സൂറത്തുല് ഹദീദ് : വ്യാഖ്യാനക്കുറിപ്പ്
‘ഖള്വാ-ഖദ്ർ’ (القضاء والقدر)
അഥവാ
അല്ലാഹുവിന്റെ വിധിവ്യവസ്ഥകൾ:-
അല്ലാഹു സർവ്വജ്ഞനും സർവ്വശക്തനുമാണ്. ചെറുപ്പവലുപ്പമോ, സ്ഥലകാലമോ വ്യത്യാസമില്ലാതെ സകലകാര്യങ്ങളും, സകലവസ്തുക്കളും – ഓരോന്നും ഇന്നിന്നപ്രകാരത്തിലാണെന്ന് – അവൻ അറിയുന്നു. അവന്റെ അറിവിൽ പെടാത്തതോ, അറിവിൽനിന്ന് അൽപമെങ്കിലും വ്യത്യസ്തമായതോ ഒന്നും തന്നെയില്ല. നമ്മുടെ അറിവുപോലെ അപ്പപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അറിവല്ല അല്ലാഹുവിന്റേത്. അവന്റെ ഇതരഗുണങ്ങളെപ്പോലെ അവന്റെ അറിവും അനാദിയും അനന്തവുമാകുന്നു. എന്നിങ്ങനെയുള്ള ഇസ്ലാമിലെ മൗലിക വിശ്വാസ തത്വങ്ങൾ സ്വീകരിക്കുന്ന ഏതൊരാൾക്കും അല്ലാഹുവിന്റെ വിധിവ്യവസ്ഥയാകുന്ന ‘ഖള്വാ-ഖദ്റിലും വിശ്വസിക്കാതിരിക്കുവാൻ നിവൃത്തിയില്ല. മതദൃഷ്ട്യാ ഒഴിച്ചുകൂടാത്ത കടമയുമാണത്. ക്വുർആനും ഹദീഥും സ്പഷ്ടമായ ഭാഷയിൽ അതിനെപ്പറ്റി ധാരാളം പ്രതിപാദിച്ചിട്ടുമുണ്ട്. മുസ്ലിംസമുദായം പൊതുവിലും, ഇതരമതക്കാരിൽ ഏതാനും ഭാഗവും ഖള്വാ-ഖദ്റിൽ വിശ്വസിക്കുന്നവരുമാകുന്നു.
ഖദ്റിലുള്ള വിശ്വാസം യുക്തിക്ക് യോജിക്കാത്തതാണെന്ന് വാദിച്ചു കൊണ്ട് അതിനെ നിഷേധിക്കുന്ന ഒരു ചെറിയ വിഭാഗം ആളുകൾ മുസ്ലിംകളിലുണ്ട്. മതവിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത പ്രാചീന തത്വശാസ്ത്ര സിദ്ധാന്തങ്ങളിൽ നിന്നാണ് വാസ്തവത്തിൽ ഈ നിഷേധത്തിന്റെ ഉത്ഭവം. എല്ലാതരം പിഴച്ച വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുയായികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആ പഴഞ്ചൻ വാദത്തിനും പുതിയ അനുയായികൾ ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. ആയിരത്തിമുന്നൂറിൽപരം കൊല്ലങ്ങൾക്കുമുമ്പ് ഇവരുടെ മുൻഗാമികൾ വാദിച്ചിരുന്ന അതേ വാദങ്ങളും, അവർ പറഞ്ഞിരുന്ന അതേ ന്യായങ്ങളും, അവർ സ്വീകരിച്ച അടവുകളും തന്നെയാണ് – കാലത്തിനൊത്ത ശൈലികൾ ഒഴിവാക്കിയാൽ – ഇന്ന് ഇവരും സ്വീകരിച്ചുകാണുന്നത്. തങ്ങളുടെ വാദഗതികൾക്ക് യോജിക്കാത്ത ക്വുർആൻ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തൊപ്പിക്കുക, തങ്ങൾക്ക് അനുകൂലമല്ലാത്ത ഹദീഥുകളെ പരിഹാസപൂർവ്വം തള്ളിക്കളയുക, തങ്ങളോട് അഭിപ്രായത്തിൽ യോജിക്കാത്തവരെ വിഡ്ഢികളാക്കുക, അനിസ്ലാമിക ചിന്താഗതികൾക്ക് ഇസ്ലാമിന്റെ ഛായ നൽകുക, ഇസ്ലാമിന്റെ സാക്ഷാൽ ഗുണകാംക്ഷികൾ തങ്ങളാണെന്ന് ഘോഷിക്കുക, ഇല്ലാത്ത ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചുണ്ടാക്കി അതിന് പരിഹാരം തങ്ങളുടെ വാദത്തിലാണുള്ളതെന്ന് സമർത്ഥിക്കുക മുതലായവ അവരുടെ പതിവത്രെ.
ബുദ്ധിയുടെ ഖണ്ഡിതമായ ഏതെങ്കിലും വിധിക്ക് എതിരായതോ, ബുദ്ധിപരമായ തെളിവുകളാല് അസംഭവ്യമെന്ന് തീരുമാനിക്കപ്പെടാവുന്നതോ ആയ ഒന്നുംതന്നെ അല്ലാഹുവിന്റെ വചനത്തിലോ, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ വചനത്തിലോ ഉണ്ടായിരിക്കയില്ലെന്ന് തീർത്തു പറയാം. പക്ഷേ, മനുഷ്യബുദ്ധി അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്യുന്ന ആശയങ്ങൾക്കോ നിഗമനങ്ങൾക്കോ അനുസരിച്ചുമാത്രമേ മതപ്രമാണങ്ങൾ ഉണ്ടായിരിക്കാവൂ എന്നില്ല. നമ്മുടെ ബുദ്ധിക്കും യുക്തിക്കും യോജിച്ചതായിത്തോന്നുന്ന എല്ലാ തത്വങ്ങളും, സിദ്ധാന്തങ്ങളും സാക്ഷാൽ യാഥാർത്ഥ്യങ്ങളായിരിക്കുമെന്ന് കരുതുന്നതും അബദ്ധമാകുന്നു. ബുദ്ധിപരമായ തെളിവുകൾകോണ്ടോ, യുക്തിന്യായങ്ങൾ മുഖേനയോ എത്തിച്ചേരുവാൻ സാധ്യമല്ലാത്ത എത്രയോ യാഥാർത്ഥ്യങ്ങളും തത്വസിദ്ധാന്തങ്ങളും നിലവിലുള്ളതുകൊണ്ടുതന്നെയാണ്, വേദങ്ങളുടെയും പ്രവാചകന്മാരുടെയും ആവശ്യം നേരിട്ടിരിക്കുന്നതും. എന്നിരിക്കെ വേദപ്രമാണങ്ങളുടെയും, പ്രവാചകവചനങ്ങളുടെയും വ്യക്തമായ പ്രസ്താവനകൾക്കു മുമ്പിൽ യാതൊരു യുക്തിവാദത്തിനും സ്ഥാനമില്ല. അപ്പോൾ, ക്വുര്ആന്റെയും ഹദീഥിന്റെയും നേർക്കുനേരെയുള്ള നിരവധി പ്രസ്താവനകളാൽ സ്പഷ്ടമായി അറിയപ്പെടുന്ന ഏതൊരു കാര്യവും യുക്തിരാഹിത്യത്തിന്റെ മേൽവിലാസത്തിൽ നിഷേധിച്ചു തള്ളുന്നതും അവ രണ്ടിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിനു ഒരിക്കലും യോജിച്ചതല്ല; പാടുള്ളതുമല്ല. യുക്തിവാദങ്ങളെ മതപ്രമാണങ്ങളുടെ ഉരക്കല്ലിൽ മാറ്റുരച്ചു നോക്കുന്നതിന് പകരം, മതപ്രമാണങ്ങളെ യുക്തിന്യായങ്ങളുടെ ഉരക്കല്ലിൽ ഉരച്ചുനോക്കി വിലയിരുത്തുന്നതാണ് എക്കാലത്തും ധാർമ്മികാരാജകത്വത്തിന് പ്രധാനകാരണമാകുന്നത്. ദൈവത്തിനും, മതത്തിനും, മാനുഷികമൂല്യങ്ങൾക്കും എതിരിൽ പടയെടുക്കുന്നവരുടെയെല്ലാം ആയുധം യുക്തിവാദം തന്നെ. പക്ഷേ, കാലത്തിനൊത്ത് വേഷം മാറും എന്ന് മാത്രം.
മനുഷ്യന്റെ പ്രവർത്തികളടക്കം ലോകത്തു നടക്കുന്ന സർവ്വകാര്യങ്ങളും, മൊത്തമായും വിശദമായും അല്ലാഹു അറിയുന്നു; ഇന്നിന്ന സംഭവം ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന നിർണ്ണയവും വ്യവസ്ഥയും അവന്റെ പക്കലുണ്ട്. അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല; എന്ത് – എങ്ങനെ – എപ്പോൾ വേണമെന്ന് അവൻ ഉദ്ദേശിക്കുന്നുവോ അത് അങ്ങനെ അപ്പോൾ സംഭവിക്കുന്നു; അവൻ അറിയാതെയോ ഉദ്ദേശിക്കാതെയോ യാതൊന്നും സംഭവിക്കുകയില്ല. ഈ വിധമുള്ള വിശ്വാസമാണ് ഖദ്റിലുള്ള വിശ്വാസം കൊണ്ടുദ്ദേശ്യം. അങ്ങനെയാണെങ്കിൽ, മനുഷ്യൻ എന്തിനു പ്രവർത്തിക്കണം? അവന്റെ പ്രവർത്തനം കൂടാതെത്തന്നെ അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചു കാര്യങ്ങൾ അങ്ങ് നടന്നുകൊള്ളുമല്ലോ?. മനുഷ്യന്റെ ഉദ്ദേശ്യങ്ങളിലും പ്രവർത്തനങ്ങളിലും നിരുപാധികമായ സ്വാതന്ത്ര്യവും കഴിവും അവനില്ലെങ്കിൽ – അഥവാ അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചാണ് എല്ലാം നടക്കുന്നതെങ്കിൽ – മതപരമായ വിധിവിലക്കുകൾ മുഖേന മനുഷ്യൻ ശാസിക്കപ്പെട്ടിരിക്കുന്നതു എന്തിനാണ്? എന്നിങ്ങിനെയുള്ള ആശയക്കുഴപ്പങ്ങൾ പലതും ഖദ്റിന്റെ നിഷേധികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഹിജ്റഃ ആദ്യനൂറ്റാണ്ടിൽതന്നെ, ഖദ്റിന്റെ വിഷയത്തിൽ പരസ്പരവിരുദ്ധമായ രണ്ടു ആശയഗതിക്കാർ ഉടലെടുത്തു.
(1) മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്ര്യമോ കഴിവോ ഇല്ല. കേവലം കാറ്റിൽപ്പെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവമാത്രമാണ് എന്നു ഒരു കക്ഷി വാദിച്ചു. ഇവർ ‘ജബ്-രിയ്യഃ’ (മനുഷ്യൻ നിർബന്ധത്തിനു വിധേയനാണെന്നു വാദിക്കുന്ന കക്ഷി = الجبرية) എന്ന പേരിൽ അറിയപ്പെടുന്നു. ഈ കക്ഷി ക്രമേണ ക്ഷയോൻമുഖമായിട്ടുണ്ടെന്നു പറയാം.
(2) മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നു; അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണ്; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കില്ല. എന്നൊക്കെ മറ്റൊരു കക്ഷി വാദിച്ചു. ഈ കക്ഷി ‘ഖദ്-രിയ്യഃ’ (മനുഷ്യന്റെ പ്രവർത്തനം അവന്റെ കഴിവുകൊണ്ടാണെന്നു വാദിക്കുന്ന കക്ഷി = القدرية) എന്ന പേരിലും അറിയപ്പെടുന്നു. ‘മുഅ്തസിലഃ’ (المعتزلة) വിഭാഗത്തിൽ നിന്നാണ് ഈ കക്ഷി ജന്മമെടുത്തിരിക്കുന്നത്. പരലോകത്തുവെച്ചും അല്ലാഹുവിനെ കാണ്മാൻ സാധ്യമല്ല എന്നും; സ്വർഗ്ഗനരകങ്ങൾ, കർമ്മങ്ങളെ തൂക്കിക്കണക്കാക്കൽ, ഇബ്ലീസ് എന്നിങ്ങനെയുള്ള പലതും യാഥാർത്ഥ്യങ്ങളല്ല എന്നും, അവ കേവലം ചില ഉപമാലങ്കാരങ്ങൾ മാത്രമാണെന്നും മറ്റും വാദിക്കുന്നവരും ഈ വിഭാഗത്തിലുണ്ട്. അതതു കാലത്തിനും കാലക്കാർക്കും അനുസരിച്ചുള്ള യുക്തിന്യായങ്ങൾതന്നെയാണ് എല്ലാവർക്കും കൊണ്ടുവരുവാനുള്ള തെളിവ്.
രണ്ടാമത്തെ കക്ഷിയായ ഖദ്-രിയ്യഃത്തിന്റെ പ്രധാന വാദങ്ങളെക്കുറിച്ചു മാത്രമാണ് നാമിവിടെ സംസാരിക്കുന്നത്. ഓരോ കാലത്തായി ചില പുത്തൻ തത്വങ്ങളും വാദഗതികളും ആവിഷ്കരിക്കുവാനും, ചിലത് ഉപേക്ഷിക്കുവാനും ഇവർ നിർബ്ബന്ധിതരായിട്ടുണ്ട്. അവയിൽ ചിലതെല്ലാം കാലഹരണപ്പെട്ടു പോയെങ്കിലും കുറെയെല്ലാം ഇന്നും അവശേഷിക്കുന്നു. എല്ലാം തുറന്നു പറയുവാൻ ഇവർ സങ്കോചപ്പെടുകയാണ്. ‘ലോകത്തു ഓരോ സംഭവവും സംഭവിക്കുമ്പോൾ മാത്രമേ അല്ലാഹു അറിയുകയുള്ളു. അതിനുമുമ്പ് അതിനെപ്പറ്റി അവൻ ഒന്നും അറിയുകയില്ല; അല്ലാഹുവിനു കാര്യങ്ങളെക്കുറിച്ചു മൊത്തത്തിലുള്ള അറിവേ ഉള്ളു. എല്ലാറ്റിനെക്കുറിച്ചും വിശദമായി അറിഞ്ഞുകൂടാ; ലോകകാര്യങ്ങൾക്കു ചില പൊതുവായ പരിപാടികളും കാര്യകാരണബന്ധങ്ങളും അവൻ ഏർപ്പെടുത്തിവെച്ചിട്ടുണ്ട്; അതനുസരിച്ചു മനുഷ്യന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വയമേവ നീങ്ങിക്കൊണ്ടിരിക്കുകയാണ്; മനുഷ്യന്റെ കർമ്മങ്ങളെല്ലാം അവന്റെ സ്വന്തം കഴിവും സൃഷ്ടിയുമാണ്; അല്ലാഹുവിന്റെ ഉദ്ദേശ്യമോ പ്രവർത്തനമോ അതിനാവശ്യമില്ല; നല്ലതിന്റെ മാത്രം സൃഷ്ടാവാണ് അല്ലാഹു; ചീത്തയായതൊന്നും അവന്റെ സൃഷ്ടിയല്ല; ചീത്തയായതിന്റെ സൃഷ്ടാവു പിശാചോ മനുഷ്യനോ ആയിരിക്കും; നന്മമാത്രം സൃഷ്ടിക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണ്….’. ഇത്യാദി വാദങ്ങളെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെട്ടതാകുന്നു. تعالى الله عن ذلك كله علوا كبيرا (അല്ലാഹു അതിൽനിന്നെല്ലാം തന്നെ അത്യുന്നതനത്രെ.)
മേൽപറഞ്ഞ രണ്ടു കക്ഷികൾക്കും ഇടയിലാണ് വാസ്തവം സ്ഥിതി ചെയ്യുന്നത്. സ്വഹാബത്തും താബിഉകളും അടക്കമുള്ള മുൻഗാമികൾ മുഴുവനും, പിൽക്കാലക്കാരായ മുസ്ലിംകൾ ബഹുഭൂരിഭാഗവും ഈ മദ്ധ്യഗതിക്കാരാകുന്നു. മനുഷ്യന് അവന്റെ ഇച്ഛയും ഉദ്ദേശ്യവും അനുസരിച്ചു പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും നല്കപ്പെട്ടിട്ടുണ്ടെന്നും, അതോടൊപ്പംതന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും നിശ്ചയത്തിനും അതിൽ പ്രായോഗികമായ പങ്കുണ്ടെന്നുമാണ് അവരുടെ വിശ്വാസം. അനേകം ഖുർആൻ വചനങ്ങളും നബിവചനങ്ങളും അവർക്കു തെളിവുകളായുണ്ടുതാനും. ഇവയ്ക്കുപുറമെ, ബുദ്ധിപരമായ പല തെളിവുകളോടുംകൂടി പല മഹാന്മാരും അതിനെ സ്ഥാപിച്ചുകൊണ്ടും, അതിന്റെ അനിവാര്യത തെളിയിച്ചുകൊണ്ടും ഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട്. പക്ഷേ, തൽപരകക്ഷികൾ അല്ലാഹുവിനു കൽപിക്കേണ്ടുന്ന മഹത്വങ്ങളും, പ്രത്യേകതകളും കൽപിക്കുന്നതിനുപകരം, മനുഷ്യനും മനുഷ്യന്റെ യുക്തിവീക്ഷണത്തിനും അളവിൽ കവിഞ്ഞ സ്ഥാനം കൽപിക്കുകയാണ് ചെയ്തിരിക്കുന്നത്. وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ (അവർ അല്ലാഹുവിനെ കണക്കാക്കേണ്ടുന്ന പ്രകാരം കണക്കാക്കിയില്ല.)
ഈ വിഷയത്തിൽ ക്വുർആന്റെയും ഹദീഥിന്റെയും നേർക്കുനേരെയുള്ള പ്രസ്താവനകൾ എന്താണു നമുക്ക് മനസ്സിലാക്കിത്തരുന്നത്? അതിൽ ബുദ്ധിയുടെ ഖണ്ഡിതമായ ഏതെങ്കിലും വിധിക്കു വിപരീതമായി വല്ലതും ഉണ്ടോ? ഖദ്റിന്റെ നിഷേധം യുക്തിയുടെ അടിസ്ഥാനത്തിൽത്തന്നെ അനിവാര്യമാണോ? എന്നൊക്കെ ഒരു സാമാന്യവീക്ഷണം നടത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ക്വുർആന്റെയും നബിവചനങ്ങളുടെയും വ്യക്തമായ താൽപര്യങ്ങളെ നിരുപാധികം അംഗീകരിക്കുവാൻ തയ്യാറാകുകയും, അതിനെതിരായ ചിന്താഗതികളെ അതിനനുസരിച്ചു രൂപപ്പെടുത്തുവാൻ വൈമനസ്യം തോന്നാതിരിക്കുകയും ചെയ്യത്തക്കവണ്ണം നിഷ്കളങ്കമായ സത്യവിശ്വാസം ഹൃദയത്തിൽ സ്ഥലംപിടിച്ചിട്ടുള്ളവർക്കു നിശ്ചയമായും ഈ കുറിപ്പ് ഉപകാരപ്പെട്ടേക്കും. إن شاء اللّه وهو الموفق للصواب
ചില പദങ്ങളും, അവയുടെ ഉപയോഗങ്ങളും:-
വിഷയത്തിൽ പ്രവേശിക്കുംമുമ്പ് താഴെ കാണുന്ന അറബിവാക്കുകളുടെ അർത്ഥങ്ങളും പ്രയോഗങ്ങളും മനസ്സിലാക്കുന്നത് വസ്തുനിഷ്ഠമായി കാര്യം ഗ്രഹിക്കുവാൻ സഹായകമായിരിക്കും. ഒരു ഭാഷയിലെ വാക്കുകൾ മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യുമ്പോൾ – ക്വുർആൻ, ഹദീസ്, ഇസ്ലാമിക ഗ്രന്ഥങ്ങള്, എന്നിവയിലെ വാക്കുകള് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുമ്പോള് പ്രത്യേകിച്ചും – മൂലവാക്കുകളോട് എപ്പോഴും എല്ലാനിലക്കും കിടനിൽക്കുന്ന പര്യായപദങ്ങൾ വിവർത്തന ഭാഷയിൽ കണ്ടെത്തുവാൻ സാധിച്ചെന്നു വരികയില്ല. മൂലഭാഷയിൽ വിവിധ രംഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കിന് അവിടങ്ങളിലെല്ലാം ഒരേവാക്കിൽ തർജ്ജമ നൽകുവാൻ ഗ്രന്ഥകർത്താക്കൾക്കും സാഹിത്യകാരന്മാർക്കും സാധിക്കാതെ വരുന്നതും, സന്ദർഭമനുസരിച്ച് കൂടുതൽ അനുയോജ്യമായ പദങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. അറബിഭാഷയിൽ അൽപമൊക്കെ പരിചയമുള്ളവർക്കു താഴെ കാണുന്ന വിവരണം കൂടുതൽ പ്രയോജനകരമായിത്തീരുമെന്നുള്ളതിൽ സംശയമില്ല.
اَلقَدْرُ ، الۡقَدَرُ ، التَّقۡدِيرُ
(ഖദ്ർ, ഖദർ, തഖ്-ദീർ):-
‘ഖദർ’ എന്ന വാക്കിനു പ്രസിദ്ധ അറബി – നിഘണ്ടുവായ ‘ക്വാമൂസി’ (القاموس) ൽ القضاء والحكم ومبلغ الشیء (തീരുമാനം, വിധി, ഒരു വസ്തുവിന്റെ തുക – അഥവാ ആകെ അളവ്) എന്നാണ് അർത്ഥം കൊടുത്തിട്ടുള്ളത്. ‘ഖദ്റി’ ന്നാകട്ടെ, പല അർത്ഥങ്ങളും അതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ധനം, കഴിവ്, ശക്തി, കുടുസ്സാക്കുക, കണക്കാക്കുക, നിർണ്ണയിക്കുക, മഹത്വപ്പെടുത്തുക, ചിട്ടപ്പെടുത്തുക, വേവിക്കുക’ എന്നും മറ്റും. ആധുനിക നിഘണ്ടുവായ ‘മുൻജിദി’ (المنجد)ൽ ‘ഖദ്റി’ന്റെ അർത്ഥങ്ങളിൽ ما يقدرﷲ من القضاء ويحكم به, تعلق الإرادۃ بالأشياء فی اوقاتها (അല്ലാഹു കണക്കാക്കുന്നതും വിധിക്കുന്നതുമായ തീരുമാനം, വസ്തുക്കളോട് തക്കസമയങ്ങളിൽ അല്ലാഹുവിന്റെ ഉദ്ദേശം ബന്ധപ്പെടൽ) എന്നുകൂടി അർത്ഥം കൊടുത്തു കാണാം.
ക്വുർആന്റെ പ്രത്യേക നിഘണ്ടുവായ ‘അൽ മുഫ്റദാത്തി’ (المفردات)ൽ ഇമാംറാഗിബ് ഈ ധാതുക്കളെപ്പറ്റി കുറെ അധികം വിവരിച്ചിരിക്കുന്നു. അതിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
(1) القدر والتقدير تبيين كمية الشيئ (ഒരു വസ്തു എത്രയാണെന്നുള്ള അളവ് വിവരിക്കലാണ് ‘ഖദ്റും’, ‘തഖ്ദീറും’.) പിന്നീട് ‘ഖദറ, ഖദ്ദറ’ (قَدَرَ , قَدَّرَ) എന്നീ ക്രിയാരൂപങ്ങൾക്ക് ‘കഴിവു നൽകി’ എന്നു അർത്ഥം പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: فتقدير اﷲ للأشياء على وجهين احدهما باعطاء القدرۃ الثاني أن يجعلها علی مقدار مخصوص ووجه مخصوص حسبما اقتضت الحكمة (എന്നാൽ, അല്ലാഹു കാര്യങ്ങളെ ‘തഖ്ദീർ’ ചെയ്യുക – അഥവാ ഖദ്റാ’ക്കുക – എന്നത് രണ്ടു പ്രകാരത്തിലുണ്ട്. ഒന്ന് അതിനു കഴിവു നൽകുന്നതു മുഖേനയും, മറ്റേത് അവന്റെ യുക്തിക്കനുസരിച്ചവിധം ഒരു പ്രത്യേക തോതിലും ഒരു പ്രത്യേക രീതിയിലും അതിനെ ആക്കുന്നത് മുഖേനയും.)
‘തഖ്ദീർ’ ഈ രണ്ടു പ്രകാരത്തിലായിത്തീരുവാനുള്ള പശ്ചാത്തലവും ഇമാംറാഗിബ് വിവരിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണ്: അല്ലാഹുവിന്റെ പ്രവൃത്തി രണ്ടു വിധത്തിലാണുള്ളത്. ഒന്ന്: അല്ലാഹു ഉദ്ദേശിച്ച കാലത്തോളം യാതൊരു ഭേദഗതിയും കൂടാതെ സ്ഥിരമായ അസ്തിത്വം നൽകിക്കൊണ്ടു സൃഷ്ടിക്കുക. ഉദാഹരണം: ആകാശങ്ങളും അതിലെ വസ്തുക്കളും. രണ്ടാമത്തേത്: മൂലവസ്തുക്കളെ സൃഷ്ടിക്കുകയും, അവൻ നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് മാത്രം. അതിൽ നിന്നു ജന്യങ്ങളായ അംശങ്ങൾ (അഥവാ ശാഖകൾ) ഉണ്ടായിത്തീരുവാനുള്ള ശക്തി അതിൽ ഏർപ്പെടുത്തുകയും ചെയ്യുക. ഉദാഹരണം: ഈത്തക്കുരുവിൽ നിന്നു ഈത്തപ്പനയും, മനുഷ്യ ബീജത്തിൽ നിന്ന് മനുഷ്യനും ഉണ്ടാകുന്നതു പോലെയുള്ള കാര്യങ്ങൾ (*).
(*) ഖദ്റിന്റെ നിഷേധികളായ ചിലർ ഇമാം റാഗിബ് കാണിച്ച ഈ രണ്ടാമത്തെ അർത്ഥം പൊക്കിപ്പിടിക്കുകയും ആദ്യത്തെ അർത്ഥം മൂടിവെക്കുകയും ചെയ്തുകാണാം.
തുടർന്ന് കൊണ്ട് റാഗിബ് (رحمه الله) തഖ്ദീറിനെ ഒന്നു കൂടി വിശദീകരിച്ചു ഇങ്ങനെ പറയുന്നു:
فتقدير اللّٰه على وجهين أحدهما بالحكم منه أن يكون كذا أو لا يكون كذا إما على سبيل الوجوب وإما على سبيل الإمكان وعلى ذلك قوله قد جعل اللّٰه لكل شيئ قدرا والثاني باعطاء القدرة عليه
(അപ്പോൾ അല്ലാഹുവിന്റെ ‘തഖ്ദീർ’ രണ്ടു വിധമാണ്. ഒന്ന്: ഇന്ന പ്രകാരം ഉണ്ടാവണം അല്ലെങ്കിൽ ഇന്ന പ്രകാരം ഉണ്ടാവരുത് എന്ന് നിർബന്ധത്തിന്റെ നിലക്കോ, സാധ്യതയുടെ നിലക്കോ, വിധിക്കുക. ‘എല്ലാ കാര്യത്തിനും അല്ലാഹു ഒരു ഖദ്ർ ഏർപ്പെടുത്തിയിട്ടുണ്ട്’ എന്ന ഖുർആൻ വാക്യം (**) ഇതനുസരിച്ചുള്ളതാകുന്നു. രണ്ടാമത്തേത്: അതിന് – ഒരു കാര്യത്തിന് – കഴിവുകൊടുക്കലാണ്.)
(**) സൂ: ത്വലാഖ്: 3.
ചില പ്രസ്താവനകൾക്കും ഉദാഹരണങ്ങൾക്കുംശേഷം അദ്ദേഹം തുടരുന്നു:
وقوله : (وَكَانَ أَمْرُ اللَّهِ قَدَرًا مَقْدُورًا) * فقدر اشارة الى ما سبق به القضاء و الكتابة فى اللوح المحفوظ و المشار اليه بقوله عليه السلام : * (فرغ ربكم من الخلق و الاجل و الرزق) * ، و المقدور اشارة الى ما يحدث عنه حالًا فحالًا مما قدّر و هو المشار اليه بقوله : * كل يوم هو فى شأن) * و على ذلك قوله : * ( و ما ننزله الَّا بقدر معلوم)
(‘അല്ലാഹുവിന്റെ കാര്യം മഖ്ദൂറായ ഖദ്റാകുന്നു’ എന്ന ആയത്തിലെ (*) ‘ഖദ്ർ’ എന്ന വാക്ക് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുള്ളതിനെയും ലൗഹുൽ മഹ്ഫൂദ്വി’ൽ രേഖപ്പെടുത്തിയതിനെയും സൂചിപ്പിക്കുന്നു. ‘സൃഷ്ടി, കാലാവധി, ആഹാരം എന്നിവയുടെ ജോലിയിൽ നിന്ന് നിങ്ങളുടെ റബ്ബ് വിരമിച്ചിരിക്കുന്നു – അഥവാ അവയെ സംബന്ധിച്ച തീരുമാനം കഴിഞ്ഞിരിക്കുന്നു’ – എന്ന നബി വചനത്തിൽ സൂചിപ്പിക്കപ്പെട്ടതും അതുതന്നെ. ‘മഖ്-ദൂർ’ എന്ന വാക്കാവട്ടെ, അവൻ കണക്കാക്കിവെച്ചതിൽനിന്ന് അപ്പപ്പോൾ സംഭവിക്കുന്നതിലേക്കുള്ള സൂചനയാണ്. ‘എല്ലാ ദിവസവും അല്ലാഹു ഓരോ കാര്യത്തിലാണ്’ എന്ന ആയത്തിൽ (**) ചൂണ്ടിക്കാട്ടിയതും അതുതന്നെ. ഇപ്രകാരം തന്നെയാണ് ‘നാം അതിനെ (ഓരോ വസ്തുവെയും) ഒരു നിശ്ചിത തോതിലല്ലാതെ ഇറക്കുന്നില്ല’ എന്ന ആയത്തും.)(***)
(*) സൂ: അഹ്സാബ്: 38. ‘അല്ലാഹുവിന്റെ കാര്യം സാധിതപ്രായമായ – അഥവാ വ്യവസ്ഥാപിതമായ – ഖണ്ഡിത വ്യവസ്ഥയാകുന്നു’ എന്ന് സാരം. വിവരണത്തിന്റെ സൗകര്യം ഓർത്ത് മേൽപ്രകാരം മൂലവാക്കുകൾ അതേപടി ഉപയോഗിച്ചതാണ്.
(**) സൂ: അർ റഹ്മാൻ
(***) സൂ: ഹിജ്ർ: 21.
അല്ലാഹുവിന്റെ ‘തക്വ്-ദീറി’നെപ്പറ്റി വിവരിച്ചശേഷം, മനുഷ്യരെ സംബന്ധിച്ച് പറയുമ്പോൾ ‘തക്വ്-ദീറിന്റെ അർത്ഥം എന്തായിരിക്കുമെന്നും ഇമാം റാഗിബ് (رحمه الله) തുടർന്ന് വിവരിക്കുന്നു:
والتقدير من الإنسان على وجهين أحدهما التفكر في الأمر يحسب نظر العقل وبناء الأمر عليه ذلك محمود والثاني ان يكون بحسب التمنى والشهوة وذلك مذموم
(മനുഷ്യന്റെ ‘തഖ്ദീറും രണ്ട് പ്രകാരത്തിലുണ്ട്. ഒന്ന്: ബുദ്ധിയുടെ വീക്ഷണമനുസരിച്ച് കാര്യത്തെപ്പറ്റി ചിന്തിക്കുകയും ആ അടിസ്ഥാനത്തിൽ കാര്യം നടത്തുകയും ചെയ്യുക. ഇത് പ്രശംസനീയമത്രെ. (നല്ല കാര്യമാണ്). രണ്ടാമത്തേത്: മോഹത്തിനും ഇച്ഛക്കും അനുസരിച്ച് ചിന്തിക്കുക. ഇത് ആക്ഷേപാർഹമായതാകുന്നു. [ഇമാം റാഗിബിൽ നിന്നുള്ള ഉദ്ധരണി ഇവിടെ അവസാനിച്ചു].
ഇമാം ഇബ്നുകഥീർ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറിൽ ‘ഖദ്റി’ നു നിർവ്വചനം നൽകുന്നത് ഇങ്ങനെയാകുന്നു. هو علمه الأشياء قبل كونها وكتابته لها قبل برئها (കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പ് അതിനെ കുറിച്ച് അവൻ – അല്ലാഹു – അറിയലും, അവയെ സൃഷ്ടിച്ചുണ്ടാക്കുന്നതിനു മുമ്പ് അവയെ അവൻ രേഖപ്പെടുത്തലുമാകുന്നു അത്.) മഹാനായ ഇബ്നുഖയ്യിം (رحمه الله) യുക്തിവാദികളായ ചില കക്ഷികളെപ്പറ്റി സംസാരിക്കുന്ന കൂട്ടത്തിൽ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا (അല്ലാഹു എല്ലാറ്റിനും ഓരോ ഖദ്ർ ഏർപ്പെടുത്തിയിട്ടുണ്ട്) എന്ന ക്വുർആൻ വാക്യം വിവരിച്ചുകൊണ്ട് പ്രസ്ഥാവിച്ചിട്ടുള്ള ചില വാക്യങ്ങളും ഇവിടെ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: ‘ജ്ഞാനവുമായി ബന്ധപ്പെട്ടത്, പ്രത്യേക വസ്തുവുമായി ബന്ധപ്പെട്ടത് (العلمي والعيني) എന്നിങ്ങനെ ഖദ്ർ രണ്ടു തരത്തിലുണ്ട്. ഒരാൾ താൻ പറയുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ രൂപം ആദ്യം മനസ്സുകൊണ്ട് കണക്കാക്കുകയും പിന്നീടത് പ്രയോഗത്തിൽ വരുത്തുകയുമാണല്ലോ ചെയ്യുക. അതുപോലെ, സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുൻപായി അവയുടെ തോതുവ്യവസ്ഥകൾ (مقادير الخلق) ക്ക് അല്ലാഹുവിന്റെ അറിവിലും നിശ്ചയത്തിലും ഒരു വ്യവസ്ഥയുണ്ടായിരിക്കുന്നതും പിന്നീടവയെ ആ അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്നതുമാകുന്നു. അദ്ദേഹം തുടരുന്നു:
والقدر إلاهي نوعان أحدهما في العلم والكناية والثاني خلقها وتصويرها بقدرته يخلق بها الأشياء والخلق يضمن الابداع والتقدير جميعا الصواعق المرسل
(ദൈവികമായ ഖദ്ർ രണ്ട് വിധമാകുന്നു. ഒന്ന്: അറിവിലും, നിശ്ചയത്തിലും അഥവാ രേഖപ്പെടുത്തുന്നതിലും ഉള്ളത്. രണ്ടാമത്തേത്: വസ്തുക്കളെ സൃഷ്ടിക്കുവാനുള്ള അവന്റെ കഴിവുകൊണ്ട് അവയെ സൃഷ്ടിക്കലും അവയ്ക്ക് രൂപം നൽകലും ആകുന്നു. നിർമാണവും വ്യവസ്ഥയും കൂടി ഉൾക്കൊള്ളുന്നതാണ് സൃഷ്ടിപ്പ്.)
‘ഖദർ’ എന്നും, ‘ഖദ്ർ’ എന്നും (‘ദാലി’ നു ‘ഫത്ത്ഹ്’ കൊടുത്തും, ‘സുകൂൻ’ കൊടുത്തും) ഉപയോഗിക്കാമെന്നു ഇബ്നു ഖുതൈബഃ (رحمه الله) മുതലായ ഭാഷാപണ്ഡിതന്മാർ പ്രസ്താവിച്ചതായി ഇമാം നവവീ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു. (شرح مسلم). രണ്ടായാലും അർത്ഥത്തിൽ വ്യത്യാസമില്ല എന്നു സാരം.
الحكم، القضآء (‘ഹുക്മ്’, ‘ഖള്വാഉ്’):-
‘ഹുക്മു ‘ എന്നാൽ ‘വിധി’ എന്നർത്ഥം. ഇമാം റാഗിബ് (رحمه الله) പറയുന്നു: (والحكم بالشيء ان تقضى بأنه كذا أو ليس كذا سواء الزمت ذلك غيرك أو لم تلزمه) (ഒരു കാര്യത്തെപ്പറ്റി ‘ഹുക്മ്’ ചെയ്യുക എന്നുവെച്ചാൽ, അത് ഇന്നപ്രകാരമാണ് – അല്ലെങ്കിൽ ഇന്നപ്രകാരമല്ല – എന്ന് തീരുമാനിക്കലാണ്. മറ്റുള്ളവർക്ക് അത് ബാധകമാക്കിയാലും ഇല്ലെങ്കിലും ശരി. ‘ഖള്വാഉ്’ എന്നാൽ ‘വിധി, തീരുമാനം, നിർവ്വഹണം, കടമ വീട്ടൽ, നടപ്പിൽ വരുത്തൽ’ എന്നൊക്കെ അർഥം വരും. (القضاء فصل الأمر قولاً كان أو فعلاً) (‘ഖള്വാഉ്’ എന്നാൽ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ കാര്യത്തിന് തീരുമാനമെടുക്കലാണ്.) എന്ന് പ്രസ്താവിച്ചശേഷം റാഗിബ് (رحمه الله) അതിനെ ദൈവികമെന്നും, മാനുഷികമെന്നും (الهي وبشرى) വിഭജിച്ചിരിക്കുന്നു. وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ (തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നു നിന്റെ റബ്ബ് ‘ഖള്വാ’ ചെയ്തിരിക്കുന്നു – തീരുമാനിച്ചിരിക്കുന്നു.) എന്നതുപോലുള്ള ചില ഖുർആൻ വചനങ്ങൾ വാക്മൂലമുള്ള ദൈവിക ഖള്വാഇനു അദ്ദേഹം ഉദാഹരണം കാണിച്ചിരിക്കുന്നു .(فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ) (രണ്ട് ദിവസങ്ങളിൽ അവയെ ഏഴ് ആകാശങ്ങളായി ‘ഖള്വാ ചെയ്തു – സൃഷ്ടി പൂർത്തിയാക്കി) എന്ന വചനം പ്രവ്യത്തിമൂലമുള്ള ദൈവിക ‘ഖള്വാഇനും അദ്ദേഹം ഉദാഹരണം കാണിച്ചിരിക്കുന്നു. (قضى الحاكم بكذا) (ന്യായാധിപൻ ഇന്നപ്രകാരം ‘ഖള്വാ ചെയ്തു – തീരുമാനിച്ചു) എന്ന് പറയാറുള്ളത് വാക്മൂലമുള്ള മാനുഷിക ‘ഖള്വാഇനും, (فَإِذَا قَضَيْتُمْ مَنَاسِكَكُمْ) (നിങ്ങളുടെ ഹജ്ജ് സംബന്ധമായ ആരാധനാകർമങ്ങൾ ‘ഖള്വാ ചെയ്താൽ – നിർവഹിച്ചാൽ) എന്ന ഖുർആൻ വാക്യം പ്രവർത്തിമൂലമുള്ള മാനുഷിക ‘ഖള്വാഇനും അദ്ദേഹം ഉദാഹരണമാക്കിയിരിക്കുന്നു.
بين القضاء والقدر :-
(‘ഖള്വാഉം’, ‘ഖദറും’ തമ്മിൽ):-
ഭാഷാർത്ഥത്തിൽ ഖള്വാഉം ഖദറും ഏറെക്കുറെ യോജിക്കുമെങ്കിലും രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. എല്ലാ ഖദറും ഖള്വാഉ് ആയിരിക്കുകയില്ല. ഖദറിനെക്കാൾ പ്രത്യേകമായിട്ടുള്ള (خاص)താണ് ഖള്വാഉ് എന്നൊക്കെ ഇമാം റാഗിബ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തഖ്ദീറുകൾക്കിടയിൽ നടക്കുന്നതാണ് ഖള്വാഉ്. അതായത്, ‘ഖദർ’ എന്നാൽ വ്യവസ്ഥ നിശ്ചയിക്കലും, ഖള്വാഉ് എന്നാൽ അത് ഖണ്ഡിതമാക്കലും തീരുമാനമാക്കലുമാകുന്നു. ഇതാണതിനു കാരണം. പിന്നീട് അദ്ദേഹം പറയുന്നു: ‘ശാമിലുണ്ടായ (ചരിത്രപ്രസിദ്ധമായ) വിഷൂചികയിൽനിന്നു സ്ഥലംവിട്ടു രക്ഷപ്പെടുവാൻ ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ദേശിച്ചപ്പോൾ, അബൂഉബൈദഃ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തോട് പറഞ്ഞു: أتفرّ من القضاء؟ (താങ്കൾ ഖള്വാഇൽനിന്നു ഓടിപ്പോകുകയാണോ?!) ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: أفرّ من قضاء الله إلى قدر الله (ഞാൻ അല്ലാഹുവിന്റെ ഖള്വാഇൽനിന്നു അല്ലാഹുവിന്റെ ഖദറിലേക്കു ഓടിപ്പോകുകയാണ്). ഖദർ ഖള്വാ ആയിക്കഴിയാത്തപ്പോൾ – നിശ്ചയം നടപ്പിൽ വരുത്താത്തപ്പോൾ – അല്ലാഹു അതിനെ തടഞ്ഞുവെച്ചേക്കാമെന്നുള്ള പ്രതീക്ഷക്കവകാശമുണ്ടെന്നും, അത് ഖള്വാ ആയിക്കഴിഞ്ഞാൽ പിന്നീടതിന് തടവുണ്ടാകയില്ലെന്നും ഉണർത്തുകയാണ് ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) ചെയ്തത്’. وَكَانَ أَمْرًا مَّقْضِيًّا (അത് – പിതാവില്ലാതെയുള്ള ഈസാനബിയുടെ ജനനം – ഒരു തീരുമാനിക്കപ്പെട്ട കാര്യം ആകുന്നു) എന്നുള്ള ക്വുർആൻ വാക്യവും മറ്റും അദ്ദേഹം ഇവിടെ എടുത്തുദ്ധരിച്ചിരിക്കുന്നു. ഖള്വാഉ്, ഖദർ എന്നീ വാക്കുകൾ തമ്മിലുള്ള ഈ വ്യത്യാസം ആ ധാതുവിൽ നിന്നുണ്ടാകുന്ന ക്രിയകൾ മുതലായ രൂപങ്ങളിലും ഉണ്ടായിരിക്കും. രണ്ട് വാക്കുകൾക്കിടയിലുള്ള വ്യത്യാസം വേറെ രൂപത്തിലും ചിലർ പ്രസ്താവിച്ചു കാണാമെങ്കിലും അതിവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല.
كتب,كتاب :- (‘കതബ’, ‘കിതാബ്’)
‘കൂട്ടിച്ചേർത്തു, ഒരുമിച്ചുകൂട്ടി’ എന്നിങ്ങനെയാണ് كتب (‘കതബ’)ക്കു ഭാഷയിൽ സാക്ഷാൽ അർത്ഥം. ‘എഴുതി, രേഖപ്പെടുത്തി’ എന്നീ അർത്ഥങ്ങളിൽ അത് ഉപയോഗിക്കപ്പെടുന്നത് സർവ്വസാധാരണമാകുന്നു. അക്ഷരങ്ങളും വാക്കുകളും കൂട്ടിച്ചേർക്കലാണല്ലോ എഴുത്ത്, ‘നിയമിച്ചു, നിർബന്ധമാക്കി’ എന്നിങ്ങനെയുള്ള അർത്ഥങ്ങളിലും ‘കതബ’ ഉപയോഗിക്കപ്പെടാറുണ്ട്. كتاب (കിതാബ്) എന്ന വാക്ക് ‘ഗ്രന്ഥം, ഏട് (എഴുതപ്പെട്ടത്), പുസ്തകം, രേഖ എന്നീ അർത്ഥങ്ങളിലാണ് അധികവും ഉപയോഗം. ‘നിർബന്ധം, നിയമം, വ്യവസ്ഥ’ ഇത്യാദി അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. ഈ ധാതുവിൽനിന്നുള്ള മറ്റ് രൂപങ്ങളിലും ഈ അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതാണ്.
المشية, الارادة
(‘മശിയ്യത്തും’, ‘ ഇറാദത്തും’):-
അവയുടെ ഇതര രൂപങ്ങളും
ഈ രണ്ട് വാക്കിനും ‘ഉദ്ദേശിക്കുക’ എന്നും, ഇവയുടെ ക്രിയാരൂപങ്ങളായ اراد، شآء (ശാഅ, അറാദ) എന്നിവക്ക് ‘ഉദ്ദേശിച്ചു’ എന്നുമാണ് മലയാളത്തിൽ സാധാരണ അർത്ഥം പറയപ്പെടാറുള്ളത്. എങ്കിലും اراد ക്ക് ‘ഇഷ്ടപ്പെട്ടു, താൽപര്യപ്പെട്ടു, ഉദ്യമിച്ചു, ആഗ്രഹിച്ചു, പരിഗണിച്ചു’ (احب,رغب فيه,عني به) എന്നിങ്ങനെയും شآء ക്ക് ‘കണക്കാക്കി, നിശ്ചയിച്ചു’ (قدر) എന്നും അർത്ഥങ്ങളുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി അല്പം മനസ്സിരുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഇമാം റാഗിബ് (رحمه الله) പ്രസ്താവിച്ചിട്ടുള്ളത് ഇങ്ങനെ സംഗ്രഹിക്കാം:-
(1) ‘മശിയ്യത്തി’ (مشية) ന്റെ കർത്താവ് അല്ലാഹു ആയിരിക്കുമ്പോൾ ആ ഉദ്ദേശം പ്രാവർത്തികമായിരിക്കും. മനുഷ്യനായിരിക്കുമ്പോൾ പ്രാവർത്തികമായിരിക്കണമെന്നില്ല. شاء الله كذا എന്ന് (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു എന്ന് മശിയ്യത്തി’ന്റെ ക്രിയ ഉപയോഗിച്ച്) പറഞ്ഞാൽ അക്കാര്യം യഥാർത്ഥത്തിൽ സംഭവിച്ചതായിരിക്കും. ഇത് കർത്താവിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യാസമാണ്.
(2) أراد ﷲ كذا എന്ന് (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു എന്ന് ‘ഇറാദത്തി’ ന്റെ ക്രിയ ഉപയോഗിച്ച്) പറയുമ്പോൾ ആ ഉദ്ദേശിക്കപ്പെട്ട കാര്യം സംഭവിച്ചിരിക്കണമെന്നില്ല. അതുകൊണ്ടാണ് ‘അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാവും, അവൻ ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാവുകയുമില്ല’. ما شاء الله كان و ما لم يشأ لم يكن എന്ന് ‘മശിയ്യിത്തി’ന്റെ ക്രിയമാത്രം ഉപയോഗിച്ച് പറയുന്നത്. ഇവിടെ ‘അറാദ’ (أراد) ഉപയോഗിക്കാറില്ല. അതേ സമയത്ത് ‘അല്ലാഹു നിങ്ങളിൽ എളുപ്പത്തെ ഉദ്ദേശിക്കുന്നു, നിങ്ങളിൽ അവൻ ഞെരുക്കത്തെ ഉദ്ദേശിക്കുന്നില്ല.’ (يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ) എന്ന് ക്വുർആനിൽ ഉണ്ട്താനും. ഇവിടെ ‘ഇറാദത്തി’ന്റെ ക്രിയയാണുള്ളത്. മനുഷ്യരിൽ ചിലപ്പോൾ എളുപ്പവും, ചിലപ്പോൾ ഞെരുക്കവും ഉണ്ടാകുന്നത് നാം കാണാറുണ്ടല്ലോ.(*)
(*) സൂ: നിസാഉ് 27ൽ وَاللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا (അല്ലാഹു നിങ്ങളിൽ പശ്ചാത്താപം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നു; ഇച്ഛകളെ പിൻപറ്റുന്നവർ, നിങ്ങൾ വമ്പിച്ച തെറ്റിൽ തെറ്റിപ്പോകണമെന്നും ഉദ്ദേശിക്കുന്നു) എന്നു പറഞ്ഞിട്ടുള്ളതും ഇതിന് ഉദാഹരണമാകുന്നു. ഇവിടെയും ارادۃ ന്റെ ക്രിയയാണുള്ളത്.
(3) മനുഷ്യന്റെ ‘ഇറാദത്താ’കുന്ന ഉദ്ദേശത്തിന് മുമ്പ് അല്ലാഹുവിന്റെ ‘ഇറാദത്ത്’ ഉണ്ടായിരിക്കണമെന്നില്ല. മരണപ്പെടരുതെന്ന് മനുഷ്യൻ ഉദ്ദേശിച്ചുകൊണ്ടിരിക്കെ, അവൻ മരണമടയുവാൻ അല്ലാഹു ഉദ്ദേശിക്കാറുണ്ടല്ലോ. എന്നാൽ മനുഷ്യന്റെ ‘മശിയ്യത്താ’കുന്ന ഉദ്ദേശ്യം അല്ലാഹുവിന്റെ ‘മശിയ്യത്തോ’ടുകൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. അല്ലാഹു പറയുന്നു: وَمَا تَشَاءُونَ إِلا أَنْ يَشَاءَ اللَّهُ (അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല). ഇത് ‘മശിയ്യത്താ’കുന്ന ഉദ്ദേശത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ‘മശിയ്യത്തി’നെ ആശ്രയിച്ചിരിക്കുന്നതുകൊണ്ടാണ് എല്ലാവരും إن شاء ﷲ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ, എന്നു ‘മശിയ്യത്തി’ന്റെ ക്രിയ ഉപയോഗിച്ചു) പറയുന്നത് (18:69ലും മറ്റും) മൂസാ നബി (عليه الصلاة والسلام) യും, (37:102 ൽ) ഇസ്മാഈൽ നബി (عليه الصلاة والسلام) യും, (12:99)ൽ യൂസുഫ് നബി (عليه الصلاة والسلام) യും ഇതേവാക്യം (إن شاء ﷲ) ഉപയോഗിച്ചിട്ടുള്ളതായി കാണാം. ഒരാൾ ഭാവിയിൽ ഏതൊരു കാര്യവും ചെയ്യുമെന്ന് പറയുമ്പോൾ إن شاء ﷲ എന്ന് പറയാതിരിക്കരുതെന്ന് നബി തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യോടും (സൂ:അൽകഹ്ഫ്; 23-24ൽ) കല്പിച്ചിരിക്കുന്നു. (اه من المفردات)
‘ഉദ്ദേശം’ രണ്ടുതരത്തിലുണ്ടെന്ന് ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ. ഇന്ന കാര്യം ഉണ്ടാവണം, അല്ലെങ്കിൽ ഉണ്ടാവരുത് എന്നുള്ള ഇച്ഛയിൽനിന്നും ആഗ്രഹത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് അവയിൽ ഒന്ന്. അക്കാര്യം പ്രാവർത്തികമാക്കുന്നതാണ് മറ്റൊന്ന്. ഒന്നാമത്തേത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെത്തന്നെ ഉണ്ടാവുന്നതും, രണ്ടാമത്തേത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തോടുകൂടി മാത്രം ഉണ്ടാകുന്നതുമാണെന്ന് ഇതിൽനിന്ന് നമുക്ക് മനസ്സിലായി. വാക്കർത്ഥം മാത്രം നോക്കുമ്പോൾ, മശിയ്യത്തും ഇറാദത്തും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസം കാണുകയില്ലെങ്കിലും, പ്രയോഗത്തിൽ അവ തമ്മിലുണ്ടാകുന്ന മേൽ പ്രസ്താവിച്ച വ്യത്യാസങ്ങൾ പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്.
ഖുർആൻ നൽകുന്ന ചില തെളിവുകൾ
‘ഖദറി’നെ സ്ഥാപിക്കുന്ന അനേകം ഖുർആൻ വാക്യങ്ങളുണ്ട്. നേരേമറിച്ച് അതിനെ നിഷേധിക്കുമാറുള്ള ഒരൊറ്റ വാക്യവും അതിലില്ലതാനും. ഖദറിന്റെ നിഷേധം മുൻകൂട്ടി മനസ്സിൽ ഉറപ്പിച്ചുവെക്കുകയോ, നിഷേധത്തിന് തെളിവ് കണ്ടുകിട്ടുവാനുള്ള താൽപര്യം ഉള്ളിൽ ഒളിച്ചുവെക്കുകയോ ചെയ്തുകൊണ്ട് ഖുർആൻ വാക്യങ്ങളെ പരിശോധിക്കുന്നവർ അവയിൽ പലതിനെയും ദുർവ്യാഖ്യാനം ചെയ്യുമെന്നും, ചിലതിന്റെ നേരെ കാണാത്തഭാവം നടിക്കുമെന്നും നമുക്കറിയാം. എങ്കിലും സത്യാന്വേഷികളും, ഖുർആന്റെ വ്യക്തമായ പ്രസ്താവനകളെ അന്യഥാ വ്യാഖ്യാനിക്കുവാൻ ഇഷ്ടപ്പെടാത്തവരുമായ സഹോദരങ്ങൾക്ക് അവ തികച്ചും മനസ്സമാധാനം നൽകുമെന്ന് തീർച്ച തന്നെ. (والله الموفق) അല്ലാഹു പറയുന്നു:-
[مَآ أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٢٢﴾ لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ ۗ وَاللَّـهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿٢٣﴾ – الحديد]
(ഭൂമിയിലാകട്ടെ, നിങ്ങളിൽ തന്നെ – അഥവാ നിങ്ങളുടെ ദേഹങ്ങളിൽ തന്നെ- ആകട്ടെ, ഏതൊരു ബാധയും അതിനെ നാം സൃഷ്ടിച്ചുണ്ടാക്കുന്നതിന് മുമ്പായി അതൊരു ‘കിതാബി’ൽ ഇല്ലാതെയില്ല. നിശ്ചയമായും, അത് അല്ലാഹുവിന്റെമേൽ നിസ്സാര കാര്യമാകുന്നു. നിങ്ങൾക്ക് പാഴായിപ്പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങൾക്ക് അവൻ തന്നതിനെപ്പറ്റി നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാകുന്നു അത്. ദുരഹങ്കാരിയായ എല്ലാ പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. സൂ: ഹദീദ് 22, 23)
ഹൃദയം തുറന്നുകൊണ്ട് ഈ വചനം വായിച്ചുനോക്കുക. ഇവിടെ കിതാബ് കൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ അറിവോ, നിശ്ചയമോ, വ്യവസ്ഥയോ, രേഖയോ, ഗ്രന്ഥമോ, ‘ലൗഹുൽമഹ്ഫൂളോ’ ഏതെങ്കിലുമായിക്കൊള്ളട്ടെ.(ഇങ്ങനെയെല്ലാം അഭിപ്രായങ്ങളുണ്ട്.) ഏതായാലും, ഭൂമിയിലും മനുഷ്യരിലും സംഭവിക്കുന്ന എല്ലാ ബാധയും (مصيبة) കിതാബിൽ രേഖപ്പെട്ടിട്ടുണ്ടെന്ന് അല്ലാഹു ഇതിൽ തീർത്തുപറയുന്നു. എന്നാൽ എപ്പോഴാണ് അത് ആ കിതാബിൽ സ്ഥലം പിടിക്കുന്നത്? അതെ, مِّن قَبْلِ أَن نَّبْرَأَ (അതിനെ സൃഷ്ടിയിൽ വരുത്തുന്നതിനു മുമ്പായിത്തന്നെ.) അതിനെ (ها) എന്ന സർവ്വനാമം കുറിക്കുന്നത് അതിനുമുമ്പ് പ്രസ്താവിച്ച مصيبة، الأرض، انفسکم (ബാധ, ഭൂമി, നിങ്ങളുടെ ദേഹങ്ങൾ) എന്നിവയിൽ ഏതെങ്കിലും ഒന്നിനെയായിരിക്കും. അല്ലെങ്കിൽ -ചില ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നതുപോലെ – സൃഷ്ടികളെ സൃഷ്ടിക്കുന്നതിനുമുമ്പ് എന്നുമായിരിക്കാം. ഇവയിൽ ഏത് നാം സ്വീകരിച്ചാലും ശരി, ഒരു ബാധ പ്രായോഗികമായി ബാധിക്കുന്നതിന് മുമ്പു തന്നെ അതൊരു കിതാബിൽ രേഖപ്പെട്ടിട്ടുണ്ടെന്ന് തീർച്ചയാണ്. ഇങ്ങനെ, എല്ലാ ബാധകളെയും മുൻകൂട്ടി രേഖപ്പെടുത്തിവെക്കുന്നതിൽ അല്ലാഹുവിന് വല്ല പ്രയാസവും ഉണ്ടാവാനുണ്ടോ? ഇല്ല. അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരകാര്യമത്രെ. إن ذالك على اللّه يسير
എനി, അങ്ങനെ മുൻകൂട്ടി രേഖപ്പെടുത്തിയതിൽ (അല്ലെങ്കിൽ ഈ യാഥാർത്ഥ്യം അറിയിച്ചുതന്നതിൽ) മനുഷ്യർക്ക് വല്ല പ്രയോജനവും ഉണ്ടോ?തീർച്ചയായും ഉണ്ട്. രണ്ട് പ്രയോജനങ്ങൾ അതിലുണ്ട്. ഒന്ന്: لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ (നിങ്ങൾക്ക് ലഭിക്കാതെ പാഴായിപ്പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതിരിക്കുവാൻ.) മറ്റൊന്ന്: وَلَا تَفْرَحُوا بِمَا آتَاكُمْ (നിങ്ങൾക്കവൻ തന്നതിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും.) ഹാ! എത്ര മഹത്തായ രണ്ട് ലക്ഷ്യങ്ങൾ?. മനുഷ്യൻ എത്രതന്നെ ഇച്ഛിച്ചാലും പ്രവർത്തിച്ചാലും അവന്റെ ചില ഉദ്ദേശ്യങ്ങൾ അവന് സാധിച്ചുകിട്ടാറില്ല! അപ്പോൾ അവന് നിരാശയും, മനക്ലേശവും ഉണ്ടാകുന്നു. ചിലപ്പോൾ, ആത്മഹത്യപോലെയുള്ള കടുംകൈകൾക്ക് പോലും അവൻ മുതിർന്നുപോകുന്നു. ഈ അവസരത്തിൽ, എല്ലാം അല്ലാഹു നിശ്ചയിച്ചതാണ്, അതിലപ്പുറം തനിക്കൊന്നും നേരിടുകയില്ല. അവൻ നിശ്ചയിച്ചത് ബാധിക്കാതിരിക്കയുമില്ല എന്ന് വിശ്വസിക്കുന്നവർക്ക് തങ്ങളുടെ സങ്കടം ഇറക്കിവച്ചു സമാധാനമടയുവാൻ ഏറ്റവും നല്ല ഒരു അത്താണിയത്രെ ഈ വിശ്വാസം. നേരെമറിച്ച് തങ്ങൾ ഉദ്ദേശിച്ചതോ, ഉദ്ദേശിക്കാത്തതോ ആയ നേട്ടങ്ങൾ കൈവരുമ്പോൾ പലരും അതിൽ ആഹ്ലാദ ചിത്തരും, അഹങ്കാരികളുമായിത്തീരുന്നു. അല്ലാഹു തനിക്ക് കണക്കാക്കി വെച്ചതാണിത്, എല്ലാം അവന്റെ അനുഗ്രഹമാണ്,തന്റെ സാമർത്ഥ്യമോ യോഗ്യതയോ കൊണ്ട് സിദ്ധിച്ചതല്ല എന്നൊക്കെ ഒരാൾക്ക് ബോധമുണ്ടെങ്കിൽ, അതിലവന് അഹങ്കാരത്തിനോ, പത്രാസിനോ, ദുരഭിമാനത്തിനോ വകയില്ലതാനും.
എല്ലാ കാര്യവും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നതെന്നും, അതിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്നുമുള്ള ഖദറിന്റെ വിശ്വാസം, സന്താപത്തിൽ മനുഷ്യനെ ക്ഷമാലുവും, സന്തോഷത്തിൽ അവനെ കൃതജ്ഞനുമാക്കിത്തീർക്കുന്നു. നിരാശയിൽനിന്നും ധിക്കാരത്തിൽ നിന്നും അവനെ മോചിപ്പിക്കുന്നു. പരാജയത്തിങ്കൽ ഭീരുത്വത്തിന് പകരം മനോവീര്യവും ധൈര്യവും നൽകുന്നു. വിജയത്തിങ്കൽ, അഹങ്കാരത്തിന് പകരം വിനയവും നന്ദിയും വർദ്ധിപ്പിക്കുന്നു. മർഹും ജമാലുദ്ദീൻ അഫ്ഗാനി (*) യുടെ ചില പ്രസ്താവനകൾ ഈ അവസരത്തിൽ ഓർമവരികയാണ്. വളരെ ചെറുതെങ്കിലും വിലപ്പെട്ട ഒരു ഗ്രന്ഥമത്രെ അദ്ദേഹത്തിന്റെ ‘ഖള്വാ ഖദർ’ (القضاء والقدر) എന്ന കൃതി.ഈ ക്വുർആൻ വചനത്തിൽ വിവരിച്ച യാഥാർത്ഥ്യങ്ങൾ യുക്തിയുക്തം അദ്ദേഹമതിൽ വിവരിച്ചിരിക്കുന്നു. ഇസ്ലാമിന്റെ ആദ്യഘട്ടങ്ങളിൽ മുസ്ലിംകൾക്ക് ലഭിച്ച എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനകാരണം ഖദറിലുള്ള വിശ്വാസമായിരുന്നുവെന്നും,പിൽക്കാലത്ത് അവർക്ക് നേരിട്ട എല്ലാ പരാജയങ്ങൾക്കും കാരണം ആ വിശ്വാസത്തിന് ഭംഗം നേരിട്ടതാണെന്നും അദ്ദേഹം അതിൽ സമർത്ഥിച്ചിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ അധഃപതനങ്ങൾക്ക് കാരണം ഖദറിലുള്ള വിശ്വാസമാണെന്ന് യൂറോപ്യൻമാരും അവരുടെ അനുയായികളും ജൽപിക്കാറുള്ളതിനെ അദ്ദേഹം അതിൽ ശക്തിയായി ഖണ്ഡിക്കുകയും ചെയ്തിരിക്കുന്നു. അത്രയുമല്ല, വിജയശ്രീലാളിതരായി ചരിത്രത്തിൽ അറിയപ്പെടുന്ന പേർസ്യായിലെ ഖുറശും (Cyrus) യൂനാനിലെ മഹാനായ ഇസ്കന്തറും (Alexandre) താർതാറിലെ ചങ്കീസുഖാനും-ഫ്രാൻസിലെ നെപ്പോളിയൻ ബൂണാബർത്ത് തന്നെയും -ഖദ്റിൽ വിശ്വാസമുള്ളവരായിരുന്നതാണ് അവരുടെ വിജയരഹസ്യമെന്നത്രെ അതിൽ അദ്ദേഹം സമർത്ഥിച്ചിരിക്കുന്നത്. ആ ചെറുകൃതിയിലെ രണ്ടുമൂന്ന് വരികൾമാത്രം ഇവിടെ ഉദ്ധരിക്കാം:-
الذي يعتقد بأن الأجل محدود والرزق مكفول والأشياء بيد اللّٰه يصرفها كيف يشاء كيف يرهب الموت في الدفاع عن حقه واعلاء كلمة أمته أو ملته والقيام بما فرض اللّٰه عليه من ذلك كيف يخشى الفقر مما ينفق من ماله في تعزيز في الحق وتشديد المجد على حب على حب الأوامر الالھية واصول الإجتماعات البشرية (القضاء والقدر لجمال الدين
സാരം:- ‘ആയുഷ്കാലം ക്ലിപ്തമാക്കപ്പെട്ടതാണെന്നും,ആഹാരം അല്ലാഹു ഏറ്റിട്ടുള്ളതാണെന്നും,കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ കയ്യിലാണ്;അവൻ ഉദ്ദേശിച്ചപോലെ അതവൻ കൈകാര്യം ചെയ്യുന്നു എന്നും വിശ്വസിക്കുന്ന ഒരാൾ തന്റെ അവകാശത്തിനു വേണ്ടി ചെറുക്കുന്നതിലും, തന്റെ സമുദായത്തിന്റെയോ മതത്തിന്റെയോ മുദ്രാവാക്യം ഉയർത്തുന്നതിലും, അതിൽ തന്റെമേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുള്ള കടമ നിർവ്വഹിക്കുന്നതിലും എങ്ങനെയാണ് മരണത്തെ ഭയപ്പെടുക?! ദൈവികമായ കൽപനകൾക്കും, മാനുഷികമായ സാമൂഹ്യമൂല്യങ്ങൾക്കും അനുസരിച്ച് സത്യത്തെ ശക്തിപ്പെടുത്തുന്നതിലും, യശസ്സ് കെട്ടിപ്പടുക്കുന്നതിലും ധനം ചിലവഴിക്കുന്നത് മൂലം ദാരിദ്ര്യം സംഭവിക്കുമെന്ന് അവൻ എങ്ങനെ പേടിക്കും?!’
(*) ഇസ്ലാമിലെ തത്വജ്ഞാനി حكيم الإسلام എന്ന സ്ഥാനപ്പേരിൽ വിഖ്യാതനായ മർഹൂം അല്ലാമാ ജലാലുദ്ധീൻ അഫ്ഗാനി (റ) പൗരസ്ത്യ നാടുകളെ പല നിലക്കും തട്ടിയുണർത്തിയ ഒരു മഹാപണ്ഡിതനും ഉന്നത ചിന്തകനുമായിരുന്നു. ഹിജ്റഃ 1254 അസദാബാദിലാണ് ജനനം. അജ്ഞതക്കും, അനാചാരങ്ങൾക്കും അനീതികൾക്കുമെതിരിൽ മരണംവരെ വീരസമരം നടത്തിയ ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. ഏഷ്യയിലെ മാത്രമല്ല, യൂറോപ്പിലും, ആഫ്രിക്കയിലുമെല്ലാം അദ്ധേഹത്തിന്റെ പ്രവർത്തനരംഗങ്ങളുണ്ടായിട്ടുണ്ട്. ഖദ്റിന്റെ നിഷേധികളായ ഇന്നത്തെ ചില പണ്ഡിതന്മാർ അദ്ധേഹത്തെപ്പറ്റി ‘മുസ്ലിം ലോകത്ത് ഇന്നീകാണുന്ന മുഴുവൻ ഉണർവ്വുകൾക്കും കാരണഭൂതൻ’ എന്നുപോലും പ്രശംസിച്ചിരിക്കുന്നത് കാണാം. ഇത് പറയുമ്പോൾ ഖള്വാഖദ്റിന്റെ വിഷയത്തിൽ ആ മഹാൻ ഇവരുടെ എതിർചേരിയിലാണുള്ളതെന്ന വസ്തുത ഇവർ മറക്കുകയോ മറയ്ക്കുകയോ ചെയ്തതായിരിക്കാം.
മേലുദ്ധരിച്ച സൂ: ഹദീദിലെ ഖുർആൻ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (رحمه الله) ചെയ്ത പ്രസ്താവനയുടെ ചില ഭാഗങ്ങൾ കൂടി അറിയുന്നതു സന്ദർഭോചിതമാകുന്നു. അതിങ്ങിനെ സംഗ്രഹിക്കാം:- ‘ഇതിന്റെ നേരെ മുൻപത്തെ سابقوا إلى مغفرة الخ എന്നു തുടങ്ങുന്ന) ആയത്തിൽ പാപമോചനവും സ്വർഗ്ഗവും ലഭിക്കുവാൻ മുന്നോട്ടു വരണമെന്നു അല്ലാഹു ആഹ്വാനം ചെയ്തിരിക്കുന്നു. അതു ആർക്കാണു ലഭിക്കുക എന്നും, അത് അല്ലാഹു വിന്റെ അനുഗ്രഹമാണ്, അവൻ ഉദ്ദേശിക്കുന്നവർക്കു അതു ലഭിക്കും എന്നും അതിൽ പ്രസ്താവിച്ചിരിക്കുന്നു: അതിനെത്തുടർന്നു കൊണ്ടാണ് എല്ലാ ‘മുസ്വീബത്തും’ (ബാധയും) അല്ലാഹുവിങ്കൽ മുമ്പേ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നു ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. ഭൂമിയിലെ ‘മുസ്വീബത്തു’ കൊണ്ടുദ്ദേശ്യം, മഴയില്ലായ്മ, കായ്കനികളുടെ ദൗർബല്യം മുതലായവയാണെന്നും, ദേഹത്തിലെ ‘മുസ്വീബത്തു ‘ കൊണ്ടുദ്ദേശ്യം, രോഗം, ദാരിദ്ര്യം, സന്താനനഷ്ടം ആദിയായ യാതനകളാണെന്നുമാണ് ഒരഭിപ്രായം. നല്ലതും തീയതുമായ എല്ലാ ബാധകളും അതിൽ ഉൾപ്പെടുമെന്നാണ് മറ്റൊരഭിപ്രായം. (*) ‘പാഴായിപ്പോയതിൽ സങ്കടപ്പെടാതിരിക്കുവാനും, തന്നതിൽ ആഹ്ളാദിക്കാതിരിക്കുവാനും’ (لكيلا تأسوا الخ) എന്ന വാക്യം ഈ രണ്ടാമത്തെ അഭിപ്രായമാണ് ശരിയെന്ന് കാണിക്കുന്നു. എല്ലാ ബാധയും ‘ഒരു കിതാബി ‘ൽ ഉണ്ടെന്നാണല്ലോ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്.’
(*) ‘മുസ്വീബത്ത്’ (مصيبۃ) എന്ന വാക്കിന് ‘ബാധ’ അല്ലെങ്കിൽ ‘ബാധിക്കുന്നത്’ എന്നർത്ഥം. ആപത്തുകളിലാണ് അധികം ഈ വാക്ക് ഉപയോഗിക്കാറുള്ളത്. ഇതാണ് രണ്ടഭിപ്രായങ്ങൾക്ക് കാരണം.
ഇവിടെ പലതും അറിയേണ്ടതായിട്ടുണ്ടെന്ന മുഖവുരയോടെ പിന്നീട് റാസീ (رحمه الله) തുടരുന്നു:
(1) ഭൂമിയിലെ സംഭവങ്ങളെല്ലാം സംഭവിക്കും മുമ്പു തന്നെ അവ ലൗഹുൽമഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. ഇതിന് ‘മുതകല്ലിമുകൾ’ (വിശ്വാസ ശാസ്ത്രപണ്ഡിതന്മാർ) പല കാരണങ്ങൾ വിവരിച്ചിട്ടുണ്ട്…
(2) സംഭവിക്കുന്നതിന് മുമ്പ് തന്നെ എല്ലാ സംഭവങ്ങളും അല്ലാഹു അറിയും എന്നുള്ളതിന് ഈ ആയത്ത് തെളിവാണെന്നാണ് ഹിശാമുബ്നുൽ ഹകം (هِشام بن الحكم) ഒഴിച്ച് (*) തൗഹീദിൽ വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം
(*) ഒരു മുഴുത്ത ശീആ നേതാവാണ് ഇദ്ദേഹം.
(3) നിങ്ങളുടെ ദേഹങ്ങളിൽ ബാധിക്കുന്ന ‘മുസ്വീബത്’ എന്ന് പറഞ്ഞതിൽ, മനുഷ്യരുടെ പാപങ്ങളും അവിശ്വാസവും ഉൾപ്പെടും.അപ്പോൾ, മനുഷ്യൻറെ എല്ലാ പ്രവൃത്തികളും നേരത്തെ രേഖപ്പെടുത്തിയതിൽ വ്യത്യാസം നേരിടുക അസംഭവ്യവുമാണ് …..’
റാസീ (رحمه الله) തുടരുന്നു :’അതിനെ നാം സൃഷ്ടിക്കുന്നതിനുമുമ്പ് (من قبل أن نبرأها) എന്ന വാക്കിൻറെ ഉദ്ദേശ്യം ,ആ മുസ്വീബത്തിനെ അല്ലെങ്കിൽ ഭൂമിയെ, അല്ലെങ്കിൽ ദേഹങ്ങളെ സൃഷ്ടിക്കുന്നതിനുമുമ്പ് എന്നായിരിക്കാം. മുസ്വീബത്തിനെ സൃഷ്ടിക്കും മുമ്പ് എന്ന് വെക്കുന്നതാണ് കൂടൂതൽ അനുയോജ്യം.മറ്റുള്ള അഭിപ്രായങ്ങളും തെറ്റല്ല… പിന്നീട് അല്ലാഹു പറയുന്നു :إنّ ذالك على الله يسير (നിശ്ചയമായും അത് അല്ലാഹുവിന്റെമേൽ നിസ്സാരമായതാണ്.) എല്ലാം മുൻകൂട്ടി രേഖപ്പെടുത്തുന്നതോ,അവരുടെ ആധിക്യമോ ഒന്നും അവനൊരു പ്രശ്നമല്ല എന്ന് സാരം.
وَمَا يُعَمَّرُ مِنْ مُعَمَّرٍ الخخ എന്ന (സൂഃ ഫാത്വിർ 11-ാം) ആയത്തിലേത് പോലുള്ള ഒരു പ്രസ്താവനയാണ് ഇതും. (ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതും, പ്രസവിക്കുന്നതും, ഏതൊരാൾക്കും ദീർഘായുസ്സോ അല്പായുസ്സോ നൽകപ്പെടുന്നതുമെല്ലാം തന്നെ ഒരു കിതാബിൽ ഇല്ലാതെയില്ല, അത് അല്ലാഹുവിന്റെ മേൽ നിസ്സാരമായതാകുന്നു,എന്നാണ് റാസീ (رحمه الله) ചൂണ്ടിക്കാട്ടിയ ആയത്തിൽ പറയുന്നത്.)
അദ്ദേഹം വീണ്ടും തുടരുന്നു: ‘അഹ്ലുസ്സുന്നത്തിന്റെ അഭിപ്രായം. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും -സംഭവിക്കുന്നതു സംഭവിക്കലും,സംഭവിക്കാത്തതു സംഭവിക്കാതിരിക്കലും- അനിവാര്യമാണെന്നാകുന്നു. ഇതാണ് പരമാർത്ഥവും. കാരണം:
(1) ഏതെല്ലാമാണ് സംഭവിക്കുക എന്നു അല്ലാഹുവിനറിയാം. അപ്പോൾ സംഭവിക്കുമെന്നു അവൻ അറിയുന്ന ഏതെങ്കിലും ഒരു കാര്യം സംഭവിക്കാതെ വരുന്നപക്ഷം അവന്റെ ജ്ഞാനം അജ്ഞാനമായിത്തീരുന്നു.
(2) സംഭവിക്കുന്നവ സംഭവിക്കണമെന്നു അല്ലാഹു ഉദ്ദേശിക്കുന്നു. അതിൽ വല്ലതും സംഭവിക്കാത്ത പക്ഷം അവന്റെ ഉദ്ദേശം(‘മശിയ്യത്ത’) വ്യാമോഹം മാത്രമായിരിക്കും.
(3) അല്ലാഹുവിന്റെ കഴിവ് (الْقُدْرَة) സംഭവങ്ങളുമായി ബന്ധപ്പെടുന്നു.അവ സംഭവിക്കാതെ വരുന്നപക്ഷം ആ കഴിവ് കഴിവു കേടായിരിക്കുമല്ലോ.
(4) അവൻ ഉദ്ദേശിച്ചതു സംഭവിക്കുമെന്നു അവൻ പറയുന്നു.അവന്റെ വചനം സത്യവുമാണ്.അപ്പോൾ ഏതെങ്കിലുമൊന്ന് സംഭവിക്കാതിരിക്കുന്ന പക്ഷം അവൻ പറഞ്ഞത് കളവായിത്തീരും.ഈ വസ്തുതകളെല്ലാം മനസ്സിലാക്കിയവരെ സംബന്ധിച്ചേടത്തോളം ആപത്തുകൾ നിസ്സാരമായിരിക്കുന്നതാണ്. അതെ, مَنْ عرف سر الله فى القدر هانت عليه المصائب (അല്ലാഹുവിന്റെ ഖദറിലടങ്ങിയ രഹസ്യം മനസ്സിലാക്കിയവർക്കു ആപത്തുകൾ എളുപ്പമുളളതായിത്തീരും).
റാസി (رحمه الله) തുടരുന്നു: ‘മുഅ്തസിലഃ’ കക്ഷിയെപ്പറ്റി പറയുകയാണെങ്കിൽ , കഴിവിലും ഉദ്ദേശത്തിലും (قدرۃ ലും ارادۃ ലും) അവർ ഭിന്നാഭിപ്രായക്കാരാണെങ്കിലും * അറിവിലും വർത്തമാനത്തിലും (علم ലും خبر ലും) അവർ നമ്മോടു യോജിക്കുന്നുണ്ട്. (**) ഈ രണ്ടു ഗുണങ്ങളും – അല്ലാഹു എല്ലാം അറിയുമെന്നും അവൻ പറയുന്നതെല്ലാം സത്യമെന്നും- സമ്മതിക്കുന്നതോടെത്തന്നെ നമ്മുടെ മേൽ മുഅ്തസിലഃ ആരോപിക്കുന്ന ‘ജബ്ർ’ (നിർബന്ധവാദം ) അവർക്കും ബാധകമാണ്. (***) ഈ ‘ജബ്റി’നു വിരോധമില്ലെങ്കിൽ എന്തുകൊണ്ടു മറ്റേ ‘ജബ്റും’ ആയിക്കൂടാ?! (****) ഒരു തരത്തിൽ നോക്കുമ്പോൾ, തത്വശാസ്ത്രക്കാരുടെ അഭിപ്രായം സ്വീകരിച്ചാൽ, അതിലും മനുഷ്യൻ ചില നിർബന്ധങ്ങൾക്കു വിധേയനാണെന്നു കാണാവുന്നതാണ്… എനി, പ്രകൃതിവാദക്കാരെപ്പറ്റി പറയുന്ന പക്ഷം, അവർ ദൈവിക പ്രവർത്തനങ്ങളെ നിഷേധിക്കുന്നുവെങ്കിൽപോലും, കാര്യങ്ങൾ സംഭവിക്കുന്നതു യാദൃഛികമായിട്ടാണെന്നോ മറ്റോ അവരും പറയാതെവയ്യ. അപ്പോഴും മനുഷ്യൻ , തികച്ചും തന്റെ ഹിതവും ഇച്ഛയും (الاختيار) അനുസരിച്ചല്ല നിലകൊള്ളുന്നതെന്നും, മറ്റേതോ തരത്തിലുള്ള ഒരു നിർബന്ധത്തിനു വിധേയനാന്നെന്നും സമ്മതിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ, ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ, മനുഷ്യൻ ചില നിർബന്ധങ്ങൾക്കു വിധേയനാണെന്നു വിശേഷബുദ്ധിയുള്ള ആർക്കും സമ്മതിക്കാതിരിക്കുക സാധ്യമല്ല:
(*) മനുഷ്യന് അവന്റെ ഉദ്ദേശമനുസരിച്ച് പ്രവർത്തിക്കുവാനുള്ള പരിപൂർണ്ണ കഴിവുണ്ട്, അതിൽ അല്ലാഹുവിന്റെ ഉദ്ദേശത്തിന് പങ്കില്ല എന്നാണ് ‘മുഅ്തസിലഃയു’ടെ വാദം. അതാണിവിടെ റാസി (رحمه الله) ചൂണ്ടിക്കാട്ടുന്നത്.
(**) അല്ലാഹു എല്ലാ കാര്യവും അറിയുമെന്നും, അവന്റെ പ്രസ്താവനകളെല്ലാം സത്യംതന്നെ ആയിരിക്കുമെന്നും നമ്മെപ്പോലെ മുഅ്തസിലഃ യും സമ്മതിക്കുന്നുണ്ടെന്ന് താൽപര്യം.
(***) എല്ലാ കാര്യങ്ങളും ഇന്നിന്ന പ്രകാരമെന്ന് അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചിരിക്കയാൽ, മനുഷ്യൻ കേവലം തനി യന്ത്രംപോലെ നിർബന്ധിതൻ മാത്രമാണെന്നും, മനുഷ്യന് യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യമോ കഴിവോ ഇല്ലെന്നുമുള്ള വാദത്തിനാണ് ‘ജബ്ർ’ (الجبر) എന്ന് പറയുന്നത്.
(****) അറിവിന്റെയും, വർത്തമാനത്തിൽ സത്യതയുടെയും കാരണമായി ഉണ്ടാകുന്ന ‘ജബ്റി’നു വിരോധമില്ലെങ്കിൽ, ഉദ്ദേശത്തിന്റെയും കഴിവിന്റെയും കാരണമായി ഏർപ്പെടുന്ന ‘ ജബറും’ എന്തുകൊണ്ട് ന്യായികരിച്ചുകൂടാ എന്നർത്ഥം.
‘മുഅ്തസിലഃ’ കക്ഷിയുടെയും ‘ജബ് രിയ്യഃ’ കക്ഷിയുടെയും ന്യായങ്ങളും മറ്റും വിവരിച്ചശേഷം അവയെ ചൂണ്ടിക്കൊണ്ടു റാസി (رحمه الله) ഇങ്ങനെ ഉപസംഹരിക്കുന്നു: ‘ഈ ന്യായങ്ങളൊക്കെ ഖദറിനെയും ജബ്റിനെയും സംബന്ധിച്ച തെളിവുകളാണെന്നു പറയുന്നതിലും, ഓരോ കക്ഷിയും അതാതിനെ കെട്ടിപ്പുണർന്നു കൊണ്ടിരിക്കുന്നതിലും ബുദ്ധിജീവികൾ ആശ്ചര്യപ്പെടുകയാണ് !’
(من تفسير الرازى ص ٨٩، ٩٨ : ملخصا ٨)
അധിക വിവരണമൊന്നും കൂടാതെത്തന്നെ, സത്യാന്വേഷികൾക്കു വിഷയത്തിന്റെ യഥാർത്ഥം മനസ്സിലാക്കുവാൻ ഉതകുന്ന അല്പം ഖുർആൻ വാക്യങ്ങൾകൂടി ഇവിടെ ഉദ്ധരിക്കാം . മനസ്സാക്ഷിയോടുകൂടി അവയൊന്നു വായിച്ചു നോക്കുക. അല്ലാഹു പറയുന്നു :-
١) قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ – التوبة : ٥١
(പറയുക: അല്ലാഹു ഞങ്ങൾക്കു രേഖപെടുത്തിയതല്ലാതെ, ഞങ്ങൾക്കു ബാധിക്കുകയില്ല തന്നെ. അവൻ ഞങ്ങളുടെ യജമാനനാകുന്നു. ഭരമേല്പിക്കുന്നവർ അല്ലാഹുവിൽ ഭരമേല്പിച്ചുകൊള്ളട്ടെ. (സൂ:തൗബഃ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും അനുയായികൾക്കും നന്മവരുമ്പോൾ വെറുപ്പും , തിന്മവരുമ്പോൾ ആഹ്ലാദവും കാണിക്കുന്നവരോടാണ് ഇങ്ങനെ പറയാൻ അല്ലാഹു കൽപ്പിക്കുന്നത്. ഇവിടെ (ماكتب) എന്ന വാക്കിന് നേരത്തെ വിവരിച്ച അർത്ഥങ്ങളിൽ ഏതർത്ഥം കൊടുത്താലും ശരി, അല്ലാഹു മുമ്പു നിശ്ചയിച്ചതേ സംഭവിക്കുകയുള്ളുവെന്നാണ് ആയത്തിന്റെ സാരം എന്നു വ്യക്തം.
٢) قُلْ لَوْ كُنْتُمْ فِي بُيُوتِكُمْ لَبَرَزَ الَّذِينَ كُتِبَ عَلَيْهِمُ الْقَتْلُ إِلَى مَضَاجِعِهِمْ – آلِ عمران: ١٥٤
(പറയുക: നിങ്ങൾ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവരുടെ മേൽ കൊല നിശ്ചയിക്കപ്പെട്ടിരിക്കുന്നു -കൊല്ലപ്പെടുമെന്ന് വിധിക്കപ്പെട്ടിരിക്കുന്നു -വോ അവർ തങ്ങളുടെ മരണപ്പെട്ട് വീഴുന്ന സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു വരുന്നതാണ്. (ആലുഇംറാൻ). മനമില്ലാമനസ്സോടെ യുദ്ധത്തിൽ പങ്കെടുത്ത കപടവിശ്വാസികൾ, ‘ഞങ്ങൾക്കു കാര്യത്തിൽ വല്ല അധികാരവും ഉണ്ടായിരുന്നെങ്കിൽ ഇവിടെവച്ച് കൊല്ലപ്പെടേണ്ടി വരുമായിരുന്നല്ലോ (لَوْ كَانَ لَنَا مِنَ الْأَمْرِ شَيْءٌ مَّا قُتِلْنَا هَاهُنَا) എന്ന് പറഞ്ഞതിന് ‘ മറുപടിയാണ് ഈ വാക്യം ‘ ഇവിടെയും كتب യുടെ അർത്ഥം മേൽപ്രകാരം തന്നെ.
٣) هُوَ الَّذِي خَلَقَكُمْ مِنْ طِينٍ ثُمَّ قَضَى أَجَلًا وَأَجَلٌ مُسَمًّى عِنْدَهُ ثُمَّ أَنْتُمْ تَمْتَرُونَ – الأنعام :٢
(അവനത്രെ, നിങ്ങളെ കളിമണ്ണിൽനിന്ന് സൃഷ്ടിച്ചവൻ . പിന്നീടവൻ ഒരു അവധി വിധിക്കുകയും ചെയ്തിരിക്കുന്നു . നിർണ്ണയിക്കപ്പെട്ട ഒരു അവധി അവന്റെ അടുക്കൽ ഉണ്ടുതാനും . പിന്നേയും നിങ്ങൾ സന്ദേഹപ്പെട്ടുകൊണ്ടിരിക്കുന്നു! (അൻആം). മരണത്തിന് മുമ്പുതന്നെ ആയുഷ്ക്കാലാവധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നു . പ്രകൃതി നിയമപ്രകാരം മനുഷ്യൻ മരിച്ചേക്കുന്ന സ്വാഭാവികമായ കാലാവധിയാണിവിടെ ‘നിർണ്ണയിക്കപ്പെട്ട ‘ അവധി (أَجَلٍ مُّسَمًّى) കൊണ്ട് ഉദ്ദേശ്യമെന്നുവെക്കുവാൻ നിവൃത്തിയില്ല . വല്ല കടമിടപാടുകളും നടത്തുമ്പോൾ അതിന്റെ നിശ്ചിത അവധിവരേക്കും അത് എഴുതി രേഖപ്പെടുത്തിവെക്കണം (أَجَلٍ مُّسَمًّى فَاكْتُبُوهُ) എന്ന് സൂറത്തുൽ ബഖറഃയിൽ അല്ലാഹു പറഞ്ഞിരിക്കുന്നു . അതത് ഇടപാടുകളുടെ സ്വാഭാവികമായ സാധാരണ അവധിവരെ എന്ന് ഇതിനർത്ഥമില്ലല്ലോ . അതേ വാക്ക് (أَجَلٍ مُّسَمًّى) തന്നെയാണ് ഇവിടെയുമുള്ളത് . അപ്പോൾ ഓരോരുവന്റെയും ആയുഷ്കാലത്തിന്റെ കൃത്യമായ അവധി അല്ലാഹുവിന്റെ അടുക്കൽ നേരത്തെത്തന്നെ രേഖപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ആയത്തിന്റെ സാരം .
٤) لِكُلِّ أَجَلٍ كِتَابٌ يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ ۖ وَعِندَهُ أُمُّ الْكِتابِ (٣٩,٣٨) – الرعد
(എല്ലാ അവധിക്കും ഒരു ഗ്രന്ഥം – അഥവാ രേഖ – ഉണ്ട് . അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ മായ്ച്ചു കളയുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു . മൂലഗ്രന്ഥം – അഥവാ കേന്ദ്രരേഖ – അവന്റെ പക്കലുണ്ട് താനും . റഅ്ദ്.) ഇവിടെയുംതന്നെ കിതാബിന് വാക്കർത്ഥം എന്ത്കൊടുത്താലും ശരി , ഓരോ കാര്യത്തിനും ഓരോ പ്രത്യേക അവധി നിശ്ചയിച്ചിട്ടുണ്ടെന്നും , അതിന്റെ കൈകാര്യങ്ങൾ അല്ലാഹുവിൻറെ കയ്യിലാണെന്നും , എല്ലാറ്റിനെയും സംബന്ധിച്ച മൂലരേഖ അവന്റെ പക്കലുണ്ടെന്നുമാണ് ആയത്തിന്റെ വിവക്ഷ.
٥) وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَٰبٍ مُّبِينٍ – ٥٩ الأنعام)
(അദൃശ്യകാര്യത്തിന്റെ താക്കോലുകൾ അവന്റെ അടുക്കലാണ് . അവനല്ലാതെ അത് അറിയുകയില്ല. കരയിലുള്ളതും കടലിലുള്ളതും അവൻ അറിയുന്നു. ഒരു ഇലയും അവൻ അറിയാതെ വീഴുന്നില്ല. ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു ഈറമുള്ള വസ്തുവാകട്ടെ, ഒരു ഉണങ്ങിയ വസ്തുവാകട്ടെ, സ്പഷ്ടമായ ഒരു കിതാബിൽ – രേഖയിൽ ഇല്ലാതില്ല. (അൻആം). ഭൂമിയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും, എല്ലാ മറഞ്ഞകാര്യവും അല്ലാഹു അറിയുമെന്നും, എല്ലാം ഒരു രേഖയിൽ രേഖപ്പെട്ടു കിടപ്പുണ്ടെന്നുമാണ് അല്ലാഹു ഈ വചനത്തിൽ പറയുന്നത്. അല്ലഹുവിന്റെ അറിവിനെതിരായി ഒന്നും സംഭവിക്കുകയുമില്ല. എന്നിരിക്കെ, മനുഷ്യന്റെ പ്രവൃത്തികളെമാത്രം ഇതിൽനിന്ന് ഒഴിവാക്കുവാനും, അവന്റെ അറിവിൽ പെടാത്തതോ അതിന് നിരക്കാത്തതോ ആയ വല്ല പ്രവർത്തിയും മനുഷ്യന് ചെയ്വാൻ കഴിയുമെന്നു വെക്കുവാനും യാതൊരു ന്യായവും ഇല്ല. ഒന്നൊഴിയാതെ എല്ലാ കാര്യവും എന്നത്രെ ‘ഈറമുള്ളതും ഉണങ്ങിയതും’ കൊണ്ട് വിവക്ഷ.
٦) اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنْثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِنْدَهُ بِمِقْدَارٍ، عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ – الرعد : ٩,٨
(എല്ലാ പെണ്ണും ഗർഭം ധരിക്കുന്നതും ഗർഭപാത്രങ്ങൾ ചുരുങ്ങുന്നതും അത് വർദ്ധിക്കുന്നതും അല്ലാഹു അറിയുന്നു. എല്ലാ കാര്യങ്ങളും – അഥവാ വസ്തുവും- അവന്റെ അടുക്കൽ ഒരു തോതനുസരിച്ചാകുന്നു. (അവൻ) അദൃശ്യവും ദൃശ്യവും അറിയുന്നവനാണ്. മഹാനാണ്, ഉന്നതനായുള്ളവനാണ്. (رعد) ഓരോ കാര്യവും ഓരോ വസ്തുവും ഇന്നിന്ന പ്രകാരമായിരിക്കുമെന്ന ശരിയായ അളവും കണക്കും അല്ലാഹുവിങ്കലുണ്ടെന്നും അതനുസരിച്ച് മാത്രമേ എന്തും പ്രയോഗത്തിൽ വരികയുള്ളൂവെന്നും ഈ വചനത്തിൽ നിന്നും സ്പഷ്ടം തന്നെ. മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കാൻ തെളിവുമില്ല, ന്യായവുമില്ല.
٧) قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا – الطلاق : ٣
(എല്ലാ കാര്യത്തിനും അല്ലാഹു ഒരു ഖദ്ർ ഏർപ്പെടുത്തിയിട്ടുണ്ട്. (ത്വലാഖ്). മുൻപ് കണ്ടതുപോലെ ഖദ്ർ എന്ന വാക്കിന് ‘തോത്, അളവ്, വ്യവസ്ഥ, കണക്ക്, നിശ്ചയം’ എന്നിങ്ങനെ ഏതെങ്കിലും ഒരു വാക്കിൽ അർത്ഥം കൽപിച്ചുകൊള്ളുക. ചെറുതെന്നോ വലുതെന്നോ മനുഷ്യന്റെതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ സകല കാര്യത്തിനും ഒരു വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്ന് ഈ വചനവും വ്യക്തമാക്കുന്നു.)
ഓരോന്നിനും ഒരോ ‘ഖദ്ർ’ ഏർപ്പെടുത്തിയിട്ടുണ്ട് (جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا) എന്നും, എല്ലാറ്റിനും ഒരോ ‘മിഖ്ദാർ’ ഉണ്ട് (وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ) എന്നും പറഞ്ഞത് ലോകത്തിന്റെ പൊതുവ്യവസ്ഥയെ ഉദ്ദേശിച്ചാണെന്നാണ് ഖദ്റിനെ നിഷേധിക്കുന്നവർ വാദിച്ചുകാണുന്നത്. ഈ വാദം സമ്മതിച്ചുകൊടുത്താൽ തന്നെയും മനുഷ്യന്റെ പ്രവൃത്തികൾ തുടങ്ങിയ ഓരോ ലോകകാര്യങ്ങളും പരമാണു തൊട്ട് ആകാശലോകങ്ങൾ വരെയുള്ള ഓരോവസ്തുക്കളും ഇന്നിന്നപ്രകാരം മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നു സുനിശ്ചിതമായിത്തീരുന്ന ഒരു നിയമവ്യവസ്ഥയായിരിക്കും അതെന്നു തീർച്ചയാണ്. കാരണം അല്ലാഹു നിശ്ചയിക്കുന്ന ഏതൊരു വ്യവസ്ഥയും പരിപൂർണ്ണവും സസൂക്ഷ്മവും ആയിരിക്കുമല്ലോ. അഥവാ മനുഷ്യരുടേതുപോലെ ഏകദേശരൂപത്തിലുള്ളതോ അപൂർണ്ണമോ ആയിരിക്കയില്ല. അല്ലാഹു സൂക്ഷ്മജ്ഞനും സർവജ്ഞനുമാണല്ലോ. അടുത്ത ആയത്തിൽ പ്രസ്താവിക്കുന്നതുപോലെ എത്ര നിസ്സാരകാര്യവും അവന്റെ ശ്രദ്ധയിൽ പെടാതിരിക്കയില്ല. അപ്പോൾ അവൻ നിശ്ചയിക്കുന്ന ഓരോ വ്യവസ്ഥയുടേയും അവൻ നിശ്ചയിക്കുന്ന ഓരോ കാര്യകാരണ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ എന്തെല്ലാം നടക്കും, എത്രയെല്ലാം നടക്കും, എങ്ങനെയെല്ലാം നടക്കും എന്നൊക്കെ തികച്ചും വിശദമായ രൂപത്തിൽ തന്നെ ഉൾക്കൊള്ളുന്ന ഒരു സുനിശ്ചിതത്വം. അതിൽ അനിവാര്യമായിത്തീരുന്നു. അതില്ലാത്ത പക്ഷം അവന്റെ ആ വ്യവസ്ഥകൾ കേവലം മനുഷ്യന്റെ സൃഷ്ടിയായ ഭരണഘടനകൾക്ക് സമാനമായിരിക്കുമെന്ന് പറയേണ്ടിവരും! ഒരു രാഷ്ട്രത്തിന്റെ ഭരണഘടനയനുസരിച്ചാ രാജ്യത്തുചിലതെല്ലാം നടന്നേക്കുമെന്ന ഒരു അനുമാനം അതിന്റെ കർത്താക്കൾ ചെയ്തിരിക്കും എന്നല്ലാതെ എപ്പോൾ എന്ത് എങ്ങനെയെല്ലാം സംഭവിക്കുമെന്ന ഒരു ഏകദേശനിർണ്ണയം പോലും അതിന്റെ നിർമ്മാതാക്കൾക്ക് മുൻ കൂട്ടി വിഭാവന ചെയ്തിരിക്കുവാൻ കഴിയുകയില്ല. അത് കൊണ്ടാണല്ലോ ഭരണഘടനാകർത്താക്കൾ തന്നെ ഇടക്കിടെ ആ ഭരണഘടന മാറ്റാനും ഭേദഗതി ചെയ്വാനും മുതിർന്നുകാണുന്നതും അതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുന്ന ചില കാര്യങ്ങൾ അതിന്റെ തന്നെ ലക്ഷ്യത്തിനു വിരുദ്ധമായി പലപ്പോഴും അനുഭവപ്പെടുന്നതും . അല്ലാഹുവിന്റെ മഹത്വങ്ങൾ മനുഷ്യന്റെ ഊഹത്തിനും അനുമാനത്തിനും അതീതമാണെന്ന് ഓർത്തിരിക്കേണ്ടതാണ്.
٨) عَالِمِ الْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَلَا أَصْغَرُ مِنْ ذَٰلِكَ وَلَا أَكْبَرُ إِلَّا فِي كِتَابٍ مُبِينٍ – سبأ : ٣
(അദൃശ്യത്തെ അറിയുന്നവനാണ് അവൻ. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുമണിത്തൂക്കവും അവനിൽ നിന്ന് വിട്ടുപോകുകയില്ല. അതിനേക്കാൾ ചെറുതാകട്ടെ, വലുതാകട്ടെ ഒരു സ്പഷ്ടമായ ഗ്രന്ഥത്തിൽ ഇല്ലാതെയുമില്ല. (സബഉ്). ഇതേമാതിരി മറ്റൊരു ഖുർആൻ വചനം സൂ: യൂനുസ് 61ലും കാണാം
٩) أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ – الحج : ٧۰
(ആകാശത്തിലും ഭൂമിയിലും ഉള്ളത് അല്ലാഹു അറിയുന്നുവെന്നു നിനക്കറിഞ്ഞുകൂടെ? നിശ്ചയമായും അതൊരു ഗ്രന്ഥത്തിലുണ്ട്. നിശ്ചയമായും അത് അല്ലാഹുവിന്റെ മേൽ നിസ്സാരമായതാണ്. (ഹജ്ജ്) ആയത്തിന്റെ ഒടുവിലത്തെ വാചകം പ്രത്യേകം മനസ്സിരുത്തുക.
قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ – سبأ : ٣٦ (١۰
(പറയുക: നിശ്ചയമായും എന്റെ റബ്ബ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും കുടുസ്സാക്കുകയും ചെയ്യുന്നു. പക്ഷെ മനുഷ്യരിൽ അധികമാളും അറിയുന്നില്ല. (സബഉ്) ഈ വിഷയം ഖുർആനിൽ ആവർത്തിച്ചുപറഞ്ഞിട്ടുള്ളതാകുന്നു. ആഹാരമാർഗ്ഗം ലഭിക്കുന്നത് ഓരോരുത്തരുടേയും ഇച്ഛയോ സാമർത്ഥ്യമോ പ്രവർത്തനമോ അനുസരിച്ചല്ലെന്നും പ്രത്യക്ഷത്തിൽ അവയെല്ലാം അതിനു കാരണങ്ങൾ തന്നെയാണെങ്കിലും അല്ലാഹുവിന്റെ ഉദ്ദേശ്യം അനുസരിച്ചാണ് അതിൽ ഏറ്റക്കുറവുണ്ടാകുന്നതെന്നും ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഒരേ നിലക്കും ഒരേ സാഹചര്യത്തിലും ഒരേമാതിരി യത്നിക്കുന്ന വ്യക്തികൾക്കു ലഭ്യമാവുന്ന അദ്ധ്വാനഫലം വ്യത്യസ്തനിലയിലായി നാം കാണുന്നതും. അപ്പോൾ മനുഷ്യന്റെ ഉപജീവനമാർഗ്ഗങ്ങളും അവയുടെ ലഭ്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണെന്നിരിക്കേ, അവന്റെ നമതിന്മകളാകുന്ന പ്രവർത്തനങ്ങളെ ആ നിയമത്തിൽ നിന്ന് ഒഴിവാക്കുവാനും അതിൽ മനുഷ്യന്റെ ഉദ്ദേശ്യത്തിന്നേ സ്ഥാനമുള്ളൂ എന്ന് വെക്കുവാനും എന്തു യുക്തിയാണുള്ളത്?!
١١) قُضِيَ الْأَمْرُ الَّذِي فِيهِ تَسْتَفْتِيَانِ – يوسف : ٤١
(നിങ്ങൾ രണ്ടുപേരും വിധി അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാര്യം തിരുമാനിക്കപ്പെട്ടിരിക്കുന്നു. (യൂസുഫ്.) യുസുഫ് (عليه السلام) യോടൊപ്പം ജയിലിലുണ്ടായിരുന്ന രണ്ടു പേർക്ക് തങ്ങളുടെ സ്വപ്നങ്ങളുടെ വ്യാഖ്യാനം യുസുഫ് (عليه السلام) പറഞ്ഞുകൊടുത്തിരുന്നു. അതിൽ ഒരാൾ ജയിൽ മോചിതനാകും എന്നും മറ്റെയാൾ കുരിശിലേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു കൊടുത്തിരുന്നു. അതിനെ തുടർന്നു അദ്ദേഹം പറഞ്ഞ വാക്യമാണിത്. അതായത് ആ വ്യാഖ്യാനത്തിൽ സംശയം വേണ്ട. അത് അല്ലാഹുവിങ്കൽ തീരുമാനം കഴിഞ്ഞതാണ് എന്ന് സാരം. ഖദറിനെ നിഷേധിക്കുന്നവർക്ക് ഈ വാക്യത്തിന് പുതിയ അർത്ഥവ്യാഖ്യാനം ആവശ്യമാണല്ലോ. ആകയാൽ ‘നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിന്റെ വിധി ഇതാ നൽകിക്കഴിഞ്ഞു’ എന്ന പുതിയ അർത്ഥമാണ് അവർ ഇതിനു നൽകുന്നത്. അറബിഭാഷ അറിയുന്ന ഒരു നിഷ്പക്ഷ ഹൃദയവും ഇത് ശരിവെക്കുമെന്നു തോന്നുന്നില്ല.
١٢) وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ – القمر : ١٢
അപ്പോൾ, കണക്കാക്കപ്പെട്ടിട്ടുള്ള ഒരു കാര്യത്തിൽ ആ വെള്ളം കൂട്ടിമുട്ടി (ഖമർ). ആകാശത്തു നിന്നു അതിവർഷവും, ഭൂമിയിൽ നിന്നു അമിതമായ ഉറവും മൂലമുണ്ടായ വെള്ളപ്പൊക്കങ്ങൾ ചേർന്നു അല്ലാഹു മുമ്പ് കണക്കാക്കിയ നാശനഷ്ടങ്ങൾ ഉണ്ടായി.. (നൂഹ് നബിയുടേ (عليه السلام) ജനത യുടെ നാശത്തെ സംഭവിച്ചു എന്നു സാരം) അദ്ദേഹത്തിന്റെ ജനത ആദ്ദേഹത്തിൽ വിശ്വസിക്കുകയില്ലെന്നും, അവരെ ജലപ്രളയം വഴി മുക്കി നശിപ്പിക്കുമെന്നും, അത് ഇന്നവിധത്തിൽ ആണെന്നും അല്ലാഹു മുൻകൂട്ടി കണക്കാക്കിയിയിട്ടുണ്ടെന്നു ഈ വചനത്തിൽ നിന്നു വ്യക്തമാണല്ലോ. “നിന്റെ ജനതയിൽനിന്നു വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ ഇനി ആരും വിശ്വാസിക്കുകയില്ല” (لَنْ يُؤْمِنَ مِنْ قَوْمِكَ إِلا مَنْ قَدْ آمَنَ) എന്ന് അറിയിച്ചു കൊണ്ടായിരുന്നു നൂഹ് (عليه السلام) യോട് കപ്പൽ നിർമാണത്തിനും മറ്റും അല്ലാഹു കല്പിച്ചതെന്ന വസ്തുത ഇവിടെ ശ്രദ്ധേയമാണ്.. മനുഷ്യരുടെ ഹിതമനുസരിച്ചാണ് അവരുടെ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിൽ ഈ അറിയിപ്പിനു സ്ഥാനമില്ലല്ലോ..
۱١٣) وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍ قُبُلًا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ – الأنعام : ۱۱
(നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരണപ്പെട്ടവർ അവരോടു സംസാരിക്കുകയും, എല്ലാ വസ്തുക്കളെയും കൂട്ടംകൂട്ടമായി നാം അവർക്ക് ഒരുമിച്ചുകൂട്ടുകയും ചെയ്താലും അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ അവർ വിശ്വസിക്കുകയില്ല. എങ്കിലും, അവരിൽ അധികമാളും അജ്ഞരായിരിക്കുകയാണ്) (അൻആം). അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ അവർ ഒരിക്കലും വിശ്വസിക്കയില്ലെന്നു സാരം.
١٤) إِنْ هُوَ إِلَّا ذِكْرٌ لِلْعَالَمِينَ¤ لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ ¤ وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ – التكوير : ٢٧ – ٢٩
(ഇത് -ഖുർആൻ- ലോകർക്കുവേണ്ടിയുള്ള ഒരു ഉപദേശം -അഥവാ സ്മരണ- അല്ലാതെ മറ്റൊന്നുമല്ല. അതായത് നിങ്ങളിൽ നിന്ന് ചൊവ്വിനു നിൽക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയുമില്ല). (തക് വീർ). മറ്റെല്ലാ കാര്യങ്ങളെയും പോലെത്തന്നെ മനുഷ്യന്റെ ഉദ്ദേശ്യങ്ങളും, അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ സംഭവിക്കുകയില്ലെന്നു അല്ലാഹു ഇതിൽ സ്പഷ്ടമാക്കിയിരിക്കുന്നു. ഇവിടെ ‘മശിയ്യത്താ’ കുന്ന ഉദ്ദേശ്യത്തെക്കുറിച്ചാണ് -‘ഇറാദത്ത’ കുന്ന ഉദ്ദേശ്യത്തെക്കുറിച്ചല്ല- പറഞ്ഞിരിക്കുന്നതെന്ന് ഓർക്കേണ്ടതാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം നാം മുമ്പ് ചുണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഖുർആൻ വചനങ്ങൾ ഇനിയും ധാരാളം ഉദ്ദരിക്കുവാനുണ്ടെങ്കിലും കൂടുതൽ ഉദ്ധരിച്ചു ദീർഘിപ്പിക്കുന്നില്ല.
ചില നബി വചനങ്ങൾ
സ്വന്തം ആശയങ്ങൾക്കും താൽപര്യങ്ങൾക്കും എതിരായിക്കണ്ടാൽ പോലും ഖുർആൻ വാക്യങ്ങളെ പാടെ നിഷേധിക്കുവാൻ മുസ്ലിംകളെന്നു വാദിക്കുന്ന ഒരാളും ധൈര്യപ്പെടുകയില്ലല്ലോ. പക്ഷേ, തങ്ങൾക്കു യോജിക്കാവുന്ന അർത്ഥവ്യാഖ്യാനങ്ങൾ നൽകി സമാധാനിക്കുകയോ, മൗനം അവലംഭിക്കുകയോ ആയിരിക്കും ചെയ്യുക. ഹദീഥിനെ അപേക്ഷിച്ചുനോക്കുമ്പോൾ വ്യാഖ്യാന സാധ്യത കൂടുതലുള്ളത് ഖുർആനിലാണുതാനും. ഖുർആന്റെ വിശദീകരണങ്ങളാൽ കൊണ്ട് താരതമ്യേന വ്യാഖ്യാന സാധ്യത ഹദീഥിൽ കുറവായിരിക്കും. കൂടാതെ, ഖുർആന്റെ വ്യക്തമായ തെളിവുകൾക്ക് എതിരായിക്കാണുന്ന ഹദീഥുകൾ സ്വീകരിക്കേണ്ടതില്ല എന്നുള്ളത് ഒരു അംഗീകൃത നിയമവുമാണ്. അതിനാൽ, തങ്ങളുടെ താല്പര്യങ്ങളുമായി യോജിപ്പിക്കുവാൻ കഴിയാത്ത ഹദീഥുകൾ കാണുമ്പോൾ -അവ എത്രതന്നെ ബലപ്പെട്ടതും ന്യുനതയില്ലാത്തതുമായിരുന്നാലും ശരി- ഖുർആന്ന് എതിരാണെന്ന് സമർത്ഥിച്ചുകൊണ്ട് തള്ളിക്കളയുകയാണ് അവരുടെ പതിവ്. എന്നിരിക്കെ, അങ്ങനെയുള്ളവരുടെ മുമ്പിൽ ഹദീഥുകളുടെ തെളിവുകൾക്ക് വലിയ സ്ഥാനമൊന്നുമില്ല. എങ്കിലും, ശുദ്ധഹൃദയരായ സത്യാന്വേഷികൾക്കുവേണ്ടി ചില ഹദീഥുകൾകൂടി ഇവിടെ ഉദ്ധരിക്കുന്നു. ഖദറിന്റെ വിഷയവുമായി എത്രയോ ഹദീഥുകൾ ഉദ്ധരിക്കുവാനുണ്ടെങ്കിലും മാതൃകക്കായി ചിലതുമാത്രം കാണുക:-
(1) നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഇബ്നു ഉമർ (رضي الله عنه) ഉദ്ധരിക്കുന്നു:
ان الله كَتَبَ مَقَادِيرَ الخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ الخ – مسلم
(ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ – അളവും തോതും – രേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം) സൃഷ്ടികളെ സംബന്ധിച്ച പൊതു വ്യവസ്ഥയാണ് ഈ ഹദീഥിൽ ഉദ്ദേശിക്കപ്പെട്ടത് എന്ന് സംശയിക്കുന്ന പക്ഷം അടുത്ത് ഹദീഥുകൾ വായിക്കുമ്പോൾ ആ സംശയം തീരുന്നതാകുന്നു.
(2) ഇബ്നു മസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നതും അൽപം ദീർഘമായ ഒരു ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതിന്റെ ചുരുക്കമിതാണ്: ‘നിങ്ങളിൽ ഒരുവൻ അവന്റെ മാതാവിന്റെ വയറ്റിൽ നാൽപത് ദിവസം ഇന്ദ്രിയമായും 40 ദിവസം രക്തക്കട്ടയായും, 40 ദിവസം മാംസപിണ്ഡമായും കഴിയും. അനന്തരം നാല് വാക്കുകൾ സഹിതം ഒരു മലക്കിനെ അല്ലാഹു നിയോഗിക്കും. അവന്റെ കർമം, ആയുഷ്കാലം, ആഹാരം, അവൻ ഭാഗ്യവാനോ, ഭാഗ്യം കെട്ടവനോ എന്നീ നാല് കാര്യങ്ങൾ അദ്ദേഹം രേഖപ്പെടുത്തും. പിന്നീട് അവന് ജീവന് ഊതപ്പെടും. അല്ലാഹു തന്നെയാണ് സത്യം! നിങ്ങളിൽ ഒരാൾ സ്വർഗ്ഗകാരുടെ പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കേ, സ്വർഗ്ഗത്തിനും അവനുമിടയിൽ ഒരു മുഴം മാത്രം അവശേഷിക്കുന്ന അവസരത്തിൽ,ആ രേഖ അവനിൽ മുൻകടക്കും (അതിജയിക്കും). അപ്പോൾ, അവൻ നരകക്കാരുടെ പ്രവർത്തികൾ ചെയ്യും. അങ്ങനെ, അതിൽ പ്രവേശിക്കും. നിങ്ങളിലൊരാൾ നരകക്കാരുടെ പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കേ നരകവും അവനും തമ്മിൽ ഒരു മുഴം മാത്രം അവശേഷിക്കുമ്പോൾ അവന്റെ രേഖ അവനിൽ മുൻകടക്കുന്നു. എന്നിട്ടവൻ സ്വർഗ്ഗക്കാരുടെ പ്രവൃത്തി ചെയ്യുന്നു. അങ്ങനെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും’. (ബുഖാരി, മുസ്ലിം)
(3) അലി (رضي الله عنه) പറയുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: നിങ്ങളിൽ ഒരാളും തന്നെ നരകത്തിൽനിന്നുള്ള അവന്റെ ഇരിപ്പിടവും, സ്വർഗ്ഗത്തിൽ നിന്നുള്ള അവന്റെ ഇരിപ്പിടവും, രേഖപ്പെടുത്തപ്പെടാത്തവരില്ല.’ സ്വഹാബികൾ ചോദിച്ചു: ‘റസൂലേ, എന്നാൽ നമുക്ക് നമ്മുടെ കിതാബിനെ (ആ രേഖയെ) ആസ്പദമാക്കി ഇരിക്കുകയും, കർമ്മങ്ങളെ ഉപേക്ഷിക്കുകയും ചെയ്തുകൂടേ?’ തിരുമേനി പറഞ്ഞു: ‘നിങ്ങൾ പ്രവർത്തിച്ചുകൊള്ളുവിൻ. എല്ലാവരും അവരവർ എന്തിനായ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതിലേക്ക് സൗകര്യം നൽകപ്പെടുന്ന വരാവുന്നു. ഒരാൾ ഭാഗ്യവാന്മാരിൽ പെട്ടവനാണെങ്കിൽ,അവന് ഭാഗ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യം നൽകപ്പെടും. ഒരാൾ ദുർ ഭാഗ്യവാന്മാരിൽ പെട്ടവനാണെങ്കിൽ അവന് ദൗർഭാഗ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യം നൽകപ്പെടും’. പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ وَصَدَّقَ بِالْحُسْنَى فَسَنُيَسِّرُهُ لِلْيُسْرَىٰ وَأَمَّا مَنْ بَخِلَ وَاسْتَغْنَىٰ وَكَذَّبَ بِالْحُسْنَى فَسَنُيَسِّرُهُ لِلْعُسْرَىٰ
എന്നീ ഖുർആൻ വചനങ്ങൾ ഓതുകയും ചെയ്തു. (ബുഖാരി, മുസ്ലിം) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തെളിവായി ഉദ്ധരിച്ച ഈ ഖുർആൻ വചനങ്ങൾ സൂറത്തു ല്ലൈലിലുള്ളതാകുന്നു. അതിന്റെ സാരം ഇതാണ്: ആർ, ദാനധർമം കൊടുക്കുകയും സൂക്ഷിക്കുകയും, ഏറ്റവും നല്ലതായി ഉള്ളതിനെ സത്യം ആകുകയും ചെയ്തുവോ അവന് ഏറ്റവും സൗകര്യം ഉള്ള തിലേക്കു നാം സൗകര്യം ചെയ്തു കൊടുത്തേക്കും. ആർ, പിശുക്കു കാണിക്കുകയും,ധന്യത നടിക്കുകയും, ഏറ്റവും നല്ലതായി ഉള്ളതിനെ കളവാക്കുകയും ചെയ്തുവോ അവന്ന് ഏറ്റവും ഞെരുക്കമായതിലേക്ക് നാം സൗകര്യം ചെയ്തേക്കുന്നതുമാകുന്നു. الحسنى (ഏറ്റവും നല്ലത്) തൗഹീദ് മുതലായവയും اليسرى (ഏറ്റവും സൗകര്യം ആയത്) സ്വർഗം മുതലായവയും, العسرى (ഏറ്റവും ഞെരുക്കമായത്) നരകവും അതോട് ബന്ധപ്പെട്ടതും ആകുന്നു.
(4) റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഇബ്നു അബ്ബാസി (رضي الله عنه) ൽ നിന്ന് നിവേദനം വന്നിട്ടുള്ള ഒരു ഹദീഥ് ഇപ്രകാരമാകുന്നു: ‘അറിയുക: അല്ലാഹു നിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത -നിശ്ചയിച്ചിട്ടില്ലാത്ത- ഒരു കാര്യം കൊണ്ട് നിനക്ക് ഉപകാരം ചെയ്യാൻ വേണ്ടി സമുദായം മുഴുവൻ ഒരുമിച്ചു ചേർന്നാലും അവർ നിനക്ക് ഉപകാരം ചെയ്തേക്കുകയില്ല. നിന്റെ മേൽ അവൻ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യം കൊണ്ട് നിനക്ക് ഉപദ്രവം ചെയ്യാൻ അവർ ഒത്തൊരുമിച്ചാലും അവർ നിനക്ക് ഉപദ്രവം ചെയ്തേക്കുന്നതും അല്ല. പേനകൾ വറ്റിപ്പോയിരിക്കുന്നു ഏടുകൾ മടക്കിവെക്കപ്പെട്ടിരിക്കുന്നു’. കാര്യങ്ങളുടെയെല്ലാം തീരുമാനം കഴിഞ്ഞിരിക്കുന്നുവെന്ന് സാരം.
(5) അബൂഹുറൈറ (رضي الله عنه) പ്രസ്താവിക്കുന്നു: ‘ഞങ്ങൾ ഖദറിന്റെ കാര്യത്തിൽ തർക്കിച്ചു കൊണ്ടിരിക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് കോപിച്ചു. രണ്ടു കവിളിലും ഉറുമാൻ (മാതളം) പഴത്തിന്റെ കുരു കുത്തിപ്പിഴഞ്ഞതുപോലെ അവിടുത്ത മുഖം ചുവപ്പു വർണ്ണമായി. എന്നിട്ടു പറഞ്ഞു: ‘ഇപ്രകാരമാണോ നിങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്?! അതല്ലെങ്കിൽ ഇതുമായിട്ടാണോ ഞാൻ നിങ്ങളിലേക്കു അയക്കപ്പെട്ടിരിക്കുന്നത്?! നിങ്ങളുടെ മുമ്പുള്ളവർ നാശമടഞ്ഞതു അവർ ഇക്കാര്യത്തിൽ ഭിന്നിച്ചപ്പോഴായിരുന്നു. ഞാൻ നിങ്ങളോടു തീർത്തു പറയുന്നു: നിങ്ങൾ ഈ വിഷയത്തിൽ ഭിന്നിച്ചു പോകരുതെന്നു!’ (തിർമിദീ; ഇബ്നുമാജ:)
(6) ബുഖാരിയും മുസ്ലിമും (رحمهما الله) അടക്കം എല്ലാ പ്രധാന മുഹദ്ദിസുകളും അവരുടെ ഹദീസു ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചതും, സുപ്രസിദ്ധമായി അറിയപ്പെട്ടതുമായ ഒരു സംഭവമത്രെ, ജിബ്രീൽ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പല കാര്യങ്ങളും ചോദിച്ചറിഞ്ഞ സംഭവം. മതകാര്യങ്ങൾ ചോദിച്ചറിയേണ്ടുന്നതെങ്ങിനെയെന്നു സഹാബികൾക്കു മാതൃക കാട്ടുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. ആറു ഈമാൻ കാര്യങ്ങളും (പ്രധാന വിശ്വാസമൂല്യങ്ങളും) അഞ്ചു ഇസ്ലാം കാര്യങ്ങളും (പ്രധാന നിർബന്ധ കർമങ്ങളും) അടക്കം പലതും അതിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചിട്ടുണ്ട്. ഈമാൻ കാര്യങ്ങളെ സംബന്ധിച്ച നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊടുത്ത മറുപടി ഇതാണ്.
الإِيمَان أَنْ تُؤْمِنَ بِالله وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ – متفق
(ഈമാൻ എന്നാൽ, അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും, അന്ത്യദിനത്തിലും നീ വിശ്വസിക്കലും ഖദ്റിലും അതായതു അതിലെ നന്മയിലും തിന്മയിലും നീ വിശ്വസിക്കലും ആകുന്നു. (ബു; മു.)
ഈ സംഭവത്തെ സംബന്ധിച്ച ഹദീസു പല നിവേദന പരമ്പരകളിൽ കൂടിയും മുസ്ലിം (رحمه الله) നിവേദനം ചെയ്തിരിക്കുന്നതു കാണാം. അവയിൽ ഒന്നാമത്തെ നിവേദനത്തിൽ, ഇബ്നു ഉമർ (رضي الله عنه) ഈ ഹദീസു ഉദ്ധരിച്ച ഒരു സന്ദർഭം നിവേദകൻമാരിൽ ഒരാളായ, യഹ് യബ്നുയഅ്മുർ (يحى ابن يعمر) ഇങ്ങിനെ വിവരിക്കുന്നു: ‘ബസറയിൽ ആദ്യം ഖദറിനെപ്പറ്റി സംസാരം തുടങ്ങിയതു മഅ്ബദുൽ ജുഹനീ (معبد الجهنى) യാണ്. ഞാനും ഹുമൈദും (حميد) കൂടി ഹജ്ജിനോ ഉംറക്കോ വേണ്ടി (മക്കായിലേക്കു) പോയി. സഹാബിമാരിൽ ആരെയെങ്കിലും കണ്ടാൽ ഖദറിന്റെ വിഷയത്തിൽ ഇവർ സംസാരിക്കാറുള്ളതിനെക്കുറിച്ചു ചോദിക്കാമെന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെ, ഇബ്നു ഉമർ (رضي الله عنه) പള്ളിയിലേക്കു പ്രവേശിക്കുന്നതു ഞങ്ങൾ കണ്ടു. ഞങ്ങൾ അദ്ദേഹത്തെ ഇടവും വലവുമായി ചെന്നു പൊതിഞ്ഞു. ഞാൻ പറഞ്ഞു: ‘ഞങ്ങളുടെ അവിടെ ചിലരുണ്ട്; അവർക്കു ഖുർആൻ അറിയാം; അറിവിന്റെ കാര്യത്തിൽ അവർ ഗവേഷണം നടത്തുകയും ചെയ്യുന്നു. അവർ പറയുന്നു: ഖദർ എന്നൊന്നില്ലെന്നും, കാര്യങ്ങളെല്ലാം പുത്തനായുണ്ടാകുന്നതാണെന്നും’ (*) ഇബ്നു ഉമർ (رضي الله عنه) പറഞ്ഞു: ‘അവരുമായി കണ്ടാൽ താങ്കൾ പറയണം: ഞാൻ അവരുമായും, അവർ ഞാനുമായും ബന്ധമില്ലാത്തവരാണെന്ന്. അല്ലാഹു തന്നെയാണ് ഉഹ്ദുമലയോളം സ്വർണ്ണമുണ്ടായിട്ടു അതൊക്കെ അവർ ധർമ്മം ചെയ്താലും, അവർ ഖദറിൽ വിശ്വസിക്കാത്തപക്ഷം, അല്ലാഹു അതു സ്വീകരിക്കുകയില്ല. പിന്നീടു തന്റെ പിതാവു ഉമർ (رضي الله عنه) പ്രസ്താവിച്ചതായി, ജിബ്രീൽ (عليه السلام) വന്നു ചോദിച്ച പ്രസ്തുത സംഭവം അദ്ദേഹം വിവരിച്ചു തന്നു.’ (അതിലെ ചില വാചകങ്ങളാണ് മുകളിൽ നാം വായിച്ചത്. )
(*) സഹാബികളുടെ കാലാവസാനത്തിനു മുമ്പുതന്നെ ഖദറിന്റെ നിഷേധം സമുദായത്തിൽ തലപൊക്കിയെന്നു ഇതിൽ നിന്നു വ്യക്തമാക്കുന്നു. മുസ്ലിം രാജ്യം വികസിച്ചതോടുകൂടി, അനിസ്ലാമിക തത്വശാസ്ത്രങ്ങളുമായും വൈദേശിക സിദ്ധാന്തങ്ങളുമായും ചിരകാലം ഇഴുകിച്ചേർന്നിരുന്ന ആളുകൾ ഇസ്ലാമിലേക്കു വന്നു. അവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് പല നൂതനാശയങ്ങളും മുസ്ലിംകളിൽ ഉത്ഭവിച്ചത്.
ഈ ഹദീസിന്റെ വിവരണമദ്ധ്യെ മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവീ (رحمه الله) പ്രസ്താവിച്ചിട്ടുള്ള ചില കാര്യങ്ങൾ അറിയേണ്ടതാണ്. അവ ഇങ്ങിനെ സംഗ്രഹിക്കാം: ‘സത്യത്തിന്റെ പക്ഷക്കാർ (اهل الحق) ഖദറിനെ സ്ഥാപിക്കുന്നവരാണ്. അല്ലാഹു കാര്യങ്ങൾ പണ്ടേ നിർണയിച്ചിരിക്കുന്നു, ഇന്നപ്പോൾ ഇന്നതു സംഭവിക്കുമെന്നു അവൻ അറിയുകയും ചെയ്യുന്നു, ആ നിശ്ചയപ്രകാരം അവ സംഭവിക്കുന്നു എന്നുള്ളതാണ് ഖദർ. ‘ഖദരിയത്ത്’ (എന്ന കക്ഷി) അതിനെ നിഷേധിക്കുന്നു. അല്ലാഹു മുമ്പു ഒന്നും നിർണ്ണയിച്ചിട്ടില്ലെന്നും, മുന്കൂട്ടി അറിയുകയില്ലെന്നും, ഓരോന്നും സംഭവിക്കുമ്പോൾ മാത്രമേ അവൽ അറിയുകയുള്ളുവെന്നും അവർ ജല്പിക്കുന്നു. അല്ലാഹുവിന്റെ പേരിൽ കളവു പറയുകയാണവർ. അല്ലാഹു അതിൽ നിന്നെല്ലാം എത്രയോ ഉന്നതനാകുന്നു. നിരർത്ഥവും ബാലിശവുമായ ഈ വാദക്കാരുടെ കാലം കഴിഞ്ഞുപോയി . അവരുടെ പിൻഗാമികൾ ഖദറിനെ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഗുണകരമായ കാര്യങ്ങൾ അല്ലാഹുവിൽ നിന്നും, ദോഷകരമായ കാര്യങ്ങൾ പിശാചിൽ നിന്നും മറ്റും ഉണ്ടാകുന്നുവെന്നാണു അവർ പറയുന്നത്. ഇങ്ങിനെ, രണ്ടു സ്രഷ്ടാക്കളെ സ്ഥാപിക്കുന്നതു കൊണ്ടു ഇവരെപ്പറ്റി ഈ സമുദായത്തിലെ ‘മജൂസി’കൾ ( നൻമയുടെയും തിൻമയുടേയും രണ്ടു പ്രത്യേക ദൈവങ്ങളിൽ വിശ്വസിക്കുന്നവർ) എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്… ഖത്ത്വാബീ (الخطابى – رح) പറയുന്നു: ‘അല്ലാഹു അവന്റെ വിധി നിർണ്ണയത്തിന്റെ പേരിൽ മനുഷ്യനെ നിർബ്ബന്ധിക്കുക (തീരെ അസ്വതന്ത്രനാക്കുക) എന്നാണ് ‘ഖള്വാഖദറി’ ന്റെ സാരമെന്നു പലരും ധരിക്കാറുണ്ട്. അതു ശരിയല്ല. മനുഷ്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചു അല്ലാഹു മുമ്പേ അറിയുന്നതു കൊണ്ടും, നല്ലതോ ചീത്തയോ ആയ എല്ലാ കാര്യങ്ങളും അവൻ സൃഷ്ടിച്ചതും നിർണ്ണയിച്ചതുമാകകൊണ്ടുമാണ് ഖദ്ർ ഉണ്ടായിത്തീരുന്നത്. ‘ഖദ്ർ’ എന്നാൽ ‘ഖാദി റാ’യ (കഴിവുള്ളവനായ) അല്ലാഹുവിനാൽ നിർണയം ചെയ്യപ്പെടുന്ന വ്യവസ്ഥയെന്നും, ‘ഖള്വാഉ’ എന്നാൽ അതു നടപ്പിൽ വരുത്തുക എന്നുമാണുദ്ദേശ്യം…’ (شرح مسلم)
ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ക്വലാനി (റ)യുടെ ചില വാചകങ്ങൾ കൂടി ഇവിടെ ചുരുക്കി ഉദ്ധരിക്കാം’ ഖദറിനെക്കുറിച്ച് മനസ്സിലാക്കുവാൻ ‘കിതാബും സുന്നത്തും’ മാത്രമാണ് മാർഗ്ഗം. യുക്തിക്കും അനുമാനത്തിനും അതിൽ സ്ഥാനമില്ല. ആ മാർഗ്ഗം ആര് തെറ്റിപ്പോയോ അവൻ പരിഭ്രമത്തിന്റെ സമുദ്രത്തിൽ വീഴും. അവർക്ക് കണ്ണിൽ കുളിർമ്മയോ, മനസ്സിന് സമാധാനമോ ലഭിക്കയില്ല. കാരണം, ഖദർ എന്ന് പറയുന്നത് അല്ലാഹുവിന്റെ രഹസ്യങ്ങളിൽ പെട്ട ഒന്നാണ്. ഒരു റസൂലിനും ഒരു മലക്കിനും അറിയിച്ച് കൊടുക്കാതെ അവൻ മറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്വദ്റിൽ അടങ്ങിയ രഹസ്യം സ്വർഗസ്ഥരായ ആളുകൾ അവിടെ വെച്ച് ഗ്രഹിക്കുമെന്നല്ലാതെ, അതിന് മുമ്പായി അവർക്കും അത് വെളിപ്പെടുകയില്ലെന്ന് ചില മഹാൻമാർ പറഞ്ഞതായി, ഇബ്നുസ്സംആനി (ابو المظفر بن السمعانى – رح) പ്രസ്താവിക്കുന്നു. إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ (എല്ലാ വസ്തുവെയും നാം ഒരു ‘ക്വദ്ർ അനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നു.) എന്ന ക്വുർആൻ വാക്യം, നമ്മുടെ പ്രവൃത്തികളടക്കം എല്ലാറ്റിൻറയും സ്രഷ്ടാവും ,തോതു കണക്കാക്കിയവനുമാണ് അല്ലാഹു എന്നുള്ളതിന് സ്പഷ്ടമായ തെളിവാണ്. اللَّه خَالِق كُلّ شَيْء (അല്ലാഹു എല്ലാ വസ്തുവിന്റെയും സ്രഷ്ടാവാണ്) എന്നും, وَاَللَّه خَلَقَكُمْ وَمَا تَعْمَلُونَ (നിങ്ങളെയും നിങ്ങൾ പ്രവൃത്തിക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു) എന്നുമുള്ള ആയത്തുകളെക്കാൾ വ്യക്തമായ തെളിവാണ് ആ ആയത്ത്. അത് ‘ഖദരിയ്യത്തി’ന്റെ കാര്യത്തിൽ അവതരിച്ചതാണെന്ന് മുൻഗാമികളുടെയും, പിൻഗാമികളുടെയും നാവുകളിൽ പ്രസിദ്ധമാണ്. ഖുറൈശീ മുശ്രിക്കുകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ക്വദ്റിന്റെ വിഷയത്തിൽ വിവാദം നടത്തിയ അവസരത്തിലാണ് ആ ആയത്ത് അവതരിച്ചതെന്ന് അബു ഹുറൈറ (رضي الله عنه) യുടെ നിവേദനമായി അഹ്മദും മുസ്ലിമും (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. ഈമാനിന്റെ ഘടകങ്ങളിൽ ഒന്നാണ് ക്വദ്റിലെ വിശ്വാസമെന്ന് ജിബ്രീലിന്റെ ഹദീഥിലും മുമ്പ് പ്രസ്താവിച്ചുവല്ലോ. وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ
(ഏതൊരു വസ്തുവും തന്നെ, അതിന്റെ ഖജനാക്കൾ നമ്മുടെ അടുക്കൽ ഇല്ലാത്തതായിട്ടില്ല. ഒരു നിശ്ചിതമായ അളവിലല്ലാതെ നാം അതിനെ ഇറക്കുന്നതുമല്ല) എന്ന ക്വുർആൻ വാക്യം അനുസരിച്ച് സർവ്വ കാര്യങ്ങളും അല്ലാഹു കണക്കാക്കിയ പ്രകാരം നടക്കുന്നുവെന്നത്രെ ‘സലഫി’ ന്റെ (സ്വഹാബത്ത് – താബിഉകൾ’ തുടങ്ങിയ മുൻഗാമികളുടെ) ഏകകണ്ഠമായ അഭിപ്രായം, (من فتح البارى)
ഇസ് ലാമിലെ പ്രധാന കക്ഷികളെ പറ്റി പറയുന്ന കൂട്ടത്തിൽ മറ്റൊരിടത്ത് ഇമാം അസ്ക്വലാനി (رحمه الله) ഇങ്ങനെ പറയുന്നു: ക്വുർആൻ സൃഷ്ടിക്കപ്പെട്ടതല്ല. ക്വദ്ർ യഥാർത്ഥത്തിൽ ഉള്ളതാണ്, ക്വിയാമത്തു നാളിൽ അല്ലാഹുവിനെ കാണുന്നതാണ് ,ക്വുർആനിലും സുന്നത്തിലും അല്ലാഹുവിന്റെ വിശേഷണ നാമങ്ങളായി പറയപ്പെട്ടിട്ടുള്ളത് (الصفات) അവന്റെ യഥാർത്ഥ ഗുണങ്ങൾ തന്നെയാണ്. (ശിർക്കും കുഫ് റുമല്ലാത്ത) മഹാപാപങ്ങൾ ചെയ്തതു കൊണ്ട് ഈമാനിൽ നിന്ന് പുറത്ത് പോകയില്ല എന്നൊക്കെ പറയുന്ന ആരും മുഅ്തസിലഃ കക്ഷിയിൽ ഉൾപ്പെടുകയില്ല – മറ്റു വിഷയങ്ങളിൽ അവർ യോജിച്ചാലും ശരി ،(١٣ ج ٩٦ الفتح ص)
മഹാനായ ഇബ്നു ക്വയ്യിം (رحمه الله) പറയുന്നു: ‘അല്ലാഹുവിന്റെ എല്ലാ മുർസലുകളും, അവതരിപ്പിക്കപ്പെട്ട എല്ലാ ദൈവിക ഗ്രന്ഥങ്ങളും യോജിച്ച വിഷയങ്ങളാണ് ക്വദ്റിന്റെ സ്ഥാപനവും, അല്ലാഹു എല്ലാറ്റിനും കഴിവുള്ളനാണെന്നും, എല്ലാററിന്റെയും സ്രഷ്ടാവാണെന്നും, എല്ലാറ്റിനെ പറ്റിയും അറിയുമെന്നും എല്ലാ കാര്യവും അവൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും, അവൻ ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാകുകയും ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാകാതിരിക്കുകയും ചെയ്യുമെന്നും, അവന്റെ ഭരണത്തിൽ അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവനോട് ആരും അനുസരണക്കേട് ചെയ്യുമായിരുന്നില്ലെന്നും, അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവർ മുഴുവനും വിശ്വസിക്കുമായിരുന്നു എന്നും അവനോട് അനുസരണക്കേട് കാണിക്കുന്നവർക്ക് അവൻ നൽകാത്ത സഹായങ്ങൾ അവനെ അനുസരിക്കുന്നവർക്ക് അവൻ നൽകുമെന്നും അവിശ്വാസത്തിന്റെ ആൾക്കാർക്ക് സാധിച്ചു കിട്ടാത്ത സാഹചര്യങ്ങൾ സത്യവിശ്വാസത്തിന്റെ ആൾക്കാർക്ക് സാധിച്ചു കിട്ടാത്ത സാഹചര്യങ്ങൾ സത്യവിശ്വാസത്തിന്റെ ആൾക്കാർക്ക് അവൻ ഉണ്ടാക്കിക്കൊടുക്കുമെന്നും, അവനാണ് മുസ്ലിമിനെ മുസ്ലിമാക്കിയവനെന്നും അവൻ ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുമെന്നും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ വഴി പിഴവിലാക്കുമെന്നുമൊക്കെ. മൊത്തത്തിൽ പറഞ്ഞാൽ, വസ്തുക്കളായോ, പ്രവർത്തനങ്ങളായോ ഉള്ള ഏതൊരു കാര്യവും അവന്റെ കഴിവിനും സൃഷ്ടിക്കും പുറത്തു പോകുന്നില്ല. അതു പോലെത്തന്നെ അവ അവന്റെ അറിവിനും ഉദ്ദേശ്യത്തിനും പുറത്തു പോകുന്നതുമല്ല. ഇതാണ് എല്ലാ മുർസലുകളുടെയും മതം…’ (الصواعق المرسلة)
‘ഖദറി’നെ നിഷേധിക്കുന്നവരുടെ ന്യായങ്ങൾ
ഇനി നമുക്കു ഖദറിന്റെ നിഷേധികളുടെ ചില ന്യായങ്ങളെക്കുറിച്ചു അല്പം ആലോചിക്കാം. അവരുടെ സ്വന്തം യുക്തിന്യായങ്ങൾക്കു പുറമെ തങ്ങൾക്കു ഏറ്റവും വലിയ തെളിവായി അവർ ഉദ്ധരിക്കാറുളളതു മൂന്നു ഖുർആൻ വചനങ്ങളാകുന്നു. ഇതാണവ:-
(١) وَقَالُوا لَوْ شَاءَ الرَّحْمَنُ مَا عَبَدْنَاهُمْ مَا لَهُمْ بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلا يَخْرُصُونَ – الزخرف : ٢٠
(٢) وَقَالَ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا عَبَدْنَا مِن دُونِهِ مِن شَيْءٍ نَّحْنُ وَلَا آبَاؤُنَا وَلَا حَرَّمْنَا مِن دُونِهِ مِن شَيْءٍ ۚ كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ – النحل : ٣٥
٣) سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ – الانعام : ١٤٨
1. അവർ (ബഹുദൈവ വിശ്വാസികൾ) പറയുന്നു: പരമകാരുണികൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങൾ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല എന്ന്. അവർക്കു അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവർ മതിപ്പിട്ടു (ഊഹിച്ചു) പറയുകയല്ലാതെ ചെയ്യുന്നില്ല. (സുഖ്റുഫ്: 20)
2. ശിർക്കു ചെയ്തവർ പറയുന്നു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ അവനു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല, അവനെക്കൂടാതെ ഞങ്ങൾ യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്. അപ്രകാരം അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. (നഹ്ൽ: 35)
3. ശിർക്കു ചെയ്തവർ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ ശിർക്കു ചെയ്യുമായിരുന്നില്ല; ഞങ്ങൾ യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്. അപ്രകാരം അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. അങ്ങനെ, അവർ നമ്മുടെ ശിക്ഷ അനുഭവിച്ചു. (നബിയേ) പറയുക: നിങ്ങളുടെ പക്കൽ വല്ല അറിവും ഉണ്ടോ? എന്നാലതു ഞങ്ങൾക്കു പുറത്തു കൊണ്ടു വന്നു തരുക. നിങ്ങൾ ഊഹത്തെയല്ലാതെ പിൻപറ്റുന്നില്ല. നിങ്ങൾ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല. (അൻആം: 148).
ഒരേ ആശയം അടങ്ങുന്ന ഈ മൂന്നുവചനങ്ങളുടെയും താൽപര്യം ഖദറിനെ നിഷേധിക്കുന്നവർ വിവരിക്കുന്നതു ഇപ്രകാരമാകുന്നു. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്കുകളൊന്നും ചെയ്യുകയോ (ചില മൃഗങ്ങൾ മുതലായവയെ ഭക്ഷിക്കൽ) നിഷിദ്ധമാക്കുകയോ ചെയ്യുമായിരുന്നില്ല. അഥവാ ഞങ്ങളതു ചെയ്വാൻ അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണ് ഞങ്ങൾ അതെല്ലാം ചെയ്തുപോയത്. എന്നിരിക്കെ, ഞങ്ങൾ അതിൽ കുറ്റക്കാരല്ല എന്നൊക്കെയാണ് മുശ്രിക്കുകൾ പറഞ്ഞതിന്റെ സാരം. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള ഉദ്ദേശത്തോടുകൂടിയാണ് സംഭവിക്കുന്നതെന്ന അടിസ്ഥാനത്തിലാണ് മുശ്രിക്കുകൾ തങ്ങളുടെ പ്രവർത്തനങ്ങളെ ഇപ്രകാരം ന്യായീകരിക്കുന്നത്. അല്ലാഹുവാകട്ടെ, അവർക്കു അതിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും, അവർ ഊഹിച്ചു പറയുകയാണെന്നും പറഞ്ഞ് അവരുടെ ആ പ്രസ്താവന നിഷേധിക്കുകയാണ് ചെയ്യുന്നത്. അതായതു, അവരുടെ ശിർക്കു മുതലായ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ ഉദ്ദേശപ്രകാരം ഉണ്ടായതല്ല. അവർ ഊഹിച്ചു കളവു പറയുകയാണ് എന്നു സാരം. എല്ലാ കാര്യങ്ങളും -നല്ലതും ചീത്തയും- അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണു സംഭവിക്കുന്നതെന്ന വാദം അല്ലാഹു ഈ വചനങ്ങൾ മുഖേന തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതാണിവരുടെ വിവരണത്തിന്റെ സ്വഭാവം. ‘ഖുർആനിൽ വ്യക്തമായ ഭാഷയിൽ വിവരിച്ച മൗലിക സിദ്ധാന്തങ്ങൾക്കനുസരിച്ചായിരിക്കണം മറ്റു വാക്യങ്ങളെ വ്യാഖ്യാനിക്കുന്നത്’ എന്ന മുഖവുരയോടുകൂടി ഇവരിൽ ചിലർ പറയുകയാണ്: ‘ദൈവികവിധി (ഖദർ) യുടെ കാര്യത്തിൽ ഖുർആന്റെ മൗലിക സിദ്ധാന്തം എന്താണെന്നു അറബികൾ (മുശ്രിക്കുകൾ)ക്കു നൽകിയ ഈ മറുപടിയിൽ നിന്നു വ്യക്തമായിക്കഴിഞ്ഞു. ഈ മറുപടിക്കു( തങ്ങൾ നൽകിയ)ഈ അർത്ഥമല്ലാതെ മറ്റൊന്നും കല്പിക്കുവാൻ നിവൃത്തിയില്ല. അതുകൊണ്ടു ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയേ, ഈ വിഷയത്തിലുള്ള മറ്റു ഖുർആൻ വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പാടുള്ളൂ.’
ഇവരുടെ ഈ മുഖവുരയിൽ പ്രസ്താവിച്ച അടിസ്ഥാന നിയമം ശരിക്കും – അതിന്റെ അക്ഷരാർത്ഥത്തിൽ തന്നെ – നാമും സ്വീകരിക്കുന്നു. പക്ഷേ കൂടുതൽ വ്യക്തമായ ഭാഷയിൽ വിവരിച്ച ആയത്തും, അത്രതന്നെ വ്യക്തമല്ലാത്ത ആയത്തുകളും ഈ വിഷയത്തിൽ ഏതാണെന്നും, മേലുദ്ധരിച്ച മൂന്നു വചനങ്ങളുടെ താൽപര്യം ഇവർ പറയുന്ന പ്രകാരം തന്നെയാണോ എന്നും പരിശോധിക്കേണ്ടതുണ്ടല്ലോ. മുകളിൽ കണ്ടതുപോലെയുള്ള അനേകം ഖുർആൻ വചനങ്ങളും, അവയുടെ വിശദീകരണമായി വന്ന പല ഹദീസുകളും ഖദറിലുള്ള വിശ്വാസം ഓരോ മുസ്ലിമിന്റെയും ഒഴിച്ചുകൂടാത്ത കടമയാണെന്നും, അതിൽ അവിശ്വസിക്കുന്നതു ‘ഈമാനി’നു തന്നെ ഹാനികരമാണെന്നും നാം കണ്ടുകഴിഞ്ഞു. അല്ലാഹുവിന്റെ സാർവ്വത്രികമായ അറിവിനെയും കഴിവിനെയും പരിഗണിക്കുമ്പോൾ ആ വിശ്വാസം, ബുദ്ധിപരമായി ത്തന്നെ അനിവാര്യമായതാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടു കൂടുതൽ വ്യക്തായ ഭാഷയിൽ അനേകം ഖുർആൻ വാക്യങ്ങൾ മനസ്സിലാക്കിത്തരുകയും, നബിവാക്യങ്ങൾ അതിനു പ്രാബല്യം നൽകികൊണ്ടിരിക്കുകയും ചെയ്യുന്ന തത്വങ്ങളെ അടിസ്ഥാനമാക്കി ഈ മൂന്നു ഖുർആൻ വചനങ്ങൾക്കും അനുയോജ്യമായ വ്യാഖ്യാനം കണ്ടുപിടിക്കുവാനേ നിവൃത്തിയുള്ളൂ. ഈ വചനങ്ങളുടെ യഥാർത്ഥ താൽപര്യം ഇവർ സമർത്ഥിക്കുന്ന പ്രകാരമല്ലെന്നും, ഖദറിനെ നിഷേധിക്കുകയെന്ന ഒരു മുൻവിധി മനസ്സിൽ വെച്ചുകൊണ്ട് ആ വിധി ന്യായീകരിക്കുവാനും, സാധാരണക്കാരെ ആശയകുഴപ്പത്തിലാക്കുവാനും വേണ്ടി അവർ നൽകിയ അവരുടെതായ വ്യാഖ്യാനം മാത്രമാണ് അതെന്നും താഴെ വിവരിക്കുന്നതിൽനിന്നും മനസ്സിലാക്കാം. (إِنْ شَاءَ اللَّهُ) ഏതായാലും തങ്ങൾ നൽകിയ ആ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലെ ഈ വിഷയത്തിൽ വന്ന മറ്റു ഖുർആൻ വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പാടുള്ളൂ എന്നു ഇവർ പറയുമ്പോൾ ഒരു വാസ്തവം ഇവരും സമ്മതിക്കുന്നതായി കാണാം. അതെ, തങ്ങളുടെ വാദങ്ങൾക്കു -അഥവാ ഖദറിന്റെ നിഷേധത്തിനു -എതിരായ കുറെ ഖുർആൻ വാക്യങ്ങൾ വേറെ ഉണ്ടെന്നു ഇവരും സമ്മതിക്കുന്നു. വലിയ ഭാഗ്യം തന്നെ. ആ സ്ഥിതിക്ക് കൂടുതൽ സ്പഷ്ടമായ ഖുർആൻ വാക്യങ്ങൾ മറ്റു ചിലതാണെന്നു കണ്ടാൽ അതിന്റെ അടിസ്ഥാനത്തിൽ ഈ വാക്യങ്ങളെ വ്യാഖ്യാനിക്കുകയാണ് യുക്തമെന്ന് കൂടി ഇവർ സമ്മതിക്കാതിരിക്കുവാൻ ന്യായമില്ല. താഴെ പറയുന്ന സംഗതികൾ ശ്രദ്ധിക്കുക:-
(1) ഇവരുടെ വ്യാഖ്യാനവും വാദവും ശരിയാവണമെങ്കിൽ, ആ അറബി മുശ്രിക്കുകൾ ഖദറിൽ വിശ്വസിച്ചിരുന്നുവെന്നും, ആ വിശ്വാസം വെച്ചുകൊണ്ടാണ് അല്ലാഹുവിന്റെ ഉദ്ദേശത്തിന്റെ പേരിൽ അവർ ശിർക്കും മറ്റും ന്യായീകരിച്ചതെന്നും തെളിയണമല്ലോ. അതിനു തെളിവില്ലെങ്കിൽ -ചുരുങ്ങിയപക്ഷം- മറിച്ചു തെളിവില്ലാതിരിക്കുകയെങ്കിലും വേണം. എന്നാൽ, വാസ്തവം എന്താണെന്നോ? ഖദറിന്റെ കാര്യത്തിൽ മുശ്രിക്കുകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് തർക്കം നടത്തിയ അവസരത്തിലാണ് (انا كل شيئ خلقناه بقدر) (എല്ലാ വസ്തുക്കളെയും നാം ഒരു ഖദർ അനുസരിച്ചു സൃഷ്ടിച്ചിരിക്കുന്നു) എന്ന വചനം അവതരിച്ചതെന്നും ഇമാം മുസ്ലിം (رحمه الله) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ വന്നിട്ടുള്ളതു നാം മുകളിൽ വായിച്ചുവല്ലോ. മുസ്ലിം (رحمه الله) മാത്രമല്ല, തിർമിദി, ഇബ്നുമാജഃ (رحمه الله) മുതലായവരും ഇതു ഉദ്ധരിച്ചിട്ടുണ്ട്. (كما فى ابن كثير)
അപ്പോൾ, അല്ലാഹു ഉദ്ദേശിച്ചതിന്റെ പേരിൽ തങ്ങളുടെ ശിർക്കിനെ മനപ്പൂർവം ന്യായീകരിക്കുകയല്ല -നേരെ മറിച്ചു ഖദറിൽ വിശ്വസിക്കുന്ന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സത്യവിശ്വാസികളെയും അതു പ്രഖ്യാപിക്കുന്ന ഖുർആനെയും പരിഹസിക്കുകയാണ് -വാസ്തവത്തിൽ മുശ്രിക്കുകൾ ചെയ്തിരിക്കുന്നത് എന്നോ മറ്റോ വെയ്ക്കാനേ നിവൃത്തിയുള്ളൂ. മുസ്ലിംകൾ ഖദറിൽ വിശ്വസിച്ചിരുന്നതു മൂലം മക്കാമുശ്രിക്കുകൾ അവരെ പരിഹസിച്ചിരുന്നുവെന്നു സൂ. യാസീൻ 47ാം വചനത്തിൽ നിന്നും മനസ്സിലാക്കാം. ‘നിങ്ങൾക്കു അല്ലാഹു നല്കിയിട്ടിട്ടുള്ളതിൽനിന്നു നിങ്ങൾ ചിലവഴിക്കുവിൻ’ എന്നു അവരോടു പറയപ്പെട്ടാൽ, ആ അവിശ്വസിച്ചവർ വിശ്വസിച്ചവരോട് പറയും:
أَنُطْعِمُ مَن لَّوْ يَشَاءُ اللَّهُ أَطْعَمَهُ إِنْ أَنتُمْ إِلَّا فِي ضَلَالٍ مُّبِينٍ – سورة يس
(അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഭക്ഷണം നല്കുമായിരുന്ന ഒരു കൂട്ടർക്ക് ഞങ്ങൾ ഭക്ഷണം നൽകുകയോ? നിങ്ങൾ വ്യക്തമായ വഴിപിഴവിലല്ലാതെ ഇല്ല.) ഇതാണാവാക്യം. നിങ്ങളുടെ വിശ്വാസപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഭക്ഷണം നൽകുകയും, ഉദ്ദേശിക്കാത്തവർക്കു കൊടുക്കാതിരിക്കുകയും ചെയ്യുമല്ലോ. എന്നിരിക്കെ എന്തിനാണ് അവൻ ഉദ്ദേശിക്കാത്തവർക്കു (സാധുക്കൾക്ക്) ഞങ്ങൾ ഭക്ഷണം നൽകുന്നത്? ഇതാണ് അവർ ചോദിക്കുന്നതിന്റെ സാരം. ما لهم بذالك من علم (അവർക്കു അതിനെപ്പറ്റി ഒരറിവുമില്ല) എന്നും മറ്റും മുശ്രിക്കുകളെപ്പറ്റി അല്ലാഹു ആക്ഷേപിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നു വഴിയെ മനസ്സിലാക്കാം.
(2) ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്ക് ചെയ്യുമായിരുന്നില്ല’.(لو شآء اللّه ما اشركنا) എന്നു തുടങ്ങിയ മേൽകണ്ട വാക്യങ്ങൾ പറഞ്ഞത് മുശ്രിക്കുകൾ ആയതുകൊണ്ടാണല്ലോ ആ ആയത്തുകൾ ഖദറിനെ നിഷേധിക്കുന്നവയാണെന്നു ഇക്കൂട്ടർ വാദിക്കുവാൻ കാരണമായത്. വായനക്കാർ മനസ്സിരുത്തണം. സൂഃ ആൻആമിൽ തന്നെ, അതിലെ 106, 107 വചനങ്ങളിൽ അല്ലാഹുവിന്റെ സ്വന്തം പ്രസ്താവനയായികൊണ്ടു അവർ പറഞ്ഞിരിക്കുന്നത് നോക്കുക: وَأَعْرِضْ عَنِ ٱلْمُشْرِكِينَ، وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًا – الأنعام (മുശ്രിക്കുകളിൽ നിന്നു നീ തിരിഞ്ഞു കളയുക. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ ശിർക്ക് ചെയ്യുമായിരുന്നില്ല. അവരുടെമേൽ നിന്നെ നാം സംരക്ഷകനാക്കിയിട്ടുമില്ല). തങ്ങളെപ്പറ്റി പറഞ്ഞ അതേവാക്യം തന്നെ അവരെപ്പറ്റി അല്ലാഹുവും അതാ പറഞ്ഞിരിക്കുന്നു. അപ്പോൾ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്ക് ചെയ്യുമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന ശരിയല്ലാത്തതുകൊണ്ടാണോ അവരെ അല്ലാഹു ആക്ഷേപിച്ചത്? അല്ല. ആ പ്രസ്താവനമൂലം അവർ ലക്ഷ്യം വെച്ച മറ്റെന്തോ ഒന്നിനെപ്പറ്റിയാണ് അല്ലാഹു ആക്ഷേപിച്ചതെന്നു സ്പഷ്ടമായല്ലോ. മുശ്രിക്കുകൾ പറഞ്ഞ ഒരു കാര്യം തെറ്റാണെങ്കിൽ, അതേകാര്യം അതുപോലെത്തന്നെ മറ്റാരു പറഞ്ഞാലും തെറ്റായിരിക്കണമല്ലോ.
(3) ആദ്യമേ ഖദറിന്റെ നിഷേധം മനസ്സിൽവെച്ചതു കൊണ്ടാണ് ഈ ആയത്തുകൾക്കു ഇവർ പ്രസ്തുത വ്യാഖ്യാനം നൽകുന്നതെന്നും, നേരെമറിച്ച് ആയത്തുകളുടെ വ്യക്തമായ ഉദ്ദേശ്യം അതാണെന്നുകണ്ട കാരണത്താൽ ഇവർ ഖദറിനെ നിഷേധിക്കുവാൻ മുതിർന്നതല്ലെന്നും ഇവരുടെ ചില പ്രസ്താവനകൾതന്നെ തെളിയിക്കുന്നുണ്ട്. നോക്കുക: മുശ്രിക്കുകളുടെ വാചകങ്ങളിലെ لوشاء (‘ലൗശാഅ’) എന്നവാക്കിനു ‘ഉദ്ദേശിച്ചിരുന്നുവെങ്കിൽ’ എന്നു ഭൂതകാലക്രിയയായും, അല്ലാഹുവിന്റെ വാചകത്തിൽ അതേ വാക്കുവന്നപ്പോൾ അതിനു ‘ഉദ്ദേശിക്കുന്നപക്ഷം’ എന്നു വർത്തമാനകാലക്രിയയായും ഇവർ അർത്ഥം നൽകുന്നു. ഇതൊരു സാരപ്പെട്ട വ്യത്യാസമായി ഒരു പക്ഷേ സാധാരണക്കാർക്കു തോന്നിയില്ലെന്നു വരാം. എന്നാൽ, وَلَوْ شَاءَ اللَّهُ مَا أَشْرَكُوا (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ ശിർക്കു ചെയ്യുമായിരുന്നില്ല) എന്ന വാക്യത്തിനു ഇക്കൂട്ടർ നൽകുന്ന വ്യാഖ്യാനം കാണുമ്പോൾ, അവർ താൽപ്പൽര്യപൂർവ്വം ചെയ്തിട്ടുള്ള തന്ത്രമാണ് അതെന്നു ആർക്കും വ്യക്തമാകും. ‘അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, അവൻ മനുഷ്യരെ ഒരേ മാർഗ്ഗത്തിൽ നടക്കുവാൻ നിർബദ്ധരാക്കുമായിരുന്നു.അതായതു, അവർ ബഹുദൈവവിശ്വാസികളായിത്തീരുകയില്ലായിരുന്നു.’ ഇതാണത്രെ അതിന്റെ ഉദ്ദേശ്യം! الله اكبر ബുദ്ധിയും മനസ്സാക്ഷിയും ഉള്ളവർ ചിന്തിക്കട്ടെ, എന്നു മാത്രമേ നാം പറയുന്നുള്ളു.
(4) സൂ: അൻആമിലെ 148-ാം ആയത്താണെല്ലോ മുകളിൽകണ്ട മൂന്നുആയത്തുകളിൽ മൂന്നാമത്തേത്. അതിനെത്തുടർന്നുള്ള 149-ാമത്തെ ആയത്തു ഇതാകുന്നു: قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ പറയുക: അപ്പോൾ, അല്ലാഹുവിന്നാണ് പ്രബലമായ ന്യായം -തെളിവ്- ഉള്ളത്. എന്നാൽ അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ മുഴുവനും അവൻ നേർമ്മാർഗ്ഗത്തിലാക്കുമായിരുന്നു.) എല്ലാ മനുഷ്യരെയും നേർമാർഗത്തിലാക്കുവാൻ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല എന്നാണല്ലോ ഈ വചനത്തിന്റെ വ്യക്തമായ താൽപര്യം. ഇവിടെ മാത്രമല്ല, ഇതു ഖുർആനിൽ മറ്റു പലേടത്തും പറഞ്ഞിട്ടുള്ളതാണ് എന്നുവെച്ചാൽ, മനുഷ്യസമുദായം മലക്കുകളെപ്പോലെ പാപം ചെയ്യാത്ത പ്രകൃതക്കാരല്ല, സജ്ജനങ്ങളും ദുർജനങ്ങളും അടങ്ങുന്ന സമുദായമായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നതു എന്നർത്ഥം. ഇതിനെപ്പറ്റി അൽപം പരാമർശം താഴെ വരുന്നതാണ്. (ഇവിടങ്ങളിലെല്ലാം ‘ഉദ്ദേശം’ എന്നു പറഞ്ഞിരിക്കുന്നതു ‘മശിയ്യത്താ’ കുന്ന ഉദ്ദേശമാണെന്നു ഓർമ്മിക്കുന്നതു നന്നായിരിക്കും.)
148-ാം വചനത്തിനു തങ്ങൾ നൽകിയ വിശദീകരണത്തിനു എതിരാണ് ഈ വചനം എന്നു നിഷേധികൾ കണ്ടു.അതുകൊണ്ട് ഈ വചനത്തിലെ فَلَوْ شَاءَ (‘ഫലൗശാഅ’) എന്ന വാക്കിനു വർത്തമാനക്രിയയുടെ അർത്ഥം കല്പിച്ചതിനുപുറമെ ഒരു ‘നിർബന്ധം’ കൂടി ഇവർ അതിൽ കുത്തിച്ചെലുത്തുവാൻ നിർബ്ബന്ധിതരായിരിക്കയാണ്. അങ്ങനെ, فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ എന്ന വാക്യത്തിന് ‘അവൻ ഉദ്ദേശിക്കുന്ന പക്ഷം നിർബ്ബന്ധപൂർവ്വം നിങ്ങളെല്ലാവരെയും സന്മാർഗ്ഗത്തിലാക്കുമായിരുന്നു’ എന്നൊരു പുതിയ അർത്ഥംകൂടി ഇവർക്കു കൽപിക്കേണ്ടിവന്നിരിക്കയാണ്. ഖുർആനിൽ لَوْ شَاءَ എന്ന വാക്കു പല സ്ഥലത്തും ഉപയോഗിച്ചു കാണാം, അവയിൽ തങ്ങൾക്കു ദോഷകരമായിത്തോന്നുന്ന لَوْ شَاءَ കൾക്കെല്ലാം ഈ ‘നിർബന്ധ’മോ, മറ്റേതെങ്കിലും ഒരു പുത്തൻ വ്യാഖ്യാനമോ നൽകുക ഇവർക്കൊരു പതിവായിത്തീർന്നിട്ടുണ്ട് എന്നു പറയേണ്ടിയിരിക്കുന്നു. لَوْ شَاءَ لَهَدَاكُمْ (അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ നേർമാർഗത്തിലാക്കുമായിരുന്നു) എന്നതിന്റെ ഉദ്ദേശ്യം لو شاء هدايتكم لهديكم (നിങ്ങളെ നേർമാർഗത്തിലാക്കുവാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നേർമാർഗ്ഗത്തിലാക്കുമായിരുന്നു) എന്നല്ലാതെ لو شاء لهداكم بالاكراه (അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ നിർബ്ബന്ധപൂർവ്വം നേർമാർഗ്ഗത്തിലാക്കുമായിരുന്നു) എന്നു അർത്ഥം വരുകയില്ലെന്നു അറബിഭാഷയിൽ അൽപം പരിചയമുള്ളവർക്കെല്ലാം അറിയാം. അതിനുപുറമെ, നിർബ്ബന്ധപൂർവ്വം മാർഗദർശനം ചെയ്യുന്ന പ്രശ്നം തന്നെയില്ല. لَا إِكْرَاهَ فِي الدِّينِ (മതത്തിൽ നിർബന്ധം ചെലുത്തലില്ല) എന്നു സൂ: അൽബഖറഃയിൽ അല്ലാഹു പറയുകയും ചെയ്തിരിക്കുന്നു. നിർബ്ബന്ധിതനായിട്ടല്ലാതെ, സ്വമനസ്സാലെ വിശ്വസിക്കുന്ന വിശ്വാസത്തിനേ ഇസ്ലാമിൽ സ്ഥാനമുള്ളുവെന്നു പറയേണ്ടതില്ല. കൂടാതെ:-
(1) സൂറത്തുൽ അൻആമിൽ തന്നെ, ദാരിദ്ര്യത്തെ ഭയന്നു സന്താനങ്ങളെ കൊലചെയ്തിരുന്ന അറബികളെപ്പറ്റി അല്ലാഹു പറയുന്നു:
وَلَوْ شَاءَ اللَّهُ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ – الانعام : ١٣٧
(അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരതു ചെയ്യുമായിരുന്നില്ല. അതുകൊണ്ടു അവരെയും, അവർ കെട്ടിച്ചമക്കുന്നതിനെയും നീ വിട്ടേക്കുക.) ഈ ആയത്തിൽ ഇവരുടെ ഈ ‘നിർബന്ധം’ കുത്തിച്ചെലുത്തിക്കാണുന്നില്ല.’അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവരതു ചെയ്യുമായിരുന്നില്ല’ എന്നുമാത്രം പറഞ്ഞു മതിയാക്കുകയാണ് ചെയ്തിരിക്കുന്നത്. കാരണം അല്ലാഹുവിനറിയാം, ഏതായാലും അൻആമിലെ 107-ാം ആയത്തിലേതുപോലെത്തന്നെ, ഈ ആയത്തിലെ ഈ വാക്യവും അല്ലാഹുവിന്റെ സ്വന്തം പ്രസ്താവനയാകുന്നു. മറ്റാരുടെയും പ്രസ്താവന ഉദ്ധരിച്ചതല്ല. അപ്പോൾ അതിന്റെ സാരം ‘അവരതു ചെയ്യാതിരിക്കണമെന്നു അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ അതു ചെയ്യുമായിരുന്നില്ല, പക്ഷേ അല്ലാഹു അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല’ എന്നായിരിക്കും. ഇതു ഖദറിനെ നിഷേധിക്കുകയല്ല-സ്ഥാപിക്കുകയാണ്- ചെയ്യുന്നത്.
ഇമാം മുസ്ലിം (رحمه الله) മുതലായവർ ഉദ്ധരിച്ച ഹദീസും മറ്റും നോക്കുമ്പോൾ, മുശ്രിക്കുകൾ ഖദറിനെ നിഷേധിക്കുന്നവരായിരുന്നുവെന്നതാണ് വാസ്തവമെന്നും, ആ നിലക്കു അവരുടെ മേപ്പടി പ്രസ്താവനകൾ കേവലം പരിഹാസങ്ങളാണെന്നും നാം മുമ്പ് പറഞ്ഞു. എനി, മുശ്രിക്കുകൾ ഖദറിൽ വിശ്വാസമുള്ളവരായിരുന്നുവന്നു തന്നെ വിചാരിക്കുക: എന്നാലും, അവരുടെ ആ പ്രസ്താവനകൾ ആക്ഷേപാർഹമാണെന്നു കാണാം. 1-ാമതായി, പ്രവാചകത്വത്തിന്റെയും, വേദഗ്രന്ഥത്തിന്റെയും നിഷേധമാണത്. അല്ലാഹു ഉദ്ദേശിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല എന്നിരിക്കെ, ശിർക്കിനെയും മറ്റും വിരോധിച്ചുകൊണ്ടു പ്രവാചൻമാരും വേദഗ്രന്ഥവും വരേണ്ടുന്ന ആവശ്യമെന്ത്? ഞങ്ങൾ ശിർക്കു മുതലായവ ചെയ്യുന്നതു അവർ ഉദ്ദേശിച്ചുകൊണ്ടാണല്ലോ. എന്നിങ്ങിനെയുള്ള ഒരു ന്യായവാദം അപ്പോൾ ആ പ്രസ്താവനകളിൽ അടങ്ങിയിരിക്കുന്നു. ഈ വ്യാജവാദം ഈ മുശ്രിക്കുകളുടെമാത്രം വാദമല്ല, അവരുടെ പൂർവ്വീകൻമാരുടെയും വാദമാണ്. അതുകൊണ്ടാണ് كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ (അവരുടെ മുമ്പുള്ളവരും അപ്രകാരം വ്യാജമാക്കിയിട്ടുണ്ട്) എന്നും كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ (അവരുടെ മുമ്പുള്ളവരും അപ്രകാരം ചെയ്തിരിക്കുന്നു) എന്നും അല്ലാഹു പറഞ്ഞതും.
2-ാമതായി, അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമല്ലാതെ ഒന്നും സംഭവിക്കുകയില്ലെന്നതു വാസ്തവമാണെങ്കിലും, അവർ ശിർക്കു മുതലായതു ചെയ് വാൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെന്നു അറിഞ്ഞതു നിമിത്തമോ അറിഞ്ഞതിനു ശേഷമോ അല്ല അവർ അതു ചെയ്തത്. അവർ തങ്ങളുടെ സ്വന്തം ഇഷ്ടവും ഇച്ഛയും അനുസരിച്ചു മനഃപൂർവ്വം ശിർക്കു മുതലായ കുറ്റങ്ങൾ ചെയ്തു. ചെയ്തുകഴിഞ്ഞശേഷം അവയെ ന്യായീകരിക്കുവാൻവേണ്ടിമാത്രം അല്ലാഹുവിന്റെ ഖദറിന്റെയും ഉദ്ദേശത്തിന്റെയും മറപിടിക്കുകയും ചെയ്തുവെന്നേയുള്ളു. അഥവാ, അല്ലാഹുവിന്റെ ഉദ്ദേശം എന്താണെന്നറിഞ്ഞ് പ്രവർത്തിച്ചിരിക്കുകയല്ല-തങ്ങൾ പ്രവർത്തിച്ചുകഴിഞ്ഞശേഷം അതു അല്ലാഹു ഉദ്ദേശിച്ചതാണെന്ന് വാദിച്ച് ന്യായീകരിക്കുകയാണ്-ചെയ്യുന്നത്. * അതുകൊണ്ടാണ് مَّا لَهُم بِذَٰلِكَ مِنْ عِلْمٍ (അവർക്കു അതിനെപ്പറ്റി യാതൊരു അറിവും ഇല്ല) എന്നും, هَلْ عِنْدكُمْ مِنْ عِلْم فَتُخْرِجُوهُ لَنَا (നിങ്ങളുടെ പക്കൽ വല്ല അറിവും ഉണ്ടോ, എന്നാലതു ഞങ്ങൾക്കു വെളിക്കുകൊണ്ടുവന്നു തരുവിൻ) എന്നും മറ്റും അല്ലാഹു പറഞ്ഞത്.
(*) ഈ നയം മുശ്രിക്കുകളിൽ മാത്രമല്ല കാണപ്പെടുക. മുസ്ലിംകളിൽപോലും ചിലർ തങ്ങൾ ചെയ്ത തെറ്റുകുറ്റങ്ങളെ ഖദറിന്റെ പേരിൽ ന്യായീകരിക്കുകയും, അല്ലാഹുവിന്റെ ഉദ്ദേശത്തിന്റെ മറവിൽ ഒളിച്ചു രക്ഷപ്പെടുവാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഖദറിന്റെ വിശ്വാസം നൻമ ചെയ്വാൻ തടസ്സമോ, തിൻമ ചെയ്വാൻ പ്രോത്സാഹനമോ അല്ലെന്നും, ആയികൂടാത്തതാണെന്നും പിറകേ വിവരിക്കുന്നുണ്ട്. ان شاء الله
3-ാമതായി, അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരമാണ് കാര്യങ്ങളെല്ലാം സംഭവിക്കുന്നത് എന്നിരിക്കുമ്പോൾ, സംഭവിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ തൃപ്തിക്കു വിധേയമായിരിക്കേണ്ടതല്ലേ? അതുകൊണ്ട് തങ്ങളുടെ ശിർക്കും മറ്റും അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചു സംഭവിച്ചതാണെന്നപോലെ, അവയെല്ലാം അവൻ തൃപ്തിപ്പെട്ട കാര്യങ്ങളുമായിരിക്കും. അവയെപ്പറ്റി കുറ്റപ്പെടുത്തുന്നതും വിരോധിക്കുന്നതും ന്യായമല്ല എന്നിപ്രകാരമുള്ള ഒരു ആരോപണവും ആ പ്രസ്താവനകളിൽ അന്തർഭവിച്ചിരിക്കുന്നു. إِنْ تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنْتُمْ إِلَّا تَخْرُصُونَ (നിങ്ങൾ ഊഹത്തെയല്ലാതെ പിൻപറ്റുന്നില്ല; നിങ്ങൾ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല) എന്നീ വാക്യങ്ങൾ ആ ആരോപണത്തെ ഖണ്ഡിക്കുന്നു.നല്ലതും തീയതുമായ ഏതു കാര്യവും സംഭവിക്കുന്നത് അല്ലാഹുവിന്റെ (മശിയ്യത്താകുന്ന) ഉദ്ദേശം കൊണ്ടുതന്നെയാണെങ്കിലും, നല്ലതിനെ മാത്രമേ അവൻ തൃപ്തിപ്പെടുകയുള്ളൂവെന്നും, ചീത്തയെ അവൻ തൃപ്തിപ്പെടുകയില്ലെന്നും, ഉദ്ദേശ്യത്തിന്റെയും തൃപ്തിയുടെയും പശ്ചാത്തലങ്ങൾ ഒന്നല്ലെന്നുമുള്ള വസ്തുതകൾ മനസ്സിലാക്കാത്തതാണ് ഈ ആരോപണത്തിനു കാരണം. (ഇതു സംബന്ധിച്ച് കൂടുതൽ വിവരം താഴെ കാണാം) മുശ്രിക്കുകളുടെ ആ പ്രസ്താവനകൾക്കു അവരെ പ്രേരിപ്പിച്ചത് മേൽകണ്ട മൂന്നുകാരണങ്ങളിൽ ഏതായിരുന്നാലും ശരി, അതിനെത്തുടർന്നു അല്ലാഹു അവരെ ആക്ഷേപിച്ച വാക്യങ്ങളുടെ താൽപര്യം മനസ്സിലാക്കുവാൻ പ്രയാസമില്ല.
ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, മനുഷ്യന്റെ എല്ലാ പ്രവർത്തികളും അല്ലാഹു ഉദ്ദേശിച്ചതെങ്കിൽ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതിനു ഖുർആനിൽ വിശ്വസിക്കുന്നവരെല്ലാം സമ്മതിക്കുവാൻ നിർബന്ധിതരാകുന്ന ഒരു തെളിവാണ് സൂറത്തുൽ കഹ്ഫിലെ 23, 24 വചനങ്ങൾ:-
وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا، إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ الخ – سورة الكهف
(സാരം: ഒരു കാര്യത്തെക്കുറിച്ചും നാളെ ഞാനതു ചെയ്യുമെന്നു നിശ്ചയമായും നീ പറയരുത്- അല്ലാഹു ഉദ്ദേശിക്കുന്നതായാൽ എന്ന നിലക്കല്ലാതെ, നീ മറന്നുപോയാൽ നിന്റെ റബ്ബിനെ നീ സ്മരിക്കുകയും ചെയ്യുക.) ഭാവിയിൽ താൻ ഒരു കാര്യം ചെയ്യുമെന്ന് പറയുമ്പോൾ إِنْ شَاءَ اللَّهُ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്നു കൂട്ടിച്ചേർത്തുകൊണ്ടല്ലാതെ ഒരാളും പറയരുതെന്നു അല്ലാഹു ഊന്നിപ്പറയുന്നു. ഒരു പക്ഷേ,، മറന്നുപോയാൽ ഓർമ്മ വരുമ്പോൾ ആ കുറവ് നികത്തേണമെന്നും ഉണർത്തുന്നു. അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ, മനുഷ്യന്റെ ഉദ്ദേശംകൊണ്ടോ കഴിവുകൊണ്ടോ മാത്രം അവനു വല്ലതും പ്രവർത്തിക്കുവാൻ കഴിയുമെങ്കിൽ ഈ കല്പനക്ക് എന്താണ് ന്യായം?! ആലോചിച്ചുനോക്കുക. ഖദറിനെ നിഷേധിക്കുകയും, ഖദറിലുള്ള വിശ്വാസം അനിസ്ലാമികമാണെന്നു ജൽപ്പിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതൻ ഈ ആയത്തിന് ഇങ്ങനെ അർത്ഥം കൽപിച്ചു കാണാം: ‘ഞാൻ നാളെ അക്കാര്യം പ്രവർത്തിക്കുമെന്ന് ഒരു വിഷയത്തെക്കുറിച്ചും നീ പറയരുത്. (നീ മനസ്സിലാക്കണം:) അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ, (അതു നടക്കുകയില്ല).’ അപ്പോൾ- അറിഞ്ഞോ അറിയാതെയോ- ഖദറിന്റെ തത്വം ഇവരും അംഗീകരിക്കുവാൻ നിർബന്ധിതരായിരിക്കയാണ്.
ചില യാഥാർത്ഥ്യങ്ങൾ
സ്ഥലകലവ്യത്യാസംകൂടാതെ, ചെറുപ്പവലുപ്പംകൂടാതെ, എല്ലാ ഓരോ വസ്തുവിനും ഓരോ കാര്യത്തിനും ഉപയോഗിക്കപ്പെടുന്ന ഒരു അറബിവാക്കാണ് شيء (ശൈഉ്) എന്ന വാക്ക്. നിഘണ്ടുക്കളിൽ ഇതിനു ما يصح ان يعلم ويخبر عنه (ഏതൊന്നിനെക്കുറിച്ചു അറിയുവാനും വർത്തമാനം പറയപ്പെടുവാനും ഉതകുന്നുവോ അത്) എന്നാണ് അർത്ഥം കാണിക്കുന്നത്. അപ്പോൾ كل شيء (എല്ലാ വസ്തുക്കളും- അഥവാ എല്ലാ കാര്യങ്ങളും) എന്നു പറയുമ്പോൾ അതിൽ ഉൾപ്പെടാത്ത ഒരു സാധനമോ, സംഭവമോ, കാര്യമോ, വസ്തുവോ, വസ്തുതയോ ഉണ്ടായിരിക്കയില്ല. ഇത് ഓർമയിൽ വെച്ചുകൊണ്ട് താഴെ കാണുന്ന ഖുർആൻ വചനങ്ങൾ മനസ്സിരുത്തുക: الله خالق كل شيئ (അല്ലാഹു എല്ലാ വസ്തുവിന്റെയും സ്രഷ്ടാവാകുന്നു) وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا (അവൻ എല്ലാ വസ്തുവെയും സൃഷ്ടിക്കുകയും അതിനു ഒരു നിർണയം-വ്യവസ്ഥ- നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.) قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا (അല്ലാഹു എല്ലാ വസ്തുവിനും ഒരു ഖദ്ർ ഏർപ്പെടുത്തിയിട്ടുണ്ട്.) وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകുന്നു.) قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا (അവൻ അറിവുകൊണ്ടു എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നു.) واللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرًا (അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.) ഇതിലൊന്നിൽനിന്നും മനുഷ്യനെയോ, അവന്റെ പ്രവർത്തനങ്ങളേയോ, ഉദ്ദേശ്യങ്ങളെയോ, നല്ലതിനെയോ, ചീത്തയെയോ, മറ്റുവല്ലതിനെയോ ഒഴിവാക്കുവാൻ ന്യായമെന്താണുള്ളത്?! ഒന്നുമില്ല.
ഈ പ്രപഞ്ചത്തിനും അതുൾകൊള്ളുന്ന സകല ചരാചരങ്ങൾക്കും ബാധകമായ ഒരു പൊതുവ്യവസ്ഥയും സാർവ്വത്രികമായ നിയമവും അല്ലാഹുവിങ്കലുണ്ടെന്നുള്ളതിൽ ദൈവവിശ്വാസികളായ ആർക്കും തർക്കമുണ്ടാകയില്ല. എന്നാൽ, ആ വ്യവസ്ഥയും നിയമവും അനുസരിച്ച് ലോകകാര്യങ്ങൾ ഓരോന്നും സ്വയം നീങ്ങിക്കൊള്ളട്ടെ എന്നുവെച്ച് അല്ലാഹു ചുമ്മാ ഇരിക്കുകയാണെന്ന് വിശേഷബുദ്ധിയുള്ളവർക്ക് ഊഹിക്കുവാൻ കഴിയുമോ? അല്ലെങ്കിൽ ആ വ്യവസ്ഥക്കും, അതിലെ കാര്യകാരണബന്ധങ്ങൾക്കും അനുസരിച്ച് നടക്കുന്നതെല്ലാം സ്വയമങ്ങ് നടക്കട്ടെ എന്നുവെച്ച് അശ്രദ്ധനായി-മൗനവദനനായി- അജ്ഞനായി-ക്കൊണ്ട് കഴിയുകയുമായിരിക്കും അല്ലാഹു എന്ന് ആർക്കെങ്കിലും ഊഹിക്കുവാൻ സാധിക്കുമോ?! ഒരിക്കലുമില്ല. അല്ലെങ്കിൽ -ചിലർ ജൽപിക്കുന്നതുപോലെ- ലോകകാര്യങ്ങളെ മൊത്തമായിട്ടല്ലാതെ വിശദമായി അല്ലാഹു അറിയുകയില്ലെന്നോ, അതുമല്ലെങ്കിൽ ഓരോ സംഗതിയും സംഭവിക്കുമ്പോഴല്ലാതെ മുൻകൂട്ടി അവൻ അറിയുകയില്ലെന്നോ ഒരു യഥാർത്ഥ സത്യവിശ്വാസി വാദിക്കുമോ?! മുസ്ലിമെന്ന് അഭിമാനിക്കുന്ന വല്ലവരും അങ്ങനെ വാദിക്കുന്നുണ്ടെങ്കിൽ, അവരുടെ അല്ലാഹു നാമെല്ലാം വിശ്വസിക്കുന്ന അല്ലാഹുവോ, ഖുർആനിൽ പ്രസ്താവിക്കപ്പെട്ടുകാണുന്ന ആ അല്ലാഹുവോ ആയിരിക്കയില്ലെന്നേ അവരോട് നമുക്ക് പറയുവാനുള്ളൂ.അല്ലാഹു പറയുന്നു: وَمَا مِنْ غَائِبَةٍ فِي السَّمَاءِ وَالْأَرْضِ إِلَّا فِي كِتَابٍ مُّبِينٍ – النمل : ٧٥ (ആകാശത്തിലും ഭൂമിയിലും മറഞ്ഞുകിടക്കുന്ന ഏതൊരു കാര്യവും വ്യക്തമായ ഒരു ഗ്രന്ധത്തിൽ -രേഖയിൽ- ഇല്ലാത്തതില്ല. സൂ:നംലു.)
എല്ലാ കാര്യവും അറിയുന്നവനാണ് അല്ലാഹു എന്നു സമ്മതിക്കുന്നപക്ഷം, ആ അറിവിൽപെട്ട ഓരോന്നും -അതിൽപെടാത്ത യാതൊന്നും ഇല്ലതാനും- ഇന്ന സമയത്തു ഇന്നിന്നപ്രകാരം ആയിരിക്കണം, അല്ലെങ്കിൽ ആയിരിക്കരുത് എന്നിങ്ങനെ ഒരു ഉദ്ദേശവും നിർണ്ണയവും അവന്നില്ലാതെ വരുമെന്നു വിചാരിക്കുവാൻ വല്ലവർക്കും സാധിക്കുമോ? യുക്തി അതു സമ്മതിക്കുമോ?! അതതു കാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രം അതിന്റെ അളവും തോതും നിർണ്ണയിക്കുകയേ അവൻ ചെയ്യുന്നുള്ളൂ-ഓരോന്നിനും പ്രത്യേക നിർണ്ണയങ്ങളൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല- എന്നു വെക്കുന്ന പക്ഷം, അതു അവന്റെ സർവജ്ഞതയെയും, സർവ്വശക്തിത്വത്തെയും ചോദ്യം ചെയ്യലും, അവന്റെ സൃഷ്ടികളോടു അവനെ സമപ്പെടുത്തലും ആയിരിക്കും. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ (അവനെപ്പോലെ ഒരു വസ്തുവും തന്നെയില്ല. അവൻ എല്ലാം കേൾക്കുന്നവാണ്, കാണുന്നവനാണ്.)ഒരു പൊതുവ്യവസ്ഥ ഏർപ്പെടുത്തി ചുമ്മാ ഇരിക്കുകയല്ല, എപ്പോഴും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചും നടത്തിയും കൊണ്ടിരിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. يدبر الأمر من السماء الي الأرض (അവൻ ആകാശത്തു നിന്നു ഭൂമിയിലേക്കു കാര്യംനിയന്ത്രിച്ചു -ചട്ടവട്ടം ചെയ്തു- കൊണ്ടിരിക്കുന്നു) كل يوم هو في شأن (എല്ലാ ദിവസവും അവൻ ഓരോ കാര്യത്തിലാണ്) وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ (ഏതൊരു വസ്തുവിന്റെയും ഖജനാക്കൾ നമ്മുടെ പക്കൽ ഇല്ലാത്തതില്ല. അതിനെ ഒരു നിശ്ചിത അളവിലല്ലാതെ നാം ഇറക്കുന്നുമില്ല.) എന്നിങ്ങനെയുള്ള വചനങ്ങളുടെ വ്യാപ്തിയിൽനിന്നു മനുഷ്യനെയും, അവന്റെ ചെയ്തികളെയും മാത്രം ഒഴിവാക്കി നിർത്തുവാൻ ന്യായമില്ലതന്നെ.
إِنَّ اللَّهَ يَحْكُمُ مَا يُرِيدُ (അല്ലാഹു ഉദ്ദേശിക്കുന്നതു അവൻ വിധിക്കുന്നു) وَيَفْعَلُ اللَّهُ مَا يَشَاءُ (അല്ലാഹു ഉദ്ദേശിക്കുന്നതു അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു) لاَ يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ (അവൻ ചെയ്യുന്നതിനെപ്പറ്റി അവൻ ചോദ്യംചെയ്യപ്പെടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും) പക്ഷേ, ഒരു അണു അളവിലും അനീതി അതിലൊന്നും അല്ലാഹു ചെയ്കയില്ല. إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ (അല്ലാഹു ഒരു അണുതൂക്കവും അനീതി ചെയ്കയില്ല) وَلَا يَظْلِمُ رَبُّكَ أَحَدًا (നിന്റെ റബ്ബ് ഒരാളോടും അനീതി ചെയ്കയില്ല.) അപ്പോൾ, മനുഷ്യനെയും അവന്റെ പ്രവർത്തനങ്ങളെയും അല്ലാഹുവിന്റെ നിയന്ത്രണത്തിൽ നിന്നു സ്വതന്ത്രമാക്കി ഒഴിച്ചു നിർത്തുവാനോ, മനുഷ്യന്റെ മേലുള്ള നിയന്ത്രണം അനീതിയാണെന്നു വെക്കുവാനോ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിക്കു സാധിക്കുമോ?! ഇല്ല. ഇല്ല.
പ്രധാന സംശയം
ഖദറിനെ നിഷേധിക്കുന്ന വിഭാഗക്കാർ പൊതുജനമദ്ധ്യേ പ്രചരിപ്പിക്കാറുള്ള ആശയക്കുഴപ്പങ്ങളും, തങ്ങളുടെ അഭിപ്രായങ്ങൾ സ്ഥാപിക്കുവാൻ സ്വീകരിക്കുന്ന ന്യായവാദങ്ങളും പലതാണ്. ചിലതെല്ലാം ഈ കുറിപ്പിൽ പല സന്ദർഭങ്ങളിലായി നാം സ്പർശിച്ചിട്ടുമുണ്ട്. അവയുടെയെല്ലാം അടിത്തട്ടിൽ സ്ഥിതി ചെയ്യുന്നതും, പൊതുജനങ്ങളെയും മതപ്രമാണങ്ങളിൽ പരിചയം കുറഞ്ഞവരെയും ആകർഷിക്കുവാൻ അവർ കൂടുതൽ ഉപയോഗപ്പെടുത്തുന്നതുമായ ഒരു സംശയം ഇതാണ്: ‘മനുഷ്യന്റെ നല്ലതും ചീത്തയുമായ പ്രവർത്തനങ്ങളടക്കമുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചും, മുൻ നിശ്ചയമനുസരിച്ചും നടക്കുന്നതും, അവന്റെ സൃഷ്ടിയും ആണെങ്കിൽ -അഥവാ മനുഷ്യന്റെ പ്രവർത്തനങ്ങൾ മനുഷ്യന്റെ ഇച്ഛയും ഉദ്ദേശവും അനുസരിച്ചും അവന്റെ കഴിവുകൊണ്ടും മാത്രം ഉണ്ടാകുന്നതല്ലെങ്കിൽ- പിന്നെ മനുഷ്യൻ ചെയ്യുന്ന തെറ്റുകുറ്റങ്ങൾക്കു അവനെ അല്ലാഹു ശിക്ഷിക്കുന്നതു ന്യായമാകുമോ? അതു അനീതിയല്ലേ? യുക്തിക്കു എതിരല്ലേ? മനുഷ്യന്റെ പ്രവർത്തനങ്ങൾക്കു അവൻ ഉദ്ദേശിക്കുന്ന പ്രകാരം അവൻ രൂപം നൽകുന്നതു നാം കാണുന്നു. മാത്രമല്ല, അതെല്ലാം മനുഷ്യന്റെ കർമ്മങ്ങളായിക്കൊണ്ടു തന്നെയാണു ഖുർആൻ പ്രസ്താവിക്കുന്നതും. എന്നിരിക്കെ, മനുഷ്യകർമ്മങ്ങൾ അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചും അവന്റെ സൃഷ്ടിയായിക്കൊണ്ടുമാണ് ഉണ്ടാകുന്നതെന്നു പറയുന്നതു വിഡ്ഢിത്തമല്ലേ? ഈ ന്യായവാദത്തിൽ നിന്നാണു മറ്റുള്ള യുക്തിവാദങ്ങൾ ഉടലെടുക്കുന്നതു അവയെ ന്യായീകരിക്കുന്ന പല ഉപവാദങ്ങളും, വ്യാഖ്യാനങ്ങളും, ദുർവ്യാഖ്യാനങ്ങളും വേറെയും കാണും.
അനേകം ഖുർആൻ വാക്യങ്ങളിൽ നിന്നും, ധാരാളം ഹദീസുകളിൽനിന്നും, സഹാബികളും താബിഉകളും അടക്കമുള്ള ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെ പ്രസ്താവനകളിൽ നിന്നും സംശയരഹിതമായി അറിയപ്പെട്ടതാണ് മനുഷ്യന്റെ കർമ്മങ്ങൾ അടക്കമുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അറിവും, ഉദ്ദേശവും അനുസരിച്ചു. അവൻ സൃഷ്ടിക്കുന്നതാണ് എന്നത്. അല്ലാഹുവിന്റെ സാർവ്വത്രികമായ അറിവ്, അവന്റെ അപാരമായ കഴിവു മുതലായ മഹൽഗുണങ്ങളെ കണക്കിലെടുക്കുമ്പോൾ മതദൃഷ്ട്യാ മാത്രമല്ല -ബുദ്ധിയുടെ അടിസ്ഥാനത്തിൽ തന്നെ- അതു വിശ്വസിക്കുവാൻ നാം നിർബന്ധിതരുമാകുന്നു. എന്നിരിക്കെ, ഈ സംശയത്തിനു മറുപടി കാണുവാൻ നമുക്കു കഴിഞ്ഞില്ലെങ്കിൽപോലും, അല്ലാഹുവിന്റെ എത്രയോ സൃഷ്ടിരഹസ്യങ്ങൾ നമുക്കു അറിയാൻ കഴിയാത്തതുപോലെ ഈയൊരു രഹസ്യവും നമുക്കറിയില്ലെന്നുവെച്ചു സമാധാനിക്കാവുന്നതേയുള്ളൂ. ഖുർആൻ പ്രസ്താവിച്ചതുകൊണ്ടു മാത്രം നമ്മുടെ ബുദ്ധിക്കോ നിരീക്ഷണങ്ങൾക്കോ കണ്ടുപിടിക്കുവാൻ കഴിയാത്ത എത്രയോ യാഥാർത്ഥ്യങ്ങൾ നാം സമ്മതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ കടമയുമാണത്. (*) എന്നിരുന്നാലും, സുസ്ഥാപിതമായ മതപ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തിട്ടെങ്കിലും സ്വന്തം യുക്തിവാദങ്ങളെ ന്യായീകരിക്കണമെന്ന മർക്കടമുഷ്ടിയില്ലാത്ത സത്യാന്വേഷികൾക്ക് മനസ്സമാധാനത്തിനുള്ള പരിഹാരം ഖുർആന്റെയും ഹദീസിന്റെയും വെളിച്ചത്തിൽതന്നെ നമുക്കു കണ്ടെത്താവുന്നതാണ് താനും.
(*) സ്വർഗം, നരകം, ഖിയാമത്തിലെ പല സംഭവങ്ങൾ, മലക്കുകൾ, അവരുടെ പ്രവർത്തനങ്ങൾ, പരലോകത്തുവെച്ച് അല്ലാഹുവിനെ കാണൽ തുടങ്ങിയ പലതും ഇതിന് ഉദാഹരണങ്ങളാണ്. യുക്തിവാദക്കാർക്കു ഇവയിലെല്ലാം തന്നെ യഥാർത്ഥത്തിൽ നിഷേധവും, ബാഹ്യത്തിൽ അവരുടെതായ ദുർവ്യാഖ്യാനങ്ങളുമാണുള്ളത്. അതിലൊന്ന് മാത്രമാണ് ഖദറിന്റെ കാര്യവും.
ഒരു കാര്യത്തിന്റെ ഒരു വശം മാത്രം ആലോചിച്ചു വിധികൽപ്പിക്കുന്നതു ശരിയല്ല. അതിന്റെ മറുവശങ്ങളെക്കൂടി കണക്കിലെടുത്തുവേണം വിധികൽപ്പിക്കുവാൻ. ഐഹികകാര്യങ്ങളിൽ ബുദ്ധിക്കും യുക്തിക്കും നൽകുന്ന അതേ സ്ഥാനം ദൈവീക കാര്യങ്ങളിലും അതിനു നൽകുന്നതു ശരിയല്ല. ദൈവീക കാര്യങ്ങളിലും, പാരത്രിക കാര്യങ്ങളിലും ദൈവവാക്യങ്ങൾക്കും പ്രവാചക വാക്യങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടത്. ഈ സംഗതി ഇത്തരം വിഷയങ്ങളിൽ നാം സദാ ഓർമ്മിച്ചിരിക്കേണ്ടതാണ്. ഓരോ വസ്തുവിനും അതതിന്റെതായ സൃഷ്ടിയും പ്രകൃതിവിശേഷതയും അല്ലാഹു നൽകിയിട്ടുണ്ട്. അതാതിനുപയുക്തമായ മാർഗ്ഗദർശനവും അവൻ നൽകിയിരിക്കുന്നു.
(أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى – طه) അക്കൂട്ടത്തിൽ മനുഷ്യനും ചില പ്രത്യേകതകളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വിശേഷബുദ്ധി (العقل). വിശേഷബുദ്ധി ഉപയോഗിച്ച് താൻ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നും, പല മുഖങ്ങളായ കാര്യങ്ങളിൽ ഏതാണ് താൻ സ്വീകരിക്കേണ്ടത് എന്നും തിരഞ്ഞെടുക്കാനുള്ള അഭിപ്രായശക്തി (اختيار)യും, അത് പ്രവർത്തനത്തിൽ വരുത്തുവാനുള്ള കഴിവും (فدرة) അല്ലാഹു അവന് നൽകിയിരിക്കുന്നു. അവൻ തിരഞ്ഞെടുത്ത കാര്യം അവൻ പ്രവർത്തനത്തിൽ വരുത്തുമ്പോൾ ആ കാര്യം അവന്റെ പ്രവൃത്തിയും അവന്റെ അദ്ധ്വാനവും (كسب) ആയിരിക്കുന്നതുമാണ്. പക്ഷേ, ഈ അഭിപ്രായ സ്വാതന്ത്ര്യവും, പ്രവർത്തനകഴിവും തികച്ചും പരിപൂർണ്ണമോ നിരുപാധികമോ അല്ല. ഒന്നാമതായി, അല്ലാഹു നിർണയിച്ചുകൊടുത്തിട്ടുള്ള ഒരു പരിധിക്കുള്ളിൽ അത് ഒതുങ്ങിനിൽക്കുന്നു. രണ്ടാമതായി, തിരഞ്ഞെടുപ്പിനും പ്രവർത്തനത്തിനുമുള്ള സാഹചര്യങ്ങൾ സുരക്ഷിതമായിരിക്കുകയും വേണം. ഇപ്പറഞ്ഞതിൽ ദൈവവിശ്വാസികളായ ആർക്കും സംശയം ഉണ്ടായിരിക്കയില്ല.
മനുഷ്യൻ തിരഞ്ഞെടുത്തതും അവൻ ഇച്ഛിച്ചതുമായ കാര്യങ്ങളെല്ലാം പ്രയോഗത്തിൽ വന്നേക്കണമെന്നില്ല. ചിലത് പ്രയോഗത്തിൽ വരുത്തുവാൻ അവൻ സ്വയം തന്നെ ഉദ്ദേശിക്കായ്കകൊണ്ടും, മറ്റ് ചിലത് എന്തെങ്കിലും വിഘ്നം നേരിട്ടതുകൊണ്ടും മുടങ്ങിപ്പോകുന്നു. എന്നാൽ പ്രയോഗത്തിൽ വന്ന പ്രവർത്തനങ്ങളെല്ലാം ഫലത്തിൽ വരുന്നത് യഥാർത്ഥത്തിൽ മനുഷ്യന്റെ മാത്രം ഉദ്ദേശ്യം കൊണ്ടും പ്രവൃത്തികൊണ്ടുമാണോ? ഇതാണ് ചിന്തിക്കേണ്ടത്. ആദ്യമായി, അവൻ തിരഞ്ഞെടുത്ത -അഥവാ ഇച്ഛിച്ച- കാര്യം പ്രാവർത്തികമാക്കുവാനുള്ള ഉദ്ദേശം (ഇതിനാണ് മശിയ്യത്ത് എന്ന് പറയുന്നത്) വേണം. ഇതാകട്ടെ, അല്ലാഹു ഉദ്ദേശിച്ചെങ്കിൽ മാത്രമേ സംജാതമാകുന്നുള്ളൂ. وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല) ചില കാര്യങ്ങൾ ഇന്ന പ്രകാരം വേണ്ടതുണ്ടെന്ന് മനുഷ്യന്റെ മനസ്സാക്ഷി വിധി കൽപ്പിക്കുന്നു. അത് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യാതൊരു തടസ്സവും നേരിട്ടതായി കാണുന്നുമില്ല. എന്നിട്ട് പോലും അത് ചെയ്യാൻ അവൻ മുമ്പോട്ട് വരുന്നില്ല. എത്രയോ ഉദാഹരണങ്ങൾ ഇതിന് കാണാം. കാരണം എന്താണ്? അല്ലാഹുവിന്റെ ഉദ്ദേശ്യം ഇല്ലാത്തത് തന്നെ, എനി, പ്രവർത്തിക്കുവാൻ ഉദ്ദേശിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി മനുഷ്യൻ എന്താണ് ചെയ്യുന്നത്? അവന്റെ അറിവിലും കഴിവിലുംപെട്ട ഒരുക്കങ്ങൾ അവൻ ചെയ്യുന്നു. അപ്പോൾ മിക്കവാറും അത് ഫലത്തിൽ വരുന്നു. ചിലപ്പോൾ ഫലത്തിൽ വരാതെയും സംഭവിക്കുന്നു. ആ അറിവും കഴിവും അല്ലാഹുവിൽനിന്ന് സിദ്ധിച്ചതാണെന്നപോലെത്തന്നെ, അതിനുവേണ്ടി അവൻ വിനിയോഗിച്ച ഓരോ ഉപാധിയും സജ്ജമാക്കിയതും, അതിന്റെ ഉപയോഗക്രമം നിർണയിച്ചുകൊടുത്തതും, ഓരോന്നിന്റെയും ഫലം ഇന്നപ്രകാരമെന്ന് തിട്ടപ്പെടുത്തിയിരിക്കുന്നതുമെല്ലാം അല്ലാഹു തന്നെ. അതെ, وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (അല്ലാഹു നിങ്ങളെയും നിങ്ങൾ പ്രവൃത്തിക്കുന്നതിനെയും സൃഷ്ടിച്ചിരിക്കുന്നു.)
മനുഷ്യൻ നിലം ഉഴുത് കിളർത്തുന്നു, വെള്ളം നനക്കുന്നു, അതിൽ വിത്ത് വിതക്കുന്നു. ഈ മൂന്നിൽ ഓരോന്നിനും വേണ്ടി അവൻ എത്രയെത്ര വസ്തുക്കളെ ഏതെല്ലാം വിധേന ഉപയോഗിച്ചുവെന്ന് ആലോചിച്ചു നോക്കുക. കാര്യകാരണ ബന്ധങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നമ്മുടെ മുമ്പിൽ കാണാം. അതിരിക്കട്ടെ, ഒടുക്കം ധാന്യം മുളച്ചു വിളയുന്നു. അത് അവന്റെ അദ്ധ്വാനമാണെന്നും, പ്രവർത്തനഫലമാണെന്നും സമ്മതിക്കപ്പെടുന്നു. അതിന്റെ പേരിൽ ആ വിളവിന്റെ ഉടമസ്ഥതയും അവന് തന്നെ നൽകപ്പെടുന്നു. അവൻ വിത്തിട്ടെങ്കിലും വിത്ത് മുളപ്പിച്ചത് അവനല്ല; അവൻ വളമിട്ടെങ്കിലും വിളയിച്ചത് അവനല്ല; ഉഴുതെങ്കിലും ഭൂമി പിളർത്തതും കിളർത്തിയതും അവനല്ല; കാലികളെ വാങ്ങിയതും അവയെ കെട്ടി ഉഴുതതും തെളിച്ചുകൊണ്ടിരുന്നതും അവനെങ്കിലും അവയെ അതിന് ഉപകരിക്കുമാറാക്കിയതും അവനല്ല അങ്ങനെ പലതും. ചുരുക്കത്തിൽ, അവൻ അതിനെല്ലാം ഒരു കാരണക്കാരനായി ഇടപെട്ടുവെന്നുമാത്രം. അവൻ ഉഴുതപ്പോൾ നിലം പിളർന്നു; വെള്ളം തിരിച്ചു വിട്ടപ്പോൾ മണ്ണ് നനഞ്ഞു; കുറെ കഴിഞ്ഞപ്പോൾ വിത്ത് മുളച്ചു; അത് ക്രമേണ വിളഞ്ഞു. ഇതാണ് സംഭവിച്ചത്. ഇവ ഓരോന്നും യഥാവിധി ഫലത്തിൽ വരുത്തി പ്രായിഗികരൂപം നൽകിയ ഒരു അദൃശ്യഹസ്തം ഇവയുടെയെല്ലാം പിന്നിൽ ഉണ്ടെന്ന് സമ്മതിക്കാതിരിക്കുവാൻ ഒരു നിഷ്പക്ഷബുദ്ധിക്ക് കഴിയുമോ? ദൈവനിഷേധികൾ പോലും വാസ്തവത്തിൽ ഇത് സമ്മതിക്കുവാൻ നിർബന്ധിതരാണ്, അതെ, ലോകനിയന്താവായ -സർവ്വജ്ഞനും സർവ്വശക്തനുമായ- ഒന്നൊഴിയാതെ സകല വസ്തുവിനും അതാതിന്റെ സൃഷ്ടി നൽകുന്ന സൃഷ്ടികർത്താവിന്റെ പ്രവർത്തനമാണത്. അവന്റെ സൃഷ്ടിയാണത്. പക്ഷെ, കുടുസ്സായ യുക്തിവാദങ്ങളാൽ ദൈവനിഷേധത്തിന് അടിമപ്പെട്ട് ഉൾകാഴ്ച നശിച്ചവർ ആ ശക്തിക്ക് ‘പ്രകൃതിവിശേഷത’യെന്നോ മറ്റോ പേര് നൽകി തൃപ്തി അടയുന്നു. ഇതൊരു ഉദാഹരണം മാത്രം. ഓരോ മനുഷ്യപ്രവർത്തനത്തിന്റെ നിലയും ഇതു തന്നെ.
ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? മനുഷ്യന്റെ കർമങ്ങൾ നിരുപാധികമായിരിക്കത്തക്ക വിധം അവൻ പരിപൂർണ്ണമായും സ്വാതന്ത്രനോ ശക്തനോ അല്ല. അല്ലാഹുവിന്റെ ഇടപെടലുംകൂടി ഉണ്ടെങ്കിലേ അവ സാക്ഷാൽകൃതമാകുകയുള്ളു. തിരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം (اختيار), ഏതെങ്കിലും ഒന്നിലുള്ള പ്രത്യേക താൽപര്യം (ارادة), എന്നിവക്ക് പുറമെ അതതിനു അല്ലാഹു നിശ്ചയിച്ച കാര്യകാരണ ബന്ധങ്ങളനുസരിച്ചു തനിക്കു കഴിവുള്ളിടത്തോളം ഒരുക്കങ്ങൾ ചെയ്യുക, അഥവാ അതിനു വേണ്ടി യത്നിക്കുക (الكسب) ഇതെല്ലാം മനുഷ്യന്റെ വകയാണ്. ഇക്കാരണത്താൽ അവനിൽ നിന്നുണ്ടാകുന്ന എല്ലാ കർമങ്ങളും അവന്റേതായിത്തീരുന്നു. അതിന്റെ ഗുണദോഷഫലങ്ങൾക്കു അവൻ ഉത്തരവാദിയും ആയിത്തീരുന്നു.
അവന്റെ അഭിപ്രായവും താല്പര്യവും പ്രവർത്തനം മുഖേന പ്രായോഗിഗമാക്കുവാനുള്ള ഉദ്ദേശം അവനിൽ സംജാതമാകുന്നതു അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രമായിരിക്കും. അതിനുള്ള ഉപാധികൾ സജ്ജമാക്കുന്നതും, ഓരോന്നിന്റെയും ഫലങ്ങൾ കൂട്ടിയിണക്കി ഉദ്ദിഷ്ട കാര്യത്തിനു സാക്ഷാൽ പ്രായോഗിക രൂപം നൽകുന്നതും അല്ലാഹുവായിരിക്കും. ഇക്കാരണത്താൽ -മറ്റുകാര്യങ്ങളെ പോലെത്തന്നെ- മനുഷ്യപ്രവർത്തനങ്ങളും അല്ലാഹുവിന്റെ ഉദ്ദേശത്തിനു വിധേയമാണ്. എല്ലാം അവൻ സൃഷ്ടി നൽകി രൂപപ്പെടുത്തുന്നതുമാണ്.
യഥാർത്ഥത്തിൽ എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹു തന്നെ. (اللَّهُ خَالِقُ كُلِّ شَيْءٍ) എങ്കിലും, ബാഹ്യത്തിലുള്ള കർത്താവും, താല്പര്യപൂർവം വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തു യത്നിച്ചവനും എന്ന നിലക്ക് മനുഷ്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചിലപ്പോൾ അവന്റെ സൃഷ്ടി എന്നു ഖുർആൻ പറയാറുണ്ട് . ഈസ നബി (عليه السلام) കുരുവിയുടെ രൂപത്തിൽ കളിമണ്ണ് കൊണ്ട് രൂപമുണ്ടാക്കി ഊതുമ്പോൾ അത് അല്ലാഹുവിന്റെ അനുമതിപ്രകാരം പക്ഷിയായിത്തീരുക എന്നൊരു ദൃഷ്ടാന്തം അല്ലാഹു അദ്ദേഹത്തിന് നൽകിയിരുന്നു. ഇതിനെപ്പറ്റി പ്രസ്താവിക്കുന്ന ഒരിടത്തു
وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ – المائذ :١١٠ ( നീ പക്ഷിയുടെ ആകൃതിയിൽ കളിമണ്ണ്കൊണ്ടു സൃഷ്ടിക്കുമ്പോൾ) എന്നാണു പറഞ്ഞിരിക്കുന്നത്. കളവു കെട്ടിയുണ്ടാക്കുന്നതിനെപ്പറ്റി
خَلِّقُونَ إِفْكًا – العنكبوت : ١٧ (നിങ്ങൾ നുണ സൃഷ്ടിച്ചുണ്ടാക്കുന്നു) എന്നും പറഞ്ഞു കാണാം. ബാഹ്യത്തിൽ കാണുന്നതിനെ ആസ്പദമാക്കി -അല്ലെങ്കിൽ ആലങ്കാരികമായി- കൊണ്ടുള്ള ഒരു പ്രയോഗമാണിത്. മലയാളത്തിലും ഇങ്ങനെയുള്ള പ്രയോഗം സാധാരണമാണ്. احسن الخالقين (സ്രഷ്ടാക്കളിൽ ഏറ്റവും നല്ലവൻ) എന്ന് ഖുർആനിലും മറ്റും അല്ലാഹുവിനെക്കുറിച്ചു പറയുന്നതിന്റെ സാരം ഇതാണ്. സാക്ഷാൽ സൃഷ്ടികർത്താവും, എല്ലാറ്റിന്റെയും യഥാർത്ഥ സൃഷ്ടികർത്താവും അല്ലാഹു തന്നെ.
اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ – الرعد : ١٦ (അല്ലാഹു എല്ലാറ്റിന്റെയും സ്രഷ്ടാവാകുന്നു. അവൻ ഏകനും സർവ്വാധികാരിയുമത്രെ)
هَلْ مِنْ خَالِقٍ غَيْرُ اللَّهِ – فاطر :٣ (അല്ലാഹു അല്ലാതെ വല്ല സ്രഷ്ടാവുമുണ്ടോ?!)
മനുഷ്യകർമ്മങ്ങൾ അവന്റെ ഇച്ഛകൊണ്ടും പ്രവൃത്തികൊണ്ടും ഉണ്ടാകുന്നു എന്നതോടൊപ്പംതന്നെ, അവ അല്ലാഹുവിന്റെ സൃഷ്ടിയുമാണെന്ന് കണ്ടുവല്ലോ. അപ്പോൾ, സൽക്കർമ്മങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും, ദുഷ്ക്കർമ്മങ്ങൾ മനുഷ്യന്റെ സ്വന്തം സൃഷ്ടിയാണെന്നും വേർതിരിക്കുവാൻ ന്യായമില്ല. അങ്ങനെ സങ്കൽപ്പിക്കുന്നപക്ഷം, അത് ‘ഥനവിയ്യാ’ (ثنوية) കക്ഷിയുടെ ദ്വിദൈവസിദ്ധാന്തത്തിന്റെ ഒരു പകർപ്പ് മാത്രമായിരിക്കും. (*) അല്ലാഹു പറയുന്നു
أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِندِ اللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ اللَّهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا – النسآء : ٧٨
(അവർക്ക് വല്ല നന്മയും ബാധിക്കുന്ന പക്ഷം അവർ പറയും: ഇത് അല്ലാഹുവിന്റെ അടുക്കൽനിന്നുള്ളതാണെന്ന്. വല്ല തിന്മയും ബാധിക്കുന്ന പക്ഷം അവർ പറയും: ഇതു നിന്റെ അടുക്കൽ നിന്നുള്ളതാണെന്ന്. (നബിയേ) പറയുക: എല്ലാം അല്ലാഹുവിന്റെ അടുക്കൽനിന്നുള്ളതാണ്. എന്നാൽ, ഈ ജനതക്ക് എന്താണ്? അവർ ഒരു വർത്തമാനവും ഗ്രഹിക്കുമാറാകുന്നില്ലല്ലോ.) നന്മയും തിന്മയും അല്ലാഹുവിന്റെ പക്കൽ നിന്നാണുണ്ടാകുന്നതെന്ന് ഇതിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
(*) പ്രകാശത്തിന്റെ -അഥവാ നന്മയുടെ- സ്രഷ്ടാവും, അന്ധകാരത്തിന്റെ -അഥവാ തിന്മയുടെ- സ്രഷ്ടാവും എന്നിങ്ങനെ രണ്ട് സ്രഷ്ടാക്കളുണ്ടെന്ന സിദ്ധാന്തമാണ് ‘ഥനവിയ്യത്ത്’ (Dualism), പേർഷ്യയിലെ അഗ്നിയാരാധകരായ ‘മജൂസി’കളെന്നറിയപ്പെടുന്ന ഇവരുമായുള്ള സമ്പർക്കത്തിൽ നിന്നും, പേർഷ്യൻ സംസ്ക്കാരവും ചിന്താഗതിയും ഇറാഖുകാരിൽ ചെലുത്തിയ സ്വാധീനത്തിൽ നിന്നും ഉടലെടുത്തതാണ് വാസ്തവത്തിൽ മുസ്ലിം സമുദായത്തിൽ ഖദ്റിന്റെ നിഷേധം. മുകളിൽ വായിച്ച ഇബ്നു ഉമർ (رضي الله عنه) വിന്റെ ഹദീസിൽ നിന്നു തന്നെ ഇത് മനസ്സിലാക്കാമല്ലോ.ഖദ് രിയ്യാ കക്ഷിയെപ്പറ്റി ഈ സമുദായത്തിലെ മജൂസികൾ എന്ന് പറയപ്പെടാറുള്ളതിന്റെ കാരണവും ഇതിൽ നിന്ന് മനസ്സിലാക്കാം.
പക്ഷെ, ഒരു വ്യത്യാസമുണ്ട്: നന്മ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമാണ്. തിന്മ മനുഷ്യന്റെ ഏതെങ്കിലും ദുഷ്ചെയ്തിയുടെ ഫലവുമായിരിക്കും. ഈ യാഥാർത്ഥ്യം ഇതിനെത്തുടർന്നുള്ള വചനത്തിൽ തന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതിങ്ങനെയാണ്:
مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ (നിനക്ക് വല്ല നന്മയും ബാധിച്ചാലത് അല്ലാഹുവിൽ നിന്നായിരിക്കും, വല്ല തിന്മയും നിനക്ക് ബാധിച്ചാലത് നിന്നിൽ നിന്ന് തന്നെയായിരിക്കും. 4:79. മറ്റൊരു വചനത്തിൽ നിന്ന് ഈ വസ്തുത കൂടുതൽ വ്യക്തമായി മനസ്സിലാക്കാം. അല്ലാഹു പറയുന്നു:
وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ – الشورى (നിങ്ങൾക്ക് വല്ല ബാധയും ബാധിച്ചാലത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമാകുന്നു. പലതിനെക്കുറിച്ചും അവൻ മാപ്പു നൽകുകയും ചെയ്യുന്നു. (42:30). നന്മയെ മാത്രമേ അല്ലാഹുവോട് ചേർത്തു പറയാവൂ എന്നും, തിന്മയെ അവനോട് ചേർത്ത് പറയുന്നത് അപമര്യാദയാണെന്നും പറയുന്നതു ഇതുകൊണ്ടാണ്. ഇതനുസരിച്ചാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയിൽ നിന്ന് ഖുർആൻ കേട്ട് വിശ്വസിച്ച ജിന്നുകൾ അവരുടെ നീണ്ട പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞത്:
لا نَدْرِي أَشَرٌّ أُرِيدَ بِمَنْ فِي الأرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا – الجن (ഭൂമിയിലുള്ളവരെക്കൊണ്ട് വല്ല ദോഷവും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവോ, അതല്ല, അവരുടെ റബ്ബ് അവരെക്കൊണ്ട് നേർവഴി ഉദ്ദേശിച്ചിരിക്കുന്നുവോ എന്ന് നമുക്കറിഞ്ഞുകൂടാ) ഗുണത്തെ മാത്രമേ ഇവിടെ അവർ അല്ലാഹുവിനോട് ചേർത്തു പറഞ്ഞുള്ളൂ.
ഖദ്റിന്റെ നിഷേധികൾക്കു തലവേദനയുണ്ടാക്കുന്നതാണല്ലോ ഈ ആയത്തുകൾ. അതിനു അവരുടെ ഒരു പണ്ഡിതൻ കണ്ടുപിടിച്ച പരിഹാരമാർഗ്ഗം കാണുക. അദ്ദേഹം പറയുന്നു: ‘ഒരർത്ഥത്തിൽ നന്മയും തിന്മയും അല്ലാഹുവിന്റെ പക്കൽനിന്നാണെന്ന് പറയാമെങ്കിലും യഥാർത്ഥത്തിൽ ഇസ്ലാമിന്റെ തത്വം നന്മമാത്രം അല്ലാഹുവിന്റെ പക്കൽനിന്നും, തിന്മ മനുഷ്യരിൽനിന്നു മാത്രവുമാണ് ഉണ്ടാകുന്നത് എന്നാകുന്നു.’ അല്പമൊന്നു ആലോചിച്ചു നോക്കുക. തങ്ങൾക്കു ബാധിക്കുന്ന തിന്മ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിമിത്തമാണെന്നു ആരോപിച്ച മുശ്രിക്കുകളോടു മറുപടി പറയുവാനുള്ള കല്പനയാണ് قُلْ كُلٌّ مِّنْ عِندِ اللَّهِ (പറയുക, എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നാകുന്നു.) എന്നുള്ള വാക്യം. അതോടൊപ്പം ‘ഈ കൂട്ടർക്കു എന്തായിപ്പോയി? അവർ ഒരു വർത്തമാനവും ഗ്രഹിക്കുമാറാകുന്നില്ലല്ലോ! (فَمَا لِهَـؤُلاءِ الْقَوْمِ لاَ يَكَادُونَ يَفْقَهُونَ حَدِيثاً) എന്നു അല്ലാഹു അവരെപ്പറ്റി ആക്ഷേപിക്കുകയും ചെയ്യുന്നു, ആദ്യത്തെ ആയത്തിലെ മൂന്നു വാചകങ്ങളിലും مِنْ عِنْدِ (അടുക്കൽനിന്നു അഥവാ പക്കൽനിന്നു) എന്നു പ്രയോഗിച്ചതും തുടർന്നുള്ള ആയത്തിലെ രണ്ട് വാചകങ്ങളിലും مِنْ (ഇൽനിന്നു) എന്നുമാത്രം പ്രയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഇതൊന്നും കണക്കിലെടുക്കാതെ, ആദ്യത്തെ ആയത്തിൽ ‘ഒരു നിലക്കുള്ള മറുപടി’ പറഞ്ഞതാണെന്നും, ‘യഥാര്ത്ഥ മറുപടി’ രണ്ടാമത്തെ ആയത്തിലുള്ളതാണെന്നും തട്ടിമൂളിച്ചതു ഇവർക്കു യോജിക്കുന്നതായിരിക്കാമെങ്കിലും, അതു തനി ബാലിശമായിപ്പോയി. രണ്ടു ആയത്തുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണല്ലോ ഇതിന്റെ അർത്ഥം. വാസ്തവത്തിൽ, ആദ്യത്തെ ആയത്ത് നന്മയും തിന്മയുമായ എല്ലാ ബാധയും അല്ലാഹുവിൽനിന്നുണ്ടാകുന്നതും അവന്റെ സൃഷ്ടിയുമാണെന്നു കുറിക്കുന്നു. രണ്ടാമത്തെ ആയത്ത് നന്മയുടെ ഉത്ഭവവും കാരണവും അല്ലാഹുവിൽനിന്നു തന്നെയാണെന്നും, എന്നാൽ തിന്മയാകുന്ന ബാധ മനുഷ്യനിൽനിന്നു ഉത്ഭവിക്കുന്നു -അഥവാ അവനാണിതിന്റെ കാരണക്കാരൻ- എന്നും ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. എന്നല്ലാതെ, ആദ്യത്തെ ആയത്തിൽ പറഞ്ഞതിനു വിരുദ്ധമായി രണ്ടാമത്തെ ആയത്തിൽ തിന്മ മനുഷ്യന്റെ സൃഷ്ടിയാണെന്നു സ്ഥാപിക്കുകയല്ല ചെയ്യുന്നത്.
അല്ലാഹു ആരോടും അണുഅളവ് അനീതി ചെയ്യുകയില്ലെന്നു തീർച്ചയാണ്. ഖുർആനിൽ അതു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. അപ്പോൾ, മനുഷ്യനു ബാധിക്കുന്ന ഏതൊരു തിന്മയും അവന്റെ സ്വന്തം കാരണം കൊണ്ടുണ്ടാകുന്നതാകുവാനേ തരമുള്ളു. കടുത്ത മുനാഫിഖു(കപടവിശ്വാസി)കളുടെ പല ദുഷ്ചെയ്തികളും തുറന്നു കാട്ടിക്കൊണ്ടു അല്ലാഹു പറയുന്നു:
وَلَا تُعْجِبْكَ أَمْوَالُهُمْ وَأَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ أَن يُعَذِّبَهُم بِهَا فِي الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ – التوبة : ٨٥
(അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ. അവമൂലം അവരെ ഇഹത്തിൽവെച്ചു ശിക്ഷിക്കുവാനും, അവിശ്വാസികളായുംകൊണ്ടു അവരുട ജീവൻ പോകുവാനും തന്നെയാണ് അല്ലാഹു ഉദ്ദേശിക്കുന്നത്). അവരെ അല്ലാഹു ശിക്ഷിക്കുവാനും, അവർ അവിശ്വാസികളായിത്തന്നെ പര്യവസിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നുവെന്നും അതിനുള്ള കാരണം മുൻആയത്തുകളിൽ പ്രസ്താവിച്ച അവരുടെ ദുഷ്ചെയ്തികളാണെന്നും വ്യക്തമാണല്ലോ. അതുപോലെത്തന്നെ, എത്ര ഉപദേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിട്ടും സത്യത്തിലേക്ക് ചെവികൊടുക്കാത്ത ജൂതന്മാരെപ്പറ്റി أُولَٰئِكَ الَّذِينَ لَمْ يُرِدِ اللَّهُ أَن يُطَهِّرَ قُلُوبَهُمْ – المائدة : ٤١ (ഹൃദയങ്ങളെ ശുദ്ധിയാക്കണമെന്നു അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്ത കൂട്ടരാണവർ.) എന്നു പറഞ്ഞിരിക്കുന്നു. അപ്പോൾ ഗുണത്തെ മാത്രമല്ല, ദോഷത്തെയും അല്ലാഹു ഉദ്ദേശിക്കുമെന്നും, അവനിൽ നിന്നാണ് ദോഷം സംഭവിക്കുന്നതെന്നും, അതേ സമയത്ത് ദോഷത്തിനുള്ള കാരണക്കാരൻ മനുഷ്യനാണെന്നും, ആ കാരണം മനുഷ്യരിൽ നിന്നുണ്ടാകുമ്പോഴാണ് അല്ലാഹു ആ ദോഷം സൃഷ്ടിക്കുന്നതെന്നും മനസ്സിലായി.
അർത്ഥവത്തായ ഒരു സംഭാഷണം
ഇമാം അബൂഇസ്ഹാഖ് ഇസ്ഫറായീനി (رحمه الله)യും ഒരു മുഅ്തസീലിനേതാവായ അബ്ദുൽ ജബ്ബാറും തമ്മിൽ കണ്ടുമുട്ടിയപ്പോൾ നടന്ന ഒരു ഫലിത സംഭാഷണത്തിൽ നിന്ന് സന്ദർഭോചിതമായി ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു ഭാഗം ഇവിടെ പകർത്തട്ടെ. അബ്ദുൽ ജബ്ബാർ: ദുഷ്പ്രവർത്തികളിൽനിന്നു പരിശുദ്ധനായ അല്ലാഹുവിനെ ഞാൻ വാഴ്ത്തുന്നു. [അല്ലാഹു നന്മയെ മാത്രമേ ഉദ്ദേശിക്കുകയും സൃഷ്ടിക്കുകയുമുള്ളൂ എന്ന് സൂചന.]
ഇസ്ഫറായീനി: തന്റെ ആധിപത്യത്തിൽ താൻ ഉദ്ദേശിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കാത്ത അല്ലാഹുവിനെ ഞാൻ വാഴ്ത്തുന്നു. [അല്ലാഹു ഉദ്ദേശിച്ചതെല്ലാം അവൻ നടപ്പിൽ വരുത്തുമെന്നും, അവൻ ഉദ്ദേശിക്കാത്ത പക്ഷം നന്മയാകട്ടെ, തിന്മയാകട്ടെ ഉണ്ടാകുകയില്ലെന്നും സൂചന.] അബ്ദുൽ ജബ്ബാർ: താങ്കളുടെ റബ്ബിനോട് അനുസരണക്കേട് കാണിക്കുന്നത് അവൻ ഇഷ്ടപ്പെടുമോ? [അല്ലാഹു തിന്മയെ ഉദ്ദേശിക്കുമെങ്കിൽ, അവന്റെ കൽപനക്കു വിപരീതം പ്രവർത്തിക്കുന്നതിനും അവൻ ഉദ്ദേശിച്ചേക്കുമെന്നും, അതവനു ഇഷ്ടമായിരിക്കുമെന്നും വരുമല്ലോ എന്നു സൂചന].
ഇസ്ഫറായീനി: താങ്കളുടെ റബ്ബിനോട് അനുസരണക്കേട് കാണിക്കുന്നത് തടയുവാൻ കഴിയാതെ അവൻ നിർബന്ധത്തിനു വഴങ്ങിക്കൊണ്ടു അതു സഹിക്കുകയാണോ? [അനുസരണക്കേടു പ്രവർത്തിക്കുന്നതു അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ -മനുഷ്യന്റെ മാത്രം ഉദ്ദേശവും കഴിവും കൊണ്ട്- ആണെങ്കിൽ അല്ലാഹുവിനു തൃപ്തിയില്ലാത്ത അക്കാര്യം തടയുവാൻ കഴിയാതെ അവൻ ദുർബ്ബലനായിരിക്കുമല്ലോ എന്ന് സാരം].
അബ്ദുൽജബ്ബാർ: ഇതു കണ്ടോ?! അല്ലാഹു എനിക്ക് സന്മാർഗ്ഗം തടയുകയും, നാശത്തിനു വിധിക്കുകയും ചെയ്താൽ, അവൻ എന്നോട് ചെയ്യുന്നതു നന്മയോ തിന്മയോ? [എനിക്കു അവൻ തിന്മ ഉദ്ദേശിക്കുമെങ്കിൽ അതു അനീതിയല്ലേ? എന്നു സാരം.]
ഇസ്ഫറായീനി: നിങ്ങൾക്കു അർഹതപ്പെട്ട നിങ്ങളുടെ അവകാശമാണ് അവൻ മുടക്കിയതെങ്കിൽ അവൻ ചെയ്തതു തിന്മയാണ്. അവന് അർഹതപ്പെട്ട അവന്റെ അവകാശമാണ് അവൻ മുടക്കിയതെങ്കിൽ അതു തിന്മയല്ല. ഒരു ഉടമസ്ഥൻ തന്റെ ഉടമസ്ഥതയിൽപ്പെട്ട കാര്യത്തിൽ താൻ ഉദ്ദേശിക്കുന്നതു പ്രവർത്തിക്കുന്നതാണ്. [അതിനു അവനു സ്വാതന്ത്ര്യമുണ്ട്.]
സംഭാഷണം ഇത്രയുമായപ്പോൾ അതു കേട്ടുകൊണ്ടിരുന്ന സദസ്യർ ഇപ്രകാരം പറഞ്ഞു: ‘എനി, ഇതിനപ്പുറം മറുപടിയില്ല’ اه من القرق الاسلامية. സൂ: മാഇദാഃ 43ൽ അല്ലാഹു പറയുന്നു. ‘ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അല്ലാഹുവിനാണെന്ന് നീ അറിയുന്നില്ലേ?! അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കും; അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ പൊറുത്തുക്കൊടുക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. (أَلَمْ تَعْلَمْ أَنَّ اللَّهَ الخ) ഇതേ ആശയമാണ് ഇസ്ഫറായീനി (رحمه الله) യുടെ മറുപടിയിൽ ഉൾക്കൊള്ളുന്നത്.
നന്മ തിന്മകളെ പറ്റിയും ചിലത് അറിഞ്ഞിരിക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ നമ്മുടെ ദൃഷ്ടിയിൽ തിന്മയായി തോന്നുമെങ്കിലും വാസ്തവത്തിൽ അവ നന്മയായി കലാശിക്കുന്നതായിരിക്കാം. ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം ദോഷകരമായ ഒരു കാര്യം പൊതുവിൽ നന്മയുള്ളതുമായിരിക്കാം. ചിലപ്പോൾ ചെറിയൊരു ദോഷമായിരിക്കും വമ്പിച്ച മറ്റൊരു ദോഷത്തെ തടയുന്നത്. ഈ ജീവിതത്തിൽ തിന്മയോ ദോഷമോ ആയ ചില കാര്യങ്ങൾ പാരത്രിക ജീവിതത്തിൽ വലിയ നന്മയും ഭാഗ്യവുമായിത്തീർന്നേക്കുകയും ചെയ്യും. ദോഷം കൊണ്ടും ഗുണം കൊണ്ടും നിങ്ങളെ നാം പരീക്ഷണം നടത്തും (وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً – الانبياء) എന്ന് അല്ലാഹു പറഞ്ഞതിൽ നിന്ന് ഇത് മനസ്സിലാക്കാം. ചുരുക്കത്തിൽ, നാം, ദോഷകരമായി കരുതുന്നതെല്ലാം യഥാർത്ഥത്തിൽ ദോഷകരമായിരിക്കയില്ല.
وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ – البقرة : ٢١٦
(ഒരു കാര്യം നിങ്ങൾക്ക് വെറുപ്പായിരിക്കുകയും അത് നിങ്ങൾക്ക് ഗുണമായിരിക്കുകയും ചെയ്തേക്കാം. ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടമായിരിക്കുകയും അത് നിങ്ങൾക്ക് ദോഷമായിരിക്കുകയും ചെയ്തേക്കാം. അല്ലാഹുവാണ് അറിയുക. നിങ്ങൾക്ക് അറിയുകയില്ല. (സൂ: അൽബഖറഃ) ഈ വചനം വളരെ ശ്രദ്ധാർഹമാകുന്നു. ഇങ്ങനെയുള്ള വസ്തുതകളൊന്നും ആലോചിക്കാതെ, അല്ലാഹുവിന്റെ അധികാരവകാശങ്ങളെയും, അവന്റെ പരമോൽകൃഷ്ട ഗുണങ്ങളെയും അവഗണിച്ചുകൊണ്ട് മനുഷ്യനെ പൂർണ സ്വതന്ത്രനാക്കി ഉയർത്തുവാനുള്ള യുക്തിവാദങ്ങൾ യഥാർത്ഥത്തിൽ യുക്തിഹീനവും അനിസ്ലാമികവുമത്രേ.
സർവ്വ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമാണെങ്കിൽ, മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് അവനെ ശിക്ഷിക്കുന്നത് ന്യായമല്ലെന്നാണല്ലോ ഖദറിന്റെ എതിരാളികളുടെ ഒരാക്ഷേപം. ഇവിടെ ചില സംഗതികൾ ആലോചിക്കേണ്ടതായുണ്ട്. ഒരു പ്രവർത്തി തിന്മയോ പാപമോ ആയിതീരുന്നത് പ്രധാനമായും അതിന് പ്രേരകമായ കാരണത്തെയും, അതിൽ അതിന്റെ കർത്താവിനുള്ള താൽപര്യത്തെയും ആശ്രയിച്ചായിരിക്കും. ഉദാഹരണമായി, ഒരാളുടെ കൈക്ക് മറ്റൊരാൾ കൊല്ലപ്പെട്ടുവെന്ന് വിചാരിക്കുക. അതുകൊണ്ട് മാത്രം അയാൾ കൊലപ്പുള്ളിയായി ഗണിക്കപ്പെടുന്നതല്ല. അയാളെ കൊലപ്പെടുത്തുന്നതിൽ അവന് താൽപര്യമുണ്ടായിരുന്നുവെന്നും, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി കരുതിക്കൂട്ടി കൊലപ്പെടുത്തിയെന്നും വരുമ്പോഴേ അവൻ കൊലപ്പുള്ളിയും ശിക്ഷാർഹനും ആകുന്നുള്ളൂ. നേരെമറിച്ച് ഉദ്ദേശ്യപൂർവ്വമല്ലാതെയോ, ഉന്നംപിഴച്ചോ അബദ്ധത്തിൽ സംഭവിച്ചതായിരുന്നു അതെങ്കില് അവൻ കുറ്റക്കാരനാകുന്നില്ല. കൊല്ലപ്പെട്ടവൻ കൊള്ളയും കൊലയും നടത്തിക്കൊണ്ടിരിക്കുന്നവനും, അധികാരസ്ഥൻമാർക്ക് പിടിയിൽ കിട്ടാതെ ജനങ്ങൾ ഗതി മുട്ടിക്കൊണ്ടിരിക്കുന്നവനുമായിരുന്നുവെങ്കിൽ അവന്റെ ആ കൃത്യം പ്രശംസനീയവും നല്ലതുമായിത്തീരുന്നു. അതുപോലെത്തന്നെ, നമസ്കാരം യഥാർത്ഥത്തിൽ ഒരു പുണ്യകർമ്മമാണല്ലോ. പക്ഷേ, അല്ലാഹുവിങ്കൽനിന്നുള്ള പ്രതിഫലമായിരിക്കണം അതു ചെയ്യുന്നവന്റെ താൽപര്യം. ആ ഉദ്ദേശ്യത്തിലായിരിക്കണം അത് നിർവ്വഹിക്കുന്നതും. അപ്പോഴേ അത് നമസ്കരിച്ചവന്റെ പുണ്യ കർമ്മമാകുന്നുള്ളൂ. ജനപ്രശംസയിലുള്ള താൽപര്യംകൊണ്ടാണത് നിർവ്വഹിച്ചതെങ്കിൽ അത് പുണ്യകർമമല്ലെന്ന് മാത്രമല്ല പാപകർമവും കൂടിയായിരിക്കും.
അപ്പോൾ മനുഷ്യന്റെ താൽപര്യം, ഇച്ഛ, ലക്ഷ്യം, പരിശ്രമം എന്നിവയൊക്കെയാണ് അവന്റെ പ്രവർത്തികളെ വിലയിരുത്തുന്ന ഉപാധികൾ. അഥവാ, ഒരു മാനദണ്ഡവുമില്ലാതെ ചില ആളുകളെ വഴിപിഴച്ച വരും, മറ്റു ചിലരെ നേർമാർഗം പ്രാപിച്ചവരും ആക്കുകയല്ല അല്ലാഹു ചെയ്യുന്നത്. അല്ലാഹു പറയുന്നു
مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَّدْحُورً وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا – الاسراء ١٨,١٩
(ക്ഷണികമായുള്ളതിനെ ആരെങ്കിലും ഉദ്യമിച്ചുകൊണ്ടിരിക്കുന്നതായാൽ, നാം അവന് -അതായത് നാം ഉദ്ദേശിക്കുന്നവന്- നാം ഉദ്ദേശിക്കുന്നത് അതിൽ നാം വേഗമാക്കികൊടുക്കുന്നതാണ്. പിന്നീടവന് നാം നരകത്തെ ഏർപ്പെടുത്തി കൊടുക്കും. അതിലവൻ ആക്ഷേപിക്കപെട്ടവനായും ആട്ടപ്പെട്ടവനായും കൊണ്ട് കടന്നെരിയുന്നവനാണ്. ആരെങ്കിലും താൻ സത്യവിശ്വാസിയായിക്കൊണ്ട് പരോലകത്തെ ഉദ്ദേശിക്കുകയും, അതിനു വേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്താൽ അക്കൂട്ടരുടെ പരിശ്രമം നന്ദിചെയ്യപെടുന്നതായിരിക്കും. (സൂ: ഇസ്രാഉ്.) ഐഹിക സുഖം തിരഞ്ഞെടുക്കുകയും, അതിൽ താൽപര്യം കാണിക്കുകയും ചെയ്യുന്നവർക്ക് അതിലേക്ക് വേണ്ടുന്നതായിരിക്കും അല്ലാഹു നൽകുക. പക്ഷേ, അവർ ആഗ്രഹിക്കുന്ന അളവിലല്ല, അല്ലാഹു ഉദ്ദേശിക്കുന്ന അളവിലായിരിക്കും. അതാകട്ടെ, അവൻ ഉദ്ദേശിച്ച ആളുകൾക്ക് മാത്രവുമായിരിക്കും. മറിച്ച് പരലോക നന്മയിലാണ് ഒരാളുടെ താൽപര്യവും ലക്ഷ്യവുമെങ്കിൽ ആ ആഗ്രഹം അല്ലാഹു നന്ദിപൂർവ്വം സ്വീകരിച്ചു അതിനു വേണ്ടത് ചെയ്തുകൊടുക്കും. പക്ഷേ, അതിനാവശ്യമായ സത്യവിശ്വാസവും, പരിശ്രമവും കൂടിവേണം. ആരൊക്കെയാണ് നല്ലതിനെ ആഗ്രഹിക്കുന്നവരെന്നും, ആരൊക്കെയാണ് ചീത്തയെ ആഗ്രഹിക്കുന്നവരെന്നും അല്ലാഹുവിനാണല്ലോ കൂടുതൽ അറിയുക.
إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ – الانعام : ١١٧
(നിശ്ചയമായും നിന്റെ റബ്ബുതന്നെയാണ് അവന്റെ മാർഗത്തിൽനിന്ന് വഴിപിഴച്ചു പോകുന്നവരെപ്പറ്റി ഏറ്റം അറിയുന്നവൻ. നേർമ്മാർഗം പ്രാപിക്കുന്നവരെപ്പറ്റിയും അവൻ ഏറ്റം അറിയുന്നവനത്രെ. (അൻആം)
ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവര്ക്ക് അവർ ഉദ്ദേശിക്കുന്ന തോതിലല്ലെങ്കിലും- അല്ലാഹു ഉദ്ദേശിച്ച തോതില്- അത് നല്കുന്നത് അല്ലാഹുതന്നെ. അതോടൊപ്പം അവര്ക്ക് നരകമാണ് ആധാരമെന്നും അല്ലാഹു പറഞ്ഞു. അതെ, ആ സുഖസൗകര്യങ്ങൾ നല്കിയത് അല്ലാഹു തന്നെയാണെങ്കിലും അതുമൂലം അവര് ശിക്ഷക്കും ആക്ഷേപത്തിനും പാത്രമാകുന്നു. കാരണം, അവന് ഐഹികസുഖത്തിന് പ്രാധാന്യം കല്പിച്ചതാണ്. അപ്പോള് അല്ലാഹുവിന്റെ (‘മശിയ്യത്താ’കുന്ന) ഉദ്ദേശപ്രകാരം അവന് നല്കുന്നതിലെല്ലാം അവന്റെ പ്രീതിയും പൊരുത്തവും ഉണ്ടായിക്കൊള്ളണമെന്നില്ല. നേരെമറിച്ച് ചിലതില് അവന് വെറുപ്പും കോപവും ഉണ്ടാകാവുന്നതാണെന്ന് ഇതില്നിന്ന് വ്യക്തമാണ്. പരലോകനന്മയെ ഉദ്ദേശിക്കുന്നവര്ക്ക് അതിനുവേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും അല്ലാഹുതന്നെ. എന്നാല് അതിൽ അവന്റെ പ്രീതിയും പൊരുത്തവുംകൂടി ഉണ്ടായിരിക്കും. അതുകൊണ്ടാണ് അവരുടെ പരിശ്രമത്തിന് നന്ദി ചെയ്യപ്പെടുമെന്ന് പറഞ്ഞിരിക്കുന്നതും.
‘അല്ലാഹു വഴിപിഴപ്പിച്ചു,’ ‘അല്ലാഹു അന്ധന്മാരാക്കി’ (أضلهم الله، أعمى الله أبصارهم) എന്നും മറ്റും ചിലരെപ്പറ്റി ഖുര്ആനിലും ഹദീസിലും പ്രസ്താവിച്ചുകാണുന്നതിന്റെ താല്പര്യം, അവര് നേർമ്മാർഗ്ഗത്തിൽ ചരിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലാഹു അവരെ അതില്നിന്ന് മുടക്കി വഴിതെറ്റിച്ചു എന്നല്ല. നന്നായിത്തീരുകയില്ലെന്നു അല്ലാഹുവിന് അറിയാവുന്നവരെക്കുറിച്ചായിരിക്കും അത്തരം പ്രസ്താവനകള്. സത്യത്തെ സംബന്ധിച്ച് ബധിരന്മാരും ഊമകളും, ചിന്താശൂന്യരുമായ ആളുകളാണ് അല്ലാഹുവിങ്കല് ജീവികളില്വെച്ച് മോശപ്പെട്ടവർ
(إِنَّ شَرَّ الدَّوَابِّ عِنْدَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ) എന്നു പറഞ്ഞുംകൊണ്ട് സൂ:അൻഫാലിൽ അല്ലാഹു ഇങ്ങനെ തുടരുന്നു:
وَلَوْ عَلِمَ اللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا وَّهُم مُّعْرِضُونَ – الأنفال : ٢٣ (അവരില് വല്ല ഗുണവും ഉള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കിൽ അവരെ അവൻ കേള്പ്പിക്കുമായിരുന്നു. അവരെ കേള്പ്പിച്ചിരുന്നാല്തന്നെയും അവർ അവഗണിക്കുന്നവരായിക്കൊണ്ട് തിരിഞ്ഞുപോകുമായിരുന്നു.) കണ്ടും, കേട്ടും, ബുദ്ധികൊടുത്തും കാര്യം ഗ്രഹിക്കുമെന്നുള്ള പ്രതീക്ഷക്ക് വകയില്ലാത്തവണ്ണം ഹൃദയം ദുഷിച്ചവരെപ്പറ്റിയാണ് ഈ പറഞ്ഞതെന്ന് പറയേണ്ടതില്ല. സൂ: ജാഥിയഃയിലെ ഒരു വചനം കൂടി കാണുക:
أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚأَفَلَا تَذَكَّرُونَ – الجاثية : ٢٣
(യാതൊരുവനെ നീ കണ്ടുവോ? അവന് തന്റെ ദേഹേച്ഛയെ തന്റെ ദൈവമാക്കിയിരിക്കുന്നു! അറിഞ്ഞുംകൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്റെ കേള്വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കാഴ്ചക്കുമേല് ഒരു മൂടി ഏര്പ്പെടുത്തുകയും ചെയ്തിരിക്കുന്നു. എനി, അല്ലാഹുവിന് ശേഷം ആരാണവനെ നേര്മാര്ഗത്തിലാക്കുക? അപ്പോള്, നിങ്ങള് ആലോചിക്കുന്നില്ലേ?!)
ഒന്നു കൂടി ഇഹത്തിലേക്ക് മടക്കിത്തന്നാൽ തങ്ങൾ മേലിൽ സത്യവിശ്വാസികളായിക്കൊള്ളാമെന്ന് നരകത്തിൽവെച്ചു കേണപേക്ഷിക്കുന്നവരെക്കുറിച്ചു അല്ലാഹു പറയുകയാണ്: وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ – الأنعام : ٢٨ (അവർ മടക്കപ്പെട്ടാലും അവരോട് വിരോധിക്കപ്പെട്ടതിലേക്ക് അവർ മടങ്ങുകതന്നെ ചെയ്യും. (അൻആം.) സൂ: ഹശ്റിൽ ഇങ്ങനെ പറയുന്നു: وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ – الحشر:١٩ (യാതൊരു കൂട്ടരെ പോലെ നിങ്ങൾ ആകരുത്; അവർ അല്ലാഹുവിനെ മറന്നു. അതിനാൽ അവൻ അവർക്ക് അവരെത്തന്നെ മറപ്പിച്ചു.) സൂ: റഅ്ദിൽ പറയുന്നു: إنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ – الرعد ١١ (ഒരു ജനത തങ്ങളുടെ സ്വന്തം സ്ഥിതി വ്യത്യാസപ്പെടുത്തുന്നതുവരെക്കും അല്ലാഹു അവരിലുള്ള സ്ഥിതി വ്യത്യാസപ്പെടുത്തുകയില്ല.) ഇത്രയും വിവരിച്ചതിൽനിന്ന് ഏത് തരക്കാരെയാണ് അല്ലാഹു വഴിപിഴവിലാക്കുന്നതെന്നും, ഹൃദയത്തിന് മുദ്ര കുത്തുന്നതെന്നും, എപ്പോഴാണ് അത് സംഭവിക്കുന്നതെന്നും, അതിന് കാരണമെന്താണെന്നും അധിക വിശദീകരണം കൂടാതെത്തന്നെ മനസ്സിലാക്കാമല്ലോ.
നന്മയായത് മാത്രമേ അല്ലാഹു ഉദ്ദേശിക്കുകയും, സൃഷ്ടിക്കുകയും ചെയ്കയുള്ളു, അത് അവന്റെ മേൽ നിർബന്ധവുമാണ് എന്നത്രെ ‘മുഅ്തസിലീ’കളുടെ പക്ഷം. എന്നാൽ, വ്യക്തികളെ സംബന്ധിച്ചിടത്തോളം -അല്ലെങ്കിൽ പ്രത്യക്ഷത്തിൽ- പലതും തിന്മയായി അനുഭവപ്പെട്ടേക്കാമെങ്കിലും പൊതുവിൽ -അല്ലെങ്കിൽ- യഥാർത്ഥത്തിൽ -നന്മയായത് മാത്രമേ അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായിരിക്കയുള്ളു. മനുഷ്യരിൽ സംഭവിക്കുന്ന തിന്മകൾക്ക് കാരണക്കാരൻ മനുഷ്യൻതന്നെയാണെങ്കിലും അതിന് സൃഷ്ടിരൂപം നൽകി പ്രയോഗത്തിൽ വരുത്തുന്നത് അല്ലാഹുതന്നെ. പക്ഷേ, നന്മമാത്രം സൃഷ്ടിക്കലും, തിന്മയൊന്നും സൃഷ്ടിക്കാതിരിക്കലും അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്നുള്ള വാദം അല്ലാഹുവിന്റെ അധികാരത്തെയും അവകാശത്തെയും ചോദ്യംചെയ്യലും മനുഷ്യനെ സൃഷ്ടാവാക്കാലുമാകുന്നു. മുഅ്തസിലഃ കക്ഷിയുടെ നേതാവായ അബുഅലിയ്യിൽ ജുബ്ബാഈ (أبو علي الجبائي) യുടെ ശിഷ്യനായിരുന്ന ഇമാം അബുല് ഹസനിൽ അശ്അരി (أبو الحسن الأشعري – رح) തന്റെ ഗുരുവര്യനെ വിട്ടേച്ചു പോകുവാനുണ്ടായ കാരണം അവർക്കിടയിൽ ഈ വിഷയത്തിൽ നടന്ന ഒരേ ചോദ്യോത്തരമായിരുന്നു.
ഇമാം അശ്അരി ചോദിച്ചു: മൂന്ന് സഹോദരങ്ങൾ മരണപ്പെട്ടു. ഒരാൾ അല്ലഹുവിനെ അനുസരിച്ചവൻ, രണ്ടാമൻ അനുസരണക്കേട് കാണിച്ചവൻ, മൂന്നാമൻ ചെറുപ്രായക്കാരൻ. ഇവരെപ്പറ്റി അങ്ങുന്നു എന്തുപറയുന്നു?
ജുബ്ബാഈ: ഒന്നാമൻ സ്വർഗ്ഗത്തിലും, രണ്ടാമൻ നരകത്തിലുമായിരിക്കും. മൂന്നാമത്തവനു ശിക്ഷയും പ്രതിഫലവുമില്ല.
അശ്അരി: ‘എനിക്കു പ്രായപൂർത്തി വന്ന് നിന്റെ കൽപ്പനയനുസരിച്ച് ജീവിച്ച് സ്വർഗ്ഗം കിട്ടത്തക്കവണ്ണം എന്നെ ജീവിക്കുവാൻ വിടാതെ നീ എന്നെചെറുപ്പത്തിൽ തന്നെ മരണപ്പെടുത്തിയതു എന്തുകൊണ്ടാണ്?’ എന്നു മൂന്നാമൻ അല്ലാഹുവിനോടു ചോദിച്ചുവെങ്കിലോ?
ജൂബ്ബാഈ: ‘നീ വലുതായാൽ പാപം ചെയ്തു നരകത്തിൽ പോകേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, നീ ചെറുപ്പത്തിൽ മരണപ്പെടുന്നതായിരുന്നു നിനക്കു നന്മ’ എന്നു അല്ലാഹു ഉത്തരം പറയും. അശ്അരി: ശരി, അപ്പോൾ രണ്ടാമൻ ഇങ്ങിനെ പറഞ്ഞുവെങ്കിലോ?’റബ്ബേ, ഞാൻ നിന്റെ കൽപ്പനക്കുവിപരീതം പ്രവർത്തിച്ചു നരകത്തിൽ പ്രവേശിക്കുവാൻ ഇടവരാതെ എന്തുകൊണ്ടു എന്നെ ചെറുപ്പത്തിൽ നീ മരിപ്പിച്ചില്ല? : ഇതിനു അല്ലാഹു എന്തു മറുപടി പറയും?
മറുപടിയുണ്ടായില്ല. ഇതിനെത്തുടർന്നു അശ്അരി (رحمه الله) ഗുരുവിനെ വിട്ടേച്ചുപോയി. പിന്നീട് അദ്ദേഹം ക്രമേണ അഹ് ലുസ്സുന്നത്തിലെ നേതാവായിത്തീരുകയാണുണ്ടായത്.
അല്ലാഹുവിനു മാത്രം അറിയാവുന്ന യുക്തിരഹസ്യങ്ങൾ
ഇതെല്ലാമായിരുന്നാലും, ഉത്തരംകിട്ടാത്ത ചില സംശയങ്ങൾ ചിലരിൽ അവശേഷിക്കുവാൻ അവകാശമുണ്ട്. ഓരോ ആളെക്കുറിച്ചും അയാൾ നല്ലവനോ ചീത്തപ്പെട്ടവനോ എന്നും, ഭാഗ്യവാനോ ഭാഗ്യം കെട്ടവനോ എന്നും, അയാൾ അയാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രവർത്തിക്കുമെന്നും മറ്റുമുള്ള വിവരം അല്ലാഹുവിനു സൂക്ഷ്മമായി അറിയാമല്ലോ എന്നിരിക്കെ, പിന്നെ എന്തിനാണു മനുഷ്യൻ വിധിവിലക്കുകളാൽ ശാസിക്കപ്പെടുന്നത്? ദുഷ്കർമ്മികളായിത്തീരുമെന്നറിയുന്നവരെ സൃഷിക്കുന്നതു എന്തിനാണ്? മനുഷ്യൻ അവന്റെ ആഗ്രഹത്തിലും ഉദ്ദേശത്തിലും പ്രവർത്തിയിലുമെല്ലാം എത്രതന്നെ തെറ്റുകാരനായിരുന്നാലും അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചും, അവൻ മനുഷ്യനു നൽകിയ കഴിവുകൊണ്ടുമാണല്ലോ മനുഷ്യനു തെറ്റു കുറ്റങ്ങൾ പ്രവർത്തിക്കുവാൻ കഴിയുന്നത്. എന്നിരിക്കെ, അവയുടെ മുഴുവൻ കുറ്റവും ശിക്ഷയും മനുഷ്യന്റെ മേൽ ചുമത്താമോ? ഇത്യാദി സംശയങ്ങൾ ചിലർക്കെല്ലാം തോന്നിയേക്കാം. മതമൂല്യങ്ങൾ വിശ്വാസം കുറഞ്ഞവരിലായിരിക്കും ഇതു കൂടുതൽ കാണുക, അവരിൽ നിന്നു ചിലപ്പോൾ പ്രത്യക്ഷത്തിൽ തന്നെ ഇത്തരം ചോദ്യങ്ങൾ കേൾക്കുകയും ചെയ്തേക്കും. യഥാർത്ഥത്തിൽ, ഇത്തരം വിഷയങ്ങൾ അല്ലാഹുവിന്നു മാത്രം അറിയാവുന്ന രഹസ്യങ്ങളത്രെ.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ – البقرة (അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതും അവൻ അറിയും അവന്റെ അറിവിൽനിന്നും അവൻ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ യാതൊന്നിനെക്കുറിച്ചും അവർക്കു ശരിക്കറിയുകയുമില്ല. (അൽബഖറഃ) വാസ്തവത്തിൽ ഇതിലെല്ലാം അടങ്ങിയ രഹസ്യങ്ങൾ മനുഷ്യ ബുദ്ധിക്കു ഈ ലോകത്തുവെച്ചു കണ്ടെത്തുവാൻ സാദ്ധ്യമല്ല തന്നെ.
ഭൂമിയിൽ മനുഷ്യവർഗ്ഗമാകുന്ന ഒരു ഖലീഫ ഏർപ്പെടുത്തുവാൻ പോകുന്ന വിവരം അല്ലാഹു മലക്കുകളോടു പറഞ്ഞപ്പോൾ അവർ പറഞ്ഞു:-
أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ الج – البقرة (അതിൽ കുഴപ്പമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ അതിൽ ആക്കുകയാണോ….?!) ഇതിനു അല്ലാഹു നൽകിയ മറുപടി
إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ – البقرة (നിശ്ചയമായും ഞാൻ, നിങ്ങൾക്കറിയാത്തതു അറിയുന്നു) എന്നായിരുന്നു. മനുഷ്യവർഗം കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുകയില്ലെന്നു അല്ലാഹു പറഞ്ഞില്ല, മലക്കുകൾ ചൂണ്ടിക്കാട്ടിയതു പോലെ, എക്കാലത്തും ഭൂമിയിൽ കുഴപ്പവും രക്തം ചിന്തലും നടമാടുന്നുണ്ട്. അപ്പോൾ, അല്ലാഹുവിന്റെ മറുപടിയുടെ സാരം, മനുഷ്യരിൽ അങ്ങിനെ ചില ദോഷവശങ്ങൾ ഉള്ളതോടുകൂടിത്തന്നെ, നിങ്ങൾക്കു അറിയാൻ കഴിയാത്ത യുക്തിരഹസ്യങ്ങൾ മനുഷ്യരെ സൃഷ്ടിക്കുന്നതിൽ ഞാൻ കണ്ടുവെച്ചിട്ടുണ്ട് എന്നാണല്ലോ. ഇതര സൃഷ്ടികൾക്കില്ലാത്ത പല ഗുണങ്ങളും ശ്രേഷ്ഠതകളും മനുഷ്യന്നുള്ളതായി ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതേ സമയത്തു നന്ദികെട്ടവൻ (كفور) അക്ഷമൻ (جزوع) അക്രമകാരി (ظلوم) വിഡ്ഢി (جهول) എന്നിങ്ങനെയുള്ള അവന്റെ ദോഷ പ്രകൃതിയും അതു ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അപ്പോൾ മനുഷ്യവർഗ്ഗത്തിൽ ഗുണം മാത്രമേയുള്ളു എന്ന നിലക്കല്ല അല്ലാഹു ആ വർഗത്തെ സൃഷ്ടിക്കുന്നത്. എല്ലാ മനുഷ്യനും ഒരേ തരത്തിലുള്ളവരായിരിക്കുമെന്ന നിലക്കുമല്ല സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹുതന്നെ പറയുന്നത് ഇങ്ങിനെയാണ്.
وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ – سورة هود : ١١٨,١١٩
(നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ മനുഷ്യരെ ഒരേ ഒരു സമുദായമാക്കുമായിരുന്നു. അവർ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടേ ഇരിക്കും- നിന്റെ റബ്ബ് കരുണ ചെയ്തവർ ഒഴികെ. അതിനുവേണ്ടി തന്നെയാണ് അവരെ അവൻ സൃഷ്ടിച്ചതും. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഞാൻ നിശ്ചയമായും നരകത്തെ നിറക്കും എന്നു നിന്റെ റബ്ബിന്റെ വാക്കു പൂർത്തിയായിരിക്കുന്നു. (ഹൂദ്.) മനുഷ്യവർഗ്ഗം നന്മയും തിന്മയും ഉൾകൊള്ളുന്ന വ്യത്യസ്ത നിലപാടുകാരായ ഒരു വർഗ്ഗമായിത്തീരുവാനാണ് അല്ലാഹു ആദ്യമേ ഉദ്ദേശിച്ചിട്ടുള്ളത്. അഥവാ മനുഷ്യന്റെ ജീവിതം ഒരു പരീക്ഷണമാണ്. വിജയിക്കു സമ്മാനവും, പരാജിതനു അപമാനവും ലഭിക്കുമാറുള്ള പരീക്ഷണം. അതുകൊണ്ടാണ് അവരെ അല്ലാഹു മലക്കുകളെപ്പോലുള്ള സമുദായമാക്കാതിരുന്നതും. സൂറത്തുൽ- റഅ്ദിൽ അല്ലാഹു ചോദിക്കുന്നതു നോക്കുക: ‘എന്നാൽ വിശ്വസിച്ചവർക്ക് തീർച്ചയായി അറിഞ്ഞുകൂടേ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെ മുഴുവനും അവൻ നേർമാർഗത്തിലാക്കുമായിരുന്നുവെന്നു?!’) (أَفَلَمْ يَيْأَسِ الَّذِينَ آمَنُوا أَن لَّوْ يَشَاءُ اللَّهُ لَهَدَى النَّاسَ جَمِيعًا – الرعد : ٣١) വീണ്ടും പറയുന്നു: നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിൽ ഉള്ളവരെല്ലാം വിശ്വസിക്കുമായിരുന്നു.’
(وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًا – يونس : ٩٩)
എല്ലാവരും നേർമ്മാർഗത്തിൽ മാത്രം ചരിക്കുമാറുള്ള ഒരു പ്രകൃതി മനുഷ്യരിൽ എന്തുകൊണ്ടു അല്ലാഹു നൽകിയില്ല എന്ന ചോദ്യത്തിനു മനുഷ്യനു അവകാശമേ ഇല്ല. അതു ധിക്കാരവും അതിർത്തി ലംഘനവുമാണ്. മലക്കുകൾ പറഞ്ഞതുപോലെ നമുക്കു പറയാം.
سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ (നീ മഹാ പരിശുദ്ധൻ! നീ ഞങ്ങൾക്കു പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങൾക്കു അറിവില്ല. നിശ്ചയമായും, നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും.) അവന്റെ അധികാരത്തിൽ അവന്റെ യുക്തിക്കനുസരിച്ചു എല്ലാ കാര്യവും അവൻ നടത്തും. (يفعل ما يشاء ويحكم ما يريد)
ഖദ്റിനെ സംബന്ധിച്ചു മേൽ സൂചിപ്പിച്ചതുപോലെയുള്ള സംശയങ്ങളുടെയും തോന്നലുകളുടെയും സ്ഥിതിയും ഇതു തന്നെ. ഉത്തരം കിട്ടാത്ത -അല്ല, മനുഷ്യനു അറിയുവാൻ സാധ്യമല്ലാത്ത- അല്ലാഹുവിനു മാത്രം അറിയാവുന്ന- കാര്യങ്ങളാണവ. ഉത്തരം കിട്ടാത്തതുകൊണ്ടു വല്ല പോരായ്മയോ പരാജയമോ നമുക്കില്ലതാനും. ഒരു പക്ഷേ, ഈ ഭൗതികമായ മറകൾ നമ്മിൽനിന്നു നീങ്ങിക്കഴിയുമ്പോൾ ഇത്തരം രഹസ്യങ്ങളെക്കുറിച്ചു കുറെയെല്ലാം നമുക്കു അറിയുവാൻ കഴിഞ്ഞെന്നുവരാം الله أعلم ഖദ്റിൽ അടങ്ങിയ രഹസ്യം പരലോകത്തുവെച്ചു അറിയുവാൻ കഴിഞ്ഞേക്കുമെന്നു ചില മഹാന്മാർ പ്രസ്താവിച്ചതു നാം മുകളിൽ വായിച്ചുവല്ലോ. ചില ഖുർആൻവാക്യങ്ങളിൽനിന്നും ഏതാണ്ടു അങ്ങിനെ ഊഹിക്കുവാൻ കഴിയും. ഖിയാമത്തു നാളിൽ അക്രമകാരികളുടെ സ്ഥിതിഗതികൾ വിവരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:
وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ – الزمر : ٤٧ (അവർ കണക്കാക്കിയിട്ടുണ്ടായിരുന്നില്ലാത്തതു അവർക്കു അല്ലാഹുവിൽനിന്നു വെളിവാകുകയും ചെയ്യും.) പുനരുത്ഥാനദിവസം അവിശ്വാസികളോട് ഇപ്രകാരം പറയപ്പെടും:
لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَومَ حَدِيدٌ – ق : ٢٢ (തീർച്ചയായും ഇതിനെപറ്റി നീ അശ്രദ്ധയിലായിരുന്നു. ഇപ്പോൾ നിന്നിൽനിന്നു നിന്റെ മൂടി നാം നീക്കി. അതിനാൽ, ഇന്നു നിന്റെ കാഴ്ച മൂർച്ചയേറിയതാണ്.) മറ്റൊരു സ്ഥലത്തു പറയുന്നു:
يَوْمَئِذٍ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلْحَقَّ وَيَعْلَمُونَ أَنَّ ٱللَّهَ هُوَ ٱلْحَقُّ ٱلْمُبِينُ – النور :٢٥ (അന്നത്തെ ദിവസം, അവരുടെ ന്യായമായ പ്രതിഫലം അല്ലാഹു അവർക്കു നിറവേറ്റിക്കൊടുക്കും. അല്ലാഹു തന്നെയാണ് ന്യായമായി നിലകൊള്ളുന്നവനെന്നു അവർ അറിയുകയും ചെയ്യും.)
ചുരുക്കത്തിൽ -അല്ലാമാ ഫരീദ്വജ്ദീ പ്രസ്താവിച്ചതുപോലെ- അല്ലാഹുവിന്റെ സൃഷ്ടി സംഹാരങ്ങളിലും, ഭരണവ്യവസ്ഥകളിലും അടങ്ങിയ അനേകം യുക്തിരഹസ്യങ്ങളിൽ ഒന്നുമാത്രമാണ് ‘ഖദ്വാഖദ്റി’ന്റെ രഹസ്യവും. അതിനെപ്പറ്റി ദൈവദൂതന്മാരായ നബിമാർക്കോ ശ്രേഷ്ഠരായ മലക്കുകൾക്കോ ആർക്കും തന്നെ അറിഞ്ഞുകൂടാ, അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു രഹസ്യമത്രെ അത്. ഇതാണ് യഥാർത്ഥം. (صفوة العرفان) ഖദ്റിന്റെ എല്ലാവശങ്ങളും അതിലടങ്ങിയ രഹസ്യങ്ങളും യുക്തിന്യായങ്ങളും സസൂക്ഷ്മം മനസ്സിലാക്കുക പ്രയാസമായതുകൊണ്ടും, അതിൽ മുഴുകുന്നപക്ഷം കരകാണാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നതുകൊണ്ടും തന്നെയാണ് ആ വിഷയത്തിൽ തർക്കിക്കുന്നതും, വിവാദം നടത്തുന്നതും ഹദീസിൽ വിരോധിക്കപ്പെട്ടുകാണുന്നത്.
യുക്തിയുടെ പേരിൽ
ബുദ്ധിക്കും യുക്തിക്കും വളരെ വിലകൽപ്പിക്കുന്ന മതമത്രെ ഇസ്ലാം. ഇതിൽ ആർക്കും തർക്കമില്ല. പക്ഷേ, മനുഷ്യബുദ്ധി പരിപൂർണ്ണമോ, എല്ലാവർക്കും തുല്യമായി നൽകപ്പെട്ടിട്ടുള്ളതോ അല്ല. ഓരോരുത്തരുടെ ബുദ്ധിയിൽ തോന്നുന്നതും, ഓരോരുത്തരും യുക്തമായിക്കാണുന്നതും ഇസ്ലാം അംഗീകരിച്ചതായിരിക്കുമെന്നോ, അതിനെതിരായി ഇസ്ലാമിക പ്രമാണങ്ങളിൽ ഒന്നും ഉണ്ടായിക്കൂടാ എന്നോ ഇല്ല. മതസിദ്ധാന്തങ്ങളിൽ, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്താവനകൾക്കാണ് മുൻഗണനയുള്ളത്. അവയെ അടിസ്ഥാനമാക്കി ചിന്തിക്കുവാനും, അതതു സിദ്ധാന്തങ്ങളിലടങ്ങിയ യുക്തിതത്വങ്ങൾ കഴിയുന്നത്ര മനസ്സിലാക്കുവാനും, അങ്ങനെ വിശ്വാസവും പ്രവർത്തനവും നന്നാക്കിത്തീർക്കുവാനുമാണ് സത്യവിശ്വാസികൾ ശ്രമിക്കേണ്ടത്. അതവരുടെ കടമയുമാകുന്നു. മറിച്ച് അവയുടെ സാധുതയും, സാധ്യതയും ചോദ്യംചെയ്യാനും ബുദ്ധിയുടെ വിധിക്ക് വിട്ടുകൊടുക്കുവാനും മുതിരുകയല്ല വേണ്ടത്. ഇത് വിശ്വാസക്കുറവിൽനിന്നും ഉടലെടുക്കുന്ന ധിക്കാരമത്രെ. കാര്യങ്ങൾ ഗ്രഹിക്കുവാൻ മനുഷ്യന് ബാഹ്യേന്ദ്രിയങ്ങൾ നൽകിയിട്ടുള്ളതുപോലെ, അല്ലാഹു അവന് നൽകിയ ആന്തരേന്ദ്രിയമാണ് വിശേഷബുദ്ധി. ആ ബുദ്ധിക്ക് യോജിച്ചതും നല്ലതായി തോന്നുന്നതുമാണ് യുക്തി എന്ന് പറയുന്നത്. ഒരാളുടെ ബുദ്ധിശക്തി, അറിവ്, വിശ്വാസം, പരിചയം, വീക്ഷണം, വികാരം മുതലായവയുടെ തോതനുസരിച്ചും, അയാളുടെ ആശയം, താൽപര്യം, പരിതസ്ഥിതികൾ എന്നിവയുടെ നിലയനുസരിച്ചും അവന്റെ യുക്തിവിചാരങ്ങളിൽ മാറ്റമുണ്ടായിരിക്കും. അതുകൊണ്ടാണ് ഒരാൾക്ക് യുക്തമെന്ന് തോന്നിയത് മറ്റൊരാൾക്ക് പലപ്പോഴും യുക്തമായി തോന്നാത്തതും, ഒരു ജനതക്കു യുക്തമായി തോന്നിയിരുന്ന ഒരു കാര്യം മറ്റൊരു ജനത യുക്തിഹീനമായി ഗണിച്ചുവരുന്നതും. ചിന്താശീലരായ ബുദ്ദിമതികളും പണ്ഡിതരുമായ ആളുകൾക്കിടയിൽ ശാസ്ത്രീയ തത്വസിദ്ധാന്തങ്ങളിൽപോലും ഭിന്നാഭിപ്രായം കാണുന്നതും ഇതുകൊണ്ടുതന്നെയാണ്.
അറിഞ്ഞിടത്തോളമുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കുവാനേ മനുഷ്യ ബുദ്ധിക്ക് കഴിയുകയുള്ളൂ. മനുഷ്യന്റെ അറിവാണെങ്കിൽ പരിമിതവും
وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا – الإسراء (അറിവിൽനിന്നും നിങ്ങൾക്ക് അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല.) മറഞ്ഞകാര്യം അറിയുവാനാകട്ടെ, മനുഷ്യന് കഴിവേയില്ല,
قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ – النمل :٦٥ (പറയുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ അദൃശ്യവിവരം അറിയുന്നതല്ല-അല്ലാഹുവല്ലാതെ.) മനുഷ്യന്റെ ഭൗതിക ജീവിതത്തിനു ആവശ്യമായ മാർഗങ്ങൾ കണ്ടുപിടിക്കുവാനും നടപ്പിൽ വരുത്തുവാനുമുള്ള അറിവ് പൊതുവിൽ അല്ലാഹു അവന് കൊടുത്തിട്ടുണ്ട്. എന്നാൽ, അവന്റെ ഭാവിജീവിതത്തിനാവശ്യമായ (മതപരമായ) നടപടിക്രമങ്ങളുടെ കാര്യം അവനെ ഏൽപ്പിക്കാതെ, അല്ലാഹു അവന്റെ വേദഗ്രന്ഥങ്ങൾ മുഖേനയും പ്രവാചകന്മാർ മുഖേനയും അക്കാര്യം നിർവ്വഹിക്കുകയാണ് ചെയ്യുന്നത്. ആകയാൽ, മതകാര്യങ്ങളിൽ വേദഗ്രന്ഥവും പ്രവാചകനും പ്രഖ്യാപിക്കുന്ന ഏതൊരു വിഷയത്തിലും മനുഷ്യന്റേതായ മറ്റൊരഭിപ്രായത്തിന് സ്ഥാനമില്ല.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ – الأحزاب :٣٦ (ഒരു സത്യവിശ്വാസിയായ പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, അല്ലാഹും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാൽ തങ്ങളുടെ കാര്യത്തെ സംബന്ധിച്ചു (മറ്റൊരു) അഭിപ്രയം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല.)
ബുദ്ധിയും മതപ്രമാണവും തമ്മിൽ എതിരായാൽ ബുദ്ധിക്ക് മുൻഗണന നൽകണം (إذا تعارض النقل والعقل قدم العقل) എന്ന് ഒരു പൊതുചട്ടം പറയപ്പെടാറുണ്ട്. പ്രഥമവീക്ഷണത്തിൽ ശരിയാണെന്ന് തോന്നുന്നതും, യുക്തിവാദക്കാർക്ക് ഖുർആനെക്കാൾ ആവേശകരമായി തോന്നുന്നതുമായ ഈ ചട്ടത്തിന്റെ സാക്ഷാൽ അവതാരകന്മാർ, തർക്കശാസ്ത്രത്തിൽക്കൂടി മതസിദ്ധാന്തങ്ങളെ വിലയിരുത്തിവരുന്ന തൽപരകക്ഷികളാകുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇമാം ഇബ്നു തൈമിയ്യഃ (رحمه الله) العقل والنقل (ബുദ്ധിയും പ്രമാണവും) എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഇമാം ഇബ്നുൽ ഖയ്യിമും (رحمه الله) ഇതേ ആവശ്യത്തിനായി വളരെ താളുകൾ ഉപയോഗിച്ചിരിക്കുന്നു. ഇരുപത്തഞ്ച് കാരണങ്ങൾ സയുക്തികം നിരത്തിവെച്ചുകൊണ്ട് الصوائق المرسلة على الجهمية والمعطلة (‘ജഹ് മിയ്യത്ത്’, ‘മുഅത്ത്വിലത്ത്’ എന്നീ കക്ഷികളുടെ മേൽ അഴിച്ചുവിടപ്പെട്ട ഇടിത്തീകൾ) എന്ന ഗ്രന്ഥത്തിൽ ഈ ചട്ടത്തെ അദ്ദേഹം ഖണ്ഡിച്ചിരിക്കുന്നു. അവയുടെ ചുരുക്കംപോലും ഇവിടെ ഉദ്ധരിക്കുവാൻ സൗകര്യമില്ല. 12-ാമത്തെ കാരണമായി അദ്ദേഹം പ്രസ്താവിച്ചതിൽ ചുരുക്കം ചിലവരികൾ ഇവിടെ സംഗ്രഹിക്കാം:-
ബുദ്ധിമാന്മാർക്കിടയിൽ ഭിന്നിപ്പില്ലാത്തതും, ബുദ്ധിയുടെ വ്യക്തമായ വിധിയായിട്ടുള്ളതുമായ ഒരു കാര്യത്തിന് മതം (ഇസ്ലാം) എതിരായിരിക്കുകയില്ല തന്നെ. ബുദ്ധിമാന്മാർക്കിടയിൽ ഭിന്നിപ്പുള്ള പ്രധാന വിഷയങ്ങളെപ്പറ്റി ആലോചിച്ചു നോക്കിയാൽ, അവയിൽ മതത്തിന്റെ വ്യക്തവും പ്രബലവുമായ ലക്ഷ്യങ്ങൾക്ക് എതിരായ ഭാഗങ്ങളത്രയും കേവലം നിരർത്ഥവും ഊഹവുമായിരിക്കുമെന്നു ബുദ്ധിക്കുതന്നെ കാൺമാൻ കഴിയും. ചിലപ്പോൾ അഭിപ്രായങ്ങളുടെ വിപരീതമായിരിക്കും ശരി എന്നു വരും. തൗഹീദ് സംബന്ധമായ വിഷയങ്ങൾ, അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, ഖദറിന്റെ വിഷയങ്ങൾ, പ്രവാചകത്വത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ച കാര്യങ്ങൾ എന്നിവയെപ്പറ്റി ആലോചിച്ചു നോക്കുക. ബുദ്ധിയുടെ വ്യക്തമായ വിധികൾക്കെതിരായി യാതൊരു മതപ്രമാണവും അവയിലില്ല. വല്ലതും ഉണ്ടെന്ന് കാണപ്പെടുന്ന പക്ഷം, അതു അടിസ്ഥാനരഹിതമായതോ, അല്ലെങ്കിൽ യഥാർത്ഥത്തിൽ ബുദ്ധിക്ക് വിരുദ്ധമാകാത്ത ആശയം ഉൾക്കൊള്ളുന്നതോ മാത്രമായിരിക്കും. ബുദ്ധി അസംഭവ്യമായി (സംഭവിക്കുവാൻ സാധ്യതയില്ലാത്തതായി)ക്കാണുന്ന യാതൊന്നും, ദൈവദൂതൻമാർ അറിയിച്ചിട്ടില്ല എന്നു നമുക്ക്തീർത്തുപറയാം. പക്ഷേ ബുദ്ധി സംഭവ്യമായി (സംഭവിക്കുന്നതിനു സധ്യതായുള്ളതായി) ക്കാണുന്ന പലതും അവർ അറിയിച്ചിട്ടുമുണ്ട്. (الصواعق المرسلة)
ഖദ്റിനെ ചൂഷണം ചെയ്യുന്നവരും, തെറ്റിദ്ധരിച്ചവരും
ഖദ്റിൽ വിശ്വസിച്ചതിന്റെ പേരിൽ ഉണ്ടായിട്ടുള്ള ചില ദോഷങ്ങളെക്കുറിച്ചും രണ്ടു വാക്ക് പറയേണ്ടിയിരിക്കുന്നു. ഇവരിൽ രണ്ടുതരം ആൾക്കാരെ കാണാം. (1) അല്ലാഹു ഉദ്ദേശിച്ചതും വിധിച്ചതും സംഭവിക്കാതിരിക്കുകയില്ല, നാം ഒന്നും പ്രവർത്തിക്കാതിരുന്നാൽപോലും നമുക്ക് വിധിച്ചത് നമുക്ക് എത്തിച്ചേരും എന്നിങ്ങനെയുള്ള വിചാരണക്കാർ. അന്ധതയിൽനിന്നും തെറ്റിദ്ധാരണയിൽനിന്നും ഉളവായ ഈ വിചാരം അവരെ ഐഹികവും, പാരത്രികവുമായ തീരാനഷ്ടങ്ങളിൽ അകപ്പെടുത്തുന്നു. അല്ലാഹു കണക്കാക്കിയത് എന്താണെന്ന് മനുഷ്യന് മുൻകൂട്ടി അറിയാമായിരുന്നുവെങ്കിൽ അതനുസരിച്ചു മനുഷ്യനു അവന്റെ ഓരോ കാര്യത്തിനും പരിപാടി ഇടാമായിരുന്നു. പക്ഷേ, ഓരോ കാര്യവും അനുഭവത്തിൽ വന്നല്ലാതെ അതിനെപ്പറ്റി അവന് ഒന്നും അറിഞ്ഞുകൂടല്ലോ, മാത്രമല്ല, ഓരോ സംഗതിയിലും അവൻ ഇന്നിന്ന പ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നുള്ള ഒരു തുറന്ന പരിപാടി അല്ലാഹു അവന്റെ മുമ്പിൽവെച്ചു കൊടുത്തിട്ടുണ്ടുതാനും. അതനുസരിച്ച് ജീവിക്കുവാൻ ആവശ്യമായ സാഹചര്യങ്ങളും കഴിവും അല്ലാഹു നൽകിയിട്ടുമുണ്ട്. അത് പ്രകാരം ജീവിക്കുകയേ മനുഷ്യൻ വേണ്ടതുള്ളൂ. തന്റെ രക്ഷക്കായി അവനു ലഭിച്ചിട്ടുള്ള കഴിവും സാഹചര്യവും അവൻ ഉപയോഗപ്പെടുത്തൽ അവനു നിർബന്ധമാണുതാനും. അതിൽ അവന്റെ പക്കൽവന്ന വീഴ്ചകളെപ്പറ്റി അവൻ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
ഖദറിന്റെ പേരിൽ മനുഷ്യൻ ഓർത്തിരിക്കേണ്ടുന്നതും, പ്രവർത്തനത്തിൽ വരുത്തേണ്ടതുമായ കാര്യം വെറും രണ്ടെണ്ണമാണുള്ളതെന്നു സൂ: ഹദീദിലെ നാം മുകളിൽ ഉദ്ധരിച്ച ഖുർആൻ വചനത്തിൽനിന്നു മനസ്സിലാക്കാം.
(1) വല്ല കാര്യവും സാധിച്ചു കിട്ടാതെ വരുമ്പോൾ അതു അല്ലാഹുവിന്റെ വിധിയാണെന്നു സമാധാനിച്ചുകൊണ്ട് അക്ഷമ കാണിക്കാതെയും സങ്കടപ്പെടാതെയും ഇരിക്കുക. (لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ) രണ്ടാമത്തേത്: സാധിച്ചുകിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യാതെ അല്ലാഹു നൽകിയ അനുഗ്രഹമാണതെന്നു കരുതി നന്ദി കാണിക്കുക. (وَلَا تَفْرَحُوا بِمَا آتَاكُمْ) ഇവയാണത്. ഇതല്ലാതെ ഖദറിനെ ആസ്പദമാക്കി മനുഷ്യൻ എന്തെങ്കിലുംപ്രവർത്തിക്കേണ്ടതുണ്ടെന്നു അല്ലാഹു നമുക്ക് പറഞ്ഞുതന്നിട്ടില്ല.
(2) മനപ്പൂർവ്വം ചെയ്തുകഴിഞ്ഞ കുറ്റങ്ങളെ പിന്നീട് ഖദറിന്റെ പേരിൽ ന്യായീകരിക്കുകയും, അതുവഴി തങ്ങളുടെ നിരപരാധിത്വം സ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നവർ. മക്കാമുശ്രിക്കുകൾ തങ്ങളുടെ ശിർക്കിനെയും, മറ്റ് ചില തെറ്റുകളെയും ഖദറിന്റെ പേരിൽ ന്യായീകരിച്ചതിനെപ്പറ്റി അല്ലാഹു ആക്ഷേപിച്ചതു സൂ: അൻആമിൽ നിന്നും മറ്റും മേലുദ്ധരിച്ച ഖുർആൻ വചനങ്ങളിൽ നാം വായിച്ചുവല്ലോ. ഇത്തരക്കാരെക്കുറിച്ച് അല്ലാമാ ഫരീദു വജ്ദി പ്രസ്താവിച്ചിട്ടുള്ളത് വളരെ വാസ്തവം. പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യന്റെ പ്രവർത്തനങ്ങളിലും കൈകാര്യങ്ങളിലുമെല്ലാം തന്നെ, അവന്റെ ചിന്തക്കും അറിവിനും അനുയോജ്യമായ ചില കാര്യകാരണബന്ധങ്ങൾ അനുസരിച്ച് നിലകൊള്ളുന്നവനാണ് അവൻ എന്നത് ആർക്കും അജ്ഞാതമല്ല. അവൻനടന്നാൽ, ‘ഞാൻ നടന്നു’ എന്നും, ഭക്ഷണം കഴിച്ചാൽ ‘ഞാൻ ഭക്ഷണം കഴിച്ചു’ വെന്നും, പ്രവർത്തിച്ചാൽ ‘ഞാൻ പ്രവർത്തിച്ചു’ എന്നും അവന് പറയുന്നു. അവന്റെ ഇളക്കവും അടക്കവുമെല്ലാം അല്ലാഹുവിന്റെ കയ്യിലാണെന്നു അറിയുന്നതോടൊപ്പം തന്നെ, താൻ ചെയ്യുന്നതെല്ലാം തന്റെ സ്വന്തം പ്രവൃത്തികളായി തന്നോട് ബന്ധിപ്പിച്ചു പറയുവാൻ പ്രകൃത്യാതന്നെ അവൻ സ്വയം പ്രേരിതനുമാണ്. എന്നിരിക്കെ, അവൻ വല്ല കുഴപ്പങ്ങളും പ്രവർത്തിക്കുമ്പോൾ, ഈ ലോകവുമായി അവനെ ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സർവ്വസാധാരണമായ ആ കാര്യകാരണങ്ങളെല്ലാം അവൻ മറന്നുകളയും, അത് അല്ലാഹുവിന്റെ ഖള്വാകൊണ്ടു അങ്ങനെ വന്നുപോയതാണെന്നു പറഞ്ഞൊഴിയുവാൻ ധാർഷ്ട്യം കാണിക്കുകയും ചെയ്യുന്നു. ഇത് അവന്റെ ബുദ്ധിയെ തന്നെ അവൻ കളങ്കപ്പെടുത്തുകയല്ലേ?!’
അദ്ദേഹം തുടരുന്നു: ‘ജീവിത മാർഗ്ഗങ്ങളിൽ തന്റെ പക്കൽവന്ന വീഴ്ചനിമിത്തം സംഭവിച്ച ദോഷങ്ങളിൽ വിധിയെ ആക്ഷേപിച്ച് തന്റെ കുറ്റം ഒഴിവാക്കുവാനും, അതേ സമയത്ത് സ്വന്തം കാര്യത്തിൽ മറ്റൊരാളുടെ പക്കൽനിന്നു വന്നുപോയ പാകപ്പിഴവിനെ അങ്ങേഅറ്റം അധിക്ഷേപിക്കുവാനും മുതിരുന്നവൻ, മറ്റുള്ളവരുടെമേൽ പഴി ചാരുന്ന ആ തെറ്റുകളെ എന്തുകൊണ്ട് തന്റെമേൽ ചാരുന്നില്ല?! തനിക്കു വിധിയുടെ ഒഴികഴിവ് കാണുന്ന അവൻഎന്തുകൊണ്ട് മറ്റുള്ളവർക്ക് ആ ഒഴികഴിവ്കാണുന്നില്ല?! ഖ ദാഖദ്റിന്റെ പേരിൽ തന്റെകുറ്റങ്ങളെ ന്യായീകരിക്കുന്ന മനുഷ്യൻ, മറ്റൊരാൾ അവനെ അടിച്ചാൽ ആ അടിച്ചവനും ആ ഒഴികഴിവ് വകവെച്ചു കൊടുക്കു കയാണോചെയ്യുക? അതല്ല, തന്റെ ആ തത്വശാസ്ത്രം മറന്നുകൊണ്ട് തന്നെ അടിച്ചവനു മാപ്പിനുപോലും അർഹതയില്ലാത്ത വണ്ണം അവൻ പരിപൂർണ ഇച്ഛാ സ്വാതന്ത്ര്യവും നിശ്ചയദാർഢ്യതയും ഉള്ളവനാണെന്ന നയം സ്വീകരിക്കുകയാണോ ചെയ്യുക?! നാം കാണാറുള്ളതാണ് -പലരും കാണാറുണ്ടായിരിക്കും- സ്വന്തം കാര്യത്തിൽ ദൈവവിധിയുടെ ന്യായം കൂടുതൽപറയുന്നവർ, മറ്റുള്ളവരെ തരംതാഴ്ത്തിക്കാട്ടുന്നതിൽ കൂടുതൽ കർശനക്കാരായിരിക്കുമെന്നും.’ (من صفوة العرفان)
രണ്ട് ആരോപണങ്ങൾ
ഖദ്റിന്റെ നിഷേധികൾ അതിനെ നിഷേധിക്കുവാനുള്ള കാരണങ്ങളും, നിഷേധത്തെ സ്ഥാപിക്കുവാനുള്ള ന്യായങ്ങളും പലതും നാം കണ്ടു. എനി, മുസ്ലിംകൾ ഖദ്റിൽ വിശ്വസിച്ചു വരുന്നത് മൂലം അവരിൽഉണ്ടായിത്തീർന്നതായി നിഷേധികൾ ആരോപിക്കുന്ന രണ്ട് ആരോപണങ്ങളെപ്പറ്റിയാണ് അല്പം പരാമർശിക്കുവാനുള്ളത്. ’മുസ്ലിംകൾ ഖദ്റിലുള്ള വിശ്വാസം തലയിൽ കയറ്റി ഇരിക്കുന്നതു കൊണ്ടു പല നാശങ്ങളും ഉണ്ട്. അവർക്കൊരിക്കലും മനസ്സമാധാനമില്ല. ആത്മവിശ്വാസവും ഇല്ല.’ ഇതാണ് ഒന്ന്.’ അവരുടെ മതം യുക്തിഹീനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനു ഉത്തരം പറയുവാനില്ല. മതവൈരികൾക്ക് മതത്തെ വിമർശിക്കുവാൻ അതൊരു കാരണമായിത്തീരുന്നു.’ ഇതാണ് മറ്റൊന്ന്.
മുസ്ലിം സമുദായത്തിന് മനസ്സമാധാനവും ആത്മവിശ്വാസവും ഇന്ന് വളരെയധികം നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഖേദകരമായ പരമാർത്ഥം നിഷേധിക്കാൻ വയ്യ. പക്ഷെ, അതിനുള്ളകാരണം ഖദ്റിലുള്ള വിശ്വാസമല്ല. നേരെമറിച്ച് ഖദ്ർ അടക്കമുള്ള ഇസ്ലാമിക സിദ്ധാന്തങ്ങൾ പലതിൽനിന്നും സമുദായത്തിന് ബാധിച്ച അകൽച്ചയും, സമുദായം മതശിക്ഷണങ്ങളുടെ അതിരുവരമ്പ് ലംഘിച്ചതുമാണ് കാരണം. പൗരാണിക മുസ്ലിംകൾക്കുണ്ടായിരുന്ന ആത്മവിശ്വത്തിനും നേട്ടങ്ങൾക്കും പ്രതാപത്തിനുമെല്ലാം ഒരു പ്രധാന കാരണം ഖദ്റിലുള്ള അവരുടെ ഉറച്ചവിശ്വാസമായിരുന്നു. മുസ്ലിംകളെ അധഃപതിപ്പിച്ചത് ഖദ്റിലുള്ള വിശ്വാസവും അതുപോലുള്ള മറ്റു ചില വിശ്വാസവുമാണെന്ന കുപ്രചാരണത്തിന്റെ പിന്നില് പ്രവർത്തിക്കുന്നത് ഇസ്ലാമിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കാറുള്ള യൂറോപ്യൻ ഓറിയന്റെലിസ്റ്റുകളും, അവരുടെഅനുയായികളുമാകുന്നു. ശരിയാംവണ്ണം ഖദ്റിൽ വിശ്വസിക്കുന്നവർക്ക് അലസതയും, ഭീരുത്വവും ഉണ്ടാകാൻ നിവൃത്തിയില്ല. വിശ്വസിക്കാത്തവർക്കേ അതിനവകാശമുള്ളൂ. ഈ വിഷയകമായി അല്ലാമാ ജമാലുദ്ദീൻ അഫ്ഘാനിയുടെ പ്രസ്താവനയും അഭിപ്രായവും നാം മുകളിൽ ഉദ്ധരിച്ചത് ഓർക്കുക.അത് തന്നെയാണ് നമുക്കും പറയുവാനുള്ളത്.
മേൽവിവരിച്ച പ്രകാരമുള്ള ഖദ്റിൽ വിശ്വസിക്കാത്തവർ സ്വാഭാവികമായും ഒന്നുകിൽ ; ‘ജബ്രിയ്യത്തിന്റെ’ അല്ലെങ്കിൽ ‘ഖദ്രിയ്യത്തിന്റെ’ വാദം അനുകൂലിക്കുന്നവരായിരിക്കുവാനേ വഴിയുള്ളൂ. (*) രണ്ടിൽ ഏതായാലും ശരി, അതായിരിക്കും കൂടുതൽ നാശഹേതുവായിരിക്കുക. കാരണം, ജബ്രിയ്യത്തിന്റെ അഭിപ്രായപ്രകാരം അല്ലാഹു കണക്കാക്കിയ കാര്യങ്ങൾ സംഭവിക്കുന്നത് കണ്ണടച്ച് കാത്തിരിക്കുകയല്ലാതെ, തങ്ങളുടെ നന്മക്കോ വിജയത്തിനോ വേണ്ടി അവർ ഒന്നുംപ്രവർത്തിക്കേണ്ടതായിട്ടില്ല. മനുഷ്യനു യാതൊരുവിധ കഴിവും ഇച്ഛാസ്വാതന്ത്ര്യവും ഇല്ലെന്നാണല്ലോ അവരുടെ പക്ഷം. ഖദ്രിയ്യത്തിന്റെ അഭിപ്രായപ്രകാരം, അവരുടെ എല്ലാ നന്മക്കും വിജയത്തിനും തങ്ങളുടെ സ്വന്തം പരിശ്രമങ്ങളെയും ആസൂത്രണങ്ങളെയുമല്ലാതെ, അല്ലാഹുവിന്റെ ഉദ്ദേശമോ സഹായമോ അവർക്കു പ്രതീക്ഷിക്കുവാനില്ല. മാത്രമല്ല, അല്ലാഹുവിന്റെ സർവാധിപത്യത്തെയും, സർവജ്ഞതയെയും, പരോക്ഷത്തിൽ അവർ ചോദ്യം ചെയ്കയും, സ്വന്തം കഴിവിലും അറിവിലും അവർ വഞ്ചിതരാവുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യനെഅളക്കുന്ന അതേ മാനദണ്ഡംകൊണ്ട് അല്ലാഹുവിനെയും അളക്കുകയാണവർ ചെയ്യുന്നത്. അതെ, وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ (അല്ലാഹുവിനെ കണക്കാക്കപ്പെടേണ്ട പ്രകാരം അവനെ കണക്കാക്കിയില്ല.) ഖദ്റില് ശരിക്കു വിശ്വസിക്കുന്നവരാകട്ടെ, തങ്ങളുടെ എല്ലാ കാര്യവും അല്ലാഹുവിന്റെ ഉദ്ദേശവും പ്രവർത്തനവും അനുസരിച്ചാണ് നടക്കുന്നതെന്ന് അവർക്കു ബോധ്യമുള്ളതോടുകൂടിത്തന്നെ, തങ്ങളുടെ നന്മക്കും വിജയത്തിനും അല്ലാഹു നിർദ്ദേശിച്ചുകൊടുത്ത മാർഗങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഓരോ ചലനത്തിന്റെയും ഫലം അവർ അല്ലാഹുവിൽ നിന്നും പ്രതീക്ഷിക്കുന്നു. ഈ മൂന്നു തരക്കാരിൽ അല്ലാഹുവിന്റെ സഹായവും പൊരുത്തവും ലഭിക്കുവാനും, പ്രതീക്ഷിക്കുവാനും കൂടുതൽ അർഹത ആർക്കായിരിക്കുമെന്ന് ആലോചിച്ചു നോക്കുക.
(*) ഈ രണ്ട് കക്ഷികളുടെയും വിശ്വാസത്തെപ്പറ്റി മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു:
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْءَاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ – الحج : ١٥
(തന്നെ ഇഹത്തിലും പരത്തിലും അല്ലാഹു സഹായിക്കുന്നതേയല്ല എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ ഉപരിഭാഗത്തേക്ക് അവൻ ഒരു കയർനീട്ടിക്കെട്ടി കൊള്ളട്ടെ. പിന്നീട് (കഴുത്തുകുടുക്കി) മുറിച്ചുകൊള്ളുകയും ചെയ്യട്ടെ.എന്നിട്ടു അവന്റെ തന്ത്രം (അവനെ) ക്ലേശിപ്പിച്ചുക്കൊണ്ടിരിക്കുന്നതിനെ നീക്കിക്കളയുമോ എന്ന് അവൻ നോക്കിക്കൊള്ളട്ടെ! (സൂ: ഹജ്ജ്: 15 )
إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّـهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۙ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ ۚ فَاسْتَعِذْ بِاللَّـهِ ۖ إِنَّهُ هُوَ السَّمِيعُ الْبَصِيرُ – المؤمن : ٥٦
(നിശ്ചയമായും, തങ്ങൾക്ക് വന്നുകിട്ടിയിട്ടുള്ള യാതൊരു അധികൃത ലക്ഷ്യവും കൂടാതെ അല്ലാഹുവിന്റെ ആയത്തുകളിൽ തർക്കം നടത്തുന്നവരുടെ ഹൃദയങ്ങളിൽ അഹംഭാവമല്ലാതെ മറ്റൊന്നുമില്ല. അവർ അതിന് (തക്കവണ്ണം) എത്തിയവരല്ല. അതുകൊണ്ടു നീ അല്ലാഹുവിൽ ശരണം തേടിക്കൊള്ളുക. നിശ്ചയായും അവനത്രെ കേൾക്കുന്നവനും കാണുന്നവനും. (40:56) ഇത്രയുംപറഞ്ഞത് ഒന്നാമത്തെ ആരോപണത്തെപ്പറ്റിയാണ്.
രണ്ടാമത്തെ ആരോപണത്തെപ്പറ്റി നമുക്ക്പറയുവാനുള്ളത് ഇതാണ്: അല്ലാഹുവിന്റെ അപാരമായ കഴിവും, സർവ്വജ്ഞത, സർവ്വാധികാരം, യുക്തിജ്ഞാനം മുതലായ മഹാഗുണങ്ങളിൽ വിശ്വസിക്കുകയും, അവയെപ്പറ്റി വിശുദ്ധ ഖുർആനിലും നബിവചനങ്ങളിലും വന്നിട്ടുള്ള വ്യക്തമായ പ്രസ്താവനകളെ നിരുപാധികം സ്വീകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഖദ്വാഖദറിന്റെ വിശ്വാസത്തിൽ യുക്തിഹീനപരമായി യാതൊന്നും ഉൾക്കൊള്ളുന്നില്ല. അത്രയുമല്ല, ബുദ്ധിപരമായി നോക്കുമ്പോൾ അത് തികച്ചും യുക്തവും, അനിവാര്യവും കൂടിയാണ്. തെളിവുകൾ നോക്കുമ്പോഴാകട്ടെ, ആ വിശ്വാസം ഒരു മൗലികമായ കടമയുമാണ്. ഖദ്വാഖദറിൽ അടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി തർക്കശാസ്ത്രപരമായ ന്യായങ്ങൾ നിരത്തിക്കാട്ടി എതിരാളിയെ ഉത്തരംമുട്ടിച്ച് സമ്മതിപ്പിക്കുവാൻ കഴിയാത്തതിന്റെ പേരിൽ അതിൽ യുക്തിരാഹിത്യം കാണുന്നവർ, അല്ലാഹുവിന്റെ തിരുസന്നിധിക്ക് നിരക്കാത്തവണ്ണം അവന്റെ മഹൽഗുണങ്ങളെയും പരമാധികാരത്തെയും കുടുസ്സാക്കുകയാണ് ചെയ്യുന്നത്. ഇതവർ ഓർക്കുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നമുക്ക് ഈ ഗതികേട് ഏർപ്പെടുന്നില്ല. സ്വന്തം, യുക്തിന്യായങ്ങളോടു യോജിപ്പിക്കുവാൻ വേണ്ടി പ്രത്യക്ഷമായ തെളിവുകളെ ദുർവ്യാഖ്യാനം ചെയ്യുകയോ, തള്ളിക്കളയുകയോ ചെയ്യേണ്ട ഗതികേടും നമുക്കില്ല.
ഇസ്ലാമിന്റെ വൈരികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ -അവർ മതവാദികളോ യുക്തിവാദികളോ ആയിക്കൊള്ളട്ടെ- ഖദാഖദ്റിന്റെ വിഷയത്തിൽ മാത്രമല്ല അവർക്കു ആക്ഷേപമുള്ളത്. ഇസ്ലാമിലെ വിശ്വാസപരവും അനുഷ്ഠാനപരവുമായുള്ള പല വിഷയങ്ങളിലും അവർ യുക്തിരാഹിത്യവും ന്യായരാഹിത്യവും ആരോപിക്കാറുള്ളതാണ്. പരലോകജീവിതം, സ്വർഗ്ഗം, നരകം, പ്രവാചകത്വം, അമാനുഷികസംഭവങ്ങൾ, വഹ്യ് മുതലായവയും, ഇസ്ലാമിലെ പലിശനിരോധം, ക്രയവിക്രയനിയമങ്ങൾ, അനന്തരാവകാശക്രമങ്ങൾ, പർദ്ദാനിയമം, ശിക്ഷാനിയമങ്ങൾ, ചില ആരാധനാകർമ്മങ്ങൾ എന്നിവയെല്ലാംതന്നെ -വ്യത്യസ്ത ഭാഷകളിലാണെങ്കിലും -അവരുടെ ആക്ഷേപത്തിന് വിധേയങ്ങളാകുന്നു. എല്ലാവർക്കും അവരുടേതായ പല യുക്തിന്യായങ്ങളും സമർപ്പിക്കുവാനും ഉണ്ടായിരിക്കും. എന്നിരിക്കെ, തികച്ചും ആക്ഷേപരഹിതമായ ഒരു സമീപനം അവരിൽനിന്ന് ലഭിക്കുവാൻ തുനിയുന്ന പക്ഷം, അതിന്റെ അർത്ഥം ഇസ്ലാമിനെ അവരുടെ ഇച്ഛകൾക്കനുസരിച്ച് ഭേദഗതി ചെയ്യുക എന്നായിരിക്കും. وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنً – المؤمنين :٧١ (യഥാർത്ഥം അവരുടെ ഇച്ഛകൾക്കനുസരിച്ചായിരുന്നുവെങ്കിൽ ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. (മുഅ്മിനൂൻ.) എന്നും,
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ – الأنعام :١١٦
(ഭൂമിയിലുള്ളവരിൽ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം, അവർ അല്ലാഹുവിന്റെ വഴിയിൽനിന്ന് നിന്നെ പിഴപ്പിക്കുന്നതാണ്. അവർ ഊഹത്തെയല്ലാതെ പിൻപറ്റുന്നില്ല. അവർ മതിപ്പിട്ട് പറയുകയല്ലാതെ ചെയ്യുന്നുമില്ല. (അൻആം) എന്നും മറ്റുമുള്ള ഖുർആൻ വാക്യങ്ങൾ ഈ വാസ്തവം ചൂണ്ടിക്കാട്ടുന്നു.
ഏതൊരു മതവിഷയമാകട്ടെ, യുക്തിന്യായംകൊണ്ട് അതിനെ എതിർക്കുന്നവരോട്, ആ വിഷയത്തെമാത്രം അടർത്തിയെടുത്ത് ന്യായീകരിച്ചുകാട്ടി മുട്ടുകുത്തിക്കുവാൻ തുനിയുന്നത് കേവലം അപ്രായോഗികമായ ഒരു വ്യാമോഹമായിരിക്കും. നേരേമറിച്ച് ആ വിഷയത്തിനാസ്പദമായി നിലകൊള്ളുന്ന തത്വങ്ങളെയും, അതിന്റെ മൗലിക പ്രധാനമായ വശങ്ങളെയുമാണ് ആദ്യം അവരെ ബോധ്യപ്പെടുത്തേണ്ടത്. അത് ബോധ്യപ്പെട്ടശേഷമേ ആ പ്രത്യേകവിഷയം അവരുടെ മുമ്പിൽ സമർപ്പിച്ചിട്ട് കാര്യമുള്ളൂ. ലോകത്തിനൊരു സ്രഷ്ടാവുണ്ട്, അവൻ സർവ്വാധിപതിയും, സർവജ്ഞനും, സർവ്വശക്തനുമാണ് എന്ന് തുടങ്ങിയ മൗലിക പ്രധാനമായ വിശ്വാസതത്വങ്ങൾ തലകുലുക്കി സമ്മതിക്കുന്നവരോട് മാത്രമേ ഖദ്വാഖദ്ർ പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങേണ്ടതുള്ളൂ. അവർക്കേ അതിന്റെ യുക്തിയും ന്യായവും ഗ്രഹിക്കുവാൻ കഴിയുകയുള്ളു. അവർ സത്യാന്വേഷികളായിരിക്കുകയും വേണം. വിമർശനവും പരിഹാസവും മാത്രം ലക്ഷ്യമാക്കിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അനുവർത്തിക്കേണ്ടുന്ന നയം എന്താണെന്നും അല്ലാഹു നമ്മെ പഠിപ്പിച്ചിരിക്കുന്നു. അതിങ്ങനെയാണ്
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَٰبِ أَنْ إِذَا سَمِعْتُمْ ءَايَٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا الخ – النساء :١٤٠ (അല്ലാഹുവിന്റെ ആയത്തുകളിൽ; അവിശ്വസിക്കപെടുന്നതായും അവയെ പരിഹസിക്കപെടുന്നതായും നിങ്ങൾ കേട്ടാൽ, അങ്ങനെയുള്ളവർ മറ്റൊരു വിഷയത്തിൽ മുഴുകുന്നത് വരേയ്ക്കും നിങ്ങൾ അവരോടൊപ്പം ഇരിക്കരുത്. അങ്ങിനെ ചെയ്താൽ – ഒപ്പം ഇരുന്നാൽ – നിങ്ങളും അവരെപ്പോലെയായിരിക്കും എന്നു നിങ്ങളുടെമേൽ അവൻ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.) വീണ്ടും അല്ലാഹു പറയുന്നു:
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ -الأنعام :٦٨ (നമ്മുടെ ആയത്തുകളിൽ മുഴുകികൊണ്ടിരിക്കുന്ന – കുഴപ്പമുണ്ടാക്കുന്ന – വരെ നീ കണ്ടാൽ അവർ മറ്റൊരു വിഷയത്തിൽ മുഴുകുന്നത് വരെ നീ അവരിൽനിന്നു തിരിഞ്ഞുകളയുക. എനി, പിശാചു നിന്നെ മറപ്പിച്ചുകളയുന്നപക്ഷം, ഓർമ്മ വന്നതിനു ശേഷം നീ ആ അക്രമികളോടൊപ്പം ഇരിക്കരുത്.)
വിശുദ്ധഖുർആനിലും തിരുസുന്നത്തിലും വന്നിട്ടുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഖദ്വാഖദ്റിനെകുറിച്ചുള്ള വിശ്വാസം സ്വീകരിക്കൽ ഓരോ മുസ്ലിമിന്റെയും ഒഴിച്ചുകൂടാത്ത കടമയാണെന്നും, അതിൽ ബുദ്ധിക്കു യോജിക്കാത്തതായി ഒന്നുമില്ലെന്നും, ബുദ്ധി അതിനെ നിർബന്ധമാക്കുകയാണ് ചെയ്യുന്നതെന്നും, ഖദ്വാഖദ്റിലടങ്ങിയ എല്ലാ രഹസ്യങ്ങളും നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ലെന്നും, അല്ലാഹുവിന്റെ സർവ്വജ്ഞതയും സർവശക്തിയും സമ്മതിക്കുന്ന ഏവർക്കും അതിനെ നിഷേധിക്കുവാൻ സാധ്യമല്ലെന്നും, അതിനെ നിഷേധിക്കുന്നത് അല്ലാഹുവിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തലും മനുഷ്യനില്ലാത്ത യോഗ്യത അവന് കൽപിക്കലുമാണെന്നും, എത്രയോ ഖുർആൻ വചനങ്ങളെയും നബിവചനങ്ങളെയും അവഗണിച്ചുകൊണ്ടല്ലാതെ അതിനെ നിഷേധിക്കുവാൻ സാധ്യമല്ലെന്നും ഇത്രയും വിവരിച്ചതിൽനിന്ന് ഏതൊരു സത്യാന്വേഷിക്കും മനസ്സിലാക്കാവുന്നതാകുന്നു. والله ولي التوفيق
ربنا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةًۚ إِنَّكَ أَنتَ ٱلْوَهَّابُ