സൂറത്തുല് മുഅ്മിന് : 38-60
വിഭാഗം - 5
- وَقَالَ ٱلَّذِىٓ ءَامَنَ يَٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ ﴾٣٨﴿
- (ആ) വിശ്വസിച്ചവന്‍ പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങൾ എന്നെ പിന്‍തുടരുവിൻ, ഞാൻ നിങ്ങൾക്ക് ശരിയായ (തന്റേടത്തിന്റെ) മാർഗ്ഗം കാട്ടിത്തരാം.
- وَقَالَ പറഞ്ഞു الّذِي آمَنَ വിശ്വസിച്ചവൻ يَاقَوْمِ എന്റെ ജനങ്ങളേ اتَّبِعُونِ എന്നെ പിൻപറ്റുവിൻ أَهْدِكُم ഞാൻ നിങ്ങളെ നയിക്കാം, നിങ്ങൾക്ക് കാട്ടിത്തരും سَبِيلَ الرَّشَاد ശരിയായ (തന്റേടത്തിന്റെ) വഴി
- يَٰقَوْمِ إِنَّمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَٰعٌ وَإِنَّ ٱلْءَاخِرَةَ هِىَ دَارُ ٱلْقَرَارِ ﴾٣٩﴿
- 'എന്റെ ജനങ്ങളേ! നിശ്ചയമായും ഈ ഐഹിക ജീവിതം ഒരു (താൽക്കാലിക) വിഭവം മാത്രമാണ്; നിശ്ചയമായും പരലോകമത്രെ സ്ഥിരവാസത്തിന്റെ ഭവനം.
- يَاقَوْمِ എന്റെ ജനങ്ങളേ إنَّمَاهَذِهِ الحَيَاةُ നിശ്ചയമായും ഈ ജീവിതം الدُّنْيَا ഐഹിക, ഇഹത്തിലെ مَتَاعٌ ഒരു വിഭവം (ഉപകരണം)മാത്രമാകുന്നു وَإنَّ الآخِرَةَ നിശ്ചയമായും പരലോകം هِيَ അതത്രെ دَارُ الْقَرَارِ സ്ഥിരവാസത്തിന്റെ ഭവനം, താമസിക്കുവാനുള്ള വീട്
- مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ ﴾٤٠﴿
- 'ആരെങ്കിലും ഒരു തിൻമ പ്രവർത്തിച്ചാൽ, അതിന്റെ അത്രക്കല്ലാതെ അവനു പ്രതിഫലം [ശിക്ഷ] കൊടുക്കപ്പെടുന്നതല്ല; ആണിൽ നിന്നോ, പെണ്ണിൽ നിന്നോ ആരെങ്കിലും -അയാൾ സത്യവിശ്വാസിയായിക്കൊണ്ട്- സൽക്കർമ്മം, പ്രവർത്തിച്ചാലോ, എന്നാൽ അക്കൂട്ടർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അവർക്ക് അവിടെവെച്ച് ഒരു കണക്കും കൂടാതെ (സുഭിക്ഷമായി) ഉപജീവനം ലഭിച്ചുകൊണ്ടിരിക്കും.
- مَنْ عمِلَ ആരെങ്കിലും പ്രവർത്തിച്ചാൽ سَيِّئَةً ഒരു തിന്മ فَلَا يُجْزَى എന്നാലവനു പ്രതിഫലം കൊടുക്കപ്പെടുകയില്ല إلّا مِثْلَهَا അതുപോലുള്ളതിനു(അതിന്റെ അത്രയ്ക്ക്) അല്ലാതെ وَمَنْ عَمِلَ ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحًا സൽകർമ്മം,നല്ലതു مِنْ ذَكَرٍ ആണിൽ നിന്ന് أَوْ أُنْثَى അല്ലെങ്കിൽ പെണ്ണിൽ നിന്ന് وَهُوَ مُؤْمِنٌ അവൻ സത്യവിശ്വാസിയായിരിക്കെ فَأُولَئِكَ എന്നാൽ അക്കൂട്ടർ يَدْخُلُونَ الجَنَّةَ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും يُرْزَقُونَ അവർക്കു നൽകപ്പെടും, ഉപജീവനം ലഭിക്കും فِيهَا അതിൽ بِغَيْرِ حِسَابٍ ഒരു കണക്കും കൂടാതെ
- ۞ وَيَٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ ﴾٤١﴿
- 'എന്റെ ജനങ്ങളേ! എനിക്കെന്താണ്'?! നിങ്ങളെ ഞാൻ രക്ഷ(യുടെ വഴി)യിലേക്ക് ക്ഷണിക്കുന്നു; നിങ്ങളെന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു! (ഇതെന്താശ്ചര്യം!)
- وَيَا قَوْمِ എന്റെ ജനങ്ങളേ مَا لِي എനിക്കെന്താണ്(എന്ത് പറ്റി) أَدْعُوكُمْ ഞാൻ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു إِلَى ٱلنَّجَوٰةِ രക്ഷയിലേക്ക്, മുക്തിയിലേക്ക് وَتَدْعُونَنِي നിങ്ങള്‍ എന്നെ വിളിക്കുകയും ചെയ്യുന്നു إِلَى النَّار നരകത്തിലേക്ക്
- تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّٰرِ ﴾٤٢﴿
- '(അതെ) ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുവാനും, എനിക്ക് യാതൊരു അറിവുമില്ലാത്ത വസ്തുവെ അവനോട് പങ്കുചേർക്കുവാനുമായി നിങ്ങൾ എന്നെ ക്ഷണിക്കുന്നു; ഞാനാകട്ടെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലിയായുള്ളവനിലേക്ക് നിങ്ങളെ ക്ഷണിച്ചു കൊണ്ടുമിരിക്കുന്നു!'
- تَدْعُونَنِي നിങ്ങൾ എന്നെ ക്ഷണിക്കുന്നു, വിളിക്കുന്നു لأكْفُرَ ഞാൻ അവിശ്വസിക്കുവാൻ بِاللهِ അല്ലാഹുവിൽ وَأُشْرِكَ بِهِ ഞാനവനോട് പങ്കു ചേർക്കുവാനും مَا യാതൊന്നിനെ لَيْسَ لِي എനിക്കില്ല بِهِ عِلْمٌ അതിനെപ്പറ്റി ഒരു അറിവും وَأَنَا أدْعُوكُمْ ഞാനാകട്ടെ നിങ്ങളെ ക്ഷണിക്കുന്നു إلى العَزِيزِ പ്രതാപശാലിയിലേക്ക് الغَفَّارِ വളരെ പൊറുക്കുന്നവനായ
നമ്മുടെ സത്യവിശ്വാസി ആദ്യത്തിൽ തന്റെ സത്യവിശ്വാസം മൂടിവെക്കുകയായിരുന്നുവെങ്കിലും ക്രമേണ അദ്ദേഹം അതു തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ, വ്യക്തമായ ഭാഷയിൽ തന്നെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, ശിർക്കിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. അല്ലാഹുവിനു യാതൊരു പങ്കുകാരും ഉള്ളതായി എനിക്കറിവില്ല; വല്ലവരും ഉണ്ടെന്നു എനിക്കറിവുണ്ടായിരുന്നെങ്കിൽ ഞാനവനെ ആരാധിക്കുമായിരുന്നു: പക്ഷെ ആരും ഇല്ലല്ലോ; എന്നിരിക്കെ ഇല്ലാത്ത ഒന്നിനെ ഞാൻ എങ്ങിനെ അവനോടു പങ്കുചേർക്കും? എന്നൊക്കെയാണ് അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നത്. അദ്ദേഹം തുടരുന്നു:-
- لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌ فِى ٱلدُّنْيَا وَلَا فِى ٱلْءَاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَٰبُ ٱلنَّارِ ﴾٤٣﴿
- 'അല്ല - (സത്യമെന്ന്) സ്ഥാപിതമായിരിക്കുന്നു: നിങ്ങൾ യാതൊന്നിലേക്കു എന്നെ ക്ഷണിക്കുന്നുവോ അതിന് ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ യാതൊരു ക്ഷണവും (ഉണ്ടായിരിക്കുവാൻ) പാടില്ലെന്നും, - നമ്മുടെ (യെല്ലാം) തിരിച്ചുചെല്ലൽ അല്ലാഹുവിങ്കലേക്കാണെന്നും അതിരുകവിഞ്ഞവർ തന്നെയാണ് നരകത്തിന്റെ ആൾക്കാർ എന്നും.'
- لَا جَرَمَ അല്ല - സ്ഥാപിതമായിരിക്കുന്നു (തീർച്ചപ്പെട്ടിരിക്കുന്നു) തെറ്റല്ല(സത്യം തന്നെ) أَنَّمَا تَدْعُونَنِي إِلَيْهِ നിങ്ങൾ എന്നെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതാണെന്ന് لَيْسَ لَهُ അതിനില്ല (പാടില്ല - അർഹതയില്ല) دَعْوَةٌ ക്ഷണം, വിളിച്ചു പ്രാർത്ഥിക്കൽ فِي الدُّنْيَا ഇഹത്തിൽ وَلَا فِي الْآخِرَةِ പരത്തിലും ഇല്ല وَأَنَّ مَرَدَّنَا നമ്മുടെ തിരിച്ചുചെല്ലൽ ആണെന്നും إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് وَأَنَّ الْمُسْرِفِينَ അതിരു കവിഞ്ഞവരാണെന്നും هُم അവർ തന്നെ أَصْحَابُ النَّارِ നരകത്തിന്റെ ആൾക്കാർ
لَا جَرَمَ (‘ലാ – ജറമ’) എന്ന വാക്കിനാണ് നാമിവിടെ ‘അല്ല, സ്ഥാപിതമായിരിക്കുന്നു’ വെന്നു അർത്ഥം കൽപ്പിച്ചത്. لَا എന്ന അവ്യയം ‘അല്ല – കാര്യം അപ്രകാരമല്ല’ എന്ന നിഷേധത്തെ കുറിക്കുന്നു, (جَرَمَ) എന്ന ക്രിയ ‘സ്ഥാപിതമായി – അഥവാ താഴെ പറയുന്ന കാര്യം തീർച്ചപ്പെട്ടതാണ്’ (حق و ثبت) എന്നു ഉറപ്പിക്കുകയും ചെയ്യുന്നു. തുടർന്നുള്ള വാക്കുകൾ ഇതിൻെറ കർത്തൃസ്ഥാനത്തു നിലകൊള്ളുന്നു. വേറെ പ്രകാരത്തിലും ചിലർ അതിനു അർത്ഥം കൽപ്പിക്കാറുണ്ട്. ഏതായാലും തുടർന്നു പറയുന്ന കാര്യം യഥാർത്ഥമെന്നു (حَقَّا) തീർത്തുപറയുകയാണ് ആ പ്രയോഗത്തിന്റെ താൽപര്യം. അല്ലാഹുവിനെയല്ലാതെ, മറ്റേതൊന്നിനെ ആരാധിക്കുവാൻ വേണ്ടി നിങ്ങളെന്നെ ക്ഷണിക്കുന്നതായാലും ശരി, അവയ്‌ക്കൊന്നും തന്നെ ഇഹത്തിലും പരത്തിലും ആരാധനക്കു അർഹതയില്ല; അവയുടെ ആരാധനക്കുവേണ്ടി ക്ഷണമോ പ്രചാരണമോ നടത്തപ്പെടുവാൻ പാടുള്ളതുമല്ല; നാമെല്ലാം മരണാനന്തരം തിരിച്ചെത്തുന്നതു അല്ലാഹുവിലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കുമല്ല; അപ്പോൾ അവനു പങ്കുകാരെ സ്വീകരിച്ചുവന്ന അതിക്രമികൾ ആരൊക്കെയാണോ അവർ തന്നെയായിരിക്കും നരകശിക്ഷക്കു വിധേയരാകുന്നതും എന്നിങ്ങിനെയുള്ള വസ്‌തുതകൾ നിങ്ങൾ മനസ്സിരുത്തണം – യാതൊരു നീക്കുപോക്കും അതിലില്ല – എന്നു സാരം. ആ മാന്യ പുരുഷൻ തന്റെ ജനതയുടെ നിലപാടിൽ വികാരഭരിതനായിക്കൊണ്ട് ആ സദുപദേശം ഇങ്ങിനെ സമാപിക്കുന്നു: –
- فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرٌۢ بِٱلْعِبَادِ ﴾٤٤﴿
- 'എന്നാൽ, നിങ്ങളോടു ഞാൻ പറയുന്നതു വഴിയെ നിങ്ങൾ ഓർത്തുകൊള്ളും! എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്കു വിട്ടുകൊടുക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു അടിയാന്മാരെപ്പറ്റി കണ്ടറിയുന്നവനാണ്.'
- فَسَتَذْكُرُونَ എന്നാൽ നിങ്ങൾ വഴിയെ ഓർത്തുകൊള്ളും مَا أَقُولُ ഞാൻ പറയുന്നതു لَكُمْ നിങ്ങളോടു وَأُفَوِّضُ ഞാൻ വിട്ടുകൊടുക്കുക (ഭരമേൽപ്പിക്കുക)യും ചെയ്യുന്നു أَمْرِي എന്റെ കാര്യം إِلَى اللَّـهِ അല്ലാഹുവിലേക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِالْعِبَادِ അടിയാൻമാരെപ്പറ്റി
ഹൃദയം നൊന്തുകൊണ്ട് ആ മാന്യൻ ചെയ്‌ത അവസാനത്തെ താക്കീതാണിത്. പക്ഷേ, അതൊന്നും ചെവിക്കൊള്ളുവാൻ അവർക്കു സന്മനസ്സുണ്ടായില്ല. അദ്ദേഹത്തെ ഏതോ പ്രകാരത്തിൽ അക്രമിക്കുവാൻ പോലും ഗൂഢമായി പരിപാടിയിടുകയാണു അവർ ചെയ്തത് എന്നത്രെ മനസ്സിലാകുന്നത്. അല്ലാഹു പറയുന്നതു നോക്കുക:
- فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ ﴾٤٥﴿
- അപ്പോൾ, അവർ കുതന്ത്രം ചെയ്തതിന്റെ തിന്മകൾ അദ്ദേഹത്തിന് (ബാധിക്കാതെ) അല്ലാഹു കാത്തു. ഫിർഔന്റെ ആൾക്കാരിൽ കടുത്ത ശിക്ഷ (വന്നു) വലയം ചെയ്കയും ചെയ്തു.
- فَوَقَاهُ اللَّـهُ അപ്പോൾ (എന്നിട്ട്) അല്ലാഹു അദ്ദേഹത്തെ കാത്തു سَيِّئَاتِ مَا യാതൊന്നിന്റെ തിന്മകളെ (കെടുതികളിൽ നിന്ന്) مَكَرُوا അവർ കുതന്ത്രം ചെയ്ത وَحَاَق വന്നിറങ്ങുക (വലയം ചെയ്യുക)യും ചെയ്തു بِآلِ فِرْعَوْنَ ഫിർഔന്റെ ആൾക്കാരിൽ سُوءُ الْعَذَابِ കടുത്ത ശിക്ഷ
അവർ പരിപാടിയിട്ടിരുന്ന ആ കുതന്ത്രം എന്തായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും അതൊന്നും ബാധിക്കാതെ അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു. പരലോകത്തും അല്ലാഹു അദ്ദേഹത്തിനു രക്ഷ നൽകുമെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ നേരെ അക്രമത്തിനു വട്ടം കൂട്ടിയ ഫിർഔന്നും ജനതക്കും സംഭവിച്ചതോ? ഈ ലോകത്തുവെച്ചും ശിക്ഷ, പിന്നീട് ഖിയാമത്തുനാൾവരെയും ശിക്ഷ, അവസാനം കാലാകാലം ഒഴിവില്ലാത്ത ശിക്ഷയും! ഈ മൂന്നിൽ ആദ്യത്തേതിനെക്കുറിച്ചാണ് ‘ഫിർഔന്റെ ആൾക്കാരിൽ കടുത്ത ശിക്ഷ വന്നു വലയം ചെയ്‌തു’ എന്നു പറഞ്ഞത്. അതെ, അവരെല്ലാം ചെങ്കടലിൽ അതിദാരുണമാംവണ്ണം മുങ്ങി നശിച്ചു. തുടർന്നുള്ള രണ്ടു ശിക്ഷകളെക്കുറിച്ചും അടുത്ത വചനത്തിൽ പറയുന്നു: –
- ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ ﴾٤٦﴿
- നരകം! രാവിലെയും, വൈകുന്നേരവും അവർ അതിങ്കൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. (ഖിയാമത്താകുന്ന) അന്ത്യഘട്ടം നിലവിൽവരുന്ന ദിവസമാകട്ടെ, (കൽപനയുണ്ടാകും:) 'ഫിർഔന്റെ ആൾക്കാരെ ഏറ്റവും കഠിനശിക്ഷയിൽ പ്രവേശിപ്പിക്കുവിൻ' (എന്ന്)!
- النَّارُ നരകം, അഗ്നി يُعْرَضُونَ അവർ പ്രദർശിപ്പിക്കപ്പെടുന്നു عَلَيْهَا അതിൽ, അതിന്നടുക്കൽ غُدُوًّا രാവിലെ وَعَشِيًّا വൈകുന്നേരവും وَيَوْمَ تَقُومُ നിലകൊള്ളുന്ന (സംഭവിക്കുന്ന) ദിവസം السَّاعَةُ അന്ത്യഘട്ടം (ഖിയാമത്തു) أَدْخِلُوا പ്രവേശിപ്പിക്കുവിൻ آلَ فِرْعَوْنَ ഫിർഔന്റെ ആൾക്കാരെ أَشَدَّ الْعَذَابِ ഏറ്റവും കഠിന ശിക്ഷയിൽ
രാവിലെയും വൈകുന്നേരവും അവർ നരകത്തിൽ പ്രദർശിപ്പിക്കപ്പെടുക എപ്രകാരമായിരിക്കുമെന്നു നമുക്കു തിട്ടപ്പെടുത്തുക സാധ്യമല്ല. അദൃശ്യലോകത്തുവെച്ചു നടക്കുന്ന സംഭവമാണല്ലോ അത്. ഈ പ്രദർശനം ഉണ്ടാകുന്നതു മരണത്തെത്തുടർന്നു ഐഹികബന്ധം അവസാനിച്ച ശേഷമാണെന്നു വ്യക്തമാണ്. ഖിയാമത്തുനാളിൽ അവരെ ഏറ്റവും കടുത്ത ശിക്ഷയാകുന്ന നരകശിക്ഷയിൽ പ്രവേശിപ്പിക്കുവാൻ കൽപനയുണ്ടാകുമെന്നു പറഞ്ഞിരിക്കകൊണ്ട് അതു ഖിയാമത്തുനാളിനു മുമ്പുണ്ടാകുന്നതാണെന്നു വ്യക്തമാണ്. അതെ, ഐഹിക ജീവിതത്തിനും, പുനരുത്ഥാനത്തിനും ഇടയ്ക്കുള്ള ഘട്ടത്തിൽ (عالم البرزخൽ) വെച്ചു നടക്കുന്നതാണത്. നന്മതിന്മകളുടെ യഥാർത്ഥ പ്രതിഫലങ്ങളും, രക്ഷാശിക്ഷകളും അനുഭവപ്പെടുന്നതു ഖിയാമത്തുനാളിലാണെങ്കിലും, ഖബ്റുകളിൽ വെച്ച് – മേൽ പ്രസ്‌താവിച്ച ഇടക്കാലത്തിൽ ആത്മീയലോകത്തുവെച്ച് – ഓരോരുത്തന്റെ കർമ്മങ്ങളുടെ അനന്തരഫലമെന്നോണം സുഖദുഃഖങ്ങളുടെ പല അനുഭവങ്ങളും സംഭവിക്കുന്നതാണെന്ന് പ്രബലമായ പല ഹദീസുകളിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പ്രസ്താവിച്ചിട്ടുള്ളതാണ്.
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷി (الشُّهَدَاء) കളെക്കുറിച്ച് ‘അവർ മരണപ്പെട്ടവരാണെന്നു ധരിക്കരുതെന്നും അവർ തങ്ങളുടെ റബ്ബിന്റെ അടുക്കൽ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നവരാണെന്നും മറ്റും സൂറത്തുൽ ബഖറ: 154ലും സൂ: ആലുഇംറാൻ 169ലും അല്ലാഹു പ്രസ്‌താവിച്ചിരിക്കുന്നു.
(وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢۚ بَلْ أَحْيَآءٌ وَلَٰكِن لَّا تَشْعُرُونَ – البقرة – وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢاۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ – ال عمران)
ഇതിന്റെ വ്യാഖ്യാനമായി, അവരുടെ ആത്മാക്കൾ ഹരിതവർണ്ണത്തിലുള്ള പക്ഷികളുടെ ഉള്ളങ്ങളിലായിക്കൊണ്ട് സ്വർഗ്‌ഗത്തിൽ വിഹരിച്ചു കൊണ്ടിരിക്കുമെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അരുളിച്ചെയ്യുന്നു. (اخرجه مسلم و غيره) അപ്പോൾ, മരണശേഷം ഖിയാമത്തുനാളിന് മുമ്പുള്ള കാലത്തു ശിർക്കിന്റെ നേതാക്കൾക്കു ചില ശിക്ഷാപരമായ അനുഭവങ്ങളുണ്ടാകുമെന്നും, നേരെമറിച്ച് തൗഹീദിന്റെ നേതാക്കൾക്കു ചില സുഖാനുഭവങ്ങൾ ഉണ്ടാകുമെന്നും ഖുർആൻകൊണ്ടുതന്നെ തെളിയുന്നു. സത്യവിശാസികളിൽപെട്ട പാപികൾക്കും ഖബ്റിൽവെച്ച് ചില ശിക്ഷാനുഭവങ്ങൾ ഉണ്ടാകുമെന്നു ഹദീസുകൊണ്ടും സ്ഥാപിതമായിരിക്കുന്നു. (ഈ വിഷയകമായി കൂടുതൽ വിശദീകരണം സൂ: യാസീന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ കാണുക. മരണശേഷം എല്ലാവരും ഖബ്റുകളിൽ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, ഖബ്റിലെ ശിക്ഷയെക്കുറിച്ചും മറ്റും പറയപ്പെടുന്നതെല്ലാം നിരർത്ഥമാണെന്നും സമർത്ഥിക്കുന്ന യുക്തിവാദികൾക്കുള്ള ഖണ്ഡനങ്ങളും അതിൽ പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവിടെ കൂടുതൽ ദീർഘിപ്പിക്കുന്നില്ല.) അടുത്ത വചനത്തിൽ നരകക്കാർ തമ്മിൽ നടക്കുന്ന ചില തർക്കങ്ങളെ സംബന്ധിച്ചും മറ്റും അല്ലാഹു വിവരിക്കുന്നു:
- وَإِذْ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ ٱلنَّارِ ﴾٤٧﴿
- നരകത്തിൽ വെച്ച് അവർ [നരകവാസികൾ] അന്യോന്യം ന്യായവാദം ചെയ്തു കൊണ്ടിരിക്കുന്ന സന്ദർഭം (ഓർക്കുക)! അപ്പോൾ ദുർബലരായുള്ളവർ അഹംഭാവം നടിച്ചവരോട് പറയും: 'നിശ്ചയമായും ഞങ്ങൾ നിങ്ങളെ പിൻപറ്റിക്കൊണ്ടായിരുന്നു (ഉള്ളതു); ആകയാൽ, നരകത്തിൽ നിന്നുള്ള ഒരു പങ്കു ഞങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കിത്തരുന്നവരാണോ?!'
- وَإِذْ يَتَحَاجُّونَ അവർ അന്യോന്യം ന്യായവാദം ചെയ്യുന്ന സന്ദർഭം فِي النَّارِ നരകത്തിൽ (അഗ്നിയിൽ) വെച്ചു فَيَقُولُ അപ്പോൾ പറയും الضُّعَفَاءُ ദുർബ്ബലന്മാർ, അശക്തർ لِلَّذِينَ اسْتَكْبَرُوا അഹംഭാവം നടിച്ചവരോട് إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു لَكُمْ تَبَعًا നിങ്ങൾക്ക് അനുഗാമികൾ, നിങ്ങളെ പിൻപറ്റിക്കൊണ്ടു فَهَلْ أَنتُم ആകയാൽ നിങ്ങളാണോ مُّغْنُونَ عَنَّا ഞങ്ങൾക്ക് ആവശ്യമില്ലാതാക്കുന്ന (ഒഴിവാക്കുന്ന)വർ نَصِيبًا ഒരു പങ്കു, വല്ല വിഹിതവും مِّنَ النَّارِ നരകത്തിൽ നിന്ന്
- قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُلٌّ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ ﴾٤٨﴿
- അഹംഭാവം നടിച്ചവർ പറയും: 'നാം എല്ലാവരും അതിൽ തന്നെ; അല്ലാഹു അടിയാന്മാർക്കിടയിൽ വിധി കൽപ്പിച്ചു കഴിഞ്ഞു!'
- قَالَ الَّذِينَ യാതൊരു കൂട്ടർ പറയും اسْتَكْبَرُوا അഹംഭാവം നടിച്ച إِنَّا كُلٌّ നിശ്ചയമായും നാം എല്ലാവരും فِيهَا അതിലാണ്, ഇതിലാണ് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَدْ حَكَمَ അവൻ വിധി കൽപ്പിച്ചിട്ടുണ്ടു بَيْنَ الْعِبَادِ അടിയാന്മാർക്കിടയിൽ
എനി രക്ഷാമാർഗ്‌ഗമില്ലെന്നു അവർക്കറിയാമെങ്കിലും ശിക്ഷയുടെ കാഠിന്യം നിമിത്തം ന്യായവാദം ചെയ്തു നോക്കുകയാണ്. അസത്യത്തിന്റെ നേതാക്കന്മാരെ പിൻപറ്റി വഴിപിഴച്ചുപോകുന്ന ജനങ്ങൾക്ക് ഈ സംഭാഷണം ഒരു താക്കീതത്രെ. രണ്ടു കൂട്ടരും ചിലപ്പോൾ മലക്കുകളോടും രക്ഷക്കപേക്ഷിച്ചു നോക്കും. അല്ലാഹു പറയുന്നു: –
- وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ ﴾٤٩﴿
- നരകത്തിലുള്ളവർ 'ജഹന്നമി'ന്റെ കാവൽക്കാരോടു പറയും: 'നിങ്ങൾ നിങ്ങളുടെ റബ്ബിനോടു (ഒന്ന്) പ്രാർത്ഥിക്കുവിൻ, ശിക്ഷയിൽ നിന്നുള്ള ഒരു ദിവസം അവൻ ഞങ്ങൾക്കു ലഘുവാക്കിതരട്ടെ!' [അന്നെങ്കിലും ഒരു വിശ്രമം കിട്ടുമല്ലോ].
- وَقَالَ പറയും الَّذِينَ فِي النَّارِ നരകത്തിലുള്ളവർ لِخَزَنَةِ പാറാവുകാരോടു, കാവൽക്കാരോടു جَهَنَّمَ ജഹന്നമിന്റെ (നരകത്തിന്റെ) ادْعُوا നിങ്ങൾ പ്രാർത്ഥിക്കുവിൻ رَبَّكُمْ നിങ്ങളുടെ റബ്ബിനോടു يُخَفِّفْ عَنَّا ഞങ്ങൾക്കു അവൻ ലഘുവാക്കിത്തരട്ടെ يَوْمًا ഒരു ദിവസം مِّنَ الْعَذَابِ ശിക്ഷയിൽ നിന്നുള്ള
- قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَٰٓؤُا۟ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ ﴾٥٠﴿
- അവർ പറയും: 'നിങ്ങൾക്കു നിങ്ങളുടെ റസൂലുകൾ തെളിവുകളുമായി വന്നിട്ടുണ്ടായിരുന്നില്ലേ?!' അവർ [നരകക്കാർ] പറയും: 'ഇല്ലാതെ! (വന്നിരുന്നു).' അവർ [കാവൽക്കാർ] പറയും: 'എന്നാൽ നിങ്ങൾ (തന്നെ) പ്രാർത്ഥിച്ചുകൊള്ളുവിൻ!' അവിശ്വാസികളുടെ പ്രാർത്ഥന വൃഥാവിലല്ലാതെ അല്ലതാനും.
- قَالُوا അവർ പറയും أَوَلَمْ تَكُ ആയിരുന്നില്ലേ, ഉണ്ടായില്ലേ تَأْتِيكُمْ നിങ്ങൾക്കു വന്നു കൊണ്ടിരിക്കുക رُسُلُكُم നിങ്ങളുടെ റസൂലുകൾ بِالْبَيِّنَاتِ തെളിവുകളുമായി قَالُوا അവർ പറയും بَلَى ഇല്ലാതേ, അതെ قَالُوا അവർ പറയും فَادْعُوا എന്നാൽ നിങ്ങൾ പ്രാർത്ഥിച്ചുകൊള്ളുവിൻ وَمَا അല്ല(ഇല്ല) താനും دُعَاءُ الْكَافِرِينَ അവിശ്വാസികളുടെ പ്രാർത്ഥന إِلَّا فِي ضَلَالٍ പാഴിൽ(വൃഥാവിൽ, വഴികേടിൽ) അല്ലാതെ
അല്ലാഹുവിന്റെ ദൂതൻമാരായ മുർസലുകൾ വേണ്ടത്ര തെളിവുകൾസഹിതം നിങ്ങളെ ഉപദേശിച്ചിട്ടും നിങ്ങൾ അവരെ വ്യാജമാക്കി നിഷേധിച്ചതുനിമിത്തമാണല്ലോ ഈ ഗതി നിങ്ങൾക്കു എത്തിയത്. എന്നിരിക്കെ, നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അപേക്ഷിക്കുവാനും യാതൊരു മാർഗ്ഗവുമില്ല. വേണമെങ്കിൽ നിങ്ങൾതന്നെ പ്രാർത്ഥിച്ചേക്കുവിൻ. യാതൊരു ഫലവും പ്രാർത്ഥന കൊണ്ടു എനി നിങ്ങൾക്കു ലഭിക്കുവാൻ പോകുന്നില്ല.എന്ന് സാരം. نعوذ باللّه അടുത്ത വചനത്തിൽ സത്യവിശ്വാസികളെക്കുറിച്ചു പറയുന്നു: –
വിഭാഗം - 6
- إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَٰدُ ﴾٥١﴿
- നിശ്ചയമായും, നമ്മുടെ റസൂലുകളെയും, വിശ്വാസിച്ചിട്ടുള്ളവരെയും ഐഹീകജീവിതത്തിലും, സാക്ഷികൾ നിൽക്കുന്ന [രംഗത്ത് വരുന്ന] ദിവസവും നാം സഹായിക്കുക തന്നെ ചെയ്യും.
- إِنَّا لَنَنصُرُ നിശ്ചയം നാം സഹായിക്കുകതന്നെ ചെയ്യും رُسُلَنَا നമ്മുടെ ദൂതന്മാരെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തിൽ وَيَوْمَ يَقُومُ എഴുന്നേൽക്കുന്ന (നിൽക്കുന്ന) ദിവസവും الْأَشْهَادُ സാക്ഷികൾ, സാക്ഷ്യങ്ങൾ
- يَوْمَ لَا يَنفَعُ ٱلظَّٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ ﴾٥٢﴿
- അതായതു, അക്രമികൾക്കു അവരുടെ ഒഴികഴിവു ഉപകാരം ചെയ്യാത്ത ദിവസം. (മാത്രമല്ല) അവർക്കു ശാപവുമുണ്ടായിരിക്കും; അവർക്കത്രെ കടുത്ത ഭവനവും!
- يَوْمَ لَا يَنفَعُ അതായതു ഉപകാരം ചെയ്യാത്ത ദിവസം الظَّالِمِينَ അക്രമികൾക്കു مَعْذِرَتُهُم അവരുടെ ഒഴികഴിവു وَلَهُمُ അവർക്കുണ്ട്(അവർക്കാണ്) താനും اللَّعْنَةُ ശാപം وَلَهُمْ അവർക്കുതന്നെ سُوءُ الدَّارِ കടുത്ത (മോശമായ) ഭവനം, (ആ) ഭവനത്തിന്റെ കെടുതി
ഓരോരുത്തരുടെയും സകല കർമ്മങ്ങളെയും സാക്ഷ്യപ്പെടുത്തുന്നതിനു പ്രവാചകന്മാർ, മലക്കുകൾ, അവയവങ്ങൾ തുടങ്ങിയ പലതരം സാക്ഷികൾ രംഗത്തു വരുന്ന ദിവസമാണല്ലോ ഖിയാമത്തുനാൾ. അതുകൊണ്ടാണു അതിനു സാക്ഷികൾ നിൽക്കുന്ന ദിവസം (ىَوْمَ يَقُومُ الآشهَادُ) എന്നു പറഞ്ഞത്. പാരത്രികജീവിതത്തിൽ മുർസലുകൾക്കും, സത്യവിശ്വാസികൾക്കും ലഭിക്കുന്ന സഹായം വ്യക്തമാണ്. എന്നാൽ, ഈ ലോകത്തു അവർക്കു ലഭിക്കുന്ന സഹായം എന്തായിരിക്കും? അതു പല പ്രകാരത്തിലും ആയേക്കാം: സുലൈമാൻ (عليه السلام), ദാവൂദ് (عليه السلام) എന്നിവർക്കു ലഭിച്ചതുപോലെ, അവിശ്വാസികളെ കീഴൊതുക്കി ആധിപത്യം നടത്തത്തക്ക പ്രതാപവും ഭരണവും ലഭിക്കുക, നമ്മുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു സിദ്ധിച്ചതുപോലെ, അവിശ്വാസികൾക്കെതിരിൽ വിജയം കൈവരുക, നൂഹ് (عليه السلام), മൂസാ (عليه السلام) എന്നിവർക്കു സിദ്ധിച്ചതുപോലെ അവിശ്വാസികളിൽ പൊതുശിക്ഷ ഇറക്കി തങ്ങൾക്കു വിജയം നൽകുക, അതുമല്ലെങ്കിൽ അവിശ്വാസികൾ തമ്മിൽ കൂട്ടിമുട്ടി ബലഹീനമായിത്തീരുക ഇങ്ങിനെ പലവിധത്തിലും ആകാവുന്നതാണ്. الله أعلم
മൂസാ നബി (عليه السلام) യുടെയും ഫിർഔന്റെയും വർത്തമാനങ്ങളും, നരകവാസികളുടെ സ്ഥിതിഗതികളും വിവരിച്ചതിനെത്തുടർന്നാണല്ലോ ഈ വചനങ്ങളിൽ റസൂലുകളുടെയും സത്യവിശ്വാസികളുടെയും വിജയത്തെക്കുറിച്ചുള്ള വാഗ്ദാനം അല്ലാഹു പ്രസ്താവിച്ചത്. ഈ വാഗ്ദാനം അവൻ നിറവേറ്റാറുണ്ടെന്നതിനു ഒരു ഉദാഹരണമെന്നോണം മൂസാ (عليه السلام) നബിയുടെയും അദ്ദേഹത്തിന്റെ സമുദായത്തിന്റെയും ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ട് ക്ഷമ കൈകൊളളുവാനും, പ്രസ്തുത വാഗ്ദാനത്തിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു.
- وَلَقَدْ ءَاتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَٰبَ ﴾٥٣﴿
- തീർച്ചയായും മൂസാക്കു നാം മാർഗ്ഗദർശനം നൽകുകയുണ്ടായി; ഇസ്രാഈൽ സന്തതികൾക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
- وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ടു مُوسَى മൂസാക്ക് الْهُدَىٰ മാർഗ്ഗദർശനം, നേർമ്മാർഗം وَأَوْرَثْنَا നാം അവകാശപ്പെടുത്തുകയും ചെയ്തു بَنِي إِسْرَائِيلَ ഇസ്രാഈൽ സന്തതികൾക്കു الْكِتَابَ വേദഗ്രന്ഥം
- هُدًى وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ ﴾٥٤﴿
- ബുദ്ധിമാന്മാർക്കു മാർഗ്ഗദർശനം (ഉപദേശ) സ്മരണയുമായിക്കൊണ്ട്.
- هُدًى മാർഗ്ഗദർശനമായി, വഴികാട്ടിയായി وَذِكْرَىٰ ഉപദേശമായും, സ്മരണയായും لِأُولِي الْأَلْبَابِ ബുദ്ധിമാന്മാർക്കു
- فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱسْتَغْفِرْ لِذَنۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَٰرِ ﴾٥٥﴿
- ആകയാൽ, (നബിയേ) നീ ക്ഷമിക്കുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം യഥാർതഥമാകുന്നു. നിന്റെ പാപത്തിനുവേണ്ടി പാപമോചനം തേടുകയും, വൈകുന്നേരവും കാലത്തും നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് ‘തസ്ബീഹ്’ [സ്തോത്ര കീർത്തനം] നടത്തുകയും ചെയ്യുക.
- فَاصْبِرْ ആകയാൽ ക്ഷമിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ യഥാർത്ഥമാണ്, ശരിയായതാണ് وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്റെ പാപത്തിനുവേണ്ടി وَسَبِّحْ 'തസ്ബീഹും' നടത്തുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചു കൊണ്ടു, സ്തുതിയോടെ بِالْعَشِيِّ വൈകുന്നേരം, സന്ധ്യക്ക് وَالْإِبْكَارِ കാലത്തും, രാവിലെയും
ഈ കൽപ്പന പ്രത്യക്ഷത്തിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടാണെങ്കിലും സമുദായത്തിനാകമാനം ബാധകമാണെന്നു വ്യക്തമാണ്. പാപമോചനം തേടുന്ന കാര്യം പ്രത്യേകിച്ചും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാണെങ്കിൽ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട ആളും പാപരഹിതനുമാകുന്നു. എന്നിട്ടുപോലും പാപങ്ങൾക്കു പൊറുതി തേടണമെന്ന് കൽപ്പിക്കുമ്പോൾ നമ്മെ സംബന്ധിച്ചിടത്തോളം ആ കൽപ്പന എത്രമാത്രം ഗൗരവപ്പെട്ടതായിരിക്കും?! ആലോചിച്ചു നോക്കുക! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി- അല്ലെങ്കിൽ മറ്റുള്ള പ്രവാചകന്മാർ -പൊതുജനങ്ങളെപ്പോലെ, അക്രമപരമോ, കുറ്റകരമോ ആയ പാപങ്ങൾ ചെയ്യാറുണ്ടെന്നും, അതുകൊണ്ടാണ് പാപമോചനം തേടുവാൻ കൽപ്പിച്ചതെന്നും ഈ വചനത്തിൽ നിന്നോ മറ്റോ ധരിച്ചുകൂടാ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പാപമായോ, കുറ്റകരമായോ ഗണിക്കപ്പെടുവാനില്ലാത്ത ചില നിസ്സാരകാര്യങ്ങൾ പോലും പ്രവാചകന്മാരുടെ സ്ഥാനപദവികൾ വെച്ചു നോക്കുമ്പോൾ കേവലം മര്യാദകേടായി ഗണിക്കപ്പെട്ടേക്കും. അല്ലെങ്കിൽ, ഏതെങ്കിലും ഒരു വിഷയത്തിൽ ഏറ്റവും അഭികാമ്യമായ ഒരു നയത്തിനു പകരം, അതിന്റെ താഴെ കിടയിലുള്ള മറ്റൊരു നയം – സാധാരണക്കാരെ അപേക്ഷിച്ചു ഈ നയം അനുവദനീയമായിരിക്കാമെങ്കിലും – അവർ സ്വീകരിച്ചുവെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം അതു നന്നായി ഗണിക്കപ്പെടുകയില്ല. ഇങ്ങിനെയുള്ള നിസ്സാര സംഗതികളായിരിക്കും പ്രവാചകന്മാരുടെ ‘പാപങ്ങൾ’. നല്ല ആളുകളുടെ നന്മകളായി ഗണിക്കപ്പെടുന്ന ചില കാര്യങ്ങൾ അല്ലാഹുവിങ്കൽ സാമീപ്യം സിദ്ധിച്ച മഹാന്മാരുടെ തിന്മകളായി ഗണിക്കപ്പെട്ടേക്കും. (حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ) എന്നു പറയപ്പെടുന്നതു ഈ അടിസ്ഥാനത്തിലാണ്. അങ്ങിനെയുള്ള നിസ്സാരങ്ങളായ പോരായ്മയിൽനിന്നും അവർ സംശുദ്ധരായിരിക്കുവാൻ വേണ്ടിയാണു അല്ലാഹു അവരോടു പാപമോചനം തേടുവാൻ കൽപ്പിക്കുന്നത്. (ഈ വിഷയകമായി സൂ: സ്വാദ്: 34-38 ന്റെ വിവരണത്തിൽ വായിച്ച വിവരങ്ങൾ ഇവിടെയും ഓർക്കുക).
നബിമാരുടെ പാപമോചനം തേടലിനെപ്പറ്റി പ്രസ്താവിക്കുന്നതിലും, അവരോടു അതിനു കല്പിക്കുന്നതിലും മറ്റൊരു രഹസ്യം കൂടി അടങ്ങിയിരിക്കുന്നു. എല്ലാ വിഷയത്തിലും പ്രവാചകന്മാർ സമുദായത്തിനു മാതൃക നൽകേണ്ടതുണ്ടല്ലോ. അതുകൊണ്ടു പാപങ്ങളെ സൂക്ഷിക്കുന്നതിലും, അവയെപ്പറ്റി സദാ മോചനം തേടിക്കൊണ്ടിരിക്കുന്നതിലും അവർ സമുദായത്തിനു മാതൃകാ പുരുഷന്മാരായിരിക്കുവാനുമുള്ള ഒരു പ്രത്യേക പ്രോത്സാഹനം കൂടിയാണത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒരു തിരുവചനം കാണുക: ‘ഹേ, മനുഷ്യരേ നിങ്ങൾ അല്ലാഹുവിലേക്കു പശ്ചാത്തപിക്കുക, ഞാൻ തന്നെ അവനിലേക്കു ദിവസം നൂറു പ്രാവശ്യം പശ്ചാത്തപിക്കുന്നു.’
(يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ إِلَيْهِ فِي الْيَوْمِ مِائَةَ مَرَّةٍ – رواه مسلم)
ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ (4, 5 വചനങ്ങളിൽ) അല്ലാഹുവിന്റെ ദൃഷ്ടാന്ത ലക്ഷ്യങ്ങളിൽ തർക്കം നടത്തുന്നവരെപ്പറ്റി പറയുകയുണ്ടായി. പിന്നീട് 35-ാം വചനത്തിലും അതാവർത്തിക്കുകയും, വിഷയത്തിൽ അല്ലാഹുവിനുള്ള കഠിനമായ കോപം രേഖപ്പെടുത്തുകയും, അഹംഭാവത്തിൽനിന്നും സ്വേച്ഛാപരമായ ധിക്കാരത്തിൽ നിന്നുമാണ് തർക്ക സ്വഭാവം ഉണ്ടാകുന്നതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്നുകൊണ്ടു ഫിർഔന്റെയും, അവന്റെ ഗർവ്വിന്റെയും കഥ വിവരിക്കുകയും ചെയ്തു. വീണ്ടും അടുത്ത വചനത്തിലും അതാ, ഈ വിഷയം അല്ലാഹു ആവർത്തിക്കുന്നു!
- إِنَّ ٱلَّذِينَ يُجَٰدِلُونَ فِىٓ ءَايَٰتِ ٱللَّهِ بِغَيْرِ سُلْطَٰنٍ أَتَىٰهُمْ ۙ إِن فِى صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَٰلِغِيهِ ۚ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾٥٦﴿
- നിശ്ചയമായും, അല്ലാഹുവിന്റെ 'ആയത്തു'കളിൽ (സന്ദേശ ലക്ഷ്യങ്ങളിൽ) തങ്ങൾക്കു വന്നുകിട്ടിയ യാതൊരു അധികൃത ലക്ഷ്യവും കൂടാതെ തർക്കം നടത്തുന്നവർ, അവരുടെ ഹൃദയങ്ങളിൽ, തങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത [അർഹരാകാത്ത] അഹംഭാവം അല്ലാതെ (മറ്റൊന്നും) ഇല്ല. ആകയാൽ,അല്ലാഹുവിനോടു ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവൻ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കാണുന്നവനും.
- إِنَّ നിശ്ചയമായും الَّذِينَ يُجَادِلُونَ തർക്കം നടത്തുന്നവർ فِي آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളിൽ بِغَيْرِ سُلْطَانٍ ഒരു അധികൃത ലക്ഷ്യവും (പ്രമാണവും) ഇല്ലാതെ أَتَاهُمْ തങ്ങൾക്കു വന്നിട്ടുള്ള إِن فِي صُدُورِهِمْ അവരുടെ നെഞ്ഞുകളിൽ (ഹൃദയങ്ങളിൽ) ഇല്ല إِلَّا كِبْرٌ അഹംഭാവം,( ഗർവ്വ്) അല്ലാതെ مَّا هُم അവരല്ല بِبَالِغِيهِ അതിനു എത്തിയവർ (അതിന്നു തക്ക അർഹതയുള്ളവർ) فَاسْتَعِذْ ആകയാൽ നീ ശരണം (അഭയം) തേടുക بِٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിനോടു إِنَّهُ هُوَ നിശ്ചയമായും അവൻ തന്നെ السَّمِيعُ കേൾക്കുന്നവൻ الْبَصِيرُ കാണുന്നവൻ
അല്ലാഹുവിന്റെ സന്ദേശലക്ഷ്യങ്ങളിലും, ദൃഷ്ടാന്തങ്ങളിലും അവൻ ദുസ്തർക്കം നടത്തുവാനുള്ള കാരണം അവരുടെ ഗർവും അഹംഭാവവും മാത്രമാണ്. എന്നാൽ, അങ്ങിനെ ഗർവു നടിക്കുവാൻ തക്ക അർഹതയോ, യോഗ്യതയോ, ന്യായമോ അവർക്കുണ്ടോ? ഇല്ല. അതിനുമാത്രം അവരില്ല. എന്നിരിക്കെ, അതിനെച്ചൊല്ലി പരിഭവിക്കേണ്ടതില്ല. അവർ മൂലവും, അല്ലാതെയും ഉണ്ടാകാവുന്ന കെടുതികളിൽനിന്നു അല്ലാഹുവിൽ ശരണം തേടുക മാത്രമേ വേണ്ടൂ. അവൻ എല്ലാം കേട്ടും കണ്ടും കൊണ്ടിരിക്കുന്നവനാണല്ലോ.
- لَخَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٥٧﴿
- ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കൽ മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ കാര്യം തന്നെ. എങ്കിലും മനുഷ്യരിൽ അധികമാളും അറിയുന്നില്ല.
- لَخَلْقُ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിക്കൽ وَالْأَرْضِ ഭൂമിയും أَكْبَرُ അധികം വലുതു (തന്നെ) مِنْ خَلْقِ النَّاسِ മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരിൽ അധികവും لَا يَعْلَمُونَ അറിയുന്നില്ല
- وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَلَا ٱلْمُسِىٓءُ ۚ قَلِيلًا مَّا تَتَذَكَّرُونَ ﴾٥٨﴿
- അന്ധനും, കാഴ്ചയുള്ളവനും സമമാകുകയില്ല; വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരും, ദുഷ്‌കർമ്മിയുമാകട്ടെ, (അവരും സമമാകുക) ഇല്ല. എന്തോ (വളരെ) കുറച്ചേ നിങ്ങൾ ഉറ്റാലോചിക്കുന്നുള്ളൂ!
- وَمَايَسْتَوِي സമമാവുക (ഒക്കുക)യില്ല الْأَعْمَى അന്ധൻ وَالْبَصِيرُ കാഴ്ചയുളളവനും وَالَّذِينَ آمَنُوا വിശ്വസിച്ചവരും وَعَمِلُوا۟ ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَلَا ٱلْمُسِىٓءُ ദുഷ്ക്കർമ്മിയും (തിന്മ ചെയ്യുന്നവനും) ഇല്ല قَلِيلًا مَّا എന്തോ (വളരെ) കുറച്ചു (മാത്രം) مَّا تَتَذَكَّرُونَ നിങ്ങൾ ഉറ്റാലോചിക്കുന്നു
- إِنَّ ٱلسَّاعَةَ لَءَاتِيَةٌ لَّا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ ﴾٥٩﴿
- നിശ്ചയമായും, അന്ത്യഘട്ടം വരുന്നതു തന്നെ - അതിൽ സന്ദേഹമേ ഇല്ല. എങ്കിലും, മനുഷ്യരിൽ അധികമാളും വിശ്വസിക്കുന്നില്ല.
- إنَّ السَاعَةَ നിശ്ചയമായും അന്ത്യഘട്ടം, ആ നാഴിക لَأَتِيَةٌ വരുന്നതുതന്നെ لَّا رَيْبَ സന്ദേഹമേ ഇല്ല فِيهَا അതിൽ ولكِّنَّ أكْثَرَ النّاسِ എങ്കിലും മനുഷ്യരിൽ അധികവും لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല
അടുത്ത വചനം മനസ്സിരുത്തുക. പ്രാർത്ഥനയാകുന്ന ‘ദുആ’ യെ സംബന്ധിച്ചു പലതും അതിൽനിന്നു മനസ്സിലാക്കാവുന്നതാണ്:
- وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴾٦٠﴿
- (ഹേ മനുഷ്യരേ) നിങ്ങളുടെ റബ്ബ് പറയുന്നു: ‘നിങ്ങൾ എന്നെ വിളിക്കുവിൻ [എന്നോടു പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്കു ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ (താമസംവിനാ) 'ജഹന്നമി'ൽ പ്രവേശിക്കുന്നതാണ്.
- وَقَالَ رَبُّكُمُ നിങ്ങളുടെ റബ്ബ് പറയുന്നു, പറയുകയാണ് ٱدْعُونِىٓ നിങ്ങളെന്നെ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ أَسْتَجِبْ لَكُمْ നിങ്ങൾക്കു ഞാൻ ഉത്തരം നൽകാം, നൽകും إِنَّ നിശ്ചയമായും الَّذِينَ يَسْتَكْبِرُونَ അഹംഭാവം നടിക്കുന്നവർ عَنْ عِبادَتِي എനിക്കു (എന്നെ) ആരാധന ചെയ്യുന്നതിനു سَيَدْخُلُونَ അവർ അടുത്തു പ്രവേശിക്കും جَهَنَّمَ ജഹന്നമിൽ, നരകത്തിൽ دَاخِرِينَ നിന്ദ്യരായി, നിസ്സാരൻമാരായി
ഈ വചനത്തിൽ നിന്നും പലതും മനസ്സിലാക്കുവാനുണ്ട്:
1) അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുവിൻ എന്നു പറയാതെ, ‘നിങ്ങളുടെ റബ്ബ് പറയുന്നു, എന്നെ വിളിച്ചു പ്രാർത്ഥിക്കുവിൻ’ (وَقَالَ رَبُّكُمُ ادْعُونِي) എന്നത്രെ അല്ലാഹു പറഞ്ഞത്. ഞാൻ നിങ്ങളുടെ റബ്ബും- രക്ഷിതാവും- നിങ്ങൾ എല്ലാവരും എന്റെ അടിയാന്മാരുമായ സ്ഥിതിക്കു നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കാതിരിക്കുവാൻ നിങ്ങള്‍ക്കു നിർവ്വാഹമില്ല, അതു നിങ്ങളുടെ സ്വാഭാവികമായ ഒരു കടമയാണ്. മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കുവാൻ നിങ്ങൾക്കു അവകാശമോ, ന്യായമോ, ആവശ്യമോ ഇല്ല. എന്നു താൽപര്യം.
2) പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്കു ഉത്തരം നൽകുവാൻ അല്ലാഹു എപ്പോഴും സന്നദ്ധനാണ്. അതിൽ യാതൊരു വൈമനസ്യവും അവന്നില്ല. ‘ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം’ (أَسْتَجِبْ لَكُمْ) എന്നുള്ള നിരുപാധികമായ വാഗ്‌ദാനം അതാണ് ചൂണ്ടിക്കാട്ടുന്നത്.
3) ദുആ ഇബാദത്താണ്. അവ ആരാധനയിൽപെട്ടതാണ്. പ്രാർത്ഥനയും തുടർന്നുള്ള വാക്യത്തിൽ ‘എന്നെ വിളിച്ചു പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ’ എന്നു പറയാതെ, ‘എന്നെ ആരാധിക്കുന്നതിനെക്കുറിച്ചു അഹംഭാവം നടിക്കുന്നവർ’ (إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي) എന്ന പ്രയോഗം ഇതാണ് കാട്ടിത്തരുന്നത്.
4) അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാതെയും, അവനു ആരാധന ചെയ്യാതെയും ഇരിക്കുന്നതും, ആ രണ്ടിലും അവനു പുറമെ മറ്റുള്ളവരെക്കൂടി പങ്കു ചേർക്കുന്നതും വാസ്‌തവത്തിൽ ഗർവ്വും, അഹംഭാവവുമാണ്. സൃഷ്ടാവും രക്ഷിതാവും അവനായിരിക്കെ, മറ്റുള്ളവരെല്ലാം അവന്റെ അടിമകളും സൃഷ്ടികളുമായിരിക്കെ, അതിനുള്ള കാരണം വ്യക്തമാണല്ലോ. എന്നെ ആരാധിക്കാത്തവർ എന്നോ മറ്റോ പറയാതെ ‘എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിച്ചവർ’ എന്ന വാക്കിൽനിന്നു, ഇതു മനസ്സിലാക്കാം.
ആരാധനകളെല്ലാം അല്ലാഹുവിനുമാത്രമേ പാടുള്ളൂവെന്നു പറയേണ്ടതില്ല. അല്ലാഹുവിനല്ലാത്ത ആരാധന കുഫ്‌റും ശിർക്കും (അവിശ്വാസവും ബഹുദൈവവിശ്വാസവും) ആയിരിക്കുന്നതാണ്. അപ്പോൾ, ആരാധനയുടെ ഒരു ഇനമായ -അതിലെ പ്രധാന ഇനമായ- വിളിച്ചു പ്രാർത്ഥിക്കലും അങ്ങിനെത്തന്നെ എന്നു സ്‌പഷ്ടമാണ്. താഴെ കാണുന്ന ഹദീസുകൾ ഇവിടെ സ്മർത്തവ്യമാകുന്നു:
1) قال النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَن لم يَدْعُ الله يغضبْ علَيهِ – أحمد والحاكم
സാരം: 1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ആർ അല്ലാഹുവിനോടു പ്രാർത്ഥിക്കുന്നില്ലയോ അവന്റെമേൽ അല്ലാഹു കോപിക്കുന്നതാണ്’. (അ;ഹാ)
2) وقال صَلَّى اللَّهُ عَلَيْهِ وَسَلَّمَ الدُّعاءُ هُوَ العِبادَةُ, وقرأ هذه الآية – احمد والترمذي والنسائي وأبو داود
സാരം: 2. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ദുആ’ തന്നെയാണ് ‘ഇബാദത്ത്’. തുടർന്നുകൊണ്ടു തിരുമേനി ഈ ആയത്തു ഓതുകയും ചെയ്തു (അ; തി; ദാ; ന.).
3) وقال الدُّعَاءُ مُخُّ الْعِبَادَةِ – الترمذي
സാരം: 3. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ദുആ’ ഇബാദത്തിന്റെ മജ്ജയാണ്’. (തി.)
4) سئل صَلَّى اللَّهُ عَلَيْهِ وَسَلَّمَ أي العبادة أفضل؟ قال دعاء المرء لنفسه – البخاري في الأدب
സാരം: 4. ഇബാദത്തിൽവെച്ച് ഏതാണ് ഏറ്റവും ശ്രേഷ്ഠമായതെന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: ‘മനുഷ്യൻ തനിക്കുവേണ്ടി പ്രാർത്ഥിക്കലാകുന്നു’. (ബുഖാരി – അദ്ദേഹത്തിന്റെ ‘അൽ അദബി’ൽ)
5) وقال يُسْتَجَابُ لِلعَبْدِ مَا لَم يدعُ بإِثمٍ أَوْ قَطِيعةِ رَحِمٍ، مَا لَمْ يَسْتعْجِلْ قِيلَ ما الاستعجال قال يقول قد دعوت وقد دعوت فَلَم أَرَ يَسْتَجِيبُ لي، فَيَسْتَحْسِرُ عِنْد ذَلِكَ، ويَدَعُ الدُّعَاءَ – مسلم
സാരം: 5. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘പാപകരമായതിനോ, കുടുംബബന്ധം മുറിക്കുന്നതിനോ പ്രാർത്ഥിക്കാതിരിക്കുമ്പോൾ – ധൃതികൂട്ടാതിരിക്കുന്ന പക്ഷം – മനുഷ്യനു പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അപ്പോൾ ചോദിക്കപ്പെട്ടു: ‘ധൃതികൂട്ടുക എന്നാലെന്താണ്?’ അവിടുന്നു പറഞ്ഞു: ‘ഞാൻ ദുആ ചെയ്തു, ഞാന്‍ ദുആ ചെയ്തു, എന്നിട്ട് എനിക്കു ഉത്തരം കിട്ടുന്നതായി കാണുന്നില്ല’ എന്നു (അക്ഷമനായി) പറയുകയും, അങ്ങനെ അന്നേരം മനസ്സു മടുത്ത് ദുആ ഉപേക്ഷിക്കുകയും ചെയ്യുക ഇതാണ് ധൃതികൂട്ടൽ’. (മു.) ദുആയും ഇബാദത്തും ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിനു മാത്രമാകുവാൻ കാരണം അടുത്ത ആയത്തിൽ കാണാം:-