സൂറത്തുല്‍ മുസമ്മില്‍ : 01-20
മുസമ്മിൽ (വസ്ത്രത്താൽ മൂടിയവൻ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 20 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- يَٰٓأَيُّهَا ٱلْمُزَّمِّلُ ﴾١﴿
- ഹേ, വസ്ത്രമിട്ട് മൂടിയവനേ,
- يَا ഹേ, ഓ أَيُّهَا الْمُزَّمِّلُ വസ്ത്രമിട്ടു മൂടിയവനേ, പുതച്ചു കിടക്കുന്നവനേ
- قُمِ ٱلَّيْلَ إِلَّا قَلِيلًا ﴾٢﴿
- രാത്രി അൽപം ഒഴിച്ച് (ബാക്കി സമയം) എഴുന്നേറ്റ് (നമസ്കരിച്ചു) കൊള്ളുക
- قُمِ എഴുന്നേല്‍ക്കുക (നമസ്കരിക്കുക) اللَّيْلَ രാത്രി إِلَّا قَلِيلًا അൽപം (കുറച്ച്) ഒഴികെ
- نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا ﴾٣﴿
- അതായത്, അതിന്റെ പകുതി (സമയം); അല്ലെങ്കില്‍, അതില്‍ നിന്ന് അൽപം ചുരുക്കി കൊള്ളുക
- نِّصْفَهُ അതായത് അതിന്റെ പകുതി أَوِ انقُصْ അല്ലെങ്കില്‍ കുറച്ചു (ചുരുക്കി) കൊള്ളുക مِنْهُ അതില്‍ നിന്ന് قَلِيلًا അൽപം
- أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا ﴾٤﴿
- അല്ലെങ്കില്‍, അതിനെക്കാള്‍ (അൽപം) വർദ്ധിപ്പിച്ചു കൊള്ളുക. ഒരു സാവകാശക്രമത്തില്‍ ഖുര്‍ആന്‍ നിറുത്തി നിറുത്തി ഓതുകയും ചെയ്യുക.
- أَوْ زِدْ അല്ലെങ്കില്‍ വർദ്ധിപ്പിച്ചു കൊള്ളുക عَلَيْهِ അതിനെക്കാള്‍ وَرَتِّلِ സാവകാശത്തിലോതുക (സാവധാന ക്രമത്തില്‍ ആക്കുക - നിറുത്തി നിറുത്തി വായിക്കുക)യും ചെയ്യുക ٱلْقُرْءَانَ ഖുര്‍ആനിനെ تَرْتِيلًا ഒരു സാവകാശക്രമം
المزمل (വസ്ത്രമിട്ടു മൂടിയവന്‍) എന്ന് നബി(സ്വ) തിരുമേനിയെ സംബോധന ചെയ്തതിനു ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു. 1. വഹ്‌യിന്റെ ആരംഭകാലത്ത് ജിബ്‌രീല്‍ (അ) വഹ്‌യും കൊണ്ട് വന്നപ്പോള്‍ നബി (സ്വ)ക്ക് ഭയം തോന്നുകയും വീട്ടില്‍ വന്ന വസ്ത്രമിട്ട് മൂടിത്തരുവിന്‍, പുതപ്പിട്ടു തരുവീന്‍ (زملوني دثروني) എന്ന് അവിടുന്ന്‍ പറയുകയും ഉണ്ടായി. അങ്ങിനെയുള്ള അവസരത്തില്‍ ആയിരുന്നു ഈ വചനങ്ങള്‍ അവതരിച്ചത്. 2. പ്രവാചകത്വം (നുബുവ്വത്ത്) ആകുന്ന വസ്ത്രത്താല്‍ ആവരണം ചെയ്യപ്പെടുകയും ദിവ്യദൗത്യം (രിസാലത്) ആകുന്ന ഭാരം ഏല്‍പിക്കപ്പെടുകയും ചെയ്ത ആള്‍ എന്നാണ് വിവക്ഷ. 3. രാത്രി വസ്ത്രമിട്ട് പുതച്ചു കിടന്നു ഉറങ്ങിയാല്‍ പോരാ, എഴുന്നേറ്റ് നമസ്കാരത്തില്‍ മുഴുകേണ്ടതുണ്ട് എന്ന സൂചനയാണത്. 4.ക്വുറൈശികള്‍ നബി (സ്വ)യെ കുറിച്ച് കവിയാണ് എന്നും, പ്രശ്നക്കാരനാണെന്നും ഭ്രാന്തന്‍ ആണെന്നും ഒക്കെ പറഞ്ഞു കേട്ടപ്പോള്‍ തിരുമേനി (സ്വ) (വ്യസനം നിമിത്തം) വീട്ടില്‍ ചെന്ന് വസ്ത്രം മൂടിപ്പുതച്ചു കിടക്കുക ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ ആയിരുന്നു ഇത് അവതരിച്ചത്.
പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂറത്തുകളില്‍ പെട്ടതാണ് ഈ സൂറത്ത്. അന്ന് അഞ്ചു നേരത്തെ നമസ്കാരം നിയമം ആക്കപ്പെട്ടിരുന്നില്ല. അതിനു മുമ്പാണ് ഈ കല്‍പന. രാത്രിയുടെ ഏതാണ്ട് പകുതി സമയം – അൽപം കുറവോ കൂടുതലോ ആയാലും വിരോധമില്ല – എഴുന്നേറ്റ് നമസ്കരിക്കണം എന്ന് ഇതുമൂലം അല്ലാഹു നബി(സ്വ)യോട് കൽപിച്ചിരിക്കുന്നു. അഞ്ചു നമസ്കാരം നിയമം ആക്കപ്പെടുന്നത് വരെ രാത്രി നമസ്കാരം നിര്‍വഹിക്കല്‍ പൊതുവില്‍ എല്ലാവര്‍ക്കും നിര്‍ബന്ധം ആയിരുന്നുവോ, അതല്ല നബി (സ്വ)ക്ക് മാത്രം നിര്‍ബന്ധം ആയിരുന്നുവോ എന്നുള്ളതില്‍ ഭിന്നാഭിപ്രായം കാണാം. ഏതായാലും പിന്നീട് ഈ നമസ്കാരം നിര്‍ബന്ധമല്ലെന്നും, അതെ സമയത്ത് രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് അല്‍പമെങ്കിലും നമസ്കരിക്കല്‍ – അഥവാ തഹജ്ജുദ് നമസ്കാരം – വളരെ പ്രധാനപ്പെട്ട ഒരു പുണ്യകര്‍മ്മമാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. (മുസ്‌ലിം നാമാധാരികളായ ചില തിരുത്തല്‍ വാദികള്‍ക്ക് ഒഴികെ) രാത്രി നമസ്കാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്വുര്‍ആനിലും ഹദീഥിലും ധാരാളം ഊന്നി പറഞ്ഞിട്ടുള്ളത് ആണ്. (സജദ :16, ഫുര്‍ക്വാന്‍ : 64, ദാരിയാത്ത് : 17,18 മുതലായവയും വിവരണവും നോക്കുക).
നമസ്കാരകര്‍മത്തിന്റെ പ്രധാന ഘടങ്ങള്‍ ആണല്ലോ നിറുത്തം, ക്വൂര്‍ആന്‍ പാരായണം, റുകൂഅ്, സുജൂദ് എന്നിവയെല്ലാം. അതുകൊണ്ട് നമസ്കാരത്തെ ഉദ്ദേശിച്ച് ഈ വാക്കുകള്‍ ഉപയോഗിക്കാറുണ്ടെന്നു നാം ഇതിനു മുമ്പ് ചിലപ്പോഴെല്ലാം ഉണര്‍ത്തുക ഉണ്ടായിട്ടുണ്ട്. ഇവിടെ قُمِ اللَّيْلَ (രാത്രി എഴുന്നേല്‍ക്കുക) എന്നും, 20-ാം വചനത്തില്‍ تَقُومُ (നീ എഴുന്നേല്‍ക്കുന്നു) എന്നും പറഞ്ഞിരിക്കുന്നത് എഴുന്നേറ്റ് നമസ്കരിക്കുക എന്ന അര്‍ത്ഥത്തില്‍ ആണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ക്വുര്‍ആന്‍ പാരായണം നമസ്കാരത്തിലെ ഒരു പ്രധാന ഭാഗമാണെന്ന പോലെ തന്നെ, ക്വുര്‍ആന്‍ പാരായണത്തിനു ഏറ്റവും പറ്റിയ അവസരം നമസ്കാരവുമത്രെ. അത് കൊണ്ട് നമസ്കാരത്തെ പറ്റി പ്രസ്താവിച്ചതിനെ തുടര്‍ന്ന്‍ ക്വുര്‍ആന്‍ പാരായണം എപ്രകാരം ആയിരിക്കണം എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.
تَرْتِيل (തര്‍ത്തീല്‍) എന്നാല്‍, അക്ഷരങ്ങള്‍ വ്യക്തമാക്കിയും വാക്കുകള്‍ മുറിച്ചു മുറിച്ചും, വാചകങ്ങള്‍ നിറുത്തി നിറുത്തിയും കൊണ്ട് സാവകാശ രൂപത്തില്‍ നന്നാക്കി വായിക്കുക – അല്ലെങ്കില്‍ സംസാരിക്കുക – എന്നര്‍ത്ഥം ആകുന്നു. ക്വുര്‍ആന്‍ തര്‍ത്തീലാക്കി ഓതണമെന്ന കല്‍പന വളരെ അര്‍ത്ഥവത്തായ ഒരു കൽപനയാണ്. ഓതുന്നവന് അതിന്റെ അര്‍ത്ഥവും ആശയവും, സൂചനകളും എല്ലാം ഓര്‍മ്മിക്കുവാനും അവ മനസ്സില്‍ പതിയുവാനും അവയെ പറ്റി ഉറ്റാലോചിക്കുവാനും അത് വളരെ ഉപകരിക്കുന്നു. അങ്ങിനെ ഉള്ള ഓത്ത് കേള്‍ക്കുന്നവര്‍ക്കും അത് ഫലം ചെയ്യും. ക്വുര്‍ആനിനോടുള്ള ആദരവും ഭക്തിയും പ്രകടിപ്പിക്കലും കൂടിയാണത്. സാധാരണ വായനകളിലും സംസാരങ്ങളിലും പോലും ഉച്ചാരണ ശുദ്ധി കൂടാതെയും അക്ഷരവ്യക്തത കൂടാതെയും ധൃതിയില്‍ ഉരുവിടുന്ന സമ്പ്രദായം അനഭിലഷണീയമാണല്ലോ.
ക്വുര്‍ആനിന്റെ വായനാരൂപങ്ങളും മര്യാദകളും വിഷയമാക്കി കൊണ്ടുള്ള ഒരു പ്രത്യേക ശാസ്ത്രം തന്നെ ഇസ്‌ലാമില്‍ ഉണ്ട്. അതിന്റെ പ്രാധാന്യത്തെ ഈ വചനം ചൂണ്ടിക്കാണിക്കുന്നു. علم التجويد (ഇല്മുത്തജ്‌വീദ് അഥവാ വായന നന്നാക്കുന്ന ശാസ്ത്രം) എന്ന പേരില്‍ അത് അറിയപ്പെടുന്നു. നബി (സ്വ)യില്‍ നിന്ന് സ്വഹാബികളും അവരില്‍ നിന്ന് പിന്നീടുള്ളവരും മുഖാമുഖമായും കര്‍ണ്ണാകര്‍ണ്ണിയായും കേട്ടു പഠിച്ച സമ്പ്രദായങ്ങളെ ഈ ശാസ്ത്രം പ്രതിനിധാനം ചെയ്യുന്നു. ക്വുര്‍ആന്‍ പാരായണ മര്യാദകളെ പറ്റി പലതും വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തിന്റെ മുഖവുരയില്‍ നാം വിവരിച്ചിട്ടുണ്ട്. അത് ഇവിടെ അനുസ്മരിക്കുന്നത് നന്നായിരിക്കും. സന്ദർഭോചിതമായ ചുരുക്കം ചില ഹദീഥുകള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം.
1. നബി (സ്വ) ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്ന രീതിയെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ അനസ്(റ) ഇങ്ങിനെ മറുപടി പറഞ്ഞു : അത് നീട്ടി നീട്ടി കൊണ്ടായിരുന്നു. പിന്നീട് അനസ് (റ) ‘ബിസ്മില്ലാഹി’ എന്നും ‘അര്‍റഹ്മാനി’ എന്നും ‘അര്‍റഹീം’ എന്നും ഓരോന്നും നീട്ടിക്കൊണ്ട് ഓതി കേള്‍പ്പിച്ചു. (ബുഖാരി).
2.ഉമ്മുസലമാ(റ) യോട് അതിനെക്കുറിച്ച് ചോദിച്ച ഒരാള്‍ക്ക് ഓരോ അക്ഷരവും വടിവോടെ വ്യക്തമായി ഉച്ചരിച്ചു കൊണ്ട് അവര്‍ ഓതി കൊടുക്കുകയുണ്ടായി. (തി.ദാ.ന)
3. നബി (സ്വ) പറഞ്ഞിരിക്കുന്നു : നിങ്ങളുടെ ശബ്ദങ്ങള്‍ കൊണ്ട് ക്വുര്‍ആനിനെ അലങ്കരിക്കുവീന്‍. (അ.ദാ).
4.ത്വാഊസ് (റ) പറയുന്നു : ക്വുര്‍ആന്‍ പാരായണത്തില്‍ ശബ്ദം നല്ലവനും നന്നായി ഓതുന്നവനും എങ്ങിനെയുള്ള ആളായിരിക്കണം എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) ഇങ്ങിനെ പറഞ്ഞു : ഏതൊരുവന്‍ ഓതുന്നത് കേട്ടാല്‍ അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് നിനക്ക് കാണാമോ അവനാണ്. (ദാരിമി).
5.നബി (സ്വ) പറയുന്നു : നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ക്വുര്‍ആനോട് ഇണക്കമായിരിക്കുമ്പോള്‍ നിങ്ങളത് പാരായണം ചെയ്യുവീന്‍. പൊരുത്തക്കേടാകുമ്പോള്‍ (വിരസത തോന്നുമ്പോള്‍) അതില്‍ നിന്ന് എഴുന്നേറ്റ് പോയ്‌ക്കൊള്ളുവീന്‍ (ബു.മു.)
- إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا ﴾٥﴿
- നിശ്ചയമായും ഭാരപ്പെട്ട ഒരു വചനം നാം നിന്റെമേല്‍ ഇട്ടേച്ചു (അവതരിപ്പിച്ചു) തരാന്‍ പോകുന്നു.
- إِنَّا നിശ്ചയമായും നാം سَنُلْقِي ഇട്ടേച്ചു (അവതരിപ്പിച്ചു) തന്നേക്കും (തരാന്‍ പോകുന്നു) عَلَيْكَ നിന്റെ മേല്‍ قَوْلًا ഒരു (തരം) വചനം ثَقِيلًا ഭാരപ്പെട്ട, ഘനപ്പെട്ട
- إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا ﴾٦﴿
- നിശ്ചയമായും രാത്രി (നമസ്കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത് ; അത് കൂടുതല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതും വാക്കു കൂടുതല്‍ ചൊവ്വാക്കുന്നതും അത്രെ.
- إِنَّ نَاشِئَة നിശ്ചയമായും ഉണര്‍ന്നെഴുന്നേല്‍പ്പ് اللَّيْلِ രാത്രിയിലെ هِيَ അത് أَشَدُّ കഠിന(ശക്ത)മായതത്രെ وَطْئًا സമ്മര്‍ദ്ദം وَأَقْوَمُ കൂടുതല്‍ ചൊവ്വുള്ളതും, ചൊവ്വാക്കുന്നതും قِيلًا വാക്ക്, വചനം
- إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا ﴾٧﴿
- നിശ്ചയമായും പകലില്‍ നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്.
- إِنَّ لَكَ നിശ്ചയമായും നിനക്കുണ്ട് فِي النَّهَارِ പകലില്‍ سَبْحًا സഞ്ചാരം, വ്യാപരിക്കല്‍ (ജോലിത്തിരക്ക്) طَوِيلًا നീണ്ട, ദീര്‍ഘിച്ച
ഭാരപ്പെട്ട വചനം ഇട്ടു തരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പിന്നീട് നബി (സ്വ)ക്ക് അവതരിക്കുവാനിരിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായവയെ ഉദ്ദേശിച്ചാകുന്നു. ക്വുര്‍ആനിന്റെ സന്ദേശങ്ങള്‍ നടപ്പില്‍ വരുത്തലും പ്രബോധനം ചെയ്യലും വളരെ ഭാരിച്ച കൃത്യമാണെന്ന് പറയേണ്ടതില്ലല്ലോ. അത് പോലെ തന്നെ വഹ് യാകുന്ന ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കലും കേവലം ഭാരമേറിയ ഒരു കാര്യമത്രെ. തണുപ്പേറിയ ദിവസങ്ങളില്‍ പോലും വഹ് യ് വരുമ്പോള്‍ നബി(സ്വ) തിരുമേനിയുടെ നെറ്റി വിയര്‍ക്കാറുണ്ടായിരുന്നു എന്നും, ഒട്ടകപ്പുറത്ത് വെച്ച് വഹ് യ് ലഭിക്കുമ്പോള്‍ അതിന്റെ ഭാരം നിമിത്തം ഒട്ടകം നിലം പതിക്കാറാകുമായിരുന്നുവെന്നും ഹദീഥുകളില്‍ കാണാവുന്നതാണ്. ഭാരമേറിയതും അതിമഹത്തായതും ആയ ആ ചുമതലകള്‍ ഏറ്റു വാങ്ങുവാനും നിറവേറ്റുവാനും വേണ്ടുന്ന ദൈവിക സഹായവും ആത്മീയശക്തിയും സിദ്ധിക്കുവാനുള്ള മാര്‍ഗമത്രേ രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് ചെയ്യുന്ന നമസ്കാരകര്‍മം. രാത്രിയിലെ നമസ്കാരം പകലിലെ നമസ്കാരത്തെക്കാള്‍ പ്രയാസപ്പെട്ടതും, ഭാരപ്പെട്ടതും ആണ്. അതേ സമയം ആത്മനിയന്ത്രണത്തിനും ആത്മ പരിശീലനത്തിനും അത് കൂടുതല്‍ ഉപകരിക്കുകയും ചെയ്യുന്നു. ഏകാഗ്രതയും മനസ്സാന്നിധ്യവും അത് വര്‍ധിപ്പിക്കുന്നു. നാവിനും ഹൃദയത്തിനുമിടയില്‍ കൂടുതല്‍ പൊരുത്തവും സംയോജനവും ഉണ്ടാകുന്നു. നിശ്ശബ്ദവും സ്വസ്ഥവുമായ അവസരമാണല്ലോ രാത്രി സമയം. അൽപം ഉറങ്ങി വിശ്രമിച്ച ശേഷം എഴുന്നേറ്റ് വുദൂ ചെയ്ത് കഴിയുന്നതോടെ ശരീരത്തിനും മനസ്സിനും പുതിയൊരു ചൈതന്യവും ഉന്മേഷവും സംജാതമായി തീരുന്നു. അന്യചിന്തകളുടെയോ ജോലിത്തിരക്കുകളുടെയോ അലട്ടില്ലാത്ത ആ അവസരം നമസ്കാരം, പ്രാര്‍ത്ഥന, ക്വുര്‍ആന്‍ പാരായണം, ദിക്ര്‍, തസ്ബീഹ് തുടങ്ങിയ ആരാധനകള്‍ നടത്തുവാന്‍ ഏറ്റവും പറ്റിയതു തന്നെ. ഇങ്ങിനെയുള്ള വസ്തുതകളെ ആണ് ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
നബി (സ്വ) തിരുമേനി അരുളി ചെയ്ത ഒരു വചനം ഇവിടെ ശ്രദ്ധേയമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്. ‘ ഒരാള്‍ ഉറങ്ങുമ്പോള്‍ പിശാച് അവന്റെ പിരടിക്ക് മൂന്ന് കെട്ടുകള്‍ കെട്ടുന്നു. അവന്‍ ഉണരുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കുന്ന പക്ഷം ഒരു കെട്ടഴിഞ്ഞു പോകും. എഴുന്നേറ്റ് വുദൂ എടുത്താല്‍ മറ്റൊരു കെട്ടഴിയും, നമസ്കരിച്ചാല്‍ എല്ലാ കെട്ടുകളും അഴിഞ്ഞു പോകും. അങ്ങനെ, അവന്‍ ചൊടിയുള്ളവനും ഹൃദയം ശുദ്ധമായവനുമായി നേരം പുലരും. അല്ലാത്ത പക്ഷം മനസ്സ് ദുഷിച്ചവനായും മടിയനായും കൊണ്ട് നേരം പുലരും.’ (ബു.മു)
- وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا ﴾٨﴿
- നിന്റെ റബ്ബിന്റെ നാമം സ്മരിക്കുകയും അവങ്കലേക്ക് (ഏകാഗ്രചിത്തനായി) ഒരു മുറിഞ്ഞടുക്കല്‍ അടുക്കുകയും ചെയ്യുക.
- وَاذْكُر ഓര്‍മിക്കുക (സ്മരിക്കുക, പറയുക)യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം وَتَبَتَّلْ (ഇതര ചിന്തകള്‍ വിട്ട്) മുറിഞ്ഞു (മിനക്കെട്ട്) ചെല്ലുക إِلَيْهِ അവങ്കലേക്ക് تَبْتِيلًا ഒരു (നല്ലതരം) മുറിഞ്ഞു ചെല്ലല്‍
- رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًا ﴾٩﴿
- ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും റബ്ബാകുന്നു (അവന്‍). അവനല്ലാതെ ആരാധ്യനേയില്ല, അതിനാല്‍ അവനെ നീ (എല്ലാ കാര്യവും) ഭരമേല്‍പിക്കപ്പെട്ടവനാക്കി കൊള്ളുക.
- رَّبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്റെ റബ്ബാകുന്നു وَالْمَغْرِبِ അസ്തമയസ്ഥാനത്തിന്റെയും لَا إِلَـٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ فَاتَّخِذْهُ അതിനാല്‍ അവനെ ആക്കി കൊള്ളുക وَكِيلًا ഭരമേല്‍പ്പിക്കപ്പെട്ടവന്‍, ഭാരമേറ്റവന്‍, ഏൽപനക്കാരന്‍
- وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا ﴾١٠﴿
- അവര്‍ (അവിശ്വാസികള്‍) പറഞ്ഞു വരുന്നതിനെ കുറിച്ച് ക്ഷമ കൈക്കൊള്ളുകയും ഭംഗിയായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക.
- وَاصْبِر ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَا يَقُولُونَ അവര്‍ പറഞ്ഞു വരുന്നതിനെപ്പറ്റി وَاهْجُرْهُمْ അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക هَجْرًا ഒരു വെടിയല്‍ جَمِيلًا ഭംഗിയായ, സുന്ദരമായ
- وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا ﴾١١﴿
- എന്നെയും സുഖാനുഗ്രഹത്തിന്റെ ആള്‍ക്കാരായ (ആ) വ്യാജവാദികളെയും വിട്ടേക്കുകയും, അവര്‍ക്ക് അൽപം ഇടനല്‍കുകയും ചെയ്യുക. (അവരുടെ കാര്യം ഞാന്‍ തീരുമാനിച്ചു കൊള്ളാം)
- وَذَرْنِي എന്നെ വിട്ടേക്കുകയും ചെയ്യുക وَالْمُكَذِّبِينَ വ്യാജമാക്കുന്നവരെയും أُولِي النَّعْمَةِ സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ وَمَهِّلْهُمْ അവര്‍ക്ക് ഇട(ഒഴിവ്) കൊടുക്കുകയും ചെയ്യുക قَلِيلًا അൽപം, കുറച്ച്
അല്ലാഹു അല്ലാതെ ആരാധ്യനേയില്ല (لا اله الا الله) എന്ന തൗഹീദിന്റെ വാക്യം സ്വീകരിക്കുന്നതോടെ അനിവാര്യമായി തീരുന്ന കടമയാണ് സകല കാര്യങ്ങളും അല്ലാഹുവില്‍ അര്‍പ്പിക്കലും അവനെ കാര്യകര്‍ത്താവായി സ്വീകരിക്കലും എന്ന് 8, 9 വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പ്രതികാരേച്ഛയോ വിദ്ദ്വേഷമോ കൂടാതെ, മനസ്സുകൊണ്ടും ആശയം കൊണ്ടും ശത്രുക്കളുമായി അകന്നു നില്‍ക്കണം, അവരുടെ അക്രമങ്ങളുടെ നേരെ കണ്ണടക്കണം, നയപൂര്‍വം പെരുമാറണം എന്നൊക്കെയാണ് 10-ാം വചനത്തില്‍ ഉപദേശിക്കുന്നത്. ശത്രുക്കളുടെ അക്രമങ്ങളെ സംബന്ധിച്ചെടുക്കേണ്ട നടപടി അല്ലാഹു എടുത്തു കൊള്ളുമെന്നും, അതിനു അല്‍പകാലത്തെ താമസം കൂടിയുണ്ടെന്നും, അതുവരെ ക്ഷമിക്കണമെന്നും പറഞ്ഞ് സമാധാനിപ്പിക്കുന്നതാണ് 11-ാം വചനം. അവര്‍ക്ക് അനുഭവപ്പെടുവാനിരിക്കുന്ന ശിക്ഷകളെ കുറിച്ച് അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നു.
- إِنَّ لَدَيْنَآ أَنكَالًا وَجَحِيمًا ﴾١٢﴿
- നിശ്ചയമായും, നമ്മുടെ അടുക്കല്‍ കനത്ത വിലങ്ങുകളും, കത്തിജ്വലിക്കുന്ന അഗ്നിയുമുണ്ട്
- إِنَّ لَدَيْنَا നിശ്ചയമായും നമ്മുടെ അടുക്കലുണ്ട് أَنكَالًا കനത്ത വിലങ്ങുകള്‍, ഭാരിച്ച ചങ്ങലകള്‍ وَجَحِيمًا ജ്വലിക്കുന്ന അഗ്നിയും
- وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا ﴾١٣﴿
- (കീഴ്പ്പോട്ടിറങ്ങാതെ തൊണ്ടയില്‍) അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയും ഉണ്ട്.
- وَطَعَامًا ഭക്ഷണവും ذَا غُصَّةٍ തൊണ്ടയില്‍ കെട്ടുന്നതായ, അടഞ്ഞു നില്‍ക്കുന്ന وَعَذَابًا ശിക്ഷയും أَلِيمًا വേദനയേറിയ
- يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا ﴾١٤﴿
- ഭൂമിയും, പർവ്വതങ്ങളും വിറകൊള്ളുകയും പർവ്വതങ്ങള്‍ അലിഞ്ഞൊഴുകുന്ന മണല്‍ക്കുന്ന് (പോലെ) ആകുകയും ചെയ്യുന്ന ദിവസം! (അന്നായിരിക്കും അത്)
- يَوْمَ تَرْجُفُ വിറകൊള്ളുന്ന (കിടുത്തു പോകുന്ന) ദിവസം الْأَرْضُ ഭൂമി وَالْجِبَالُ പർവ്വതങ്ങളും, മലകളും وَكَانَتِ الْجِبَالُ പർവ്വതങ്ങള്‍ ആകുകയും كَثِيبًا മണല്‍ക്കുന്ന് (പോലെ) مَّهِيلًا അലിഞ്ഞു ഒഴുകുന്ന, ഉതിര്‍ന്നൊലിക്കുന്ന
ക്വിയാമത്തു നാളിലെ സംഭവ വികാസങ്ങളെയും ശിക്ഷകളെയും ആണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ‘സഖ്-ഖൂം’, ‘ള്വരീഉ് ‘ (زقوم, ضريع) മുതലായ നരകീയ ഭക്ഷ്യവസ്തുക്കളെ ഉദ്ദേശിച്ചാണ് തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണം എന്ന് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേതിനെ പറ്റി സു : ദുഖാന്‍ (سورة الدخان – 43) ലും രണ്ടാമത്തെതിനെ പറ്റി സൂറ : ഗ്വാശിയ (سورة الغاشية – 6) ലും പ്രസ്താവിച്ചിരിക്കുന്നത് കാണാം.
- إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًا شَٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًا ﴾١٥﴿
- (ജനങ്ങളെ) നിശ്ചയമായും നാം നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഫിര്‍ഔനിന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം അയച്ചതു പോലെ(ത്തന്നെ).
- إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൂതനെ شَاهِدًا عَلَيْكُمْ നിങ്ങളുടെ മേല്‍ സാക്ഷിയായ كَمَا أَرْسَلْنَا നാം അയച്ചതു പോലെ إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് رَسُولًا ഒരു റസൂലിനെ
- فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَٰهُ أَخْذًا وَبِيلًا ﴾١٦﴿
- എന്നിട്ട് ഫിര്‍ഔന്‍ (ആ) റസൂലിനോട് അനുസരണക്കേട് കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്തതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു).
- فَعَصَىٰ എന്നിട്ട് അനുസരണക്കേട് ചെയ്തു, എതിരു പ്രവര്‍ത്തിച്ചു فِرْعَوْنُ ഫിര്‍ഔന്‍ الرَّسُولَ റസൂലിനോട് فَأَخَذْنَاهُ അപ്പോള്‍ നാമവനെ പിടിച്ചു أَخْذًا ഒരു പിടുത്തം وَبِيلًا കടുത്ത, ശക്തമായ
ഏതു നിലക്കും നിങ്ങളെക്കാള്‍ വമ്പിച്ച ശക്തിയും യോഗ്യതയും സ്വാധീനവുമെല്ലാം ഉണ്ടായിരുന്ന ഫിര്‍ഔനും അവന്റെ ആള്‍ക്കാരും റസൂലിനെ അനുസരിക്കായ്ക നിമിത്തം അനുഭവിക്കേണ്ടി വന്ന ഭയങ്കര ശിക്ഷയെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടല്ലോ. അപ്പോള്‍, ഇഹത്തില്‍ വെച്ചു തന്നെ നിങ്ങളെ ശിക്ഷിക്കുവാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം എന്ന് താല്‍പര്യം. എനി, ഐഹിക ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിവു കിട്ടിയാല്‍ തന്നെ, ക്വിയാമത്ത് നാളില്‍ പരലോക ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങിനെ മോചനം ലഭിക്കുവാനാണ് എന്ന് അടുത്ത വചനത്തില്‍ അല്ലാഹു അവരോട് ചോദിക്കുന്നു.
- فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ ٱلْوِلْدَٰنَ شِيبًا ﴾١٧﴿
- എന്നാല്‍, നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍,കുട്ടികളെ നരച്ചവരാക്കുന്ന ഒരു (ഭയങ്കര) ദിവസത്തെ നിങ്ങള്‍ എങ്ങിനെയാണ് സൂക്ഷിക്കുക?!
- فَكَيْفَ എന്നാല്‍ എങ്ങിനെയാണ് تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുകإِن كَفَرْتُمْ നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍ يَوْمًا ഒരു ദിവസത്തെ يَجْعَلُ ആക്കുന്ന الْوِلْدَانَ കുട്ടികളെ شِيبًا നരച്ചവര്‍
- ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا ﴾١٨﴿
- ആകാശം അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും, അവന്റെ (അല്ലാഹുവിന്റെ) വാഗ്ദത്തം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതാകുന്നു.
- السَّمَاءُ ആകാശം مُنفَطِرٌ بِهِ അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും كَانَ وَعْدُهُ അവന്റെ വാഗ്ദത്തമാകുന്നു مَفْعُولًا പ്രവര്‍ത്തിക്കപ്പെടുന്നത് (പ്രയോഗത്തില്‍ വരുത്തപ്പെടുന്നത്)
- إِنَّ هَٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ﴾١٩﴿
- നിശ്ചയമായും ഇത് ഒരു (മഹത്തായ) ഉപദേശമാണ്. ആകയാല്‍, ആര്‍ (വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവന്‍ തന്റെ റബ്ബിങ്കലേക്ക് ഒരു മാര്‍ഗം ഏര്‍പ്പെടുത്തി കൊള്ളട്ടെ
- إِنَّ هَـٰذِهِ നിശ്ചയമായും ഇത് تَذْكِرَةٌ ഒരു ഉപദേശ (ഉല്‍ബോധന)മാണ് فَمَن شَاءَ അപ്പോള്‍ (എന്നാല്‍) ആര്‍ ഉദ്ദേശിക്കുന്നുവോ, വേണമെന്നുവച്ചവന്‍ اتَّخَذَ ഉണ്ടാക്കണം, ഏര്‍പ്പെടുത്തട്ടെ, ആക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് سَبِيلًا മാര്‍ഗം, വല്ല വഴിയും
അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ഒഴിവാക്കി കിട്ടുവാനും, അവന്റെ പ്രീതിയും അനുഗ്രഹവും ലഭിക്കുവാനും ഉദ്ദേശിക്കുന്നവര്‍ അതിനുള്ള മാര്‍ഗം – അതെ, സത്യവിശ്വാസവും സല്‍ക്കര്‍മ്മവും – സ്വീകരിച്ചു കൊണ്ട് അവനെ അനുസരിച്ചു ജീവിക്കേണ്ടതാണ് എന്ന് സാരം. സൂറത്തിന്റെ ആരംഭത്തില്‍ രാത്രിയുടെ പകുതി സമയമോ, അല്ലെങ്കിൽ അൽപം ഏറിയോ കുറഞ്ഞോ നമസ്കരിക്കുവാന്‍ കല്‍പിക്കുകയുണ്ടായല്ലോ. കുറെ കാലത്തോളം നബി (സ്വ)യും സത്യവിശ്വാസികളും ആ കൽപന അനുസരിച്ചു നമസ്കാരകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു വന്നു. അതിനു ശേഷം അടുത്ത ആയത്ത് മുഖേന ആ കല്‍പനയില്‍ അല്ലാഹു ഇളവു നല്‍കിയിരിക്കുകയാണ്. ഇളവു നല്‍കുവാനുള്ള കാരണങ്ങളും ആ സുദീര്‍ഘമായ വചനത്തില്‍ തന്നെ കാണാം.
വിഭാഗം - 2
- ۞ إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ ﴾٢٠﴿
- നിശ്ചയമായും, നിന്റെ റബ്ബ് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും പകുതിയും മൂന്നിലൊന്നും (സമയം) നീയും, നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്കരിച്ചു) വരുന്നുണ്ടെന്ന്. അല്ലാഹുവത്രെ, രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അത് (തിട്ടമായി) ക്ലിപ്തപ്പെടുത്താവതല്ല എന്ന് അവന്നറിയാം. ആകയാല്‍, അവന്‍ നിങ്ങളുടെ പേരില്‍ (ഇളവു നല്‍കി) മടക്കം സ്വീകരിച്ചിരിക്കുന്നു. ഇനി, നിങ്ങള്‍ ക്വുര്‍ആനില്‍ നിന്നും സൗകര്യപ്പെട്ടത് ഓതി (നമസ്കരിച്ചു) കൊള്ളുവീന്‍. അവന്നറിയാം: നിങ്ങളില്‍ രോഗികള്‍ ഉണ്ടായേക്കുന്നത് ആണെന്ന്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കും എന്നും, വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമെന്നും. അതിനാല്‍, നിങ്ങള്‍ അതില്‍ (ക്വുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് ഓതി, (നമസ്കരിച്ചു) കൊള്ളുക. നമസ്കാരം നിലനിര്‍ത്തുകയും, സകാത്ത് കൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടുക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെക്കുന്നതായാല്‍ അത് കൂടുതല്‍ ഗുണകരമായതായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുവീന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
- إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَعْلَمُ അറിയും, അറിയുന്നു أَنَّكَ تَقُومُ നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന് أَدْنَىٰ അടുത്തത് (ഏതാണ്ട്) مِن ثُلُثَيِ മൂന്നില്‍ രണ്ടംശത്തോട് اللَّيْلِ രാത്രിയുടെ وَنِصْفَهُ അതിന്റെ പകുതിയും وَثُلُثَهُ അതിന്റെ മൂന്നില്‍ ഒന്നും وَطَائِفَةٌ ഒരു വിഭാഗവും, കൂട്ടരും مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് مَعَكَ നിന്റെ കൂടെയുള്ള وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ يُقَدِّرُ കണക്കാക്കുന്നു, നിര്‍ണയിക്കുന്നത് اللَّيْلَ وَالنَّهَارَ രാവിനെയും പകലിനെയും عَلِمَ അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം أَن لَّن تُحْصُوهُ നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക – സൂക്ഷ്‌മമായി അറിയുക)യില്ലെന്ന്‍ فَتَابَ ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു عَلَيْكُمْ നിങ്ങളുടെ പേരില്‍ فَاقْرَءُوا ഇനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍ مَا تَيَسَّرَ സൗകര്യപ്പെട്ടത്, എളുപ്പം ആയത് مِنَ ٱلْقُرْءَانِ ക്വുര്‍ആനില്‍ നിന്ന് عَلِمَ അവന്നറിയാം أَن سَيَكُونُ ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന് مِنكُم നിങ്ങളില്‍ (നിന്ന്) مَّرْضَىٰ രോഗികള്‍ وَءَاخَرُونَ വേറെ ചിലര്‍, മറ്റു ചിലര്‍ يَضْرِبُونَ അവര്‍ സഞ്ചരിക്കും فِي الْأَرْضِ ഭൂമിയില്‍ يَبْتَغُونَ അന്വേഷിച്ചു (തേടി) കൊണ്ട് مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും وَءَاخَرُونَ വേറെ ചിലര്‍ يُقَاتِلُونَ യുദ്ധവും ചെയ്യും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ فَاقْرَءُوا അതിനാല്‍ നിങ്ങള്‍ ഓതുവീന്‍ مَا تَيَسَّرَ സൗകര്യമായത് مِنْهُ അതില്‍ നിന്ന് وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സകാത്ത് കൊടുക്കുകയും ചെയ്യുവിൻ وَأَقْرِضُوا കടം കൊടുക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിന് قَرْضًا കടം, ഒരു കടം حَسَنًا നല്ലതായ وَمَا تُقَدِّمُوا നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും لِأَنفُسِكُم നിങ്ങള്‍ക്കു തന്നെ വേണ്ടി مِّنْ خَيْر നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും تَجِدُوهُ നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും عِندَ اللَّـهِ അല്ലാഹുവിങ്കല്‍ هُوَ അത് (തന്നെ) خَيْرًا ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക് وَأَعْظَمَ ഏറ്റം (വളരെ) മഹത്തായതായും أَجْرًا പ്രതിഫലം وَاسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍ اللَّـهَ അല്ലാഹുവോട് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവന്‍ ആണ് رَّحِيمٌ കരുണാനിധിയാണ്
റസൂല്‍ (സ്വ) തിരുമേനിയുടെ (രാത്രി) നമസ്കാരത്തെ കുറിച്ച് തനിക്ക് പറഞ്ഞു തരണം എന്ന് സഅ്ദുബ്നു ഹിശാം (റ) ആയിഷാ (റ)യോട് ആവശ്യപ്പെട്ടപ്പോള്‍ ആയിഷാ (റ) അദ്ദേഹത്തോട് ചോദിച്ചു: താന്‍ ഈ സൂറത്ത് – സൂറത്ത് മുസ്സമ്മില്‍ – ഓതാറില്ലേ? അദ്ദേഹം മറുപടി പറഞ്ഞു: ഇല്ലാതെ, അപ്പോള്‍ ആയിഷാ(റ) പറഞ്ഞു: എന്നാല്‍, ഈ സൂറത്തിന്റെ ആദ്യത്തില്‍ അല്ലാഹു രാത്രി നമസ്കാരം നിര്‍ബന്ധമാക്കി. അങ്ങനെ, റസൂല്‍(സ്വ) തിരുമേനിയും സ്വഹാബികളും ഒരു കൊല്ലത്തോളം അവരുടെ പാദങ്ങളില്‍ നീരുകെട്ടുമാറ് നമസ്കാരം നിര്‍വഹിച്ചു വന്നു. പന്ത്രണ്ടു മാസക്കാലം ഈ സൂറത്തിന്റെ അവസാനഭാഗം അല്ലാഹു ആകാശത്ത് സൂക്ഷിച്ചു വെച്ചു. (അവതരിപ്പിച്ചില്ല). പിന്നീട് സൂറത്തിന്റെ അവസാനത്തില്‍ ലഘൂകരണം അവതരിപ്പിച്ചു. അങ്ങിനെ, രാത്രി നമസ്കാരം നിര്‍ബന്ധം ആയിരുന്നതിനു ശേഷം അത് ഒരു ഐച്ഛിക കര്‍മം (نافلة) ആയിത്തീര്‍ന്നു. (അ.മു.ദാ.ന).
ഒരു കൊല്ലക്കാലമായിരുന്നു നബി (സ്വ)യും സ്വഹാബികളും രാത്രി നമസ്കാരം നിര്‍ബന്ധകര്‍മമായി ആചരിച്ചു വന്നത് എന്നാണല്ലോ ഈ ഹദീഥില്‍ ആയിഷാ(റ) പ്രസ്താവിച്ചിരിക്കുന്നത്. വേറെ ചില സ്വഹാബികളില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥുകളില്‍ കൂടുതല്‍ കൊല്ലങ്ങളോളം അത് നിര്‍ബന്ധമായിരുന്നു വെന്നും വന്നിരിക്കുന്നു. അതിനാല്‍, രാത്രി നമസ്കാരത്തിന്റെ നിര്‍ബന്ധനിയമം എത്ര കാലം നിലനില്‍ക്കുക ഉണ്ടായെന്നു തീര്‍ത്തു പറയുവാന്‍ നമുക്ക് പ്രയാസമുണ്ട്. സൂറത്തിന്റെ ആദ്യഭാഗം അവതരിച്ച കാലത്ത് ഒരു പക്ഷേ ആയിഷാ (റ) ജനിചിരുന്നുവോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിന്നറിയാം. ഏതായാലും ഈ ആയത്തില്‍ നിന്ന് നമുക്ക് താഴെ കാണുന്ന സംഗതികള്‍ മനസ്സിലാക്കാവുന്നതാണ്.
ഇസ്‌ലാമിന്റെ ആരംഭത്തില്‍ – ഈ സൂറത്തിലെ ആദ്യഭാഗങ്ങളില്‍ കാണുന്നത് പോലെ – രാത്രി നമസ്കാരം മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധം ആയിരുന്നു. നബി (സ്വ) യും സ്വഹാബികളും കുറേ കാലത്തോളം ഒരു നിര്‍ബന്ധകടമയെന്ന നിലക്ക് അത് ആചരിച്ചു വന്ന ശേഷമാണ് ഈ വചനം മുഖേന പ്രസ്തുത നിര്‍ബന്ധം ഇളവ് ചെയ്യപ്പെട്ടത്. ചിലപ്പോള്‍ രാത്രി ഏതാണ്ടു മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും അവര്‍ നമസ്കരിച്ചിരുന്നു. സമയം ക്ലിപ്തമായി അറിയത്തക്ക ഘടികാരം മുതലായ ഉപകരണങ്ങളില്ലാത്ത കാലത്ത് സമയം കൃത്യമായി കണക്കാക്കുവാന്‍ പ്രയാസം ആണല്ലോ. മാത്രമല്ല, നിര്‍ബന്ധകല്‍പന വന്നപ്പോള്‍ തന്നെ രാത്രിയുടെ പകുതിയോ, അല്ലെങ്കില്‍ കൂടുതലോ അൽപം കുറച്ചോ സമയം എടുക്കാവുന്നതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. (2,3,4, വചനങ്ങള്‍ നോക്കുക). ഏതായാലും ഇത്രയും സമയം രാത്രി ഉറക്കമൊഴിച്ച് – കാലില്‍ നീരുപോലും കെട്ടുമാറ് – ആ കൃത്യം നബി (സ്വ)യും സ്വഹാബികളും തെറ്റാതെ അനുഷ്ഠിച്ചു വരുന്നതും, അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നതില്‍ അവര്‍ക്കുള്ള താല്‍പര്യവും അല്ലാഹു കണ്ടറിയുന്നുണ്ട്. രാപ്പകലുകളുടെ ഏറ്റക്കുറവുകളും, ഓരോന്നിന്റെ കൃത്യ അളവുകളും, അവയില്‍ എന്തെല്ലാം നടമാടി കൊണ്ടിരിക്കുന്നുവെന്ന സൂക്ഷ്‌മവിവരവും അല്ലാഹുവിങ്കല്‍ ഉണ്ട്. അവയുടെ നിയന്ത്രണം അവന്റെ പക്കലാണുള്ളത്. സൃഷ്ടികള്‍ക്ക് അതൊന്നും ശരിക്കറിഞ്ഞു കൂടാ. എന്നൊക്കെ ചൂണ്ടിക്കാട്ടി കൊണ്ട് പ്രസ്തുത നിര്‍ബന്ധത്തെ (وجوب) നിങ്ങളുടെ പേരില്‍ അവന്‍ മടക്കം സ്വീകരിച്ചിരിക്കുന്നു. (فَتَابَ عَلَيْكُمْ) എന്ന വാക്യം മുഖേന അല്ലാഹു ഇളവ് ചെയ്തിരിക്കുന്നു.
ഇനി മേലില്‍, രാത്രി നമസ്കാരം അത്ര കര്‍ശനമായി ആചരിക്കേണ്ടത് ഇല്ല. ഒരോരുത്തന്റെയും കഴിവും സൗകര്യവും അനുസരിച്ച് അനുഷ്ഠിച്ചാല്‍ മതിയാകും എന്നത്രെ ‘ക്വുര്‍ആനില്‍ നിന്നും സൗകര്യമായത് ഓതി കൊള്ളുക’ (فَاقْرَءُوا مَا تَيَسَّرَ مِنَ ٱلْقُرْءَانِ) എന്ന വാക്യത്തിന്റെ താല്‍പര്യം. നമസ്കാരത്തിന്റെ ദൈര്‍ഘ്യം സ്ഥിതി ചെയ്യുന്നത് പ്രധാനമായും അതിലെ ക്വുര്‍ആന്‍ പാരായണത്തിന്റെ തോതനുസരിച്ച് ആയിരിക്കുമല്ലോ.
രാത്രി നമസ്കാരത്തിന്റെ നിര്‍ബന്ധത്തിലും സമയദൈര്‍ഘ്യത്തിലും ഇളവ് നല്‍കുവാനുള്ള കാരണവും ഈ വചനത്തില്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. ചിലര്‍ രോഗബാധിതര്‍ ആയിരിക്കാം. മറ്റു ചിലര്‍ ഉപജീവന മാര്‍ഗം അന്വേഷിച്ചും മറ്റും യാത്രകളില്‍ ഏര്‍പ്പെട്ടേക്കാം. വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെട്ടേക്കാം ഇങ്ങിനെ പല അസൗകര്യങ്ങളും സത്യവിശ്വാസികള്‍ക്ക് പലപ്പോഴും ഉണ്ടാകാവുന്നതാണ്. ഇങ്ങിനെയുള്ള കാരണത്താലാണ് സൗകര്യമനുസരിച്ച് നിര്‍വഹിച്ചാല്‍ മതി എന്ന് കല്‍പിച്ചിരിക്കുന്നത്. ഈ വചനം അവതരിക്കുന്ന കാലത്ത് ഇസ്‌ലാമില്‍ യുദ്ധം നടപ്പാക്കപ്പെട്ടിട്ടില്ല. മക്കീ സൂറത്തുകളില്‍ പെട്ടതാണല്ലോ ഈ അദ്ധ്യായം. അപ്പോള്‍, വരാനിരിക്കുന്ന മുടക്കുകളെ കൂടി നേരത്തെ തന്നെ പരിഗണിച്ചിരിക്കുന്നത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തെയും അനുഗ്രഹത്തെയും ആണ് കുറിക്കുന്നത്. നബി (സ്വ)യെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രവചനം കൂടിയായിരിക്കും. കൂടാതെ, കച്ചവടം, കൃഷി മുതലായ ഉപജീവന മാര്‍ഗങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യുന്നത് അല്ലാഹുവിന്റെ അടുക്കല്‍ തൃപ്തിപ്പെട്ട കാര്യമാണെന്നു കൂടി ഈ വചനത്തില്‍ നിന്ന്‍ മനസ്സിലാക്കാവുന്നതാകുന്നു.
(فَاقْرَءُوا مَا تَيَسَّرَ مِنْهُ) ‘ക്വുര്‍ആനില്‍ നിന്നും സൗകര്യമായത് ഓതി കൊള്ളുവീന്‍’ അഥവാ സൗകര്യപ്പെടുന്നിടത്തോളം നമസ്കരിക്കുക എന്ന് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാകുന്നു. നിര്‍ബന്ധമില്ലെങ്കിലും നിങ്ങളുടെ ഗുണത്തിന് വേണ്ടി തന്നെ നിങ്ങളത് കഴിവതും അനുഷ്ഠിക്കേണ്ടതുണ്ട് എന്നാണത് കാണിക്കുന്നത്. രാത്രി നമസ്കാരത്തെ പറ്റി പല ക്വുര്‍ആന്‍ വചനങ്ങളിലും നബി വചനങ്ങളിലും ഊന്നി പറഞ്ഞിരിക്കുന്നത് പ്രസിദ്ധം ആണല്ലോ. ഈ ആയത്തിന്റെ അവസാനത്തില്‍ ഓരോരുത്തനും അവനവന്റെ ഭാവി നന്മക്കു വേണ്ടി സല്‍കര്‍മ്മങ്ങള്‍ സമ്പാദിക്കേണ്ടതുണ്ടെന്ന് എടുത്തു പറഞ്ഞിരിക്കുന്നതും സ്മരണീയമാകുന്നു.
നമസ്കാരത്തില്‍ സൂറത്തുല്‍ ഫാത്തിഹ ഓതല്‍ നിര്‍ബന്ധമില്ലെന്നും സൗകര്യപ്പെടുന്ന മറ്റേതെങ്കിലും ക്വുര്‍ആന്‍ വചനങ്ങള്‍ മാത്രം ഓതിയാലും മതിയാകും എന്നും ഈ വാക്യത്തെ ആസ്പദമാക്കി ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, സൂറ:ഫാത്തിഹ നിര്‍ബന്ധമാണ് എന്നുള്ളതിന് തെളിവ് നബി(സ്വ) യുടെ ഹദീഥാകുന്നു. തിരുമേനി (സ്വ) ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു:
(لا صلاة لمن لم يقرأ بفاتحة الكتاب – متفق عليه)
(ഫാത്തിഹതുല്‍ കിതാബിനെ – വേദഗ്രന്ഥത്തിലെ പ്രാരംഭ അദ്ധ്യായത്തെ – ഓതാത്തവന് നമസ്കാരമില്ല.) (ബു.മു.) സൂറത്തുല്‍ ഫാത്തിഹക്കു പുറമെ വേറെയും സൂറത്തുകള്‍ നമസ്കാരത്തില്‍ ഓതുക പതിവായിരുന്നു എന്ന് ഹദീഥുകളില്‍ വന്നിട്ടുള്ളതും പൊതുവില്‍ അറിയപ്പെട്ടതാണ്.
രാത്രി നമസ്കാരത്തെ കുറിച്ച് പ്രസ്താവിച്ച ശേഷം നമസ്കാരത്തെ നിലനിര്‍ത്തണം എന്നും സകാത്ത് കൊടുക്കണമെന്നും ( وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ) പറഞ്ഞിരിക്കുന്നത് അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങളെയും, നിര്‍ബന്ധ ധര്‍മത്തെയും ഉദ്ദേശിച്ചാകുന്നു. നബി (സ്വ) തിരുമേനിയുടെ രാവുയാത്രയും വാനയാത്രയും (ഇസ്റാഉം, മിഅ്റാജും) ഉണ്ടായ രാത്രിയിലാണ് അഞ്ചു നേരത്തെ നമസ്കാരം നിയമിക്കപ്പെട്ടത്. ഇത് തിരുമേനി (സ്വ) മക്കയില്‍ താമസിച്ചിരുന്ന കാലത്താണ്. എന്നാല്‍ സകാത്ത് ആകട്ടെ മദീനായില്‍ വെച്ചാണ് നിയമമാക്കപെട്ടിരിക്കുന്നത്. അത് കൊണ്ട് ഇവിടെ സകാത് കൊടുക്കുവാന്‍ കല്‍പിച്ചതിനെ പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. (1) ചെറിയ പെരുന്നാള്‍ ദിവസം നല്‍കേണ്ടുന്ന ഫിത്വര്‍ സകാത്താണ് ഇവിടെ ഉദ്ദേശ്യം. (2) നിലവിലുള്ള സകാത്തുനിയമം നടപ്പാകുന്നതിനു മുമ്പ് മറ്റ് ചിലതരം ധര്‍മങ്ങള്‍ നിര്‍ബന്ധമുണ്ടായിരുന്നു, അതാണ് ഉദ്ദേശ്യം. (3) സകാത്തിന്റെ നിര്‍ബന്ധം മക്കായില്‍ വെച്ചു തന്നെ അവതരിപ്പിച്ചിരുന്നു. പക്ഷേ, അതിന്റെ വിശദ സ്വഭാവം മദീനായില്‍ വെച്ചാണ് നിയമിക്കപ്പെട്ടത്. (4) നിലവിലുള്ള സകാത്ത് തന്നെ ആണ് ഉദ്ദേശ്യം. (ഈ ആയത്തിന്റെ അവതരണം ഉണ്ടായത് മക്കായില്‍ വെച്ചല്ല, മദീനായില്‍ വെച്ചാണ് എന്ന അഭിപ്രായത്തെ ആസ്പദമാക്കി ആണ് ഇപ്പറഞ്ഞത്). ഒരുപക്ഷെ യുദ്ധത്തെ കുറിച്ച് പറഞ്ഞതു പോലെ – ഭാവിയില്‍ നടപ്പിലാക്കാന്‍ പോകുന്ന സകാത്തിനെ പറ്റി നേരത്തെ തന്നെ ഓര്‍മ്മിപ്പിച്ചത് ആയിരിക്കുവാനും സാധ്യതയുണ്ട്. الله اعلم
ഏതായാലും നിര്‍ബന്ധമായ നമസ്കാരത്തെയും നിര്‍ബന്ധമായ സകാത്തിനെയും കുറിച്ചാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് എന്ന് വ്യകതമാകുന്നു. കാരണം, തുടര്‍ന്നുള്ള വാക്യത്തില്‍ അല്ലാഹുവിന് നല്ലതായ കടം കൊടുക്കുകയും ചെയ്യുവീന്‍ (وَأَقْرِضُوا اللَّـهَ قَرْضًا حَسَنًا) എന്ന് പറഞ്ഞുവല്ലോ. ഇത് ഏതെങ്കിലും ഒരു നിശ്ചിത നിര്‍ബന്ധത്തെ ഉദ്ദേശിച്ചാവാന്‍ തരമില്ല. ഐച്ഛികമായ ദാനധര്‍മങ്ങളെ ഉദ്ദേശിച്ചാകുവാനാണ് സാധ്യത. وَأَقْرِضُوا اللَّـهَ (അല്ലാഹുവിനു കടം കൊടുക്കുക) എന്ന പ്രയോഗത്തെ പറ്റി സൂറ: ഹദീദ് 11ലും സൂറ: തഗ്വാബുന്‍ 17ലും വിവരിച്ചത് ഓര്‍ക്കുക.
‘നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെച്ചാല്‍ അത് അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഉത്തമം ആയതും, വമ്പിച്ച പ്രതിഫലം ഉള്ളതായും നിങ്ങള്‍ക്ക് കണ്ടെത്താം’. (وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّـهِ هُوَ خَيْرًا وَأَعْظَمَ أَجْرًا) എന്ന വാക്യം നമസ്കാരം, ധര്‍മ്മം തുടങ്ങിയ എല്ലാവിധ പുണ്യകര്‍മങ്ങളെയും കുറിച്ചുള്ള പ്രോത്സാഹനം ആകുന്നു. കേവലം ചെറുതെന്നോ, നിസ്സാരമെന്നോ കരുതി ഏതൊരു സല്‍കാര്യത്തെയും അവഗണിക്കരുതെന്നും, ഏതൊരു സല്‍കര്‍മവും അല്ലാഹു പാഴാക്കുക ഇല്ലെന്നും, ഓരോന്നിനും പ്രതീക്ഷയില്‍ കവിഞ്ഞ പ്രതിഫലം അവന്‍ നല്‍കുമെന്നും അല്ലാഹു അറിയിക്കുന്നു. നിര്‍ബന്ധ കടമകള്‍ കൊണ്ട് മതിയാക്കാതെ ഐച്ഛികമായ സല്‍കര്‍മങ്ങള്‍ കഴിവതും ജീവിതത്തില്‍ സമ്പാദിച്ചു വെക്കുന്നത് ആവശ്യമാണ് എന്നുള്ള ഒരു ഉപദേശവും അതിലടങ്ങുന്നു. അവസാനമായി, എല്ലാവരും പാപമോചനം തേടി കൊണ്ടിരിക്കണം എന്ന് അല്ലാഹു ഉപദേശിക്കുന്നു. സല്‍കര്‍മങ്ങളുടെ കൂട്ടത്തില്‍ പാപമോചനം തേടലി (إستغفار) നുള്ള പ്രത്യേകസ്ഥാനം ഇതില്‍ നിന്ന് മനസ്സിലാക്കാം. മനുഷ്യന്‍ എത്ര തന്നെ പരിശുദ്ധനും സല്‍കര്‍മിയും ആയിക്കൊള്ളട്ടെ, അവന്റെ പക്കല്‍ അറിഞ്ഞോ അറിയാതെയോ പല തെറ്റുകുറ്റങ്ങളും പോരായ്മകളും ഉണ്ടായിരിക്കും. ഒരു ഹദീഥില്‍ നബി (സ്വ) ഇപ്രകാരം പറയുന്നു : ആദമിന്റെ മക്കളെല്ലാം അബദ്ധം പിണയുന്നവര്‍ ആണ്. അബദ്ധം പിണയുന്നവരില്‍ വെച്ച് ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവര്‍ ആകുന്നു. (തി.ജ). ആ നിലക്ക് താന്‍ ഒരു പാപം ചെയ്തതായി തോന്നാത്തവന്‍ പോലും അല്ലാഹുവിനോട് പാപമോചനം തേടാതിരിക്കുവാന്‍ നിവൃത്തിയില്ല. മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനും പാപരഹിതനുമായ ദേഹം നബി (സ്വ) തിരുമേനിയാണല്ലോ. തിരുമേനി (സ്വ) പോലും ദിനം പ്രതി എഴുപതോ നൂറോ പ്രാവശ്യം പാപമോചനം തേടിയിരുന്നുവെന്നു ഹദീഥുകളില്‍ വന്നിട്ടുള്ളത് പ്രസ്താവ്യമാണ്. പാപമോചനം തേടുന്നത് നിമിത്തം പാപങ്ങള്‍ പൊറുത്തു കിട്ടുന്നതിനു പുറമെ, അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും അത് കാരണം ആണെന്ന് കൂടി ഉണര്‍ത്തി കൊണ്ടാണ് അല്ലാഹു അദ്ധ്യായം സമാപിക്കുന്നത്. അതെ, إِنَّ اللَّـهَ غَفُورٌ رَّحِيمٌ (നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു)
ربنا اغفرلنا وارحمنا ولوالدينا ولذرياتنا وللمؤمنين والمؤمنات
اللهم لك الحمد ولك المنة والفضل