സൂറത്തുല്‍ ഹാക്ക്വഃ : 01-24
ഹാഖ്ഖഃ (യഥാർത്ഥ സംഭവം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 52 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ ﴾٣﴿
- യഥാര്‍ത്ഥ സംഭവമെന്താണെന്ന് നിനക്ക് എന്തറിയാം?!
- وَمَا أَدْرَاكَ നിനക്ക് അറിവ് നല്‍കിയതെന്ത് (എന്തറിയാം) مَا الْحَاقَّةُ യഥാര്‍ത്ഥ സംഭവം എന്താണെന്ന്
ക്വിയാമത് നാളാണ് الْحَاقَّةُ (യഥാര്‍ത്ഥ സംഭവം) കൊണ്ട് വിവക്ഷ. യഥാര്‍ത്ഥമായി സംഭവിക്കുന്നതും, വിചാരണ, പ്രതിഫലം മുതലായ കാര്യങ്ങള്‍ യാഥാര്‍ഥ്യങ്ങളായിത്തീരുന്നതുമായ ദിവസമാണല്ലോ ക്വിയാമതു നാള്‍. അതിന്‍റെ ഗൗരവത്തെയും പ്രാധാന്യത്തെയും കുറിക്കുന്ന വേറെയും പല പേരുകളില്‍ ക്വുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചു കാണാം. അവയിൽ ഒന്നുതന്നെയാണ് അടുത്ത നാലാം വചനത്തിലും കാണുന്നത്. ഈ പ്രാരംഭ വചനങ്ങളില്‍ ആ മഹാദിനത്തിലേക്ക് ശ്രദ്ധക്ഷണിച്ച ശേഷം, 12 വരെയുള്ള വചനങ്ങളില്‍ അതിനെ നിഷേധിച്ചിരുന്ന ചില സമുദായങ്ങള്‍ക്ക് നേരിട്ട ദൈവിക ശിക്ഷകളെ ചൂണ്ടിക്കാട്ടുന്നു. പിന്നീട് 13 മുതല്‍ 37 വരെ വചനങ്ങളില്‍ ആ ദിനത്തില്‍ ഉണ്ടാകുന്ന ചില സംഭവവികാസങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു. അനന്തരം ക്വുര്‍ആനിന്‍റെയും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെയും സത്യതയെക്കുറിച്ച് പ്രസ്താവിക്കുന്നു.
അല്ലാഹുവിലുള്ള വിശ്വാസവും, അന്ത്യനാളിലുള്ള വിശ്വാസവുമാണ് സത്യവിശ്വാസത്തിന്‍റെയും സല്‍കര്‍മങ്ങളുടെയും ഏറ്റവും കാതലായ വശങ്ങള്‍. പൊതുവില്‍ പറഞ്ഞാല്‍ അറബികള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നുവെങ്കിലും ശിര്‍ക്ക്പരമായ അന്ധവിശ്വാസങ്ങള്‍ കലര്‍ന്നതായിരുന്നു ആ വിശ്വാസം. പരലോകത്തിലും പുനരുത്ഥാനത്തിലും അവര്‍ വിശ്വസിച്ചിരുന്നതുമില്ല. അതുകൊണ്ടാണ് മക്കീ സൂറത്തുകളില്‍ പ്രധാനമായും ഏകദൈവ വിശ്വാസത്തെക്കുറിച്ചും, മരണാനന്തര കാര്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചു കാണുന്നത്.
- كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ ﴾٤﴿
- ഥമൂദ് ഗോത്രവും, ആദ് ഗോത്രവും (ആ ഞെട്ടിക്കുന്ന) ഭയങ്കര സംഭവത്തെ വ്യാജമാക്കി.
- كَذَّبَتْ വ്യാജമാക്കി ثَمُودُ ഥമൂദ് (ഗോത്രം) وَعَادٌ ആദും بِالْقَارِعَةِ മുട്ടുന്ന (ഞെട്ടിക്കുന്ന - ഭയങ്കര) സംഭവത്തെ
- فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ ﴾٥﴿
- എന്നാല്‍, ഥമൂദ് ഗോത്രമാകട്ടെ, (ആ) അതിരുകവിഞ്ഞ സംഭവം കൊണ്ട് നശിപ്പിക്കപ്പെട്ടു.
- فَأَمَّا ثَمُودُ എന്നാല്‍ ഥമൂദാകട്ടെ فَأُهْلِكُوا അവര്‍ നശിപ്പിക്കപ്പെട്ടു بِالطَّاغِيَةِ അതിരുകവിഞ്ഞ സംഭവംകൊണ്ട്
- وَأَمَّا عَادٌ فَأُهْلِكُوا۟ بِرِيحٍ صَرْصَرٍ عَاتِيَةٍ ﴾٦﴿
- ആദു ഗോത്രമോ ഊക്കേറിയ ('ശരശരെ'യുള്ള) ഉഗ്രമായ ഒരു കാറ്റുകൊണ്ടും നശിപ്പിക്കപ്പെട്ടു.
- وَأَمَّا عَادٌ എന്നാല്‍ ആദാകട്ടെ فَأُهْلِكُوا അവര്‍ നശിപ്പിക്കപ്പെട്ടു بِرِيحٍ ഒരു കാറ്റുകൊണ്ട് صَرْصَرٍ ശരശരെയുള്ള (ഇരമ്പി വീശുന്ന) അതിശൈത്യമായ, ഉഗ്രമായ عَاتِيَةٍ ഉഗ്രമായ, ഊക്കേറിയ, അതിരുകവിഞ്ഞ
- سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَـٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ﴾٧﴿
- ഏഴു രാത്രിയും, എട്ട് പകലും തുടര്‍ച്ചയായി അവരില്‍ അതിനെ അവന്‍ (അല്ലാഹു) നിയോഗിച്ചു. അപ്പോള്‍, (ആ) ജനതയെ കടപുഴങ്ങി വീണ ഈന്തത്തടികളെന്ന പോലെ അതില്‍ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു.
- سَخَّرَهَا അതിനെ അവന്‍ കീഴ്പ്പെടുത്തി (നിയോഗിച്ചു) عَلَيْهِمْ അവരില്‍ سَبْعَ لَيَالٍ ഏഴു രാത്രി وَثَمَانِيَةَ أَيَّامٍ എട്ടു ദിനവും (പകലും) حُسُومًا തുടര്‍ച്ചയായി, നശിപ്പിച്ചു കൊണ്ടിരിക്കുന്ന നിലയില്‍ فَتَرَى അപ്പോള്‍ നിനക്കു കാണാം الْقَوْمَ ജനതയെ فِيهَا അതില്‍ (കാറ്റില്‍) അവയില്‍ (ദിനരാത്രങ്ങളില്‍) صَرْعَى വീഴ്ത്തപ്പെട്ട (വീണു കിടക്കുന്ന)വരായി كَأَنَّهُمْ അവരാണെന്ന പോലെ أَعْجَازُ തടികള്‍, മുരടുകള്‍ نَخْلٍ ഈത്തപ്പനയുടെ خَاوِيَةٍ കടപുഴങ്ങിവീണ
- فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍ ﴾٨﴿
- എനി, അവര്‍ക്ക് വല്ല അവശിഷ്ടവും നീ കാണുന്നുവോ?! (ഇല്ല, ഒന്നുമില്ല)
- تَرَىٰ فَهَلْ അപ്പോള്‍ (എനി) നീ കാണുന്നുവോ لَهُم അവര്‍ക്ക് مِّن بَاقِيَةٍ വല്ല അവശിഷ്ടവും, ശേഷിപ്പും
പെട്ടെന്ന്‍ ഊക്കോടെ വന്നു ആഞ്ഞുമുട്ടി ഞെട്ടിപ്പിക്കുന്ന ഭയങ്കര സംഭവം എന്നത്രെ الْقارِعَة കൊണ്ട് വിവക്ഷ. ഇതും ക്വിയാമത് നാളിന്‍റെ ഒരു നാമവിശേഷണമാകുന്നു. ഥമൂദ് ഗോത്രത്തെ അല്ലാഹു നശിപ്പിച്ചത് ഒരു ഘോരശബ്ദം (الْصَيْحَة) മുഖേനയായിരുന്നുവെന്ന് 11:67 മുതലായ സ്ഥലങ്ങളില്‍ ക്വുര്‍ആന്‍ വ്യകതമാക്കിയിട്ടുണ്ട്. അതാണിവിടെ الطَاغِيَة (അതിരു കവിഞ്ഞ സംഭവം) കൊണ്ടുദ്ദേശിക്കുന്നത്. ആദിന്റെ ശിക്ഷയെപ്പറ്റി അല്ലാഹുതന്നെ ഇവിടെ വിവരിച്ചു പറഞ്ഞിരിക്കുന്നുവല്ലോ.
- وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَـٰتُ بِٱلْخَاطِئَةِ ﴾٩﴿
- ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും, അടിമേലായി മറിഞ്ഞ രാജ്യങ്ങളും (രാജ്യക്കാരും) പിഴച്ച പ്രവര്‍ത്തനവുമായി വന്നു.
- وَجَاءَ فِرْعَوْنُ ഫിര്‍ഔനും വന്നു وَمَن قَبْلَهُ അവന്‍റെ മുമ്പുള്ളവരും وَالْمُؤْتَفِكَاتُ അടിമേലെ (തലകീഴായി) മറിഞ്ഞവയും بِالْخَاطِئَةِ പിഴച്ചതു (പിഴച്ച പ്രവൃത്തി)കൊണ്ട്
- فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً ﴾١٠﴿
- അങ്ങനെ, അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ റസൂലിനോട് അനുസരണക്കേട് പ്രവര്‍ത്തിച്ചു. അപ്പോള്‍ അവന്‍ (രക്ഷിതാവ്) അവരെ കവിഞ്ഞതായ ഒരുപിടുത്തം പിടിച്ചു (ശിക്ഷിച്ചു).
- فَعَصَوْا എന്നിട്ടവര്‍ അനുസരണക്കേടു കാട്ടി رَسُولَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ റസൂലിന് فَأَخَذَهُمْ അപ്പോള്‍ അവന്‍ അവരെ പിടിച്ചു أَخْذَةً ഒരു പിടുത്തം رَّابِيَةً കവിഞ്ഞ, മുന്തിയ (ശക്തമായ)
- إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَـٰكُمْ فِى ٱلْجَارِيَةِ ﴾١١﴿
- നിശ്ചയമായും വെള്ളം അതിരുകവിഞ്ഞ അവസരത്തില്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി (രക്ഷിച്ചു)
- إِنَّا നിശ്ചയമായും നാം لَمَّا طَغَى അതിരുകവിഞ്ഞപ്പോള്‍ الْمَاءُ വെള്ളം حَمَلْنَاكُمْ നിങ്ങളെ നാം വഹിച്ചു (കയറ്റി) فِي الْجَارِيَةِ കപ്പലില്‍, പത്തേമാരിയില്‍
- لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَآ أُذُنٌ وَٰعِيَةٌ ﴾١٢﴿
- നിങ്ങള്‍ക്ക് അവയെ ഒരു സ്മരണയാക്കുവാനും, പഠി(ച്ചുഗ്രഹി)ക്കുന്ന കാതുകള്‍ക്ക് അവ പഠി(ച്ചു ഗ്രഹി)ക്കുവാനും വേണ്ടിയത്രെ (അതെല്ലാം).
- لِنَجْعَلَهَا لَكُمْ അവയെ നിങ്ങള്‍ക്ക് നാം ആക്കുവാന്‍ വേണ്ടി تَذْكِرَةً ഒരു സ്മരണ, ഉപദേശം وَتَعِيَهَا അവയെ പഠിക്കു (ഗ്രഹിക്കു)വാനും أُذُنٌ കാതുകള്‍, ചെവികള്‍ وَاعِيَةٌ പഠിക്കുന്ന
മേല്‍ ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ സംഭവങ്ങളെല്ലാം ഇതിനു മുമ്പേ പല സൂറത്തുകളിലുമായി ഒന്നിലധികം തവണ നാം വായിച്ചുകഴിഞ്ഞതാണ്. ഇവിടെ അതെല്ലാം ചൂണ്ടിക്കാട്ടുക മാത്രമാണ് അല്ലാഹു ചെയുന്നത്. നൂഹ് (عليه السلام) നബിയുടെ കപ്പലില്‍ കയറ്റി രക്ഷപ്പെടുത്തിയവരെ ഉദ്ദേശിച്ചാണ് നാം നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിച്ചുവെന്ന് പറഞ്ഞത്. അന്ന് ആ കപ്പലില്‍ രക്ഷപ്പെട്ടവരുടെ സന്താനപരമ്പരയില്‍ പെട്ടവരാണ് ഇന്നുള്ള ഈ ജനത. (37:77). ഇവരുടെ പിതാക്കള്‍ അന്ന് രക്ഷപ്പട്ടതുകൊണ്ടാണല്ലോ ഇവര്‍ ഇന്ന് ജീവിക്കുന്നത്. 11-ാം വചനം ഈ അനുഗ്രഹം അനുസ്മരിപ്പിക്കുക കൂടി ചെയ്യുന്നു. ക്വിയാമത് നാളിനെയും, അതില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെയും നിഷേധിച്ച മേല്‍ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ ചരിത്രങ്ങള്‍ ഇവിടെ എടുത്തു കാട്ടുന്നതിന്‍റെ ആവശ്യം എന്താണെന്ന് 12-ാം വചനത്തില്‍ വ്യക്തമാക്കുന്നു. അതെ, ജനങ്ങള്‍ ഓര്‍മ്മിക്കുവാനും, പാഠം പഠിക്കുവാനും തന്നെ.
- فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ ﴾١٣﴿
- എന്നാല്‍, കാഹളത്തില്‍ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാല്‍!-
- فَإِذَا نُفِخَ എന്നാല്‍ ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ نَفْخَةٌ وَاحِدَةٌ ഒരൊറ്റ ഊത്ത്
- وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً ﴾١٤﴿
- ഭൂമിയും, പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും, എന്നിട്ട് അവ ഒരു ഇടിച്ചുതകര്‍ക്കല്‍ തകര്‍ത്തപ്പെടുകയും (ചെയ്‌താല്‍)-
- وَحُمِلَتِ പൊക്കപ്പെടുകയും (ഉയര്‍ത്തപ്പെടുകയും) الْأَرْضُ ഭൂമി وَالْجِبَالُ മലകളും, പര്‍വ്വതങ്ങളും فَدُكَّتَا എന്നിട്ട് രണ്ടും പൊടിച്ചു തകര്‍ക്കപ്പെട്ടാല്‍, നിരത്തപ്പെട്ടാല്‍ دَكَّةً وَاحِدَةً ഒറ്റ ഇടിച്ചുതകര്‍ക്കല്‍
- فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ ﴾١٥﴿
- അപ്പോള്‍, അന്ന് (ആ) സംഭവം സംഭവിക്കുകയുണ്ടായി!
- فَيَوْمَئِذٍ അപ്പോള്‍ ആ ദിവസം وَقَعَتِ സംഭവിക്കുകയുണ്ടായി الْوَاقِعَةُ (ആ) സംഭവം
- وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ ﴾١٦﴿
- ആകാശം പൊട്ടിപ്പിളരുകയും ചെയ്യും എന്നിട്ടത് അന്ന് (കുഴഞ്ഞ്) ദുര്‍ബലമായതായിരിക്കും.
- وَانشَقَّتِ പൊട്ടിപ്പിളരുകയും ചെയ്യും السَّمَاءُ ആകാശം فَهِيَ എന്നിട്ടത് يَوْمَئِذٍ അന്നത്തെ ദിവസം وَاهِيَةٌ ദുര്‍ബലമായതായിരിക്കും
- وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَـٰنِيَةٌ ﴾١٧﴿
- മലക്കുകള്‍ അതിന്‍റെ (നാനാ) ഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ റബ്ബിന്‍റെ അര്‍ശ് [സിംഹാസനം] അന്ന് അവരുടെ മീതെയായി എട്ട് കൂട്ടര്‍ വഹിക്കുന്നതുമാണ്.
- وَالْمَلَكُ മലക്കുകള്‍ عَلَىٰ أَرْجَائِهَا അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും وَيَحْمِلُ വഹിക്കുന്നതാണ് عَرْشَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അര്‍ശ് فَوْقَهُمْ അവരുടെ മീതെ يَوْمَئِذٍ ആ ദിവസം ثَمَانِيَةٌ എട്ട് കൂട്ടര്‍, എട്ടാള്‍
- يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴾١٨﴿
- അന്നത്തെ ദിവസം നിങ്ങള്‍ കാണിക്കപ്പെടുന്നതാണ് [ഹാജരാക്കപ്പെടുന്നതാണ്]. (രഹസ്യമായി) മറഞ്ഞു കിടക്കുന്ന ഒരു കാര്യവും (അന്ന്) നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.
- يَوْمَئِذٍ ആ ദിവസം تُعْرَضُونَ നിങ്ങള്‍ കാണിക്കപ്പെടും, പ്രദര്‍ശിപ്പിക്കപ്പെടും لَا تَخْفَىٰ മറഞ്ഞു (രഹസ്യമായി - ഒളിഞ്ഞു) പോകയില്ല مِنكُمْ നിങ്ങളില്‍ നിന്ന് خَافِيَةٌ ഒരു മറഞ്ഞ (ഗോപ്യമായ)തും
ആദ്യത്തെ വചനങ്ങളില്‍, ഒന്നാമത്തെ കാഹളമൂത്തിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ചും, പിന്നീട് അല്ലാഹുവിന്‍റെ മുമ്പില്‍ സൃഷ്ടികളെ വിചാരണക്ക് കൊണ്ടുവരുന്ന ഘട്ടത്തെക്കുറിച്ചുമാണ് പറയുന്നത്. സൂറത്തുല്‍ ഫജ്റില്‍
إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا ﴿٢٢﴾
(ഭൂമി ഇടി പൊടിയായി ഇടിച്ചു തകര്‍ക്കപ്പെടുകയും, നിന്‍റെ റബ്ബും, അണി അണിയായി മലക്കുകളും വരുകയും ചെയ്താല്‍!) എന്ന്‍ പ്രസ്താവിച്ചതും ഇതേ അവസരത്തെക്കുറിച്ചു തന്നെയാകുന്നു. താഴെ സൂറത്തുകളില്‍ ക്വിയാമതു നാളിലെ സംഭവവികാസങ്ങളെപ്പറ്റി കൂടുതല്‍ പ്രസ്താവിച്ചുകാണാം.
അന്ന് ‘അര്‍ശാ’കുന്ന സിംഹാസനം വഹിക്കുന്നത് എട്ടുകൂട്ടരായിരിക്കും എന്ന്‍ പറഞ്ഞതിന്‍റെ വിശദീകരണവും, അതില്‍ അടങ്ങിയ രഹസ്യവും നമുക്കറിയാവുന്നതല്ല. അല്ലാഹുവും അവന്‍റെ റസൂലും പറഞ്ഞു തന്നതില്‍ കവിഞ്ഞ് നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അനുമാനിക്കുവാന്‍ നിവൃത്തിയുമില്ല. ഏതായാലും ആ സന്ദര്‍ഭത്തിന്‍റെ ഗൗരവാവസ്ഥയാണ് അത് ചൂണ്ടിക്കാട്ടുന്നത്. എട്ടുക്കൂട്ടര്‍ (ثَمَانِيَةٌ )എന്ന്‍ പറഞ്ഞതിന്‍റെ താല്‍പര്യം എട്ട് മലക്കുകള്‍ എന്നാണെന്നും, അതല്ല എട്ടു സംഘം മലക്കുകള്‍ എന്നാണെന്നും, വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിരിക്കുന്നു. സ്ഥലകാലങ്ങളില്‍ നിന്നും, സൃഷ്ടികളുമായുള്ള എല്ലാവിധ സാദൃശ്യങ്ങളില്‍ നിന്നും പരിശുദ്ധനാണല്ലോ അല്ലാഹു. അതുകൊണ്ട് നമ്മുടെ ഐഹിക കോടതികളെപ്പറ്റി നാം വിഭാവനം ചെയ്യുന്നതു പോലെയുള്ള യാതൊരു വിഭാവനയും ലോകസ്രഷ്ടാവായ അല്ലാഹുവിന്‍റെ മഹാകോടതിയെപറ്റി വിഭാവനം ചെയ്തുകൂടാത്തതാകുന്നു. അപ്പോള്‍, അവന്‍റെ അര്‍ശിനെ സംബന്ധിച്ചും, അത് മലക്കുകള്‍ വഹിക്കുന്നതിനെ സംബന്ധിച്ചുമെല്ലാം അത് ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന്‍ നിര്‍ണയിച്ചു രൂപപ്പെടുത്തുവാന്‍ നമുക്ക് പാടില്ല; നമുക്കതിനുള്ള കഴിവുമില്ല.
- فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَـٰبِيَهْ ﴾١٩﴿
- എന്നാല്‍, അപ്പോള്‍ ഏതൊരുവനു അവന്‍റെ ഗ്രന്ഥം [കര്‍മരേഖ] തന്‍റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ അവന്‍ പറയും: 'ഇതാ എടുത്തുകൊളളുവീന്‍, എന്‍റെ ഗ്രന്ഥം വായിക്കുവിന്‍!-
- فَأَمَّا مَنْ എന്നാല്‍ അപ്പോള്‍ യാതൊരുവന്‍ أُوتِيَ كِتَابَهُ അവന് അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടു بِيَمِينِهِ അവന്‍റെ വലങ്കയ്യില്‍ فَيَقُولُ അവന്‍ പറയും هَاؤُمُ ഇതാ എടുക്കുവീന്‍ اقْرَءُوا വായിക്കുവിന്‍ كِتَابِيَهْ എന്‍റെ ഗ്രന്ഥം
- إِنِّى ظَنَنتُ أَنِّى مُلَـٰقٍ حِسَابِيَهْ ﴾٢٠﴿
- നിശ്ചയമായും എന്‍റെ വിചാരണയെ ഞാന്‍ കണ്ടുമുട്ടുന്നവനാണെന്ന് ഞാന്‍ (മുമ്പെ) ധരിച്ചിരിക്കുന്നു.
- إِنِّي ظَنَنتُ നിശ്ചയമായും ഞാന്‍ ധരിച്ചു, വിചാരിച്ചിരിക്കുന്നു أَنِّي مُلَاقٍ ഞാന്‍ കണ്ടുമുട്ടുന്ന (നേരിടുന്ന)വനാണെന്ന് حِسَابِيَهْ എന്‍റെ വിചാരണയെ
- فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴾٢١﴿
- അങ്ങനെ, അവന്‍ തൃപ്തികരമായ ജീവിതത്തിലായിരിക്കും;-
- فَهُوَ അങ്ങനെ (അപ്പോള്‍) അവന്‍ فِي عِيشَةٍ ജീവിതത്തില്‍ ആയിരിക്കും رَّاضِيَةٍ തൃപ്തികരമായ
- فِى جَنَّةٍ عَالِيَةٍ ﴾٢٢﴿
- അതായത്, ഉന്നതമായ സ്വര്‍ഗത്തില്‍!
- فِي جَنَّةٍ അതായത് സ്വര്‍ഗത്തില്‍ عَالِيَةٍ ഉന്നതമായ, മേലായ
- قُطُوفُهَا دَانِيَةٌ ﴾٢٣﴿
- അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍ താണ് (അടുത്തു) വരുന്നവയാകുന്നു.
- قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ دَانِيَةٌ അടുത്തവ (താണുവരുന്നവ) ആയിരിക്കും
- كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ ﴾٢٤﴿
- 'നിങ്ങള്‍ മംഗളമായി (ആനന്ദപൂര്‍വ്വം) തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുവിന്‍, കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍ചെയ്തു വെച്ചതിന്‍റെ ഫലമായിട്ട്!' (എന്ന്‍ അവരോട് പറയപ്പെടും)
- كُلُوا തിന്നുകൊള്ളുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ هَنِيئًا ആനന്ദകരമായി, മംഗളമായി بِمَا أَسْلَفْتُمْ നിങ്ങള്‍ മുന്‍ചെയ്തത് നിമിത്തം فِي الْأَيَّامِ ദിവസങ്ങളില്‍ (കാലങ്ങളില്‍) الْخَالِيَةِ കഴിഞ്ഞുപോയതായ
സജ്ജനങ്ങളായ ഭാഗ്യവാന്മാര്‍ക്ക് അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അവരുടെ വലങ്കൈകളില്‍ കൊടുക്കപ്പെടുന്നു. അത് ലഭിക്കുമ്പോള്‍ അവര്‍ക്ക് അഭിമാനവും സന്തോഷവുമായിരിക്കും. മറ്റുള്ളവര്‍ അത് എടുത്തുവായിച്ചു നോക്കുവാന്‍ അവര്‍ക്ക് ആവേശം തോന്നും. അല്ലാഹുവിന്‍റെ വിചാരണയെ നേരിടേണ്ടിവരുമെന്ന് തങ്ങള്‍ ഇഹത്തില്‍ വെച്ചുതന്നെ ധരിച്ചുവെച്ചിരുന്നു – അഥവാ അതനുസരിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചുപോന്നു – അതുകൊണ്ട് തങ്ങള്‍ രക്ഷപ്പെട്ടു എന്നൊക്കെ അവര്‍ കൃതാര്‍ത്ഥരായിത്തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ പ്രീതിയെ ഉന്നംവെച്ച് ജീവിച്ചു വന്ന അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമോ? അവരുടെ ഇഷ്ടാനുസരണം സര്‍വ്വ സ്വതന്ത്രമായി ശാശ്വതവിഹാരം കൊള്ളാവുന്ന ഉന്നത സ്വര്‍ഗവും! ഇങ്ങിനെയുള്ള സജ്ജനങ്ങളില്‍ നമ്മെയെല്ലാം അല്ലാഹു ഉള്‍പ്പെടുത്തട്ടെ, ആമീന്‍. സ്വര്‍ഗത്തിലെ ഫലങ്ങള്‍ താണ് അടുത്തുവരുന്നതാണ് (قُطُوفُهَا دَانِيَةٌ) എന്ന്‍ പറഞ്ഞതിന്‍റെ സാരം, പറിച്ചെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ അവരുടെ അടുക്കലേക്ക് ഇങ്ങോട്ട് അടുത്തു വരുന്നതാണ് – അഥവാ പറിച്ചെടുക്കാന്‍ യാതൊരു വിധശ്രമവും അവര്‍ നടത്തേണ്ടതില്ല – എന്നത്രെ.