സൂറത്തുല്‍ വാഖിഅഃ : 01-38
വാഖിഅഃ (സംഭവം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 96 – വിഭാഗം (റുകൂഅ്) 3
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- إِذَا وَقَعَتِ ٱلْوَاقِعَةُ ﴾١﴿
- (ആ) സംഭവം സംഭവിച്ചാല്‍...! [ഹാ, അതിഭയങ്കരം തന്നെ!]
- إِذَا وَقَعَتِ സംഭവിച്ചാല്‍, ഉണ്ടായാല്‍ الْوَاقِعَةُ (ആ) സംഭവം
- لَيْسَ لِوَقْعَتِهَا كَاذِبَةٌ ﴾٢﴿
- അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നും തന്നെ ഇല്ല.
- لَيْسَ ഇല്ല لِوَقْعَتِهَا അതിന്റെ സംഭവ്യതയെ, സംഭവിക്കുന്ന സമയത്തു كَاذِبَةٌ കളവാക്കുന്ന (നിഷേധിക്കുന്ന) ഒന്നും
- خَافِضَةٌ رَّافِعَةٌ ﴾٣﴿
- (അതുതരം) താഴ്ത്തുന്നതാണ്, ഉയര്‍ത്തുന്നതുമാണ്.
- خَافِضَةٌ താഴ്ത്തുന്നതാണ് رَّافِعَةٌ ഉയര്‍ത്തുന്നതാണ്
- إِذَا رُجَّتِ ٱلْأَرْضُ رَجًّا ﴾٤﴿
- ഭൂമി ഒരു (കഠിനമായ) വിറവിറപ്പിക്കപ്പെട്ടാല്‍, –
- إِذَا رُجَّتِ വിറപ്പിക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി رَجًّا ഒരു വിറ
- وَبُسَّتِ ٱلْجِبَالُ بَسًّا ﴾٥﴿
- മലകള്‍ പൊടിച്ചു തരിപ്പണമാക്കപ്പെടുകയും.
- وَبُسَّتِ പൊടിക്ക (നുറുക്ക)പ്പെടുകയും الْجِبَالُ മലകള്‍ بَسًّا ഒരു പൊടിക്കല്‍, നുറുക്കല്‍
- فَكَانَتْ هَبَآءً مُّنۢبَثًّا ﴾٦﴿
- അങ്ങനെ, അതു ചിതറിയ ധൂളിയായിത്തീരുകയും.
- فَكَانَتْ എന്നിട്ടു അതു ആയിത്തീര്‍ന്നു هَبَاءً ധൂളി مُّنبَثًّا ചിതറിയ, നിരന്ന
- وَكُنتُمْ أَزْوَٰجًا ثَلَـٰثَةً ﴾٧﴿
- നിങ്ങള്‍ മൂന്നു (തരത്തിലുള്ള) ഭാഗങ്ങളായിത്തീരുകയും (ചെയ്‌താല്‍)...!
- وَكُنتُمْ നിങ്ങളായിത്തീരുകയും أَزْوَاجًا ഇണകള്‍ (തരക്കാര്‍, വിഭാഗക്കാര്‍) ثَلَاثَةً മൂന്നു
ലോകാവസാനസമയമാകുന്ന ഖിയാമത്തിനെക്കുറിച്ചാണ് ‘സംഭവം’ (الْوَاقِعَةُ) എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേര്‍ വന്നത്. ‘ആസന്നസംഭവം’ (الازفة), ‘ഭയങ്കര സംഭവം’ (القارعة) എന്നിങ്ങിനെയുള്ള അതിന്റെ മറ്റു പേരുകളെപ്പോലെത്തന്നെ, ഇതും അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക അവിശ്വാസികളുടെ പതിവാണ്. എന്നാല്‍, ഈ മഹാസംഭവം സംഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുവാനോ വ്യജമാക്കുവാനോ, തടയുവാനോ ആര്‍ക്കും സാധ്യമല്ല. അതിന്റെ മുമ്പില്‍ ഭയവിഹ്വലരായി മുട്ടുകുത്താത്ത ഒരാളും ഉണ്ടായിരിക്കയുമില്ല. ചില ആളുകളെ – അതെ, ദുര്‍ജ്ജനങ്ങളെ -അതു അങ്ങേ അറ്റം തരംതാഴ്ത്തുന്നു. ചില ആളുകളെ -അതെ, സജ്ജനങ്ങളെ- അതു അങ്ങേ അറ്റം ഉയര്‍ത്തുകയും ചെയ്യുന്നു. അന്നാണല്ലോ ഓരോരുത്തന്റെയും നന്മതിന്മകളുടെ യഥാര്‍ത്ഥഫലം അനുഭവപ്പെടുക. അന്ത്യനാളില്‍ ഇന്നത്തെ ലോകഘടനഎല്ലാം മാറി മറ്റൊരു ഘടന നിലവില്‍ വരുന്നു. അന്നത്തെ സംഭവവികാസങ്ങളെപ്പറ്റി ഖുര്‍ആന്‍ പലപ്പോഴും പ്രസ്ഥാവിക്കാറുള്ളതാണ്. താഴെ സൂറത്തുകളില്‍ ഇതു കൂടുതല്‍ കാണാവുന്നതുമാണ്. അവയില്‍ ചിലതത്രെ 4-6 വചനങ്ങളില്‍ കാണുന്നത്.
ഖിയാമത്തുനാളില്‍ ജനങ്ങള്‍ മൂന്നുതരക്കാരായി തരം തിരിയുമെന്നും, ആ തരങ്ങള്‍ ഏതൊക്കെയാണെന്നും, ഓരോ തരക്കാരുടെയും സ്ഥിതിഗതികള്‍ എങ്ങിനെയായിരിക്കുമെന്നും ഈ സൂറത്തില്‍ അല്ലാഹു വിവരിച്ചു പറഞ്ഞിരിക്കുന്നു. 7-ാം വചനത്തില്‍ ‘നിങ്ങള്‍ മൂന്നു തരക്കാരായിത്തീരും’ എന്നു പറഞ്ഞശേഷം 8-10 വചനങ്ങളില്‍ മൂന്നു തരക്കാരെക്കുറിച്ചും ഒരു സാമാന്യവിവരണം നല്‍കുന്നു. പിന്നീട് ഏറ്റവും ഉയര്‍ന്ന തരക്കാരായ അതിഭാഗ്യവാന്‍മാരെപ്പറ്റി 11-26 ലും, രണ്ടാമത്തെ തരക്കാരായ ഭാഗ്യവാന്‍മാരെപ്പറ്റി 27-40 ലും, മൂന്നാമത്തെ തരക്കാരായ ദുര്‍ഭാഗ്യവാന്‍മാരെപ്പറ്റി 41-56 ലും, വിശദീകരിച്ചിരിക്കുന്നു: അനന്തരം പല ദൃഷ്ടാന്തങ്ങളെയും, അനുഗ്രഹങ്ങളെയും സംബന്ധിച്ചു പ്രസ്താവിച്ച ശേഷം, സൂറത്തിന്റെ അവസാനത്തില്‍ -88 മുതല്‍ 94 വരെ വചനങ്ങളിലായി- ആ മൂന്നു തരക്കാരെപ്പറ്റി വീണ്ടും ചുരുങ്ങിയ ഒരു വിവരണം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:-
- فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ ﴾٨﴿
- എന്നുവെച്ചാല്‍, (സൗഭാഗ്യത്തിന്റെ) വലതുപക്ഷക്കാര്‍; എന്താണ് (ഈ) വലതു പക്ഷക്കാര്‍...?! [ആശ്ചര്യം തന്നെ]
- فَأَصْحَابُ എന്നാല്‍ (എന്നുവെച്ചാല്‍) ആള്‍ക്കാര്‍, കൂട്ടുകാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ, വലതിന്റെ, സൗഭാഗ്യത്തിന്റെ, ശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്‍ക്കാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ....
- وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ ﴾٩﴿
- (ദൗര്‍ഭാഗ്യത്തിന്റെ) ഇടതുപക്ഷക്കാരും; എന്താണ് (ഈ) ഇടതുപക്ഷക്കാര്‍...?! [അതും ആശ്ചര്യം തന്നെ]
- وَأَصْحَابُ ആള്ക്കാരും ٱلْمَشْـَٔمَةِ ഇടതുപക്ഷത്തിന്റെ, ഇടതിന്റെ, ദൗര്ഭാഗ്യത്തിന്റെ, അശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്ക്കാര് ٱلْمَشْـَٔمَةِ ഇടതുപക്ഷത്തിന്റെ
- وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ ﴾١٠﴿
- മുന്‍കടന്നവര്‍ മുന്‍കടന്നവര്‍ തന്നെ!
- وَالسَّابِقُونَ മുന്‍കടന്നവര്‍, മുമ്പന്മാര്‍, മുന്നോട്ടു വന്നവര്‍ السَّابِقُونَ മുന്‍കടന്നവര്‍ (മുമ്പന്മാര്‍) തന്നെ
‘ശുഭം, ഭാഗ്യം, അഭിവൃദ്ധി, ആശീര്‍വ്വാദം, വലത്തുഭാഗം’ എന്നൊക്കെയുള്ള അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന يمن (യുംന്) എന്ന ധാതുവില്‍നിന്നുള്ളതും, ഏറെക്കുറെ ആ അര്‍ത്ഥങ്ങളെല്ലാം പരിഗണിക്കപ്പെട്ടിട്ടുള്ളതുമായ വാക്കാണ് ميمنة (മൈമനത്ത്). ഇതിന്റെ നേരെ വിപരീതമാണ് شؤم (ശുഅ്മ്) ഉം مشئمة (മശ്അമത്തു)ഉം. അപ്പോള്‍ വലതുപക്ഷക്കാര്‍ എന്നു നല്ല വിഭാഗക്കാരെയും ഇടതുപക്ഷക്കാര്‍ എന്നു ചീത്തവിഭാഗക്കാരെയും കുറിക്കുന്നുവെന്നു മനസ്സിലാക്കാം. (*)
(*) മാന്യവും നല്ലതുമായ കാര്യങ്ങളില്‍ വലതുഭാഗവും, അല്ലാത്തവയില്‍ ഇടതുഭാഗവും മുന്തിക്കണമെന്നുള്ള ഇസ്‌ലാമിക മര്യാദയില്‍ അടങ്ങിയ രഹസ്യം ഏറെക്കുറെ ഇതില്‍ നിന്നു ഊഹിക്കാം. ഇംഗ്ലീഷിലെ Right, Left എന്നീ വാക്കുകള്‍ ഏതാണ്ട് ഈ അര്‍ത്ഥങ്ങളുള്ളതായി കാണാം. മലയാളത്തിലെ ഇടതിലും വലതിലും തന്നെ ചിലതെല്ലാം ഇല്ലാതില്ല. പക്ഷേ, ഇന്നത്തെ ‘പുരോഗമന’ ലഹരിയില്‍ പലര്‍ക്കും ഇട-വല വ്യത്യാസം കാണുന്നില്ലെങ്കില്‍ അതിലത്ഭുതമില്ല.
7-ാം വചനത്തില്‍ പ്രസ്താവിച്ച ആ മൂന്നുതരക്കാര്‍ ആരാണെന്നു ഈ വചനങ്ങളില്‍ നിന്നു വ്യക്തമാകുന്നു.
(1) സൗഭാഗ്യത്തിന്റെ ആള്‍ക്കാരായ വലതുപക്ഷക്കാര്‍ (أَصْحَابُ الْمَيْمَنَةِ) സത്യവിശ്വാസവും, സല്ക്കര്‍മ്മവും വഴി അല്ലാഹുവിന്റെ പ്രീതിക്കും പാപമോചനത്തിനും പാത്രമായവര്‍ എന്നു താല്‍പര്യം.
(2) ദൗര്‍ഭാഗ്യത്തിന്റെ ആള്‍ക്കാരായ ഇടതുപക്ഷക്കാര്‍ (أَصْحَابُ ٱلْمَشْـَٔمَةِ). അവിശ്വാസവും ദുഷ്കര്‍മ്മവും മൂലം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അര്‍ഹാരായവരാണിത്. അടിമകളെ മോചിപ്പിക്കുക, അനാഥകള്‍ക്കും, സാധുക്കള്‍ക്കും ഭക്ഷണം നല്‍കുക, സത്യവിശ്വാസം സ്വീകരിക്കുക, ക്ഷമയെയും കാരുണ്യത്തെയും കുറിച്ചു പരസ്പരം ഉപദേശിക്കുക മുതലായവ അനുഷ്ഠിക്കുന്നവരെ ചൂണ്ടി ക്കൊണ്ടു ‘അവരത്രെ വലതുപക്ഷക്കാര്‍’ (اولئك هم اصحاب الميمنة) എന്നും, അല്ലാഹുവിന്റെ ആയത്തുകളില്‍ അവിശ്വസിക്കുന്നവരെ ചൂണ്ടിക്കൊണ്ട് ‘അവരത്രെ ഇടതുപക്ഷക്കാര്‍’ (اولئك هم اصحاب المشئمة) എന്നും സൂറത്തുല്‍ ബലദില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഒന്നാം വിഭാഗത്തിന്റെ ലാഭനേട്ടങ്ങളെയും, രണ്ടാം വിഭാഗത്തിന്റെ നാശനഷ്ടങ്ങളെയും കുറിച്ചു പറയേണ്ടതില്ല, അഥവാ, രണ്ടും അങ്ങേ അറ്റം ആശ്ചര്യകരമാകുന്നുവെന്നത്രെ 8ഉം 9ഉം വചനങ്ങളിലെ ചോദ്യങ്ങളുടെ ഉദ്ദേശ്യം.
(3) മുന്‍കടന്നവര്‍ (السَّابِقُونَ). അതായതു, എല്ലാ പ്രതികൂലശക്തികളെയും തട്ടിനീക്കി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം അനുഷ്ടിക്കുന്നതിലും, സല്‍കര്‍മ്മങ്ങള്‍ ചെയ്ത് പുണ്യം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചുവെച്ചു മുന്നോട്ടുവന്ന മഹാഭാഗ്യവാന്മാര്‍. ‘നിങ്ങളുടെ റബ്ബിന്റെ പക്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമിയോളം വിശാലതയുള്ള സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടന്നു വരുവിന്‍’ എന്നു അടുത്ത അദ്ധ്യായം 21ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. ഏതാണ്ടു അതേപ്രകാരം സൂ: ആലുഇംറാന്‍ 133ലും കാണാം. അല്ലാഹുവിന്റെ ഇതുപോലുള്ള ആഹ്വാനങ്ങളെ സ്വീകരിക്കുന്നതില്‍ അവര്‍ മുന്‍നിരയിലായിരുന്നതുപോലെ, അവന്റെ പക്കല്‍ നിന്നു ലഭിക്കുന്ന സ്ഥാനമാനങ്ങളിലും, അവന്റെ സാമീപ്യത്തിലും അവര്‍ മുമ്പന്മാരാകുന്നു. നബിമാര്‍, സിദ്ധീഖുകള്‍, ശഹീദുകള്‍, സ്വാലിഹുകള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ മഹാഭാഗ്യവാന്മാരെ ചൂണ്ടിക്കാട്ടി ക്കൊണ്ടു അല്ലാഹു പറയുന്നു:-
- أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ ﴾١١﴿
- അക്കൂട്ടര്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവരത്രെ:-
- أُولَـٰئِكَ ആ കൂട്ടര്‍ الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട (സിദ്ധിച്ച)വരാകുന്നു
- فِى جَنَّـٰتِ ٱلنَّعِيمِ ﴾١٢﴿
- (അതെ) സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍!
- فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ അനുഗ്രഹത്തിന്റെ, സുഖാനുഭവത്തിന്റെ
- ثُلَّةٌ مِّنَ ٱلْأَوَّلِينَ ﴾١٣﴿
- ആദ്യത്തേവരില്‍നിന്നു ഒരു (വലിയ) കൂട്ടം;
- ثُلَّةٌ ഒരു കൂട്ടം, സമൂഹം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ (പൂര്‍വ്വന്മാരില്‍) നിന്ന്
- وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ ﴾١٤﴿
- പിന്നീടുള്ളവരില്‍ നിന്നു അല്‍പവും.
- وَقَلِيلٌ കുറച്ചും, അല്‍പവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലുള്ള)വരില്‍ നിന്നു
الْأَوَّلِينَ (ആദ്യത്തേവര്‍) എന്നു പറഞ്ഞതു പൂര്‍വ്വസമുദായങ്ങളെ ഉദ്ദേശിച്ചും الْآخِرِينَ (പിന്നീടുള്ളവര്‍) എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായത്തെ ഉദ്ദേശിച്ചുമാണെന്നാണ് ഇബ്‌നു ജരീര്‍ (رحمه الله) മുതലായ ഒരു വിഭാഗം മുഫസ്സിറുകളുടെ അഭിപ്രായം. എത്രയോ പ്രവാചകന്മാരും അവരുടെ സമുദായങ്ങളും മുമ്പ് കഴിഞ്ഞു പോയിട്ടുണ്ടല്ലോ. അവരിലെല്ലാംകൂടി ഉണ്ടായിട്ടുള്ള ത്യാഗീവര്യന്മാരായ മഹാന്മാരുടെ എണ്ണം, ഈ സമുദായത്തില്‍ മാത്രമുള്ള അത്തരക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് അധികമായിരിക്കുമെന്നാണ് ഈ വചനങ്ങളുടെ താല്‍പര്യം എന്നും അവര്‍ പറയുന്നു.
ഇതേ സമുദായത്തില്‍തന്നെയുള്ള മുന്‍ഗാമികളെയും, പിന്‍ഗാമികളെയും ഉദ്ദേശിച്ചാണ് ‘ആദ്യത്തേവര്‍’ എന്നും, ‘പിന്നീടുള്ളവര്‍’ എന്നും പറഞ്ഞിരിക്കുന്നതു എന്നത്രെ ഇബ്‌നു കഥീര്‍ (رحمه الله) മുതലായ മറ്റൊരു വിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഈ അഭിപ്രായമാണു കൂടുതല്‍ നന്നായി തോന്നുന്നത്. الله اعلم ഒരു സമുദായത്തിന്റെ ആദ്യകാലങ്ങളില്‍ സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുമ്പോട്ടുവന്നവര്‍, ആ സമുദായത്തിലെ പില്‍ക്കാലത്തുള്ളവരേക്കാള്‍ ത്യാഗം ചെയ്തവരും, പ്രതികൂല ശക്തികള്‍ക്കെതിരില്‍ ആത്മാര്‍പ്പണം നടത്തി തങ്ങളുടെ പിന്‍ഗാമികളുടെ മാര്‍ഗ്ഗതടസ്സങ്ങള്‍ ലഘൂകരിച്ചുകൊടുത്തവരും ആയിരിക്കുമെന്നു പറയേണ്ടതില്ല. ആ നിലക്ക് – ഈ സമുദായത്തിലാകട്ടെ മറ്റു സമുദായത്തിലാകട്ടെ – പിന്‍ഗാമികളെ അപേക്ഷിച്ച് മുന്‍ഗാമികളിലായിരിക്കും ‘മുന്‍കടന്നവരു’ടെ (السَّابِقُونَ) എണ്ണം കൂടുതലുണ്ടായിരിക്കുക എന്നു വ്യക്തമാണ്, അല്ലാഹു പറയുന്നു:
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ الخ – التوبة 100
(സാരം: മുഹാജിറുകളില്‍നിന്നും, അന്‍സാരികളില്‍നിന്നുമുള്ള ആദ്യത്തേവരായ മുന്‍കടന്നവരും, സുകൃതം മുഖേന അവരെ പിന്തുടരുന്നവരുമാകട്ടെ, അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അടിഭാഗത്തുകൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ -അവരതില്‍ നിത്യവാസികളായ നിലയില്‍- അവന്‍ അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അതത്രെ, വമ്പിച്ച വിജയം. (സൂ : തൗബഃ 100)
ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘തലമുറകളില്‍വെച്ച് കൂടുതല്‍ ഉത്തമമായതു എന്റെ തലമുറയാകുന്നു. പിന്നീടു അവരോടു അടുത്തുവരുന്നതും’. (ബു ; മു) ഹസന്‍ (റ) 11,12 എന്നീ വചനങ്ങള്‍ ഓതിക്കൊണ്ട് ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.: ‘മുന്‍കടന്നവര്‍ (السَّابِقُونَ) കാലം ചെന്നു പോയി. പക്ഷേ, അല്ലാഹുവേ, നീ ഞങ്ങളെ വലതുപക്ഷക്കാരു (اصحاب اليمين)ടെ കൂട്ടത്തില്‍ ആക്കിത്തരേണമേ!’ (ابن ابى حاتم)
- عَلَىٰ سُرُرٍ مَّوْضُونَةٍ ﴾١٥﴿
- മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിന്മേലായിരിക്കും (അവര്‍);
- عَلَىٰ سُرُرٍ കട്ടിലു(പര്യങ്കം)കളിന്മേല്‍ مَّوْضُونَةٍ മടഞ്ഞുണ്ടാക്കപ്പെട്ട, നെയ്യപ്പെട്ട
- مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ ﴾١٦﴿
- അന്യോന്യം അഭിമുഖരായ നിലയില്‍ അവയില്‍ ചാരിയിരുന്നു (സുഖിച്ചും) കൊണ്ട്.
- مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടു عَلَيْهَا അവയില്‍, അവമേല്‍ مُتَقَابِلِينَ അന്യോന്യം അഭിമുഖരായി (നേരിട്ടു) കൊണ്ടു
സ്വര്‍ണ്ണത്തിന്റെ ഇഴകളാല്‍ മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളായിരിക്കും അവയെന്നു ഇബ്നു അബ്ബാസ്, മുജാഹിദ്, ഇക്‌രിമഃ, ഖത്താദഃ (رحمه الله) മുതലായവരും, മുത്തും സ്വര്‍ണ്ണവും ചേര്‍ത്തു മടയപ്പെട്ടവ എന്നു സുദ്ദീ (റ) യും പറഞ്ഞതായി നിവേദനങ്ങളുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും സ്വര്‍ഗ്ഗത്തിലെ ഓരോ വസ്തുവും തന്നെ, നമ്മുടെ ഭൗതിക വസ്തുക്കളില്‍ നിന്നും എത്രയോ ഉന്നതമായിരിക്കുമെന്നു തീര്‍ച്ചയാണ്.
- يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ ﴾١٧﴿
- സ്ഥിരവാസം നല്‍കപ്പെട്ടവരായ ബാലന്‍മാര്‍ അവരില്‍ (സേവനത്തിനായി) ചുറ്റിസഞ്ചരിച്ചു കൊണ്ടിരിക്കും;
- يَطُوفُ عَلَيْهِمْ അവരില്‍ ചുറ്റും, സഞ്ചരിക്കും وِلْدَانٌ കുട്ടികള്‍, ബാലന്‍മാര്‍ مُّخَلَّدُونَ ശാശ്വത (സ്ഥിര)വാസം നല്‍കപ്പെട്ട
- بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴾١٨﴿
- കോപ്പകളും, കൂജകളും, ഉറവുനീരിന്റെ (അഥവാ കള്ളിന്റെ) പാനപാത്രവും സഹിതം.
- بِأَكْوَابٍ കോപ്പകളുമായി وَأَبَارِيقَ കൂജകളുമായും وَكَأْسٍ പാനപാത്രവും مِّن مَّعِينٍ ഉറവുനീരിന്റെ (കള്ളിന്റെതായ)
- لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴾١٩﴿
- അവമൂലം അവര്‍ക്കു തലവേദനയുണ്ടാവുകയില്ല: ലഹരിബാധിക്കുകയുമില്ല.
- لَّا يُصَدَّعُونَ അവര്‍ക്കു തലവേദന (തലക്കുത്തു) പിടിപെടുകയില്ല عَنْهَا അതിനാല്‍ وَلَا يُنزِفُونَ അവര്‍ക്കു ലഹരി (മത്തു) പിടിക്കയുമില്ല
- وَفَـٰكِهَةٍ مِّمَّا يَتَخَيَّرُونَ ﴾٢٠﴿
- അവര്‍ ഉത്തമമായി (തിരഞ്ഞെടുത്തു) സ്വീകരിക്കുന്ന തരത്തില്‍പെട്ട പഴവര്‍ഗ്ഗങ്ങളും.
- وَفَاكِهَةٍ പഴവര്‍ഗ്ഗവും مِّمَّا യാതൊരു തരത്തില്‍പെട്ട يَتَخَيَّرُونَ അവര്‍ തിരഞ്ഞെടുക്കുന്നു, നന്നായിക്കാണുന്ന
- وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ﴾٢١﴿
- അവര്‍ ഇച്ഛിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും (സഹിതം അവര്‍ ചുറ്റിനടക്കും).
- وَلَحْمِ طَيْرٍ പക്ഷിമാസവും مِّمَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന
അവര്‍ ഇഷ്ടപ്പെടുന്നതും, അവര്‍ക്കാവശ്യമുള്ളതുമായ വിവിധതരം ഭക്ഷണപദാര്‍ഥങ്ങളും, സുഖഭോജ്യങ്ങളും പാനീയങ്ങളുമെല്ലാം അവര്‍ക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവരെ സേവിക്കുകയും പരിചരിക്കുകയും ചെയ്‌വാന്‍ സ്വര്‍ഗ്ഗീയ ബാലഭൃത്യന്മാര്‍ സദാ സന്നദ്ധരായിരിക്കുമെന്നു താല്‍പര്യം. ഭൂമിയിലെ കള്ളിന്റെ ദോഷങ്ങള്‍ കുപ്രസിദ്ധമാണല്ലോ. അങ്ങിനെയുള്ള ദോഷങ്ങളൊന്നും സ്വര്‍ഗ്ഗത്തിലെ കള്ളിനില്ല. അവ തമ്മില്‍ പേരില്‍ മാത്രമേ യോജിപ്പുള്ളു എന്നു 19ാം വാക്യം ചൂണ്ടിക്കാട്ടുന്നു:-
- وَحُورٌ عِينٌ ﴾٢٢﴿
- വിശാല നേത്രകളായ വെള്ളമെയ്യാമണി(കളായ സ്‌ത്രീ) കളുമുണ്ടായിരിക്കും;
- وَحُورٌ വെളുത്ത മെയ്യാമണി (സുന്ദരി)കളും عِينٌ വിശാലനേത്രകളായ
- كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ ﴾٢٣﴿
- (അതെ, ചിപ്പികളില്‍) ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍!
- كَأَمْثَالِ പോലെയുള്ളവര്‍ اللُّؤْلُؤِ മുത്തു الْمَكْنُونِ ഒളിക്ക (സൂക്ഷിക്ക)പ്പെട്ട
- جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴾٢٤﴿
- അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു പ്രതിഫലമായിട്ടത്രെ (ഇതെല്ലാം നല്‍കപ്പെടുന്നത്).
- جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവര്‍ത്തിക്കും
- لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴾٢٥﴿
- അവര്‍ അവിടത്തില്‍വെച്ച് അനാവശ്യമാകട്ടെ, കുറ്റകരമായതാകട്ടെ ഒന്നും കേള്‍ക്കുകയില്ല.
- لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടത്തില്‍ لَغْوًا ഒരു അനാവശ്യവും وَلَا تَأْثِيمًا കുറ്റകരമായതുമില്ല
- إِلَّا قِيلًا سَلَـٰمًا سَلَـٰمًا ﴾٢٦﴿
- ‘സലാം, സലാം’ എന്നു പറയപ്പെടുന്നതല്ലാതെ.
- إِلَّا قِيلًا പറയപ്പെടുന്നതു (വാക്കു) അല്ലാതെ سَلَامًا سَلَامًا ‘സലാം സലാം’ എന്നു
സന്തോഷത്തിന്റെയും, ബഹുമാനാദരവിന്റെയും അഭിവാദ്യമായ – ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമായ – രക്ഷയുടെയും കാവലിന്റെയും പ്രാര്‍ത്ഥനയായ – ‘സലാമു’കളും, സ്വീകരണത്തിന്റെ വാക്കുകളും മാത്രമായിരിക്കും അവര്‍ക്കവിടെ ഏതിടത്തിലും കേള്‍ക്കുമാറാകുക. (സൂ: അഹ്സാബ് 44ഉം, വ്യാഖ്യാനവും ഓര്‍ക്കുക.) അടുത്ത വചനം മുതല്‍ വലതുപക്ഷക്കാരുടെ സ്ഥിതിഗതികള്‍ വിവരിക്കുന്നു:-
- وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ ﴾٢٧﴿
- വലതു ഭാഗക്കാരാകട്ടെ, എന്താണ് (ഈ) വലതു ഭാഗക്കാര്‍?! [ആശ്ചര്യം തന്നെ]
- وَأَصْحَابُ الْيَمِينِ വലതുഭാഗക്കാരാകട്ടെ مَا أَصْحَابُ الْيَمِينِ എന്താണു വലതു ഭാഗക്കാര്‍
- فِى سِدْرٍ مَّخْضُودٍ ﴾٢٨﴿
- മുള്ള് ഉരിയപ്പെട്ട [മുള്ളില്ലാത്ത] ഇലന്തമരങ്ങളിലായിരിക്കും (അവര്‍ കഴിഞ്ഞു കൂടുക)
- فِي سِدْرٍ ഇലന്തവൃക്ഷത്തിലായിരിക്കും مَّخْضُودٍ മുള്ളു ഉരിയപ്പെട്ട (മുള്ളില്ലാത്ത), ഫലം അധികരിച്ച
- وَطَلْحٍ مَّنضُودٍ ﴾٢٩﴿
- (പഴം) അടുക്കിവെക്കപ്പെട്ട വാഴകളിലും.
- وَطَلْحٍ വാഴകളിലും, ‘ത്വല്‍ഹു’ മരത്തിലും مَّنضُودٍ അടുക്കിവെക്കപ്പെട്ട
- وَظِلٍّ مَّمْدُودٍ ﴾٣٠﴿
- നീണ്ടു (വിശാലമായി) കിടക്കുന്ന തണലിലും.
- وَظِلٍّ തണലിലും, നിഴലിലും مَّمْدُودٍ നീട്ടി ഇടപ്പെട്ട (വിശാലമായ)
- وَمَآءٍ مَّسْكُوبٍ ﴾٣١﴿
- (സദാ) ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന ജലത്തിലും.
- وَمَاءٍ വെള്ളത്തിലും مَّسْكُوبٍ ചൊരിയപ്പെട്ട (ഒഴുകുന്ന)
- وَفَـٰكِهَةٍ كَثِيرَةٍ ﴾٣٢﴿
- ധാരാളമായ പഴ വര്‍ഗ്ഗത്തിലും.
- وَفَاكِهَةٍ പഴവര്‍ഗ്ഗത്തിലും كَثِيرَةٍ അധിക (ധാരാള)മായ
- لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴾٣٣﴿
- ഭംഗം വരുത്തപ്പെടാത്തതും, മുടക്കം ചെയ്യപ്പെടാത്തതുമായ (പഴവര്‍ഗ്ഗങ്ങളില്‍).
- لَّا مَقْطُوعَةٍ മുറിക്ക (ഭംഗം വരുത്ത) പ്പെടാത്ത وَلَا مَمْنُوعَةٍ മുടക്കം (തടസ്സം) ചെയ്യപ്പെടാത്തതും
- وَفُرُشٍ مَّرْفُوعَةٍ ﴾٣٤﴿
- ഉയര്‍ന്ന (തരം) വിരുപ്പുകളിലും (ആയിരിക്കും അവര്‍ കഴിഞ്ഞു കൂടുക).
- وَفُرُشٍ വിരുപ്പുകളിലും مَّرْفُوعَةٍ ഉയര്‍ത്തപ്പെട്ട (ഉയര്‍ന്ന)
വലതുപക്ഷക്കാരായ ആ ഭാഗ്യവാന്‍മാര്‍ക്കു ലഭിക്കുന്ന സ്വര്‍ഗ്ഗീയ വിഭവങ്ങളുടെ ചില ഉദാഹരണങ്ങളാണിവിടെ ചൂണ്ടിക്കാട്ടുന്നത്.
(1) മുള്ളു ഉരിയപ്പെട്ട ഇലന്തവൃക്ഷങ്ങള്‍. ഭൂമിയിലെ ഇലന്തമരങ്ങള്‍ മുള്ളുനിറഞ്ഞതും കായകുറഞ്ഞതുമായിരിക്കും. ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ, തീരെ മുള്ളില്ലാത്തതു – അഥവാ ഫലത്തിന്റെ ആധിക്യത്താല്‍ മുള്ളിനു നില്‍ക്കുവാന്‍ പഴുതില്ലാത്തതായിരിക്കും.
(2) അടുക്കടുക്കായി ധാരാളക്കണക്കില്‍ പഴം തിങ്ങി നിറഞ്ഞ വാഴവൃക്ഷങ്ങള്‍. അറേബ്യയിലുള്ള ഏതോ ഒരു മുള്‍വൃക്ഷത്തിന്റെ പേരാണ് طلح(ത്വല്‍ഹു) എന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു.
(3)ദീര്‍ഘവിശാലമായ തണലുകള്‍. അവിടെ വെയിലോ ചൂടോ അനുഭവപ്പെടുന്നതല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്: വാഹനക്കാരനായ ഒരാള്‍ അതിന്റെ തണലില്‍ നൂറുകൊല്ലം സഞ്ചരിച്ചാലും അവനതു മുറിച്ചു കടക്കുകയില്ല. വേണമെങ്കില്‍ (ഇതിനു തെളിവായി) നിങ്ങള്‍ക്കു വായിക്കാം: وَظِلٍّ مَّمْدُودٍ (നീണ്ടു കിടക്കുന്ന തണലും)’ (ബു.മു.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സ്വര്‍ഗ്ഗം പ്രദര്‍ശിപ്പിക്കപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസില്‍ അവിടുന്നു പറഞ്ഞിരിക്കുന്നു: ‘അതിലെ ഒരു പഴക്കുല ഇഹലോകം ശേഷിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു ഭക്ഷിക്കുമാറുണ്ടായിരിക്കും’ (ബു: മു.)
(4) ഒരിക്കലും വറ്റിപ്പോകുകയോ, കുറവു ബാധിക്കുകയോ ചെയ്യാതെ എപ്പോഴും എവിടെയും ലഭിക്കുമാറ് ഒഴുകിക്കൊണ്ടിരിക്കുന്ന ജലം.
(5) കാലവ്യത്യാസം കൊണ്ടോ, മറ്റു കാരണങ്ങള്‍കൊണ്ടോ ഇടമുറിഞ്ഞു പോകാതെ, എക്കാലത്തും സുസമൃദ്ധവും സുലഭവുമായ പഴവര്‍ഗ്ഗങ്ങള്‍.
(6) ഉന്നതനിലവാരത്തിലുള്ള ഉയര്‍ന്ന വിരുപ്പുവിതാനങ്ങള്‍ ഇവയും, ഇവപോലുള്ളതുമായ സുഖാഡംബരവസ്തുക്കളില്‍ ആനന്ദഭരിതരായിക്കഴിയുന്ന അവരുടെ ഇണതുണകളോ? അല്ലാഹു പറയുന്നു:
- إِنَّآ أَنشَأْنَـٰهُنَّ إِنشَآءً ﴾٣٥﴿
- നിശ്ചയമായും ആ സ്ത്രീകളെ നാം ഒരു (പ്രത്യേക) തരം ഉണ്ടാക്കല്‍ ഉണ്ടാക്കിയിരിക്കുന്നു:-
- إِنَّا أَنشَأْنَاهُنَّ നിശ്ചയമായും നാം അവരെ ഉണ്ടാക്കി (വളര്‍ത്തി)യിരിക്കുന്നു إِنشَاءً ഒരു ഉണ്ടാക്കല്‍
- فَجَعَلْنَـٰهُنَّ أَبْكَارًا ﴾٣٦﴿
- അങ്ങനെ, അവരെ നാം കന്യകകളാക്കിയിരിക്കുന്നു;
- فَجَعَلْنَاهُنَّ അങ്ങനെ (എന്നിട്ടു) അവരെ നാം ആക്കി أَبْكَارًا കന്യകകള്‍
- عُرُبًا أَتْرَابًا ﴾٣٧﴿
- (അതെ) പ്രേമപാത്രങ്ങളും, (ഇണയൊത്ത) തുല്യ പ്രായക്കാരുമായുള്ളവര്‍; -
- عُرُبًا പ്രേമപാത്രങ്ങള്‍, സ്നേഹപ്പെട്ടവര്‍, മോഹനകള്‍ أَتْرَابًا തുല്യപ്രായക്കാര്‍, ഇണയൊത്തവര്‍
- لِّأَصْحَـٰبِ ٱلْيَمِينِ ﴾٣٨﴿
- വലതുഭാഗക്കാര്‍ക്കു വേണ്ടിയത്രെ (ഇതെല്ലാം).
- لِّأَصْحَابِ الْيَمِينِ വലതുഭാഗക്കാരോടു, വലതുപക്ഷക്കാര്‍ക്കുവേണ്ടി
ആകൃതിയിലും പ്രകൃതിയിലുമെല്ലാം അതിവിശിഷ്ട സ്വഭാവഗുണങ്ങളോടുകൂടി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചു വളര്‍ത്തിയുണ്ടാക്കിയ തരുണീമണികളായിരിക്കും വലതുപക്ഷക്കാരുടെ ഇണകള്‍. അവര്‍ കന്യകകളുമായിരിക്കും. ഭര്‍ത്താക്കളുമായി സംയോഗം നടന്നാല്‍ വീണ്ടും അവരുടെ കന്യകാവസ്ഥ പഴയപടി തുടരുന്നതാണെന്നും ഒരു ഹദീസില്‍ വന്നിരിക്കുന്നു. (ത്വ; ബസ്സാര്‍) മോഹനകളും, ഭര്‍ത്താക്കളെ പ്രേമിക്കുന്ന സുശീലകളുമായിരിക്കും അവര്‍. എല്ലാവരും തുല്യപ്രായക്കാരും, ഭര്‍ത്താക്കളുമായി ഇണയും കിടയും ഒത്തവരുമായിരിക്കും. ഒരിക്കല്‍, വൃദ്ധയായ ഒരു സ്‌ത്രീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന് തന്നെ സ്വര്‍ഗ്ഗസ്ഥരായ ആളുകളില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുകയുണ്ടായി. തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ (തമാശയില്‍) ഇങ്ങിനെ പറഞ്ഞു: ‘നിശ്ചയമായും സ്വര്‍ഗ്ഗത്തില്‍ കിഴവികള്‍ പ്രവേശിക്കയില്ല’. ആ സ്‌ത്രീ കരഞ്ഞും കൊണ്ടു മടങ്ങുകയായി. കിഴവിയായ നിലയില്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല (യുവതിയായിക്കൊണ്ടായിരിക്കും പ്രവേശിക്കുക) എന്നാണതിന്റെ ഉദ്ദേശ്യമെന്നു ആ സ്ത്രീക്കു പറഞ്ഞുകൊടുക്കുവാന്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സഹാബികളോടു പറഞ്ഞു. തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഈ വചനങ്ങള്‍ ഓതുകയും ചെയ്തു. (തി.)