സൂറത്തുല്‍ ഹദീദ് : 001-010
ഹദീദ് (ഇരുമ്പ്)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 29 – വിഭാഗം (റുകൂഉ്) 4
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
നബി (صلى الله عليه وسلم) ഉറങ്ങുന്നതിനുമുമ്പായി ‘മുസബ്ബിഹാത്ത്’ (ഈ സൂറത്തിലുള്ളതുപോലെ ‘തസ്ബീഹി’ന്റെ വാക്കുകള്‍കൊണ്ട് ആരംഭിക്കുന്ന സൂറത്തുകള്‍) ഓതാറുണ്ടായിരുന്നുവെന്നും, (വേറെ) ആയിരം ആയത്തുകളെക്കാള്‍ ശ്രേഷ്ഠമായ ഒരു ആയത്ത് അവയില്‍ അടങ്ങിയിട്ടുണ്ടെന്നും തിരുമേനി (صلى الله عليه وسلم) പറയുകയുണ്ടായി എന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (തി; ദാ; ന). ഈ ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട വചനം ഈ സൂറത്തിലെ മൂന്നാം വചനമാണെന്നാണ് ഇബ്നു കഥീര്‍ (رحمه الله) മുതലായവരുടെ അഭിപ്രായം. സൂ: ഹശ്റിന്റെ അവസാനഭാഗമാണെന്നും അഭിപ്രായമുണ്ട്. അല്ലാഹുവിന്റെ ഗുണമാഹാത്മ്യങ്ങളെ കുറിക്കുന്ന ഉല്‍കൃഷ്ട നാമങ്ങളില്‍ ചിലത് ആ വചനങ്ങളില്‍ അടങ്ങിയിട്ടുള്ളതാണ് അതിനു കാരണം. الله أعلم
- سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
- ആകാശങ്ങളിലും ഭൂമിയിലുമുള്ളവ(യെല്ലാം) അല്ലാഹുവിന് 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. അഗാധജ്ഞനായ പ്രതാപശാലിയത്രെ അവന്.
- سَبَّحَ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു, ചെയ്തിരിക്കുന്നു لِلَّـهِ അല്ലാഹുവിനു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَهُوَ അവന്, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാന്‍
- لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢﴿
- ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു; അവന് ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; അവന്, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
- لَهُ അവന്നാണ്, അവന്റെതാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം (ആധിപത്യം) وَالْأَرْضِ ഭൂമിയുടെയും يُحْيِي അവന് ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു وَهُوَ അവന് (ആകുന്നുതാനും) عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവൻ
വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ, മനഃപൂര്‍വ്വമോ സൃഷ്ടിസഹജമായ നിലക്കോ, ബുദ്ധിവര്ഗങ്ങളില് നിന്നോ അല്ലാത്തവയില്‍നിന്നോ, ജീവവസ്തുക്കളില്നിന്നോ അല്ലാത്തവയില്‍നിന്നോ – ഏത് തരത്തിലായാലും വേണ്ടതില്ല – സൃഷ്ടാവിന്റെ മഹത്വങ്ങളെ പ്രകീര്‍ത്തനം ചെയ്യുക എന്ന സാമാന്യാര്‍ത്ഥത്തിലാണ് ഇവിടെ ‘തസ്ബീഹ്’ (സ്തോത്രകീര്‍ത്തനം) ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഏതൊരു വസ്തു എടുത്താലും ശരി, അത് അതിന്റെതായ ‘തസ്ബീഹ്’ നടത്തിക്കൊണ്ടിരിക്കാതെയില്ല. പക്ഷേ, അതതിന്റെ തസ്ബീഹ് എന്താണ്, എങ്ങനെയാണ് എന്ന് സൂക്ഷ്മമായി നിര്‍വ്വചിക്കുവാന്‍ നമുക്ക് സാധ്യമല്ല. അതെ,
44 وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ – الإسراء
(ഏതൊരു വസ്തുവും തന്നെ അവനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് ചെയ്യാത്തതായിട്ടില്ല. പക്ഷേ, അവരുടെ തസ്ബീഹ് നിങ്ങള്‍ ഗ്രഹിക്കുകയില്ല. (സൂ: ഇസ്രാഉ് : 44)). അഖില വസ്തുക്കളും – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിൽ – എങ്ങനെ അവനു തസ്ബീഹ് നടത്താതിരിക്കും?! അറിഞ്ഞോ, അറിയാതെയോ അവന്റെ നാമങ്ങളെ വാഴ്ത്താതെയും, അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയാതെയും ഇരിക്കുവാന് എങ്ങനെ സാധിക്കും? ഇല്ല, സാധിക്കയില്ല. കാരണം, തുടര്‍ന്നുള്ള 3-6 വചനങ്ങളില്‍ നിന്ന് സ്പഷ്ടമാകുന്നതാണ്.
- هُوَ ٱلْأَوَّلُ وَٱلْءَاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴾٣﴿
- അവന് ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ. അവന് എല്ലാ വസ്തുവെ (അഥവാ കാര്യത്തെ)ക്കുറിച്ചും അറിവുള്ളവനുമാകുന്നു.
- هُوَ അവന്, അവനത്രെ الْأَوَّلُ ആദ്യനാകുന്നു, ഒന്നാമത്തെവാന്‍ وَالْآخِرُ അന്ത്യനും وَالظَّاهِرُ പ്രത്യക്ഷനും, സ്പഷ്ടമായവനും, വെളിപ്പെട്ടവനും وَالْبَاطِنُ പരോക്ഷമായവനും, മറഞ്ഞവനും, ആന്തരത്തിലുള്ളവനും وَهُوَ അവന് بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمٌ അറിവുള്ളവനാകുന്നു
ഈ വചനത്തില്‍ കാണുന്ന ഓരോ നാമത്തിന്റെയും അര്‍ത്ഥവ്യാപ്തിയില്‍ പരിഗണിക്കപ്പെട്ടിട്ടുള്ള ആശയങ്ങള്‍ വിവരിക്കുന്നപക്ഷം അത് വളരെ ദീര്‍ഘിച്ചുപോകുന്നതാണ്. ഉറങ്ങുവാന്‍ പോകുമ്പോള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതും, എല്ലാവരും പ്രാര്‍ത്ഥിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതുമായ ഒരു പ്രാര്‍ത്ഥനയില്‍ നിന്ന് അവയുടെ സംക്ഷിപ്ത സാരം മനസ്സിലാക്കാവുന്നതാകുന്നു. പ്രസ്തുത ‘ദുആ’ ഇതാണ്:
للَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ – أخرجه أحمد ومسلم والترمذي والبيهقي
(സാരം: അല്ലാഹുവേ, ആകാശങ്ങളുടെ റബ്ബേ, ഭൂമിയുടെ റബ്ബേ, മഹത്തായ ‘അര്‍ശി’ന്റെ റബ്ബേ, ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും റബ്ബേ, ധാന്യവും കുരുവും (അണ്ടിയും) പിളര്‍ത്തി മുളപ്പിക്കുന്നവനേ, തൗറാത്തും ഇന്ജീളും ഫുര്‍ക്വാനും (ക്വുര്‍ആനും) ഇറക്കിയവനേ, ദോഷമുണ്ടാക്കുന്ന എല്ലാറ്റിന്റെയും ദോഷത്തില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. അവയെല്ലാം നിന്റെ പിടുത്തത്തിലാണുള്ളത്.’) ‘അല്ലാഹുവേ, നീയത്രെ ആദ്യനായുള്ളവന്‍, അപ്പോൾ നിനക്കുമുമ്പ് ഒന്നും തന്നെയില്ല. നീയത്രെ അന്ത്യനായുള്ളവൻ, അപ്പോള്‍ നിന്ക്കുശേഷം ഒന്നുംതന്നെയില്ല. നീയത്രെ പ്രത്യക്ഷനായുള്ളവന്‍ അപ്പോള്‍ നിന്റെ മീതെ ഒന്നുംതന്നെയില്ല. നീയത്രെ പരോക്ഷനായുള്ളവന്. അപ്പോള്‍ നിന്റെ അടിയിലായി ഒന്നുംതന്നെയില്ല. നീ ഞങ്ങള്‍ക്ക് കടം വീട്ടിത്തരുകയും, ദാരിദ്ര്യത്തില്‍നിന്ന് ഞങ്ങള്‍ക്ക് ധന്യത നല്‍കുകയും ചെയ്യേണമേ!’ (അ; മു; തി; ബ). ഈ ദുആയുടെ അന്ത്യഭാഗം ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക.
‘നിന്റെ മീതെ ആരുമില്ല’ എന്ന് പറഞ്ഞതിന്റെ താല്പര്യം: നിന്നെ അതിജയിക്കുന്നവനോ, നിന്നെക്കാള്‍ ദൃഷ്ടാന്തപ്പെട്ടവനോ, നിന്നെക്കാള്‍ ഉന്നതനോ ആയി ഒന്നുമില്ല എന്നും, ‘നിന്റെ അടിയിലായി ഒന്നുമില്ല’ എന്നതിന്റെ താല്പര്യം, നീ അറിയാത്തതായോ, നിന്റെ നിയമത്തിനും നിയന്ത്രണത്തിനും വിധേയമല്ലാത്തതായോ ഒന്നുമില്ല എന്നുമാകുന്നു. ദൃഷ്ടാന്തങ്ങള്‍കൊണ്ടും, പ്രവര്‍ത്തനങ്ങള്‍കൊണ്ടും അല്ലാഹു പ്രത്യക്ഷനും സ്പഷ്ടമായവനുമാണ്. പക്ഷേ, ഈ ബാഹ്യദൃഷ്ടികൊണ്ട് അവനെ കണ്ടെത്തുവാനോ, ഈ ബുദ്ധികൊണ്ട് അവനെ രൂപപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം അവന് പരോക്ഷനും അസ്പഷ്ടനും തന്നെ. لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ (അവനെപ്പോലെ ഒന്നും തന്നെയില്ല. അവന് (എല്ലാം) കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു.)
- هُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٤﴿
- അവനത്രെ, ആകാശങ്ങളെയും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവന്; പിന്നീട് അവന് 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്ന് പുറത്തുപോകുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും, അതില്‍ കയറിച്ചെല്ലുന്നതും, (എല്ലാം) അവന് അറിയുന്നു. നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന് നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- هُوَ الَّذِي അവനത്രെ യാതൊരുവന് خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ اسْتَوَىٰ പിന്നെ അവന് ശരിപ്പെട്ടു, ആരോഹണം ചെയ്തു عَلَى الْعَرْشِ അര്ശിന്മേല് يَعْلَمُ അവന് അറിയും, അറിയുന്നു مَا يَلِجُ കടക്കുന്ന (പ്രവേശിക്കുന്ന)ത് فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറപ്പെടുന്നതും مِنْهَا അതില്‍നിന്ന് وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്ന് وَمَا يَعْرُجُ فِيهَا അതില്‍ കയറുന്നതും وَهُوَ അവന് مَعَكُمْ നിങ്ങളുടെ കൂടെ (ഒപ്പം) ഉണ്ട് أَيْنَ مَا كُنتُمْ നിങ്ങള്‍ എവിടെ ആയിരുന്നാലും وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്
- لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٥﴿
- ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
- لَّهُ അവന്നാകുന്നു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് തന്നെ تُرْجَعُ മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍
- يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٦﴿
- രാത്രിയെ അവന് പകലില്‍ കടത്തിക്കൂട്ടുന്നു; പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു; അവന്, ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു.
- يُولِجُ അവന് കടത്തുന്നു, പ്രവേശിപ്പിക്കുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ النَّهَارَ പകലിനെയും പ്രവേശിപ്പിക്കുന്നു فِي اللَّيْلِ രാത്രിയില്‍ وَهُوَ അവന് عَلِيمٌ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ഞു (ഹൃദയം) കളിലുമുള്ളതിനെ
ആകാശഭൂമികളെ ആറുദിവസങ്ങളില്‍ സൃഷ്ടിച്ചുവെന്നതിന്റെയും, അല്ലാഹു ‘അര്‍ശി’ല്‍ ആരോഹണം ചെയ്തുവെന്നതിന്റെയും ഉദ്ദേശ്യങ്ങളെക്കുറിച്ചും മറ്റും സൂ: സജദഃ 4,5 മുതലായ വചനങ്ങളുടെ വ്യാഖ്യാനത്തിലായി ഒന്നിലധികം പ്രാവശ്യം നാം വിവരിച്ചിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും പ്രവേശിക്കുന്നതിനെയും, അവയില്‍നിന്ന് പുറത്തുവരുന്നതിനെയും സംബന്ധിച്ച് സൂ: സബഉ് 2ന്റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. മേല്‍ ചൂണ്ടിക്കാണിച്ച യാഥാര്‍ത്ഥ്യങ്ങളെ മുഖവുരയായി ഉദ്ധരിച്ചശേഷം അല്ലാഹു മനുഷ്യരെ അഭിമുഖീകരിച്ചു പറയുന്നു:
- ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ ﴾٧﴿
- (മനുഷ്യരേ) നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുവിന്‍; നിങ്ങളെ അവന് ഏതൊന്നില് പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതില്‍നിന്ന് നിങ്ങള്‍ ചിലവഴിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങളില്‍നിന്ന് യാതൊരുവര്‍ വിശ്വസിക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവര്‍ക്ക് വലുതായ പ്രതിഫലമുണ്ട്.
- آمِنُوا بِاللَّـهِ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍ وَرَسُولِهِ അവന്റെ റസൂലിലും وَأَنفِقُوا നിങ്ങള്‍ ചിലവഴിക്കയും ചെയ്യുക مِمَّا جَعَلَكُم നിങ്ങളെ അവന് ആക്കിയതില്‍നിന്ന് مُّسْتَخْلَفِينَ പ്രാതിനിധ്യം നല്കപ്പെട്ടവര് (പ്രതിനിധികള്‍) فِيهِ അതില്‍ فَالَّذِينَ آمَنُوا എന്നാല്‍ (കാരണം) വിശ്വസിച്ചവര്‍ مِنكُمْ നിങ്ങളില്‍നിന്നു وَأَنفَقُوا ചിലവഴിക്കുകയും ചെയ്ത لَهُمْ അവര്‍ക്കുണ്ട് أَجْرٌ كَبِيرٌ വലിയ പ്രതിഫലം
‘നിങ്ങളെ പ്രാതിനിധ്യം നല്കപ്പെട്ടവരാക്കിയതില് നിന്നു’ എന്ന് പറഞ്ഞ വാക്ക് വളരെ ശ്രദ്ധാര്ഹാമാകുന്നു. സ്വത്തും, സമ്പത്തുമെല്ലാം അല്ലാഹുവിന്റെതാണ്. അവന്റെ സൃഷ്ടി, അവന് നല്‍കിയത്. മനുഷ്യന് ജനിക്കും മുമ്പുതന്നെ അവന് അതിവിടെ ഒരുക്കിവെച്ചിരിക്കുന്നു. അതില്‍ വര്‍ദ്ധനവും കുറവും വരുത്തുന്നതും അവന് തന്നെ. അത് ഉപയോഗിക്കുവാനും, കൈകാര്യം നടത്തുവാനും അവന് മനുഷ്യനെ നിശ്ചയിച്ചിരിക്കയാണ്. അതാരുടെയും കുത്തകയോ, സൃഷ്ടിയോ അല്ല. ഒരിക്കല്‍ ഒരു കൂട്ടരുടെ കൈവശമാണെങ്കില്‍, അവരുടെ ശേഷം മറ്റൊരു കൂട്ടര് തല്‍സ്ഥാനത്ത് വരുന്നു. പിന്നീട് വേറൊരുകൂട്ടര് കൈകാര്യം ചെയ്യുന്നു. അഥവാ മനുഷ്യന് അതിനെ ഊഴംവെച്ച് ഉപയോഗിച്ചുവരുന്നു എന്ന് മാത്രം. ഇങ്ങനെയുള്ള വസ്തുക്കളാണ് ആ വാക്കുകളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ, കൈവശമുള്ള ധനത്തില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവാക്കുവാന്‍ മടിക്കേണ്ടതില്ല, മടിക്കുവാന്‍ അവകാശവുമില്ല. അതേ സമയത്ത് സത്യവിശ്വാസം സ്വീകരിക്കുന്നതോടൊപ്പം ധനം നല്ല മാര്‍ഗ്ഗത്തില്‍ ചിലവാക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍നിന്നു വമ്പിച്ച പ്രതിഫലം അവന് വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു.
മനുഷ്യന് എത്ര ധനികനായിരുന്നാലും അതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ – ശരിയായ അര്‍ത്ഥപ്രകാരം – അവന് ഉപയോഗിക്കുന്ന അളവ് എത്രമാത്രമാണെന്ന് ആലോചിച്ചു നോക്കിയാല്‍, അത് വളരെ പരിമിതമാണെന്ന് കാണാം. ബാക്കിയെല്ലാം – അവന് ദുരുപയോഗപ്പെടുത്തി നശിപ്പിക്കാത്തപക്ഷം – അന്യര്‍ക്ക് നിരുപാധികം വിട്ടുകൊടുക്കുവാന്‍ നിര്‍ബന്ധിതനാണ്. അവന് ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനല്ല എന്നുള്ളതിന് ഇതുതന്നെ തെളിവാണല്ലോ. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ആദമിന്റെ മകന് – മനുഷ്യന് – പറയുന്നു: എന്റെ ധനം, എന്റെ ധനം എന്ന്! (മനുഷ്യാ) നിന്റെ ധനത്തില്‍ നിന്നും നീ തിന്നു തീര്‍ത്തതോ, നീ ഉടുത്തു നശിപ്പിച്ചതോ അല്ലെങ്കില്‍ നീ ധര്‍മ്മം കൊടുത്ത് നടപ്പിലാക്കിയതോ അല്ലാതെ നിനക്ക് വല്ലതും ഉണ്ടോ?! അതല്ലാത്തതെല്ലാം തന്നെ, പോയിക്കളയുന്നതും നീ ജനങ്ങള്‍ക്ക് വിട്ടേച്ച് പോകുന്നതുമാകുന്നു.’ (മു).
- وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَٰقَكُمْ إِن كُنتُم مُّؤْمِنِينَ ﴾٨﴿
- നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല?! റസൂലാകട്ടെ, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവാനായി നിങ്ങളെ ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അവന് [അല്ലാഹു] നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) വാങ്ങിയിട്ടുമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.....!
- وَمَا لَكُمْ നിങ്ങള്‍ക്ക് എന്താണ് (എന്തുപറ്റി) لَا تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുന്നില്ല بِاللَّـهِ അല്ലാഹുവില്‍ وَالرَّسُولُ റസൂലാകട്ടെ يَدْعُوكُمْ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു لِتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍ بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ وَقَدْ أَخَذَ അവന് വാങ്ങുകയും ചെയ്തിട്ടുണ്ട് مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ് (കരാര്‍, ഉടമ്പടി) إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടുന്ന ദൃഷ്ടാന്തങ്ങള്‍ പലതും നിങ്ങള്‍ക്കുണ്ട്. അതിന് പുറമെ റസൂല്‍ നിങ്ങളെ അതിനു ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അതോടുകൂടി നിങ്ങള്‍ സ്വയം തന്നെ പ്രതിജ്ഞാബദ്ധരുമാണ്. ഇതൊക്കെ ഉണ്ടായിട്ടും നിങ്ങളുടെ രക്ഷിതാവില്‍ നിങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?! എന്ന് സാരം. അവന് നിങ്ങളുടെ ഉറപ്പുവാങ്ങി (وَقَدْ أَخَذَ مِيثَاقَكُمْ) എന്ന് പറഞ്ഞതിനു രണ്ടുപ്രകാരത്തില്‍ വിവക്ഷ നല്കപ്പെട്ടിട്ടുണ്ട്.
(1). അല്ലാഹുവിന്റെ അസ്തിത്വത്തെയും, മഹല്‍ ഗുണങ്ങളെയും സ്ഥാപിക്കുകയും മനസ്സിലാക്കിത്തരുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങള്‍ അവന് ഏര്‍പ്പെടുത്തുകയും അവനില്‍ വിശ്വസിക്കുവാന്‍ അവ മനുഷ്യബുദ്ധിയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അപ്പോള്‍, ‘നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍’ (إِن كُنتُم مُّؤْمِنِينَ) എന്ന വാക്കിന്റെ താല്പര്യം ദൃഷ്ടാന്തങ്ങളിലും കാര്യകാരണങ്ങളിലും നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല എന്നായിരിക്കാം.
(2). ആത്മീയലോകത്തുവെച്ച് അല്ലാഹു മനുഷ്യരോട്: “ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ?” എന്ന് ചോദിച്ചതായും, ‘അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു’ (بَلَىٰ ۛ شَهِدْنَا) എന്ന് അവര്‍ മറുപടി പറഞ്ഞതായും അല്ലാഹു സൂ: അഅ്റാഫ് 172ല്‍ പ്രസ്താവിച്ചിരിക്കുന്നു. ആ സംഭവമാണ് ഇവിടെ കരാറുകൊണ്ടുദ്ദേശ്യം. ഈ കരാര്‍ മനുഷ്യര്‍ക്ക് ഇന്ന് ഓര്‍മ്മയില്ലല്ലോ എന്ന് പറഞ്ഞേക്കാം. അതിനുള്ള മറുപടിയായിരിക്കും ‘നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍’ (إِن كُنتُم مُّؤْمِنِينَ) എന്ന വാക്ക്. നിങ്ങളുടെ സകല കാര്യങ്ങളും അറിയുന്ന ഞാന്‍ ആ കരാറ് നിങ്ങളെ ഇതാ ഓര്‍മ്മപ്പെടുത്തുന്നു, നിങ്ങള്‍ക്ക് അത് വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചുകൊള്ളുക എന്ന് ഗൗരവപ്പെട്ട ഒരു താക്കീതായിരിക്കും അപ്പോള്‍ ആ വാക്കില്‍ അടങ്ങിയിരിക്കുക. الله أعلم . റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) നിങ്ങളെ ക്ഷണിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല, അല്ലാഹുവിന്റെ കല്പനപ്രകാരമാണെന്ന് അടുത്ത വചനത്തില്‍ ഉണര്‍ത്തുന്നു:-
- هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَٰتٍۭ بَيِّنَٰتٍ لِّيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ ﴾٩﴿
- അവനത്രെ, തന്റെ അടിയാന്റെ മേല്‍ സുവ്യക്തങ്ങളായ പല ലക്ഷ്യങ്ങളും ഇറക്കിക്കൊടുക്കുന്നവന്‍; നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് അദ്ദേഹം പ്രകാശത്തിലേക്കു വെളിക്കു വരുത്തുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളില്‍ വളരെ കൃപയുള്ളവനും, കരുണയുള്ളവനും തന്നെയാകുന്നു.
- هُوَ الَّذِي അവനത്രെ ٱلَّذِى يُنَزِّلُ അവതരിപ്പിക്കുന്നവന്‍ عَلَىٰ عَبْدِهِ തന്റെ അടിയാന്റെ മേല്‍ آيَاتٍ പല ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ بَيِّنَاتٍ വ്യക്തങ്ങളായ لِّيُخْرِجَكُم അദ്ദേഹം നിങ്ങളെ വെളിക്കു (പുറത്തു) കൊണ്ടുവരുവാന്‍ مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ (ഇരുട്ടില്‍) നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُمْ നിങ്ങളില്‍ لَرَءُوفٌ വളരെ കൃപ (കനിവ്) ഉള്ളവന്തന്നെ رَّحِيمٌ കരുണയുള്ളവനും, കരുണാനിധിയുമായവനും.
7-ാം വചനത്തില്‍ സത്യവിശ്വാസം സ്വീകരിക്കുക, ധനം ചിലവഴിക്കുക എന്നീ രണ്ടു കാര്യങ്ങളിലേക്കു അല്ലാഹു മനുഷ്യരേ ക്ഷണിച്ചു. ഈ രണ്ടും അനുഷ്ഠിക്കുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്കയും ചെയ്തു. 8, 9 വചനങ്ങളില്‍, നിങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ചോദിക്കുകയും, തുടര്‍ന്നുകൊണ്ട് വിശ്വാസം സ്വീകരിക്കാതിരിക്കുവാന്‍ നിവൃത്തിയില്ലെന്ന് സ്ഥാപിക്കുമാറുള്ള കാരണങ്ങളും ന്യായങ്ങളും വിവരിക്കുകയും ഉണ്ടായി. അടുത്ത വചനത്തില്‍ രണ്ടാമത്തെ വിഷയമായ ധനം ചിലവഴിക്കലിനെ സംബന്ധിച്ചും അതേപ്രകാരം ചോദിച്ചുകൊണ്ട് അതിന്റെ ആവശ്യകത വിവരിക്കുന്നു:-
- وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَٰتَلَ ۚ أُو۟لَٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَٰتَلُوا۟ ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾١٠﴿
- അല്ലാഹുവിന്റെ മാര്‍ഗ്ഗത്തി ചിലവഴിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്കെന്താണ്? ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാകുന്നു (എന്നിട്ടും)! നിങ്ങളില്‍നിന്ന് വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ (അല്ലാത്തവരോട്), സമമായിരിക്കയില്ല; അക്കൂട്ടര്‍, പിന്നീട് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാള്‍ വമ്പിച്ച പദവിയുള്ളവരാകുന്നു. എല്ലാവരോടും തന്നെ, അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു; അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനുമാണ്.
- وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് أَلَّا تُنفِقُوا നിങ്ങള്‍ ചിലവഴിക്കാതിരിക്കുവാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلِلَّـهِ അല്ലാഹുവിനാണ് مِيرَاثُ അനന്തരാവകാശം السَّمَاوَاتِ وَالْأَرْضِ ആകാശങ്ങളുടെയും ഭൂമിയുടെയും لَا يَسْتَوِي സമമാകുകയില്ല مِنكُم നിങ്ങളില്‍നിന്നു مَّنْ أَنفَقَ ചിലവഴിച്ചവര്‍ مِن قَبْلِ الْفَتْحِ വിജയത്തിനുമുമ്പ് وَقَاتَلَ യുദ്ധം ചെയ്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ أَعْظَمُ دَرَجَةً ഏറ്റവും വമ്പിച്ച പദവിയുള്ളവരാണ് مِّنَ الَّذِينَ യതൊരുവരെക്കള്‍ أَنفَقُوا ചിലവഴിച്ച مِن بَعْدُ പിന്നീട്, ശേഷം وَقَاتَلُوا യുദ്ധം ചെയ്ത وَكُلًّا എല്ലാവരോടും (തന്നെ) وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ ഏറ്റം നല്ലതിനെ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
ഒരാള്‍ക്കും തന്റെ കൈവശമുള്ള വസ്തുക്കള്‍ ശാശ്വതമല്ല, അല്പകാലം കഴിയുമ്പോള്‍ അത് അന്യര്‍ക്ക് വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, വിട്ടുകൊടുക്കും മുമ്പുതന്നെ അത് കൈവിട്ടു പോകയും ചെയ്തേക്കും. എല്ലാം അല്ലാഹുവിങ്കലേക്ക് മടങ്ങുന്നു. ആകാശഭൂമികളിലുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉടമസ്ഥതയും അവകാശവും അല്ലാഹുവിനാണ്. എന്നിരിക്കെ, അവന് ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതെ സൂക്ഷിച്ചു വെക്കുന്നതുകൊണ്ട് ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു നന്മയും പ്രതീക്ഷിക്കുവാനില്ല. നേരെ മറിച്ച് നിങ്ങള്‍ ഇപ്പോള്‍ ചിലവഴിക്കുന്നതിന് പകരം ഭാവിയില്‍ നിങ്ങള്‍ക്ക് ധാരാളം നന്മ ലഭിക്കുവാനിരിക്കുന്നു. നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുന്നത് എപ്പോഴും നല്ലതുതന്നെ. എങ്കിലും ഒരു കാര്യം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ചിലവഴിക്കുകയും, ത്യാഗമനുഷ്ഠിക്കുകയും ചെയ്യുന്നതും, സാധാരണ ഘട്ടങ്ങളില്‍ ചിലവഴിക്കുന്നതും ഒരു പോലെയല്ല. സന്ദര്‍ഭം അനുസരിച്ച് അവയുടെ പ്രാധാന്യവും പ്രതിഫലവും കൂടുകയും, കുറയുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനത്തിലടങ്ങിയ തത്വങ്ങള്‍.
ശത്രുക്കളുടെ അക്രമം, ദാരിദ്ര്യം, അംഗങ്ങളുടെ കുറവ് ആദിയായ കാരണങ്ങളാല്‍ മുസ്ലിംകള് ഏറ്റവുമധികം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരികയും, യാതനകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തത് ഇസ്ലാമിന്റെ ആദ്യഘട്ടത്തിലാണല്ലോ. അതുകൊണ്ട് അക്കാലത്ത് ധനംകൊണ്ടും, ദേഹംകൊണ്ടും അങ്ങേഅറ്റം ഇസ്ലാമിനുവേണ്ടി ത്യാഗം ചെയ്യുവാനും, കഷ്ടപ്പാടുകള്‍ സഹിക്കുവാനും മുന്നോട്ട് വന്നവര്‍ക്ക് ഇസ്ലാമിന് വിജയം കൈവന്ന് വിഷമങ്ങള്‍ക്ക് ലഘൂകരണം വന്നശേഷം മുന്നോട്ട് വന്നവരെക്കാള്‍ വളരെ ഉന്നതമായ പദവിയാണ് അല്ലാഹുവിങ്കലുള്ളത്. എന്നാലും രണ്ടാമത്തെ വിഭാഗത്തെ അവഗണിക്കുന്നതല്ലെന്നും, എല്ലാവര്ക്കും അല്ലാഹുവിങ്കല്‍ ഏറ്റവും നല്ല പ്രതിഫലം ലഭിക്കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുന്ന സത്യവിശ്വാസികളുടെ ശ്രേഷ്ഠതയും പ്രതിഫലവും എടുത്തുപറയുന്നതിനിടക്ക് സൂ: നിസാഉ് 95ലും ഈ കാര്യം – എല്ലാവരോടും തന്നെ അല്ലാഹു ഏറ്റവും നല്ലതിനെ വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് – അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. ബുഖാരി (رحمه الله) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ശക്തനായ സത്യവിശ്വാസി കൂടുതല്‍ നല്ലവനും ദുര്‍ബ്ബലനായ സത്യവിശ്വാസിയെക്കാള്‍ അല്ലാഹുവിനു കൂടുതല്‍ ഇഷ്ടപ്പെടുന്നവനുമാകുന്നു. എല്ലാവരിലും നന്മയുണ്ടുതാനും.’
വിജയത്തിന്റെ മുമ്പ് (مِن قَبْلِ الْفَتْحِ) എന്ന് പറഞ്ഞുവല്ലോ. ഇവിടെ ‘വിജയം’ കൊണ്ടുദ്ദേശ്യം മക്കാവിജയമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. മക്കാവിജയത്തിനു മാര്‍ഗ്ഗം തുറന്നത് ഹുദൈബിയാ സംഭവമായതുകൊണ്ട് അതാണ് ഉദ്ദേശ്യമെന്നും, പൊതുവില്‍ ഇസ്ലാമിന്റെ വിജയം എന്നേ ഉദ്ദേശ്യമുള്ളൂ എന്നും അഭിപ്രായങ്ങളുണ്ട്. പ്രായോഗികമായി നോക്കുമ്പോള്‍ ഇവയെല്ലാം സാരത്തില്‍ ഒന്നാണെന്ന് കാണാം. ധനം ചിലവഴിക്കുന്നതില്‍ സംഖ്യയുടെ ഏറ്റക്കുറവും, ത്യാഗസേവനങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തനങ്ങളുടെ വലുപ്പചെറുപ്പവും മാത്രമല്ല ഓരോന്നിന്റെ സന്ദര്‍ഭവും ആവശ്യകതയും തല്‍കര്‍ത്താക്കളുടെ പരിതസ്ഥിതികളും കണക്കിലെടുത്തുകൊണ്ടായിരിക്കും അല്ലാഹു അവയ്ക്ക് പ്രാധാന്യം കല്പിക്കുന്നത് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കുവാനുള്ളത്. അതുപോലെത്തന്നെ, ഇസ്ലാമിന്റെ ആരംഭത്തില്‍ സത്യവിശ്വാസം സ്വീകരിച്ച് കഠിന ത്യാഗങ്ങള്‍ ചെയ്ത സ്വഹാബികളും പില്ക്കാലത്ത് ഇസ്ലാമില്വന്ന് അതിനു സേവനമര്‍പ്പിച്ച സ്വഹാബികളും തമ്മിലും, സ്വഹാബികളും അവരുടെ ശേഷമുള്ളവരും തമ്മിലും ശ്രേഷ്ഠതയില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും മനസ്സിലാക്കാം. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറയുന്നു:
لاَ تَسُبُّوا أَصْحَابِي فَوَالَّذِي نَفْسِ مُحَمَّدٍ بِيَدِهِ لَوْ أَنْ أَحَدُكُمْ مِثْلَ أُحُدٍ ذَهَبًا مَا ادرك مُدَّ أَحَدِهِمْ وَلاَ نَصِيفَهُ – متفق عليه
(നിങ്ങള്‍ എന്റെ സ്വഹാബികളെ പഴിച്ചുപറയരുത്. കാരണം, മുഹമ്മദിന്റെ ദേഹം – അഥവാ ജീവന് – യാതൊരുവന്റെ കൈവശമാണോ അവന്‍തന്നെ! നിങ്ങളിലൊരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അവരിലൊരാളുടെ ഒരു സേറിന്നോ, അതിന്റെ പകുതിക്കോ അത് എത്തുന്നതല്ല. (ബു; മു).