സൂറത്തുജുമുഅ : 01-11
ജുമുഅഃ
മദീനയില് അവതരിച്ചത് – വചനങ്ങള് 11- വിഭാഗം (റുകുഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്
വിഭാഗം - 1
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തില് ഈ സൂറത്തും അടുത്ത സൂറത്ത് മുനാഫിഖൂനും ഓതാറുണ്ടായിരുന്നുവെന്നു മുസ്ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ സൂറത്തില് ജുമുഅയെ പറ്റി പ്രസ്താവിക്കുന്നതിനു പുറമെ ഇസ്ലാമിന്റെ ശത്രുക്കളായ യഹൂദികളെ കുറിച്ചും, അടുത്ത സൂറത്തില് മറ്റൊരു ശത്രുവിഭാഗമായ മുനാഫിഖുകളെക്കുറിച്ചും പ്രസ്താവിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം രണ്ടു സൂറത്തും ജനമദ്ധ്യെ ഓതികേള്പ്പിക്കുന്നത് മുസ്ലിംകള്ക്ക് അവരുടെ ശത്രുക്കളെക്കുറിച്ച് സദാ ജാഗ്രത ഉണ്ടായിരിക്കുവാനും, ജുമുയുടെ പ്രാധാന്യം വിസ്മരിക്കപ്പെടാതിരിക്കാനും ഉതകുമല്ലോ.
- يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ ﴾١﴿
- ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീരത്തനം ചെയ്തു വരുന്നു; രാജാധിപതിയും, മഹാപരിശുദ്ധനും, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനായ (അല്ലാഹുവിനു).
- يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും الْمَلِكِ രാജാവായ الْقُدُّوسِ മഹാ പരിശുദ്ധനായ الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ
- هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ ﴾٢﴿
- അക്ഷരജ്ഞാനമില്ലാത്തവരില്, അവരില് നിന്ന് (തന്നെ) ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്. അവര്ക്കു തന്റെ 'ആയത്തുകള്' ലക്ഷ്യങ്ങള് അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര് (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില് തന്നെയായിരുന്നു.
- هُوَ الَّذِي അവന് യാതൊരുവനത്രെ بَعَثَ فِي الْأُمِّيِّينَ അക്ഷരജ്ഞാനമില്ലാത്തവരില് നിയോഗിച്ച, അയച്ച, എഴുന്നേല്പ്പിച്ച رَسُولًا مِّنْهُمْ അവരില് നിന്നൊരു റസൂലിനെ يَتْلُو عَلَيْهِمْ അവര്ക്കു ഓതിക്കൊടുക്കുന്ന, അദ്ദേഹം ഓതികൊടുക്കും آيَاتِهِ അവന്റെ ആയത്തു (ലക്ഷ്യം - ദൃഷ്ടാന്തം)കളെ وَيُزَكِّيهِمْ അവരെ സംസ്കരിക്കുക(ആന്തര ശുദ്ധി വരുത്തുക)യും وَيُعَلِّمُهُمُ അവര്ക്കു പഠിപ്പിക്കുകയും الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَإِن كَانُوا നിശ്ചയമായും അവര് ആയിരുന്നു مِن قَبْلُ മുമ്പ് لَفِي ضَلَالٍ വഴിപിഴവില്തന്നെ مُّبِينٍ സ്പഷ്ടമായ
- وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٣﴿
- (മാത്രമല്ല) അവരില് നിന്നുള്ള വേറെ ആളുകള്ക്കും - അവര് ഇവരുമായി (എത്തി) ചേര്ന്നു കഴിഞ്ഞിട്ടില്ല - [വന്നു ചേരുന്നേയുള്ളു] - പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനത്രെ അവന്.
- آخَرِينَ വേറെ ആളുകള്ക്കും (പഠിപ്പിക്കുവാന്), മറ്റുള്ളവരിലും (നിയോഗിച്ച) مِنْهُمْ അവരില് നിന്നുള്ള لَمَّا يَلْحَقُوا അവര് (ഇതുവരെ) എത്തിച്ചേര്ന്നിട്ടില്ല بِهِمْ അവരു (ഇവരു)മായി وَهُوَ الْعَزِيزُ അവന് പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
- ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٤﴿
- അതു അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു; അവന് ഉദ്ദേശിക്കുന്നവര്ക്ക് അവനത് നല്കുന്നു. അല്ലാഹുവാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാണ്.
- ذَٰلِكَ അതു فَضْلُ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹമാണു, ദയവാണു يُؤْتِيهِ അവനതു നല്കും, നല്കുന്നു مَن يَشَاءُ താന് ഉദ്ദേശിക്കുന്നവര്ക്കു وَاللَّـهُ അല്ലാഹു ذُو الْفَضْلِ അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു الْعَظِيمِ വമ്പിച്ച
أُمِّيِّينَ (ഉമ്മിയ്യീന്) എന്ന വാക്കിനു എഴുത്തും വായനയും അറിയാത്തവര് എന്നര്ത്ഥം. ഇതിന്റെ ഏകവചനം أمي ഉമ്മിയ്യ് എന്നത്രെ. അറബികളില് അല്പം ചില വ്യക്തികള് എഴുത്തും വായനയും അറിയുന്നവര് ഉണ്ടായിരുന്നുവെങ്കിലും, പൊതുവില് അവര് ഉമ്മിയ്യുകളായിരുന്നു. വേദഗ്രന്ഥങ്ങളുമായി പരിചയമില്ലാത്തതയിരുന്നു ഇതിനു ഒരു പ്രധാന കാരണം. അതുകൊണ്ടു വേദക്കാര് അല്ലാത്തവര് എന്ന ഉദ്ദേശ്യത്തിലും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ‘അക്ഷരജ്ഞാനമില്ലാത്തവരില് അവരില്നിന്നുതന്നെ ഒരു റസൂലിനെ നിയോഗിച്ചു’ എന്നു പറഞ്ഞതില് ഒന്നിലധികം സൂചനകള് അടങ്ങിയിരിക്കുന്നു. ഉദാഹരണമായി:
(1) അവരില്പ്പെട്ട ഒരാളാകകൊണ്ടു അദ്ദേഹത്തെപ്പറ്റി അവര്ക്ക് വേണ്ടത്ര പരിചയമുണ്ട്. അദ്ദേഹവുമായി ഇടപഴകുന്നതിനും സമ്പര്ക്കം പുലര്ത്തുന്നതിനും തെറ്റിദ്ധരിക്കാതിരിക്കുന്നതിനും ഇതവര്ക്ക് കൂടുതല് സൗകര്യമാണ്.
(2) അദ്ദേഹം ഇസ്രാഈല്യരില് നിന്നോ, മറ്റേതെങ്കിലും ജനതയില് നിന്നോ അല്ലാതെ സ്വന്തം ജനതയില് നിന്നുള്ള ആളായതുകൊണ്ടു അദ്ദേഹത്തിന്റെ നിയോഗം അവര്ക്കു കൂടുതല് അഭിമാനത്തിനും ശ്രേഷ്ടതക്കും കാരണമാണ്.
(3) അദ്ദേഹവും അവരെ പോലെ അക്ഷരജ്ഞാനമില്ലാത്ത ആളായിരിക്കെ, അദ്ദേഹം കൊണ്ടുവന്ന മഹത്തായ സന്ദേശങ്ങളും വേദഗ്രന്ഥവും അദ്ദേഹത്തിന്റെ സ്വന്തം കൃതി ആയിരിക്കുവാന് തരമില്ല എന്നിങ്ങനെ പലതും.
ഉമ്മിയ്യുകളില് നിയോഗിച്ചു (بَعَثَ فِي الْأُمِّيِّينَ) എന്നു പറഞ്ഞതിന്റെ താല്പര്യം, റസൂല് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അറബികള്ക്കു മാത്രമുള്ള റസൂലായി അയച്ചുവെന്നാണെന്നു ഇസ്ലാമിന്റെ ശത്രുക്കള് ചിലപ്പോള് വാദിക്കാറുണ്ട്. വാസ്തവത്തില് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എല്ലാ ജനതയ്ക്കുമുള്ള റസൂലാണെന്നതിനു മറ്റൊരു തെളിവും ഇല്ലെങ്കില്പോലും ഈ വാക്കിന്റെ അര്ത്ഥം അതല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഇടയില് ആണ് വെളിപ്പെട്ടതു എന്നാണതിന്റെ ഉദ്ദേശ്യം. അല്ലായിരുന്നുവെങ്കില് الى الا امين (ഉമ്മിയ്യുകളിലെക്കു) എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതേ സമയത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനുഷ്യര്ക്ക് ആകമാനമുള്ള റസൂല് ആണെന്നു ഖുര്ആന് വ്യക്തമായും ആവര്ത്തിച്ചും പറഞ്ഞിട്ടുള്ളതാണുതാനും. (സൂ: അഅ്റാഫ്: 158; സബഅ് : 28 മുതലായവ നോക്കുക). വേണ്ട, ഇവിടെത്തന്നെ وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ എന്നു അല്ലാഹു പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാകുന്നു. ഇതുവരേയും അവരോടൊപ്പം വന്നുചേര്ന്നിട്ടില്ലാത്തവരും ഭാവിയില് വരാനിരിക്കുന്നവരുമായ മറ്റെല്ലാവര്ക്കും ബാധകമാണ് അദ്ദേഹത്തിന്റെ ദൗത്യവും അദ്ധ്യാപനങ്ങളും എന്നാണു ഈ വാക്കു കാണിക്കുന്നത്.
ഇബ്രാഹീം (عليه السلام) നബി കഅ്ബ കെട്ടിടം ഉയര്ത്തിയശേഷം പല പ്രാര്ത്ഥനകളും ചെയ്ത കൂട്ടത്തില് ഇങ്ങിനെ പ്രാര്ത്ഥിച്ചിരുന്നു:
رَبَّنَا وَٱبْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿١٢٩﴾ – سورة البقر
(ഞങ്ങളുടെ റബ്ബേ, ഇവര്ക്കു നിന്റെ ലക്ഷ്യങ്ങള് ഓതികൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില് നീ നിയോഗിക്കുകയും വേണമേ! നീ തന്നെയാണല്ലോ അഗധാജ്ഞനായ പ്രതാപശാലി.) (2:129). ഈ പ്രാര്ത്ഥനയില് കാണുന്ന അതെ വിശേഷണങ്ങള് തന്നെയാണ് അല്ലാഹു റസൂല് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യലക്ഷ്യങ്ങളായി ഇവിടെയും ഉദ്ധരിക്കുന്നത്. ഇബ്രാഹിം (عليه السلام) യുടെ പ്രാര്ത്ഥനാഫലത്തിന്റെ പുലര്ച്ച കൂടിയാണ് തിരുമേനിയുടെ നിയോഗം. ‘ഞാന് എന്റെ പിതാവു ഇബ്രാഹിമിന്റെ പ്രാര്ത്ഥനയാണ്'(أَنَا دَعْوَةُ أَبِي إِبْرَاهِيمَ) എന്നു അവിടുന്നു പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ابن اسحق و غيره) റസൂല് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കര്ത്തവ്യങ്ങള് ഏതൊക്കെയാണെന്നു ഈ വചനങ്ങളില് നിന്നു വ്യക്തമാണ്. അതെ, അല്ലാഹുവിന്റെ സന്ദേശങ്ങള്, ലക്ഷ്യദൃഷ്ടാന്തങ്ങള്, തിരുവചനങ്ങള് ആദിയായവ ജനങ്ങള്ക്കു ഓതികേള്പ്പിക്കുക, മാനസികവും ധാര്മികവുമായ വശങ്ങളില് അവരെ സംസ്കാരസമ്പന്നരാക്കുക, വേദഗ്രന്ഥമാകുന്ന ക്വുര്ആന് പഠിപ്പിക്കുക, അതിന്റെ അദ്ധ്യാപനങ്ങളും, സിദ്ധാന്തങ്ങളും പ്രാവര്ത്തികമാക്കാന് ആവശ്യമായ വിജ്ഞാനങ്ങള് ഗ്രഹിപ്പിക്കുക. ഇവയാണത്.
നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യദൗത്യവും) അല്ലാഹു നല്കുന്ന അനുഗ്രഹം മാത്രമാണ്. അതു മനുഷ്യന്റെ അര്ഹത കൊണ്ടോ മറ്റോ സിദ്ധിക്കുന്ന സ്ഥാനമല്ല; അല്ലാഹു ഉദ്ദേശിക്കുന്നവര്ക്കു അവന് ആ സ്ഥാനം നല്കുന്നു; അവന് ഉദ്ദേശിച്ചിരുന്നവരില്നിന്നു മാത്രം അവരെ നിയോഗിക്കുകയും ചെയ്യുന്നു. എന്നൊക്കെയാണ് 4ാം വചനത്തിലെ സൂചനകള്. അറബികളാകുന്ന ഉമ്മിയ്യുകള് വളരെയധികം വഴിപിഴച്ച ജനതയാണെങ്കിലും പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും കുത്തകാവകാശം വാദിച്ചുകൊണ്ടിരുന്ന വേദക്കാരെക്കാള് ഈ ദൗത്യം ഏറ്റെടുത്തു നടത്തുവാന് നല്ലത് അവരാണെന്നു അല്ലാഹുവിന്നറിയാമെന്നും വേദക്കാര് ഈ ദൗത്യം ഏറ്റെടുക്കുവാന് കൊള്ളാത്തവിധം ദുഷിച്ചു പോയിരിക്കുന്നുവെന്നും അതില്നിന്നു മനസ്സിലാക്കാവുന്നതാണ്. അടുത്ത വചനങ്ങള് നോക്കുക.
- مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٥﴿
- 'തൗറാത്ത്' ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടു(ത്തു നിര്വഹി)ക്കാതിരുന്നവരുടെ ഉപമ, (വന്) ഗ്രന്ഥങ്ങള് ചുമക്കുന്ന കഴുതയുടെ മാതിരിയാകുന്നു. അല്ലാഹുവിന്റെ 'ആയത്തു'കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്ഗത്തിലാക്കുകയില്ല.
- مَثَلُ ഉപമ, മാതിരി, ഉദാഹരണം الَّذِينَ حُمِّلُوا വഹിപ്പിക്ക (ചുമതല പെടുത്ത)പ്പെട്ടവരുടെ التَّوْرَاةَ തൌറാത്തു ثُمَّ لَمْ يَحْمِلُوهَا പിന്നെ അവരതു വഹിച്ചില്ല (ഏറ്റെടുത്തില്ല, നിര്വഹിച്ചില്ല) كَمَثَلِ الْحِمَارِ കഴുതയുടെ മാതിരിയാണ് يَحْمِلُ വഹിക്കുന്ന أَسْفَارًا വന്ഗ്രന്ഥങ്ങള് بِئْسَ എത്രയോ (വളരെ) ചീത്ത, ദുഷിച്ചതാണു مَثَلُ الْقَوْمِ ജനതയുടെ ഉപമ الَّذِينَ كَذَّبُوا വ്യാജമാക്കിയതായ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ
താനെന്തു വഹിക്കുന്നു? താന് വഹിക്കുന്ന വസ്തുവില് എന്താണുള്ളത്? അതിന്റെ ലക്ഷ്യമെന്ത്? പ്രയോജനമെന്ത്? ഇതൊന്നും പുസ്തകഭാണ്ഡം പേറിക്കൊണ്ടു നടക്കുന്ന കഴുതയ്ക്ക് അറിയുകയില്ലല്ലോ. അതും പേറി നടക്കണം, അതിനുള്ള വിഷമവും സഹിക്കണം. അത്രമാത്രം. ഇതുപോലെത്തന്നെയാണ് തൗറാത്തിന്റെ ഭാരവാഹികളായ യഹൂദരുടെയും നില. തൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോ, അതിന്റെ അദ്ധ്യാപനങ്ങള് അനുസരിക്കുവാനോ അവര് ശ്രദ്ധിക്കുന്നേയില്ല. പകരം പരമ്പരാഗതമായ ഐതിഹ്യങ്ങള് കൊണ്ടും തങ്ങളുടെ വ്യാമോഹങ്ങള്കൊണ്ടും തൃപ്തി അടയുകയാണവര്. മൃഗങ്ങള്ക്കു കാര്യം മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ല. ഇവര്ക്കു അതുണ്ട്. അതു ഇവര് ഉപയോഗപ്പെടുത്താതിരിക്കുകയാണ്. ആ നിലക്കു – മറ്റൊരു സ്ഥലത്ത് അള്ളാഹു പറഞ്ഞതുപോലെ – മൃഗങ്ങളെക്കാള് പിഴച്ചവരാണ് ഇവർ. (أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ) ഗ്രന്ഥക്കെട്ടു വഹിക്കുന്ന ഒട്ടകത്തോടോ മറ്റോ ഉപമിക്കാതെ, കഴുതയോട് ഉപമിച്ചിരിക്കുന്നതു അല്ലാഹുവിനു അവരുടെ നേരെയുള്ള വെറുപ്പിന്റെ കാഠിന്യമാണ് കാണിക്കുന്നത്. വിശുദ്ധ ക്വുര്ആന്റെ അനുയായികളുടെ ഇന്നത്തെ പൊതുനിലയും ഈ വചനവും മുമ്പില് വെച്ചുകൊണ്ട് ഒന്നാലോചിച്ചു നോക്കുക! ഇനിയൊരു വേദഗ്രന്ഥം അവതരിക്കുമായിരുന്നെങ്കില് അവരെപ്പറ്റി അല്ലാഹു എങ്ങനെ പറയുമായിരിക്കും? ചിന്തിച്ചുനോക്കുക. والعياد بالله
- قُلْ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ ﴾٦﴿
- (നബിയേ) പറയുക: 'ഹേ, യഹൂദികളായുള്ളവരേ, (മറ്റു) മനുഷ്യരെക്കൂടാതെ, നിങ്ങള് (മാത്രം) അല്ലാഹുവിനു മിത്രങ്ങളാണു എന്നു നിങ്ങള് ജല്പ്പിക്കുകയാണെങ്കില് എന്നാല് - നിങ്ങള് മരണത്തിനു (ഒന്നു) കൊതിക്കുവിന് - നിങ്ങള് സത്യവന്മാരാണെങ്കില്!'
- قُلْ പറയുക يَا أَيُّهَا الَّذِينَ هَادُوا യഹൂദികളായിട്ടുള്ളവരെ إِن زَعَمْتُمْ നിങ്ങള് ജല്പിക്കുന്ന (വാദിക്കുന്ന) പക്ഷം أَنَّكُمْ أَوْلِيَاءُ നിങ്ങള് മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു لِلَّـهِ അല്ലാഹുവിനു مِن دُونِ النَّاسِ മനുഷ്യരെക്കൂടാതെ فَتَمَنَّوُا എന്നാല് നിങ്ങള് കൊതിക്കുവിന്, മോഹിക്കുക الْمَوْتَ മരണത്തിനു إِن كُنتُمْ നിങ്ങളാണെങ്കില് صَادِقِينَ സത്യം പറയുന്നവര്
- وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ ﴾٧﴿
- തങ്ങളുടെ കരങ്ങള് മുന്ചെയ്തു വെച്ചിട്ടുള്ളതു നിമിത്തം, ഒരുകാലത്തും അവര് അതിനു കൊതിക്കുകയില്ല. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനാകുന്നു.
- وَلَا يَتَمَنَّوْنَهُ അതിനവര് കൊതിക്കുകയില്ല أَبَدًا ഒരു കാലത്തും, ഒരിക്കലും بِمَا قَدَّمَتْ മുന്ചെയ്തു വെച്ചതുനിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള് وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി
‘ഞങ്ങള് അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാണ്’ (മാഇദ: 18). ‘എണ്ണികണക്കാക്കപ്പെട്ട ചില ദിവസങ്ങളില്ലല്ലാതെ നരകം ഞങ്ങളെ സ്പര്ശിക്കുകയില്ല.'(അല്ബഖറ: 80) എന്നിങ്ങിനെ പലതും യഹൂദികള് വാദിച്ചിരുന്നു. ഇതെല്ലം മനസ്സാക്ഷിയോടെ പറയുന്നതാണെങ്കില്, അല്ലാഹുവിന്റെ ഇഷ്ടവും പ്രീതിയും വേഗം ലഭിക്കേണ്ടതിനും, അതിനായി വേഗം മരിക്കുന്നതിനും നിങ്ങള് ആഗ്രഹിക്കണമല്ലോ. ഇതൊക്കെ സത്യമാണെന്നുണ്ടെങ്കില് നിങ്ങള് മരണപ്പെടുവാന് ഒന്നു കൊതിച്ചു കാണട്ടെ, നിങ്ങളുടെ സത്യത കാണാമല്ലോ എന്നാണ് അല്ലാഹു അവരെ വെല്ലുവിളിക്കുന്നത്. അവരുണ്ടോ അതിനു ധൈര്യപ്പെടുന്നു?! പ്രത്യക്ഷത്തില് വായ കൊണ്ടെങ്കിലും ഒരൊറ്റ യഹൂദിയും ആ വെല്ലുവിളി നേരിടുവാന് മുമ്പോട്ടു വന്നില്ല. വെല്ലുവിളിയോടൊപ്പം തന്നെ, അവരതിനു ധൈര്യപ്പെടുന്നതല്ലെന്നു അല്ലാഹു ഉറപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്നറിയാമല്ലോ അവരതു വൃഥാ വ്യാജം പറയുകയാണെന്ന്. ഏതാണ്ട് ഇതുപോലെ മറ്റൊരു വെല്ലുവിളി ക്രിസ്ത്യാനികളോടും നടത്തപ്പെടുകയുണ്ടായിട്ടുണ്ട്. (ആലുഇംറാൻ 61ല് ഇതിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു). ക്രിസ്ത്യാനികള് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഇതെല്ലം ഖുര്ആന്റെ ദിവ്യതയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതയും തെളിയിക്കുന്ന പ്രത്യക്ഷ ദൃഷ്ടാന്തങ്ങള് ആകുന്നു.
- قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٨﴿
- പറയുക: 'നിങ്ങള് പേടിച്ചോടി പോകുന്നതായ (ആ) മരണം - നിശ്ചയമായും അതു - നിങ്ങളുമായി കണ്ടുമുട്ടുനതാണ്. പിന്നീട്, അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങള് മടക്കപ്പെടുന്നതുമാകുന്നു. അപ്പോള്, നിങ്ങള് പ്രവര്ത്തിച്ചു കൊണ്ടിരുന്നതിനെക്കുറിച്ച് അവന് നിങ്ങളെ വൃത്താന്തമറിയിക്കുന്നതാണ്.
- قُلْ പറയുക إِنَّ الْمَوْتَ നിശ്ചയമായും മരണം الَّذِي تَفِرُّونَ നിങ്ങള് (പേടിച്ചു) ഓടി പോകുന്നതായ مِنْهُ അതില്നിന്നു فَإِنَّهُ مُلَاقِيكُمْ നിശ്ചയമായും അതു നിങ്ങളെ കണ്ടുമുട്ടുന്ന (അഭീമുഖികരിക്കുന്ന) താണ് ثُمَّ تُرَدُّونَ പിന്നെ നിങ്ങള് മടക്കപ്പെടും, ആക്കപ്പെടും , തിരിക്കപ്പെടും إِلَىٰ عَالِمِ الْغَيْبِ അദൃശ്യം അറിയുന്നവന്നിലേക്ക് وَالشَّهَادَةِ ദൃശ്യവും فَيُنَبِّئُكُم അപ്പോള് അവന് നിങ്ങളെ വൃത്താന്തമറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങള് ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള് പ്രവര്ത്തിക്കും
നിങ്ങള് ആ വെല്ലുവിളി നേരിടുവാന് ധൈര്യപ്പെടട്ടെ, ധൈര്യപ്പെടാതിരിക്കട്ടെ, ഇതാണു നിങ്ങള് അനുഭവിക്കാന് പോകുന്നത്. ഇതു ഓര്മവെച്ചുകൊള്ളുക എന്നു താല്പര്യം.
വിഭാഗം - 2
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾٩﴿
- ഹേ, വിശ്വസിച്ചവരേ, ജുമുഅഃ ദിവസത്തെ [വെള്ളിയാഴ്ചയിലെ] നമസ്കാരത്തിനു വിളിക്കപ്പെട്ടാല്, അല്ലാഹുവിന്റെ സ്മരണയിലേക്കു നിങ്ങള് ഉത്സാഹിച്ചുവരുവിന്; കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുവിന്. അതു നിങ്ങള്ക്ക് ഗുണകരമാകുന്നു - നിങ്ങള്ക്കു അറിയാവുന്നതാണെങ്കില്!
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا نُودِيَ വിളിക്കപ്പെട്ടാല് لِلصَّلَاةِ നമസ്ക്കാരത്തിനു مِن يَوْمِ الْجُمُعَةِ ജുമുഅഃ ദിവസത്തെ, വെള്ളിയാഴ്ചയിലെ فَاسْعَوْا എന്നാല് നിങ്ങള് ഉത്സാഹിച്ചു (പരിശ്രമിച്ചു - വേഗം) വരുവിന് إِلَىٰ ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്ക് وَذَرُوا ഉപേക്ഷിക്കുകയും ചെയ്യുവിന് الْبَيْعَ കച്ചവടം ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്ക്കു ഗുണം (ഉത്തമം) ആകുന്നു إِن كُنتُمْ നിങ്ങളാകുന്നുവെങ്കില് تَعْلَمُونَ അറിയുന്നു (എങ്കില്)
- فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴾١٠﴿
- എന്നിട്ട് നമസ്കാരം നിര്വഹിക്കപ്പെട്ടാല്, നിങ്ങള് ഭൂമിയില് വ്യാപിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില് നിന്നു അന്വേഷിച്ചുകൊള്ളുകയും ചെയ്യുവിന്. അല്ലാഹുവിനെ ധാരാളം ഓര്മിക്കുകയും ചെയ്യുക - നിങ്ങള്ക്കു വിജയം ലഭിച്ചേക്കാം.
- فَإِذَا قُضِيَتِ എന്നിട്ടു നിര്വഹിക്കപ്പെട്ടാല് (തീര്ന്നാല്) الصَّلَاةُ നമസ്കാരം فَانتَشِرُوا എന്നാല് വ്യാപിക്കുവിന് فِي الْأَرْضِ ഭൂമിയില്, നാട്ടില് وَابْتَغُوا തേടുകയും (അന്വേഷിക്കയും) ചെയ്യുക مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തില് (ദയവില്) നിന്നു وَاذْكُرُوا اللَّـهَ അല്ലാഹുവിനെ ഓര്മിക്കുക(സ്മരിക്കുക)യും ചെയ്യുവിന് كَثِيرًا വളരെ, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന് تُفْلِحُونَ വിജയിക്കും (വിജയിക്കുന്നവര്)
വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനു ബാങ്കുവിളി കേട്ടാല്, കച്ചവടം തുടങ്ങിയ വ്യാപാരങ്ങളെ നിറുത്തല്ചെയ്തു ജുമുഅഃയില് പങ്കെടുക്കണം. അതുമൂലം പല നന്മയും ലഭിക്കുവാനുണ്ട്. അതു കഴിഞ്ഞാല് ജീവിത മാര്ഗങ്ങളന്വേഷിക്കുന്നതില് പ്രവേശിക്കാം. പക്ഷേ, അല്ലാഹുവിന്റെ സ്മരണ കൈവിടരുത്. എന്നാണ് ഈ വചനങ്ങളുടെ രത്നച്ചുരുക്കം. കൂടുതല് വിവരം സൂറത്തിന്റെ അവസാനം കാണുന്ന വ്യാഖ്യാനക്കുറിപ്പില് നോക്കുക.
- وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ ﴾١١﴿
- ഒരു കച്ചവടമോ, വിനോദമോ കണ്ടാല് അവര് അതിലേക്കു പിരിഞ്ഞു പോകുകയും, നീ നിന്നുംകൊണ്ടിരിക്കെ നിന്നെ വിട്ടുകളയുകയും ചെയ്യുന്നു! പറയുക: അല്ലാഹുവിന്റെ പക്കലുള്ളത്, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്കുന്നവരില് ഏറ്റവും ഉത്തമനുമാകുന്നു.
- وَإِذَا رَأَوْا അവര് കണ്ടാല് تِجَارَةً ഒരു കച്ചവടം أَوْ لَهْوًا അല്ലെങ്കില് വിനോദം انفَضُّوا അവര് പിരിഞ്ഞു (വേറിട്ടു - ചിതറി) പോകും إِلَيْهَا അതിലേക്കു وَتَرَكُوكَ നിന്നെവിട്ടു (ഉപേക്ഷിച്ചു) പോകയും ചെയ്യുന്നു قَائِمًا നില്ക്കുന്നവനായിട്ട് قُلْ പറയുക مَا عِندَ اللَّـهِ അല്ലാഹുവിന്റെ പക്കലുള്ളതു خَيْرٌ مِّنَ اللَّـهْوِ വിനോദത്തെക്കാള് ഉത്തമമാണു وَمِنَ التِّجَارَةِ കച്ചവടത്തെക്കാളും وَاللَّـهُ അല്ലാഹു خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്കുന്നവരില് ഏറ്റം ഉത്തമനാണു
അഹ്മദ്, ബുഖാരി, മുസ്ലിം, (رحمهما الله) മുതലായവര് ജാബിര് (رضي الله عنه) പ്രസ്താവിച്ചതായി ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ‘ഭക്ഷണസാധനങ്ങള് വഹിച്ച ഒരു ഒട്ടക സംഘം മദീനായില് വന്നെത്തി. റസൂല് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള് ജനങ്ങള് പുറത്തുപോയി. പന്ത്രണ്ടു പുരുഷന്മാര് ബാക്കിയായി. അപ്പോഴാണ് ഈ (11-ാം) വചനം അവതരിച്ചത്.’ ജാബിര് (رضي الله عنه)യില് നിന്നുതന്നെ അബുയഅ്ലാ (رضي الله عنه)യും വേറെ ചിലരും ഇങ്ങനെ നിവേദനം ചെയ്യുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കുന്നതി നിടയ്ക്കു മദീനായിലേക്കു ഭക്ഷണസാധനം വഹിച്ചു കൊണ്ടുള്ള ഒരു ഒട്ടകസംഘം എത്തി. അപ്പോള്, റസൂല് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികള് അതിലേക്കു ദ്രുതഗതിയില് പോകുകയായി. ഒടുക്കം പന്ത്രണ്ടു പുരുഷന്മാരല്ലാതെ അവശേഷിച്ചില്ല. അപ്പോള് റസൂല് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന് തന്നെ സത്യം! നിങ്ങളില് ഒരാളും ശേഷിക്കാത്ത വിധം നിങ്ങള് തുടര്ന്നുപോയിരുന്നെങ്കില് നിങ്ങളെയും കൊണ്ട് (ഈ) താഴ്വരയില് അഗ്നി ഒഴുകുമായിരുന്നു.’ ഈ 11-ാം വചനം അവതരിക്കുകയും ചെയ്തു.’ പ്രസ്തുത പന്ത്രണ്ടു പേരില് താനും, അബൂബക്കറും, ഉമറും (رضي الله عنه) ഉള്പ്പെട്ടിരുന്നുവെന്നും ജാബിര് (رضي الله عنه) പ്രസ്താവിച്ചതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘പന്ത്രണ്ടു പേർ ഒഴികെ’ (إلا اثنا عشر رجالاً) എന്നു ബുഖാരിയില് പറഞ്ഞതിനെപ്പറ്റി സംസാരിച്ചുകൊണ്ട് ഇമാം അസ്ഖലാനി (رحمه الله) പറയുന്നു : ‘പന്ത്രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അല്ലാതെ’ എന്നു ഖത്താദഃ (رضي الله عنها) വഴി ത്വബ്രീ (رحمه الله)യുടെ നിവേദനം ഉണ്ട്. ‘രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമല്ലാതെ അവശേഷിച്ചിട്ടില്ല’ എന്നു അദ്ദേഹം വഴി അബ്ദുറസ്സാഖ് നിവേദനം ചെയ്തിട്ടുള്ളതിനേക്കാള് ശരിയായതു ഈ നിവേദനമാണ്. (فتح البارى)
‘നിന്നുകൊണ്ടിരിക്കെ നിന്നെ വിട്ടുപോയി’ (وَتَرَكُوكَ قَائِمًا) എന്ന വാക്യം വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു കഥീര് (رحمه الله) ഇങ്ങിനെ പറയുന്നു : ‘നിന്നുകൊണ്ടായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം (ഖുത്തുബഃ) നടത്തിയിരുന്നത് എന്നതിന് ഇതില് രേഖയുണ്ട്.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ടു പ്രസംഗം ചെയ്യാറുണ്ടായിരുന്നു; രണ്ടിനുമിടയില് ഇരിക്കുമായിരുന്നു; ക്വുര്ആന് പരയാണം ചെയ്യുകയും ജനങ്ങള്ക്കു ഉപദേശം നല്കുകയും ചെയ്തിരുന്നു.’ എന്ന് ജാബിര് (رضي الله عنه)വില് നിന്നു മുസ്ലിം (رحمه الله) നിവേദനം ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇവിടെ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് ആവശ്യമാണ്. അതായതു വെള്ളിയാഴ്ച പ്രസംഗത്തിനു മുമ്പായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം നിര്വഹിച്ചിരുന്ന കാലത്താണ് ഇതു സംഭവിച്ചിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്.’ തുടര്ന്നുകൊണ്ടു ഇതിനു ആസ്പദമായ അബൂദാവൂദ് (رضي الله عنه) ന്റെ ‘മുര്സ്സലായ’ (നിവേദകനായ സ്വഹാബിയുടെ പേര് പറയപ്പെട്ടിട്ടില്ലാത്ത) ഒരു രിവായത്തും ഇബ്നു കഥീര് (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. അതിന്റെ സാരം ഇപ്രകാരമാകുന്നു : ‘പെരുന്നാള് ദിവസം ചെയ്യുന്നതു പോലെ പ്രസംഗത്തിനു മുമ്പായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കരിച്ചിരുന്നത്. ഒരുദിവസം അവിടുന്നു നമസ്കരിച്ചു കഴിഞ്ഞു പ്രസംഗം ചെയ്തു കൊണ്ടിരിക്കുമ്പോള് ഒരാള് വന്നു ദഹിയ്യത്തിന്റെ കച്ചവടസംഘം വന്നിട്ടുണ്ടെന്നു പറഞ്ഞു. അപ്പോള്, ഒരു ചെറിയ സംഘം ഒഴിച്ചു മറ്റെല്ലാവരും പിരിഞ്ഞുപോയി.’
മേലുദ്ധരിച്ച പ്രസ്താവനകളില് നിന്നു സംഭവത്തിന്റെ രൂപം മനസ്സിലായല്ലോ. അറബികളുടെ കച്ചവടസംഘങ്ങള് വരുകയും പോകുകയും ചെയ്യുമ്പോള് ചെണ്ട മുതലായ ആർഭാടങ്ങളും വിനോദങ്ങളും നടക്കുക പതിവാണ്. അവരെ യാത്ര അയക്കുന്നതിലും, തിരിച്ചു വരുമ്പോള് സ്വീകരിക്കുന്നതിലും സകുതൂഹലം പങ്കെടുക്കലും പതിവായിരുന്നു. ഒരിക്കല് അങ്ങിനെ ഒരു രംഗം നേരിട്ടപ്പോള്, സ്വഹാബികള് ജുമുഅ നമസ്കാരം കഴിഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പ്രസംഗം കേട്ടുക്കൊണ്ടിരിക്കുകയായിരുന്നു. ചിരകാല ശീലത്തില് അധികമൊന്നും ആലോചിക്കാതെ പലരും അങ്ങ് എഴുന്നേറ്റുപോയിക്കളഞ്ഞു. ഇതാണു സംഭവിച്ചത്. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്നിന്നു – അതും മിമ്പറില് നിന്നുകൊണ്ടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള് – അവര് എഴുന്നേറ്റു പോയതു ഉചിതമല്ലല്ലോ. അതുകൊണ്ടാണ് ആക്ഷേപരൂപത്തില് അല്ലാഹു ഈ സംഭവം ഉദ്ധരിച്ചത്. അതോടുകൂടി, അല്ലാഹുവിങ്കല് നിന്നു ലഭിക്കുവാനിരിക്കുന്ന നന്മകള്ക്കാണ് സത്യവിശ്വാസികള് പ്രാധാന്യം കല്പ്പിക്കേണ്ടതെന്നും, മേലില് ഇങ്ങനെയുള്ള വഴക്കങ്ങള് ഉണ്ടായിക്കൂടാ എന്നും ഓര്മ്മിപ്പിക്കുകയും ചെയ്യുന്നു.