മുഅ്മിൻ (വിശ്വാസി)

[സൂറത്തു ‘ഗ്വാഫിര്‍’ എന്നും ഇതിനു പേരുണ്ട്‌]

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 85 – വിഭാഗം (റുകൂഉ്) 9

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

40:1
  • حمٓ ﴾١﴿
  • ഹാമീം
  • حمٓ 'ഹാമീം'
40:2
  • تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ ﴾٢﴿
  • (ഈ) വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നതു പ്രതാപശാലിയായ, സര്‍വ്വജ്ഞനായ അല്ലാഹുവിങ്കല്‍നിന്നത്രെ;-
  • تَنزِيلُ الْكِتَابِ ഗ്രന്ഥം അവതരിപ്പിച്ചത്‌ مِنَ اللَّهِ അല്ലാഹുവിങ്കല്‍നിന്നാണ്‌ الْعَزِيزِ പ്രതാപശാലിയായ الْعَلِيمِ സര്‍വ്വജ്ഞനായ
40:3
  • غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ ﴾٣﴿
  • പാപം പൊറുക്കുന്നവനും, പശ്ചാത്താപം സ്വീകരിക്കുന്നവനുമായുള്ളവന്‍: കഠിനമായി ശിക്ഷാനടപടി എടുക്കുന്നവന്‍: യോഗ്യതയുള്ളവന്‍, അവനല്ലാതെ ആരാധ്യനേ ഇല്ല. അവങ്കലേക്കാണ്‌ (എല്ലാവരുടെയും) തിരിച്ചുചെല്ലല്‍
  • غَافِرِ الذَّنبِ പാപം പൊറുക്കുന്നവന്‍ وَقَابِلِ التَّوْبِ പശ്ചാത്താപം (മടക്കം) സ്വീകരിക്കുന്നവനും شَدِيدِ الْعِقَابِ ശിക്ഷാനടപടി കഠിനമായവന്‍ ذِي الطَّوْلِ യോഗ്യത (ഔദാര്യം, കഴിവു)ഉള്ളവൻ لَا إِلَٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ إِلَيْهِ അവങ്കലേക്കാണ്‌ الْمَصِيرُ തിരിച്ചെത്തല്‍

സന്തോഷവാര്‍ത്ത അറിയിക്കലും, ഭയവാര്‍ത്ത അറിയിക്കലുമാണ്‌ മൊത്തത്തില്‍ ക്വുര്‍ആനിലെ മുഖ്യവിഷയങ്ങള്‍. അതുപോലെ, ആ വേദഗ്രന്ഥം അവതരിപ്പിച്ച അല്ലാഹുവിന്റെ അപാരമായ ശക്തിപ്രഭാവങ്ങളെയും അവന്റെ അതിരറ്റ കാരുണ്യത്തെയും ഓര്‍മിപ്പിക്കുന്ന രണ്ടുഗുണവിശേഷങ്ങളെയും ഇവിടെ ഇടകലര്‍ത്തി ഓര്‍മിപ്പിച്ചിരിക്കുന്നു. ذِي الطَّوْلِ എന്ന വാക്കിനു ‘യോഗ്യതയുള്ളവന്‍’ എന്നു നാം വിവര്‍ത്തനം നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വ്യാപകമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതാണ്‌ ആ വാക്കു്. ‘ശ്രേഷ്‌ഠത, ഔദാര്യം, കഴിവ്‌, സമ്പത്തു, മികവു് എന്നീ അര്‍ത്ഥങ്ങളിലെല്ലാം طَوْل എന്ന പദം ഉപയോഗിക്കപ്പെടുന്നു. സല്‍കര്‍മ്മികള്‍ക്കു മഹത്തായ പ്രതിഫലവും, പാപികള്‍ക്കു ഉദാരമായ മാപ്പും നല്‍കുന്ന അതിവിശാലമനസ്‌ക്കനും, വമ്പിച്ച അനുഗ്രഹശാലിയും എന്നത്രെ പല മുഫസ്സിറുകളും അതിനു വിവക്ഷ നല്‍കുന്നത്‌.

മേല്‍ പ്രസ്‌താവിച്ച ഗുണഗണങ്ങളാല്‍ സമ്പൂര്‍ണ്ണനായ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം ഏതെങ്കിലും വിധേനയുള്ള ന്യൂനതയോ, കോട്ടമോ ഉള്ളതായിരിക്കുവാന്‍ അവകാശമില്ല. എന്നിരിക്കെ, അതില്‍ ദുസ്‌തര്‍ക്കം നടത്തുവാന്‍ മുതിരുന്നവര്‍ സത്യനിഷേധികളായ അവിശ്വാസികളായിരിക്കുവാനേ നിവൃത്തിയുള്ളൂ. അല്ലാഹു പറയുന്നു:

40:4
  • مَا يُجَٰدِلُ فِىٓ ءَايَٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُوا۟ فَلَا يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلَٰدِ ﴾٤﴿
  • അവിശ്വസിച്ചവരല്ലാതെ അല്ലാഹുവിന്റെ ആയത്തുകളിൽ [സന്ദേശ ലക്ഷ്യങ്ങളിൽ] തർക്കം നടത്തുകയില്ല. എന്നാൽ അവർ (യഥേഷ്ടം) രാജ്യങ്ങളിൽ കൂടി സ്വൈരവിഹാരം ചെയ്യുന്നതു നിന്നെ വഞ്ചിച്ചുപോകരുത്.
  • مَا يُجَادِلُ തർക്കം നടത്തുകയില്ല فِي آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളിൽ إِلَّا الَّذِينَ كَفَرُوا യാതൊരുകൂട്ടരൊഴികെ, അവിശ്വസിച്ചവരൊഴികെ فَلَا يَغْرُرْكَ എന്നാൽ നിന്നെ വഞ്ചിച്ചുകളയരുതു تَقَلُّبُهُمْ അവരുടെ തിരിഞ്ഞു മറിഞ്ഞു നടക്കൽ (സ്വൈര്യവിഹാരം കൊള്ളൽ) فِي الْبِلَادِ രാജ്യങ്ങളിൽ

തല്‍ക്കാലം അല്ലാഹു അവരെ അയച്ചുവിട്ടിരിക്കുകയാണെന്നുമാത്രം. വഴിയെ അവര്‍ക്കു അവന്‍ തക്ക പ്രതിഫലം കൊടുക്കും. അതുകൊണ്ട് ആ കുതര്‍ക്കികള്‍ ഇപ്പോള്‍ യഥേഷ്ടം ഭൂമിയില്‍ കൂത്താടി നടക്കുന്നതു കണ്ടു വഞ്ചിതരാകേണ്ടതില്ല എന്നു സാരം. സത്യത്തെ മറക്കുവാനും, സ്വേച്ഛാതാല്‍പര്യങ്ങള്‍ നേടിയെടുക്കുവാനും വേണ്ടിയുള്ള വാദപ്രതിവാദങ്ങളും, കുതര്‍ക്കങ്ങളുമാണിവിടെ ഉദ്ദേശ്യം. അല്ലാതെ, സത്യം ഗ്രഹിക്കുവാന്‍ വേണ്ടിയുള്ള അന്വേഷണങ്ങളോ, ചര്‍ച്ചകളോ അല്ല. അടുത്ത വചനങ്ങള്‍ നോക്കുക:

40:5
  • كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَٰدَلُوا۟ بِٱلْبَٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ ﴾٥﴿
  • ഇവർക്കു മുമ്പ് നൂഹിന്റെ ജനതയും, അവരുടെ ശേഷം (പല) സഖ്യകക്ഷികളും വ്യാജമാക്കുകയുണ്ടായി. എല്ലാ ഓരോ (സമുദായവും) തങ്ങളുടെ റസൂലിനെപ്പറ്റി, അദ്ദേഹത്തെ പിടി(ച്ചു ശിക്ഷി)ക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. വ്യർത്ഥമായതുകൊണ്ട് യഥാർത്ഥത്തെ (ഉന്മൂലനം ചെയ്തു) നീക്കിക്കളയുവാൻവേണ്ടി അതുമായി അവർ തർക്കം നടത്തുകയും ചെയ്തു. അതിനാൽ ഞാൻ [അല്ലാഹു] അവരെ പിടിച്ചു (ശിക്ഷിച്ചു.) അപ്പോൾ, എന്റെ പ്രതികാരശിക്ഷ എങ്ങിനെയായി?!
  • كَذَّبَتْ قَبْلَهُمْ അവ(ഇവ)രുടെ മുമ്പു വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്റെ ജനതയും وَالْأَحْزَابُ സഖ്യകക്ഷികളും مِن بَعْدِهِمْ അവരുടെ ശേഷം وَهَمَّتْ ഉദ്യമിക്കുക (വിചാരിക്കുക)യും ചെയ്തു كُلُّ أُمَّةٍ എല്ലാ സമുദായവും بِرَسُولِهِمْ തങ്ങളുടെ റസൂലിനെപ്പറ്റി لِيَأْخُذُوهُ അവർ അദ്ദേഹത്തെ പിടിക്കുവാൻ وَجَادَلُوا അവർ തർക്കവും നടത്തി بِالْبَاطِلِ വ്യർത്ഥ(നിരർത്ഥ- അന്യായ)മായതുകൊണ്ടു لِيُدْحِضُوا അവർ നീക്കുവാൻ, ഉന്മൂലനം ചെയ്‌വാൻ بِهِ അതുകൊണ്ട്, അതുവഴി الْحَقَّ യഥാർത്ഥം, സത്യത്തെ فَأَخَذْتُهُمْ അപ്പോൾ ഞാൻ അവരെ പിടിച്ചു فَكَيْفَ كَانَ അപ്പോൾ (എന്നിട്ടു) എങ്ങിനെ ആയി, ഉണ്ടായി عِقَابِ എന്റെ ശിക്ഷാ നടപടി, പ്രതികാരശിക്ഷ

അതെ, അത് കുറിക്കു കൊള്ളുകയും, അവര്‍ അമ്പേ പരാജയമടയുകയും ചെയ്തു. സഖ്യകക്ഷികള്‍ (الأحْزَابُ) എന്നു പറഞ്ഞതു, ആദ്, ഥമൂദ്, ഫിര്‍ഔന്റെ ആള്‍ക്കാര്‍ മുതലായവരാകുന്നു. (സൂ: സ്വാദ് 12, 13)

40:6
  • وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَٰبُ ٱلنَّارِ ﴾٦﴿
  • അപ്രകാരം, (ഈ) അവിശ്വസിച്ചിട്ടുള്ളവരുടെമേലും നിന്റെ റബ്ബിന്റെ വാക്കു യഥാർത്ഥമായി (സ്ഥിരപ്പെട്ടി)രിക്കുന്നു അവർ നരകത്തിന്റെ ആൾക്കാരാണെന്ന്!
  • وَكَذَٰلِكَ അപ്രകാരം حَقَّتْ യഥാർത്ഥമായി, സ്ഥാപിതമായി, സ്ഥിരപ്പെട്ടു كَلِمَتُ رَبِّكَ നിന്റെ റബ്ബിന്റെ വാക്കു عَلَى الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ മേൽ أَنَّهُمْ അവരാണെന്നു أَصْحَابُ النَّارِ നരകത്തിന്റെ ആൾക്കാർ, നരകക്കാർ

അതുകൊണ്ട് ആ സമുദായങ്ങളിലെ തര്‍ക്കികളും നിഷേധികളുമായ ആളുകളിൽ നടത്തപ്പെട്ട അതേ നടപടി ക്രമം ഈ സമുദായത്തിലെ തര്‍ക്കികള്‍ക്കും നിഷേധികള്‍ക്കും ബാധകം തന്നെ എന്നു സാരം. സത്യനിഷേധികളെക്കുറിച്ചു പ്രസ്താവിച്ചശേഷം, സത്യവിശ്വാസികള്‍ക്കു ഉന്നതലോകത്തുനിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ചില അദൃശ്യനേട്ടങ്ങളെപ്പറ്റി ഉണര്‍ത്തുന്നു:

40:7
  • ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ ﴾٧﴿
  • ‘അർശു’ [രാജകീയ സിംഹാസനം] വഹിക്കുന്നവരും, അതിന്റെ ചുറ്റുപാടിലുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് ‘തസ്ബീഹു’ [സ്തോത്രകീർത്തനങ്ങൾ] നടത്തുന്നു. അവർ, അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! കാരുണ്യം കൊണ്ടും, അറിവുകൊണ്ടും നീ എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു. [നിന്റെ കാരുണ്യവും അറിവും എല്ലാറ്റിനും വിശാലമാണ്.] അതുകൊണ്ടു പശ്ചാത്തപിക്കുകയും നിന്റെ മാർഗ്ഗം പിൻപറ്റുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിൽ നിന്നു അവരെ നീ കാത്തുകൊടുക്കുകയും ചെയ്യേണമേ!
  • الَّذِينَ يَحْمِلُونَ വഹിക്കുന്നവര്‍ الْعَرْشَ അർശു (സിംഹാസനം) രാജകീയ പീഠം وَمَنْ حَوْلَهُ അതിന്റെ ചുറ്റിലുള്ളവരും يُسَبِّحُونَ അവർ തസ്ബീഹു നടത്തുന്നു بِحَمْدِ رَبِّهِمْ തങ്ങളുടെ റബ്ബിനെ സ്തുതിച്ചു കൊണ്ടു, സ്തുതിയോടുകൂടി وَيُؤْمِنُونَ അവർ വിശ്വസിക്കയും ചെയ്യുന്നു بِهِ അവനിൽ وَيَسْتَغْفِرُونَ അവർ പാപമോചനം തേടുകയും ചെയ്യുന്നു لِلَّذِينَ آمَنُوا വിശ്വസിച്ചവർക്കു رَبَّنَا ഞങ്ങളുടെ റബ്ബേ وَسِعْتَ നീ വിശാലമായിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവിനും رَّحْمَةً കാരുണ്യംകൊണ്ടു, കാരുണ്യത്താൽ وَعِلْمًا അറിവുകൊണ്ടും, ജ്ഞാനത്താലും فَاغْفِرْ ആകയാൽ നീ പൊറുക്കണേ لِلَّذِينَ تَابُوا പശ്ചാത്തപിച്ചവർക്കു وَاتَّبَعُوا പിൻപറ്റുകയും ചെയ്ത سَبِيلَكَ നിന്റെ മാർഗ്ഗം وَقِهِمْ അവരെ കാക്കുക(തടുക്കുക) യും വേണമേ عَذَابَ الْجَحِيم ജ്വലിക്കുന്ന നരകശിക്ഷ(യിൽനിന്നു)
40:8
  • رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴾٨﴿
  • ഞങ്ങളുടെ രക്ഷിതാവേ! നീ അവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളിൽ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! അവരുടെ പിതാക്കൾ, ഇണകൾ [ഭാര്യാഭർത്താക്കൾ], സന്തതികൾ എന്നിവരിൽ നിന്നു നന്നായിത്തീർന്നവരെയും (പ്രവേശിപ്പിക്കേണമേ) നിശ്ചയമായും, നീയത്രെ, അഗാധജ്ഞനായ പ്രതാപശാലി.
  • رَبَّنَا ഞങ്ങളുടെ റബ്ബേ وَأَدْخِلْهُمْ അവരെ പ്രവേശിപ്പിക്കുകയും വേണമേ جَنَّاتِ عَدْنٍ സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളിൽ الَّتِي وَعَدتَّهُمْ നീ അവരോടു (അവർക്കു) വാഗ്ദാനം ചെയ്ത وَمَن صَلَحَ നന്നായിത്തീർന്നവരെയും, പറ്റിയവരെയും مِنْ آبَائِهِمْ അവരുടെ പിതാക്കളിൽനിന്നും وَأَزْوَاجِهِمْ അവരുടെ ഇണകളിൽനിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളിൽനിന്നും إِنَّكَ أَنتَ നിശ്ചയമായും നീയത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞൻ, തത്വജ്ഞൻ
40:9
  • وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾٩﴿
  • ‘അവരെ നീ തിന്മകളിൽനിന്നു കാക്കുകയും ചെയ്യേണമേ! അന്നത്തെ ദിവസം [ക്വിയാമത്തുനാളിൽ] നീ ഏതൊരുവനെ തിന്മകളിൽനിന്നു കാക്കുന്നുവോ അവനു തീർച്ചയായും നീ കരുണചെയ്തു. അതുതന്നെയാണ് മഹത്തായ ഭാഗ്യവും!
  • وَقِهِمُ അവരെ കാക്കുകയും വേണമേ السَّيِّئَاتِ തിന്മകളെ (തിന്മകളില്‍ നിന്നു) وَمَن تَقِ നീ ആരെ (യതൊരുത്തനെ) കാത്തുവോ السَّيِّئَاتِ തിന്മകളെ يَوْمَئِذٍ അന്നത്തെ ദിവസം فَقَدْ رَحِمْتَهُ എന്നാൽ നീ അവനു കരുണ ചെയ്തു وَذَٰلِكَ هُوَ അതുതന്നെയാണുതാനും الْفَوْز ഭാഗ്യം, വിജയം, നേട്ടം الْعَظِيم മഹത്തായ, വമ്പിച്ച

‘അർശു’ (الۡعَرۡش) എന്നാൽ ‘സിംഹാസനം, രാജകീയപീഠം’ എന്നൊക്കെ വാക്കർത്ഥം. അല്ലാഹുവിന്റെ അർശു എങ്ങിനെയുള്ളതാണെന്ന് നമുക്കറിവില്ല. അതിനെ വഹിക്കുന്ന മലക്കുകൾ ഏതാണ്, എങ്ങിനെയാണ്, എന്തിനുവേണ്ടിയാണ് അവരതു വഹിക്കുന്നതു എന്നും നമുക്കറിഞ്ഞുകൂടാ. ക്വിയാമത്തുനാളിൽ എട്ടു പേരായിരിക്കും അർശു വഹിക്കുക എന്നു സൂറത്തുൽ ഹാഖ്-ഖഃയിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ – الحاقۃ) ഇതുപോലെയുള്ള അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹു ക്വുർആനിലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹദീഥിലോ പ്രസ്താവിച്ചു കണ്ടതിനപ്പുറം നമ്മുടെ യുക്തികൊണ്ടോ ബുദ്ധികൊണ്ടോ ഒന്നും അനുമാനിക്കുവാനും, രൂപപ്പെടുത്തുവാനും നിവൃത്തിയില്ല. നാം പരിപൂർണ്ണമായും അതിൽ വിശ്വസിക്കുകയും, അവയുടെ ബാഹ്യാർത്ഥം കൊണ്ടു മനസ്സമാധാനപ്പെടുകയും ചെയ്യുന്നു. അവയുടെ യാഥാർത്ഥ്യങ്ങളെയും, വിശദീകരണങ്ങളെയും അല്ലാഹുവിലേക്കു വിട്ടേക്കുകയും ചെയ്യുന്നു. ചിലർ ചെയ്യാറുള്ളതുപോലെ എന്തെങ്കിലും വ്യാഖ്യാനം നൽകി തൃപ്തിപ്പെടുകയോ മറ്റു ചിലരെപ്പോലെ അതെല്ലാം വെറും അലങ്കാരപ്രയോഗങ്ങളും ഉപമകളുമാക്കി തള്ളിക്കളയുകയോ ചെയ്‌വാൻ നാം മുതിരുന്നുമില്ല.

അർശിന്റെ വാഹകന്മാരായ മലക്കുകൾ, മലക്കുകളിൽവെച്ച് ഉയർന്ന പദവിയുള്ളവരാണെന്നു പൊതുവിൽ അറിയപ്പെട്ടിട്ടുള്ളതാണ്. അവരും അർശിന്റെ ചുറ്റുപാടിലുള്ള മലക്കുകളും അല്ലാഹുവിനു നിത്യേന സ്തോത്രകീർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നുവെന്നും, അവർ സത്യവിശ്വാസികളുടെ പാപമോചനത്തിനും, ഗുണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നുമാണല്ലോ അല്ലാഹു ഇവിടെ പ്രസ്താവിച്ചതിന്റെ ചുരുക്കം. അല്ലാഹുവിനെ ആരാധിക്കുന്നതിൽ മലക്കുകൾക്കു ക്ഷീണവും കുഴക്കും ബാധിക്കുകയില്ലെന്നും, അവർ രാവും പകലും തളരാതെ തസ്ബീഹു നടത്തുന്നുവെന്നും സൂറത്തുൽ അമ്പിയാഉ് 19, 20 ലും, സൂ: ഫുസ്വിലത്ത് 38ലും, സൂ: അഅ്റാഫ്  206ലും കാണാം. ‘ഹംദ്’, ‘തസ്ബീഹ്’ മുതലായ സ്തോത്രകീർത്തനങ്ങളുടെ പ്രാധാന്യം ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്.

മലക്കുകളും മനുഷ്യരും തമ്മിലും, ആത്മീയലോകവും ഭൗതികലോകവും തമ്മിലും നമുക്കറിഞ്ഞുകൂടാത്ത ചില അദൃശ്യബന്ധങ്ങളുണ്ടെന്നും, മനുഷ്യന്റെ മോക്ഷത്തിൽ മലക്കുകൾക്കും താല്പര്യമുണ്ടെന്നും ഈ വചനങ്ങളിൽ നിന്നു വ്യക്തമാണ്. സൂ:ശൂറാ 5ൽ പറയുന്നു:

وَالۡمَلَاءِكَةُ يُسُبِّحُونَ بِحَمۡدِ رَبِّهِمْ وَيَسۡتَغْفِرُونَ لِمَن فِي الأَرْضِ – الشوری : ٥

(മലക്കുകൾ തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു തസ്ബീഹു നടത്തുകയും, ഭൂമിയിലുള്ളവർക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു) കൂടാതെ, മനുഷ്യരെ കാത്തുരക്ഷിക്കുക, അവരുടെ നന്മതിന്മകളെ രേഖപ്പെടുത്തുക, അവരിൽ സൽപ്രേരണകൾ ഉണ്ടാക്കിത്തീർക്കുക, അല്ലാഹുവിന്റെ ഉത്തരവനുസരിച്ചു ഭൂമിയിൽ ചില കാര്യങ്ങൾ നടപ്പിൽ വരുത്തുക എന്നിങ്ങിനെ പല നിലക്കും മലക്കുകൾക്കു ഭൂലോകവുമായി ബന്ധമുണ്ട്. പല ക്വുർആൻ വചനങ്ങളിൽനിന്നും നബിവചനങ്ങളിൽനിന്നും ഇതു മനസ്സിലാക്കാം. അതിന്റെയെല്ലാം യഥാർത്ഥ രൂപമെന്താണെന്നു വിശദീകരണം നമുക്കറിഞ്ഞുകൂടാ. ഭൗതിക കാഴ്ചപ്പാടു മാത്രമുള്ളവർക്കു ഇതെല്ലാം നേർക്കുനേരെ ശരിവെക്കുവാൻ കഴിഞ്ഞേക്കുകയില്ലെങ്കിലും, യഥാർത്ഥ സത്യവിശ്വാസികൾക്കു ഇതൊന്നും നിരസിക്കുവാൻ നിവൃത്തിയില്ല. ഇതിനുമുമ്പ് (32:11, 35:1 മുതലായ) ചില വചനങ്ങളിൽ ചിലതെല്ലാം നാം കണ്ടുവല്ലോ. എനിയും ചില വിവരങ്ങൾ താഴെ വരുന്നതാണ്. (إِنْ شَاءَ اللَّهُ) ചില ഹദീസുകൾ ഇവിടെ ചൂണ്ടിക്കാട്ടുന്നു :

1. ‘ജമാഅത്ത്’ (സംഘം ചേർന്നുള്ള) നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ പുണ്യങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്ന ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാണ്: ഒരാൾ നല്ലപോലെ ‘വുദു’ (ചെറിയ ശുദ്ധി) എടുത്തു നമസ്കാരത്തെമാത്രം ഉന്നംവെച്ചു പള്ളിയിലേക്കു പോയാൽ അയാളുടെ ഓരോ കാലടി വെക്കുന്നതിനും അയാൾക്കു പ്രതിഫലം ലഭിക്കും. അയാൾ വുദു നഷ്ടപ്പെടാതെ നമസ്കാരസ്ഥലത്തായിരിക്കുമ്പോൾ മലക്കുകൾ അയാൾക്കു ഗുണത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും. (ബു; മു.)

2. എല്ലാ ദിവസവും രണ്ടു മലക്കുകൾ ഭൂമിയിൽ വന്ന് അവരിലൊരാൾ اللَّهُمَّ أَعْطِ مُنْفِقاً خَلفاً (അല്ലാഹുവേ, ധനം ചിലവഴിക്കുന്നവനു നീ പകരം നൽകേണമേ) എന്നും മറ്റേ ആൾ: (اللَّهُمَّ أعْطِ مُمْسِكًا تَلَفًا) അല്ലാഹുവേ, ചിലവഴിക്കാതെ പിടിച്ചു വെക്കുന്നവനു നാശം – നഷ്ടം – നൽകേണമേ!) എന്നും പറയുന്നതാണ്. (ബു; മു.)

3. ഒരാൾ തന്റെ സഹോദരന്റെ അഭാവത്തിൽ അവനുവേണ്ടി പ്രാർത്ഥിക്കുമ്പോഴൊക്കെ അവനിൽ നിയോഗിക്കപ്പെട്ട മലക്ക്: ‘പ്രാർത്ഥനക്കു ഉത്തരം ലഭിക്കട്ടെ’ എന്നും, ‘നിനക്കും അതേമാതിരി ലഭിക്കട്ടെ’ എന്നും (آمِينَ، ولَكَ بمِثْلٍ) പറയാതിരിക്കയില്ല (മു:).

4. സംഘം ചേർന്നു നമസ്കരിക്കുമ്പോൾ (സു: ഫാത്തിഹ കഴിഞ്ഞശേഷം) ഇമാമിന്റെ ഒന്നിച്ചു ‘ആമീൻ’ പറയേണ്ടതാണ്. കാരണം, അപ്പോൾ മലക്കുകളും ആമീൻ പറയുന്നതായിരിക്കും. (ബു; മു)

5. മനുഷ്യനിൽ, പിശാചിനും മലക്കിനും ഓരോ പ്രകാരത്തിലുള്ള പ്രവേശനം (പ്രചോദനം നൽകൽ) ഉണ്ട്. പിശാചിന്റേത് തിന്മയെ സംബന്ധിച്ച വാഗ്ദത്തവും, യഥാർത്ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റേതാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്ദാനവും, യഥാർത്ഥത്തെ സത്യമാക്കലുമായിരിക്കും. ആർക്കെങ്കിലും ഇതു-മലക്കിന്റേതു- അനുഭവപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊളളട്ടെ. മറ്റേതു-പിശാചിന്റേതു- അനുഭവപ്പെട്ടാൽ അവൻ പിശാചിൽനിന്നും അല്ലാഹുവിനോടു ശരണം തേടിക്കൊള്ളട്ടെ (തി.).

6. നിങ്ങളിൽ ഒരാൾക്കുംതന്നെ, ജിന്നുകളിൽനിന്നുള്ള (പിശാചാകുന്ന) ഒരു തുണയും, മലക്കുകളിൽ നിന്നുള്ള ഒരു തുണയും ഉണ്ടാകാതിരിക്കുകയില്ല. (മു.)

ഇതു പോലെയുള്ള കുറെ ഉദാഹരണങ്ങൾ എടുത്തു കാട്ടികൊണ്ടു ശൈഖ് ശാഹുവലിയുല്ലാഹിദ്ദഹ്ലവീ (رحمه الله) പ്രസ്താവിച്ചിട്ടുള്ള ഒരു പ്രസ്താവനയുടെ രത്നച്ചുരുക്കം ഇവിടെ അറിയുന്നതു നന്നായിരിക്കും. മതത്തിൽ പരസ്യമായി അറിയപ്പെട്ട ചില കാര്യങ്ങളാണിവ എന്ന് ഉണർത്തിക്കൊണ്ട് അദ്ദേഹം പറയുന്നു: ‘ശ്രേഷ്ഠന്മാരും, അല്ലാഹുവിന്റെ തിരുസന്നിധിയിൽ പ്രത്യേക സ്ഥാനമുള്ളവരുമായ ചില അടിയാന്മാരുണ്ട്. മനസ്സിനെ പരിശുദ്ധമാക്കുകയും, ജനങ്ങളെ സംസ്കരിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്കുവേണ്ടി അവർ പ്രാർത്ഥിക്കും. ആ പ്രാർത്ഥനകൾ അവർക്കു ബർക്കത്തുകൾ (അല്ലാഹുവിങ്കൽ നിന്നുള്ള ആശീർവാദങ്ങളും അഭിവൃദ്ധിയും) വരുവാൻ കാരണമാകുന്നു. അല്ലാഹുവോടു അനുസരണക്കേടു കാണിക്കുകയും, കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നവരെ അവർ ശപിക്കുകയും ചെയ്യും. അതു അവരുടെ മനസ്സിൽ ഖേദവും, ദുഃഖവും ഉണ്ടാകുവാനും, സമുദായത്തിനു അവരോടു വെറുപ്പു വരുവാനും കാരണമായേക്കാവുന്നതാണ്. ആ അടിയാന്മാർ (മലക്കുകൾ) അല്ലാഹുവിനും അവന്റെ അടിയാന്മാർക്കും (മനുഷ്യർക്കും) ഇടയിലുള്ള ഒരു തരം ദൂതന്മാരാണ്. മനുഷ്യ ഹൃദയങ്ങളിൽ നല്ല വിചാരം തോന്നുവാൻ അവർ കാരണമായിത്തീരുന്നതായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്തും, സ്ഥലത്തും അവർ സമ്മേളിക്കാറുണ്ട്. ആ നിലക്ക് അവർക്ക് النَّدى اْلأَعْلَى، الْمَلَإِ الْأَعْلَىٰ ، الرَّفِيقِ الأَعْلَى  (ഉന്നത സദസ്സ്, ഉന്നത സമൂഹം, ഉന്നത സുഹൃത്തുക്കൾ) എന്നൊക്കെ പറയപ്പെടുന്നു. ഉൽകൃഷ്ടരായ മനുഷ്യാത്മാക്കൾക്കും അവർക്കും തമ്മിൽ ചില ബന്ധങ്ങളുണ്ടായിരിക്കും.’ (مِن حجة الله البالغة) ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ നന്മക്കുവേണ്ടി നമ്മുടെ ബാഹ്യദൃഷ്ടിക്കും ബുദ്ധിക്കും അതീതമായി ചില അദൃശ്യകാരണങ്ങളും അല്ലാഹു നിശ്ചയിച്ചു നിയന്ത്രിച്ചുവരുന്നുണ്ട്.

മലക്കുകൾ സത്യവിശ്വാസികൾക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ആ ദീർഘമായ പ്രാർത്ഥനയിലെ വാക്യങ്ങൾ ഒന്നു മനസ്സിരുത്തി ആലോചിച്ചു നോക്കുക! സത്യവിശ്വാസികളേയും, അവരുടെ കുടുംബങ്ങളേയും, സ്വർഗത്തിൽ ഒന്നിച്ചു ചേർക്കുന്നതുവരെയുള്ള പല കാര്യങ്ങൾക്കും വേണ്ടി അവർ പ്രാർത്ഥിക്കുന്നു! സത്യവിശ്വാസികളുടെ ഗുണത്തിലും നന്മയിലും അവർക്കുള്ള ആത്മാർത്ഥമായ താല്പര്യത്തെയാണതു കുറിക്കുന്നത്. എന്നാൽ, ഒരു സംഗതി ഇവിടെ പ്രത്യേകം  ശ്രദ്ധേയമാകുന്നു; സത്യവിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും എന്നു പറയാതെ, കുടുംബങ്ങളിൽ നന്നായിത്തീർന്നവരെയും (وَمَن صَلَحَ) എന്നാണ് പറയുന്നത്. ഓരോരുത്തരും ചെയ്യുന്ന കർമങ്ങൾക്കു അവനവൻ മാത്രമാണ് ഉത്തരവാദി എന്നും, ഒരാളുടെ നന്മകൊണ്ടു മറ്റൊരാൾക്കു മോക്ഷം ലഭിക്കുകയില്ലെന്നുമുള്ളതാണ് അതിനു കാരണം. ഇതു ക്വുർആൻ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള ഒരു മൗലിക തത്വമാണല്ലോ. അപ്പോൾ സ്വന്തം നന്മകൊണ്ടു തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ഭാഗ്യമുണ്ടാകുന്ന കുടുംബാംഗങ്ങളെ സംബന്ധിച്ചാണു -അഥവാ സ്വർഗ്ഗ പ്രവേശനത്തിനു അർഹരല്ലാത്ത അംഗങ്ങളെ സത്യവിശ്വാസികളോടൊപ്പം സ്വർഗ്ഗസ്ഥരാക്കണമെന്നല്ല – ഈ പ്രാർത്ഥനകൊണ്ടുദ്ദേശ്യം, കുടുംബങ്ങൾ പരസ്പരം സന്തോഷത്തിലും, നിത്യസമ്പർക്കത്തിലും കഴിഞ്ഞു കൂടുവാനുള്ള സാഹചര്യം അവർക്കു സ്വർഗ്ഗത്തിലും ഉണ്ടാക്കിക്കൊടുക്കണമെന്നായിരിക്കും അതിന്റെ താൽപര്യം. പക്ഷേ, അംഗങ്ങൾ തമ്മിലുണ്ടായേക്കാവുന്ന സ്ഥാന പദവികളുടെ ഏറ്റക്കുറവുകൾ അതിനു തടസ്സമാകാതിരിക്കത്തക്കവണ്ണം, താഴേ കിടയിലുള്ളവരെ മേലെകിടയിലുള്ളവരുടെ പദവിയിലേക്കു അല്ലാഹു- അവന്റെ ഔദാര്യംകൊണ്ടു – ഉയർത്തികൊടുത്തേക്കാം. الله أعلم

 അല്ലാഹു പറയുന്നു:

وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ – الطور : 21

വിശ്വസിക്കുകയും, സത്യവിശ്വാസത്തോടെ തങ്ങളുടെ സന്താനങ്ങൾ തങ്ങളെ പിന്‍തുടരുകയും ചെയ്തിട്ടുള്ളവർക്ക്‌ അവരുടെ സന്താനങ്ങളെ നാം അവരോടു ചേർത്തുകൊടുക്കുന്നതാണ്. അവരുടെ കർമ്മങ്ങളിൽ നിന്നു യാതൊന്നുംതന്നെ നാം അവർക്കു കുറവു വരുത്തുന്നതുമല്ല. എല്ലാ മനുഷ്യനും അവനവൻ സമ്പാദിച്ചുണ്ടാക്കിയതിനു പണയമാകുന്നു. (സൂ: ത്വൂർ). അല്ലാഹു നമ്മെയും, നമ്മുടെ മാതാപിതാക്കൾ, സന്താനങ്ങൾ, ഭാര്യാഭർത്താക്കൾ മുതലായവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു ചേരുന്ന സൽഭാഗ്യവാന്മാരിൽ ഉൾപ്പെടുത്തട്ടെ.. ആമീൻ.

വിഭാഗം - 2

40:10
  • إِنَّ ٱلَّذِينَ كَفَرُوا۟ يُنَادَوْنَ لَمَقْتُ ٱللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى ٱلْإِيمَٰنِ فَتَكْفُرُونَ ﴾١٠﴿
  • അവിശ്വസിച്ചവരോടു വിളിച്ചു പറയപ്പെടും: 'നിശ്ചയമായും (നിങ്ങളോട്) അല്ലാഹുവിനുള്ള ക്രോധം, നിങ്ങൾക്കു നിങ്ങളോടു തന്നെയുള്ള ക്രോധത്തേക്കാൾ വലുതാണ് – (കാരണം) സത്യവിശ്വാസത്തിലേക്കു ക്ഷണിക്കപ്പെടുമ്പോൾ നിങ്ങൾ (അതു നിരസിച്ചു) അവിശ്വസിക്കുകയായിരുന്നു.'
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവർ يُنَادَوْنَ അവരോടു വിളിച്ചുപറയപ്പെടും لَمَقْتُ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ ക്രോധം أَكْبَرُ കൂടുതൽ വലുതാണ് مِن مَّقْتِكُمْ നിങ്ങളുടെ ക്രോധത്തെക്കാൾ أَنفُسَكُمْ നിങ്ങളുടെ ആത്മാക്കളോടു, നിങ്ങളോടു തന്നെ إِذْ تُدْعَوْنَ നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരുന്നപ്പോൾ إِلَى الْإِيمَانِ സത്യവിശ്വാസത്തിലേക്കു فَتَكْفُرُونَ അപ്പോൾ നിങ്ങള്‍ അവിശ്വസിച്ചിരുന്നു

ഖിയാമത്തുനാളിലെ ശിക്ഷകള്‍ അനുഭവപ്പെടുമ്പോള്‍, അതിനു ഇടവരുത്തിയതില്‍ അവര്‍ക്കു തങ്ങളോടുതന്നെ കഠിനമായ കോപവും വെറുപ്പും തോന്നുന്നതാണ്. അല്ലാഹുവിന്റെ ഭാഗത്തുനിന്നു അപ്പോള്‍ പറയപ്പെടുന്നതാണിത്. സത്യവിശ്വാസത്തിലേക്കു ക്ഷണിക്കപ്പെട്ടിരുന്നപ്പോള്‍ നിങ്ങളതു നിരസിച്ചതില്‍ അല്ലാഹുവിനു നിങ്ങളോടുള്ള കോപം ഇതിലും വലുതാണ്. അന്ന്‌ സത്യവിശ്വാസം സ്വീകരിക്കാത്തതിന്റെ ഫലമാണ്‌ ഇതെല്ലാം ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവന്നത്.

40:11
  • قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ ﴾١١﴿
  • അവർ പറയും: ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ രണ്ടു പ്രാവശ്യം മരണപ്പെടുത്തി; രണ്ടു പ്രാവശ്യം ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, ഞങ്ങളുടെ പാപങ്ങളെ ഞങ്ങൾ (ഇതാ) ഏറ്റു പറഞ്ഞു: എനി, (ഇവിടെനിന്നു) ഒന്നു പുറത്തു പോകേണ്ടതിലേക്കു വല്ല മാര്‍ഗ്ഗവും ഉണ്ടോ?!
  • قَالُوا അവർ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ أَمَتَّنَا നീ ഞങ്ങളെ മരണപ്പെടുത്തി اثْنَتَيْنِ രണ്ടു (പ്രാവശ്യം) وَأَحْيَيْتَنَا നീ ഞങ്ങളെ ജീവിപ്പിക്കയും ചെയ്തു اثْنَتَيْنِ രണ്ടു (വട്ടം) فَاعْتَرَفْنَا എന്നാല്‍ (ഇപ്പോള്‍) ഞങ്ങൾ ഏറ്റു പറഞ്ഞു, കുറ്റസമ്മതം ചെയ്യുന്നു بِذُنُوبِنَا ഞങ്ങളുടെ പാപങ്ങളെപ്പറ്റി فَهَلْ ആകയാൽ ഉണ്ടോ إِلَىٰ خُرُوجٍ ഒരു പുറത്തുപോക്കിനു (ഒന്നു രക്ഷപ്പെടുവാൻ) مِّن سَبِيلٍ വല്ലമാർഗ്ഗവും, വഴിയും

ആദ്യം നിര്‍ജ്ജീവാവസ്ഥയിലായിരുന്നശേഷം ഞങ്ങള്‍ ജീവികളായിത്തീര്‍ന്നു, വീണ്ടും നിര്‍ജ്ജീവാവസ്ഥയിലേക്കു മടങ്ങി. അഥവാ മരണപ്പെട്ടു. വീണ്ടും രണ്ടാമതും ജീവിപ്പിക്കപ്പെട്ടു. ഞങ്ങളുടെ പക്കല്‍ വന്ന തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ക്കു തികച്ചും ബോധ്യമായി. അതു ഞങ്ങള്‍ ഇതാ ഏറ്റു പറയുന്നു. അതുകൊണ്ട് ഇവിടെനിന്നു രക്ഷപ്പെട്ട് ഐഹികജീവിതത്തിലേക്കു ഒന്നുകൂടി മടങ്ങി നല്ലവരായിത്തീരുവാന്‍ ഞങ്ങള്‍ക്കു അവസരം തന്നെങ്കില്‍ നന്നായിരുന്നു എന്നു സാരം.

40:12
  • ذَٰلِكُم بِأَنَّهُۥٓ إِذَا دُعِىَ ٱللَّهُ وَحْدَهُۥ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِۦ تُؤْمِنُوا۟ ۚ فَٱلْحُكْمُ لِلَّهِ ٱلْعَلِىِّ ٱلْكَبِيرِ ﴾١٢﴿
  • അല്ലാഹുവിനെമാത്രം വിളി(ച്ചു പ്രാർത്ഥി)ക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസിച്ചു വന്നതുകൊണ്ടാണ് അതു അവനോടു പങ്കുചേർക്കപ്പെടുകയാണങ്കിലോ, നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. [ഇതാണ് നിങ്ങൾക്കു ഈ അനുഭവത്തിനു കാരണം] എന്നാൽ, (ഇപ്പോൾ) വിധികൽപിക്കൽ, ഉന്നതനും മഹാനുമായ അല്ലാഹുവിനു (അധികാരപ്പെട്ടതു) ആകുന്നു.
  • ذَٰلِكُم അതു بِأَنَّهُ ഇതുകൊണ്ടാണ് إِذَا دُعِيَ اللَّـهُ അല്ലാഹു വിളിക്കപ്പെട്ടാൽ وَحْدَهُ അവനെമാത്രം كَفَرْتُمْ നിങ്ങള്‍ അവിശ്വസിക്കും وَإِن يُشْرَكْ بِهِ അവനോടു പങ്കു ചേർക്കപ്പെടുന്നപക്ഷം تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും فَالْحُكْمُ എന്നാല്‍ (ഇനി) വിധി, കൽപന لِلَّـهِ അല്ലാഹുവിനാണ് الْعَلِيِّ ഉന്നതനായ الْكَبِيرِ വലിയ (മഹാനായ)
40:13
  • هُوَ ٱلَّذِى يُرِيكُمْ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ ﴾١٣﴿
  • തന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾക്കു കാണിച്ചുതരുകയും, ആകാശത്തുനിന്നു നിങ്ങൾക്കു (മഴ മൂലം) ആഹാരം ഇറക്കിത്തരുകയും ചെയ്യുന്നവനത്രെ അവൻ. (അല്ലാഹുവിലേക്കു ഭക്തിപ്പെട്ടു) മടക്കം കാണിക്കുന്നവരല്ലാതെ ഉറ്റാലോചിക്കുന്നില്ല.
  • هُوَ അവൻ الَّذِي يُرِيكُمْ നിങ്ങൾക്കു കാട്ടിത്തരുന്നവനത്രെ آيَاتِهِ തന്റെ ദൃഷ്ടാന്തങ്ങൾ وَيُنَزِّلُ لَكُم നിങ്ങൾക്കു ഇറക്കിത്തരുകയും ചെയ്യുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നു رِزْقًا ആഹാരം وَمَا يَتَذَكَّرُ ഉറ്റാലോചിക്കുന്നതല്ല إِلَّا അല്ലാതെ مَن يُنِيبُ വിനയപ്പെടുന്ന (ഭക്തിപ്പെട്ടു) മടങ്ങുന്നവർ
40:14
  • فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَٰفِرُونَ ﴾١٤﴿
  • ആകയാൽ, മതം [അഥവാ കീഴ്‌വണക്കം] അല്ലാഹുവിനു (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനെ വിളിച്ചു (പ്രാർത്ഥിച്ചു) കൊള്ളുവിൻ, അവിശ്വാസികൾക്കു (അതു) അതൃപ്തിയായിരുന്നാലും ശരി.
  • فَادْعُوا اللَّـهَ ആകയാൽ നിങ്ങൾ അല്ലാഹുവിനെ വിളിക്കുവിൻ مُخْلِصِينَ لَهُ അവനു നിഷ്‌കളങ്കമാക്കി (മാത്രമാക്കി)ക്കൊണ്ടു الدِّينَ മതം, അനുസരണം, കീഴ്വണക്കം وَلَوْ كَرِهَ വെറുത്താലും (അതൃപ്‌തിപ്പെട്ടാലും) ശരി الْكَافِرُونَ അവിശ്വാസികൾ

ഇമാം തിര്‍മിദി (رحمه الله) യും മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘നിങ്ങള്‍ ഉത്തരം കിട്ടുമെന്നു ഉറപ്പിച്ചുകൊണ്ട് അല്ലാഹുവിനോടു ദുആ ചെയ്യണം (പ്രാര്‍ത്ഥിക്കണം) ബോധരഹിതവും ശ്രദ്ധയില്ലാത്തതുമായ ഹൃദയത്തില്‍നിന്നുള്ള പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയില്ല എന്നു നിങ്ങള്‍ അറിഞ്ഞേക്കുക’.

40:15
  • رَفِيعُ ٱلدَّرَجَٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ ﴾١٥﴿
  • പദവികൾ ഉയർന്നവനാണ്, അർശിന്റെ [സിംഹാസനത്തിന്റെ] ഉടമസ്ഥനാണ് (അവൻ). തന്റെ അടിയാൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ കൽപനയാകുന്ന ആത്മാവ് (അഥവാ ജീവൻ) അവൻ ഇട്ടുകൊടുക്കുന്നു; പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെക്കുറിച്ച് അദ്ദേഹം താക്കീതു നൽകുവാൻ വേണ്ടി;-
  • رَفِيعُ ഉയർന്നവനാണ് الدَّرَجَاتِ പദവികൾ ذُو الْعَرْشِ അർശുള്ളവനാണ്, അര്‍ശിന്റെ ഉടമസ്ഥനാണു يُلْقِي അവൻ ഇട്ടുകൊടുക്കുന്നു الرُّوحَ ആത്മാവു, ജീവൻ مِنْ أَمْرِهِ അവന്റെ കൽപനയാൽ, കൽപനയാകുന്ന, കാര്യത്തെക്കുറിച്ചു عَلَىٰ مَن يَشَاءُ അവനുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِهِ തന്റെ അടിയാന്മാരിൽനിന്നു لِيُنذِرَ അദ്ദേഹം താക്കീത് (മുന്നറിയിപ്പ്) നൽകുവാൻ يَوْمَ التَّلَاقِ പരസ്‌പരം കണ്ടുമുട്ടുന്ന ദിവസത്തെ
40:16
  • يَوْمَ هُم بَٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ ﴾١٦﴿
  • അതായതു, അവർ [ജനങ്ങൾ] വെളിക്കു വരുന്ന ദിവസം, അവരിൽനിന്ന് യാതൊരു കാര്യവും അല്ലാഹുവിനു (അജ്ഞാതമായി) മറഞ്ഞു പോകുന്നതല്ല, അന്ന് ആർക്കാണ് രാജാധിപത്യം?! ഏകനായ, സർവ്വാധിപതിയായ അല്ലാഹുവിനു തന്നെ!
  • يَوْمَ هُم അവരാകുന്ന ദിവസം بَارِزُونَ വെളിക്കു വരുന്നവർ, പ്രത്യക്ഷപ്പെടുന്നവർ لَا يَخْفَىٰ മറയുകയില്ല (അജ്ഞാതമാകയില്ല) عَلَى اللَّـه അല്ലാഹുവിന്റെമേൽ مِنْهُمْ അവരിൽ നിന്നു شَيْءٌ യാതൊന്നും لِّمَنِ ആർക്കാണ് الْمُلْكُ രാജത്വം, ആധിപത്യം الْيَوْمَ അന്നു لِلَّـهِ الْوَاحِدِ ഏകനായ അല്ലാഹുവിനാണ് الْقَهَّارِ സർവ്വാധികാരിയായ

 ‘ആത്മാവു’ (الْرُّوحِ) കൊണ്ടു ഇവിടെ വിവക്ഷ വഹ്‌യാകുന്ന ദൈവിക സന്ദേശങ്ങളാകുന്നു. അതു ആത്മാക്കള്‍ക്കു ജീവന്‍ നല്‍കുന്നതാണല്ലോ. ‘പരസ്പരം കണ്ടുമുട്ടുന്ന ദിവസം’ (يَوْمَ التَّلاقِ) കൊണ്ടുദ്ദേശ്യം, സൃഷ്ടികള്‍ സൃഷ്ടാവിനെയും, സമസ്ത സൃഷ്ടികള്‍ തമ്മതമ്മിലും കണ്ടുമുട്ടുന്ന ദിവസം – അതായതു ഖിയാമത്തുനാൾ – ആകുന്നു. എല്ലാവരും അന്ന്‌ ക്വബ്റുകളില്‍നിന്നു‌ വെളിക്കു വരുകയും ‘മഹ്ശറി’ല്‍ വന്നു സമ്മേളിക്കുകയും ചെയ്യുന്നു. (وَبَرَزُوا۟ لِلّهِ جَمِيعًا – إبراهيم: ٢١) അന്ന്‌ പ്രത്യക്ഷമായോ പരോക്ഷമായോ, യഥാര്‍ത്ഥമായോ നാമമാത്രമായോ – ഒന്നും തന്നെ – മറ്റാര്‍ക്കും യാതൊരു വിധത്തിലുള്ള ആധിപത്യവും, അധികാരവും ഉണ്ടായിരിക്കുകയുമില്ല. എല്ലാം സര്‍വ്വാധിപതിയായ ഏകനായ അല്ലാഹുവിനുമാത്രം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി അബൂഹുറൈറ (رضي الله عنه) ഉദ്ധരിക്കുന്നു : “ക്വിയാമത്തുനാളില്‍ അല്ലാഹു ഭൂമിയെ കയ്യിലെടുക്കും, ആകാശത്തെ വലങ്കയ്യില്‍ ചുരുട്ടിപ്പിടിക്കുകയും ചെയ്യും. പിന്നീടു പറയും: ഞാനത്രെ രാജാവ്! ഭൂമിയിലെ രാജാക്കള്‍ എവിടെ?! (أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ) (ബു.മു.) അല്ലാഹു ആകാശഭൂമികളെ കയ്യില്‍ എടുക്കുമെന്നു പറഞ്ഞതിനെക്കുറിച്ച് കഴിഞ്ഞ അദ്ധ്യായം 67-ാം വചനത്തിലും അതിന്റെ വിവരണത്തിലും പ്രസ്താവിച്ചതു ഓര്‍ക്കുക.

40:17
  • ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ ﴾١٧﴿
  • അന്ന് എല്ലാ (ഓരോ) ആൾക്കും അവരവർ സമ്പാദിച്ചുവെച്ചതനുസരിച്ചു പ്രതിഫലം നൽകപ്പെടും, അന്ന് യാതൊരു അനീതിയും ഇല്ല. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നവനാണ്.
  • الْيَوْمَ അന്നു تُجْزَىٰ പ്രതിഫലം നൽകപ്പെടും كُلُّ نَفْسٍ എല്ലാ ആൾക്കും, ആത്മാവിനും, ദേഹത്തിനും بِمَا كَسَبَتْ അതു സമ്പാദിച്ച (പ്രവർത്തിച്ചുവെച്ച)തനുസരിച്ചു لَا ظُلْمَ അനീതിയേ ഇല്ല, അക്രമമില്ല الْيَوْمَ അന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗതയുള്ള (വേഗം ചെയ്യുന്ന)വനാണ് الْحِسَاب വിചാരണ, വിസ്‌താരം

അല്ലാഹു പ്രസ്താവിച്ചതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ഉദ്ധരിച്ചുവെന്നു അബൂദര്‍റ് (رضي الله عنه) നിവേദനം ചെയ്തിരിക്കുന്നു: “എന്റെ അടിയാന്‍മാരേ, എന്റെ സ്വന്തം പേരില്‍ തന്നെ ഞാന്‍ അക്രമം നിരോധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാന്‍ അക്രമം നിരോധിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അക്രമം ചെയ്യരുത്… എന്റെ അടിയാന്‍മാരേ, നിങ്ങളുടെ കര്‍മ്മങ്ങള്‍ മാത്രമാണുള്ളത്. (അവയെ ആസ്പദമാക്കിയാണ് നടപടി എടുക്കപ്പെടുക) നിങ്ങളുടെ പേരില്‍ അവയെ ഞാന്‍ കണക്കുവെക്കുന്നു. പിന്നീടു അവയെ നിങ്ങള്‍ക്കു ഞാന്‍ (പ്രതിഫലം നല്‍കി) പൂര്‍ത്തിയാക്കിത്തരുന്നു. അതുകൊണ്ടു ആരെങ്കിലും നന്മകണ്ടാല്‍, അവന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. മറ്റു വല്ലതും കണ്ടാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കാതിരുന്നുകൊള്ളട്ടെ.” (മുസ്‌ലിം). അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരാളുടെ വിചാരണകൊണ്ടു മറ്റൊരാളുടെ വിചാരണക്കു തടസ്സം നേരിടുന്നതല്ല. വിചാരണ ചെയ്യപ്പെടുന്നവരുടെ ആധിക്യംകൊണ്ടു സമയം ദീര്‍ഘിച്ചു പോകുന്നതുമല്ല.

40:18
  • وَأَنذِرْهُمْ يَوْمَ ٱلْءَازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَٰظِمِينَ ۚ مَا لِلظَّٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ ﴾١٨﴿
  • (നബിയേ) അവർക്ക് (ആ) ആസന്ന സംഭവത്തിന്റെ ദിവസത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുക: അതായതു, (അവർ) ശ്വാസം അടക്കിപ്പിടിച്ചവരായിക്കൊണ്ടു ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന അവസരം. അക്രമികൾക്കു യാതൊരു ഉറ്റബന്ധവും ഇല്ല; അനുസരിക്കപ്പെടുന്ന (സ്വീകാര്യനായ) ഒരു ശുപാർശകനും ഇല്ല.
  • وَأَنذِرْهُمْ അവർക്കു മുന്നറിയിപ്പു (താക്കീതു) നൽകുക يَوْمَ الْآزِفَةِ ആസന്ന സംഭവത്തിന്റെ (അടുത്തുണ്ടാകുന്ന വിപത്തിന്റെ) ദിവസത്തെക്കുറിച്ചു إِذِ الْقُلُوبُ അതായതു ഹൃദയങ്ങളാകുമ്പോൾ لَدَى الْحَنَاجِرِ തൊണ്ടക്കുഴികളുടെ അടുക്കൽ كَاظِمِينَ ശ്വാസം (വീർപ്പ്) അടക്കിക്കൊണ്ടു, സങ്കടം നിറഞ്ഞവരായി مَا لِلظَّالِمِينَ അക്രമികൾക്കില്ല مِنْ حَمِيمٍ ഒരു ഉറ്റ ബന്ധുവും, ചങ്ങാതിയും وَلَا شَفِيعٍ ഒരു ശുപാർശകനുമില്ല يُطَاعُ അനുസരിക്കപ്പെടുന്ന
40:19
  • يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ ﴾١٩﴿
  • ചതിക്കണ്ണുകളെ [കള്ളനോട്ടങ്ങളെ]യും, ഹൃദയങ്ങൾ മറച്ചുവെക്കുന്നതിനെയും അവൻ [അല്ലാഹു] അറിയുന്നു.
  • يَعْلَمُ അവൻ അറിയുന്നു خَائِنَةَ الْأَعْيُنِ ചതിക്കണ്ണുകളെ (കള്ളനോട്ടങ്ങളെ) وَمَا تُخْفِي മറച്ചു (ഒളിച്ചു) വെക്കുന്നതും الصُّدُور നെഞ്ഞുകൾ (ഹൃദയങ്ങൾ)

 يَوْمَ الآزِفَةِ (ആസന്നമായ സംഭവത്തിന്റെ ദിവസം) എന്നു പറഞ്ഞതു ക്വിയാമത്തുനാളിനെ ഉദ്ദേശിച്ചാകുന്നു. ആസന്ന ഭാവിയില്‍ ഉറപ്പായും വരാനിരിക്കുന്ന മഹാ വിപത്തായതു കൊണ്ടാണ് അതിനു ഈ പേര്‍ നല്‍കിയിരിക്കുന്നത്. ٱقْتَرَبَتِ ٱلسَّاعَةُ (അന്ത്യഘട്ടം അടുത്തെത്തി) ٱقْتَرَبَ لِلنَّاسِ حِسَابُهُمْ (ജനങ്ങള്‍ക്കു അവരുടെ വിചാരണ സമീപിച്ചിരിക്കുന്നു) أَزِفَتْ الْآزِفَةُ (ആസന്ന സംഭവം ആസന്നമായി) എന്നൊക്കെ ചില സൂറത്തുകളിലെ പ്രസ്താവനകളില്‍നിന്ന്‌ ഇതു മനസ്സിലാക്കാം. അന്ന്‌ ഭയത്തിന്റെയും പരിഭ്രമത്തിന്റെയും കാഠിന്യം നിമിത്തം ഹൃദയങ്ങള്‍ തൊണ്ടക്കുഴിയില്‍ വരുകയും, സംസാരിക്കാനോ, ശ്വാസം വിടുവാനോ കഴിയാതെ കുഴങ്ങുകയും ചെയ്യുന്നു.

 നോക്കിക്കാണുവാന്‍ പാടില്ലാത്തതിലേക്കു മറ്റുള്ളവര്‍ അറിയാതെ തക്കത്തില്‍ ദൃഷ്ടി പതിക്കുന്നതും, ആരെയും അറിയിക്കാതെ മനസ്സില്‍ ഗൂഢമായി ഒളിച്ചുവെക്കുന്ന വിഷയവും അടക്കം, ചെറുതും വലുതുമായ എല്ലാ രഹസ്യങ്ങളും അല്ലാഹു അറിയുന്നു. അന്യവീടുകളില്‍വെച്ചോ, വഴികളില്‍വെച്ചോ സൗന്ദര്യവതികളായ സ്ത്രീകളെ കണ്ടുമുട്ടുമ്പോള്‍, മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടേക്കുമെന്നുകണ്ടാല്‍ അങ്ങോട്ടു നോക്കാതെ കണ്ണടക്കുകയും, അവര്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടാല്‍ ദൃഷ്ടി പതിക്കുകയും ചെയ്യുന്നതു കള്ളനോട്ടത്തി (خَائِنَةَ الأَعْيُنِ) ന്നും, മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്നു മറഞ്ഞു സൗകര്യം ലഭിക്കുന്നപക്ഷം അവരുമായി ദുര്‍വൃത്തി ചെയ്‌വാന്‍ ഉദ്ദേശ്യം വെക്കുന്നതു ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതി (مَا تُخْفِي الصُّدُورُ) ന്നും ഉദാഹരണമായി ഇബ്നുഅബ്ബാസ് (رضي الله عنه) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. (ابن أبي حاتم و غيره)

40:20
  • وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾٢٠﴿
  • അല്ലാഹു യഥാർത്ഥ (ന്യായ)പ്രകാരം തീരുമാനം നടത്തുന്നു. അവനു പുറമെ അവർ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവരാകട്ടെ, യാതൊന്നും തന്നെ തീരുമാനിക്കുകയില്ല. നിശ്ചയമായും അല്ലാഹു തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കണ്ടറിയുന്നവനുമായുള്ളവൻ
  • وَاللَّـهُ يَقْضِي അല്ലാഹു വിധി (തീരുമാനം) നടത്തുന്നു بِالْحَقِّ യഥാർത്ഥം (മുറ, ന്യായം) അനുസരിച്ചു وَالَّذِينَ يَدْعُونَ അവർ വിളിക്കുന്നവരാകട്ടെ مِن دُونِهِ അവനു പുറമെ لَا يَقْضُونَ അവർ വിധിക്കുകയില്ല بِشَيْءٍ യാതൊന്നും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ السَّمِيعُ അവൻ തന്നെയാണ് കേൾക്കുന്നവൻ الْبَصِيرُ കണ്ടറിയുന്നവൻ