69:25
  • وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ ﴾٢٥﴿
  • എന്നാല്‍, യാതൊരുവന്‍റെ ഇടങ്കയ്യില്‍ അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടുവോ, അവനാകട്ടെ, അവന്‍ പറയും: 'ഹാ! എന്‍റെ ഗ്രന്ഥം എനിക്കു നല്‍കപ്പെടാതിരുന്നെങ്കില്‍ നന്നായേനെ'!
  • وَأَمَّا مَنْ أُوتِيَ എന്നാല്‍ കൊടുക്കപ്പെട്ടവനോ كِتَابَهُ തന്‍റെ ഗ്രന്ഥം بِشِمَالِهِ തന്‍റെ ഇടങ്കയില്‍ فَيَقُولُ അവന്‍ പറയും يَا لَيْتَنِي ഹാ ഞാനായിരുന്നുവെങ്കില്‍ നന്നായേനെ لَمْ أُوتَ എനിക്ക് നല്‍കപ്പെടാതെ (ഇരുന്നെങ്കില്‍) كِتَابِيَهْ എന്‍റെ ഗ്രന്ഥം
69:26
  • وَلَمْ أَدْرِ مَا حِسَابِيَهْ ﴾٢٦﴿
  • 'എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതെയും (ഇരുന്നെങ്കില്‍ നന്നായേനെ)'!
  • وَلَمْ أَدْرِ ഞാന്‍ അറിയാതെയും (ഇരുന്നെങ്കില്‍) مَا حِسَابِيَهْ എന്‍റെ വിചാരണ എന്താണെന്ന്‍
69:27
  • يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ ﴾٢٧﴿
  • 'ഹാ! അത് [അക്കാര്യം - അഥവാ മരണം] തീരുമാനം വരുത്തുന്നതായിരുന്നെങ്കില്‍ നന്നായേനെ! [അതോടെ എല്ലാം അവസാനിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!]'
  • يَا لَيْتَهَا ഹാ അതായെങ്കില്‍ നന്നായേനെ كَانَتِ അതായിരുന്നുവെങ്കില്‍ الْقَاضِيَةَ തീരുമാനം വരുത്തുന്നത്, കലാശിപ്പിക്കുന്നത്
69:28
  • مَآ أَغْنَىٰ عَنِّى مَالِيَهْ ۜ ﴾٢٨﴿
  • 'എന്‍റെ ധനം എനിക്ക് ഉപകരിച്ചില്ല!
  • مَا أَغْنَىٰ ഐശ്വര്യമാക്കിയില്ല (ഉപകരിച്ചില്ല) عَنِّي എനിക്ക്, എന്നെ സംബന്ധിച്ച് مَالِيَهْ എന്‍റെ ധനം, എനിക്കുള്ളത്
69:29
  • هَلَكَ عَنِّى سُلْطَٰنِيَهْ ﴾٢٩﴿
  • 'എന്‍റെ സ്വാധീനശക്തി എന്നില്‍ നിന്ന് നശിച്ചു (നഷ്ടപ്പെട്ടു) പോയി'
  • هَلَكَ عَنِّي എനിക്ക് നശിച്ചു (നഷ്ടപ്പെട്ടു) سُلْطَانِيَهْ എന്‍റെ ശക്തി, (സ്വാധീനം) അധികാരം, പ്രമാണം, ന്യായം

കുറ്റവാളികളുടെ കര്‍മരേഖയാകുന്ന ഗ്രന്ഥം അവരുടെ ഇടങ്കയ്യിലായിരിക്കും കൊടുക്കപ്പെടുക. അപ്പോള്‍ അവര്‍ അങ്ങേയറ്റം ഖേദത്തിലും നിരാശയിലുമായിത്തീരുന്നു. ‘അയ്യോ! ഈ ഗ്രന്ഥം കിട്ടിയിരുന്നില്ലെങ്കില്‍!! അയ്യോ! വിചാരണ അനുഭവിക്കേണ്ടി വന്നിരുന്നില്ലെങ്കില്‍!! ആ മരണത്തോടുകൂടി എല്ലാം കഴിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ! അയ്യോ! എന്‍റെ സ്വത്തും സമ്പത്തും ഒന്നും എനിക്ക് ഉപകരിച്ചില്ലല്ലോ!! അയ്യോ! എനിക്കിവിടെ ഒരു കഴിവും സ്വാധീനവും ഇല്ലാതായല്ലോ!! എന്നൊക്കെ പറഞ്ഞ് അവര്‍ വിലപിച്ചുകൊണ്ടിരിക്കും.

مَالِيَهْ എന്ന വാക്കിന് ‘എന്‍റെ ധനം’ എന്ന അര്‍ത്ഥമാണ് നാം മുകളില്‍ സ്വീകരിച്ചത്. എനിക്കുള്ളത് എന്നും അതിനു അര്‍ത്ഥം വരാം. അഥവാ എന്‍റേതായുള്ള യാതൊന്നും എനിക്ക് ഉപകരിച്ചില്ലല്ലോ എന്ന് സാരം. അതുപോലെത്തന്നെ سُلْطَانِيَهْ എന്ന വാക്കിന് ‘എന്‍റെ ന്യായം’ എന്നും അര്‍ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. അഥവാ ന്യായങ്ങളും തെളിവുകളും കൊണ്ടുവന്ന് സമര്‍പ്പിക്കുവാനുള്ള അവസരം ഇല്ലാതായല്ലോ എന്നായിരിക്കും അപ്പോള്‍ ഉദ്ദേശ്യം. രണ്ടായാലും തത്വത്തില്‍ ഒന്നുതന്നെ. ഇവരെക്കുറിച്ച് അല്ലാഹു മലക്കുകളോട് കൽപിക്കുന്നത് ഇപ്രകാരമായിരിക്കും:-

69:30
  • خُذُوهُ فَغُلُّوهُ ﴾٣٠﴿
  • 'അവനെ പിടിക്കുവിന്‍! എന്നിട്ട് അവനെ (കഴുത്തോട് ചേര്‍ത്ത്) ആമം വെക്കുവിന്‍!
  • خُذُوهُ അവനെ പിടിക്കുവിന്‍ فَغُلُّوهُ എന്നിട്ടവനെ ആമത്തില്‍ ബന്ധിക്കുവിന്‍
69:31
  • ثُمَّ ٱلْجَحِيمَ صَلُّوهُ ﴾٣١﴿
  • 'പിന്നെ, അവനെ ജ്വലിക്കുന്ന നരകത്തില്‍ കടത്തുവിന്‍!
  • ثُمَّ പിന്നെ الْجَحِيمَ ജ്വലിക്കുന്ന (ആളിക്കത്തുന്ന) നരകത്തില്‍ صَلُّوهُ അവനെ കടത്തുവിന്‍, ഇട്ടെരിക്കുവിന്‍
69:32
  • ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَٱسْلُكُوهُ ﴾٣٢﴿
  • 'പിന്നെ, എഴുപതുമുഴം അളവുള്ള ചങ്ങലയില്‍ അവനെ പ്രവേശിപ്പിക്കുവിന്‍!-
  • ثُمَّ فِي سِلْسِلَةٍ പിന്നെ ഒരു ചങ്ങലയില്‍ ذَرْعُهَا അതിന്‍റെ (നീള) അളവ് سَبْعُونَ ذِرَاعًا എഴുപത് മുഴമാണ് فَاسْلُكُوهُ അവനെ പ്രവേശിപ്പിക്കുവിന്‍
69:33
  • إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ ﴾٣٣﴿
  • '(കാരണം) നിശ്ചയമായും അവന്‍, മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല;
  • إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു لَا يُؤْمِنُ വിശ്വസിക്കാതെ بِاللَّـهِ അല്ലാഹുവില്‍ الْعَظِيمِ മഹാനായ
69:34
  • وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ ﴾٣٤﴿
  • 'സാധുവിന് ഭക്ഷണം നല്‍കുന്നതിനു അവന്‍ പ്രോത്സാഹനം നല്‍കിയിരുന്നതുമില്ല.
  • وَلَا يَحُضُّ അവന്‍ പ്രോത്സാഹനം (പ്രേരണ) നല്‍കിയിരുന്നതുമില്ല عَلَىٰ طَعَامِ ഭക്ഷണം നല്‍കുവാന്‍ - ഭക്ഷണത്തിന് الْمِسْكِينِ സാധുവിന്, പാവപ്പെട്ടവന്റെ
69:35
  • فَلَيْسَ لَهُ ٱلْيَوْمَ هَٰهُنَا حَمِيمٌ ﴾٣٥﴿
  • 'ആകയാല്‍ ഒരു ഉറ്റ ബന്ധുവും ഇന്ന് അവന് ഇവിടെയില്ല.
  • فَلَيْسَ لَهُ ആകയാല്‍ അവനില്ല الْيَوْمَ ഇന്ന് هَاهُنَا ഇവിടെ حَمِيمٌഒരു ഉറ്റബന്ധുവും, ചങ്ങാതിയും
69:36
  • وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ﴾٣٦﴿
  • 'ഗിസ്‌ലീനി'ൽ നിന്നല്ലാതെ (അവന്) ഭക്ഷണവും ഇല്ല:-
  • وَلَا طَعَامٌ ഭക്ഷണവുമില്ല إِلَّا مِنْ غِسْلِينٍ 'ഗിസ്‌ലീനി'ൽ നിന്നല്ലാതെ
69:37
  • لَّا يَأْكُلُهُۥٓ إِلَّا ٱلْخَٰطِـُٔونَ ﴾٣٧﴿
  • പിഴച്ചവര്‍ [തെറ്റു ചെയ്തവര്‍] അല്ലാതെ അത് ഭക്ഷിക്കുകയില്ല.
  • لَّا يَأْكُلُهُ അതിനെ തിന്നുക (ഭക്ഷിക്കുക)യില്ല إِلَّا الْخَاطِئُونَ പിഴച്ച (തെറ്റു ചെയ്ത)വര്‍ അല്ലാതെ

ഇത്രയും കഠിനകഠോരമായ ശിക്ഷ അവര്‍ക്ക് നല്‍കപ്പെടുവാന്‍ രണ്ട് കാരണം അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. അല്ലാഹുവില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ പ്രേരണ നല്‍കിയിരുന്നതുമില്ല. ഇതാണ് അവ. എല്ലാവിധ നന്മയുടെയും, എല്ലാതരം സല്‍കര്‍മങ്ങളുടെയും അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണല്ലോ. അല്ലാഹുവില്‍ വിശ്വസിക്കാത്തവര്‍ വല്ല നല്ല കാര്യവും ചെയ്തിരുന്നാല്‍ പോലും അത് പരലോകത്തുവെച്ച് അല്ലാഹുവിന്‍റെ പ്രതിഫലത്തിന് അര്‍ഹമാകുന്നതുമല്ല. 25:23 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഹജീവികളോടുള്ള കടമകളിൽ വെച്ച് ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഒന്നാണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍. അതിന് തയ്യാറില്ലാത്തവനില്‍നിന്നു മറ്റുള്ളവര്‍ക്ക് എന്ത് ഉപകാരമാണ് ലഭിക്കുവാനുള്ളത്?! ചുരുക്കത്തില്‍ ഈ രണ്ടു കാര്യങ്ങളുടെയും അഭാവത്തിന്‍റെ അര്‍ത്ഥം അവന്‍ സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകള്‍ പാലിക്കാത്തവനാണ് എന്നാണല്ലോ.

സാധുക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല എന്നോ മറ്റോ പറയാതെ, അതിനു ‘പ്രേരണ നല്‍കിയിരുന്നില്ല’ (وَلَا يَحُضُّ) എന്ന് പറഞ്ഞിരിക്കുന്നത് വളരെ അര്‍ത്ഥവത്താകുന്നു. അവരവര്‍ നല്‍കിയാലും പോരാ, മറ്റുള്ളവരെ കൊണ്ട് അത് ചെയ്യിക്കുവാന്‍ വേണ്ടുന്ന പ്രേരണയും പരിശ്രമവുംകൂടി ആവശ്യമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. غِسْلِينٍ (ഗിസ്‌ലീന്‍) കൊണ്ടുദ്ദേശ്യം എന്താണെന്നുള്ളതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാമെങ്കിലും, നരകക്കാരുടെ മാംസങ്ങളില്‍ നിന്ന് പൊട്ടി ഒഴുകുന്നതും ദുർഗന്ധം വമിക്കുന്നതുമായ ദുര്‍ന്നീരാണെന്നത്രെ അധികം വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. വ്രണങ്ങള്‍ മുതലായവ കഴുകിയവെള്ളം എന്നാണ് ആ വാക്കിന് ഭാഷാര്‍ത്ഥം. ഹാകിം (رحمه الله) ഉദ്ധരിച്ചതും അദ്ദേഹം ശരിവെച്ചതുമായ ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഗിസ്‌ലീനില്‍ നിന്ന്‌ ഒരു കൊട്ടക്കോരി വെള്ളം ഇഹലോകത്തില്‍ ഒഴുക്കുന്നപ്പെടുന്നപക്ഷം ഇഹത്തിലുള്ളവര്‍ക്കെല്ലാം അത് നാറ്റമുണ്ടാക്കുന്നതാണ്.

വിഭാഗം - 2

69:38
  • فَلَآ أُقْسِمُ بِمَا تُبْصِرُونَ ﴾٣٨﴿
  • എന്നാല്‍, നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു:
  • فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِمَا تُبْصِرُونَ നിങ്ങള്‍ കാണുന്നത് (കാണുന്നവ) കൊണ്ട്
69:39
  • وَمَا لَا تُبْصِرُونَ ﴾٣٩﴿
  • നിങ്ങള്‍ കാണാത്തവയെക്കൊണ്ടും (സത്യം ചെയ്തു പറയുന്നു):-
  • وَمَا لَا تُبْصِرُونَ നിങ്ങള്‍ കാണാത്തവകൊണ്ടും
69:40
  • إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ ﴾٤٠﴿
  • നിശ്ചയമായും, അത് (ഖുർആന്‍) മാന്യനായ ഒരു (ദൈവ) ദൂതന്‍റെ വാക്കുതന്നെ.
  • إِنَّهُ നിശ്ചയമായും അത് لَقَوْلُ വാക്ക് (വചനം, പറയുന്നത്) തന്നെ رَسُولٍ كَرِيمٍ മാന്യനായ ഒരു റസൂലിന്‍റെ (ദൂതന്‍റെ)
69:41
  • وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ ﴾٤١﴿
  • അത് ഒരു കവിയുടെ വാക്കല്ല. വളരെക്കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളു.
  • وَمَا هُوَ അതല്ല بِقَوْلِ شَاعِرٍ ഒരു കവിയുടെ വാക്ക് قَلِيلًا مَّا എന്തോ (വളരെ) കുറച്ചു (മാത്രം) تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുന്നു
69:42
  • وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ ﴾٤٢﴿
  • (അത്) ഒരു പ്രശ്നക്കാരന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
  • وَلَا بِقَوْلِ വാക്കുമല്ല كَاهِنٍ ഒരു പ്രശ്ന (ഗണിത - ജോല്‍സ്യ)ക്കാരന്‍റെ قَلِيلًا مَّا എന്തോ (വളരെ) കുറച്ചു (മാത്രം) تَذَكَّرُونَ നിങ്ങള്‍ ആലോചിച്ചു നോക്കുന്നു
69:43
  • تَنزِيلٌ مِّن رَّبِّ ٱلْعَٰلَمِينَ ﴾٤٣﴿
  • (സര്‍വ) ലോക രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിച്ചതത്രെ (അത്).
  • تَنزِيلٌ അവതരണം (അവതരിപ്പിക്കുന്നതാണ്) مِّن رَّبِّ രക്ഷിതാവിങ്കല്‍ നിന്ന് الْعَالَمِينَ ലോകരുടെ (ലോക)

فَلَا أُقْسِمُ എന്ന വാക്കിന്റെ ഘടന, അര്‍ഥം, ഉദ്ദേശ്യം ആദിയായവയെപ്പറ്റി സൂറത്തുല്‍ വാക്വിഅ 75, 76ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചത് നോക്കുക.

വക്താവിന്‍റെ സ്ഥിതിഗതികള്‍ക്കനുസരിച്ച് വക്താക്കളുടെ വാക്കുകളില്‍ വ്യത്യാസം കാണും. രാജാക്കന്മാരുടെ വാക്കില്‍ രാജകീയതയും രസികന്‍റെ വാക്കില്‍ രസികത്വവും കാണാം. മാന്യന്മാരുടെ സംസാരത്തില്‍ മാന്യതയും, നിന്ദ്യന്മാരുടെ സംസാരത്തില്‍ നിന്ദ്യതയും അനുഭവപ്പെടും. അതുപോലെ, കവികളുടെയും, ജോല്‍സ്യന്മാരുടെയും വാക്കുകളില്‍ അവരുടെതായ പ്രത്യേകതകളും പ്രകടമായിരിക്കും. ആ നിലക്ക് അല്‍പമെങ്കിലും ആലോചിച്ച് നോക്കുന്നവര്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന ഈ ഖുർആൻ – സത്യനിഷേധികള്‍ ജല്‍പിക്കുന്നതുപോലെ – കവിവാക്യങ്ങളോ ജോല്‍സ്യവാക്യങ്ങളോ അല്ലെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ഖുർആൻ അവതരിപ്പിക്കുന്നത് ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്നാണ്. അതാകട്ടെ, ഏതെങ്കിലും ജനതക്കോ ജനവിഭാഗത്തിനോ വേണ്ടി അവതരിപ്പിച്ചതുമല്ല. ലോകമക്കള്‍ക്ക് ആകമാനം വേണ്ടിയുള്ളതാണ്. അത് അവരില്‍ ഓതിക്കേള്‍പ്പിക്കുന്നത് അവനാല്‍ നിയോഗിക്കപ്പെട്ട ഒരു മാന്യദൂതനുമാകുന്നു. ക്വുര്‍ആനിന്‍റെ സ്വരവും, ശൈലിയും, ഉള്ളടക്കവും, സിദ്ധാന്തങ്ങളുമെല്ലാം തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു. പക്ഷേ, ചിന്തിക്കാനും വിശ്വസിക്കാനും തയ്യാറാകാതെ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ച് നിരര്‍ത്ഥമായ ആരോപണങ്ങള്‍കൊണ്ട് തൃപ്തി അടയുകയാണ് അവിശ്വാസികള്‍ ചെയ്യുന്നത്.

40-ാം വചനത്തില്‍ ‘മാന്യന്യായ ദൂതന്‍’ (رَسُولٍ كَرِيم) എന്ന് പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചാകുന്നു. സൂറത്തുത്തക് വീറിലും ഇതുപോലെ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ (നിശ്ചയമായും അത് മാന്യനായ ദൂതന്‍റെ ഒരു വാക്കാണ്‌) എന്ന്‍ പറഞ്ഞിരിക്കുന്നു. അവിടെ ജിബ്‌രീല്‍ (عليه السلام) എന്ന മലക്കിനെ ഉദ്ദേശിച്ചാണ് ദൂതന്‍ എന്ന് പറഞ്ഞിരിക്കുന്നത്. രണ്ട് വചനങ്ങളുടെയും മുമ്പും പിമ്പുമുള്ള വാക്യങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാം. മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഖുർആൻ ഓതിക്കേള്‍പ്പിക്കുന്നത് അദ്ദേഹം ഒരു കവിയോ ജോല്‍സ്യനോ ആയതുകൊണ്ടല്ല. അദ്ദേഹം മാന്യനായ ഒരു ദൈവദൂതനായതു കൊണ്ടാണ്. അത് അദ്ദേഹത്തിന് ലഭിക്കുന്നത് ലോകരക്ഷിതാവിങ്കല്‍ നിന്നാണുതാനും. എന്നത്രെ ഇവിടെ പ്രസ്താവിക്കുന്നത്. സൂറ: തക് വീറിലെ സന്ദര്‍ഭം മറ്റൊന്നാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ഭ്രാന്ത് പിടിച്ചുപറയുന്നതോ വല്ല പിശാചും പറഞ്ഞു കൊടുക്കുന്നതോ അല്ല ഖുർആൻ. അര്‍ശിന്‍റെ നാഥനായ അല്ലാഹുവിങ്കല്‍ പലനിലക്കും സ്ഥാനവലിപ്പങ്ങളുള്ള ഒരു ദൈവദൂതന്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുന്നതാണത്. അദ്ദേഹം ആ ദൂതനെ – ജിബ്‌രീല്‍ (عليه السلام)നെ – ശരിക്കും കണ്ടിട്ടുണ്ടുതാനും, എന്നൊക്കെയാണ് അവിടത്തെ സംസാരവിഷയം.

മാന്യനായ ഒരു ദൂതന്‍റെ വാക്കാണ്‌ ഖുർആൻ (إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ) എന്ന് പറഞ്ഞിട്ടുള്ളതിനെ പൊക്കിപ്പിടിച്ച് – ഇസ്‌ലാമിന്‍റെ അകത്തും പുറത്തുമുള്ള ചില ശത്രുക്കള്‍ സമർത്ഥിക്കാൻ ശ്രമിക്കാറുള്ളതുപോലെ – ഖുർആൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സ്വന്തം വചനങ്ങളാവാമെന്ന് ഊഹിക്കാന്‍പോലും പഴുതില്ലാത്തതാണ്. കാരണം ഖുർആൻ അവതരിപ്പിക്കുന്നത് അല്ലാഹുവാണെന്നും, അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് എത്തിച്ചുകൊടുക്കുന്നത് ജിബ്‌രീല്‍ (عليه السلام) ആണെന്നും , അതില്‍ എന്തെങ്കിലും മാറ്റത്തിരുത്തല്‍ വരുത്തുവാന്‍ രണ്ടാള്‍ക്കും നിവൃത്തിയില്ലെന്നും മറ്റും സ്പഷ്ടമായ ഭാഷയില്‍ അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. വേണ്ടാ അതിനെത്തുടര്‍ന്ന്‍ (43-ാം വചനത്തില്‍) തന്നെ അതു ലോകരക്ഷിതാവു അവതരിപ്പിച്ചതാണ് (تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ) എന്ന്‍ വ്യക്തമാക്കിയിട്ടുള്ളത് നോക്കുക. മാത്രമല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തം വകയായി അല്ലാഹുവിന്‍റെ പേരില്‍ വല്ലതും പറഞ്ഞുണ്ടാക്കുകയാണെങ്കില്‍ – അങ്ങിനെ ഒരിക്കലും സംഭവിക്കുകയില്ലെന്നു തീര്‍ച്ചയാണ് – അതിന്‍റെ അനന്തരഫലം എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളില്‍ സഗൗരവം അല്ലാഹു താക്കീത് ചെയ്യുന്നത് കാണുക.

ഉമര്‍ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്‌ലിമാകുന്നതിനു മുമ്പ് ഒരു തക്കംനോക്കി ഒരിക്കല്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നേരെ പുറപ്പെടുകയുണ്ടായി. പള്ളിയില്‍ അദ്ദേഹം എനിക്ക് മുമ്പായി എത്തിയിരുന്നു. ഞാന്‍ പിന്നില്‍ ചെന്നുനിന്നു. അവിടുന്ന്‍ സൂറത്തുല്‍ ഹാക്ക്വ ഓതാനാരംഭിച്ചു. അത് കേട്ടപ്പോള്‍ ഖുർആന്‍റെ ഘടനയെക്കുറിച്ച് എനിക്ക് ആശ്ചര്യംതോന്നി. ഞാന്‍ (മനസ്സില്‍) പറഞ്ഞു: ‘അല്ലാഹുവാണ! ക്വുറൈശികള്‍ പറയുംപോലെ ഇവനൊരു കവിയാണ്‌’. അപ്പോഴേക്കും അവിടുന്ന്‍ ‘….. അതൊരു കവിയുടെ വാക്കല്ല എന്ന്’ (40ഉം 41ഉം വചനങ്ങള്‍) ഓതി. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ അവന്‍ ഒരു പ്രശ്നക്കാരനായിരിക്കും’. അപ്പോഴേക്കും അവിടുന്ന്‍ ‘അതൊരു പ്രശ്നക്കാരന്‍റെ വാക്കുമല്ല…’ എന്നും (42 മുതല്‍ വചനങ്ങളും) ഓതി. അങ്ങിനെ, എന്‍റെ ഹൃദയത്തില്‍ മുഴുവനും ഇസ്‌ലാം സ്ഥലം പിടിച്ചുപോയി’. (അ). അദ്ദേഹം മുസ്‌ലിമാകുവാനുള്ള പ്രേരണകളില്‍ ഒന്നായിരുന്നു ഈ സംഭവം.

69:44
  • وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ ﴾٤٤﴿
  • അദ്ദേഹം [റസൂല്‍] നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിപ്പറഞ്ഞിരുന്നുവെങ്കില്‍;
  • وَلَوْ تَقَوَّلَ അദ്ദേഹം പറഞ്ഞുണ്ടാക്കി (കെട്ടിപ്പറഞ്ഞു) എങ്കില്‍ عَلَيْنَا നമ്മുടെ പേരില്‍ بَعْضَ الْأَقَاوِيلِ ചില (കൃത്രിമ) വാക്കുകള്‍ (വല്ല വാക്കുകളും)
69:45
  • لَأَخَذْنَا مِنْهُ بِٱلْيَمِينِ ﴾٤٥﴿
  • അദ്ദേഹത്തെ നാം വലങ്കൈ കൊണ്ട് പിടി(ച്ചു ശിക്ഷി)ക്കുമായിരുന്നു!-
  • لَأَخَذْنَا നാം പിടിക്കുക തന്നെ ചെയ്യും مِنْهُ അദ്ദേഹത്തെ (അദ്ദേഹത്തോട്) بِالْيَمِينِ വലങ്കൈകൊണ്ട്, വലങ്കൈക്ക്
69:46
  • ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ ﴾٤٦﴿
  • പിന്നിട്, അദ്ദേഹത്തില്‍ നിന്നു (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു!
  • ثُمَّ لَقَطَعْنَا പിന്നെ നാം മുറിക്കുകയും ചെയ്യും مِنْهُ അദ്ദേഹത്തില്‍ നിന്ന് الْوَتِينَ ഹൃദയനാഡി, ജീവനാഡി
69:47
  • فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَٰجِزِينَ ﴾٤٧﴿
  • അപ്പോള്‍, നിങ്ങളില്‍ ഒരാളും തന്നെ, അദ്ദേഹത്തില്‍ നിന്ന് (അത്) തടയുന്നവരായി ഉണ്ടാവുകയില്ല.
  • فَمَا مِنكُم അപ്പോള്‍ നിങ്ങളില്‍ (ഉണ്ടാവുക) ഇല്ല مِّنْ أَحَدٍ ഒരാളും തന്നെ عَنْهُ അദ്ദേഹത്തില്‍ നിന്ന് حَاجِزِينَ തടയുന്ന (തടസ്സം ചെയ്യുന്ന)വരായിട്ട്

أَخَذْنَا مِنْهُ بِالْيَمِينِ എന്ന വാക്യത്തിന് വലങ്കൈകൊണ്ട് പിടിച്ചു ശിക്ഷിക്കുമെന്നും അദ്ദേഹത്തിന്‍റെ വലങ്കൈക്ക് പിടിച്ചു ശിക്ഷിക്കുമെന്നും – ഇങ്ങിനെ രണ്ട് പ്രകാരത്തില്‍ – വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. രണ്ടായിരുന്നാലും കുതറി രക്ഷപ്പെടുവാന്‍ കഴിയാത്തവണ്ണം ശക്തമായ നിലയില്‍ പിടിച്ചു ശിക്ഷാ നടപടി എടുക്കുമെന്നത്രെ അതുകൊണ്ടുദ്ദേശ്യം. ഹൃദയത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്നതും (*) അറ്റുപോയാല്‍ ജീവഹാനി നേരിടുന്നതുമായ ഒരു നാഡിയാണ് الْوَتِينَ (‘അല്‍വതീന്‍’). അവിശ്വാസികള്‍ ഘോഷിക്കുന്നതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അല്ലാഹുവിന്‍റെ പേരില്‍ യാതൊന്നും കെട്ടിച്ചമക്കുന്നില്ല; അഥവാ അങ്ങിനെ വല്ലതും ചെയ്തേക്കുന്നപക്ഷം, അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഒരിക്കലും വെറുതെ വിടുകയില്ല. നിശ്ചയമായും അതികഠിനമായി ശിക്ഷിക്കുകയും ജീവഹാനി വരുത്തുകയും ചെയ്യുന്നതാണ്. അങ്ങിനെ അല്ലാഹു നടപടി എടുക്കുന്നപക്ഷം അത് തടയുവാന്‍ ആരെക്കൊണ്ടും സാധ്യവുമല്ല എന്ന്‍ ഈ വചനങ്ങളില്‍ അല്ലാഹു വ്യക്തമായി പ്രസ്താവിക്കുന്നു.


(*) = Artery of the heart (ഹൃദയത്തില്‍ നിന്നു രക്തം കൊണ്ടു നടക്കുന്ന നാഡി)


ഒരു ഭൗതിക ഭരണകൂടത്തിന്‍റെ ഔദ്യോഗിക വൃത്തത്തില്‍വെച്ച് ഉത്തരവാദപ്പെട്ട ഒരു വ്യക്തി ആ ഭരണാധിപന്‍റെ പേരില്‍ വല്ലതും കെട്ടിച്ചമച്ചു പറയുന്നപക്ഷം അത് രാജ്യദ്രോഹവും, ഭരണഭദ്രതക്ക് ഹാനികരവുമായി ഗണിക്കപ്പെടുകയും വമ്പിച്ച ശിക്ഷാ നടപടികള്‍ക്ക് അയാള്‍ വിധേയനായിത്തീരുകയും ചെയ്യുമല്ലോ. അപ്പോള്‍, ദൈവിക നിയമവ്യവസ്ഥയുടെ പരമോന്നതക്കും പരിശുദ്ധതക്കും കളങ്കം ചാര്‍ത്തുമാറ് പ്രവാചക പദവിയുള്ള ഒരു ദൈവദൂതന്‍ അല്ലാഹുവിന്‍റെ പേരില്‍ വല്ലതും സ്വന്തം വകയായി കെട്ടിച്ചമക്കുന്നപക്ഷം, യാതൊരു നടപടിയുമെടുക്കാതെ അദ്ദേഹത്തെ യഥേഷ്‌ടം വിഹരിക്കുവാന്‍ അല്ലാഹു വിട്ടുകളയുകയോ?! അതൊരിക്കലും സംഭവ്യമല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പ്രവാചകത്വം പ്രഖ്യാപിച്ച ശേഷം 20ല്‍ പരം കൊല്ലം ജീവിച്ചു. അനേകം കെങ്കേമന്മാരായ ശത്രുക്കള്‍ തിരുമേനിയെ വകവരുത്തുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടത്തികൊണ്ടിരുന്നു. മക്കായിലും മദീനായിലും മാത്രമല്ല, അറേബ്യായില്‍ മുഴുക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ശത്രുക്കളുണ്ടായിരുന്നു. അവരുടെ കൈക്കുപോലും തിരുമേനിക്ക് അപായമൊന്നും സംഭവിച്ചില്ല. മാത്രമല്ല, അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്കും, വിജയത്തില്‍ നിന്ന് വിജയത്തിലേക്കുമായിക്കൊണ്ട് അവിടുത്തെ പ്രബോധനയാത്ര അവസാനം വരെ തുടര്‍ന്നുപോന്നു. തിരുമേനി കൊളുത്തിവെച്ച ആ സത്യദീപത്തിന്‍റെ വെളിച്ചം ഏറെത്താമസിയാതെ വിദൂരനാടുകളില്‍ ആകമാനം വ്യാപിക്കുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്ക് തികച്ചും മതിയായ ഒരു തെളിവാണിത്.

ഈ തെളിവ് ഖുർആന്‍ മാത്രം സമര്‍പ്പിക്കുന്ന ഒരു തെളിവല്ല. ഇന്ന് നിലവിലുള്ള തൗറാത്തും ഈ തെളിവിന്‌ സാക്ഷ്യം വഹിക്കുന്നുണ്ട്. മൂസാ (عليه السلام) നബിയോട് അല്ലാഹു പ്രസ്താവിച്ചതായി തൗറാത്തില്‍ ഇങ്ങനെ കാണാം: ‘നിന്നെപോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കൽപിക്കുന്നത് ഒക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും. എന്നാല്‍ ഒരു പ്രവാചകന്‍, ഞാന്‍ അവനോട് കൽപിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ, അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. അത് യഹോവ അരുളിചെയ്യാത്ത വാഹനം എന്ന്‍ ഞങ്ങള്‍ എങ്ങനെ അറിയും എന്ന്‍ നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംമസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അത് യഹോവ അരുളിചെയ്തതല്ല; പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രെ. അവനെ പേടിക്കരുത്.’ (ആവര്‍ത്തന പുസ്തകം 18ല്‍ 18-22).

ഇതില്‍, മൂസാ (عليه السلام)നെപ്പോലെ ഒരു പ്രവാചകനെ അവരുടെ (ഇസ്റാഈല്യരുടെ) സഹോദരങ്ങള്‍ക്കിടയില്‍ നിന്ന് എഴുന്നേല്‍പ്പിക്കുമെന്ന് പറഞ്ഞുവല്ലോ. ഇത് ഇസ്റാഈല്യരുടെ സഹോദരവര്‍ഗമായ ഇസ്മാഈലികളില്‍ (അറബികളില്‍) എഴുന്നേല്‍പ്പിക്കപ്പെട്ട മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെക്കുറിച്ചാണെന്ന് വ്യക്ത്മാണ്. ചരിത്രസ്വഭാവങ്ങള്‍ വെച്ചു നോക്കുമ്പോള്‍, മൂസ (عليه السلام) നബിയോട് ഉപമിക്കാവുന്ന ഒരു പ്രവാചകന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയല്ലാതെ മറ്റൊരു പ്രവാചകന്‍ എഴുന്നെല്‍പ്പിക്കപ്പെട്ടിട്ടുമില്ല. വല്ല പ്രവാചകനും അല്ലാഹുവിന്‍റെ പേരില്‍ കെട്ടിപ്പറയുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ അദ്ദേഹം കൊല്ലപ്പെടുമെന്നും അതില്‍ പറഞ്ഞു. ഇത് ഖുർആന്‍ ഇവിടെ പ്രസ്താവിച്ച അതെ ആശയമാണ് കുറിക്കുന്നത്. വേദക്കാര്‍ ജല്‍പിക്കുന്നതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യപ്രവാചകനല്ലായിരുന്നുവെങ്കില്‍ അവിടുന്ന് കൊല്ലപ്പെട്ടു പോകേണ്ടിയിരുന്നു.. അത് സംഭവിച്ചില്ല. മാത്രമോ?) وَاللَّـهُ يَعْصِمُكَ مِنَ النَّاسِ (അല്ലാഹു നിന്നെ മനുഷ്യരില്‍നിന്ന് കാത്തുരക്ഷിക്കുന്നതാണ്) എന്ന് വാഗ്ദാനം നല്‍കി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ധൈര്യമൂട്ടുകയും ചെയ്തു. സത്യപ്രവാചകനെ തിരിച്ചറിയുവാന്‍ തൗറാത്തു നിര്‍ദ്ദേശിച്ച അടയാളം യഹോവയുടെ (അല്ലാഹുവിന്‍റെ) നാമത്തില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുകയും ഒത്തുവരികയും ചെയ്യുക എന്നതാണല്ലോ. ഇത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ സക്ഷാല്‍കൃതമായിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. തിരുമേനിയുടെ പ്രവചനങ്ങള്‍ പൂര്‍ത്തിയായി പുലരാത്തതായി ഒന്നും തന്നെ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

ആവര്‍ത്തന പുസ്തകത്തിലെ അവസാന സൂക്തത്തില്‍ ‘മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല’ എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് കാണാം. ഈ വാചകം മൂസാ (عليه السلام) നബിയുടെ കാലത്തുള്ള തൗറാത്തില്‍ ഉള്ളതല്ല – പില്‍ക്കാലത്ത് ആരോ എഴുതിച്ചേര്‍ത്തതാണ് – എന്ന് പ്രാഥമിക ബുദ്ധിയുള്ളവരാരും സമ്മതിക്കും. (ഇതുപോലെ വേറെ ചിലതും അതില്‍ ഉണ്ട്) അത് ആര്‍ എഴുതിച്ചേര്‍ത്തതായാലും ശരി, അതെഴുതിച്ചേര്‍ത്തക്കാലം വരെ മൂസാ (عليه السلام)നെപ്പോലെ ഒരു പ്രവാചകന്‍ ഉണ്ടായിട്ടില്ല എന്നേ അതിനര്‍ത്ഥമുള്ളൂ. അതിനുശേഷം ഇസ്റാഈല്യരില്‍ തന്നെയോ, അല്ലെങ്കില്‍ ഏതെങ്കിലും കാലത്ത് ഇസ്മാഈലികളിലോ ഉണ്ടായിട്ടില്ലെന്നു ആ വാക്കിന് അര്‍ത്ഥമില്ല. എന്നാല്‍ ഈസാ (عليه السلام) നബിയുടെ കാലംവരെ ആ പ്രവാചകന്‍ വന്നിട്ടില്ലെന്നും, അതുവരെയും ആ പ്രവാചകന്‍റെ വരവ് അവര്‍ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നും നിലവിലുള്ള ഇഞ്ചീലില്‍ നിന്നു വ്യക്തമാകുന്നു. യോഹന്നാനോട് – യഹ്‌യാ (عليه السلام) നബിയോട് – യഹൂദരുടെ പ്രതിനിധികള്‍ വന്നു ചോദ്യം ചെയ്തപ്പോള്‍, അദ്ദേഹം: ‘ഞാൻ ക്രിസ്തുവല്ല, ഏലിയാവുമല്ല, ആ പ്രവാചകനുമല്ല’ എന്നു മറുപടി പറഞ്ഞതായും, അപ്പോൾ അവർ: ‘നീ ക്രിസ്‌തുവല്ല; ഏലിയാവുമല്ല, ആ പ്രവാചകനുമല്ല എങ്കില്‍ നീ സ്നാനം കഴിപ്പിക്കുന്നത് എന്താണെ’ന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചതായും അതില്‍ കാണാം (യോഹന്നാന്‍റെ സുവിശേഷം 1: 19-25).

ഇതില്‍നിന്നു രണ്ട് കാര്യങ്ങള്‍ വ്യക്തമാകുന്നു. 1) അവര്‍ ഏലിയാ (ايليا) വിനും ക്രിസ്തു (عيسى) വിനും പുറമെ ഒരു പ്രത്യേക പ്രവാചകനെ (النبي) പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. 2) ആ പ്രവാചകന്‍ അതുവരേക്കും വന്നുകഴിഞ്ഞിട്ടില്ല. ആ പ്രവാചകന്‍ മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യ്യല്ലാതെ മറ്റാരാണ്‌?! തൗറാത്തില്‍ പ്രവചിക്കപ്പെട്ട ആ പ്രവാചകന്‍ യോശുവാ പ്രവാചകനാ (يوش – ع)ണ് എന്ന് വേദക്കാര്‍ പറയാറുള്ളത് ശരിയല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പക്ഷേ യഥാര്‍ത്ഥം പുലര്‍ന്നുകണ്ടാലും സത്യത്തിന്‍റെ നേര്‍ക്ക് കണ്ണടച്ചു ദുര്‍ന്യായങ്ങള്‍ പറഞ്ഞു തൃപ്തിയടയുന്നത് അസൂയക്കാരുടെ പതിവാണല്ലോ. അതില്ലായിരുന്നുവെങ്കില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ ആദ്യമായി വിശ്വസിക്കേണ്ടിയിരുന്നത് വേദക്കാരായിരുന്നു. നേരെ മറിച്ച് അവര്‍ ആദ്യമേ കണ്ണടച്ച് അവിശ്വസിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് അവരെ അഭിമുഖീകരിച്ച് അല്ലാഹു ഇങ്ങിനെ പറഞ്ഞതും. ‘അതില്‍ ഒന്നാമതായി അവിശ്വസിക്കുന്നവര്‍ നിങ്ങളാവരുത്. എന്‍റെ ആയത്തുകള്‍ക്ക് അല്‍പമായ വില വാങ്ങുകയും അരുത്.’

وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًاسورة البقرة 41

ഖുർആന്‍ മനുഷ്യസാഹിത്യമല്ല, അത് കവിതയുമല്ല, പ്രശ്നക്കാരന്‍റെ ഇളകിയാട്ടവുമല്ല, പിശാചിന്‍റെ ദുര്‍ബോധനവുമല്ല, അതിനെല്ലാം ഉപരിയായ ഒരു യാഥാര്‍ത്ഥ്യമാണത്. അതെ, അത് പരിപൂര്‍ണ്ണമായും ദിവ്യവചനങ്ങളാണ്. ഈ സത്യം അതിന്‍റെ ശത്രുക്കളില്‍ പലരും ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥം മാത്രമാകുന്നു. പക്ഷേ 49-ാം വചനത്തില്‍ കാണുന്നതുപോലെ, അവര്‍ അതിനെ നാവുകൊണ്ടും പ്രവര്‍ത്തികൊണ്ടും വ്യജമാക്കുവാന്‍ തന്നെ ഉറച്ചിരിക്കുകയാണ് എന്നേയുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍, അത്തരക്കാരില്‍പ്പെട്ട ചില ആളുകളില്‍ നിന്ന് – മുന്‍കാലത്തും ഇക്കാലത്തും – ആ പരമാര്‍ത്ഥം പുറത്ത് ചാടാറുണ്ടുതാനും. അടുത്ത കാലത്തെ ഒരു ഉദാഹരണം നമുക്കിവിടെ എടുത്തുകാണിക്കാം. മര്‍ഹൂം അല്ലാമാ സയ്യിദ് റഷീദ് രിദാ അദ്ദേഹത്തിന്‍റെ പ്രസിദ്ധഗ്രന്ഥമായ ‘അല്‍വഹ്‌യുല്‍ മുഹമ്മദീ’ (الوحي المحمدى)യില്‍ – നിഷ്പക്ഷമതികളായ ആധുനിക ചിന്തകന്മാരില്‍ ചിലര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും ക്വുര്‍ആനിനെയും സംബന്ധിച്ച അവരുടെ വിശ്വാസവും, മതിപ്പും രേഖപ്പെടുത്തിയതിനെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ – ഒരു ഭൗതികവാദിയായ ശിബ്‌ലീശുമവീല്‍ (شبلي شمويل) അദ്ദേഹത്തിനയച്ച ഒരു കത്ത് ഉദ്ധരിച്ചിരിക്കുന്നു, (*) അതിങ്ങനെയാണ്:-


(*) തത്വശാസ്ത്ര പണ്ഡിതനായ ഇദ്ദേഹം ആദ്യം സിറിയന്‍ കത്തോലിക്ക വിഭാഗത്തില്‍പെട്ട ആളായിരുന്നു. പിന്നീട് പദാര്‍ത്ഥവാദിയായി തീര്‍ന്നു. പ്രസിദ്ധമായ അല്‍മനാര്‍ (مجلة المنار) മാസികയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സംബന്ധിച്ച് താന്‍ എഴുതിയിരുന്ന ചില ലേഖനങ്ങള്‍ കണ്ട അവസരത്തിലാണ് ആ കത്ത് അദ്ദേഹം തനിക്ക് അയച്ചതെന്നും, ആ കത്ത് അല്‍മനാര്‍ 11-ാം പുസ്തകം, ഒന്നാം ലക്കത്തില്‍ പ്രസിദ്ധം ചെയ്തിരുന്നുവെന്നും റഷീദ് റിദാ (رحمه الله) അതില്‍ പ്രസ്താവിച്ചിരിക്കുന്നു.


‘താങ്കള്‍ മുഹമ്മദിനെ ഒരു പ്രവാചകനെന്ന നിലക്ക് നോക്കിക്കാണുകയും അദ്ദേഹത്തെ മഹാനായി ഗണിക്കുകയും ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തെ ഒരു മഹാനെന്ന നിലക്ക് നോക്കിക്കാണുകയും അതിമാഹാനായി ഗണിക്കുകയും ചെയ്യുന്നു. നാം മതവിശ്വാസത്തില്‍ രണ്ട് പരസ്പരവിരുദ്ധമായ വശങ്ങളിലാണുള്ളതെങ്കിലും വിശാലബുദ്ധിയിലും, നിഷ്കളങ്കമായി സംസാരിക്കുന്നതിലും നാം യോജിക്കുന്നു. അത് നമുക്കിടയില്‍ സ്നേഹബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതാണ്.’ പിന്നീട് തുടര്‍ന്നുകൊണ്ട് അദ്ദേഹം താഴെ കാണുന്ന ഈ കവിതയും എഴുതിയിരിക്കുന്നു.

  دع من محمد في سدى قرآنه – ماقد نحاء للحمة الغايات (١

انى وان أك قد كفرت بدينه – هل اكفرن بمحكم الآيات (٢

او ماحوت في ناصع الالفاظ من – حكم روادع للهوى وعظات (٣

وشرائع لو انهم عقلوا بها – ما قيدوا العمران بالعادات (٤

نعم المدبر والحكيم و انه – رب الفصاحة مصطفى الكلمات (٥

رجل الحجى رجل السياسة والدهى – بطل حليف النصر في الغارات (٦

ببلاغة القرآن قد غلب النهى – وبسيفه انحى على النهمات (٧

 من دونه الابطال في كل الورى  – من سابق أو حاضر او ات (٨

സാരം ഇങ്ങിനെ സംഗ്രഹിക്കാം: ‘1). മുഹമ്മദ്‌ അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തന്‍റെ ക്വുര്‍ആന്നു ഊടും പാവും കൊടുത്തിരിക്കുന്നതു താനങ്ങ് വിട്ടേക്കുക. 2). ഞാന്‍ അദ്ദേഹത്തിന്‍റെ മതത്തില്‍ അവിശ്വസിച്ചിരിക്കുകയാണെങ്കിലും, ആ പ്രബല ദൃഷ്ടാന്തങ്ങളില്‍ എനിക്ക് അവിശ്വസിക്കുവാന്‍ സാധിക്കുമോ? 3). അല്ലെങ്കില്‍, തന്നിഷ്ടങ്ങളെ നിയന്ത്രിക്കുന്ന തത്വജ്ഞാനങ്ങളും, സദുപദേശങ്ങളുമായി ആ നിര്‍മല മൊഴികളില്‍ അടങ്ങിയിട്ടുള്ളതിലും 4). അതിന്‍റെ നിയമസംഹിതയിലും എനിക്ക് അവിശ്വസിക്കാമോ?! അവയെപ്പറ്റി ജനങ്ങള്‍ ശരിക്ക് ഗ്രഹിച്ചിരുന്നുവെങ്കില്‍, ചില മാമൂലാചാരങ്ങള്‍ വഴി നാഗരികതയെ അവര്‍ കെട്ടിക്കുടുക്കുമായിരുന്നില്ല. 5). വളരെ നല്ല ആസൂത്രകനും, തത്വജ്ഞാനിയുമത്രെ അദ്ദേഹം! വാചാലതയുടെ പ്രഭുവും വചനങ്ങളില്‍ ഉത്തമഗുണം സിദ്ധിച്ചവനുമാകുന്നു. 6). ബുദ്ധിമാന്‍! ഭരണകര്‍ത്താവ്‌! തന്ത്രജ്ഞന്‍! സമരവീരന്‍! ആക്രമണങ്ങളിൽ വിജയം നേടിയവന്‍! 7). ഖുർആന്‍റെ സാഹിത്യ വൈഭവംകൊണ്ട് അദ്ദേഹം ബുദ്ധികളെ ജയിച്ചടക്കിയിരിക്കുന്നു; തന്‍റെ വാളുകൊണ്ട് ശിരസ്സുകളെ നേരിടുകയും ചെയ്തിരിക്കുന്നു. 8). കഴിഞ്ഞു പോയവരോ, നിലവിലുള്ളവരോ, വരാനിരിക്കുന്നവരോ ആയ എല്ലാ ജനങ്ങളിലുമുള്ള വീരന്മാരും അദ്ദേഹത്തിന്‍റെ താഴെ മാത്രമാകുന്നു’.

പരിശുദ്ധ ഖുർആന്‍റെ മഹിമകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സവിശേഷ ഗുണങ്ങളും പലതും ചുരുങ്ങിയ വാക്കുകളില്‍ സമര്‍ത്ഥമായി ഈ പദ്യങ്ങളില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. എന്നിരുന്നാലും അതിന്‍റെ ദിവ്യതയെ സമ്മതിക്കുകയോ, അതിന്‍റെ പ്രബോധനത്തില്‍ വിശ്വസിക്കുകയോ അദ്ദേഹം ചെയ്യുന്നില്ല, ഇതു ഏറെക്കുറെ മനപ്പൂര്‍വം തന്നെയാണെന്ന വസ്തുത കവിതയുടെ ആദ്യത്തെ വരികളില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വേണം പറയുവാന്‍. ഖുർആന്‍ അല്ലാഹുവിന്‍റെ വചനമാണെന്ന് തുറന്നു സമ്മതിക്കുവാന്‍ പദാര്‍ഥവാദിയായ അദ്ദേഹത്തിന്‍റെ നാവിന് സാധ്യമായില്ലെന്നേയുള്ളൂ. ഖുർആന്‍റെ ലക്ഷ്യങ്ങളില്‍ സര്‍വപ്രധാനമായത് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസവും ബോധവും ഉണ്ടായിരിക്കുകയാണല്ലോ. പക്ഷേ, ഭൗതിക കാഴ്ചപ്പാടുകളില്‍ക്കൂടി മാത്രമാണ് താന്‍ ക്വുര്‍ആനെ വിലയിരുത്തുന്നതെന്നും, പാരത്രികവും ദൈവികവുമായ വശങ്ങളെ ദര്‍ശിക്കുവാന്‍ താന്‍ മിനക്കെടുന്നില്ലെന്നും ആദ്യമേ കവി ചൂണ്ടിക്കാട്ടിയിരിക്കുന്നു. അങ്ങനെ, ക്വുര്‍ആനിന്‍റെ ചില വശങ്ങളെ തുറന്നു കാണിക്കുവാന്‍ നിര്‍ബന്ധിതനായ അദ്ദേഹം, സ്വമനസ്സിനെ വഞ്ചിച്ചുകൊണ്ട് അതിന്‍റെ പ്രധാന വശങ്ങളുടെ നേരെ മൗനം ദീക്ഷിക്കുകയാണ് ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു. ഏറെക്കുറെ ശിബ്‌ലീശുമവീലിന്‍റെ മാതൃകയിലുള്ള പ്രസ്താവനകളിറക്കുന്ന ചില ‘മുസ്‌ലിം ഭൗതികവാദി’കളെയും കാണാറുണ്ട്. ഐഹിക ജീവിതത്തിന്‍റെ നന്മക്കു ഉതകുന്ന ക്വുര്‍ആനിന്‍റെ നിയമനിര്‍ദേശങ്ങളെ വാനോളം പ്രശംസിക്കുകയും, അതോടൊപ്പം പാരത്രിക ജീവിതത്തെ സംബന്ധിക്കുന്ന ആദ്ധ്യാത്മിക വശങ്ങളെക്കുറിച്ച് മൗനം അവലംബിക്കുകയോ ചെയ്യുകയുമായിരിക്കും ഇവരുടെയും പതിവ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഉമയ്യത്തുബ്‌നു അബിസ്വലത്തി (أمية بن أبي الصلت)നെപ്പറ്റി പ്രസ്താവിച്ചതാണ് ഇത്തരക്കാരെക്കുറിച്ചും പറയുവാനുള്ളത് : آمن شعره ولم يؤمن قلبه (അയാളുടെ കവിത വിശ്വസിച്ചിരിക്കുന്നു; ഹൃദയം വിശ്വസിച്ചിട്ടില്ല.) ഖുർആന്‍ ആര്‍ക്കാണ് ഉപയോഗപ്രദമായിത്തീരുക എന്ന് അല്ലാഹു അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത് കാണുക:

69:48
  • وَإِنَّهُۥ لَتَذْكِرَةٌ لِّلْمُتَّقِينَ ﴾٤٨﴿
  • നിശ്ചയമായും, അത് [ഖുർആൻ] ഭയഭക്തന്മാര്‍ക്ക് ഒരു സ്മരണയാകുന്നു.
  • وَإِنَّهُ നിശ്ചയമായും അത്, ഇത് لَتَذْكِرَةٌ ഒരു സ്മരണ (ഉപദേശം - ഉല്‍ബോധനം) ആകുന്നു لِّلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
69:49
  • وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ ﴾٤٩﴿
  • നിശ്ചയമായും, നമുക്കറിയാം, നിങ്ങളുടെ കൂട്ടത്തില്‍ ചില വ്യാജമാക്കുന്നവരുണ്ടെന്ന്,
  • وَإِنَّا لَنَعْلَمُ നിശ്ചയമായും നാം അറിയുന്നു, നമുക്കറിയാം أَنَّ مِنكُم നിങ്ങളിലുണ്ടെന്ന് مُّكَذِّبِينَ (ചില) വ്യാജമാക്കുന്നവര്‍
69:50
  • وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَٰفِرِينَ ﴾٥٠﴿
  • നിശ്ചയമായും, അത് അവിശ്വാസികളുടെമേല്‍ ഖേദ (കാരണ)വുമത്രെ.
  • وَإِنَّهُ لَحَسْرَةٌ നിശ്ചയമായും അത് ഖേദംതന്നെ, സങ്കടമാണ്, ദുഃഖഹേതുവാകുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെമേല്‍

സൂക്ഷ്‌മത പാലിക്കുന്ന ഭയഭക്തന്മാരായ സത്യവിശ്വസികളായിരിക്കും യഥാര്‍ത്ഥത്തില്‍ ഖുർആന്‍ ഉപയോഗപ്പെടുത്തുക. അതുകൊണ്ടാണ് പലപ്പോഴും ‘ഖുർആന്‍ ഭയഭക്തന്മാര്‍ക്ക് സ്മരണയാണ്’, ‘ഭയഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനമാണ്’ എന്നും മറ്റും അല്ലാഹു പറഞ്ഞു കാണുന്നത്. ക്വുര്‍ആനിനെ വ്യാജമാക്കി നിഷേധിക്കുന്നവരെപ്പറ്റി അല്ലാഹു ശരിക്കും അറിയാഞ്ഞിട്ടല്ല അവരെ തല്‍ക്കാലം ഒഴിവാക്കിയിരിക്കുന്നത്. അറിഞ്ഞുകൊണ്ടുതന്നെയാണത്. അതിന്‍റെ ഫലം അവര്‍ അനുഭവിക്കുക തന്നെ ചെയ്യും. എന്നൊക്കെയാണ് 49-ാം വചനത്തിന്‍റെ സാരം. ക്വുര്‍ആനിന്‍റെ അനുയായികള്‍ക്ക് അത് വിജയത്തിനും മോക്ഷത്തിനും കാരണമാകുന്നതുപോലെ, അതില്‍ അവിശ്വസിക്കുന്നവര്‍ക്ക് അത് ഖേദത്തിനും ദുഃഖത്തിനും കാരണമായിത്തീരുന്നു. ഖുർആന്‍ മുഖേന സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ കാണുമ്പോള്‍ വിശേഷിച്ചും അവര്‍ തങ്ങളെപ്പറ്റി ഖേദിക്കുമല്ലോ. ഇതാണ് 50-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വേദഗ്രന്ഥവും റസൂലും അവര്‍ക്ക് വന്നുകഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ അതിന്‍റെ പേരില്‍ അവര്‍ക്ക് ഒരു വിധത്തില്‍ ഒഴിവുകഴിവു സമര്‍പ്പിച്ച്‌ നോക്കാമായിരുന്നു. ക്വുര്‍ആനും റസൂലും വന്നുകഴിഞ്ഞതു കൊണ്ട് എനി അതിനുള്ള പഴുതും അടഞ്ഞു പോയിരിക്കുകയാണ്. (20:134, 28:47 മുതലായവ നോക്കുക).

69:51
  • وَإِنَّهُۥ لَحَقُّ ٱلْيَقِينِ ﴾٥١﴿
  • നിശ്ചയമായും, ഇത് ദൃഢമായ യഥാര്‍ത്ഥമാകുന്നു.
  • وَإِنَّهُ നിശ്ചയമായും ഇത്, അത് لَحَقُّ യഥാര്‍ത്ഥം (സത്യം - കാര്യം, പരമാര്‍ത്ഥം) തന്നെ الْيَقِينِ ദൃഢമായ (ഉറപ്പായ)
69:52
  • فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ﴾٥٢﴿
  • ആകയാല്‍, നീ നിന്‍റെ മഹാനായ റബ്ബിന്‍റെ നാമത്തില്‍ 'തസ്ബീഹ്' [സ്തോത്രകീര്‍ത്തനം] ചെയ്തുകൊള്ളുക.
  • فَسَبِّحْ ആകയാല്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുക, പരിശുദ്ധപ്പെടുത്തുക بِاسْمِ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമത്തില്‍, നാമത്തെ الْعَظِيمِ മാഹാനായ

സൂറത്തുല്‍ – വാഖിഅഃ (سورة الواقعة) യുടെ അവസാനത്തെ രണ്ടു വചനങ്ങളും അവയുടെ വിവരണവും ഇവിടെയും ഓര്‍ക്കുക.

ولله الحمد والمنة