വിഭാഗം - 3

38:27
  • وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَـٰطِلًا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ ﴾٢٧﴿
  • ആകാശവും, ഭൂമിയും, അവയുടെ ഇടയിലുള്ളതും നാം നിരർത്ഥമായി(വൃഥാ) സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചിട്ടുള്ളവരുടെ ധാരണയത്രെ അത്. ആകയാൽ, അവിശ്വസിച്ചവർക്ക് നരകമാകുന്ന നാശം!
  • وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاءَ ആകാശം وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും بَاطِلًا നിരർത്ഥമായി, വൃഥാ ذَٰلِكَ അതു ظَنُّ ധാരണയാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ فَوَيْلٌ അതിനാൽ നാശം لِلَّذِينَ كَفَرُوا അവിശ്വസിച്ചവർക്ക് مِنَ النَّارِ നരകമാകുന്ന, നരകം നിമിത്തം
38:28
  • أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ ﴾٢٨﴿
  • അതല്ല- വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുകയോ?! അതല്ലെങ്കിൽ (സൂക്ഷ്മതയുള്ള) ഭയഭക്തന്മാരെ നാം ദുഷ്ടന്മാരെപ്പോലെ ആക്കുകയോ?!
  • أَمْ نَجْعَلُ അതല്ലാ (അല്ലെങ്കിൽ, അഥവാ)നാം ആക്കുമോ الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത كَالْمُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരെപോലെ فِي الْأَرْضِ ഭൂമിയിൽ أَمْ نَجْعَلُ അതല്ലെങ്കിൽ നാം ആക്കുമോ الْمُتَّقِينَ ഭയഭക്തന്മാരെ, സൂക്ഷ്മതയുള്ളവരെ كَالْفُجَّارِ ദുഷ്ടന്മാരെ (തോന്നിയവാസികളെ)പ്പോലെ
38:29
  • كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ مُبَـٰرَكٌ لِّيَدَّبَّرُوٓا۟ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ ﴾٢٩﴿
  • (ഇതാ) നാം നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഒരു വേദഗ്രന്ഥം! അനുഗ്രഹീതമാണ് (അതു). അതിന്റെ സൂക്തങ്ങളെ (അഥവാ ദൃഷ്ടാന്തങ്ങളെ) അവർ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാർ ഓർമ്മിക്കുവാനും വേണ്ടിയത്രെ (അവതരിപ്പിച്ചിരിക്കുന്നത്.)
  • كِتَابٌ ഒരു(വേദ) ഗ്രന്ഥം أَنۡزَلْنَاهُ നാമതിനെ ഇറക്കിയിരിക്കുന്നു إِلَيْكَ നിനക്ക്, നിങ്കലേക്കു مُبَارَكٌ അനുഗ്രഹീതമായതു, ആശീർവദിക്കപ്പെട്ടതു لِّيَدَّبَّرُوا അവർ ഉറ്റാലോചിക്കാൻ, ചിന്തിക്കാൻ آيَاتِهِ അതിന്റെ ആയത്തു(ദൃഷ്ടാന്തം, സൂക്തം)കളെ وَلِيَتَذَكَّرَ ഓർമിക്കുവാനും, സ്മരിക്കുവാനും أُولُو الْأَلْبَابِ ബുദ്ധിമാന്മാർ

വളരെ അനുഗ്രഹീതമായ (ബർക്കത്തുള്ള) ഒരു പുണ്യഗ്രന്ഥമത്രെ ഖുർആൻ. എന്നാൽ, കേവലം പുണ്യത്തിനുവേണ്ടി മാത്രം പാരായണം ചെയ്‌വാൻ വേണ്ടിയല്ല അതു അവതരിപ്പിച്ചിട്ടുള്ളതെന്നും, അതിന്റെ സന്ദേശങ്ങൾ മനസ്സിലാക്കുകയും, അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുവാൻ വേണ്ടിയാണു അവതരിപ്പിച്ചിട്ടുള്ളതെന്നും, ഈ വചനം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ബർക്കത്തിനു വേണ്ടി മാത്രം ഖുർആൻ പഠിക്കുകയും, പാരായണം ചെയ്യുകയും ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കേണ്ടതുള്ള ഒരു ആയത്താണിത്. ഹസൻ ബസരി (رحمه الله) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഖുർആന്റെ അർത്ഥസാരങ്ങൾ അറിയാത്ത കുട്ടികളും, അടിമകളുമെല്ലാം അതു വായിക്കുന്നു. അവരതിന്റെ അക്ഷരങ്ങൾ പാഠമാക്കുകയും അതിന്റെ നിയമങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഒരാൾ പറഞ്ഞേക്കും: ഞാൻ ഖുർആന്റെ ഒരക്ഷരവും ബാക്കിയില്ലാതെ പഠിച്ചിരിക്കുന്നുവെന്ന്. എന്നാൽ അല്ലാഹു തന്നെയാണ സത്യം! അവൻ ഒന്നും പഠിക്കാതെ സകലവും വിട്ടുകളഞ്ഞിരിക്കുകയാണ്. അവന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ അതിന്റെ (അതു പഠിച്ചതിന്റെ) ഒരടയാളവും കാണപ്പെടുകയില്ല. സത്യമായും, ഖുർആൻപഠനം എന്ന് പറയുന്നത് അതിന്റെ അക്ഷരം പഠിക്കലും അതോടൊപ്പം നിയമം പാഴാക്കലുമല്ല. ഇങ്ങനെയുള്ളവർ വിജ്ഞാനികളുമല്ല, (മതത്തിന്റെ) സംരക്ഷകന്മാരുമല്ല. ഇത്തരക്കാരെ അല്ലാഹു വർദ്ധിപ്പിക്കാതിരിക്കട്ടെ!’ അടുത്ത വചനങ്ങളിൽ സുലൈമാൻ (عليه السلام) നബിയുടെ ചില രംഗങ്ങളെ വിവരിക്കുന്നു:

38:30
  • وَوَهَبْنَا لِدَاوُۥدَ سُلَيْمَـٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ ﴾٣٠﴿
  • ദാവൂദിന് നാം സുലൈമാനെ പ്രദാനം ചെയ്തു. അദ്ദേഹം വളരെ നല്ല അടിയാൻ! നിശ്ചയമായും, അദ്ദേഹം വളരെ മടക്കമുള്ള ആളാകുന്നു.
  • وَوَهَبْنَا നാം പ്രദാനം ചെയ്തു لِدَاوُودَ ദാവൂദിനു سُلَيْمَانَ സുലൈമാനെ نِعْمَ വളരെ നല്ലവനാണ് الْعَبْدُ (ആ) അടിയാൻ إِنَّهُ നിശ്ചയമായും അദ്ദേഹം أَوَّابٌ വളരെ മടക്കം, പശ്ചാത്താപം ഉള്ളവനാകുന്നു
38:31
  • إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّـٰفِنَـٰتُ ٱلْجِيَادُ ﴾٣١﴿
  • (അതിവേഗതയുള്ള) മുന്തിയവയും, കാലുപൊക്കി നിൽക്കുന്നവയുമായ കുതിരകൾ അദ്ദേഹത്തിനു വൈകുന്നേരം പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം:-
  • إِذْ عُرِضَ പ്രദർശിപ്പിക്ക (കാണിക്ക)പ്പെട്ട സന്ദർഭം عَلَيْهِ അദ്ദേഹത്തിന് بِالْعَشِيِّ വൈകുന്നേരം, സന്ധ്യാസമയം الصَّافِنَاتُ കാലുപൊക്കി നിൽക്കുന്ന കുതിരകൾ الْجِيَادُ (നല്ല) മുന്തിയ
38:32
  • فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ ﴾٣٢﴿
  • അപ്പോൾ അദ്ദേഹം പറയുകയുണ്ടായി: 'ഞാൻ എന്റെ രക്ഷിതാവിന്റെ സ്മരണ നിമിത്തം (ഈ) നൻമയോടുള്ള സ്നേഹം സ്വീകരിച്ചിരിക്കുകയാണ്.' അങ്ങനെ അവ മറവിൽ തിരോധാനം ചെയ്തു (കാഴ്ച്ചയിൽ നിന്നുമറഞ്ഞു.)
  • فَقَالَ അപ്പോൾ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാൻ أَحْبَبْتُ ഞാൻ സ്നേഹംവെച്ചു حُبَّ الْخَيْرِ നന്മയുടെ(നന്മയോടുള്ള സ്നേഹം) عَنۡ ذِكْرِ സ്മരണയാൽ رَبِّي എൻ്റെ രക്ഷിതാവിൻ്റെ حَتَّیٰ تَوَارَتْ അതു മറയുന്നതു വരെ, അങ്ങിനെ അത് തിരോധാനം ചെയ്തു بِالْحِجَابِ മറയിൽ, മറയാൽ
38:33
  • رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ ﴾٣٣﴿
  • (അദ്ദേഹം പറഞ്ഞു) 'നിങ്ങൾ അവയെ എന്റെ അടുക്കൽ തിരിച്ചുകൊണ്ടുവരുവിൻ'. എന്നിട്ട് അദ്ദേഹം (അവയുടെ) തണ്ടങ്കാലുകളെയും, പിരടികളെയും തടവാൻ തുടങ്ങി.
  • رُدُّوهَا അവയെ തിരിച്ചുകൊണ്ടുവരിൻ, മടക്കുവിൻ عَلَيَّ എൻ്റെ അടുക്കൽ, എനിക്ക് فَطَفِقَ എന്നിട്ടദ്ദേഹം തുടങ്ങി, ആയി مَسْحًا തടവാൻ بِالسُّوقِ തണ്ടൻ കാലിനു وَالْأَعْنَاقِ പിരടികൾക്കും, കഴുത്തിനും

ദാവൂദ്‌ (عليه السلام) ഒരു പ്രവാചകവര്യനും മഹാരാജാവുമായിരുന്നുവല്ലോ. അദ്ദേഹത്തിനുശേഷം പ്രവാചകത്വത്തിലും, രാജത്വത്തിലും സുലൈമാൻ (عليه السلام) അദ്ദേഹത്തിന്റെ പിൻഗാമിയും അനന്തരാവകാശിയുമായിത്തീർന്നു. അതുകൊണ്ടാണ്‌ ‘ദാവൂദിനു നാം സുലൈമാനെ പ്രദാനം ചെയ്തു’ (وَوَهَبْنَا لِدَاوُدَ سُلَيْمَانَ) എന്നു ഇവിടേയും ‘സുലൈമാൻ ദാവൂദിനെ അനന്തരമെടുത്തു’ (وَوَرِثَ سُلَيْمَانُ دَاوُودَ) എന്നു സൂറത്ത്‌ നംലിലും പറഞ്ഞിരിക്കുന്നത്‌. സുലൈമാൻ (عليه السلام) നബിയുടെ ഭരണം കൂടുതൽ ശക്തവും, അനിതരസാധാരാണവുമായിരുന്നു. ഒരു ഭരണത്തിന്റെ പ്രതിരോധശക്തിയായിരിക്കും അതിന്റെ നട്ടെല്ല്. അതിൽ അക്കാലത്ത്‌ പ്രഥമസ്ഥാനമാണ്‌ കുതിരപ്പട്ടാളത്തിനുണ്ടായിരുന്നത്‌. ഏറ്റവും മികച്ചതും, ഉത്തമലക്ഷണങ്ങളോടു കൂടിയതുമായ കുതിരപ്പട്ടാളം കഴിവതും സജ്ജമാക്കുകയെന്നതു അടുത്തകാലം വരെ ഭരണാധികാരികളുടെ പതിവായിരുന്നു. യുദ്ധായുധങ്ങൾ യന്ത്രവൽക്കരിക്കപ്പെട്ടതോടുകൂടിയാണ്‌ കുതിരപ്പട്ടാളത്തിന്നു സ്ഥാനം കുറഞ്ഞുവന്നത്‌. സുലൈമാൻ (عليه السلام) നബിയുടെ പട്ടാളത്തിലുണ്ടായിരുന്ന മേത്തരം കുതിരപ്പട്ടാളത്തിന്റെ ഒരു പ്രദർശനത്തെക്കുറിച്ചാണ്‌ ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്‌.

അതിവേഗത്തിൽ കുതിച്ചോടുന്ന മുന്തിയതരം കുതിരകൾക്കാണ്‌ الجياد എന്ന് പറയുന്നത്‌. ഒരു കാൽ അൽപമൊന്നു പൊക്കിക്കൊണ്ട്‌ മൂന്നുകാലിൽ ഊന്നിനിൽക്കുക മേത്തരം കുതിരകളുടെ ലക്ഷണമാകുന്നു. അതുകൊണ്ടാണ്‌ അവയെ الصافنات എന്നു പ്രത്യേകം വിശേഷിപ്പിച്ചിരിക്കുന്നത്‌. സൂറത്തുൽ ആദിയാത്തി (العاديات)ൽ നല്ല തരം കുതിരപ്പട്ടാളത്തെക്കുറിച്ച്‌ അല്ലാഹു ഇങ്ങിനെ വർണ്ണിച്ചിരിക്കുന്നു: ‘കിതച്ചുകൊണ്ട്‌ കുതിച്ചോടുന്നവ, അങ്ങനെ തീപ്പൊരി പറപ്പിക്കുന്നവ, അങ്ങനെ പ്രഭാതത്തിൽ ചെന്നു ആക്രമണം നടത്തുന്നവ, എന്നിട്ട്‌ അവ പൊടിപടലം ഇളക്കിവിടുന്നു, അങ്ങിനെ (ശത്രു) സംഘത്തിന്നു മദ്ധ്യത്തിൽ പ്രവേശിക്കുന്നു.’ സത്യത്തിന്റെ എതിരാളികളിൽ നിന്നുണ്ടാകുന്ന അക്രമങ്ങളെ നേരിടുവാനും, അവരെ നിലക്കു നിറുത്തുവാനും വേണ്ടി സത്യത്തിന്റെ അനുയായികൾ ശക്തി സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തുകയും, അതിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ്‌ ഇത്തരം ഖുർആൻ വചനങ്ങൾ ചെയ്യുന്നത്‌.

ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്ന സംഭവം ഖുർആൻ വ്യാഖ്യാതാക്കൾ രണ്ടുതരത്തിൽ വ്യാഖ്യാനിച്ചുകാണാം. അവയിൽ കൂടുതൽ ന്യായമായതും, ഖുർ ആന്റെ വാക്കുകളോടു കൂടുതൽ യോജിപ്പുള്ളതുമായി കാണുന്ന വ്യഖ്യാനം ഇതാണ്‌: ഒരു ദിവസം വൈകുന്നേരം സുലൈമാൻ (عليه السلام) നബിയുടെ മേത്തരം കുതിരപ്പട്ടാളത്തിന്റെ ഒരു പ്രദർശനം നടത്തപ്പെടുകയുണ്ടായി. അതിവേഗം അവ കുതിച്ചു മുന്നോട്ടുനീങ്ങി. വളരെ ദൂരം പോയതുകൊണ്ടോ, രാത്രി ഇരുട്ട്‌ മൂടിയത്‌ കൊണ്ടോ – അതുമല്ലെങ്കിൽ അവയുടെ ശീഘ്രഗതിയാൽ പൊടിപടലം മൂടിയത് കൊണ്ടോ – അവ  ദൃഷ്ടിയിൽ നിന്നു മറഞ്ഞുപോയി. കുതിരകളുടെ നന്മയും മേന്മയും അദ്ദേഹത്തെ സന്തുഷ്ടനാക്കി. പക്ഷേ, കേവലം ഭൗതികനേട്ടമെന്ന നിലക്കായിരുന്നില്ല അത്. അല്ലാഹു തനിക്ക്‌ ചെയ്തുതന്ന അനുഗ്രഹവും, സത്യവിശ്വാസത്തിന്റെ ശത്രുക്കൾക്കെതിരിൽ പ്രയോഗിക്കുവാനുള്ള ശക്തിയും എന്ന നിലക്കായിരുന്നു അദ്ദേഹം അവയെ സ്നേഹിച്ചത്‌. ‘എന്റെ രക്ഷിതാവിന്റെ സ്മരണ നിമിത്തം (ഈ) നന്മയോടു – കുതിരപ്പട്ടാളസമ്പത്തിനോടു – ള്ള സ്നേഹം ഞാൻ വെച്ചുപുലർത്തുകയാണ്‌’. (إِنِّي أَحْبَبْتُ حُبَّ الْخَيْرِ عَن ذِكْرِ رَبِّي) എന്നു അദ്ദേഹം പറഞ്ഞിരുന്നതു അതുകൊണ്ടായിരുന്നു. പിന്നീട്‌ കുതിരകളെ തിരിച്ചുകൊണ്ടുവരുവാൻ അദ്ദേഹം കൽപന കൊടുത്തു. തിരിച്ചെത്തിയശേഷം സന്തോഷത്തോടും, സ്നേഹത്തോടുംകൂടി അവയുടെ കാലിലും, കഴുത്തിലും തൊട്ടുതടവിക്കൊണ്ടിരിക്കുകയും ചെയ്തു.

സത്യത്തിന്റെ ശത്രുക്കൾക്കെതിരിൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും, സജ്ജീകരിക്കുകയും വേണ്ടതുണ്ട്. സത്യവിശ്വാസികൾ പൊതുവിലും ഭരണാധികാരികൾ പ്രത്യേകിച്ചും ഗൗനിക്കേണ്ടുന്ന കാര്യമാണിത്; ഇത്തരം ശക്തി സംഭരണങ്ങളൊന്നും കേവലം ആർഭാടങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല; അല്ലാഹുവിന്റെ സ്മരണയാകുന്ന പുണ്യകർമങ്ങളുടെ ഇനത്തിൽ പെട്ടതാണ്; അഥവാ ആ ലക്ഷ്യത്തോടും ഉദ്ദേശ്യത്തോടും കൂടിയായിരിക്കണം അത്‌. എന്നിങ്ങിനെയുള്ള മാതൃകാപാഠങ്ങളാണ്‌ ഈ സംഭവത്തിൽ നിന്നു നാം മനസ്സിലാക്കേണ്ടത്. അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും സത്യവിശ്വാസികളോടും പറയുന്നത് നോക്കുക:

وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلۡخَيۡلِ تُرۡهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمۡ وَءَاخَرِينَ مِن دُونِهِمۡ لَا تَعۡلَمُونَهُمُ ٱللَّهُ يَعۡلَمُهُمۡۚ وَمَا تُنفِقُواْ مِن شَىۡءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيۡكُمۡ وَأَنتُمۡ لَا تُظۡلَمُونَ – الأنفال :٦٠

സാരം: നിങ്ങൾ അവർക്ക് – ശത്രുക്കൾക്കു – വേണ്ടി നിങ്ങൾക്ക് സാധിക്കുന്നത്ര ശക്തിയും, കെട്ടിനിറുത്തിയ കുതിര പട്ടാളത്തേയും ഒരുക്കിക്കൊള്ളുവിൻ. അതുമൂലം അല്ലാഹുവിന്റെ ശത്രുവെയും, നിങ്ങളുടെ ശത്രുവെയും, അവർക്കു പുറമേ നിങ്ങൾക്കറിഞ്ഞുകൂടാത്ത മറ്റു ചിലരെയും – അവരെ അല്ലാഹു അറിയുന്നതാണ് – നിങ്ങൾ ഭയപ്പെടുത്തുവാനായിട്ടാണ് (അത്). അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ എന്തുതന്നെ ചെലവഴിച്ചാലും അത് നിങ്ങൾക്ക് നിറവേറ്റിത്തരപ്പെടുന്നതാണ്. നിങ്ങൾ (ഒട്ടും) അനീതി ചെയ്യപ്പെടുന്നതും അല്ല. (സൂറ: അൻഫാൽ:60). ‘അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും, അവന്റെ വാഗ്ദാനം സത്യമാക്കിക്കൊണ്ടും ഒരാൾ കുതിരയെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മുടക്കിവെച്ചാൽ അത് വയറു നിറക്കുന്നതും, ദാഹം തീർക്കുന്നതും, കാഷ്ടിക്കുന്നതും മൂത്രിക്കുന്നതും എല്ലാം അവന്റെ (കർമ്മങ്ങളുടെ) തൂക്കത്തിൽ ഉണ്ടായിരിക്കും’ എന്ന് റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ബുഖാരി (رحمه الله) യും ഉദ്ധരിക്കുന്നു.

രണ്ടാമത്തെ വ്യാഖ്യാനം ഇപ്രകാരമാണ്: കുതിരപ്പട്ടാള പ്രദർശനത്തിൽ ശ്രദ്ധ മുഴുകിയത് നിമിത്തം സുലൈമാൻ നബി (عليه السلام) വൈകുന്നേരത്തെ നമസ്കാരം നിർവഹിക്കുന്ന കാര്യം വിസ്മരിച്ചുപോയി. സൂര്യാസ്തമനത്തിനു ശേഷം ആണ് അത് ഓർമ്മ വന്നത്. അതിനാൽ അവയെ തിരിച്ചു കൊണ്ടുവരുവാൻ ആജ്ഞാപിക്കുകയും, അല്ലാഹുവിന്റെ സ്മരണക്ക്  വിഘാതമായിത്തീർന്ന ആ കുതിരകളെ കഴുത്തും കാലും വെട്ടി അറുക്കുകയും, മാംസം ദാനം ചെയ്യുകയും ചെയ്തു إِنِّي أَحْبَبْتُ حُبَّ الْخَيْرِ عَن ذِكْرِ رَبِّي എന്ന വാക്യത്തിന് ഈ വ്യാഖ്യാനപ്രകാരം ‘എന്റെ രക്ഷിതാവിന്റെ സ്മരണ വിട്ടു ഞാൻ (കുതിരസമ്പത്താകുന്ന) നന്മയോടുള്ള സ്നേഹം സ്വീകരിച്ചു പോയി’ എന്നർത്ഥം ആയിരിക്കും. അഥവാ, ഇവയോടുള്ള പ്രേമം നിമിത്തം അല്ലാഹുവിന്റെ സ്മരണ എനിക്ക് വിട്ടു പോയല്ലോ എന്ന് വ്യസനം പ്രകടമാക്കിയതായിരിക്കും. കൂടാതെ ‘തണ്ടങ്കാലും പിരടിയും തടവുവാൻ തുടങ്ങി’ (‏فَطَفِقَ مَسْحًا بِالسُّوقِ وَالأعْنَاقِ) എന്നു പറഞ്ഞതിന്റെ താല്പര്യം അവയെ അറുത്തു കൊന്നുവെന്നും ആയിരിക്കും. കേവലം അനുവദനീയമെങ്കിലും ഐഹികവിഭവങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് നിമിത്തം അല്ലാഹുവിനോടുള്ള കടമ നിർവഹിക്കുവാൻ വിട്ടുപോയതിൽ പശ്ചാത്തപിച്ചു കൊണ്ട് അദ്ദേഹം ആ കുതിരകളെ  ബലിയർപ്പിച്ചു ദാനം ചെയ്തുവെന്നുമാണ് ഈ വ്യാഖ്യാനത്തിന്റെ ചുരുക്കം. ഈ വ്യാഖ്യാനത്തിന്റെ അനുബന്ധങ്ങളായി ഒട്ടും വിശ്വാസയോഗ്യമല്ലാത്ത മറ്റുചില വിശദീകരണങ്ങളും പ്രസ്താവനകളും വേറെയും കാണാമെങ്കിലും മുഫസ്സിറുകളിൽ അധികമാളുകളും പ്രസ്താവിച്ചു കാണുന്നത് ഇതാകുന്നു.

ഈ രണ്ടാമത്തെ വ്യാഖ്യാനം ഇമാം ഇബ്നു ജരീർ (رحمه الله), ഇമാം റാസി (رحمه الله) മുതലായവർ തള്ളിക്കളയുകയും, ആദ്യത്തെ വ്യാഖ്യാനം ശരി വെക്കുകയും ചെയ്തിരിക്കുന്നത് പ്രസ്താവ്യമാണ്. ആയത്തിലെ വാക്കുകളും, അവയുടെ അർത്ഥങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ടും യുക്തമായ ന്യായങ്ങൾ സമർപ്പിച്ചുകൊണ്ടും ഇമാം റാസി (رحمه الله) ഇവിടെ ഒരു നീണ്ട പ്രസ്താവന തന്നെ ചെയ്തിട്ടുണ്ട്. ദൈർഘ്യഭയം നിമിത്തം അതിവിടെ ഉദ്ധരിക്കുന്നില്ല. ഒരു ജീവിയിലേക്ക് ശ്രദ്ധ തിരിഞ്ഞു പോയതുകൊണ്ട് നമസ്കരിക്കാൻ വിട്ടുപോയി എന്നല്ലാത്ത മറ്റൊരു കാരണവും കൂടാതെ, നിരപരാധികളായ ആ ജീവികളെ വെട്ടിയറുത്തു ശിക്ഷിക്കുവാനും, തന്റെ സ്വത്ത് നശിപ്പിക്കുവാനും  അദ്ദേഹം തയ്യാറാകുവാൻ സാധ്യതയില്ല എന്നത്രെ ഇമാം ഇബ്നു ജരീർ (رحمه الله) പറയുന്നത്. ഇബ്‌നു കഥീർ (رحمه الله) ഈ സംഭവത്തെപ്പറ്റി വന്നിട്ടുള്ള പല പ്രസ്താവനകളും ഉദ്ധരിക്കുകയും, അവയുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. പക്ഷേ, ഇബ്നു ജരീർ (رحمه الله) പ്രസ്താവിച്ച ആ ന്യായം ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. അതിൽ അൽപം ആലോചിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരുപക്ഷേ, സുലൈമാൻ (عليه السلام) നബിയുടെ കാലത്തുള്ള നിയമത്തിന് അത് എതിരായിരുന്നില്ലെന്നു വരാം -നമസ്കാരത്തിന് മുടക്കം വരുത്തിയ സ്ഥിതിക്ക് അല്ലാഹുവിനു വേണ്ടിയുള്ള രോഷമെന്ന നിലക്ക് പ്രത്യേകിച്ചും – എന്നാണ് അദ്ദേഹം പറയുന്നത്. കുതിരകളെ അറുക്കുകയാണ് ചെയ്തത് എന്ന് പറയുന്നവർ, അദ്ദേഹം അവയെ വെട്ടി നശിപ്പിച്ചുവെന്നല്ല, അറുത്തു മാംസം ദാനം ചെയ്തു എന്നാണ് പറയുന്നതും. ഇതും  ഇബ്‌നു കഥീർ (رحمه الله) ന്റെ സംശയത്തിന് കാരണമായിരിക്കാവുന്നതാണ്. അല്ലാഹുവിനറിയാം. അതേസമയത്ത് കാലും, പിരടിയും തടവുവാൻ തുടങ്ങി فَطَفِقَ مَسْحًا بِالسُّوقِ وَالأعْنَاقِ എന്ന വാക്യത്തിന് കാലിന്റെ ഞരമ്പറക്കുകയും കഴുത്തു വെട്ടുക യുമാണ് ഉദ്ദേശമെന്നു വെക്കുവാനും പ്രയാസമുണ്ടു താനും.

ഇങ്ങിനെയുള്ള ചില കാരണങ്ങളും, ഏതെങ്കിലുമൊന്നുമാത്രം ശരിയാണെന്ന് സ്ഥാപിക്കുന്നതിന് മതിയായ തെളിവില്ലായ്മയും നിമിത്തം അല്ലാമാ സയ്യിദ് ഖുത്തുബ്‌ പോലുള്ള ചിലർ ഇവിടെ ഒന്നും പറയാതെ മൗനം അവലംബിച്ചിരിക്കുകയാണ്. (അടുത്ത ആയത്തുകളുടെ വിവരണത്തിൽ ഇദ്ദേഹത്തിന്റെ ചില വാക്കുകൾ നാം ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക). ചുരുക്കി പറഞ്ഞാൽ, ഈ സംഭവത്തിന്റെ  യഥാർത്ഥ സ്വഭാവത്തെ പറ്റി ഉറച്ച ഒരു തീരുമാനം എടുക്കുന്നതിനേക്കാൾ സുരക്ഷിതമായിട്ടുള്ളത് സയ്യിദ് ഖുത്തുബിന്റെ നയമാണെന്നും, ഒരു തീരുമാനം സ്വീകരിക്കുന്നപക്ഷം ഒന്നാമത്തെ വ്യാഖ്യാനം സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് നമുക്കിവിടെ പറയാനുള്ളത് الله اعلم

38:34
  • وَلَقَدْ فَتَنَّا سُلَيْمَـٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ ﴾٣٤﴿
  • സുലൈമാനെ നാം പരീക്ഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പീഠത്തിന്മേൽ (സിംഹാസനത്തിൽ) നാം ഒരു ശരീരത്തെ ഇടുകയും ചെയ്തു. പിന്നീടദ്ദേഹം (അല്ലാഹുവിലേക്ക് മടങ്ങി) വിനയപ്പെട്ടു.
  • وَلَقَدْ فَتَنَّا നാം പരീക്ഷണം നടത്തുകയുണ്ടായി سُلَيْمَانَ സുലൈമാനെ وَأَلْقَيْنَا നാം ഇടുകയും ചെയ്തു عَلَیٰ كُرْسِيِّهِ അദ്ദേഹത്തിൻ്റെ പീഠ (സിംഹാസന)ത്തിന്മേൽ جَسَدًا ഒരു ശരീരം, തടി, ജഡം ثُمَّ പിന്നീട് أَنَابَ അദ്ദേഹം വിനയപ്പെട്ടു (മനസ്സ്) മടങ്ങി
38:35
  • قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ ﴾٣٥﴿
  • അദ്ദേഹം പറഞ്ഞു: 'രക്ഷിതാവേ, എനിക്ക് പൊറുത്തുതരേണമേ! എന്റെ ശേഷം ഒരാൾക്കും യോജിക്കാത്ത (അഥവാ സൗകര്യപ്പെടാത്ത) ഒരു രാജത്വം നീ എനിക്ക് പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീയത്രെ മഹാദാനശീലനായുള്ളവൻ
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ اغْفِرْلِي എനിക്ക് പൊറുത്തുതരേണമേ وَھَبْ لِي എനിക്ക് പ്രദാനം ചെയ്യുകയും വേണമേ مُلْكًا ഒരു രാജത്വം لاَيَنْبَغِي സൗകര്യപ്പെടാത്ത, യോജിക്കാത്ത, തരപ്പെടാത്ത, വേഗം ലഭിക്കാത്ത لأَحَدٍ ഒരാൾക്കും مِنْ بَعْدِي എന്റെ ശേഷം إِنَّكَ أَنْتَ നിശ്ചയമായും നീയത്രെ الْوَھَّابُ മഹാദാനശീലൻ, വളരെ പ്രദാനം ചെയ്യുന്നവൻ
38:36
  • فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ ﴾٣٦﴿
  • അപ്പോൾ അദ്ദേഹത്തിന് നാം കാറ്റിനെ കീഴ്പ്പെടുത്തി കൊടുത്തു : അത് അദ്ദേഹത്തിന്റെ കല്പനപ്രകാരം അദ്ദേഹം ഉന്നംവെച്ചിടത്തേക്ക് സൗമ്യമായ നിലയിൽ (നിഷ്‌പ്രയാസം) സഞ്ചരിക്കുമായിരുന്നു.
  • فَسَخَّرْنَا അപ്പോൾ നാം കീഴ്പെടുത്തി لَهُ അദ്ദേഹത്തിന് الرِّيحَ കാറ്റിനെ تَجْرِي സഞ്ചരിക്കുന്ന,അത് സഞ്ചരിക്കും بِأَمْرِه അദ്ദേഹത്തിന്റെ കൽപനപ്രകാരം رُخَاءً മാർദ്ദവമായ നിലയിൽ, സൗമ്യമായി حَيْثُ أَصَابَ അദ്ദേഹം ഉന്നം (ലക്ഷ്യം) വെച്ചിടത്തു
38:37
  • وَٱلشَّيَـٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ ﴾٣٧﴿
  • എല്ലാ(വിധ) കെട്ടിട നിർമ്മാണക്കാരും (സമുദ്രത്തിൽ) മുങ്ങൽക്കാരുമായ പിശാചുക്കളേയും (കീഴ്പ്പെടുത്തിക്കൊടുത്തു)
  • وَالشَّيَاطِينَ പിശാചുക്കളെയും كُلَّ بَنَّاءٍ (അതായത്) കെട്ടിട നിർമാണക്കാരായവരെയെല്ലാം وَغَوَّاصٍ മുങ്ങൽക്കാരുമായ
38:38
  • وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ ﴾٣٨﴿
  • വിലങ്ങു (ചങ്ങല)കളിൽ കൂട്ടി ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചിലരെയും (കീഴ്പ്പെടുത്തിക്കൊടുത്തു)
  • وَآخَرِينَ വേറെ ചിലരെയും مُقَرَّنِينَ ബന്ധിക്കപ്പെട്ട, കൂടിയിണക്കപ്പെട്ടവരായ فِي الأَصْفَادِ വിലങ്ങുകളിൽ

ദാവൂദ് (عليه السلام) ഒരു പരീക്ഷണത്തിന് വിധേയനായ സംഭവം മുമ്പ് പറഞ്ഞുവല്ലോ. അതുപോലെ, സുലൈമാൻ (عليه السلام) നബിയും ഒരു പരീക്ഷണത്തിന് വിധേയനായ കഥയാണ് ഈ വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നതു. ആ പരീക്ഷണത്തെത്തുടർന്നു അദ്ദേഹം പാപമോചനത്തിനുവേണ്ടിയും, ചില പ്രത്യേകാനുഗ്രഹങ്ങൾക്കുവേണ്ടിയും പ്രാർത്ഥിച്ചുവെന്നും, അങ്ങിനെ മറ്റാർക്കും സിദ്ധിക്കാത്ത ചില പ്രത്യേകാനുഗ്രഹങ്ങൾ അല്ലാഹു അദ്ദേഹത്തിന് നൽകിയെന്നും പ്രസ്താവിക്കുന്നു. പരീക്ഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചു ഇവിടെയും വിശദമായി വിസ്തരിക്കുന്നില്ല. وَأَلْقَيْنَا عَلَى كُرْسِيِّهِ جَسَدًا (അദ്ദേഹത്തിന്റെ സിംഹാസനപീഠത്തിന്മേൽ നാം ഒരു ശരീരത്തെ ഇടുകയും ചെയ്തു) എന്നു മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ജീവനില്ലാത്ത ശരീരം – അഥവാ ജഡം – എന്നത്രെ جسد എന്ന വാക്കിന്റെ അർത്ഥം. ഈ ശരീരംകൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു എന്താണെന്നു നിർണ്ണയിക്കത്തക്ക തെളിവുകളൊന്നും ഇല്ല താനും. പക്ഷെ, ഈ സംഭവംമൂലം, സുലൈമാൻ (عليه السلام) നബിയുടെ ഭരണത്തിന് ഹാനികരമായ എന്തോ ഒരു ദോഷം ബാധിക്കുവാൻ ഇടവന്നിട്ടുണ്ടെന്നും, അതിനെത്തുടർന്ന് അദ്ദേഹം അല്ലാഹുവിങ്കലേക്ക് വിനയപ്പെട്ടുകൊണ്ടു പ്രാർത്ഥിച്ചുവെന്നും, അതിന്റെ ഫലമായി അദ്ദേഹത്തിന് അവൻ അസാധാരണമായ ചില അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചുവെന്നും ഈ വചനങ്ങളിൽനിന്നു മനസ്സിലാകുന്നു.

ദാവൂദ് നബി (عليه السلام) നെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കഥകളെക്കാൾ ഗുരുതരമായ കെട്ടുകഥകൾ പലതും ഇവിടെ സുലൈമാൻ (عليه السلام) നബിയെക്കുറിച്ചും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്നുകഥീർ (رحمه الله) പറഞ്ഞതുപോലെ സാധാരണക്കാരായ ആളുകളെ സാംബന്ധിച്ചുപോലും ന്യായീകരിക്കാൻ പാടില്ലാത്ത – ആ കഥകൾ ഉദ്ധരിച്ചു നാം സമയം പാഴാക്കേണ്ടതില്ല. മറ്റു ചില തല്പരവ്യാഖ്യാതാക്കൾ ചെയ്തുകാണുന്നപോലെ, ആ കഥകൾക്കു പൊടിപ്പും തൊങ്ങലുംവെച്ച് വിശദീകരിക്കുകയും, എന്നിട്ടവയെല്ലാം പൊതുവിൽ ഖുർആൻ വ്യാഖ്യാതാക്കളുടെമേൽ വെച്ചുകെട്ടി അവരെ ഖണ്ഡിക്കുകയും, അതിന്റെ വെളിച്ചത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾക്കു മാർഗ്ഗം തെളിയിക്കുകയും ചെയ്‍വാനും നാം മുതിരുന്നില്ല. സുലൈമാൻ (عليه السلام) നബിയുടെ സിംഹാസനപീഠത്തിന്മേൽ ഇടപ്പെട്ട ശരീരം കൊണ്ടുദ്ദേശ്യം എന്താണെന്നതിനെപ്പറ്റി പലരും പലവിധത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇവയിൽ ഇമാം റാസി (رحمه الله), അല്ലാമാ ഹഖ് – ഖാനി (رحمه الله) മുതലായ ചിലരുടെ ഒരഭിപ്രായം ഒരുപക്ഷെ ശരിയായിരിക്കുവാൻ ഇടയുണ്ട്. ശക്തിയായ രോഗമോ മറ്റോ ബാധിച്ചു അവശനായി കിടക്കുന്ന ആളെപ്പറ്റി جسم بلا روح (ജീവനില്ലാ ശരീരം) എന്നു അറബികൾ പറയാറുണ്ട്. അതുകൊണ്ടു ഭരണകാര്യങ്ങൾ വേണ്ടതുപോലെ നിർവ്വഹിക്കുവാൻ കഴിയാതെ സുലൈമാൻ (عليه السلام) സിംഹാസനത്തിൽ – അഥവാ രാജകീയപീഠത്തിൽ – കഴിഞ്ഞുകൂടേണ്ടി വന്നതായിരിക്കാം ഇവിടെ ഉദ്ദേശ്യം എന്നാണ് ആ അഭിപ്രായം. സുലൈമാൻ (عليه السلام) നബിക്കു ജനിച്ച ഒരു  കുട്ടിയെ അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടിനു യോജിക്കാത്തവിധം സ്നേഹിക്കുകയും, അതിനെപ്പറ്റി അതിയായ ജാഗ്രത കാണിച്ചു കൊണ്ടിരിക്കുകയും ചെയ്തുവെന്നും, ആ കുട്ടി പെട്ടെന്നൊരിക്കൽ സിംഹാസനത്തിനു മേൽ മരിച്ചുകിടക്കുന്നതായി കണ്ടുവെന്നും, അതാണിവിടെ പരീക്ഷണം കൊണ്ടുദ്ദേശ്യമെന്നും അല്ലാമാ ഫരീദു വജ്‌ദീ (റ) പ്രസ്താവിച്ചു കാണുന്നു. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും, ആ പരീക്ഷണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭരണം കൂടുതൽ പ്രബലപ്പെടുകയും, മറ്റാർക്കും ലഭിക്കാത്ത അനുഗ്രഹങ്ങളാൽ അനുഗൃഹീതമാകുകയും ചെയ്തു.

ഈ പരീക്ഷണസംഭവത്തെയും, ഇതിനുമുമ്പ് പ്രസ്താവിക്കപ്പെട്ട കുതിരപ്പട്ടാള പ്രദർശനത്തെയും, ചൂണ്ടിക്കാട്ടിക്കൊണ്ടു സയ്യിദ് ഖുത്തുബ് പ്രസ്താവിച്ചിട്ടുള ചില വാക്യങ്ങൾ ഇവിടെ ശ്രദ്ധേയമാകുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം: മേത്തരങ്ങളായ കാലുപൊക്കിനിൽക്കുന്ന കുതിരകളെ (الصافنات الجياد) യും, സുലൈമാൻ (عليه السلام) ന്റെ സിംഹാസനപീഠത്തിന്മേൽ ഇടപ്പെട്ട ശരീരത്തെയും സംബന്ധിച്ചുള്ള സൂചനകളെ വിവരിക്കുന്ന പല വ്യാഖ്യാനങ്ങളും, നിവേദനങ്ങളും ഉള്ളതിൽ ഒന്നുപോലും എന്റെ മനസ്സിനു ആശ്വാസം നൽകുന്നതായിട്ടില്ല. അവ ഒന്നുകിൽ അസ്വീകാര്യമായ ഇസ്രാഈലീ വാർത്തകളോ, അല്ലെങ്കിൽ പിൻബലമില്ലാത്ത വ്യാഖ്യാനങ്ങളോ ആയിരിക്കും. ഈ രണ്ടു സംഭവത്തിന്റെയും പ്രകൃതസ്വഭാവം മനസ്സിലാക്കി സമാധാനമടയുവാൻ എനിക്കു കഴിയുന്നില്ല. ആകയാൽ അതൊന്നും ഞാനിവിടെ ഉദ്ധരിക്കുന്നുമില്ല. രണ്ടിനും ഒരു രൂപം നൽകുവാൻ സഹായിക്കുന്ന പ്രബലമായ ഒരു പ്രമാണവും എനിക്കു കിട്ടിയിട്ടില്ല. ഒരു ഹദീസ് മാത്രമുണ്ട് :അതാകട്ടെ, സ്വതവേ നോക്കുമ്പോൾ പ്രബലമായതു തന്നെയാണെങ്കിലും, ഈ സംഭവങ്ങളുമായി അതിനു കാര്യമായൊരു ബന്ധവുമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) ഉദ്ധരിച്ച ഒരു ഹദീസാണിത് ‘ഒരു രാത്രിയിൽ തന്റെ പല ഭാര്യമാരുടെ അടുക്കൽ താൻ ചെല്ലുമെന്നും, അങ്ങിനെ അവരെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യത്തക്ക ഓരോ കുതിരപ്പടയാളികളായ മകനെ പ്രസവിക്കുമെന്നും സുലൈമാൻ (عليه السلام) പറയുകയുണ്ടായി. പക്ഷെ, അദ്ദേഹം إِنْ شَاءَ اللَّهُ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്നു പറയുകയുണ്ടായില്ല. എന്നാൽ, ഒരു ഭാര്യയൊഴിച്ചു മറ്റാരും പ്രസവിച്ചില്ല. പ്രസവിച്ച കുട്ടിയാകട്ടെ, ഒരു അപൂർണ ശിശുവായിരുന്നു. إِنْ شَاءَ اللَّهُ എന്നദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ എല്ലാവരിൽനിന്നും ഓരോ കുതിരപ്പടയാളി ഉണ്ടാകുമായിരുന്നു’. ഇതാണ് ഹദീസിലെ ആശയം. ഈ ആയത്തുകളിൽ സൂചിപ്പിച്ച പരീക്ഷണം ഇതായിരിക്കുകയും, സിംഹാസനത്തിന്റെ മേൽ ഇടപ്പെട്ട ശരീരമെന്നു പറഞ്ഞതു ഈ അപൂർണ്ണശിശു ആയിരിക്കുകയും ചെയ്തേക്കാം. അങ്ങിനെ ആയിരിക്കാൻ സാധ്യതയുണ്ടെന്നു മാത്രം’. (*)


(*) ഏറെക്കുറെ വ്യത്യസ്തമായ വാക്കുകളിലായി ഇമാം ബുഖാരി (رحمه الله) ആവർത്തിച്ചു രിവായതു ചെയ്തിട്ടുള്ളതും, ഇമാം മുസ്ലിം (رحمه الله) അടക്കം മറ്റുപലരും രേഖപ്പെടുത്തിയിട്ടുള്ളതുമാണ് ഈ ഹദീസ്. ഏതു സാഹചര്യത്തിലായാലും, ഏതു അനിഷ്ടഫലങ്ങളുളവായാലും ശരി, ഏകഭാര്യത്വവ്രതം  കൈവിടാതിരിക്കുകയും, അതിനെതിരായികാണുന്ന പ്രമാണങ്ങളെയും, ന്യായങ്ങളെയുമെല്ലാം പഴഞ്ചനാക്കിത്തള്ളുകയും ചെയ്യുന്ന അനിസ്ലാമിക സംസ്കാരത്തിന്റെ സ്വാധീനത്തിനു വഴങ്ങുന്ന ചില ആളുകൾ ഈ ഹദീസിനെ പുച്ഛഭാവത്തിൽ വീക്ഷിക്കുന്നതുകാണാം. മുൻകാലത്തെ നടപടിക്രമങ്ങളും, പിൽക്കാലത്തെ നടപടിക്രമങ്ങളും ഒരേ മാനദണ്ഡം കൊണ്ടളക്കുകയും, പ്രവാചകന്മാരുടെ പ്രത്യേക പദവികളും, പരിതഃസ്ഥിതികളും ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് വാസ്തവത്തിൽ ഈ മനോഗതി അവരിലുണ്ടാക്കുന്നത്. മുൻകാലചരിത്രങ്ങളും, ബൈബിളിന്റെ പല പ്രസ്താവനകളും പരിശോധിക്കുന്നവർക്കു ഇതു മനസ്സിലാക്കുവാൻ പ്രയാസമില്ല. ധാർമിക നിയമങ്ങളുടെയും, ലൈംഗിക അതിർവരമ്പുകളുടെയും  അതിർത്തിലംഘനം എവിടെ കൂടുതൽ നടമാടുന്നുവോ അവിടെ ഏകഭാര്യാവ്രതത്തിന്റെ ആധുനിക സ്വരവും കൂടുതൽ പ്രചാരത്തിലുണ്ടെന്നുള്ളതാണ് വലിയ അത്ഭുതം.


കുതിരകളെ വാളുകൊണ്ടു വെട്ടി അറുത്തുവെന്നും, അതല്ല കൈകൊണ്ടു തൊട്ടുതടവിയെന്നുമുള്ള രിവായത്തുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് സയ്യിദ് ഖുത്തുബ് തുടരുന്നു. ‘രണ്ടു രിവായത്തുകൾക്കും തെളിവില്ല; ഏതെങ്കിലും ഒന്നു തീരുമാനിക്കുവാൻ പ്രയാസമാണ്. അതുകൊണ്ടു രണ്ടു സംഭവത്തെക്കുറിച്ചും ഒന്നും സ്ഥാപിച്ചുപറയുവാൻ സാധ്യമല്ല. ഇവിടെ പറയാനുള്ളത് ഇതു മാത്രമാണ് :അല്ലാഹുവിന്റെ പ്രവാചകന്മാരെ നേർക്കു നയിക്കുന്നതിനും, അവർക്കു മാർഗദർശനം നൽകുന്നതിനും, അവരുടെ കാൽ വഴുതാതിരിക്കേണ്ടതിനുമായി അല്ലാഹു അവർക്കു ചില പരീക്ഷണങ്ങൾ നൽകാറുള്ളതു പോലെ, സുലൈമാൻ (عليه السلام) നബിയുടെ ഭരണാധികാരത്തെയും, രാജപദവിയേയും സംബന്ധിക്കുന്ന എന്തോ വിഷയത്തിൽ അദ്ദേഹത്തിന് ചില പരീക്ഷണങ്ങൾ  നേരിട്ടു. സുലൈമാൻ (عليه السلام) റബ്ബിങ്കലേക്കു വിനയപ്പെടുകയും, അവനിൽ അർപ്പിച്ചുകൊണ്ട് പാപമോചനത്തിനും നന്മക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു ‘.(فى ظلال القرآن ٩٩ ج٢٣)

പരീക്ഷണ സംഭവത്തെത്തുടർന്നു സുലൈമാൻ (عليه السلام) പാപമോചനം തേടിയതിനെ കഥാകാരൻമാർ ചൂഷണം ചെയ്യാറുണ്ട്. കഥകളിൽ അദ്ദേഹത്തിന്റെ പേരിൽ ചുമത്തപ്പെട്ട പാപങ്ങൾ അദ്ദേഹം ചെയ്തുവെന്നതിനു തെളിവായി അവർ ഈ സംഗതി ഉദ്ധരിക്കുന്നത് കാണാം. കഥകൾ മിക്കവാറും വേദക്കാരിൽനിന്നു പകർന്നതും, തത്വദീക്ഷയില്ലാത്തവർ പ്രചരിപ്പിച്ചതുമാണല്ലോ. വേദക്കാരാണെങ്കിൽ, പാപവും നീചവൃത്തിയും ചെയ്യുന്ന കാര്യത്തിൽ, പ്രവാചകന്മാരും, അല്ലാത്തവരും അവരുടെ ദൃഷ്ടിയിൽ ഒരുപോലെയാണ്. (ഹിന്തുമതക്കാരുടെ സ്ഥിതിയും ഇതുപോലെത്തന്നെ). അതേസമയത്തു, വേദക്കാരിൽ ഒരുവിഭാഗക്കാർ സുലൈമാൻ (عليه السلام) നബിയെ പ്രവാചകനായി ഗണിക്കുന്നുമില്ല. കഥാകാരന്മാരാകട്ടെ, അവർക്കു സത്യതയുടെയോ, സംഭവ്യതയുടെയോ പ്രശ്നമില്ല. കേട്ടാൽ അതിശയോക്തിയും, കൗതുകവും ഉണ്ടോ എന്നേ അവർക്കു ആലോചിക്കേണ്ടതുള്ളൂ. വേദക്കാരിൽനിന്നു കേട്ടതെല്ലാം ശരിയായിരിക്കുമെന്നു തെറ്റിദ്ധരിക്കുന്നവരുമുണ്ട്.

മഹാന്മാരായ ആളുകളെപ്പറ്റി – നബിമാരെപ്പറ്റി പ്രത്യേകിച്ചും – അവർ പാപമോചനം തേടിയെന്നോ, അല്ലാഹു അവർക്കു പൊറുത്തു കൊടുത്തുവെന്നോ പറഞ്ഞുകാണുമ്പോഴേക്കും വാസ്തവത്തിൽ അവർ വമ്പിച്ച തെറ്റുകുറ്റങ്ങൾ ചെയ്തിരിക്കുമെന്നു വിശ്വസിക്കുവാൻ പാടില്ലാത്തതാണ്. വ്യക്തികളുടെ നിലപാടും സ്ഥിതിഗതികളും കണക്കിലെടുത്തു കൊണ്ടായിരിക്കും പാപങ്ങളുടെ ഗൗരവം കണക്കാക്കുന്നത്. സാധാരണക്കാരായ ആളുകളെ അപേക്ഷിച്ചും, അവരുടെ ദൃഷ്ടിയിലും കേവലം അനുവദനീയമായ ഒരു കാര്യം, മഹാനായ ഒരാളെ അപേക്ഷിച്ചും അയാളുടെ ദൃഷ്ടിയിലും ഒരു മഹാപാപമെന്നപോലെ ഗണിക്കപ്പെട്ടേക്കാം. നമ്മുടെ പരിചയത്തിൽ തന്നെ ഇതിനു ഉദാഹരണങ്ങൾ കാണാം. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഈ വസ്തുത മനസ്സിലാക്കാവുന്നതുമാണ്. സുലൈമാൻ നബി (عليه السلام) പാപം ചെയ്തതുകൊണ്ടാണ് പാപമോചനം തേടേണ്ടിവന്നതെന്നു വാദിക്കുന്നവർക്കു മറുപടിയായികൊണ്ടു ഇമാം റാസി (رحمه الله) പറയുകയാണ് : ‘ഏറ്റവും നല്ലതും, കൂടുതൽ വേണ്ടപ്പെട്ടതുമായ കാര്യങ്ങൾ വിട്ടുകളയുന്നതിൽനിന്നു മനുഷ്യൻ പരിശുദ്ധനായെന്നു വരികയില്ല. അന്നേരം അവൻ പാപമോചനം തേടുന്നതും ആവശ്യമായിത്തീരുന്നു’. حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ (സജ്ജനങ്ങളായുള്ളവരുടെ നന്മകൾ സാമീപ്യം സിദ്ധിച്ചവരുടെ തിന്മകളായിരിക്കും.) എന്നുണ്ടല്ലോ (*) മാത്രമല്ല, സ്വന്തം നിലയെ തരംതാഴ്ത്തിക്കാട്ടുകയും, വിനയവും താഴ്മയും പ്രകടമാക്കുകയും ചെയ്യുന്നവരായിരിക്കും അവർ (സാമീപ്യം സിദ്ധിച്ചവർ). ഇതനുസരിച്ചാണ് ‘ഞാൻ ദിനംപ്രതി എഴുപതു പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടുന്നു’ (**) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിരിക്കുന്നതു. (الرازى)


(*) സാധാരണ നിലക്കു സജ്ജനങ്ങളായി ഗണിക്കപ്പെടുന്ന ആളുകൾ നന്മയായി ഗണിച്ചുവരാറുള്ള ചില കാര്യങ്ങൾപോലും, അവരെക്കാൾ അല്ലാഹുവുമായി അടുപ്പമുള്ള മഹാന്മാരെ സംബന്ധിച്ചിടത്തോളം തിന്മകളായി ഗണിക്കപ്പെട്ടേക്കാം എന്നാണ് ഈ ആപ്തവാക്യത്തിന്റെ സാരം.

(**) വളരെ പ്രസിദ്ധമായ ഒരു നബിവചനമാണിത്. പല രിവായത്തുകളിലുമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ വചനത്തിലെ ആശയം ഇതാണ്. പാപരഹിതനായ ഞാൻപോലും ദിനംപ്രതി എഴുപതും അതിലധികവും പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ അവനോടു എപ്പോഴും പാപമോചനം തേടി പശ്ചാത്തപിച്ചു കൊണ്ടിരിക്കണം.


സുലൈമാൻ (عليه السلام) നബിക്കുണ്ടായ പരീക്ഷണം എങ്ങിനെയുള്ളതായിരുന്നാലും ശരി, അതദ്ദേഹത്തിന്റെ ഭരണത്തെ ഏതോ തരത്തിൽ ബാധിച്ചിരുന്നുവെന്നു തീർച്ചയാണ്. അദ്ദേഹത്തിന്റെ പക്കൽനിന്നു വന്നുപോയ വീഴ്ച്ചയിൽ അദ്ദേഹം പശ്ചാത്തപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജപദവിയും ഭരണക്രമവും സാധാരണ രാജാക്കളുടേതു പോലെയുള്ളതല്ല. അദ്ദേഹം ഒരു നബിയും റസൂലും കൂടിയാണ്. ആ നിലക്കു തൗഹീദിന്റെയും സത്യമതത്തിന്റെയും പ്രബോധനത്തിനും, പ്രചാരണത്തിനും ആ രാജത്വത്തെയും പ്രതാപത്തെയും അദ്ദേഹത്തിന് ഉപയോഗിക്കേണ്ടതുണ്ട്. അഥവാ അതിന്റെ ലക്ഷ്യംതന്നെ അതായിരിക്കും. അന്നത്തെ ജനസമുദായങ്ങളുടെയും അയൽരാജ്യങ്ങളുടെയും സ്ഥിതിഗതികളും ചുറ്റുപാടുകളും പരിഗണിക്കുമ്പോൾ വിശേഷിച്ചും പ്രസ്തുതലക്ഷ്യം നിറവേറേണ്ടതിനു തന്റെ ആധിപത്യം കൂടുതൽ പ്രബലവും അനുഗ്രഹീതവും ആകേണ്ടതുണ്ട്. അതിനാൽ പാപമോചനം തേടുന്നതോടൊപ്പം തന്നെ, തന്റെ രാജത്വത്തിന്റെ നന്മക്കുവേണ്ടിയും അദ്ദേഹം തേടുകയുണ്ടായി. ആ ആധിപത്യം സാധാരണപോലെയുള്ള ഭൗതിക ശക്തികളാൽ മാത്രം സജ്ജീകൃതമായാൽ പോരാ -സാധാരണ രാഷ്ട്രങ്ങൾക്കില്ലാത്ത ചില ദൈവീക സവിശേഷതകളാൽ സുദൃഡമാക്കപ്പെട്ടതു കൂടിയായിരിക്കണം -എന്നദ്ദേഹം ആശിക്കുകയും ചെയ്തു. അദ്ദേഹം പ്രാർത്ഥിച്ചു : رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا الخ (റബ്ബേ, എനിക്കു പൊറുത്തു തരേണമേ! എന്റെ  ശേഷം ഒരാൾക്കും സൗകര്യപ്പെടാത്ത ഒരു രാജ്യാധിപത്യം എനിക്കു പ്രദാനം ചെയ്കയും വേണമേ!) ഈ പ്രാർത്ഥനയുടെ ലക്ഷ്യം വമ്പിച്ച ഒരു ഭൗതിക രാഷ്ട്രമല്ല, അനുഗ്രഹീതമായ ഒരു ദൈവീകഭരണമാണെന്നു പറയേണ്ടതില്ല. രാജത്വവും പ്രവാചകത്വവും സമ്മേളിച്ച ഒരു പ്രബലരാഷ്ട്രമോ, രാജകുടുംബമോ വേറെ ഉള്ളതായി ഖുർആൻ മുഖേന അറിയപ്പെട്ടിട്ടുമില്ല.

സുലൈമാൻ (عليه السلام) നബിയുടെ പ്രാർത്ഥനയുടെ സാരം, തന്റെ ശേഷം മറ്റാർക്കും ലഭിക്കാത്ത തരത്തിലുള്ള ഒരു രാഷ്ട്രം വേണമെന്നല്ല – മറ്റാർക്കും പിടിച്ചടക്കുവാൻ സാധ്യമാകാത്തവണം അതു പ്രബലമായിരിക്കണം എന്നാണ് ചിലർ ധരിച്ചു വരുന്നത്. ഇതു ശരിയല്ല. ഖുർആനും നബിവചനവും ഈ ധാരണ തെറ്റാണെന്നു കാണിക്കുന്നു. ഈ പ്രാർത്ഥന സ്വീകരിച്ചതിനെപ്പറ്റി അടുത്ത ആയത്തിൽ അല്ലാഹു പറഞ്ഞ വാചകം നോക്കുക: ‘അപ്പോൾ അദ്ദേഹത്തിന് നാം തന്റെ കൽപനപ്രകാരം സഞ്ചരിക്കുന്ന കാറ്റിനെയും ‘കെട്ടിടനിർമാണവും മുങ്ങലും നടത്തുന്ന പിശാചുക്കളെയും കീഴ്പ്പെടുത്തികൊടുത്തു (فَسَخَّرْنَا لَهُ الرِّيحَ) എന്നാണല്ലോ. ഈ രണ്ടു കാര്യവും മറ്റാർക്കും സിദ്ധിക്കാത്തതാണെന്നും, സുലൈമാൻ (عليه السلام) നബിക്കു മാത്രം – ഈ പ്രാർത്ഥനയെ തുടർന്നു -സിദ്ധിച്ചതാണെന്നും വ്യക്തമാണ്. കൂടാതെ ‘എന്റെ ശേഷം ഒരാൾക്കും’ (لأحَدٍ مِنْ بَعْدِي) എന്നാണ് അദ്ദേഹം പറഞ്ഞ വാക്ക്. അദ്ദേഹത്തിന്റെ ശേഷം ഇങ്ങിനെയുള്ള പ്രത്യേകതകൾ മറ്റാർക്കും ലഭിച്ചിട്ടില്ല എന്നല്ലാതെ, അദ്ദേഹത്തിന്റെ രാഷ്ട്രം അദ്ദേഹത്തിനു ശേഷം ഇന്നേവരെ ആർക്കും പിടിച്ചടക്കുവാൻ സാധിച്ചിട്ടില്ല എന്നാരെങ്കിലും പറയുവാൻ ധൈര്യപ്പെടുമോ ?!അദ്ദേഹത്തിന്റെ കാലശേഷം ഏറെത്താമസിയാതെ തന്നെ ആ രാഷ്ട്രം ദുർബ്ബലമാകുകയും, അന്യാധീനപ്പെടുകയും ഉണ്ടായത് ഒരു ചരിത്ര സത്യമാണ്. മറ്റാർക്കും ലഭിക്കാത്ത വിധത്തിലുള്ള ഒരു പ്രത്യേക സ്ഥാനം എന്റെ രാഷ്ട്രത്തിനു വേണമെന്നു അദ്ദേഹം ആഗ്രഹിച്ചതു ഒരു ധിക്കാരമോ അസൂയയോ ആയി വല്ലവരും കരുതുന്നുണ്ടെങ്കിൽ, അതിനു സുലൈമാൻ (عليه السلام) നെ പ്രേരിപ്പിച്ച -മുകളിൽ ചൂണ്ടിക്കാട്ടിയ- പരിതഃസ്ഥിതികൾ വിലയിരുത്താത്തതു കൊണ്ടോ, ഭൗതീക വീക്ഷണത്തിൽകൂടി മാത്രം ആ പ്രാർത്ഥന വിലയിരുത്തിയതുകൊണ്ടോ ആയിരിക്കും അത്.

തന്റെ ശേഷം മറ്റാർക്കും പിടിച്ചടക്കുവാൻ സാധ്യമാകാത്ത രാഷ്ട്രമാണ് സുലൈമാൻ (عليه السلام) ചോദിച്ചതെന്ന വ്യാഖ്യാനം ശരിയല്ലെന്നു – മേൽകണ്ടതുപോലുള്ള കാരണങ്ങൾ സഹിതം – പ്രധാനപ്പെട്ട പല വ്യാഖ്യാതാക്കളും പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇമാം ഇബ്നുകഥീർ (رحمه الله) പറയുന്നു: ‘തന്റെ സിംഹാസനപീഠത്തിൽ ഇടപ്പെട്ട ആ ശരീരത്തിന്റെ സംഭവത്തിൽനിന്നു ഉളവായതുപോലെ, ഇനിമേൽ ഒരാൾക്കും പിടിച്ചുപറ്റുവാൻ ഇടയാകാത്തതു എന്നാണ് ഈ പ്രാർത്ഥനയുടെ സാരം. അഥവാ തന്റെശേഷം ആർക്കും ലഭിക്കുവാൻ വഴിയില്ലാത്തതു എന്നല്ല അതിന്റെ ഉദ്ദേശ്യം എന്നാണ് ചിലർ പറയുന്നത്. വാസ്തവത്തിൽ, തന്റെശേഷം യാതൊരാൾക്കും തന്റേതുപോലെ ഉണ്ടാവാത്ത വിധത്തിലുള്ള ഒരു രാജത്വമാണ് അദ്ദേഹം ചോദിച്ചതെന്നുള്ളതാണ് ശരി. ആയത്തിലെ വാചകഘടന അറിയിക്കുന്നതും അതാണ്. പല മാർഗ്ഗങ്ങളിൽകൂടി പ്രബലമായ ഹദീസുകളും ഈ വിഷയത്തിൽ വന്നിട്ടുണ്ട്. (ابن كثير) തുടർന്നുകൊണ്ടു ഇതിനു തെളിവായ പല ഹദീസുകളും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നതു കാണാം. അവയിൽ ഒന്നാമത്തേത്, ഇമാം ബുഖാരി (رحمه الله) മുതലായ പലരും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസാകുന്നു. ഒരു രാത്രി ഒരു ഭൂതത്താൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെമേൽ കുതറിചാടുവാൻ ഉദ്ദേശിച്ചുവെന്നും, ജനങ്ങൾ കാണുമാറ് അവനെ തൂണിൽപിടിച്ചു കെട്ടുവാൻ തിരുമേനി കരുതിയെന്നും, പക്ഷെ, സഹോദരനായ സുലൈമാൻ (عليه السلام) നബിയുടെ ഈ പ്രാർത്ഥന ഓർത്ത് അവനെ വിട്ടയച്ചെന്നുമാണ് ഹദീസിന്റെ ചുരുക്കം. അപ്പോൾ ജിന്നുകളെയും പിശാചുക്കളെയും മറ്റും കീഴ്പ്പെടുത്തിക്കൊടുക്കപ്പെട്ട പ്രത്യേകതയായിരുന്നു സുലൈമാൻ (عليه السلام) യുടെ പ്രാർത്ഥനാഫലമായി ലഭിച്ചിരുന്നതെന്നു ഇതിൽനിന്നു മനസ്സിലാക്കാമല്ലോ. ഇമാം ബുഖാരി (رحمه الله) ഈ ആയത്തിന്റെ വ്യാഖ്യാനമായികൊണ്ട് തഫ്സീറിന്റെ വിഭാഗത്തിലും, അല്ലാതെയും ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു. ഇതും പ്രത്യേകം ശ്രദ്ധേയമാണ്. ഈ വിഷയകമായി കൂടുതൽ വിവരം സൂ: അന്നംലിന് ശേഷമുള്ള വ്യാഖ്യാനക്കുറുപ്പിൽ നമുക്ക് കഴിഞ്ഞു പോയിട്ടുള്ളത് ഓർക്കുക,ഈ ഹദീസിന്റെ പൂർണ്ണരൂപവും  അവിടെ കാണാം.

മൂസാനബി (عليه السلام), ഈസാനബി (عليه السلام) മുതലായവർക്കു ചില പ്രത്യേക അമാനുഷിക ദൃഷ്ടാന്തങ്ങൾ (المعجزات) നൽകപ്പെട്ടിരുന്നതു പോലെ, സുലൈമാൻ നബിക്കു മാത്രം സിദ്ധിച്ച രണ്ടു അമാനുഷികദൃഷ്ടാന്തങ്ങൾ കൂടിയായിരുന്നു കാറ്റിനെയും, ജിന്നുവർഗ്ഗത്തെയും അധീനപ്പെടുത്തിക്കൊടുത്തത്. ഇവയെപ്പറ്റിയും, പിശാചുക്കളുടെ പ്രവൃത്തികളെപ്പറ്റിയും സൂ: അമ്പിയാഉ് : 81, 82ലും, സൂ:സബഉ് 12, 13ലും, അവയുടെ വിവരണങ്ങളിലും, മറ്റും നാം വായിച്ചുവല്ലോ. അതുകൊണ്ട് ഇവിടെ അതു ആവർത്തിക്കുന്നില്ല. കാറ്റിന്റെ വേഗതയെ ഉദ്ദേശിച്ചുകൊണ്ടാണ് عاصفة (ശക്തിയായി അടിച്ചുവീശുന്നതു) എന്നു സൂ :അമ്പിയാഇൽ ഈ കാറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ رخاء (സൗമ്യമായതു ) എന്നു വിശേഷിപ്പിച്ചതു അതിന്റെ സൗകര്യപ്രദമായ ശാന്തതയും കുറിക്കുന്നു. ജിന്നുവർഗ്ഗത്തിൽപെട്ട ദുഷിച്ച വിഭാഗത്തിനാണ് പിശാചുക്കളെ (الشياطين) ന്നു പറയുന്നത്. ഈ പിശാചുക്കളുടെ കൂട്ടത്തിൽ അനുസരണമില്ലാത്ത ധിക്കാര ശീലന്മാരെക്കുറിച്ചായിരിക്കാം وَآخَرِينَ مُقَرَّنِينَ فِي الأصْفَادِ (വിലങ്ങുകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലരും) എന്നു പറഞ്ഞിരിക്കുന്നത്. ആ പിശാചുക്കളെ ബന്ധിച്ചിരുന്ന വിലങ്ങുചങ്ങലകൾ എപ്രകാരമുള്ളതാണെന്നു നമുക്കറിഞ്ഞുകൂടാ. പിശാചുക്കൾ നമ്മുടെ കാഴ്ചക്കതീതരായതുകൊണ്ടു അവരുടെ പ്രകൃതിക്കനുസരിച്ച ഏതോ തരം വിലങ്ങുകളായിരിക്കും അവ എന്നുപറയാനേ നിവൃത്തിയുളളൂ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ പ്രത്യക്ഷപ്പെട്ട ഭൂതത്താനെ പള്ളിയുടെ തൂണിൽ ബന്ധിക്കുവാൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കരുതിയതായി നാം ഹദീസിൽ കണ്ടുവല്ലോ. ചില പരീക്ഷണങ്ങൾക്കു വിധേയനാവുകയുണ്ടായെങ്കിലും സുലൈമാൻ (عليه السلام) നബി അല്ലാഹുവിങ്കൽ എത്രമാത്രം ആദരണീയനാണെന്നു അടുത്ത വചനങ്ങളിൽനിന്നു മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

38:39
  • هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ ﴾٣٩﴿
  • '(ഹേ, സുലൈമാൻ!) ഇത് നമ്മുടെ ദാനമാണ്. ആകയാൽ, കണക്കുകൂടാതെ ഉപകാരം ചെയ്യുകയോ വെച്ച് കൊള്ളുകയോ ചെയ്തേക്കുക
  • هَٰذَا ഇതു عَطَآؤُنَا നമ്മുടെ ദാനം(സംഭാവന, കൊടുതി) ആകുന്നു فَامْنُنْ അതുകൊണ്ടു ഉപകാരം(നന്മ) ചെയ്യുക أَوْأَمْسِكْ അല്ലെങ്കിൽ വെച്ചുകൊള്ളുക بِغَيْرِ حِسَابِِ കണക്കില്ലാതെ, വിചാരണകൂടാതെ
38:40
  • وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ ﴾٤٠﴿
  • നിശ്ചയമായും, അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ അടുപ്പവും, നല്ല മടക്കസ്ഥാനവും ഉണ്ടുതാനും.
  • وَإِنَّ لَهُ നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും عِنْدَنَا നമ്മുടെ അടുക്കൽ لَزُلْفَى അടുപ്പം, സാമീപ്യസ്ഥാനം وَحُسْنَ مَىَٔابٍ നല്ല മടക്കസ്ഥാനവും

സുലൈമാൻ (عليه السلام) നബിക്ക് നൽകപ്പെട്ട വമ്പിച്ച അനുഗ്രഹങ്ങളെ ചൂണ്ടിക്കൊണ്ട് അദ്ദേഹത്തോട് അല്ലാഹു പറയുകയാണ്: ‘ഇതെല്ലാം നാം തനിക്ക് തന്നരുളിയ അനുഗ്രഹങ്ങളാകുന്ന ദാനമാണ് ,തന്റെ ഇഷ്ടം പോലെ അവയെ വിനിയോഗിക്കുകയും, നിരുപാധികം കൈകാര്യം നടത്തുകയും ചെയ്തു കൊള്ളുക.’ അത്യുദാരനും അതിമഹാനുമായ യജമാനൻ തന്റെ പ്രിയപ്പെട്ട അടിമയ്ക്ക് നൽകുന്ന അനുമോദനമത്രെ ഇത് .കയ്യിൽ വന്നതെല്ലാം പിശുക്കുപിടിച്ചു അടക്കിവെക്കുമെന്നുള്ള ആശങ്കക്കും സംശയത്തിനും ഇവിടെ സ്ഥാനമില്ല. ലോഭം കൂടാതെ ചിലവഴിക്കുവാനും വേണ്ടതുപോലെ ഉപയോഗപ്പെടുത്തുവാനും തികച്ചും സന്നദ്ധനാണ് ആ അടിമ. ആ പരമാർത്ഥം സസൂഷ്മം അറിയാവുന്നവനാണ് യജമാനൻ . എന്നിരിക്കെ ‘വേണ്ട വിഷയത്തിൽ ചിലവഴിക്കണം, പിശുക്ക് കാണിച്ചു കെട്ടിപ്പൂട്ടി വെക്കരുത് ‘ എന്ന താക്കീത് നൽകേണ്ടുന്ന ആവശ്യമില്ല. അഥവാ അടിമയ്ക്കു യജമാനന്റെ അടുക്കലുള്ള മാന്യമായ സ്ഥാന പദവിക്ക് ചേർന്നതല്ല അത്.

ഇഷ്ടംപോലെ ചെലവഴിക്കുകയോ ചെലവഴിക്കാതിരിക്കുകയോ ചെയ്തേക്കുക എന്ന സ്വാതന്ത്രം നല്കിയതുകൊണ്ട് ഒരുപക്ഷേ സുലൈമാൻ (عليه السلام) തനിക്ക് സിദ്ധിച്ച വിഭവങ്ങളൊന്നും നല്ല മാർഗ്ഗത്തിൽ ചിലവഴിക്കാതെ പിടിച്ചടക്കി വെച്ചേക്കുവാൻ കാരണമായേക്കുമോ- ഈ അനുമോദന വാക്യം എന്ന് ചിലർ ശങ്കിക്കുന്നത് കാണാം. ഈ ശങ്കനിമിത്തം ഈ വാക്യത്തിന് വളഞ്ഞു തിരിഞ്ഞ ചില വ്യാഖ്യാനങ്ങൾ നൽകുവാൻ അവർ നിർബന്ധിതരാകുകയും ചെയ്യുന്നു . അങ്ങനെ, بِغَيْرِ حِسَابٍ (കണക്ക് കൂടാതെ) എന്ന വാക്ക് عَطَاؤُنَا (നമ്മുടെ ദാനമാണ്) എന്ന വാക്കുമായി ബന്ധപ്പെട്ടതാണെന്നും, هَذَا عَطَاؤُنَا (ഇതു നമ്മുടെ ദാനമാണ്) എന്നു പറഞ്ഞത് വിലങ്ങുകളിൽ ബന്ധിക്കപ്പെട്ട പിശാചുക്കളെ ചൂണ്ടിക്കൊണ്ടാണെന്നുമാണ് അവർ പറയുന്നത്. ഇതനുസരിച്ച് ആയത്തിന് അവർ നൽകുന്ന താല്പര്യം ഇപ്രകാരമാകുന്നു: ‘ഈ ധിക്കാരികളായ പിശാചുക്കളെ അടക്കി അമർത്തുവാൻ സാധിപ്പിച്ചു തന്നത് നമ്മുടെ വക കണക്കറ്റ ദാനമാണ്. അതുകൊണ്ട് അവയെ ഉദാരപൂർവം വിട്ടയക്കുകയോ അല്ലെങ്കിൽ വിട്ടയക്കാതെ പിടിച്ചുവെക്കുകയോ ചെയ്തു കൊള്ളുക.’ ഈ വ്യാഖ്യാനം ആയത്തിലെ വാചകഘടനക്കും ഇതിനു മുമ്പത്തെ ആയത്തുകളുമായുള്ള പൊരുത്തത്തിനും നിരക്കാത്തതാണ്. ആയത്തിന്റെ ശരിയായ ആശയം ശ്രദ്ധിക്കാത്തതിൽ നിന്നും, പ്രവാചകവര്യനായ സുലൈമാൻ (عليه السلام) നബിയെ കേവലം സാധാരണ രാജാക്കളുമായി തുലനം ചെയ്തതിൽ നിന്നുമാണ് ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾക്ക് ഇവർ നിർബന്ധിതരായത്.

റസൂലായ ഒരു അടിമയായിരിക്കുവാനാണോ, അതല്ല ഒരു രാജാവായ നബി ആയിരിക്കുവാനാണോ, ഇഷ്ടമെന്നു (അല്ലാഹുവിന്റെ ഭാഗത്തുനിന്ന്) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് അഭിപ്രായം ചോദിക്കപ്പെട്ടുവെന്നും, തിരുമേനി ഒന്നാമത്തെ നിലപാടാണ് തിരഞ്ഞെടുത്തതെന്നും ബുഖാരിയും മുസ്‌ലിമും (رضي الله عنه) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ വന്നിരിക്കുന്നു. ഇതു പോലെ, സുലൈമാൻ (عليه السلام) നബി തന്റെ പക്കലുള്ള വിഭവങ്ങൾ ചിലവഴിക്കുകയും ചെലവഴിക്കാതിരിക്കുകയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നൽകലാണ് ഈ വചനത്തിന്റെ താൽപര്യമെന്ന് വെച്ചാൽ പോലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരഞ്ഞെടുത്തതു പോലെ ആ രണ്ടിൽ വച്ച് ഏറ്റവും ഉത്തമമായ വശം മാത്രമായിരിക്കും അദ്ദേഹം സ്വീകരിച്ചിരിക്കുകയെന്ന് നമുക്ക് നിസ്സംശയം പറയാം. ‘അടിമയെ വടികൊണ്ട് കൊട്ടേണ്ടിവരും, സ്വതന്ത്രന് സൂചന മതിയാകും.’ (العبد يقرع بالعصا والحر يكفيه الإشارة) എന്നൊരു ഉപമാ വാക്യമുണ്ട്.

സുലൈമാൻ (അവർ) നബിക്ക് സിദ്ധിച്ച ഐഹികമായ അനുഗ്രഹങ്ങളെ പ്പറ്റി പ്രസ്താവിച്ച ശേഷം, അദ്ദേഹത്തിന് അല്ലാഹുവിങ്കലും പരലോകത്തുവെച്ചുമുള്ള ഉൽകൃഷ്ടസ്ഥാന പദവികളെ പറ്റിയാണ് അവസാനത്തെ വചനം. അല്ലാഹുവിങ്കൽ സാമീപ്യ സ്ഥാനം ലഭിക്കുക, പരലോകത്ത് ഏറ്റവും നല്ല പര്യവസാനവും ലഭിക്കുക! ഇതിനപ്പുറം സൽഭാഗ്യം മറ്റെന്തുണ്ട്?! അടുത്ത ആയത്തുകളിൽ അയ്യൂബ് (عليه السلام) നബിക്ക് ബാധിച്ച ചില പരീക്ഷണങ്ങളെയും, അതിന്റെ പര്യവസാനത്തെയും കുറിച്ച് പ്രസ്താവിക്കുന്നു.

വിഭാഗം - 4

38:41
  • وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍ وَعَذَابٍ ﴾٤١﴿
  • നമ്മുടെ അടിയാൻ അയ്യൂബിനെയും, ഓർക്കുക. അതായതു, അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു [പ്രാർത്ഥിച്ച]പ്പോൾ; നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പർശിച്ചിരിക്കുന്നു എന്ന്.
  • وَاذْكُرْ ഓർക്കുക (പ്രസ്താവിക്കുക, പറയുക)യും ചെയ്യുക عَبْدَنَآ നമ്മുടെ അടിയാനെ أَيُّوبَ അയ്യൂബിനെ إِذْ نَادَى അദ്ദേഹം വിളിച്ച സന്ദർഭം رَبَّهُ തന്റെ രക്ഷിതാവിനെ أَنِّى مَسَّنِى നിശ്ചയമായും എന്നെ സ്പർശിച്ചിരിക്കുന്നുവെന്നു الشَّيْطَانُ പിശാചു بِنُصْبٍ അവശത(ക്ഷീണം, വിഷമം)യുമായി وَعَذَابٍ പീഢനവും, യാതനയും, ശിക്ഷയും
38:42
  • ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ ﴾٤٢﴿
  • (നാം ഉത്തരം നൽകി:) 'നീ നിന്റെ കാലുകൊണ്ടു കൊട്ടുക; ഇതാ, തണുത്ത സ്നാനജലവും, പാനീയവും!'
  • ارْكُضْ തട്ടുക, കൊട്ടുക, ചാടുക بِرِجْلِكَ നിന്റെ കാലുകൊണ്ടു هَٰذَا ഇതാ مُغْتَسَلٌ സ്നാനജലം, കുളിക്കാനുള്ള വക بَارِدٌ തണുത്ത, കുളുർത്ത وَشَرَابٌ പാനീയവും, കുടിക്കാനുള്ളതും
38:43
  • وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ ﴾٤٣﴿
  • അദ്ദേഹത്തിനു തന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്ര (വേറെ)യും നാം പ്രദാനം ചെയ്കയും ചെയ്തു; നമ്മുടെ പക്കൽനിന്നുള്ള ഒരു (പ്രത്യേക) കാരുണ്യവും, ബുദ്ധിമാൻമാർക്ക് ഒരു സ്മരണയുമായിട്ടത്രെ (അങ്ങിനെ ചെയ്തത്).
  • وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു أَهْلَهُ തന്റെ സ്വന്തക്കാരെ വീട്ടുകാരെ وَمِثْلَهُمۡ അവരുടെ അത്രയും مَعَهُمۡ അവരോടുകൂടി رَحْمَةً കാരുണ്യമായിട്ടു, കാരുണ്യത്തിനു مِنَّا നമ്മുടെ പക്കൽനിന്നുള്ള وَذِكْرَىٰ സ്മരണയായും (പാഠത്തിനും) لِأُولِی الْأَلْبَابِ ബുദ്ധിമാന്മാർക്കു

സംഭവങ്ങൾ വളരെ ചുരുക്കി വിവരിക്കുകയും, അവയിലടങ്ങിയ പാഠങ്ങൾക്കു പ്രാധാന്യം കൽപിക്കുകയും ചെയ്യുക ക്വുർആന്റെ പതിവാണ്. അയ്യൂബ് (عليه الصلاة والسلام) നബിക്കു  ബാധിച്ച ആപത്തിന്റെ വിശദവിവരം ഇവിടെയാകട്ടെ, അതിനെപ്പറ്റി പ്രസ്താവിക്കുന്ന മറെറാരദ്ധ്യായമായ സു: അമ്പിയാഇലാകട്ടെ, പ്രസ്താവിക്കപ്പെട്ടിട്ടില്ല. പല രിവായത്തുകളും ഇവിടെ ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും, അവ മിക്കതും അതിശയോക്തി നിറഞ്ഞതും, തെളിവിന്റെ പിൻബലമില്ലാത്തതുമാകുന്നു. ഒട്ടുമുക്കാലും വേദക്കാരിൽനിന്നു പകർത്തപ്പെട്ടവയുമാണ്. കൂട്ടത്തിൽവെച്ച് ഏറ്റവും ബലപ്പെട്ട രിവായത്തു എന്നു ഇമാം അസ്ഖലാനീ (رحمه الله) ചൂണ്ടിക്കാട്ടുകയും, ഇബ്നു ജരീർ (رحمه الله), ഇബ്നു കഥീർ (رحمه الله) മുതലായവർ അനസ് (رضي الله عنه) പറഞ്ഞതായി ഉദ്ധരിക്കുകയും ചെയ്യുന്ന ഒരു രിവായത്താകുന്നു. അതിന്റെ സാരം ഇതാണ്:

‘അയ്യൂബ് നബി (عليه الصلاة) പതിമൂന്ന് കൊല്ലം (*) പരീക്ഷിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ സഹോദരങ്ങളായ രണ്ടുപേരല്ലാത്ത അടുത്ത ബന്ധുക്കളും, അകന്ന ബന്ധുക്കളുമെല്ലാം അദ്ദേഹത്തെ കയ്യൊഴിച്ചു. ഈ രണ്ടു പേർ അദ്ദേഹത്തിന്റെ അടുക്കൽ വന്നും പോയും കൊണ്ടിരുന്നു. ഒരാൾ മറ്റവനോടു പറഞ്ഞു: ഇദ്ദേഹം ഏതെങ്കിലും ഒരു മഹാപാപം ചെയ്തിരിക്കണം. ഇല്ലെങ്കിൽ ഈ ആപത്തു വിട്ടുപോകേണ്ടതായിരുന്നു. വിവരം അബൂബ് (عليه الصلاة) അറിഞ്ഞു. അദ്ദേഹം വ്യസനപ്പെട്ട് പ്രാർത്ഥിച്ചു. അദ്ദേഹം (മലമൂത്രവിസർജ്ജനത്തിന്റെ) ആവശ്യാർത്ഥം ഭാര്യയുടെ കൈപിടിച്ചു വെളിയിൽ പോകയുണ്ടായി. അതു കഴിഞ്ഞശേഷം ആ സ്ത്രീ വന്നെത്തുവാൻ താമസിച്ചു. ആ അവസരത്തിൽ, ഭൂമിയിൽ കാലു കൊട്ടുവാൻ അല്ലാഹു അദ്ദേഹത്തിനു വഹ്-യു നൽകി. കാൽ കൊട്ടിയപ്പോൾ ഒരു ഉറവു പൊന്തി. അദ്ദേഹം അതിൽനിന്നു കുളിച്ചു. അങ്ങിനെ അദ്ദേഹം സുഖം പ്രാപിച്ച് മടങ്ങിപ്പോന്നു. ഭാര്യ വന്നു നോക്കുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടു അറിഞ്ഞില്ല. അയ്യൂബ് നബി (عليه الصلاة والسلام) നെപ്പറ്റി അദ്ദേഹത്തോടുതന്നെ അന്വേഷിച്ചു. അയ്യൂബ് ഞാൻ തന്നെ എന്നദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനു രണ്ടു കളങ്ങൾ (ധാന്യങ്ങൾ കൊയ്തു ശേഖരിക്കുന്ന സ്ഥലങ്ങൾ) ഉണ്ടായിരുന്നു. ഒന്ന് നല്ല കോതമ്പത്തിന്റേതും മറ്റേതു തൊലിക്കോതമ്പ (യവ)ത്തിന്റേതും. അല്ലാഹു മേഘത്തെ അയച്ച് ആദ്യത്തേതിൽ സ്വർണ്ണവും, മറ്റേതിൽ വെള്ളിയും വർഷിപ്പിച്ചു’.

(رواه ابن ابي حاتم وابن جرير وصححه الحاكم وابن حبان)

തക്കവിധം മഴ വർഷിക്കുകയും, ധാന്യം അതിസമൃദ്ധിയായി ഉൽപാദിപ്പിക്കുകയും ചെയ്തുവെന്നായിരിക്കും സ്വർണ്ണവും വെള്ളിയും വർഷിപ്പിച്ചുവെന്നു പറഞ്ഞിരിക്കുന്നതിന്റെ താൽപര്യം. الله ٲعلم


(*) ‘ഫത്ത്ഹുൽ ബാരി’യിൽ പതിമൂന്നു (ثلاث عشرة) എന്നും മറ്റും ചിലതിൽ പതിനെട്ടു (ثمانى عشرة) എന്നും കാണുന്നു. രണ്ടിലൊന്നു അക്ഷരപ്പിഴവായിരിക്കാം. اللّه أعلم


അയ്യൂബ് (عليه الصلاة) ന്റെ രോഗമെന്തായിരുന്നുവെന്നു ഈ രിവായത്തിലും പറയുന്നില്ല. ഏതായാലും, അദ്ദേഹത്തിന്റെ ശരീരത്തിലും, സ്വത്തിലും വളരെ കഷ്ടനഷ്ടങ്ങൾ ബാധിച്ചിരുന്നുവെന്നും , അദ്ദേഹത്തിന്റെ സ്വന്തക്കാർ പോലും അദ്ദേഹത്തെ ഉപേക്ഷിക്കുകയുണ്ടായെന്നും രിവായത്തുകളിൽനിന്നു മാത്രമല്ല, ക്വുർആന്റെ പ്രസ്താവനകളിൽനിന്നും നല്ലപോലെ മനസ്സിലാക്കുവാൻ കഴിയും. ആപത്തിന്റെ കാഠിന്യംനിമിത്തം, തന്റെ നിലപാടിനു യോജിച്ചതല്ലാത്ത വല്ല മനോവികാരവും തന്നിൽ ഉണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടോ ചീത്ത കാര്യങ്ങളെ പിശാചുമായി ബന്ധപ്പെടുത്തിപ്പറയാറുള്ള പതിവനുസരിച്ചോ ആയിരിക്കാം ‘എന്നെ പിശാച് സ്പർശിച്ചു’ (مَسَّنِىَ ٱلشَّيْطَٰنُ) എന്നു അദ്ദേഹം പറഞ്ഞത്. സൂ: അമ്പിയാഇൽ ഈ സ്ഥാനത്തു ‘എനിക്ക് കഷ്ടത ബാധിച്ചിരിക്കുന്നു’ (مَسَّنِيَ الضُّرُّ)’ എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ, പിശാചിന്റെ ദുർബോധനങ്ങൾക്കു അദ്ദേഹം വശംവദനായെന്നു ഇതിനർത്ഥമില്ല. അടുത്ത വചനത്തിൽ, അദ്ദേഹം പരീക്ഷണത്തിൽ വരിച്ച ക്ഷമയെക്കുറിച്ചും മറ്റും അല്ലാഹു അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളതു നോക്കുക! ആ വാക്യങ്ങൾ ഇതിനു മതിയായ തെളിവാകുന്നു. ഈ സംഭവകഥയെപ്പറ്റി സൂ: അമ്പിയാഉ് 83,84 എന്നീ ആയത്തുകളുടെ വിവരണത്തിൽ നാം വിവരിച്ചിട്ടുള്ളതു ഇവിടെ ഓർക്കുന്നതു നന്നായിരിക്കും.

രോഗശമനത്തിനുവേണ്ടി അല്ലാഹു അയ്യൂബ് (عليه الصلاة) നു വഹ്‌യു നൽകിയതു നിലത്തു കാൽ കൊട്ടുവാനും, അപ്പോൾ പ്രത്യക്ഷപ്പെടുന്ന തണുത്ത വെള്ളത്തിൽനിന്നു കുളിക്കുവാനും കുടിക്കുവാനുമായിരുന്നു. ആ വെള്ളത്തിൽ അടങ്ങിയ രഹസ്യം എന്താണെന്നു അല്ലാഹുവിനറിയാം. ചിലർ പറയാറുള്ളതുപോലെ; അദ്ദേഹത്തിന്റെ രോഗം ചർമ്മരോഗമോ മറ്റോ ആയിരിക്കാമെന്നും, ആ വെള്ളത്തിൽ ഗന്ധകഗുണം പോലെയുള്ള വല്ല ഔഷധവീര്യവും കലർന്നിരിക്കാം എന്നോ നിശ്ചയിക്കുവാൻ യാതൊരു തെളിവുമില്ല. അതുപോലെത്തന്നെ മറ്റു ചിലർ, ارْكُضْ بِرِجْلِكَ എന്ന വാക്കിനു ‘നീ നിന്റെ കാൽ ചലിപ്പിക്കുക’ അല്ലെങ്കിൽ ‘നിന്റെ കുതിരയെ ഓടിപ്പിക്കുക’ എന്നു അർത്ഥം കൽപിക്കുകയും, അതിനു ഇങ്ങിനെ വിവക്ഷ നൽകുകയും ചെയ്തു കാണുന്നു: ‘അദ്ദേഹം ശത്രുക്കളുടെ അക്രമങ്ങളിൽപ്പെട്ടു എവിടെയോ പെട്ടിരിക്കാം, അവിടെനിന്നു കുതിരയെ ഓടിച്ചുകൊണ്ട് – അല്ലെങ്കിൽ കുറെ ദൂരം നടന്നു കൊണ്ടു- വല്ല വെള്ളസ്ഥലത്തും പോയി തണുത്ത വെള്ളത്തിൽ ഒന്നു കുളിച്ചാൽ ശത്രുക്കളിൽനിന്നു ഏറ്റ പരിക്കുകൾ തീർക്കാം’. ഇതാണ് ആ വ്യാഖ്യാനം. ശത്രുക്കളിൽനിന്നു ഏൽക്കുന്ന പരിക്കുകൾ കുളിച്ചതുകൊണ്ട് സുഖപ്പെടുന്നതെങ്ങിനെയാണെന്നു നമുക്കു മനസ്സിലാകുന്നില്ല. വാസ്തവത്തിൽ, കാലു കൊട്ടുവാനും, കുളിക്കുവാനും കൽപിച്ചതും, അതുമൂലം രോഗശമനം വരുന്നതും അയ്യൂബ് (عليه الصلاة) നബിക്കു അല്ലാഹു നൽകിയ ഒരു പ്രത്യേക അനുഗ്രഹമായിരുന്നുവെന്നാണ് ക്വുർആന്റെ പ്രസ്താവനയിൽനിന്നു മനസ്സിലാകുന്നത്. ഈ വസ്തുത സ്വീകരിക്കുവാൻ തയ്യാറില്ലാത്തവർ സംഭവത്തിനു തികച്ചും സർവ്വസാധാരണത്വം നൽകുവാൻവേണ്ടി ചെയ്ത ചില ശ്രമങ്ങൾ എന്നു മാത്രമേ ഈ അഭിപ്രായങ്ങളെപ്പറ്റി പറയുവാനുള്ളൂ.

‘നിന്റെ കുതിരയെ ഓടിപ്പിക്കുക’ എന്ന അർത്ഥം ആ വാക്കിനു കൽപിക്കുവാൻ ന്യായം കാണുന്നില്ല. കാരണം, رَكَضَ എന്നാൽ ‘കാൽ കൊട്ടുക’ എന്നും ‘കാൽ ഇളക്കുക’ എന്നും ‘ഓടുക’ എന്നും അർത്ഥമുണ്ട്. رَكَضَ الْفَرَسَ بِرِجْلِهِ (കുതിരയെ കാലുകൊണ്ടു കൊട്ടി) എന്ന് കുതിരയെ കർമ്മമാക്കിക്കൊണ്ടു പറഞ്ഞിരുന്നുവെങ്കിൽ അതിനു കുതിര ഓടിച്ചുപോകുക എന്നു അർത്ഥം കൽപിക്കാമായിരുന്നു. പക്ഷേ, കുതിരയെപ്പറ്റി -ഇവർ എന്തോ സങ്കൽപിച്ചതല്ലാതെ- ക്വുർആനിൽ സൂചിപ്പിച്ചിട്ടുപോലുമില്ല. കാൽ ഇളക്കി കുറെ ദൂരം നടന്നുപോകുക എന്നു അർത്ഥം കൽപിക്കാനും വഴികാണുന്നില്ല. കാരണം, തൊട്ട വാക്യം هَـٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ الخ (ഇതാ തണുത്ത സ്നാന ജലവും പാനീയവും) എന്നാണല്ലോ. هَـٰذَا (ഹാദാ) എന്ന വാക്കു അടുത്തുള്ളതിനെ ചൂണ്ടിപ്പറയുവാനുള്ളതാണെന്നു പരക്കെ അറിയപ്പെട്ടതുമാണ്. എനി, കാൽ ഇളകി ഓടുക എന്നു അതിനു അർത്ഥം കൊടുക്കാമെന്നു സമ്മതിക്കുക: ഇവരുടെ സങ്കൽപപ്രകാരം ശത്രുക്കളിൽനിന്നു പരിക്കേറ്റു വിഷമിച്ചുകൊണ്ടിരിക്കുകയാണ് അയ്യൂബ് നബി (عليه الصلاة). എന്നിരിക്കെ, അദ്ദേഹത്തോടു കുറെ ദൂരം ഓടാൻ പറയുന്നതു എത്രമാത്രം ഉചിതമായിരിക്കും? ആലോചിച്ചുനോക്കുക! ചുരുക്കിപ്പറഞ്ഞാൽ, ഒരു ഉദ്ദേശ്യം ആദ്യം മനസ്സിൽവെച്ചുകൊണ്ടു അതിനനുസരിച്ചു ക്വുർആൻ വാക്യത്തിനു അർത്ഥം കൽപിക്കുന്നതു നന്നല്ല.

വളരെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചുവെങ്കിലും, അല്ലാഹു അയ്യൂബ് (عليه الصلاة) നബിയുടെ പ്രാർത്ഥന സ്വീകരിക്കുകയും, അദ്ദേഹത്തിനു കരുണ ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ വിട്ടകന്നുപോയ കുടുംബങ്ങളെയും, ബന്ധുക്കളെയും അല്ലാഹു അദ്ദേഹത്തിലേക്കു തിരിച്ചുവരുത്തുകയും, അവർ പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അങ്ങിനെ, അദ്ദേഹത്തിനു കൂടുതൽ സന്തുഷ്ടമായ നിലപാടും, ക്ഷേമൈശ്വര്യങ്ങളും കൈവന്നു. ഇതു അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്ത വമ്പിച്ച ഒരു അനുഗ്രഹമാണ്. അതോടൊപ്പം ഇങ്ങിനെയുള്ള പരീക്ഷണ ഘട്ടങ്ങൾ നേരിടുന്ന അവസരങ്ങളിൽ – ക്ഷമയും സഹനവും, കൈക്കൊള്ളുകയും, അല്ലാഹുവിൽ അർപ്പിക്കുകയും ചെയ്യേണ്ടതിനു – ബുദ്ധിമാന്മാർക്കു ഒരു നല്ല പാഠവും കൂടിയാകുന്നു. അല്ലാഹു അയ്യൂബ് നബി (عليه الصلاة) നോടു തുടർന്നു പറയുന്നു:-

38:44
  • وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَـٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ ﴾٤٤﴿
  • 'നീ ഒരു പിടിപുല്ല് (അഥവാ ചുള്ളിത്തണ്ട്) നിന്റെ കയ്യിലെടുക്കുക; എന്നിട്ട് അതുകൊണ്ടു അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക’. നിശ്ചയമായും, അദ്ദേഹത്തെ ക്ഷമിക്കുന്നവനായി നാം കണ്ടെത്തിയിരിക്കുന്നു. വളരെ നല്ല അടിയാൻ! നിശ്ചയമായും അദ്ദേഹം, വളരെ മടക്കമുള്ള (പശ്ചാത്തപിക്കുന്ന) ആളാകുന്നു.
  • وَخُذْ നീ എടുക്കുകയും ചെയ്യുക بِيَدِكَ നിന്റെ കയ്യിൽ, കൈകൊണ്ടു ضِغْثًا ഒരു പിടി പുല്ല് , വാസനചെടി , ചുള്ളിത്തണ്ടു فَاضْرِبۡ بِهِ എന്നിട്ടു അതുകൊണ്ടു അടിക്കുക وَلَا تَحْنَثْ നീ ശപഥം (സത്യം) ലംഘിക്കരുത് , തെറ്റുചെയ്യരുത് إِنَّا നിശ്ചയമായും ഞാൻ وَجَدْنَاهُ അദ്ദേഹത്തെ കണ്ടെത്തി صَابِرًا ക്ഷമിക്കുന്നവനായിട്ടു نِعْمَ വളരെ നന്നായിട്ടുണ്ടു الْعَبْدُ (ആ) അടിയാൻ إِنَّهُ നിശ്ചയമായും അവൻ أَوَّابٌ മടക്കക്കാരനാണ്, വളരെ മടക്കമുള്ളവനാണ്

അയ്യൂബ് (عليه الصلاة والسلام) നബിയെ സ്നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തിരുന്ന തന്റെ ഭാര്യയുടെ പക്കൽ എന്തോ ഒരു വീഴ്ച പറ്റി. കോപം നിമിത്തമോ മറ്റോ അദ്ദേഹം ആ സ്ത്രീയെ നൂറു അടി അടിക്കുമെന്നു ശപഥം ചെയ്തു. ഈ ശപഥം കേവലം ഒരു നല്ല ശപഥം അല്ലായിരുന്നു. കാരണം അതിനുമാത്രം അവൾ തെറ്റു ചെയ്തിരുന്നില്ല. അതുകൊണ്ടു ആ ശപഥം നാമമാത്രമായി നിറവേറ്റിയാൽ മതിയെന്നു അല്ലാഹു അദ്ദേഹത്തിനു നിർദേശം നൽകി. അതായതു, നൂറു എണ്ണം വരുന്ന ഒരു പിടി പുല്ലെടുത്തു – അല്ലെങ്കിൽ ചുള്ളിത്തണ്ടെടുത്തു – അതുകൊണ്ടു അവളെ ഒന്ന് അടിക്കുവാനും, അങ്ങിനെ ആ സത്യം, പാലിക്കുവാനും അദ്ദേഹത്തോടു അല്ലാഹു കൽപ്പിച്ചു. അതുവഴി, പ്രത്യക്ഷത്തിൽ ആ ശപഥം നിറവേറ്റുന്നതോടൊപ്പം നിരപരാധിനിയായ ആ സ്‌ത്രീ ശിക്ഷയിൽനിന്നു ഒഴിവാകുകയും ചെയ്തു. ഇങ്ങിനെയാണ്‌ പൊതുവിൽ ഖുർആൻ വ്യാഖ്യാതാക്കൾ ഇവിടെ പ്രസ്താവിക്കുന്നത്. വാസ്തവം അല്ലാഹുവിനറിയാം.

ഖുർആൻ വ്യാഖ്യാതാക്കളുടെ ഈ പ്രസ്താവന അയുക്തികമാണെന്നും, നൂറടി അടിക്കുമെന്ന ശപഥം അതു കൊണ്ടു നിറവേറുകയില്ലെന്നും, നിറവേറുമെന്നു പറയുന്നതു കേവലം ഒരു ഉപായം മാത്രമാണെന്നും, ഇങ്ങിനെ ഒരു ഉപായം കൊണ്ടു തൃപ്തിപെടുവാൻ ഒരു പ്രവാചകനോടു അല്ലാഹു കൽപ്പിക്കയില്ലെന്നും ചിലർ പരിഹാസപൂർവ്വം പറഞ്ഞുകാണുന്നു. നൂറു ദരിദ്രന്മാർക്കു ഭക്ഷണം കൊടുക്കുമെന്നു നേർച്ചയാക്കിയാൽ ഓരോരുത്തർക്കും ഓരോ നുള്ളു ഭക്ഷണംവീതം കൊടുക്കുന്നതിനു സമമാണിതെന്നും അവർ പറയുന്നു. കേട്ടമാത്രയിൽ ഈ പറഞ്ഞതു ശരിയാണെന്നു തോന്നാമെങ്കിലും, കുറച്ചു ആഴത്തിൽ ചിന്തിക്കുമ്പോൾ ഇതിനു വലിയ കഴമ്പൊന്നുമില്ലെന്നു കാണാം. ഒന്നാമതായി, ഭക്ഷണം കൊടുക്കുവാനുള്ള നേർച്ചയും, അടിക്കുവാനുള്ള ശപഥവും ഒരുപോലെയല്ല. കാരണം, ഭക്ഷണദാനം സ്വതവേ ഒരു പുണ്യകർമ്മമാണ്, നേർച്ച അതിനെ നിർബ്ബന്ധമാക്കി എന്നുമാത്രം. അടി അങ്ങിനെയല്ല. അതു പ്രത്യേക കാരണമില്ലെങ്കിൽ അക്രമമാണ്. ശപഥം മുഖേന അതു ചെയ്യേണ്ടിവന്നു എന്നുമാത്രം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നേർച്ചകളെല്ലാം ആരാധനയിൽ പെട്ടതാണ്. ശപഥത്തിൽ നല്ലതും ചീത്തയും ഉണ്ടാവാം. പലപ്പോഴും ശപഥത്തിന്റെ ഉത്ഭവം വികാരത്തിൽനിന്നായിരിക്കും. അതുകൊണ്ടാണ് മനഃപൂർവമല്ലാത്ത ശപഥങ്ങളിൽ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല (لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ – المائدة) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നതും. നേർച്ചയിൽ ഇങ്ങിനെ -മനഃപൂർവമെന്നും അല്ലാത്തതെന്നും -ഒരു വിഭജനമില്ല. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയുന്നതും: ‘നീ ഒരു കാര്യം സത്യം ചെയ്തു പറഞ്ഞിട്ട് അതിനെക്കാൾ ഉത്തമമായതു മറ്റൊന്നായിരുന്നുവെന്നു കണ്ടാൽ, നീ നിന്റെ ശപഥത്തിനു പ്രായശ്ചിത്തം (*) കൊടുക്കുകയും, ആ ഉത്തമമായതേതോ അതു ചെയ്യുകയും ചെയ്യുക.’ (ബു; മു). ഈ നിയമമനുസരിച്ചായിരുന്നു ആയിശാ (رضي الله عنهما) യെപ്പറ്റി ദൂഷ്യാരോപണം നടത്തിയ സംഭവത്തിൽ പങ്കുണ്ടായിരുന്നുവെന്നതിന്റെ പേരിൽ മിസ്-ത്തഹ് (رضي الله عنه) നു നൽകപ്പെട്ടു കൊണ്ടിരുന്ന ആനുകൂല്യങ്ങൾ മേലിൽ തുടരുകയില്ലെന്നു അബൂബക്കർ (رضي الله عنه) സത്യം ചെയ്തതിൽനിന്നു അദ്ദേഹം പിൻമാറിയത്.


(*) പത്തു സാധുക്കൾക്കു ഭക്ഷണമോ, വസ്ത്രമോ കൊടുക്കുക, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുക, സാധിക്കാത്തപക്ഷം മൂന്നു നോമ്പു നോൽക്കുക. ഇതാണ് ശപഥം പിഴപ്പിക്കുന്നതിന്റെ പ്രായശ്ചിത്തം.


ചുരുക്കിപ്പറഞ്ഞാൽ, അയ്യൂബ് (عليه الصلاة والسلام) നബിയുടെ ശപഥം അപ്പടി നിറവേറ്റുന്നതു ഒരു നല്ല കാര്യമായിരുന്നില്ല. അതുകൊണ്ടു അതു അപ്പടി നിറവേറ്റരുതെന്ന് അല്ലാഹു ചൂണ്ടിക്കാട്ടി. അതേസമയത്തു ദോഷരഹിതമായ വിധത്തിൽ നാമമാത്രമായിട്ടെങ്കിലും അതു നിറവേറ്റുവാൻ സാധിക്കുന്ന ഒരു രൂപം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു ശപഥം യഥാവിധി പ്രാവർത്തികമാക്കുന്നതു ദോഷഹേതുകമായിരിക്കുകയും, പ്രത്യക്ഷത്തിൽ അതു പാലിച്ചു കടമ തീർക്കുമാറുള്ള ഒരു ലഘുരൂപം അതിനുണ്ടായിരിക്കുകയും ചെയ്താൽ, ഈ നയം സ്വീകരിക്കുന്നതു ഒരു ഉപായമോ കുറുക്കുവഴിയോ ആകുന്നതല്ല. നേരെമറിച്ച് നിയമദൃഷ്ട്യാ ശപഥം പാലിക്കുന്നതോടൊപ്പം ശപഥത്തിൽ അടങ്ങിയ ദോഷം സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. ആകയാൽ, വല്ലപ്പോഴും ഒരാൾ മറ്റൊരാളെ അടിക്കുമെന്നോ മറ്റോ ഒരു ശപഥം ചെയ്തുപോയാൽ – അയാൾക്കു ഉപദ്രവകരമല്ലാത്തവിധം ആ ശപഥം നിറവേറ്റാൻ കഴിയുമെങ്കിൽ – അങ്ങിനെ ചെയേണ്ടതും, അങ്ങിനെ ആ ശപഥത്തിന്റെ ബാഹ്യമായ കടമ നിർവഹിച്ചുകൊണ്ടു അതിന്റെ ദോഷവശത്തിൽനിന്നു ഒഴിവാക്കേണ്ടതുമാണെന്നു അയ്യുബ് (عليه الصلاة والسلام) നബിയുടെ ഈ സംഭവത്തിൽനിന്നു മനസ്സിലാക്കാം. അങ്ങിനെ ഒരു നയം സ്വീകരിപ്പാൻ മാർഗ്ഗമില്ലെങ്കിൽ നിശ്ചയമായും ആ ശപഥം ഒട്ടും നിറവേറ്റേണ്ടതില്ലെന്നും, – ഹദീസിൽ പറഞ്ഞതുപോലെ – പ്രായശ്ചിത്തം ചെയ്തു കൂടുതൽ നല്ലതേതോ അതു ചെയ്യുകയാണ് വേണ്ടതെന്നും വ്യക്തമാണ്, മേൽ വിവരിച്ചതിൽനിന്നു – വിമർശകന്മാർ തെറ്റിദ്ധരിച്ചതുപോലെ – അല്ലാഹുവിന്റെ നോട്ടം ഹൃദയങ്ങളിലേക്കാണ്, ബാഹ്യകർമ്മങ്ങളിലേക്കല്ല എന്ന തത്വത്തിനു ഈ സംഭവം എതിരല്ലെന്നും, നേരെമറിച്ച് അതിനു അനുയോജ്യമായതു തന്നെയാണെന്നും മനസ്സിലാക്കാവുന്നതാണ്.

ഇത്രയും പറഞ്ഞുകൊണ്ട് അയ്യൂബ് (عليه الصلاة والسلام) നബിയുടെ ഈ സംഭവം അപ്രകാരം തന്നെയാണ് സംഭവിച്ചിരുന്നതെന്നു നാം ഉറപ്പിക്കുന്നുവെന്ന് ധരിക്കേണ്ടതില്ല. യഥാർത്ഥത്തിൽ സംഭവിച്ചതെന്തായിരുന്നുവെന്നു അല്ലാഹുവിനറിയാം. സംഭവത്തിന്റെ രൂപത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുന്നതിനെ അപ്പടി പരിഹാസപൂർവം തള്ളിക്കളയുവാൻവേണ്ടി വിമർശകന്മാർ പറയുന്ന ന്യായങ്ങൾ ശരിയല്ലെന്നു ഉണർത്തുക മാത്രമാണിവിടെ നമ്മുടെ ഉദ്ദേശ്യം. وَلَا تَحْنَثْ എന്ന വാക്കിന് ‘ശപഥം ലംഘിക്കരുത്’ എന്നുമാത്രമല്ല, ‘നീ തെറ്റു ചെയ്യരുത് ‘ എന്നും അർത്ഥം വരുമെന്നതു ശരിയാണ്. പക്ഷെ, ഒരുപിടി പുല്ലു കയ്യിലെടുത്തു അതുകൊണ്ടു അടിക്കുക എന്നുള്ള കൽപനയും ഈ വാക്കർത്ഥവും തമ്മിൽ യാതൊരു ബന്ധവും കാണുന്നില്ലെന്നുകൂടി ആലോചിക്കേണ്ടതുണ്ട്. പക്ഷെ, പുല്ലുകൊണ്ട് അടിക്കുവാൻ കൽപ്പിച്ചതു ഭാര്യയെയാണെന്നും ഭാര്യയെ നൂറു അടി അടിക്കുമെന്നു അദ്ദേഹം ശപഥം ചെയ്തിരുന്നുവെന്നും ഖുർആനിലോ, ഹദീസിലോ കാണുന്നില്ല. ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുന്നതു മാത്രമാണ് ഇതിൽ നമ്മുടെ അവലംബം. അതുകൊണ്ടാണ്, സംഭവം അങ്ങിനെയായിരിക്കുമെന്നു നാം ഉറപ്പിച്ചുപറയാത്തതും. اللّه ٲعلم

ആപത്തുകളിലും, പരീക്ഷണങ്ങളിലും, അയ്യൂബ് (عليه الصلاة والسلام) പ്രദർശിപ്പിച്ച ക്ഷമയും, അദ്ദേഹം കൈക്കൊണ്ട നിലപാടും എന്തായിരുന്നുവെന്നും, ഈ പരീക്ഷണം അദ്ദേഹത്തിനു അല്ലാഹുവിങ്കലുള്ള സ്ഥാനം ഉന്നതമായിത്തീരുവാൻ എത്രമാത്രം കാരണമായെന്നും കാണിക്കുന്ന ഒരു മഹത്തായ സാക്ഷിപത്രമാണ് ഒടുവിലത്തെ വാക്യം. (إِنَّا وَجَدْنَاهُ صَابِرًا نِّعْمَ الْعَبْدُ إِنَّهُ أَوَّابٌ) അതെ, അദ്ദേഹത്തെ നാം ക്ഷമിക്കുന്നവനായി കണ്ടു; വളരെ നല്ല അടിയാനാണ്; വളരെ മടക്കമുള്ള ആളാണ് എന്നൊക്കെ!

38:45
  • وَٱذْكُرْ عِبَـٰدَنَآ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَـٰرِ ﴾٤٥﴿
  • നമ്മുടെ അടിയാന്മാരെയും- അതായതു കരബലവും (ദീർഘ) ദൃഷ്ടിയുമുള്ള (അഥവാ കർമ്മധീരതയും ഉൾക്കാഴ്ചയുമുള്ള) ഇബ്രാഹീമിനെയും, ഇസ്ഹാഖിനെയും, യഅ്‌ഖൂബിനെയും - ഓർക്കുക.
  • وَاذْكُرْ ഓർക്കുക (പ്രസ്താവിക്കുക)യും ചെയ്യുക عِبَادَنَا നമ്മുടെ അടിയാന്മാരെ إِبْرَاهِيمَ ഇബ്രാഹീമിനെ وَإِسْحَاقَ ഇസ്ഹാഖിനെയും وَيَعْقُوبَ യഅ്‌ഖൂബിനെയും أُولِی الْأَيْدِي കൈകൾ (കരബലം) ഉള്ള وَالْأَبْصَارِ കണ്ണുകളും, കാഴ്ചകളും (ദീർഘദൃഷ്ടിയും)
38:46
  • إِنَّآ أَخْلَصْنَـٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ ﴾٤٦﴿
  • നിഷ്കളങ്കമായ (അഥവാ പരിപാവനമായ) ഒരു കാര്യംകൊണ്ട് അവരെ നാം സംശുദ്ധമാക്കിയിരിക്കുന്നു; അതായതു, (പരലോക) ഭവനത്തിന്റെ സ്മരണ (കൊണ്ടു)!
  • إِنَّا أَخْلَصْنَاهُمۡ നിശ്ചയമായും നാമവരെ ശുദ്ധമാക്കി, നിഷ്കളങ്കമാക്കി, പ്രത്യേകിപ്പിച്ചു بِخَالِصَةٍ ഒരു നിഷ്കളങ്കമായ, (ശുദ്ധമായ, പരിപാവനമായ) കാര്യംകൊണ്ടു ذِكْرَى الدَّارِ (ആ) ഭവനത്തിന്റെ സ്മരണയാകുന്നു
38:47
  • وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ ﴾٤٧﴿
  • നിശ്ചയമായും അവർ, നമ്മുടെ അടുക്കൽ, തിരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരുമത്രെ.
  • وَإِنَّهُمْ നിശ്ചയമായും അവർ عِنۡدَنَا നമ്മുടെ അടുക്കൽ لَمِنَ الْمُصْطَفَيْنَ തിരഞ്ഞെടുക്കപ്പെട്ട (തെളിയിച്ചെടുക്കപ്പെട്ട) വരിൽ പെട്ടവരാകുന്നു الْأَخْيَارِ ഉത്തമന്മാരായ, ശ്രേഷ്ഠരായ
38:48
  • وَٱذْكُرْ إِسْمَـٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّ مِّنَ ٱلْأَخْيَارِ ﴾٤٨﴿
  • ഇസ്മാഈലിനെയും, അൽയസഇനെയും ദുൽകിഫ്ലിനെയും ഓർക്കുക. എല്ലാവരുംതന്നെ ഉത്തമൻമാരിൽ പെട്ടവരാകുന്നു.
  • وَاذْكُرْ ഓർക്കുക, പ്രസ്താവിക്കുക إِسْمَاعِيلَ ഇസ്മാഈലിനെയും وَالْيَسَعَ അൽയസഇനെയും وَذَا الْكِفْلِ ദുൽകിഫ്ലിനെയും وَكُلٌّ എല്ലാവരും مِنَ الْأَخْيَارِ ഉത്തമന്മാരിൽപെട്ടവരാകുന്നു

ചില പ്രവാചകന്മാരെക്കുറിച്ചു ചില പ്രത്യേക വിഷയങ്ങൾ എടുത്തുപറഞ്ഞു ഓർമ്മിപ്പിച്ചശേഷം, മറ്റു ചിലരെക്കുറിച്ചു സാമാന്യമായ ഒരു അനുസ്മരണയാണ് ഈ വചനങ്ങളിലുള്ളത്. അൽയസഉ് (عليه الصلاة) നബിയെപ്പറ്റി ഇവിടെയെന്നപോലെ സൂ: അൻആം 86-ലും പ്രസ്താവിച്ചിരിക്കുന്നു . ദുൽകിഫ്ൽ (عليه الصلاة) നബിയെപ്പറ്റി സൂ: അമ്പിയാഉ് 85-ലും പറഞ്ഞിരിക്കുന്നു. നബിമാരുടെ കൂട്ടത്തിൽ പേരുപറയുകയല്ലാതെ വിശേഷിച്ചൊന്നും ഇവരെപ്പറ്റി ഖുർആനിൽ പ്രസ്താവിച്ചിട്ടില്ല . മറ്റുള്ളവരെപ്പറ്റി പലപ്പോഴും പ്രസ്താവിക്കാറുള്ളതാണ് . അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്നതിലാകട്ടെ, അവനെ ആരാധിക്കുന്നതിലാകട്ടെ യാതൊരു നീക്കുപോക്കും വരുത്താതെ കൃത്യനിഷ്‌ഠയോടും ധീരതയോടുംകൂടി അവ നിർവ്വഹിക്കുമാറുള്ള കരുത്തും ശക്‌തിയും അവർക്കുണ്ടായിരുന്നു. മതവിജ്ഞാനങ്ങളിലും, ധാർമ്മികചിന്തകളിലും വേണ്ടത്ര മനോദൃഷ്ടിയും, ദീർഘക്കാഴ്ചയും ഉണ്ടായിരുന്നു. ഇതാണ് أُولِي الْأَيْدِي وَالْأَبْصَارِ (കരബലവും ദീർഘദൃഷ്ടിയുമുള്ളവർ) എന്ന വിശേഷണം കുറിക്കുന്നത്. പരലോകസ്‌മരണ – അഥവാ എല്ലാ കാര്യങ്ങളും പരലോകനന്മയെ മുൻനിർത്തിയും, പരലോക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ആയിരിക്കുക – എന്ന ആ പരിശുദ്ധവും, പരിപാവനവുമായ മഹൽഗുണമത്രെ അല്ലാഹു അവരെ ഇത്രയും ഉൽകൃഷ്ടരാക്കുവാൻ കാരണം. പാരത്രികബോധവും ദൈവവിശ്വാസവും മനുഷ്യരിൽ ഉണ്ടാക്കിത്തീർക്കുകയാണല്ലോ പ്രവാചകന്മാരുടെ ആഗമനോദ്ദേശ്യം.

تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ الأخِرَةَ – سورة الأنفال 67

(നിങ്ങൾ ഐഹിക വിഭവത്തെ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെ ഉദ്ദേശിക്കുന്നു. (സൂ: അൻഫാൽ 67)

38:49
  • هَـٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍ ﴾٤٩﴿
  • ഇതൊരു സ്മരണ (അഥവാ പ്രസ്താവന) യത്രെ. നിശ്ചയമായും, (സൂക്ഷിക്കുന്ന) ഭയഭക്തന്മാർക്കു നല്ല മടക്കസ്ഥാനമുണ്ട്.
  • هَـذَا ഇത് ذِكْرٌ ഒരു സ്മരണ (കീർത്തി, പ്രസ്താവന)യാണ് وَإِنَّ لِلْمُتَّقِينَ ഭയഭക്തന്മാർക്കു നിശ്ചയമായും ഉണ്ട് لَحُسْنَ مَأَبٍ നല്ല മടക്കസ്ഥാനം
38:50
  • جَنَّـٰتِ عَدْنٍ مُّفَتَّحَةً لَّهُمُ ٱلْأَبْوَٰبُ ﴾٥٠﴿
  • അതായതു, അവർക്കുവേണ്ടി വാതിലുകൾ തുറന്നു വെക്കപ്പെട്ടിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ!-
  • جَنَّاتِ عَدْنٍ അതായതു സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ مُفَتَّحَةً لَهُمۡ അവർക്കുവേണ്ടി തുറന്നുവെക്കപ്പെട്ട الْأَبْوَابُ വാതിലുകൾ
38:51
  • مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَـٰكِهَةٍ كَثِيرَةٍ وَشَرَابٍ ﴾٥١﴿
  • അതിൽ ചാരിയിരുന്നുകൊണ്ടായിരിക്കും (അവർ സുഖിക്കുക) ധാരാളം (സുഖഭോജ്യങ്ങളായ) പഴങ്ങൾക്കും, പാനീയത്തിനും അവർ അവിടത്തിൽ വിളിച്ച് (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും.
  • مُتَّكِئِينَ ചാരിയിക്കുന്നവരായിക്കൊണ്ടു فِيهَا അതിൽ يَدۡعُونَ അവർ വിളിക്കും,ആവശ്യപ്പെടും فِيهَا അതിൽ بِفَاكِهَۃٍ പഴവർഗ്ഗത്തിനു സുഖഭോജ്യത്തിനു كَثِيرَۃٍ ധാരാളമായുളള وَشَرَابٍ പാനീയത്തിനും
38:52
  • وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ أَتْرَابٌ ﴾٥٢﴿
  • അവരുടെ അടുക്കൽ (ഇണയൊത്ത) സമ വയസ്കരായ, (പരദൃഷ്ടിവെക്കാതെ) കണ്ണു നിയന്ത്രിക്കുന്ന സ്ത്രീകളും ഉണ്ടായിരിക്കും.
  • وَعِنۡدَهُمۡ അവരുടെ അടുക്കലുണ്ടായിരിക്കും قَاصِرَاتُ الطَّرۡفِ കണ്ണിനെ (ദൃഷ്ടിയെ) നിയന്ത്രിക്കുന്നവർ, ചുരുക്കുന്നവർ اَتۡرَابٌ സമവയസ്കരായ, ഇണയൊത്തവരായ
38:53
  • هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ ﴾٥٣﴿
  • (ഹേ, ഭയഭക്തന്മാരെ,) വിചാരണദിവസത്തേക്കു നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് ഇത്!
  • هَذَٰ ഇതു مَا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെടുന്നതാണ് لِيَوۡمِ الۡحِسَابِ വിചാരണദിവസത്തേക്കു
38:54
  • إِنَّ هَـٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ ﴾٥٤﴿
  • നിശ്ചയമായും, ഇതു നമ്മുടെ വക (പാരിതോഷികമായി) നൽകുന്നതാണ് : യാതൊരു (വിധത്തിലുള്ള) തീർന്നുപോക്കും അതിനുണ്ടാകുന്നതല്ല.
  • اِنَّ هَٰذَا നിശ്ചയമായും ഇതു لَرِزۡقُنَا നാം നൽകുന്നതാണ്(നമ്മുടെ വക ആഹാരമാണ്, പാരിതോഷികമാണ്) مَالَهُ അതിന്നില്ല, ഉണ്ടാകുന്നതല്ല مِنۡ نَفَادٍ യാതൊരു തീർന്നു പോകലും (ഒട്ടും അവസാനിക്കൽ)

സംസാരിച്ചു വന്നിരുന്ന വിഷയം അവസാനിപ്പിച്ചു മറ്റൊരു വിഷയത്തിലേക്കു പ്രവേശക്കുന്നതിനുള്ള ഒരു പീഠികയാണ് هَٰذَا ذِكۡرٞ (ഇതൊരു സ്മരണയത്രെ) എന്ന വാക്യം. ذِكۡرٞ  എന്ന പദത്തിനു ‘പ്രസ്താവന, സ്മരണ, ഉപദേശം, കീർത്തി’ എന്നൊക്കെ അർത്ഥമുണ്ട്. പല പ്രവാചകന്മാരെക്കുറിച്ചും ഇതുവരെ സംസാരിച്ചു വന്നത് ഒരു അനുസ്മരണം എന്ന നിലക്കാണ്. അല്ലെങ്കിൽ ഉപദേശമെന്ന നിലക്കാണ്, അതുമല്ലെങ്കിൽ, അവരുടെ കീർത്തിയും യോഗ്യതയും വിവരിച്ചതാണ് എന്നിങ്ങിനെ പല വ്യാഖ്യാനങ്ങളും ഈ വാക്യത്തിന്നു നൽകപ്പെട്ടു കാണാം. അതെല്ലാം പ്രസ്തുത അർത്ഥങ്ങളെ ആധാരമാക്കിയാകുന്നു.

ആ പ്രവാചകൻമാരുടെ കാല്‍പാടുകളെ അനുഗമിച്ചുകൊണ്ട് അല്ലാഹുവിന്റെ വിധി വിലക്കുകളെ അനുസരിച്ചു ജീവിക്കുന്ന ഭയഭക്തന്മാർക്കു സിദ്ധിക്കുന്ന പാരത്രിക നേട്ടങ്ങളെയാണ് ഈ വചനങ്ങൾ വിവരിച്ചത്. നേരെമറിച്ച് അല്ലാഹുവിനെയും, പ്രവാചകന്മാരെയും ധിക്കരിച്ചു ജീവിക്കുന്ന കുറ്റവാളികൾക്കു ലഭിക്കുവാനിരിക്കുന്ന അനുഭവങ്ങളെപ്പറ്റി അടുത്ത വചനങ്ങളിൽ വിവരിക്കുന്നു.

38:55
  • هَـٰذَا ۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍ ﴾٥٥﴿
  • ഇതാണ് (അവരുടെ നില) (അതേസമയത്ത്) ധിക്കാരികൾക്കു നിശ്ചയമായും മോശപ്പെട്ട മടക്കസ്ഥാനവും ഉണ്ടായിരിക്കും.
  • هَٰذَا ഇതാണ്, ഇങ്ങിനെയാണ് وَاِنَّ لِلطَّاغينَ നിശ്ചയമായും ധിക്കാരി(അതിക്രമി)കൾക്കുണ്ടുതാനും لَشَرَّ مَأَبٍ മോശപ്പെട്ട മടക്കസ്ഥാനം, പ്രാപ്യസ്ഥലം
38:56
  • جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ ﴾٥٦﴿
  • അതായതു 'ജഹന്നം' [നരകം]! -അവരതിൽ കടന്നെരിയും. അപ്പോൾ, (ആ) വിരിപ്പു വിതാനം എത്രയോ ചീത്ത!
  • جَهَنَّمَ അതായതു ജഹന്നം يَصْلَوْنَهَا അതിലവർ കടന്നെരിയും فَبِئْسَ അപ്പോൾ (എന്നിരിക്കെ, അതിനാൽ) വളരെ ചീത്തയാണ് الْمِهَادُ വിരിപ്പു, വിതാനം
38:57
  • هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ ﴾٥٧﴿
  • ഇതാണ് (ഇവർക്കുള്ളത്); ആകയാൽ, ഇവരതു ആസ്വദിച്ചുകൊള്ളട്ടെ: (കൂടാതെ) അത്യുഷ്ണജലവും (ദുർഗ്ഗന്ധത്തോടെ ഒഴുകി വരുന്ന) അതി ശൈത്യജലവും!
  • هَـٰذَا ഇതാണ് فَلْيَذُوقُوهُ ആകയാൽ (അങ്ങനെ) അവരതു ആസ്വദിക്കട്ടെ حَمِيمٌ ചൂടുവെള്ളം, അത്യുഷ്ണ ജലം وَغَسَّاقٌ അതിശൈത്യ ജലവും, കീണ്ടൊലിക്കുന്ന നീരും
38:58
  • وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ ﴾٥٨﴿
  • ഈ രൂപത്തിൽപെട്ട പല ഇനങ്ങൾ വേറെയും!!
  • وَآخَرُ വേറെയും مِنۡ شَكْلِهِ അതിന്റെ രൂപത്തിൽ (ആകൃതിയിൽ)പെട്ട أَزْوَاجٌ പല ഇനങ്ങൾ (ഇണകൾ)

ദുർഗന്ധം വമിച്ചുകൊണ്ട് നരകവാസികളുടെ ശരീരങ്ങളിൽ നിന്നൊഴുകിയൊലിക്കുന്നതും, തണുപ്പേറിയതുമായ ഒരുതരം വെള്ളമാണ് غَسَّاق (ഗസ്സാഖ്). ഇമാം അഹമദ് (رحمه الله) മുതലായവർ ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: ‘ഒരു തൊട്ടി ‘ഗസ്സാഖ്’ ഇഹലോകത്തു ഒഴുക്കപ്പെടുന്നപക്ഷം ഇഹലോകത്തുള്ളവർക്കെല്ലാം ദുർഗന്ധം വമിക്കുന്നതാണ്.’ നരകവാസികൾ ദാഹം അടക്കവയ്യാതെ വെള്ളത്തിനപേക്ഷിക്കുമ്പോൾ അവർക്കു ലഭിക്കുന്നതു അതികഠിനമായ ഉഷ്ണജലമോ, അല്ലെങ്കിൽ അതിശൈത്യമായ പ്രസ്തുത ജലമോ ആയിരിക്കും. ഒന്ന് ഉഷ്ണാധിക്യം നിമിത്തമാണെങ്കിൽ, മറ്റേതു ശൈത്യാധിക്യവും ദുർഗന്ധവും നിമിത്തം കുടിച്ചിറക്കുവാൻ സാധ്യമല്ല. ഇതുപോലെ വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ മറ്റനേകം ശിക്ഷാവകുപ്പുകളും അവർ അനുഭവിക്കേണ്ടതായുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീൻ. നരകവാസികൾക്കിടയിൽ നടക്കുന്ന ചില രംഗങ്ങളെക്കുറിച്ചാണ് അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നത്:

38:59
  • هَـٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ ﴾٥٩﴿
  • ‘ഇതാ നിങ്ങളോടൊപ്പം (നരകത്തിൽ) തിരക്കിക്കടന്നുവരുന്ന ഒരു കൂട്ടം!’ അവർക്കു സ്വാഗതമില്ല! നിശ്ചയമായും അവർ നരകത്തിൽ കടന്നെരിയുന്നവരത്രെ.
  • هَـٰذَا فَوْجٌ ഇതാ ഒരു കൂട്ടം, സംഘം مُّقْتَحِمٌ തിരക്കിവരുന്ന مَّعَكُمْ നിങ്ങളുടെ കൂടെ لَا مَرْحَبًا സ്വാഗതം (സ്വീകരണം) ഇല്ല بِهِمْ അവർക്കു إِنَّهُمْ നിശ്ചയമായും അവർ صَالُو النَّارِ നരകത്തിൽ കടന്നെരിയുന്നവരാണ്
38:60
  • قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ ﴾٦٠﴿
  • അവർ [തിരക്കിക്കടന്നു വരുന്നവർ] പറയും: ‘പക്ഷേ, [നിങ്ങളാണ് സ്വാഗതം നൽകപ്പെടാത്തവർ]; - നിങ്ങൾക്കു സ്വാഗതമില്ല. നിങ്ങളത്രെ ഞങ്ങൾക്കു ഇതു മുമ്പേ വരുത്തിവെച്ചതു. അപ്പോൾ (ആ) പാർപ്പിടം എത്രയോ ചീത്ത (തന്നെ)!
  • قَالُوا അവർ പറയും بَلْ പക്ഷെ, എങ്കിലും أَنتُمْ നിങ്ങളാണ് لَا مَرْحَبًا بِكُمْ നിങ്ങൾക്കു സ്വാഗതമില്ല أَنتُمْ നിങ്ങൾ, നിങ്ങളത്രെ قَدَّمْتُمُوهُ ഇതു മുമ്പു വരുത്തിവച്ചു لَنَا ഞങ്ങൾക്കു فَبِئْسَ അപ്പോൾ (എന്നിരിക്കെ) വളരെ ചീത്ത, മോശമാണ് الْقَرَارُ താവളം, പാർപ്പിടം

ധിക്കാരവര്‍ഗ്ഗത്തിലെ നേതാക്കള്‍ നരകത്തില്‍ പ്രവേശിക്കുമ്പോള്‍ അവരൊന്നിച്ച് അവരുടെ അനുയായികളും കൂട്ടം കൂട്ടമായി നരകത്തിലേക്കു വന്നുകൊണ്ടിരിക്കും. ഈ അവസരത്തില്‍ നേതാക്കളോട്: ‘ഇതാ നിങ്ങളൊന്നിച്ചു തിരക്കിക്കടന്നുവരുന്ന ഒരുകൂട്ടം!’ എന്നു പറയപ്പെടും. അപ്പോള്‍ അവര്‍ തങ്ങളുടെ അനുയായികളുടെ നേരെ സ്വീകരിക്കുന്ന നയമാണ്. ‘അവര്‍ക്കു സ്വാഗതമില്ല’ (لَا مَرْحَبًا بِهِمْ) എന്ന വാക്കു കാണിക്കുന്നത്. ഇഹത്തില്‍ വെച്ച് അവര്‍ പരസ്പരം സ്വാഗതം നല്‍കുകയും, കൂട്ടുകെട്ടില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും, ഇപ്പോള്‍ അവര്‍ തങ്ങള്‍ക്കൊരു ശല്യവും, ശാപവുമായിട്ടാണിരിക്കുന്നത്. അങ്ങനെ, അവരുടെ നേരെയുള്ള അറപ്പും, വെറുപ്പും അവര്‍ പ്രകടിപ്പിക്കുന്നു. പക്ഷെ, ഏതായാലും അവരും ഇവരെപ്പോലെ നരകത്തില്‍ കടന്നെരിയുന്നവര്‍തന്നെയാണ്‌. നേതാക്കളുടെ നേരെ നീതന്മാരും അവരുടെ വെറുപ്പും പ്രതിഷേധവും പ്രകടമാക്കും: ‘ഞങ്ങളല്ല – നിങ്ങളാണ് – സ്വാഗതം നല്‍കപ്പെടാത്തവര്‍, നിങ്ങളാണല്ലോ ഇതെല്ലാം ഞങ്ങള്‍ക്കു വരുത്തിവെച്ചത്…’

38:61
  • قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَابًا ضِعْفًا فِى ٱلنَّارِ ﴾٦١﴿
  • അവർ പറയും ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കു ഇതു മുമ്പേവരുത്തി വെച്ചതാരോ അവനു നരകത്തിൽ ഇരട്ടിയായ ശിക്ഷ നീ വർദ്ധിപ്പിക്കേണമേ!
  • قَالُوا അവർ പറയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ مَن قَدَّمَ ആർ മുമ്പു വരുത്തിവെച്ചുവോ لَنَا هَـٰذَا ഞങ്ങൾക്കു ഇതു فَزِدْهُ എന്നാലവനു നീ വർദ്ധിപ്പിക്കണേ عَذَابًا ضِعْفًا ഇരട്ടിയായ ശിക്ഷ فِي النَّارِ നരകത്തിൽ
38:62
  • وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ ﴾٦٢﴿
  • അവർ (പരസ്പരം) പറയും: നമുക്കെന്താണ്, ദുർജ്ജനങ്ങളുടെ കൂട്ടത്തിൽ പെട്ടവരായി നാം എണ്ണിവന്നിരുന്ന ചില മനുഷ്യന്മാരെ (ഇവിടെ) കാണുന്നില്ലല്ലോ?!
  • وَقَالُوا അവർ പറയും مَا لَنَا ഞങ്ങൾക്കെന്താണ്, നമുക്കെന്തായി لَا نَرَىٰ നാം (ഞങ്ങൾ) കാണുന്നില്ല رِجَالًا ചില പുരുഷൻമാരെ (മനുഷ്യരെ) كُنَّا نَعُدُّهُم നാമവരെ എണ്ണിയിരുന്നു مِّنَ الْأَشْرَارِ ദുർജ്ജനങ്ങളിൽപെട്ടവരായി
38:63
  • أَتَّخَذْنَـٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَـٰرُ ﴾٦٣﴿
  • നാം അവരെ (വൃഥാ) പരിഹാസ്യമാക്കിത്തീർത്തുവോ?- അതല്ല, അവരിൽനിന്നും (നമ്മുടെ) ദൃഷ്ടികൾ തെറ്റിപ്പോയിരിക്കുകയാണോ!?'
  • أَتَّخَذْنَاهُمْ നാമവരെ ആക്കിയോ سِخْرِيًّا പരിഹാസ്യം, പരിഹാസ്യപാത്രം أَمْ زَاغَتْ അതല്ല (അല്ലെങ്കിൽ) തെറ്റിപ്പോയോ عَنْهُمُ അവരിൽനിന്നു الْأَبْصَارُ കാഴ്ചകൾ, ദൃഷ്ടികൾ

അവിശ്വാസികളുടെ ദൃഷ്ടിയില്‍ ദുര്‍ജ്ജനങ്ങളും, നിന്ദ്യരുമായി കരുതപ്പെട്ടിരുന്ന നല്ല മനുഷ്യന്മാരെ ചിലരെപ്പറ്റി അവര്‍ തമ്മതമ്മില്‍ സംസാരിക്കുകയാണ്. നാമവരെ പരിഹസിച്ചുവന്നതു കേവലം അബദ്ധമായിരിക്കുകയാണോ, അവര്‍ വിജയികളായി നരകശിക്ഷകളില്‍ നിന്നു രക്ഷപ്പെട്ടിരിക്കുകയാണോ? അതല്ല, നമുക്കവരെ കണ്ടെത്താന്‍ കഴിയാതെ വന്നതുകൊണ്ടാണോ ഇവിടെ കാണാത്തത്?! എന്നിങ്ങിനെ അവര്‍ പരസ്പരം ചോദിക്കുന്നു. ഇപ്പറഞ്ഞതെല്ലാം കേവലം ചില ഉപമാലങ്കാരങ്ങളോ, അതിശയോക്തിയോ അല്ല – തികച്ചും സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ് – എന്നു അല്ലാഹു ഉറപ്പിച്ചു പറയുന്നു:

വിഭാഗം - 5

38:64
  • إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ ٱلنَّارِ ﴾٦٤﴿
  • നിശ്ചയമായും അതു, യഥാർത്ഥം തന്നെ! (അതെ) നരകക്കാരുടെ (ഇടയിൽ നടക്കുന്ന) കക്ഷിവഴക്ക് അഥവാ വിവാദം ആകുന്നു.
  • إِنَّ ذَٰلِكَ നിശ്ചയമായും അതു لَحَقٌّ യഥാർത്ഥ (വാസ്തവം) തന്നെ تَخَاصُمُ കക്ഷി വഴക്കാണ്, വിവാദമാണ്, തർക്കമാണ് أَهْلِ النَّارِ നരകക്കാരുടെ

കഴിഞ്ഞ കുറെ ആയത്തുകളിലായി തൗഹീദ്, പ്രവാചകത്വം, മരണാനന്തരജീവിതം ആദിയായവയെ സംബന്ധിച്ച് പലതും പ്രസ്താവിച്ചു. അവിശ്വാസികളുടെ നിഷേധത്തെക്കുറിച്ചും സംസാരിച്ചു. അവര്‍ക്ക് താക്കീതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സത്യവിശ്വാസികള്‍ക്കും മനസ്സമാധാനവും നല്‍കുന്ന പല പൂര്‍വ്വ ചരിത്രങ്ങള്‍ വിവരിക്കുകയും ചെയ്തു. അനന്തരം പരലോകത്ത് വെച്ച് സജ്ജനങ്ങളുടെയും, ദുര്‍ജനങ്ങളുടെയും, ചില അനുഭവങ്ങളെ ചൂണ്ടിക്കാട്ടി. വീണ്ടും സംസാരഗതി ആദ്യത്തെ വിഷയങ്ങളിലേക്കുതന്നെ തിരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: