ധരിച്ച രിവായത്തില്‍ വലീദ് നല്‍കിയ ന്യായീകരണം, അതു മുഖേന കുടുംബാംഗങ്ങള്‍ക്കിടയില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഭിന്നിപ്പുണ്ടാക്കി തീര്‍ക്കുന്നുവെന്നാണല്ലോ. അതു കൊണ്ടാണ് നാം ഇവിടെ അതിനു മാരണം എന്നു വിവര്‍ത്തനം നല്‍കിയത്. ഐഹികമായ കാര്യ ലാഭത്തിനു വേണ്ടി ഖുര്‍ആനെ ധിക്കരിച്ച ആ ദുഷ്ട ഹൃദയത്തിനു അല്ലാഹു വമ്പിച്ച താക്കീത് നല്‍കുന്നു:-

74:26
  • سَأُصْلِيهِ سَقَرَ ﴾٢٦﴿
  • വഴിയെ ഞാനവനെ 'സഖറില്‍' [നരകത്തില്‍] ഇട്ടു എരിക്കുന്നതാണ്.
  • سَأُصْلِيهِ വഴിയെ ഞാനവനെ ഇട്ടു കരിക്കും, ഇട്ടു കാച്ചും سَقَرَ സഖറില്‍
74:27
  • وَمَآ أَدْرَىٰكَ مَا سَقَرُ ﴾٢٧﴿
  • 'സഖര്‍' എന്നാലെന്താണെന്നു നിനക്കു എന്തറിയാം?!-
  • وَمَآ أَدْرَىٰكَ നിനക്കു എന്തറിയാം, നിനക്കു അറിവ് നൽകിയതെന്താണ് مَا سَقَرُ സഖര്‍ എന്താണെന്ന്
74:28
  • لَا تُبْقِى وَلَا تَذَرُ ﴾٢٨﴿
  • അതു (ഒന്നിനെയും) ബാക്കിയാക്കുകയില്ല; വിട്ടു കളയുകയുമില്ല:-
  • لَا تُبْقِى അതു ബാക്കി വെക്കുകയില്ല وَلَا تَذَرُ വിട്ടു കളയുകയുമില്ല
74:29
  • لَوَّاحَةٌ لِّلْبَشَرِ ﴾٢٩﴿
  • തൊലിയെ എരിച്ചു (മാറ്റം വരുത്തി) കളയുന്നതാകുന്നു.
  • لَوَّاحَةٌ എരിച്ചു (കരിച്ചു) കളയുന്നതാണ്, മാറ്റം വരുത്തുന്നതാണ്, കരിവര്‍ണ്ണമാക്കുന്നതാണ് لِّلْبَشَرِ തൊലിയെ
74:30
  • عَلَيْهَا تِسْعَةَ عَشَرَ ﴾٣٠﴿
  • അതിന്റെ മേല്‍ (നോട്ടത്തിനു) പത്തൊമ്പത് പേരുണ്ട്
  • عَلَيْهَا അതിന്റെ മേലുണ്ട് تِسْعَةَ عَشَرَ പത്തൊമ്പത് പേര്‍

നരകത്തിനു പല പേരുകളും ഖുര്‍ആനില്‍ കാണാവുന്നതില്‍ ഒന്നത്രേ ‘സഖര്‍’ (سَقَر). എല്ലാ പേരുകളെയും പോലെ, ഇതും നരകത്തിന്റെ ഉഗ്രതയും കാഠിന്യവും കുറിക്കുന്നു. ഉരുക്കി കളയുന്നത്, കരിച്ചുകളയുന്നത് എന്നൊക്കെയാണ് അതിനു പദാര്‍ത്ഥം.(كما في المفردات). ഏതൊരുവസ്തുവാകട്ടെ, അതിനെ നരകത്തിലിട്ടാല്‍ അതതിനെ എരിച്ചു കളയാതെ ബാക്കി വെക്കുകയാകട്ടെ,വിട്ടു കളയുകയാവട്ടെ ചെയ്യുകയില്ല. തൊലികളിലേക്കു ആളിച്ചെന്നു അതിവേഗം അതിനെ കരിച്ചു നിറം മാറ്റി വരുത്തി കരിമയമാക്കുന്നതാണ്. നമ്മുടെ അഗ്നിയെക്കാള്‍ എത്രയോ മടങ്ങ്‌ ഉഗ്രതരമാണ് നരകാഗ്നി. എന്നിരിക്കിലും അതിനാല്‍ ശിക്ഷിക്കപെടുന്നവര്‍ നിത്യ യാതനകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയെന്നല്ലാതെ ഒരിക്കലും മരണമടയുന്നതല്ല. വല്ല വിശ്രമവും ലഭിക്കുമോ? അതുമില്ല.

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ : الأعلى

(അതില്‍ അവര്‍ മരണമടയുകയില്ല;ജീവിക്കുകയുമില്ല.) ഇതു നരകാഗ്നിയുടെ ഒരു പ്രത്യേകത ആണ്. മാത്രമല്ല, നിരന്തരം ശിക്ഷ അനുഭവിക്കേണ്ടതിനായി അവരുടെ തൊലികള്‍ വെന്തു കരിയുമ്പോഴേക്കും അല്ലാഹു വേറെ തൊലികളെ പകരം ഉണ്ടാക്കുകയും ചെയ്യുന്നതാണ്‌.

كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ : النساء: ٥٦

അതിന്റെ മേല്‍നോട്ടം വഹിക്കുന്നവരാകട്ടെ, പരുഷ സ്വഭാവിയും കഠിനന്മാരുമായ മലക്കുകളുമാകുന്നു.

عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ : التحريم

ഈ മേല്‍നോട്ടക്കാരായ മലക്കുകളെ കുറിച്ചാണ് ‘പത്തൊമ്പത് പേരുണ്ട്’ എന്നു ഇവിടെ അല്ലാഹു പ്രസ്താവിച്ചത്. ഇവരുടെ എണ്ണം പത്തൊമ്പത് ആക്കി നിശ്ചയിച്ചതിന്റെ രഹസ്യം എന്താണെന്നു നമുക്ക് അറിഞ്ഞു കൂടാ, അല്ലാഹുവിനു മാത്രമേ അറിയു. എങ്കിലും അതിവിടെ പ്രസ്താവിച്ചതിലടങ്ങിയ ചില രഹസ്യങ്ങള്‍ അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടി ക്കാട്ടുന്നുണ്ട്. അല്ലാഹു പറയുന്നു:-

74:31
  • وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ ﴾٣١﴿
  • നരകത്തിന്‍റെ (മേല്‍നോട്ടക്കാരായ) ആള്‍ക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു (അതു). (കൂടാതെ) ഹൃദയങ്ങളില്‍ (ഒരു തരം) രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്‍റെ സൈന്യങ്ങളെ അവനല്ലാതെ (ആരും) അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ (മറ്റൊന്നും) അല്ലതാനും.
  • وَمَا جَعَلْنَآ നാം ആക്കിയിട്ടില്ല أَصْحَٰبَ ٱلنَّارِ നരകത്തിന്‍റെ ആള്‍ക്കാരെ إِلَّا مَلَٰٓئِكَةً മലക്കുകളല്ലാതെ وَمَا جَعَلْنَا നാം ആക്കിയിട്ടില്ല عِدَّتَهُمْ അവരുടെ എണ്ണം إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلَّذِينَ كَفَرُوا۟ അവിശ്വസിച്ചവര്‍ക്കു لِيَسْتَيْقِنَ ഉറപ്പാക്കുവാന്‍, ദൃഡമാക്കുവാന്‍ വേണ്ടി ٱلَّذِينَ أُوتُوا۟ നല്‍കപ്പെട്ടവര്‍ ٱلْكِتَٰبَ വേദഗ്രന്ഥം وَيَزْدَادَ അധികരിക്കാനും ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചവര്‍(ക്കു) إِيمَٰنًا വിശ്വാസം, വിശ്വാസത്താല്‍ وَلَا يَرْتَابَ സംശയപ്പെടാതെ ഇരിക്കുവാനും ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ وَٱلْمُؤْمِنُونَ സത്യവിശ്വാസികളും وَلِيَقُولَ പറയുവാന്‍ വേണ്ടിയും ٱلَّذِينَ യാതൊരുവര്‍ فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْكَٰفِرُونَ അവിശ്വാസികളും مَاذَآ أَرَادَ എന്തൊന്നാണ് ഉദ്ദേശച്ചിരിക്കുന്നത് ٱللَّهُ അല്ലാഹു بِهَٰذَا ഇതു കൊണ്ട് مَثَلًا ഉപമ, ഉദാഹരണമായിട്ട് كَذَٰلِكَ അപ്രകാരം يُضِلُّ ٱللَّهُ അല്ലാഹു വഴിപിഴപ്പിക്കുന്നതാണ് مَن يَشَآءُ അവൻ ഉദ്ദേശിക്കുന്നവരെ وَيَهْدِى അവന്‍ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യും مَن يَشَآءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا يَعْلَمُ അറിയുകയില്ല جُنُودَ رَبِّكَ നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ إِلَّا هُوَ അവനല്ലാതെ وَمَا هِىَ അതു (ഇവ - അവ) അല്ല إِلَّا ذِكْرَىٰ ഉപദേശം (സ്മരണ) അല്ലാതെ لِلْبَشَرِ മനുഷ്യര്‍ക്ക്

നരകത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് പത്തൊമ്പത് മലക്കുകളാണെന്നു അല്ലാഹു പ്രസ്താവിച്ചുവല്ലോ. ഇതു കേട്ടപ്പോള്‍ അബൂ ജഹല്‍ തന്റെ ആളുകളോട്: ‘നിങ്ങളില്‍ ഓരോ പത്തു പേര്‍ക്കും അവരില്‍ ഓരോരുത്തരെ പിടിച്ചടക്കിക്കുടെ!’ എന്നും വേറൊരുവന്‍ ‘പതിനേഴു പേരെ ഞാന്‍ തടുത്തു കൊള്ളാം. ബാക്കി രണ്ടു പേരുടെ കാര്യം നിങ്ങള്‍ക്കും ആയിക്കൂടെ!’ എന്നും മറ്റും പരിഹസിച്ചു പറയുകയുണ്ടായെന്നു ചില രിവായത്തുകളില്‍ വന്നിരിക്കുന്നു.

നരകത്തിന്റെ മേല്‍നോട്ടക്കാര്‍ മലക്കുകള്‍ മാത്രമാണ് – അഥവാ മനുഷ്യരോ മറ്റോ അല്ല – എന്നു അല്ലാഹു ആദ്യമായി ചൂണ്ടിക്കാട്ടി. ഒരു മലക്കിനെ പോലും നേരിടുവനോ ചെറുത്തു നില്‍ക്കാനോ മനുഷ്യര്‍ക്കു സാധ്യമല്ല. എന്നിരിക്കെ, പത്തൊമ്പത് പേരില്‍ നിന്നു എങ്ങനെ രക്ഷപ്പെടുവാന്‍ കഴിയും? അതു കൊണ്ടു അവരില്‍ നിന്നും ആരെങ്കിലും രക്ഷപ്പെട്ടേക്കുമെന്നു കരുതേണ്ട. എന്നിങ്ങനെയുള്ള ഒരു സൂചന ഇതില്‍ അടങ്ങിയിരിക്കുന്നു. പത്തൊമ്പത് എന്ന എണ്ണം എടുത്തു പറഞ്ഞതില്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള സംശയത്തിനോ ആശയക്കുഴപ്പത്തിനോ അവകാശമില്ല. എന്തുക്കൊണ്ടു പത്തൊമ്പതായി, അല്ലെങ്കില്‍ ഇരുപതോ നൂറോ ആയില്ല എന്നിത്യാദി വിമര്‍ശനങ്ങളൊന്നും അവരില്‍ നിന്നുണ്ടാവാനില്ല. അല്ലാഹു പറഞ്ഞത് അപ്പടി സ്വീകരിക്കാനും വിശ്വസിക്കുവാനും അവര്‍ തികച്ചും സന്നദ്ധരാണ്. എന്നാല്‍ അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതൊരു പരീക്ഷണം മാത്രമാണെന്ന് തുടര്‍ന്ന് പ്രസ്താവിച്ചിരിക്കുന്നു. ഈ രണ്ടു മുഖവുരകള്‍ക്കു ശേഷം വിഷയം കുറേ കൂടി വിശദീകരിക്കുകയാണ് അടുത്ത വാക്യങ്ങളില്‍ ചെയ്തിരിക്കുന്നത്. അതായത്: വേദഗ്രന്ഥം നൽകപ്പെട്ടവര്‍ക്കു ഖുര്‍ആനിലുള്ള വിശ്വാസം ദൃഢകരമായി തീരുവാന്‍ അതു ഉപകരിക്കുന്നു. കാരണം, അവരുടെ പക്കലുള്ള ഗ്രന്ഥങ്ങള്‍ മുഖേന അതവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഖുര്‍ആനും അതോടു യോജിച്ചു കാണുമ്പോള്‍ അവര്‍ക്കതു കൂടുതല്‍ ബോധ്യവും സ്വീകാര്യവും ആയിരിക്കുമല്ലോ. മുന്‍ വേദഗ്രന്ഥങ്ങളില്‍ ഈ വിവരം ഉള്ളതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചതെന്നു ഇബ്നു അബ്ബാസ്‌ (رَضِيَ اللهُ عَنْهُ), ഖത്താദ (رَضِيَ اللهُ عَنْهُ), മുജാഹിദ് (رَضِيَ اللهُ عَنْهُ) എന്നിവരില്‍ നിന്ന് നിവേദനങ്ങള്‍ വന്നിട്ടുണ്ട്. മറ്റു പലതുമെന്ന പോലെ, ഇന്നത്തെ ബൈബിളുകളില്‍ ഇതു കാണപ്പെടാത്തതിന് കാരണം വ്യക്തമാണ്‌. പക്ഷേ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ വേദക്കാര്‍ക്ക് ഇക്കാര്യം പൊതുവില്‍ അറിയാമായിരുന്നുവെന്നും, അതു കൊണ്ടാണ് അവര്‍ അതിനെ എതിര്‍ക്കാതിരുന്നതെന്നും സ്പഷ്ടമാണല്ലോ. ഇതു പോലെ തന്നെ, സത്യവിശ്വാസികള്‍ക്കു അതു വിശ്വാസം വര്‍ദ്ധിക്കുവാനും ഇടയാകുന്നു. ഖുര്‍ആന്‍റെ പ്രസ്താവനകളെ വേദക്കാര്‍ ശരിവെച്ചു കാണുന്നതും, നരകശിക്ഷയുടെ കാഠിന്യത്തെയും സ്വഭാവത്തെയും കുറിച്ചു അറിയുന്നതും സത്യവിശ്വാസികളുടെ വിശ്വാസ വര്‍ദ്ധനവിന് കാരണമാകുന്നു. കൂടാതെ, അല്ലാഹുവിങ്കല്‍ നിന്നു അവതരിച്ചു കൊണ്ടിരിക്കുന്ന ഓരോ സന്ദേശവും അവരുടെ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു.

وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا :الأنفال

(അവരുടെ മേല്‍ അവന്‍റെ ആയത്തുകള്‍ ഓതി കേള്‍പ്പിക്കപെട്ടാല്‍ അതവര്‍ക്കു വിശ്വാസത്തെ വർദ്ധിപ്പിക്കുന്നതാണ്. അന്‍ഫാല്‍: 2). അങ്ങനെ ഇരു കൂട്ടര്‍ക്കും – വേദക്കാര്‍ക്കും സത്യവിശ്വാസികള്‍ക്കും – സന്ദേഹത്തിനോ, ആശയക്കുഴപ്പത്തിനോ അവകാശമില്ലതായിത്തീരുന്നു. പരീക്ഷണത്തിന്റെ ഒരു വശമത്രേ ഇത്.

നേരെ മറിച്ച് ഹൃദയത്തില്‍ രോഗമുള്ളവരായ കപട വിശ്വാസികള്‍ക്കും സത്യനിഷേധികളായ അവിശ്വാസികള്‍ക്കുമാകട്ടെ, ഈ പ്രസ്താവന മൂലം ആശയക്കുഴപ്പവും കുതര്‍ക്കവുമായിരിക്കും വര്‍ദ്ധിക്കുക. പരീക്ഷണ ഫലത്തിന്‍റെ മറുവശമാണിത്. അങ്ങനെ, അവര്‍ പറഞ്ഞേക്കും: ഇതെന്തൊരു ഉപമയാണ്? ഇതിന്‍റെ ഉദ്ദേശ്യമെന്തായിരിക്കും? എന്താണ് ഒരു പത്തൊമ്പതിന്റെ കണക്ക്? എന്തു കൊണ്ട് ഒരെണ്ണം കൂടി ചേര്‍ത്തു ഇരുപതു തികച്ചില്ല… എന്നൊക്കെ. ഇതിനു അല്ലാഹു നല്‍കുന്ന മറുപടി ശ്രദ്ധേയമാകുന്നു:

(1) ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ മുഖേന അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ വഴി പിഴപ്പിക്കുകയും അവന്‍ ഉദ്ദേശിച്ചവരെ അവന്‍ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. അതെ, സഹൃദയന്മാര്‍ക്കു നേര്‍മാര്‍ഗം പ്രാപിക്കാനും, ദുഷ്ടന്മാര്‍ക്ക് വഴിപിഴച്ചു തെറ്റി പോകുവാനും അതു കാരണമായിത്തീരുന്നു.

(2) അല്ലാഹുവിന്‍റെ സൈന്യങ്ങള്‍ ഏതൊക്കെയാണ്, എത്രയാണ്, അവരുടെ സ്ഥിതി ഗതികള്‍ എന്തെല്ലാമാണ് എന്നൊക്കെ അവന്‍ മാത്രമേ അറിയുകയുള്ളൂ. ഓരോ തരത്തിലുള്ള ആരാധന കര്‍മ്മങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന മലക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലവും ഏഴു ആകശങ്ങള്‍ക്കിടയില്‍ ഇല്ല എന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാകുന്നു. (അ:തി :ജ). എന്നിരിക്കെ, അവരെക്കുറിച്ച് അല്ലാഹു പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കുകയും സമ്മതിക്കുകയും അല്ലാതെ അതിനെപ്പറ്റി ചോദ്യം ചെയ്യുവാനോ കൂടുതല്‍ ചര്‍ച്ച നടത്തുവാനോ ആര്‍ക്കും ന്യായമോ അവകാശമോ ഇല്ല. അക്കൂട്ടത്തില്‍ നരകത്തിന്‍റെ മേൽനോട്ടക്കാരെ പത്തൊമ്പതാക്കിയതിന്റെ രഹസ്യവും അവനു മാത്രമേ അറിഞ്ഞു കൂടൂ. ഇനി ‘ഇരുപത്’ എന്നോ മറ്റോ പറഞ്ഞാല്‍ അപ്പോഴും ‘എന്തു കൊണ്ടാണത്’ എന്നു ഇവര്‍ ചോദിച്ചുകൂടായ്കയില്ലല്ലോ.

(3) നരകത്തെ കുറിച്ചും അതിലെ കാവല്‍ക്കാരെ കുറിച്ചും മറ്റുമുള്ള ഇത്തരം പ്രസ്താവനകളൊന്നും തര്‍ക്കത്തിനോ വിമര്‍ശനത്തിനോ വിഷയമായിക്കൂടാത്തതാണ്. ജനങ്ങളെ ഓര്‍മ്മിപ്പിക്കുക മാത്രമാണു അവയുടെ ലക്ഷ്യം. ഇഷ്ടമുള്ളവര്‍ക്ക് അവയെപ്പറ്റി ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യാം. അവയുടെ അടിസ്ഥാനത്തില്‍ സ്വന്തം ചര്യയെ ചിട്ടപ്പെടുത്തുകയും ചെയ്യാം എന്നു മാത്രം. അല്ലാഹു പറയുന്നു: