ദാരിയാത്ത് (വിതറുന്നവ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

51:1
  • وَٱلذَّٰرِيَٰتِ ذَرْوًا ﴾١﴿
  • (ശക്തിയായ) പാറ്റല്‍ പാറ്റി (വിതറി)ക്കൊണ്ടിരിക്കുന്നവ തന്നെയാണ (സത്യം)!
  • وَالذَّارِيَاتِ പാറ്റുന്ന (വിതറുന്ന)വ തന്നെയാണ ذَرْوًا ഒരു (ശക്തിയായ) പാറ്റല്‍

മണ്ണു മുതലായ വസ്തുക്കളെ പാറ്റിപ്പറപ്പിച്ചുകൊണ്ടിരിക്കുന്ന കാറ്റുകളെക്കൊണ്ടു അല്ലാഹു സത്യം ചെയ്യുന്നു.

51:2
  • فَٱلْحَٰمِلَٰتِ وِقْرًا ﴾٢﴿
  • എന്നിട്ട്, ഭാരം വഹി(ച്ചുനട)ക്കുന്നവയാണ (സത്യം)!
  • فَالْحَامِلَاتِ എന്നിട്ടു വഹിക്കുന്നവ തന്നെയാണ وِقْرًا ഭാരം, കനം

പിന്നെ, നീരാവിയും, മഴവെള്ളവും വഹിച്ചു സഞ്ചരിക്കുന്ന മേഘങ്ങള്‍കൊണ്ടു സത്യം ചെയ്യുന്നു.

51:3
  • فَٱلْجَٰرِيَٰتِ يُسْرًا ﴾٣﴿
  • എന്നിട്ടു, നിഷ്‌പ്രയാസം സഞ്ചരിക്കുന്നവ തന്നെയാണ(സത്യം)!
  • فَالْجَارِيَاتِ എന്നിട്ടു നടക്കുന്ന (സഞ്ചരിക്കുന്ന)വ തന്നെയാണ يُسْرًا എളുതായിട്ടു (നിഷ്‌പ്രയാസം)

പിന്നെ, ജലമാര്‍ഗ്ഗങ്ങളിലൂടെ അതിവേഗം ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു സഞ്ചരിക്കുന്ന കപ്പലുകളെക്കൊണ്ടു സത്യം ചെയ്യുന്നു.

51:4
  • فَٱلْمُقَسِّمَٰتِ أَمْرًا ﴾٤﴿
  • എന്നിട്ടു, കാര്യം വിഭജിച്ചുകൊടുക്കുന്നവ തന്നെയാണ (സത്യം)!
  • فَالْمُقَسِّمَاتِ എന്നിട്ടു ഭാഗിക്കുന്ന (വിഭജിക്കുന്ന)വ തന്നെയാണ أَمْرً കാര്യം

പിന്നെ, അല്ലാഹുവിന്റെ കൽപനപ്രകാരം സൃഷ്ടികള്‍ക്കിടയില്‍ കാര്യങ്ങളെ ഭാഗിച്ചുകൊടുക്കുന്ന മലക്കുകളെക്കൊണ്ടു സത്യം ചെയ്യുന്നു.

51:5
  • إِنَّمَا تُوعَدُونَ لَصَادِقٌ ﴾٥﴿
  • നിശ്ചയമായും,നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു സത്യമായുള്ളതുതന്നെ.
  • إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَصَادِقٌ സത്യമായതുതന്നെ
51:6
  • وَإِنَّ ٱلدِّينَ لَوَٰقِعٌ ﴾٦﴿
  • നിശ്ചയമായും, പ്രതിഫലനടപടി സംഭവിക്കുന്നതും തന്നെ.
  • وَإِنَّ الدِّينَ നിശ്ചയമായും നടപടി (എടുക്കല്‍), പ്രതിഫലം لَوَاقِعٌ സംഭവിക്കുന്നതു തന്നെ

കാറ്റുകള്‍, മേഘങ്ങള്‍, കപ്പലുകള്‍, മലക്കുകള്‍ എന്നിവയെക്കൊണ്ടു അല്ലാഹു സത്യം ചെയ്തു പറയുന്നതു രണ്ടു കാര്യങ്ങളത്രെ. ഒന്ന്: രക്ഷാശിക്ഷകള്‍, സ്വര്‍ഗ്ഗനരകങ്ങള്‍ മുതലായ വാഗ്ദാനങ്ങളും, താക്കീതുകളുമെല്ലാം യഥാര്‍ത്ഥങ്ങളാണെന്ന്. രണ്ട്: മരണാനന്തരം ഓരോരുത്തന്റെ ഗുണദോഷകര്‍മ്മങ്ങള്‍ പരിശോധിച്ചു തക്കതായ നടപടി എടുക്കുകയും, പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണെന്ന്. അഥവാ, അവയൊന്നും വെറും ഭീഷണിയോ, ചിലര്‍ തട്ടിമൂളിക്കാറുള്ളതുപോലെ, സന്മാര്‍ഗ്ഗത്തിലേക്കുള്ള പ്രോത്സാഹനാര്‍ത്ഥം പറയപ്പെടുന്ന അതിശയോക്തികളോ ഒന്നുമല്ല. എല്ലാം തികച്ചും സംഭവിക്കുവാന്‍ പോകുന്ന സത്യയാഥാര്‍ത്ഥ്യങ്ങളാകുന്നു എന്ന് സാരം.

മേല്‍കണ്ട നാലു സത്യവാചകങ്ങള്‍ക്കും നാം മുകളില്‍കൊടുത്ത വ്യാഖ്യാനങ്ങളാണ് മുന്‍ഗാമികളായ പല മഹാന്മാരും നല്‍കുന്നത്. അലി (رضي الله عنه), ഉമര്‍ (رضي الله عنه), ഇബ്നു അബ്ബാസ് (رضي الله عنه), ഇബ്നുഉമര്‍ (رضي الله عنه), മുതലായ സഹാബീവര്യന്‍മാരില്‍ നിന്നും, മുജാഹിദു (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله), ഖത്താദ: (رحمه الله), സുദ്ദീ (رحمه الله), ഹസന്‍ (رحمه الله) മുതലായ പല മഹാന്മാരില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതാണവ. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇബ്നുജരീറും, ഇബ്നു അബീഹാതിമും (رحمهما الله) – അവരുടെ സാധാരണ പതിവിന്‍പടി – ഇതല്ലാതെ വേറെ അഭിപ്രായങ്ങള്‍ ഇവിടെ പ്രസ്താവിച്ചിട്ടുമില്ല. (كما في ابن كثير) പക്ഷേ, റാസീ (رحمه الله) മുതലായ ചിലര്‍ അഭിപ്രായപ്പെടുന്നതു പ്രസ്തുത വാചകങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതെല്ലാം കാറ്റു തന്നെയാണെന്നാകുന്നു. ആദ്യവചനത്തില്‍ നീരാവി പാറ്റിപ്പരത്തി മേഘമുണ്ടാക്കുന്ന കാറ്റുകള്‍, രണ്ടാമത്തേതില്‍ മേഘഭാരം വഹിക്കുന്ന കാറ്റുകള്‍, മൂന്നാമത്തേതില്‍ മേഘവുമായി അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന കാറ്റുകള്‍, നാലാമത്തേതില്‍ വിവിധ ഭാഗങ്ങളില്‍ മേഘങ്ങളെ എത്തിച്ചു മഴ ഭാഗിച്ചുകൊടുക്കുന്ന കാറ്റുകള്‍ എന്നിങ്ങനെയാണ് അവരുടെ വ്യാഖ്യാനം.വേറെയും ചില അഭിപ്രായങ്ങള്‍ കാണാം. പക്ഷേ, മേല്‍കണ്ടതുപോലെ പല സഹാബികളും, താബിഉകളും അടങ്ങുന്ന പൗരാണിക മഹാന്മാരുടെ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രസക്തിയുള്ളതു എന്നു തീര്‍ച്ചയാണ്.

ഇതുപോലെ ഖുര്‍ആനില്‍ കാണപ്പെടുന്ന എല്ലാ സത്യവാചകങ്ങളിലും നാം പ്രത്യേകം മനസ്സിരുത്തേണ്ടതു രണ്ടു കാര്യങ്ങളാണ്.

1) സത്യം ചെയ്തു കൊണ്ടു പറയപ്പെട്ടിട്ടുള്ള കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവും.

2) ഏതൊന്നിന്റെ പേരിലാണോ സത്യം ചെയ്യപ്പെട്ടതെങ്കില്‍ അതിലടങ്ങിയിട്ടുള്ള രഹസ്യങ്ങളും സൂചനകളും.

ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്കു സാധ്യതയുണ്ടാകുമ്പോള്‍ ഇതു കൂടുതല്‍ മനസ്സിരുത്തേണ്ടതാകുന്നു. ഖുര്‍ആനിലെ സത്യവാചകങ്ങളില്‍ അടങ്ങിയ തത്വരഹസ്യങ്ങളെക്കുറിച്ചു പല മഹാന്മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ചുരുക്കം ചിലതെല്ലാം സന്ദര്‍ഭമനുസരിച്ചു നാമും ചിലപ്പോള്‍ ചൂണ്ടിക്കാട്ടാറുമുണ്ട്. അടുത്ത വചനം നോക്കുക:

51:7
  • وَٱلسَّمَآءِ ذَاتِ ٱلْحُبُكِ ﴾٧﴿
  • (പല) മാര്‍ഗ്ഗങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)!
  • وَالسَّمَاءِ ആകാശംതന്നെയാണ് ذَاتِ الْحُبُكِ മാര്‍ഗ്ഗങ്ങളുള്ള, കെട്ടുറപ്പുള്ള
51:8
  • إِنَّكُمْ لَفِى قَوْلٍ مُّخْتَلِفٍ ﴾٨﴿
  • നിശ്ചയമായും, നിങ്ങള്‍ ഭിന്നമായ വാക്കിലാണ് [ഭിന്നാഭിപ്രായത്തിലാണ്] ഉള്ളത്.
  • إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي قَوْلٍ വാക്കില്‍തന്നെയാണ് مُّخْتَلِفٍ വ്യത്യസ്തമായ, ഭിന്നമായ
51:9
  • يُؤْفَكُ عَنْهُ مَنْ أُفِكَ ﴾٩﴿
  • തെറ്റിക്കപ്പെടുന്നവര്‍ അതിനാല്‍ തെറ്റിക്കപ്പെടുന്നു.
  • يُؤْفَكُ തെറ്റിക്ക(തിരിക്ക)പ്പെടുന്നു عَنْهُ അതിനാല്‍, അതില്‍നിന്നു مَنْ أُفِكَ തെറ്റിക്കപ്പെട്ടവര്‍

കണക്കറ്റ നക്ഷത്രഗോളങ്ങളും വന്‍ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ആകാശത്തു അവയുടെ സഞ്ചാരപഥങ്ങളും, ഭ്രമണമാര്‍ഗ്ഗങ്ങളുമായി വിവിധതരത്തിലുള്ള അസംഖ്യം മാര്‍ഗ്ഗങ്ങള്‍ സ്ഥിതി ചെയ്യുന്നു. അവയെല്ലാം വ്യവസ്ഥാപിതവും അതിസമര്‍ത്ഥവുമായ രീതിയില്‍ അല്ലാഹു സ്ഥാപിച്ചു നിയന്ത്രിച്ചുവരുന്നു. ഉപരിഗോളങ്ങളെ സംബന്ധിച്ചു മനുഷ്യന്റെ അറിവു എത്രതന്നെ പുരോഗമിചിട്ടുണ്ടെങ്കിലും ശരി, ഉപരിമണ്ഡലത്തു സ്ഥിതി ചെയ്യുന്ന അതിരറ്റ യാഥാര്‍ത്ഥ്യങ്ങളുടെ പടിവാതില്‍ക്കലെത്തിച്ചേരുവാന്‍ എനിയും ബഹുദൂരം അവന്‍ സഞ്ചരിക്കേണ്ടതുണ്ട്. ഉപരിയാകാശ സംബന്ധമായി ഇന്നോളം മനുഷ്യനു സൂക്ഷ്മമായി സിദ്ധിച്ചു കഴിഞ്ഞിട്ടുള്ള ഓരോ അറിവും തന്നെ, ലോകസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ മഹത്വത്തെ വിളിച്ചോതുന്നവ മാത്രമാകുന്നു. الحبك എന്ന വാക്കിനു മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചതുപോലെ ‘മാര്‍ഗ്ഗങ്ങള്‍’ എന്നു അര്‍ത്ഥം കല്‍പിച്ചു കൊണ്ടാണ് നാം ഈ വിവരണം നല്‍കിയത്. എന്നാല്‍, ആ വാക്കിനു ‘കെട്ടുറപ്പ്, ഭംഗി, അഴക്, ദൃഢത’ എന്നിങ്ങിനെ വേറെയും അര്‍ത്ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. എന്നാലും, ഈ അര്‍ത്ഥങ്ങളെല്ലാം വിരല്‍ചൂണ്ടുന്നതും, അവയെ ആധാരമാക്കിയുള്ള വ്യാഖ്യാനങ്ങള്‍ എത്തിച്ചേരുന്നതും ഒരേ വസ്തുതയിലേക്കുതന്നെ. അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലേക്കും, കലാ വൈദഗ്ദ്ധ്യത്തിലേക്കും തന്നെ! ഈ വഴിക്കു മനുഷ്യചിന്തയെ തിരിച്ചുവിടുവാന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് 7-ാം വചനത്തിലെ സത്യവാചകം.

സത്യനിഷേധികളുടെ നിഷേധം ഏക സ്വരത്തിലുള്ളതല്ല, ഐകരൂപ്യമോ, സ്വഭാവസ്ഥിരതയോ അതിനില്ല. അതു വിഭിന്ന രീതിയിലും, വ്യത്യസ്ത രൂപത്തിലുമാണ്. ജാലം, കവിത, ജോത്സ്യം, ഭ്രാന്തു എന്നിങ്ങിനെ പലപ്പോഴും പലതും അവര്‍ പറയും. സത്യദീക്ഷയില്ലാത്ത ചിന്താശൂന്യന്മാരായ ആളുകള്‍ അതുകേട്ടു സത്യത്തില്‍നിന്നു തെറ്റിപ്പിഴച്ചുപോകുന്നു. എന്നല്ലാതെ, സത്യാന്വേഷികളായ ആളുകളൊന്നും അതുമൂലം തെറ്റിപ്പോകുകയില്ല എന്നൊക്കെയാണ് ഈ വചനങ്ങളില്‍ അല്ലാഹു സത്യം ചെയ്തു പറഞ്ഞതിന്റെ താല്‍പര്യം.

51:10
  • قُتِلَ ٱلْخَرَّٰصُونَ ﴾١٠﴿
  • (ആ) മതിപ്പിട്ട് (കള്ളം) പറയുന്നവര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]! -
  • قُتِلَ കൊല്ലപ്പെടട്ടെ (ശപിക്കപ്പെടട്ടെ) الْخَرَّاصُونَ മതിപ്പിട്ടു (കള്ളം) പറയുന്നവര്‍
51:11
  • ٱلَّذِينَ هُمْ فِى غَمْرَةٍ سَاهُونَ ﴾١١﴿
  • അതായതു, വിഡ്ഢിത്തത്തില്‍ (മുഴുകി) അശ്രദ്ധരായവര്‍.
  • الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ فِي غَمْرَةٍ വിഡ്ഢിത്തത്തില്‍,(അജ്ഞതയുടെ)മൂടലില്‍ سَاهُونَ അശ്രദ്ധരാണു, ബോധരഹിതരാണു

‘നശിക്കട്ടെ’, ‘തുലയട്ടെ’ എന്നൊക്കെ പറയാറുള്ളതുപോലെയുള്ള ഒരു ശാപവാക്യമാണ് قتل (കൊല്ലപ്പെടട്ടെ) എന്ന വാക്ക്. യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ഊഹിച്ചും മതിപ്പിട്ടും കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണവര്‍. അജ്ഞതയിലും വിഡ്ഢിത്തത്തിലും മുഴുകി അവരുടെ തന്റേടവും ബോധവും നശിക്കുകയും ചെയ്തിരിക്കുന്നു. അങ്ങിനെ, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു അവര്‍ പാത്രമായിരിക്കുന്നു.

51:12
  • يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ ﴾١٢﴿
  • അവര്‍ ചോദിക്കുന്നു: ‘ഏതവസരത്തിലാണ് (ഈ) പ്രതിഫലനടപടിയുടെ ദിവസം?’എന്ന്.
  • يَسْأَلُونَ അവര്‍ ചോദിക്കുന്നു أَيَّانَ എതവസരത്തിലാണ്, എപ്പോഴാണു يَوْمُ الدِّينِ നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം
51:13
  • يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ ﴾١٣﴿
  • (നരക) അഗ്നിക്കുമീതെ അവര്‍ പരീക്ഷണം ചെയ്യപ്പെടുന്ന ദിവസമത്രെ (അതുണ്ടാവുക)
  • يَوْمَ ദിവസം هُمْ അവര്‍ عَلَى النَّارِ അഗ്നിയുടെ മീതെ, നരകത്തില്‍ يُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
51:14
  • ذُوقُوا۟ فِتْنَتَكُمْ هَٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ ﴾١٤﴿
  • (പറയപ്പെടും) 'നിങ്ങളുടെ പരീക്ഷണം [ശിക്ഷ] നിങ്ങള്‍ ആസ്വദിക്കുവിന്‍! നിങ്ങള്‍ യാതൊന്നിനു ധൃതിപ്പെട്ടുകൊണ്ടിരുന്നുവോ അതാണിത്',
  • ذُوقُوا ആസ്വദിക്കുവിന്‍, രുചിനോക്കുവിന്‍ فِتْنَتَكُمْ നിങ്ങളുടെ പരീക്ഷണം هَـٰذَا الَّذِي ഇതു യാതൊന്നാണ്, ഇതത്രെ യാതൊന്നു كُنتُم നിങ്ങളായിരുന്നു بِهِ تَسْتَعْجِلُونَ അതിനു നിങ്ങള്‍ ധൃതികൂട്ടും

‘എപ്പോഴാണ് പ്രതിഫലനടപടി എടുക്കുന്ന ദിവസം?!’ എന്ന് അവിശ്വാസികള്‍ പരിഹാസപൂര്‍വ്വം ധൃതികൂട്ടിക്കൊണ്ടു ചോദിക്കുന്നതാണ്. അതുകൊണ്ടാണ് അല്ലാഹു ഇങ്ങിനെ മറുപടി പറഞ്ഞതും.

51:15
  • إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴾١٥﴿
  • നിശ്ചയമായും ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും, അരുവികളിലുമായിരിക്കും; -
  • إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍)ആയിരിക്കും وَعُيُونٍ അരുവി(നീരുറവു)കളിലും
51:16
  • ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ﴾١٦﴿
  • തങ്ങളുടെ രക്ഷിതാവു തങ്ങള്‍ക്കു നല്‍കിയതിനെ (ഏറ്റു) വാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു.
  • آخِذِينَ എടുത്തുകൊണ്ടു(ഏറ്റുവാങ്ങിക്കൊണ്ടു) مَا آتَاهُمْ അവര്‍ക്കു നല്‍കിയതിനെ رَبُّهُمْ അവരുടെ റബ്ബ് إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُحْسِنِينَ സുകൃതം ചെയ്യുന്നവര്‍, നന്മ ചെയ്യുന്നവര്‍

محسن (മുഹ്സിന്‍) എന്നാല്‍ ‘സുകൃതവാന്‍, നന്മ ചെയ്യുന്നവന്‍, പുണ്യം ചെയ്യുന്നവന്‍’ എന്നൊക്കെ വാക്കര്‍ത്ഥം. മറ്റൊരാള്‍ക്കു നന്മ ചെയ്യുന്നവനും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവനും ഈ വാക്കു ഉപയോഗിക്കപ്പെടും. ഇതിന്റെ ധാതുപദമാകുന്ന احسان (ഇഹ്സാന്‍) എന്നതിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയിട്ടുള്ള നിര്‍വ്വചനം ഇതാകുന്നു.

(أنْ تَعْبُدَ اللَّهَ كَأنَّكَ تَرَاهُ، فإنْ لَمْ تَكُنْ تَرَاهُ فإنَّه يَرَاكَ (مسلم

(നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മു.)സുകൃതവാന്‍മാരുടെ ഗുണങ്ങളും അവര്‍ക്കു സ്വര്‍ഗ്ഗവും മറ്റും ലഭിക്കുവാനുള്ള കാരണവും അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിര്‍വ്വചനത്തിനു ചില ഉദാഹരണങ്ങളും കൂടി അതില്‍ കാണാം.

51:17
  • كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴾١٧﴿
  • അല്പ (സമയ)മായിരുന്നു രാത്രിയില്‍നിന്ന് അവര്‍ ഉറങ്ങാറുള്ളത്.
  • كَانُوا അവരായിരുന്നു قَلِيلًا അല്പം, കുറച്ചു مِّنَ اللَّيْلِ രാത്രിയില്‍നിന്നു مَا يَهْجَعُونَ അവര്‍ ഉറങ്ങുന്നതു
51:18
  • وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴾١٨﴿
  • നിശാന്ത്യസമയങ്ങളിലാകട്ടെ, അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.
  • وَبِالْأَسْحَارِ നിശാന്ത്യങ്ങളില്‍, രാത്രി അവസാന യാമങ്ങളില്‍ هُمْ يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്യും
51:19
  • وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ ﴾١٩﴿
  • അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവന്നും, (ചോദിക്കുന്നതിനു) തടസ്സം ബാധിച്ചവര്‍ക്കും അവകാശവുമുണ്ടായിരിക്കും.
  • وَفِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ അവകാശം (ഓഹരി) لِّلسَّائِلِ ചോദിക്കുന്നവന്നു وَالْمَحْرُومِ തടസ്സം ബാധിച്ചവന്, തടയപ്പെട്ടവന്നും

മിക്കവരും ചെയ്യുന്നതുപോലെ, അവര്‍ രാത്രി മുഴുവന്‍ നിദ്രയിലാണ്ടു സമയം കഴിച്ചിരുന്നില്ല. പലരേയുംപോലെ വിനോദശാലകളിലോ ദുര്‍ന്നടപ്പുകേന്ദ്രങ്ങളിലോ സമയം ചിലവഴിച്ചിരുന്നുമില്ല. രാത്രി അവര്‍ ഉറങ്ങും, പക്ഷേ അല്പസമയം മാത്രം. ബാക്കി സമയം നമസ്കാരം, ദിക്ര്‍, ദുആ മുതലായ ആരാധനാകര്‍മ്മങ്ങളിലാണവര്‍ കഴിച്ചുകൂട്ടുന്നത്. രാത്രിയുടെ അന്ത്യയാമത്തിലാണല്ലോ എല്ലാവരും സുഖനിദ്ര കൂടുതല്‍ ആസ്വദിക്കുന്നത്. ഈ അവസരത്തില്‍ അവരുടെ ശ്രദ്ധ അല്ലാഹുവിനോടു – നമസ്കാരത്തിലോ അല്ലാതെയോ – പാപമോചനം തേടുന്നതിലാണ്. ആരാധനാകര്‍മ്മങ്ങളില്‍ കേവലം കൊള്ളാവുന്ന ആളുകളില്‍പോലും കണ്ടേക്കുന്ന ഒരു കുറ്റമത്രെ ലുബ്ധത. ഇവരെ ആ ദോഷവും തീണ്ടിയിട്ടില്ല. സാധുക്കള്‍ക്കും, പാവപ്പെട്ടവര്‍ക്കും അവരുടെ ധനത്തില്‍ പങ്കുണ്ട്. പങ്കുണ്ടെന്നു മാത്രമല്ല, അതവര്‍ക്കു അവകാശപ്പെട്ടതാണെന്നും, തങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടുന്ന കടമയാണെന്നും അവര്‍ കരുതുന്നു. ചോദിച്ചു വരുന്നവര്‍ക്കു മാത്രമല്ല, ബുദ്ധിമുട്ടും ഞെരുക്കവുമുള്ളതോടൊപ്പം ചോദിച്ചുവാങ്ങാന്‍ കഴിയാതെയോ, അഭിമാനം അനുവദിക്കാതെയോ മുടങ്ങിനില്‍ക്കുന്നവര്‍ക്കും തങ്ങളുടെ ധനത്തില്‍ നിന്ന് അവര്‍ പങ്ക് നല്‍കും. അങ്ങിനെ, തങ്ങളുടെ സ്രഷ്ടാവിനോടുള്ള ബാധ്യതയിലും, സഹസൃഷ്ടികളോടുള്ള ബാധ്യതയിലും അവര്‍ തികച്ചും ബോധവാന്മാരാകുന്നു.

ചോദിച്ചുവരുന്ന ആള്‍ (السائل) ക്കു അവന്‍ ചോദിച്ച കാരണം കൊണ്ടുതന്നെ സഹായം നല്‍കേണ്ടതുണ്ട്. ചോദിച്ചുവാങ്ങലും, യാചിക്കലും മാന്യമായ ഒരു ഏര്‍പ്പാടല്ലെന്നു പരക്കെ എല്ലാവര്‍ക്കും അറിയാം. ഇസ്‌ലാമാകട്ടെ, അതിനെ വളരെ ശക്തിയായി വെറുക്കുകയും ചെയ്യുന്നു. പക്ഷേ, ചോദിക്കപ്പെടുന്ന ആള്‍ തന്റെ അന്തസ്സും മാന്യതയും പാലിക്കേണ്ടതുണ്ടല്ലോ. ചോദ്യകര്‍ത്താവിന്റെ സ്ഥിതികള്‍ ചുഴിഞ്ഞന്വേഷണം നടത്തുന്നതു ഭൂഷണമല്ല. ‘ചോദിച്ചുവരുന്നവന്‍ കുതിരപ്പുറത്തു വന്നാലും ശരി, അവന്നൊരു അവകാശമുണ്ട്.’ (لِلسَّائِلِ حَقٌّ وَإِنْ جَاءَ عَلَى فَرَسٍ) എന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത്. (അ; ദാ)

ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടെങ്കിലും അതു അന്യനെ അറിയിക്കാതെ അഭിമാനം സംരക്ഷിച്ചുകൊണ്ടു വിഷമം സഹിക്കുന്നവരുണ്ട്. മറ്റു ചിലര്‍ക്കു അന്യനോടു സഹായമര്‍ത്ഥിക്കുന്നതില്‍ മടിതോന്നിയില്ലെങ്കിലും – രോഗം മുതലായ ഏതെങ്കിലും കാരണത്താല്‍ – തന്റെ വിഷമാവസ്ഥ മറ്റു സഹോദരന്മാരെ അറിയിക്കുവാന്‍ സാധിക്കാതെ വരുന്നവരുമുണ്ട്. ഇവര്‍ക്കാണ് المحروم ( മുടക്കം ബാധിച്ചവന്‍ അഥവാ ചോദിക്കുന്നതിനു തടസ്സമുള്ളവന്‍)എന്നു പറയുന്നത്. ഉപജീവനമാര്‍ഗ്ഗം തടയപ്പെട്ടവന്‍ എന്നും ഈ വാക്കിനു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്ത ഒരു ഹദീസിന്റെ സാരം ഇതാണ്: ‘മിസ്കീന്‍’ എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ യാചിച്ചുനടക്കുന്നവനും ഒരു പിടിയോ, രണ്ടുപിടിയോ, ഒരു കാരക്കയോ, രണ്ടു കാരക്കയോ (കൊടുത്തു) മടക്കിവിടാവുന്നവനുമല്ല. ‘മിസ്കീന്‍’ എന്നാല്‍, പരാശ്രയം വേണ്ടാതിരിക്കത്തക്ക ധനം ഇല്ലാതെയും, തനിക്കു ധര്‍മ്മം കിട്ടത്തക്കവണ്ണം തന്റെ സ്ഥിതി (മറ്റുള്ളവര്‍ക്കു) അറിയപ്പെടാതെയും ഇരിക്കുന്നവനാകുന്നു. (ബു;മു.) വാസ്തവത്തില്‍ ഇങ്ങിനെയുള്ളവരെല്ലാം ഉള്‍പ്പെടുന്ന ഒരു വാക്കാണ്‌ محروم എന്നത്. ഈ വകക്കാരെക്കുറിച്ചു മനസ്സിലാക്കുകയും അവര്‍ക്കു ആശ്വാസം നല്‍കുകയും ചെയ്യുകയെന്നതു വളരെ പ്രധാനപ്പെട്ട ഒരു പുണ്യകര്‍മ്മമാണെന്നു പറയേണ്ടതില്ല. ഉത്തരവാദപ്പെട്ടവരുടെയും കഴിവുള്ളവരുടെയും കടമയുമാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഹേ മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍, രക്തബന്ധം പാലിക്കുകയും ചെയ്യുവിന്‍, ജനങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ (രാത്രി) നമസ്കാരം നടത്തുകയും ചെയ്യുവിന്‍, നിങ്ങള്‍ക്കു ശാന്തമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.’(തി.)

51:20
  • وَفِى ٱلْأَرْضِ ءَايَٰتٌ لِّلْمُوقِنِينَ ﴾٢٠﴿
  • ദൃഢവിശ്വാസമുള്ളവര്‍ക്കു ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
  • وَفِي الْأَرْضِ ഭൂമിയിലുണ്ടു آيَاتٌ ദൃഷ്ടാന്തങ്ങള്‍ لِّلْمُوقِنِينَ ദൃഢവിശ്വാസികള്‍ക്കു, ഉറപ്പിക്കുന്നവര്‍ക്കു
51:21
  • وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ ﴾٢١﴿
  • നിങ്ങളില്‍ തന്നെയുമുണ്ട് (ദൃഷ്ടാന്തങ്ങള്‍). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?!
  • وَفِي أَنفُسِكُمْ നിങ്ങളില്‍ തന്നെയും, നിങ്ങളുടെ ദേഹങ്ങളിലും ഉണ്ടു أَفَلَا تُبْصِرُونَ എന്നിട്ടു (അപ്പോള്‍)നിങ്ങള്‍ കണ്ടറിയുന്നില്ലേ
51:22
  • وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ ﴾٢٢﴿
  • ആകാശത്തില്‍ നിങ്ങളുടെ ആഹാരവും [ഉപജീവനമാര്‍ഗ്ഗവും], നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും ഉണ്ട്.
  • وَفِي السَّمَاءِ ആകാശത്തിലുണ്ടു, ആകാശത്തിലാണ് رِزْقُكُمْ നിങ്ങളുടെ ആഹാരം,ഉപജീവനം وَمَا تُوعَدُونَ നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും
51:23
  • فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ ﴾٢٣﴿
  • എന്നാല്‍, ആകാശത്തിന്റെയും ഭൂമിയുടെയും രക്ഷിതാവു തന്നെയാണ (സത്യം)! നിശ്ചയമായും, ഇതു, നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നതുപോലെ ഒരു യഥാര്‍ത്ഥംതന്നെയാണ് (എന്നു ഓര്‍മിക്കുക)
  • فَوَرَبِّ എന്നാല്‍ റബ്ബ് തന്നെയാണ السَّمَاءِ ആകാശത്തിന്റെ وَالْأَرْضِ ഭൂമിയുടെയും إِنَّهُ നിശ്ചയമായും അതു لَحَقٌّ യഥാര്‍ത്ഥം (പരമാര്‍ത്ഥം, സത്യം)തന്നെ مِّثْلَ مَا أَنَّكُمْ നിങ്ങള്‍ ആണെന്നതുപോലെ تَنطِقُونَ നിങ്ങള്‍ സംസാരിക്കുന്നു (എന്നതു)

മഴയെ ആശ്രയിച്ചാണല്ലോ മനുഷ്യന്റെ ആഹാരം നിലകൊള്ളുന്നത്. മഴ ആകാശത്തുനിന്നു ലഭിക്കുന്നതുമാണ്. പ്രത്യക്ഷത്തില്‍ ആഹാരത്തിന്റെ പ്രധാന ഉപാധിയാണ് മഴയെങ്കിലും, അതിനുപുറമെ അല്ലാഹുവില്‍നിന്നുള്ള അദൃശ്യമായ അനുഗ്രഹങ്ങള്‍ വേറെയും ആവശ്യമാകുന്നു. ‘നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു’ എന്നതുകൊണ്ടുദ്ദേശ്യം മരണശേഷമുള്ള രക്ഷാശിക്ഷകള്‍ മുതലായവയാണ്’. മനുഷ്യന്‍ സംസാരിക്കുന്നുവെന്നതു എപ്രകാരം പരമാര്‍ത്ഥമാണോ അപ്രകാരം യാതൊരു സംശയത്തിനും അവകാശമില്ലാത്ത പരമാര്‍ത്ഥം തന്നെയാണ് ഇപ്പറയുന്ന കാര്യങ്ങളും എന്നു അല്ലാഹു അവനില്‍ ആണയിട്ടു ഓര്‍മ്മിപ്പിക്കുന്നു. ഹസന്‍ (رحمه الله) പറഞ്ഞതുപോലെ, ഇത്രയും ശക്തിയായ ഭാഷയില്‍ അല്ലാഹു ആണയിട്ടുപറഞ്ഞിട്ടും അതു വിശ്വസിക്കാത്ത മനുഷ്യര്‍ ശപിക്കപ്പെട്ടവര്‍തന്നെ!