മുനാഫിഖൂൻ (കപടവിശ്വാസികൾ)
മദീനയിൽ അവതരിച്ചത് – വചനങ്ങൾ 11 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

കഴിഞ്ഞ സൂറത്തിന്റെ പ്രാരംഭത്തിൽ ഈ സൂറത്തിനെപ്പറ്റി പ്രസ്താവിച്ചതു ഓർമിക്കുക

63:1
 • إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ ﴾١﴿
 • (നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: 'താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു' എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
 • إِذَا جَاءَكَ നിന്റെ- അടുക്കൽ വരുമ്പോൾ, വന്നാൽ الْمُنَافِقُونَ കപടവിശ്വാസികൾ قَالُوا അവർ പറയും إِنَّكَ നിശ്ചയമായും നീ لَرَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ തന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു إِنَّكَ لَرَ‌سُولُهُ നീ അവന്റെ റസൂൽ തന്നെ എന്ന് وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികൾ لَكَاذِبُونَ കളവുപറയുന്നവർ തന്നെ എന്നു
63:2
 • ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴾٢﴿
 • തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ്‌ (അഥവാ പരിച) ആക്കിയിരിക്കുന്നു; അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽനിന്നും അവർ (ജനങ്ങളെ) തടയുകയാണ്. നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു എത്രയോ ദുഷിച്ചതത്രെ!
 • اتَّخَذُوا അവർ ആക്കിയിരിക്കുന്നു أَيْمَانَهُمْ തങ്ങളുടെ ശപഥ (സത്യ)ങ്ങളെ جُنَّةً ഒരു തടവു, മറവു, പരിച فَصَدُّوا അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെت മാർഗത്തിൽനിന്നു إِنَّهُمْ നിശ്ചയമായും അവർ سَاءَ എത്രയോ (വളരെ) ദുഷിച്ചതാണു مَا كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

63:3
 • ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾٣﴿
 • അതു, അവർ വിശ്വസിക്കുകയും, പിന്നീടു അവിശ്വസിക്കുകയും ചെയ്തതു കൊണ്ടാകുന്നു. അതിനാൽ അവരുടെ ഹൃദയങ്ങൾക്കു മുദ്രവെക്കപ്പെട്ടിരിക്കുന്നു; ആകയാൽ, അവർ (കാര്യം) ഗ്രഹിക്കുന്നതല്ല.
 • ذَٰلِكَ അതു بِأَنَّهُمْ آمَنُوا അവർ വിശ്വസിച്ചതു നിമിത്തമാണ് ثُمَّ كَفَرُ‌وا പിന്നീടു അവർ അവിശ്വസിക്കുകയും ചെയ്തു فَطُبِعَ അതിനാൽ മുദ്രയടിക്കപ്പെട്ടു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങൾക്ക് فَهُمْ എനി അവർ لَا يَفْقَهُونَ ഗ്രഹിക്കുകയില്ല

മുസ്‌ലിം വേഷമണിയുകയും, അതേ സമയത്തു ഉള്ളിൽ അവിശ്വാസം പുലർത്തിപ്പോരുകയും, ഇസ്ലാമിന്നെതിരിൽ ഗൂഢപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണല്ലോ കപടവിശ്വാസികൾ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കൽ വരുമ്പോൾ ഞങ്ങൾ സത്യവിശ്വാസികളാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിൽ വിശ്വസിച്ചിട്ടുണ്ടെന്നും നടിക്കും. അതു സത്യം ചെയ്തു സാക്ഷ്യപ്പെടുത്തുകയും ചെയ്യും. പറയുന്ന കാര്യം യഥാർത്ഥത്തിൽ ശരിയാണെങ്കിലും, മനസ്സാക്ഷിക്കെതിരായി ചെയ്യുന്ന കള്ളസത്യമാണതെന്നു വ്യക്തമാണ്. തങ്ങളുടെ മറ വെളിപ്പെടാതെയും, തങ്ങൾ ഇസ്ലാമിന്റെ ശത്രുക്കളായി ഗണിക്കപ്പെടാതെയും തങ്ങൾ ഇരിക്കുവാനുള്ള ഒരു തടവായിട്ടത്രെ അവരതു ചെയ്യുന്നത്. അവരുടെ ഉള്ളുകള്ളി അറിയാത്ത മുസ്‌ലിംകളെ വഞ്ചിച്ചുകളയുവാനും, അവരുടെ ചില കെണിവലകളിൽ അവർ അകപ്പെടുവാനും അതു കാരണമായിത്തീരുന്നു. ‘അവർ അല്ലാഹുവിന്റെ മാർഗത്തിൽനിന്നു തടയുകയാണ്’ എന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ആദ്യം എല്ലാ മുസ്‌ലിംകളെയുംപോലെ അവരും സത്യവിശ്വാസം രേഖപ്പെടുത്തി, പിന്നീടു അവിശ്വാസത്തിൽതന്നെ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അവരുടെ ഹൃദയങ്ങൾ അങ്ങേഅറ്റം ദുഷിക്കുകയും, മേലിൽ യാതൊരു നന്മയും സത്യവും പ്രവേശിക്കാത്ത വിധം അവ ഭദ്രമായി അടച്ചുപൂട്ടി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു എനി അവർ കാര്യം ഗ്രഹിക്കുമെന്നു പ്രതീക്ഷിക്കാവതല്ല. ഇതാണ് അവരുടെ നില എന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിനു ഈ കപടവിശ്വാസികളോടുള്ള വെറുപ്പിന്റെ കാഠിന്യം അടുത്ത വചനങ്ങളിൽ കാണുക:

63:4
 • وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَـٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ ﴾٤﴿
 • അവരെ നീ കണ്ടാൽ, അവരുടെ ശരീരങ്ങൾ നിന്നെ ആശ്ച്ചര്യപ്പെടുത്തും; അവർ (വല്ലതും) പറയുന്നപക്ഷം അവരുടെ വാക്കിലേക്ക് നീ ചെവികൊടുത്തു പോകയും ചെയ്യും! ചാരിവെക്കപ്പെട്ട മരത്തടികളെന്നോണമിരിക്കുന്നു, അവർ. ഉച്ചത്തിലുള്ള എല്ലാ ശബ്ദവും തങ്ങൾക്കെതിരെയാണെന്നു അവർ വിചാരിക്കും. അവരത്രെ ശത്രു; ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണ് അവർ (സത്യംവിട്ടു) തെറ്റിക്കപ്പെടുന്നത്?!
 • وَإِذَا رَ‌أَيْتَهُمْ അവരെ നീ കണ്ടാൽ تُعْجِبُكَ നിന്നെ ആശ്ച്ചര്യപ്പെടുത്തും أَجْسَامُهُمْ അവരുടെ ശരീരങ്ങൾ وَإِن يَقُولُوا അവർ പറയുന്നു (സംസാരിക്കുന്നു)വെങ്കിലോ تَسْمَعْ നീ കേട്ടു (ചെവികൊടുത്തു) പോകും لِقَوْلِهِمْ അവരുടെ വാക്കിലേക്കു, പറയുന്നതിലേക്കു كَأَنَّهُمْ خُشُبٌ അവർ മരത്തടികളെന്ന പോലെയുണ്ട് مُّسَنَّدَةٌ ചാരിവെക്കപ്പെട്ട يَحْسَبُونَ അവർ ഗണിക്കും, വിചാരിക്കും كُلَّ صَيْحَةٍ എല്ലാ അട്ടഹാസവും, ഉച്ചത്തിലുള്ള ശബ്ദവും عَلَيْهِمْ തങ്ങൾക്കെതിരാണെന്നു هُمُ الْعَدُوُّ അവരത്രെ ശത്രു فَاحْذَرْ‌هُمْ ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്രതയായിരിക്കുക قَاتَلَهُمُ اللَّـهُ അല്ലാഹു അവരോടു യുദ്ധംചെയ്യട്ടെ, (അവരെ നശിപ്പിക്കട്ടെ-ശപിക്കട്ടെ) أَنَّىٰ എങ്ങിനെയാണ്, എവിടെ നിന്നാണു يُؤْفَكُونَ അവർ തെറ്റിക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നതു)

അഴകും കൊഴുപ്പുമുള്ള ശരീരം, ചൊടിയും ചുണയുമുള്ള സംസാരം, കണ്ടാൽ ആശ്ചര്യം ജനിക്കും, കേട്ടാൽ ചെവിയോർത്തുപോകും, പക്ഷെ, മരത്തടികൾ ചാരിവെച്ച പോലെയാണ്, ഉപകാരമില്ല, ജീവസ്സില്ല. പൗരുഷമോ ധീരതയോ ഉണ്ടോ? അതുമില്ല. ഉച്ചത്തിലൊരു ശബ്ദം കേട്ടാൽ വിറളിയായി, തങ്ങൾക്കെതിരിൽ എന്തോ ആപത്തു വരുന്നുവെന്നാണ് ധാരണ. പക്ഷെ, കുസൃതിയിലും, വഞ്ചനയിലും മിടുക്കന്മാരാണ്. അതുകൊണ്ടു അവരെപ്പറ്റി സദാ ജാഗരൂകരായിരിക്കണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സത്യവിശ്വാസികളെയും ഉണർത്തുന്നു. അല്ലാഹുവിനു അവരോടുള്ള കഠിനമായ വെറുപ്പു രേഖപ്പെടുത്തുകയും ചെയ്യുന്നു. قاتل എന്ന വാക്കിനു ‘യുദ്ധം ചെയ്തു’വെന്നാണ് ഭാഷാർത്ഥമെങ്കിലും ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ‘നശിപ്പിക്കട്ടെ, ശപിക്കട്ടെ’ എന്ന അർത്ഥത്തിലാണ് അതു ഉപയോഗിക്കപ്പെടുന്നത്.

63:5
 • وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ ﴾٥﴿
 • 'വരുവിൻ, അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്കു വേണ്ടി പാപമോചനം തേടിക്കൊള്ളും' എന്നു അവരോടു പറയപ്പെട്ടാൽ, അവർ തങ്ങളുടെ തല തിരിച്ചുകളയും. അഹംഭാവം നടിക്കുന്നവരായും കൊണ്ടു അവർ തട്ടിതിരിഞ്ഞു പോകുന്നതായി നീ കാണുകയും ചെയ്യും.
 • وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാൽ تَعَالَوْا വരുവിൻ يَسْتَغْفِرْ‌ لَكُمْ നിങ്ങൾക്കു പാപമോചനം (പൊറുതി) തേടും رَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ لَوَّوْا അവർ തിരിക്കും, ആട്ടും رُ‌ءُوسَهُمْ അവരുടെ തലകളെ وَرَ‌أَيْتَهُمْ നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും يَصُدُّونَ തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി وَهُم അവർ ആയിക്കൊണ്ടു مُّسْتَكْبِرُ‌ونَ അഹംഭാവം (വലുപ്പം) നടിക്കുന്നവർ
63:6
 • سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ ﴾٦﴿
 • അവർക്കുവേണ്ടി നീ പാപമോചനം തേടിയോ, അവർക്കുവേണ്ടി നീ പാപമോചനം തേടിയില്ലയോ (രണ്ടും) അവരിൽ സമമാകുന്നു; അല്ലാഹു അവർക്കു പൊറുത്തു കൊടുക്കുന്നതേയല്ല. നിശ്ചയമായും തോന്നിവാസികളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.
 • سَوَاءٌ عَلَيْهِمْ അവരിൽ സമമാണ് أَسْتَغْفَرْ‌تَ لَهُمْ അവർക്കുവേണ്ടി നീ പാപമോചനം തേടിയോ أَمْ لَمْ تَسْتَغْفِرْ‌ അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ لَهُمْ അവർക്കുവേണ്ടി لَن يَغْفِرَ‌ اللَّـهُ അല്ലാഹു പൊറുക്കുന്നതേയല്ല لَهُمْ അവർക്കു إِنَّ اللَّـهَ നിശ്ചയം അല്ലാഹു لَا يَهْدِي അവന്‍ സന്മാർഗത്തിലാക്കുകയില്ല الْقَوْمَ الْفَاسِقِينَ തോന്നിവാസികളായ (ദുർനടപ്പുകാരായ) ജനങ്ങളെ

തങ്ങളുടെ പാപംപൊറുത്തു കിട്ടേണമെന്നൊ, അതിനായി റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാർത്ഥിച്ചാൽ കൊള്ളാമെന്നോ ഒന്നും തന്നെ അവർക്ക് ആഗ്രഹമില്ല. അതെല്ലാം അവർക്കു പുച്ഛവും പരിഹാസവുമാണ്. എനി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവർക്കുവേണ്ടി പാപമോചനം തേടിയതുകൊണ്ടു വല്ല മെച്ചവും അവർക്കു ലഭിക്കുവാനുണ്ടോ? അതുമില്ല. കാരണം അവർ അത്രയും തോന്നിവാസികളും ദുഷിച്ച ധിക്കാരികളുമാകുന്നു. അവരുടെ ധിക്കാരത്തിന്‍റെ ഒരു ഉദാഹരണം ഇതാ:

63:7
 • هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَفْقَهُونَ ﴾٧﴿
 • അവരത്രെ പറയുന്നവർ: 'അല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ളവര്‍ക്കു നിങ്ങൾ (ഒന്നും) ചിലവുചെയ്യരുത്; അങ്ങനെ അവർ വേറിട്ടു പോയിക്കൊള്ളും' എന്ന്! ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ [ഭണ്ഡാരങ്ങൾ] അല്ലാഹുവിനാണു താനും. പക്ഷെ, കപടവിശ്വാസികൾ ഗ്രഹിക്കുന്നില്ല.
 • هُمُ അവരത്രെ الَّذِينَ يَقُولُونَ പറയുന്നവർ لَا تُنفِقُوا നിങ്ങൾ ചിലവുചെയ്യരുത് عَلَىٰ مَنْ ചിലർക്കു, യാതൊരുവരിൽ عِندَ رَ‌سُولِ اللَّـهِഅല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ള حَتَّىٰ يَنفَضُّوا അങ്ങനെ അവർ വേറിട്ടുപോയിക്കൊള്ളും, ..പോകുവാൻ വേണ്ടി, ... പോകുന്നതുവരെ وَلِلَّـهِ അല്ലാഹുവിന്നാണു താനും خَزَائِنُ ഖജനാക്കൾ, ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ السَّمَاوَاتِ وَالْأَرْ‌ضِ ആകാശങ്ങളുടെയും ഭൂമിയുടെയും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ, കപടവിശ്വാസികൾ لَا يَفْقَهُونَ ഗ്രഹിക്കുന്നില്ല, ഗ്രഹിക്കുകയില്ല
63:8
 • يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَعْلَمُونَ ﴾٨﴿
 • അവർ പറയുന്നു: 'നാം മദീനായിലേക്കു മടങ്ങിച്ചെന്നാൽ കൂടുതൽ പ്രതാപമുള്ളവർ കൂടുതൽ നിന്ദ്യരായുള്ളവരെ അവിടെനിന്നു പുറത്താക്കുക തന്നെ ചെയ്യും' എന്നു!
  പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല.
 • يَقُولُونَ അവർ പറയുന്നു لَئِن رَّ‌جَعْنَا തീര്‍ച്ചയായും നാം (ഞങ്ങൾ) മടങ്ങിയാൽ إِلَى الْمَدِينَةِ മദീനായിലേക്കു لَيُخْرِ‌جَنَّ പുറത്താക്കുകതന്നെ ചെയ്യും الْأَعَزُّ കൂടുതൽ പ്രതാപശാലി مِنْهَا അതിൽ (അവിടെ) നിന്നു الْأَذَلَّ കൂടുതൽ നിന്ദ്യനായവനെ وَلِلَّـهِ الْعِزَّةُ പ്രതാപം അല്ലാഹുവിന്നാണുതാനും وَلِرَ‌سُولِهِ അവന്റെ റസൂലിനും وَلِلْمُؤْمِنِينَ സത്യവിശ്വാസികൾക്കും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ കപടവിശ്വാസികൾ لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല

കപടവിശ്വാസികളുടെ മനസ്സിൽ മുസ്ലിംകളോടുള്ള പകയും വിദ്വേഷവും എത്രത്തോളമുണ്ടെന്നു ഇതിൽ നിന്നു മനസ്സിലാക്കാം. ‘അല്ലാഹുവിന്റെ റസൂലാണെന്നു പറയുന്ന ഇദ്ദേഹത്തിന്റെ ഒന്നിച്ചു കുറേ ആളുകളുണ്ടല്ലോ, നാം തീറ്റിപ്പോറ്റിയിട്ടാണ് അവർ ഇത്ര അന്തസ്സും പ്രതാപവുമുള്ളവരായിതീർന്നതു,  എനി അവർക്കുവേണ്ടി നാമൊന്നും ചിലവഴിക്കരുത്. അങ്ങനെ അവരെല്ലാം വിട്ടൊഴിഞ്ഞുപോകട്ടെ.’ എന്നു അവർ തമ്മിൽ പറയുന്നു. മനുഷ്യരുടെ ആഹാരാദികാര്യങ്ങളെല്ലാം അവരുടെ കയ്യിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നാണ് അവരുടെ വാക്കുകേട്ടാൽ തോന്നുക. ആകാശഭൂമികളുടെ സകല ഭണ്ഡാരങ്ങളും അല്ലാഹുവിന്റെ  കൈവശമാണെന്ന യാഥാർത്ഥ്യം ആ കപടവിശ്വാസികൾ ഗ്രഹിക്കാത്തതാണ് അതിനു കാരണം. അതുപോലെത്തന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സ്വഹാബികളും മദീനാ വിട്ടുപോയ ചില യുദ്ധയാത്രകളിൽ അവർ പറഞ്ഞിരുന്നു: ‘നാം നാട്ടിൽ മടങ്ങി എത്തട്ടെ, ഇവരുടെ അന്തസ്സും യോഗ്യതയും കാണിച്ചുകൊടുക്കാം, ആർക്കാണ് അന്തസ്സും പ്രതാപവുമുള്ളതെന്നു മനസ്സിലാക്കിക്കൊടുക്കാം. നാം അവരെ അവിടെനിന്നു നിശ്ചയമായും പുറത്താക്കും’ എന്നൊക്കെ. പ്രതാപവും അന്തസ്സുമെല്ലാമുള്ളതു അല്ലാഹുവിനും, അവന്റെ കക്ഷിയായ റസൂലിനും സത്യവിശ്വാസികൾക്കുമാണ്, അതു ഇല്ലാതാക്കാനോ പിടിച്ചുപറ്റാനോ ഈ കപടൻമാർക്കു സാധ്യമല്ല. ഈ വാസ്തവം അവർക്കറിഞ്ഞുകൂട. അതാണ്‌ ഈ വീമ്പിളക്കലിനു കാരണം എന്ന് സാരം. മുനാഫിഖുകള്‍ മേല്‍പറഞ്ഞ പ്രസ്താവനകളും, വീരവാദങ്ങളും പുറപ്പെടുവിച്ച  സന്ദര്‍ഭങ്ങളെപ്പറ്റി ബുഖാരിയിലും മറ്റും പല രിവായത്തുകളും കാണാം. അതിലെല്ലാം പ്രധാന പങ്കുവഹിച്ചിരുന്നതു അവരുടെ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുതന്നെയായിരുന്നു.

വിഭാഗം - 2

കപടവിശ്വാസികളെപ്പറ്റി വളരെ ശക്തിയായ ഭാഷയിൽ ആക്ഷേപിച്ചു കൊണ്ട് അവരുടെ അന്തരംഗങ്ങൾ പലതും തുറന്നു കാട്ടിയശേഷം, സത്യവിശ്വാസികൾ അവരെപ്പോലെ ആകാതിരിക്കുവാൻ സൂക്ഷിക്കേണ്ടതു എങ്ങിനെയാണെന്നു അല്ലാഹു അവരെ ഉൽബോധിപ്പിക്കുന്നു:-

63:9
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٩﴿
 • ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تُلْهِكُمْ നിങ്ങളെ അശ്രദ്ധയിലാക്കരുത്, മിനക്കെടുത്താതിരിക്കട്ടെ أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കൾ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും عَن ذِكْرِ‌ اللَّـهِ അല്ലാഹുവിന്റെ സ്മരണയിൽനിന്നു وَمَن يَفْعَلْ ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ ذَٰلِكَ അതു (അപ്രകാരം) فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الْخَاسِرُ‌ونَ നഷ്ടപ്പെട്ടവർ
63:10
 • وَأَنفِقُوا۟ مِن مَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ ﴾١٠﴿
 • നിങ്ങൾക്കു നാം നൽകിയിട്ടുള്ളതിൽ നിന്നു നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ, നിങ്ങൾ ഒരാൾക്കു [ഓരോരുവനും] മരണം വന്നെത്തുകയും, എന്നിട്ട് അവർ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുന്നതിനുമുമ്പ്: 'എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ? - എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ് വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!'
 • وَأَنفِقُوا നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ مِن مَّا رَ‌زَقْنَاكُم നിങ്ങൾക്കു നാം നൽകിയതിൽ നിന്നു مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി أَحَدَكُمُ നിങ്ങളിലൊരാൾക്കു الْمَوْتُ മരണം فَيَقُولَ അപ്പോളവൻ പറയും رَ‌بِّ എന്റെ റബ്ബേ لَوْلَا أَخَّرْ‌تَنِي എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ إِلَىٰ أَجَلٍ ഒരു അവധിവരെ قَرِ‌يبٍ അടുത്തതായ فَأَصَّدَّقَ എന്നാൽ ഞാൻ ദാനധർമം ചെയ്യാം, ചെയ്യുമായിരുന്നു وَأَكُن ഞാൻ ആയിത്തീരുകയും مِّنَ الصَّالِحِينَ സദ് വൃത്തൻമാരിൽപ്പെട്ടവൻ
63:11
 • وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١١﴿
 • ഒരു ദേഹത്തെയും (ആളെയും) അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ലതന്നെ. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനുമാണ്‌.
 • وَلَن يُؤَخِّرَ‌ اللَّـهُ അല്ലാഹു പിന്തിക്കുന്നതല്ല തന്നെ نَفْسًا ഒരു ദേഹത്തെ (ആത്മാവിനെ-ആളെ)യും إِذَا جَاءَ വന്നാൽ أَجَلُهَا അതിന്റെ അവധി وَاللَّـهُ خَبِيرٌ‌ അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ്‌ بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി

ധനസംബന്ധമായ കാര്യങ്ങളിലും, സന്താനങ്ങളുടെ സുഖസൗകര്യാദികളിലും ബദ്ധശ്രദ്ധരായിക്കൊണ്ടു അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ബോധവും നഷ്ടപ്പെടുവാൻ ഇടവരുത്തരുതെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതു ചെയ്യുന്നു. മനുഷ്യന്റെ നന്മക്കെന്നപോലെ, തിന്മക്കും കാരണമാകുന്ന രണ്ടു വസ്തുക്കളാണ് ധനവും മക്കളും. അടുത്ത അദ്ധ്യായത്തിൽ അല്ലാഹു പറയുന്നു: ‘ നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്,’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ – التغابن) ഈ പരീക്ഷണത്തിൽ വിജയം നേടിയവരത്രെ ഭാഗ്യവാൻമാർ, ഇതിൽ പരാജയപ്പെട്ടവരത്രെ നഷ്ടപ്പെട്ടവർ, വിജയം നേടുവാനുള്ള മാർഗമാണു ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കൽ. ധനമാകട്ടെ, അല്ലാഹു തന്ന അനുഗ്രഹമാണ്‌ താനും. മറ്റു തുറകളിൽ ഏറെക്കുറെ നല്ല നിലക്കാരായ ആളുകൾ പോലും മിക്കവാറും ദാനധർമാദികളിലും പൊതുനന്മകളിലും ധനം ചിലവാക്കാൻ മടിക്കുന്നവരായി കാണാം. സത്യവിശ്വാസികളായ ആളുകൾക്കും പിണയുന്ന ഒരു മഹാവിപത്താണിത്. അതുകൊണ്ടാണ് സത്യവിശ്വാസികളെ വിളിച്ചു ഇക്കാര്യം പ്രത്യേകം അല്ലാഹു ഉണർത്തുന്നത്. ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമെന്നും, ആ ഖേദം കൊണ്ടു യാതൊരു ഫലവും ലഭിക്കുകയില്ലെന്നും അല്ലാഹു മുന്നറിയിപ്പു നൽകുന്നു. സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടേണമെന്നു ആഗ്രഹിക്കുന്നവർ ദാനധർമാദികളിൽ പിന്നോക്കമായിരിക്കുവാൻ പറ്റുകയില്ലെന്നു ഇതിൽനിന്നു നല്ലപോലെ മനസ്സിലാക്കാമല്ലോ.

ദാനധർമങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായതു ഏതാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരവസരത്തിൽ നൽകിയ മറുപടി ഓരോ സത്യവിശ്വാസിയും സദാ ഓർത്തിരിക്കേണ്ടതാണ്. ഇതാണ്‌ ആ മറുപടി: ‘നീ ദാരിദ്ര്യത്തെ പേടിച്ചും, ധനത്തിനു മോഹിച്ചുംകൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കുമ്പോൾ ദാനധർമം ചെയ്യലാണ്. (ഇതാണ് ഏറ്റവും ഉത്തമമായത്) ജീവൻ തൊണ്ടക്കുഴിയിലെത്തുന്നതു വരേക്കും നീട്ടിവെക്കരുത്, ആ അവസരത്തിൽ നീ പറഞ്ഞേക്കും: ‘ഇന്ന ആൾക്കു ഇത്ര, ഇന്ന ആൾക്കു ഇത്ര’ എന്നു. അപ്പോഴാകട്ടെ, അതു ഇന്ന ആൾക്കു (അവകാശികൾക്കു) ആയിക്കഴിയുകയും ചെയ്തിരിക്കും.’ (ബു.മു.)

അവിശ്വാസികളും സത്യനിഷേധികളും മരണസമയത്തു ഖേദിച്ചു വിലപിക്കുകയും, തങ്ങളെ അൽപകാലത്തേക്കുകൂടി മടക്കിത്തന്നാൽ തങ്ങൾ മേലിൽ നന്നായിക്കൊള്ളാമെന്നു അല്ലാഹുവിനോടു കേണപേക്ഷിക്കുകയും ചെയ്യുമെന്നു സൂ: ഇബ്രാഹിം 44ലും മറ്റും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, സത്യവിശ്വാസികളിൽതന്നെ, സൽക്കർമങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തിയവരും തങ്ങളുടെ വീഴ്ചയെപ്പറ്റി ഖേദിക്കുമെന്നും, ആ വീഴ്ച നികത്തുവാൻ അൽപംകൂടി അവസരം നൽകണേ എന്നു അല്ലാഹുവിനോടു അപേക്ഷിക്കുമെന്നും ഈ വചനത്തിൽനിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മെയെല്ലാം അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ. ومن الله التوفيق

اللهم لك الاحمد ولك المنة والفضل