വിഭാഗം - 3

51:47
  • وَٱلسَّمَآءَ بَنَيْنَٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ ﴾٤٧﴿
  • ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാകുന്ന) കരങ്ങളാല്‍ സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവര്‍ തന്നെയാണുതാനും.
  • وَالسَّمَاءَ ആകാശത്തെ بَنَيْنَاهَا നാമതിനെ സ്ഥാപിച്ചിരിക്കുന്നു بِأَيْدٍ കരങ്ങളാൽ (ശക്തിയോടെ) وَإِنَّا നിശ്ചയമായും നാം لَمُوسِعُونَ (വിപുലമായ) കഴിവുള്ളവര്‍ തന്നെ, വിശാലപ്പെടുത്തുന്ന
51:48
  • وَٱلْأَرْضَ فَرَشْنَٰهَا فَنِعْمَ ٱلْمَٰهِدُونَ ﴾٤٨﴿
  • ഭൂമിയാകട്ടെ, നാമതിനെ (പരത്തി) വിരിച്ചിരിക്കുന്നു. അപ്പോള്‍ ആ (വിരിപ്പു) വിതാനിച്ചവര്‍ വളരെ നന്നായിട്ടുണ്ടു!
  • وَالْأَرْضَ ഭൂമിയെ فَرَشْنَاهَا നാമതിനെ വിരിച്ചു, വിരിപ്പാക്കി فَنِعْمَ അപ്പോൾ വളരെ നന്നായിരിക്കുന്നു الْمَاهِدُونَ വിതാനിച്ചവര്‍, (തൊട്ടിലാക്കി) സൗകര്യപ്പെടുത്തിയവര്‍
51:49
  • وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ﴾٤٩﴿
  • എല്ലാ വസ്തുക്കളില്‍നിന്നും തന്നെ, രണ്ടു ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ ഉറ്റാലോചിക്കുവാൻ വേണ്ടി.
  • وَمِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تَذَكَّرُونَ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും
51:50
  • فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴾٥٠﴿
  • (പറയുക:) ആകയാല്‍ നിങ്ങൾ അല്ലാഹുവിങ്കലേക്കു (അഭയാര്‍ത്ഥം) ഓടിചെല്ലുവിന്‍. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
  • فَفِرُّوا ആകയാല്‍ നിങ്ങൾ ഓടിച്ചെല്ലുക (അഭയം തേടുക) إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു إِنِّي لَكُم നിശ്ചയമായും ഞാൻ നിങ്ങള്‍ക്കു مِّنْهُ അവങ്കൽ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ താക്കീതുകാരനാണ്
51:51
  • وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴾٥١﴿
  • അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്യരുത്. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
  • وَلَا تَجْعَلُوا നിങ്ങള്‍ ആക്കരുതു, ഏര്‍പ്പെടുത്തരുതു مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ إِنِّي لَكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു مِّنْهُ അവങ്കല്‍ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ തക്കീതുകാരനാണ്

‘കരം’ അഥവാ ‘കൈ’ എന്നര്‍ത്ഥമായ يد എന്ന പദത്തിന്റെ ബഹുവചനമാണ് ايدى എന്ന വാക്ക്. ‘ശക്തി, ഊക്ക് മുതലായ അര്‍ത്ഥങ്ങളിലും അതു ഉപയോഗിക്കാറുണ്ട്. വളരെ ശക്തിയോടും, നൈപുണ്യത്തോടും കൂടി അതിഭീമമായ ആകാശങ്ങളെ സ്ഥാപിച്ചതും, വളരെ സൗകര്യത്തോടെ വിഹരിക്കത്തക്കവണ്ണം ഭൂമിയെ പരത്തി വിതാനിച്ചതും, അവയിലെ വസ്തുക്കളെയെല്ലാം ഇണകളും തുണകളുമാക്കി സൃഷ്ടിച്ചതും ഓര്‍മിപ്പിച്ചുകൊണ്ട് അവയുടെയെല്ലാം സ്രഷ്ടാവും കര്‍ത്താവുമായ അല്ലാഹുവിങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങി അഭയം പ്രാപിക്കുവാനും, അവനെമാത്രം ആരാധ്യനായി സ്വീകരിക്കുവാനും അല്ലാഹു ആഹ്വാനം ചെയ്യുകയാണ്. ഈ ദൗത്യം നിര്‍വ്വഹിക്കുവാനും, അതിനെ ധിക്കരിക്കുന്നവര്‍ക്കു നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുക്കളെപ്പറ്റി മുന്നറിയിപ്പു നല്‍കുവാനും വേണ്ടി അവൻ നിയോഗിച്ചയച്ച താക്കീതുകാരനാണ് – റസൂലാണ് – നബി (عليه السلام) തിരുമേനി എന്നു ആവര്‍ത്തിച്ചുണര്‍ത്തുകയും ചെയ്യുന്നു.

അല്ലാഹു ഏകനാണ്, അവനു ഇണയില്ല, തുണയില്ല, അവനെപ്പോലെ മറ്റൊന്നും ഇല്ല. സൃഷ്ടികളാകട്ടെ, എല്ലാം ഇണയും തുണയുമായിട്ടാണുള്ളത്. നോക്കുക: സൂര്യനും ചന്ദ്രനും, രാവും പകലും, നല്ലതും ചീത്തയും, ആകാശവും ഭൂമിയും, ചെറുതും വലുതും, ആണും പെണ്ണും, കാടനും നാടനും, കരയും കടലും, ജീവിതവും മരണവും, ഇഹവും പരവും…. ഇങ്ങനെ ഒന്നിനൊന്നു ഇണയും, ഒന്നിനൊന്നു തുണയും ഇല്ലാത്തതില്ല. നിശ്ചയമായും ഉറ്റാലോചിക്കുന്നവര്‍ക്കു ഇതിലെല്ലാം വളരെ ദൃഷ്ടാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. നിശ്ചയം.

51:52
  • كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ ﴾٥٢﴿
  • അപ്രകാരം (തന്നെ) ഇവരുടെ മുമ്പുള്ളവര്‍ക്കു ഒരു റസൂലും തന്നെ വരികയുണ്ടായില്ല ‘(ഇവന്‍) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഭ്രാന്തനാണ്’ എന്നു അവര്‍ പറയാതെ!
  • كَذَٰلِكَ അതുപോലെ, അപ്രകാരം مَا أَتَى ചെന്നിട്ടില്ല الَّذِينَ مِن قَبْلِهِم അവരുടെ മുമ്പുള്ളവര്‍ക്കു مِّن رَّسُولٍ ഒരു റസൂലും إِلَّا قَالُوا അവർ പറയാതെ سَاحِرٌ ജാലവിദ്യക്കാരനാണു أَوْ مَجْنُونٌ അല്ലെങ്കിൽ ഭ്രാന്തനാണു (എന്നു)
51:53
  • أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌ طَاغُونَ ﴾٥٣﴿
  • ഇതിനെപ്പറ്റി അവർ അന്യോന്യം ഒസ്യത്ത് (അഥവാ സദുപദേശം) ചെയ്തിരിക്കുകയാണോ?! (ഇല്ല) എങ്കിലും അവര്‍ അതിക്രമികളായ ജനങ്ങളാകുന്നു.
  • أَتَوَاصَوْا അവരന്യോന്യം ഒസ്യത്ത് (ഉപദേശം, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നുവോ بِهِ ഇതിനെപ്പറ്റി بَلْ هُمْ എങ്കിലും അവർ قَوْمٌ ഒരു ജനതയാണ്, ജനങ്ങളാണ് طَاغُونَ അതിക്രമികളായ, ധിക്കാരികളായ
51:54
  • فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍ ﴾٥٤﴿
  • ആകയാല്‍, നീ അവരില്‍നിന്നു (തിരിഞ്ഞു) മാറിക്കൊള്ളുക. എന്നാല്‍, നീ ആക്ഷേപിക്കപ്പെടുന്നവനല്ല.
  • فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുപോരുക, വിട്ടുമാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ടു فَمَا أَنتَ എന്നാല്‍ നീ അല്ല بِمَلُومٍ ആക്ഷേപിക്കപ്പെട്ടവൻ
51:55
  • وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ ﴾٥٥﴿
  • (ഉപദേശം നല്‍കി) ഓര്‍മിപ്പിക്കുകയും ചെയ്യുക. നിശ്ചയമായും ഓര്‍മിപ്പിക്കൽ [ഉപദേശം] സത്യവിശ്വാസികള്‍ക്കു ഫലം ചെയ്യും.
  • وَذَكِّرْ ഓര്‍മ്മിപ്പിക്കുക (ഉപദേശിക്കുക)യും ചെയ്യുക فَإِنَّ الذِّكْرَىٰ നിശ്ചയമായും ഓര്‍മ്മിപ്പിക്കല്‍, ഉപദേശം تَنفَعُ ഉപകരിക്കും, ഫലം ചെയ്യും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

സാരം: മേല്‍ ചൂണ്ടിക്കാട്ടിയ സമുദായങ്ങളെല്ലാം അവരവര്‍ക്കു വന്നിരുന്ന റസൂലുകളെ നിഷേധിക്കാതെയും, അവര്‍ ജാലവിദ്യക്കാരാണെന്നും ഭ്രാന്തന്മാരാണെന്നും പറയാതെയും വിട്ടിട്ടില്ല. അതുപോലെ ഈ അവിശ്വാസികളും പറയുന്നുവെന്നേയുള്ളൂ. ഇവരുടെ ഐകരൂപ്യം കണ്ടാല്‍, ഓരോ സമുദായവും തങ്ങളുടെ പിന്‍ഗാമികള്‍ക്കു അങ്ങിനെ ചെയ്‌വാൻ ഒസ്യത്തും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നുതോന്നും. പക്ഷേ, അതൊന്നുമില്ല. എല്ലാവരും ധിക്കാരികളും അതിക്രമികളുമാണെന്നു മാത്രം. അതുകൊണ്ടാണവർ ഉപദേശം ചെവിക്കൊള്ളാത്തത്. ആകയാല്‍ നീ അവരുടെ കാര്യത്തില്‍ മനസ്സുമുട്ടി വിഷമിക്കേണ്ടതില്ല. അവരെ വിട്ടുമാറി നിന്നുകൊള്ളുക. എന്നാലും ഉപദേശം തുടര്‍ന്നു ചെയ്തുകൊണ്ടിരിക്കണം. അവര്‍ക്കതു ഫലം ചെയ്തില്ലെങ്കിലും സത്യവിശ്വാസം സ്വീകരിച്ചവര്‍ക്കും, സ്വീകരിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ക്കും ഫലം ചെയ്യുന്നതാണ്.

51:56
  • وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ ﴾٥٦﴿
  • ജിന്നിനെയും, മനുഷ്യനെയും അവർ എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
  • وَمَا خَلَقْتُ ഞാന്‍ സൃഷ്ടിച്ചിട്ടില്ല الْجِنَّ ജിന്നിനെ (ഭൂതവര്‍ഗ്ഗത്തെ) وَالْإِنسَ ഇന്‍സിനെ (മനുഷ്യ വര്‍ഗ്ഗത്തെ)യും إِلَّا لِيَعْبُدُونِ അവരെന്നെ ആരാധിക്കുവാനല്ലാതെ
51:57
  • مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ ﴾٥٧﴿
  • അവരില്‍നിന്നു യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്കു ഭക്ഷണം നല്‍കുവാനും ഞാൻ ഉദ്ദേശിക്കുന്നില്ല.
  • مَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല مِنْهُم അവരില്‍നിന്നു مِّن رِّزْقٍ ഒരു ഉപജീവനവും, ആഹാരവും وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല أَن يُطْعِمُونِ അവരെനിക്കു ഭക്ഷണം നല്‍കുവാൻ
51:58
  • إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ ﴾٥٨﴿
  • നിശ്ചയമായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവൻ, ശക്തിയുള്ളവൻ, ബലവത്തായുള്ളവന്‍.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ അവന്‍ തന്നെ الرَّزَّاقُ ഉപജീവനം (ആഹാരം) നല്‍കുന്നവൻ ذُو الْقُوَّةِ ശക്തിയുള്ളവൻ الْمَتِينُ ബലപ്പെട്ടവന്‍, ബലവത്തായവൻ

ഈ ലോകത്തു അല്ലാഹു കണക്കറ്റ വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ജീവവസ്തുക്കളും അല്ലാത്തവയും ഉള്‍പ്പെടുന്നു. ഓരോന്നിന്റെ അസ്തിത്വത്തിനും, നിലനില്‍പ്പിനും ആവശ്യമായ ചില പ്രകൃതിനിയമങ്ങളും അവന്‍തന്നെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ജീവവര്‍ഗ്ഗങ്ങളിൽ ബുദ്ധിജീവികളായ രണ്ട് വര്‍ഗ്ഗമാണ് ‘ജിന്ന്‍’ എന്ന ഭൂതവര്‍ഗ്ഗവും, ‘ഇന്‍സ്’എന്ന മനുഷ്യവര്‍ഗ്ഗവും. അവരും അവരുടെതായ ചില പ്രകൃതിനിയമങ്ങള്‍ക്കു വിധേയർ തന്നെ. ആ നിയമങ്ങളെ അതിലംഘിക്കുവാൻ അവര്‍ക്കും സാധ്യമല്ല. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിശേഷബുദ്ധി (العقل)യും, വേണ്ടതു തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യം (الاختيار) വും അവരുടെ സവിശേഷതയാണ്. ബുദ്ധിയുടെ പോരായ്മയും, സ്വാതന്ത്ര്യത്തില്‍വരുന്ന പാകപ്പിഴവുകളും പരിഹരിക്കുന്നതിനായി, നന്മയുടെ മാര്‍ഗ്ഗം ഇന്നതാണെന്നും, തിന്മയുടെ മാര്‍ഗ്ഗം ഇന്നതാണെന്നും പ്രവാചകന്മാര്‍ മുഖേന അവര്‍ക്കു അല്ലാഹു വിവരിച്ചുകൊടുത്തിട്ടുമുണ്ട്. ഇക്കാരണത്താല്‍, അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് ഇതരജീവികളെപ്പോലെതന്നെ വിധേയരാകുവാൻ നിര്‍ബന്ധിതരാണെന്നുള്ളതിനുപുറമെ, പ്രവാചകന്മാര്‍ മുഖേനയുള്ള നിയമനിര്‍ദ്ദേശങ്ങള്‍ക്കുകൂടി വിധേയരാകുവാൻ ജിന്നും മനുഷ്യനും ബാധ്യസ്ഥരായിത്തീരുന്നു.

മനുഷ്യനും ജിന്നും ഇതരജീവികള്‍ക്കില്ലാത്ത പ്രകൃതി സ്വഭാവത്തോടുകൂടിയവരാകകൊണ്ട് അവയില്‍ നിന്നൊന്നും ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഒരു ലക്ഷ്യം ആ രണ്ടുകൂട്ടരുടേയും സൃഷ്ടിപ്പില്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കണമല്ലോ. ആ ലക്ഷ്യമാണ്‌ 56-ാം വചനത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത്. അതെ ജിന്നിനെയും ഇന്‍സിനെയും അവൻ സൃഷ്ടിച്ചിരിക്കുന്നത് അവർ അവനു ആരാധന (ഇബാദത്തു) ചെയ്‌വാൻ വേണ്ടിയല്ലാതെ മറ്റൊന്നുമല്ല. ഇതല്ലാതെ, അവരില്‍നിന്നു ആഹാരമോ മറ്റു വല്ല കാര്യമോ അവന്‍ ഉദ്ദേശിക്കുന്നില്ല, അതിനു അവനു ആവശ്യവുമില്ല എന്നു തുടര്‍ന്നുള്ള വചനങ്ങളില്‍ എടുത്തുപറയുകയും ചെയ്തിരിക്കുന്നു. സൂറത്തു ഇബ്രാഹീം 8ല്‍ അല്ലാഹു പറയുന്നു:

 إِن تَكْفُرُوا أَنتُمْ وَمَن فِي الْأَرْضِ جَمِيعًا فَإِنَّ اللَّـهَ لَغَنِيٌّ حَمِيدٌ – ابراهيم

(നിങ്ങളും ഭൂമിയിലുള്ളവര്‍ മുഴുവനും അവിശ്വസിക്കുന്നതായാലും നിശ്ചയമായും അല്ലാഹു ധന്യനും സ്തുത്യര്‍ഹനും തന്നെയാകുന്നു.)

‘ഇബാദത്ത്’ (العبادة) എന്നാൽ അങ്ങേഅറ്റം താഴ്മയും ഭക്തിയും പ്രകടമാക്കുക (اظهار غاية التذلل والخشوع) എന്നത്രെ. ഈ അര്‍ത്ഥം ഉദ്ദേശിച്ചാണു നാം-മുസ്‌ലിംകള്‍- ‘ഇബാദത്തു’ എന്ന അറബിവാക്കും ‘ആരാധന’ എന്ന മലയാളവാക്കും സാധാരണ ഉപയോഗിച്ചു വരുന്നതും. ഖുര്‍ആന്റെ പ്രത്യേക നിഘണ്ടുവായ ‘അല്‍മുഫ്റദാത്തി’ല്‍ ഇമാംറാഗിബ് (റ) പ്രസ്താവിച്ചിട്ടുള്ള ചിലവരികള്‍ ഇവിടെ അറിയുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു: العبودية (അതേ ധാതുവിന്റെ മറ്റൊരു രൂപമായ ‘ഉബൂദിയത്ത്’) എന്നാല്‍ താഴ്മ പ്രകടമാക്കുക (اظهار التذلل) എന്നാണ്. അതിനെക്കാള്‍ അര്‍ത്ഥവത്തായതാണ് العبادة (‘ഇബാദത്തു’ എന്ന രൂപം). കാരണം, അതു അങ്ങേഅറ്റത്തെ താഴ്മ പ്രകടിപ്പിക്കല്‍ (غاية التذلل) ആകുന്നു.അങ്ങേഅറ്റത്തെ അനുഗ്രഹങ്ങള്‍ ചെയ്യുന്ന ആളേ അതിനു അവകാശപ്പെടുകയുമുള്ളു. ഇതാകട്ടെ, അല്ലാഹുവാണുതാനും. അതുകൊണ്ടാണ് അവനല്ലാതെ ഇബാദത്തു ചെയ്യരുതെന്നു പറഞ്ഞിരിക്കുന്നത്. ഇബാദത്തു രണ്ടുതരം ഉണ്ട്. ഒന്നു: കീഴ്പ്പെടുത്തല്‍ (പ്രകൃതി നിയമങ്ങള്‍ക്കു വിധേയമായിരിക്കൽ)മുഖേനയുള്ള ഇബാദത്ത് (عبادة بالتسخير) ഇതിനെപ്പറ്റി ‘സുജൂദി’ന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിരിക്കുന്നു. (ഈ ഇബാദത്തു മനുഷ്യര്‍ക്കു മാത്രമുള്ളതല്ല, എല്ലാ ജീവികള്‍ക്കും, നിര്‍ജ്ജീവ വസ്തുക്കള്‍ക്കും പൊതുവെ ഉള്ളതാണ് എന്നാണ് അവിടെ താന്‍ പ്രസ്താവിച്ചിരിക്കുന്നത്.) മറ്റൊന്നു: സ്വേച്ഛപ്രകാരം ഉണ്ടാകുന്ന ഇബാദത്ത് (عبادة بالاختيار) ഇതു ബുദ്ധിജീവികളാരോ അവര്‍ക്കുള്ളതാണ്‌. ‘നിങ്ങളുടെ റബ്ബിനു ഇബാദത്തു ചെയ്യുവിന്‍’ എന്നും, ‘അല്ലാഹുവിനു ഇബാദത്തു ചെയ്യണം’ എന്നും (اعْبُدُوا رَبَّكُمُ ، وَاعْبُدُوا اللَّهَ) മറ്റുമുള്ള വാക്യങ്ങളില്‍ ഈ ഇബാദത്തിനാണ് കല്പിച്ചിരിക്കുന്നത്. (المفردات)

ഈ ഉദ്ദരണിയുടെ വെളിച്ചത്തിൽ ചില സംഗതികൾ നമുക്കു ഇവിടെ മനസ്സിലാക്കാം:

(1) ഉബൂദിയത്തും (العبودية) ഇബാദത്തും (العبادة) ഒന്നല്ല. രണ്ടും രണ്ടാണ്.

(2) ഇബാദത്തില്‍ രണ്ടു വിഭാഗമുണ്ട്. പ്രകൃതി നിയമങ്ങള്‍ക്കു വിധേയമായിരിക്കുക എന്ന അര്‍ത്ഥത്തിലുള്ളതും, എല്ലാ സൃഷ്ടികളും പൊതുവില്‍ സ്വയം അംഗീകരിക്കുവാൻ നിര്‍ബ്ബന്ധമായിട്ടുള്ളതുമാണ് ഒന്ന്.

(3) ബുദ്ധിജീവികളില്‍നിന്നു അവരുടെ ഇച്ഛപ്രകാരം ഉണ്ടായിത്തീരേണ്ടുന്നതും, അങ്ങേഅറ്റം താഴ്മയും ഭക്തിയും പ്രകടിപ്പിക്കുന്ന തരത്തിലുള്ളതുമാണ് മറ്റൊന്ന്.

(4) ‘ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണപൂര്‍വ്വമോ നിര്‍ബ്ബന്ധപൂര്‍വ്വമോ അല്ലാഹുവിനു സാഷ്ടാംഗ നമസ്കാരം ചെയ്യുന്നു’

وَلِلَّـهِ يَسْجُدُ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُم بِالْغُدُوِّ وَالْآصَالِ – الرعد : ١٥

എന്ന ഖുര്‍ആൻ വാക്യം ആദ്യം പറഞ്ഞ (കീഴ്പെടുത്തല്‍ കൊണ്ടുള്ള) ഇബാദത്താണ്‌ ചൂണ്ടിക്കാട്ടുന്നത്.

(5) ഈ സൂറത്തിലെ 56-ാം വചനത്തിലും അല്ലാഹുവിനു ഇബാദത്തു ചെയ്‌വാൻ കല്‍പിക്കുന്ന മറ്റു വചനങ്ങളിലും ഉദ്ദേശിക്കപ്പെടുന്ന ഇബാദത്തു രണ്ടാമതു പറഞ്ഞ (ഇച്ഛയനുസരിച്ചു ചെയ്യുന്ന) ഇബാദത്തുമാകുന്നു.

‘ഉബൂദിയത്തി’നു ‘അടിമത്തം’ എന്നും, ആദ്യത്തെ വിഭാഗം ‘ഇബാദത്തി’നു ‘കീഴ്പെടുക’ എന്നും, രണ്ടാമത്തെ വിഭാഗം ‘ഇബാദത്തി’നു ‘ആരാധന’ എന്നുമാണ് വിവര്‍ത്തനം നല്‍കപ്പെടാറുള്ളതും, പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും. എന്നാല്‍, ആരാധനയാകുന്ന ഇബാദത്തിനും ചിലര്‍, ‘അടിമത്ത്വം, കീഴ്പെടൽ, അനുസരിക്കല്‍, എന്നൊക്കെ അര്‍ത്ഥം നല്‍കികാണാറുണ്ട്. ഭാഷാപരമായി മാത്രം നോക്കുമ്പോള്‍ ഇതു തെറ്റാണെന്നു സ്ഥാപിക്കുവാന്‍ പ്രയാസമുണ്ടെങ്കിലും, അതു ഖുര്‍ആന്റെയും ഇസ്‌ലാമിക പ്രമാണങ്ങളുടെയും താല്പര്യങ്ങള്‍ക്കു നിരക്കാത്തതാണെന്നുള്ളതിൽ സംശയമില്ല. ഈ വസ്തുത മനസ്സിരുത്താതെയോ അറിയാതെയോ ആണ് പലരും ഇങ്ങിനെയുള്ള അര്‍ത്ഥങ്ങൾ ഇബാദത്തിനു കല്‍പിക്കാറുള്ളതെങ്കിലും മറ്റു ചിലർ തങ്ങളുടെ ആശയപരമായ താല്‍പര്യങ്ങൾ സാധിക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലക്കായിരിക്കും അതു സ്വീകരിക്കുന്നത്. (ഇബാദത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചു സൂ: ഫാത്തിഹയുടെ വ്യാഖ്യാനത്തിലും മറ്റും നാം വിശദമായി വിവരിച്ചിട്ടുണ്ട്.

ആരാധനയാകുന്ന ഇബാദത്തു അല്ലാഹുവിനു മാത്രമേ പാടുള്ളു. ഇതാണ് ഖുര്‍ആൻ അടിക്കടി പ്രതിപാദിച്ചുകൊണ്ടിരിക്കുന്ന തൗഹീദു, അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും, അവനെക്കുറിച്ചുള്ള അറിവും, അവനോടുള്ള ഭക്തിയും കൂടാതെ ഇബാദത്തു സാക്ഷാല്‍കരിക്കപ്പെടുന്നതുമല്ല. അതുകൊണ്ടാണ് 56-ാം വചനത്തില്‍ لِيَعْبُدُونِ (അവര്‍ എന്നെ ആരാധിക്കുവാന്‍വേണ്ടി) എന്ന വാക്കിനു ചില മുഫസ്സിറുകള്‍ ليعرفون (എന്നെ അറിയുവാന്‍ വേണ്ടി) എന്നും വേറെ ചിലര്‍ ليوحدونى (എന്നെ മാത്രം ആരാധിക്കുവാൻ) എന്നും, മറ്റു ചിലര്‍ ليخضعوالى (എനിക്കു താഴ്മ ചെയ്‌വാന്‍) എന്നുമൊക്കെ വ്യാഖ്യാനം കൊടുത്തു കാണുന്നതു ഇതൊന്നും ഇബാദത്തിന്റെ അര്‍ത്ഥത്തിലുള്ള അഭിപ്രായവ്യത്യാസമോ ഭിന്നിപ്പോ അല്ല മേൽ വിവരിച്ച രണ്ടുതരം ഇബാദത്തും ഉള്‍ക്കൊള്ളുന്നതാണ് ആ വാക്കു എന്നു ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുമെങ്കിലും അതിനു ന്യായീകരണം കാണുന്നില്ല. കാരണം, ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതു എന്തിനു വേണ്ടിയാണെന്നാണല്ലോ ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്. മറ്റു വസ്തുക്കളെപ്പറ്റി ഇവിടെ പറയാത്ത സ്ഥിതിക്കു അവരെ രണ്ടു കൂട്ടരെയും സൃഷ്ടിച്ചതില്‍ അടങ്ങിയ പ്രത്യേക ഉദ്ദേശ്യം എന്താണെന്നു മാത്രം വിവരിക്കേണ്ട സന്ദര്‍ഭമാണിത്. അതാകട്ടെ, ആരാധനയുമാകുന്നു.

51:59
  • فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًا مِّثْلَ ذَنُوبِ أَصْحَٰبِهِمْ فَلَا يَسْتَعْجِلُونِ ﴾٥٩﴿
  • എന്നാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും തങ്ങളുടെ കൂട്ടാളികളുടെ വിഹിതം പോലെയുള്ള വിഹിതം ഉണ്ട്. അതിനാല്‍, എന്നോടവര്‍ ധൃതികൂട്ടാതിരിക്കട്ടെ!
  • فَإِنَّ لِلَّذِينَ എന്നാല്‍ നിശ്ചയമായും യാതൊരു കൂട്ടര്‍ക്കുണ്ടു ظَلَمُوا അക്രമം ചെയ്ത ذَنُوبًا വെള്ളപ്പാത്രം, കൊട്ടക്കോരി (പങ്കു, വിഹിതം) مِّثْلَ ذَنُوبِ വെള്ളപ്പാത്രം (വിഹിതം) പോലെ أَصْحَابِهِمْ അവരുടെ ആള്‍ക്കാരുടെ (കൂട്ടാളികളുടെ) فَلَا يَسْتَعْجِلُونِ അതിനാല്‍ അവർ എന്നോടു ധൃതി കൂട്ടാതിരിക്കട്ടെ
51:60
  • فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ ﴾٦٠﴿
  • അപ്പോള്‍, അവിശ്വസിച്ചവര്‍ക്കു തങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു)ചെയ്യപ്പെടുന്ന (ആ) ദിവസം നിമിത്തം നാശം!
  • فَوَيْلٌ അപ്പോള്‍ നാശം, കഷ്ടം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن يَوْمِهِمُ അവരുടെ ദിവസം നിമിത്തം, ദിവസത്താല്‍ الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതായ

ഇവരുടെ മുമ്പ് ഇവരെപ്പോലെ അക്രമികളായിരുന്ന പല ജനതയെക്കുറിച്ചും, അവര്‍ക്കു ബാധിച്ചതും ബാധിക്കുവാനിരിക്കുന്നതുമായ ശിക്ഷകളെക്കുറിച്ചും മുമ്പു പ്രസ്താവിച്ചുവല്ലോ. അവര്‍ക്കു ലഭിച്ച ശിക്ഷയിൽ ഒട്ടും കുറയാത്ത പങ്കു ഈ അക്രമികള്‍ക്കും ലഭിക്കാതിരിക്കുകയില്ല. അതിനു ധൃതികൂട്ടി പരിഹസിക്കുന്നതു അവര്‍ക്കു അത്രനന്നല്ല. അവരോടു വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിവസം -ഖിയാമാത്തുനാൾ- വരുമ്പോഴായിരിക്കും അവിശ്വാസികളുടെ ഏറ്റവും വമ്പിച്ച നാശം എന്നു സാരം.

വലിയ വെള്ളപ്പാത്രം (ബക്കറ്റ്) എന്നാണ് ذَنُوب എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം. കിണറുകളിൽ വെള്ളം കുറയുമ്പോൾ അറബികൾ പ്രസ്തുത പാത്രങ്ങള്‍കൊണ്ടു ഓരോരുത്തര്‍ക്ക് ഇത്രപാത്രം എന്നു വിഹിതം ചെയ്യാറുണ്ടായിരുന്നു. ക്രമേണ ആ വാക്കിനു വിഹിതം, അല്ലെങ്കില്‍ ഓഹരി എന്നു അര്‍ത്ഥം കല്‍പിക്കപ്പെട്ടുവന്നു.

اللهم لك الحمد ولك المنة والفضل