സ്വഫ്ഫ് (അണി)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 14 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

61:1
 • سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
 • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയത്രെ.
 • سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ

ഇതു പോലെയുള്ള വചനങ്ങളും അവയുടെ വ്യാഖ്യാനവും ഒന്നിലധികം സൂറത്തുകളില്‍ മുമ്പു കഴിഞ്ഞിട്ടുണ്ട്.

61:2
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴾٢﴿
 • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തതു നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്?!
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لِمَ تَقُولُونَ നിങ്ങള്‍ പറയുന്നതു എന്തിനുവേണ്ടിയാണു مَا لَا تَفْعَلُونَ നിങ്ങള്‍ ചെയ്യാത്തതു, പ്രവര്‍ത്തിക്കാത്തതു
61:3
 • كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ﴾٣﴿
 • നിങ്ങള്‍ ചെയ്യാത്തതു പറയുക എന്നുള്ളതു, അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിട്ടുള്ളതാണ്.
 • كَبُرَ വളരെ വലുതാണ്‌, വമ്പിച്ചതാണ് مَقْتًا ക്രോധം, ക്രോധത്തില്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ أَن تَقُولُوا നിങ്ങള്‍ പറയല്‍, പറയുകയെന്നതു مَا لَا تَفْعَلُونَ നിങ്ങള്‍ ചെയ്യാത്തത്

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്‌വാന്‍ അനുമതി കിട്ടിയാല്‍ കൊള്ളാമെന്നു ആഗ്രഹം പ്രകടിപ്പിക്കപ്പെടുകയും, യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍ ചിലര്‍ക്കതു അസഹ്യമായിത്തോന്നുകയും ചെയ്ത സന്ദര്‍ഭത്തിലാണു ഈ വചനങ്ങള്‍ അവതരിച്ചതെന്നാണ് അധിക മുഫസ്സിറുകളും പറയുന്നത്. ചില രിവായത്തുകളും ഇതുസംബന്ധിച്ചു വന്നിട്ടുണ്ട്. അടുത്ത വചനം ഇതിനു പിന്‍ബലം നല്‍കുന്നതും കാണാം. അവതരിച്ച സന്ദര്‍ഭം ഏതായാലും അതിലെ ആശയം സ്പഷ്ടമായതും ഗൗരവമേറിയതുമായ ഒരു പൊതുതത്വം ആകുന്നു. വാഗ്ദത്തമായിട്ടോ, ശപഥംമുഖേനയോ, നേര്‍ച്ചാരൂപത്തിലോ – എങ്ങിനെയായാലും ശരി – നല്ല കാര്യങ്ങള്‍ ചെയ്യാമെന്നു വായകൊണ്ടു പറഞ്ഞാല്‍ അതു പ്രവൃത്തിയില്‍ വരുത്തല്‍ ആ പറഞ്ഞ ആളുകളുടെ കടമയത്രെ. ചെയ്‌വാന്‍ തയ്യാറില്ലാത്തകാര്യം ചെയ്തുകൊള്ളാമെന്നു പറയല്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച ക്രോധകരമായതാണ്. അല്ലാഹുവിന്റെ ക്രോധത്തിനു കാരണമായ ഏതു കാര്യവും കുറ്റകരമാണെന്നു പറയേണ്ടതില്ലല്ലോ.

‘കപടവിശ്വാസിയുടെ (മുനാഫിഖിന്‍റെ) അടയാളം മൂന്നെണ്ണമാണ്. അവന്‍ വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വര്‍ത്തമാനം പറഞ്ഞാല്‍ കളവു പറയും, വിശ്വസിക്കപ്പെട്ടാല്‍ ചതിക്കും’ (ബു.മു.) എന്ന നബിവചനം പ്രസിദ്ധമാണല്ലോ. മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു : ‘നാലുകാര്യങ്ങള്‍ ഏതൊരുവനില്‍ ഉണ്ടായോ അവന്‍, തനി കപടവിശ്വാസിയാകുന്നു. അവയില്‍ ഒന്നു ആരിലെങ്കിലും ഉണ്ടായിരുന്നാല്‍ അതവന്‍ ഉപേക്ഷിക്കുന്നതുവരേക്കും കാപട്യത്തിന്‍റെ ഒരു കാര്യം അവനില്‍ ഉണ്ടായിരിക്കും. വിശ്വസിക്കപ്പെട്ടാല്‍ ചതിക്കുക, വര്‍ത്തമാനം പറഞ്ഞാല്‍ കളവു പറയുക, ഉടമ്പടി ചെയ്‌താല്‍ വഞ്ചിക്കുക, പിണങ്ങിയാല്‍ തോന്നിയവാസം പ്രവര്‍ത്തിക്കുക.'(ബു.മു). ആമിറുബ്നു റബീഅഃ (عامر بن ربيعة – رض) പറയുകയാണ്: ‘ഞാന്‍ കുട്ടിയായിരുന്ന കാലത്തു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളുടെ അടുക്കല്‍ വരുകയുണ്ടായി. ഞാന്‍ കളിക്കുവാന്‍ പോയപ്പോള്‍ എന്‍റെ ഉമ്മ എന്നോടു പറഞ്ഞു: ‘ഇങ്ങോട്ടുവാ, ഞാന്‍ നിനക്കു തരാം.’ ഇതുകേട്ടപ്പോള്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ചോദിച്ചു: ’എന്താണ് നിങ്ങള്‍ അവനു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്?’  അവര്‍ പറഞ്ഞു: ’കാരക്ക’ അപ്പോള്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു ‘’എന്നാല്‍, അങ്ങിനെ ചെയ്തില്ലെങ്കില്‍ അതു നിങ്ങളുടെ പേരില്‍ ഒരു കളവായി രേഖപ്പെടുത്തപ്പെടുമായിരുന്നു.’ (അ). പ്രവര്‍ത്തനത്തില്‍ വരുത്തുവാനുദ്ദേശിക്കാത്ത വാക്കുകളുടെ ഗൗരവം ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.

61:4
 • إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّا كَأَنَّهُم بُنْيَـٰنٌ مَّرْصُوصٌ ﴾٤﴿
 • നിശ്ചയമായും അല്ലാഹു, ഓരായം ചേര്‍ത്തുണ്ടാക്കപ്പെട്ട ഒരു ഭിത്തി എന്നോണം ഒരു അണിയായി അവന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു.
 • إِنَّ اللَّـهَ നിശ്ചമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു الَّذِينَ يُقَاتِلُونَ യുദ്ധം ചെയ്യുന്നവരെ فِي سَبِيلِهِ തന്റെ മാര്‍ഗത്തില്‍ صَفًّا ഒരു അണി (നിര)യായി كَأَنَّهُم അവര്‍ ആണെന്നതുപോലെ بُنْيَانٌ ഒരു പടവു (ഭിത്തി -മതില്‍- കെട്ടിടം) مَّرْصُوصٌ ഓരായം ചേര്‍ക്കപ്പെട്ട, ഈയം ഒഴിക്കപ്പെട്ട, ഇടതൂര്‍ക്കപ്പെട്ട

ഇടയ്ക്കു ഒട്ടും വിടവില്ലാതെ, വളവും പുളവുമില്ലാതെ കെട്ടുറപ്പോടുകൂടി അണികെട്ടിനിന്നുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സധീരം ശത്രുക്കളോടു അടരാടുന്ന പടയാളികളെ അല്ലാഹു പ്രശംസിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അണിഉറപ്പിച്ചു നില്‍ക്കുകയെന്നതു കേവലം ഒരു പട്ടാളച്ചിട്ട മാത്രമല്ല, ശത്രുവിന്റെ പരാജയത്തിനു അത്യന്താപേക്ഷിതവുമാണ്. സംഘമായി നമസ്കരിക്കുമ്പോള്‍പോലും അണികള്‍ അപ്രകാരം ആയിരിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും വളരെയധികം നിഷ്കര്‍ഷിച്ചിരുന്നു. അതുപോലെത്തന്നെ, ഒരു വരി ശരിക്കും പൂര്‍ത്തിയായ ശേഷമേ അടുത്ത വരി പൂര്‍ത്തിയാക്കാവൂ എന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൽപിച്ചിരുന്നു. തിരുമേനി ഇങ്ങിനെ താക്കീതും ചെയ്തിട്ടുണ്ട്.

لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللَّه بيْنَ وجُوهكُمْ – متفق

(നിങ്ങള്‍ നിങ്ങളുടെ അണികളെ ശരിപ്പെടുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ അല്ലാഹു ഭിന്നിപ്പുണ്ടാക്കും . (ബു.മു.). അഥവാ നിങ്ങളുടെ ഉദ്ദേശങ്ങളിലും ഗതികളിലും അനൈക്യം സംഭവിക്കും എന്നു താല്‍പര്യം. ഇന്നു നമ്മുടെ സ്ഥിതിയോ? നമസ്കരിക്കുവാന്‍ നില്‍ക്കുമ്പോള്‍ അണിയൊപ്പിച്ചു നില്‍ക്കലും, തൊട്ടുതൊട്ടു നില്‍ക്കലുമെല്ലാം തീരെ അവഗണിക്കപ്പെട്ടിരിക്കയാണ്. ചിലര്‍ക്കതു തങ്ങളുടെ പരിഷ്കാരത്തിനു യോജിക്കാത്തതായും, മറ്റു ചിലര്‍ക്കു തങ്ങളുടെ അന്തസ്സിനു നിരക്കാത്തതായും തോന്നുകയാണ്! ഇതിന്റെ ഫലം – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീതുചെയ്ത അതേ അവസ്ഥ – നാം അനുഭവിച്ചു കൊണ്ടിരിക്കയും ചെയ്യുന്നു. മുസ്‌ലിംകളുടെ അഭ്യന്തരകാര്യങ്ങളിലാകട്ടെ, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള സമീപനങ്ങളിലാകട്ടെ, പരസ്പരം യോജിച്ചു വല്ലതും പ്രവര്‍ത്തിക്കുവാനുള്ള ആഗ്രഹമോ, സാധ്യതയോ ഇല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. ഒട്ടും വിഷമംകൂടാതെ നിര്‍വ്വഹിക്കാവുന്ന ഇക്കാര്യം – നമസ്കാരത്തില്‍ അണിശരിപ്പെടുത്തല്‍ – പോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്രയോ ഊന്നിപ്പറഞ്ഞിട്ടുകൂടി – ഗൗനിക്കാത്തവര്‍ സമരാങ്കണത്തില്‍ ശത്രുക്കളുടെ മുമ്പാകെ എങ്ങിനെ അണി ശരിപ്പെടുത്തുവാനാണ്?! و الى الله المشتكى

61:5
 • وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ ﴾٥﴿
 • മൂസാ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'എന്റെ ജനങ്ങളെ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കു അല്ലാഹുവിന്റെ റസൂലാണെന്നു നിങ്ങള്‍ക്കു അറിയാമല്ലോ!അങ്ങനെ അവര്‍ (നേര്‍മാര്‍ഗം) തെറ്റിയപ്പോള്‍ , അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍ന്നടപ്പുകാരായ ജനതയെ സന്മാര്‍ഗത്തിലാക്കുന്നതുമല്ല.
 • وَإِذْ قَالَ مُوسَىٰ മൂസാ പറഞ്ഞപ്പോള്‍ لِقَوْمِهِ തന്റെ ജനതയോടു يَا قَوْمِ എന്റെ ജനങ്ങളേ لِمَ تُؤْذُونَنِي എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്, സ്വൈരം കെടുത്തുന്നു وَقَد تَّعْلَمُونَ നിങ്ങള്‍ക്കറിയാമല്ലോ أَنِّي رَسُولُ اللَّـهِ ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു إِلَيْكُمْ നിങ്ങളിലേക്കു فَلَمَّا زَاغُوا അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ أَزَاغَ اللَّـهُ അല്ലാഹു തെറ്റിച്ചു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ وَاللَّـهُ അല്ലാഹുവാകട്ടെ لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (നേര്‍മാര്‍ഗം കാണിക്കുക)യില്ല الْقَوْمَ الْفَاسِقِينَ ദുര്‍ന്നടപ്പുകാരായ (തോന്നിയവാസികളായ) ജനതക്കു

മൂസാ (عليه السلام) നബിയെ ഇസ്രാഈല്യര്‍ ദ്രോഹിച്ചതിനും സ്വൈര്യം കെടുത്തിയതിനും പല ഉദാഹരണങ്ങളും ഖുര്‍ആനില്‍ തന്നെ കാണാവുന്നതാണ്. തീഹു വനാന്തരത്തില്‍വെച്ചു അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട ഫലസ്തീനില്‍ പ്രവേശിക്കുവാന്‍ അദ്ദേഹം കല്‍പിച്ചപ്പോള്‍ അവിടെ ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവരുമെന്നു കണ്ടതുകൊണ്ട് അവര്‍ വിസമ്മതിച്ചു. അവിടെ വമ്പന്മാരായ ഒരു ജനതയാണുള്ളത്. അവര്‍ അവിടെനിന്നു പോയല്ലാതെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല എന്നു അവര്‍ പറഞ്ഞു. മാത്രമോ? വേണമെങ്കില്‍ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക; ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ് فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ എന്നുവരെ അവര്‍ തുറന്നുപറഞ്ഞു. ഒടുക്കം മൂസാ (عليه السلام) ദുആ ചെയ്തു. ‘റബ്ബേ! എന്റെ ദേഹത്തെയും എന്റെ സഹോദരനെയുമല്ലാതെ ഞാന്‍ അധീനമാക്കുന്നില്ല. അതുകൊണ്ടു ഞങ്ങള്‍ക്കും ദുര്‍ന്നടപ്പുകാരായ ജനതക്കുമിടയില്‍ നീ വേര്‍പ്പെടുത്തണേ!’ (رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي) ഈ രംഗം ഒന്നു ആലോചിക്കുക! ഏറേത്താമസിയാതെ ആ പ്രവാചകവര്യന്‍ കാലഗതി പ്രാപിച്ചു. ആ ജനതയാകട്ടെ നാല്‍പതുകൊല്ലം ആ വനാന്തരത്തില്‍ വട്ടം കറങ്ങേണ്ടിയും വന്നു. ഇസ്രാഈല്യര്‍ മൂസാ (عليه السلام) നബിയോടു ചെയ്തതുപോലെ നിങ്ങള്‍ നിങ്ങളുടെ നബിയോടു അനുവര്‍ത്തിക്കെരുതെന്നു മുസ്‌ലിംകളോടുള്ള താക്കീതാണ് ഈ വചനം. അടുത്ത വചനത്തില്‍, ഈസാ (عليه السلام) നബിയുടെ ജനത സ്വീകരിച്ച നയം സ്വീകരിക്കരുതെന്നും സൂചിപ്പിക്കുന്നത് കാണാം.

61:6
 • وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يَـٰبَنِىٓ إِسْرَٰٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَمُبَشِّرًۢا بِرَسُولٍ يَأْتِى مِنۢ بَعْدِى ٱسْمُهُۥٓ أَحْمَدُ ۖ فَلَمَّا جَآءَهُم بِٱلْبَيِّنَـٰتِ قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ ﴾٦﴿
 • മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഇസ്രാഈല്‍ സന്തതികളേ, നിശ്ചയമായും ഞാന്‍, നിങ്ങളിലേക്കു അല്ലാഹുവിന്റെ റസൂലാകുന്നു; തൗറാത്താകുന്ന എന്റെ മുമ്പിലുള്ളതിനെ [വേദഗ്രന്ഥത്തെ] സത്യമാ(ക്കി ശരിവെ)ക്കുന്നവനായിക്കൊണ്ടും, എന്റെശേഷം വരുന്നതായ, 'അഹ്മദ്' [അധികം സ്തുതിയുള്ളവന്‍] എന്നു പേരുള്ള ഒരു റസൂലിനെക്കുറിച്ചു സുവിശേഷം അറിയിക്കുന്നവനായിക്കൊണ്ടും (നിയോഗിക്കപ്പെട്ടവനാണ്).അങ്ങനെ, അദ്ദേഹം വ്യക്തമായ തെളിവുകളുമായി അവരില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: 'ഇതു (തനി) സ്പഷ്ടമായ ജാലമാണു' എന്നു!
 • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം عِيسَى ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ يَا بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ إِنِّي رَسُولُ اللَّـهِ നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്‌ إِلَيْكُم നിങ്ങളിലേക്കു مُّصَدِّقًا സത്യമാക്കുന്ന (ശരിവെക്കുന്ന) വനായിക്കൊണ്ടു لِّمَا بَيْنَ يَدَيَّ എന്റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന, തൗറാത്തില്‍നിന്നും وَمُبَشِّرًا സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവനായും بِرَسُولٍ ഒരു റസൂലിനെക്കുറിച്ചു يَأْتِي വരുന്ന, അദ്ദേഹം വരും مِن بَعْدِي എന്റെ ശേഷം اسْمُهُ അദ്ദേഹത്തിന്റെ പേര്‍ أَحْمَدُ അഹ്മദു (അധികം സ്തുതിയുള്ളവന്‍) എന്നാണ് فَلَمَّا جَاءَهُم എന്നിട്ടു അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ സ്പഷ്ടമായ (തനി)

ഈസാ (عليه السلام) നബിയുടെ ദൗത്യോദ്ദേശ്യങ്ങളില്‍ പ്രധാനമായ രണ്ടു കാര്യങ്ങളാണ് അദ്ദേഹം തന്റെ ജനതയായ ഇസ്രാഈല്യരെ അറിയിക്കുന്നത്. (1) അദ്ദേഹത്തിന്റെ മുമ്പു അവതരിച്ചതും, തന്റെ മുന്നില്‍ നിലവിലുള്ളതുമായ തൗറാത്തിന്റെ സത്യത സ്ഥാപിക്കുകയും, ശരിവെക്കുകയും ചെയ്യുക. അഥവാ അതിന്റെ നിയമങ്ങള്‍ നടപ്പില്‍ വരുത്തുക.

(2) തന്റെ ശേഷം അഹ്മദു എന്നു പേരുള്ള ഒരു റസൂല്‍ വരാനിരിക്കുന്നുവെന്ന സുവിശേഷം അറിയിക്കുക. അഥവാ ആ റസൂലിനെ അനുസരിക്കുവാന്‍ ജനങ്ങളെ സജ്ജമാക്കുക. ഈസാ (عليه السلام) ഒരു പുതിയ നിയമ സംഹിതകൊണ്ടു വന്നിട്ടില്ലെന്നും, അദ്ദേഹം തൗറാത്തിന്റെ നിയമ വ്യവസ്ഥകളെ അനുകരിക്കുകയാണ് ചെയ്തതെന്നും ഇതില്‍ നിന്നു വ്യക്തമാണ്. അദ്ദേഹം കൊണ്ടുവന്ന വേദഗ്രന്ഥമായ ‘ഇഞ്ചീലാ’കട്ടെ, ഉപദേശങ്ങളുടെയും സുവിശേഷങ്ങളുടെയും സമാഹാരവുമാകുന്നു. ‘ഇഞ്ചീല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘സുവിശേഷം’ എന്നത്രെ, ഈ വസ്തുത ബൈബ്ളും സമ്മതിക്കുന്നതാണ്. അതില്‍ ഇങ്ങിനെ പറയുന്നു : ‘ഞാന്‍ ന്യായപ്രമാണത്തെയോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നിരിക്കുന്നത്. (മത്തായി 5:17)

എനി, ഈസാ (عليه السلام) നബിയുടെ ശേഷം വരാനിരിക്കുന്ന ‘അഹ്മദു’ എന്ന റസൂലിനെക്കുറിച്ചാണ് പരിശോധിക്കുവാനുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ജൂബൈറുബ്നുമുത്വ്ഇം (جبير ابن مطئم) വഴി ബുഖാരി (റ) ഉദ്ധരിക്കുന്നു : ‘എനിക്കു പല പേരുകള്‍ ഉണ്ട്. ഞാന്‍ ‘മുഹമ്മദാണ്’ (അധികമായി സ്തുതിക്കപ്പെടുന്നവനാണ്) ഞാന്‍ അഹ്മദു’ മാണ് (അധികം സ്തുതിയുള്ളവനാണ്). ഞാന്‍ ‘മാഹീ’യുമാണ്‌ (മായിച്ചു കളയുന്നവനാണ്). എന്നെക്കൊണ്ടു അല്ലാഹു അവിശ്വാസത്തെ മായിച്ചുകളയുന്നു.

(إنَّ لي أسْماءً، أنا مُحَمَّدٌ، وأنا أحْمَدُ، وأنا الماحِي الذي يَمْحُو اللَّهُ بيَ الكُفْرَ) (البخارى)

ഇതില്‍നിന്നു അഹ്മദു എന്ന് പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉദ്ദേശിച്ചുതന്നെയാണെന്നു മനസ്സിലാക്കാമല്ലോ. ഈസാ (عليه السلام) നബിക്കും തിരുമേനിക്കുമിടയില്‍ വേറൊരു റസൂല്‍ വന്നിട്ടുള്ളതായി അറിയപ്പെട്ടിട്ടില്ലതാനും. തിരുമേനിയാണെങ്കില്‍ അന്ത്യപ്രവാചകനുമാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തെപ്പറ്റി ഈസാ (عليه السلام) നല്‍കിയ സുവിശേഷങ്ങള്‍ അതേപടി ഇന്നത്തെ ഇഞ്ചീലുകളില്‍ കാണപ്പെടുവാന്‍ ന്യായമില്ല. കാരണം, യഥാര്‍ത്ഥ ഇഞ്ചീല്‍ ഇന്നു നിലവിലില്ലെന്നു പരക്കെ അറിയപ്പെട്ടതാണ്. കൈകടത്തപ്പെട്ട ഇഞ്ചീലുകളിലാകട്ടെ, ഏറ്റവുമധികം കൈകടത്തലിനു വിധേയമായ വിഷയം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിക്കുന്നവയാണുതാനും. എന്നിരുന്നാലും ഖുര്‍ആന്റെ ഈ പ്രസ്താവനയെ ശരിവെക്കുന്നതും നിഷ്പക്ഷമതികള്‍ക്കു മനസ്സിലാക്കുവാന്‍ ഉതകുന്നതുമായ ചില അവശിഷ്ടങ്ങള്‍ ഇന്നത്തെ ഇഞ്ചീലുകളില്‍പോലും കാണാവുന്നതാകുന്നു. ചില ഉദാഹരണങ്ങള്‍ നോക്കുക :-

(1) യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ (ഇഞ്ചീലില്‍) യേശു പറഞ്ഞതായി പറയുന്നു; ‘…എന്നാല്‍ ഞാന്‍ പിതാവിനോടു (ദൈവത്തോടു) ചോദിക്കും. അവന്‍ ‘സത്യത്തിന്റെ ആത്മാവ്’ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും…’ (14:16) ‘പരിശുദ്ധാത്മാവു’ എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും, ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.’ (14:26) ‘…നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന ‘സത്യാത്മാവു’ വരുമ്പോള്‍ അവന്‍ എന്നെക്കുറിചു സാക്ഷ്യം പറയും.; (15:26) ‘…ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനം : ഞാന്‍ പോകാഞ്ഞാല്‍ ‘കാര്യസ്ഥന്‍’ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും.’ (16:7-8) ലോകത്തു ഇപ്പറഞ്ഞപ്രകാരം ബോധം വരുത്തിയ ‘കാര്യസ്ഥന്‍’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയല്ലാതെ മറ്റാരാണ്‌?! ആലോചിച്ചുനോക്കുക, യോഹന്നാന്‍ വീണ്ടും തുടരുന്നു : ‘ഇനിയും വളരെ നിങ്ങളോടു പറവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ, താന്‍ കേള്‍ക്കുന്നതു സംസാരിക്കയും, വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചു തരികയും ചെയ്യും… (16: 12-13). ഈ ഒടുവിലത്തെ വാക്യങ്ങള്‍ സൂ: നജ്മിലെ 3ഉം 4ഉം വചനങ്ങളിലെ ആശയമത്രെ.

ക്രി. 1844 ല്‍ ലണ്ടനില്‍ അച്ചടിച്ച ഇഞ്ചീലിന്റെ ഇംഗ്ലീഷ് പതിപ്പില്‍ ‘സത്യത്തിന്റെ ആത്മാവ്’ എന്ന വാക്കിനു പകരം ‘പാറഖലീത്ത’ (Paraclete = فار قليط ) എന്നായിരുന്നു. ഇതു യുനാനി (ഗ്രീക്ക്) പദമാണ്. ഇഞ്ചീലിന്റെ അറബി പതിപ്പുകളില്‍ ഈ പദം സുലഭമാകുന്നു. ഈ വാക്കിന് ‘ആശ്വാസം നല്‍കുന്നവന്‍, ആശ്വാസപ്രദന്‍, കാര്യദര്‍ശി’ എന്നൊക്കെയാണ് അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത്. ഈ വാക്കിനോടു അക്ഷരാര്‍ത്ഥങ്ങളില്‍ സാദൃശ്യമുള്ള മറ്റൊരു വാക്കാണ്‌ ‘പീറഖലീത്ത’ (Periclyte = بير قليوس او بيرقليط ) ‘മഹാന്‍, വിശ്രുതന്‍, ഉന്നതന്‍’ എന്നൊക്കെ ഇതിനു അര്‍ത്ഥം വരുന്നു. ‘മുഹമ്മദു, അഹ്മദു, മഹ്മൂദ്’ എന്നീ വാക്കുകളുമായി അര്‍ത്ഥസാദൃശ്യമുള്ളവയാണ് ഇതെല്ലാം. ഈസാ (عليه السلام) ഉപയോഗിച്ച യഥാര്‍ത്ഥ വാക്കു ഏതായിരുന്നുവെന്നു അല്ലാഹുവിനറിയാം. അദ്ദേഹം ഹിബ്രു (Hebrew = العبرية) വായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞ സാക്ഷാല്‍ വാക്കിനു വിവിധ ഭാഷകളിലുള്ള പരിഭാഷകളുടെ കര്‍ത്താക്കളും, ഇഞ്ചീലുകളുടെ കര്‍ത്താക്കളും – അറിഞ്ഞോ അറിയാതെയോ – എന്തെല്ലാം അര്‍ത്ഥവ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നു നമ്മുക്കറിഞ്ഞുകൂടാ. എങ്കിലും, കുറെ മാറ്റതിരുത്തങ്ങള്‍ വന്നിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. അല്ലാത്തപക്ഷം, ഒരേ വിഷയത്തില്‍തന്നെ ഇഞ്ചീലുകള്‍ പരസ്പരവിരുദ്ധമായ വിവരണം നല്കുകയില്ലല്ലോ. ലൂക്കോസിന്റെ ഇഞ്ചീലിന്റെ ആരംഭംതന്നെ ഇതു തെളിയിക്കുന്നു. ‘നമ്മുടെ ഇടയില്‍ പ്രമാണിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചു പലരും ചരിത്രം എഴുതാന്‍ തുനിഞ്ഞിരിക്കക്കൊണ്ടാണ് തനിക്കു ഇതു ക്രമമായി എഴുതുവാന്‍ തോന്നിയത് എന്ന് അദ്ദേഹം അതില്‍ തുറന്നു പറഞ്ഞിരിക്കുന്നു. (ലൂക്കോസ് 1:2-4 നോക്കുക)

മേല്‍ കാണിച്ച فار قليط എന്ന ഹിബ്രുപദത്തിന്റെ സ്ഥാനത്തു ബൈബിളിന്റെ മലയാള വിവര്‍ത്തനങ്ങളില്‍ ഉള്ളതു ‘ആശ്വാസപ്രദന്‍, സത്യത്തിന്റെ കാര്യസ്ഥന്‍’ തുടങ്ങിയ വാക്കുകളാണ്. ഇംഗ്ലീഷു ബൈബ്ളുകളിലാകട്ടെ, ‘Comforter, Advocate’ എന്നിവയും, അറബിപ്പതിപ്പുകളില്‍ معرى,محاج എന്നും മറ്റും കാണാം. ഈ വാക്കുകളുടെ മുമ്പും പിമ്പും പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമ്പോഴും ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചാണ് ആ വാക്കു ഉപയോഗിച്ചതെന്നു മനസ്സിലാകുന്നതാണ്. ചുരുക്കത്തില്‍ ഈസാ (عليه السلام) സുവിശേഷം അറിയിച്ച ആളെക്കുറിച്ചു അദ്ദേഹം ഉപയോഗിച്ച യഥാര്‍ത്ഥ വാക്കു ഇഞ്ചീലിന്റെ കര്‍ത്താക്കള്‍ മാറ്റി വെച്ചിട്ടുണ്ടെന്നു തീര്‍ത്തുപറയാം.

ക്രിസ്തീയ ചര്‍ച്ചുകള്‍ അംഗീകരിച്ച ഒരു വേദപുസ്തകമാണ് പഴയനിയമത്തിലെ ഹഗ്ഗായി. അതില്‍ ഇങ്ങിനെ കാണാം. ‘ഞാന്‍ ആകാശത്തെയും, ഭൂമിയെയും, കടലിനെയും, കരയെയും ഇളക്കും. ഞാന്‍ സകലജാതികളെയും ഇളക്കും. സകലജാതികളുടെയും ‘മനോഹരവസ്തു’ വരികയും ചെയ്യും… എന്നു സൈന്യങ്ങളുടെ യഹോവ (ദൈവം) അരുളിചെയ്യുന്നു.’ (ഹഗ്ഗായി, 2; 6-7) ‘ഇളക്കം’ എന്നതിന്റെ സ്ഥാനത്തു അറബി പതിപ്പുകളില്‍ ازلزل (വിറകൊള്ളിക്കും) എന്നും, ‘മനോഹര വസ്തു’വിന്റെ സ്ഥാനത്തു مشتهي (കാമ്യമായതു, മോഹിക്കപ്പെട്ടതു) എന്നുമാകുന്നു.

ഈ വാക്കു അഹ്മദു എന്ന വാക്കുമായി ആശയത്തില്‍ യോജിപ്പുണ്ട്. ഹിബ്രുഭാഷയില്‍ ഈ സ്ഥാനത്തു നല്‍കപ്പെടുന്ന വാക്കു ‘അഹ്മദു’ എന്നതിനോടു രൂപസാദൃശ്യമുള്ളതുമാകുന്നു. പഴയ നിയമത്തില്‍പെട്ട ശലോമോന്റെ ഉത്തമഗീതാപുസ്തകത്തില്‍ (5:16ല്‍) ‘അവന്‍ സര്‍വ്വാംഗസുന്ദരന്‍’ എന്നാണ് മലയാളപ്പതിപ്പിലുള്ളതെങ്കില്‍, അറബിപ്പതിപ്പുകളില്‍ وكله مشتهيات (അവന്റെ സര്‍വ്വവും കാമ്യമാണ്) എന്നാണ്. ഹിബ്രുവില്‍ ഈ സ്ഥാനത്തുള്ളതാകട്ടെ : ‘മഹമദ്ദീം’ (محمديم) എന്നുമാകുന്നു. ‘ഹംദു’ (حمد) എന്ന ധാതുവില്‍നിന്നുള്ളതും അര്‍ത്ഥത്തില്‍ പരസ്പരം യോജിപ്പുള്ളതുമായ ‘അഹ്മദു, മുഹമ്മദു, മഹ്മൂദു’ എന്നിവപോലെ ഹിബ്രുഭാഷയിലുള്ള ഒരു രൂപ ഭേദമാണിതെന്നേ വിചാരിക്കാന്‍ തരമുളളു. ഇത്രയും പറഞ്ഞതില്‍ നിന്നു ഈസാ (عليه السلام) നബിയുടെ സുവിശേഷവാര്‍ത്ത മുമ്പ് ഇഞ്ചീലില്‍ ഉണ്ടായിരുന്നു വെന്നും, പിന്നീടതില്‍ കൈകടത്തലുകള്‍ വന്നിട്ടുണ്ടെന്നും, എങ്കില്‍കൂടി അതിന്‍റെ അടയാളമായി ചിലതെല്ലാം ഇന്നും അവശേഷിക്കുന്നുണ്ടെന്നും ഗ്രഹിക്കാമല്ലോ.

فَلَمَّا جَآءَهُم بِٱلْبَيِّنَٰتِ قَالُواْ هَٰذَا سِحْرٌ مُّبِينٌ (അങ്ങനെ, അദ്ദേഹം അവര്‍ക്കു വ്യക്തമായ തെളിവുകളുമായി വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലമാണു എന്ന്). ‘അദ്ദേഹം’ എന്ന സര്‍വനാമം ഈസാ (عليه السلام) സുവിശേഷം നല്‍കിയ ആ റസൂലിനെ- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ-ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. ‘അവര്‍’ എന്നതുകൊണ്ടുദ്ദേശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ജനതയുമായിരിക്കും. ‘അദ്ദേഹം’ എന്നു പറഞ്ഞതു ഈസാ (عليه السلام) നബിയും ‘അവര്‍’ എന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ജനതയും ആയിരിക്കുന്നതിനും വിരോധമില്ല. الله اعلم

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അന്ത്യപ്രവാചകനാണെന്ന ഇസ്‌ലാമിന്റെ മൗലികതത്വം സ്വീകരിക്കാത്തവരും, ‘ഖാദിയാനി’കള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുമായ ചില അഹ്മദീയാ മതക്കാര്‍ ഈ ആയത്തില്‍ പ്രസ്താവിക്കപ്പെട്ട ‘അഹ്മദ്’ തങ്ങള്‍ പ്രവാചകനായി സ്വീകരിച്ച മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയാണെന്നു വാദിക്കാറുണ്ട്. പ്രവാചകത്വ സമാപ്തിയില്‍ വിശ്വാസിക്കാത്തതില്‍നിന്നു ഉടലെടുത്ത അവരുടെ അനേക വ്യാജവാദങ്ങളില്‍ ഒന്നു മാത്രമാണിത്. ഇവരുടെ വാദങ്ങളെക്കുറിച്ചു സൂഃഅഹ്സാബില്‍ നാം സംസാരിച്ചിട്ടുണ്ട്.

61:7
 • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰٓ إِلَى ٱلْإِسْلَـٰمِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٧﴿
 • അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നവനേക്കാള്‍ അക്രമി ആരുണ്ടു. അവനാകട്ടെ, ഇസ്‌ലാമിലേക്കു ക്ഷണിക്കപ്പെടുകയും ചെയ്യുന്നു (എന്നിട്ടും)?! അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
 • وَمَنْ أَظْلَمُ ആരാണ് ഏറ്റവും അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ الْكَذِبَ വ്യാജം, കളവു وَهُوَ അവനാകട്ടെ يُدْعَىٰ ക്ഷണിക്കപ്പെടുന്നു إِلَى الْإِسْلَامِ ഇസ്‌ലാമിലേക്കു وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനങ്ങളെ
61:8
 • يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَـٰفِرُونَ ﴾٨﴿
 • തങ്ങളുടെ വായകൊണ്ടു അല്ലാഹുവിന്റെ പ്രകാശം കെടുത്തികളയുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനുമാണ് - അവിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
 • يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു لِيُطْفِئُوا അവര്‍ കെടുത്തുകളയുവാന്‍ نُورَ اللَّـهِ അല്ലാഹുവിന്റെ പ്രകാശത്തെ بِأَفْوَاهِهِمْ അവരുടെ വായകള്‍കൊണ്ടു وَاللَّـهُ അല്ലാഹുവാകട്ടെ مُتِمُّ نُورِهِ തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുന്നവനാണ് وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْكَافِرُونَ അവിശ്വാസികള്‍
61:9
 • هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ ﴾٩﴿
 • അവനത്രെ, തന്റെ റസൂലിനെ മാര്‍ഗദര്‍ശനവും, യഥാര്‍ത്ഥമതവും കൊണ്ട് അയച്ചിട്ടുള്ളവന്‍, എല്ലാ മതത്തെക്കാളും അതിനെ (വിജയിപ്പിച്ചു) പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി; ബഹുദൈവ വിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
 • هُوَ الَّذِي അവന്‍ യാതൊരുവനത്രെ أَرْسَلَ അയച്ച, നിയോഗിച്ച رَسُولَهُ തന്റെ റസൂലിനെ بِالْهُدَىٰ സന്‍മാര്‍ഗവും കൊണ്ടു وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ)മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍വേണ്ടി عَلَى الدِّينِ كُلِّهِ എല്ലാ മതത്തെക്കാളും, മതത്തിനു മീതെയും وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْمُشْرِكُونَ ബഹുദൈവവിശ്വാസികള്‍

ഈ പ്രവചനം ഇവിടെ മാത്രമല്ല, സൂ: തൗബഃ 32, 33ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യവിഷയങ്ങളുമാണ് അല്ലാഹുവിന്റെ പ്രകാശംകൊണ്ടു വിവക്ഷ. അതിനെ വായകൊണ്ടു ഊതിക്കെടുക്കുവാനോ, ദുരാരോപണങ്ങളും അപവാദങ്ങളും വഴി കെടുത്തിക്കളയുവാനോ ആര്‍ക്കും സാധ്യമല്ല. ലക്ഷ്യങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും ദൃഢത, പ്രമാണങ്ങളുടെ സ്വീകാര്യത, വിശുദ്ധ ഖുര്‍ആന്റെ സുരക്ഷത, അതിന്റെ സത്യത, ന്യായത, വ്യക്തത എന്നിവമൂലം മറ്റേതു മതത്തേക്കാളും അതു മികച്ചുകൊണ്ടു തന്നെയിരിക്കും. ലോകമുള്ള കാലത്തോളം സത്യനിഷേധികളും എതിരാളികളും അതിന്നുണ്ടായേക്കാം. അവരുടെ പ്രതിഷേധമോ അമര്‍ഷമോ അതിന്നൊരിക്കലും പ്രതിബന്ധമായിരിക്കയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിട്ടുള്ളതുപോലെ, ഒരു വിഭാഗം ആളുകളെങ്കിലും അതിന്റെ യഥാര്‍ത്ഥ അനുയായികളായി ലോകാവസാനംവരെ ശേഷിക്കാതിരിക്കയുമില്ല.  (كمافي البخاري ومسلم)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തെക്കുറിച്ചു പറയുകയാണെങ്കില്‍, ശിര്‍ക്കിന്റെയും, കുഫ്റിന്റെയും ആള്‍ക്കാരെല്ലാം ഇസ്‌ലാമിനു വഴങ്ങേണ്ടിവന്ന ചരിത്രം പ്രസിദ്ധമാണ്. ഇസ്‌ലാമല്ലാത്ത ഏതൊരു മതത്തെ എടുത്താലും ആ മതത്തിന്റെ സാക്ഷാല്‍ പ്രമാണമായി അതിന്റെ അനുയായികളെന്നു അവകാശപ്പെടുന്നവര്‍ക്കിടയില്‍ പരിപൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥരേഖ – യാതൊന്നും അതില്‍ കൂട്ടുവാനോ കിഴിക്കുവാനോ ഇല്ലെന്നു അവര്‍ ഏകകണ്ഠമായി സമ്മതിക്കുന്ന ഒരു വേദഗ്രന്ഥം – സമര്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലതന്നെ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്കിടയില്‍ എന്തുതന്നെ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും തങ്ങളുടെ മൂലപ്രമാണം വിശുദ്ധ ഖുര്‍ആനാണെന്നും, അതില്‍ വല്ലതും ചേര്‍ക്കുവാനോ കുറക്കുവാനോ ഇല്ലെന്നുമുള്ള കാര്യത്തില്‍ അവര്‍ എകാഭിപ്രായക്കാരാക്കുന്നു. അപ്പോള്‍, വിശുദ്ധ ഖുര്‍ആന്‍ നിലവിലുള്ള കാലത്തോളം – അതാകട്ടെ, ലോകാവസാനംവരെ നിലനില്‍ക്കുകയും ചെയ്യും – അല്ലാഹുവിന്റെ പ്രകാശം പൊലിയാതെയും, അവന്റെ മതം തിരോധാനം ചെയ്യാതെയും അവശേഷിക്കുകതന്നെ ചെയ്യും.

വിഭാഗം - 2

61:10
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَـٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴾١٠﴿
 • ഹേ, വിശ്വസിച്ചവരേ, വേദനയേറിയ ഒരു ശിക്ഷയില്‍നിന്നു നിങ്ങള്‍ക്കു രക്ഷനല്‍കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ?-
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ تِجَارَةٍ ഒരു കച്ചവട (വ്യാപാര) ത്തെപ്പറ്റി تُنجِيكُم നിങ്ങളെ രക്ഷപ്പെടുത്തുന്ന مِّنْ عَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയില്‍നിന്നു
61:11
 • تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾١١﴿
 • നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. ആയതു നിങ്ങള്‍ക്കു ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാമെങ്കില്‍!
 • تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുക, വിശ്വസിക്കണം بِاللَّـهِ وَرَسُولِهِ അല്ലാഹുവിലും അവന്റെ റസൂലിലും وَتُجَاهِدُونَ നിങ്ങള്‍ സമരം ചെയ്യുകയും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ بِأَمْوَالِكُمْ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടു وَأَنفُسِكُمْ നിങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ്, നല്ലതാണ് إِن كُنتُمْ നിങ്ങള്‍ആകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (വെങ്കില്‍)

61:12
 • يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَمَسَـٰكِنَ طَيِّبَةً فِى جَنَّـٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾١٢﴿
 • (എന്നാല്‍) നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളിലും, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങളിലുള്ള വിശിഷ്ടമായ പാര്‍പ്പിടങ്ങളിലും നിങ്ങളെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതത്രെ, മഹത്തായ ഭാഗ്യം.
 • يَغْفِرْ لَكُمْ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങള്‍ وَيُدْخِلْكُمْ നിങ്ങളെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവി (നദി) കള്‍ وَمَسَاكِنَ പാര്‍പ്പിടങ്ങളിലും طَيِّبَةً വിശിഷ്ടമായ, നല്ല, പരിശുദ്ധമായ فِي جَنَّاتِ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ ذَٰلِكَ അതു, അതത്രെ الْفَوْزُ الْعَظِيمُ വമ്പിച്ചഭാഗ്യം
61:13
 • وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴾١٣﴿
 • മറ്റൊരു കാര്യവും (കൂടി) - അതു നിങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് (അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും, ആസന്നമായ ഒരു വിജയവും! (നബിയേ) സത്യവിശ്വാസികള്‍ക്കു നീ സന്തോഷ വാര്‍ത്ത അറിയിച്ചുകൊള്ളുക.
 • وَأُخْرَىٰ മറ്റൊരു കാര്യവും تُحِبُّونَهَا നിങ്ങളതു ഇഷ്ടപ്പെടും, ഇഷ്ടപ്പെടുന്ന نَصْرٌ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നുള്ള സഹായം وَفَتْحٌ قَرِيبٌ ആസന്നമായ ഒരു വിജയവും وَبَشِّرِ സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിന്റെ പ്രാധാന്യം ആദ്യം ചൂണ്ടിക്കാട്ടി. മൂസാ (عليه السلام) നബിയുടെ ജനതയെപ്പോലെ ഉപദ്രവകാരികളാവരുതെന്നും ഈസാ (عليه السلام) നബിയുടെ ജനതയെപ്പോലെ തെളിവുകളെ നിരാകരിക്കരുതെന്നും തുടര്‍ന്നു ഉപദേശിച്ചു. അതിനുശേഷം സത്യവിശ്വാസികളെ ആ സമരമാകുന്ന വ്യാപാരത്തില്‍ വ്യാപ്തരാകുവാന്‍ ക്ഷണിക്കുകയാണ്. ഈ കച്ചവടത്തിനുള്ള മൂലധനം സത്യവിശ്വാസം. അതിലെ ചരക്കുകള്‍ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സേവനം ചെയ്യലും. അതിന്റെ നേട്ടമോ ? വേദനയേറിയ നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടലും, പാപം പൊറുത്തുകിട്ടലും, സുഖസമ്പൂര്‍ണ്ണമായ ശാശ്വത സ്വര്‍ഗവും! ഇതെല്ലാം ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളാണല്ലോ. ഈ ജീവിതത്തില്‍ ഈ കച്ചവടം മുഖേനനേട്ടമൊന്നും ഉണ്ടാകാനില്ലേ? ഉണ്ട്. വേറെയും നേട്ടങ്ങളുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെ. അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും താമസംവിനാ ശത്രുക്കള്‍ക്കെതിരില്‍ കൈവരുന്ന വിജയവുമാണത്. ഇതില്‍പരം ഭാഗ്യകരമായ വ്യാപാരം മറ്റെന്തുണ്ട്?! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും സഹാബികള്‍ക്കും മാത്രമല്ല, സത്യവിശ്വാസികള്‍ ഏതെല്ലാം കാലത്തു വിശ്വാസപൂര്‍വ്വം ഈ കച്ചവടത്തില്‍ വ്യാപൃതരായിട്ടുണ്ടോ അക്കാലത്തെല്ലാം അവര്‍ക്കു അല്ലാഹുവിന്റെ സഹായവും, വിജയവും ലഭിച്ചിട്ടുണ്ടുതാനും. ഭാവിവാഗ്ദാനങ്ങള്‍ പരലോകത്തുവെച്ചു അവര്‍ക്കു ലഭിക്കുകയും ചെയ്യും. കര്‍മ്മങ്ങളില്‍വെച്ചു അല്ലാഹുവിങ്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണെന്നു അന്വേഷിച്ച ചില സഹാബികള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തു ഓതികേള്‍പ്പിക്കുകയുണ്ടായെന്നു ഹദീസില്‍ വന്നിരിക്കുന്നു (അ;തി.) അല്ലാഹു നമുക്കു തൗഫീഖു നല്‍കട്ടെ. ആമീന്‍.

61:14
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَـٰهِرِينَ ﴾١٤﴿
 • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരുവിന്‍; മര്‍യമിന്റെ മകന്‍ ഈസാ 'ഹവാരി' കളോടു; 'അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരാണ് എന്നു പറഞ്ഞതുപോലെ; 'ഹവാരി'കള്‍ പറഞ്ഞു : 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്' എന്ന്‍. [ഇതുപോലെ നിങ്ങളും ആയിരിക്കുവിന്‍.] എന്നിട്ട്, ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു അവരുടെ ശത്രുവിന്നെതിരെ നാം ബലം നല്‍കി; അങ്ങനെ അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ كُونُوا നിങ്ങള്‍ ആയിരിക്കുവിന്‍ أَنصَارَ اللَّـهِ അല്ലാഹുവിന്റെ സഹായികള്‍ كَمَا قَالَ പറഞ്ഞതുപോലെ عِيسَى ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ لِلْحَوَارِيِّينَ ഹവാരികളോടു (ശിഷ്യഗണങ്ങളോടു) مَنْ أَنصَارِي എന്റെ സഹായികള്‍ ആരാണു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു قَالَ الْحَوَارِيُّونَ ഹവാരികള്‍ പറഞ്ഞു نَحْنُ ഞങ്ങള്‍ أَنصَارُ اللَّـهِ അല്ലാഹുവിന്റെ സഹായികളാണു فَآمَنَت എന്നിട്ടു വിശ്വസിച്ചു طَّائِفَةٌ ഒരു വിഭാഗം مِّن بَنِي إِسْرَائِيلَ ഇസ്രാഈല്യരില്‍ നിന്നു وَكَفَرَت അവിശ്വസിക്കയും ചെയ്തു طَّائِفَةٌ ഒരു വിഭാഗം فَأَيَّدْنَا അപ്പോള്‍ നാം ബലപ്പെടുത്തി الَّذِينَ آمَنُوا വിശ്വസിച്ചവരെ عَلَىٰ عَدُوِّهِمْ അവരുടെ ശത്രുക്കളുടെ മേല്‍ (എതിരെ) فَأَصْبَحُوا അങ്ങനെ അവരായിത്തീര്‍ന്നു ظَاهِرِينَ പ്രത്യക്ഷപ്പെട്ടവര്‍, വിജയികള്‍

حَوَارِيِّونَ (‘ഹവാരി’കള്‍) എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം എന്താണെന്നു അല്ലാഹുവിനറിയാം. ‘വസ്ത്രം അലക്കുന്നവര്‍, ഹൃദയം ശുദ്ധീകരിക്കുന്നവര്‍, വേട്ടക്കാര്‍’ എന്നിങ്ങിനെയുള്ള ചില അര്‍ത്ഥങ്ങളും, ആ പേരു വരാനുള്ള ചില കാരണങ്ങളും പലരും പറഞ്ഞു കാണുന്നു. ഒന്നും തിട്ടപ്പെടുത്തുവാന്‍ തെളിവില്ല. ഏതായാലും ഈസാ (عليه السلام) ന്റെ പ്രധാന ശിഷ്യഗണങ്ങളായ പന്ത്രണ്ടുപേരെ ഉദ്ദേശിച്ചാണ് ഈ വാക്കു ഉപയോഗിക്കപ്പെടുന്നതു എന്നതില്‍ തര്‍ക്കമില്ല. ഇവര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രബോധനം അതിവിദൂര രാജ്യങ്ങളിലെല്ലാം എത്തിക്കഴിഞ്ഞത്. അതുകൊണ്ട് ഈസാ (عليه السلام)ന്റെ ദൂതന്‍മാര്‍ എന്നു ഈ വാക്കിനു വിവക്ഷ നല്കപ്പെടുന്നു. ഇവരെക്കുറിച്ചാണ് ‘അപ്പോസ്തലന്മാര്‍’ (Apostles) എന്നു പറയപ്പെടുന്നത്.

ഈസാ നബി (عليه السلام) ജനങ്ങളെ സത്യവിശ്വാസത്തിലേക്കു ക്ഷണിച്ചുകൊണ്ടു ചെയ്ത പ്രസ്താവനകള്‍ ഉദ്ധരിച്ച ശേഷം സൂഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:

فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللَّـهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّـهِ آمَنَّا بِاللَّـهِ وَاشْهَدْ بِأَنَّا مُسْلِمُونَ – ال عمران :٥٢

(സാരം: എന്നിട്ടു, ഈസാക്ക് അവരില്‍നിന്നു അവിശ്വാസം അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ആരാണു അല്ലാഹുവിങ്കലേക്കുള്ള എന്റെ സഹായികള്‍?’ ‘ഹവാരികള്‍’ പറഞ്ഞു : ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്, ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വാസിച്ചിരിക്കുന്നു; ഞങ്ങള്‍ മുസ്‌ലിംകളാണെന്നു താങ്കള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.’ ആലുഇംറാന്‍: 52) ഇതു പോലെ അവിശ്വാസത്തിനെതിരില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗവും സേവനവും ചെയ്‌വാന്‍ നിങ്ങളും സന്നദ്ധരാകണമെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.

എന്നാല്‍, ഈസാ (عليه السلام) നബിയുടെ ദൗത്യം ഇസ്രാഈല്യരില്‍ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചുവെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇവരാണ് -യഹൂദികള്‍- നിഷേധിക്കയാണുണ്ടായത്. വിശ്വസിച്ചവര്‍ അല്ലാഹുവിന്റെ സഹായത്തിനും, അനുഗ്രഹത്തിനും പാത്രമായി. ആത്മീയശക്തി നല്‍കി അല്ലാഹു അവരെ ബലപ്പെടുത്തുകയും എതിരാളികളെ പരാജയപ്പെടുത്തി അവര്‍ക്കു വിജയം നല്‍കുകയും ചെയ്തു. അതുപോലെ, നിങ്ങളും അല്ലാഹുവിനെ – അല്ലാഹുവിന്റെ മതത്തെ – സഹായിച്ചാല്‍ അല്ലാഹു നിങ്ങളെയും സഹായിക്കും, ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളുടെ കാലടികളെ ഉറപ്പിച്ചു വിജയം നല്‍കുകയും ചെയ്യും എന്നു ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ എന്നു താല്‍പര്യം. (إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ)

اللهم اجعلنا ممن نصر الله ورسوله اللهم لك الحمد ولك المنة الفضل