മുംതഹിനഃ (പരീക്ഷിക്കപ്പെടേണ്ടവൾ)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 13 – വിഭാഗം (റുകുഅ്) 2
[ഈ സൂറത്തിനു ‘മുംതഹനഃ’ എന്നും ‘ഇംതിഹാന്‍’ എന്നും പേരുകളുണ്ട്. പേരുകള്‍ക്കാസ്പദമായ കാരണം 10-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം.]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

60:1
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَـٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴾١﴿
  • ഹേ, വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോടു സ്നേഹബന്ധം കാട്ടിക്കൊണ്ടു നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്;- നിങ്ങള്‍ക്കു വന്നെത്തിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണെന്നിരിക്കെ. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍, റസൂലിനെയും, നിങ്ങളെയും അവര്‍ (നാട്ടില്‍നിന്നു) പുറത്താക്കുന്നു. നിങ്ങള്‍, എന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മ) സമരം ചെയ്യുന്നതിനും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (അങ്ങിനെ ചെയ്യരുത്). നിങ്ങള്‍ അവരോടു സ്നേഹബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതും, നിങ്ങള്‍ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എന്നിട്ടും)! നിങ്ങളില്‍നിന്നു ആരെങ്കിലും അതു ചെയ്യുന്നതായാല്‍ തീര്‍ച്ചയായും അവന്‍ നേരായ മാര്‍ഗം (തെറ്റി) പിഴച്ചു പോയി.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تَتَّخِذُوا നിങ്ങള്‍ ആക്കരുതു عَدُوِّي എന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവും أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ تُلْقُونَ നിങ്ങള്‍ ഇട്ടുകൊണ്ടു إِلَيْهِم അവരോടു, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധം, താല്‍പര്യം وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുമുണ്ട്, അവിശ്വസിച്ചിരിക്കെ بِمَا جَاءَكُم നിങ്ങള്‍ക്കു വന്നെത്തിയതില്‍ مِّنَ الْحَقِّ യഥാര്‍ത്ഥമായിട്ടു, സത്യത്തില്‍നിന്നു يُخْرِجُونَ അവര്‍ പുറത്താക്കുന്നു, ബഹിഷ്കരിക്കുന്നു الرَّسُولَ റസൂലിനെ وَإِيَّاكُمْ നിങ്ങളെയും أَن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ بِاللَّـهِ رَبِّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ خَرَجْتُمْ പുറപ്പെട്ടിരിക്കുന്നു (എങ്കില്‍) جِهَادًا സമരത്തിനു فِي سَبِيلِي എന്റെ മാര്‍ഗത്തില്‍ وَابْتِغَاءَ തേടുന്ന (അന്വേഷിക്കുന്ന) തിനും مَرْضَاتِي എന്റെ പ്രീതി, പൊരുത്തം تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നു إِلَيْهِم അവരോടും, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധത്തെ وَأَنَا أَعْلَمُ ഞാന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا أَخْفَيْتُمْ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെച്ചതിനെപ്പറ്റി وَمَا أَعْلَنتُمْ നിങ്ങള്‍ പരസ്യമാക്കിയതിനെയും وَمَن يَفْعَلْهُ ആരെങ്കിലും (വല്ലവനും) അതു ചെയ്യുന്നതായാല്‍ مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു, തെറ്റി سَوَاءَ السَّبِيلِ നേരായ വഴി, ശരിയായ മാര്‍ഗം

ഈ വചനത്തിന്റെ താല്‍പര്യവും, ഇതു അവതരിപ്പിച്ച സന്ദര്‍ഭവും ഇമാം ബുഖാരിയും, മുസ്ലിമും (رحمهما الله) തുടങ്ങിയ മഹാന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവത്തില്‍നിന്നു കൂടുതല്‍ മനസ്സിലാക്കാം. അതിന്റെ സാമാന്യരൂപം ഇപ്രകാരമാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കാവിജയ യാത്രക്കു ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഹാത്വിബ് (حاطب بن ابي بلتعة -رض) എന്നു പേരുള്ള ഒരു സ്വഹാബി മക്കായിലേക്കു പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യക്കത്തു ക്വുറൈശികള്‍ക്കു കൊടുത്തയച്ചു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങോട്ടു വരുന്നുണ്ട്, സൂക്ഷിക്കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഇതു വഹ്യുമൂലം അറിവായി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വേഗം, അലി (رَضِيَ اللهُ تَعَالَى عَنْهُ) മുതലായ ചിലരെ വിളിച്ചു ആ സ്ത്രീ ‘ഖാഖ്’ (روضة خاخ) എന്ന തോട്ടത്തില്‍ ഉണ്ടായിരിക്കുമെന്നും, സ്ത്രീയുടെ പക്കല്‍നിന്നു ആ എഴുത്തുവാങ്ങി വരണമെന്നും കല്‍പിച്ചയച്ചു. അവള്‍ ആദ്യം കത്തു നിഷേധിച്ചുവെങ്കിലും, അലി (رَضِيَ اللهُ تَعَالَى عَنْهُ) ഭീഷണിപ്പെടുത്തിയപ്പോള്‍ തന്റെ മുടിക്കെട്ടില്‍നിന്നു കത്തെടുത്തു കൊടുത്തു. കത്തു കിട്ടിയപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹാത്വിബ് (رَضِيَ اللهُ تَعَالَى عَنْهُ) നെ വിളിച്ചു കാരണം ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘റസൂലേ, ഞാന്‍ ഇസ്ലാമില്‍ വന്നശേഷം അവിശ്വാസിയായിട്ടില്ല; അവിടുത്തെ ഗുണകാംക്ഷിയായതിനുശേഷം അവിടുത്തെ വഞ്ചിച്ചിട്ടുമില്ല; ക്വുറൈശികളെ വിട്ടുപോന്നശേഷം അവരെ സ്നേഹിച്ചിട്ടുമില്ല. പക്ഷേ, ഞാന്‍ ക്വുറൈശികളില്‍പെട്ടവനല്ലെങ്കിലും അവരുമായി കെട്ടുപാടുള്ളവനാണ്. തിരുമേനിയുടെ കൂടെയുള്ള എല്ലാ മുഹാജിറുകള്‍ക്കും തന്നെ (നാം അവിടെച്ചെന്നു ക്വുറൈശികളുമായി ഏറ്റുമുട്ടുന്ന പക്ഷം) അവരുടെ വകയായി അവിടെയുള്ള കുടുംബങ്ങളെയും സ്വത്തുക്കളെയും കാത്തു രക്ഷിക്കുവാനുള്ള ബന്ധുക്കള്‍ അവര്‍ക്കു അവിടെയുണ്ട്. (എനിക്കു അതില്ല). എനിക്കു ക്വുറൈശികളുമായി കുടുംബ ബന്ധമില്ലാത്ത സ്ഥിതിക്ക് അവര്‍ (അവിടെയുള്ള) എന്റെ കുടുംബത്തെ കാക്കുമാറ് ഒരു സഹായ ഹസ്തം അവര്‍ക്കു നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. അത്രമാത്രം. അല്ലാതെ, അവിശ്വാസമോ, ഇസ്‌ലാമില്‍ നിന്നുള്ള വ്യതിയാനമോ നിമിത്തം ചെയ്തതല്ല.’ അദ്ദേഹത്തിന്റെ ഒഴികഴിവു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമ്മതിക്കുകയും ചെയ്തു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “റസൂലേ, എന്നെ വിട്ടേക്കൂ ഈ കപടവിശാസിയുടെ കഴുത്തു ഞാന്‍ വെട്ടിക്കളയാം.” തിരുമേനി: “അദ്ദേഹം ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. താങ്കള്‍ക്കു എന്തറിയാം, ബദ്റില്‍ സംബന്ധിച്ചവരോടു ഒരു പക്ഷെ, അല്ലാഹു പറഞ്ഞിരിക്കാം: “നിങ്ങള്‍ ഉദ്ദേശിച്ചതു ചെയ്തേക്കുക: ഞാന്‍ പൊറുക്കും എന്നു!” ഇതാണ് സംഭവം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇതു പറഞ്ഞപ്പോള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) കണ്ണുനീരൊഴുക്കി എന്നും, ഈ ആയത്തു ഈ വിഷയത്തിലാണ് അവതരിച്ചതെന്നും ബുഖാരിയുടെ ചില രിവായത്തുകളിലുണ്ട്.

ദുരുദ്ദേശംകൊണ്ടോ വഞ്ചനനിമിത്തമോ അല്ല ഹാത്വിബ് (رَضِيَ اللهُ تَعَالَى عَنْهُ) ഇതു ചെയ്തതെന്നും, തന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി ദീര്‍ഘദൃഷ്ടിയില്ലാതെ അബദ്ധം പ്രവര്‍ത്തിച്ചതാണെന്നും ഇതില്‍നിന്നു വ്യക്തമാണ്. അദ്ദേഹം ഒരു മുഹാജിറും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളുമാണ്. മനുഷ്യസഹജമായ ദൗര്‍ബ്ബല്യം പ്രവാചകന്‍മാരല്ലാത്ത മനുഷ്യരിലെല്ലാം അനുഭവപ്പെട്ടേക്കും. അങ്ങിനെ ഒരു അബദ്ധം പിണഞ്ഞുപോയെങ്കിലും, പിന്നീടദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ നിഷ്കളങ്ക മനസ്ഥിതി തികച്ചും വെളിവാക്കുന്നുണ്ട്. എന്തെങ്കിലും ദുര്‍ന്യായങ്ങള്‍ പറഞ്ഞു തെറ്റു ലഘൂകരിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഇതു സ്വഹാബികളുടെ മാതൃകാപരമായ ഒരു സ്വഭാവമത്രെ.

ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതായിരുന്നാലും ശരി, അതിലടങ്ങിയ കാര്യം എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. ആ നിലക്കാണ്, ശത്രുക്കളുമായി മുസ്ലിംകള്‍ സ്നേഹബന്ധവും, സ്വകാര്യ കൂട്ടുകെട്ടും സ്ഥാപിക്കുന്നതു വമ്പിച്ച തെറ്റാണെന്നും, മേലില്‍ ആരെങ്കിലും അപ്രകാരം ചെയ്‌താല്‍ അവന്‍ ദുര്‍മാര്‍ഗിയാണെന്നും അല്ലാഹു ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നതും. ഈ നിരോധത്തിനു അല്ലാഹു എടുത്തു കാണിച്ച കാരണങ്ങള്‍ പരിശോധിച്ചാല്‍ ഓരോന്നും അതിനു മതിയായ കാരണമാണെന്നു വ്യക്തമാണ്.

60:2
  • إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءً وَيَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِٱلسُّوٓءِ وَوَدُّوا۟ لَوْ تَكْفُرُونَ ﴾٢﴿
  • നിങ്ങളെ അവര്‍ക്കു പിടികിട്ടുന്നപക്ഷം, അവര്‍ നിങ്ങള്‍ക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളുടെനേരെ തിന്‍മയുമായി അവര്‍ അവരുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യുന്നതാണ്. നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
  • إِن يَثْقَفُوكُمْ അവര്‍ക്കു നിങ്ങളെ പിടികിട്ടിയാല്‍, നിങ്ങളെ കണ്ടെത്തിയാല്‍ يَكُونُوا لَكُمْ അവർ നിങ്ങള്‍ക്കു ആയിത്തീരും أَعْدَاءً ശത്രുക്കള്‍ وَيَبْسُطُوا അവര്‍ നീട്ടുകയും (വിരുത്തുകയും) ചെയ്യും إِلَيْكُمْ നിങ്ങളുടെ നേരെ, നിങ്ങളിലേക്കു أَيْدِيَهُمْ അവരുടെ കൈകളെ وَأَلْسِنَتَهُم അവരുടെ നാവുകളെയും بِالسُّوءِ തിന്‍മയുംകൊണ്ടു, തീയതുമായി وَوَدُّوا അവര്‍ ആഗ്രഹിക്കുകയും ചെയ്തു, മോഹിച്ചു, കൊതിക്കുന്നു لَوْ تَكْفُرُونَ നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്നു

കയ്യും നാവും നീട്ടുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥം, ദേഹോപദ്രവവും അക്രമവും നടത്തുകയും, ചീത്തയും ശകാരവും പൊഴിക്കുകയും ചെയ്യും എന്നാകുന്നു.

60:3
  • لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَـٰدُكُمْ ۚ يَوْمَ ٱلْقِيَـٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٣﴿
  • നിങ്ങളുടെ രക്തബന്ധങ്ങളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, ക്വിയാമത്തുനാളില്‍ നിങ്ങള്‍ക്കു ഉപകരിക്കുകയില്ലതന്നെ. അവന്‍ [അല്ലാഹു] നിങ്ങളുടെ ഇടയില്‍ (തീരുമാനമെടുത്തു) വേര്‍പിരിക്കുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
  • لَن تَنفَعَكُمْ നിങ്ങള്‍ക്കു ഉപകരിക്കുകയില്ല തന്നെ أَرْحَامُكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും ഇല്ല يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ يَفْصِلُ അവന്‍ പിരിക്കും, തീരുമാനമെടുക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്
60:4
  • قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ ﴾٤﴿
  • ഇബ്രാഹീമിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങള്‍ക്കു നല്ലതായ ഒരു മാതൃകയുണ്ടായിട്ടുണ്ട്; (അതെ) അവര്‍ തങ്ങളുടെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: "നിശ്ചയമായും ഞങ്ങള്‍ നിങ്ങളില്‍നിന്നും, നിങ്ങള്‍ അല്ലാഹുവിനുപുറമെ ആരാധിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നും (ബന്ധമറ്റ്‌) ഒഴിവായവരാകുന്നു; ഞങ്ങള്‍ നിങ്ങളെ അവിശ്വസി[നിഷേധി]ച്ചിരിക്കുന്നു; അല്ലാഹു ഏകന്‍ എന്ന നിലക്കു നിങ്ങളവനില്‍ വിശസിക്കുന്നതുവരേക്കും - എക്കാലത്തും - ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും വിദ്വേഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു." (പക്ഷേ) ഇബ്രാഹീം തന്റെ പിതാവിനോട് 'നിശ്ചയമായും, ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടും; അല്ലാഹുവിങ്കല്‍നിന്നു താങ്കള്‍ക്കു യാതൊന്നുംതന്നെ (ചെയ്‌വാന്‍) ഞാന്‍ അധീനമാക്കുന്നില്ല' എന്നു പറഞ്ഞതൊഴികെ [ഇതില്‍ നിങ്ങള്‍ക്കു മാതൃകയില്ല]. (അവര്‍ പറഞ്ഞിരുന്നു:) 'ഞങ്ങളുടെ റബ്ബേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു; നിന്റെ അടുക്കലേക്കുതന്നെ ഞങ്ങള്‍ (വിനയപ്പെട്ടു) മടങ്ങുകയും ചെയ്തിരിക്കുന്നു; നിങ്കലേക്കു തന്നെയാണ് തിരിച്ചെത്തലും.'
  • قَدْ كَانَتْ لَكُمْ നിങ്ങള്‍ക്കുണ്ടായിട്ടുണ്ട് أُسْوَةٌ മാതൃക حَسَنَةٌ നല്ലതായ فِي إِبْرَاهِيمَ ഇബ്രാഹീമില്‍ وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لِقَوْمِهِمْ അവരുടെ ജനതയോടു إِنَّا بُرَءَآؤُاْ നിശ്ചയമായും ഞങ്ങള്‍ ഒഴിവായവരാണ് مِنكُمْ നിങ്ങളില്‍നിന്നു وَمِمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ كَفَرْنَا بِكُمْ നിങ്ങളില്‍ നാം അവിശ്വസിച്ചു (നിങ്ങളെ നിഷേധിച്ചു) وَبَدَا بَيْنَنَا ഞങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു وَبَيْنَكُمُ നിങ്ങള്‍ക്കുമിടയില്‍ الْعَدَاوَةُ ശത്രുത, പക وَالْبَغْضَاءُ വിദ്വേഷവും, അമര്‍ഷവും أَبَدًا എക്കാലത്തും حَتَّىٰ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതുവരെ بِاللَّـهِ അല്ലാഹുവില്‍ وَحْدَهُ അവന്‍ ഏകനായ നിലയില്‍ إِلَّا قَوْلَ إِبْرَاهِيمَ ഇബ്രാഹീമിന്റെ വാക്കു (പറഞ്ഞതു) ഒഴികെ لِأَبِيهِ തന്റെ പിതാവിനോടു لَأَسْتَغْفِرَنَّ لَكَ നിശ്ചയമായും ഞാന്‍ താങ്കള്‍ക്കു പാപമോചനം തേടും وَمَا أَمْلِكُ لَكَ താങ്കള്‍ക്കു ഞാന്‍ അധീനമാക്കുന്നില്ല (എനിക്കു കഴിവില്ല) مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നുംതന്നെ رَّبَّنَا ഞങ്ങളുടെ രക്ഷിതാവേ عَلَيْكَ تَوَكَّلْنَا നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു وَإِلَيْكَ നിന്നിലേക്കു തന്നെ أَنَبْنَا ഞങ്ങള്‍ മനസ്സുമടങ്ങി, വിനയപ്പെട്ടു وَإِلَيْكَ നിങ്കലേക്കു തന്നെയാണു الْمَصِيرُ തിരിച്ചെത്തല്‍, മടക്കം
60:5
  • رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا۟ وَٱغْفِرْ لَنَا رَبَّنَآ ۖ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴾٥﴿
  • 'ഞങ്ങളുടെ റബ്ബേ, അവിശ്വസിച്ചതായ ആളുകള്‍ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണ (പാത്ര)മാക്കരുതേ! ഞങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലി.'
  • رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ فِتْنَةً ഒരു പരീക്ഷണം (പരീക്ഷണപാത്രം) لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَاغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തുതരുകയും വേണമേ رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ أَنتَ നിശ്ചയമായും നീതന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

തൗഹീദിന്റെയും നിങ്ങളുടെയും ശത്രുക്കളായ ആളുകളുമായി നിങ്ങള്‍ക്കു യാതൊരു കൂട്ടുകെട്ടും സ്നേഹബന്ധവും പാടില്ലെന്നുള്ളതിനു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുടെയും ചര്യയില്‍തന്നെ നിങ്ങള്‍ക്കു നല്ല മാതൃകയുണ്ടല്ലോ. നിങ്ങളോടും നിങ്ങളുടെ ആരാധ്യവസ്തുക്കളോടും ഞങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും, അല്ലാഹുവില്‍ വിശ്വസിക്കാത്ത കാലത്തോളം നാം തമ്മില്‍ പ്രത്യക്ഷ ശത്രുക്കളാണെന്നും അവര്‍ തങ്ങളുടെ എതിരാളികളോടു തുറന്നു പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാര്യം അവര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും, ശത്രുക്കളില്‍നിന്നു രക്ഷക്കും പാപമോചനത്തിനുംവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അഥവാ, ശത്രുക്കളുമായി വല്ല വേഴ്ചയും സ്ഥാപിക്കുവാനോ, അവര്‍ക്കു വഴങ്ങുവാനോ ശ്രമിക്കാതെ, അവര്‍ സധീരം ഉറച്ചു നിന്നു. അതുപോലെയാണ് നിങ്ങളും ചെയ്യേണ്ടത്. പക്ഷേ, ഇബ്രാഹീം (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ അവിശ്വാസിയായ പിതാവിനുവേണ്ടി പാപമോചനം തേടുകയുണ്ടായി. അതില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചു കൂടാത്തതാകുന്നു എന്നൊക്കെയാണ് ഈ വചനങ്ങളിലെ ആശയത്തിന്റെ ചുരുക്കം.

പിതാക്കളോടു മക്കള്‍ക്കു സ്വാഭാവികമായുണ്ടാകുന്ന വാത്സല്യവും, സ്വന്തം പിതാവു നന്നായിത്തീരുവാനുള്ള മോഹവും നിമിത്തമായിരിക്കും ഇബ്രാഹീം (عليه الصلاة والسلام) പിതാവിനുവേണ്ടി പാപമോചനം തേടാമെന്നു പറഞ്ഞതെന്നു വ്യക്തമാണ്. എങ്കിലും അതു മാതൃകയാക്കുവാന്‍ പാടില്ലെന്നും, ഇബ്രാഹീം (عليه الصلاة والسلام) അങ്ങിനെ ചെയ്‌വാന്‍ കാരണമെന്താണെന്നും സൂ: തൗബഃ 113-114 ല്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. ആ വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ‘അടുത്ത കുടുംബങ്ങളായിരുന്നാലും, അവര്‍ നരകത്തിന്റെ ആള്‍ക്കാരാണെന്നു വ്യക്തമായിക്കഴിഞ്ഞശേഷം മുശ്രിക്കുകള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ പ്രവാചകനോ വിശ്വസിച്ചവര്‍ക്കോ പാടില്ലാത്തതാണ്. ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയതു, അയാളോടു അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ടു, അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്നു അദ്ദേഹത്തിനു വ്യക്തമായപ്പോള്‍ അദ്ദേഹം അയാളില്‍നിന്നു ഒഴിഞ്ഞുമാറി…’ (مَا كَانَ لِلنَّبِيِّ إلى قوله وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ الخ – سورة التوبة : 113, 114)

നബിമാരെ സംബന്ധിച്ചിടത്തോളം ഒരാള്‍ നരകക്കാരില്‍ പെട്ടവനാണെന്ന വസ്തുത വഹ്യുമൂലം അറിയുവാന്‍ സാധ്യതയുണ്ട്. നബിമാരല്ലാത്തവരെ സംബന്ധിച്ചിടത്തോളം നബിമാര്‍ മുഖേന വിവരം കിട്ടാതെ ഇതു സാധ്യമല്ല. എങ്കിലും, ഒരാള്‍ ശിര്‍ക്കിലും,കുഫ്റിലും (ബഹുദൈവ വിശ്വാസത്തിലും അവിശ്വാസത്തിലും) ആണ് മരണപ്പെട്ടിരിക്കുന്നതെന്നു കണ്ടാല്‍ മറ്റുള്ളവര്‍ക്കും അതു മനസ്സിലാക്കാമല്ലോ. അഥവാ അപ്പോഴേ അതു ഉറപ്പിക്കാവൂ. ഏതു അക്രമിയും, ഏതു പാപിയും മരണത്തിനു മുമ്പു പശ്ചാത്തപിച്ചാല്‍ അല്ലാഹു മാപ്പുചെയ്തുകൊടുക്കുന്നതാണ്. ഏതെങ്കിലും മാര്‍ഗത്തിലൂടെ, ശിര്‍ക്കിന്റെയും കുഫ്റിന്റെയും ആളെന്നു വ്യക്തമായിക്കഴിഞ്ഞ ആള്‍ക്കു വേണ്ടി പാപമോചനത്തിനും രക്ഷക്കും പ്രാര്‍ത്ഥിക്കുവാന്‍ സത്യവിശ്വാസികള്‍ക്കു പാടില്ലാത്തതാണെന്നു ഈ ക്വുര്‍ആന്‍ വചനങ്ങള്‍കൊണ്ടു സ്പഷ്ടമാക്കുന്നു. അപ്പോള്‍ – ഇന്നത്തെ പുരോഗമനാശയക്കാരെന്നു പറയപ്പെടുന്ന ചില ആളുകള്‍ ചെയ്യാറുള്ളതുപോലെ – സത്യവിശ്വാസികളല്ലാത്ത ആളുകള്‍ മരണപ്പെട്ടശേഷം അവരുടെ ശാന്തിക്കും മോക്ഷത്തിനും വേണ്ടി മുസ്ലിംകള്‍ പ്രാര്‍ത്ഥന നടത്തുന്നതും, അതില്‍ പങ്കുവഹിക്കുന്നതും അനിസ്ലാമികമായ ദുരാചാരമാണെന്നു പറയേണ്ടതില്ല. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെയും അനുയായികളുടെയും മാതൃകയെക്കുറിച്ച് വീണ്ടും അല്ലാഹു പറയുന്നു:-

60:6
  • لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ ۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٦﴿
  • തീര്‍ച്ചയായും അവരില്‍ നിങ്ങള്‍ക്കു നല്ലതായ മാതൃകയുണ്ടായിരുന്നു; അതായതു, അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്. ആരെങ്കിലും തിരിഞ്ഞു കളയുന്നപക്ഷം അപ്പോള്‍, നിശ്ചയമായും അല്ലാഹുതന്നെയാണ് ധന്യനും സ്തുത്യര്‍ഹനുമായുള്ളവന്‍.
  • لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു لَكُمْ فِيهِمْ നിങ്ങള്‍ക്കു അവരില്‍ أُسْوَةٌ മാതൃക, തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവനു كَانَ يَرْجُو അഭിലഷിക്കുന്ന, പ്രതീക്ഷിച്ചു വരുന്ന اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞു പോകുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ الْغَنِيُّ അവനത്രെ ധന്യന്‍, അവന്‍ അനാശ്രയനത്രെ الْحَمِيدُ സ്തുത്യര്‍ഹനായ

അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചുമുള്ള ഭയവും, അന്നത്തെ ദിവസം അല്ലാഹുവില്‍നിന്നുള്ള പ്രതിഫലവും രക്ഷയും ലഭിക്കണമെന്ന ആഗ്രഹവും ഉള്ളവര്‍ മാത്രമെ പ്രസ്തുതമാതൃക സ്വീകരിക്കുവാന്‍ തയ്യാറുണ്ടാവുകയുള്ളു. അങ്ങിനെയുള്ളവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ, സ്വീകരിക്കുവാന്‍ തയ്യാറില്ലാത്തവരെക്കൊണ്ടു അല്ലാഹുവിനു യാതൊരു ദോഷവും ബാധിക്കുവാനില്ല. അതിന്റെ ഭവിഷ്യത്തു അവര്‍ക്കുതന്നെയാണ് അനുഭവപ്പെടുക, എന്നു സാരം. ഈ വചനങ്ങള്‍ സ്വഹാബികളുടെ ഹൃദയത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു ഒരു ഉദാഹരണം കാണുക: അബൂബകര്‍ (رَضِيَ اللهُ تَعَالَى عَنْه) ന്റെ മകള്‍ അസ്മാഉ് (رَضِيَ اللهُ تَعَالَى عَنْها) ന്റെ വീട്ടില്‍ അവരുടെ മാതാവു – മാതാവു അന്നു വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല – അവര്‍ക്കു ചില സമ്മാനങ്ങളുമായി വന്നപ്പോള്‍ അവര്‍ മാതാവിനെ സ്വീകരിക്കുകയുണ്ടായില്ല. മാതാവിനെ സ്വീകരിച്ചുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപദേശിച്ചതിനുശേഷമേ അവര്‍ സ്വീകരിച്ചുള്ളു. (അ; ബു; മു). ഹുദൈബിയാസന്ധി നിലവിലുള്ള കാലത്തായിരുന്നു അത്. ശത്രുക്കളുമായുള്ള ഈ സംഘര്‍ഷാവസ്ഥ അധികകാലം നിലനില്‍ക്കുകയില്ലെന്നും, താമസിയാതെ അതിനൊരു പരിഹാരമുണ്ടാകുമെന്നും അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ സമാശ്വസിപ്പിക്കുന്നു:-

വിഭാഗം - 2

60:7
  • عَسَى ٱللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ ٱلَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَٱللَّهُ قَدِيرٌ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٧﴿
  • നിങ്ങള്‍ക്കും, അവരില്‍നിന്ന് നിങ്ങള്‍ ശത്രുതവെച്ചവര്‍ക്കുമിടയില്‍ അല്ലാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്‌; അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
  • عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَجْعَلَ ഉണ്ടാക്കുക, ആക്കുവാന്‍ بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَ الَّذِينَ യാതൊരു കൂട്ടര്‍ക്കുമിടയില്‍ عَادَيْتُم مِّنْهُم അവരില്‍നിന്നു നിങ്ങള്‍ ശത്രുതവെച്ച مَّوَدَّةً സ്നേഹബന്ധം وَاللَّـهُ قَدِيرٌ അല്ലാഹു കഴിവുള്ളവനാണ്‌ وَاللَّـهُ غَفُورٌ അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

‘ഉണ്ടായേക്കാം’ എന്നു അല്ലാഹു ഒരു കാര്യത്തെപ്പറ്റി പറഞ്ഞാല്‍ പിന്നെ അതു ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ലല്ലോ. അതാ, മക്കാവിജയത്തോടെ അക്കാര്യം യഥാര്‍ത്ഥമായിത്തീരുകയും ചെയ്തു. ക്വുറൈശികള്‍ ഇസ്ലാം സ്വീകരിച്ചു. അറബികളാകമാനം തുരുതുരെ ഇസ്ലാമിനു കീഴൊതുങ്ങി അതിന്റെ പതാകയിന്‍കീഴില്‍ അണിനിരന്നു. പഴയ വൈരങ്ങളും, പുതിയ ശത്രുതകളുമെല്ലാം അവസാനിച്ചു. സാഹോദര്യം പൂര്‍വ്വാധികം ബലപ്പെട്ടു. അല്ലാഹു പറഞ്ഞു: ‘അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അതായതു, നിങ്ങള്‍ ശത്രുക്കളായിരുന്ന സന്ദര്‍ഭം: എന്നിട്ടു നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കിച്ചേര്‍ത്തു. അങ്ങനെ അവന്റെ അനുഗ്രഹംകൊണ്ടു നിങ്ങള്‍ സഹോദരങ്ങളായി.’ (وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ – الخ : آل عمران:١٠٤). ‘ഭൂമിയിലുള്ളതു മുഴുവനും നീ ചിലവാക്കിയിരുന്നാലും അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ നീ ഇണക്കിച്ചേര്‍ക്കുമായിരുന്നില്ല. പക്ഷെ, അല്ലാഹു അവര്‍ക്കിടയില്‍ ഇണക്കിയിരിക്കുന്നു.’ (لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا الخ – الأنفال: ٦٣). റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരവസരത്തില്‍ പറഞ്ഞു: ‘നിങ്ങളെ വഴിപിഴച്ചവരായി ഞാന്‍ കണ്ടില്ലേ? എന്നിട്ട് എന്നെകൊണ്ടു അല്ലാഹു നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കി. നിങ്ങള്‍ ഭിന്നിച്ചവരായിരുന്നില്ലേ? എന്നിട്ടു അല്ലാഹു എന്നെക്കൊണ്ടു നിങ്ങളെ ഇണക്കി.’

എല്ലാ അവിശ്വാസികളോടും സത്യവിശ്വാസികള്‍ സദാ വെറുപ്പും ശത്രുതയും പുലര്‍ത്തേണ്ടതുണ്ടോ? മുസ്‌ലിംകളല്ലാത്തവരോടു മുസ്‌ലിംകള്‍ നല്ലനിലക്കു പെരുമാറേണ്ടതില്ലേ? അല്ലെങ്കില്‍ ഏതുതരം അവിശ്വാസികളോട് വെറുപ്പും ശത്രുതയും പുലര്‍ത്തേണമെന്നാണു പറയുന്നത്? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കു അടുത്ത വചനങ്ങളില്‍ മറുപടി കാണാം:-

60:8
  • لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَـٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَـٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴾٨﴿
  • മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
  • لَّا يَنْهَاكُمُ اللَّـهُ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി لَمْ يُقَاتِلُوكُمْ നിങ്ങളോടു യുദ്ധം ചെയ്തിട്ടില്ലാത്ത فِي الدِّينِ മത (കാര്യ) ത്തില്‍ وَلَمْ يُخْرِجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്യാത്ത مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ (വീടുകളില്‍) നിന്നു أَن تَبَرُّوهُمْ അവര്‍ക്കു നന്‍മ (ഗുണം) ചെയ്യുന്നതിനെ وَتُقْسِطُوا നീതിമുറ പാലിക്കുകയും إِلَيْهِمْ അവരോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും الْمُقْسِطِينَ നീതിമുറ പാലിക്കുന്നവരെ
60:9
  • إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَـٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَـٰرِكُمْ وَظَـٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٩﴿
  • മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം). അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
  • إِنَّمَا يَنْهَاكُمُ اللَّـهُ നിശ്ചയമായും അല്ലാഹു നിങ്ങളെ വിരോധിക്കുന്നു(ള്ളു) عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി (മാത്രം) قَاتَلُوكُمْ നിങ്ങളോടവര്‍ യുദ്ധം ചെയ്തു فِي الدِّينِ മത(വിഷയ)ത്തില്‍ وَأَخْرَجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്തു مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു وَظَاهَرُوا അവര്‍ പിന്തുണ (സഹകരണം) നല്‍കുകയും ചെയ്തു عَلَىٰ إِخْرَاجِكُمْ നിങ്ങളെ പുറത്താക്കുന്നതിനു أَن تَوَلَّوْهُمْ അതായതു അവരോടു മൈത്രി കാണിക്കുന്നതിനെ وَمَن يَتَوَلَّهُمْ അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الظَّالِمُونَ അക്രമികള്‍

രണ്ടു വചനങ്ങളുടെയും ഉദ്ദേശ്യം വ്യക്തമാണല്ലോ. ഇങ്ങോട്ടു അക്രമത്തിനും കയ്യേറ്റത്തിനും മുതിരാത്ത ആരോടും – അവര്‍ ഏതു മതക്കാരായാലും ശരി – അങ്ങോട്ടു ശത്രുത കാണിക്കണമെന്നു അല്ലാഹു ആവശ്യപ്പെടുന്നില്ല. മാത്രമല്ല, അവരോടു നീതിമുറയനുസരിച്ചു പെരുമാറണമെന്നു പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇങ്ങോട്ടു മതവിഷയത്തില്‍ ധിക്കാരത്തിനും മര്‍ദ്ദനത്തിനും വരുന്നവരോടു സ്നേഹവും മൈത്രിയും സ്ഥാപിക്കുവാന്‍ മുസ്‌ലിംകള്‍ തുനിയുന്നതു അക്രമമാണ്, കാപട്യമാണ്, കുറ്റകരമാണ്. രണ്ടു വചനങ്ങളിലെയും അവസാന വാക്യങ്ങള്‍ പ്രത്യേകം മനസ്സിരുത്തേണ്ടതാണ്.

60:10
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا جَآءَكُمُ ٱلْمُؤْمِنَـٰتُ مُهَـٰجِرَٰتٍ فَٱمْتَحِنُوهُنَّ ۖ ٱللَّهُ أَعْلَمُ بِإِيمَـٰنِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَـٰتٍ فَلَا تَرْجِعُوهُنَّ إِلَى ٱلْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَءَاتُوهُم مَّآ أَنفَقُوا۟ ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا۟ بِعِصَمِ ٱلْكَوَافِرِ وَسْـَٔلُوا۟ مَآ أَنفَقْتُمْ وَلْيَسْـَٔلُوا۟ مَآ أَنفَقُوا۟ ۚ ذَٰلِكُمْ حُكْمُ ٱللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١٠﴿
  • ഹേ, വിശ്വസിച്ചവരേ, വിശ്വസിച്ച സ്ത്രീകള്‍ നാടുവിട്ടു (അഭയാര്‍ത്ഥിനികളായും) കൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍, നിങ്ങള്‍ അവരെ പരീക്ഷിച്ചു നോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട്, അവര്‍ വിശ്വാസിനികളാണെന്നു നിങ്ങള്‍ അറിഞ്ഞാല്‍ അവരെ അവിശ്വാസികളിലേക്ക്‌ നിങ്ങള്‍ മടക്കി വിടരുത്. ആ സ്ത്രീകള്‍ അവര്‍ക്കു അനുവദനീയമല്ല; അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമാവുകയില്ല. അവര്‍ [അവിശ്വാസികള്‍] ചിലവഴിച്ചതു നിങ്ങള്‍ അവര്‍ക്കു കൊടുക്കുകയും വേണം. നിങ്ങള്‍ ആ സ്ത്രീകളുടെ പ്രതിഫലങ്ങള്‍ ['മഹ്റു'കള്‍] കൊടുത്താല്‍ നിങ്ങളവരെ വിവാഹം ചെയ്യുന്നതിനു നിങ്ങളുടെമേല്‍ തെറ്റില്ല. അവിശ്വാസിനികളുടെ സംബന്ധങ്ങളെ [വിവാഹബന്ധങ്ങളെ] നിങ്ങള്‍ വെച്ചുകൊണ്ടിരിക്കുകയും അരുത്. നിങ്ങള്‍ ചിലവഴിച്ചതു നിങ്ങള്‍ ചോദിച്ചു (വാങ്ങി) കൊള്ളുകയും ചെയ്യുക; അവര്‍ ചിലവഴിച്ചതു അവരും ചോദിച്ചു (വാങ്ങി) കൊള്ളട്ടെ. അതെല്ലാം അല്ലാഹുവിന്റെ വിധി (നിയമം) ആകുന്നു; അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا جَاءَكُمُ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ مُهَاجِرَاتٍ ഹിജ്ര (നാടുവിട്ടു) വരുന്നവരായി فَامْتَحِنُوهُنَّ നിങ്ങളവരെ പരീക്ഷിച്ചു നോക്കുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِإِيمَانِهِنَّ അവരുടെ വിശ്വാസത്തെക്കുറിച്ചു فَإِنْ عَلِمْتُمُوهُنَّ എന്നിട്ടു നിങ്ങള്‍ അവരെ അറിഞ്ഞാല്‍ (ബോധ്യംവന്നാല്‍) مُؤْمِنَاتٍ വിശ്വാസിനികളാണെന്നു فَلَا تَرْجِعُوهُنَّ എന്നാലവരെ മടക്കരുത് إِلَى الْكُفَّارِ അവിശ്വാസികളിലേക്കു لَا هُنَّ അവര്‍ (ആ സ്ത്രീകള്‍) അല്ല حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയം وَلَا هُمْ يَحِلُّونَ അവരും അനുവദനീയമാവുകയില്ല لَهُنَّ അവര്‍ (സ്ത്രീകള്‍) ക്കു وَآتُوهُم അവര്‍ക്കു കൊടുക്കുകയും വേണം مَّا أَنفَقُوا അവര്‍ ചിലവഴിച്ചതു وَلَا جُنَاحَ عَلَيْكُمْ നിങ്ങള്‍ക്കു തെറ്റില്ല, കുറ്റമില്ല أَن تَنكِحُوهُنَّ അവരെ വിവാഹം ചെയ്യല്‍ إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫല (മഹ്ര്‍- വിവാഹമൂല്യ)ങ്ങള്‍ وَلَا تُمْسِكُوا നിങ്ങള്‍ വെച്ചുകൊണ്ടിരിക്കരുതു, പിടിച്ചുവെക്കരുതു بِعِصَمِ സംബന്ധ (കെട്ടു - വിവാഹ ബന്ധ)ങ്ങളെ الْكَوَافِرِ കാഫിറു (അവിശ്വാസി) കളായ സ്ത്രീകളുടെ وَاسْأَلُوا നിങ്ങള്‍ ചോദിച്ചുകൊള്ളുക مَا أَنفَقْتُمْ നിങ്ങള്‍ ചിലവഴിച്ചതു وَلْيَسْأَلُوا അവരും ചോദിച്ചുകൊള്ളട്ടെ مَا أَنفَقُوا അവര്‍ ചിലവഴിച്ചതു ذَٰلِكُمْ അതു حُكْمُ اللَّـهِ അല്ലാഹുവിന്റെ വിധിയാണ്, നിയമമാണ് يَحْكُمُ അവന്‍ വിധിക്കുന്നു, നിയമിക്കുന്നു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനാണ്

പല നിയമങ്ങളും തത്വങ്ങളും ഉള്‍കൊള്ളുന്നതാണ് കേവലം ദീര്‍ഘമായ ഈ വചനം. അവിശ്വാസികളില്‍ സ്നേഹബന്ധത്തിനും മൈത്രിക്കും പാടില്ലാത്തവര്‍ ആരാണെന്നും ആരോടെല്ലാമാണ് നല്ല നിലക്കും നീതിമുറയോടും പെരുമാറേണ്ടതെന്നും വിവരിച്ചശേഷം, ഇരുകൂട്ടര്‍ക്കുമിടയില്‍ പാലിക്കപ്പെടേണ്ടുന്ന തത്വപരവും, നീതിപരവുമായ ചില കാര്യങ്ങള്‍ അല്ലാഹു വിവരിക്കുന്നു.

സൂറത്തുല്‍ ഫത്ഹില്‍ വെച്ചും മറ്റും പ്രസ്താവിക്കപ്പെട്ടതുപോലെ, ഹുദൈബിയാ സന്ധി നിശ്ചയ പ്രകാരം, മുശ്രിക്കുകളുടെ പക്ഷത്തുനിന്നു മുസ്‌ലിം പക്ഷത്തേക്കു വരുന്നവരെ തിരിച്ചയച്ചുകൊടുക്കണമെന്നു നിബന്ധന വെച്ചിരുന്നുവല്ലോ. സന്ധിവ്യവസ്ഥകള്‍ എഴുതി രേഖപ്പെടുത്തപ്പെട്ടശേഷം, മക്കായില്‍ നിന്നും ഇസ്‌ലാമില്‍ വിശ്വസിച്ചിരുന്ന അബലരായ ചില ആളുകളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വ്യവസ്ഥയനുസരിച്ചു മടക്കി അയക്കുകയും വേണ്ടിവന്നു. ഇതുപോലെ, വിശ്വസിച്ചിരുന്ന ചില സ്ത്രീകളും ഹിജ്രക്കു ഒരുങ്ങിവരുകയുണ്ടായി. അവരെയും തിരിച്ചുതരണമെന്നു ക്വുറൈശികള്‍ വാദിച്ചു. സന്ധിനിശ്ചയങ്ങള്‍ പുരുഷന്‍മാരെ മാത്രം ബാധിക്കുന്നതാണെന്നും, സ്ത്രീകളെപ്പറ്റി അതില്‍ ഒന്നും വ്യവസ്ഥവെച്ചിട്ടില്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടികൊടുത്തു. ഇങ്ങിനെയുള്ള സ്തീകളുടെ വിഷയത്തിലാണ് ഈ വചനം അവതരിച്ചത്. ഈ വചനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാദം ശരിവെക്കുകയും, ഇത്തരം സന്ദര്‍ഭങ്ങളില്‍ തുടര്‍ന്നു സ്വീകരിക്കപ്പെടേണ്ടുന്ന നടപടികള്‍ എന്തൊക്കെയാണെന്നു വിവരിക്കുകയും ചെയ്യുന്നു. അവ ഇങ്ങിനെ സംഗ്രഹിക്കാം:-

(1). അവിശ്വാസികളുടെപക്ഷത്തു നിന്നു വല്ല സ്ത്രീകളും തങ്ങള്‍ സത്യവിശ്വാസിനികളാണെന്നു പറഞ്ഞു കൊണ്ടു മുസ്ലിംകളുടെ അടുക്കല്‍ അഭയാര്‍ത്ഥികളായി വന്നാല്‍, അവരുടെ വാദം ശരിയാണെന്നു ഉറപ്പു വരുത്തുവാനായി അവരെ പരീക്ഷിക്കേണ്ടതുണ്ട്. അവരുടെ യഥാര്‍ത്ഥ നിലയെപ്പറ്റി അല്ലാഹുവിനു ധാരാളം അറിയാം. പക്ഷേ, ബാഹ്യമായ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇഹത്തിലെ നിയമ നടപടികള്‍ എടുക്കപ്പെടുക. അതുകൊണ്ടു മുസ്‌ലിംകള്‍ക്കു അവരുടെ നിലപാട് ബോദ്ധ്യപ്പെടേണ്ടതുണ്ട്. ഈ കല്‍പ്പനപ്രകാരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹുദൈബിയാ കരാറിന് ശേഷം വന്ന ആ സ്ത്രീകളെ പരീക്ഷിക്കയുണ്ടായി. താന്‍ വന്നിരിക്കുന്നതു ഭര്‍ത്താവിനോടുള്ള വിദ്വേഷം കൊണ്ടല്ലെന്നും, നാടുവിട്ടു മറ്റൊരു നാട്ടില്‍ പോകുവാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഐഹിക നന്‍മയെ ഉദ്ദേശിച്ചല്ലെന്നും, അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം കൊണ്ടു മാത്രമാണെന്നും ഒരോ സ്ത്രീയില്‍ നിന്നും സത്യവാങ്ങ് മൂലം ലഭിച്ച ശേഷമേ അവരെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചുള്ളൂ.

(2). അങ്ങിനെ, പരീക്ഷണത്തില്‍നിന്നു അവര്‍ യഥാര്‍ത്ഥ വിശ്വാസിനികളാണെന്നു ബോദ്ധ്യം വന്നു കഴിഞ്ഞാല്‍, അവരെപ്പിന്നെ അവിശ്വാസികളായ ഭര്‍ത്താക്കളുടെയോ നാട്ടുകാരുടെയോ അടുക്കലേക്കു മടക്കി അയക്കുവാന്‍ പാടില്ല. ഇരുകൂട്ടരും വിശ്വാസത്തില്‍ പരസ്പര വിരുദ്ധരായതുകൊണ്ടു എനി അവര്‍ക്കു യോജിച്ചു പോകുവാന്‍ നിവൃത്തിയില്ല.

(3). സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളും അവിശ്വാസികളായ പുരുഷന്‍മാരും തമ്മില്‍ വിവാഹബന്ധം പാടില്ല.

(4). സ്ത്രീ മുസ്ലിമായിതീരുകയും, പുരുഷന്‍ അവിശ്വാസത്തില്‍ നിലകൊള്ളുകയുമാണെങ്കില്‍ അവര്‍ തമ്മിലുള്ള വിവാഹബന്ധം വേര്‍പെടും.

(5). ഇതുപോലെത്തന്നെ, പുരുഷന്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം സ്ത്രീ അവിശ്വാസത്തില്‍ ഉറച്ചുനിന്നാലും വിവാഹബന്ധം തുടരുന്നതല്ല – ദുര്‍ബ്ബലപ്പെട്ടുപോകും.

(6). സ്ത്രീ മുസ്ലിമായതു നിമിത്തം വിവാഹബന്ധം വേര്‍പെട്ടു പോകുമ്പോള്‍ ആ സ്ത്രീയെ മുസ്‌ലിംകള്‍ക്കു വിവാഹം ചെയ്യാവുന്നതാണ്.

ഈ ആയത്തിന്റെ അവതരണത്തോടുകൂടി ഇതെല്ലാം ഇസ്ലാമിന്റെ സ്ഥിരവും അംഗീകൃതവുമായ നിയമങ്ങളായിത്തീര്‍ന്നു. ഇതിനുമുമ്പ് ഇവയെക്കുറിച്ചു പ്രത്യേക നിയമങ്ങളൊന്നും ഇസ്‌ലാമില്‍ നിലവില്‍ വന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പുത്രി സൈനബ് (رَضِيَ اللهُ تَعَالَى عَنْها) നെ വിവാഹം ചെയ്തുകൊടുത്തിരുന്ന അബുല്‍ആസു (ابو العاص – (رَضِيَ اللهُ تَعَالَى عَنْه) മായുള്ള ബന്ധം വേര്‍പെടുത്തപ്പെടാതിരുന്നത്. സൈനബ് (رَضِيَ اللهُ تَعَالَى عَنْها) ആദ്യമേ മുസ്ലിമായിരുന്നുവെങ്കിലും അവര്‍ മക്കായില്‍ ഭര്‍ത്താവോടൊന്നിച്ചു തന്നെ താമസമായിരുന്നു. അബുല്‍ആസു (رَضِيَ اللهُ تَعَالَى عَنْه) ബദ്ര്‍ യുദ്ധത്തില്‍ ബന്ധനസ്ഥനായി. അദ്ദേഹത്തിനു മോചനമൂല്യം നല്‍കേണ്ടതിനു സൈനബ് (رَضِيَ اللهُ تَعَالَى عَنْها) അവരുടെ ഒരു ആഭരണം അയച്ചുകൊടുത്തിരുന്നു. ആ ആഭരണം അവര്‍ക്കു അവരുടെ മാതാവു ഖദീജ (رَضِيَ اللهُ تَعَالَى عَنْها) ബീവിയില്‍നിന്നു ലഭിച്ചതായിരുന്നു. അതു കണ്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹൃദയത്തില്‍ അലിവുതോന്നി. അങ്ങനെ, സ്വഹാബികള്‍ അഭിപ്രായപ്പെട്ടതനുസരിച്ച് സൈനബ് (رَضِيَ اللهُ تَعَالَى عَنْها) യെ മദീനായിലേക്കു അയച്ചുകൊടുക്കണമെന്ന നിശ്ചയത്തോടുകൂടി അബുല്‍ആസ് (رَضِيَ اللهُ تَعَالَى عَنْه) വിട്ടയക്കപ്പെട്ടു. നിശ്ചയപ്രകാരം സൈനബ് (رَضِيَ اللهُ تَعَالَى عَنْها) മദീനായില്‍ എത്തി. പിന്നീട് അല്‍പം കൊല്ലങ്ങള്‍ക്കുശേഷമാണ് അബുല്‍ആസ് (رَضِيَ اللهُ تَعَالَى عَنْه) സത്യവിശ്വാസം സ്വീകരിച്ചത്. അനന്തരം അവരുടെ പഴയ വിവാഹബന്ധം തുടരുകയും ചെയ്തു.

(7) മേല്‍പറഞ്ഞപ്രകാരം വിവാഹബന്ധം മുറിഞ്ഞുപോയ സ്ത്രീകളെ മുസ്‌ലിംകള്‍ വിവാഹം ചെയ്യുമ്പോള്‍ ആ സ്ത്രീകള്‍ക്കു അവരുടെ മഹ്ര്‍ – മര്യാദയനുസരിച്ചു നല്‍കപ്പെടേണ്ടുന്ന വിവാഹമൂല്യം – നല്‍കേണ്ടതാണ്. ‘അവര്‍ ചിലവഴിച്ചത്’ (مَّا أَنفَقُوا) എന്നും ‘ആ സ്ത്രീകളുടെ പ്രതിഫലം’ (أُجُورَهُنَّ) എന്നും പറഞ്ഞതിന്റെ വിവക്ഷ വിവാഹമൂല്യമാകുന്ന ‘മഹ്ര്‍’ എന്നാകുന്നു.

(8). മുന്‍വിവാഹങ്ങളില്‍ ആ സ്ത്രീകള്‍ക്കു അവരുടെ ഭര്‍ത്താക്കള്‍ കൊടുത്തിരുന്ന മഹ്ര്‍, മുസ്ലിംകള്‍ക്കു അവിശ്വാസികളുടെ ഭാഗത്തുനിന്നും, അവിശ്വാസികള്‍ക്കു മുസ്ലിംകളുടെ ഭാഗത്തുനിന്നും തിരിച്ചു വാങ്ങാവുന്നതാണ്. ഈ ഇനത്തില്‍ മുസ്ലിംകളുടെ ഭാഗത്തുനിന്നു നല്‍കപ്പെടേണ്ടുന്ന സംഖ്യക്കു ‘ഗനീമത്തു’ മുതലായ പൊതുനിധിയില്‍നിന്നു ഇമാം (ഭരണനേതാവ്) പരിഹാരം ഉണ്ടാക്കേണ്ടതാണ്. എനി അമുസ്ലിംകളുടെ ഭാഗത്തുനിന്നു ഈ ഇനത്തില്‍ ലഭിക്കേണ്ടുന്ന സംഖ്യ അവരില്‍നിന്നു ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തപക്ഷം, അതിനുള്ള പരിഹാരം അല്ലാഹു തുടര്‍ന്നു നിര്‍ദ്ദേശിക്കുന്നു:-

60:11
  • وَإِن فَاتَكُمْ شَىْءٌ مِّنْ أَزْوَٰجِكُمْ إِلَى ٱلْكُفَّارِ فَعَاقَبْتُمْ فَـَٔاتُوا۟ ٱلَّذِينَ ذَهَبَتْ أَزْوَٰجُهُم مِّثْلَ مَآ أَنفَقُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ﴾١١﴿
  • നിങ്ങളുടെ ഭാര്യമാരില്‍നിന്ന് വല്ലവരും അവിശ്വാസികളിലേക്കു (പോയി) നിങ്ങള്‍ക്കു നഷ്ടമാകുകയും, എന്നിട്ടു നിങ്ങള്‍ അനന്തരനടപടി എടുക്കുകയും (അഥവാ അതിന്നവസരം വരുകയും) ചെയ്തുവെങ്കില്‍. അപ്പോള്‍, യാതൊരു കൂട്ടരുടെ ഭാര്യമാര്‍ (നഷ്ടപ്പെട്ടു) പോയോ അവര്‍ക്കു അവര്‍ ചിലവഴിച്ചതുപോലെ നിങ്ങള്‍ കൊടുത്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനില്‍ വിശ്വസിക്കുന്നവരാണോ ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
  • وَإِن فَاتَكُمْ നിങ്ങള്‍ക്കു പാഴായി (നഷ്ടമായി) പ്പോയെങ്കില്‍ شَيْءٌ വല്ലതും (വല്ലവരും) مِّنْ أَزْوَاجِكُمْ നിങ്ങളുടെ ഭാര്യമാരില്‍നിന്നു إِلَى الْكُفَّارِ അവിശ്വാസികളിലേക്കു (പോയിട്ടു) فَعَاقَبْتُمْ എന്നിട്ടു നിങ്ങള്‍ അനന്തര നടപടി എടുത്താല്‍ (നിങ്ങള്‍ക്കു ഊഴം ലഭിച്ചാല്‍) فَآتُوا എന്നാല്‍ നിങ്ങള്‍ കൊടുക്കുവിന്‍ الَّذِينَ യാതൊരുവര്‍ക്കു ذَهَبَتْ പോയതായ أَزْوَاجُهُم അവരുടെ ഭാര്യമാര്‍ مِّثْلَ مَا യാതൊന്നുപോലെ أَنفَقُوا അവര്‍ ചിലവഴിച്ച وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ أَنتُم بِهِ നിങ്ങള്‍ അവനില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു

അതായതു മുസ്ലിംകളുടെ ഭാര്യമാരായിരുന്നവര്‍ അമുസ്ലിം പക്ഷത്തേക്കു പോകുകയും, അവര്‍ക്കു കൊടുത്തിരുന്ന മഹ്റിന്റെ സംഖ്യ അവരില്‍നിന്നു കിട്ടുവാന്‍ മാര്‍ഗ്ഗമില്ലാതിരിക്കുകയും ചെയ്‌താല്‍ അതിനുള്ള നിവാരണം ഇതാണ്: അമുസ്ലിംകളുമായി അതിനു അനന്തര നടപടി കൈകൊള്ളുവാന്‍ അവസരം കാണുമ്പോള്‍ ആ നഷ്ടസംഖ്യ ഈടാക്കികൊടുക്കണം. യുദ്ധത്തില്‍ ഗനീമത്തു സ്വത്തുക്കള്‍ ലഭിക്കുന്നപക്ഷം അതില്‍നിന്നോ അല്ലെങ്കില്‍ മുസ്ലിംകളുടെ ഭാഗത്തുനിന്നു അവര്‍ക്കു കൊടുക്കേണ്ടതുള്ള മഹ്റു വകകളില്‍നിന്നോ ഇതു ഈടാക്കിക്കൊടുക്കേണ്ടതാണ്. ഗനീമത്തുകളില്‍നിന്നു ഇതു കഴിച്ചു ബാക്കിയേ ഓഹരി ചെയ്യപ്പെടേണ്ടതുള്ളൂ. ഇതു സംബന്ധമായ വിശദവിവരങ്ങള്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്ര) ഗ്രന്ഥങ്ങളിലും മറ്റും കാണാവുന്നതാണ്‌. വിവാഹത്തില്‍ മഹ്റിനുള്ള സ്ഥാനവും, അതിന്റെ ഉത്തരവാദിത്തത്തിന്റെ ഗൗരവവും ഇസ്ലാമില്‍ എത്രമാത്രം വമ്പിച്ചതാണെന്നു ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എന്നിട്ടും, ഒരു മാമൂല്‍, അല്ലെങ്കില്‍ നിയമപരമായ ഒരു ചടങ്ങു എന്നു മാത്രമേ പല പണ്ഡിതന്‍മാര്‍പോലും മഹ്റിനെപ്പറ്റി ഇന്നു ധരിച്ചിട്ടുള്ളൂവെന്നതു വളരെ ഖേദകരമാണ്.

60:12
  • يَـٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَـٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَـٰدَهُنَّ وَلَا يَأْتِينَ بِبُهْتَـٰنٍ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٢﴿
  • ഹേ, നബിയേ, വിശ്വാസികളായ സ്ത്രീകള്‍, തങ്ങള്‍ അല്ലാഹുവിനോടു യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നു 'ബൈഅത്തു' [പ്രതിജ്ഞ] നല്‍കിക്കൊണ്ടു നിന്റെ അടുക്കല്‍ വന്നാല്‍,- അവര്‍ മോഷ്ടിക്കുകയുമില്ല, വ്യഭിചാരം ചെയ്യുകയുമില്ല, തങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയുമില്ല, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വെച്ച് (മനപൂര്‍വ്വം) കെട്ടിച്ചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരികയുമില്ല,- ഒരു (സദാചാരപരമായ) സല്‍കാര്യത്തിലും നിന്നോടു അവര്‍ അനുസരണക്കേടു കാണിക്കുകയുമില്ല എന്നും (ബൈഅത്തു നല്‍കിക്കൊണ്ടുവന്നാല്‍), നീ അവരോടു 'ബൈഅത്തു' [പ്രതിജ്ഞ] വാങ്ങിക്കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا النَّبِيُّ ഹേ, നബിയേ إِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ يُبَايِعْنَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) നല്‍കിക്കൊണ്ടു عَلَىٰ أَن لَّا يُشْرِكْنَ അവര്‍ പങ്കുചേര്‍ക്കയില്ലെന്നു بِاللَّـهِ അല്ലാഹുവിനോടു شَيْئًا യാതൊന്നിനെയും وَلَا يَسْرِقْنَ മോഷ്ടിക്കുക (കളവു നടത്തുക) യില്ല എന്നും وَلَا يَزْنِينَ വ്യഭിചാരം ചെയ്കയുമില്ല وَلَا يَقْتُلْنَ കൊല ചെയ്കയുമില്ല أَوْلَادَهُنَّ തങ്ങളുടെ സന്താനങ്ങളെ وَلَا يَأْتِينَ തങ്ങള്‍ വരികയുമില്ല بِبُهْتَانٍ കള്ളവാദവുംകൊണ്ടു, നുണയുമായി يَفْتَرِينَهُ തങ്ങള്‍ കെട്ടിച്ചമക്കുന്ന بَيْنَ أَيْدِيهِنَّ തങ്ങളുടെ കൈകള്‍ക്കിടയില്‍വെച്ചു وَأَرْجُلِهِنَّ തങ്ങളുടെ കാലുകള്‍ക്കും وَلَا يَعْصِينَكَ നിന്നോടു അവര്‍ അനുസരണക്കേടും കാണിക്കയില്ല (എന്നും) فِي مَعْرُوفٍ ഒരു സദാചാരത്തിലും, സല്‍കാര്യത്തിലും فَبَايِعْهُنَّ എന്നാല്‍ നീ അവര്‍ക്കു ബൈഅത്തു കൊടുക്കുക, അവരോടു പ്രതിജ്ഞ വാങ്ങുക وَاسْتَغْفِرْ لَهُنَّ അവര്‍ക്കുവേണ്ടി പാപമോചനവും തേടുക اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

മുന്‍വിഷയങ്ങളുമായി ഒരു തരത്തില്‍ ബന്ധപ്പെട്ട വിഷയങ്ങള്‍തന്നെയാണ് ഈ വചനത്തിലും ഉള്ളത്. മക്കാവിജയത്തെത്തുടര്‍ന്നു മക്കാനിവാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍വന്ന്‍ തങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിച്ചതായും, ഇസ്ലാമികശാസനങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍ തയ്യാറുള്ളതായും ‘ബൈഅത്ത്’ (بَيْعَة – പ്രതിജ്ഞ) നടത്തുകയുണ്ടായി. (മറ്റു ചില പ്രത്യേക സന്ദര്‍ഭങ്ങളിലും ഇങ്ങിനെ ബൈഅത്തു നടക്കാറുണ്ടായിരുന്നു). കൂട്ടത്തില്‍, മക്കായിലെ സ്ത്രീകളും ബൈഅത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ ബൈഅത്തിനു വരുമ്പോള്‍ അവരില്‍നിന്നു ബൈഅത്തു വാങ്ങേണ്ടുന്ന രൂപം അല്ലാഹു ഈ വചനത്തില്‍ എടുത്തുകാട്ടുന്നു. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമ്പ്രദായം ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നുവല്ലോ. അതുപോലെത്തന്നെ, അന്യപുരുഷ സ്പര്‍ശനത്തില്‍ ജനിച്ച ജാരസന്താനങ്ങളെ സ്വഭർത്താക്കളുടെ സന്താനങ്ങളായും, ഏതെങ്കിലും ഒരാളുടെ അവിഹിത കൂട്ടുകെട്ടിൽ ജനിച്ച  കുട്ടികളെ സ്ത്രീ ഇഷ്ടപ്പെടുന്ന മറ്റൊരാളുടേതായും നിശ്ചയിക്കുന്ന പതിവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതെല്ലാം ഉദ്ദേശിച്ചുകൊണ്ടാണ്‌ സന്താനങ്ങളെ കൊല്ലുകയില്ലെന്നും, കൈകാലുകള്‍ക്കിടയില്‍ വെച്ച് കെട്ടിച്ചമക്കുന്ന കള്ളവാദം കൊണ്ടുവരികയില്ലെന്നും (وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ الخ) അവരുടെ ബൈഅത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്താനങ്ങള്‍ ജനിച്ചുവളരുന്നതു സ്ത്രീകളുടെ കൈകാലുകള്‍ക്കിടയില്‍ വെച്ചാണല്ലോ. ഇത്രയും സ്പഷ്ടമായി അറിയാവുന്ന ഒരു പച്ചപ്പരമാര്‍ത്ഥത്തെ മറച്ചു വെച്ചാണ് ആ കള്ളം കെട്ടിച്ചമക്കുന്നതെന്നത്രെ ആ വാക്കു സൂചിപ്പിക്കുന്നത്.

مَعْرُوف (മഅ്റൂഫ്) എന്ന വാക്കില്‍ ബുദ്ധികൊണ്ടോ മതം മുഖേനയോ നല്ല കാര്യങ്ങളായി അറിയപ്പെടുന്നതെല്ലാം (*) ഉള്‍പ്പെടും. അറിയപ്പെട്ടതു എന്നാണ് വാക്കര്‍ത്ഥമെങ്കിലും ‘സദാചാരം, സല്‍കാര്യം’, എന്നൊക്കെയാണ് ഉദ്ദേശ്യാര്‍ത്ഥം. مُنكَر (മുങ്കര്‍ = ദുരാചാരം, ദുഷ്കാര്യം) എന്നാണ് ഇതിന്റെ എതിര്‍പദം. ചില പ്രത്യേക ഉപാധികള്‍ ആദ്യം എടുത്തു പറഞ്ഞശേഷം, സല്‍കാര്യങ്ങളില്‍പെട്ട ഏതൊന്നു കൽപിച്ചാലും അതു അനുസരിക്കാതിരിക്കുകയില്ലെന്നു ബൈഅത്തിന്റെ വാചകത്തില്‍ ഒരു പൊതു ഉപാധികൂടി വെച്ചിരിക്കുന്നതു ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്റെ കല്പനക്കെതിരായി ആര്‍ക്കും ഒന്നും കൽപിക്കുവാന്‍ അധികാരമില്ല. അങ്ങിനെ കൽപിച്ചാല്‍ അതു അനുസരിക്കേണ്ടതുമില്ല. എന്നാല്‍, അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലാത്ത കാര്യമായിരുന്നാലും, സല്‍കാര്യങ്ങളുടെ ഇനത്തില്‍പെട്ട ഒരു കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ, ഉത്തരവാദപ്പെട്ട നേതാവോ കല്പിച്ചാല്‍ അതു മറ്റുള്ളവര്‍ അനുസരിക്കേണ്ടതുണ്ട് എന്നു ഇതില്‍നിന്നും മറ്റു പല തെളിവുകളില്‍നിന്നും മനസ്സിലാക്കാം. വല്ലവരും മരണപ്പെടുമ്പോള്‍ ജാഹിലിയ്യത്തില്‍ പതിവുണ്ടായിരുന്നതും ഇന്നും ചില സമുദായങ്ങളില്‍ കാണാവുന്നതുമായ വിലാപഗോഷ്ടികളും, അനുശോചന ചടങ്ങുകളും നടത്തുകയില്ലെന്നും സ്ത്രീകളുടെ ബൈഅത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉള്‍പ്പെടുത്തിയിരുന്നതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഇതും ‘മഅ്റൂഫി’ന്റെ ഇനത്തില്‍ പെട്ടതുതന്നെ.


(*). المعروف إسم لكل فعل يعرف بالعقل والشرع حسنة والمنكر ما ينكر بهما – مفردات الراغب


ഒരാള്‍ ഒരാള്‍ക്കു ‘ബൈഅത്തു’ ചെയ്യുമ്പോള്‍ അന്യോന്യം കൈപിടിച്ചുകൊണ്ടാണു അതു നടക്കാറുള്ളത്. എന്നാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ത്രീകളുമായി ബൈഅത്തു നടത്തിയപ്പോള്‍ ഓരോ സ്ത്രീയും മേല്‍പറഞ്ഞ നിബന്ധനകളെല്ലാം സ്വീകരിച്ചുകഴിഞ്ഞശേഷം അവരോടു قَدْ بَايَعْتُكَ ‏‏على ذلك (തന്നോടു അപ്രകാരം ഞാന്‍ പ്രതിജ്ഞ നടത്തി) എന്നു പറയുകയല്ലാതെ, സ്ത്രീകള്‍ക്കു കൈ കൊടുക്കുകയുണ്ടായിട്ടില്ല എന്നു ആയിശാ (رَضِيَ اللهُ تَعَالَى عَنْها) നിവേദനം ചെയ്തിരിക്കുന്നു. (ബു). ഞങ്ങള്‍ക്കു കൈതരാത്തതെന്താണെന്നു സ്ത്രീകള്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ സ്ത്രീകള്‍ക്കു കൈ കൊടുക്കുന്നതല്ല’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയും ചെയ്തു. (അ). സൂറത്തിന്റെ ആരംഭത്തില്‍ സംസാരവിഷയമായിരുന്ന കാര്യം സത്യവിശ്വാസികളെ വിളിച്ച് വീണ്ടും ഒന്നു ചുരുക്കി ആവര്‍ത്തിച്ചുണര്‍ത്തിക്കൊണ്ടു അല്ലാഹു സൂറത്തു സമാപിപ്പിക്കുന്നു:-

60:13
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِمْ قَدْ يَئِسُوا۟ مِنَ ٱلْـَٔاخِرَةِ كَمَا يَئِسَ ٱلْكُفَّارُ مِنْ أَصْحَـٰبِ ٱلْقُبُورِ ﴾١٣﴿
  • ഹേ, വിശ്വസിച്ചവരേ, അല്ലാഹു കോപിച്ചിട്ടുള്ള ജനതയോടു നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്. ക്വബ്റുകളിലുള്ളവരെ സംബന്ധിച്ചു അവിശ്വാസികള്‍ നിരാശപ്പെട്ടിരിക്കുന്നതുപോലെ, പരലോകത്തെ സംബന്ധിച്ചു തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുകയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَوَلَّوْا നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്, സ്നേഹബന്ധം പുലര്‍ത്തരുത് قَوْمًا ഒരു ജനതയോടു غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِمْ അവരുടെമേല്‍ قَدْ يَئِسُوا തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുന്നു, ആശമുറിഞ്ഞു مِنَ الْآخِرَةِ പരലോകത്തെ സംബന്ധിച്ചു كَمَا يَئِسَ الْكُفَّارُ അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ مِنْ أَصْحَابِ الْقُبُورِ ക്വബ്റുകളിലുള്ളവരെപ്പറ്റി, ക്വബ്റിന്റെ ആള്‍ക്കാരില്‍പെട്ട

‘അല്ലാഹു കോപിച്ച ജനത’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രമായ എല്ലാ അവിശ്വാസികളും ആയിരിക്കാവുന്നതാകുന്നു. ക്വുര്‍ആനില്‍ യഹൂദികളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ചില പ്രസ്താവനകളെ അടിസ്ഥാനമാക്കി യഹൂദികളാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ചിലര്‍ അഭിപ്രായപ്പെടുന്നത്. അല്ലാഹുവിനറിയാം. ഒന്നാമത്തെ അഭിപ്രായം അനുസരിച്ച് അവസാന വാക്യത്തിന്റെ സാരം ഈ രണ്ടിലൊരു പ്രകാരമായിരിക്കും:

(1). ആ അവിശ്വാസികള്‍ ക്വബ്റിലുള്ളവരെ സംബന്ധിച്ച് ആശ മുറിഞ്ഞിട്ടുള്ളതുപോലെ, പരലോകത്തെക്കുറിച്ചും ആശ മുറിഞ്ഞിട്ടുണ്ട്‌. അതായതു മരിച്ചു മണ്ണടിഞ്ഞുപോയവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അവര്‍ക്കില്ലാത്തതുപോലെ, പരലോകത്തുവെച്ചു വല്ല ഗുണവും ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ക്കില്ല. പരലോകത്തിലും മരണാനന്തര സംഭവങ്ങളിലും അവര്‍ക്കു വിശ്വാസമില്ലല്ലോ.

(2). ക്വബ്റുകളിലുള്ളവരെക്കുറിച്ചു അവിശ്വാസികള്‍ ആശ മുറിഞ്ഞവരാണെന്നതുപോലെ, യഹൂദികള്‍ പരലോകഗുണത്തിലും ആശ നഷ്ടപ്പെട്ടവരാണ്. യഹൂദികള്‍ പരലോകത്തെ നിഷേധിക്കുന്നവരല്ലെങ്കിലും, തങ്ങളുടെ തോന്നിയവാസങ്ങള്‍ നിമിത്തം തങ്ങള്‍ക്കു രക്ഷയില്ലെന്നു അവര്‍ക്കുതന്നെ അറിയാം എന്നു താല്‍പര്യം.

ആ വാക്യത്തിനു ഇങ്ങിനെയും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്: ‘ക്വബ്റിന്റെ ആള്‍ക്കാരില്‍പെട്ട അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ, ആ ജനത -അല്ലാഹുവിന്റെ കോപത്തിനു വിധേയരായ ജനത- പരലോകത്തെ സംബന്ധിച്ചു നിരാശപ്പെട്ടിട്ടുണ്ട്.’ മരിച്ചു ക്വബ്റുകളില്‍ കിടക്കുന്ന സത്യവിശ്വാസികള്‍ക്കു പരലോകത്തു നന്‍മ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരിക്കുമല്ലോ. അതുപോലെ മരണപ്പെട്ട അവിശ്വാസികള്‍ക്കു ഒരിക്കലും ആ പ്രതീക്ഷക്കു അവകാശമില്ല എന്നു സാരം. مِنْ (മിന്‍) എന്ന അവ്യയത്തിനു ‘സംബന്ധിച്ച്’ എന്നും ‘ഇല്‍നിന്നു’ എന്നും അര്‍ത്ഥം വരാം. ഇതില്‍നിന്നാണ് ഈ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ക്കു സാധ്യതയുണ്ടായത്. ഇതനുസരിച്ചു كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ എന്ന വാക്യത്തിനു ‘ക്വബ്റിലെ ആള്‍ക്കാരില്‍നിന്നുള്ള അവിശാസികള്‍ നിരാശപ്പെട്ടതുപോലെ’ എന്നും, ആദ്യം പറഞ്ഞതനുസരിച്ച് ‘അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ’ എന്നും വിവര്‍ത്തനം നല്‍കാവുന്നതാണ്. ഏതു സ്വീകരിച്ചാലും ഉദ്ദേശ്യം വ്യക്തം തന്നെ. والله أعلم

اللَّهُمَّ لك الحمد والمنة والفضل