സുലൈമാന്‍ നബി (അ)യുടെ മരണവാര്‍ത്തയെപ്പറ്റി ഖുര്‍ആന്‍റെ പ്രസ്താവനയും തല്‍പര കക്ഷികളുടെ വ്യാഖ്യാനവും:-

സ്വന്തം ആശയങ്ങള്‍ക്കു യോജിച്ചു കാണാത്ത ഖുര്‍ആന്‍ വാക്യങ്ങള്‍ക്കു പുത്തന്‍ വ്യാഖ്യാനങ്ങള്‍ കണ്ടുപിടിച്ചു പ്രചരിപ്പിക്കുക പതിവാക്കിയവരുടെ പല ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചും നാം ഇതിനു മുമ്പ് നിരൂപണം നടത്തുകയുണ്ടായി. സുലൈമാന്‍(അ), അദ്ദേഹത്തിന്‍റെ പിതാവായ ദാവൂദ് (അ) എന്നീ നബിമാരെ സംബന്ധിച്ചുള്ള ഖുര്‍ആന്‍റെ പല പ്രസ്താവനകളും ഇവരുടെ പുതിയ വ്യാഖ്യാനങ്ങള്‍ക്കു പ്രത്യേകം കാരണമായിട്ടുണ്ട്. അതിലൊന്നാണ് സുലൈമാന്‍(അ) നബിയുടെ മരണ വൃത്താന്തത്തെക്കുറിച്ച് സൂ: സബഉ് 14-ാം വചനത്തില്‍ അല്ലാഹു ചെയ്ത പ്രസ്താവനയും. ഈ വചനത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനങ്ങളില്‍ ഇവര്‍ ചെയ്ത പല ക്രമകേടുകളും ചൂണ്ടിക്കാട്ടുകയും, അത്തരം വ്യാഖ്യാനങ്ങള്‍ വഴി ആശയക്കുഴപ്പത്തിലായവര്‍ക്കു ഇവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയുമാണ് ഈ കുറിപ്പുകൊണ്ടുദ്ദേശ്യം. والله الموفق

സൂ: സബഇലെ പ്രസ്തുത വചനം ഇതാണ്:-

فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ ۖ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ

(അങ്ങനെ, അദ്ദേഹത്തിന്‍റെ – സുലൈമാന്‍റെ – മേല്‍ നാം മരണം വിധിച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ വടിതിന്നു (നശിപ്പിച്ചു) കൊണ്ടിരുന്ന ചിതല്‍ജീവിയല്ലാതെ (മറ്റാരും) അവര്‍ക്കു അറിവു നല്‍കുകയുണ്ടായില്ല. എന്നിട്ട് അദ്ദേഹം നിലംപതിച്ചപ്പോള്‍ ജിന്നുകള്‍ക്കു വ്യക്തമായി; തങ്ങള്‍ അദൃശ്യകാര്യം അറിയുമായിരുന്നുവെങ്കില്‍ ഈ നിന്ദ്യമായ ശിക്ഷയില്‍ തങ്ങള്‍ കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ല എന്ന്.)

ഈ ആയത്തിന്‍റെ നേര്‍ക്കുനേരെയുള്ളതും, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നാളിതുവരെ സ്വീകരിച്ചുവന്നതുമായ വ്യാഖ്യാനം യഥാസ്ഥലത്തു നാം വിവരിച്ചിട്ടുണ്ട്. ആയത്തിന്‍റെ ആദ്യഭാഗത്തിനു പുതിയ വ്യാഖ്യാനക്കാര്‍ സ്വീകരിച്ച അര്‍ത്ഥം: ‘ അങ്ങനെ, അദ്ദേഹത്തിന്‍റെ പേരില്‍ നാം മരണം വിധിച്ചപ്പോള്‍, ഭൂമിയിലെ ഒരു ജീവി മാത്രമാണ് അദ്ദേഹത്തിന്‍റെ മരണം അവരെ അറിയിച്ചത്. ആ ജീവി അദ്ദേഹത്തിന്‍റെ രാജദണ്ഡു തിന്നുകയായിരുന്നു.’ എന്നാണ്. ഇവര്‍ ഇതിനു നല്‍കുന്ന വ്യാഖ്യാനത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:- ‘ബൈബ്ളില്‍ (1. രാജാക്കള്‍, അ: 12.) പറഞ്ഞതുപോലെ, സുലൈമാന്‍ (അ)ന്‍റെ മകന്‍ അദ്ദേഹത്തിനുശേഷം രംഗത്തുവരികയും, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായിത്തീരുകയും ചെയ്തു. ഇസ്രാഈല്യാ, യഹൂദ്യ എന്നിങ്ങിനെ രാഷ്ട്രം രണ്ടായി പിരിഞ്ഞു. അങ്ങനെ, ആ ക്ഷേമ രാഷ്ട്രം ആ മകന്‍ താമസംവിനാ അധഃപതിപ്പിച്ചു. അതുവഴി, സുലൈമാന്‍ നബിയുടെ മരണം ജനങ്ങളെ അറിയിച്ചതു അവനാണ്. ‘ഭൂമിയിലെ ഒരു ജീവി’ (دَابَّةُ الْأَرْضِ) എന്നു പറഞ്ഞത് ആ മകനെപ്പറ്റിയാണ്. അല്ലാഹു വെറുപ്പോടെ പറഞ്ഞതാണ് ആ വാക്ക്. ഒരു തറവാട്ടിലെ അച്ചടക്കത്തെ ലംഘിക്കുന്ന അനന്തരാവകാശിയെക്കുറിച്ച് അതിലെ മുതിര്‍ന്ന അംഗങ്ങള്‍ ‘ഞങ്ങളുടെ ബാപ്പ മരിച്ചതു അറിയിച്ചതു ഇവനാണ്’ എന്നു പറയുംപോലെയുള്ള ഒരു പ്രയോഗമാണിത്. ‘മിന്‍സഅത്ത്’ (مِنسَأَة) എന്നാല്‍ ‘രാജദണ്ഡു’ അഥവാ ‘ചെങ്കോല്‍’ എന്നാണര്‍ത്ഥം. ‘ചെങ്കോല്‍ ധരിക്കുക’ എന്നു പറഞ്ഞാല്‍ ‘രാജത്വം കൊടുക്കുക’ എന്നാണല്ലോ ഉദ്ദേശ്യം. അതുപോലെ സുലൈമാന്‍ നബി(അ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ രാജദണ്ഡു്, അഥവാ രാജത്വം നശിപ്പിച്ചതു ഭൂമിയിലെ ഒരു അധമ ജീവിയാണ്. ആ മകനാണ്). അഥവാ അദ്ദേഹം മരിച്ചതുകൊണ്ടുണ്ടായ മാറ്റം അറിയിച്ചതു അവനാണ്.’ ഇതാണ് ഇവരുടെ വ്യാഖ്യാനത്തിന്‍റെ ചുരുക്കം.

ആയത്തിന്‍റെ ബാക്കി ഭാഗത്തിനു ഇവരുടെ അര്‍ത്ഥം: ‘അങ്ങനെ, അദ്ദേഹം മരണമടഞ്ഞപ്പോള്‍ തങ്ങള്‍ അദൃശ്യ കാര്യം അറിഞ്ഞിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ (ഇത്രയും കാലം) ജീവിക്കേണ്ടി വരികയില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്കു വ്യക്തമായി.’ എന്നാണ് ഇതിനു നല്‍കുന്ന വിവരണത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഫലസ്തീന്‍ കടുത്ത പോക്കിരികളുടെയും, ധിക്കാരികളുടെയും നാടാണ്. സുലൈമാന്‍ നബി (അ) അവരെ കര്‍ശനമായി നിയന്ത്രിച്ചു. പാകത വിട്ടവരെ ചങ്ങലയിട്ടും മറ്റും ശിക്ഷിച്ചു. കുറെയൊക്കെ പാകതയുള്ളവരെക്കൊണ്ട് കഠിന ജോലികള്‍ ചെയ്യിച്ചു. ആ മുരട്ടുജീവികള്‍ക്കു ചാടിപോകാനും ഭയമായി. അദ്ദേഹം മരിച്ചപ്പോള്‍ അവര്‍ക്കൊരു ഖേദം: ഇദ്ദേഹം ഇന്നസമയത്തു മരിക്കുമെന്നറിഞ്ഞെങ്കില്‍ അതിന്നു അല്പം മുമ്പ് നമുക്ക് ചാടിപ്പോകാമായിരുന്നു. എന്നാല്‍, നമ്മെ തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ലല്ലോ. പിന്നീടുള്ളതു മകനാണ്. അവനെപ്പറ്റി നമുക്കറിയാവുന്നതാണ്. (മരണമടഞ്ഞു എന്നു അര്‍ത്ഥം കൊടുത്ത) خَرَّ എന്ന പദത്തിനു ‘മരിച്ചു’ എന്നും ‘വീണു’ എന്നും അര്‍ത്ഥമുണ്ട്. വീണു എന്ന അര്‍ത്ഥം കല്പിച്ചതുകൊണ്ടാണ് വടി ചിതല്‍തിന്നു എന്നും മറ്റും പറയേണ്ടിവന്നതും കഥ കെട്ടിയുണ്ടാക്കേണ്ടി വന്നതും.’ (*) ഇവര്‍ വളരെയേറെ നീട്ടിവലിച്ചു പ്രസ്താവിച്ചിട്ടുള്ളതിന്‍റെ ചുരുക്കമാണിത്.


(*) സുലൈമാന്‍ നബി (അ) മരിച്ച വിവരം അറിഞ്ഞതു അദ്ദേഹത്തിന്‍റെ വടി ചിതല്‍ തിന്നറുത്തതു കൊണ്ടാണെന്നും മറ്റും പറയുന്നതാണ് ‘കഥ’ കൊണ്ടുദ്ദേശ്യം.


തങ്ങളുടെ അഭിപ്രായം ശരിവെച്ച ഒരു പണ്ഡിതന്‍റെയോ ഗ്രന്ഥത്തിന്‍റെയോ പേര്‍ ഇവര്‍ കണ്ടെത്തിയതായി കാണുന്നില്ല. എങ്കിലും – പലപ്പോഴും ഇവര്‍ ചെയ്യാറുള്ളതു പോലെ – ഒരു വ്യഥാശ്രമം ഇവിടെയും നടത്തിനോക്കാതിരുന്നിട്ടില്ല. മഹാനായ ഇബ്നു കഥീര്‍ (റ) തങ്ങളുടെ അഭിപ്രായക്കാരനാണെന്നു വരുത്തുവാന്‍ ഇവര്‍ ഒരു ചെപ്പിടിവിദ്യ നടത്തിയിരിക്കുന്നു: ‘ഇബ്നു കഥീറിനെക്കൊണ്ടു ചിലപ്പോള്‍ വളരെ കാര്യമുണ്ട്. അദ്ദേഹം ഒരു ഹദീസു പണ്ഡിതനും കൂടിയാണ്. സുലൈമാന്‍ നബിയുടെ മരണം സംബന്ധിച്ച കഥ സ്വീകാര്യമല്ലെന്നു അദ്ദേഹം തന്‍റെ തഫ്സീറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കഥ നബി (സ്വ) പറഞ്ഞതായിട്ടാണ് ഉദ്ധരിച്ചുകാണുന്നതെന്നും, പക്ഷേ അതു ‘മുങ്കറും’ ‘ഗരീബു’മാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇത് വലിയ ആശ്വാസം തന്നെ’ എന്നു ഇവര്‍ പ്രസ്താവിക്കുന്നു. ആയത്തിലെ വാക്കുകളുടെ അര്‍ത്ഥം പരിശോധിക്കുന്നതിനു മുമ്പായി ആദ്യം ഇബ്നു കഥീര്‍ (റ) നെപ്പറ്റി പറഞ്ഞ ഈ പ്രസ്താവന നമുക്കൊന്നു പരിശോധിക്കാം:-

മേലുദ്ധരിച്ച ഖുര്‍ആന്‍ വചനത്തെക്കുറിച്ച് തനിക്കുപറയുവാനുള്ള വ്യാഖ്യാനം ഇബ്നു കഥീര്‍ (റ) തന്‍റെ തഫ്സീറില്‍ ആദ്യമേ വിവരിച്ചിട്ടുണ്ട്. നാലുവരിയോളം വരുന്ന അതിന്‍റെ സാരം ഇതാണ്: സുലൈമാന്‍ നബിയുടെ മരണം ഉണ്ടായതെങ്ങിനെയെന്നും, അദ്ദേഹത്തിനു കീഴ്പെടുത്തിക്കൊടുത്ത ജിന്നുകള്‍ക്ക് ആ വാര്‍ത്ത എങ്ങിനെയാണ് അല്ലാഹു അറിയാന്‍ കഴിയാതാക്കിയതു എന്നും ഈ ആയത്തില്‍ അല്ലാഹു വിവരിക്കുന്നു. അതായതു: ഇബ്നു അബ്ബാസ്, മുജാഹിദു, ഹസന്‍, ഖത്താദഃ (റ) എന്നിവരും ഒന്നിലധികം ആളുകളും പറഞ്ഞിട്ടുള്ളതുപോലെ ഒരു കൊല്ലത്തോളം വരുന്ന ഒരു നീണ്ട കാലം അദ്ദേഹത്തിന്‍റെ വടിയുടെ – അതാണ്‌ അദ്ദേഹത്തിന്‍റെ ‘മിന്‍സഅത്ത്’ എന്നു പറഞ്ഞതു – മേല്‍ അദ്ദേഹം ഊന്നിപ്പിടിച്ചുകൊണ്ടു കഴിഞ്ഞുകൂടി. അങ്ങനെ ‘ദാബ്ബത്തുല്‍അര്‍ള്വ്’ – അതായതു ചിതല്‍ – അതു തിന്നപ്പോള്‍ അതു ദുര്‍ബ്ബലമാകുകയും, അദേഹം ഭൂമിയിലേക്കു വീഴുകയും, അദ്ദേഹം അതിന്‍റെ ഒരു നീണ്ട കാലം മുമ്പ് മരണപ്പെട്ടിരുന്നുവെന്നു അറിയപ്പെടുകയും ചെയ്തു. ജിന്നുകള്‍ ധരിച്ചു വശാകുകയും. മനുഷ്യരെ അവര്‍ ധരിപ്പിക്കുകയും ചെയ്തിരുന്നതുപോലെ, മറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ക്കു അറിയുകയില്ലെന്നു ജിന്നുകള്‍ക്ക് – മനുഷ്യര്‍ക്കുതന്നെയും – വ്യക്തമാക്കുകയും ചെയ്തു’. ഇതാണ് ഇബ്നു കഥീറിന്‍റെ വ്യാഖ്യാനവും, അദ്ദേഹത്തിന്‍റെ വാചകങ്ങളും.

തുടര്‍ന്നുകൊണ്ട് ഇബ്നു കഥീര്‍ (റ) – അദ്ദേഹത്തിന്‍റെ പതിവുപ്രകാരം – ഈ വിഷയകമായി വന്ന ചില പ്രമാണങ്ങള്‍ ഉദ്ധരിക്കുകയും, അവയുടെ സ്വീകാര്യതയെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു. ഒന്നാമതായി ഉദ്ധരിക്കുന്നതു ഇവര്‍ ചൂണ്ടിക്കാട്ടിയ ആ ഹദീസു – നബി (സ്വ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ട ഹദീസു – തന്നെ. കുറെ അതിശയോക്തി കലര്‍ന്ന ആ ഹദീസിന്‍റെ മുമ്പും പിമ്പും (ഇവര്‍ ചൂണ്ടിക്കാട്ടിയതിനെക്കാള്‍ ശക്തിയായ ഭാഷയില്‍) അതു സ്വീകരിക്കുവാന്‍ നിവൃത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഒരു പക്ഷേ അതു ‘മൌഖൂഫ്’ (സഹാബിയുടെ പ്രസ്താവന) ആയിരിക്കാമെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടാമതായി, ചില സഹാബികളില്‍നിന്നു നിവേദനം ചെയ്യപ്പെട്ടതും, കൂടുതല്‍ അതിശയോക്തി കലര്‍ന്നതുമായ ഒരു രിവായത്താണദ്ദേഹം ഉദ്ധരിക്കുന്നത്. തുടര്‍ന്നുകൊണ്ട് ആ പ്രസ്താവന വേദക്കാരില്‍നിന്നു കേട്ടതായിരിക്കുമെന്നും, യഥാര്‍ത്ഥത്തോടു യോജിച്ച ഭാഗമല്ലാതെ അതില്‍നിന്നൊന്നും സ്വീകരിച്ചുകൂടാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോള്‍ ഈ രണ്ടു പ്രമാണങ്ങളും വിശ്വാസയോഗ്യമല്ലെന്നു അദ്ദേഹം നമുക്കു കാണിച്ചുതന്നു, ഒരു കാര്യം മറന്നുകൂടാ: ഒരു ഹദീസോ രിവായത്തോ സ്വീകാര്യമല്ലെന്നു പറയുമ്പോള്‍, അതില്‍ അതിശയോക്തി കലരാത്തതും, മറ്റു തെളിവുകളാല്‍ സ്ഥാപിതമായതുമായ ഭാഗം അവയിലുണ്ടെങ്കില്‍ അതും തള്ളപ്പെടണമെന്നു അതിനു അര്‍ത്ഥമില്ലാത്തതാണ്.

മൂന്നാമതായി ഇബ്നു കഥീര്‍ (റ) ഉദ്ധരിക്കുന്നതു, അബ്ദുറഹിമാനുബ്നു സൈദുബ്നുഅസ്ലം (റ) പ്രസ്താവിച്ചതായി ഇബ്നുവഹബും, അസ്വ്ബഗും (اصبغ) ഉദ്ധരിച്ച രിവായത്താണ്. അതിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: സുലൈമാന്‍ (അ) ഒരു പളുങ്കുകൊട്ടാരമുണ്ടാക്കുവാന്‍ ജിന്നുകളോടു കല്‍പിച്ചിരുന്നു. അദ്ദേഹം അതില്‍ വടി കുത്തിപ്പിടിച്ചുകൊണ്ടു നമസ്കാരത്തിനു നിന്നു. ആ നിലയില്‍ അദ്ദേഹം മരണമടഞ്ഞു. ജിന്നുകള്‍ പതിവുപോലെ അവരവരുടെ ജോലിചെയ്തുകൊണ്ടിരുന്നു. അവര്‍ക്കു അദ്ദേഹത്തെ കാണാമായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍റെ വടി തിന്നറുക്കുവാന്‍ ചിതലിനെ നിയോഗിച്ചു. വടിക്കു ബലക്ഷയം വന്നപ്പോള്‍ അദ്ദേഹം നിലംപതിച്ചു. അപ്പോഴാണ്‌ ജിന്നുകള്‍ വിട്ടുപോയത്. ഇതിന്‍റെ രണ്ടു നിവേദകന്മാരില്‍ ഒരാളായ അസ്വ്ബഗു പറയുകയാണ്: നിലംപതിക്കുന്നതിനുമുമ്പ് സുലൈമാന്‍ നബി (അ) ഒരു കൊല്ലം അങ്ങിനെ നിന്നിട്ടുണ്ടെന്നു (ഇബ്നു സൈദു അല്ലാത്ത) മറ്റു ചിലരില്‍നിന്നു എനിക്കു വിവരം കിട്ടിയിരിക്കുന്നു.’ ഇതാണ് മൂന്നാമത്തെ ഉദ്ധരണി. ഇതിനെത്തുടര്‍ന്ന്‍ ഇബ്നുകഥീര്‍ (റ)ന്‍റെ വാചകം ഇതാണ്: وذكر غير واحد من السلف نحوا من هذا . والله اعلم. (മുന്‍ഗാമികളില്‍ ഒന്നിലധികം ആളുകള്‍ ഏതാണ്ടിപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹുവിനറിയാം.)

ചുരുക്കത്തില്‍, ഇബ്നുകഥീര്‍ (റ) തന്‍റെ തഫ്സീറില്‍ ആദ്യം തനിക്കു മേപ്പടി ആയത്തിന്‍റെ വ്യാഖ്യാനമായി മനസ്സിലായതു ഇന്നതാണെന്നു രേഖപ്പെടുത്തി. പിന്നീടു വിഷയത്തെ സംബന്ധിച്ച രണ്ടു ഉദ്ധരണികള്‍ ഉദ്ധരിക്കുകയും അവയെ വിമര്‍ശിക്കുകയും, അവ സ്വീകാര്യമല്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. അവസാനം, തന്‍റെ വ്യാഖ്യാനമായി താന്‍ ആദ്യം രേഖപ്പെടുത്തിയ അഭിപ്രായത്തോടു യോജിച്ച ഒരു രിവായത്തു ഉദ്ധരിക്കുകയും, മുന്‍ഗാമികളില്‍ ഒന്നിലധികം ആളുകള്‍ അപ്രകാരം പ്രസ്താവിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഈ രിവായത്തിനെ ശരിവെക്കുകയും. അതുവഴി തന്‍റെ ആദ്യത്തെ സ്വന്തം പ്രസ്താവനയെ ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്തു. ഇതാണ് ഇബ്നു കഥീര്‍ (റ) ചെയ്തത്. അദ്ദേഹം ‘വടി’യെ രാജദണ്ഡാക്കുകയും, ‘ചിതലി’നെ ‘മനുഷ്യ’നാക്കുകയും ചെയ്തിട്ടില്ല. ‘ജിന്നു’കളെ ‘പോക്കിരിക’ളാക്കുകയും ചെയ്തിട്ടില്ല. മാത്രമല്ല ‘മിന്‍സഅത്തു’ എന്നാല്‍ ‘വടി’യാണെന്നും, ദാബ്ബത്തുല്‍ അ൪ള്വ്’ എന്നാല്‍ ‘ചിതലാണെ’ന്നും പ്രത്യേകം എടുത്തുപറയുകകൂടി ചെയ്തിരിക്കുകയാണ്. ഇബ്നുകഥീര്‍ (റ) ഒരു പുത്തന്‍ വ്യാഖ്യാനക്കാരനാണെന്നു വരുത്തിത്തീര്‍ക്കണമെന്ന വാശിയില്ലാത്തവര്‍ക്കു ഇപ്പോള്‍ ഇവരുടെ കൃത്രിമം മനസ്സിലായിരിക്കുമെന്നു കരുതുന്നു.

ഇബ്നുകഥീറിനെക്കൊണ്ടു ചിലപ്പോള്‍ ഉപകാരമുണ്ടെന്നും, അദ്ദേഹം ഖു൪ആന്‍ വ്യാഖ്യാതാവും ഹദീസു പണ്ഡിതനും കൂടിയാണെന്നുമുള്ള ഇവരുടെ പ്രശംസ നാം കണ്ടുവല്ലോ. അതു നാമും ഏറ്റുപറയുന്നു. കൂടാതെ, അദ്ദേഹം ഖുര്‍ആന്‍റെയും ഹദീസിന്‍റെയും ഉദ്ദേശ്യങ്ങളെ അന്യഥാവ്യാഖ്യാനിക്കാത്ത മഹാനും, ‘സലഫുസ്സാലിഹിന്‍റെ’ മാര്‍ഗ്ഗം മുറുകെ പിടിക്കുന്ന ആളും കൂടിയാണെന്നും നമുക്കു പറയാം. ഈ ആയത്തിന്‍റെ വിവരണത്തില്‍ അദ്ദേഹവും, അദ്ദേഹത്തെപ്പോലെയുള്ള പല മഹാന്‍മാരും സ്വീകരിച്ച അതേനിലതന്നെ നാമും സ്വീകരിക്കുന്നു. അവര്‍ പ്രസ്താവിച്ചുവെന്നുള്ളതല്ല കാരണം. ഖുര്‍ആന്‍റെ വാക്യങ്ങളോടു അവരുടെ വ്യാഖ്യാനങ്ങള്‍ വ്യക്തമായി യോജിച്ചുകാണുന്നതും, അവര്‍ സ്വന്തമായൊരഭിപ്രായം ആദ്യം സ്വരൂപിച്ചുവെച്ച ശേഷം ഖുര്‍ആനെ അതിനോടു യോജിപ്പിക്കുവാന്‍ ശ്രമിക്കാറില്ലാത്തതുമാണ് അതിനുകാരണം. എന്നാല്‍, സുലൈമാന്‍ നബി (അ) മരണപ്പെട്ടശേഷം ഒരു കൊല്ലത്തോളം വടി കുത്തിപ്പിടിച്ച നിലയില്‍ നിന്നുവെന്നുള്ള കാലനിര്‍ണ്ണയത്തെ ശരിവെക്കുവാനോ നിഷേധിക്കുവാനോ മതിയായ തെളിവു നാം കാണുന്നില്ല. والله اعلم

എനി ആയത്തിലെ ചില വാക്കുകള്‍ക്കു ഇവര്‍ കല്‍പിച്ച അര്‍ത്ഥങ്ങളെക്കുറിച്ചു നമുക്കു പരിശോധിക്കാം. ഇവരുടെ വ്യാഖ്യാനത്തിന്‍റെ അച്ചുതണ്ട് ‘മിന്‍സഅത്ത്, ദാബ്ബത്തുല്‍അ൪ള്വ്’ (مِنسَأَة, دَابَّةُ الْأَرْض) മുതലായ ചില വാക്കുകളുടെ അര്‍ത്ഥങ്ങളിലാണു സ്ഥിതിചെയ്യുന്നത്. ‘മിന്‍സഅത്തു’ എന്ന പദത്തിന്നു ‘വടി, ആട്ടിടയന്‍റെ വടി, ഇടയന്‍റെ കൈവശമുണ്ടാകുന്ന വലിയ വടി’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളാണ് നിഘണ്ടുക്കളിലും മറ്റുംകാണുന്നതു. (*). ‘രാജദണ്ഡ്’ എന്നോ ‘ചെങ്കോല്‍’ എന്നോ അര്‍ത്ഥം വരത്തക്ക ഒരു വാക്കും എവിടെയും കാണുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇവര്‍തന്നെ അതു തേടിപ്പിടിക്കുമായിരുന്നുവല്ലോ.


(*). ‘ഖാമൂസി’ല്‍ العصا (വടി) എന്നും, ‘മുന്‍ജിദി’ല്‍ العصا العظيمة التي تكون مع الراعي എന്നും, ‘മുഫ്റദാത്തു -റാഗിബി’ല്‍ عصا ينسأبه الشيء اى يؤخر എന്നും, ഫറാഇദു-ദുയ്യിയ്യഃയ്യില്‍ Stick, Shepherd’s staff എന്നും കാണാം. അറബിഭാഷാ നിപുണനായ അബൂഉബൈദഃ المنسأة العصا مفعلة من نسأ اذا زجرت الابل എന്നു പറഞ്ഞതായി ഫത്ത്ഹുല്‍ബാരി യിലും കാണാം. ഇമാംബുഖാരീ (باب واذكر عبدنا داود ذاالايد انه اواب എന്ന അദ്ധ്യായത്തില്‍) ഇബ്നുഅബ്ബാസ്‌ (റ)ന്‍റെ ഒരു പ്രസ്താവന ഉദ്ധരിച്ചതില്‍ ഇങ്ങിനെ കാണാം:- دابة الارض الارضة تاكل منساته عصاه….., ഇങ്ങിനെ പലതും. ‘രാജദണ്ഡു എന്നോ ‘ചെങ്കോൽ ‘ എന്നോ അർത്ഥം വരത്തക്ക ഒരു വാക്കും എവിടെയും കാണുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഇവർതന്നെ അതു തേടിപിടിക്കുമായിരുന്നല്ലോ.


‘ദാബ്ബത്ത്’ (دَابَّة) എന്നാല്‍ ‘ജീവി, ജന്തു, മൃഗം’ എന്നൊക്കെയാണര്‍ത്ഥം. ‘അർള്വു (الْأَرْض) എന്നാല്‍ ‘ഭൂമി’യും. ഇതേ മൂന്നു അക്ഷരങ്ങള്‍മാത്രം ഉള്‍ക്കൊള്ളുന്ന ‘അരിള്വ’ എന്നതിന് ‘ചിതല്‍പിടിച്ചു’ എന്നും, ‘അറള്വുന്‍’ എന്നതിന് ‘ചിതല്‍ പിടിക്കുക’ എന്നുമാണ് അര്‍ത്ഥം. ഇതും നിഘണ്ടുക്കളില്‍ കാണാം. ഏതായാലും ‘ദാബ്ബത്തുല്‍ അ൪ള്വു’ എന്നു പറയുമ്പോള്‍ ‘ഭൂമിയിലെ ജീവി’ അല്ലെങ്കില്‍ ‘ഭൂമിയിലെജന്തു’ എന്നിങ്ങിനെ മലയാളത്തില്‍ ആ വാക്കിനു വിവര്‍ത്തനം നല്‍കാമെങ്കിലും, എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇവിടെ അതിനു അറബിയില്‍ പര്യായ പദമായി കൊടുത്തിട്ടുള്ളവാക്കു (‘അല്‍അറള്വത്ത്’) എന്നത്രെ. ഈ വാക്കിനാകട്ടെ, ചിതല്‍ എന്നുതന്നെയാണര്‍ത്ഥം. ഇവര്‍ പറയുംപോലെ ‘ഭൂമിയിലെ ഒരു ജീവി’ എന്നു دَابَّةُ الْأَرْض ന് ആരും അര്‍ത്ഥം പറഞ്ഞിട്ടില്ല. പറയുവാന്‍ തരവുമില്ല. ‘അല്‍’ എന്ന അവ്യയം കൂടാതെ (‘ദാബ്ബത്തു അർള്വിന്‍’) എന്നായിരുന്നു ഉള്ളതെങ്കില്‍ ആ അര്‍ത്ഥം വരുമായിരുന്നു. മാത്രമല്ല, വടി തിന്നറുക്കുന്ന ജീവിയായതുകൊണ്ട് ആ ജീവി – ഇവര്‍ പറയുംപോലെ – മനുഷ്യനാകുവാനും ന്യായമില്ല.

എനി, ‘മിന്‍സഅത്തി’നു ‘ചെങ്കോല്‍’, അല്ലെങ്കില്‍ ‘രാജദണ്ഡു’ എന്നും, ‘ദാബ്ബത്തുല്‍ അ൪ള്വി’ന്ന് ‘ഭൂമിയിലെ ഒരു ജീവി’ അല്ലെങ്കില്‍ ‘മനുഷ്യജീവി’ എന്നും അര്‍ത്ഥം വരാമെന്ന് സങ്കല്‍പിക്കുക: എന്നാല്‍തന്നെയും, രാഷ്ട്രത്തെ – അല്ലെങ്കില്‍ രാജാധികാരത്തെ – നശിപ്പിക്കുക എന്ന അര്‍ത്ഥത്തില്‍ دابة الارض تأكل المنساة പോലെയുള്ള ഒരു അലങ്കാരപ്രയോഗം നാളിതുവരെ അറബിഭാഷയിലുള്ളതായി അറിയപ്പെടുന്നില്ല. ‘ഇന്ന ആളുടെ മരണംകൊണ്ടുണ്ടായ നഷ്ടം വെളിപ്പെട്ടതു ഇന്ന ആള്‍ മൂലമാണ്’ എന്ന ഉദ്ദേശ്യത്തില്‍ ما دل على موته الافلان (ഇന്നവനല്ലാതെ അയാളുടെ മരണത്തെപ്പറ്റി അറിയിച്ചില്ല) എന്നതുപോലുള്ള ഒരു പ്രയോഗം അറബികളില്‍ പതിവുള്ളതായും കാണുന്നില്ല. എനി, വല്ല ആധുനിക അറബി സാഹിത്യങ്ങളിലും അങ്ങിനെ ഉണ്ടെങ്കില്‍തന്നെ, അതു ഖുര്‍ആന്‍ അവതരിച്ച കാലത്തെ ഭാഷക്കു ബാധകവുമല്ല. ഒരു ഭാഷയിലെ പ്രയോഗവും, ശൈലിയും മറ്റൊരു ഭാഷയില്‍ – ആ ഭാഷക്കാര്‍ ഉപയോഗിക്കാറില്ലാത്തപക്ഷം – അര്‍ത്ഥവിവരണത്തിനു മാനദണ്ഡമാക്കുവാന്‍ നിവൃത്തിയില്ല. ഇതെല്ലം ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു വിവരിക്കുന്നപക്ഷം ഈ കുറിപ്പ് വളരെ ദീഘിച്ചുപോകുമെന്നു കരുതി ചുരുക്കുകയാണ്.

‘മിന്‍സഅത്തി’ന്‍റെയും, ‘ദാബ്ബത്തുല്‍ അർള്വി’ന്‍റെയും അര്‍ത്ഥങ്ങള്‍ ഇവര്‍ കല്പിച്ചതു ശരിയല്ലാത്ത സ്ഥിതിക്കു ആ തെറ്റായ അര്‍ത്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത വ്യാഖ്യാനങ്ങള്‍ക്കൊന്നും മറുപടി പറയേണ്ടതായിട്ടില്ല. എങ്കിലും സാധാരണക്കാരെ സംശയിപ്പിക്കുന്ന ഇവരുടെ ചില ചോദ്യങ്ങളെയും, യുക്തിവാദങ്ങളെയുംകുറിച്ചു അല്‍പംചില സംഗതികള്‍കൂടി ഇവിടെ ഓര്‍മ്മിപ്പിക്കാം:

‘വളരെ തന്ത്രപരമായ പ്ളാനുകളോടുകൂടി എല്ലാ കാര്യങ്ങളും നടത്തിവരുന്ന അല്ലാഹുവിനു ഒരു നബിയുടെ മയ്യിത്ത് (മൃതദേഹം) മറവുചെയ്യുവാന്‍ പ്ലാനുണ്ടാക്കുവാന്‍ കഴിയുകയില്ലേ?’ എന്നു ഇവര്‍ ചോദിക്കുന്നു. എന്നാല്‍, സുലൈമാന്‍ (അ) നബിയുടെ മരണവര്‍ത്തമാനം കുറെ നാളത്തേക്കു ആരും അറിയാതാക്കിയതു കഴിവുകേടായോ പ്ലാനുകളില്‍വന്ന പാകപ്പിഴവായോ – ഇവരല്ലാതെ – ആരും കരുതുകയില്ല. കരുതുന്നുമില്ല. നേരെമറിച്ച് അവന്‍റെ അപാരമായ കഴിവിന്‍റെയും, മനുഷ്യര്‍ക്ക്‌ കണ്ടുപിടിക്കുവാന്‍ കഴിയാത്ത വമ്പിച്ച പ്ലാനുകളുടെയും ഒരു ചെറിയ ഉദാഹരണം മാത്രമായിരുന്നു അത്. ഒരു വടിയുമായി നില്‍ക്കുന്ന സുലൈമാന്‍ (അ) – ഒരു പ്രവാചകവര്യനും മഹാരാജാവും കൂടിയാണദ്ദേഹം – അതേ നിലയില്‍ മരണപ്പെടുകയും, ആ വാര്‍ത്ത മനുഷ്യരും ജിന്നുകളും അടങ്ങുന്ന പ്രജകളും, ഉദ്യോഗസ്ഥന്മാരും കുറെ ദിവസം അറിയാതിരിക്കുകയും അതേസമയത്തു ആ മൃതദേഹത്തില്‍ മരണത്തിന്‍റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യുന്നതു ഒരു അസാധാരണസംഭവം തന്നെയാണ്. സുലൈമാന്‍ (അ) നബിയെപ്പറ്റി മറ്റുപല അസാധാരണ കാര്യങ്ങളും പറയുന്ന കൂട്ടത്തിലൊന്നായിത്തന്നെയാണ് ഈ സംഭവവും അല്ലാഹു പറഞ്ഞിട്ടുള്ളതും. പക്ഷേ, ആ ഓരോ കാര്യവും ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ നേർച്ച നേര്‍ന്നിട്ടുള്ളവര്‍ക്കു അതു സമ്മതിക്കുവാന്‍ വിഷമമുണ്ടാകും എന്നേയുള്ളു. മരണവാര്‍ത്ത അറിയാന്‍ താമസിച്ചതുനിമിത്തം മൃതദേഹത്തില്‍ സ്വാഭാവികമായും ഉണ്ടാകാറുള്ള സാധാരണമായ വല്ല മാറ്റങ്ങളും സംഭവിച്ചിരുന്നുവെങ്കില്‍ ഇവരുടെ ചോദ്യത്തിനു സ്ഥാനമുണ്ടായിരുന്നു. അങ്ങിനെ ആരും പറയുകയോ, സംശയിക്കുകയോ ചെയ്തിട്ടുമില്ല – ഈ കൂട്ടര്‍ ഒഴികെ.

‘മനുഷ്യര്‍ മരിച്ചാല്‍ രണ്ടുമൂന്നു ദിവസംകൊണ്ടു മൃതദേഹത്തില്‍ മാറ്റംവരും. സുലൈമാന്‍ (അ) നബി മനുഷ്യനാണല്ലോ. എന്നിരിക്കെ കുറേക്കാലം കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ മൃതദേഹത്തില്‍ എന്തുകൊണ്ടു മാറ്റം വന്നില്ല?’ ഇതാണൊരു ചോദ്യം. ഈ സംഭവം സാധാരണയില്‍ നിന്നു ഒറ്റപ്പെട്ട ഒരു സംഭവമാണെന്ന വാസ്തവം ഇരിക്കട്ടെ. അല്ലെന്നിരുന്നാല്‍ തന്നെ ആ മൃതദേഹത്തില്‍ മാറ്റം പ്രത്യക്ഷപ്പെടാതിരിക്കുവാന്‍ പലനിലക്കും സാധ്യതയുണ്ട്. അബ്ദുറഹ്മാനുബ്നു സൈദ്‌ (റ)ല്‍ നിന്നു ഇബ്നു കഥീര്‍ (റ) ഉദ്ധരിച്ച പ്രസ്താവനയില്‍, അദ്ദേഹം മരണപ്പെട്ടതു ഒരു പളുങ്കുകൊണ്ടു നിര്‍മ്മിച്ച മുറിയില്‍വെച്ചാണെന്നു പറഞ്ഞുവല്ലോ. ഇതു ശരിയോ തെറ്റോ ആവട്ടെ, അദ്ദേഹത്തിന്‍റെ മരണം ഒരു വായുനിയന്ത്രണം (എയര്‍ കണ്ടീഷന്‍) ചെയ്യപ്പെട്ട മുറിയില്‍വെച്ചായിരിക്കുകയും, വസ്തുക്കള്‍ വേഗം കേടുവരാതിരിക്കത്തക്ക ഏതെങ്കിലും ഏര്‍പ്പാടുകള്‍ ആ മുറിയില്‍ ഉണ്ടായിരിക്കുകയും ചെയ്‌താല്‍ അതില്‍ അത്ഭുതമൊന്നുമില്ലല്ലോ ഇവര്‍ക്ക്. ചൂടും തണുപ്പും നിയന്ത്രിച്ചും, ചില മരുന്നുപ്രയോഗങ്ങള്‍ നടത്തിയും സാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതല്‍ക്കേ പതിവുള്ളതാണ്. മ്യുസിയങ്ങളിലും ശവകല്ലറകളിലും എത്രയോ മൃതദേഹങ്ങള്‍ നൂറ്റാണ്ടുകളായി അങ്ങിനെ ഇന്നും സൂക്ഷിക്കപ്പെട്ടുവരുന്നു. അങ്ങിനെ ഏതെങ്കിലും തരത്തിലുള്ള ഒരു സവിശേഷതയുണ്ടായിരുന്ന ഒരു മുറിയില്‍വെച്ചാണ് സുലൈമാന്‍(അ) നബിയുടെ മരണം സംഭവിച്ചതെങ്കില്‍ അതില്‍ അസാംഗത്യമായി എന്താണുള്ളത്?. അദ്ദേഹത്തിന്‍റെ കാലത്തെ സംബന്ധിച്ചിടത്തോളം അതിനു ധാരാളം സാധ്യതയുണ്ടുതാനും.

എനി, സൂറത്തുല്‍ കഹ്ഫില്‍ ഗുഹാവാസികളെ (اصحاب الكهف)പ്പറ്റി ഇക്കൂട്ടര്‍തന്നെ പ്രസ്താവിച്ച ചില പ്രസ്താവനകള്‍ വെച്ചുനോക്കിയാല്‍, ഈ ചോദ്യം – മൃതദേഹത്തില്‍ എന്തുകൊണ്ടു മാറ്റം വന്നില്ല എന്ന ചോദ്യം – ചോദിക്കാന്‍ ഇവര്‍ മുതിര്‍ന്നതില്‍ ആശ്ചര്യംതോന്നും. ഗുഹാവാസികളെ തപസ്സിരിക്കുന്ന സന്യാസികളുടെ സ്ഥിതിഗതികളോടു ഉപമിച്ചുകൊണ്ട് ഇവര്‍ അവിടെ പറഞ്ഞിട്ടുള്ളതിന്‍റെ ചുരുക്കം ഇതാണ്: ‘ലോകബന്ധം ഇല്ലാതെ ഏകാന്തമായി ഭജനത്തിലും ആരാധനയിലും അവര്‍ മുഴുകും. ചില പ്രത്യേകരീതിയില്‍ ഇരുന്നോ, നിന്നോ, മറ്റുവിധത്തിലോ മരണംവരെ കഴിഞ്ഞുകൂടും. അതേ അവസ്ഥയില്‍ തന്നെ അവര്‍ മരിക്കും, ഭക്ഷണപാനീയങ്ങളെപ്പറ്റി അവര്‍ക്കു ശ്രദ്ധയില്ല. കിട്ടിയാല്‍ ഉപയോഗിക്കും, അത്രമാത്രം. അവരെ ആരും അലട്ടാറില്ല. അതിനാല്‍ മരണപ്പെട്ടാലും ആരും അന്വേഷിക്കയോ പരിശോധിക്കയോ ഇല്ല. മരണശേഷവും മുമ്പുണ്ടായിരുന്ന അതേ അവസ്ഥയില്‍ – നിന്നോ ഇരുന്നോ മറ്റോ – അവശേഷിക്കും. കാലാവസ്ഥയുടെ അനുകൂലവും, ദുഷ്ടജന്തുക്കളില്‍ നിന്നു രക്ഷയും കിട്ടിയാല്‍ മൃതദേഹങ്ങള്‍ നൂറ്റാണ്ടുകളോളം അങ്ങിനെത്തന്നെയിരിക്കും. അകലെ നിന്നു നോക്കുന്നവര്‍ക്കു അവര്‍ ജീവിച്ചിരിക്കുകയാണെന്നു തോന്നും.

സുലൈമാന്‍നബി (അ) ഒരു സന്യാസിയായിരുന്നുവെന്നു നാം പറയുന്നില്ല. അദ്ദേഹം രാജാവെന്നപോലെ പ്രവാചകനും, ഭരണകര്‍ത്താവെന്നപ്പോലെ മഹാഭക്തനും, ആരാധനയില്‍ മുഴുകുന്നവനുമാണെന്നു ഖുര്‍ആന്‍ കൊണ്ടുതന്നെ മനസ്സിലാക്കാം. അദ്ദേഹം ഒരു സ്ഥലത്തു സ്വസ്ഥമായി ആരാധനയിലോ, ധ്യാനത്തിലോ, മറ്റേതെങ്കിലും കാര്യത്തിലോ മുഴുകിയിരുന്നാല്‍ ആരെങ്കിലും അദ്ദേഹത്തെ അലട്ടാനോ പരിശോധിക്കാനോ ധൈര്യപ്പെടുമോ? ഇങ്ങിനെയുള്ള ഒരവസരത്തില്‍ പെട്ടെന്നു അല്ലാഹു അദ്ദേഹത്തെ മരണപ്പെടുത്തുന്നപക്ഷം കുറെ നാളത്തേക്കെങ്കിലും അതു മറ്റാരും അറിയാതെയും, അന്വേഷിക്കാതെയും അജ്ഞാതമായിരിക്കുക സ്വാഭാവികം മാത്രമാണ്. സന്യാസിമാരെക്കുറിച്ചുള്ള ഇവരുടെ പ്രസ്താവനയില്‍ സാധാരണ മനുഷ്യപ്രകൃതിക്കെതിരായി ഒന്നുമില്ലെങ്കില്‍ അതു സുലൈമാന്‍ (അ) നബിയിലും അങ്ങിനെത്തന്നെയാണല്ലോ. ഗുഹാവാസികളുടെ സംഭവത്തിന്‍റെ യഥാര്‍ത്ഥനില മാറ്റി മറിച്ചു ചിത്രീകരിക്കുവാന്‍ ഇവര്‍ ഉപയോഗിച്ച അതേ ന്യായങ്ങളെ സുലൈമാന്‍ നബി (അ)ന്‍റെ സംഭവത്തിന്‍റെ യഥാര്‍ത്ഥനില സ്ഥാപിക്കുവാന്‍ മറ്റുള്ളവര്‍ക്കും ഉപയോഗപ്പെടുത്താമല്ലോ. പക്ഷേ, സംഭവിച്ചതു അതാണെന്നു നാം പറയുന്നില്ല.

ഇവരുടെ മറ്റൊരു ചോദ്യത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ജിന്നുകള്‍ അദൃശ്യകാര്യം അറിയുമെന്ന വാദം ശരിയല്ലെന്നു സമ്മതിപ്പിക്കുവാനാണ് ഇത്രയും കാലം സുലൈമാന്‍നബി (അ) അങ്ങിനെ നിന്നതെന്നു പറയുന്നു. ഈ ആവശ്യത്തിനു ഇത്ര പാടുപെടേണ്ടതുണ്ടോ? നിങ്ങളെപ്പോഴാണ് മരിക്കുക എന്നു അവരോടു ചോദിച്ചാല്‍പോരെ? അവര്‍ ഉത്തരം മുട്ടുകയില്ലേ? തന്‍റെ മുമ്പിലുള്ള ഒരാള്‍ മരിച്ചതും മരിക്കാത്തതും അദൃശ്യകാര്യമാണോ? പഞ്ചേന്ദ്രിയങ്ങള്‍ക്കും, ബുദ്ധിക്കും അതീതമായതല്ലേ അദൃശ്യകാര്യം.?’ സംഭവത്തെ മാറ്റിമറിക്കുന്ന തിരക്കില്‍ ഇവര്‍ക്കു ചില അമളികള്‍ പിണഞ്ഞിട്ടുണ്ടെന്നും, അതോടുകൂടി പൊതുജനങ്ങളെ കബളിപ്പിക്കാവുന്ന സൂത്രങ്ങള്‍ മാത്രമാണിതെന്നും പറയാതിരിക്കാന്‍ വയ്യ. കാരണം:

ജിന്നുകള്‍ അദൃശ്യകാര്യം (ഗൈബ്) അറിയുകയില്ലെന്നു അവരെ സമ്മതിപ്പിക്കേണ്ടതിനു മാത്രമാണ് സുലൈമാന്‍ നബി (അ)ന്‍റെ മൃതദേഹം കുറേകാലം അങ്ങിനെ അല്ലാഹു താമസിപ്പിച്ചതെന്നു ആരും പറയുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പറഞ്ഞവരുടെ മാത്രം അഭിപ്രായമാണ്. അദ്ദേഹം നിലത്തു വീണപ്പോള്‍ അക്കാര്യം ജിന്നുകള്‍ക്കു വ്യക്തമായി. (فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ – الخ) എന്നേ ഖുര്‍ആന്‍ പറയുന്നുള്ളു. എന്നിരിക്കെ, ഈ ചോദ്യങ്ങള്‍ക്കു വകയില്ല. ഓരോരുത്തരും എപ്പോഴാണു മരിക്കുക എന്നു ചോദിച്ചാലും മതി’ എന്ന പ്രസ്താവനക്കും പ്രസക്തിയില്ല. കാരണം, മരണസമയം അറിയുന്നതു മാത്രമല്ല അദൃശ്യകാര്യം. ഒരു അദൃശ്യകാര്യം അറിയാത്തതുകൊണ്ടു മറ്റുകാര്യങ്ങള്‍ അറിയുകയില്ലെന്നു വരികയില്ല: അതിരിക്കട്ടെ, ഇവിടെ ജിന്നുകള്‍ക്കു മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്ന അദൃശ്യം ഏതായിരുന്നുവെന്നാണ് നോക്കേണ്ടത്. സുലൈമാന്‍ നബി (അ) എപ്പോള്‍ മരിക്കും എന്നുള്ളതല്ല അത്. അദ്ദേഹം വടിപിടിച്ചു നില്‍ക്കുന്നു; അദ്ദേഹത്തെ വേണമെങ്കില്‍ നോക്കിക്കാണുകയും ചെയ്യാം; ജിന്നുകള്‍ നിര്‍ബ്ബന്ധിതരായി കഠിന ജോലികളില്‍ കഴിയുകയാണ്. ഇതിനിടയില്‍ അദ്ദേഹം ആരുമാരും അറിയാതെ മരിച്ചു; മരണത്തിന്‍റെ അടയാളമൊന്നും അറിയപ്പെട്ടില്ല. ജീവനോടെയിരിക്കുകയാണെന്ന ധാരണയില്‍ സംഗതികളെല്ലാം നടന്നുവരുന്നു; ഒരു നേരിയ സംശയമെങ്കിലും തങ്ങള്‍ക്കു ലഭിച്ചിരുന്നെങ്കില്‍ അതേനിമിഷം അവര്‍ സ്ഥലം വിട്ടു ഓടിപ്പോകുമായിരുന്നു, പക്ഷേ, കുറേകാലം – നാളുകളോ, മാസങ്ങളോ – കഴിഞ്ഞപ്പോഴാണ് സംഗതി മനസ്സിലാകുന്നത്; അതും നിസ്സാരജീവിയായ ചിതലിന്‍റെ കാരണത്താല്‍; ഇപ്പോഴാണ് ജിന്നുകള്‍ക്കു വ്യക്തമാകുന്നത്; തങ്ങള്‍ അദൃശ്യകാര്യം അറിയുമായിരുന്നെങ്കില്‍ ഈ നിന്ദ്യമായ ശിക്ഷയില്‍ കഴിഞ്ഞു കൂടേണ്ടിവരികയില്ലായിരുന്നു (أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا – الخ) എന്ന്! അതെ. തങ്ങള്‍ അദൃശ്യങ്ങളെ അറിയുന്നവരാണെന്ന ജിന്നുകളുടെ വാദവും, അതു ശരിയാണെന്നു കരുതിയിരുന്ന മനുഷ്യരുടെ ധാരണയും തെറ്റാണെന്നു അനുഭവം വ്യക്തമാക്കി.

സാധാരണ നിലക്കു ഒരാള്‍ മരണപ്പെട്ടതറിയുന്നതു അദൃശ്യം അറിയലല്ല. എന്നാല്‍, മരണലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടാതിരിക്കുമ്പോള്‍, അതു അദൃശ്യത്തില്‍പ്പെട്ടതു തന്നെയാണ്. ഇവര്‍ പറയുന്നതുപോലെ സുലൈമാന്‍നബി (അ) എപ്പോള്‍ മരിക്കുമെന്നതല്ല ഇവിടെ അദൃശ്യംകൊണ്ടുദ്ദേശ്യം. ‘സുലൈമാന്‍നബി മരിച്ചപ്പോള്‍ ജിന്നുകള്‍ക്കൊരു ഖേദം: ഇന്നപ്പോള്‍ മരിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ അതിനു അല്പം മുമ്പു നമുക്കു ചാടിപ്പോകാമായിരുന്നു; എന്നാല്‍ നമ്മെ ആരും തിരിച്ചുകൊണ്ടുവരികയില്ലായിരുന്നു; അദ്ദേഹത്തിന്‍റെ മകനെപ്പറ്റിയാണെങ്കില്‍ നമുക്കു ഭയപ്പെടേണ്ടതൊന്നുമില്ല’ എന്നൊക്കെയുള്ള ഇവരുടെ വിശദീകരണവും അപ്രസക്തമാണ്. ‘മിന്‍സഅത്തി’ന്‍റെയും, ‘ദാബ്ബത്തുല്‍ അ൪ള്വി’ന്‍റെയും അര്‍ത്ഥങ്ങള്‍ മാറ്റിപ്പറഞ്ഞതിൽ നിന്നുത്ഭവിച്ചതാണല്ലോ ഈ വിശദീകരണം. കൂടാതെ, ഇതില്‍ മറ്റൊരു വാക്കിന്‍റെ അര്‍ത്ഥം കൂടി മാറ്റപ്പെട്ടിട്ടുണ്ട്. അദ്ദേഹം ‘മരണപ്പെട്ടപ്പോള്‍’ എന്നു പറഞ്ഞതു ആയത്തിലെ فَلَمَّا خَرَّ എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ന നിലക്കാണ്. അതുകൊണ്ട് خَرَّ യുടെ അര്‍ത്ഥം എന്താണെന്നുകൂടി നോക്കേണ്ടിയിരിക്കുന്നു:-

خَرَّ (ഖര്‍-റ) എന്ന വാക്കിനു ‘വീണു’ എന്നും, ‘മരിച്ചു’ എന്നും അര്‍ത്ഥമുണ്ട്. വീണു എന്നര്‍ത്ഥം കല്പിച്ചതുകൊണ്ടാണ് നമുക്കു അബദ്ധം പിണഞ്ഞതും, മരിച്ചു എന്ന അര്‍ത്ഥമാണ് ഇവിടെ കല്പിക്കേണ്ടതെന്നും ആണല്ലോ ഇവരുടെ വാദം. രണ്ടര്‍ത്ഥവും ആ വാക്കിനു വരാമെന്നുള്ളതു വാസ്തവമത്രെ. പക്ഷേ, ആ പദത്തിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ‘വീണു’ എന്നു തന്നെയാണ്. ഖുര്‍ആനില്‍ 12 സ്ഥലങ്ങളില്‍ ഈ ക്രിയ പ്രയോഗിച്ചുകാണാം. (19:58; 25:73; 38:24; 7:143 മുതലായവ) ഇവിടെയൊന്നും മരിച്ചു എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടില്ല. ഖുര്‍ആന്‍റെ വാക്കര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്ന ഇമാം റാഗിബിന്‍റെ നിഘണ്ടുവിലും, മറ്റു ചില നിഘണ്ടുക്കളിലും ‘വീണ്’ (سقط) എന്നല്ലാതെ, ‘മരിച്ച്’ (مات) എന്നു ഒരു അര്‍ത്ഥംതന്നെ അതിനു കൊടുത്തിട്ടില്ല. ചുരുക്കം ചില നിഘണ്ടുക്കളില്‍ ‘മരിച്ചു’ എന്നും അര്‍ത്ഥം പറയാതില്ല. അപ്പോള്‍ കല്പിച്ചുകൂട്ടി ‘മരിച്ചു’ എന്ന അര്‍ത്ഥംതന്നെ സ്വീകരിക്കുന്നതില്‍ ചില താല്പര്യമുണ്ടെന്നു വ്യക്തമാണ്. എനി, ‘മരിച്ചു’ എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെ ഇവരുടെ വിവരണത്തില്‍ അല്പം ചില പന്തികേടുണ്ടുതാനും.

സുലൈമാന്‍ (അ) മരിച്ചപ്പോള്‍, അദ്ദേഹം മരിക്കുന്നസമയം മുങ്കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ അതിന്‍റെ അല്പം മുമ്പ് ചാടിപ്പോകാമായിരുന്നുവെന്നു ജിന്നുകള്‍ ഖേദിച്ചുവെന്നാണല്ലോ ഇവര്‍ പറയുന്നത്. അതേസമയത്ത് ജിന്നുകള്‍ എന്നു പറയുന്നത് ഇവരുടെ അഭിപ്രായത്തില്‍ കടുത്ത പോക്കിരികളായ മനുഷ്യന്‍മാരാണ്. സുലൈമാന്‍ (അ)ന്‍റെ ഭരണകൂടം അദ്ദേഹത്തിനുശേഷം എന്തു പരിവര്‍ത്തനത്തിനു വിധേയമായാലും ശരി, അദ്ദേഹത്തിന്‍റെ ജീവിതകാലം കഴിയുന്നതുവരെ, അതിലെ ഉദ്യോഗസ്ഥന്മാരും, ഉത്തരവാദപ്പെട്ടവരും അതിലെ നിയമ നിയന്ത്രണങ്ങള്‍ പാലിച്ചു പോരുമല്ലോ. മരിക്കുന്നതിന്‍റെ അടുത്തകാലം മുതല്‍ ആ ഉദ്യോഗസ്ഥന്മാരെയും – സുലൈമാന്‍ നബിയെത്തന്നെയും – കബളിപ്പിച്ചു ചാടിപ്പോകാമെന്നു ആ പോക്കിരിമനുഷ്യന്‍മാര്‍ കരുതുമെന്നു വിചാരിക്കാന്‍ ന്യായം കാണുന്നില്ല. ‘അടുത്തകാലത്തു’ എന്നു പറഞ്ഞതിനു ഇവര്‍ നല്‍കുന്ന വിവക്ഷ നിമിഷങ്ങളും മണിക്കൂറുകളുമാണെങ്കില്‍ ‘ആ ചാടിപ്പോക്ക്’ നാമമാത്രമായിരിക്കും. ദിവസങ്ങളോ മാസങ്ങളോ ആണെങ്കില്‍ – സുലൈമാന്‍ (അ) ബോധാവസ്ഥയിലുണ്ടെങ്കില്‍ – അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥവൃന്ദം അതിനനുവദിക്കുമോ?.

യഥാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല സംഭവം. ജിന്നുകള്‍ എന്നു പറയുന്നതു മനുഷ്യരില്‍നിന്നും വ്യത്യസ്തമായ ഒരു വര്‍ഗ്ഗമാണ്. അവരെ സുലൈമാന്‍ നബിക്കു – പക്ഷികളെയും കാറ്റിനെയും കീഴ്പ്പെടുത്തിയതുപോലെ – അല്ലാഹു ഒരു പ്രത്യേകാനുഗ്രഹമെന്ന നിലക്ക് കീഴ്പ്പെടുത്തിക്കൊടുത്തതാണ്. ഭൗതികവും, സാധാരണ രാജകീയവുമായ ഏതെങ്കിലും കഴിവല്ലായിരുന്നു അതിനുകാരണം. അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തോളം ആ ദിവ്യാനുഗ്രഹം നിലനില്‍ക്കുകയും ചെയ്യും. മരിക്കുന്നതിനു കുറച്ചുദിവസം മുമ്പെ അതു നഷ്ടപ്പെടുമെന്നു പറയുവാന്‍ ആര്‍ക്കും അധികാരമില്ല. അദ്ദേഹം മരിച്ചിട്ടു പിന്നെയും അതറിയാതെ തങ്ങള്‍ കഷ്ടപ്പെടേണ്ടിവന്നല്ലോ എന്ന ഖേദത്തിന്നല്ലാതെ, മരിക്കുന്നതിന്‍റെ അടുത്തു ചാടിപ്പോകാമായിരുന്നുവെന്നു ഖേദിക്കുവാന്‍ ഇവിടെ ന്യായമില്ല.

സുലൈമാന്‍ (അ) ഒരു നബിയും രാജാവും കൂടിയാണ്; രണ്ടുനിലക്കും പല കാര്യങ്ങളും അദ്ദേഹം നിര്‍വ്വഹിക്കേണ്ടതുണ്ടാകും. എന്നിരിക്കെ അതിലൊന്നും ഇടപെടാതെ ഇത്ര അധികകാലം അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുക സാധ്യമാണോ? ആരെങ്കിലും ചെന്ന് അന്വേഷിക്കാതിരിക്കുമോ? എന്ന് ഇവര്‍ പറയുന്നു. അദ്ദേഹം അങ്ങിനെ ഒഴിഞ്ഞുനിന്ന കാലം – അഥവാ മരണത്തിനും, മരണവാര്‍ത്ത പുറത്തായതിനും ഇടയ്ക്കുള്ള കാലം – എത്രയാണെന്നു നമുക്കറിഞ്ഞുകൂടാ എന്നു നാം മുമ്പേ പറഞ്ഞു. എങ്കിലും കുറച്ചധികം നാളുകള്‍ അങ്ങിനെ കഴിഞ്ഞിട്ടുണ്ടെന്നു ഖുര്‍ആന്‍റെ വാചകങ്ങളില്‍ അല്പം ചിന്തിക്കുന്നവര്‍ക്കു മനസ്സിലാക്കാവുന്നതാണ്. ഏതായാലും, ഒരു ഭരണാധിപനോ, പ്രവാചകനോ, തന്‍റെ തലസ്ഥാനകേന്ദ്രവും, ഭരണാതിര്‍ത്തിയും വിട്ടു കുറച്ചുകാലത്തേക്കു യാത്രപോകുകയോ, അദ്ദേഹം കുറേ കാലം രോഗത്തിലോ മറ്റോ ആവുകയോ ചെയ്യുന്നതു നിമിത്തം അദ്ദേഹത്തിന്‍റെ കാര്യങ്ങളെല്ലാം മുടങ്ങിപ്പോകുകയില്ല. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങളും കൽപനകളും അനുസരിച്ച് അദ്ദേഹത്തിന്‍റെ ആള്‍ക്കാര്‍ മൂലം അവ നടന്നുകൊണ്ടിരിക്കുകതന്നെ ചെയ്യും. എല്ലാ കാലത്തും ഇതിനു ഉദാഹരണങ്ങള്‍ ഉണ്ടാകാറുമുണ്ട്. സുലൈമാന്‍ (അ) കുറെ നാളുകളോളം ജനസമ്പര്‍ക്കം കൂടാതെ ഒഴിഞ്ഞുനിന്നുവെങ്കില്‍ – ആ കാലത്തു യഥാര്‍ത്ഥത്തില്‍ അദ്ദേഹം മരിച്ചിരുന്നുവെങ്കിലും അതാരും അറിഞ്ഞിട്ടില്ലല്ലോ – ആ നാളുകളത്രയും അദ്ദേഹത്തിന്‍റെ ജനമദ്ധ്യെ നടത്തുവാനുണ്ടായിരുന്ന കാര്യങ്ങള്‍ മുടങ്ങിപ്പോയിരിക്കുമെന്നു ഊഹിക്കുവാന്‍ നിവൃത്തിയില്ല. പിന്നീട്, അദ്ദേഹത്തിനു സ്വന്തം നിലക്കുള്ള ദിനചര്യകളുടെ കാര്യമാണ് ആലോചിക്കുവാനുള്ളത്.

അദ്ദേഹത്തിന്‍റെ കാലത്തുള്ള ആരാധനാകര്‍മ്മങ്ങള്‍ എങ്ങിനെയെല്ലാമായിരുന്നുവെന്നു നമുക്കറിവില്ല. മിക്കവാറും നമ്മുടെ ഇന്നത്തെപ്പോലെയുള്ള രൂപത്തില്‍ ആയിക്കൊള്ളണമെന്നില്ല. സകരിയാ (അ) നബിക്ക് ഒരു ദൃഷ്ടാന്തമെന്ന നിലക്കു മൂന്നു ദിവസം സംസാരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം ജനങ്ങളോടു രാവിലെയും വൈകുന്നേരവും തസ്ബീഹു നടത്തുവാന്‍ ആംഗ്യം മൂലം ഉപദേശിച്ചതും, പ്രാര്‍ത്ഥനാമണ്ഡപത്തില്‍ ജനസമ്പര്‍ക്കമില്ലാതിരുന്നതും സൂ: മര്‍യമില്‍ നാം കണ്ടു. ഇതുപോലെ ഏതെങ്കിലും വിധത്തിലുള്ള ഒരു നിലപാടു സ്വീകരിച്ചുകൊണ്ട് സുലൈമാന്‍ (അ) നബിയും സ്വസ്ഥമായിരിക്കയും, അതില്‍ മരിച്ചുപോകയും ചെയ്തിരിക്കാം. അല്ലാഹുവിനറിയാം. ഭക്ഷണത്തിന്‍റെയും മറ്റും കാര്യങ്ങളും തന്നെ ഇത്തരം അവസ്ഥയില്‍ വലിയൊരു പ്രശ്നമാകുന്നില്ല. കുറെ ദിവസങ്ങളോളം ഭക്ഷണപാനീയങ്ങളില്ലാതെ സാധാരണക്കാരായ ചില ആളുകള്‍ പോലും – ധ്യാനത്തിലായും അല്ലാതെയും – കഴിഞ്ഞുകൂടിയ സംഭവങ്ങള്‍ പത്രങ്ങളിലും മറ്റും കാണാറുള്ളതാണല്ലോ. സുലൈമാന്‍ (അ) നബിയെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം കൂടുതല്‍ സാധ്യതയാണുള്ളത്, ആരെങ്കിലും അദ്ദേഹത്തെ എത്തിയും പാളിയും നോക്കുകയില്ലേ, പരിശോധിക്കുകയില്ലേ എന്നീ സംശയവും ഇതുപോലെത്തന്നെ. മേല്‍പറഞ്ഞതുപോലെയുള്ള ഒരു ഏകാന്തതയില്‍ അദ്ദേഹം കഴിയുവാന്‍ തീര്‍ച്ചയാക്കിയാല്‍ ആരെങ്കിലും അതിനു ധൈര്യപ്പെടുമോ? വേണമെങ്കില്‍, അദ്ദേഹത്തിന്‍റെ ജീവിതാവസാനകാലത്തു അദ്ദേഹം അങ്ങിനെ ഒരു എകാന്തതിയിലിരിക്കണമെന്നു അല്ലാഹുവിന്‍റെ കല്പന ഉണ്ടായിക്കൂടെന്നുമില്ല. ഇങ്ങിനെ പലനിലക്കും ആയിരിക്കുവാന്‍ സാധ്യതയുണ്ടെന്നേ നാം പറയുന്നുള്ളു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തോക്കെയാണെന്ന് ഖുര്‍ആനില്‍ നിന്നോ മറ്റോ നമുക്ക് തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. ഇക്കാരണത്താല്‍ ഖുര്‍ആന്‍റെ വ്യക്തമായ പ്രസ്താവനകളെ വളച്ചുതിരിച്ചു അര്‍ത്ഥവ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുവാനും നമുക്കു സാധ്യമല്ല.

ഒരു ചിതല്‍ ഒരു ദിവസം വടിയില്‍ നിന്നു തിന്നറുക്കുന്നതു എത്രയെന്നു കണക്കുകൂട്ടിയിട്ടാണ്‌ ഒരു കൊല്ലം അദ്ദേഹം താമസിച്ചുവെന്നു കണക്കാക്കിയതു എന്നാണ് ചില കഥാകാരന്മാര്‍ പറയുന്നതു. ഈ കണക്കുകൂട്ടലിനെയും, ഒരു കൊല്ലക്കാലാവധിയെയും കുറിച്ച് നമുക്കൊന്നും പറയുവാനില്ല. അതുകൊണ്ട് അതുസംബന്ധിച്ച ഇവരുടെ വിമര്‍ശനങ്ങള്‍ക്ക് നാം മറുപടി പറയേണ്ടതുമില്ല. അവസാനമായി നമുക്കിവരോടു പറയുവാനുള്ളതു അവര്‍തന്നെ പറഞ്ഞിട്ടുള്ള ചില വാക്കുകളാണ്; ‘ഇങ്ങിനെ (പുതിയ) കഥ കെട്ടിയുണ്ടാക്കുന്നതിനെപ്പറ്റി നമുക്കൊന്നും പറയുവാനില്ല. കഥയില്‍ ആര്‍ക്കും ചോദ്യവുമില്ല. പക്ഷേ, അതു ഖുര്‍ആന്‍റെ പേരിലും, അതിന്‍റെ വ്യാഖ്യാനമെന്ന നിലക്കുമാകരുത്. ഇതാണ് നമുക്കു സഹിക്കുവാന്‍ കഴിയാത്തത്.’

അല്ലാഹുവേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഹിദായത്തും തൗഫീഖും, സല്‍ബുദ്ധിയും നല്‍കുകയും, ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യേണമേ! ആമീന്‍.


മആരിബിലെ അണക്കെട്ട് (سد مأرب)

അറേബ്യാ ഉപദ്വീപിന്‍റെ പടിഞ്ഞാറേ കടല്‍തീരപ്രദേശങ്ങളില്‍കൂടി, തെക്കുഭാഗത്തു യമന്‍ മുതല്‍ , വടക്കു ഭാഗത്തു ഫലസ്തീന്‍വരെ നീണ്ടുകിടക്കുന്ന ഒരു പര്‍വ്വതനിരയാണ് ശ്രുതിപ്പെട്ട ‘സറാത്തു’ മലനിര (جيل سراة) യമനിലെ മആരിബി (مأرب) ന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തുകൂടി ഇതിന്‍റെ ഒരു ശാഖ നീണ്ടുപോകുന്നു. ഈ ശാഖയുടെ പല ഭാഗത്തുനിന്നായി ഉത്ഭവിക്കുന്ന താഴ്വരകള്‍ ‘കിഴക്കെ ഓവുചാല്‍’ (الميراب الشرقى) എന്ന പേരിലറിയപ്പെടുന്ന ഒരു വലിയ താഴ്വരയില്‍ അവസാനിക്കുന്നു. മഴ പെയ്യുമ്പോള്‍ മലകളില്‍നിന്നു ഈ താഴ്വരകള്‍ വഴിയായി ഒഴുകിയൊലിച്ചു വരുന്ന വെള്ളമെല്ലാംകൂടി ‘ഉദുനാ താഴ്വര’ (وادى اذنة) യില്‍കൂടി ഗമിക്കുന്നു. ഈ താഴ്വര സമുദ്രവിതാനത്തില്‍ നിന്നു 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നു ആ വെള്ളം വടക്കുകിഴക്കോട്ടായി ഒഴുകിയ ശേഷം, മആരിബില്‍ എത്തുംമുമ്പ് ഒരു മലയിടുക്കില്‍കൂടി വളരെ ഊക്കില്‍ കടന്നുപോകണം. ഇരുവശത്തുമുള്ള മലകളില്‍ ഒന്നിനു വലത്തെ ‘ബലഖ്’ (البلق الايمن) എന്നും, മറ്റേതിനു ഇടത്തെ ‘ബലഖ്’ (البلق الايسر) എന്നും പേര്‍. രണ്ടിനുമിടയിലുള്ള അകലം ഏറെക്കുറെ 600 മുഴമാകുന്നു.

ആ പ്രദേശത്തു മഴവെള്ളം ഭൂമിയില്‍ അധികം തങ്ങിനില്‍ക്കാറില്ല. മണലില്‍ ആണ്ടുപോകുന്ന പ്രകൃതിയാണുള്ളത്. തന്നിമിത്തം, പുഴകളോ, കിണര്‍, കുളം മുതലായവയോ ഉണ്ടായിരുന്നില്ല. താഴ്വരകളില്‍കൂടി ഒഴുകിവരുന്ന വെള്ളം അവിടവിടെ തടഞ്ഞു കെട്ടിനിറുത്തിയാണ് അവിടത്തുകാര്‍ ഉപയോഗിച്ചിരുന്നത്. അധികം താമസിയാതെ അവ വറ്റിപ്പോകുന്നതുകൊണ്ട് ജലക്ഷാമവും വിളനാശവും അവര്‍ക്കു സാധാരണമാണ്. ചിലപ്പോള്‍, അതിവര്‍ഷം നിമിത്തം കൂടുതല്‍ ആപത്തുകളും സംഭവിക്കും. ഇതിനു നിവാരണമായി ഏതോ ഒരു ഭരണകര്‍ത്താവിന്‍റെ കാലത്തു ഏറെക്കുറെ 150 അടി ഉയരവും 800 അടിയോളം നീളവും വരുന്ന ഒരു അണക്കെട്ടു നിര്‍മ്മിക്കപ്പെട്ടു.

പ്രസ്തുത മലയിടുക്കിനും, മആരിബിനുമിടയില്‍ ഏകദേശം 3000 ചതുരശ്രനാഴികയോളം വരുന്ന ഒരു വിശാലമായ ഭൂമി സ്ഥിതിചെയ്യുന്നു. ഇടക്കിടെ കുന്നുകളും, ചരിവുകളും ഉള്‍ക്കൊള്ളുന്ന ആ പ്രദേശം മരുഭൂമിയായി വരണ്ടുകിടക്കുകയായിരുന്നു. അതെല്ലാം ക്രമേണ ഫലഭൂയിഷ്ഠമായിത്തീര്‍ന്നു. അതൊരു സമ്പല്‍സമൃദ്ധമായ സുഖവാസസ്ഥലമായി മാറുകയും ചെയ്തു. താഴ്വരയുടെ ഇരുപുറത്തുമായി സ്ഥിതി ചെയ്യുന്ന ‘ബലഖു’ മലകലക്കിടയില്‍, യന്ത്രങ്ങളുടെ സഹായമൊന്നും ഇല്ലാതിരുന്ന അക്കാലത്തു നിര്‍മ്മിക്കപ്പെട്ട ആ കൂറ്റന്‍ അണക്കെട്ട് ഈ പരിഷ്കരിച്ച യന്ത്രയുഗത്തിലെ ‘വമ്പിച്ച പദ്ധതി’കളെപോലും അതിശയിപ്പിക്കുന്നതായിരുന്നു. അണക്കെട്ടിലെ വെള്ളം തോടുകള്‍വഴിയായും മറ്റും ഉപയോഗപ്പെടുത്തികൊണ്ട് ആ വിശാല പ്രദേശങ്ങളത്രയും അവര്‍ കൃഷിനിലങ്ങളും, കായ്കനിത്തോട്ടങ്ങളുമാക്കി മാറ്റി. കുന്നുകളുടെ ഓരങ്ങളില്‍, താഴ്‌വരയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അതിസമൃദ്ധവും, വിശാലവുമായ – വിവിധ ഉല്‍പന്നങ്ങളടങ്ങുന്ന – തോട്ടങ്ങളുടെ സമൂഹത്തെക്കുറിച്ചാണ് ‘വലഭാഗത്തും ഇടഭാഗത്തുമുള്ള രണ്ടു തോട്ടങ്ങള്‍’ (جَنَّتَانِ عَن يَمِينٍ وَشِمَالٍ) എന്നു സൂ: സബഇല്‍ അല്ലാഹു പറഞ്ഞിരിക്കുന്നത്. അഥവാ ആ തോട്ടങ്ങള്‍ രണ്ടും കേവലം സാധാരണപോലെയുള്ള ‘രണ്ടു തോട്ടങ്ങള്‍’ മാത്രമായിരുന്നില്ല. ആ രാജ്യക്കാരുടെ ഏക ജീവിതാലംബമായിരുന്നു അത്.

ഈ അണക്കെട്ടിനെയും, അതിന്‍റെ ആള്‍ക്കാരായ സബഉഗോത്രക്കാരെയും സംബന്ധിച്ചു അറബിചരിത്രകാരന്മാര്‍ ചെയ്തിരുന്ന പ്രസ്താവനകളെയെല്ലാം സംശയഗതിയോടെമാത്രം വീക്ഷിച്ചുകൊണ്ടിരുന്ന യൂറോപ്യന്‍മാര്‍ – ക്രി: 1843ല്‍ ഫ്രാന്‍സുകാരനായ ആര്‍നൂഡ്‌ (A.J.Arnaud) എന്ന സഞ്ചാരി ആ പ്രദേശങ്ങള്‍ സഞ്ചരിച്ചു നിരീക്ഷണം നടത്തിയശേഷം – ഇപ്പോള്‍ അതു വിശ്വസിക്കുവാന്‍ നിര്‍ബ്ബന്ധിതരായിരിക്കയാണ്. 1874ല്‍ അദ്ദേഹം അതിന്‍റെ പഴയ കാലത്തെ വരച്ചുകാട്ടുന്ന ഒരു ഭൂപടവും പ്രസിദ്ധീകരിച്ചു. പിന്നീടു വേറെ ചിലരും ആ പ്രദേശം സന്ദര്‍ശിക്കുകയും, കൂടുതല്‍ തെളിവുകളും, അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തിനു 400 കൊല്ലം മുമ്പാണ് ആ അണ പൊട്ടി രാജ്യം നശിച്ചതെന്നും, അതല്ല, ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ (542നും 570നും ഇടയില്‍) ആണെന്നും അഭിപ്രായങ്ങളുണ്ട്. മഹാനായ ഇബ്നുല്‍ഖല്‍ദൂന്‍ ابن خلدون പറയുന്നതു ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിലായിരിക്കണമെന്നാകുന്നു. ഏതായാലും, നബി (സ്വ) തിരുമേനിക്കും ഈസാ (അ) നബിക്കും ഇടയിലായിരുന്നു ആ സംഭവം. الله اعلم

അണക്കെട്ടിന്‍റെ സ്വഭാവവും കിടപ്പും അടുത്ത 13-ാം പടത്തില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.

[المراجع :تفسـير الجواهـر للـشيـخ الطـنطاوي , وتفسـير المراغـي، وترجـمان القـرآن بالإجليزية للعلامة يوسف علي]