വിഭാഗം - 2

51:24
 • هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ﴾٢٤﴿
 • ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വര്‍ത്തമാനം നിനക്കു വന്നിട്ടുണ്ടോ?-
 • هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം, വിഷയം, വൃത്താന്തം ضَيْفِ إِبْرَاهِيمَ ഇബ്രാഹീമിന്റെ അതിഥികളുടെ الْمُكْرَمِينَ ആദരിക്കപ്പെട്ടതായ (മാന്യരായ)
51:25
 • إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ قَوْمٌ مُّنكَرُونَ ﴾٢٥﴿
 • അതായതു, അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ ‘സലാം’ എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘സലാം; അപരിചിതരായ ആളുകള്‍!’
 • إِذْ دَخَلُوا അതായതു അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا സലാം എന്നു قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം قَوْمٌ ഒരു ജനത (ആളുകള്‍) مُّنكَرُونَ അറിയപ്പെടാത്ത, അപരിചിതരായ

ഇബ്രാഹീം (عليه السلام) നബിയുടെ അതിഥികളുടെ സംഭവം ഇവിടെയും, സൂ: ഹിജ്റി (الحجر) ലും അല്ലാഹു സംക്ഷിപ്തമായിട്ടാണ് വിവരിച്ചിരിക്കുന്നത്. സൂ: ഹൂദില്‍, സംഭവം കുറെ കൂടി വിശദമായി വിവരിച്ചിരിക്കുന്നു. അതിഥികള്‍ മലക്കുകളായിരുന്നു. മനുഷ്യരൂപത്തിലായിരുന്നു അവര്‍ വന്നത്. വരവിന്റെ ഉദ്ദേശ്യം അടുത്ത വചനങ്ങളില്‍ കാണാം. ഇസ്‌ലാമിലെ ഉപചാരവാക്യമായ സലാമോടുകൂടിയാണ് അവര്‍ വീട്ടില്‍ പ്രവേശിച്ചത്. ഇബ്രാഹീം നബി (عليه السلام) സലാം മടക്കി. ആഗതര്‍ ആരാണെന്നും, വരവിന്റെ ഉദ്ദേശ്യമെന്താണെന്നും വ്യക്തമാകുന്നതിനു മുമ്പുതന്നെ, അതിഥി സല്‍ക്കാരത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം അവരെ സല്‍ക്കരിക്കുവാനുള്ള ഏര്‍പ്പാടിനെപ്പറ്റിയാണ്‌ ശ്രദ്ധ പതിച്ചത്.

51:26
 • فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ﴾٢٦﴿
 • ഉടനെ, അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്കു പതുങ്ങിച്ചെന്നു. എന്നിട്ടു (തടിച്ചു) കൊഴുത്ത ഒരു പശുക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.
 • فَرَاغَ അപ്പോള്‍ അദ്ദേഹം പതുങ്ങിച്ചെന്നു, ഉപായത്തില്‍ തിരിഞ്ഞു, സൂത്രത്തില്‍ ചെന്നു إِلَىٰ أَهْلِهِ തന്റെ വീട്ടുകാരിലേക്കു فَجَاءَ എന്നിട്ടദ്ദേഹം വന്നു بِعِجْلٍ ഒരു പശുക്കുട്ടിയുമായി, മൂരിക്കുട്ടനെക്കൊണ്ടു سَمِينٍ കൊഴുത്ത, തടിച്ച
51:27
 • فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴾٢٧﴿
 • അങ്ങനെ, അതു അവരുടെ അടുക്കലേക്കു അടുപ്പിച്ചു [കൊണ്ടുവന്നു]വെച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ തിന്നുകയല്ലേ?!’
 • فَقَرَّبَهُ എന്നിട്ടു അതിനെ അണപ്പിച്ചു (അടുത്തു കൊണ്ടുചെന്നു) إِلَيْهِمْ അവരിലേക്കു قَالَ അദ്ദേഹം പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുകയില്ലേ, തിന്നുന്നില്ലേ, തിന്നുകൂടേ

അതിഥികളെ മാന്യമായ നിലയില്‍ സ്വീകരിച്ചിരുത്തേണ്ട താമസം, പതുക്കെ ഉപായത്തില്‍ വീട്ടുകാരുടെ അടുക്കല്‍ചെന്നു സദ്യവട്ടം തയ്യാറാക്കുവാന്‍ ഏര്‍പ്പാടുചെയ്തു. ആ കാലത്തും, ആ പ്രദേശത്തും ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ പ്രാധാന്യം നല്‍കപ്പെട്ടിരുന്ന ഒന്നാണ് പശുക്കുട്ടി –അഥവാ മൂരിക്കുട്ടന്‍, ക്ഷണനേരം കൊണ്ടു തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ പാകം ചെയ്തു തയ്യാറാക്കി. ഭക്ഷണം ഒരിടത്തു വെച്ചു അതിഥികളെ അങ്ങോട്ടു വിളിച്ചു ബുദ്ധിമുട്ടിക്കാതെ അവര്‍ ഇരിക്കുന്നിടത്തേക്കു അങ്ങോട്ടു കൊണ്ടുചെന്നു. ‘ഇതു കഴിച്ചേക്കണം’എന്നോ മറ്റോ നിര്‍ബന്ധിച്ചുപറയാതെ, ‘തിന്നുകയല്ലേ’ എന്നു പറഞ്ഞുകൊണ്ട് സാദരം അവരെ ഭക്ഷിക്കുവാന്‍ ക്ഷണിച്ചു. പക്ഷെ സൂ: ഹൂദ് ‌70ല്‍ കാണാവുന്നതുപോലെ, അതിഥികള്‍ ഭക്ഷണം കഴിക്കുവാന്‍ കൈ നീട്ടുന്നില്ല. അപ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്കു സംശയവും ഭയവും തോന്നി. ഈ അവസരത്തില്‍, അതിഥികള്‍ തങ്ങളെപ്പറ്റി അദ്ദേഹത്തിനു പരിചയപ്പെടുത്തി. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്മാരാണെന്നും, തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം ഇന്നതാണെന്നും അറിയിച്ചു. ഇതിനെപ്പറ്റി തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നുണ്ട്.

അതിഥികളെ സ്വീകരിക്കുന്നതിലും, അവരോടു പെരുമാറുന്നതിലും, അവരെ സല്‍ക്കരിക്കുന്നതിലും കൈക്കൊള്ളേണ്ടുന്ന പല മര്യാദകള്‍ക്കും ഇബ്രാഹീം (عليه السلام) നബിയുടെ ഈ പെരുമാറ്റത്തില്‍ നമുക്കു മാതൃകയുണ്ട്. അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ, മറഞ്ഞകാര്യം പ്രവാചകന്മാര്‍ക്കുപോലും അറിയുകയില്ലെന്നുള്ളതിനു വ്യക്തമായ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. മലക്കുകള്‍ വ്യക്തമാക്കുന്നതിനു മുമ്പ് അദ്ദേഹം അവരെ അറിഞ്ഞില്ലല്ലോ.

51:28
 • فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍ ﴾٢٨﴿
 • അപ്പോള്‍, അവരെക്കുറിച്ചു അദ്ദേഹത്തിന് (മനസ്സില്‍ ) പേടിതോന്നി. അവര്‍ പറഞ്ഞു; ‘പേടിക്കേണ്ട!’ അദ്ദേഹത്തിനു ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
 • فَأَوْجَسَ അപ്പോള്‍, അദ്ദേഹം ഒളിച്ചുവെച്ചു (മനസ്സില്‍തോന്നി) مِنْهُمْ അവരെക്കുറിച്ചു خِيفَةً പേടി, ഒരു ഭയം قَالُو അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَبَشَّرُوهُ അവര്‍ അദ്ദേഹത്തിനു സന്തോഷമറിയിക്കയും ചെയ്തു بِغُلَامٍ ഒരു ചെറുക്കനെ (ആണ്‍കുട്ടിയെ)പ്പറ്റി عَلِيمٍ ജ്ഞാനിയായ, അറിവാളനായ

തങ്ങള്‍ മലക്കുകളാണെന്നും, അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്നും മനസ്സിലാക്കിയശേഷം, താങ്കള്‍ക്കു ഒരു ജ്ഞാനിയായ ആണ്‍കുട്ടി ജനിക്കുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയുംകൊണ്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളതെന്നും അവര്‍ അറിയിച്ചു. വീട്ടുനായകനും അതിഥികളും തമ്മില്‍ നടക്കുന്ന സംഭാഷണം കേട്ടുകൊണ്ടിരുന്ന വീട്ടുനായിക- ഇബ്രാഹീം (عليه السلام) നബിയുടെ പത്നിയായ സാറാ (അ)- ഇതുകേട്ടു ആശ്ചര്യപ്പെട്ടു.

51:29
 • فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ ﴾٢٩﴿
 • അപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ(ഉച്ചത്തില്‍) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവള്‍ അവളുടെ മുഖത്തടിച്ചു; (ഇങ്ങിനെ) പറയുകയും ചെയ്തു: ‘വന്ധ്യയായ ഒരു കിഴവി! [എനി ഞാന്‍ പ്രസവിക്കുകയോ?!]
 • فَأَقْبَلَتِ അപ്പോള്‍ മുമ്പോട്ടുവന്നു امْرَأَتُهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) فِي صَرَّةٍ ഒരു (ഉച്ചത്തിലുള്ള) ശബ്ദത്തിലായി (ശബ്ദത്തോടെ) فَصَكَّتْ എന്നിട്ടവള്‍ അടിച്ചു, തല്ലി وَجْهَهَا അവളുടെ മുഖത്തു وَقَالَتْ പറയുകയും ചെയ്തു عَجُوزٌ ഒരു കിഴവി, വൃദ്ധ عَقِيمٌ വന്ധ്യയായ, മച്ചിയായ
51:30
 • قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ ﴾٣٠﴿
 • അവര്‍ പറഞ്ഞു : ‘അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്, നിശ്ചയമായും, സര്‍വ്വജ്ഞനായ യുക്തിമാന്‍ അവന്‍ തന്നെ.’
 • قَالُوا അവര്‍ പറഞ്ഞു كَذَٰلِكِ അപ്രകാരം (തന്നെ) قَالَ رَبُّكِ നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍ الْعَلِيمُ സര്‍വ്വജ്ഞനായ

സൂ: ഹൂദില്‍ ഈ രംഗം വിവരിച്ചിരിക്കുന്നതു ഇങ്ങിനെയാണ്‌: ‘ അവള്‍ പറഞ്ഞു: കഷ്ടമേ! (ആശ്ചര്യം!) ഞാന്‍ പ്രസവിക്കുകയോ?! ഞാനൊരു കിഴവി. ഇതാ വൃദ്ധനായിക്കൊണ്ട് എന്റെ ഭര്‍ത്താവും. ഇതൊരു ആശ്ചര്യകരമായ വസ്തുത തന്നെ. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ കൽപനയെക്കുറിച്ചു നീ ആശ്ചര്യപ്പെടുകയോ?! അല്ലാഹുവിന്റെ കാരുണ്യവും, അവന്റെ ആശീര്‍വ്വാദങ്ങളും നിങ്ങളിലുണ്ട്. വീട്ടുകാരേ! നിശ്ചയമായും അവന്‍ സ്തുത്യര്‍ഹനും, മഹത്വമേറിയവനുമാകുന്നു.’ (ഹൂദ്‌: 72 , 73) ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പുത്രന്‍ ഇസ്ഹാഖ് (عليه السلام) നബിയാകുന്നു. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യഅ്ഖൂബ് (عليه السلام) നബിയെക്കുറിച്ചും ഇബ്രാഹീം (عليه السلام) നബിക്കു സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയുണ്ടായി. (ഹൂദ്‌:71.) ഇസ്മാഈല്‍ (عليه السلام) നബിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിനെപ്പറ്റി  സൂ: സ്വാഫ്-ഫാത്ത്; 101 ലും പ്രസ്താവിച്ചിരിക്കുന്നു. മലക്കുകളുടെ വരവില്‍ വേറെയും ലക്‌ഷ്യം ഉണ്ടായിരിക്കാമെന്നു ഇബ്രാഹീം (عليه السلام) നബിക്കുതോന്നിയിരിക്കണം.

ജുസ്ഉ് - 27

51:31
 • قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ ﴾٣١﴿
 • അദ്ദേഹം പറഞ്ഞു: ‘എന്നാല്‍ നിങ്ങളുടെ (പ്രധാന) വിഷയം എന്താണ്, ഹേ, ദൂതന്‍മാരേ?’
 • قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ കാര്യം, പ്രധാനവിഷയം أَيُّهَا الْمُرْسَلُونَ ഹേ ദൂതന്മാരേ
51:32
 • قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ ﴾٣٢﴿
 • അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്കു അയക്കപ്പെട്ടിരിക്കുന്നു;-
 • قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا നിശ്ചയമായും ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്കു مُّجْرِمِينَ കുറ്റവാളി (തോന്നിയവാസി)കളായ

51:33
 • لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ ﴾٣٣﴿
 • ‘ഞങ്ങള്‍ അവരുടെമേല്‍ കളിമണ്ണു കൊണ്ടുള്ള കല്ലുകള്‍ വിടുവാന്‍വേണ്ടി;-
 • لِنُرْسِلَ ഞങ്ങള്‍അയക്കുവാന്‍ (വിടുവാന്‍) വേണ്ടി عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن طِينٍ കളിമണ്ണിനാലുള്ള
51:34
 • مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ ﴾٣٤﴿
 • അതിരുകവിഞ്ഞ ആളുകള്‍ക്കായി നിന്റെ റബ്ബിന്റെ അടുക്കല്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതായ (കല്ലുകള്‍).’
 • مُّسَوَّمَةً അടയാളപ്പെടുത്തപ്പെട്ട عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ لِلْمُسْرِفِينَ അതിരു വിട്ടവര്‍ക്കു

ലൂത്ത്വ് (عليه السلام) നബിയുടെ ജനതയാണ് ‘കുറ്റവാളികളായ ജനത’ (قَوْمٍۢ مُّجْرِمِينَ) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം. ആ ജനതയേയും അവര്‍ക്ക് ബാധിച്ച ശിക്ഷയേയും കുറിച്ച് സൂ:ശുഅറാഉ് (160 -173) മുതലായ സ്ഥലങ്ങളില്‍ വിവരിച്ചിരിക്കുന്നു. പ്രസ്തുത ശിക്ഷയെക്കുറിച്ചു സൂ : ഹൂദിലെ വാചകം ഇപ്രകാരമാകുന്നു. ‘അങ്ങനെ, നമ്മുടെ കല്‍പന വന്നപ്പോള്‍, അതിന്റെ – ആ രാജ്യത്തിന്റെ – മുകള്‍ഭാഗം നാം താഴ്ഭാഗമാക്കിക്കളഞ്ഞു. അട്ടിയായ ചൂളക്കല്ലുകളെ അതിന്റെമേല്‍ നാം വര്‍ഷിപ്പിക്കുകയും ചെയ്തു.’

(فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ – هود : ٨٢)

അവര്‍ക്കായി പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട ഒരുതരം കല്ലുകളായിരുന്നു അവരില്‍  വര്‍ഷിച്ചതു – അഥവാ സാധാരണ കല്ലുകളായിരുന്നില്ല- എന്നാണ് 34-ാം വചനത്തില്‍നിന്നും, സൂ: ഹൂദ്‌ 83ല്‍ നിന്നും മനസ്സിലാകുന്നത്. الله اعلم

51:35
 • فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ ﴾٣٥﴿
 • അങ്ങനെ, അവിടത്തില്‍ സത്യവിശ്വാസികളില്‍ പെട്ടവരായി ഉണ്ടായിരുന്നവരെ (മുഴുവനും) നാം പുറത്താക്കി (രക്ഷപ്പെടുത്തി)
 • فَأَخْرَجْنَا എന്നിട്ടു നാം പുറത്താക്കി, വെളിയിലാക്കി مَن كَانَ ഉണ്ടായിരുന്നവരെ فِيهَا അതില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു
51:36
 • فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ ﴾٣٦﴿
 • എന്നാല്‍ ‘മുസ്‌ലിം’കളില്‍ നിന്നുമുള്ള ഒരു വീടല്ലാതെ അവിടത്തില്‍ നാം കണ്ടെത്തിയില്ല.
 • فَمَا وَجَدْنَا എന്നാല്‍ നാം കണ്ടെത്തിയില്ല فِيهَا അതില്‍ غَيْرَ بَيْتٍ ഒരു വീടല്ലാതെ مِّنَ الْمُسْلِمِينَ മുസ്‌ലിംകളില്‍ നിന്നുള്ള
51:37
 • وَتَرَكْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ ﴾٣٧﴿
 • വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു ഒരു ദൃഷ്ടാന്തം നാം അതില്‍ അവശേഷിപ്പിക്കുകയും ചെയ്തു.
 • وَتَرَكْنَا فِيهَا അതില്‍ നാം വിടുക (അവശേഷിപ്പിക്കുക)യും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം, അടയാളം لِّلَّذِينَ يَخَافُونَ പേടിക്കുന്നവര്‍ക്കു الْعَذَابَ الْأَلِيمَ വേദനയേറിയ ശിക്ഷ

ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം കീഴ്മേലായി മറിഞ്ഞതും, അതിനു പ്രത്യക്ഷസാക്ഷ്യം വഹിച്ചുകൊണ്ട് ലൂത്ത്വ് കടലും (ചാവുകടല്‍) പരിസരങ്ങളും ഇന്നും നിലകൊള്ളുന്നതും അല്ലാഹുവിനെയും പരലോകശിക്ഷയെയും ഭയപ്പെടുന്നവര്‍ക്കു വമ്പിച്ച ഒരു ദൃഷ്ടാന്തമാണെന്നു പറയേണ്ടതില്ല. ഒരു ജനതക്കു പൊതുശിക്ഷ വരുമ്പോള്‍, ആ ജനതയിലുള്ള പ്രവാചകനെയും സത്യവിശ്വാസികളെയും രക്ഷിക്കുക അല്ലാഹുവിന്റെ പതിവാകുന്നു. പക്ഷെ, ആ രാജ്യത്തു സത്യവിശ്വാസികളുടെ വീടു ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു ലൂത്ത്വ് (عليه السلام) ന്റേതല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഒരു വൃദ്ധസ്ത്രീ പോലും അവിശ്വാസികളുടെ പക്ഷക്കാരിയായിരുന്നുവെന്നും, അവളും ശിക്ഷയില്‍ അകപ്പെട്ടുവെന്നും അല്ലാഹു (26:171 ലും മറ്റും) പ്രസ്താവിച്ചിരിക്കുന്നു.

ഈമാനും ഇസ്‌ലാമും (الإيمان والإسلام) ഒന്നുതന്നെയാണോ അല്ലേ എന്ന അഭിപ്രായ വ്യത്യാസത്തേയും, രണ്ടും തമ്മിലുള്ള വ്യത്യാസം മുതലായവയേയും സംബന്ധിച്ചു സൂ: ഹുജുറാത്തില്‍വെച്ചു നാം സംസാരിക്കുകയുണ്ടായല്ലോ. രണ്ടും ഒന്നുതന്നെയാണെന്ന വാദക്കാര്‍ 35, 36 എന്നീ വചനങ്ങള്‍ തങ്ങള്‍ക്കു തെളിവായി എടുത്തു കാണിക്കാറുണ്ട്. ലൂത്ത്വ് (عليه السلام) നബിയുടെ വീട്ടുകാരെപ്പറ്റിയാണല്ലോ മുഅ്മിനുകള്‍ (സത്യവിശ്വാസികള്‍) എന്നു 35-ാം വചനത്തിലും, മുസ്‌ലിംകള്‍ എന്നു 36–ാം വചനത്തിലും പ്രസ്താവിച്ചിരിക്കുന്നത്. ഇതാണവരുടെ ന്യായം. യഥാര്‍ത്ഥമായ ഈമാനുള്ളവരെല്ലാം മുസ്‌ലിംകളായിരിക്കുമെന്നു തീര്‍ച്ചയാണ്. പക്ഷെ, ഇസ്‌ലാമുള്ളവരെല്ലാം യഥാര്‍ത്ഥ ഈമാനുള്ളവരായിക്കൊള്ളണമെന്നില്ല. അവരില്‍ കപടന്മാരും ഉണ്ടാകാവുന്നതാണ്. ഈമാന്‍ ഹൃദയത്തിലുള്ള വിശ്വാസവും, ഇസ്‌ലാം ആ വിശ്വാസമനുസരിച്ചുള്ള പ്രവര്‍ത്തനവുമാകുന്നു. എന്നിരിക്കെ ഈ ന്യായം ശരിയല്ല. (കൂടുതല്‍ വിവരം ഹുജുറാത്ത് 14ലും, അതിന്റെ വിവരണത്തിലും നോക്കുക.)

51:38
 • وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍ مُّبِينٍ ﴾٣٨﴿
 • മൂസായിലുമുണ്ടു (ദൃഷ്ടാന്തം). അതായതു, സ്പഷ്ടമായ (അധികൃത) ലക്ഷ്യത്തോടുകൂടി നാം അദ്ദേഹത്തെ ഫിര്‍ഔന്റെ അടുക്കലേക്കു അയച്ച സന്ദര്‍ഭം.
 • وَفِي مُوسَىٰ മൂസായിലുമുണ്ടു إِذْ أَرْسَلْنَاهُ അദ്ദേഹത്തെ നാം അയച്ച സന്ദര്‍ഭം إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്കു بِسُلْطَانٍ (അധികൃത)ലക്ഷ്യവുമായി, പ്രമാണത്തോടെ مُّبِينٍ സ്പഷ്ടമായ
51:39
 • فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌ ﴾٣٩﴿
 • എന്നിട്ടു അവന്‍ അവന്റെ (ശക്തി ) ഘടകവുമായി തിരിഞ്ഞുകളഞ്ഞു. അവന്‍ പറയുകയും ചെയ്തു: ‘(മൂസാ) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഒരു ഭ്രാന്തനാണു എന്നു.
 • فَتَوَلَّىٰ എന്നിട്ടവന്‍ പിന്തിരിഞ്ഞു, തിരിഞ്ഞുപോയി بِرُكْنِهِ അവന്റെ ഘടകവുമായി, പാര്‍ശ്വത്തോടെ, ശക്തിയുമായി وَقَالَ പറയുകയും ചെയ്തു سَاحِرٌ ഒരു ജാലവിദ്യക്കാരന്‍ أَوْ مَجْنُونٌ അല്ലെങ്കില്‍ ഭ്രാന്തന്‍ (എന്നു)
51:40
 • فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌ ﴾٤٠﴿
 • അതിനാല്‍, അവനെയും, അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു അവരെ സമുദ്രത്തില്‍ എറിഞ്ഞു. അവന്‍, ആക്ഷേപാര്‍ഹന്‍ (അഥവാ ആക്ഷേപകരമായതു പ്രവര്‍ത്തിച്ചവന്‍) ആയിരുന്നുതാനും.
 • فَأَخَذْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം പിടിച്ചു وَجُنُودَهُ അവന്റെ സൈന്യങ്ങളെയും, പട്ടാളത്തെയും فَنَبَذْنَاهُمْ എന്നിട്ടവരെ നാം ഇട്ടു, എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ وَهُوَ അവന്‍, അവനാകട്ടെ مُلِيمٌ ആക്ഷേപാര്‍ഹനാണു (താനും)

‘പാര്‍ശ്വം, ഭാഗം, പ്രധാനഭാഗം, ഘടകം, ശക്തി’എന്നൊക്കെ അര്‍ത്ഥം വരാവുന്നതാണ് ركن (റുക്ന്‍) എന്ന വാക്ക്. ഫിര്‍ഔന്‍ തന്റെ സൈന്യങ്ങള്‍  തുടങ്ങിയ ശക്തിപ്രഭാവത്തില്‍ അഹങ്കരിച്ചുകൊണ്ട് പിന്തിരിഞ്ഞു എന്നോ, അല്ലെങ്കില്‍ അവനും അവന്റെ ആള്‍ക്കാരും പിന്തിരിഞ്ഞു എന്നോ താല്‍പര്യം. എല്ലാവരേയും വഴിപിഴപ്പിച്ചതിലുള്ള കാരണക്കാരന്‍ അവനാകകൊണ്ടു ഏറ്റവും വലിയ ആക്ഷേപാര്‍ഹന്‍ അവനാണല്ലോ.

51:41
 • وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ ﴾٤١﴿
 • ‘ആദ്’ (ജനതയി) ലുമുണ്ടു (ദൃഷ്ടാന്തം). അതായതു, അവരില്‍ വന്ധ്യയായ [ഒട്ടും ഗുണകരമല്ലാത്ത] കാറ്റിനെ അയച്ച സന്ദര്‍ഭം.
 • وَفِي عَادٍ ആദിലുമുണ്ട് إِذْ أَرْسَلْنَا നാം അയച്ച സന്ദര്‍ഭം عَلَيْهِمُ അവരില്‍ لرِّيحَ കാറ്റിനെ الْعَقِيمَ വന്ധ്യയായ (ഗുണകരമല്ലാത്ത, നാശകരമായ)
51:42
 • مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ ﴾٤٢﴿
 • അതു ഏതൊരു വസ്തുവില്‍ ചെന്നെത്തിയോ അതിനെ (പഴകി ദ്രവിച്ച) തുരുമ്പു പോലെ ആക്കാതെ അതു വിട്ടുകളഞ്ഞിരുന്നില്ല.
 • مَا تَذَرُ അതു വിട്ടിരുന്നില്ല مِن شَيْءٍ ഒരു വസ്തുവെയും أَتَتْ അതു ചെന്നതായ عَلَيْهِ അതില്‍, അതിന്മേല്‍ إِلَّا جَعَلَتْهُ അതിനെ ആക്കാതെ كَالرَّمِيمِ തുരുമ്പു (പഴകി ദ്രവിച്ച വസ്തു) പോലെ
51:43
 • وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍ ﴾٤٣﴿
 • ‘ഥമൂദ്’ (ജനതയി)ലുമുണ്ട് (ദൃഷ്ടാന്തം). അതായത്, ‘ഒരു സമയംവരേക്കു നിങ്ങള്‍ സുഖഭോഗമെടുത്തുകൊള്ളുവിന്‍’ എന്നു അവരോടു പറയപ്പെട്ട സന്ദര്‍ഭം.
 • وَفِي ثَمُودَ ഥമൂദിലുമുണ്ട് إِذْ قِيلَ لَهُمْ അവരോടു പറയപ്പെട്ട സന്ദര്‍ഭം تَمَتَّعُوا നിങ്ങള്‍ സുഖഭോഗമെടുക്കുവിന്‍, സുഖിക്കുവിന്‍ حَتَّىٰ حِينٍ ഒരു സമയംവരേക്കു
51:44
 • فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ ﴾٤٤﴿
 • എന്നിട്ടു അവര്‍, തങ്ങളുടെ റബ്ബിന്റെ കല്‍പന വിട്ടേച്ചു ധിക്കരിച്ചു. അതിനാല്‍, അവര്‍ നോക്കിക്കൊണ്ടിരിക്കവെ അവരെ ഇടിത്തീ പിടികൂടി.
 • فَعَتَوْا എന്നിട്ടവര്‍ ധിക്കരിച്ചു, ഗര്‍വ്വ്‌ കാട്ടി عَنْ أَمْرِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെകല്‍പന വിട്ടു فَأَخَذَتْهُمُ അതിനാല്‍, (അപ്പോള്‍)അവരെ പിടിച്ചു, പിടികൂടി الصَّاعِقَةُ ഇടിത്തീ (ഘോരശബ്ദം) وَهُمْ അവര്‍ يَنظُرُونَ നോക്കിക്കൊണ്ടിരിക്കെ, നോക്കുന്നുണ്ടായിരുന്നു
51:45
 • فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍ وَمَا كَانُوا۟ مُنتَصِرِينَ ﴾٤٥﴿
 • അപ്പോള്‍ അവര്‍ക്കു എഴുന്നേല്‍ക്കുവാന്‍ [രക്ഷപ്പെടുവാന്‍] കഴിവുണ്ടായില്ല; അവര്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരായതുമില്ല.
 • فَمَا اسْتَطَاعُوا അപ്പോള്‍ അവര്‍ക്കു കഴിവുണ്ടായില്ല مِن قِيَامٍ എഴുന്നേല്‍ക്കുന്നതിനു وَمَا كَانُوا അവരായതുമില്ല مُنتَصِرِينَ രക്ഷാനടപടി എടുക്കുന്നവര്‍, സ്വയം രക്ഷപ്പെടുന്നവര്‍
51:46
 • وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾٤٦﴿
 • മുമ്പ് നൂഹിന്റെ ജനതയെയുംതന്നെ ( നശിപ്പിക്കയുണ്ടായി). നിശ്ചയമായും അവര്‍ ദുര്‍നടപ്പുകാരായ ഒരു ജനതയായിരുന്നു.
 • وَقَوْمَ نُوحٍ നൂഹിന്റെ ജനതയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത فَاسِقِينَ ദുര്‍ന്നടപ്പുകാരായ, തോന്നിയവാസികളായ

ഹൂദ്‌ (عليه السلام) നബിയുടെ ജനതയായ ആദുജനതക്കു ബാധിച്ച ശിക്ഷ ഏഴുരാവും എട്ടു പകലും നീണ്ടുനിന്ന ഭയങ്കരകാറ്റായിരുന്നു. (69:7) അവരെ സംബന്ധിച്ചിടത്തോളം ഒട്ടും ഗുണകരമല്ലാത്തതും, അങ്ങേഅറ്റം നാശകരവുമായിരുന്നതുകൊണ്ടാണ് ആ കാറ്റിനെപ്പറ്റി ‘വന്ധ്യയായ കാറ്റ് (الرِّيحَ الْعَقِيمَ) എന്നു പറഞ്ഞത്. സ്വാലിഹു (عليه السلام) നബിയുടെ ജനതയായ ഥമൂദു ഗോത്രക്കാര്‍ക്കു ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവര്‍ അറുത്തു കളഞ്ഞു. അതിനുശേഷം മൂന്നുദിവസത്തേക്കു അവര്‍ക്കു അവധികൊടുത്തു. അതിനെപ്പറ്റിയാണ് ഇവിടെ ‘ഒരു സമയം വരേക്കു’ (حَتَّىٰ حِينٍ) എന്നു പറഞ്ഞിരിക്കുന്നത്. ഇവര്‍ക്കു ബാധിച്ച ശിക്ഷയെപ്പറ്റി 11:67 ല്‍ ഘോരശബ്ദം (الصيحة) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇടിത്തീ (الصَّاعِقَةُ) എന്നു ഇവിടെ പറഞ്ഞിട്ടുള്ളതും അതിനെക്കുറിച്ചുതന്നെയാകുന്നു. ഈ രണ്ടു ജനതയെ സംബന്ധിച്ചും, നൂഹ് (عليه السلام) നബിയുടെ ജനതയെക്കുറിച്ചും ഇതിനുമുമ്പ് പലപ്പോഴും നാം വായിച്ചു കഴിഞ്ഞതാണ്.