വിഭാഗം - 3

56:75
  • ۞ فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ ﴾٧٥﴿
  • എന്നാല്‍, നക്ഷത്രങ്ങള്‍ വീഴുന്ന (അഥവാ പതിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
  • فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യംചെയ്തു പറയുന്നു, ഞാന്‍ സത്യം ചെയ്യുന്നില്ല بِمَوَاقِعِ വീഴുന്ന (പതിക്കുന്ന, അസ്തമിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ടു النُّجُومِ നക്ഷത്രങ്ങളുടെ
56:76
  • وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ ﴾٧٦﴿
  • നിശ്ചയമായും, അതാകട്ടെ – നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ - വമ്പിച്ച ഒരു സത്യം തന്നെ! –
  • وَإِنَّهُ لَقَسَمٌ അതാകട്ടെ ഒരു സത്യം (ശപഥം) തന്നെ لَّوْ تَعْلَمُونَ നിങ്ങള്‍ക്കറിയാമായി രുന്നെങ്കില്‍ عَظِيمٌ വമ്പിച്ച, മഹത്തായ

ഈ വചനങ്ങളിലെ ചില പദങ്ങളെപ്പറ്റി അല്‍പം വിശദീകരിക്കേണ്ടതുണ്ട്‌, فَلَا أُقْسِمُ (ഫ-ലാ- ഉഖ്സിമു) എന്ന വാക്യത്തിനാണ് ‘എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്നു അര്‍ത്ഥം കല്‍പിച്ചത്‌. ഒരു വാക്യത്തെ അതിന്റെ മുമ്പുള്ള മറ്റൊരു വാക്യത്തോട് ബന്ധപ്പെടുത്തുന്ന അവ്യയമാണ് ‘ഫ’ (ف). ‘എന്നാല്‍, ആകയാല്‍, അതിനാല്‍, അപ്പോള്‍, എനി, എന്നിട്ട്’ എന്നിങ്ങിനെ സന്ദര്‍ഭോചിതം മലയാളത്തില്‍ അര്‍ത്ഥം കല്‍പിച്ചുകൊണ്ട്‌ ആ ബന്ധത്തിന്റെ സ്വഭാവം വെളിപ്പെടുത്താം. أُقْسِمُ (ഉഖ്സിമു) എന്ന ക്രിയക്ക് ‘ഞാന്‍ സത്യം ചെയ്യുന്നു’ – അഥവാ – ‘ശപഥം ചെയ്തു പറയുന്നുവെന്നര്‍ത്ഥം. അപ്പോള്‍, ഈ രണ്ടു പദങ്ങൾക്കിടയിലായി ഒരു ‘ലാ’ (لا) ഇവിടെ അവശേഷിക്കുന്നു. ഇതിനെപ്പറ്റിയാണ് അല്‍പം ശ്രദ്ധിക്കേണ്ടതുള്ളത്. ‘ഇല്ല, അല്ല’ എന്നീ നിഷേധാര്‍ത്ഥത്തിലും, ‘അരുതു, വേണ്ടാ’ എന്നീ നിരോധാര്‍ത്ഥത്തിലും ‘ലാ’ ഉപയോഗിക്കപ്പെടുന്നു. ഇവിടെയാകട്ടെ, ഇതുപോലുള്ള മറ്റു സ്ഥലങ്ങളിലാകട്ടെ, ‘ലാ- ഉഖ്സിമു’ എന്നു പറയുന്നതു പിന്നീടു പറയുവാനിരിക്കുന്ന കാര്യങ്ങളെ സത്യം മുഖേന ബലപ്പെടുത്തിക്കാണിക്കുവാന്‍ വേണ്ടിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നിരിക്കെ, ഇവിടെ ഒരു ‘ലാ’ കൊണ്ടുവന്നതിന്റെ ആവശ്യം -അല്ലെങ്കില്‍ ന്യായം- എന്താണ്? ഇതാണ് ആലോചിക്കുവാനുള്ളത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ മൂന്നു നാലു അഭിപ്രായങ്ങളാണ് ഇവിടെ പ്രസക്തമായുള്ളത്. ഇവിടെ മാത്രമല്ല, താഴെ സൂറത്തുകളില്‍ വീണ്ടും ഈ പ്രയോഗം കാണാവുന്നതു കൊണ്ടു അവയെപ്പറ്റി സാമാന്യം അറിയുന്നതു നന്നായിരിക്കും.

(1) വ്യാകരണദൃഷ്ട്യാ സത്യത്തിന്റെ വാചകത്തില്‍ ‘ലാ’ എന്ന അവ്യയത്തിനു പ്രത്യേകം സ്ഥാനമൊന്നുമില്ല. അതുകൊണ്ടു വ്യാകരണ നിയമപ്രകാരം അതു അധികപ്പറ്റായികൊണ്ടു വരപ്പെട്ടത്‌ (مزيدة) ആകുന്നു. പക്ഷേ, സത്യത്തെ ഊന്നി ബലപ്പെടുത്തുവാന്‍ (تأكيد القسم) നു വേണ്ടി ഉപയോഗിക്കുന്ന ഒരു സാഹിത്യപ്രയോഗമാണത്. അപ്പോള്‍ ലാ- ഉഖ്സിമു എന്നതിനു ‘നിശ്ചയമാ യും ഞാന്‍ സത്യം ചെയ്യുന്നു’എന്നര്‍ത്ഥം കല്‍പിക്കാം.വ്യാകരണ ശാസ്ത്രപ്രകാരം അധികപ്പറ്റായി വിചാരിക്കപ്പെടുന്ന പല പദങ്ങളും സാഹിത്യശാസ്ത്രത്തിലും അലങ്കാര ശാസ്ത്രത്തിലും ഇതുപോലെ ചില അര്‍ത്ഥസൂചനകള്‍ക്കു വേണ്ടി കൊണ്ടുവരുന്നതു സാധാരണമാണ്. ഖുര്‍ആനില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. അടുത്ത സൂറത്തിന്റെ അവസാനത്തില്‍ തന്നെയും ഇതുപോലെ ഒരു ‘ലാ’ കാണാവുന്നതാണ്. ഈ വാസ്തവം മനസ്സിലാക്കാത്ത ചിലര്‍, ഏതെങ്കിലും പദത്തെപ്പറ്റി مزيدة (അധികപ്പറ്റായി വന്നത്) എന്നു വല്ലവരും പറഞ്ഞു കാണുമ്പോള്‍ അതൊരു വിഡ്ഢിത്തമോ അബദ്ധമോ ആയി ഗണിച്ചേക്കും. വല്ല ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തിലും എവിടെയെങ്കിലും അങ്ങിനെ എഴുതിക്കാണുമ്പോള്‍,ഖുര്‍ആനിലെ ചില പദങ്ങള്‍ അര്‍ത്ഥമില്ലാത്ത അനാവശ്യപദമാണെന്നു ആ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചതായി മറ്റു ചിലര്‍ പരിഹാസപൂര്‍വ്വം കുറ്റ പ്പെടുത്താറുമുണ്ട്. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഈ തക്കം ഉപയോഗപ്പെടുത്തി ആ മഹാന്‍മാരെ തരം താഴ്‌ത്തിക്കാട്ടുവാന്‍ ശ്രമിക്കയും ചെയ്തേക്കും.

(2) ‘ഫ-ലാ’ എന്നതും ‘ഉഖ്സിമു’ എന്നതും വെവ്വേറെ വാക്യങ്ങളാകുന്നു. അപ്പോള്‍, അതിനു ഇങ്ങിനെ അര്‍ത്ഥം കല്‍പിക്കാം: ‘എന്നാല്‍ അല്ല; ഞാന്‍ സത്യം ചെയ്യുന്നു’, അതായതു, കാര്യം നിങ്ങള്‍ ധരിച്ചതു പോലെയല്ല; കാര്യം ഇന്നിന്നപ്രകാരമാണെന്നു ഞാന്‍ ഇതാ സത്യം ചെയ്തു പറയുന്നു എന്നു സാരം.

(3) സാധാരണ വായനയില്‍ ‘ലാ-ഉഖ്സിമു’ എന്നു നീട്ടി (مد കൊടുത്ത്) വായിക്കലാണ് പതിവുള്ളതെങ്കിലും അതിന്റെ സാക്ഷാല്‍ രൂപം ‘ലാ-ഉഖ്സിമു’ എന്ന (مد കൂടാതെ) ആകുന്നു. ഖുര്‍ആനില്‍ അങ്ങിനെ (مد കൂടാതെ)ത്തന്നെ വായിക്കപ്പെട്ടിട്ടുമുണ്ട്. ഇതനുസരിച്ച് ആ വാക്യത്തിനു ‘നിശ്ചയമായും ഞാന്‍ സത്യം ചെയ്യുന്നു’ എന്നു അര്‍ത്ഥമാകുന്നു.

(4) ‘ഫ-ലാ ഉഖ്സിമു’ എന്ന വാക്യത്തിനു അതിന്റെ പ്രത്യക്ഷരൂപമനുസരിച്ചുള്ള അര്‍ത്ഥം (‘എന്നാല്‍ ഞാന്‍ സത്യം ചെയ്യുന്നില്ല’ എന്നു) തന്നെയാണുള്ളത്. അതായതു, തുടര്‍ന്നു പ്രസ്താവിക്കുന്ന കാര്യം സത്യം ചെയ്തു പറയേണ്ടുന്ന ആവശ്യമില്ലാത്തവണ്ണം അതു അത്രയും സ്പഷ്ടമായതാണ് എന്നു താല്‍പര്യം.

മേല്‍ കാണിച്ച ഏതു അഭിപ്രായം നാം ശരിവെച്ചാലും ശരി, വാക്കര്‍ത്ഥം എങ്ങിനെ കൊടുത്താലും ശരി, ആ വാക്യത്തിന്റെ ഉദ്ദേശ്യം, തുടര്‍ന്നു പറയുന്ന കാര്യത്തെ സത്യവാക്യം മുഖേന ബലപ്പെടുത്തി സ്ഥാപിക്കലാണ് എന്നു തീര്‍ച്ചയാകുന്നു. മാത്രമല്ല, ഇവിടെയാണെങ്കില്‍, തൊട്ട വചനത്തില്‍ തന്നെ അല്ലാഹു الخ وَإِنَّهُ لَقَسَمٌ (നിശ്ചയമായും ഇതൊരു സത്യമാണ്.) എന്നു പറഞ്ഞു ഈ വാസ്തവം വ്യക്തമാക്കിയിട്ടുള്ളതും ശ്രദ്ധേയമാകുന്നു. മനുഷ്യദൃഷ്ടിയില്‍നിന്നു മറഞ്ഞുകൊണ്ടു അതതു നക്ഷത്രങ്ങള്‍ അസ്തമിച്ചു പോകുന്ന സ്ഥാനങ്ങളാണ് (നക്ഷത്രങ്ങള്‍ വീഴുന്ന സ്ഥാനങ്ങള്‍) കൊണ്ടു ഉദ്ദേശ്യം. അതല്ല, നക്ഷത്രങ്ങളുടെ സഞ്ചാരപദങ്ങളും ചലനമണ്ഡലങ്ങളുമാണ് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. ഖുര്‍ആന്‍ അവതരിച്ച ഗഡുക്കളും സന്ദര്‍ഭങ്ങളുമാണ് ഉദ്ദേശ്യമെന്നു വേറെയും ഒരഭിപ്രായം കാണാം. ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലും ഗഡുക്കളിലുമായിട്ടാണല്ലോ അവതരിച്ചിരിക്കുന്നത്. نجوم (നുജൂമു) എന്ന പദത്തിനു ഗഡുക്കള്‍ എന്നും അര്‍ത്ഥമുണ്ടുതാനും. അല്ലാഹു ഉദ്ദേശിക്കുന്ന ഏതിന്റെ പേരിലും അവനു സത്യം ചെയ്യാവുന്നതാണ്. എന്നാല്‍, അവന്‍ സത്യത്തിനു ഉപയോഗിച്ച കാര്യങ്ങള്‍ ഓരോന്നും എടുത്തുനോക്കിയാല്‍ അവയില്‍ ചിന്താര്‍ഹങ്ങളായ പല രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്നു തീര്‍ച്ചയാകുന്നു.

കോടാനുകോടി നക്ഷത്രഗോളങ്ങളുടെ സ്ഥാനങ്ങളെ സംബന്ധിച്ചതാകട്ടെ, ഇരുപത്തിമൂന്നു കൊല്ലക്കാലം കൊണ്ടു പൂര്‍ത്തിയായ ഖുര്‍ആന്റെ അവതരണഗഡുക്കളെ സംബന്ധിച്ചതാകട്ടെ-ഏതായാലും ശരി- ഈ സത്യവാചകത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള സൂചനാരഹസ്യങ്ങള്‍ വമ്പിച്ചത്‌ തന്നെ. ഒന്നാമത്തേത് മഹത്തായ പ്രകൃതിദൃഷ്ടാന്തത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, മറ്റേതു വൈജ്ഞാനികമായ ഒരു മഹാദൃഷ്ടാന്തത്തെ സൂചിപ്പിക്കുന്നതാകുന്നു. അതെ, അതൊരു വമ്പിച്ച സത്യം തന്നെയാണ്- നിങ്ങള്‍ക്കു അറിയാമെങ്കില്‍ (وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ) ഈ മഹത്തായ സത്യവാചകം മുഖേന അല്ലാഹു ഉറപ്പിച്ചു സ്ഥാപിക്കുന്ന വിഷയമോ? ഖുര്‍ആന്റെ മഹത്വവും, അതിന്റെ ഉന്നത നിലപാടും! അല്ലാഹു പറയുന്നു:-

56:77
  • إِنَّهُۥ لَقُرْءَانٌ كَرِيمٌ ﴾٧٧﴿
  • നിശ്ചയമായും, ഇതു ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെ;-
  • إِنَّهُ നിശ്ചയമായും അതു لَقُرْآنٌ ഒരു ഖുര്‍ആന്‍ തന്നെ كَرِيمٌ ആദരണീയ (മാന്യ) മായ
56:78
  • فِى كِتَٰبٍ مَّكْنُونٍ ﴾٧٨﴿
  • ഭദ്രമായി സൂക്ഷി (ച്ചു വെ) ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥത്തിലാണ് (അതു); -
  • فِي كِتَابٍ ഒരു ഗ്രന്ഥത്തിലാണ്, രേഖയില്‍ مَّكْنُونٍ ഭദ്രമാക്കപ്പെട്ട, സൂക്ഷിച്ചുവെക്കപ്പെട്ട
56:79
  • لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ ﴾٧٩﴿
  • പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല!-
  • لَّا يَمَسُّهُ അതിനെ സ്പര്‍ശിക്കുക (തൊടുക)യില്ല إِلَّا الْمُطَهَّرُونَ പരിശുദ്ധര്‍ (ശുദ്ധീക രിക്കപ്പെട്ടവര്‍) അല്ലാതെ
56:80
  • تَنزِيلٌ مِّن رَّبِّ ٱلْعَٰلَمِينَ ﴾٨٠﴿
  • ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നു അവതരിച്ചതാകുന്നു (അത്).
  • تَنزِيلٌ അവതരണം, അവതരിച്ചതു ആകുന്നു مِّن رَّبِّ രക്ഷിതാവില്‍ നിന്നു الْعَالَمِينَ ലോകരുടെ

തത്വം, ആശയം, ഉദ്ദേശ്യലക്ഷ്യം, ഘടന, ശൈലി എന്നിങ്ങിനെ ഏതു വശത്തൂടെ നോക്കിയാലും വളരെ ആദരണീയവും മാന്യവുമായ ഒരു ഗ്രന്ഥമത്രെ വിശുദ്ധഖുര്‍ആന്‍. അല്ലാഹുവിങ്കല്‍ വളരെ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥത്തില്‍ -അതെ, സുരക്ഷിത ഫലകമാകുന്ന ‘ലൗഹുല്‍-മഹ്ഫൂ ളി’ല്‍- അല്ലാഹു അതിനെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു:

 فِي لَوْحٍ مَّحْفُوظٍ (21) بَلْ هُوَ قُرْآنٌ مَّجِيدٌ (22) – البروج

(എങ്കിലും അതു മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. ‘ലൗഹുല്‍ – മഹ്ഫൂളിലാണുള്ളത്.) അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്റെ പരിശുദ്ധരായ മലക്കുകള്‍ക്കല്ലാതെ അതിനെ സ്പര്‍ശിക്കുവാന്‍ സാധ്യമല്ല. പിശാചുക്കള്‍ക്കോ, പൈശാചികശക്തികള്‍ക്കോ അവിടെ പ്രവേശനമില്ല

وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ ﴿٢١٠﴾ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ ﴿٢١١﴾ – الشعراء

(അതുമായി പിശാചുക്കള്‍ ഇറങ്ങിയിട്ടില്ല. അവര്‍ക്കതു യോജിക്കുകയുമില്ല. അവര്‍ക്കു സാധ്യവുമല്ല . 26: 210, 211) പരിശുദ്ധനായ മലക്കു മുഖാന്തരം ലോകര്‍ക്കു വേണ്ടി അവരുടെ രക്ഷിതാവായ അല്ലാഹുതന്നെ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിപ്പിച്ചു കൊടുക്കുന്നു.

قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ – النحل : 102

(പറയുക: അതിനെ നിന്റെ റബ്ബിങ്കല്‍ നിന്നു പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു) അതെ, تنزيل من رب العالمين (ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നു അവതരിപ്പിച്ചതാണ്.)

كِتَابٍ مَّكْنُونٍ (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥം) എന്നു പറഞ്ഞതു ‘ലൗഹുല്‍-മഹ്ഫൂളി’നെപ്പറ്റിയാ ണെന്നും, الْمُطَهَّرُونَ (പരിശുദ്ധമാക്കപ്പെട്ടവര്‍) എന്നു പറഞ്ഞതു മലക്കുകളെപ്പറ്റി – അല്ലെങ്കില്‍ മലക്കുകളെയും പ്രവാചകനെയും കൂടിയാണെന്നും മേല്‍ വിവരിച്ചതില്‍ നിന്നു മനസ്സിലായല്ലോ. ഖത്താദഃ (رَضِيَ اللهُ عَنْهُ) പ്രസ്താവിച്ചതായി ഇബനു ജരീര്‍ (رحمه الله) നിവേദനം ചെയ്യുന്നു: ‘അതായതു, പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അല്ലാഹുവിങ്കല്‍ വെച്ചു അതിനെ സ്പര്‍ശിക്കുകയില്ല. എന്നാല്‍, ഇഹലോകത്തില്‍ വെച്ചാകട്ടെ, അശുദ്ധനായ ‘മജൂസി’യും (അഗ്നിയാരാധകനും), മലിനനായ കപടവിശ്വാസിയും അതിനെ സ്പര്‍ശിച്ചേക്കുന്നതാണ്’.

(يمسه المجوس النجس لا يمسه عند الله الا المطهرون فاما فى الدنيا فأنه والمنافق الرجس)

പ്രധാനപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പൊതുവില്‍ ഈ വചനങ്ങള്‍ക്കു സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനം ഇതുതന്നെ. എന്നാല്‍, لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ (പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല.) എന്ന വാക്യം കൊണ്ടു ഉദ്ദേശ്യം, ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആനെ സ്പര്‍ശിക്കുകയില്ല-അഥവാ ചെറിയ അശുദ്ധി (الحدث) യോ വലിയ അശുദ്ധി (الجنابة) യോ ഉള്ളവര്‍ക്ക് മുസ്വഹഫു തൊടുവാന്‍ പാടില്ല-എന്നാണെന്നു ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. പല കാരണങ്ങളാലും ഇതു ന്യായീകരിക്കുവാന്‍ മാര്‍ഗ്ഗമില്ല.

(1) كِتَابٍ مَّكْنُونٍ (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥം) എന്നു പറഞ്ഞതു ‘ലൗഹുല്‍ – മഹ്ഫൂളാ’ണെന്നത്രെ ഖുര്‍ആന്‍ കൊണ്ടു വ്യക്തമാകുന്നത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങിനെയാണു പറഞ്ഞിട്ടുള്ളതും. അപ്പോള്‍, ‘അതിനെ സ്പര്‍ശിക്കുകയില്ല’ എന്ന വാക്യത്തിലെ സര്‍വ്വനാമം കൊണ്ടുദ്ദേശ്യം ‘ലൗഹുല്‍ – മഹ്ഫൂളാ’യിരിക്കണമല്ലോ. അപ്പോള്‍, അതിനെ സ്പര്‍ശിക്കുന്നത് സാധാരണ മനുഷ്യരാവാന്‍ തരമില്ല, മലക്കുകളായിരിക്കണം.

(2) لَّا يَمَسُّ (സ്പര്‍ശിക്കുകയില്ല) എന്ന ക്രിയ വര്‍ത്തമാനകാലക്രിയയാണ്. നിരോധനക്രിയയല്ല. ‘സ്പര്‍ശിക്കരുത്’ എന്ന നിരോധാര്‍ത്ഥം കല്പിക്കണമെങ്കില്‍ അതിനു പ്രത്യേകം തെളിവു വേണം.

(3) വലിയ അശുദ്ധിയില്‍ നിന്നു കുളിമുഖേനയും, ചെറിയ അശുദ്ധിയില്‍ നിന്നു ‘വുളു’ മുഖേനയും ശുദ്ധിയായ ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടാറുള്ളതു متطهر، طاهر (ശുദ്ധന്‍, ശുദ്ധി ചെയ്‌തവന്‍) എന്നീ വാക്കുകളാണ്. مطهر (മുത്വഹ്-ഹര്‍) എന്ന വാക്കു ആ അര്‍ത്ഥത്തിനു സാധാരണനിലക്കു ഉപയോഗിക്കപ്പെടാറില്ല.

ചുരുക്കത്തില്‍, വുളുമുഖേന ശുദ്ധിയായവനല്ലാതെ ഖുര്‍ആനെ സ്പര്‍ശിക്കുവാന്‍ പാടുണ്ടോ ഇല്ലേ എന്നതിനെക്കുറിച്ചല്ല ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അതുകൊണ്ടു തന്നെയാണ്,വുളു ഇല്ലാത്തവര്‍ക്കു ഖുര്‍ആന്‍ തൊടുവാന്‍ പാടില്ലെന്ന അഭിപ്രായക്കാരായ മുഫസ്സിരുകളില്‍ പലരും ഈ വചനത്തിനു മുകളില്‍ കണ്ട അതേ വ്യാഖ്യാനം തന്നെ നല്‍കുന്നതും, ഈ വചനം തങ്ങള്‍ക്കു തെളി വായി ഉദ്ധരിക്കാത്തതും. ‘ശുദ്ധിയുള്ളവനല്ലാതെ ഖുര്‍ആന്‍ തൊടരുത്’. എന്നൊരു ഹദീസ് വന്നിട്ടുള്ളതു ശരിയാണ്. പക്ഷേ, അതിന്റെ നിവേദനമാര്‍ഗ്ഗത്തില്‍ ചില ന്യുനതകള്‍ ഉള്ളതുകൊണ്ടാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നേരിട്ടത്. അതുകൊണ്ട് വുളു കൂടാതെ ഖുര്‍ആന്‍ തൊടുവാന്‍ പാടില്ലെന്നു തീര്‍ത്തുപറയത്തക്ക തെളിവുകളില്ല. എങ്കിലും, കഴിവതും വുളു ചെയ്തു ശുദ്ധിയോടുകൂടി മാത്രം ഖുര്‍ആനെ സ്പര്‍ശിക്കുന്നതാണ് നല്ലതു എന്ന കാര്യത്തില്‍ സംശയമില്ലതാനും.

അമുസ്ലിംകളുടെ കയ്യില്‍ ഖുര്‍ആന്‍ കൊടുക്കുന്ന വിഷയത്തിലും ഭിന്നാഭിപ്രായമുണ്ട്. ഖുര്‍ആന്റെ നേര്‍ക്കു അവഹേളനമോ, പരിഹാസമോ, കയ്യേറ്റമോ അതുമൂലം ഉണ്ടായേക്കുമെന്നു കാണുമ്പോള്‍ തീര്‍ച്ചയായും അതവര്‍ക്കു വിട്ടുകൊടുക്കുവാന്‍ പാടില്ല. ‘ശത്രുക്കളുടെ കയ്യേറ്റത്തെ ഭയപ്പെടുമ്പോള്‍ ഖുര്‍ആനുമായി ശത്രുനാട്ടിലേക്കു അതുമായി പോകരുതു’ എന്നു ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇവിടെ സ്മര്‍ത്തവ്യമാകുന്നു. പക്ഷേ, പഠിക്കുക, മനസിലാക്കുക മുതലായ ആവശ്യങ്ങള്‍ക്കു വേണ്ടി അമുസ്ലിംകള്‍ക്കു ഖുര്‍ആന്‍ കൊടുക്കുന്നതിനു വിരോധമില്ലെന്നു പല മഹാന്‍മാരും – ഹദീസുകളുടെ വെളിച്ചത്തില്‍ തന്നെ – വ്യക്തമാക്കിയിരിക്കുന്നു. ഖുര്‍ആന്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തെ സംബന്ധിച്ചാണ് ഇപ്പറഞ്ഞത്. എനി വ്യാഖ്യാനം മുതലായ മറ്റു വിഷയങ്ങളുടെ കൂട്ടത്തില്‍ ഖുര്‍ആനും കൂടി ഉള്‍പ്പെടുന്നതോ, ഖുര്‍ആന്റെ ചില ഭാഗം മാത്രം ഉള്‍ക്കൊള്ളുന്നതോ ആയ ഗ്രന്ധമാകുമ്പോള്‍ ഈ ഇളവു കുറേകൂടി വിശാലവുമായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ഖുര്‍ആന്റെ നേരെ അവഹേളനത്തെ ഭയപ്പെടാതിരിക്കുകയും, എന്തെങ്കിലും പ്രയോജനം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആവശ്യമായ അളവില്‍ ഖുര്‍ആന്‍ അമുസ്ലിംകളുടെ കയ്യില്‍ കൊടുക്കുന്നതിനു വിരോധമില്ല. എന്നു മാത്രമല്ല, അതു ആവശ്യം കൂടിയാകുന്നു. ഇമാം അസ്‌ഖലാനീ (رحمه الله) ഈ വിഷയകമായി കൂടുതല്‍ വിവരിച്ചിട്ടുണ്ട്, (راجع فتح البارى ج 1 ص 324 و ج 6 ص81 وص 101 ഇവിടെ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. ‘ഫിഖ്ഹു’ ഗ്രന്ധങ്ങളാണ് അതിനുള്ള സ്ഥാനം. ഈ വിഷയകമായി മുഖവുരയിലും ചിലതെല്ലാം നാം മുമ്പ് പ്രസ്താവിച്ചിരിക്കുന്നു.

ആദരണീയവും, അല്ലാഹുവിങ്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടതും, പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കാത്തതും, അല്ലാഹു അവതിരിപ്പിച്ചതുമായ ഒരു പരിപാവന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നു മഹത്തായ ഒരു സത്യവാചകം മുഖേന അല്ലാഹു ഊന്നിപ്പറഞ്ഞിരിക്കയാണല്ലോ. അപ്പോള്‍, ആ ഗ്രന്ഥത്തെ ബാഹ്യമായും, ആന്തരികമായും നാം ബഹുമാനിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ആശയങ്ങളും, തത്വങ്ങളും, ഉപദേശങ്ങളും, വിധിവിലക്കുകളും ഗ്രഹിച്ചു മനസ്സിലാക്കുക, അവ സ്വീകരിക്കുക, അനുഷ്ഠിക്കുക, അതിലെ ലക്ഷ്യങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറ്റി ചിന്തിക്കുക, അതിന്റെ ദൗത്യങ്ങള്‍ പ്രചരിപ്പിക്കുക മുതലായതാണ് നാം അതിനോടു നിര്‍വ്വഹിക്കേണ്ടുന്ന പ്രധാന കടമകള്‍. അതുപോലെത്തന്നെ, ഹൃദയസാന്നിദ്ധ്യത്തോടെ എപ്പോഴും അതു വായിക്കുക, ശുദ്ധിയോടും ബഹുമാനത്തോടും കൂടി സ്പര്‍ശിക്കുക, വൃത്തികേടുള്ളതും നിന്ദ്യവുമായ സ്ഥാനങ്ങളില്‍പെടാതെ അതിനെ സൂക്ഷിക്കുക, അതിലെ വചനങ്ങളെക്കുറിച്ചു തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഇടവരുത്താതിരിക്കുക, മനപ്പാഠമാക്കുക, മനപ്പാഠമായതിനെ മറക്കാതിരിക്കുക, വായനാവേളയില്‍ അതിന്റെ നിയമങ്ങളും മര്യാദകളും ഗൗനിച്ചുകൊണ്ടും നല്ല ശബ്ദത്തോടുകൂടിയും ഭക്തിപുരസ്സരം വായിക്കുക, സുജൂടിന്റെ സ്ഥാനങ്ങളില്‍ സുജൂദ് ചെയ്യുക, അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ അതിനായി ദുആ ചെയ്യുക, ശിക്ഷകളെക്കുറിച്ചു പറയുമ്പോള്‍ അതില്‍നിന്നു രക്ഷക്കപേക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ ഖുര്‍ആന്റെ നേരെ നാം ആവര്‍ത്തിക്കേണ്ടുന്ന മര്യാദകളാകുന്നു. ഇവയില്‍ മിക്കതിനെക്കുറിച്ചും നബിവചനങ്ങളില്‍ പ്രത്യകം എടുതുപരഞ്ഞിട്ടുള്ളതാണ്താനും. പക്ഷേ, വ്യസനമെന്നു പറയട്ടെ, ഇന്നത്തെ മുസ്ലിംകളില്‍ അധികമാളുകളും ഇത്തരം കാര്യങ്ങളെ അവഗണിച്ചുകളയുകയും, ചിലര്‍ കേവലം ഒരു സാധാരണ പുസ്‌തകം മാത്രമെന്നോണം അതിനോടു പെരുമാറിവരുകയുമാണ് ചെയ്യുന്നത്. ഖുര്‍ആനിലുള്ള വിശ്വാസത്തിന്റെ തോതാനുസരിച്ചായിരിക്കും അതിനോടുള്ള ബഹുമാനം. ആ ബഹുമാനമനുസരിച്ചായിരിക്കും അതോടുള്ള പെരുമാറ്റവും. വിശ്വാസമാകട്ടെ -വായിലല്ല- ഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്നതും, പ്രവര്‍ത്തനത്തില്‍കൂടി പ്രകടമാകുന്നതുമാണ്. والله الموفق والمعين ഖുര്‍ആന്റെ മഹത്വങ്ങളെ ഓര്‍മ്മപ്പെടുത്തിയശേഷം അല്ലാഹു ചോദിക്കുന്നു:-

56:81
  • أَفَبِهَٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ ﴾٨١﴿
  • എന്നിരിക്കെ, ഈ വര്‍ത്തമാനത്തെക്കുറിച്ചാണോ നിങ്ങള്‍ മിനുക്കി (മൃദുവാക്കി) ക്കൊണ്ടിരിക്കുന്നു?!
  • أَفَبِهَـٰذَا الْحَدِيثِ എന്നിരിക്കെ ഈ വര്‍ത്തമാനം (വൃത്താന്തം) കൊണ്ടാണോ أَنتُم നിങ്ങള്‍ مُّدْهِنُونَ മിനുക്കുന്ന (മൃദുവാക്കുന്ന-മയപ്പെടുത്തുന്ന-നിസ്സാരമാക്കുന്ന)വരാകുന്നു
56:82
  • وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ ﴾٨٢﴿
  • നിങ്ങളുടെ ആഹാരം [ആഹാരത്തിനുളള നന്ദി] നിങ്ങള്‍ വ്യാജമാക്കുക എന്നുള്ളതാക്കുകയും ചെയ്യുന്നുവോ?!
  • وَتَجْعَلُونَ നിങ്ങള്‍ ആക്കുകയും ചെയ്യുന്നു رِزْقَكُمْ നിങ്ങളുടെ ആഹാരം, ഉപജീവനം أَنَّكُمْ تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നുവെന്നുള്ളതു

ഇത്രയും ആദരണീയവും ഗൗരവമേറിയതുമായ ഒരു വര്‍ത്തമാനമത്രേ ഖുര്‍ആന്‍. എന്നിട്ടും നിങ്ങളതിനെ കാര്യമായി വിലയിരുത്താതെ അതിനോടു കേവലം ഒരു മിനുക്കു നയം സ്വീകരിച്ച് – അഥവാ നിസ്സാരമാക്കി അവഗണിച്ചു- കൊണ്ടിരിക്കുകയാണോ! നിങ്ങള്‍ക്കു ആഹാരം തരുന്നതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ ഖുര്‍ആനില്‍ വിശ്വസിച്ച്‌ അവനോട് നന്ദികാണിക്കുന്നതിനു പകരം അതിനെ വ്യാജമാക്കി നിഷേധിക്കുകയും നന്ദികേട് കാണിക്കുകയുമാണോ ചെയ്യുന്നത്?! എന്നു സാരം.

56:83
  • فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ ﴾٨٣﴿
  • എന്നാല്‍, അതു [ജീവന്‍] തൊണ്ടക്കുഴിയിലെത്തുമ്പോള്‍, എന്തുകൊണ്ടായിക്കൂടാ.-
  • فَلَوْلَا എന്നാല്‍ ആയിക്കൂടെ, എന്തുകൊണ്ടു ഇല്ല إِذَا بَلَغَتِ അതു (ജീവന്‍) എത്തിയാല്‍ الْحُلْقُومَ തൊണ്ടക്കുഴിയില്‍
56:84
  • وَأَنتُمْ حِينَئِذٍ تَنظُرُونَ ﴾٨٤﴿
  • നിങ്ങള്‍ ആ സമയത്തു നോക്കിക്കൊണ്ടിരിക്കും;
  • وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حِينَئِذٍ അന്നേരം, ആ സമയം تَنظُرُونَ നോക്കിക്കൊണ്ടിരിക്കും
56:85
  • وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ﴾٨٥﴿
  • നാമാകട്ടെ, അവനോടു നിങ്ങളെക്കാളും സമീപസ്ഥനുമായിരിക്കും. എങ്കിലും, നിങ്ങള്‍ കാണുകയില്ല;-
  • وَنَحْنُ നാമോ, നാമാകട്ടെ أَقْرَبُ إِلَيْهِ അവനോടു ഏറ്റം സമീപസ്ഥനാണ് مِنكُمْ നിങ്ങളെക്കാള്‍ وَلَـٰكِن എങ്കിലും, പക്ഷേ لَّا تُبْصِرُونَ നിങ്ങള്‍ കാണുകയില്ല
56:86
  • فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ ﴾٨٦﴿
  • (അതെ) അപ്പോള്‍, നിങ്ങള്‍ പ്രതിഫലനടപടിക്കു വിധേയരല്ലാത്തവരാണെങ്കില്‍
    എന്തുകൊണ്ടായിക്കൂടാ,-
  • فَلَوْلَا അപ്പോള്‍ ആയിക്കൂടേ إِن كُنتُمْ നിങ്ങളാണെങ്കില്‍ غَيْرَ مَدِينِينَ പ്രതിഫല നടപടി എടുക്കപ്പെടുന്നവരല്ലാത്തവര്‍, നിയമ വിധേയരല്ലാത്തവര്‍
56:87
  • تَرْجِعُونَهَآ إِن كُنتُمْ صَٰدِقِينَ ﴾٨٧﴿
  • നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (എന്തുകൊണ്ട്) അതിനെ മടക്കിയെടുക്കുക (ആയിക്കൂടാ)?!
  • تَرْجِعُونَهَا നിങ്ങള്‍ അതിനെ മടക്കിയെടുക്കുക (ആയിക്കൂടെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

മരണാനന്തരജീവിതത്തെയും, അനന്തരനടപടികളെയും നിഷേധിക്കുകയും, പരിഹസിച്ചു പറയുകയും ചെയ്യുന്നവരാണല്ലോ നിങ്ങള്‍. നിങ്ങളുടെ വാദം ശരിയാണെങ്കില്‍ മരണാസന്നവേളയില്‍ എന്തുകൊണ്ടു മരണപ്പെടുന്നവന്റെ ജീവനെ നിങ്ങള്‍ മടക്കിയെടുക്കുന്നില്ല?! നിങ്ങള്‍ അവന്റെ അടുത്തിരുന്നു അവന്റെ സ്ഥിതിഗതി ഉറ്റുനോക്കിക്കൊണ്ടിരിക്കുമല്ലോ. വാസ്‌തവത്തില്‍ നിങ്ങളെക്കാള്‍ അവനുമായി ഏറ്റവും അടുത്തവന്‍ അല്ലാഹുവായിരിക്കും. പക്ഷേ, നിങ്ങള്‍ക്കതു കണ്ടറിയുവാന്‍ സാധിക്കുകയില്ല എന്നുമാത്രം. മരണപ്പെടുന്നവര്‍ നിങ്ങള്‍ പറയുംപോലെ നടപടികള്‍ക്കു വിധേയരല്ലെന്നുണ്ടെകില്‍ നിങ്ങള്‍ക്കവരെ മരണത്തില്‍നിന്നു എന്തുകൊണ്ടു രക്ഷിച്ചുകൂടാ?! ഇല്ല. നിങ്ങള്‍ക്കതിനു സാധ്യമല്ല. അവരുടെ അവധിവരുമ്പോള്‍ അവരെ അല്ലാഹു മരണപ്പെടുത്തുന്നു. മരണശേഷം അവന്റെ നടപടികള്‍ക്കു അവര്‍ വിധേയരാവുകയും ചെയ്യുന്നു. എന്നൊക്കെയാണ് ഈ വചനങ്ങളുടെ ആശയം. മനുഷ്യന്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ – മുമ്പു പ്രസ്താവിച്ചതുപോലെ – അവന്‍ താഴെ പറയുന്ന മൂന്നില്‍ ഒരു വിഭാഗത്തില്‍പെട്ടവനായിരിക്കും:-

56:88
  • فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ ﴾٨٨﴿
  • അപ്പോള്‍, അവന്‍ [മരണപ്പെടുന്നവന്‍] സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍,
  • فَأَمَّا അപ്പോള്‍, എന്നാല്‍ إِن كَانَ അവനാണെങ്കില്‍ مِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെട്ടവരില്‍പെട്ട(വന്‍)
56:89
  • فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ ﴾٨٩﴿
  • അപ്പോള്‍, (അവനു) ആശ്വാസവും, സന്തുഷ്ടമായ ആഹാരവും, സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗവും (ആയിരിക്കും)!
  • فَرَوْحٌ എന്നാല്‍ ആശ്വാസം, വിശ്രമം, സുഖം وَرَيْحَانٌ സന്തുഷ്ട (ആനന്ദകര)മായ ആഹാരവും وَجَنَّتُ نَعِيمٍ സുഖസൗഖ്യത്തിന്റെ (അനുഗ്രഹത്തിന്റെ) സ്വര്‍ഗ്ഗവും

മുന്‍ ആയത്തുകളില്‍ വിവരിച്ച السابقون  (മുന്‍കടന്നവര്‍) എന്ന അത്യുല്‍കൃഷ്ടവിഭാഗത്തെക്കുറിച്ചു 11-ാം വചനത്തില്‍ أُولَـٰئِكَ الْمُقَرَّبُونَ (അക്കൂട്ടര്‍ സാമീപ്യം സിദ്ധിച്ചവരാണ്:) എന്നു പറഞ്ഞുവല്ലോ. അതേ വിഭാഗത്തെക്കുറിച്ചാണ് ഇവിടെയും  الْمُقَرَّبُونَ (സാമീപ്യം – അഥവാ അല്ലാഹുവിന്റെ പ്രത്യേക സാമീപ്യം സിദ്ധിച്ചവര്‍) എന്നു പ്രശംസിക്കപ്പെട്ടിരിക്കുന്നത്.

56:90
  • وَأَمَّآ إِن كَانَ مِنْ أَصْحَٰبِ ٱلْيَمِينِ ﴾٩٠﴿
  • എന്നാല്‍, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,-
  • وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنْ أَصْحَابِ الْيَمِينِ വലതുഭാഗക്കാരില്‍പെട്ട (വന്‍)
56:91
  • فَسَلَٰمٌ لَّكَ مِنْ أَصْحَٰبِ ٱلْيَمِينِ ﴾٩١﴿
  • അപ്പോള്‍, വലതുപക്ഷക്കാരെപ്പറ്റി നിനക്കു സമാധാനം (തന്നെ)!
  • فَسَلَامٌ എന്നാല്‍ സമാധാനം, ശാന്തി, സലാം لَّكَ നിനക്കു, നിനക്കുണ്ട് مِنْ أَصْحَابِ الْيَمِينِ വലതുപക്ഷക്കാരെപ്പറ്റി, വലതു ഭാഗക്കാരില്‍ പെട്ടവനാണു (നീ)

അവരെക്കുറിച്ചു ഭയപ്പെടാനൊന്നുമില്ല. അവര്‍ക്കു അല്ലാഹുവില്‍ നിന്നു വളരെ നല്ല പ്രതിഫലമായിരിക്കും ലഭിക്കുകയെന്നു നിനക്കു സമാധാനിക്കാം എന്നു സാരം. ‘നിനക്കു (لك)’ എന്ന അഭിമുഖീകരണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചും, ഓരോ മനുഷ്യനെ ഉദ്ദേശിച്ചും ആവാം. വലതുപക്ഷക്കാരനായി മരണമടയു ന്നവനെത്തന്നെ അഭിമുഖീകരിചു പറഞ്ഞതും ആകാവുന്നതാണ്. അപ്പോള്‍, ഈ വചനത്തിന്റെ സാരം ഇപ്രകാരമായിരിക്കും: നിനക്കു (മലക്കുകളില്‍ നിന്നും മറ്റും) സലാം ഉണ്ടായിരിക്കും. ഇങ്ങിനെയും വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു. والله اعلم

56:92
  • وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ ﴾٩٢﴿
  • എനി, അവന്‍ ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിലോ,-
  • وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنَ الْمُكَذِّبِينَ വ്യാജമാക്കുന്നവരില്‍പെട്ട(വന്‍) الضَّالِّينَ ദുര്‍മാര്‍ഗ്ഗികളായ, വഴിപിഴച്ച
56:93
  • فَنُزُلٌ مِّنْ حَمِيمٍ ﴾٩٣﴿
  • എന്നാല്‍, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരം!-
  • فَنُزُلٌ എന്നാല്‍ വിരുന്നു, ആതിഥ്യം مِّنْ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിനാല്‍
56:94
  • وَتَصْلِيَةُ جَحِيمٍ ﴾٩٤﴿
  • ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും!
  • وَتَصْلِيَةُ കരിക്കലും, കാച്ചലും جَحِيمٍ ജ്വലിക്കുന്ന അഗ്നിയുടെ (‘ജഹീമാ’കുന്ന നരകത്തിന്റെ)

ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദക്കാര്‍ എന്നു പറഞ്ഞതു മുമ്പു പറഞ്ഞ ഇടതുപക്ഷക്കാരാണെന്നു വ്യക്തമാണ്. ആദ്യം മൂന്നു വിഭാഗക്കാരുടെയും ഭാവിയെക്കുറിച്ചു വിശദീകരിച്ചു പറഞ്ഞശേഷം, ഈ വചനങ്ങളില്‍ അതിന്റെ ഒരു രത്നച്ചുരുക്കം ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തിയതുകൊണ്ടും മതിയാക്കുന്നില്ല. അല്ലാഹു പറയുന്നു:-

56:95
  • إِنَّ هَٰذَا لَهُوَ حَقُّ ٱلْيَقِينِ ﴾٩٥﴿
  • നിശ്ചയമായും, ഇതു [ഇപ്പറഞ്ഞതെല്ലാം] തന്നെയാണ് ഉറപ്പായ യഥാര്‍ത്ഥം.
  • إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ തീര്‍ച്ചയായും അതു, അതുതന്നെയാണ് حَقُّ യഥാര്‍ത്ഥം സത്യമാകുന്നു الْيَقِينِ ഉറപ്പിന്റെ, ദൃഢമാകുന്ന
56:96
  • فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ﴾٩٦﴿
  • ആകയാല്‍, നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ തസ്ബീഹു [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക.
  • فَسَبِّحْ അതിനാല്‍ നീ സ്തോത്രകീര്‍ത്തനം ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍, നാമത്തെ الْعَظِيمِ മഹാനായ

ആര്‍ വിശ്വസിക്കട്ടെ, ആര്‍ വിശ്വസിക്കാതിരിക്കട്ടെ, സംഭവിക്കുവാനിരിക്കുന്ന യാഥാര്‍ത്ഥ്യം ഈ പറഞ്ഞതാണ്. തരിമ്പുപോലും സംശയത്തിനോ നീക്കതൂക്കത്തിനോ ഇടമില്ലാത്ത ഒരു യാഥാര്‍ത്ഥ്യമത്രെ അത്. അതുകൊണ്ടു അല്ലാഹുവിന്റെ നാമത്തെ വാഴ്ത്തിയും ഉയര്‍ത്തിയും മോക്ഷം നേടിക്കൊള്ളുവാന്‍ ഉപദേശിച്ചുകൊണ്ടു അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു.

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (നിന്റെ മഹാനായ രബ്ബിന്റെ നാമത്തില്‍ സ്തോത്രകീര്‍ത്തനം ചെയ്യുക.) എന്ന വചനം അവതരിച്ചപ്പോള്‍, ‘നിങ്ങള്‍ ഇതു നിങ്ങളുടെ (നമസകാരത്തിലെ) ‘റുകൂഇല്‍ ആക്കിക്കൊള്ളുവിന്‍’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തില്‍ സ്തോത്രകീര്‍ത്തനം ചെയ്യുക.) എന്ന വചനം അവതരിച്ചപ്പോള്‍, ‘നിങ്ങള്‍ ഇതു നിങ്ങളുടെ (നമസ്കാരത്തിലെ) ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും തിരുമേനി പറയുകയുണ്ടായി. (അ: ദാ: ജ.) ഇതനുസരിച്ചുകൊണ്ടാണ് മുസ്ലിംകളായ നാം നമ്മുടെ നമസ്കാരങ്ങളില്‍ ‘റുകൂഇ’ന്റെ വേളയില്‍ سبحان ربي العظيم (എന്റെ മഹാനായ റബ്ബിനു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു.) എന്നും, ‘സുജൂദി’ന്റെ വേളയില്‍ سبحان ربي الأعلي (എന്റെ അത്യുന്നതനായ റബ്ബിനു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു.) എന്നും ആവര്‍ത്തിച്ചു ചൊല്ലാറുള്ളത്.

ഹദീസിന്റെ പണ്ഡിതന്മാര്‍ പലരും നിവേദനം ചെയ്‌തതും, ഇമാം ബുഖാരീ (رحمه الله) അദ്ധേഹത്തിന്റെ പരിശുദ്ധഗ്രന്ഥത്തിലെ അവസാനത്തെ ഹദീസുമായി ഉദ്ധരിച്ചതുമായ ഒരു പ്രസിദ്ധ നബിവചനം ഇവിടെ ശ്രദ്ധേയമാകുന്നു. തിരുമേനി അരുളിച്ചെയ്തിരിക്കുന്നു: ‘നാവിനു ലഘുവായ, തുലാസ്സില്‍ ഭാരമേറിയതായ, പരമകാരുണികന്റെ അടുക്കല്‍ പ്രിയംകരമായ രണ്ടുവാക്കുകളത്രേ سبحان الله وبحمده سبحان الله العظيم (അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഞാന്‍ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു; മഹാനായ അല്ലാഹുവിനു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു.)

سبــحانــك اللــهــم ربنـا ولــك الحــمـد ولـك المـنـة والـفـضل