വിഭാഗം - 3

40:21
  • أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُوا۟ مِن قَبْلِهِمْ ۚ كَانُوا۟ هُمْ أَشَدَّ مِنْهُمْ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍ ﴾٢١﴿
  • ഇവർ ഭൂമിയിൽ സഞ്ചരിക്കാറില്ലേ, അപ്പോൾ ഇവർക്കു കാണാമല്ലോ, ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്ന്! ശക്തിയിലും, ഭൂമിയിലെ അവശിഷ്ടങ്ങളിലും (അഥവാ കാൽപ്പാടുകളിലും) ഇവരെക്കാൾ ഊക്കേറിയവർ അവരായിരുന്നു. എന്നിട്ടു അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). അല്ലാഹുവിൽനിന്ന് തടു(ത്തു രക്ഷി)ക്കുന്ന ഒരാളും അവർക്കു ഉണ്ടായതുമില്ല.
  • أَوَلَمْ يَسِيرُوا അവർ (ഇവർ) സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയിൽ فَيَنظُرُوا അപ്പോൾ ഇവർക്കു കാണാം كَيْفَ كَانَ എങ്ങിനെ ആയി, ഉണ്ടായി عَاقِبَةُ الَّذِينَ യാതൊരുവരുടെ പര്യവസാനം, കലാശം كَانُوا مِن قَبْلِهِمْ ഇവരുടെ മുമ്പുണ്ടായിരുന്ന كَانُوا هُمْ അവർ തന്നെയായിരുന്നു أَشَدَّ مِنْهُمْ ഇവരെക്കാൾ ഊക്കു (കാഠിന്യം) കൂടിയവർ قُوَّةً ശക്തിയിൽ, കഴിവാൽ وَآثَارًا അവശിഷ്ടങ്ങളിലും (ശേഷിച്ച അടയാളങ്ങളിൽ) فِي الْأَرْضِ ഭൂമിയിൽ فَأَخَذَهُمُ اللَّـهُ എന്നിട്ടു അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങൾ നിമിത്തം وَمَا كَانَ لَهُمْ അവർക്കുണ്ടായതുമില്ല, (ഇല്ലതാനും) مِّنَ اللَّـهِ അല്ലാഹുവിൽനിന്നു مِن وَاقٍ ഒരു തടുക്കുന്ന (കാക്കുന്ന)വനും
40:22
  • ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَكَفَرُوا۟ فَأَخَذَهُمُ ٱللَّهُ ۚ إِنَّهُۥ قَوِىٌّ شَدِيدُ ٱلْعِقَابِ ﴾٢٢﴿
  • അത്, അവരുടെ അടുക്കൽ അവരുടെ റസൂലുകൾ [ദൈവദൂതൻമാർ] തെളിവുകളുമായി ചെല്ലാറുണ്ടായിരുന്നു, എന്നിട്ടവർ അവിശ്വസിച്ചു എന്നുള്ളതുകൊണ്ടാണ്. അപ്പോൾ: അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). നിശ്ചയമായും അവൻ ശക്തനാണ്; പ്രതികാര (ശിക്ഷാ) നടപടി കഠിനമായുള്ളവനാണ്.
  • ذَٰلِكَ അതു بِأَنَّهُمْ അവരാണെന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നിരുന്നു رُسُلُهُمْ അവരുടെ റസൂലുകൾ بِالْبَيِّنَاتِ തെളിവുകളുംകൊണ്ടു فَكَفَرُوا അപ്പോൾ അവർ അവിശ്വസിച്ചു (അതുകൊണ്ടാണ്) فَأَخَذَهُمُ اللَّـهُ അപ്പോൾ അല്ലാഹു അവരെ പിടിച്ചു إِنَّهُ നിശ്ചയമായും അവൻ قَوِيٌّ ശക്തനാണ് شَدِيدُ الْعِقَابِ പ്രതികാര (ശിക്ഷ) കഠിനമായവനാണ്

മൂസാ (عليه الصلاة والسلام) നബിയുടെയും, അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന ഫിർഔൻ, ഹാമാൻ, ഖാറൂൻ എന്നിവരുടെയും കഥയെ അനുസ്മരിപ്പിച്ചുകൊണ്ട് അടുത്ത വചനത്തിൽ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ധൈര്യപ്പെടുത്തുകയും, സമാധാനിപ്പിക്കുകയും ചെയ്യുന്നു.

40:23
  • وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ ﴾٢٣﴿
  • തീർച്ചയായും, നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ അധികാര പ്രമാണവുമായി നാം മൂസായെ അയക്കുകയുണ്ടായി;-
  • وَلَقَدْ أَرْسَلْنَا തീർച്ചയായും നാം അയക്കയുണ്ടായി مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ അധികാരപ്രമാണവും, അധികൃതരേഖയും مُّبِينٍ പ്രത്യക്ഷമായ
40:24
  • إِلَىٰ فِرْعَوْنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُوا۟ سَـٰحِرٌ كَذَّابٌ ﴾٢٤﴿
  • ഫിർഔന്റെയും ഹാമാന്റെയും ഖാറൂനിന്റെയും അടുക്കലേക്ക്. എന്നിട്ട് അവർ പറഞ്ഞു: ‘ഒരു കള്ളവാദിയായ ജാലവിദ്യക്കാരന്‍’ എന്ന്!
  • إِلَىٰ فِرْعَوْنَ ഫിർഔന്റെ അടുക്കലേക്കു وَهَامَانَ وَقَارُونَ ഹാമാന്റെയും ഖാറൂന്റെയും فَقَالُوا എന്നിട്ടവർ പറഞ്ഞു سَاحِرٌ ജാലവിദ്യക്കാരൻ, ആഭിചാരി كَذَّابٌ കള്ളവാദിയായ

ഫിർഔന്റെ മന്ത്രിയായിരുന്ന ഹാമാനെയും, വമ്പിച്ച ധനികനും ധിക്കാരിയുമായിരുന്ന ഖാറൂനെയും സംബന്ധിച്ച വിവരങ്ങൾ ഇതിനുമുമ്പു കഴിഞ്ഞുപോയിട്ടുണ്ട്.

40:25
  • فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ ﴾٢٥﴿
  • അങ്ങനെ, നമ്മുടെ പക്കൽനിന്നുള്ള യഥാർത്ഥവും കൊണ്ട് അവരുടെ അടുക്കൽ അദ്ദേഹം ചെന്നപ്പോൾ അവർ പറഞ്ഞു: ‘അവന്റെ കൂടെ വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുവിൻ; അവരിലുള്ള സ്ത്രീകളെ (കൊലപ്പെടുത്താതെ) ജീവിക്കുവാൻ വിട്ടേക്കുകയും ചെയ്യുവിൻ.’ അവിശ്വാസികളുടെ ഉപായം വഴിപിഴവിലല്ലാതെ ഇല്ല. [അതു പാഴാകാതിരിക്കയില്ല]
  • فَلَمَّا جَاءَهُمْ അങ്ങനെ അദ്ദേഹം അവരിൽ ചെന്നപ്പോൾ بِالْحَقِّ യഥാർത്ഥവുംകൊണ്ടു مِنْ عِندِنَا നമ്മുടെ പക്കൽനിന്നു قَالُوا അവർ പറഞ്ഞു اقْتُلُوا നിങ്ങൾ കൊലപ്പെടുത്തുവിൻ أَبْنَاءَ الَّذِينَ യാതൊരു കൂട്ടരുടെ ആൺകുട്ടികളെ آمَنُوا مَعَهُ അവന്റെകൂടെ വിശ്വസിച്ച وَاسْتَحْيُوا നിങ്ങൾ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യുവിൻ نِسَاءَهُمْ അവരുടെ സ്ത്രീകളെ, പെണ്ണുങ്ങളെ وَمَا അല്ല (ഇല്ല) كَيْدُ الْكَافِرِينَ അവിശ്വാസികളുടെ ഉപായം, തന്ത്രം إِلَّا فِي ضَلَالٍ വഴിപിഴവിൽ (പാഴിൽ) അല്ലാതെ

മൂസാ നബി (عليه الصلاة والسلام) യുടെ ജനനകാലത്തു ഇസ്രാഈല്യരിൽ ജനിക്കുന്ന ആൺകുട്ടികളെയെല്ലാം കൊന്നൊടുക്കുവാൻ ഫിർഔൻ ചെയ്തിരുന്ന പ്രഖ്യാപനമല്ല ഇവിടെ ഉദ്ദേശ്യം. അതിനുശേഷം, മൂസാ നബി (عليه الصلاة والسلام) ക്ക് പ്രവാചകത്വം കിട്ടിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുന്നതു തടയുവാൻവേണ്ടി പിന്നീടു അവൻ ചെയ്ത പ്രഖ്യാപനമാണ് ഇത്.

40:26
  • وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ ﴾٢٦﴿
  • ഫിർഔൻ (വീണ്ടും) പറയുകയാണ്: എന്നെ വിട്ടേക്കുവിൻ [അനുവദിക്കുവിൻ]. ഞാൻ മൂസായെ കൊലപ്പെടുത്തട്ടെ, അവൻ അവന്റെ റബ്ബിനെ വിളിക്കുകയും ചെയ്യട്ടെ! നിശ്ചയമായും ഞാൻ ഭയപ്പെടുന്നു: അവൻ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ, അല്ലെങ്കിൽ അവൻ ഭൂമിയിൽ കുഴപ്പം പുറപ്പെടുവിക്കുകയോ ചെയ്‌തേക്കുമെന്ന്!’
  • وَقَالَ فِرْعَوْنُ ഫിർഔൻ പറയുകയാണ്, പറഞ്ഞു ذَرُونِي എന്നെ വിട്ടേക്കുവിൻ أَقْتُلْ ഞാൻ കൊല്ലാം, കൊല്ലട്ടെ مُوسَىٰ മൂസായെ وَلْيَدْعُ അവൻ വിളിക്ക (പ്രാർത്ഥിക്ക)യും ചെയ്യട്ടെ رَبَّهُ അവന്റെ റബ്ബിനെ إِنِّي أَخَافُ നിശ്ചയം ഞാൻ ഭയപ്പെടുന്നു أَن يُبَدِّلَ അവൻ മാറ്റിമറിക്കുന്നതു دِينَكُمْ നിങ്ങളുടെ മതം, ആചാരം أَوْ أَن يُظْهِرَ അല്ലെങ്കിൽ അവൻ പുറപ്പെടുവിക്കുമെന്നു, പ്രത്യക്ഷപ്പെടുത്തുമെന്നു فِي الْأَرْضِ ഭൂമിയിൽ الْفَسَادَ കുഴപ്പം
40:27
  • وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ ﴾٢٧﴿
  • മൂസാ പറഞ്ഞു: ‘(എന്നാൽ) ഞാൻ എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായുള്ളവനോട് ന്യായ വിസ്താരത്തിൽ വിശ്വസിക്കാത്ത എല്ലാ അഹംഭാവകളിൽനിന്നും ശരണം തേടുന്നു.’
  • وَقَالَ مُوسَىٰ മൂസാ പറഞ്ഞു إِنِّي عُذْتُ നിശ്ചയമായും ഞാൻ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي എന്റെ റബ്ബിൽ وَرَبِّكُم നിങ്ങളുടെയും റബ്ബ് مِّن كُلِّ مُتَكَبِّرٍ എല്ലാ അഹംഭാവികളിൽനിന്നും لَّا يُؤْمِنُ വിശ്വസിക്കാത്ത بِيَوْمِ الْحِسَابِ വിചാരണ (ന്യായവിസ്താര) ദിവസത്തിൽ

‘മൂസാ കേവലം ഒരു ജാലവിദ്യക്കാരൻമാത്രമാണ്; നമ്മുടെ എതിരാളി എന്ന നിലക്ക് അവനെ കൊലപ്പെടുത്തുന്നതു നമ്മുടെ അന്തസ്സിനു ചേർന്നതല്ല; അതു തെറ്റുദ്ധാരണകൾക്ക് കാരണവുമാണ്; അതുകൊണ്ടു അവനെ കൊല്ലുന്നതു നന്നല്ല’ എന്നൊക്കെ ചിലർ ഫിർഔനെ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ‘എന്നെ വിട്ടേക്കിൻ, ഞാൻ മൂസായെ കൊലപ്പെടുത്തട്ടെ’ (ذَرُونِي أَقْتُلْ مُوسَى) എന്ന് അവൻ പറഞ്ഞതെന്നു ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. ഒരു പക്ഷേ, ആരോ ചിലർ തന്നെ മുടക്കിയതുകൊണ്ടുമാത്രം താൻ മൂസായെ കൊല്ലാതിരിക്കുകയാണെന്നു വരുത്തിത്തീർക്കുവാൻവേണ്ടി പറഞ്ഞതാണെന്നും വരാം. അല്ലാഹുവിനറിയാം. ഏതായാലും, മൂസായെ അവന്റെ പുതിയ വാദവുമായി വിട്ടേക്കുന്നപക്ഷം തങ്ങളുടെ മതം അപകടത്തിലാണെന്നും, അവന്‍ നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കിത്തീർക്കുമെന്നുമാണ് ഫിർഔൻ വധശിക്ഷക്കു ന്യായം പറയുന്നത്. ഇതു ഒരർത്ഥത്തിൽ ശരിയുമാണ്. ശിർക്കും സ്വേച്ഛാധിപത്യവും നിഷ്കാസനം ചെയ്ത് പകരം തൗഹീദും, സദാചാരവും പ്രചരിപ്പിക്കുകയാണല്ലോ മൂസാ (عليه الصلاة والسلام) നബിയുടെ ദൗത്യലക്ഷ്യം. അതു പ്രായോഗികമാകുന്നതോടെ നാടിന്റെ സ്വഭാവം മാറുകയും ചെയ്യും. ഈ ലക്ഷ്യം പരാജയപ്പെടുത്തുവാൻ ഫിർഔനു ഉപയോഗിക്കുവാനുള്ള ആയുധം, കയ്യൂക്കും, അക്രമവുമാണെങ്കിൽ, അതിനെ ചെറുക്കുവാനുളള മൂസാ (عليه الصلاة والسلام) യുടെ ആയുധം അല്ലാഹുവിനോടുളള സഹായാർത്ഥനയാകുന്നു. വധോദ്യമത്തിനെതിരിൽ ഈ വമ്പിച്ച ആയുധപ്രയോഗം തന്നെയാണ് അദ്ദേഹം നടത്തിയതും. അതാണ് 27ആം വചനത്തിൽ നാം കാണുന്നത്.

‘സത്യത്തിനു സഹായകനില്ലാതാവുകയില്ല’ (لا يعدم الحق ناصرا) എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ-ഇതാ- ഈ അവസരത്തിൽ ഒരു മാന്യൻ മുമ്പോട്ടു വരുന്നു! നിഷ്പക്ഷമായും, വസ്തുനിഷ്ഠമായും കാര്യങ്ങളെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം ആ വധോദ്യമത്തെ സധീരം ഗുണദോഷിക്കുന്നു:

വിഭാഗം - 4

40:28
  • وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَـٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَـٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَـٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ ﴾٢٨﴿
  • ഫിർഔന്റെ ആൾക്കാരിൽ, തന്റെ വിശ്വാസം മറച്ചു വെച്ചു കൊണ്ടിരുന്ന ഒരു സത്യവിശ്വാസിയായ പുരുഷൻ പറഞ്ഞു: ‘(ഹേ,കൂട്ടരേ,) ഒരു പുരുഷൻ എന്റെ റബ്ബ് അല്ലാഹുവാണ്’ എന്നു പറയുന്നതിനാൽ നിങ്ങളദ്ദേഹത്തെ കൊല ചെയ്യുകയോ?!
    അദ്ദേഹം നിങ്ങൾക്കു നിങ്ങളുടെ റബ്ബിങ്കൽ നിന്നു തെളിവുകൾ കൊണ്ടുവന്നിട്ടുമുണ്ട് (എന്നിട്ടും)! അദ്ദേഹം വ്യാജം പറയുന്നവനാണെങ്കിൽ, തന്റെ വ്യാജം തന്റെ മേൽ തന്നെ (ദോഷകരം) ആയിരിക്കുന്നതുമാണ്; അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, നിങ്ങളോടദ്ദേഹം താക്കീതു ചെയ്യുന്ന ചിലതു നിങ്ങൾക്കു ബാധിക്കുകയും ചെയ്യും. നിശ്ചയമായും, അതിരുകവിഞ്ഞവനും, വ്യാജ വാദിയുമായുള്ള ഒരുവനെ അല്ലാഹു സൻമാർഗത്തിലാക്കുന്നതല്ല.
  • وَقَال رَجُلٌ ഒരു പുരുഷൻ പറഞ്ഞു مُّؤْمِنٌ സത്യവിശ്വാസിയായ مِّنْ آلِ فِرْعَوْنَ ഫിർഔന്റെ ആൾക്കാരിൽപെട്ട يَكْتُمُ അദ്ദേഹം മറച്ചുവെച്ചിരുന്നു إيمَانَهُ തന്റെ വിശ്വാസം أتَقْتُلُونَ നിങ്ങൾ കൊല്ലുകയോ رَجُلًا ഒരു പുരുഷനെ (മനുഷ്യനെ) أنْ يَقُولَ അയാൾ പറയുന്നതിനാൽ رَبِّيَ اللهُ എന്റെ റബ്ബ് അല്ലാഹുവാണ് എന്നു وَقَدْ جَاء كُم അദ്ദേഹം നിങ്ങൾക്കു വന്നിട്ടുമുണ്ട് بِالْبَيِّنَاتِ തെളിവുകളും കൊണ്ടു مِنْ رَّبِّكُم നിങ്ങളുടെ റബ്ബിങ്കൽനിന്നു وَإنْ يَكُ അദ്ദേഹം ആണെങ്കിൽ كَاذِبًا കളവു (വ്യാജം) പറയുന്നവൻ فَعَلَيْهِ എന്നാൽ അദ്ദേഹത്തിന്റെ മേൽതന്നെ كَذِبُهُ തന്റെ വ്യാജം وَإنْ يَكُ അദ്ദേഹമാണെങ്കിൽ صَادِقًا സത്യം പറയുന്നവൻ يُصِبْكُمْ നിങ്ങൾക്കു എത്തും , ബാധിക്കും بَعْضُ الّذِي യാതൊന്നിൽ ചിലതു يَعِدُكُمْ അദ്ദേഹം നിങ്ങളോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്ന إنَّ اللهَ നിശ്ചയമായും അല്ലാഹു لَايَهْدِي അവൻ നേർമാർഗത്തിലാക്കുകയില്ല مَنْ യാതൊരുവനെ هُوَ അവൻ مُسْرِفٌ അതിരു കവിഞ്ഞവനാണ് كَذَّابٌ കള്ളവാദിയായ, വ്യാജക്കാരനാണ്
40:29
  • يَـٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَـٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ ﴾٢٩﴿
  • ‘എന്റെ ജനങ്ങളെ! ഭൂമിയിൽ പ്രത്യക്ഷരായി (മികച്ചു)ക്കൊണ്ടിരിക്കുമാറ് ഇന്നു നിങ്ങൾക്കാണ് രാജത്വമുള്ളത്. എന്നാൽ, അല്ലാഹുവിന്റെ ദണ്ഡന [ശിക്ഷ] നമുക്കു വന്നെങ്കിൽ അതിൽനിന്നു നമ്മെ ആർ സഹായിക്കും?! ഫിർഔൻ പറയുകയാണ്: ‘ഞാൻ (നല്ലതെന്നു) കാണുന്ന കാര്യമല്ലാതെ, നിങ്ങൾക്കു ഞാൻ കാട്ടിത്തരുന്നില്ല; ശരിയായ (തന്റേടത്തിന്റെ) വഴിക്കല്ലാതെ നിങ്ങളെ ഞാൻ നയിക്കുന്നുമില്ല.
  • يَا قَوْمِ എന്റെ ജനങ്ങളേ لَكُمُ നിങ്ങൾക്കാണ്, നിങ്ങൾക്കുണ്ട് الْمُلْكُ രാജത്വം, ഭരണാധിപത്യം اليَوْمَ ഇന്നു ظَاهِرِينَ പ്രത്യക്ഷരായ (മികച്ച, വിജയികളായ) നിലക്കു فِي الْأَرْضِ ഭൂമിയിൽ فَمَنْ يَنْصُرُنَا എന്നാൽ നമ്മെ ആർ സഹായിക്കും, നമ്മെ രക്ഷിക്കുന്നതാരാണ് مِنْ بَأْسِ اللهِ അല്ലാഹുവിന്റെ ദണ്ഡന (ശിക്ഷ)യിൽ നിന്നു إنْ جَاءَ نَا അതു നമുക്കു വന്നാൽ قَالَ فِرْعَوْنُ ഫിർഔൻ പറഞ്ഞു مَا أُرِيكُمْ ഞാൻ നിങ്ങൾക്കു കാട്ടിത്തരുന്നില്ല إلّا مَا യാതൊന്നല്ലാതെ أَرَى ഞാൻ കാണുന്ന, അഭിപ്രായപ്പെടുന്ന وَمَاأهْدِيكُمْ ഞാൻ നിങ്ങളെ നയിക്കുന്നുമില്ല إلَّا سَبِيلَ വഴിക്കല്ലാതെ الرَّشَادِ ശരിയുടെ (തന്റേടത്തിന്റെ, നന്മയുടെ)

ഫിർഔന്റെ കക്ഷിയിൽപ്പെട്ട ഈ മാന്യ പുരുഷൻ യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസിയാണ്. എങ്കിലും, പ്രത്യക്ഷത്തിൽ അദ്ദേഹം മൂസാ (عليه الصلاة والسلام) നബിയിൽ വിശ്വസിക്കാത്തവരുടെ കൂട്ടത്തിലായിരുന്നു. അതിനാൽ അദ്ദേഹത്തിനു – നിഷ്പക്ഷനായ ഒരു ഗുണകാംക്ഷി എന്ന നിലക്കു-കാര്യങ്ങൾ കൂടുതൽ തുറന്നു കാണിക്കുവാൻ അവസരം ലഭിക്കുമല്ലോ. മൂസാ (عليه الصلاة والسلام) സത്യവാദിയാണെന്നു അദ്ദേഹം തീർത്തു പറഞ്ഞില്ലെങ്കിലും അതിലേക്കുള്ള സൂചനകൾ അദ്ദേഹം നൽകുന്നുണ്ട്. മൂസാ (عليه الصلاة والسلام) സത്യവാദിയാണെങ്കിൽ, അദ്ദേഹത്തിൽ വിശ്വസിക്കാത്തപക്ഷം ഉണ്ടായേക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ചു നോക്കുവാൻ അദ്ദേഹം ഗൗരവപൂർവ്വം താക്കീതും ചെയ്തിരിക്കുന്നു. മനസ്സാക്ഷിയുള്ളവരുടെ ഹൃദയങ്ങളിലേക്കു തുളച്ചു ചെല്ലുവാൻ പോരുന്നതാണ് ആ പ്രസ്താവന. അതിന്റെ ഉൾക്കനം മനസ്സിലാക്കിയതുകൊണ്ടായിരിക്കണം ഫിർഔൻ-അദ്ദേഹത്തോട് കയർക്കുകയോ, തർക്കിക്കുകയോ ചെയ്യാതെ- എന്റെ അഭിപ്രായത്തിൽ നന്നായിത്തോന്നുന്നതു മാത്രമാണ് ഞാൻ നിങ്ങളോടു പറയുന്നതെന്നും, ഞാൻ നിങ്ങളെ ശരിയായ വഴിക്കു തന്നെയാണ് നയിക്കുന്നതെന്നും സൗമ്യ സ്വരത്തിൽ പ്രസ്താവിക്കുന്നത്.

അല്ലാഹുവിന്റെ അസ്തിത്വത്തെയും, അവന്റെ രക്ഷാകർത്തൃത്വത്തെയും, നിഷേധിക്കുന്നവരായിരുന്നില്ല യഥാർത്ഥത്തിൽ ഫിർഔനും കൂട്ടരും എന്നു ഈ പ്രസ്താവനയിൽനിന്നും മറ്റും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ധിക്കാരവും, അധികാരപ്രമത്തതയും നിമിത്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അവൻ സത്യത്തെ വാഗ്മൂലവും, പ്രവൃത്തിമൂലവും നിഷേധിക്കുകയാണ് ചെയ്തത്. ക്രമേണ ഔദ്ധത്യം വർദ്ധിക്കുകയും, ‘ഞാനല്ലാതെ നിങ്ങൾക്കു വേറെ ഒരു ആരാധ്യനുളളതായി എനിക്കറിവില്ല’ (ماَ عَلِمتُ لَكُم مِّنْ اِلَهِ غَيْرِي) എന്നും ‘ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ്’ (اَناَ رَبُّكُمُ الأَعْليَ) എന്നും പ്രഖ്യാപിക്കുവാൻ അവൻ ചങ്കൂറ്റം കാണിക്കുകയും ചെയ്തു. സത്യം മനസ്സിലാവാത്തതുകൊണ്ടോ, ദൃഷ്ടാന്തങ്ങൾ ബോധ്യപ്പെടാത്തതുകൊണ്ടോ അല്ല, നേരെമറിച്ച് ധിക്കാരവും അഹങ്കാരവും കാരണം മനസ്സാക്ഷിയെ മറച്ചുവെച്ചതുകൊണ്ടാണ് ഫിർഔനും ജനതയും മൂസാ (عليه الصلاة والسلام) നബിയെയും, തൗഹീദിനെയും നിഷേധിച്ചതെന്നു അല്ലാഹു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു. മൂസാ (عليه الصلاة والسلام) നബിക്കു നൽകപ്പെട്ടിരുന്ന ഒമ്പതു ദൃഷ്ടാന്തങ്ങളെക്കുറിച്ചു പ്രസ്താവിച്ചശേഷം അവരെപ്പറ്റി സൂ: നംല് 14ൽ അല്ലാഹു പറയുന്നു: وَجَحَدُوا بِهاَ وَاسْتَيْقَنَتْهاَ اَنْفُسُهُمْ ظُلْمًا وَعُلُوَّا (തങ്ങളുടെ മനസ്സുകൾ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ടു അവരതിനെ നിഷേധിച്ചു).

മൂസാ (عليه الصلاة والسلام) നബിയുടെ ജനത അദ്ദേഹത്തെ വധിക്കുവാൻ ശ്രമിച്ചപ്പോൾ, ‘എന്റെ റബ്ബ് അല്ലാഹുവാണെന്നു പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയാണോ എന്നു അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു സത്യവിശ്വാസി ആക്ഷേപിച്ചതുപോലെ, നമ്മുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ജനത തിരുമേനിയെ കൊല ചെയ്‌വാൻ ഉദ്ദേശിച്ച അവസരത്തിൽ, അതേ വാക്കു പറഞ്ഞുകൊണ്ടു തിരുമേനിയെ സഹായിച്ച ഒരു സത്യവിശ്വാസി ആ ജനതയിലും ഉണ്ടായിട്ടുണ്ട്. അതെ, അബുബക്കർ സിദ്ദീഖ്‌ (رضي الله عنه) ഇമാം ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു: ‘ഉർവത്തുബ്നു സുബൈർ (رضي الله عنهما) പറയുകയാണ്: റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെക്കൊണ്ടു മുശ്രിക്കുകൾ പ്രവർത്തിച്ച ഏറ്റവും കഠിനകൃത്യം ഏതായിരുന്നുവെന്ന് ഞാൻ അബ്ദുല്ലാഹിബ്നു അംറ് (رضي الله عنهما) നോടു ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കഅ്ബഃയുടെ മുറ്റത്തു നമസ്കരിച്ചുകൊണ്ടിരിക്കെ ഉഖ്ബത്തുബ്നു അബീ മുഐത്ത് (عُقْبَةُ بْنُ أَبِي مُعَيْطٍ) മുന്നോട്ടു വന്ന് തിരുമേനിയുടെ ചുമലിൽ പിടിച്ചു. തന്റെ വസ്ത്രം തിരുമേനിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ഊക്കോടെ കുടുക്കി വലിച്ചു. ഈ അവസരത്തിൽ അബുബക്കർ (رضي الله عنه) മുമ്പോട്ടു ചെന്നു. ഉക്വ്‌ബത്തിന്റെ ചുമലിൽ പിടിച്ച് അവനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിൽ നിന്നു തട്ടിമാറ്റി. എന്നിട്ടു പറഞ്ഞു: ഒരു മനുഷ്യൻ എന്റെ റബ്ബ് അല്ലാഹുവാണെന്നു പറയുന്നതിനാൽ നിങ്ങളദ്ദേഹത്തെ കൊല ചെയ്യുകയോ?! അദ്ദേഹം നിങ്ങൾക്കു തെളിവുകൾ കൊണ്ടുവന്നിട്ടുണ്ടുതാനും! (اَتَقْتُلُونَ رَجُلاً أَن يَقُولَ الخ) അബൂബക്കർ (رضي الله عنه) ന്റെ ഇത്തരം ചില രംഗങ്ങളെപ്പറ്റി പ്രശംസിച്ചുകൊണ്ട് അലി (رضي الله عنه) ഒരിക്കൽ പറയുകയുണ്ടായി: ‘അബൂബക്കറിന്റെ ഒരു നാഴിക സമയം, ഫിർഔന്റെ ആൾക്കാരിലെ ആ സത്യവിശ്വാസിയെപ്പോലുള്ളവനെക്കാൾ എത്രയോ ഉത്തമമായിരുന്നു. ആ മാന്യൻ തന്റെ ഈമാൻ (വിശ്വാസം) മറച്ചുവെച്ചിരിക്കയായിരുന്നു. എന്നിട്ടും അല്ലാഹു അദ്ദേഹത്തെപ്പറ്റി അവന്റെ കിത്താബിൽ പ്രശംസിച്ചു. അബൂബക്കറാകട്ടെ, തന്റെ ഈമാൻ പരസ്യമാക്കുകയും, തന്റെ ധനവും രക്തവും ചിലവഴിക്കുകയും ചെയ്ത പുരുഷനാണ്.’ (البزار و ابو نعيم) ആ സത്യവിശ്വാസിയുടെ പ്രസ്താവനയുടെ ബാക്കി ഭാഗം അല്ലാഹു തുടർന്ന് ഉദ്ധരിക്കുന്നു.

40:30
  • وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ ﴾٣٠﴿
  • (ആ) വിശ്വസിച്ചിട്ടുള്ള ആള്‍ (വീണ്ടും) പറഞ്ഞു: ‘എന്റെ ജനങ്ങളേ! നിശ്ചയമായും, നിങ്ങളുടെ മേല്‍ സഖ്യകക്ഷികളുടെ ദിവസം പോലെയുള്ള(ശിക്ഷാദിവസം വരുന്ന)തിനെ ഞാന്‍ ഭയപ്പെടുന്നു;-
  • وَقَالَ പറഞ്ഞു الّذِي آمَنَ വിശ്വസിച്ച ആൾ يَاقَوْمِ എന്റെ ജനങ്ങളേ إنِّي أخَافُ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു عَلَيْكُم നിങ്ങളുടെ മേൽ مِثْلَ يَوْمِ ദിവസംപോലെയുള്ളതു الْأَحْزَابِ സഖ്യ (മിത്ര) കക്ഷികളുടെ
40:31
  • مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَٱلَّذِينَ مِنۢ بَعْدِهِمْ ۚ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعِبَادِ ﴾٣١﴿
  • ‘അതായതു, നൂഹിന്റെ ജനതയുടെയും, ആദിന്റെയും, ഥമൂദിന്റെയും, അവർക്ക് ശേഷമുള്ളവരുടെയും പതിവുപോലെയുള്ളതിനെ. അല്ലാഹു അടിയാൻമാരോട് യാതൊരു അക്രമവവും ചെയ്‌വാൻ ഉദ്ദേശിക്കുകയില്ലതാനും. [അവരുടെ പ്രവർത്തിദോഷമാണവർക്കു ശിക്ഷ വരുത്തുന്നത്.]
  • مِثْلَ دَأْبِ അതായതു സമ്പ്രദായം (പതിവു) പോലെ قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَعَادٍوَثَمُودَ ആദിന്റെയും ഥമൂദിന്റെയും وَالّذِينَ യാതൊരുവരുടെയും مِن بَعْدِهِمْ അവരുടെ ശേഷമുള്ള وَمَااللهُ അല്ലാഹു ഇല്ല يُرِيدُ ഉദ്ദേശിക്കും ظُلْمًا അക്രമം, അനീതി لِلعِبَاد അടിയാന്മാർക്ക്
40:32
  • وَيَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ ﴾٣٢﴿
  • ‘എന്റെ ജനങ്ങളേ! പരസ്പരം (നില)വിളി കൂട്ടുന്ന ദിവസത്തെ നിശ്ചയമായും നിങ്ങളിൽ ഞാൻ ഭയപ്പെടുന്നു.
  • وَيَاقَوْمِ എന്റെ ജനങ്ങളേ إنّي أخَافُ നിശ്ചയം ഞാൻ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേൽ يَوْمَ التَّنَادِ അന്യോന്യം വിളി(നിലവിളി) കൂട്ടുന്ന ദിവസത്തെ
40:33
  • يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ﴾٣٣﴿
  • ‘അതായതു, നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം! അല്ലാഹുവിൽനിന്നു രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല, അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ അവനു മാർഗ്ഗദർശനം നൽകുന്ന ഒരാളും ഇല്ല’.
  • يَوْمَ تُوَلُّونَ അതായതു നിങ്ങൾ തിരിഞ്ഞോടുന്ന ദിവസം مُدْبِرِينَ പിന്നോക്കം വെച്ചവരായി مَالَكُمْ നിങ്ങൾക്കു ഇല്ല, ഇല്ലാത്ത നിലയിൽ مِّنَ اللهِ അല്ലാഹുവിൽനിന്നു مِنْ عَاصِمٍ യാതൊരു രക്ഷകനും, കാക്കുന്നവനും وَمَنْ يُضْلِلِ ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ اللهُ അല്ലാഹു فَمَالَهُ എന്നാൽ അവന്നില്ല مِنْ هَادٍ യാതൊരു വഴികാട്ടിയും, മാർഗ്ഗദർശകനും

സത്യവിശ്വാസി ആദ്യം ചൂണ്ടിക്കാണിച്ചതു ഇഹലോകത്തുവെച്ച് സംഭവിക്കാവുന്ന പൊതുശിക്ഷയും, രണ്ടാമത്തേതു പരലോകശിക്ഷയും ആകുന്നു. അല്ലാഹു വഴിപിഴവിലാക്കിയവർ എന്നു പറഞ്ഞതു ആരെ ഉദ്ദേശിച്ചാണെന്നു അടുത്ത വചനങ്ങളിൽനിന്നു മനസ്സിലാക്കാം. ആ ജനത വളരെ മുമ്പു മുതൽക്കേ സത്യത്തിൽനിന്നു വ്യതിചലിച്ചു പോയിട്ടുളള ഒരു ജനതയാണെന്നും, അതുകൊണ്ടു എനിയെങ്കിലും ആ നില അവർ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു. അദ്ദേഹം തുടരുന്നു:-

40:34
  • وَلَقَدْ جَآءَكُمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَـٰتِ فَمَا زِلْتُمْ فِى شَكٍّ مِّمَّا جَآءَكُم بِهِۦ ۖ حَتَّىٰٓ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِنۢ بَعْدِهِۦ رَسُولًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ ﴾٣٤﴿
  • ‘മുമ്പ് യൂസുഫ് നിങ്ങൾക്കു തെളിവുകളുമായി വരുകയുണ്ടായിട്ടുണ്ട്. എന്നിട്ട്, അദ്ദേഹം നിങ്ങൾക്കു കൊണ്ടുവന്നതിനെപ്പറ്റി നിങ്ങൾ സംശയത്തിലായിക്കൊണ്ടേയിരുന്നു.
    അങ്ങനെ, അദ്ദേഹം (മരണമടഞ്ഞ്) കാലം ചെന്നപ്പോൾ നിങ്ങൾ പറഞ്ഞു: ‘ഇയാളുടെ ശേഷം അല്ലാഹു (എനി) ഒരു റസൂലിനെയും നിയോഗിക്കുന്നതേ അല്ല’ എന്ന്! അപ്രകാരം, ഏതൊരുവൻ അതിരുകവിഞ്ഞവനും സംശയാലുവുമാണോ അവനെ അല്ലാഹു വഴിപിഴവിലാക്കുന്നു.’
  • وَلَقَدْجَاءكُمْ നിങ്ങൾക്കു വരുകയുണ്ടായിട്ടുണ്ടു يُوسُفُ യൂസുഫ് مِن قَبْلُ മുമ്പ് بِالبَيِّنَاتِ തെളിവുകളുമായിട്ടു فَمَازِلْتُمْ എന്നിട്ടു നിങ്ങളായിക്കൊണ്ടിരുന്നു فِي شَكٍّ സംശയത്തിൽ مِمّا യാതൊന്നിനെപ്പറ്റി جَاءكُم بِهِ അദ്ദേഹം കൊണ്ടുവന്ന حَتَّىٰ إذاهَلَكَ അങ്ങനെ അദ്ദേഹം നാശമടഞ്ഞ (കാലംചെന്ന)പ്പോൾ قُلْتُمْ നിങ്ങൾ പറഞ്ഞു لَن يَبْعَثَ اللهُ അല്ലാഹു നിയോഗിക്ക (എഴുന്നേല്പിക്ക)യില്ലതന്നെ مِن بَعْدِهِ അദ്ദേഹത്തിനു ശേഷം رَسُولًا ഒരു റസൂലിനെയും, ദൂതനെയും كَذَالِكَ അപ്രകാരം يُضِلُّ اللهُ അല്ലാഹു വഴിപിഴപ്പിക്കുന്നു مَنْ യാതൊരുവനെ هُوَ مُسْرِفٌ അവൻ അതിരുകവിഞ്ഞവനാണ് مُّرْتَاب സംശയാലുവാണ്, സന്ദേഹിയാണ്

ഈജിപ്തിൽ നിലവിലുളള ഖിബ്-ത്ത്വീ വർഗ്ഗത്തിന്റെയും ഫറോവ രാജകുടുംബത്തിലെ പൂർവ്വ പിതാക്കളുടെയും കാലത്തായിരുന്നു യൂസുഫ് നബി (عليه الصلاة والسلام) ഈജിപ്തിൽ ഭരണമേധാവിയായിരുന്നതും, അദ്ദേഹത്തിന്റെ കുടുംബം അവിടെ കുടി താമസമാക്കിയതും, അക്കാലത്ത് ഇവരുടെ പൂർവ്വപിതാക്കൾ യൂസുഫ് (عليه الصلاة والسلام) നബിയെ ഭരണനേതാവെന്ന നിലക്കു അനുസരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ദൗത്യമാകുന്ന തൗഹീദിൽ വേണ്ടതുപോലെ ഉറച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശേഷമാകട്ടെ, അവർ കൂടുതൽ കൂടുതൽ അതിൽനിന്നു അകന്നും കൊണ്ടിരുന്നു.അദ്ദേഹത്തിനുശേഷം ഒരു റസൂൽ വന്നേക്കുമെന്ന പ്രതീക്ഷയാകട്ടെ, വന്നാൽ സ്വീകരിക്കുവാനുളള സന്നദ്ധതയാകട്ടെ, വന്നാൽ കൊള്ളാമെന്ന ആഗ്രഹമാകട്ടെ, അവർക്കില്ലായിരുന്നു. അങ്ങിനെ, സത്യത്തിൽ സംശയാലുക്കളും, ദുർമാർഗ്ഗത്തിൽ അതിരുകവിഞ്ഞവരുമായിക്കൊണ്ടു ഒരു ദീർഘകാല പാരമ്പര്യം പുലർത്തിവന്ന ജനതയായിരുന്നു അത്. ഇങ്ങിനെയുള്ള ജനത നന്നായിത്തീരുക പ്രയാസമാണല്ലോ.

സംശയാലുക്കളും അതിര് കവിഞ്ഞവരുമെന്നു പറഞ്ഞതു ഏതു തരക്കാരെ ഉദ്ദേശിച്ചാണ്? ഇവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല എന്നു പറയുവാന്‍ കാരണം എന്താണ്? അടുത്ത വചനം നോക്കുക:-

40:35
  • ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ ﴾٣٥﴿
  • അതായതു, തങ്ങൾക്കു വന്നുകിട്ടിയിട്ടുള്ള യാതൊരു അധികൃതലക്ഷ്യവും കൂടാതെ അല്ലാഹുവിന്റെ ആയത്തുകളിൽ [ദൃഷ്ടാന്തങ്ങളിൽ] തർക്കം നടത്തുന്നവർ. അതു [തർക്കം] അല്ലാഹുവിങ്കലും, വിശ്വസിച്ചിട്ടുള്ളവരുടെ അടുക്കലും ക്രോധത്തിൽ വളരെ വമ്പിച്ചതത്രെ! അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്ര വെക്കുന്നതാണ്. [സത്യബോധം അവയിൽ പ്രവേശിക്കാതായിത്തീരും].
  • الّذِينَ يُجَادِلُونَ അതായതു തർക്കം നടത്തുന്നവർ فِي آيَاتِ اللهِ അല്ലാഹുവിന്റെ ആയത്തു (ദൃഷ്ടാന്തം)കളിൽ بِغَيْرِ سُلْطَانٍ ഒരു അധികൃത ലക്ഷ്യവും (പ്രമാണവും) കൂടാതെ أتَاهُمْ തങ്ങൾക്കു വന്നിട്ടുള്ള, കിട്ടിയിട്ടുള്ള كَبُرَ അതു വളരെ വലുതാണ്, വമ്പിച്ചതായിരിക്കുന്നു مَقْتًا ക്രോധത്തിൽ, ക്രോധത്താൽ عِندَ اللهِ അല്ലാഹുവിങ്കൽ وَعِندَالّذِينَ آمَنُوا വിശ്വസിച്ചവരുടെ അടുക്കലും كَذَالِكَ അപ്രകാരം يَطْبَعُ اللهُ അല്ലാഹു മുദ്രവെക്കുന്ന عَلَى كُلِّ قَلْبِ എല്ലാ ഹൃദയങ്ങളുടെമേലും مُتَكَبِّرٍ അഹംഭാവിയുടെ جَبَّارٍ സ്വേച്ഛാലുവായ (ക്രൂരമനസ്ക്കനായ)

സത്യം ഗ്രഹിക്കുവാൻ വേണ്ടിയോ, കൂടുതൽ വിജ്ഞാനം ലഭിക്കുവാൻ വേണ്ടിയോ അന്വേഷണബുദ്ധ്യാ ചർച്ച നടത്തുന്നതു നല്ല സ്വഭാവംതന്നെ. നേരെമറിച്ച് – അഞ്ചാം വചനത്തിൽ കണ്ടതുപോലെ – സത്യത്തെ പരാജയപ്പെടുത്തുവാനും , സ്വന്തം താല്പര്യങ്ങളെ ന്യായീകരിക്കുവാനും വേണ്ടി തർക്കം നടത്തുന്നതു എത്രമാത്രം അപലപനീയമാണെന്നു ഇതുപോലെയുള്ള ഖുർആൻ വചനങ്ങളിൽനിന്നു നല്ലപോലെ മനസ്സിലാക്കാം . അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും കടുത്ത ശാപകോപങ്ങൾക്കു അതു കാരണമായിത്തീരുന്നു. മാത്രമല്ല, ഹൃദയത്തിലേക്കു നന്മയുടെ പ്രവേശനം പോലും അതുമൂലം തടയപ്പെടുന്നു . അതെ, ഇഹത്തിൽ അതു മനുഷ്യനെ മൃഗീയതയിലേക്കു അധഃപതിപ്പിക്കുകയും, പരത്തിൽ കാലാകാല ദൗർഭാഗ്യത്തിലേക്കു നയിക്കുകയും ചെയുന്നു.

بِغَيْرِ سُلْطَانٍ آَتَاهُم (തങ്ങൾക്കു വന്നുകിട്ടിയ അധികൃതലക്ഷ്യമൊന്നും കൂടാതെ) എന്നു പറഞ്ഞതു ശ്രദ്ധേയമാണ്. മതകാര്യങ്ങളിലും, ദൈവിക സന്ദേശങ്ങളിലും അവലംബമാക്കേണ്ടത്, അല്ലാഹുവിൽനിന്നു അവന്റെ ദൂതൻമാരായ പ്രവാചകന്മാർ മുഖേന ലഭിക്കുന്ന പ്രമാണങ്ങളാണ് – അഥവാ യുക്തിവാദങ്ങളോ, ശാസ്ത്രീയാഭിപ്രായങ്ങളോ, മറ്റേതെങ്കിലും സിദ്ധാന്തങ്ങളോ അല്ല – എന്നു ഇതിൽനിന്നു മനസ്സിലാക്കാം. وَ عِندَ الَّذِينَ آمَنُوا (സത്യവിശ്വാസികളുടെ അടുക്കലും) എന്നു പറഞ്ഞതിൽനിന്നു സത്യവിശ്വാസികൾക്കു ഒട്ടും യോജിക്കാത്ത സ്വഭാവമാണ് തർക്കം എന്നും വ്യക്തമാകുന്നു. തർക്കം നടത്തുന്നതിനെക്കുറിച്ചു അതിരു കവിഞ്ഞവൻ (مُّسْرِف), സംശയാലു (مُّرْتَابٌ), അഹംഭാവി (مُتَكَبِّرٍ), സ്വേച്‌ഛാലു (جَبَّار) , എന്നിങ്ങിനെയുള്ള ഓരോ പ്രയോഗവും അല്ലാഹുവിനു അവരോടുള്ള വെറുപ്പിന്റെ കാഠിന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു :-

١) مَا ضَلَّ قَوْمٌ بَعْدَ هُدًى كَانُوا عَلَيْهِ إِلَّا أُوتُوا الْجَدَلَ – أحمد و الترمدي و ابن ماجة

٢) “‏ مَنْ تَعَلَّمَ صَرْفَ الْكَلاَمِ لِيَسْبِيَ بِهِ قُلُوبَ الرِّجَالِ أَوِ النَّاسِ لَمْ يَقْبَلِ اللَّهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا وَلاَ عَدْلاً ‏”‏ ‏- أبوا داود

(സാരം: 1. ഏതൊരു ജനതയുംതന്നെ അവർ സൻമാർഗ്ഗത്തിലായിരുന്നതിനുശേഷം തർക്കവാസന ഉണ്ടായിത്തീർന്നല്ലാതെ വഴിപിഴച്ചുപോയിട്ടില്ല. (അ; തി; ജ.)

2. ഏതൊരുവൻ പുരുഷന്മാരുടെ – അല്ലെങ്കിൽ (*) മനുഷ്യരുടെ – ഹൃദയങ്ങളെ അധീനപ്പെടുത്തുവാൻ വേണ്ടി തിരിച്ചുമറിച്ച് സംസാരിക്കുവാൻ പഠിച്ചുവോ അവനിൽനിന്നു് ഖിയാമത്തുനാളിൽ അല്ലാഹു നിർബ്ബന്ധ കർമ്മവും, ഐച്ഛിക കർമ്മവും സ്വീകരിക്കുന്നതല്ല. (ദാ.)


(*) നിവേദകന്റെ സംശയമാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപയോഗിച്ച പദം ഈ രണ്ടിലൊന്നായിരുന്നു എന്നു താൽപര്യം.

തർക്കം നടത്തുന്നതു ഇത്രയും ആപൽക്കരവും ശപിക്കപ്പെട്ടതും ആയതുകൊണ്ടുതന്നെയാണ് എത്രയോ ഖുർആൻ വചനങ്ങളിൽ അല്ലാഹു അതിനെപ്പറ്റി ശക്തിയായ ഭാഷയിൽ ആവർത്തിച്ചാക്ഷേപിക്കുന്നതും.

40:36
  • وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ ﴾٣٦﴿
  • ഫിർഔൻ പറയുകയാണ്: ‘ഓ ഹാമാൻ, നീ എനിക്കൊരു ഉന്നതസൗധം കെട്ടിയുണ്ടാക്കുക. ഞാൻ (ആ) മാർഗ്ഗങ്ങളിൽ എത്തിച്ചേർന്നേക്കാം.-
  • وَقَالَ فِرْعَوْنُ ഫിർഔൻ പറഞ്ഞു يَاهَامَانُ ഹാമാനേ ابْنِ لِي നീ എനിക്കു നിർമ്മിക്കുക, കെട്ടിപ്പടുക്കുക صَرْحًا ഒരു ഉന്നത സൗധം, സ്തംഭം لَعَلِّي أَبْلُغُ ഞാൻ എത്തിയേക്കാം, എത്തിച്ചേരാൻ الأَسْبَاب മാർഗ്ഗങ്ങളിൽ, കാരണങ്ങളിൽ
40:37
  • أَسْبَـٰبَ ٱلسَّمَـٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَـٰذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍ ﴾٣٧﴿
  • അതായതു ആകാശങ്ങളുടെ മാർഗ്ഗങ്ങളിൽ; എന്നിട്ട് (അവിടെച്ചെന്ന്) മൂസായുടെ ‘ഇലാഹി’ലേക്കു ഞാൻ എത്തിനോക്കാം. നിശ്ചയമായും അവൻ കളവു പറയുന്നവനാണെന്നു ഞാൻ വിചാരിക്കുന്നു.’ ഇപ്രകാരം, ഫിർഔനു് അവന്റെ ദുഷ്പ്രവൃത്തി ഭംഗിയായി കാണിക്കപ്പെട്ടു; അവൻ (നേരായ) വഴിയിൽ നിന്നു തടയപ്പെടുകയും ചെയ്തു. ഫിർഔന്റെ തന്ത്രം നാശനഷ്ടത്തിലല്ലാതെ അല്ല.
  • أَسْبَابَ السَّمَاوَاتِ അതായതു ആകാശങ്ങളുടെ മാർഗ്ഗങ്ങളിൽ فَأَطَّلِعَ എന്നിട്ടു (അങ്ങിനെ) ഞാൻ എത്തിനോക്കാം, നോക്കിക്കാണാം إِلَىٰ إلٰهِ مُوسى മൂസായുടെ ഇലാഹിലേക്കു وَإِنِّي നിശ്ചയമായും ഞാൻ لَأظُنُّهُ അവനെ വിചാരിക്കുന്നു كَاذِبًا കളവു പറയുന്നവനെന്നു وَكَذَالِكَ അപ്രകാരം زُيِّنَ لِفِرْعَوْنَ ഫിർഔനു അലങ്കാരമായി (ഭംഗിയായി) കാണിക്കപ്പെട്ടു سُوءُعَمَلِهِ അവന്റെ ദുഷ്പ്രവൃത്തി وَصُدَّ അവൻ തടയപ്പെടുകയും ചെയ്തു عَنِ السَّبِيلِ വഴിയിൽനിന്നു وَمَاكَيْدُفِرْعَوْنَ ഫിർഔന്റെ തന്ത്രം (ഉപായം) അല്ല إلاّفِي تَبَاب (നാശത്തിൽ, നഷ്ടത്തിൽ) അല്ലാതെ

ഒരു വമ്പിച്ച സൗധം കെട്ടിപ്പൊക്കിയാൽ അതിന്റെ മുകളിൽ കയറിച്ചെന്ന് ആകാശത്തിൽ പ്രവേശിക്കാമെന്നും, മൂസാ (عليه الصلاة والسلام) നബിയുടെ ഇലാഹായ അല്ലാഹുവിനെ കാണുവാൻ കഴിയുമെന്നും ഫിർഔൻ യഥാർത്ഥത്തിൽ ധരിച്ചിരിക്കുമെന്നു തോന്നുന്നില്ല. കേവലം പൊതുജനങ്ങളെ കബളിപ്പിക്കുവാനും, മൂസാ (عليه الصلاة والسلام) നെ പരിഹസിക്കുവാനും ഉദ്ദേശിച്ചുകൊണ്ടായിരിക്കും അത്. كَيدُ فِرْعَوْنَ (ഫിർഔന്റെ ഉപായം – അഥവാ തന്ത്രം) എന്ന് അതിനെക്കുറിച്ചു പറഞ്ഞതിൽ നിന്നു ഇതു മനസ്സിലാക്കാവുന്നതാണ്.

തന്റെ ആത്മാർത്ഥമായ ഉപദേശങ്ങൾക്കു അവരുടെ ഇടയിൽ സ്വീകരണം ലഭിക്കുന്നില്ലെന്നു കണ്ടപ്പോൾ, ആ സത്യവിശ്വാസിയായ മാന്യൻ, അവരെ വീണ്ടും വീണ്ടും ഉപദേശിച്ചുനോക്കുന്നു. നശ്വരമായ ഈ ജീവിത താല്പര്യത്തിൽ മുഴുകി വഞ്ചിതരാകാതെ, ശാശ്വതമായ പാരത്രികജീവിതത്തിലെ സൗഭാഗ്യത്തിനുവേണ്ടി അതിന്റേതായ സത്യമാര്‍ഗ്ഗം കൈക്കൊള്ളുവാൻ ആഹ്വാനം ചെയ്കയും ചെയ്യുന്നു. ഹൃദയസ്പർശിയായ അതിലെ ഓരോ വാചകവും അദ്ദേഹത്തിന്റെ വിശ്വാസദാർഢ്യതയും, അദ്ദേഹത്തിനു ആ ജനതയുടെ നന്മയിലുള്ള ഗുണകാംക്ഷയും എത്രത്തോളമാണെന്നു വെളിപ്പെടുത്തുന്നു:-