സൂറത്തുല്‍ മുഅ്മിന് : 61-85
വിഭാഗം - 7
- ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ﴾٦١﴿
- അല്ലാഹുവത്രെ, നിങ്ങള്‍ അടങ്ങിയിരിക്കുവാൻ വേണ്ടി രാത്രിയെയും, (കണ്ണു) കാണാവുന്ന നിലയിൽ [പ്രകാശിതമായിക്കൊണ്ടു] പകലിനെയും നിങ്ങൾക്കു ഉണ്ടാക്കിത്തന്നവൻ. നിശ്ചയമായും, അല്ലാഹു ജനങ്ങളുടെമേൽ ദയവു് (അഥവാ അനുഗ്രഹം) ഉള്ളവൻതന്നെയാണ്. എങ്കിലും, മനുഷ്യരിൽ അധികമാളും നന്ദി ചെയ്യുന്നില്ല.
- اللَّـهُ الَّذِي അല്ലാഹു യായൊരുവനത്രെ جَعَلَ لَكُمُ നിങ്ങള്‍ക്കു ഉണ്ടാക്കി (ഏർപ്പെടുത്തി) ത്തന്ന الَّيْلَ രാത്രിയെ لِتَسْكُنُوا۟ فِيهِ നിങ്ങളതിൽ അടങ്ങിയിരിക്കുവാൻവേണ്ടി والنَّهَارَ പകലിനെയും مُبْصِرًا കാണാവുന്നതായി, കാണത്തക്കതായി إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَذُو فَضْلٍ ദയവു (അനുഗ്രഹം) ഉളളവൻതന്നെ عَلىَ النّاسِ മനുഷ്യരിൽ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ എങ്കിലും മനുഷ്യരിൽ അധികവും, മിക്കവരും لَا يَشْكُرُونَ നന്ദിചെയ്യുന്നില്ല
- ذَٰلِكُمُ ٱللَّهُ رَبُّكُمْ خَٰلِقُ كُلِّ شَىْءٍ لَّآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴾٦٢﴿
- അങ്ങിനെയുള്ളവനത്രെ, എല്ലാ വസ്തുവിന്റെയും സൃഷ്ടാവായ നിങ്ങളുടെ റബ്ബ്. അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങൾ (സത്യം വിട്ട്) തെറ്റിക്കപ്പെടുന്നത്?!
- ذَٰلِكُمُ (അങ്ങിനെയുളള) അവൻ, അവനത്രെ ٱللَّـهُ അല്ലാഹു رَبُّكُمْ നിങ്ങളുടെ റബ്ബായ, രക്ഷിതാവു خَالِقُ സൃഷ്ടിച്ചവൻ كُلِّ شَىْءٍ എല്ലാ വസ്തുവെയും لَّآ إِلَـٰهَ ആരാധ്യനേയില്ല إلاَّ هُوَ അവനല്ലാതെ فَأَنَّى അപ്പോൾ എങ്ങിനെ, എങ്ങോട്ടാണ് تُؤْفَكُونَ നിങ്ങൾ തെറ്റിക്കപ്പെടുന്നു
- كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَٰتِ ٱللَّهِ يَجْحَدُونَ ﴾٦٣﴿
- അല്ലാഹുവിന്റെ 'ആയത്തു'കളെ [ലക്ഷ്യദൃഷ്ടാന്തങ്ങളെ] നിഷേധിച്ചുകൊണ്ടിരിക്കുന്നവർ അപ്രകാരം (സത്യത്തിൽനിന്നു) തെറ്റിക്കപ്പെടുന്നതാണ്.
- كَذَٰلِكَ അപ്രകാരം يُؤْفَكُ തെറ്റിക്കപ്പെടുന്നു الَّذِينَ كَانُوا ആയിരുന്നവർ بِـَٔايَـٰتِ ٱللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കും
- ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًا وَٱلسَّمَآءَ بِنَآءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ﴾٦٤﴿
- അല്ലാഹുവത്രെ, നിങ്ങൾക്കു ഭൂമിയെ വാസസ്ഥലവും, ആകാശത്തെ ഒരു കെട്ടിടവും [മേൽപുരയും] ആക്കിത്തന്നവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തു; നിങ്ങൾക്കു വിശേഷപ്പെട്ട വസ്തുക്കളിൽ നിന്നു അവൻ ആഹാരം (അഥവാ ഉപജീവനം) നൽകുകയും ചെയ്തു. അങ്ങിനെയുള്ളവനാണ് നിങ്ങളുടെ റബ്ബായ അല്ലാഹു. അപ്പോൾ, (സർവ്വ) ലോകരക്ഷിതാവായ അല്ലാഹു എത്രയോ മാഹാത്മ്യമേറിയവനാകുന്നു!
- ٱللَّهُ അല്ലാഹു ٱلَّذِى جَعَلَ ആക്കിയവനത്രെ لَكُمُ നിങ്ങൾക്കു ٱلۡأَرۡضَ ഭൂമിയെ قَرَارًا താവളം (താമസസ്ഥലം) وَٱلسَّمَآءَ ആകാശത്തെ بِنَآءً കെട്ടിടം, എടുപ്പു وَصَوَّرَكُمۡ നിങ്ങളെ അവൻ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ എന്നിട്ടവൻ നന്നാക്കി (ഭംഗിയാക്കി) صُوَرَكُمۡ നിങ്ങളുടെ രൂപങ്ങളെ وَرَزَقَكُم നിങ്ങൾക്കവൻ (ആഹാരം, ഉപജീവനം) നൽകുകയും ചെയ്തു مِّنَ ٱلطَّيِّبَٰتِ വിശിഷ്ട (നല്ല, പരിശുദ്ധ) മായവയിൽനിന്നു ذلِكُم اللهُ അതത്രെ (അവനാണ്) അല്ലാഹു رَبُّكُمۡ നിങ്ങളുടെ റബ്ബ്, റബ്ബായ فتَبارَكَ അപ്പോൾ മാഹാത്മ്യം (നന്മ, മേന്മ) ഏറിയിരിക്കുന്നു اللَّـهُ അല്ലാഹു ٱلۡعَٰلَمِينَ ربّ ലോക(രുടെ) രക്ഷിതാവായ
- هُوَ ٱلْحَىُّ لَآ إِلَٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ﴾٦٥﴿
- അവനത്രെ ജീവത്തായുള്ളവൻ. അവനല്ലാതെ ആരാധ്യനേ ഇല്ല. അതിനാൽ, മതം (അഥവാ കീഴ്‌വണക്കം) അവന് (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാർത്ഥിക്കു)വിൻ. ലോകരുടെ രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും!
- هُوَ ٱلۡحَىُّ അവനത്രെ ജീവത്തായുളളവൻ ,(സാക്ഷാൽ) ജീവിക്കുന്നവൻ لَا إِلَـٰهَ ആരാധ്യനേ ഇല്ല إلاّ هُوَ അവനല്ലാതെ فَادْعُوهُ ആകയാൽ അവനെ വിളിക്കുക, പ്രാർത്ഥിക്കുക مُخْلِصِينَ لَهُ അവനു നിഷ്കളങ്കമാക്കിക്കൊണ്ടു ٱلدِّينَ മതം, കീഴ്വണക്കം الْحَمْدُ (സർവ്വ) സ്തുതി لِلّهِ അല്ലാഹുവിനാണ് ٱلۡعَٰلَمِينَ رَبِّ ലോക രക്ഷിതാവായ
പ്രാർത്ഥനയും, ആരാധനയും അല്ലാഹുവിനു മാത്രമേ പാടുള്ളൂവെന്നതിനുള്ള കാരണങ്ങൾ പലതും വിവരിച്ചശേഷം, അതുകൊണ്ട് അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും, ആരാധിക്കുകയും വേണമെന്നു വീണ്ടും ഉൽബോധിപ്പിക്കുന്നു. അതോടുകൂടി, തക്കതായ ദൃഷ്ടാന്തങ്ങൾ മുഖേന സംശയാതീതമായി ഈ യാഥാർത്ഥ്യം സ്ഥാപിച്ചു കഴിഞ്ഞതിന്റെ പേരിൽ അല്ലാഹുവിനു സ്തുതി രേഖപ്പെടുത്തുകയും ചെയുന്നു.
- ۞ قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَٰلَمِينَ ﴾٦٦﴿
- (നബിയേ) പറയുക: 'എന്റെ രക്ഷിതാവിൽനിന്നു എനിക്കു തെളിവുകൾ വന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നവരെ ഞാൻ ആരാധിക്കുന്നതു എന്നോടു വിരോധിക്കപ്പെട്ടിരിക്കുന്നു; ലോകരുടെ രക്ഷിതാവിനു ഞാൻ കീഴൊതുങ്ങണമെന്നു എന്നോടു കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.'
- قُلْ പറയുക إِنِّى نُهِيتُ നിശ്ചയമായും ഞാൻ വിരോധിക്കപ്പെട്ടിരിക്കുന്നു أَنۡ أَعۡبُدَ ഞാൻ ആരാധിക്കൽ ٱلَّذِينَ تَدۡعُونَ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَمَّا جَآءَنِىَ എനിക്കു വന്നിരിക്കെ الْبيِّناتُ തെളിവുകൾ مِن رَّبِّي എന്റെ റബ്ബിന്റെ പക്കൽനിന്നു وَأُمِرْتُ ഞാൻ (എന്നോടു) കൽപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أن أُسْلِمَ ഞാൻ കീഴൊതുങ്ങുവാൻ, അനുസരിക്കണമെന്നു لِرَبِّ ٱلۡعَٰلَمِينَ ലോക(രുടെ) രക്ഷിതാവിനു
അതുകൊണ്ടു ആരാധനയിൽ നിങ്ങളുടെ കൂട്ടത്തിൽ ചേരുവാനോ, അതു സമ്മതിക്കുവാനോ എനിക്കു നിവൃത്തിയില്ല എന്നു താൽപര്യം.
- هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ ﴾٦٧﴿
- ‘അവനത്രെ, നിങ്ങളെ മണ്ണിൽനിന്നും, പിന്നെ ഇന്ദ്രിയത്തുള്ളിയിൽ [ശുക്ലബീജത്തിൽ] നിന്നും, പിന്നീടു രക്തപിണ്ഡത്തിൽ നിന്നുമായി സൃഷ്ടിച്ചവൻ. പിന്നീടു, നിങ്ങളെ അവൻ ശിശുക്കളായി പുറത്തുവരുത്തുന്നു: പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണശക്തി (യൗവ്വനം) പ്രാപിക്കും വരേക്കും (വളർത്തിക്കൊണ്ടു വരുന്നു); പിന്നെ, നിങ്ങൾ വൃദ്ധന്മാരായിത്തീരുന്നതുവരേക്കും (അവശേഷിപ്പിക്കുന്നു). (അതിനു) മുമ്പേ കാലം തീർന്നു (മരണപ്പെട്ടു) പോകുന്നവരും നിങ്ങളിലുണ്ട്;- നിർണ്ണയിക്കപ്പെട്ട ഒരവധിയിൽ നിങ്ങൾ എത്തിച്ചേരേണ്ടതിനും, നിങ്ങൾ മനസ്സിരുത്തുവാൻ വേണ്ടിയും ആകുന്നു (ഇതെല്ലാം),
- هُوَ അവൻ الَّذِى خَلَقَكُم നിങ്ങളെ സൃഷ്ടിച്ചവൻ مِّن تُرَابٍ മണ്ണിനാൽ, മണ്ണിൽനിന്ന് ثُمَّ مِن نُّطفَةٍ പിന്നെ ഇന്ദ്രിയത്തുളളിയിൽനിന്നും ثُمّ مِن عَلَقَةٍ പിന്നെ രക്തപിണ്ഡത്തിൽനിന്നും ثُمَّ يُخۡرِجُكُمۡ പിന്നെ നിങ്ങളെ അവൻ പുറപ്പെടുവിക്കുന്നു طِفۡلًا ശിശുക്കളായി ثُمَّ لِتَبۡلُغُوٓاْ പിന്നെ നിങ്ങൾ എത്തുന്നതിനു വേണ്ടിയും, നിങ്ങൾ പ്രാപിക്കുന്നതുവരേക്കും أَشُدَّكُمۡ നിങ്ങളുടെ ഏറ്റവും ശക്തമായ അവസരം, പൂർണ്ണശക്തി ثُمّ لِتَكُونُوا പിന്നെ നിങ്ങൾ ആകുന്നതിനും, ആകുംവരേക്കും شُيُوخاً വൃദ്ധൻമാർ ,വയസ്സൻമാർ وَمِنْكُم നിങ്ങളിലുണ്ടു مَن يَتَوَفَّى കാലം കഴിയുന്നവർ مِن قَبۡلُ മുമ്പ്, മുമ്പേ ولِتَبْلُغُوا നിങ്ങൾ എത്തുന്നതിനും, എത്തുന്നതുവരേക്കും أَجَلاً ഒരവധിയിൽ مُّسَمًّى നിർണ്ണയിക്കപ്പെട്ട وَلَعَلَّكُمۡ നിങ്ങളായേക്കുവാൻ വേണ്ടിയും, ആയേക്കുകയും ചെയ്യാം تَعۡقِلُونَ മനസ്സിരുത്തു(വാൻ), ബുദ്ധികൊടുക്കുന്ന, ചിന്തിക്കുന്ന(വർ)
സൂ: ഹജ്ജ് 5ലും സൂ: മുഅ്മിനൂൻ 12-16 ലും അവയുടെ വ്യാഖ്യാനത്തിലും പ്രസ്താവിച്ച സംഗതികള്‍ ഇവിടെയും ഓർക്കുക, നിർണ്ണയിക്കപ്പെട്ട അവധി (أَجَلًا مُّسَمًّى) എന്നു പറഞ്ഞതു ഓരോ വ്യക്തിയുടെ ആയുഷ്കാലമായി നിശ്ചയിക്കപ്പെട്ട അവധിയായിരിക്കും. അല്ലെങ്കില്‍ – ചിലർ പറയുന്നതുപോലെ – മനുഷ്യ സമുദായത്തിന്റെ മൊത്തത്തിലുള്ള അവധിയാകുന്ന അന്ത്യനാളും ആയിരിക്കാവുന്നതാണ്. الله أعلم
- هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴾٦٨﴿
- അവൻതന്നെയാണ് ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവൻ. എന്നാൽ, ഒരു കാര്യം അവൻ തീരുമാനിച്ചാൽ, അതിനെക്കുറിച്ച് ‘ഉണ്ടാകുക’ എന്നു അവൻ പറയുകമാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നതാണ്.
- هُوَ ٱلَّذِى അവൻ യാതൊരുവൻ يُحۡىِۦ അവൻ ജീവിപ്പിക്കുന്നു ويُمِيتُ മരണപ്പെടുത്തുകയും ചെയ്യുന്നു فَإِذَا قَضَىٰٓ എന്നാൽ അവൻ തീരുമാനിച്ചാൽ, വിധിച്ചാൽ أَمۡرًا ഒരു കാര്യം فَإنَّما يَقُولُ എന്നാലവൻ പറയുക മാത്രം ചെയ്യുന്നു لَهُ അതിനെക്കുറിച്ച് كُن ഉണ്ടാവുക എന്നു فَيَكُونُ അപ്പോഴതു ഉണ്ടാകും
അല്ലാഹുവിന്റെ ‘ആയത്തു’കളിൽ തർക്കം നടത്തുന്ന ധിക്കാരികളെക്കുറിച്ചു ഈ അധ്യായത്തിൽ മൂന്നു പ്രാവശ്യം ഇതിനുമുമ്പ് അല്ലാഹു ആവർത്തിച്ച് ആക്ഷേപിക്കുകയുണ്ടായി. അടുത്ത ആയത്തിൽ എനിയും -നാലാമതൊരു പ്രാവശ്യംകൂടി- അതാ അവരെക്കുറിച്ചു വളരെ ശക്തിയായി ആക്ഷേപിക്കുന്നു! അവരുടെ അന്തരംഗം എന്താണെന്നു വെളിപ്പെടുത്തുകയും, അതോടൊപ്പം അവർക്കു നേരിടുവാനിരിക്കുന്ന ഭാവിയെപ്പറ്റി മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു!-
വിഭാഗം - 8
- أَلَمْ تَرَ إِلَى ٱلَّذِينَ يُجَٰدِلُونَ فِىٓ ءَايَٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ ﴾٦٩﴿
- അല്ലാഹുവിന്റെ 'ആയത്തു'കളിൽ തർക്കം നടത്തുന്നവരിലേക്കു നീ (നോക്കി) കാണുന്നില്ലേ, അവർ എങ്ങിനെയാണ് (സത്യത്തിൽനിന്ന്) തിരിച്ചുവിടപ്പെടുന്നത്?!
- أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى ٱلَّذِينَ يُجَٰدِلُونَ തർക്കം നടത്തുന്നവരിലേക്കു فِىٓ ءَايَٰتِ ٱللَّهِ അല്ലാഹുവിന്റെ ആയത്തുകളിൽ أَنَّى എങ്ങിനെ يُصۡرَفُونَ അവർ തിരിച്ചു വിടപ്പെടുന്നു (തെറ്റിപ്പോകുന്നു)
- ٱلَّذِينَ كَذَّبُوا۟ بِٱلْكِتَٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ ﴾٧٠﴿
- വേദഗ്രന്ഥത്തെയും, നമ്മുടെ റസൂലുകളെ [ദൂതന്മാരെ] നാം ഏതൊന്നുമായി അയച്ചുവോ അതിനെയും വ്യാജമാക്കുന്നവരത്രെ (അവർ). എന്നാൽ വഴിയെ അവർക്കു അറിയാറാകും!-
- ٱلَّذِينَ كَذَّبُواْ വ്യാജമാക്കിയവരാണ് بِالْكِتابِ വേദഗ്രന്ഥത്തെ وَبِمَآ യാതൊന്നിനെയും أَرۡسَلۡنَا بِهِ അതുമായി (അതുംകൊണ്ടു) നാമയച്ചു رُسُلَنَا നമ്മുടെ റസൂലുകളെ فَسَوْفَ എന്നാൽ (അതിനാൽ) വഴിയെ يَعۡلَمُونَ അവർക്കു അറിയാം, അറിയും
- إِذِ ٱلْأَغْلَٰلُ فِىٓ أَعْنَٰقِهِمْ وَٱلسَّلَٰسِلُ يُسْحَبُونَ ﴾٧١﴿
- (അതെ) അവരുടെ കഴുത്തുകളിൽ ആമങ്ങളാകുമ്പോൾ; ചങ്ങലകളും! (അവയുമായി) അവർ വലിച്ചിഴക്കപ്പെടും.
- إِذِ ٱلۡأَغۡلَٰلُ ആമങ്ങൾ (വിലങ്ങുകൾ) ആകുമ്പോൾ فِىٓ أَعۡنَٰقِهِمۡ അവരുടെ കഴുത്തുകളിൽ وَٱلسَّلَٰسِلُ ചങ്ങലകളും يُسۡحَبُونَ അവർ വലിച്ചിഴക്കപ്പെടും
- فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ ﴾٧٢﴿
- ചുട്ടുതിളക്കുന്ന വെള്ളത്തിൽ! പിന്നീട് അവരെ നരകത്തിൽ (ഇട്ട്) കത്തിക്കപ്പെടും.
- فِى ٱلۡحَمِيمِ ചുട്ടുതിളക്കുന്ന വെളളത്തിൽ ثُمَّ فِى ٱلنَّارِ പിന്നെ നരകത്തിൽ, അഗ്‌നിയിൽ يُسۡجَرُونَ അവരെ ഇട്ടു കത്തിക്കപ്പെടും
- ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ ﴾٧٣﴿
- പിന്നെ, അവരോടു പറയപ്പെടും: 'നിങ്ങൾ പങ്കുചേർത്തു വന്നിരുന്നവർ എവിടെ?'-
- ثُمَّ قِيلَ പിന്നെ പറയപ്പെടും لَهُمْ അവരോടു أَيْنَ എവിടെ مَا كُنتُمْ നിങ്ങൾ ആയിരുന്നതു تُشْرِكُونَ പങ്കുചേർത്തു വരുക
- مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَٰفِرِينَ ﴾٧٤﴿
- അല്ലാഹുവിനുപുറമെ (പങ്കു ചേർത്തിരുന്നവർ)! അവർ പറയും: 'അവർ ഞങ്ങളെ വിട്ടു (മറഞ്ഞു) കാണാതായിപ്പോയി! (അല്ല-) പക്ഷെ, ഞങ്ങൾ മുമ്പ് യാതൊന്നിനെയും വിളിച്ചു (പ്രാർത്ഥി)ച്ചിരുന്നില്ല.' ഇതുപോലെ അല്ലാഹു അവിശ്വാസികളെ വഴിപിഴവിലാക്കുന്നു.
- مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ قَالُوا അവർ പറയും ضَلُّوا عَنَّا അവർ ഞങ്ങളെ വിട്ടുപോയി (മറഞ്ഞു, കാണാതായി) بَل പക്ഷേ, എങ്കിലും لَّمۡ نَكُن نَّدۡعُواْ ഞങ്ങൾ വിളിച്ചിരുന്നില്ല, പ്രാർത്ഥിക്കുമായിരുന്നില്ല مِن قَبْلُ മുമ്പ് شَيْئًا യാതൊന്നിനെയും كَذَٰلِكَ അതു (ഇതു) പോലെ, അപ്രകാരം يُضِلُّ اللَّـهُ അല്ലാഹു വഴിപിഴവിലാക്കുന്നു الْكَافِرِينَ അവിശ്വാസികളെ
അല്ലാഹുവിനുപുറമെ നിങ്ങൾ വിളിച്ചാരാധിച്ചിരുന്ന ദൈവങ്ങളൊക്കെ എവിടെപ്പോയി? ആരും നിങ്ങളെ സഹായിക്കാനില്ലേ? എന്നൊക്കെ അവരോടു പരിഹാസപൂർവ്വം ചോദിക്കപ്പെടും. അപ്പോൾ അവർ പറയുന്ന മറുപടികളാണിത്: ‘അവർ ഞങ്ങളെ വിട്ടു എവിടെയോ മറഞ്ഞുപോയി; അവരെക്കൊണ്ടു ഒരു ഉപകാരവും ഞങ്ങൾക്കു കിട്ടിയിട്ടില്ല. അത്രയുമല്ല, വാസ്തവത്തില്‍, ഞങ്ങൾ ആരെയും വിളിച്ചു പ്രാർത്ഥിച്ചിട്ടേയില്ല’ എന്നൊക്കെ ആദ്യം തങ്ങളുടെ ദൈവങ്ങളെ അവർ പഴിക്കുകയും, പിന്നീടു അവയുടെ ആരാധനയെത്തന്നെ നിഷേധിക്കയും ചെയ്യുന്നു. സൂ: അൻആമിൽ ഈ രംഗം വിവരിച്ച സ്ഥലത്തു അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു: ‘പിന്നീട് അവരുണ്ടാക്കുന്ന കുഴപ്പം, ഞങ്ങളുടെ റബ്ബായ അല്ലാഹുതന്നെയാണ (സത്യം)! ഞങ്ങൾ മുശ്രിക്കുകൾ ആയിരുന്നില്ല എന്നു പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കയില്ല. അവർ അവരുടെ സ്വന്തം പേരിൽതന്നെ കളവു പറയുന്നതു എപ്രകാരമാണെന്നു നോക്കുക! അവർ കെട്ടിച്ചമച്ചിരുന്നവ അവരിൽനിന്നും മറഞ്ഞു കാണാതാവുകയും ചെയ്യുന്നതാണ്.’
(ثُمّٙ لٙمْ تٙكُن فِتْنٙتُهُم – الى قوله : مّٙا كٙانُواْ يٙفْتٙرُون – الأنعام : ٢٢–٢٤)
ഇത്രയും ദുരവസ്ഥക്ക് അവർ വിധേയരാകുവാനുണ്ടായ ഹേതു എന്താണെന്ന് അല്ലാഹു അവരെ ഓർമ്മപ്പെടുത്തുന്നു:-
- ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ ﴾٧٥﴿
- ‘അതൊക്കെ, ഭൂമിയിൽവെച്ച് ന്യായമല്ലാത്ത വിധത്തിൽ നിങ്ങൾ ആഹ്ളാദം കൊണ്ടിരുന്നതുകൊണ്ടും, നിങ്ങൾ അഹന്ത കാണിച്ചിരുന്നതുകൊണ്ടുമാകുന്നു (സംഭവിച്ചതു).
- ذَٰلِكُم അതു بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടാണ് تَفْرَحُونَ ആഹ്ളാദം (പുളകം, സന്തോഷം) കൊളളുക فِي الْأَرْضِ ഭൂമിയിൽ بِغَيْرِ الْحَقِّ ന്യായം (അർഹത) ഇല്ലാതെ وَبِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടും تَمْرَحُونَ അഹന്ത (അഹങ്കരം) കാണിക്കുക
- ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ﴾٧٦﴿
- 'നരകത്തിന്റെ വാതിലുകളിൽക്കൂടി, - അതിൽ നിത്യവാസികളെന്ന നിലയിൽ - നിങ്ങൾ പ്രവേശിച്ചുകൊള്ളുവിൻ. എന്നാൽ, അഹംഭാവികളുടെ പാർപ്പിടം വളരെ ചീത്ത തന്നെ!'
- ٱدۡخُلُوٓاْ നിങ്ങൾ പ്രവേശിക്കുവിൻ أَبْوَابَ جَهَنَّمَ ജഹന്നമിന്റെ വാതിലുകളിൽ خَالِدِينَ فِيهَا അതിൽ ശാശ്വതൻമാർ (സ്ഥിരവാസികൾ) ആയിക്കൊണ്ടു فَبِئْسَ അപ്പോൾ എത്രയോ (വളരെ) ചീത്ത مَثْوَى الْمُتَكَبِّرِينَ അഹംഭാവികളുടെ പാർപ്പിടം
- فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۚ فَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ ﴾٧٧﴿
- അതുകൊണ്ട് (നബിയേ) ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥമാകുന്നു. എനി, നാം അവരോടു താക്കീതു ചെയ്യുന്നതിൽ ചിലതു (ഒരു പക്ഷെ) നിനക്കു നാം കാണിച്ചു തന്നേക്കുന്നതായാലും, അല്ലെങ്കിൽ, (അതിനുമുമ്പായി നിന്റെ കാലം കഴിച്ച്) നിന്നെ നാം പിടിച്ചെടുക്കുന്നതായാലും, നമ്മുടെ അടുക്കലേക്കുതന്നെ അവർ മടക്കപ്പെടുന്നതാണ്.
- فَاصْبِرْ അതു കൊണ്ടു ക്ഷമിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ യഥാർത്ഥം (സത്യം, ന്യായം) ആണ് فَإِمَّا نُرِيَنَّكَ എന്നാൽ നിനക്കു നാം കാട്ടിത്തന്നേക്കുന്നതായാൽ بَعْضَ ചിലതു الَّذِي نَعِدُهُمْ നാമവരോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്ന أَوْ نَتَوَفَّيَنَّكَ അല്ലെങ്കിൽ നിന്നെ നാം പിടിച്ചെടുക്കുന്ന (കാലം) കഴിയുമാറാക്കുന്നതായാൽ فَإِلَيْنَا എന്നാൽ നമ്മിലേകുതന്നെ يُرْجَعُونَ അവർ മടക്കപ്പെടുന്നു
അല്ലാഹുവിന്റെ ലക്ഷ്യങ്ങളിലും ദൃഷ്ടാന്തങ്ങളിലും കുതർക്കം നടത്തി സംതൃപ്തരായിക്കൊണ്ടിരിക്കുന്ന അഹങ്കാരികളുടെ ചെയ്തികളും, സ്ഥിതിഗതികളും, വിസ്തരിച്ചു പറഞ്ഞശേഷം-അതാണല്ലോ ഈ സൂറത്തിലെ പ്രധാന സംസാര വിഷയം – ക്ഷമിച്ചുകൊണ്ടു സത്യപ്രബോധനം തുടരുവാനും, അവരുടെ പേരിലുള്ള ശിക്ഷാ നടപടി അല്ലാഹു എടുത്തുകൊള്ളുമെന്നു സമാധാനിക്കുവാനും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. മറ്റൊരിടത്തു അല്ലാഹു ഇങ്ങിനെ പറയുന്നു:
وٙ إِن مّٙا نُرِيٙنّٙكٙ بٙعْضٙ الّٙذِي نٙعِدُهُمْ أٙوْ نٙتٙوٙفّٙيٙنّٙكٙ فٙإِنّٙمٙا عٙلٙيْكٙ الْبلٙاغُ وٙعٙلٙيْنٙا الْحِسٙابُ – الرعد
(നാം അവരോടു താക്കീതു ചെയ്യുന്നതിൽ ചിലതു നിനക്കു നാം കാണിച്ചുതരുന്നതായാലും, അല്ലെങ്കില്‍ -അതിനുമുമ്പ്- നിന്നെ നാം പിടിച്ചെടുക്കുന്നതായാലും പ്രബോധനം ചെയ്യൽ മാത്രമാണ് നിന്റെ മേൽ -ബാധ്യത- ഉള്ളത്. വിചാരണ നമ്മുടെ മേലുമാണ് -ബാദ്ധ്യത- ഉള്ളത് (സൂ: റഅ്ദ്: 40). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്തുതന്നെ അവർക്കു വല്ല ശിക്ഷകളും ബാധിച്ചെന്നുവരാം. അല്ലെങ്കില്‍ അതിനുമുമ്പായി അവിടുത്തെ കാലം കഴിഞ്ഞുപോയെന്നും വരാം -രണ്ടായാലും ശരി- അവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ടുന്ന നയം ഒന്നുതന്നെ, അതിൽ മാറ്റമില്ല എന്നു സാരം. എന്നാൽ ബദ്‌ർ യുദ്ധത്തിൽ അവരുടെ നട്ടെല്ല് ഒടിഞ്ഞുപോയതും, അധികം താമസിയാതെ അറേബ്യാ ഉപദ്വീപിൽ ‘ശിർക്കി’ന്റെയും ‘കുഫ്‌റി’ന്റെയും തേർവാഴ്ച അവസാനിച്ച് അറബികളെല്ലാം ഇസ്ലാമിന്റെ പതാകയിൻ കീഴിൽ അണി നിരന്നതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്തുതന്നെയാണല്ലോ. മേൽ വിവരിച്ചതെല്ലാം ഈ സമുദായത്തിന്റെ മാത്രം സ്വഭാവമല്ല. മുൻപ്രവാചകന്മാരുടെയും, അവരുടെ സമുദായങ്ങളുടെയും കാലത്തെ സ്ഥിതിഗതികളും ഇതിൽ നിന്നു വ്യത്യസ്തമായിരുന്നില്ല എന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു.
- وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ ﴾٧٨﴿
- നിനക്കുമുമ്പ് പല റസൂലുകളെ [ദൂതന്മാരെ]യും നാം അയക്കുകയുണ്ടായിട്ടുണ്ട്. നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടുള്ളവർ അവരിലുണ്ട്; നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടില്ലാത്തവരും അവരിലുണ്ട്. ഏതൊരു റസൂലിനും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടുവരാൻ (നിവൃത്തി) ഇല്ല.
എന്നാൽ, അല്ലാഹുവിന്റെ കല്പന വന്നാൽ, യഥാർത്ഥം അനുസരിച്ചു വിധി നടത്തപ്പെടും; അവിടെവെച്ച് വ്യർത്ഥകാരികൾ നഷ്ടത്തിലാവുകയും ചെയ്യും. - وَلَقَدْ أَرْسَلْنَا തീർച്ചയായും നാം അയച്ചിട്ടുണ്ട് رُسُلًا പല ദൂതൻമാരെ مِّن قَبْلِكَ നിന്റെ മുമ്പ് مِنْهُم അവരിലുണ്ട് مَّن قَصَصْنَا നാം കഥനം ചെയ്തു (വിവരിച്ചു) തന്നവർ عَلَيْكَ നിനക്കു وَمِنْهُم مَّن അവരിലുണ്ട് ചിലര്‍ لَّمْ نَقْصُصْ നാം കഥനം ചെയ്യാത്ത عَلَيْكَ നിനക്കു وَمَا كَانَ ഇല്ല, ഉണ്ടായിരുന്നില്ല, പാടില്ല لِرَسُولٍ ഒരു റസൂലിനും, ദൂതനും أَن يَأْتِيَ വരൽ, വരുവാൻ بِآيَةٍ ഒരു ദൃഷ്ടാന്തവും കൊണ്ടു إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ فَإِذَا جَآءَ എന്നാൽ (അങ്ങനെ) വന്നാൽ أَمْرُ اللَّـهِ അല്ലാഹുവിന്റെ കൽപന قُضِيَ വിധി നടത്തപ്പെടും, തീരുമാനം ചെയ്യപ്പെടും بِالْحَقِّ യഥാർത്ഥ പ്രകാരം, മുറയനുസരിച്ചു وَخَسِرَ നഷ്ടപ്പെടുകയും ചെയ്യും هُنَالِكَ അവിടെവെച്ചു (അപ്പോൾ) الْمُبْطِلُونَ വ്യർത്ഥകാരികൾ (അന്യായം പ്രവർത്തിക്കുന്നവർ)
ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളവരും, പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്തവരുമായി എത്രയോ ദൈവദൂതന്മാർ മനുഷ്യ സമുദായത്തിൽ മുമ്പ് വരുകയുണ്ടായിട്ടുണ്ട്. ഇരുപത്തഞ്ച് പ്രവാചകന്മാരെപ്പറ്റി മാത്രമേ ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളു. ആദം, ഇദ്രീസ്, നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ഇബ്രാഹിം, ഇസ്ഹാഖ്, ഇസ്മാഈൽ, യഅ്ഖൂബ്, യൂനുസ്, യൂസുഫ്, മൂസ, ഹാറൂൻ, യൂശഉ്, ശുഐബ്, അയ്യൂബ്, അൽയസഉ്, ദുൽകിഫ്ൽ, ദാവൂദ്, സുലൈമാൻ, സക്കരിയ്യാ, യഹ്യാ, ഈസാ, മുഹമ്മദ് മുസ്തഫ (عليهم الصلاة والسلام) എന്നിവരാണവർ. ഇവരിൽ പോലും ചിലരുടെ പേരുകള്‍ മാത്രമോ, ചിലരെ സംബന്ധിച്ച ചുരുക്കം കഥകൾ മാത്രമോ ആണ് പറയപ്പെട്ടിട്ടുള്ളതും. അബൂദർറ് (رضي الله عنه) പ്രസ്താവിച്ചതായി ഇമാം അഹ്‌മദ് ഇപ്രകാരം ഉദ്ധരിക്കുന്നു: പ്രവാചകന്മാരുടെ എണ്ണം എത്രയാണെന്നു ഞാൻ റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിച്ചു. തിരുമേനി പറഞ്ഞു: ‘ഒരു ലക്ഷത്തി ഇരുപത്തിനാലായിരമാണ്; അവരിൽ റസൂലുകളായിട്ടുള്ളവർ മുന്നൂറ്റിപ്പതിമൂന്നും -(അതെ) ഒരു വമ്പിച്ച സംഘം- ആകുന്നു.’
‘ജനങ്ങൾക്ക് സത്യവിശ്വാസം സ്വീകരിക്കുവാനാവശ്യമായ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിട്ടില്ലാത്ത ഒരാളും പ്രവാചകൻമാരിൽ ഉണ്ടായിട്ടില്ല’.
(مَا مِنَ الأَنْبِيَاءِ مِنْ نَبِيٍّ إِلاَّ قَدْ أُعْطِيَ مِنَ الآيَاتِ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ الخ – متفق عليه)
എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളി ചെയ്തിട്ടുണ്ട്. എല്ലാ നബിമാർക്കുംതന്നെ, ശത്രുക്കളും ഉണ്ടാകാതിരുന്നിട്ടില്ല. (സൂ: ഫുർഖാൻ: 31). ആവശ്യമായ ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ടായിരുന്നാൽപോലും, ചില പ്രത്യേക അമാനുഷിക സംഭവങ്ങൾ തങ്ങൾക്കു കാട്ടിത്തരണമെന്നു അവർ പ്രവാചകനമാരോടു ആവശ്യപ്പെടലും പതിവായിരുന്നു. അതുപോലെ, അറബി മുശ്രിക്കുകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും പലതും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, അങ്ങിനെയുള്ള ദൃഷ്ടാന്തങ്ങൾ ഒന്നും തന്നെ പ്രവാചകൻമാർക്കു സ്വന്തം നിലയിൽ കാണിച്ചുകൊടുക്കുവാൻ കഴിവോ, പ്രാപ്തിയോ ഇല്ലെന്നും, അല്ലാഹുവിന്റെ അനുമതിയും സഹായവും ഉണ്ടെങ്കിൽ മാത്രമേ അതു സാധ്യമാകുകയുള്ളുവെന്നും അല്ലാഹു മറ്റു പലേടത്തുമെന്നപോലെ – ഈ വചനത്തിലും ഉണർത്തുകയാണ്.
നബിമാർ പ്രബോധനം ചെയ്യുന്ന തത്വങ്ങൾ ശരിയാണെന്നു മനസ്സിലാക്കുവാൻ വേണ്ടുന്ന തെളിവുകളും, ദൃഷ്ടാന്തങ്ങളും ധാരാളം ഉണ്ടായിരിക്കെ, സത്യനിഷേധികൾ ആവശ്യപ്പെടുമ്പോൾ ചില പ്രത്യേക ദൃഷ്ടാന്തങ്ങൾ അവർക്കു കാണിച്ചുകൊടുക്കപ്പെടുന്നതു സത്യം സ്ഥാപിക്കുവാനുള്ള പുതിയ തെളിവുകളെന്ന നിലക്കല്ല. അവരെ സത്യത്തിനു മുമ്പിൽ മുട്ടുകുത്തുമാറു ഭയപ്പെടുത്തുകയും, തങ്ങൾക്കു വേണ്ടത്ര തെളിവുകൾ ലഭിച്ചില്ലെന്നു കുതർക്കം പറയുവാൻ അവസരമില്ലാതാക്കുകയുമാണ് അതിന്റെ ഉദ്ദേശ്യം. എന്നാൽ മുൻകാലചരിത്രം പരിശോധിച്ചാൽ, സത്യനിഷേധികൾ ഇത്തരം ദൃഷ്ടാന്തങ്ങൾ കാണുന്ന വേളയിൽ സത്യത്തിലേക്കു പശ്ചാത്തപിച്ചു മടങ്ങുന്നതിനു പകരം അതു ആഭിചാരമാണ്, ജാലവിദ്യയാണ് എന്നിങ്ങിനെയുള്ള എന്തെങ്കിലും കുതർക്കം പറഞ്ഞു നിഷേധത്തിൽ തന്നെ മൂടുറക്കുകയാണ് ചെയ്തിരുന്നതെന്നു കാണാം. ഒന്നാമതായി, സത്യാന്വേഷണമല്ല -പ്രവാചകന്മാർ അശക്തരാണെന്നു വരുത്തി സത്യനിഷേധത്തെ അരക്കിട്ടുറപ്പിക്കലാണ് -അവരുടെ ലക്ഷ്യം. കൂടാതെ, ബുദ്ധിവിശാലതയില്ലായ്മയും, ചിന്താശൂന്യതയും ഈ നിഷേധത്തിനു കാരണമാണ്. അങ്ങിനെ, അവർ ആ ദൃഷ്ടാന്തങ്ങളെ പരസ്യമായി നിഷേധിക്കുമ്പോൾ, അവരോടു താക്കീതു ചെയ്യപ്പെട്ടിരിക്കുന്ന പൊതുശിക്ഷക്കു അവർ പാത്രമായിത്തീരുന്നതുമാണ്. ഇതിനു പല ഉദാഹരണങ്ങളും അല്ലാഹു ഖുർആനിൽ നമുക്കു വിവരിച്ചുതന്നിട്ടുണ്ട്. മുൻകാലത്തുള്ള ഓരോ റസൂലും ഏതെങ്കിലും ഒരു ജനതയിലേക്കുമാത്രം നിയോഗിക്കപ്പെട്ടവരായിരുന്നുവല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യം ലോകജനതക്ക് ആകമാനമായതുകൊണ്ട്, സമുദായം പൊതുശിക്ഷക്കു ബാധകമാകുവാൻ സംഗതിയായിത്തീർന്നേക്കുന്ന ഇത്തരം ദൃഷ്ടാന്തങ്ങൾ അയക്കുന്നതു അല്ലാഹു നിറുത്തലാക്കിയിരിക്കുകയാണ്. സൂറത്തുൽ ഇസ്രാഇലെ ഒരു വചനത്തിൽനിന്നും മറ്റും ഈ വസ്തുത മനസ്സിലാക്കുവാൻ കഴിയും. അല്ലാഹു പറയുന്നു:
وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْءَايَٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَۚ وَءَاتَيْنَاثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْءَايَٰتِ إِلَّا تَخْوِيفًا – الاسراء: ٥٩
(സാരം: ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമുക്കു തടസ്സമായതു, മുൻഗാമികള്‍ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗോത്രത്തിനു ഒട്ടകത്തെ കാണത്തക്ക ഒരു ദൃഷ്ടാന്തമായി നാം നൽകി. എന്നിട്ടവർ അതിനെക്കൊണ്ടു അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്തുവാൻ വേണ്ടിയല്ലാതെ നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നുമില്ല. (സൂ: ഇസ്റാഉ്: 59)
الاية (‘ആയത്ത്’) എന്ന വാക്കിനു പ്രത്യക്ഷമായ അടയാളം (العلامة الظاهرة) അഥവാ ദൃഷ്ടാന്തം എന്നത്രെ വാക്കർത്ഥം. ഇതിന്റെ ബഹുവചനമാണ് الايات (‘ആയാത്ത്’) ബാഹേന്ദ്രിയങ്ങള്‍ മുഖേനയോ, ബുദ്ധി കൊടുത്തോ ഒരു കാര്യത്തെപ്പറ്റി മനസ്സിലാക്കുവാൻ ഉതകുന്ന എല്ലാ അടയാളങ്ങള്‍ക്കും -അവ സാധാരണങ്ങളോ അസാധാരണങ്ങളോ ആവട്ടെ – ‘ആയത്തു’കള്‍ എന്നു പറയാം. ഖുർആൻ വചനങ്ങള്‍ പല നിലക്കും ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായതുകൊണ്ടു അതിലെ വചനങ്ങള്‍ക്കു -അഥവാ സൂക്തങ്ങള്‍ക്ക്- ‘ആയത്തു’കള്‍ എന്നു പറയപ്പെടുന്നു. ചിലപ്പോള്‍ അദ്ധ്യായത്തെ -അഥവാ സൂറത്തിനെ- ഉദ്ദേശിച്ചും ‘ആയത്തു’ എന്നു പറയാറുണ്ട്. ഖുർആന്റെ പ്രസ്താവനകള്‍ പരിശോധിച്ചാൽ ഇതിനെല്ലാം ഉദാഹരണങ്ങള്‍ കാണാം. ഇവിടെ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് നബിമാരുടെ സത്യതക്കു തെളിവായി അല്ലാഹു വെളിപ്പെടുത്താറുള്ള അസാധാരണങ്ങളായ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (المعجزات) എന്നാണ്. ഇതിനെപ്പറ്റി മുഖവുരയിൽ നാം സംസാരിച്ചിട്ടുണ്ട്. എല്ലാവർക്കും സുപരിചിതമായതും, തുറന്ന ഹൃദയത്തോടെ ചിന്തിക്കുന്നപക്ഷം അല്ലാഹുവിൽ വിശ്വസിക്കുവാൻ മനുഷ്യനെ നിർബ്ബന്ധിക്കുന്നതുമായ ചില ‘ആയത്തു’കളെ (ദൃഷ്ടാന്തങ്ങളെ) അടുത്ത വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു.
വിഭാഗം - 9
- ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَنْعَٰمَ لِتَرْكَبُوا۟ مِنْهَا وَمِنْهَا تَأْكُلُونَ ﴾٧٩﴿
- നിങ്ങൾക്കു കാലികളെ - അവയിൽനിന്നു (ചിലതിന്മേൽ) നിങ്ങൾക്കു സവാരി ചെയ്‍വാൻവേണ്ടി - ഉണ്ടാക്കിത്തന്നിട്ടുള്ളവനത്രെ അല്ലാഹു. അവയിൽനിന്നു (ചിലതിനെ) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
- اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ جَعَلَ لَكُمُ നിങ്ങൾക്കു ഉണ്ടാക്കി (ഏർപ്പെടുത്തി)ത്തന്ന الْأَنْعَامَ കാലികളെ (ആടുമാടൊട്ടകങ്ങളെ) لِتَرْكَبُوا നിങ്ങൾക്കു സവാരിചെയ്യുവാൻ, വാഹനമേറുവാൻ വേണ്ടി مِنْهَا അവയിൽനിന്നു (ചിലതു) وَمِنْهَا അവയിൽനിന്നു تَأْكُلُونَ നിങ്ങൾ തിന്നുക (ഭക്ഷിക്കുക)യും ചെയ്യുന്നു
- وَلَكُمْ فِيهَا مَنَٰفِعُ وَلِتَبْلُغُوا۟ عَلَيْهَا حَاجَةً فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ﴾٨٠﴿
- നിങ്ങൾക്കു അവയിൽ പല (തരം) പ്രയോജനങ്ങളുമുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിനും അവയുടെമേൽ (യാത്ര ചെയ്തുകൊണ്ട്) നിങ്ങൾ എത്തിച്ചേരുവാനും (സൗകര്യപ്പെടുത്തിയിരിക്കുന്നു). അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
- وَلَكُمْ നിങ്ങൾക്കുണ്ടു فِيهَا അവയിൽ مَنَافِعُ പല പ്രയോജനങ്ങൾ وَلِتَبْلُغُوا നിങ്ങൾ എത്തേണ്ടതിനും, പ്രാപിക്കുവാനും عَلَيْهَا അവയുടെ മേൽ حَاجَةً വല്ല ആവശ്യത്തിനും, ആവശ്യം فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചു (ഹൃദയം) കളിലുള്ള وَعَلَيْهَا അവയുടെ മേലും وَعَلَى الْفُلْكِ കപ്പലുകളിലും تُحْمَلُونَ നിങ്ങൾ വഹിക്കപ്പെടുന്നു
- وَيُرِيكُمْ ءَايَٰتِهِۦ فَأَىَّ ءَايَٰتِ ٱللَّهِ تُنكِرُونَ ﴾٨١﴿
- തന്റെ (വിവിധ) ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്കു കാട്ടിത്തരികയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?!
- وَيُرِيكُمْ നിങ്ങൾക്കവൻ കാട്ടിത്തരുകയും ചെയ്യുന്നു آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളെ فَأَيَّ അപ്പോൾ ഏതിനെ آيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ تُنكِرُونَ നിങ്ങൾ നിഷേധിക്കുന്നു
ഒട്ടകം, മാട്, ആട് എന്നീ മൂന്നു വർഗങ്ങള്‍ക്കു പൊതുവിലും, ഒട്ടകത്തെമാത്രം ഉദ്ദേശിച്ചും (ٱلْأَنْعَٰم) എന്ന വാക്കു ഉപയോഗിക്കപ്പെടാറുണ്ട്. ഇവയിൽ സവാരിക്കും സാധനങ്ങള്‍ വഹിക്കുന്നതിനും താരതമ്യേന കൂടുതൽ ഉപയോഗിക്കപ്പെടുന്നതു ഒട്ടകമാണെന്നു പറയേണ്ടതില്ല . ഭക്ഷ്യവസ്തുക്കളായി മൂന്നു വർഗ്ഗവും സദാ ഉപയോഗിക്കപ്പെടുന്നു. മാട്ടുവർഗ്ഗത്തിൽപ്പെട്ട കാളകളെ സവാരി ചെയ്യുന്നതിനും, വണ്ടി വലിക്കുന്നതിനും ഉപയോഗിക്കപ്പെടുത്തലും അപൂർവമല്ല. ചില ധ്രുവപ്രദേശങ്ങളിൽ ആടുവർഗ്ഗത്തെക്കൊണ്ടു ഒരു തരം വണ്ടി വലിപ്പിക്കുന്ന സമ്പ്രദായവും ഇല്ലാതില്ല. അങ്ങിനെ നോക്കുമ്പോള്‍ ഏറെക്കുറെ പ്രസ്തുത മൂന്നു വർഗ്ഗവും വാഹനമായും ഭക്ഷ്യപദാർഥമായും മനുഷ്യർ ഉപയോഗിക്കുന്നുണ്ടെന്നു കാണാം. പാൽ, രോമം, തോൽ മുതലായവയും അവ മൂലം മനുഷ്യനു ലഭിക്കുന്ന പ്രയോജനങ്ങളാകുന്നു. പലതരം പ്രയോജനങ്ങള്‍ (مَنَٰفِعُ) എന്നു പറഞ്ഞതു ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ്. കരയിൽ മൃഗങ്ങളെന്നപോലെ, കടലിൽ കപ്പലും അല്ലാഹു മനുഷ്യനു വാഹനമായി ഏർപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്തെയും, മഹത്വത്തെയുമാണ് ദൃഷ്ടാന്തീകരിക്കുന്നത്. കൂടാതെ വാഹനങ്ങളിൽ യാത്രചെയ്തും, അല്ലാതെയും അല്ലാഹുവിന്റെ അനുഗ്രഹത്തിനും മഹത്വത്തിനും വ്യക്തമായ വേറെ എത്രയോ ദൃഷ്ടാന്തങ്ങളും കണ്ടെത്തുവാൻ മനുഷ്യനു നിത്യേന അവസരം ലഭിക്കുന്നു. അവയെല്ലാം നിഷേധിക്കുവാനും, അവരുടെനേരെ കണ്ണടക്കുവാനും ചിന്താശൂന്യരായ ദുർഭഗൻമാർക്കു മാത്രമേ സാധിക്കുകയുള്ളൂ.
- أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ ﴾٨٢﴿
- എന്നാലവർ ഭൂമിയിൽകൂടി സഞ്ചരിക്കുന്നില്ലേ? അപ്പോഴവർക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം ഉണ്ടായതെങ്ങിനെയാണെന്നു നോക്കിക്കാണാമല്ലോ! അവർ ഇവരെക്കാൾ അധികമുള്ളവരും, ശക്തിയിലും ഭൂമിയിലെ അവശിഷ്ടങ്ങളിലും (അഥവാ കാൽപാടുകളിലും) കൂടുതൽ ഊക്കുള്ളവരുമായിരുന്നു. എന്നിട്ടും അവർ പ്രവർത്തിച്ചുണ്ടാക്കിയിരുന്നതു അവർക്കു ഉപകാരപ്പെട്ടില്ല.
- أَفَلَمْ يَسِيرُوا എന്നാലവർ സഞ്ചരി (നടക്കു) ന്നില്ലേ فِي الْأَرْضِ ഭൂമിയിൽ فَيَنظُرُوا അപ്പോഴവർക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു, ആയെന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുളളവരുടെ كَانُوٓاْ അവരായിരുന്നു أَكْثَرَ مِنْهُمْ ഇവരെക്കാളധികം وَأَشَدَّ قُوَّةً ശക്തിയിൽ ഊക്കുളളവരും, (കഠിനൻമാരും) وَآثَارًا അവശിഷ്ടങ്ങളിലും, കാൽപാടുകളിലും فِي الْأَرْضِ ഭൂമിയിൽ فَمَآ أَغۡنَىٰ എന്നിട്ടും ഉപകരിച്ചില്ല ,പര്യാപ്തമാക്കിയില്ല عَنْهُم അവർക്കു مَّا كَانُوا അവർ ആയിരുന്നതു يَكْسِبُونَ അവർ പ്രവർത്തിച്ചുണ്ടാക്കുക, സമ്പാദിക്കുക
- فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ فَرِحُوا۟ بِمَا عِندَهُم مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٨٣﴿
- (എന്നുവെച്ചാൽ) അവർക്കു അവരുടെ 'റസൂലു'കൾ തെളിവുകളുമായി വന്നപ്പോൾ, തങ്ങളുടെ പക്കലുള്ള അറിവുകൊണ്ടു അവർ തൃപ്തിയടഞ്ഞു; അവർ ഏതൊന്നിനെപ്പറ്റി പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരിൽ വന്നു വലയം ചെയ്കയും ചെയ്തു.
- فَلَمَّا جَآءَتۡهُمۡ അങ്ങനെ (എന്നു വച്ചാൽ) അവർക്കു വന്നപ്പോൾ رُسُلُهُم അവരുടെ റസൂലുകൾ, ദൂതൻമാർ بِالْبَيِّنَاتِ തെളിവുകളുമായി فَرِحُوا അവർ തൃപ്തിയടഞ്ഞു, സന്തോഷപ്പെട്ടു بِمَا عِندَهُم തങ്ങളുടെ പക്കലുളളതുകൊണ്ടു مِّنَ الْعِلْمِ അറിവിൽനിന്നു وَحَاقَ بِهِم അവരിൽ വലയം ചെയ്ക (വരുക)യും ചെയ്തു مَّا യാതൊന്നു كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹാസംകൊള്ളും
പ്രവാചകൻമാർ മതിയായ തെളിവുകള്‍ സഹിതം ചെന്നപ്പോള്‍, അവയെപ്പറ്റി ചിന്തിക്കുകയോ, അവയുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട സത്യങ്ങളെ സ്വീകരിക്കുകയോ ചെയ്യുന്നതിനുപകരം, തങ്ങളുടെ പരമ്പരാഗതമായ അറിവുകള്‍കൊണ്ടു സംതൃപ്തരാകുകയും, അതിനെതിരായിക്കണ്ട എല്ലാ ഉപദേശങ്ങളെയും, താക്കീതുകളെയും പരിഹാസപൂർവ്വം പുറംതള്ളുകയുമായിരുന്നു അവർ ചെയ്തത്. ഇതാണവർ അല്ലാഹുവിങ്കൽനിന്നുളള ശിക്ഷക്കു പാത്രമാകുവാൻ കാരണമെന്നു സാരം. സ്വീകാര്യമായ തെളിവുകള്‍സഹിതം സത്യോപദേശം ചെയ്യപ്പെടുമ്പോള്‍, അവയെപ്പറ്റി ശ്രദ്ധിക്കാതെ, തങ്ങൾ മുമ്പു പഠിച്ചതിനും, മനസ്സിലാക്കിയതിനും അപ്പുറം യാതൊന്നും ചിന്തിക്കാതെ മറുത്തു നിൽക്കുന്നവർ ഈ വചനം പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു.
- فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ ﴾٨٤﴿
- അങ്ങനെ, നമ്മുടെ ദണ്ഡന [ശിക്ഷ] കണ്ടപ്പോൾ അവർ പറഞ്ഞു: 'അല്ലാഹുവിൽ - അവൻ ഏകനായിക്കൊണ്ടു (തന്നെ) - ഞങ്ങൾ വിശ്വസിച്ചു; അവനോടു ഞങ്ങൾ ഏതൊന്നിനെ പങ്കുചേർക്കുന്നവരായിരുന്നുവോ അതിൽ ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.'
- فَلَمَّا رَأَوْا അങ്ങനെ അവർ കണ്ടപ്പോൾ بَأْسَنَا നമ്മുടെ ദണ്ഡനം, ശിക്ഷ قَالُوٓاْ അവർ പറഞ്ഞു آمَنَّا ഞങ്ങൾ വിശ്വസിച്ചു بِاللَّـهِ അല്ലാഹുവിൽ وَحْدَهُ അവൻ ഏകനായ നിലയിൽ وَكَفَرْنَا ഞങ്ങൾ അവിശ്വസിക്കയും ചെയ്ത بِمَا كُنَّا ഞങ്ങളായിരുന്നതിൽ بِهِ مُشْرِكِينَ അവനോടു പങ്കുചേർക്കുന്നവർ
- فَلَمْ يَكُ يَنفَعُهُمْ إِيمَٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ وَخَسِرَ هُنَالِكَ ٱلْكَٰفِرُونَ ﴾٨٥﴿
- എന്നാൽ നമ്മുടെ ദണ്ഡന [ശിക്ഷ] കണ്ടപ്പോഴത്തെ അവരുടെ (ആ) വിശ്വാസം അവർക്കു പ്രയോജനപ്പെടുകയില്ല. (അതെ) അല്ലാഹുവിന്റെ അടിയന്മാരിൽ (മുമ്പ്) കഴിഞ്ഞുപോയിട്ടുള്ള അവന്റെ അതേ നടപടിക്രമം തന്നെ! അവിടെവെച്ച് അവിശ്വാസികൾ നഷ്ടമടയുകയും ചെയ്തു.
- فَلَمْ يَكُ എന്നാൽ ആയില്ല, ഉണ്ടായില്ല يَنفَعُهُمْ അവർക്കു പ്രയോജനം ചെയ്യുക إِيمَانُهُمْ അവരുടെ വിശ്വാസം لَمَّا رَأَوْا അവർ കണ്ടപ്പോഴുള്ള بَأْسَنَا നമ്മുടെ ദണ്ഡനം, ശിക്ഷ سُنَّتَ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമം ٱلَّتِى قَدۡ خَلَتۡ (മുൻ) കഴിഞ്ഞുപോയിട്ടുള്ളതായ فِي عِبَادِهِ അവന്റെ അടിയാൻമാരിൽ وَخَسِرَ നഷ്ടമടയുകയും ചെയ്തു, നഷ്ടമടഞ്ഞതുമായ هُنَالِكَ അവിടെവെച്ചു الْكَافِرُونَ അവിശ്വാസികൾ
മരണവേളയിൽ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുന്നു. അതുകൊണ്ടു അപ്പോഴുണ്ടാകുന്ന വിശ്വാസവും, പശ്ചാത്താപവും അല്ലാഹുവിങ്കൽ സ്വീകാര്യമായിരിക്കയില്ല. അല്ലാഹു പറയുന്നു:
وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٰٔنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌۚ أُو۟لَٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا – النساء :١٨
(സാരം: ഒരാൾക്കു മരണം ആസന്നമാകുന്ന സന്ദർഭത്തിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിച്ചിരിക്കുന്നുവെന്നു പറഞ്ഞേക്കുമാറ് അതുവരെ തിൻമകൾ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നവർക്കും, അവിശ്വാസികളായിക്കൊണ്ട് മൃതി അടയുന്നവർക്കും അല്ല, പശ്ചാത്താപം നിശ്ചയിച്ചിരിക്കുന്നത്) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്യുന്നു: إِنَّ الله يقْبَلُ توْبة العبْدِ مَالَم يُغرْغرِ – الترمذي و ابن ماجة (മരണം തൊണ്ടക്കുഴിയിലെത്താത്തപ്പോൾ അല്ലാഹു അടിയാന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. (തി: ജ)
മരണത്തിനുമുമ്പായി എല്ലാ പാപങ്ങളിൽനിന്നും പശ്ചാത്തപിച്ചു മടങ്ങുകയും, സത്യവിശ്വാസിയായിക്കൊണ്ടു മരണമടയുകയും ചെയ്യുന്ന നല്ല അടിയാൻമാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ
ولله الحمد والمنة