സൂറത്തു സ്വാദ് : 01-26
സ്വാദ്
മക്കയില്‍ അവതരിച്ചത് -വചനങ്ങള്‍ 88- വിഭാഗം (റുകൂഅ്) 5
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ ﴾١﴿
- 'സ്വാദ്.' ഉല്‍ബോധനത്തിന്റേതായ ഖുര്‍ആന്‍ തന്നെയാണ (സത്യം)! [അതു യഥാര്‍ത്ഥം തന്നെയാണ്]
- صٓ ‘സ്വാദ്’ وَٱلْقُرْءَانِ ഖുര്‍ആന്‍ തന്നെയാണ ذِى ٱلذِّكْرِ ഉല്‍ബോധനം (ഉപദേശം, സ്മരണ, കീര്‍ത്തി) ഉള്ളതായ
- بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍ وَشِقَاقٍ ﴾٢﴿
- പക്ഷേ, അവിശ്വസിച്ചിട്ടുള്ളവര്‍ ഊറ്റത്തിലും ചേരിപിരിവിലുമാകുന്നു.
- بَلِ പക്ഷേ, എങ്കിലും ٱلَّذِينَ كَفَرُوا۟ അവിശ്വസിച്ചവര്‍ فِى عِزَّةٍ ഊറ്റ (വീര്യ-അഹങ്കാര-ദുരഭിമാന)ത്തിലാണ് وَشِقَاقٍ ചേരി (കക്ഷി) പിരിവിലും, കക്ഷിത്വത്തിലും
- كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍ ﴾٣﴿
- അവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നു! അപ്പോള്‍ അവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു). അതു (ഓടി) രക്ഷ പ്രാപിക്കുന്ന അവസരമല്ലതാനും.
- كَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചു مِن قَبْلِهِم അവര്‍ക്കു മുമ്പ് مِّن قَرْنٍ തലമുറയില്‍ നിന്നും فَنَادَوا۟ അപ്പോഴവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു) وَّلَاتَ അതല്ല താനും حِينَ مَنَاصٍ ഓടി രക്ഷപ്പെടുന്ന അവസരം (ഒഴിവാകുന്ന നേരം)
- وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ ۖ وَقَالَ ٱلْكَٰفِرُونَ هَٰذَا سَٰحِرٌ كَذَّابٌ ﴾٤﴿
- അവര്‍ക്കു തങ്ങളില്‍ നിന്നും ഒരു മുന്നറിയിപ്പുകാരന്‍ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെടുന്നു. (ആ) അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു: 'ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാണ്' എന്ന്!
- وَعَجِبُوٓا۟ അവര്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു أَن جَآءَهُم അവര്‍ക്കു വന്നതിനാല്‍ مُّنذِرٌ മുന്നറിയിപ്പ് നല്‍കുന്ന ഒരാള്‍ مِّنْهُمْ അവരില്‍ നിന്ന് وَقَالَ ٱلْكَٰفِرُونَ അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു هَٰذَا ഇതു, ഇവന്‍ سَٰحِرٌ ജാലവിദ്യക്കാരനാണ്, ആഭിചാരിയാണ്, മായക്കാരനാണ് كَذَّابٌ വ്യാജ (കള്ള) വാദിയായ
ഇതു പോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള കേവലാക്ഷരങ്ങളെ സംബന്ധിച്ചു ഇതിനു മുമ്പ് പല തവണ നാം സംസാരിച്ചിട്ടുണ്ട്. ذكر (ദിക്ര്‍) എന്ന വാക്കിനു ‘കീര്‍ത്തി’ എന്നും ‘ഉപദേശം’ എന്നും അര്‍ത്ഥമുള്ളത് കൊണ്ട് ചിലര്‍ ആ അര്‍ത്ഥങ്ങളാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഖുര്‍ആന്‍ ജനങ്ങള്‍ക്കു ഉല്‍ബോധനവും, ഉപദേശവും നല്‍കുന്നത് പോലെ, അതിന്റെ അനുയായികള്‍ക്ക് അതു കീര്‍ത്തിയും, പ്രശസ്തിയും നേടിക്കൊടുക്കുന്നു. ഉല്‍ബോധനം അഥവാ ഉപദേശം എന്ന അര്‍ത്ഥമാണ് ഇവിടെ കൂടുതല്‍ അനുയോജ്യമെന്ന് വചനം 8ല്‍ നിന്നും മനസ്സിലാക്കാം. അതു കൊണ്ടാണ് ഖത്താദഃ (رضي الله عنه) ഇബ്നുജരീര്‍ (رحمه الله), ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ ആ അര്‍ത്ഥത്തിനു മുന്‍ഗണന നല്‍കിയിരിക്കുന്നതും. ഒരു മുന്നറിയിപ്പ് നല്‍കുന്നവന്‍ (مُّنذِرٌ) എന്നു പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ധേശിച്ചാണ്. തങ്ങളുടെ പരമ്പരാഗതമായ വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് തങ്ങളില്‍പ്പെട്ട ഒരാള്‍ ദൈവദൂതനായി നിയോഗിക്കപ്പെട്ടത് ബഹുദൈവവിശ്വാസികളായ അവര്‍ക്കു സഹിക്കുവാന്‍ കഴിയാത്തതാണ് അവരുടെ ആശ്ചാര്യത്തിനു കാരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, വേണ്ടത്ര തെളിവുകളും, ദൃഷ്ടാന്തങ്ങളും നിരത്തിവെച്ചുകൊണ്ടാണ് അവരെ സമീപിക്കുന്നതും. അവയെ നേരിടുവാന്‍ സാധ്യമല്ലെന്ന് കണ്ടപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ അവര്‍ കണ്ടു പിടിച്ച ഒരു സൂത്രമാണ് ‘ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാണ്’ (و هَذَا سَاحِرٌ كَذَّابٌ) എന്ന വാദം. ഈ വാദത്തിനു അവര്‍ കൊണ്ടുവരുന്ന ചില ന്യായീകരണങ്ങളാണ് അടുത്ത വചനങ്ങളില്‍ കാണുന്നത്. അവര്‍ പറയുന്നു:
- أَجَعَلَ ٱلْءَالِهَةَ إِلَٰهًا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌ ﴾٥﴿
- 'പല ദൈവങ്ങളെ ഇവന്‍ ഒരേ ദൈവമാക്കിയിരിക്കുകയോ?! നിശ്ചയമായും, ഇതു അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്.'
- أَجَعَلَ ഇവന്‍(അവന്‍) ആക്കിയിരിക്കുകയോ ٱلْءَالِهَةَ (പല)ദൈവങ്ങളെ إِلَٰهًا وَٰحِدًا ഒരേ ദൈവം(ആരാധ്യന്‍) إِنَّ هَٰذَا നിശ്ചയമായും ഇതു لَشَىْءٌ ഒരു വസ്തു(കാര്യം) തന്നെ عُجَابٌ അത്യാശ്ചര്യമായ
- وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَٰذَا لَشَىْءٌ يُرَادُ ﴾٦﴿
- അവരില്‍ നിന്നുള്ള പ്രധാനികള്‍ (ഇങ്ങിനെ പറഞ്ഞു) സ്ഥലം വിടുകയും ചെയ്തു: 'നടക്കുവിന്‍, നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളില്‍ (ഉറച്ചു നിന്ന്) ക്ഷമ കൈക്കൊള്ളുകയും ചെയ്യുവിന്‍! നിശ്ചയമായും, ഇതു ഉദ്ധേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാണ്.
- وَٱنطَلَقَ വിട്ടു പോയി ٱلْمَلَأُ مِنْهُمْ അവരില്‍ നിന്നുള്ള പ്രധാനികള്‍, പ്രമുഖ സംഘം أَنِ ٱمْشُوا۟ നിങ്ങള്‍ നടക്കു(പോയിക്കൊള്ളു) വിന്‍ എന്നു وَٱصْبِرُوا۟ ക്ഷമി(സഹി) ക്കുകയും ചെയ്യുവിന്‍ عَلَىٰٓ ءَالِهَتِكُمْ നിങ്ങളുടെ ദൈവങ്ങളില്‍, ആരാധ്യവസ്തുക്കളില്‍ إِنَّ هَٰذَا നിശ്ചയമായും ഇതു لَشَىْءٌ ഒരു കാര്യം തന്നെ يُرَادُ ഉദ്ദേശിക്കപ്പെടുന്ന (താല്‍പര്യപൂര്‍വ്വം ചെയ്യപ്പെടുന്ന)
- مَا سَمِعْنَا بِهَٰذَا فِى ٱلْمِلَّةِ ٱلْءَاخِرَةِ إِنْ هَٰذَآ إِلَّا ٱخْتِلَٰقٌ ﴾٧﴿
- അവസാനത്തെ മത നടപടിയില്‍ ഇതിനെ പറ്റി നാം കേള്‍ക്കുകയുണ്ടയിട്ടില്ല. ഇതൊരു കൃത്രിമസൃഷ്ടിയല്ലാതെ (മറ്റൊന്നും) അല്ല.
- مَا سَمِعْنَا بِهَٰذَا ഇതിനെ പറ്റി നാം കേട്ടിട്ടില്ല فِى ٱلْمِلَّةِ മതനടപടിയില്‍, മാര്‍ഗ്ഗത്തില്‍ ٱلْءَاخِرَةِ ഒടുവിലത്തെ, അവസാനത്തെ إِنْ هَٰذَآ ഇതല്ല إِلَّا ٱخْتِلَٰقٌ ഒരു കൃത്രിമ സൃഷ്ടി (കെട്ടിയുണ്ടാക്കല്‍) അല്ലാതെ
- أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ ﴾٨﴿
- 'നമ്മുടെ ഇടയില്‍ നിന്ന് (മറ്റാര്‍ക്കുമില്ലാതെ) ഇവന്റെ മേല്‍ തന്നെ (ഈ) ഉല്‍ബോധനം അവതരിക്കപ്പെട്ടിരിക്കുകയാണോ?!' പക്ഷേ, (അത്രയുമല്ല) അവര്‍ എന്റെ ഉല്‍ബോധനത്തെ സംബന്ധിച്ചു (തന്നെ) സംശയത്തിലാണ്. എന്നാല്‍, എന്‍റെ ശിക്ഷയെ (ഇതു വരേക്കും) അവര്‍ രുചി നോക്കുകയുണ്ടായിട്ടില്ല. [അതുകൊണ്ടാണ് ഇതിനൊക്കെ അവര്‍ക്കു ധൈര്യം തോന്നുന്നത്].
- أَءُنزِلَ عَلَيْهِ അവന്റെ മേല്‍ അവതരിക്കപ്പെട്ടുവോ ٱلذِّكْرُ ഉല്‍ബോധനം, പ്രമാണം, സ്മരണ مِنۢ بَيْنِنَا നമ്മുടെ ഇടയില്‍ നിന്ന് بَلْ هُمْ പക്ഷേ അവര്‍ فِى شَكٍّ സംശയത്തിലാണ് مِّن ذِكْرِى എന്‍റെ ഉല്‍ബോധന (പ്രമാണ)ത്തെപ്പറ്റി بَل പക്ഷേ, എന്നാല്‍ لَّمَّا يَذُوقُوا۟ അവര്‍ രുചിച്ചു നോക്കിയിട്ടില്ല, ആസ്വദിച്ചിട്ടില്ല عَذَابِ എന്‍റെ ശിക്ഷ
പല ഹദീസ് പണ്ഡിതന്മാരും ഉദ്ധരിച്ചിട്ടുള്ള ഒരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിതൃവ്യൻ അബൂ ത്വാലിബ് രോഗ ശയ്യയിലായിരുന്നപ്പോള്‍ അബൂ ജഹല്‍ മുതലായ ഖുറൈശിതലവന്മാര്‍ അദ്ധേഹത്തെ സമീപിക്കുകയുണ്ടായി. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുക മുതലായ പലതും ചെയ്തു വരുന്നുണ്ട്, അതു നിറുത്തലാക്കി തരണം എന്നും മറ്റും അവര്‍ ആവശ്യപ്പെട്ടു. അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വിളിപ്പിച്ചു വിവരമറിയിച്ചു. തിരുമേനി പറഞ്ഞു: ‘അവരില്‍ നിന്നു ഒരു വാക്കേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. അതവര്‍ പറഞ്ഞാല്‍ അറബികള്‍ അവര്‍ക്കു കീഴൊതുങ്ങുകയും, അറബികളല്ലാത്തവര്‍ അവര്‍ക്കു വിധേയരാവുകയും ചെയ്യും’. ഇതു കേട്ടപ്പോള്‍ ‘ഒന്നല്ല, പത്തു വേണമെങ്കിലും പറയാ’മെന്നായിരുന്നു അവരുടെ പ്രതികരണം. പക്ഷേ, ’അല്ലാഹു അല്ലാതെ ആരാധ്യനില്ല’ (لا إله إلا الله) എന്ന വാക്ക് കേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരായി. ‘പല ദൈവങ്ങളെ ഒരേ ദൈവമാക്കുകയാണോ?! നിശ്ചയമായും ഇതു അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്. ‘(أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا) എന്നും മറ്റും പറഞ്ഞു കൊണ്ട് അവര്‍ സ്ഥലം വിട്ടു. (أحمد ولنساي وغيرهما)
ഇങ്ങനെയുള്ള സംഭവങ്ങളെയും, പ്രസ്താവനകളേയും ചൂണ്ടിക്കാട്ടുന്നതാണ് ഈ ആയത്തുകള്‍. മുഹമ്മദിന്റെ വാക്കുകള്‍ ചെവി കൊടുക്കരുതെന്നും ,ചെവി കൊടുത്താല്‍ നാം നമ്മുടെ ദൈവങ്ങളെ പുറംതള്ളേണ്ടി വരുമെന്നും, ആകയാല്‍ എന്തും സഹിച്ചും നമ്മുടെ ദൈവങ്ങളില്‍ നാം ഉറച്ചു നില്‍ക്കണമെന്നും നേതാക്കള്‍ സ്വയം തീരുമാനിക്കുകയും ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു. ബഹുദൈവാരാധന പണ്ട് കാലം മുതല്‍ക്കേ നമ്മുടെ പൂര്‍വികന്മാര്‍ അനുഷ്ടിച്ചു വന്നതാണ്. മാത്രമല്ല, ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ അതു എല്ലാ മതസ്ഥരിലും കാണാം; ഏറ്റവും ഒടുവിലത്തെ മതാനുയായികളാണ് ക്രിസ്ത്യാനികള്‍; അവരിലുമുണ്ട് ത്രിദൈവവിശ്വാസം; അപ്പോള്‍, എന്തോ ചില സ്വാര്‍ത്ഥങ്ങളെ മുന്‍നിര്‍ത്തി താല്പര്യപൂര്‍വ്വം മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ഏകത്വസിദ്ധാന്തം. എന്നൊക്കെയാണവര്‍ സമര്‍ത്ഥിക്കുന്നത്. പ്രധാനികളും നേതാക്കളുമായ തങ്ങളെ പോലുള്ള എത്രയോ ആളുകള്‍ അറബികളില്‍ ഉണ്ടായിരിക്കെ, കേവലം ദരിദ്രനും സാധുവുമായ മുഹമ്മദിന് ദിവ്യദൗത്യവും, വേദഗ്രന്ഥവും നല്കപ്പെടുകയോ! ഞങ്ങളില്‍ ആർക്കെങ്കിലുമല്ലേ -അങ്ങിനെയുണ്ടെങ്കില്‍- അതു ലഭിക്കേണ്ടത്?! ഇതാണ് അവരുടെ മറ്റൊരു വാദം.
ഇവരുടെ ഈ പ്രസ്താവനകള്‍ കേട്ടാല്‍, ഇവര്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ മാത്രമാണു വിശ്വാസമില്ലാത്തതെന്നും, അല്ലാഹുവില്‍ നിന്നു പ്രവാചകന്മാര്‍ മുഖേന ജനങ്ങള്‍ക്കു സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനെ ഇവര്‍ പാടെ നിഷേധിക്കുന്നില്ലെന്നും തോന്നുമല്ലോ. വാസ്തവം മറിച്ചാണുള്ളത്. بَلْ هُمْ فِي شَكٍّ مِّن ذِكْرِي (പക്ഷേ -അത്രയുമല്ല- അവര്‍ എന്റെ ഉല്‍ബോധനത്തെ സംബന്ധിച്ചും സംശയത്തിലാണ്.) എന്ന വാക്യം അതാണ് ചൂണ്ടി കാട്ടുന്നത്. ഇങ്ങനെയുള്ള അപവാദങ്ങളും,ആരോപണങ്ങളും അടിസ്ഥാനമാക്കി സത്യനിഷേധത്തിന് ഇവര്‍ ഒരുമ്പെടുവാനുള്ള സാക്ഷാല്‍ കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു: ‘അവര്‍ – ഇതേവരെ- എന്റെ ശിക്ഷ രുചി നോക്കിയിട്ടില്ല’. (بَلْ لَمَّا يَذُوقُوا عَذَابِ) അല്ലാഹുവിന്റെ ശിക്ഷയുടെ കാഠിന്യത്തെക്കുറിച്ചു അല്പമെങ്കിലും അവര്‍ക്കറിയാമായിരുന്നെങ്കില്‍ ഇത്തരം വാദങ്ങളൊന്നും പുറപ്പെടുവിക്കാന്‍ അവര്‍ക്കു ധൈര്യം വരുമായിരുന്നില്ല എന്നു സാരം. അല്ലാഹു ചോദിക്കുന്നു:-
- أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ ﴾٩﴿
- അഥവാ പ്രതാപശാലിയായ, മഹാ ദാനശീലനായ, നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യഭണ്ഡാരങ്ങൾ അവരുടെ പക്കലുണ്ടോ?!
- أَمْ അഥവാ, അതല്ല, അല്ലെങ്കില്‍, അതോ عِندَهُمْ അവരുടെ പക്കല്‍ (ആണോ, ഉണ്ടോ) خَزَآئِنُ ഭണ്ഡാരങ്ങള്‍, നിക്ഷേപങ്ങള്‍ رَحْمَةِ رَبِّكَ നിന്‍റെ രബ്ബിന്റെ കാരുണ്യത്തിന്റെ ٱلْعَزِيزِ പ്രതാപശാലിയായ ٱلْوَهَّابِ വളരെ(മഹാ) ദാനശീലനായ
- أَمْ لَهُم مُّلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَٰبِ ﴾١٠﴿
- അഥവാ (അതല്ലെങ്കില്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും അവയുടെ ഇടയിലുള്ളതിന്റെയും ഭരണാധിപത്യം അവര്‍ക്കുണ്ടോ?! എന്നാലവര്‍ (അതിന്‍റെ) മാര്‍ഗ്ഗങ്ങളില്‍ കയറി നോക്കട്ടെ!
- أَمْ لَهُم അഥവാ (അതോ) അവര്‍ക്കുണ്ടോ,അവര്‍ക്കാണോ مُّلْكُ ٱلسَّمَٰوَٰتِ ആകാശങ്ങളുടെ ഭരണാധിപത്യം,രാജത്വം وَٱلْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവയുടെ ഇടക്കുള്ളതിന്റെയും فَلْيَرْتَقُوا۟ എന്നാല്‍ അവര്‍ കയറിച്ചെല്ലട്ടെ(നോക്കട്ടെ) فِى ٱلْأَسْبَٰبِ കാരണ (സംഗതി, മാര്‍ഗ്ഗ) ങ്ങളില്‍
- جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ ٱلْأَحْزَابِ ﴾١١﴿
- മിത്രകക്ഷികളില്‍ പെട്ട പരാജയപെട്ടു പോകുന്ന എന്തോ(തുച്ഛമായ) ഒരു സൈന്യമത്രെ അവിടെയുള്ളത്.
- جُندٌ مَّا എന്തോ ഒരു സൈന്യം (പട്ടാളം) ആകുന്നു هُنَالِكَ അവിടെ (ഉള്ളതു) مَهْزُومٌ പരാജയപ്പെടുത്തപ്പെടുന്ന مِّنَ ٱلْأَحْزَابِ (മിത്ര) കക്ഷികളില്‍പ്പെട്ട
അല്ലാഹുവിന്റെ കാരുണ്യത്തിന്റെ സൂക്ഷിപ്പു അവരുടെ പക്കലാണെങ്കില്‍, പ്രവാചകത്വം, വഹ്‌യു മുതലായ അനുഗ്രഹങ്ങളെല്ലാം അവര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിഹിതിച്ചു കൊടുക്കുവാനും, അവരുടെ യുക്തംപോലെ ഉപയോഗപെടുത്തുവാനും അവര്‍ക്കു സാധിക്കുമായിരുന്നു. ആകാശ ഭുമികളുടെ ഭരണാധിപത്യം അവരുടെ പക്കല്‍ ആണെങ്കില്‍ അവരുടെ ഹിതമനുസരിച്ച് ലോകകാര്യങ്ങള്‍ കൈകാര്യം ചെയ്യുവാനും, നടപ്പില്‍ വരുത്തുവാനും അവര്‍ക്കു കഴിയുമായിരുന്നു. അതൊന്നും അവര്‍ക്കില്ലല്ലോ. അതുകൊണ്ട് അല്ലാഹുവിന്റെ നിയമനടപടികളെ ചോദ്യം ചെയ്‍വാൻ യാതൊരു അര്‍ഹതയും അവകാശവും അവര്‍ക്കില്ല. എനി, അങ്ങിനെ വല്ലതുമുണ്ടെന്ന് അവര്‍ക്കു വാദമുണ്ടെങ്കില്‍, ആകാശങ്ങളില്‍ കയറിച്ചെന്നോ, മറ്റുമാര്‍ഗ്ഗങ്ങളില്‍ പ്രവേശിച്ചോ അവരുടെ ഇഷ്ട പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ അവരൊന്നു ശ്രമിക്കട്ടെ, അതൊന്നു കാണാമല്ലോ. വാസ്തവത്തില്‍, മുന്‍ പ്രവാചകന്മാർക്കെതിരില്‍ സംഘടിക്കുകയും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് പാത്രമായി നശിക്കുകയും ചെയ്ത പല ജനതകളുടെ കൂട്ടത്തില്‍പെട്ട ഒരു സംഘമാണ് ഇവരും- മക്കാപരിസരത്തിലുള്ള മുശ്രിക്കുകളും. അതെ, വളരെ തുച്ഛവും നിന്ദ്യവുമായ ഒരു സംഘം മാത്രം. അടുത്തകാലത്തുതന്നെ അവര്‍ പറ്റെ പരാജയപെട്ടു പോകുന്നതുമാണ്. അവര്‍ക്കു വളര്‍ച്ചയില്ല, നിലനില്‍പ്പുമില്ല എന്നു സാരം. ബദര്‍ യുദ്ധത്തോടുകൂടി ആ ജനതയുടെ നട്ടെല്ലോടിയുകയും, മക്ക വിജയത്തോടുകൂടി അവര്‍ നാമാവശേഷമാകുകയും ചെയ്തുവല്ലോ.
‘എന്തു, ഏതു’ എന്നൊക്കെ വാക്കര്‍ത്ഥം വരുന്ന ഒരു അവ്യയമാണ് ما (മാ). ആധിക്യത്തെയും, മഹത്വത്തെയും ഉദ്ദേശിച്ചുകൊണ്ടും, നേരെമറിച്ചു അല്പത്വത്തെയും നിന്ദ്യതയെയും ഉദ്ദേശിച്ചു കൊണ്ടും അതിനെ മറ്റു വാക്കുകളോട് ചേര്‍ത്തു ഉപയോഗിക്കാറുണ്ട്. രണ്ടില്‍ ഏതാണ് ഉദ്ദേശ്യമെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നു. جُندٌ مَّا എന്ന വാക്കിനു ഇവിടെ രണ്ടാമത്തെ ഉദ്ദേശ്യമായിരിക്കാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. അതു കൊണ്ടാണ് അതിനു മേല്‍കണ്ട വ്യാഖ്യാനം സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ, ‘എന്തോ വമ്പിച്ച ഒരു സൈന്യം’ എന്നു പരിഹാസരൂപത്തില്‍ മുശ്രിക്കുകളെക്കുറിച്ചു പറഞ്ഞതുമായിരിക്കാം. الله أعلم ശിര്‍ക്കിന്റെ സൈന്യമാകുന്ന ഇവരുടെ സഹകക്ഷികള്‍ ഏതാണെന്ന് അടുത്ത വചനങ്ങളില്‍ കാണാം:
- كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو ٱلْأَوْتَادِ ﴾١٢﴿
- നൂഹിന്‍റെ ജനതയും, 'ആദു' ഗോത്രവും കുറ്റി [ആണി]കളുടെ ആളായ ഫിര്‍ഔനും ഇവരുടെ മുമ്പ് വ്യജമാക്കുകയുണ്ടായി;-
- كَذَّبَتْ വ്യാജമാക്കി قَبْلَهُمْ ഇവരുടെ മുമ്പ് قَوْمُ نُوحٍ നൂഹിന്‍റെ ജനത وَعَادٌ ആദും وَفِرْعَوْنُ ഫിര്‍ഔനും ذُو ٱلْأَوْتَادِ കുറ്റി (ആണി)കളുടെ ആളായ
- وَثَمُودُ وَقَوْمُ لُوطٍ وَأَصْحَٰبُ لْـَٔيْكَةِ ۚ أُو۟لَٰٓئِكَ ٱلْأَحْزَابُ ﴾١٣﴿
- 'ഥമൂദ്' ഗോത്രവും ,ലൂത്വിന്‍റെ ജനതയും, 'ഐക്കത്തു' [മരക്കാവ്]കാരും (വ്യാജമാക്കി). അക്കൂട്ടരത്രെ മിത്രകക്ഷികള്‍.
- وَثَمُودُ ഥമൂദും وَقَوْمُ لُوطٍ ലൂത്വിന്‍റെ ജനതയും وَأَصْحَٰبُ لْـَٔيْكَةِ ۚ 'ഐക്കത്ത്' (മരക്കാവ്) കാരും أُو۟لَٰٓئِكَ അക്കൂട്ടരത്രെ ٱلْأَحْزَابُ മിത്ര(സഖ്യ) കക്ഷികള്‍
തമ്പും, കൂടാരവും കെട്ടുമ്പോള്‍ അവയെ നാല് വശത്തേക്കും വലിച്ചു കെട്ടി ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കുറ്റികള്‍ (ആണികള്‍) എന്നാണ് اوتاد എന്ന വാക്കിന്റെ അര്‍ത്ഥം. ഫിര്‍ഔനിനെ കുറിച്ചു ഇവിടെയും, മറ്റു ചില സ്ഥലത്തും ذول الأوتاد (കുറ്റികളുടെ ആള്‍ അഥവാ കുറ്റികള്‍ ഉപയോഗപ്പെടുത്തിയിരുന്നവന്‍) എന്നു ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നു. രണ്ടു മൂന്നു പ്രകാരത്തില്‍ ഇതു വ്യാഖ്യാനിക്കപ്പെടാറുണ്ട് :
1) കാറ്റിലും മറ്റും ഇളക്കം പറ്റാതെ തമ്പുകളെ കുറ്റി തറച്ചു ഉറപ്പിക്കുന്നത് പോലെ തന്റെ ഭരണത്തെയും സാമ്രാജ്യത്തെയും സുശക്തമായി ഉറപ്പിച്ചവന്‍.
2) പട്ടാളശക്തിയാകുന്ന കുറ്റികള്‍ ധാരാളമുള്ളവന്‍.
3) ജനങ്ങളെ ശിക്ഷിക്കുമ്പോള്‍ ശരീരത്തില്‍ കുറ്റി തറച്ചു നിര്ദ്ദയമായി ശിക്ഷിച്ചിരുന്നവന്‍.
ഇവയില്‍ ആദ്യത്തേതിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കപ്പെട്ടിട്ടുള്ളത്. ശുഐബ് (عليه السلام) നബിയുടെ ജനതയായിരുന്ന ‘ഐക്കത്തു’കാരെ കുറിച്ചു സൂ:ശുഅറാഉ 176 ന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചത് ഓര്‍ക്കുക.
- إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ ﴾١٤﴿
- (ഇവര്‍) എല്ലാവരും തന്നെ ദൈവദൂതന്മാരെ വ്യാജമാക്കുകയല്ലാതെ ചെയ്തില്ല. അങ്ങനെ, എന്റെ പ്രതികാരശിക്ഷ (അവരില്‍) യഥാര്‍ത്ഥമായി.
- إِن كُلٌّ എല്ലാവരുമില്ല إِلَّا كَذَّبَ വ്യാജമാക്കുകയല്ലാതെ ٱلرُّسُلَ ദൈവദൂതന്മാരെ فَحَقَّ അങ്ങനെ, യഥാര്‍ത്ഥ (ന്യായ, അര്‍ഹ)മായി عِقَابِ എന്റെ പ്രതികാരശിക്ഷ
വിഭാഗം - 2
- وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيْحَةً وَٰحِدَةً مَّا لَهَا مِن فَوَاقٍ ﴾١٥﴿
- ഒരേഒരു ഘോരശബ്ധതെയല്ലാതെ ഇക്കൂട്ടര്‍ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നില്ല; രണ്ടു കുറവുകള്‍ക്കിടയിലുള്ള (തുച്ഛമായ) കാലതാമസം (പോലും) അതിനുണ്ടായിരിക്കയില്ല.
- وَمَا يَنظُرُ നോക്കി (കാത്തു) ഇരിക്കുന്നില്ല هَٰٓؤُلَآءِ ഇക്കൂട്ടര്‍ إِلَّا صَيْحَةً وَٰحِدَةً ഒരു അട്ടഹാസം (ഘോരശബ്ദം) അല്ലാതെ مَّا لَهَا അതിന്നില്ല مِن فَوَاقٍ രണ്ടു കുറവുകള്‍ക്കിടയിലുള്ള (തുച്ഛ) സമയവും
فَوَاق എന്ന വാക്കു ആദ്യത്തെ അക്ഷരത്തിനു ‘അകാരം’ (فتح) ചേര്‍ത്തും, ‘ഉകാരം’ (ضم) ചേര്‍ത്തും വായിക്കപ്പെട്ടിട്ടുണ്ട്. കൈകൊണ്ടു പാല്‍ കറക്കുമ്പോള്‍ ഒന്നുകറന്ന് വീണ്ടും കറക്കുവാന്‍ കൈപൊക്കുന്ന കാലതാമസത്തിനാണ് فَوَاق എന്നു പറയുന്നത്. ലോകാവസാനത്തിങ്കല്‍ എല്ലാവരും നശിച്ചുപോകുന്നതിനുള്ള കാഹളം ഊതുന്നതുവരെ മാത്രമേ ഇവരുടെ ഈ നിഷേധവും, ധിക്കാരവും തുടരുകയുള്ളൂ: ആ സമയം വന്നാല്‍ അവര്‍ക്കു ബോധം വരും; അതിനു ഒട്ടും കാലതാമസം വേണ്ടി വരികയില്ല; പെട്ടെന്നായിരിക്കും അതു സംഭവിക്കുക എന്നു സാരം.
- وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ ﴾١٦﴿
- അവര്‍ പറയുന്നു: 'ഞങ്ങളുടെ രക്ഷിതാവേ, ന്യായ വിസ്താരത്തിന്റെ ദിവസത്തിന്നുമുമ്പ് ഞങ്ങളുടെ വിഹിതം (ശിക്ഷ) ഞങ്ങള്‍ക്കു വേഗമാക്കിത്തന്നേക്കണേ!'
- وَقَالُوا۟ അവര്‍ പറയുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ عَجِّل لَّنَا ഞങ്ങള്‍ക്ക് വേഗമാക്കണം قِطَّنَا ഞങ്ങളുടെ വിഹിതം, ഓഹരി قَبْلَ يَوْمِ ٱلْحِسَابِ ന്യായവിസ്താരത്തിന്റെ (വിചാരണയുടെ) ദിവസത്തിനു മുമ്പ്
- ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ ﴾١٧﴿
- (നബിയേ) അവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചു കൊള്ളുക! നമ്മുടെ അടിയാനെ, അതായതു കരബലം (പ്രാബല്യം) ഉള്ളവനായ ദാവൂദിനെ ഓര്‍ക്കുകയും ചെയ്യുക. നിശ്ചയമായും അദ്ദേഹം (അല്ലാഹുവിങ്കലേക്കു) വളരെ മടക്കമുള്ള ആളാകുന്നു.
- ٱصْبِرْ ക്ഷമിക്കുക عَلَىٰ مَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَٱذْكُرْ ഓര്‍ക്കുകയും ചെയ്യുക عَبْدَنَا നമ്മുടെ അടിയാനെ دَاوُۥدَ ദാവൂദിനെ ذَا ٱلْأَيْدِ കൈകള്‍ (ശക്തി, കരബലം, പ്രാബല്യം) ഉള്ള إِنَّهُۥٓ നിശ്ചയമായും അദ്ദേഹം أَوَّابٌ വളരെമടക്കം (വിനയം) ഉള്ളവനാണ്
അവിശ്വാസികള്‍ക്കു അല്ലാഹു വമ്പിച്ച ശിക്ഷ നല്‍കുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീതു ചെയ്യാറുണ്ടല്ലോ .ഇതിനെ പരിഹസിച്ചു കൊണ്ട് പ്രാര്‍ത്ഥനാരൂപത്തില്‍ മുശരിക്കുകള്‍ പറയുന്ന വാക്കാണ് അല്ലാഹു ഉദ്ധരിച്ചത് . അവരുടെ ധിക്കാര മനസ്ഥിതി ഇതില്‍നിന്നു നല്ലപോലെ ഗ്രഹിക്കാമല്ലോ. അവരുടെ ഇത്തരം പ്രസ്താവനകളില്‍ ക്ഷമ കൈകൊള്ളുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. ഈ ഉപദേശം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു മനസ്സമാധാനം നല്‍കുന്നതോടൊപ്പം ആ ധിക്കാരികള്‍ക്കു കനത്ത താക്കീതുമാകുന്നു.
സത്യനിഷേധികളെക്കുറിച്ചും, അവരുടെ ചെയ്തികളെക്കുറിച്ചും പലതും പ്രസ്താവിക്കുകയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ക്ഷമിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ദാവൂദ് (عليه السلام) നബിയെ ഓര്‍ക്കുവാന്‍ കല്‍പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ നിന്നു മനസ്സിരുത്തേണ്ടുന്ന ചില വശങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. തുടര്‍ന്നുള്ള വചനങ്ങളില്‍ അദ്ദേഹത്തിന്റെ ചില സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അതിനുമുമ്പായി അദ്ദേഹത്തിന്റെ ചരിത്ര സംക്ഷേപം ഉള്‍ക്കൊള്ളുന്ന രണ്ടു മൂന്നു വാക്കുകള്‍കൊണ്ടു അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നതു ശ്രദ്ധാര്‍ഹമാകുന്നു .ഒന്നാമത്തേതു, ‘നമ്മുടെ അടിയാന്‍’ (عَبْدَنَا) എന്നാണ്. അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുകയും, അതുവഴി അല്ലാഹുവിന്റെ പ്രീതിക്കും സ്നേഹത്തിനും പാത്രമാകുകയും ചെയ്ത ആളാണ് അദ്ദേഹമെന്നത്രെ ഈ വാക്കു സൂചിപ്പിക്കുന്നത്. രണ്ടാമതായി അദ്ദേഹത്തെ ‘കരബലമുള്ളവന്‍’ അഥവാ കയ്യൂക്കുള്ളവന്‍ (ذَا ٱلْأَيْدِ) എന്നു വിശേഷിപ്പിച്ചു. പല കൈകള്‍ ഉള്ളവന്‍ എന്നത്രെ ഈ വാക്കിനു ഭാഷാര്‍ത്ഥം. വളരെ ശക്തിയും, കഴിവും ഉണ്ടായിരുന്ന ആള്‍ എന്നാണ് അതിന്റെ വിവക്ഷ. കായികശക്തി, ആയുധപ്പയറ്റ്, ഭരണനൈപുന്യം, സൈനികശക്തി, സാധന സാമഗ്രികള്‍, ലോകപ്രശസ്തി ആദിയായ വിഷയങ്ങളിലെല്ലാം തന്നെ അദ്ദേഹം അദ്വിതീയനായിരുന്നു. അദ്ദേഹം ജാലൂത്തിനെ കൊലപ്പെടുത്തിയ പ്രസിദ്ധ സംഭവം സൂറത്തുല്‍ ബഖറഃ 246 -251 ല്‍ അല്ലാഹു വിവരിച്ചിരിക്കുന്നു . പക്ഷേ, അതൊന്നുംതന്നെ, അല്ലാഹുവിനോടു കൂറും, ഭക്തിയും കാണിക്കുന്നതിനു അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. അത്രയുമല്ല, അദ്ദേഹം വളരെ മനസ്സുമടക്കമുള്ള ആളുമായിരുന്നു (إِنَّهُ أَوَّابٌ) ഇതാണ് മൂന്നാമത്തെ വിശേഷത.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി.: ‘നമസ്കാരത്തില്‍വെച്ച് അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടതു ദാവൂദ് നബിയുടെ നമസ്കാരമാകുന്നു . നോമ്പുകളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടതു ദാവൂദ് നബിയുടെ നോമ്പുമാണ്. അദ്ദേഹം രാത്രി പകുതിസമയം ഉറങ്ങും. മൂന്നിലൊരുഭാഗം എഴുന്നേറ്റു നമസ്കരിക്കും. (വീണ്ടും) ആറിലൊരുഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പ് പിടിക്കും. ഒരു ദിവസം നോമ്പ് വിടുകയും ചെയ്യും. ശത്രുക്കളുമായി ഏറ്റുമുട്ടിയാല്‍ അദ്ദേഹം പിന്മാറി പോകുകയില്ലായിരുന്നു . വളരെ മടക്കമുള്ള ഒരാളായിരുന്നു’. (ബു. മു) ചില യുവസഹാബികള്‍, ഐഹിക സുഖങ്ങളെ ത്യജിച്ച് കൊണ്ട് ഐച്ഛികമായ ആരാധനാകര്‍മ്മങ്ങളില്‍ മുഴുകുവാന്‍ തയ്യാറെടുതതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വിവരം കിട്ടുകയുണ്ടായി. അതിനെ തുടര്‍ന്നാണ് മേല്‍കണ്ട വചനങ്ങള്‍ അവിടുന്ന് പ്രസ്താവിച്ചത്. ‘ദാവൂദ്’ (عليه السلام) തന്റെ സ്വന്തം കൈകൊണ്ടുള്ള അദ്ധ്വാനത്തില്‍ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല.’ എന്നും ഒരു ഹദീസില്‍ തിരുമേനി പ്രസ്താവിച്ചിട്ടുണ്ട്. (ബു). ഒരിക്കല്‍ അദ്ദേഹത്തെപ്പറ്റി ‘അദ്ദേഹം മനുഷ്യരില്‍ വെച്ചു വലിയ ഇബാദത്തുകാരനായിരുന്നു’ എന്നും തിരുമേനി പറയുകയുണ്ടായി. (كان أعبد البشر – البخارى في التاريخه)
ദാവൂദ് (عليه السلام) നെ ഓര്‍ക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് കല്പിച്ചതിലടങ്ങിയ രഹസ്യങ്ങള്‍ ഇതില്‍നിന്നെല്ലാം ഗ്രഹിക്കാമല്ലോ. അടുത്ത വചനങ്ങളില്‍ അദ്ദേഹത്തിനു സിദ്ധിച്ച ചില അനുഗ്രഹങ്ങളും, അദ്ദേഹത്തിനു നേരിട്ട ചില പരീക്ഷണങ്ങളും അല്ലാഹു വിവരിക്കുന്നു.:-
- إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ ﴾١٨﴿
- സന്ധ്യാസമയത്തും, പ്രകാശസമയത്തും 'തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്തുകൊണ്ടു അദ്ദേഹത്തോടൊപ്പം പര്‍വ്വതങ്ങളെ നാം കീഴ്പ്പെടുത്തുകയുണ്ടായി.
- إِنَّا سَخَّرْنَا നാം കീഴ്പ്പെടുത്തി ٱلْجِبَالَ പര്‍വ്വതങ്ങളെ ,മലകളെ مَعَهُۥ അദ്ദേഹത്തോടൊപ്പം يُسَبِّحْنَ അവ തസ്ബീഹു ചെയ്തുകൊണ്ടു بِٱلْعَشِىِّ സന്ധ്യാസമയത്തു, വൈകിട്ടു وَٱلْإِشْرَاقِ പ്രകാശവേളയിലും (രാവിലെ)
- وَٱلطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُۥٓ أَوَّابٌ ﴾١٩﴿
- ഒരുമിച്ചു കൂട്ടപ്പെട്ട നിലയില്‍ പക്ഷികളെയും (കീഴ്പ്പെടുത്തി). എല്ലാംതന്നെ, അദ്ദേഹത്തോടു മടക്കം[വിനയം] ഉള്ളവയായിരുന്നു.
- وَٱلطَّيْرَ പക്ഷികളെയും مَحْشُورَةً ഒരുമിച്ചു കൂട്ടപ്പെട്ട നിലയില്‍ كُلٌّ لَّهُۥٓ എല്ലാം(തന്നെ) അദ്ദേഹത്തിലേക്കു أَوَّابٌ മടക്കം(വിനയം) ഉള്ളതാണ്
- وَشَدَدْنَا مُلْكَهُۥ وَءَاتَيْنَٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ ﴾٢٠﴿
- അദ്ദേഹത്തിന്റെ ഭരണാധിപത്യത്തെ നാം ശക്തമാക്കുകയും, അദ്ദേഹത്തിനു വിജ്ഞാനവും, നിര്‍ണ്ണായകഭാഷണവും നല്‍കുകയും ചെയ്തു.
- وَشَدَدْنَا നാം ശക്തമാക്കുക (ബലപ്പെടുത്തുക)യും ചെയ്തു مُلْكَهُۥ തന്റെ ആധിപത്യം, രാജത്വം وَءَاتَيْنَٰهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു ٱلْحِكْمَةَ വിജ്ഞാനം, തത്വജ്ഞാനം, യുക്തി وَفَصْلَ ٱلْخِطَابِ അഭിമുഖ സംസാരത്തില്‍ തീരുമാനവൈഭവം (നിര്‍ണ്ണായക ഭാഷണം)
ദാവൂദ് (عليه السلام) നബിക്കു സിദ്ധിച്ച പ്രത്യേകാനുഗ്രഹങ്ങളില്‍ ഒന്നാണ്, അദ്ദേഹമൊന്നിച്ച് രാവിലെയും വൈകുന്നേരവും തസ്ബീഹ് നടത്തുമാറ് മലകളെയും പക്ഷികളെയും അല്ലാഹു കീഴ്പെടുത്തിക്കൊടുത്തിരുന്നത്. ഇതിനെപറ്റി ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചു കാണാം. സൂ: അമ്പിയാഉ് 79-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇതിനുമുമ്പ് നാം ആവശ്യമായ വിവരണം നല്‍കിയിട്ടുള്ളതു നോക്കുക. ഈ അനുഗ്രഹത്തെ മറ്റുതരത്തില്‍ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതിനെ സംബന്ധിച്ചും അവിടെ നാം സംസാരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ചും മറ്റും സൂ: നംലിലും, സൂ:അമ്പിയാഇലും വിവരിച്ചുകാണാം. അതുകൊണ്ടു ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല. പക്ഷികളും, പര്‍വ്വതങ്ങളും അദ്ദേഹത്തോടു വിനയവും അനുസരണവും കാണിച്ചിരുന്നുവെന്നാണ് كُلٌّ لَهُ أَوَّابٌ (എല്ലാംതന്നെ അദ്ദേഹത്തോടു മടക്കം -അഥവാ വിനയം- ഉള്ളവരായിരുന്നു) എന്ന വാക്യം കാണിക്കുന്നത്. ഇതെങ്ങനെയായിരുന്നുവെന്നു നമുക്കു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. അല്ലാഹു അവയില്‍ നിന്നു എന്തു ഉദ്ദേശിച്ചിരുന്നുവോ അതു ദാവൂദ് (عليه السلام) നബിയുടെ ഇംഗിതം അനുസരിച്ച് അവ നിര്‍വ്വഹിച്ചിരുന്നു എന്നുമാത്രം പറയാം. فَصْلَ الْخِطَابِ (നിര്‍ണ്ണായക ഭാഷണം) നല്‍കി എന്നു പറഞ്ഞതിന്റെ താൽപര്യം ഇതാണ്: സാധാരണ സംഭാഷണങ്ങളിലും, കക്ഷിവഴക്കുകളില്‍ തീരുമാനം കൽപ്പിക്കുന്നതിലും, സത്യവും നീതിയും അനുസരിച്ചു വസ്തുനിഷ്ഠവും, നിര്‍ണ്ണായകവുമായ രൂപത്തില്‍ സംസാരിക്കുവാനുള്ള വൈഭവം അല്ലാഹു അദ്ദേഹത്തിന്നു നല്‍കിയിരുന്നു. അദ്ദേഹത്തിന്നു നേരിട്ട ഒരു പരീക്ഷണസംഭവമാണ് അടുത്ത വചനത്തില്‍ കാണുന്നത്:
- ۞ وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ ﴾٢١﴿
- (നബിയേ) വ്യവഹാരകക്ഷികള്‍ ആരാധനാമണ്ഡപത്തില്‍ മതിലുകയറി വന്നപ്പോഴത്തെ വര്‍ത്തമാനം നിനക്കു ലഭിച്ചിട്ടുണ്ടോ?-
- وَهَلْ أَتَاكَ നിനക്കു വന്നിട്ടു (ലഭിച്ചിട്ടു)ണ്ടോ نَبَأُ الْخَصْمِ വ്യവഹാരകക്ഷികളുടെ (എതിര്‍വാദികളുടെ വര്‍ത്തമാനം إِذْ تَسَوَّرُوا അവര്‍ മതില്‍ (ചുമര്‍) കയറിവന്നപ്പോള്‍ الْمِحْرَابَ പ്രാര്‍ത്ഥനാമണ്ഡപത്തില്‍
- إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ﴾٢٢﴿
- അതായതു, അവര്‍ ദാവൂദിന്റെ മേല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ട് അദ്ദേഹം അവരെ സംബന്ധിച്ചു (ഭയന്നു) നടുങ്ങി. അവര്‍ പറഞ്ഞു: 'പേടിക്കേണ്ടാ! (ഞങ്ങള്‍) രണ്ടു വ്യവഹാര കക്ഷികളാണ്;- ഞങ്ങളില്‍ ചിലര്‍ ചിലരുടെ മേല്‍ അതിക്രമം ചെയ്തിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം വിധിച്ചുതരണം; നീതികേടു ചെയ്യരുത്; ഞങ്ങളെ നേരായ പാതയിലേക്കു മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യണം.
- إِذْ دَخَلُوا۟ അതായതു അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ دَاوُۥدَ ദാവൂദിന്റെമേല്‍ فَفَزِعَ എന്നിട്ടു അദ്ദേഹം നടുങ്ങി (ഭയന്നു) مِنْهُمْ അവരെ സംബന്ധിച്ചു, അവരാല്‍ قَالُوا۟ അവര്‍ പറഞ്ഞു لَا تَخَفْ താങ്കള്‍ പേടിക്കേണ്ട خَصْمَانِ രണ്ടു വ്യവഹാര കക്ഷികളാണ് بَغَىٰ അതിക്രമം ചെയ്തു بَعْضُنَا ഞങ്ങളില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ മേല്‍ فَٱحْكُم അതിനാല്‍ വിധിക്കണം بَيْنَنَا ഞങ്ങള്‍ക്കിടയില്‍ بِٱلْحَقِّ ന്യായ (യഥാർത്ഥ) പ്രകാരം وَلَا تُشْطِطْ നീതികേടു ചെയ്യരുത്, വീഴ്ച വരുത്തരുത് وَٱهْدِنَآ ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കണം, നയിക്കണം إِلَىٰ سَوَآءِ ٱلصِّرَٰطِ നേരായ (ശരിയായ) പാതയിലേക്കു
- إِنَّ هَٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ ﴾٢٣﴿
- '(ഇതാ) ഇതു എന്റെ സഹോദരനാണ്; ഇവന്നു തൊണ്ണൂറ്റൊമ്പതു പിടയാടുകളുണ്ട്: എനിക്കു ഒരേ പിടയാടുമുണ്ട്; എന്നിട്ടു അവന്‍ പറഞ്ഞു: നീ അതിനെ എനിക്ക് ഏല്‍പ്പിച്ചു (വിട്ടു) തരണമെന്നു്. അഭിമുഖ സംസാരത്തില്‍ അവന്‍ എന്നെ (തോല്‍പ്പിച്ച്) വെല്ലുകയും ചെയ്തിരിക്കുന്നു.'
- إِنَّ هَٰذَآ നിശ്ചയമായും ഇതു, ഇവന്‍ أَخِى എന്റെ സഹോദരനാണ് لَهُۥ അവനുണ്ട് تِسْعٌ وَتِسْعُونَ തൊണ്ണൂറ്റൊമ്പതു نَعْجَةً പിടയാട്, പെണ്ണാട് وَلِىَ എനിക്കുണ്ട് نَعْجَةٌ وَٰحِدَةٌ ഒരേ പിടയാട് فَقَالَ എന്നിട്ടവന്‍ പറഞ്ഞു أَكْفِلْنِيهَا നീ അതിനെ എനിക്കു ഏല്‍പ്പിച്ചു (വിട്ടു) തരണം وَعَزَّنِى അവന്‍ എന്നെ വെല്ലുക (ജയിക്കുക)യും ചെയ്തിരിക്കുന്നു فِى ٱلْخِطَابِ അഭിമുഖ സംസാരത്തില്‍
- قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ ۩ ﴾٢٤﴿
- അദ്ദേഹം [ദാവൂദ്] പറഞ്ഞു: 'അവന്റെ പിടയാടുകളില്‍കൂടി നിന്റെ പിടയാടിനെ ചോദിച്ചതുനിമിത്തം, തീര്‍ച്ചയായും അവന്‍ നിന്നോടു അനീതി പ്രവര്‍ത്തിച്ചിരിക്കയാണ്. നിശ്ചയമായും, കൂട്ടുകാരില്‍പെട്ട പലരും -ചിലര്‍ ചിലരുടെമേല്‍ - അതിക്രമം പ്രവര്‍ത്തിക്കാറുണ്ട്; വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരൊഴികെ. വളരെക്കുറച്ചുമായിരിക്കും അവര്‍. നാം അദ്ദേഹത്തെ പരീക്ഷണം നടത്തിയിരിക്കുക തന്നെയാണെന്നു ദാവൂദ് ധരിക്കുകയും ചെയ്തു. അതിനാല്‍, അദ്ദേഹം തന്റെ റബ്ബിനോടു പാപമോചനം തേടുകയും, 'റുകൂഉ്' ചെയ്തു (കുമ്പിട്ടു) കൊണ്ടു നിലംപതിക്കുകയും, (അല്ലാഹുവിങ്കലേക്കു) ഖേദിച്ചുമടങ്ങുകയും ചെയ്തു.
- قَالَ അദ്ദേഹം പറഞ്ഞു لَقَدْ ظَلَمَكَ തീര്‍ച്ചയായും അവന്‍ നിന്നോടു അക്രമം ചെയ്തു بِسُؤَالِ نَعْجَتِكَ നിന്റെ പിടയാടിനെ ചോദിച്ചതുകൊണ്ടു إِلَىٰ نِعَاجِهِۦ അവന്റെ പിടയാടുകളിലേക്കു (പിടയാടുകളില്‍കൂടി) وَإِنَّ كَثِيرًا പലരും, വളരെ ആളുകള്‍ مِّنَ ٱلْخُلَطَآءِ കൂട്ടുകാരില്‍ പെട്ട لَيَبْغِى നിശ്ചയമായും അതിക്രമം ചെയ്യാറുണ്ട് بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍ إِلَّا ٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരൊഴികെ وَعَمِلُوا۟ ٱلصَّٰلِحَٰتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത وَقَلِيلٌ مَّا നന്നേ (വളരെ) കുറവാണ് هُمْ അവര്‍ وَظَنَّ دَاوُۥدُ ദാവൂദ് ധരിക്കുക (വിചാരിക്കുക)യും ചെയ്തു أَنَّمَا فَتَنَّٰهُ നാം അദ്ദേഹത്തെ പരീക്ഷിച്ചിരിക്കുക തന്നെയാണെന്നു فَٱسْتَغْفَرَ അങ്ങനെ അദ്ദേഹം പാപമോചനം (പൊറുക്കല്‍) തേടി رَبَّهُۥ തന്റെ റബ്ബിനോടു وَخَرَّ നിലംപതിക്കയും ചെയ്തു رَاكِعًا റുകൂഉ ചെയ്തു (കുമ്പിട്ടു) കൊണ്ടു وَأَنَابَ ഖേദിച്ചു മടങ്ങുക (വിനയപ്പെടുക)യും ചെയ്തു
ഈ ആയത്തിനു ശേഷം അല്ലാഹുവിനു നന്ദിയായി ഒരു സുജൂദ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരം താഴെ വരുന്നുണ്ട്.
- فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ ﴾٢٥﴿
- അപ്പോള്‍, അദ്ദേഹത്തിന് അതു നാം പൊറുത്തു കൊടുത്തു. നിശ്ചയമായും അദ്ദേഹത്തിനു നമ്മുടെ അടുക്കല്‍ സാമീപ്യ (സ്ഥാന)വും, നല്ല മടക്കസ്ഥലവും ഉണ്ട്.
- فغفرنا അപ്പോള്‍ നാം അദ്ദേഹത്തിനു പൊറുത്തുകൊടുത്തു ذالك അതു وإن له നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും عندنا നമ്മുടെ അടുക്കല്‍ لزلفي സാമീപ്യം, അടുപ്പം وحسن ماب നല്ല മടക്ക(പ്രാപ്യ)സ്ഥാനവും)
ഈ വചനങ്ങളില്‍ പ്രസ്താവിച്ച സംഭവത്തിനു വിശദരൂപം നല്‍കുന്ന ചില കഥകള്‍ കഥാകാരന്മാര്‍ ഉദ്ധരിച്ചു കാണാം . ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവ പകര്‍ത്തിക്കാട്ടുകയും ചെയ്തിരിക്കുന്നു. അവയില്‍ ചിലതു ദാവൂദ് (عليه السلام) നബിയുടെ സ്ഥിതിക്കു മാത്രമല്ല, സാധാരണക്കാരനായ ഒരു സത്യവിശ്വാസിയുടെ സ്ഥിതിക്കു പോലും യോജിക്കാത്തതാണ്. ഇതു സംബന്ധിച്ചു ഇമാം ഇബ്നു കഥീര്‍ (رحمه الله) ചെയ്തിട്ടുള്ള പ്രസ്താവന വളരെ ശ്രദ്ധേയമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇവിടെ ചില കഥകള്‍ പറയാറുണ്ട്. അവയിലധികവും ഇസ്രാഈലീ ഐതിഹ്യങ്ങളില്‍നിന്നു ലഭിച്ചതാകുന്നു. സ്വീകാര്യമായ ഒരു വര്‍ത്തമാനവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നു ഈ വിഷയത്തില്‍ ലഭിച്ചിട്ടില്ല. ആകയാല്‍, ഈ കഥ (ഖുര്‍ആനില്‍ വന്നതുപോലെ) പാരായണം ചെയ്യുകയും അതിനെസംബന്ധിച്ച വിവരം അല്ലാഹുവിനറിയാമെന്നു വെക്കുകയുമാണ് കൂടുതല്‍ നല്ലത്. ഖുര്‍ആനും, അതു ഉള്‍ക്കൊള്ളുന്നതും യഥാര്‍ത്ഥംതന്നെ. ’അലി (رضي الله عنه) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു: ‘ദാവൂദ് (عليه السلام) നെപ്പറ്റി കഥാകാരന്മാര്‍ പറയാറുള്ളത് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ നൂറ്റി അറുപതടി അടിക്കും!’ അപ്പോള്‍, വളരെ പഴക്കംചെന്ന ഇസ്രാഈലീ കഥകളാണവ എന്നു വ്യക്തമാകുന്നു. ചുരുക്കത്തില്‍, ഖുര്‍ആന്റെ പ്രസ്താവനയില്‍നിന്നു മനസ്സിലാകുന്നതു എന്തോ അതുകൊണ്ടു നാം ഇവിടെ തൃപ്തിപ്പെടുക.
ദാവൂദ് (عليه السلام) നബിയുടെ പ്രാര്‍ത്ഥനാമുറിയില്‍ ചിലര്‍ ചുവരുകയറി അകത്തു കടന്നു. മറ്റാര്‍ക്കും പ്രവേശനമില്ലാതെ അദ്ദേഹം സ്വസ്ഥമായിരിക്കുന്ന ഒരു പ്രത്യേക മുറിയായിരിക്കാം അത്. ആകസ്മികമായി ഒരു കൂട്ടര്‍ അതിക്രമിച്ച് അകത്തു കടന്നതു കണ്ടപ്പോള്‍ അദ്ദേഹം ഭയപ്പെട്ടു. വല്ല ചതിപ്രയോഗമോ, കൈയേറ്റമോ ഉന്നംവെച്ചു കൊണ്ടായിരിക്കും ആ പ്രവേശനമെന്നു അദ്ദേഹത്തിനു തോന്നുക സ്വാഭാവികമാണല്ലോ. ഇസ്രാഈല്യര്‍ക്കിടയില്‍ നബിമാരെ കൊലപ്പെടുത്തുവാനുള്ള സംരംഭങ്ങള്‍ നടക്കുന്നതും സംഭവ്യമാണ്.
وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ ٱلْحَقِّ – البقرة :٦١
(അവര്‍ അന്യായമായി നബിമാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു) എന്നു അല്ലാഹു പ്രസ്ഥാവിച്ചിട്ടുണ്ടല്ലോ.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഭയവും, പരിഭ്രമവും കണ്ടപ്പോള്‍ ആഗതര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയായി. ഒരു പക്ഷെ, ദാവൂദ് (عليه السلام) നബിയുടെ ആള്‍ക്കാര്‍ അപ്പോഴേക്കും അവിടെ എത്തിച്ചേരുകയോ മറ്റോ സംഭവിച്ചിരിക്കുവാനും സാദ്ധ്യതയുണ്ട്. ഏതായാലും, തങ്ങളുടെ അനാശാസ്യമായ ഈ പ്രവേശനത്തിന്റെ ഉദ്ദേശ്യം അവര്‍ പറഞ്ഞുകേള്‍പ്പിച്ചു. കേവലം സഹോദരങ്ങളും കൂട്ടുകാരുമായ തങ്ങള്‍ക്കിടയിലുണ്ടായ ഒരു വഴക്കില്‍ ന്യായമായ വിധി സമ്പാദിക്കലും, ഉപദേശം തേടലുമാണുദ്ദേശ്യമെന്നു അവര്‍ സമര്‍ത്ഥിച്ചു. കേസ്സിന്റെ രൂപം ഒരാള്‍ ഇങ്ങനെ വിവരിച്ചു: ‘എന്റെ ഈ സഹോദരനു തൊണ്ണൂറ്റൊമ്പതു പിടയാടുകളുണ്ട്. എനിക്കു ഒന്നുമാത്രവും! ഈ ഒന്നിനെയും തനിക്കു വിട്ടുകൊടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു. ഞങ്ങള്‍ തമ്മില്‍ ഇതിനെപ്പറ്റി അന്യോന്യം സംസരിച്ചുവെങ്കിലും ന്യായത്തില്‍ അദ്ദേഹം എന്നെ തോല്‍പ്പിക്കുകയാണുണ്ടായത്. അതുകൊണ്ടു ഞങ്ങള്‍ക്കിടയില്‍ ശരിയായ ഒരു വിധി കൽപിച്ചുതന്ന് ഞങ്ങളെ നേര്‍വഴിക്കാക്കണം.’
അന്യായക്കാരനായ കക്ഷിയുടെ മൊഴികളാണിതു എന്നു വ്യക്തമാണ്. എന്നാല്‍ പ്രതിയുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും കൈപീത്തോ ന്യായമോ ആകട്ടെ, ന്യായാധിപസ്ഥാനത്തുനിന്നുള്ള എന്തെങ്കിലും ചോദ്യമോ പ്രതിവിസ്താരമോ ആകട്ടെ, ഒന്നുംതന്നെ അല്ലാഹു ഇവിടെ ഉദ്ധരിച്ചിട്ടില്ല. അന്യായം കേട്ടമാത്രയില്‍തന്നെ ദാവൂദ് (عليه السلام) വിധി പ്രസ്തവിച്ചതായിട്ടാണു പ്രത്യക്ഷത്തില്‍ കാണുന്നത്. അദ്ദേഹം അന്യയക്കാരന് വിധി കൊടുത്തു: അവന്‍ തന്റെ ആടുകളില്‍ക്കൂടി നിന്റെ ആടിനെയും കിട്ടണമെന്നാവശ്യപ്പെട്ടതു അക്രമമാണെന്ന്. അന്യോന്യം ഇടകലര്‍ന്നു കൂട്ടായി വര്‍ത്തിക്കുന്ന പലരും ഇങ്ങിനെ പരസ്പരം പ്രവര്‍ത്തിക്കാറുണ്ടെന്നും സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിച്ചവര്‍ മാത്രമേ ഇതില്‍നിന്നു ഒഴിവാകുകയുള്ളൂവെന്നും, അങ്ങിനെയുള്ള സജ്ജനങ്ങള്‍ വളരെ കുറവാണെന്നും അദ്ദേഹം തുടര്‍ന്നു പ്രസ്താവിക്കയും ചെയ്തു.
ഈ സംഭവം മുഖേന അല്ലാഹു തന്നെ പരീക്ഷിച്ചതാണെന്നു ദാവൂദ് (عليه السلام) കരുതിയെന്നും, അങ്ങനെ അദ്ദേഹം പാപമോചനം തേടുകയും റുകൂഉം സുജൂദും ചെയ്ത് നിലം പതിച്ചു ഖേദിച്ചു മടങ്ങുകയും ചെയ്തുവെന്നും, അല്ലാഹു അദേഹത്തിനു പൊറുത്തുകൊടുത്തുവെന്നും അല്ലാഹു തുടര്‍ന്നു പറഞ്ഞിരിക്കുന്നു. പരീക്ഷണം എന്തായിരുന്നു? അദ്ദേഹം ചെയ്ത തെറ്റു എന്തായിരുന്നു? ഒന്നും ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ല. ഒരു പക്ഷേ കേസ്സിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താതെയും, പ്രതിയുടെ വാമൊഴികള്‍ ആരായാതെയും കേസ്സില്‍ വിധി പറഞ്ഞതായിരിക്കാം. അല്ലെങ്കില്‍, പെട്ടെന്ന് അതിക്രമിച്ചു കടന്ന അവരുടെമേല്‍ എന്തെങ്കിലും ശക്തിയായ നടപടി എടുക്കുവാന്‍ പ്രഥമ വീക്ഷണത്തില്‍ അദ്ദേഹം ഉദ്ദേശിച്ചിരിക്കുകയും, പിന്നീടു മാപ്പു കൊടുക്കുകയും ചെയ്തതായിരിക്കാം. അതല്ലെങ്കില്‍ ആഗതരെപ്പറ്റി ആക്ഷേപിച്ചതുമായിരിക്കാം. അവര്‍ അകത്തു പ്രവേശിച്ച സന്ദര്‍ഭവും, സ്വഭാവവും, ആ പ്രവേശനത്തിനു അവര്‍ പറഞ്ഞ കാരണവും നോക്കുമ്പോള്‍ ഇങ്ങനെ പലതുമായിരിക്കുവാന്‍ വഴിയുണ്ട്. വളരെ കെട്ടിപ്പിണവുള്ള ഒരു കേസ്സല്ല അവര്‍ പറഞ്ഞത്. ആ കേസ്സ് അദ്ദേഹത്തിന്റെ ദര്‍ബാറില്‍ സാധാരണ മട്ടില്‍ സമര്‍പ്പിക്കാവുന്നതേ ഉള്ളൂ. ഈ കേസ്സിന്റെ വിവരണത്തില്‍ നിന്നു തന്നെ, അവരുടെ പ്രവേശനത്തില്‍ ഇതല്ലാതെ മറ്റെന്തോ ഒരു ഉദ്ദേശ്യം ഒളിഞ്ഞു കിടപ്പുണ്ടെന്നു വിചാരിക്കാന്‍ തികച്ചും ന്യായമുണ്ട്. ഇതിനെല്ലാം പുറമെ, സാധാരണക്കാരായ ആളുകളെ അപേക്ഷിച്ചോ, നീതിന്യായത്തിന്റെ അടിസ്ഥാനത്തിലോ നോക്കുമ്പോള്‍, ഒരു തെറ്റായി വ്യാഖ്യാനിക്കപ്പെടാത്ത ചില നിസ്സാരകാര്യങ്ങള്‍ പോലും, ദാവൂദ് (عليه السلام) നബിയെപ്പോലുള്ള മഹാന്മാരുടെ സ്ഥാനമാനങ്ങള്‍ക്കു നിരക്കാത്തതാണെന്നും വരാമല്ലോ. അവരെ സംബന്ധിച്ചിടത്തോളം അതു തെറ്റുകുറ്റങ്ങളായി പരിഗണിക്കപ്പെടുകയും ചെയ്തേക്കാവുന്നതാണ്. ഏതായാലും ധാരണയിലോ, പ്രവർത്തിയിലോ വന്ന ആ നിസ്സാരതെറ്റിനുപോലും അദ്ദേഹം അങ്ങേ അറ്റം ഖേദിച്ചു പശ്ചാത്തപിച്ചു. അല്ലാഹു അതു പൊറുത്തുകൊടുക്കുകയും ചെയ്തു. വാസ്തവം അല്ലാഹുവിന്നറിയാം.
ഈ ആഗതന്മാര്‍ മലക്കുകളായിരുന്നുവെന്നു ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. ഇതു വാസ്തവമാണെങ്കിലും അല്ലെങ്കിലും ശരി, ന്യായധിപസ്ഥാനം കൈകാര്യം ചെയ്യുന്നതില്‍ ആവശ്യമായ മര്യാദകളും, കാര്യക്ഷമതയും ദാവൂദ് (عليه السلام) കൂടുതല്‍ മനസ്സിലാക്കുവാന്‍ കാരണമായിത്തീര്‍ന്ന ഒരു സംഭവമായിരുന്നു ഇതെന്നും, ഈ സംഭവം മുഖേന ആ തുറയില്‍ അദ്ദേഹത്തിനു ചില നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അല്ലാഹുവിങ്കല്‍ അദ്ദേഹത്തിനു കൂടുതല്‍ സ്ഥാനപദവി സിധിച്ചുവെന്നും തീര്‍ച്ചയാണ്. ‘പൊറുത്തുകൊടുത്തു’ എന്നു പറഞ്ഞു അല്ലാഹു മതിയാക്കിയില്ല. وَإِنَّ لَهُ عِنْدَنَا لَزُلْفَى وَحُسْنَ مَآبٍ (നിശ്ചയമായും അദ്ദേഹത്തിനു നമ്മുടെ അടുക്കല്‍ സാമീപ്യവും നല്ല മടക്കസ്ഥാനവും ഉണ്ട്.) എന്നു കൂടി പറഞ്ഞിരിക്കുന്നുവല്ലോ. മാത്രമല്ല, ഈ സംഭവം വിവരിച്ചതിനെത്തുടര്‍ന്ന് അടുത്ത വചനത്തില്‍ അദ്ദേഹത്തെ അഭിമുഖീകരിച്ചു പറയുന്നതും നോക്കുക. അദ്ദേഹത്തെ ഭൂമിയിലെ പ്രതിനിധിയാക്കിയിട്ടുണ്ടെന്നും, അതുകൊണ്ട് ഇച്ഛ നോക്കാതെ മുറപ്രകാരം ന്യായാധിപത്യം നടത്തണമെന്നുമാണല്ലോ അതില്‍ പറയുന്നത്. അപ്പോള്‍, ആ സംഭവവും ഈ പ്രസ്താവനയും തമ്മില്‍ എന്തോ പ്രത്യേക ബന്ധമുണ്ടെന്നു സ്പഷ്ടമാണ്.
24-ാം വചനം ഓതുമ്പോള്‍ സുജൂദ് ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞുവല്ലോ. ഇതു സാധാരണ ഓത്തിന്റെ സുജൂദുകളുടെ ഇനത്തില്‍ പെട്ടതല്ല. ദാവൂദ് (عليه السلام) നബിയുടെ പശ്ചാത്താപം സ്വീകരിച്ചതില്‍ അല്ലാഹുവിനു നന്ദിയായി ചെയ്യുന്ന ഒരു സുജൂദ് (سجدة الشكر) ആകുന്നു. ഇമാം നസാഇ (رحمه الله) ഇബ്നു അബ്ബാസ് (رضي الله عنهما) ല്‍ നിന്നു നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്: സ്വാദു സൂറത്തില്‍വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സുജൂദ് ചെയ്കയും ഇങ്ങിനെ പറയുകയും ചെയ്തു: ‘ദാവൂദ് (عليه السلام) പശ്ചാത്താപമെന്ന നിലക്കു സുജൂദ് ചെയ്തു. നാമതു നന്ദിയെന്ന നിലക്കു ചെയ്യുന്നു. ഇതു സംബന്ധിച്ച് ഹദീസുകള്‍ വേറെയും കാണാം. ദാവൂദ് (عليه السلام) നബിയെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു.:
- يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ ﴾٢٦﴿
- ഹേ, ദാവൂദ് ! നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍, നീ മനുഷ്യര്‍ക്കിടയില്‍ ന്യായപ്രകാരം വിധി നടത്തുക. ഇച്ഛയെ പിന്‍പറ്റുകയും ചെയ്യരുത്. കാരണം, അതു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിച്ചലിക്കുന്നവര്‍, അവര്‍ ന്യായവിചാരണാദിവസത്തെ വിസ്മരിക്കുന്നതു നിമിത്തം, അവര്‍ക്കു കഠിനശിക്ഷയുണ്ടായിരിക്കും.
- يَٰدَاوُۥدُ ഹേ ദാവൂദ് إِنَّا جَعَلْنَٰكَ നിശ്ചയമായും നാം നിന്നെ ആക്കിയിരിക്കുന്നു خَلِيفَةً ഒരു പ്രതിനിധി فِى ٱلْأَرْضِ ഭൂമിയില്‍ فَٱحْكُم അതിനാല്‍ നീ വിധി നടത്തുക بَيْنَ ٱلنَّاسِ മനുഷ്യര്‍ക്കിടയില്‍ بِٱلْحَقِّ ന്യായ (മുറ, യഥാര്‍ത്ഥ) പ്രകാരം وَلَا تَتَّبِعِ നീ പിന്‍പറ്റരുതു ٱلْهَوَىٰ ഇച്ഛയെ (സ്വന്തം ഇഷ്ടത്തെ) فَيُضِلَّكَ കാരണം അതു നിന്നെ വ്യതിചലിപ്പിക്കും, എന്നാലതു നിന്നെ പിഴപ്പിക്കും عَن سَبِيلِ ٱللَّهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു إِنَّ നിശ്ചയമായും ٱلَّذِينَ يَضِلُّونَ പിഴച്ചു പോകുന്നവര്‍, വ്യതിചലിക്കുന്നവര്‍ عَن سَبِيلِ ٱللَّهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌۢ കഠിനമായ ശിക്ഷ بِمَا نَسُوا۟ അവര്‍ മറന്നതു (വിസ്മരിച്ചതു ) നിമിത്തം يَوْمَ ٱلْحِسَابِ വിചാരണയുടെ ദിവസത്തെ
ദാവൂദ് (عليه السلام) ഒരു പ്രവാചകനും ദൈവദൂതനുമാണ്. അതോടൊപ്പം അദ്ദേഹത്തിനു രാജത്വവും, ഭരണാധിപത്യവും അല്ലാഹു കൊടുത്തരുളി. ഭരണാധിപനും, ന്യായാധിപനുമെന്ന നിലക്കു അദ്ദേഹം അവശ്യം അനുഷ്ഠിക്കേണ്ടുന്ന കാര്യങ്ങള്‍ അദ്ദേഹത്തിനു പഠിപ്പിക്കുകയും, അതിനെതിരായി അധികാരം ദുരുപയോഗപ്പെടുത്തുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി ശക്തിയായി താക്കീതു ചെയ്കയും ചെയ്തു. വാസ്തവത്തില്‍ ദാവൂദ് (عليه السلام) നബിയെ മാത്രം ബാധിക്കുന്നതല്ല ഈ വചനത്തിലെ ശാസനയും താക്കീതും. എല്ലാ നേതാക്കന്മാരെയും, അധികാരസ്ഥന്മാരെയും ഒരുപോലെ ബാധിക്കുന്നതാണ് അവ. ഇമാം അഹ്മദും, തിർമദിയും (رحمهما الله) ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഖിയാമത്തുനാളില്‍ മനുഷ്യരില്‍വെച്ചു അല്ലാഹുവിങ്കലേക്കു ഏറ്റവും ഇഷ്ടപ്പെട്ടവനും ഏറ്റവും സാമീപ്യമുള്ളവനും, നീതിമാനായ നേതാവായിരിക്കും. ഖിയാമത്തുനാളില്‍ മനുഷ്യരില്‍വെച്ച് അല്ലാഹുവിങ്കലേക്കു ഏറ്റവും വെറുക്കപ്പെട്ടവനും, ഏറ്റവും കഠിന ശിക്ഷയുള്ളവനും നീതി കെട്ട നേതാവുമായിരിക്കും.’