സൂറത്തുല്‍ വാഖിഅഃ : 39-74
വിഭാഗം - 2
- ثُلَّةٌ مِّنَ ٱلْأَوَّلِينَ ﴾٣٩﴿
- ആദ്യത്തേവരില്‍ നിന്നു ഒരു (വലിയ) കൂട്ടവും -
- ثُلَّةٌ ഒരു കൂട്ടം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ നിന്നു
- وَثُلَّةٌ مِّنَ ٱلْءَاخِرِينَ ﴾٤٠﴿
- പിന്നീടുള്ളവരില്‍ നിന്നു ഒരു (വലിയ) കൂട്ടവുമായിരിക്കും (അവര്‍).
- وَثُلَّةٌ ഒരു കൂട്ടവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലത്തെ)വരില്‍
13ഉം 14ഉം വചനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നു ഈ രണ്ടു വചനങ്ങളുടെ ഉദ്ദേശ്യവും ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. ആദ്യമുള്ളവരെന്നും, പിന്നീടുള്ളവരെന്നും പറഞ്ഞതു പൂര്‍വ്വസമുദായ ങ്ങളെയും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ സമുദായത്തെയും ഉദ്ദേശിച്ചാവട്ടെ, അതല്ല, ഈ സമുദായത്തില്‍നിന്നു തന്നെയുള്ള മുന്‍ഗാമികളെയും, പിന്‍ഗാമികളെയും ഉദ്ദേശിച്ചാവട്ടെ – രണ്ടായാലും ശരി – ഈ വചനങ്ങളുടെ സാരം വ്യക്തമാണ്. മേല്‍ പ്രസ്‌താവിച്ച മൂന്നു വിഭാഗക്കാരില്‍ ഏറ്റവും മേലേക്കിട ക്കാരായ ‘സാബിഖു’കളെ (മുന്‍കടന്നവരെ) അപേക്ഷിച്ച് രണ്ടാമത്തെ വിഭാഗക്കാരായ വലതു പക്ഷക്കാര്‍ തന്നെയായിരിക്കും ഏതു സമുദായത്തിലും കൂടുതലുണ്ടായിരിക്കുക എന്നു പറയേണ്ടതില്ല. അതുകൊണ്ടാണ് ഇവിടെ ആദ്യത്തേവരില്‍ നിന്നും പിന്നീടുള്ളവരില്‍ നിന്നും ഓരോ വലിയകൂട്ടം എന്നു -ഒരേ വാക്കില്‍തന്നെ- പറഞ്ഞിരിക്കുന്നത്. ഇമാം ബുഖാരിയും, മുസ്‌ലിമും നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസില്‍, ‘സ്വര്‍ഗ്ഗക്കാരുടെ കൂട്ടത്തില്‍, നിങ്ങള്‍ പകുതിഭാഗം തന്നെ വരുമെന്നാ ണ് എന്റെ പ്രതീക്ഷ’ എന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)
പ്രസ്താവിച്ചിരിക്കുന്നതായി കാണാം. അല്ലാഹു നമ്മെയെല്ലാം വലതുവിഭാഗക്കാരായ സല്‍ഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. മൂന്നാമത്തെ വിഭാഗക്കാരായ നിര്‍ഭാഗ്യവാന്മാരെപ്പറ്റി അല്ലാഹു പറയുന്നു:-
- وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ ﴾٤١﴿
- ഇടതുഭാഗക്കരാകട്ടെ, എന്താണ് ഇടതുഭാഗക്കാര്‍?! [വളരെ ശോചനീയം തന്നെ.]
- وَأَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍ مَا എന്താണു أَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍
- فِى سَمُومٍ وَحَمِيمٍ ﴾٤٢﴿
- (രോമക്കുത്തുകളില്‍കൂടി തുളച്ചുകയറുന്ന) ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും,-
- فِي سَمُومٍ ഉഷ്ണക്കാറ്റില്‍, വിഷക്കാറ്റില്‍, രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന കാറ്റില്‍ وَحَمِيمٍ ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും
- وَظِلٍّ مِّن يَحْمُومٍ ﴾٤٣﴿
- ഇരുണ്ട (കഠിനമായ) പുകയാകുന്ന തണലിലും,-
- وَظِلٍّ തണലിലും مِّن يَحْمُومٍ ഇരുണ്ട പുകയാലുള്ള
- لَّا بَارِدٍ وَلَا كَرِيمٍ ﴾٤٤﴿
- (അതെ) തണുപ്പുള്ളതും മാന്യമായതുമല്ലാത്ത (തണലിലും ആയിരിക്കും അവര്‍.)
- لَّا بَارِدٍ തണുത്തതല്ലാത്ത وَلَا كَرِيمٍ മാന്യമായതുമല്ലാത്ത
ഇവര്‍ക്കും തണല്‍ ലഭിക്കുന്നു. പക്ഷേ, നരകാഗ്നിയുടെ കടുത്ത കരിമ്പുകയുടെ ഇരുണ്ട തണലായിരിക്കും അത്. അതു മൂലം തണുപ്പോ ആശ്വാസമോ അല്ല, മറിച്ച് കൂടുതല്‍ യാതനയും നിന്ദ്യതയുമായിരിക്കും ഉണ്ടാകുക.
- إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ ﴾٤٥﴿
- (കാരണം) നിശ്ചയമായും, അവര്‍ അതിനുമുമ്പ് [ഇഹത്തില്‍] സുഖലോലുപന്‍മാരായിരുന്നു.
- إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُتْرَفِينَ ആഡംബരം നല്‍കപ്പെട്ടവര്‍, സുഖലോലുപന്മാര്‍
- وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ ﴾٤٦﴿
- വമ്പിച്ച തെറ്റുകുറ്റത്തില്‍ അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തിരുന്നു.
- وَكَانُوا അവരായിരുന്നുതാനും يُصِرُّونَ ശഠിച്ചുനില്‍ക്കും, നിരതരാകും عَلَى الْحِنثِ തെറ്റില്‍, കുറ്റത്തിന്‍മേല്‍ الْعَظِيمِ വമ്പിച്ച
- وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ﴾٤٧﴿
- അവര്‍ പറയുകയും ചെയ്‌തിരുന്നു: 'ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുകളും ആയിത്തീരുകയും ചെയ്തിട്ടാണോ (പിന്നെയും) ഞങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു.'?!
- وَكَانُوا يَقُولُونَ അവര്‍ പറയുകയും ചെയ്‌തിരുന്നു أَئِذَا مِتْنَا ഞങ്ങള്‍ മരിച്ചാലോ وَكُنَّا تُرَابًا ഞങ്ങള്‍ മണ്ണാകുകയും وَعِظَامًا എല്ലു(അസ്ഥി)കളും أَإِنَّا ഞങ്ങളോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെട്ടവരാകുന്നു
- أَوَءَابَآؤُنَا ٱلْأَوَّلُونَ ﴾٤٨﴿
- ‘(മാത്രമല്ല) ഞങ്ങളുടെ പൂര്‍വ്വന്മാരായ പിതാക്കളുമോ?! [അവരും എഴുന്നേല്‍പി ക്കപ്പെടുമെന്നോ?!]’
- أَوَآبَاؤُنَا ഞങ്ങളുടെ പിതാക്കളുമോ الْأَوَّلُونَ ആദ്യത്തേവരായ, പൂര്‍വ്വന്മാരായ
- قُلْ إِنَّ ٱلْأَوَّلِينَ وَٱلْءَاخِرِينَ ﴾٤٩﴿
- (നബിയേ) പറയുക: ‘നിശ്ചയമായും, പൂര്‍വ്വീകന്മാരും, പിന്നീടുള്ളവരും (എല്ലാം)-
- قُلْ പറയുക إِنَّ الْأَوَّلِينَ നിശ്ചയമായും ആദ്യമുള്ളവര്‍ وَالْآخِرِينَ പിന്നീടു (ഒടുവിലുള്ളവരും)
- لَمَجْمُوعُونَ إِلَىٰ مِيقَٰتِ يَوْمٍ مَّعْلُومٍ ﴾٥٠﴿
- ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെ; അറിയപ്പെട്ട ഒരു ദിവസമാകുന്ന നിശ്ചിത സമയത്തേക്ക്.
- لَمَجْمُوعُونَ ഒരുമിച്ചു കൂട്ടപ്പെടുന്നവര്‍ തന്നെ إِلَىٰ مِيقَاتِ നിശ്ചിത സമയത്തേക്കു يَوْمٍ مَّعْلُومٍ അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസമാകുന്ന
- ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ ﴾٥١﴿
- '(അതുമല്ല) പിന്നീടു നിശ്ചയമായും നിങ്ങള്‍ - ഹേ, വ്യാജവാദികളായ ദുര്‍മ്മാര്‍ഗ്ഗികളേ'-
- ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ أَيُّهَا الضَّالُّونَ ഹേ ദുര്‍മ്മാര്‍ഗ്ഗികളെ, വഴിപിഴച്ചവരേ الْمُكَذِّبُونَ വ്യാജമാക്കുന്നവരായ
- لَءَاكِلُونَ مِن شَجَرٍ مِّن زَقُّومٍ ﴾٥٢﴿
- ‘സഖ്-ഖുമാ’കുന്ന ഒരു (തരം) വൃക്ഷത്തില്‍ നിന്നു തിന്നുന്നവരാകുന്നു;
- لَآكِلُونَ തിന്നുന്നവര്‍ തന്നെ مِن شَجَرٍ ഒരു (തരം) വൃക്ഷത്തില്‍ നിന്നു مِّن زَقُّومٍ 'സഖ്-ഖുമാകുന്ന'
- فَمَالِـُٔونَ مِنْهَا ٱلْبُطُونَ ﴾٥٣﴿
- 'എന്നിട്ട് അതുകൊണ്ടു വയറുനിറക്കുന്നവരായിരിക്കും'.
- فَمَالِئُونَ مِنْهَا എന്നിട്ടു അതിനാല്‍ (അതില്‍നിന്നു) നിറക്കുന്നവരാണ് الْبُطُونَ വയറുകള്‍
- فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ ﴾٥٤﴿
- 'എന്നിട്ട് അതിനുമീതെ ചുട്ടുതിളക്കുന്ന വെള്ളത്തില്‍നിന്നു കുടിക്കുന്നവരായിരിക്കും'.
- فَشَارِبُونَ എന്നിട്ടു കുടിക്കുന്നവരാണ് عَلَيْهِ അതിനുമേലെ مِنَ الْحَمِيمِ ഹമീമി (ചുട്ടവെള്ളത്തി)ല്‍ നിന്നു
- فَشَٰرِبُونَ شُرْبَ ٱلْهِيمِ ﴾٥٥﴿
- 'അപ്പോള്‍, (നിങ്ങള്‍) ദാഹരോഗം പിടിപെട്ട ഒട്ടകം കുടിക്കുന്ന പ്രകാരം കുടിക്കുന്ന വരായിരിക്കും'.
- فَشَارِبُونَ എന്നിട്ടു (അപ്പോള്‍) കുടിക്കുന്നവരാണ് شُرْبَ الْهِيمِ ദാഹം (രോഗം) പിടിപെട്ട ഒട്ടകത്തിന്റെ കുടി (പോലെ)
- هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ ﴾٥٦﴿
- ഇതാണ് പ്രതിഫല നടപടിയുടെ ദിവസം അവരുടെ [ഇടതുപക്ഷക്കാരുടെ] സല്‍ക്കാരം!
- هَـٰذَا نُزُلُهُمْ ഇതു അവരുടെ സല്‍ക്കാരം (ആതിഥ്യം) ആകുന്നു يَوْمَ الدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസം
‘സഖ്-ഖൂമി’നെയും, ‘ഹമീമി’നെയും കുറിച്ച് സൂ: സ്വാഫ്-ഫാത്ത്: 62, 68ലും, ദുഖാന്‍, 43-49ലും പ്രസ്താവിച്ചിരിക്കുന്നതു ഓര്‍മ്മിക്കുക. അടക്കവയ്യാത്ത വിശപ്പുകൊണ്ടു അവര്‍ ഗതിമുട്ടും. അപ്പോള്‍, ‘സഖ്-ഖൂമി’ല്‍ നിന്നും അവര്‍ വയര്‍ നിറക്കുവാന്‍ നിര്‍ബന്ധിതരാകും. അതോടെ അസഹനീയമായ ദാഹവും പിടിപെടുന്നു. ദാഹം നിമിത്തം അത്യാര്‍ത്തിയോടെ ‘ഹമീം’ കുടിക്കേണ്ടതായി നേരിടും. ആ ഭക്ഷണമാകട്ടെ, ആ പാനീയമാകട്ടെ, ഓരോന്നും തന്നെ അങ്ങേ അറ്റം കഠിനമായ ശിക്ഷാവകുപ്പുകളില്‍പെട്ടതാണുതാനും. ഇടതുപക്ഷക്കാരുടെ പ്രധാന കുറ്റം അവര്‍ മരണാനന്തരജീവിത ത്തെയും, അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളെയും നിഷേധിക്കുന്നതാണല്ലോ. അടുത്ത വചനങ്ങളില്‍ മരണാനന്തരജീവിതത്തിന്റെ സാധ്യതയും, അതിനുള്ള പല ദൃഷ്ടാന്തങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
- نَحْنُ خَلَقْنَٰكُمْ فَلَوْلَا تُصَدِّقُونَ ﴾٥٧﴿
- നാമത്രെ, നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ (ശരിവെച്ചു) സത്യമാക്കുന്നില്ല?!
- نَحْنُ നാം, നാമത്രെ خَلَقْنَاكُمْ നിങ്ങളെ സൃഷ്ടിച്ചു فَلَوْلَا അപ്പോള്‍ എന്തുകൊണ്ടു ആയിക്കൂടാ تُصَدِّقُونَ നിങ്ങള്‍ സത്യമാക്കും
നിങ്ങളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയത് നാമായിരിക്കെ, രണ്ടാമതും നിങ്ങളെ നമുക്കു ജീവിപ്പിക്കുവാന്‍ പ്രയാസമില്ല എന്നു എന്തുകൊണ്ടു നിങ്ങള്‍ക്കു വിശ്വസിച്ചുകൂടാ?! എന്നു സാരം.
- أَفَرَءَيْتُم مَّا تُمْنُونَ ﴾٥٨﴿
- എന്നാല്‍, നിങ്ങള്‍ കണ്ടുവോ, (ഗര്‍ഭാശയങ്ങളില്‍) നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നത്?!-
- أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (ആലോചിക്കുക) مَّا تُمْنُونَ നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നതു
- ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ ﴾٥٩﴿
- നിങ്ങളോ അതിനെ (രൂപം നല്‍കി) സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല, നാമാണോ സൃഷ്ടിച്ചുണ്ടാക്കുന്നവര്‍?!
- أَأَنتُمْ നിങ്ങളോ تَخْلُقُونَهُ അതിനെ സൃഷ്ടിക്കുന്നതു أَمْ نَحْنُ അതല്ല നാമോ الْخَالِقُونَ സൃഷ്ടിക്കുന്നവര്‍
- نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ﴾٦٠﴿
- നാം തന്നെ, നിങ്ങള്‍ക്കിടയില്‍ മരണത്തെ നിര്‍ണ്ണയം ചെയ്‌തിരിക്കുന്നു. നാം മുന്‍കട ക്കപ്പെടുന്ന [ആരെങ്കിലും നമ്മുടെ മുമ്പില്‍ കടന്നു പരാജയപ്പെട്ടുപോകുന്ന]വരല്ല താനും;
- نَحْنُ قَدَّرْنَا നാം കണക്കാക്കി, നിശ്ചയിച്ചു, നിര്‍ണ്ണയം ചെയ്തു بَيْنَكُمُ നിങ്ങള്‍ക്കിടയില്‍ الْمَوْتَ മരണം وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെട്ടവര്‍ (പരാജയപ്പെടുന്നവര്‍)
- عَلَىٰٓ أَن نُّبَدِّلَ أَمْثَٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ ﴾٦١﴿
- നിങ്ങളെപ്പോലുള്ളവരെ നാം പകരം കൊണ്ടുവരുകയും, നിങ്ങള്‍ക്കു അറിയാവതല്ലാത്ത വിധത്തിലൂടെ നിങ്ങളെ (വളര്‍ത്തി) ഉണ്ടാക്കുകയും ചെയ്യുന്നതില്‍.
- عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുന്നതില്‍ أَمْثَالَكُمْ നിങ്ങളെപ്പോലുള്ളവരെ وَنُنشِئَكُمْ നിങ്ങളെ ഉണ്ടാക്കുക (വളര്‍ത്തിയുണ്ടാക്കുക)യും فِي مَا لَا تَعْلَمُونَ നിങ്ങള്‍ക്കു അറിയാത്തതായ വിധത്തില്‍
- وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ ﴾٦٢﴿
- ഒന്നാമത്തെ (പടച്ച്) ഉണ്ടാക്കലിനെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ.
എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടു ആലോചിച്ചുനോക്കുന്നില്ല?! - وَلَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ, അറിഞ്ഞിട്ടുണ്ട് النَّشْأَةَ الْأُولَىٰ ഒന്നാമത്തെ ഉണ്ടാക്കല്‍ (സൃഷ്ടിയെ, നിര്‍മ്മിക്കലിനെ) فَلَوْلَا എന്നിട്ടു (അപ്പോള്‍) എന്തുകൊണ്ട് ഇല്ല, ആയിക്കൂടാ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും
സാരം: ഗര്‍ഭാശയങ്ങളില്‍ മനുഷ്യബീജമാകുന്ന ശുക്ലം സ്രവിപ്പിക്കുന്നതു മനുഷ്യന്‍തന്നെ. എന്നാല്‍, ആ ഇന്ദ്രിയം ഉണ്ടാക്കുന്നതും, അതിനെ ഒരു മനുഷ്യസൃഷ്ടിയാക്കി രൂപം നല്‍കുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല. മനുഷ്യര്‍ക്കു പൊതുവിലും, ഓരോരുത്തനു പ്രത്യേകവും മരണം നിശ്ചയിച്ചതും, അതു ഇന്നിന്ന സമയത്തും ഇന്നിന്ന പ്രകാരത്തിലുമായിരിക്കുമെന്നു കണക്കാക്കിയതും അല്ലാഹു തന്നെ. ഇതിലൊന്നും മനുഷ്യനു യാതൊരു പങ്കുമില്ല. നിലവിലുള്ള ആളുകള്‍ക്കു പകരം അവരുടെ സ്ഥാനത്തു അവരെപ്പോലെ മറ്റൊരു കൂട്ടരെ ഈ ലോകത്തു കൊണ്ടുവന്നു താമസിപ്പിക്കുവാനും, മനുഷ്യര്‍ക്കു അറിവും പരിചയവുമില്ലാത്ത ഏതെങ്കിലുമൊരു രൂപത്തിലോ സമ്പ്രദായത്തിലോ മനുഷ്യനു അസ്ഥിത്വം നല്‍കുവാനും അല്ലാഹുവിനു കഴിയും. അങ്ങിനെ അവന്‍ ചെയ്യുന്നപക്ഷം, അവനെ കവച്ചുവെച്ചു അവനെ പരാജയപ്പെടുത്തി അതു മുടക്കുവാന്‍ യാതൊരു ശക്തിക്കും സാധ്യമല്ല തന്നെ. ഇതെല്ലാം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യങ്ങളാണല്ലോ. അപ്പോള്‍, ഒന്നാം പ്രാവശ്യം സൃഷ്ടിച്ചു രൂപം നല്‍കുകയും, അനന്തര നടപടികള്‍ നടത്തിപ്പോരുകയും ചെയ്യുന്ന അല്ലാഹുവിനു രണ്ടാമതൊരു ജീവിതം കൂടി നിങ്ങള്‍ക്കു നല്‍കുവാന്‍ എന്തുകൊണ്ടു കഴിയുകയില്ല?! നിങ്ങള്‍ക്കു ഒന്നു ആലോചിച്ചുനോക്കിക്കൂടെ?! എന്നൊക്കെയാണ് അല്ലാഹു ഈ വചനങ്ങള്‍ മുഖേന ഉണര്‍ത്തുന്നത്. വീണ്ടും ചോദിക്കുന്നു:-
- أَفَرَءَيْتُم مَّا تَحْرُثُونَ ﴾٦٣﴿
- എന്നാല്‍, നിങ്ങള്‍ വിളയിടുന്നതു നിങ്ങള്‍ കണ്ടുവോ?! -
- أَفَرَأَيْتُم അപ്പോള്‍ (എന്നാല്‍, എനി) നിങ്ങള്‍ കണ്ടുവോ مَّا تَحْرُثُونَ നിങ്ങള്‍ വിളയിടുന്നതു, നിലം ഉഴുതുന്നതു, വിത്തിറക്കുന്നതു
- ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ ﴾٦٤﴿
- നിങ്ങളാണോ അതു (മുളപ്പിച്ചു) വിളയിക്കുന്നതു, അതല്ല, നാമാണോ വിളയിക്കുന്നവര്‍?!
- أَأَنتُمْ നിങ്ങളാണോ تَزْرَعُونَهُ അതു വിളയിക്കുന്നതു (മുളപ്പിക്കുന്നതു), ഉല്‍പാദിപ്പിക്കുന്നതു أَمْ نَحْنُ അതല്ല നാമാണോ الزَّارِعُونَ വിളയിപ്പിക്കുന്നവര്‍
- لَوْ نَشَآءُ لَجَعَلْنَٰهُ حُطَٰمًا فَظَلْتُمْ تَفَكَّهُونَ ﴾٦٥﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം (ഉണക്കല്‍) തുരുമ്പാക്കുക തന്നെ ചെയ്യുമായിരുന്നു; അങ്ങനെ, നിങ്ങള്‍ (ദുഃഖപ്പെട്ടു) ആശ്ചര്യം പറഞ്ഞേക്കുകയും ചെയ്യുമായിരുന്നു.
- لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَاهُ അതിനെ നാം ആക്കുകതന്നെ ചെയ്യും حُطَامًا തുരുമ്പു, നുറുങ്ങു (ഉണക്കല്‍) فَظَلْتُمْ അപ്പോള്‍ നിങ്ങള്‍ ആയേക്കും تَفَكَّهُونَ നിങ്ങള്‍ ആശ്ചര്യം പറയുക, രസം പറയുക, ദുഃഖപ്പെടുക
- إِنَّا لَمُغْرَمُونَ ﴾٦٦﴿
- ‘നിശ്ചയമായും നാം, (വിള നഷ്ടപ്പെട്ട്) കടബാധിതരാണ്’!-
- إِنَّا لَمُغْرَمُونَ നിശ്ചയമായും നാം കടം (നഷ്ടം, ഭാരം) ബാധിച്ചവര്‍ തന്നെ
- بَلْ نَحْنُ مَحْرُومُونَ ﴾٦٧﴿
- ‘എന്നല്ല, നാം (ആഹാരമാര്‍ഗ്ഗം) തടയപ്പെട്ടവരാകുന്നു!!’ എന്ന്.
- بَلْ نَحْنُ എന്നല്ല, എങ്കിലും നാം مَحْرُومُونَ തടയപ്പെട്ട (മുടക്കപ്പെട്ട) വരാകുന്നു
മനുഷ്യന്‍ നിലം ഉഴുതു വിത്തിറക്കുന്നു. എന്നാല്‍, അതു മുളപ്പിക്കലും ഉല്‍പാദിപ്പിക്കലും അവന്റെ പണിയല്ല. അല്ലാഹുവിന്റെതു മാത്രമാകുന്നു. അതു നശിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെങ്കില്‍ മനുഷ്യന്‍ എന്തു ചെയ്താലും അതു നശിക്കുക തന്നെ ചെയ്യും. അപ്പോള്‍, കയ്യും കെട്ടി നിന്നു: ‘അയ്യോ! കഷ്‌ടം! എല്ലാം നഷ്ടപ്പെട്ടുവല്ലോ! ആഹാരത്തിനു ഗതിയില്ലാതായല്ലോ!’ എന്നൊക്കെ കൈ മലര്‍ത്തുവാനല്ലാതെ മനുഷ്യനു സാധ്യമല്ല. മരണപ്പെട്ടു നിര്‍ജ്ജീവമായവരെ വീണ്ടും ജീവിക്കുവാന്‍ അല്ലാഹുവിനു ഒട്ടും പ്രയാസമില്ല എന്നുള്ളതിനു ഇതും ഒരു തെളിവാണല്ലോ-ചിന്തിച്ചു നോക്കുന്നവര്‍ക്ക്.
لا يَقُولَنَّ أَحَدُكُمْ : زَرَعْتُ ، وَلَكِنْ لِيَقُلْ : حَرَثْتُ (‘ഞാന്‍ വിളയിച്ചു – അഥവാ ഉല്‍പാദിപ്പിച്ചു – എന്നു നിങ്ങള്‍ ഒരാളും പറയരുത്. പക്ഷേ, ‘ഞാന്‍ വിളയിട്ടു’ എന്നു പറഞ്ഞു കൊള്ളട്ടെ.) എന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)) പറഞ്ഞ തായി അബൂ ഹുറൈറഃ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായും, തുടര്‍ന്നുകൊണ്ടു അദ്ദേഹം 63, 64 എന്നീ ആയത്തു കള്‍ ഓര്‍മ്മിപ്പിച്ചതായും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (رواه البزار و البيهقى وابن جرير وغيرهم – رح) സംസാരത്തില്‍ ഇത്തരം മര്യാദകളും പ്രയോഗ വ്യത്യാസങ്ങളും സൂക്ഷിക്കുന്നതു സത്യവിശ്വാസികളുടെ കടമയാണെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ‘കാറ്റിനെ ശപിക്കരുത്, അതു ആജ്ഞക്ക് വിധേയമാണ്’ എന്നും, ‘ഇന്നിന്ന നക്ഷത്രം -അഥവാ രാശി- നിമിത്തം മഴപെയ്തുവെന്നു പറയുവാന്‍ പാടില്ല’ എന്നും മറ്റും നബിവചനങ്ങളില്‍ വന്നിട്ടുള്ളതും സ്മരണീയമാകുന്നു. അല്ലാഹു വീണ്ടും തുടര്‍ന്നു ചോദിക്കുന്നു:-
- أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ ﴾٦٨﴿
- എനി, നിങ്ങള്‍ കുടിക്കാറുള്ള വെള്ളം നിങ്ങൾ കണ്ടുവോ?! (ചിന്തിച്ചു നോക്കുക:)-
- أَفَرَأَيْتُمُ എനി നിങ്ങൾ കണ്ടുവോ الْمَاءَ വെള്ളം الَّذِي تَشْرَبُونَ നിങ്ങള്‍ കുടിക്കുന്ന
- ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ ﴾٦٩﴿
- നിങ്ങളാണോ അതു മേഘത്തില്‍നിന്നു ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവര്‍?!
- أَأَنتُمْ أَنزَلْتُمُوهُ നിങ്ങളോ അതു ഇറക്കിയതു مِنَ الْمُزْنِ മേഘത്തില്‍ നിന്നു أَمْ نَحْنُ അതല്ല നാമോ الْمُنزِلُونَ ഇറക്കുന്നവര്‍
- لَوْ نَشَآءُ جَعَلْنَٰهُ أُجَاجًا فَلَوْلَا تَشْكُرُونَ ﴾٧٠﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അതിനെ നാം കയ്പു(ള്ള ഉപ്പു) ജലമാക്കുമായിരുന്നു. എന്നിരിക്കെ, നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?!
- لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ جَعَلْنَاهُ നാമതിനെ ആക്കും أُجَاجًا ഉപ്പായത്, കയ്പുജലം فَلَوْلَا എന്നിരിക്കെ എന്തുകൊണ്ടായിക്കൂടാ تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കും
- أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ ﴾٧١﴿
- എനി, നിങ്ങള്‍ (ഉരസി) കത്തിച്ചുണ്ടാക്കുന്ന തീ നിങ്ങള്‍ കണ്ടുവോ?!–
- أَفَرَأَيْتُمُ النَّارَ എനി നിങ്ങള്‍ തീ കണ്ടുവോ الَّتِي تُورُونَ നിങ്ങള്‍ കത്തിച്ചു (ഉരസി) ഉണ്ടാക്കുന്ന
- ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ ﴾٧٢﴿
- നിങ്ങളാണോ അതിന്റെ മരം (പടച്ച്) ഉണ്ടാക്കിയതു, അതല്ല, നാമാണോ ഉണ്ടാക്കിയവര്‍?!
- أَأَنتُمْ أَنشَأْتُمْ നിങ്ങളോ ഉണ്ടാക്കിയതു شَجَرَتَهَا അതിന്റെ മരം أَمْ نَحْنُ الْمُنشِئُونَ അതോ നാമോ ഉണ്ടാക്കിയവര്‍
- نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ ﴾٧٣﴿
- അതിനെ നാം, ഒരു സ്മരണയും (വിജനപ്രദേശ) സഞ്ചാരികള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു.
- نَحْنُ جَعَلْنَاهَا അതിനെ നാം ആക്കിയിരിക്കുന്നു تَذْكِرَةً ഒരു സ്മരണ, ചിന്താവിഷയം, ഉപദേശം وَمَتَاعًا ഒരു ഉപകരണവും, വിഭവവും لِّلْمُقْوِينَ (വിജനപ്രദേശത്തിൽ - കാട്ടില്‍ - കൂടി) സഞ്ചരിക്കുന്നവര്‍ക്കു
- فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ﴾٧٤﴿
- ആകയാല്‍, നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ നീ ‘തസ്ബീഹു’ [(പ്രകീര്‍ത്തനം)] ചെയ്തുകൊള്ളുക!
- فَسَبِّحْ ആകയാല്‍ തസ്ബീഹു ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ الْعَظِيمِ മഹാനായ
മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തു നിന്നു ഇറക്കിയതിലും, മറ്റൊരു അത്യാവശ്യ വസ്തുവായ തീയിനെ ചില മരങ്ങളില്‍ നിന്നു ഉത്പാദിപ്പിച്ചതിലും, മനുഷ്യനു യാതൊരു പങ്കും ഇല്ലല്ലോ. ഇവയില്‍ അടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും ഈ വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ഉറ്റാലോചിക്കുന്നവര്‍ക്ക് ഇതിലും തന്നെ ദൃഷ്ടാന്തങ്ങളുണ്ട്. തീയുണ്ടാക്കുവാന്‍ തീപ്പെട്ടി മുതലായ പരിഷ്കൃത മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പ് ചില പ്രത്യേക മരത്തുണ്ടുകളെയായിരുന്നു മനുഷ്യന്‍ ആശ്രയിച്ചിരുന്നത്. ഇതിനെപ്പറ്റി സൂ: യാസീന്‍ 80-ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിട്ടുണ്ട്. ആകയാല്‍ ഇവിടെ അതാവര്‍ത്തിക്കേണ്ടതില്ല. ഈ പരിഷ്കൃതയുഗത്തിലും തന്നെ, തീ ഉപയോഗപ്പെടുത്തുവാന്‍ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ മരത്തിന്റെ ആവശ്യകത ഇല്ലാതില്ല. വിജനപ്രദേശങ്ങളിലും, കാടുകളില്‍ കൂടിയും യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണപദാർത്ഥങ്ങൾ നിര്‍മ്മിക്കുവാനും, തീകായുവാനും തീകൂട്ടണമെങ്കില്‍ തീമരത്തിന്റെ സഹായം അനിവാര്യമായി വരുന്നു. അതുകൊണ്ടാണ് അതിനെ ഒരു സ്മരണയാക്കി എന്നു പൊതുവില്‍ പറഞ്ഞശേഷം സഞ്ചാരികളായ ആളുകള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു എന്നു പ്രത്യകം എടുത്തു പറഞ്ഞത്. തീകൂട്ടുവാന്‍ ഇന്നു നിലവിലുള്ള പുതിയ ഉപകരണങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്തു തീയുണ്ടാക്കുവാന്‍ അത്തരം മരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലുള്ള അവസ്ഥ എന്തായി രിക്കുമെന്നു ഓര്‍ത്തു നോക്കുക! തീയിനെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍, അതൊരു സ്മരണ – അഥവാ – ചിന്താവിഷയം – ആണെന്നു അല്ലാഹു പറഞ്ഞുവല്ലോ. സാധാരണ തീയിനെക്കള്‍ എത്രയോ ഇരട്ടി ഉഷ്ണമേറിയ നരകത്തിലെ തീയിനെക്കുറിച്ച് ഓർമ്മിക്കുവാനുള്ള ഒരു സൂചന ആ വാക്കിൽ അടങ്ങിയിരിക്കുന്നതായി ചില മഹാന്‍മാർ ചൂണ്ടിക്കാട്ടുന്നു.
57-62 വചനങ്ങളില്‍ മനുഷ്യന്റെ ജനനമരണങ്ങളെയും, 63-67ല്‍ അവരുടെ വിശപ്പിനുള്ള ഭക്ഷണത്തെയും, 68-70 ല്‍ അവരുടെ ദാഹത്തിനുള്ള വെള്ളത്തെയും, 71-73 ല്‍ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ തീയിനെയും സംബന്ധിചു പലതും അനുസ്മരിപ്പിച്ചു കൊണ്ടു അതെല്ലാം ചെയ്തുകൊടുത്ത് അനുഗ്രഹിക്കുന്ന മഹാരക്ഷിതാവായ അല്ലാഹുവിനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തി അവന്റെ നാമത്തെ വാഴ്ത്തേണ്ടതുണ്ടെന്ന കല്‍പന – അഥവാ സ്വാഭാവികമായും മനുഷ്യന്റെമേലുള്ള ആ കടമ – എത്ര മഹത്തരം?! പ്രാഥമിക ബുദ്ധികൊണ്ടുമാത്രം ആലോചിച്ചു കാണാവുന്ന ഈ യാഥാർത്ഥ്യങ്ങളെ നിരത്തിക്കാട്ടിയശേഷം അല്ലാഹു തുടര്‍ന്നു പറയുന്നു:-